2012, ഫെബ്രുവരി 18, ശനിയാഴ്‌ച

സ:വര്‍ഗ്ഗീസിന്റെ വിപ്ലവസ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിച്ച്‌ സോഷ്യലിസത്തിലേക്ക്‌ മുന്നേറുക.

    -കെ എന്‍ രാമചന്ദ്രന്‍. -                                                                                                                              
 കേരളത്തിലെ സിപിഐ (എംഎല്‍) പ്രസ്ഥാനത്തെസംബന്ധിച്ചിടത്തോളം ഏറ്റവും അവിസ്മരിണീയമായ രക്ത സാക്ഷിത്വമാണ്‌ സ:വര്‍ഗീസിന്റേത്‌ വയനാട്ടിലെ ആദിവാസികളെ ജന്മിമാടമ്പിമാരുടെ ചൂഷണത്തിനെതിരെ സംഘടിപ്പിച്ച്‌ അണിനിരത്തുക വഴി അവരുടെ 'പെരുമന്‍'ആയി സഖാവ്‌ മാറിയിരുന്നു. നക്സല്‍ബാരി ഉയര്‍ത്തെഴുനേല്‍പ്പിനേയും സിപിഐ (എംഎല്‍) രൂപീകരണത്തേയും തുടര്‍ന്ന്,കമ്യൂണിസ്റ്റ്‌ വിപ്ലവപ്രസ്ഥാനത്തിന്റെ ഭാഗമായിത്തീര്‍ന്ന സഖാവ്‌ ജന്മിമാരുടേയും അധികാരി വര്‍ഗ്ഗത്തിന്റേയും ബദ്ധശത്രുവായി മാറി.അതുകൊണ്ടാണ്‌ സിപിഐ നേതാവ്‌ മുഖ്യമന്ത്രിയായീരുന്ന'കുറുമുന്നണി'സര്‍ക്കാറിന്റെ പോലീസ്‌ വേട്ടയില്‍ തടവിലായ സഖാവിനെ തിരു നെല്ലിക്കാട്ടില്‍ വെച്ച്‌ 'ഏറ്റുമുട്ടല്‍ മരണം' എന്ന മുദ്രകുത്തി ഭീകരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയത്‌.ഇതിന്റെ കണക്ക്‌ അന്നത്തെ ഒരു പോലീസ്‌ ഉദ്യോഗസ്ഥനായിരുന്ന ലക്ഷമണയെ പ്രത്യേക കോടതി ശിക്ഷിച്ചതു കൊണ്ട്‌ മാത്രം തീരുന്നതല്ല.

സ്‌:വര്‍ഗ്ഗീസിന്റെ പ്രത്യേകത ഉറച്ച വര്‍ഗ്ഗ പക്ഷപാതിത്വവും വിപ്ലവത്തോടുള്ള പ്രതിബദ്ധതയുമായിരുന്നു. അതുകൊണ്ടാണ്‌ വിപ്ലവപ്രസ്ഥാനത്തിന്നെതിരേ കൗശലപൂര്‍വ്വം ഇഎംഎസ്സ്‌ നടത്തിയിരുന്ന കപട പ്രചരണങ്ങളെ മറികടന്ന് സിപിഐ (എം) വിട്ട്‌,ഒരു നക്സലൈറ്റാകാന്‍ സഖാവിന്‌ കഴിഞ്ഞത്‌. മധ്യവര്‍ഗ്ഗ നിലപാടുകളോടെ പ്രസ്ഥാനത്തിലേക്ക്‌ വരികയും,വര്‍ഗ്ഗസമരത്തിന്റെ തുടര്‍ച്ചയോ ഗറില്ലാ സമരത്തിന്റെ തുടക്കമോ ആയിട്ടല്ലാതെ സാഹസിക ഉന്മൂലനങ്ങളില്‍ പങ്കുവഹിക്കുകയും ആദ്യത്തെ അറസ്റ്റോടെ ജയില്‍ വാസത്തോടെയോ പ്രസ്ഥാനത്തോട്‌ വിടപറയുകയും ചെയത'നക്സലൈറ്റ്കളില്‍'നിന്ന് തീര്‍ത്തും വ്യത്യസ്ഥനായിരുന്ന സഖാവ്‌.
അവരെ സംബന്ധിച്ചിടത്തോളം കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ പ്രസ്താവനയും തുടര്‍ന്നുള്ള സംഭവങ്ങളും വിചാരണയും ലക്ഷമണയെ ശിക്ഷിച്ചതുമെല്ലാം മാധ്യമ ശ്രദ്ധയില്‍ വീണ്ടും ഇടം കണ്ടെത്താനുള്ള അവസരങ്ങള്‍ മാത്രമായിരുന്നു.വിപ്ലവ പ്രസ്ഥാനത്തോട്‌ പലഘട്ടങ്ങളിലായി വിടപറഞ്ഞ്‌ മുരത്ത വലത്‌ പക്ഷ വാദികളോ,മത തീവ്രവാദികളുടെ കൂട്ടാളികളോ,സിപിഐ-സിപിഐ
(എം )സഹയാത്രികരോ അഥവാ നിഷ്ക്രിയരോ ആയിമാറിയവര്‍ ലക്ഷമണക്ക്‌ ശിക്ഷ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പ്രസ്താവനകള്‍ തീര്‍ത്തും അവസരവാദപരമായിരുന്നു. എന്തിനായിട്ടാണോ വര്‍ഗ്ഗീസ്‌ രക്തസാക്ഷിയായത്‌ ആ ലക്ഷ്യത്തോട്‌ അവരെല്ലാം പണ്ടേ വിടപറഞ്ഞുകഴിഞ്ഞിരുന്നു. തങ്ങളും ഒരു കാലത്ത്‌ വര്‍ഗ്ഗീസിന്റെ സഹപ്രവര്‍ത്തകരായിരുന്നു എന്ന് വിജ്ഞാപനം ചെയ്ത്‌ അല്‍പം പ്രശസ്തി നേടുന്നതില്‍ ഒതുങ്ങി അവരുടെ താല്‍പര്യങ്ങള്‍.അല്ലെങ്കില്‍ ഒരു യാദ്ദൃശ്ചികതയായി വര്‍ഗ്ഗീസിനെ ഉയര്‍ത്തിക്കാട്ടിയിട്ട്‌ പ്രസ്ഥാനത്തെ അന്ന് സ്വാധീനിച്ചിരുന്ന ഇടതു പക്ഷ സാഹസിക ലൈനിനെ തള്ളിപ്പറയുന്നതില്‍ അഥവാ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ തന്നെ തള്ളിപ്പറയുന്നതില്‍ സിപിഐ,സിപിഐ (എം ) നേതൃത്വങ്ങളാകട്ടെ  ബോധപൂര്‍വ്വമായ നിശ്ശബ്ദതയിലൂടെ തങ്ങള്‍ ഭരണ വര്‍ഗ്ഗ ശക്തികള്‍ക്കെപ്പം  കമ്യൂണിസ്റ്റ്‌ വിപ്ലവകാരികളെ,അടിച്ചമര്‍ത്തുന്നതില്‍ വഹിച്ച വര്‍ഗ്ഗവഞ്ചനാപരമായ പങ്ക്‌ മൂടിവെക്കാന്‍ ശ്രമിച്ചു.

