2009, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

ചാൾസ്‌ ഡാർവിനും ജീവശാസ്ത്രവും-ഗോവർദ്ധൻ-

ചാൾസ്‌ റോബർട്ട്‌ ഡാർവിന്റെ ഇരുനൂറാം ജന്മവാർഷികമാണ് 2009.
സ്വന്തം പേർ 'ഇസ'മെന്ന് ചേർത്ത്‌ ദീർഘിക്കപ്പെട്ട ചുരുക്കം ചിലരേ ലോകചരിത്രത്തിലുള്ളൂ .അവരിൽ തന്നെ ചുരുക്കം പേർ മാത്രമേ ഒരു നൂറ്റാണ്ടിനപ്പുറവും ചർച്ച ചെയ്യപ്പെടുന്നുള്ളൂ .
ഡാർവിനിസം ഇക്കാലത്തും സജീവ ചർച്ചാ വിഷയമാണ് .
ആദ്യകാലത്ത്‌ ധാരാളം വിമർശനങ്ങൾ ഏൽക്കുകയും കാലാന്തരത്തിൽ ധാരാളമായി തെളിവുകൾ കിട്ടിത്തുടങ്ങിയപ്പോൾ ശ‍ാസ്ത്രലോകം പൂർണ്ണമായി അംഗീകരിക്കുകയും ചെയ്ത ഡാർവിനിസം ഈ അടുത്തകാലത്താണ് അമേരിക്കൻ സ്കൂളുകളിൽ സൃഷ്ടിവാദത്തോടൊപ്പം പാഠപുസ്തക സ്ഥലം പങ്കിടേണ്ടിവന്നത്‌ .
ഡാർവിനിസത്തെ അംഗീകരിക്കുമ്പോൾ തന്നെ ദൈവസൃഷ്ടിയാണ് ജീവനും മനുഷ്യനും എന്നവാദത്തെ അപ്പാടെ തിരസ്കരിക്കാനാവില്ലെന്നും ഇവയിൽ ഏതു ശരിയെന്ന് കുട്ടികൾ തീരുമാനിച്ചോട്ടെ എന്ന് മായിരുന്നു അമേരിക്കൻ അദ്ധ്യാപകരുടെ നിലപാട്‌ .
എന്തുകൊണ്ടാണിങ്ങനെ ?
ശാസ്ത്രലോകം ഒരിക്കൽ അംഗീകരിച്ച ഇപ്പോഴും നിരവധി തെളിവുകൾ ആർജ്ജിച്ചു കൊണ്ടിരിക്കുന്ന ഒരു സിദ്ധാന്തം എന്തു കൊണ്ടാണിങ്ങനെ വീണ്ടും സംശയിക്കപ്പെടുന്നത്‌?
മാർക്സിസം ചിന്താപരമായി നവ മാർക്സിസത്തിലേക്ക്‌ മുന്നേറിയ പോലെ നവ ഡാർവിനിസത്തിലേക്ക്‌ മുന്നേറിയ പരിണാമവാദത്തിന്റെ ഇന്നത്തെ പ്രസക്തി എന്താണ്?
തിരിച്ചറിയേണ്ടുന്ന ഒരു വസ്തുത പരിണാമസിദ്ധാന്തം ഒരു ആകസ്മികതയല്ല എന്നതാണ്. തന്റെ തെളിവുകൾനിരത്താൻ ചാൾസ്‌ ഡാർവിൻ കുറച്ചുകൂടെ വൈകിയിരുന്നുവെങ്കിൽ നാമിന്ന് പരിണാമസിദ്ധാന്തത്തെ അറിയുക ആൽഫ്രഡ്‌ ഫസൽ വാലസ്സിന്റെ പേരിലായേനെ .
രണ്ടു പേരും സ്വന്തം നിലക്ക്‌ പരസ്പരം അറിയാതെ നടത്തിയ ഗവേഷണം ഒരേ സിദ്ധാന്തത്തിലെത്തിച്ചേർന്ന,ശാസ്ത്രത്തിൽ അത്ര അപൂർവ്വമല്ലാത്ത ജനനമായിരുന്നു .
