പാദ് രയില്‍ നിന്നും വീണ്ടും വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നു .....
കാല്‍ നൂറ്റാണ്ട്കാലം വിഷമാരി സൃഷ്ടിച്ച മഹാവിപത്തിന്റെ സാക്ഷി പത്രങ്ങളായി,
ദുഷ്ട ദുരന്തത്തിന്റെത്തിന്റെ ജീവിച്ചു തീർക്കുന്ന ഹൃദയംപിളർക്കുന്ന സാക്ഷിചിത്രങ്ങളായി ചെറുത്തുനില്പ്പിന്റെ പ്രതീകങ്ങളായി .....
എല്ലാംഒടുങ്ങിയിട്ടും ഒടുങ്ങാതെ കടലെടുത്തു പോവാതെ
പാദ് ര ഇന്നും ഒരുജീവച്ചവമായി അവിടെയുണ്ടു.
എന്റോസൾഫാൻ വിഷം തലമുറകളോളം വിഷവാഹികളാക്കിയ -,
ദുഷ്ടശക്തികളായ -പണത്തിന്നു വേണ്ടി എന്തും വില്ക്കുന്ന കീടനാശിനി കച്ചവടക്കാരും
അവരെ നിരന്തരം സേവിക്കുന്ന പാവം മാത്രം ചെയ്തു ശീലിച്ച ഭരണാധികാരികളും ,
എല്ല ദർശ്ശനങ്ങളും മൂലധന താല്പ്പര്യത്തിന്നു വേണ്ടി അടിയറവെച്ച
വ്യവസ്ഥാപിത രാഷ്ട്രീയക്കാരും ചേർന്നു ദുരന്ത ഭൂമിയാക്കിയ പാദ് രയിൽ
മണ്ണും വായുവും ,ചെടികളും ,പക്ഷി മൃഗങ്ങളും മനുഷ്യരും എല്ലാം തന്നെ
വരുംകാലത്തിന്ന് കൈമാറാൻ ഒന്നും ഒന്നും അവശേഷിക്കാത്ത പാദ് ര... .
നരകത്തില്‍പോലും ഇത്രയും ആകാൻകഴിയുമോ?
അതും ദൈവത്തിന്റെ സ്വന്തം നാട്ടിൽ ..
ഇല്ല . ഹൃദയം മുറിയുന്ന ഈ വിചിത്ര കാഴ്ച കാണാന്‍ ആവില്ല ...
അരുത് കാട്ടാളന്മാരെ അരുത്...കണ്ണേ മടങ്ങുക..മടങ്ങുക..
കാസർക്കോട് ജില്ലയിൽ 11 പഞ്ചായത്തുകളിൽ വിഷ ദുരിതബാധിതരുടെ എണ്ണം പതിനായിരക്കണക്കിന്നു വരും
രോഗം ബാധിച്ചു മരണപ്പെട്ടവർ ആയിരത്തിലേറെ.
2001 ഒന്നു മുതൽ ദുരന്ത വാർത്തയറിഞ്ഞു പാദ് ര ഗ്രാമത്തിലേക്ക് വന്ന പഠന ക്കമ്മീഷനുകൾക്കും ശാസ്ത്രജ്ഞന്മാർക്കും പത്ര-ദൃശ്യമാധ്യമങ്ങൾക്കും സാമൂഹ്യ- രാഷ്ട്രീയ പ്രവർത്തകർക്കും
പഠന റിപ്പോർട്ടുകൾക്കും ചെറുത്തു നില്പ്പുകൾക്കും പ്രതിഷേധങ്ങൾക്കും കണക്കില്ല
എന്നിട്ടും എന്നിട്ടും എന്തേ പാദ് രയുടെ കണ്ണുനീർ അവസാനിക്കുന്നില്ല.
എല്ലാം വനരോധനമായി ഒടുങ്ങിപ്പോകുന്നു.
മാനവികതയുടെ ഇടതുപക്ഷത്തിന്റെ ഈ ലാസ്റ്റു ബസ്സിലും എന്തേ ഇവർക്ക് കാലുകുത്താൻ
ഇടം കിട്ടാതെ പോകുന്നു...
ക്ഷമിക്കണം
ഈ കുറിപ്പിന്റെ അടുത്ത ഭാഗത്തിലേക്ക് കടക്കുന്നതിന്നു ഇടയിൽ ഒരു വാർത്തയിലേക്ക് .
സ്വിസ്സ് ബാങ്ക് അസോസിയേഷൻ 2008 ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം സ്വിസ്സ് ബാങ്കിൽ പണം നിക്ഷേപിച്ച തുകയിൽ ഏറ്റവും വലിയ തുക ഇന്ത്യാക്കാരുടേതാണ്.
അനധികൃതമായി പണം സൂക്ഷിച്ച പ്രമുഖർ രാഷ്ട്രീയക്കാരാണ്.
ഇവർ രഹസ്യ അക്കൗണ്ടുകളിൽ നിക്ഷേപിച്ച തുക 4700 കോടി ഡോളറാണ്.
(ഇത് 2008 ലെ കണക്കാണ്കഴിഞ്ഞ 15 വഷത്തിലെ നിക്ഷേപത്തിന്റെ വർഷാന്ത വർദ്ധനവ് 10 ഇരട്ടിയാണ്) ഈ തുകയുടെ പലിശ നമ്മുടെ കേന്ദ്ര സർക്കാറിന്റെ വാർഷിക ബജറ്റിലും അധികമാണ്.
