2013, നവംബർ 2, ശനിയാഴ്‌ച

മൂന്ന് കുറിപ്പുകള്‍ -

എല്ലാ നവോത്ഥാന മൂല്യങ്ങളും ഉപേക്ഷിച്ച്
പുത്തന്‍ അധിനിവേശത്തിന്‍ കീഴിലെ
പുത്തന്‍ ഭ്രാന്താലയമായി കേരളവും കേരളീയനും മാറിക്കൊണ്ടിരിക്കുകയാണ്‌.
എന്ത് വിധേനയും പണക്കാരനാവുക
അത് വഴി പുത്തന്‍ അധിനിവേശ സംസ്കാരത്തിന്റെ ഭാഗമായിത്തീരുക
എന്ന ആശയം കൊച്ചുകുട്ടികള്‍ മുതല്‍
ഏതു മുതിര്‍ന്നവരിലും ആധിപത്യം ചെലുത്തിക്കഴിഞ്ഞിരിക്കുന്നു.
മദ്യവും മതവും ജാതിയും അഴിമതിയും
ശൈശവ പീഠനങ്ങളും അറുംകൊലകളും മടക്കം
എന്ത് ഹീനതകളും സ്വീകരിക്കാനും കണ്ടുരസിക്കാനും കഴിയുന്ന
പേടിപ്പെടുത്തുന്ന വിധം മലയാളി മാറിയിരിക്കുന്നു.
ഈ പ്രതിലോമ രാഷ്ട്രീയ-സാംസ്കാരികാവസ്ഥക്കെതിരേ
ആഞ്ഞടിക്കാതെ മലയാളി സമൂഹത്തെ പുരോഗമന മൂല്യബോധത്തിലേക്ക്
കൈപിടിച്ചുയര്‍ത്താന്‍ കഴിയില്ലെന്ന്
ദൈനംദിനാവസ്ഥ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.
 
                              - 2-

രാജകീയ ജീവിതം നയിച്ചും
കോര്‍പ്പറേറ്റ് മേധാവികളുടെ വളുവളുപ്പന്‍ സുഖഭോഗങ്ങള്‍ ആസ്വദിച്ചും
അധികാരത്തിന്റെ അകത്തളങ്ങളില്‍ വിരാജിച്ചും
ചാര്‍ട്ടേഡ്ഫ്ലൈറ്റുകളില്‍ ചുറ്റിക്കറങ്ങിയും
നൂറ്കണക്കിന്ന് സുരക്ഷാ ഭടന്മാരൊരുക്കുന്ന സംരക്ഷിത വലയത്തില്‍
ഊണും ഉറക്കവും വിനോദലീലകളുമെല്ലാം നടത്തിയും
കഴിഞ്ഞുപോരുന്ന ഇന്ത്യയിലെ ഒന്നാം നമ്പര്‍ ഭരണ വര്‍ഗ്ഗ പാര്‍ട്ടിയുടെ
അനന്തരവകാശി രാഹുല്‍ ഗാന്ധിയോട്,
വമ്പിച്ച സമ്പത്തിന്ന് ഉടമയായിരുന്നപ്പോഴും
ചരിത്ര ബോധമുണ്ടായിരുന്ന മുതുമുത്തച്ഛനായ ജവഹര്‍ലാല്‍ നെഹ്രു
എഴുതിയ ചരിത്രഗ്രന്ഥങ്ങള്‍ വല്ലപ്പോഴുമെങ്കിലും
രാഹുല്‍ വായിക്കുന്നത് പ്രായോഗിക രാഷ്ട്രീയത്തില്‍ ഗുണം ചെയ്യുമെന്ന്
എന്തേ കോണ്‍ഗ്രസ്സ് സൈദ്ധാന്തികര്‍ പറഞ്ഞു കൊടുക്കാതിരിക്കുന്നത്
എന്നാണ്‌ നാം ചിന്തിച്ചു പോകുന്നത്.
 

                                           -3-

പുരോഗമന സാമൂഹ്യ-രാഷ്ട്രീയ ചരിത്രത്തിലെ ,
ജനാധിപത്യ കേരളം നെഞ്ചിലേറ്റിയ ഈടുറ്റ അടയാളപ്പെടുത്തലുകള്‍ക്കെതിരേയുള്ള
സാമുഹ്യ വിരുദ്ധ കടന്നാക്രമണം നിദ്ന്യമാണ്‌ അപലപനീയമാണ്‌.
വിമോചന സമരത്തിന്ന് ശേഷം കേരളം കണ്ട ഏറ്റവും ശക്തമായ പ്രതിലോമതയുടെ
കൂട്ടായ്മ അരങ്ങു തകര്‍ത്താടിക്കൊണ്ടിരിക്കുന്നു എന്നതാണ്‌ വര്‍ത്തമാന അവസ്ഥ.
സാമ്രാജ്യത്ത്വശക്തികളും അവരുടെ ബുദ്ധിരാക്ഷസ സന്നാഹങ്ങളും
പുത്തന്‍ കോളനി വല്‍ക്കരണത്തിന്ന് അടിമപ്പെട്ടുകൊണ്ടിരിക്കുന്ന നാടുകളിലെ
ദല്ലാള്‍ഭരണാധികാരികളും എല്ലാ ജാതി-മത വംശീയാധി ശക്തികളും
അധോലോക -മാഫിയാ ശക്തികളും ജനങ്ങളെ തമ്മിലടിപ്പിക്കാനും
നിരന്തരം പ്രകോപനങ്ങളും സാമൂഹ്യ സംഘര്‍ഷങ്ങളും ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയുമാണ്‌.
ഗ്രൂപ്പ് വഴക്കുകളുടേയും കുതികാല്‍ വെട്ടിന്റേയും ഫലമായി
സംസ്ഥാന ഭരണ-പ്രതിപക്ഷ കഷികളുടെ രാഷ്ട്രീയ -സംഘടനാ കേന്ദ്രീകരണം
നഷ്ടപ്പെട്ട് ദുര്‍ബ്ബലപ്പെടുകയും, ഉദ്യോഗസ്ഥ മേധാവികളും
മന്ത്രി പുംഗവന്മാരും തമ്മിലുള്ള ഇടപെടലുകളീലൂടെ അധോലോക-മാഫിയാ വര്‍ഗ്ഗങ്ങള്‍
അരങ്ങു തകര്‍ത്താടുകയും ചെയ്തുകൊണ്ടിരിക്കുന്നു.
ഇത്തരമൊരു സാഹചര്യത്തില്‍ ജനാധിപത്യ വിശ്വാസികളും കലാകാരന്മാരും
സാംസ്കാരിക പ്രവര്‍ത്തകരും ഒരേമനസ്സോടെ കൈ കോര്‍ത്ത്
ഈ പ്രതിലോമതയെ പ്രതിരോധിക്കേണ്ടതുണ്ട്.