മുന്‍ ഐജി ലക്ഷമണയെ സ:വര്‍ഗ്ഗീസിനെ ഏറ്റുമുട്ടലിന്റെ പേരില്‍ കൊലചെയ്തതിന്ന് ജീവപര്യന്തം ശിക്ഷിച്ചത്‌ കേരളത്തില്‍ ഇന്ന് അവശേഷിക്കുന്ന ജനാധിപത്യാന്തരീക്ഷം മൂലമാണ്‌.ജമ്മു കാശ്മീരിലും വടക്കു കിഴക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും മറ്റ്‌ നിരവധി സംസ്ഥാനങ്ങളിലും പലപേരുകളില്‍'ഏറ്റുമുട്ടല്‍' കൊലപാതകങ്ങള്‍ സാധാരണമായിത്തീര്‍ന്നിരിക്കുകയാണ്‌. മുമ്പ്‌ തീവ്രവാദികള്‍ എന്ന പേരിലായിരുന്നെങ്കില്‍,ഇപ്പോള്‍ 'മാവോയിസ്റ്റുകള്‍'എന്ന മുദ്രകുത്തി'ദേശദ്രോഹി 'എന്നും മറ്റും ആരോപിച്ച്‌ ആരേയും കൊല്ലാനോ പീഡിപ്പിക്കാനോ അധികാരം നല്‍കുന്ന AFPSA, UAPA   തുടങ്ങിയ കരിനിയമങ്ങള്‍ പോലീസിന്നും അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്കും സൈന്യത്തിനും ഭരണകൂട ഭീകരത കെട്ടഴിച്ചു വിടാന്‍ ലൈസന്‍സ്‌ നല്‍കിയിരിക്കയാണ്‌.നവ ഉദാരനയങ്ങള്‍ക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ എത്രദൂരവും പോകാന്‍ ഭരണകൂട ശക്തികള്‍ തയ്യാറായിരിക്കുന്നു. ഭരണകൂടം തന്നെ ഫാസിസവല്‍ക്കരിക്കപ്പെടുകയാണ്‌.നവഉദാരനയങ്ങള്‍ക്ക്‌ കീഴില്‍ ഉല്‍പ്പാദന, സേവനമേഖലകളും,വിദ്യാഭ്യസ-വൈദ്യ മേഖലകളും മറ്റും സ്വകാര്യ വല്‍ക്കരിച്ചിട്ട്‌ ക്രമേണ ഭരണകൂടത്തിന്റെ ഏക ഉത്തരവാദിത്വം'നിയമസമാധാനം' മാത്രമായി മാറുമ്പോള്‍ ഇതര രാജ്യങ്ങളിലെന്നപോലെ ഇവിടേയും ഭരണകൂടം അതിവേഗം ഫാസിസവല്‍ക്കരിക്കപ്പെടുക സ്വാഭാവികമാണ്‌. തീവ്രവാദികള്‍ എന്ന് മുദ്രകുത്തി സാധാരണ മുസ്ലിം യുവാക്കളെ തടവിലാക്കിയതുപോലെ, ഇപ്പോള്‍ മാവോയിസ്റ്റുകള്‍ എന്നപേരില്‍ ആയിരക്കണക്കിന്ന് ആദിവാസി, ദളിത്‌ യുവാക്കളും മറ്റുള്ളവരുമാണ്‌ തടവിലാക്കപ്പെട്ടിട്ടുള്ളത്‌. ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യ അവകാശങ്ങള്‍ പോലും നിക്ഷേധിക്കപ്പെടുകയാണ്‌. ഈ സാഹചര്യത്തില്‍ ലക്ഷമണയെ ശിക്ഷിക്കുന്ന ഒരു വിധി ഉണ്ടായത്‌ കേരളീയ സമൂഹത്തില്‍ അവശേഷിച്ചിട്ടുള്ള ജനാധിപത്യ മൂല്യങ്ങള്‍ കൊണ്ട്‌ മാത്രമാണ്‌.