നിക്ഷേപ്ക്കാപ്പെട്ട 10 ൽ ഒരു അംശം ഉപയോഗിച്ചാൽ ഇന്ത്യയുടെ മുഴുവൻ വിദേശക്കടവും വീട്ടാൻ കഴിയും .
ഇന്ത്യയിലെ സ്വിസ്സ് അംബാസഡർ മുംബെയിൽ വെച്ചു നടത്തിയ ഒരു പ്രസ്താവനയിൽ നന്ദി പ്രകാശിപ്പിച്ചത് ഇങ്ങിനേയായിരുന്നു.
“സമ്പന്നരായ ഇന്ത്യക്കാരെ ആശ്രയിച്ചു കഴിയുന്ന ഒരു ദരിദ്ര രാഷ്ട്രമാണ് സ്വിസ്സ്സർലാന്റ്” എന്നാണ്..
ഇനി വിഷയത്തിലേക്ക്
മന്ത്രി തെറ്റ് തിരുത്തണം എന്നാവശ്യപ്പെട്ടവർക്ക് സന്തോഷിക്കാനും ചർച്ചകൾ നിർത്തിവെക്കാനും വക നല്കിക്കൊണ്ട്
മന്ത്രി ഖേദം പ്രകടിപ്പിച്ചു. അത്തരമൊരു പ്രസ്താവന നടത്താനുണ്ടായ സാഹചര്യം മനസ്സിലാക്കി തുടർന്നുള്ള വിവാദങ്ങൾ അവസാനിപ്പിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.
മന്ത്രിമാർക്കും MPമാർക്കും MLAമാർക്കും രാഷ്ട്രീയ നേതാന്മാർക്കുമുള്ള വ്യക്തിപരമായ അഭിപ്രായം എൻന്റോസൾഫാൻ നിരോധിക്കണമെന്നു തന്നെയാണ് .
പക്ഷെ കേന്ദ്ര സർക്കാറിന്റെ ഔദ്യോഗിക നിലപാട് മറ്റൊന്നായിരിക്കുമ്പോൾ ഇവർക്കൊക്കെ എന്തു ചെയ്യാൻ കഴിയും
“ഈ ലക്ഷ്യം നേടുന്നതിന്ന് വിവാദമല്ല കൂട്ടായ ശ്രമമാണ് ആവശ്യമെന്നും”മന്ത്രി പറയാൻ മറന്നില്ല.
ആയുഷ്കാലം മുഴുവൻ ജനങ്ങളെ ഭരിച്ച് സേവിക്കാൻ പെടാപ്പാടുപെടുന്ന കെമിസ്റ്റ്റി അദ്ധ്യാപകൻ ശ്രദ്ധിക്കാതെ പോയതും
കഴിഞ്ഞ പതിനഞ്ച് വർഷക്കലമായി രാജ്യത്തെ ജനങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നതുമായ ചില വസ്തുതകൾ ഇങ്ങിനെയാണ്:-എന്റോസൾഫാനിൽ അടങ്ങിയിരിക്കുന്ന രാസവസ്തു പ്രധാനമായും ഓർഗാനോ ക്ളോറിൻ ആണ്.
ടർപ്പന്റയിനോട് സദൃശ്യമായ മണമുള്ള ഇതിന്റെ നിറം കാപ്പിയോ അതിന്റെ നേർത്ത വകഭേദമോ ആണ്..
രണ്ടുതരം മിശ്രിത രൂപങ്ങളിൽ ഇത് മാർക്കറ്റിൽ യഥേഷ്ടം ലഭ്യമാണ് .
ഹെസ്റ്റ്,എക്സൽ ഇന്റ്രസ്റ്റീസ്,ഹിന്ദുസ്ഥാൻ ഇൻസെക്റ്റിസൈഡ് ലിമിറ്റഡ് ,ഇ ഐ സി പ്യാരി എന്നിവരാണ് എന്റോസൾഫാൻ ഉല്പ്പാദിപ്പിക്കുന്ന കമ്പനികൾ ഇവരിൽ പലരും വൈദ്യ ശാസ്ത്ര മേഖലയിൽ ആധിപത്യം വഹിക്കുന്ന മരുന്നു നിർമ്മാണ കമ്പനികളുമാണ്..
ഏറ്റവും അധികം എന്റോസൾഫാൻ ഉല്പ്പാധിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ഇന്ത്യയിലാണ്.ഉല്പ്പാദനത്തിന്റെ നല്ലൊരു പങ്ക് ഇപ്പോഴും ഇത് ഉപയോഗിക്കുന്ന രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്.
13180 മെട്രിക്ക് ടൺ എന്റോസൾഫാൻ ഇന്ത്യയിൽ നിന്നു
കയറ്റി അയക്കുകയും 4599 മെട്രിക്ക് ടൺ നമ്മുടെ രാജ്യത്ത് ഉപയോഗിക്കുകയും ചെയ്യുന്നു.
1774 ൽ കാൾ വിജിലംഷിലെ എന്ന സ്വീഡീഷ് ശാസ്ത്രജ്ഞനാണ് ഇത് വേർതിരിച്ചെടുത്തത്.
ഒന്നും രണ്ടും ലോകയുദ്ധങ്ങളിൽ ശത്രു വിഭാഗത്തിന്റെ ജീവജാലങ്ങളേയും പരിസ്ഥിതിയേയും കൊന്നൊടുക്കുവാനുള്ള രാസായുധമായി ഇത് ഉപയോഗിക്കപ്പെട്ടു.
