ആഗോള വൽക്കരണ നയങ്ങൾ നടപ്പാക്കി മുന്നേറുന്ന സാമ്രാജ്യത്വ വ്യവസ്ഥ
അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ,അതീവ ഗുരുതരമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ്
ഈ വർഷത്തെ മെയ് ദിനം നാം ആചരിക്കുന്നത്.
അമേരിക്ക ഉൾപ്പെടേ നിരവധി രാജ്യങ്ങളിൽ സാമ്രാജ്യത്വ മൂലധനശക്തികൾക്കെതിരായി തൊഴിലാളിവർഗ്ഗം
ഉജ്ജ്വലമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയുണ്ടായി.
അറേബ്യൻ രാജ്യങ്ങളിലും വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലും ഉയർന്നുവന്ന പ്രക്ഷോഭങ്ങൾ
ലോകമെമ്പാടും 'ജാസ്മിൻ വിപ്ലവം' എന്നപേരിൽ പ്രകമ്പനം കൊണ്ടു.
അമേരിക്കൻ സിരാകേന്ദ്രമായ ' വാൾസ്സ്ട്രീറ്റ് 'പിടിച്ചെടുക്കൽ സമരം സംഘടിപ്പിച്ചുകൊണ്ട്
തൊഴിലാളി വർഗ്ഗം മുതലാളിത്തത്തിന്നെതിരേ യുദ്ധ പ്രഖ്യാപനം നടത്തി.
സാമ്രാജ്യത്വ ആഗോളവൽക്കരണം ലോകജനതയുടെ 99 ശതമാനം വരുന്ന ജനങ്ങളെ കൊള്ളയടിക്കാനും
ഒരു ശതമാനം വരുന്ന കോടീശ്വരന്മാർക്ക് ശതകോടീശ്വരന്മാരാകുന്നതിനും വേണ്ടിയുള്ളതായതിനാൽ
ആഗോളീകരണ പ്രക്രിയ അവസാനിപ്പിക്കണമെന്നും പ്രക്ഷോഭകർ ആവശ്യപ്പെടുന്നു.
യൂറോപ്യൻ രാജ്യങ്ങളിലൊട്ടാകെ സമാനമായ പ്രക്ഷോഭങ്ങൾ നിലവിലുണ്ടായിരുന്ന സർക്കാറുകളെ
അട്ടിമറിക്കുന്ന തരത്തിലേക്ക് വികസിച്ചു.
അതേസമയം,
തൊഴിലാളി വർഗ്ഗത്തിന്റെ മുൻകൈയ്യിൽ നടക്കേണ്ട സമരങ്ങൾക്ക്
രാഷ്ട്രീയ പ്രത്യായശാസ്ത്രദിശ നൽകുന്ന പ്രവർത്തനങ്ങൾ വികസിക്കാതിരുന്നതു മൂലം
സർക്കാറുകൾ രാജിവെക്കാൻ നിർബന്ധിതമായ രാജ്യങ്ങളിൽ പോലും തൊഴിലാളി വർഗ്ഗ സർക്കാറുകൾ സ്ഥാപിതമായില്ല.
എങ്കിലും ലോകമെമ്പാടും നടക്കുന്ന പ്രക്ഷോഭങ്ങൾ മുതലാളിത്ത കേന്ദ്രങ്ങളെ അക്ഷരാർത്ഥത്തിൽ പിടിച്ചു കുലുക്കുകയാണ്.
ഇരുപത്തൊന്നാം നൂറ്റാണ്ട് സാമ്രാജ്യത്വ മൂലധനശക്തികൾക്കെതിരായ
പോരാട്ടത്തിന്റെ നൂറ്റാണ്ടായിരിക്കുമെന്ന് ആവർത്തിച്ച് ഉറപ്പിക്കുന്നതാണ് ലോകസാഹചര്യം.