പരിണാമസിദ്ധാന്തത്തിന്റെയും ഡാർവിന്റേയും ആദ്യകാല ശസ്ത്രലേഖനങ്ങളേറെയും ജീവജാലങ്ങളുടെ ആയുസ്സിന്നിടക്ക്‌ അവയ്ക്ക്‌ സംഭവിക്കുന്ന അവസ്ഥാന്തരത്തെ ക്കുറിച്ചായിരുന്നു
പല ലേഖനങ്ങളുടേയും വാദം ഇങ്ങിനെ ആയിരുന്നു"ഇതുവരെ Aഎന്നുംBഎന്നും രണ്ടു സ്പീഷിസുകൾ എന്ന് കരുതപ്പെട്ടിരുന്നവ യഥാർത്ഥത്തിൽ ഒരുസ്പീഷിസ്സാണ്.A,B യുടെ ബാല്യദശയാൺ`"
വാൽ മാക്രിയേയും തവളെയേയും പോലെ:പുഴുവും ശലഭവും പോലെ വ്യത്യസ്ഥരൂപത്തിലും പെരുമാറ്റത്തിലും കാണപ്പെടുന്നവയെ സംബന്ധിച്ചുള്ള തിരുത്തലുകളായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ലേഖനങ്ങൾ.
സ്പീഷിസുകൾ തമ്മിലുള്ള സാമ്യവും വൈജാത്യവും പിന്നീട്‌ ഡാർവിന്റെ സവിശേഷശ്രദ്ധയാകർഷിച്ചു.
പുതിയ വിഭവങ്ങൾ തേടിയുള്ള സാമ്രാജ്യത്തിന്റെ ആദ്യ യാത്രകൾക്കിടക്കാണ് ഡാർവിന്ന് ലോകയാത്ര സാധ്യമാകുന്നത്‌ HMS Beagle എന്ന കപ്പലിൽ ചെന്നെത്തുന്ന ഓരോ നാട്ടിലും പുതിയ സ്പീഷിസുകളെ കണ്ടെത്തിയും ശേഖരിച്ചും വിശദമായ നോട്ടുകളെഴുതിയും നീങ്ങിയ ഡാർവിന്റെ സവിശേഷ ശ്രദ്ധ പതിഞ്ഞവയായിരുന്നു ഗാലപ്പഗോസ്സ്‌ ദ്വീപുകളിൽ കണ്ട ഫിൻചസ്സ്‌ എന്ന പക്ഷികൾ .
ജിയോസ്പിസിയ എന്ന ഇനത്തിൽപെടുന്ന 10 വ്യത്യസ്ത സ്പീഷീസുകളെയാണ് ഡാർവിൻ ആ ദ്വീപ്‌ സമൂഹത്തിൽ കണ്ടത്‌.
ഓരോന്നിന്റേയും കൊക്കുകളാവട്ടെ അവർ കഴിക്കുന്ന ഭക്ഷണവുമായി ചേർന്ന് പോകുന്നതും.വൻകരയിൽ നിന്ന് വ്യത്യസ്തമായി ദ്വിപുകളിൽ കാണപ്പെടുന്ന ജീവജാലങ്ങളിലുള്ള വ്യത്യാസമാണ് സവിശേഷ ശ്രദ്ധയാകർഷിച്ചത്‌.
ഫിൻചുകളുടെ കാര്യത്തിൽ,വൻകരയിലെ അവയുടെ എണ്ണം മറ്റു പക്ഷികളിലേതിനേക്കാൾ വളരെ കുറവാണ്. എന്നാൽ ഗാലപ്പഗോസ്സ്‌ ദ്വീപുകളിൽ കണ്ട ആകെ ഇരുപത്‌ സ്പീഷീസ്‌ പക്ഷികളിൽ പതിനാലെണ്ണവും ഫിൻചുകളാണ്, അതുകൊണ്ട്‌ തന്നെ ഫിൻചുകൾ അതിന്ന് സാധ്യമായ എല്ലാ ആവാസവ്യവസ്ഥകളിലേക്കും പലതായി പിരിഞ്ഞ്‌ പരിണമിക്കുകയും ചെയ്തു,സ്പീഷീസുകളുടെ ഉൽഭവത്തെക്കുറിച്ചുള്ള നാളേറെയായി നിലനിന്നിരുന്ന സന്ദേഹങ്ങളിൽ നിന്ന് മൂർത്തമായ നിഗമനത്തിലെത്താൻ സഹായിച്ചത്‌ ഈ സ്പീഷീസുകളെക്കുറിച്ചുള്ള പഠനമായിരുന്നു.