പിന്നീട് ഇത് കീട നാശിനി എന്നനിലയിലേക്ക് വേഷം മാറി രൂപം മാറി.
നമ്മുടെരാജ്യത്ത് രാസ കീടനാശിനികൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത് 50 വർഷത്തിലധികമായി
എങ്കിലും എന്റോസൾഫാൻ അവതരിച്ചിട്ട് 30 വർഷമേ ആയിട്ടുള്ളു .
“ദൈവം 91 മൂലകങ്ങൾ നിർമ്മിച്ചു മനുഷ്യൻ ഒരു ഡസനിലും കുറവ് മൂലകങ്ങളേ വേർതിരിച്ചെടുത്തു.
പക്ഷെ ചെകുത്താൻ ഒരേയൊരു മൂലകം ശൃഷ്ടിച്ചു അതാണ് ക്ളോറിൻ ”ശാസ്ത്രജ്ഞന്മാരുടെ വാക്കുകളാണിത്.
രാസപ്രക്രിയയിലൂടെ ക്ലോറിൻ കാർബണുമായി പ്രതിപ്രവൃത്തിച്ചാണ് ജൈവക്ളോറിൻ ഉണ്ടാവുന്നത്.
എന്റോസൾഫാൻ ജൈവ ക്ളോറിൻ അടങ്ങിയ ഒരു കീട നാശിനിയാണ്.
ജീവികളുടെ ശരീരത്തിലും അന്തരീക്ഷത്തിലും നശിക്കാതെ നില നില്ക്കുന്നതും വിഭജിക്കാൻ കഴിയാത്തതുമാണ് ജൈവക്ളോറിൻ .
ഇതു ശരീരത്തിലെ കൊഴുപ്പിൽ നന്നായി അലിയുന്നു.അതിനാൽ ജൈവ വർദ്ധനം എന്ന പ്രക്രിയയിലൂടെ ശരീരത്തിൽ
ഇതിന്റെ അളവ് വർദ്ധിച്ചു വരുന്നു.
ഭഷ്യ ശൃംഖലയിൽ രാസ വസ്തു കലരുന്നതോടെ അത് ഭക്ഷിക്കുന്ന ജീവികളുടെ ശരീരത്തിൽ ഈ രാസവസ്തു എത്തിപ്പെട്ട്
നിലനില്ക്കുകയും ക്രമീകമായി തോത് കൂടിവരികയും ചെയ്യുന്ന പ്രക്രിയയാണ് ജൈവവർദ്ധനം.
വെള്ളത്തിലും പഴവർഗ്ഗങ്ങളിലും എന്റോസൾഫാന്റെ അർദ്ധജീവിതം (രാസ ഗുണത്തോടെ വീര്യം നിലനില്ക്കുന്ന അവസ്ഥമൂന്ന് ദിവസം മുതൽ ഏഴു ദിവസം വരെയാണെന്ന് കണക്കാക്കാം .
എന്നാൽ മൺ കൂനകളിൽ ഈ കാലയളവ് 60 ദിവസം മുതൽ 600 ദിവസം വരേയാണ്.
മണ്ണീലെ സൂഷ്മ ജൈവ ജാലങ്ങളെ ഓർഗ്ഗാനോ ക്ലോറിൻ നശിപ്പിക്കുന്നതോ ,മണ്ണിന്റെ ജൈവസ്വഭാവത്തെ തടയുന്നതോ ആവാം
ഇതിന്റെ കാരണം .
ഈ രണ്ട് കാലയളവുകൾക്കിടയിൽ മത്സ്യ മാംസങ്ങൾ ധാന്യ പയർ വർഗ്ഗങ്ങൾ തുടങ്ങിയ ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ശ്വസിക്കുകയും മണ്ണുമായി പെരുമാറുകയും ചെയ്യുന്ന മനുഷ്യന്റേയും ജീവികളുടെയും ശരീരത്തിൽ കീടനാശിനി എത്തിപ്പെടാനും
കൊഴുപ്പിൽ ജൈവക്ലോറിൻ കലരാനുമുള്ള സാഹചര്യം നിലനില്ക്കുന്നു.
ആവാസവ്യവസ്ത മുഴുവൻ വിഷമയമായി മാറുകയും ജീവികൾ ആ വിഷത്തിന്ന് വിധേയമാവുകയും ചെയ്യുന്ന രാസവിഷ പരിചംക്രമണത്തിന്റെ സമഗ്രമായ ഒരു വ്യവസ്ഥയാണ് ഇങ്ങനെ ഉണ്ടാവുന്നത് . പാദ് രയിൽ വർഷത്തിൽ 3 തവണയായി 25 കൊല്ലക്കാലം എന്റോസൾഫാൻ മഴ വർഷിച്ച് ഒഴിവില്ലാത്ത വിധേയമാക്കപ്പെടലിലൂടെ രക്തം കൊഴുപ്പ് എന്നിവയ്ക്ക് ഓർഗ്ഗാനോ ക്ളോറിൻ സ്വാംശീകരിക്കാനുള്ള കഴിവ്(വിഷത്തിനെതിരേയുള്ള പ്രതിരോധ ശേഷി)കൂടിവരുമെന്ന് തീർച്ചയില്ല .