അതേസമയം ഇത്‌ പൊക്കിപ്പിടിച്ച്‌ കേരളം ഇക്കാര്യത്തില്‍ ഒരു സവിശേഷ മോഡല്‍ ആണെന്ന രീതിയിലുള്ള പ്രചരണം മുമ്പൊരിക്കല്‍, ഇവിടെ തീഷ്ണമായിക്കൊണ്ടിരിക്കുന്ന പുത്തന്‍ അധിനിവേശവല്‍ക്കരണം കാണാതെ,'കേരളീയ വികസന' മാതൃകയെപ്പറ്റി വീമ്പ്‌ പറഞ്ഞതു പോലെ ഭോഷ്കായിത്തീരും.പുത്തന്‍ അധിനിവേശവല്‍ക്കരണത്തിന്റെ ഭാഗമായി കേരളത്തിലും നവ ഉദാരവല്‍ക്കരണങ്ങള്‍ അതിവേഗം അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍ അവയ്കെതിരേ വളര്‍ന്നു വരുന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ മാറി മാറി വരുന്ന കേരളസര്‍ക്കാറുകളും ഒട്ടും പിന്നിലല്ല.ഈ പ്രക്രിയയില്‍ പോലീസും ,അര്‍ദ്ധസൈനിക വിഭാഗങ്ങളും,മാധ്യമങ്ങളും,ജൂഡീഷ്യറിയും വരെ ഭാഗബാക്കുകളാണ്‌.കാമ്പ്സ്സുകളില്‍ രാഷ്ട്രീയം നിഷേധിക്കുന്നതും ഇപ്പോള്‍ വഴിയോര യോഗങ്ങള്‍ നിരോധിക്കുന്നതും എല്ലാം ഇതിന്റെ ഭാഗമാണ്‌.അടിയന്തിരാവസ്ഥയില്‍ അതിക്രമം കാട്ടിയവര്‍ പോലും ഇനിയും ശിക്ഷിക്കപ്പെടാതിരിക്കുന്നതു മറ്റു സംസ്ഥാനങ്ങളിലെപ്പോലെ കേരളത്തിലും ജനാധിപത്യാവകാശങ്ങള്‍ക്ക്‌ വേണ്ടിയും ഭരണകൂട ഭീകരതക്കെതിരായുമുള്ള പ്രക്ഷോഭങ്ങള്‍ക്ക്‌ പ്രസക്തി ഉണ്ടെന്ന് തന്നെയാണ്‌ ഇതെല്ലാം തെളിയിക്കുന്നത്‌.

സ : വര്‍ഗ്ഗീസിന്റെ രക്തസാക്ഷിത്വത്തിന്റെ പ്രസക്തി :-

1948-ലെ 'കല്‍ക്കട്ടാ തീസീസി'ലൂടെ മുന്നോട്ട്‌ വെയ്ക്കപ്പെട്ട തീവ്രവാദലൈനിനേയും,തുടര്‍ന്ന് നേതൃത്വത്തില്‍ വന്ന 'തെലുങ്കാനാ ലൈന്‍'കാരുടേ' ചൈനീസ്‌ പാതയേയും' പുറംതള്ളുന്നതില്‍ വിജയിച്ച അജയ്ഘോഷ്‌-ഡാങ്കെ നേതൃത്വം 1952   - ല്‍ തന്നെ സിപിഐ യെ പാര്‍ലമെന്ററി പാതയിളെക്ക്‌ തള്ളിയിടാന്‍ തുടങ്ങിയിരുന്നു.1953-ല്‍സോവിയറ്റ്‌ യൂണിയനില്‍ അധിക്കരം കവര്‍ന്ന ക്രൂഷ്ചേവും കൂട്ടരും സാമ്രാജ്യത്വത്തിന്റെ പുത്തന്‍ അധിനിവേശത്തെ തിരിച്ചറിയാതെ സാമ്രാജ്യത്വം ദുര്‍ബ്ബലമായിരിക്കുന്നു എന്നു വിലയിരുത്തി, ഇന്ത്യയേപ്പോലെ 'അര്‍ദ്ധകോളനീവല്‍ക്കരിക്കപ്പെട്ട'നാടുകളിലേപ്പോലെ സാമ്രാജ്യത്വ ദല്ലാള്‍ നേതൃത്വം പിന്തുടരുന്നത്‌  കെയ് നിഷ്യന്‍ നയങ്ങളെ മുതളാളിത്തേതര വികസന നയമെന്ന് ശ്ലാഘിച്ചതിനെ തുടര്‍ന്ന് സിപിഐ നേതൃത്വം തൊഴിലാളി വര്‍ഗ്ഗ വിപ്ലവപാത ഉപേക്ഷിച്ച്‌ വര്‍ഗ്ഗ സഹകരണ നയങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങി. ഇതിനെതിരേ ആരംഭിച്ച ഉള്‍പ്പാര്‍ട്ടി സമരങ്ങളാണ്‌ 1964-ല്‍ പാര്‍ട്ടി പിളരുന്നതിലേക്കും സിപിഐ (എം) രൂപീകരണത്തിലേക്കും എത്തിച്ചത്‌. പക്ഷേ സാര്‍വ്വദേശീയ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തില്‍ രൂക്ഷമായിരുന്ന ആശയസമരത്തില്‍ ശരിയായ നിലപാട്‌ എടുക്കാതെ ഇന്ത്യയിലെ ഭരണവര്‍ഗ്ഗ നയങ്ങളുമായി സന്ധിചെയ്യുന്ന മധ്യ ലൈനാണ്‌ പുതിയ നേതൃത്വവും സ്വീകരിച്ചത്‌. ഇത്‌ 1967-ലെ തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്ററി വാദത്തില്‍ അടിപ്പെടുന്നതിലേക്ക്‌ അവരെയും എത്തിച്ചു.കമ്യുണിസ്റ്റ്‌ പ്രസ്ഥാനം ഭരണവര്‍ഗ്ഗരാഷ്ട്രീയത്തിന്റെ ഭാഗമാകുന്ന അപകടാവസ്ഥ സംജാതമായി.