തുല്യമായ പരീക്ഷണങ്ങളിലൂടെ വാലസും എത്തിയത്‌ സ്പീഷീസ്‌ എന്നത്‌ ശാശ്വതമായ ഒന്നല്ലെന്നും അവ പരിണമിക്കുന്നുവെന്നും ചിലത്‌ ഭൂമുഖത്ത്‌ നിന്നു അപ്രത്യക്ഷമാകാറുണ്ടെന്നും ചിലത്‌ പല സ്പീഷിസുകളായി വ്യന്യസിക്കപ്പെടാറുണ്ട്‌ എന്നുമാണ്.
അതിന്നപ്പുറം,മനുഷ്യർ എന്ന സ്പീഷിസിന്റെ ഉദ്ഭവവും വ്യത്യസ്തമല്ല എന്നും,
രണ്ട്‌ കാര്യങ്ങളാണ് ആ കണ്ടെത്തലിലൂടെ സംഭവിച്ചത്‌.
ഒന്നാമതായി ജീവജാലങ്ങൾ ചലനാൽ മകമായി പരിണാമപ്രക്രിയയിലാണ് നിലനിൽക്കുന്നത്‌ എന്ന്.
രണ്ടാമതായി സ്പീഷിസുകൾ ഒന്നൊന്നിൽ നിന്നെന്നവണ്ണം പരിണമിച്ചുണ്ടായതിൽ നിന്ന് ഉരുവായ പരസ്പര ബന്ധവും.
രണ്ടാമത്തേത്‌ വാസ്തവത്തിൽ പരസ്പര ബന്ധമില്ലാതെ ഒറ്റയ്ക്കൊറ്റക്കെന്നവണ്ണം കണ്ടിരുന്ന സ്പീഷിസുകളുടെ ക്രമപ്പെടുത്തലായിരുന്നു. ജീവശാസ്ത്രത്തിനു ഇത്തരമൊരു ക്രമപ്പെടുത്തൽ ആദ്യമായാണ് അതിന്റെ പഠനവസ്തുക്കൾക്ക്‌ സാധ്യമായത്‌.
ക്രമപ്പെടുത്തലും ചലനാൽ മകതയെ വിശദീകരിക്കലും-ഈ രണ്ടുകാര്യങ്ങളും മറ്റു ശാസ്ത്രശാഖകളിലും ഏതാണ്ടൊരേ കാലത്ത്‌ തന്നെ സംഭവിച്ചിട്ടുണ്ട്‌.
കണ്ടെത്തപ്പെടുന്ന ഓരോ മൂലകവും ഒന്നിനൊന്ന്‌ വ്യത്യസ്തമായി പഠിക്കപ്പെട്ടിരുന്ന കാലത്തിന്ന്‌ അവസാനം കുറിച്ചുകൊണ്ടാണ്‌ മെൻഡിലീഫ്‌ എന്ന ശാസ്ത്രജ്ഞൻ മൂലകങ്ങളെ ഒരൊറ്റ പട്ടികയിൽ പെടുത്താൻ ശ്രമിച്ചത്‌.
പരസ്പര സാമ്യത്തിന്റെ അടിസ്ഥാനത്തിൽ പട്ടികയിൽ മുകളിൽ നിന്ന്‌ താഴോട്ടായും ഇടത്തുനിന്ന്‌ വലത്തോട്ടായും മൂലകങ്ങളെ അടുക്കിയപ്പോൾ രസതന്ത്രത്തിൽ സംഭവിച്ചതും ഈ ക്രമപ്പെടുത്തലായിരുന്നു.
പട്ടികയിലെ ഒഴിഞ്ഞുകിടന്ന കള്ളികളിൽ ശാസ്ത്രജ്ഞർ ഇനിയും കണ്ടെത്തേണ്ടിയിരുന്ന മൂലകങ്ങളുടെ പ്രത്യേകതകൾ കണ്ടെത്തി അവയേ അന്യേഷിക്കുകയും കണ്ടെത്തുകയും ചെയ്തു.