ഇതുണ്ടാക്കുന്ന ജനിതക പ്രത്യാഘാതങ്ങളെക്കുറിച്ച് ശാസ്ത്ര ലോകത്തിന്ന് കാര്യമായി ഒന്നും അറിവില്ല .
എങ്കിലും പാദ് ര നല്കുന്ന പാഠം വിലപ്പെട്ടതാണ്.
പൊതുവായ സ്വഭാവ സവിശേഷതകൾക്കകത്ത് തന്നേയുള്ള ഓരോരോ ജൈവ സാങ്കേതിക പ്രവർത്തന വ്യവസ്ഥകളാണ് ജീവികൾ .
ഒരു പൊതു വ്യവസ്ഥയുടെ ഭാഗമായ സവിശേഷതകളാണ് ജീവൻ എന്ന പ്രതിഭാസം നിലനില്ക്കുന്നത് എന്നിതു സൂചിപ്പിക്കുന്നു.
ക്രമാനുഗതമായി ഉണ്ടാകുന്ന ജനിതകമായ അട്ടിമറി
ജീവന്റെ സാമാന്യവും സവിശേഷവുമായ ഈ അവസ്ഥയിൽ ജീവികളുടെ ജൈവ സ്വഭാവത്തിൽ മാരകമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് ഊഹിക്കാൻ വലിയ ശാസ്ത്രബോധമൊന്നും ആവശ്യമില്ല .
എന്റോസൾഫാന്-കാർസിനോജനിക്ക്,ഇമ്യൂണിസ്റ്ററി സപ്രഷൽ എന്നീ സ്വഭാവ സവിശേഷതകളുള്ളതായി ശാസ്ത്രം സമ്മതിച്ചിട്ടുണ്ട് .
ഇത്തരം നാശകാരിയായ സ്വഭാവങ്ങളുള്ള എന്റോസൾഫാൻ ഉണ്ടാക്കാനും അതു കൃഷിക്ക് വേണ്ടി നിർദ്ദേശിക്കുവാനും
ശാസ്ത്രത്തിന്ന് യാതൊരു ചിന്താക്കുഴപ്പവും ഉണ്ടായില്ല .
പക്ഷെ രോഗങ്ങളുടെ കാരണം എന്റോസൾഫാനാണെന്ന് പറയേണ്ടി വരുന്ന ഘട്ടം വരുമ്പോൾ ഇന്നത്തെ ശാസ്ത്രവും ശാസ്ത്രജ്ഞരും ഭരണാധികാരികളും പൊട്ടൻ കളികളിക്കുന്നു.
ഇതു ശസ്ത്രത്തിന്റെ കുഴപ്പമല്ല.
മൂലധന ശക്തികളും അതിന്റെ താല്പര്യം സംരക്ഷിക്കുന്ന ഭരണകൂടവും ചെല്ലും ചിലവും കൊടുത്തു പോറ്റുന്ന
സാമൂഹ്യ വിരുദ്ധതയുടെ ശാസ്ത്ര മാവുന്നത് കൊണ്ടാണ് .
2000 ത്തിൽ ഐക്യ രാഷ്ട്ര സഭയുടെ നേതൃത്വത്തിൽ സ്റ്റോക്ക് ഹോമിൽചേർന്ന 120 രാജ്യങ്ങളുടെസമിതി 12 കീടനാശിനികൾ നിരോധിക്കാനുള്ള പ്രോട്ടോകോളിൽ ഒപ്പ് വെച്ചു .പോപ്സ് എന്ന് അറിയപ്പെടുന്ന ,
അത്യന്തം വിനാശകാരികളായ ഈ കീടനാശിനികളെ Dirty Dozenഎന്നാണു സമിതി വിശേഷിപ്പിച്ചത് .
നിരോധിക്കാൻ ഉദ്ദേശിച്ച ഡൈക്ളോഡ് യ്ൻ എന്നഗ്രൂപ്പിൽ ആദ്യം എന്റോസൾഫാനും ഉൾപ്പെട്ടിരുന്നു.
എന്നാൽ പിന്നീട് അതിനെ ക്ളോറിനേറ്റഡ്സൈക്ലിക്ക് ഡയോളിന്റെ സൾഫ്യൂറസ് ആസിഡ് എന്നഗ്രൂപ്പിലേക്ക് മാറ്റി .
ഇതിനെ നിരോധനത്തിൽ നിന്നും രക്ഷപ്പെടുത്തി.ഇങ്ങിനെ രക്ഷപ്പെടുത്താൻ
എന്റോസൾഫാന്‍ നിർമ്മാണ കമ്പനികളും അവരുടെ രാഷ്ട്രീയ ശക്തികളും അതി സമർത്തമായചരടു വലിച്ചു .POP റിവ്യൂ കമ്മിറ്റികളിലെ കഴിഞ്ഞ അഞ്ച് യോഗങ്ങളിലും എന്റോസൾഫാനു വേണ്ടി
അവരുടെ താല്പ്പര്യം സംരക്ഷിക്കുന്നതിന്നു വേണ്ടി ശക്തമായി നിലകൊള്ളുന്നത് ഇന്ത്യാ മഹാരാജ്യമാണ്.
നമ്മുടെ ഗവർമെന്റിന്റെപൊതു സമീപനം ഇങ്ങനെ ആവുന്നതിൽ അത്ഭുതപ്പെറ്റാനി ല്ല .