നമുക്കറിയാം,നമ്മളോർക്കുന്നു,
90കളിൽ തുടക്കമിട്ട ആഗോളീകരണ നയങ്ങൾ പ്രചരിപ്പിച്ചിരുന്നത്
സോഷ്യലിസ്റ്റ് ആശയങ്ങളുടെ കാലം അസ്തമിച്ചിരിക്കുന്നു
മുതലാളിത്ത ജനാധിപത്യത്തിന്റെ നവലോകക്രമത്തിന്ന് തുടക്കം കുറിച്ചിരിക്കുന്നു എന്നും
വ്യവസായികളെ അഭിവൃദ്ധിപ്പെടുത്തിയാലേ രാജ്യം അഭിവൃദ്ധിപ്പെടുകയുള്ളൂ എന്നും ആയിരുന്നു.
അങ്ങിനെ വികസനത്തിന്റെ പരിപ്രേക്ഷ്യം തന്നെ ഈ നിലപാടിലേക്ക് മാറ്റിമറിച്ചു.
എന്നാൽ ഇന്ന് അമേരിക്കൻ ഏകധ്രുവലോകത്തിന്റെ ചൂഷണാധിഷ്ടിതവും ഹിംസാത്മകവുമായ വിപണി സംസ്കാരം
മനുഷ്യവംശത്തിന്റെ നിലനിൽപിന്ന് തന്നെ ഭീഷണിയാണെന്ന് വ്യക്തമായി തിരിച്ചറിഞ്ഞ തൊഴിലാളി വർഗ്ഗം
ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലാണ്.
ലോകമെമ്പാടുമുള്ള ബൂർഷ്വാ ഭരണ കൂടങ്ങൾ മുന്‍ കാലത്തെ ക്ഷേമ നടപടികളെല്ലം നിഷ്കരുണം വെട്ടിക്കുറച്ചു.
പ്രോവിഡന്റ് ഫണ്ട്,ഇഎസ്സ്‌ഐ തുടങ്ങിയ സാമൂഹ്യ സുരക്ഷാ നടപടികൾ ഫാക്റ്ററി മാനേജ്‌മന്റുകൾ എടുത്തുകളഞ്ഞു.
മിനിമം വേതന നിരക്കുതന്നെ വെട്ടിക്കുറച്ചു.
കുടുംബ ഇൻഷൂറൻസ്, അപകട ഇൻഷൂറൻസ് തുടങ്ങിയ സാമൂഹ്യ ക്ഷേമ പദ്ധതികൾ
തൊഴിലാളികളുടെ തന്നെ സംഭാവനകളിലൂന്നി സ്വകാര്യ കുത്തകകൾ
ഏറ്റെടുത്തു നടത്തുന്ന പങ്കാളിത്ത പദ്ധതികളായി മാറിക്കൊണ്ടിരിക്കുന്നു.
91-ൽ ആഗോളീകരണത്തിന്ന് തുടക്കം കുറിച്ച ഇന്ത്യയിൽ കോർപ്പറേറ്റ് മൂലധനശക്തികൾക്ക് ആധിപത്യം സ്ഥാപിക്കുന്നതിന്ന്
ഇന്ത്യാ ഗവൺമന്റ് അടിസ്ഥാന സാഹചര്യമൊരുക്കികൊടുത്തു.
വിദേശ നാണ്യ നിയന്ത്രണ നിയമം,കുത്തക നിയന്ത്രണ നിയമം എന്നീ നിയമങ്ങൾ
90കളുടെ തുടക്കത്തിൽ പിൻ വലിച്ച കേന്ദ്രഗവൺമന്റിന്റെ ചുവടു പിടിച്ച്
പിന്നീട് അധികാരത്തിൽ വന്ന ഗവൺമന്റുകൾ 49 ശതമാനത്തിൽ പരിമിതപ്പെടുത്തിയിരുന്ന
വിദേശമൂലധന പരിധിതന്നെ ഒഴിവാക്കി വിദേശശക്തികളുടെ പൂർണ്ണ നിയന്ത്രണത്തിലാക്കുന്നതിന്ന് സാഹചര്യ മൊരുക്കി.
ഓഹരി വിൽപന വഴി മൂലധന സമാഹരണം നടത്തുന്ന കേന്ദ്രസർക്കാർ തൊഴിലാളികളുടെ എണ്ണം വെട്ടിച്ചുരുക്കുകയും
വിആർഎസ്സിന്ന് പകരം സിഅർഎസ് നടപ്പാക്കി തൊഴിൽ നിരോധനം പ്രാബല്യത്തിലാക്കി.