ഈ സാഹചര്യത്തിലാണ്‌സിപിഐ (എം )നേതൃത്വത്തിന്റെ പുത്തന്‍ തിരുത്തല്‍ വാദ നിലപാടുകള്‍ക്കെതിരേ സമരം ആരംഭിച്ച കമ്യൂണിസ്റ്റ്‌ വിപ്ലവകാരികള്‍ നക്സല്‍ബാരി ഉയിര്‍ത്തെഴ്‌ന്നേല്‍പ്പിനെ അടിസ്ഥാനമാക്കി ജനാധിപത്യ വിപ്ലവ പാതയില്‍ മുന്നേറുന്നതിന്‌ നേതൃത്വം നല്‍കാന്‍ സിപിഐ (എംഎല്‍) രൂപീകരികരിക്കുന്നത്‌.സിപിഐ (എം )ഉപേക്ഷിച്ച്‌ സിപിഐ (എംഎല്‍) ന്റെ ഭാഗമാവുകയും ജന്മിത്വത്തിന്നെതിരായ പോരാട്ടത്തില്‍ വയനാട്ടിലെ ആദിവാസികളെ അണിനിരത്തി മുന്നേറുകയും അതിന്നിടയില്‍ രക്തസാക്ഷിയാവുകയും ചെയ്ത സ:വര്‍ഗ്ഗീസിന്റെ മഹത്വം ഈ പശ്ചാത്തലത്തിലാണ്‌ വിലയിരുത്തേണ്ടത്‌.  

സിപിഐ (എംഎല്‍) തിരുത്തല്‍ വാദത്തിനെതിരേ ഐതിഹാസിക സമരം നടത്തി ഇന്ത്യന്‍ ജനതയുടെ വിപ്ലവസ്വപ്നങ്ങള്‍ക്ക്‌ ഉത്തേജനം നല്‍കുകയെന്ന മഹത്തായ കടമ നിര്‍വ്വഹിക്കുമ്പോള്‍ തന്നെ,അപ്പോഴേക്കും ചൈനീസ്‌ പാര്‍ട്ടിയില്‍ ആധിപത്യം ചെലുത്തിയിരുന്ന സാഹസിക,വിഭാഗീയ നിലപാടുകള്‍ അന്ധമായി പിന്തുടരുന്ന തെറ്റിലേക്ക്‌ എത്തി.അധികാര കൈമാറ്റത്തെ തുടര്‍ന്ന് അമേരിക്കന്‍ നേതൃത്വത്തില്‍ പ്രചരിപ്പിച്ചിരുന്ന പുത്തന്‍ അധിനിവേശ നയങ്ങള്‍ക്കടിപ്പെട്ട്‌ ഇന്ത്യന്‍ അവസ്ഥയില്‍ ഉണ്ടായ മാറ്റങ്ങള്‍ വിലയിരുത്താതെ സായുധസമരത്തില്‍ ഏകപക്ഷീയമായി ഊന്നി ഉന്മൂലന ലൈന്‍ നടപ്പാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ അതിവേഗം പാര്‍ട്ടിയെ വിപ്ലവ വര്‍ഗ്ഗങ്ങളില്‍ നിന്നൊറ്റപ്പെടുത്തി.രൂക്ഷമായ ഭരണകൂട ആക്രമണത്തില്‍ പാര്‍ട്ടി ഛിന്നഭിന്നമായി.പുത്തന്‍ അധിനിവേശത്തിന്റെ ഏറ്റവും പ്രകടമായ മാതൃകയായി മാറിത്തുടങ്ങിയിരുന്ന കേരളത്തിലിത്‌ പ്രസ്ഥാനത്തിലേക്ക്‌ വന്ന പ്രവര്‍ത്തകരില്‍ ബഹുഭൂരിപക്ഷത്തേയും നിഷ്ക്രിയത്തിലേക്കോ വലതു പക്ഷ നിലപാടുകളിലേക്കോ എത്തിച്ചു. ഈ സന്ദര്‍ഭത്തില്‍ തെറ്റുകള്‍ തിരുത്തി,പാര്‍ട്ടി പുന:സംഘടിപ്പിക്കാന്‍ ശ്രമിച്ച സഖാക്കള്‍ക്ക്‌ അത്താണിയായി നിലകൊണ്ടത്‌    സഖാവ് വര്‍ഗ്ഗീസിന്റെ രക്തസാക്ഷിത്വമായിരുന്നു. പ്രസ്ഥാനത്തിന്റെ പ്രതീകമായി മാറി സഖാവ്‌.ആദ്യകാല കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പ്രതീകമായി സ്ഥാപക നേതാവായി സ:പി കൃഷ്ണപിള്ള മാറിയതുപോലെ.