ഇന്ത്യമാത്രമല്ല ലോകത്തിലേതന്നെ ഏറ്റവവും വലിയ വ്യവസായ ദുരന്തമായിരുന്നല്ലോ ഭോപ്പാൽ ദുരന്തം .
1984 ഡിസംബർ 3 നമുക്ക് മറക്കാൻ കഴിയില്ല .
ഇങ്ങിനെയൊരു അപകടത്തിനുള്ള സാദ്ധ്യത വ്യാവസായിക വിദഗ്ദർ കണക്ക് കൂട്ടിയിരുന്നെങ്കിലും ഇത്രയും ഭീകരത ആരും പ്രതീക്ഷിച്ചിരുന്നില്ല .
അതിനാൽ അപകടം നടന്ന അർദ്ധരാത്രിയിൽ എന്തു ചെയ്യണ മെന്നറിയാതെ രാജ്യം സ്തബ്ധരായി.
പിന്നീട് ഇന്നുവരെ നാം കണ്ടുകൊണ്ടിരിക്കുന്നത് ദുരന്തത്തെ കുറച്ചു കാണിക്കാനുള്ള ശ്രമങ്ങളാണ്
ഔദ്യോഗിക വിഭാഗങ്ങളിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നാണ്.
ഭോപ്പാൽ ദുരന്തത്തിന്ന് മുമ്പും അതിന്ന് ശേഷവും വികസിത രാജ്യങ്ങളേയും മൂന്നാം ലോകരാജ്യങ്ങളേയും വേർതിരിച്ചു കാണുന്നതും
മൂന്നാം ലോകരാജ്യങ്ങളിലെ ജനങ്ങളേയും അതിലെ വിഭവങ്ങളേയും കൊള്ളചെയ്യുന്നതിന്നും ഒരു ദാക്ഷിണ്യവും കാണിക്കാറില്ല എന്നതാണു.
വികസിത രാജ്യങ്ങളുടെ ഒരു ട്രംഞ്ചിങ്ങ് പ്രദേശവും കൂടിയായാണ് ഇന്നു മൂന്നാം ലോകരാജ്യങ്ങൾ
മാരകമായ പാരിസ്തിതി തകരാരുണ്ടാക്കുന്ന എല്ലാ വ്യവസായങ്ങളും മാത്രമല്ല ആണവാവശിഷ്ടങ്ങൾ പോലും മൂന്നാം ലോകരാജ്യങ്ങളിലേക്ക് നിർബ്ബാധം തള്ളിക്കൊണ്ടിരിക്കുന്നു.
ഭോപ്പാൽ ദുരന്തം സഭവിച്ചത് നോക്കുക..
ഇതുപോലുള്ള അപകടം ഒഴിവാക്കുന്നതിന്ന് വികസിതരാജ്യങ്ങളിൽ ഒട്ടേറേ സുരക്ഷാ നടപടികൾ ഉണ്ടു.
അതിൽ ഒന്ന് മീതൈൽ ഐസോസൈനേറ്റ് എന്നരാസവസ്തു അന്തരീക്ഷ ഊഷ്മാവിൽ എത്താതെ തണുപ്പിച്ചു കൊണ്ടിരിക്കണം എന്നത്.
മറ്റൊന്ന് ഇത് ചെറിയ ബാരലുകളിലേ സൂക്ഷിക്കാവൂ എന്നതാണ്.ഇല്ലെങ്കിൽ പൊട്ടിത്തെറിക്കുള്ള സാദ്ധ്യത കൂടുതലാണ്
മീതൈൽ ഐസോസൈനേറ്റ് എന്ന രാസ വസ്തുവിൽ നിന്നാണു സെവിൻ എന്ന കീടനാശിനി ഉണ്ടാക്കുന്നത്.
ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്റ്ററിയിൽ ഉല്പ്പാദിപ്പിച്ചിരുന്നത് സെവിനായിരുന്നു.അതിനെ തണുപ്പിക്കാനായി
വേണ്ടിവരുന്ന ഇലക്ട്രിസിറ്റി ലാഭിക്കാൻ അതിന്നു വേണ്ടിയുള്ള സംവിധാനങ്ങൾ രാത്രി കാലങ്ങളിൽ പ്രവർത്തിപ്പിക്കാതിരിക്കുക എന്നത് ഇവിടുത്തെ സ്ഥിരം പരിപാടിയായിരുന്നു.
ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിയിരുന്ന കമ്പനി ഡയറക്റ്റർ വാറൽ ആൻഡേഴ്സിനെ ഇന്ത്യയിൽ നിന്നും
രാക്ക് രാമാനം തടി തപ്പുന്നതിന്ന് എല്ലാ വിധ സഹായവും സംരക്ഷണവും നല്കിയത് ഈരാജ്യത്തെ ഭരണകൂടമാണ്, സർക്കാറാണ്.
തുടർന്നുണ്ടായ കോടതി നടപടികളും വിധിയും നമ്മൾ ഈ ബൂലോകത്തു ഏറെ ചർച്ച ചെയ്തതുകൊണ്ട്
അക്കാര്യത്തിലേക്ക് കടക്കുന്നില്ല.
നമ്മുടെ സർക്കാറിന്റെ നെറികെട്ട സമീപനത്തിന്റെ ഒരു തനിയാവർത്തനം മാത്രമാണ് പാദ് ര...
ഇവിടേയും കൊടും ഭീകരരായ വിഷമരുന്നു കുറ്റവാളികളെ സമർത്തമായി എങ്ങിനെ രക്ഷപ്പെറ്റുത്തുന്നു എന്നതിന്റെ നാടക കാഴ്ചകാൾക്കാണ് നമ്മളിപ്പോൾ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്.