അദ്ധ്വാനഭാരം പതിന്മടങ്ങ് വർദ്ധിച്ചു.
തൊഴിലാളികളുടെ സാമ്പത്തിക അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നതിനൊപ്പം
തൊഴിലാളികളുടെ ജനാധിപത്യ അവകാശങ്ങളും ട്രേഡ്യൂണിയൻ അവകാശങ്ങളും
ചിട്ടയായി കവർന്നെടുക്കുന്നതിലാണ് ഭരണകൂടങ്ങൾ ഇന്നേർപ്പെട്ടിരിക്കുന്നത്.
നേരിട്ടുള്ള നിയമ നിർമ്മാണങ്ങളിലൂടേയും തൊഴിലാളികളുടെ അവകാശങ്ങൾക്കെതിരേ
വിധി പ്രസ്താവിക്കുന്ന കോടതികളെ ഉപയോഗപ്പെടുത്തിക്കൊണ്ടുമാണ് ഇത് സാധ്യമാക്കുന്നത്.
ചുരുക്കി പറഞ്ഞാൽ
ഒരു നൂറ്റാണ്ടുകാലത്തെ സുദീർഘമായ പോരാട്ടങ്ങളിലൂടെ സംഘടിത തൊഴിലാളി വർഗ്ഗം നേടിയെടുത്ത
തൊഴിൽ അവകാശങ്ങൾ,ആഗോളീകരണ പ്രക്രിയയോടെ ഗുരുതരമായ വെല്ലുവിളികൾ നേരിടുന്നു.
2005-ലെ തൊഴിൽ നിയമ ബേദഗതി വ്യവസായ തൊഴിൽ തർക്ക നിയമം അപ്രസക്തമാക്കി.
ഇന്ത്യയിലെ 6ശതമാനം വരുന്ന സഘടിത തൊഴിൽ മേഖലയിലേക്ക്
കോണ്ട്രാക്റ്റ് ലേബർ സമ്പ്രദായം ,ഔട്ട്സോഴ്സിംഗ് എന്നിവ വ്യാപിപ്പിക്കുക വഴി
തൊഴിൽ സുരക്ഷിതത്വം ഘട്ടം ഘട്ടമായി അവസാനിപ്പിച്ചുകൊണ്ടിരിക്കുന്നു.
സംഘടിത വ്യവസായം അടച്ചു പൂട്ടിയും വികേന്ദ്രീകരിച്ചും അസംഘടിത മേഖലയായി പരിവർത്തിപ്പിക്കുന്നു.
ഫൈനാൻസ് മൂലധനത്തിന്റെ കടന്നുകയറ്റം അദ്ധ്വാനവും മൂലധനവും തമ്മിലുള്ള വൈരുദ്ധ്യത്തെ രൂക്ഷമാക്കിയിരിക്കുന്നു.
ലോകത്ത് സോഷ്യലിസ്റ്റ് ചേരിയും സോഷ്യലിസത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളും ശക്തമായിരുന്ന സന്ദർഭത്തിലാണ്
മുതലാളിത്ത രാജ്യങ്ങളിലേയും കോളനിരാജ്യങ്ങളിലേയും തൊഴിലാളികൾക്ക്
മെച്ചപ്പെട്ട കൂലിയും സേവന വേതന വ്യവസ്ഥകളും നിലനിന്നിരുന്നത്.
മുതലാളിത്ത ആശയങ്ങളെ പ്രതിരോധിച്ച് വർഗ്ഗ സമരത്തിന്റേയും സോഷ്യലിസത്തിന്റേയും
തൊഴിലാളി വർഗ്ഗ രാഷ്ട്രീയ താൽപര്യത്തിന്റേയും ആശയങ്ങളെ സമൂഹത്തിൽ പ്രചരിപ്പിക്കുക
തൊഴിലാളി വർഗ്ഗ പ്രസ്ഥാനങ്ങളുടെ മുഖ്യകടമായി ഏറ്റെടുക്കേണ്ടതുണ്ട്.
