2010, ഏപ്രിൽ 4, ഞായറാഴ്‌ച

സൂക്ഷിക്കുക ചങ്ങലക്കുംഭ്രാന്താണ്

സാംസ്കാരിക ചന്തയിലെ നോക്കുകൂലി വാങ്ങാൻ
ശേഷിയും കരുത്തും ഉള്ള മഹാന്മാരായി വളർന്നു കഴിഞ്ഞിരിക്കുന്നു
നമ്മുടെ കലാ-സാംസ്കാരിക നായകന്മാർ
എന്ന് തെളിയിക്കുന്നതായിരുന്നു ഈ ഉന്നതന്മാരുടെ സമീപകാല സർഗ്ഗാത്മക ഇടപെടൽ.
മതവും, ജാതിയും,പണവും അധികാരവും,സ്വാർത്ഥതയും,
കുതികാൽ വെട്ടും,ഒളിഞ്ഞുനോട്ടവുമെല്ലാം
പത്തിവിടർത്തി നിൽക്കുന്ന കേരളീയ ബുദ്ധിജീവിതത്വങ്ങളുടെ തനിനിറം
ഉടുതുണിയില്ലാതെ വെളിവാക്കപ്പെടുന്ന ഒട്ടനവധി അശ്ലീല മുഹൂർത്തങ്ങൾക്ക്‌
നാം കേരളീയർ ദൃശ്യ-വായന സന്ദർഭങ്ങൾക്കിടയിൽ സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട്‌.
കൃഷ്ണയ്യർ സാർ, അഴീക്കോടൻ മാഷ്‌,സാനു മാസ്റ്റർ,തിലകൻ ചേട്ടൻ, എം മുകുന്ദൻ, മമ്മൂട്ടി, മോഹൻലാൽ,സക്കറിയ, ഇടവേള ബാബു[പേരെടുത്ത്‌ പറയാൻ യോഗ്യരായവരെ ആരെയെങ്കിലും വിട്ടു പോയെങ്കിൽ ക്ഷമിക്കണം]
തുടങ്ങിയ മഹാരഥന്മാർ നിറഞ്ഞാടി തിമർക്കുന്ന ഇവരുടെ "സ്വന്തം നാട്‌"
എത്രമാത്രം മലിനവും ജീർണ്ണിച്ചതുമാണ് എന്ന നഗ്ന സത്യം
വെളിപ്പെട്ടുപോയ ദിനരാത്രങ്ങളായിരുന്നു
കടന്നു പോയത്‌.
രാജ്യകാര്യങ്ങളിലും ജനങ്ങളിലും താൽപര്യമെടുക്കാതെ സ്വന്തം ജീവിതാനന്ദങ്ങളിലും
ലീലാപരതയിലുമഭിരമിക്കുന്ന നമ്മുടെ ഈ ബുദ്ധിജീവിതങ്ങൾ
അതിന്റെ പൂർവ്വ പക്ഷത്തിന്ന് നേർ വിപരീതമായി മാറിതീർന്നത്‌ എങ്ങിനെയാണെന്ന് നാം തിരിച്ചറിയണം.
സമൂഹത്തിന്റെ സർവ്വ മേഖലകളേയും ഇളക്കിമറിച്ച
നവോത്ഥാന പ്രക്രിയക്ക്‌ അറുതിവരുത്താൻ,
മാനവികതയുടെ ചിന്താ പദ്ധതിയിൽനിന്ന് നാടിനെ വിമോചിപ്പിക്കാൻ
നടത്തിയ "വിമോചനസമര"മെന്ന പ്രതിലോമ പ്രക്രിയയുടെ തുടക്കവും തുടർച്ചയും,
പ്രസ്തുത കൂട്ടായ്മയുടെ നേർ അവകാശികൾക്കും ഇന്നത്തെ അനന്തിരാവകാശികൾക്കും
സാമ്രാജ്യത്വം നൽകുന്ന താത്വിക പിൻബലവും കൂടി ചേർന്നപ്പോഴുണ്ടായ
പിൻ മടക്കമാണ് കേരളീയ പരിസരത്തിന്ന് ഇന്ന് "ഭ്രാന്താലയ"ത്തിന്റെ സ്വഭാവം കൈവരിച്ചിരിക്കുന്നത്‌.