ചില ശാസ്ത്രീയ വിവരങ്ങള്‍ കച്ചവടത്തിനായി ഉപയോഗിക്കുന്ന എന്റോസൾഫാനിൽ രണ്ടു മോളിക്യൂളർ രൂപങ്ങൾ -ആല്ഫ/ബീറ്റ എന്റോസൾഫാൻ -ഉൾക്കൊള്ളുന്നു
യു എസ് പാരിസ്ഥിതിക സംരക്ഷണ ഏജൻസി (Environmental Proteection{Ageny)പറയുന്നത്
എന്റോസൾഫാൻ ശക്തമായ വിഷ സ്വഭാവമുള്ളതാണ് എന്നാണ്.
International Jjournal of Occupational and Environmental Healthന്റെ 2000 ഒക്ടോബർ ഡിസംബർമാസം ലക്കത്തിൽ കീടനാശിനികളേക്കുറിച്ച് വിഖ്യാതമായ പഠനങ്ങൾ നടത്തിയ എഫ് ക്വിജാനോ ഇങ്ങനെ എഴുതുന്നു.
“വ്യത്യസ്ത സ്രോതസ്സുകളിൽ നിന്നുള്ള പഠനങ്ങളും അവലോകന രേഖകളും എന്റോസൾഫാൻ ശക്തമായ വിഷഗുണ മുള്ളതും ,
അതിവേഗ മരണകാരണമായതും മാനസികവും വിഷവർദ്ധനം സൃഷ്ടിക്കുന്നതുമായ വിഷബാധയുൾപ്പെടെ ലിവർ കിഡ്നി തകരാർ,
ഹൃദയ സ്തഭനം ,രക്ത ദോഷ തകരാറുകൾ,തൊലിപ്പുറത്തെ അസ്വസ്ഥതകൾ തുടങ്ങി വിവിധ അവയവ വ്യവസ്തകളെ
മാരകമായി ബാധിക്കുന്ന താല്ക്കാലികവും സ്ഥായിയുമായ അനവധി വിഷബാധക്കും കാരണമാണെന്ന് ശക്തമായി തെളിയിക്കുന്നു.
എഫ് ക്വിജാനോ മനിലയിലെ കോളേജ് മെഡിസിനിലെ pharmacology and Toxicology ഡിപ്പാർട്ട്മെന്റിലെ അസോസിയേറ്റ് പ്രഫസറാണ്.....
എന്റോസൾഫാന്റെ LD50 വാല്യു (Lathel Doze Value) എന്റോസൾഫാൻ വായിലൂടെ കുടിച്ചു മരിച്ചവരുടെ ശരീരം പരിശോധിച്ച് കണ്ടെത്തിയ അളവുകളുടെരേഖകൾ ലഭ്യമാണ്.
വിഷം നേരിട്ട് വായവഴിയോ ഇഞ്ചക്ഷൻ വഴിയോ ശരീരത്തിൽ എത്തുമ്പോൾ
ജീവിയെ കൊല്ലാൻ പര്യാപ്തമായ അളവാണ് Lethel dozse 50 .എലികളിൽ 18-160ppm (Part per million) ആണ്.മുയലുകളിൽ 7.36 ഉം നായ്ക്കളിൽ 77 ppm ഉം ആണ്.
ഈ തോത് തന്നെ തൊലിയിലൂടെ അകത്ത് കടക്കുമ്പോൾ വളരെ ഉയർന്ന വിഷ ബാധ സ്വഭാവം കാണിക്കുന്നു.
തൊലിയിലൂടെയുള്ള എന്റോസൾഫാന്റെ സ്വാംശീകരണത്തിന്ന് എലികളെ വിധേയമാക്കിയപ്പോൾ
LD50 78-359 ppm ആണെന്ന് മനസ്സിലായി .
ബീറ്റ എന്റോസൾഫാനേക്കാൾ തീഷ്ണ വിഷകാരിയാണ് ബീറ്റ എന്റോ സൾഫാൻ .എലികളെക്കുറിച്ചുള്ള പരീക്ഷണം അവയുടെ ശരീരത്തിൽ പ്രോട്ടീൻ കുറവുള്ള അവസ്ഥയിൽ വിഷ ബാധക്ക് രണ്ടുമടങ്ങ് ശക്തി കൂടുതലായിരിക്കുമെന്ന് കാണിക്കുന്നു.
എന്റോസൾഫാൻ വിഷബാധയുടെ ഒരു പ്രധാന സ്വഭാവ സവിശേഷത തന്നെ കേന്ദ്രീ നാഡീ വ്യൂഹത്തെ ഉത്തേജിപ്പിക്കുവാൻ അതിനുള്ള കഴിവാണ്.
എലികൾ 15 ദിവസം തുടർച്ചയായി ,ഒരു ദിവസം 10ppm എന്റോസൾഫാൻ വായിലൂടെ നല്കിയപ്പോൾ മരണ നിരക്കിന്റെ വേഗത വളരെ കൂടുതലായി കണ്ടു.
ഒരു ദിവസം 5ppm നല്കിയപ്പോൾ കരൾവീക്കം സംഭവിക്കുന്നതായി നിരീക്ഷിക്കപ്പെട്ടു.