അടിയന്തിരാവസ്ഥാ കാലത്തെ ഭീകരമായ അടിച്ചമര്‍ത്തലിനെ അതിജീവിച്ച്‌,സാര്‍വ്വദേശീയ,ദേശീയ സാഹചര്യങ്ങളിലും ചൈന യിലെ തിരിച്ച്‌ പോക്ക്‌ ഉള്‍പ്പെടേ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലുണ്ടായ പുതിയ തിരിച്ചടികളിലും ഉയര്‍ന്നു വന്ന സൈദ്ധാന്തിക വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ ശ്രമിച്ചുകൊണ്ട്‌ ബഹുജന ലൈന്‍ സ്വീകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ച പാര്‍ട്ടിയെ ജനകീയ സാംസ്കാരിക വേദിയിലൂടേയും മറ്റും ജനകീയബന്ധങ്ങള്‍ സ്ഥാപിച്ചു തുടങ്ങിയ പാര്‍ട്ടിയെ , 1981-ല്‍ പരസ്പരം പോരടിച്ച്‌ കൊണ്ടിരുന്ന പാര്‍ട്ടിയിലെ രണ്ട്‌ വിഭാഗീയ വിഭാഗങ്ങള്‍ നടത്തിയ രണ്ട്‌ 'ഉന്മൂലനങ്ങ'ള്‍ വീണ്ടും പ്രതിസന്ധിയിലാക്കി.1982നു ശേഷം പാര്‍ട്ടി ഇതിനെ മറികടക്കുന്നത്‌ സ:വര്‍ഗ്ഗീസിനെ പ്രതീകമാക്കി ആദിവാസികളുടെ ഭൂമിക്ക്‌ വേണ്ടിയുള്ള സമരത്തില്‍ അണിനിരത്തിയതും, രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനും ആണവ  ഊര്‍ജ്ജ നിലയത്തിനെതിരായും മറ്റുമുള്ള ജനകീയ സമരങ്ങളിലൂടെയുമാണ്‌.പുത്തന്‍ അധിനിവേശത്തെ കുറിച്ചുള്ള ധാരണകള്‍ വികസിപ്പിച്ചു കൊണ്ട്‌ അതിന്റെ പേരില്‍ പാര്‍ട്ടിയെ ദേശീയ സങ്കുചിതവാദത്തിലേക്ക്‌ നയിക്കാന്‍ ശ്രമിച്ച വലതു പക്ഷ ശക്തികളെ പരാജയപ്പെടുത്തി ജനാധിപത്യ വിപ്ലവ പാതയില്‍ തന്നെ   പാര്‍ട്ടി മുന്നോട്ട്‌പോയി.    