ഇതു പോലെതന്നെ ജീവശാസ്ത്രത്തിലും ഒരു ജീവി വിഭാഗത്തിന്നും മറ്റൊന്നിന്നും ഇടക്കുള്ള ലിങ്കുകൾ അന്യേഷിക്കുകയും ഫോസിലുകളായി അവയെ കണ്ടെത്തുകയും ചെയ്തു .
ഫിസിക്സിലാകട്ടെ ആകാശഗോളങ്ങളുടെ വലുപ്പവും മറ്റുള്ളവയുമായുള്ള അകലവും മുൻ നിർത്തി ഇനിയും കാണാത്ത ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും സ്ഥാനം കണ്ടെത്താനും കഴിഞ്ഞു അവയെ പിന്നീട്‌ കണ്ടെത്തുകയും ചെയ്തു.
ഇങ്ങിനെ മറ്റു ശാസ്ത്രശാഖകളിലെന്നപോലെ ജീവശാസ്ത്രത്തിൽ നടന്ന ക്രമീകരണമാണ്‌ പരിണാമസിദ്ധാന്തത്തെ ഒരു പ്രധാന കാൽ വെപ്പാക്കിയത്‌.
കപ്പലിലെ യാത്രക്ക്ശേഷം തിരിച്ചെത്തിയ ഡാർവിൻ എഴുതിയ ആദ്യലേഖനം,ഉയരുകയും താഴുകയും ചെയ്യുന്ന കരയെക്കുറിച്ചായിരുന്നു. ഉയർന്ന മലയിലെ പാറയിൽ കാണപ്പെട്ട സമുദ്ര ജീവികളായ കക്കകളുടെ പുറംതോടായിരുന്നു ആദ്യ നിരീക്ഷണം.കരയും കടലും എക്കാലവും ഇങ്ങനെ ആയിരുന്നില്ലെന്നും അവ ലംബമായും തിരശ്ചീനമായും ചലിക്കുന്നുവെന്നും ധാരാളം തെളിവുകൾ അക്കാലത്ത്‌ ലഭ്യമാവുകയും ചെയ്തിരുന്നു.
ഭൂമിയുടെ ചലനാത്മകതയുമായി ജീവജാലങ്ങളുടെ ചലനാത്മകതക്ക്‌ ബന്ധമുണ്ടെന്ന് ഡാർവിൻ നിരീക്ഷിക്കുകയുണ്ടായി.വൻകരയിൽ നിന്നകലെ ഒരു ദ്വീപ്‌ രൂപപ്പെടുബോൾ വൻകരയിൽ നിന്ന് അവിടെ എത്താൻ കഴിവുള്ള ചുരുക്കംചില ജീവജാലങ്ങൾ അവിടെയുള്ള സാദ്യതകൾ കഴിയുന്നത്ര ഉപയോഗിക്കാൻ തക്കവിധം പല സ്പീഷീസായി പിരിയുന്നതും നിരീക്ഷണങ്ങളിലൂടെ വ്യക്തമാക്കപ്പെട്ടു.
മറ്റു ശാസ്ത്രശാഖകളിലെന്നപോലെ കൃത്യമായ ക്രമപ്പെടുത്തലും ചലനാത്മകതയുടെ വിശദീകരിക്കലുമാണ് പരിണാമ സിദ്ധാന്തംജീവശാസ്ത്രത്തിൽ ചെയ്തത്‌.
അത്‌ കാലനിരപേക്ഷമായല്ല,മറിച്ച്‌ മനുഷ്യ സമൂഹങ്ങളുടെ ക്രമപ്പെടുത്തലും അതിന്റെ ചലനാത്മകത വിശദീകരിക്കുന്ന സാമൂഹ്യശാസ്ത്ര സിദ്ധാന്തങ്ങൾ ഉൽഭവപ്പെടുന്ന കാലത്തുതന്നെയാണ് സംഭവിച്ചത്‌.