രാജ്യവും അതിലെ ജനവിഭാഗവും അഭിമുഖീകരിക്കുന്ന ഗുരുതരമായ രാഷ്ട്രീയ-സാമ്പത്തിക-സാംസ്കാരിക വിഷയമാണോ
കക്ഷിതിരിഞ്ഞുള്ള ബുദ്ധിജീവിതങ്ങളുടെ ഗോഗ്വോ വിളികളിൽ മുഴങ്ങുന്നത്‌?
കൊളോണിയൽ അധികാരം നിലനിർത്താൻ ഫ്യൂഡൽ അടിത്തറയെ സംരക്ഷിച്ചു നിർത്തിയ
പഴയ സാമ്രാജ്യത്വത്തിന്റെ സ്ഥാനത്ത്‌ ഫ്യൂഡൽ അവശിഷ്ടങ്ങൾക്ക്‌
സാമൂഹ്യ അടിത്തറ ഇല്ലാത്ത പുത്തൻ കൊളോണിയലിസത്തിന്റെ ഉള്ളടക്കത്തേക്കുറിച്ചുള്ള
അന്യേഷണമാണോ ഈ വിവാദങ്ങളുടെ ആഴങ്ങളിൽ ഒളിഞ്ഞു കിടക്കുന്നത്‌?
ഇംഗ്ലീഷ്‌ വിദ്യാഭ്യാസം,സ്വാശ്രയ വിദ്യാഭ്യാസകച്ചവടം,ടൂറിസം,ഭൂ മാഫിയ,മഴനൃത്തം,എക്സ്പ്രസ്സ്‌ ഹൈവേ,സ്ത്രീ പീഡനം,സെസ്സ്‌,സ്മാർട്ട്സിറ്റിയടക്കമുള്ളവയിൽ
സക്കറിയാക്കോ പിണറായിക്കോ അഴീക്കോടിനോ ബേബിക്കോ കെ വേണുവിന്നോ മുകുന്ദനോ ഉമ്മൻ ചാണ്ടിക്കോ തമ്മിൽ അഭിപ്രായ വിത്യാസമില്ലല്ലോ.
ആഗോളവൽക്കരണം യാഥാർത്ഥ്യമാണേന്നും അതിന്റെ ഗുണങ്ങൾ അനുഭവിക്കലാണ് അഭികാമ്യമായിട്ടുള്ളത്‌.
ധ്യാനകേന്ദ്രങ്ങളിൽ ജീവകാരുണ്യ പ്രവർത്തനം മാത്രമേ നടക്കുന്നുള്ളൂ .
ടൂറിസവും അമ്യൂസ്‌മന്റ്പാർക്കുകളും നമുക്കും വേണമെന്നടക്കമുള്ള തത്വം
സക്കറിയാക്കും ടി പത്മനാഭനും സ്വീകാര്യമാണ്.
ജീർണ്ണസംസ്കാരത്തിന്റെ ഉൽപാദന-വിതരണ ഹൈടെക്ക്‌ ഫാക്ടറിയായി
സിനിമാ-ദൃശ്യ മാധ്യമങ്ങളെ പുനർ ക്രമീകരിച്ചു കൊണ്ടായിരുന്നല്ലോ ആഗോള വൽകരണ ശക്തികൾ സാംസ്കാരിക മണ്ഡലത്തിലെ കോളനീവൽക്കരണത്തിന്ന് തുടക്കം കുറിച്ചത്‌.
അന്ന് തൊട്ട്‌ സാമ്രാജ്യത്വ ഫണ്ടിംങ്ങ്‌ ഏജൻസികളുടെ ആശ്രിതരും ആജ്ഞാനുവർത്തികളുമായി
സാമ്രാജ്യത്വ ചിന്താസരണികൾ സൂഷ്മതലങ്ങളിൽ എത്തിക്കുന്നതിന്ന്
സ്വയം സമർപ്പിച്ചു നിൽക്കുകയായിരുന്നു നമ്മുടെ സിനിമാ-ദൃശ്യ-വാർത്താശൃംഘലകൾ.