1990 കളില്‍ സാമ്രാജ്യത്വ ആഗോളീകരണത്തിലൂടെ കൂടുതല്‍  രൂക്ഷമായ പുത്തന്‍ അധിനിവേശവല്‍ക്കരണത്തെ എതിര്‍ത്തുകൊണ്ട്‌ ജനകീയ പ്രക്ഷോഭങ്ങള്‍ വികസിപ്പിക്കുമ്പോള്‍ തന്നെ,ആദിവാസി ഭൂസംരക്ഷണ സമിതിയില്‍ സ:വര്‍ഗീസിന്റെ സഹപ്രവര്‍ത്തകരായിരുന്ന ചോമന്‍ മൂപ്പനെ പോലെയുള്ളവരെ അണിനിരത്തി വയനാട്ടില്‍ ജനകീയ പിന്തുണ നേടി മുന്നേറാന്‍ പാര്‍ട്ടിക്ക്‌ കഴിഞ്ഞു.ഈ സന്ദര്‍ഭത്തിലാണ്‌ വിപ്ലവപാതയില്‍ ഇടതുപക്ഷ ജനവിഭാഗങ്ങളെ അണിനിരത്താനാവില്ലെന്നും സിപിഐ (എം )ന്റെ നേതൃത്വത്തിലുള്ള 'ഇടത് ജനാധിപത്യ മുന്നണി'യെ പിന്തുണക്കുന്ന നിലപാടിലേക്ക്‌ പിന്മാറുകയല്ലാതെ രക്ഷയില്ലെന്ന് പ്രചരിപ്പിച്ചുകൊണ്ട്‌,സ:വര്‍ഗ്ഗീസ്‌ ഉള്‍പ്പെടേയുള്ള രക്തസാക്ഷികളെ വഞ്ചിച്ചുകൊണ്ട്‌,സംസ്ഥാന നേതൃത്വം അണിയറ നീക്കങ്ങളിലൂടെ പാര്‍ട്ടിയെ ലിക്വിഡേറ്റ്‌ ചെയ്യാന്‍ ശ്രമിച്ചത്‌.പ്രസ്ഥാനം നേരിട്ട ഏറ്റവും രൂക്ഷമായ വെല്ലുവിളിയായിരുന്നു ഇത്‌.സ:വര്‍ഗ്ഗീസും അടിയന്തിരാവസ്ഥാകാലത്തെ രക്തസാക്ഷികളും മറ്റും ഉയര്‍ത്തിപ്പിടിച്ച ദീപശിഖയെ കെടുത്തിക്കളയുന്ന നീക്കം. കനത്ത നഷ്ടങ്ങള്‍ ഉണ്ടായെങ്കിലും അതിനേയും നേരിടാനും പരാജയപ്പെടുത്താനും വിപ്ലവലൈനിനേക്കുറിച്ച്‌ അഖിലേന്ത്യാ നേതൃത്വം മുന്നോട്ട് വെച്ച കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ മുന്നോട്ട്‌ പോകാനും സംസ്ഥാനത്തെ സഖാക്കള്‍ക്ക്‌ കഴിഞ്ഞത്‌ സ:വര്‍ഗീസിനെ പോലുള്ള സഖാക്കളുടെ പാതയില്‍ ഉറച്ചു നിന്നതുകൊണ്ടാണ്‌.

ലെനിന്‍ പഠിപ്പിച്ചതു പോലെ ,സൈദ്ധാന്തിക രാഷ്ട്രീയ ലൈനില്‍ ഒരു വിട്ടുവീഴ്ചയും വരുത്താതെ,സംഘടനാ പരമായി പാര്‍ട്ടിയെ മുന്നോട്ട്‌ കൊണ്ടുപോകുന്നതിന്‌ ചിലപ്പോള്‍ 'ഒരടി പിന്മാറിയും ചടുലമായ നീക്കങ്ങള്‍ നടത്തേണ്ടിവരും.ജനാധിപത്യ വിപ്ലവ പാത കൈവിടാത്തെ കനുസന്യാല്‍ ഗ്രൂപ്പുമായി ചേര്‍ന്ന് 'വിജയവാഡ ഐക്യസമ്മേളന'ത്തെ തുടര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ താരതമ്യേന വന്‍ മുന്നേറ്റമാണ്‌ സംഘടനാ രംഗത്തുണ്ടാക്കിയത്‌. അതേ സമയം വിഭാഗീയ നിലപാടുകളില്‍ മുറുക്കി പിടിക്കുന്ന ആ ഗ്രൂപ്പുമായി ഒന്നിച്ചു പോകാന്‍ നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍ അഖിലേന്ത്യാ തലത്തില്‍ ഉണ്ടായ നേട്ടങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട്‌ സൈദ്ധാന്തിക നിലപാടുകള്‍ വികസിപ്പിച്ച്‌ പാര്‍ട്ടിക്ക്‌ മുന്നേറേണ്ടിവന്നു.ഇതിനെ ദുര്‍വ്യാഖ്യാനിച്ചു കൊണ്ട്‌ ഒരു പറ്റം വലത്‌ പക്ഷവാദികള്‍ വീണ്ടും പാര്‍ട്ടിയെ ലിക്വിഡേറ്റ്‌ ചെയ്യുന്ന നീക്കങ്ങള്‍ക്ക്‌ ശ്രമിച്ചു. ഈ വലതു പക്ഷ കാറ്റിനേയും രൂക്ഷമായ ആശയസമരത്തിലൂടെ മറികടക്കാന്‍ പാര്‍ട്ടി സഖാക്കള്‍ക്ക്‌ കഴിഞ്ഞു.