നവലിബറൽ നയങ്ങളുടെ മൂന്നാം തലമുറ പരിഷ്കാരങ്ങളുമായി മുന്നോട്ടു പോകുന്ന മന്മോഹൻ സർക്കാർ
വ്യവസ്ഥാപിത ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പരോക്ഷ പിന്തുണയോടെ
കോർപ്പറേറ്റുകൾക്ക് സർവ്വ്വതന്ത്ര സ്വാതന്ത്ര്യം നൽകുന്ന സാഹചര്യത്തിൽ
സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങൾക്കിടയിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
ഇടത്പക്ഷപാർട്ടികളുടെ അധികാര പങ്കാളിത്തം
ആഗോളീകരണ നയങ്ങൾക്കെതിരായ പോരാട്ടങ്ങളെ ദുർബ്ബലപ്പെടുത്തുകയും ജീർണ്ണിപ്പിക്കുകയും ചെയ്തു.
തൊഴിലാളി വർഗ്ഗ രാഷ്ട്രീയാധികാരത്തിന്റേയും
സോഷ്യലിസത്തിന്റേയും ലക്ഷ്യങ്ങളും മുദ്രാവാഖ്യങ്ങളുമുപേക്ഷിച്ച്
പരിഷ്കരണവാദ-സാമ്പത്തികമാത്രവാദ ആവശ്യങ്ങൾക്കു വേണ്ടിയുള്ള സമരങ്ങളിലേക്ക് മാത്രമായിച്ചുരുങ്ങിയ
പരിഷ്കരണവാദ ട്രേഡ്യൂണിയൻപ്രസ്ഥാനങ്ങൾക്ക്
ഇപ്പോൾ സാമ്പത്തികമാത്ര ലക്ഷ്യങ്ങൾപോലും സംരക്ഷിക്കാൻ കഴിയാതായിരിക്കുന്നു.
അതേസമയം
ഇത്തരം സംഘടനകളിലുള്ള വിശ്വാസം നഷ്ടപ്പെട്ട തൊഴിലാളി വർഗ്ഗം
പുതിയ സമരങ്ങൾക്ക് രൂപം നൽകുകയും പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു.
സമീപകാലത്ത് ഇന്ത്യയിലെ നഴ്സിംഗ് മേഖലയിൽ ഉയർന്നു വന്ന സമരം
ഇതിന്ന് തെളിവായി നിലനിൽക്കുന്നു.
ഏറ്റവും അപകടകരമായ മറ്റൊരു പ്രവണതവർഗ്ഗ വൈരുദ്ധ്യങ്ങളെ
വർഗ്ഗീയ,വംശീയ വൈരുദ്ധ്യങ്ങളായി വ്യതിചലിപ്പിച്ച് വർഗ്ഗ സമരത്തെ
വർഗ്ഗീയ കലാപങ്ങളാക്കി മാറ്റാനുള്ള ഭരണവർഗ്ഗ നീക്കങ്ങളാണ്.
ഭരണ വർഗ്ഗങ്ങളുടെ ഈ വൃത്തികെട്ട തന്ത്രം തിരിച്ചറിയാനും
മതപരവും ജാതിപരവുമായ എല്ലാ വിഭജനങ്ങളേയും മറികടന്ന് വർഗ്ഗപരമായി ഐക്യപ്പെടാനും
ഈ മെയ്ദിനത്തിൽ നമ്മൾ മുന്നോട്ട് വരേണ്ടതുണ്ട്.
ഈ സന്ദർഭംതൊഴിലാളി വർഗ്ഗത്തെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളികളുടേതാണ്
അതോടൊപ്പം തൊഴിലാളികൾക്കിടയിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾക്കുള്ള
ഏറ്റവും അനുകൂലമായ അവസരവുമാണിതെന്ന് തിരിച്ചറിഞ്ഞു
ഈ അവസരം ഏറ്റെടുത്ത് നമുക്ക് മുന്നേറാം
വിപ്ലവാഭിദ്യങ്ങൾ,