സാമൂഹ്യ നന്മ എന്ന മഹത്തായ ലക്ഷ്യം കയ്യൊഴിഞ്ഞ്‌ സംഘടിതമായ എല്ലാറ്റിനേയു കീറിമുറിക്കുന്നതിന്ന്,അവമതിപ്പ്‌ ഉണ്ടാക്കുന്നതിന്ന്,ഫ്യൂഡൽ അവശിഷ്ടങ്ങളെ പ്രോത്സാഹിപ്പിച്ച്‌,
ജാതി-വർഗ്ഗീയാധി പ്രവണതകളെ പരിപോഷിപ്പിച്ച്‌,
വ്യക്തി ആരാധനയും,താര ആരാധനയും,ആൾദൈവ സിദ്ധാന്തങ്ങളേയും പൊലിപ്പിച്ച്‌
കേവല വിനോദോപാധി മാത്രമാക്കി മാറ്റിതീർക്കുകയായിരുന്നില്ലേ ഈ മണ്ഡലത്തെ.
പണമെറിഞ്ഞ്‌ പണം കൊയ്യാൻ ബഹുരാഷ്ട്ര കുത്തകകൾക്കും ബ്ലേഡ്‌ മാഫിയകൾക്കും കള്ളപ്പണക്കാർക്കും
ഈ മേഖലയെ വിറ്റു തീരെഴുതുമ്പോൾ സാക്ഷി ഒപ്പിട്ടവരായിരുന്നു ഈ നക്ഷത്ര രാജാക്കന്മാർ.
മോഷൻ വിഷൻ അസോസിയേഷൻ അമേരിക്കൻ ചെയർമാൻ ഡൻ ക്ലാർക്ക്മാൻ 2010ൽ 60,000കോടിയുടെ വളർച്ചയാണ് പോലും ലക്ഷ്യം വെക്കുന്നത്‌.
നഷ്ടപെട്ടുപോകുന്ന ഇന്ത്യൻ ചലച്ചിത്ര സംസ്കാരത്തിന്റെ മഹത്തായ പൈതൃകവും മേധാശക്തിയും തിരിച്ചുപിടിക്കുന്നതിന്നാണോ ഈ ഗോഗ്വാ വിളികൾ?
പറഞ്ഞു വരുന്നത്‌ അല്ലെങ്കിൽ പറയാനുദ്ദേശിച്ചത്‌,
വിമോചന സമരത്തിൽ തുടങ്ങി അടിയന്തിരാവസ്ഥയിലൂടെ പടർന്ന് പന്തലിച്ച
ഫാഷിസത്തിന്റെ പ്രത്യായശാസ്ത്ര വ്യാപനത്തെ
ശരാശരി കേരളത്തിന്റെ ഇടത്‌ പക്ഷമനസ്സ്‌ പരിപാലിച്ചു പോന്ന കാപട്യത്തെ
മനുഷ്യസഹജമായ നിഷ്കളങ്കതയായി വിസ്മരിക്കാവുന്നതല്ല.
വിവേകാനന്ദൻ കണ്ട കേരളത്തെ ജനാധിപത്യപരമായി പരിവർത്തിപ്പിക്കുന്നതിന്ന്
മുൻ നിന്ന ധാരകളെവരെ ഇത്രമാത്രം ജീർണ്ണിപ്പിക്കുന്നതിന്ന്
നമ്മുടെ ഈ ബുദ്ധി ജീവിതങ്ങൾ വഹിച്ചുകൊണ്ടിരിക്കുന്ന സജീവമായ പങ്കിനെ വിലകുറച്ചു കാണരുത്‌.
ഈ ചക്കളാത്തിപോരാട്ടത്തിൽ ഇക്കൂട്ടർ ബോധപൂർവ്വം മുക്കിക്കളയാൻ ശ്രമിക്കുന്നത്‌
ഒരു ജനതയുടെ കലയുടേയും സംസ്കാരത്തിന്റേയും ജൈവവികാസ സാദ്ധ്യതകളേയാണ്
അധപ്പതിച്ചുപോയ സംസ്കാരിക മണ്ഡലങ്ങളേ നവീകരിക്കാനുള്ള
പ്രത്യയശാസ്ത്ര മുന്നേറ്റങ്ങളേയാണ്.
ഇതൊക്കെ സൂചിപ്പിക്കുന്നതും ഉറപ്പിക്കുന്നതും
മാനവികതയെ വീണ്ടെടുക്കാൻ,അരാജകത്തിന്നും,അരാഷ്ട്രീയതക്കെതിരേയും
കമ്യൂണിസ്റ്റു കാരന്റെ രക്തം ഇനിയും ഒരു പാട്‌ തെരുവുകളിൽ ഒഴുക്കേണ്ടതുണ്ട്‌ എന്ന് തന്നെയാണ്.