കേരളം ഇന്ന് പുത്തന്‍ അധിനിവേശത്തിന്റെ ഏറ്റവും വികൃതമായ മോഡലുകളില്‍ ഒന്നാണ്‌ പുതിയ സാഹചര്യത്തിനനുസരിച്ച്‌ മതം,ജാതിശക്തികള്‍ പൂര്‍വ്വാധികം ശക്തമായി നീരാളിപ്പിടുത്തം തുടരുന്നു.അന്ധവിശ്വാസങ്ങള്‍ക്ക്‌ പോലും നല്ല മാര്‍ക്കറ്റാണ്‌ കേരളത്തില്‍. അവയോടൊപ്പം സാമ്രാജ്യത്വ സംസ്കാരത്തിന്റെ സ്വാധീനവും വ്യക്തിവാദ,സത്വവാദ ചിന്തകളും മദ്യപാനം ഉള്‍പ്പെടേ സാമൂഹ്യ ജീവിതത്തിലെ ജീര്‍ണ്ണതയും പൂര്‍വ്വാധികം വര്‍ദ്ധിച്ചു. മദ്ധ്യവര്‍ഗ്ഗസംസ്കാരമാണ്‌ ആധിപത്യത്തില്‍. ഈ സാഹചര്യത്തില്‍ നവോത്ഥാന മൂല്യങ്ങള്‍ക്ക്‌ വമ്പിച്ച ശോഷണമാണ്‌ സംഭവിച്ചത്‌. സിപിഐ എം നേതൃത്വത്തില്‍ കപട ഇടതു പക്ഷങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിപ്ലവ സ്വപ്നങ്ങള്‍ വലിയ അളവില്‍ തല്ലിക്കെടുത്തുകയും ചെയ്തു. പഴയശക്തികള്‍ പ്രസ്ഥാനത്തെ വിട്ടുപോയതിനു പുറമേ,യുവാക്കളും വിദ്യാര്‍ത്ഥികളും പ്രസ്ഥാനത്തിലേക്ക്‌ കടന്നു വരുന്നതിന്ന് ഇവയൊക്കെ പ്രതിബന്ധങ്ങള്‍ സൃഷിടിക്കുന്നുണ്ട്‌. അതുകൊണ്ട്‌ പ്രസ്ഥാനത്തിന്റെ ഉറ്റ സുഹൃത്തുക്കള്‍ പോലും സന്ദേഹത്തോടെ'എന്തു പറ്റി' എന്നു ചോദിക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ട്‌.

ഫെബ്രുവരി 18 ന്‌മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പാര്‍ട്ടി സഖാവിന്റെ രക്തസാക്ഷിദിനം ആചരിക്കുന്നത്‌.വന്‍ പ്രതീക്ഷകള്‍ നല്‍കുന്ന വേളയിലാണ്‌.സാര്‍വ്വദേശീയ,ദേശീയ തലങ്ങളില്‍ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം നേരിട്ട കനത്ത തിരിച്ചടികള്‍ക്കുള്ള സൈദ്ധാന്തിക കാരണങ്ങള്‍ വിലയിരുത്തുന്നതിലും അവയെ മറികടക്കുന്നതിനുള്ള നില്‍പാടുകള്‍ മുന്നോട്ട്‌ വയ്ക്കുന്നതിലും പാര്‍ട്ടിക്ക്‌ ഗണ്യമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു. അതുപോലെ സാമ്രാജ്യത്വം പുത്തന്‍ അധിനിവേശ കടന്നാക്രമണങ്ങളീലൂടെ ആര്‍ജ്ജിച്ച നവംനവങ്ങളായ തന്ത്രവും അടവുകളും തിരിച്ചറിഞ്ഞ്‌ പാര്‍ട്ടി ലൈന്‍ വികസിപ്പിക്കുന്നതിന്ന് തുടക്കമിടാനും കഴിഞ്ഞു.ഗുണപരമായ ഈ നേട്ടങ്ങളുടെ പശ്ചാത്തലത്തിലാണ്‌ സാര്‍വ്വദേശീയ രംഗത്തു നടത്തിയ മുന്‍കൈപ്രവര്‍ത്തനങ്ങളിലൂടെ"വിപ്ലവസംഘടനകളുടെ സാര്‍വ്വദേശീയ ഏകോപനസമിതി (ICOR) രൂപീകരിക്കാന്‍ കഴിഞ്ഞത്‌.1943-ല്‍ കോമിന്റേണ്‍ പിരിച്ചു വിട്ടതിനെ തുടര്‍ന്നുള്ള നിര്‍ണ്ണായക ചുവടുവെയ്പ്പാണിത്‌.

2009-ലെ ഭോപ്പാല്‍ അഖിലേന്ത്യാ സമ്മേളനത്തില്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ പുത്തന്‍ അധിനിവേശ സ്വഭാവം വിലയിരുത്താനും 'ഇന്ത്യന്‍ വിപ്ലവത്തിന്റെ പാത'വര്‍ത്തമാന സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ രൂപപ്പെടുത്താനും കഴിഞ്ഞതിന്റെ തുടര്‍ച്ചയായി പുത്തന്‍ അധിനിവേശത്തെക്കുറിച്ചും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം നേരിടുന്ന സൈദ്ധാന്തിക പ്രശ്നങ്ങളെക്കുറിച്ചുമുള്ള പഠനം മുന്നോട്ട്‌ കൊണ്ടു പോകാന്‍ പാര്‍ട്ടിക്ക്‌ കഴിഞ്ഞു.ഗുണാത്മകമായ വികസനത്തിലൂടെ സിപിഐ (എംഎല്‍) നെ ഇന്ത്യന്‍ ജനതയുടെ വിമോചനത്തിന്‌ നേതൃത്വം നല്‍കാന്‍ കെല്‍പ്പുള്ള വിപ്ലവപാര്‍ട്ടിയാക്കി മാറ്റുന്ന പ്രക്രിയയുടെ ഭാഗമായിട്ട്‌ 1970-ല്‍ നടന്ന ഒന്നാം (അഥവാ എട്ടാം)പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ തുടര്‍ച്ചയായി ഈ വര്‍ഷം നവംമ്പറില്‍ പാര്‍ട്ടിയുടെ ഒമ്പതാം കോണ്‍ഗ്രസ്സ്‌ സംഘടിപ്പിക്കപ്പെട്ടത്‌.സൈദ്ധാന്തിക രംഗത്തെ വന്‍ മുന്നേറ്റങ്ങള്‍ക്കൊപ്പം പുതിയ സാഹചര്യങ്ങള്‍ക്കനുസരണമായി തൊഴിലാളി സമരങ്ങളും "കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക്‌" എന്ന മുദ്രാവാക്യത്തോടേയുള്ള ഭൂസമരങ്ങളും,നഗരപ്രദേശത്തെ ഭവനരഹിതരുടെ പോരാട്ടങ്ങളും,ആദിവാസികളും ദളിതരും മറ്റ്‌ അധസ്ഥിതവിഭാഗങ്ങളും നവ ഉദാരനയങ്ങള്‍ക്കെതിരേ നടത്തുന്ന ചെറുത്ത്‌ നില്‍പ്പ്‌ സമരങ്ങളും വികസിപ്പിച്ചു കൊണ്ടായിരിക്കും പാര്‍ട്ടി ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ തീരുമാനത്തിലേക്ക്‌ മുന്നേറുക.