എലികൾക്ക് ഇതേ തോതിൽ 2 വർഷത്തിലധികം നല്കിയപ്പോൾ അതിജീവന ശേഷിയുടേയും വളർച്ചയുടേയും തോത് ക്രമത്തിൽ കുറഞ്ഞു വരുന്നതായും രക്തത്തിന്റെ രാസ സ്വഭാവത്തിലും കിഡ്നിയുടെ ഘടനയിലും മാറ്റങ്ങൾ സംഭവിക്കുന്നതായും കാണാൻ കഴിഞ്ഞു . എന്റോസൾഫാൻ സ്വാംശീകരണം മൃഗങ്ങളിൽ പകർച്ചവ്യാധിക്കെതിരെ ചെറുത്തു നില്ക്കാനുള്ള കഴിവു കുറക്കുന്നതായും നിരീക്ഷിക്കപ്പെട്ടു . പെൺ എലികൾക്ക് ആഴ്ച്ചകൾതുടർച്ചയായി ദിവസം 0.1 ppm എന്നതോതിൽ നല്കിയപ്പോൾ അവയുടെ പ്രത്യുല്പ്പാദന വ്യവസ്ഥയിൽ തകരാറുകൾ സംഭവിച്ചതായി കണ്ടു .
ആൺ എലികൾക്ക് ദിവസം പ്രതി 10 ppm തുടർച്ചയായി നല്കിയപ്പോൾ അവയുടെ Seminitterous Tabules(ശുക്ല വാഹിനിക്കുഴലുകൾ,അവ Testicles ചേർന്നുള്ളവയാണ്) തകരാക്കുന്നതും ആവശ്യമായ തൂക്കം കുറയുന്നതായും മനസ്സിലായി.
ഭ്രൂണം ഗർഭസ്ഥ ശിശു എന്നിവയിൽ അംഗ വൈകല്യ രൂപീകരണത്തിന്ന് കാരണമാകുന്ന ഒരു ഏജന്റാണ്Teratogen.ദിവസം പ്രതിയുള്ള 2.5 ppmഡോസ് വഴി എലികളിൽ സാധാരണ പോലുള്ള പ്രത്യുല്പ്പാദനം തന്നെ നടന്നതായി മൂന്ന് തലമുറ പഠനം വ്യക്തമാക്കിയെങ്കിലും 5 മുതൽ 10 വരെ ppm ശിശുക്കളിൽ എല്ലിന്റെ വളർച്ചയിൽ അസാധരണത്വം ഉണ്ടാക്കുന്നതായി തിരിച്ചറിയപ്പെട്ടു.
ജീനിന്റെ പ്രവർത്തന ധർമങ്ങളെ ബാധിക്കുന്നതോ അവയുടെ പ്രവർത്തനത്തിൽ മാറ്റം വരുത്തുന്നതോ ആയ ഒരു വസ്തു ജീൻ വിഷകാരികമാണ്.
ആല്ഫാ എന്റോ സൾഫാനും ബീറ്റാ എന്റോ സൾഫാനും മനുഷ്യന്റെ കരൾ കോശങ്ങളെ സംബന്ധിച്ചു വിഷകാരമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ബീറ്റാ എന്റോസൾഫാനാണ്‌കൂടുതൽ പ്രവർത്തന ശേഷിയുള്ള ജീൻ വിഷകാരികം .
വരും തലമുറകളിലേക്ക് സംക്രമിക്കുന്ന തരത്തിൽ കോശങ്ങളുടേയോ ജൈവ സംവിധാനത്തിന്റേയോ ജീൻ വസ്തുക്കളുടെ ഘടനയിലോ ആളവിലോ സംഭവിക്കുന്ന സ്ഥിരമാറ്റങ്ങളേയാണ് ജനിതിക ആഘാതം എന്നു പറയുന്നത്.
ബാക്ടീരിയകളുടേയും ഈസ്റ്റിന്റേയും കോശങ്ങളിലും സ്തനികളിലും എന്റോ സൾഫാൻ ജീൻ ആഘാതമുണ്ടാക്കുന്നതായി കാണിക്കുന്നു.
ആവശ്യമായത്ര തോതിൽ വിധേയമാക്കുകയാണെങ്കിൽ മനുഷ്യനിലും ജീൻ ആഘാതം ഉണ്ടാക്കാനുള്ള സാധ്യതയിലേക്കാണ് എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത്.
ഇത് കേൻസറിന്ന് കാരണമാകുന്നു വെന്ന് മാത്രമല്ല ബീജത്തേയും അണ്ഢത്തേയും ഭ്രൂണത്തേയും ബാധിക്കുക വഴി വികലമായ കുഞ്ഞുങ്ങളുടെ പിറവിക്ക് കാരണ മാകുകയും ചെയ്യുന്നു.
..............NIOH-ICMRഅന്വേഷണ സംഘത്തിന്റെ നിഗമനങ്ങൾ ...............
എന്റോസൾഫാൻ അവശേഷിപ്പിന്റേയും അംശങ്ങളുടേയും സാന്നിദ്ധ്യം പാദ് ര വില്ലേജിൽനിന്നും ശേഖരിച്ച കുടിവെള്ളത്തിലും രക്ത സാമ്പിളുകളിലും കണ്ടെത്തി.