കാറ്റും മിന്നലും മഴയുമൊക്കെ ദൈവമായികാണപ്പെട്ടിരുന്ന ഒരുകാലത്ത്‌ നിന്ന് മനുഷ്യൻ മുന്നോട്ട്‌ നീങ്ങിയപ്പോൾ സംഭവിച്ച ഒരു പ്രധാനകാര്യം ദൈവത്തെ മാറ്റിനിർത്തി പ്രപഞ്ചത്തെ വിശദീകരിക്കാൻ ശ്രമിക്കുന്ന ശാസ്ത്രത്തിന്റെ ഉദയമാണ്.
സൃഷ്ടിയുടെ ഉത്തരവാദിത്വം ദൈവത്തിൽ നിന്ന് എടുത്ത്‌ പ്രകൃതി നിർദ്ധാരണത്തെ ഏൽപിക്കുകയും ചെയ്തു പരിണാമ സിദ്ധാന്തം .
കൃത്യമായനിരക്കിൽ പ്രകൃതിയിലെ കാര്യകാരണങ്ങളിൽ നിന്ന് ദൈവം പിൻ വലിഞ്ഞ്കൊണ്ടേയിരുന്ന നാളുകളിൽ ആ പിൻ വാങ്ങിയതിന്ന് ആക്കം കൂട്ടുകയും ചെയ്തു ഈ സിദ്ധാന്തം.
അതുകൊണ്ട്തന്നെ ഏറെ ആക്രമിക്കപ്പെടുകയും ചെയ്യപ്പെട്ടു ഇത്‌.
ആ ആക്രമണത്തിന്റെ തുടർച്ചയാണ് ഇന്നും മുഖ്യധാരാ മാധ്യമങ്ങൾ ആഘോഷിക്കുന്ന ഡാർവിന്റെ ജീവിതവും ,ഡാർവിന്റെ ഭാര്യയുടെ ദൈവ വിശ്വാസവും അദ്ദേഹത്തിന്റെ അസുഖങ്ങളും മറ്റും മറ്റും.
ഡാർവിനെ വായിക്കേണ്ടത്‌,മറ്റു പലരേയും എന്ന പോലെ , ഒരു സമൂഹത്തിന്റെ ചിന്താവേഗത്തിന്റെ പശ്ചാത്തലത്തിലാണ്.
ഒന്ന് നവ ഡാർവിനിസത്തിന്ന് ശേഷവും ജനിതക തന്മാത്രകളുടെ കണ്ടെത്തലും അതുപയോഗിച്ച്‌ ജീവജാലങ്ങൾ തമ്മിലുള്ള ജനിതക അകലം കണ്ടെത്തുകയും ചെയ്യുമ്പോഴും ജീവശാസ്ത്രം ഏത്‌ നിരീക്ഷണത്തേയും പരീക്ഷണ ഫലങ്ങളേയും ചേർത്തു വായിക്കുന്നത്‌ പരിണാമ സിദ്ധാന്തത്തിന്റെ ക്രമപ്പെടുത്തലുകൾക്കനുസൃതമായാണ്.തദ്വാരാ ഈ സിദ്ധാന്തം വീണ്ടും വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നു.
സാമൂഹ്യ ശാസ്ത്രവിദ്യാർത്ഥികൾ മാർക്സിസത്തെ ഒരു സമൂഹത്തിന്റെ ചലനനിയമങ്ങൾ വിശദീകരിക്കാൻ ഉപയോഗിക്കുന്ന അതേ ഭൂമികയിലാണ് ജീവശാസ്ത്രം ഡാർവിനിസത്തെ ഉപയോഗിക്കുന്നത്‌.അതുകൊണ്ട്‌ തന്നെയാണ് ഡാർവിനിസത്തെക്കുറിച്ചുള്ള ചർച്ചകളെല്ലാം രാഷ്ട്രീയ നിലപാടുകളെ മുന്നിർത്തിയാകുന്നത്‌.
സ്ഥിരതയാർന്ന,ദൈവസൃഷ്ടിയായ ലോകവും!
സ്വയം നവീകരിക്കുന്ന,പരസ്പരാശ്രിതമായ ലോകവും എന്നവിരുദ്ധനിലപാടുകളിൽ ഒന്നിൽ
നാം നമ്മെക്കാണാൻ നിർബന്ധിതരാകുന്നതും.