നിരന്തരമായ വെല്ലു വിളികളെ അതിജീവിച്ച്‌ തിരുത്തല്‍ വാദ,പരിഷ്കരണവാദ ശക്തികള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ മറികടന്ന്,വര്‍ഗ്ഗസമരം എല്ലാ രംഗത്തും വികസിപ്പിച്ച്കൊണ്ട്‌ ഇത്രദൂരം പാര്‍ട്ടിക്ക്‌ മുന്നേറാന്‍ കഴിഞ്ഞത്‌ ആദ്യകാല കമ്യൂണിസ്റ്റ്‌ പോരാട്ടങ്ങളുടെ കാലത്തെ രക്തസാക്ഷികള്‍ മുതല്‍ സ:വര്‍ഗ്ഗീസും സഖാക്കള്‍ രാജനും,വിജയനും, ബാലകൃഷ്ണനും വരെ എന്തിനു വേണ്ടിയാണൊ സ്വന്തം ജീവന്‍ നല്‍കിയത്‌,ആ പാതയില്‍ അചഞ്ചലമായി തുടരാന്‍ കഴിഞ്ഞത്‌ കൊണ്ടാണ്‌.സമൂര്‍ത്ത സാഹചര്യങ്ങള്‍ക്കനുസരണമായി വിപ്ലവസത്ത കൈമോശം വരാതെ ആ പാത വികസിപ്പിക്കാന്‍ കഴിഞ്ഞതു കൊണ്ടാണ്‌.ഈ സന്ദര്‍ഭത്തില്‍,സ:വര്‍ഗ്ഗീസിന്റെ വിപ്ലവലക്ഷ്യത്തെ പരിത്യജിച്ച്‌ വര്‍ഗ്ഗവഞ്ചകരായി മാറിയവരും,വര്‍ഗ്ഗ ശത്രുക്കളുടെ ഭാഗം ചേര്‍ന്നവരുമെല്ലാം സഖാവിന്റെ പേരില്‍ രംഗത്തു വരുന്നത്‌ തങ്ങളുടെ പ്രതിവിപ്ലവ ശ്രമങ്ങള്‍ ശക്തിപ്പെടുത്താനാണെന്ന തിരിച്ചറിവ്‌ വിപ്ലവശക്തികള്‍ക്ക്‌ അത്യാവശ്യമാണ്‌.ഭരണകൂട ശക്തികള്‍ക്കൊപ്പം തങ്ങള്‍ നിരന്തരം പ്രവര്‍ത്തിച്ചിട്ടും സ:വര്‍ഗ്ഗീസിന്റെ വിപ്ലലക്ഷ്യത്തില്‍ പ്രസ്ഥാനം, എല്ലാ പ്രതിബന്ധങ്ങളേയും മറികടക്കാന്‍ ശ്രമിച്ച്‌ മുന്നേറുന്നു എന്നത്‌ അവരെ അശ്വസ്ഥരാക്കുന്നുണ്ട്‌.അതുകൊണ്ട്‌ കൂടുതല്‍ ഭ്രാന്തമായ ജല്‍പനങ്ങളും നീക്കങ്ങളും അവരുടെ ഭാഗത്തു നിന്നുണ്ടാകാം.അവയെ എല്ലാം ചെറുത്ത്‌ തൊഴിലാളി വര്‍ഗ്ഗ നേതൃത്വത്തില്‍ മര്‍ദ്ദിത ജനവിഭാഗങ്ങളെ അണിനിരത്തി,രക്തസാക്ഷികളുടെ ഓര്‍മ്മ പുതുക്കിക്കൊണ്ട്‌,ജനാധിത്യവിപ്ലവത്തിലേക്കുംസോഷ്യലിസത്തിലേക്കും മുന്നേറുകയാണ്‌ എല്ലാ കമ്യൂണിസ്റ്റു കാരുടേയും കടമ.സ:വര്‍ഗ്ഗീസിന്റെ വിപ്ലസ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിച്ച്‌ സോഷ്യലിസത്തിലേക്ക്‌ മുന്നേറുക. കെ (എന്‍ രാമചന്ദ്രന്‍.രാഷ്ട്രീയം. )