ആല്ഫ എന്റോസൾഫാനും ബീറ്റ എന്റോസൾഫാനും എന്റോസൾഫാൻ തളിച്ച് 10 മാസത്തിന്ന് ശേഷവും രക്തത്തിലും കുടിവെള്ളത്തിലും എന്റോസൾഫാന്റെ അവശേഷിപ്പുകൾ കണ്ടെത്തിയത് തുടർച്ചയായുള്ള അതിന്റെ സാന്നിദ്ധ്യം ഉറപ്പു വരുത്തുന്നു.
പാദ് ര വില്ലേജിൽ പൈപ്പ് ജലം ലഭ്യമല്ല.കിണർ വെള്ളവും തുരംഗത്തിലെ വെള്ളവും കുടിവെള്ളമായും കോടങ്കേരി അരുവിയിലെ വെള്ളം കുളിക്കുന്നതിനും മറ്റു ആവശ്യങ്ങൾക്കുമായി അവർ ഉപയോഗിക്കുന്നു.
RRSSCയുടെ പഠനങ്ങളും കശുവണ്ടി തോട്ടങ്ങൾ എന്റോസൾഫാന്റെ ഒരു തുടർ ശ്രോതസ്സാണേന്ന് പറഞ്ഞിരിക്കുന്നു.
കാരണം തോട്ടങ്ങൾ കൂടുതലും സ്ഥിതിചെയ്യുന്നത് കുത്തനെയുള്ള കുന്നുകളിലാണ്. അവിടേ നിന്നു നേർത്ത നീർച്ചാലുകൾ താഴോട്ട് ഒഴുകുന്നു.
RRSSCയുടെ റിപ്പോർട്ടിലെ നിഗമനങ്ങൾപ്രകാരം ആകാശത്തു നിന്ന് തളിക്കുന്ന കീടനാശിനി മണ്ണിലും വെള്ളത്തിലും ചെടികളിലും ജന്തുക്കളുടെ ശരീരത്തിലും എപ്പോഴും എത്തിപ്പെടാനുള്ള സാഹചര്യം ഇതു മൂലം ഉണ്ടായിരിക്കുന്നു. പറഞ്ഞു വരുന്നത് അല്ലെങ്കിൽ പറയാൻ ഉദ്ദേശിച്ചത്:-
തെറ്റുപറ്റിയതു മന്ത്രിക്ക് അല്ല .കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലം രാജ്യത്ത് നടപ്പിലാക്കിയ “വികസനങ്ങളിലൂടെ” ഈ ഭരണാധികാരികൾസേവിച്ചത് ചൂഷക വിഭാഗത്തേയും വിദേശ മൂലധന ശക്തികളേയുമാണെന്ന് തിരിച്ചറിഞ്ഞിട്ടും
നാടുമുടിച്ച ഇവരെ തന്നെ തെരഞ്ഞെടുത്തയച്ച,കണ്ടാലും കൊണ്ടാലും പഠിക്കാത്ത
പ്രിയപ്പെട്ട വോട്ടർ മാർക്കാണ് തെറ്റു പറ്റിയത് എന്നാണ്.
1947ആഗസ്റ്റ് 14ന്ന് അർദ്ധരാത്രിയിലും മനസ്സും ചെവിയും കൂർപ്പിച്ചു നിന്ന ജനകോടികളോട്,രാജ്യത്തോട് സ്വതന്ത്ര ഇന്ത്യയിലെ പ്രധാനമന്ത്രിയായി അതികാരമേല്ക്കുമ്പോൽ ജവഹർലാൽ നെഹൃ ഇങ്ങനെ പറഞ്ഞു:-
“പഴമയിൽ നിന്നും പുതിയതിലേക്ക് നമ്മൾ കടക്കുന്നു.
വളരെക്കാലത്തിന്ന്ശേഷം അടിച്ചമർത്തപ്പെട്ടു കിടന്ന ഒരു രാജ്യത്തിന്റെ ആത്മാവ് നിശ്ശബ്ദത ഭജ്ഞിക്കുന്ന ചരിത്രത്തിലെ അപൂർവ്വമായ നിമിഷമാണ് കടന്നു വരുന്നത്.......
ഈധന്യ മുഹൂർത്തത്തിൽ ഇന്ത്യയേയും ഇന്ത്യൻ ജനതയേയും സേവിക്കുന്നതിന്ന് വേണ്ടിയും മനുഷ്യ വംശത്തിന്റെഷേമത്തിന്ന് വേണ്ടിയും ജീവിതം ഉഴിഞ്ഞു വെക്കാൻ നമുക്ക് പ്രതിജ്ഞയെടുക്കാം...
ഇന്ന് നമ്മൾ നമ്മുടെ ദൗർഭാഗ്യം നിറഞ്ഞ ഭൂതകാലത്തെ കയ്യൊഴിയുകയും ഇന്ത്യ സ്വയം കണ്ടെത്തുകയും ചെയ്യുകയാണ്...
എല്ലാവരും ഒന്നിച്ചു പാർക്കുന്ന ഒരു മഹനീയ സൗധമായി നമുക്ക് സ്വതന്ത്ര ഇന്ത്യേ മാറ്റി തീർക്കാം...”
(2005 ൽ എന്റോസൾഫാൻ വിഷബാധിത പ്രദേശത്ത് നടത്തിയ ജനകീയാന്വേഷണ സംഘത്തിന്റെ റിപ്പോർട്ടാണ് ഈ കുറിപ്പിന്ന് അവലംബം. ഇതിലെ പഠനം അക്കാലത്ത് ജയകേരളം പ്രസിദ്ധീകരിച്ചിരുന്നു.)