2010, നവംബർ 30, ചൊവ്വാഴ്ച

അഴിമതിയുടെ രാഷ്ട്രീയം

രാജ്യത്ത് അഴിമതിക്കേസുകൾ ദിനം പ്രതിയെന്നോണം വെളിപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ.
രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ അഴിമതിക്കേസ് എന്നു വിലയിരുത്തുന്ന 1.76 ലക്ഷം കോടിയുടെ കേസിൽ കോടതി
സിബിഐ ക്കെതിരെരൂക്ഷമായ വിമർശ്ശനം ഉന്നയിച്ചു കഴിഞ്ഞു.
നാളിതു വരെ വെളിപ്പെട്ട അഴിമതിക്കേസുകളിൽ സിബിഐ ക്കെതിരേയുള്ള കോടതിയുടെ വിമർശ്ശനം ഇത് ആദ്യത്തേതൊന്നുമല്ല.
ഭരണ തലത്തിലെ അഭൂതപൂർവ്വമായ അഴിമതിയും ക്രിമിനലുകൾ എന്ന നിലയിലേക്കുള്ള ഭരണ കൂടത്തിലെ ഉന്നത സ്ഥാനീയരുടെ അധ:പ്പതനവും ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളായിട്ട് ഒരു പാടു നാളുകളായെങ്കിലും കക്ഷി താല്പ്പര്യമനുസരിച്ചാണ് ചർച്ചയുടെചൂരും ചൂടും കാണപ്പെടാറ്.
ഇതാകട്ടെ രാഷ്ട്രത്തിന്റേയും അതിലെ കോടിക്കണക്കിന്ന് വരുന്ന ജനവിഭാഗങ്ങളുടേയും ഭാവിയിൽ താല്പര്യമുള്ളവലിയൊരു വിഭാഗം ജനങ്ങളെ സംഭീതരും ആശങ്കാകുലലരു മാക്കിയിട്ടുണ്ടു .
എന്നാൽ പത്ര-ദൃശ്യ മാധ്യമങ്ങൾ ഉയർത്തിക്കൊണ്ടു വരുന്ന ചർച്ചാ കോമഡി പ്രോഗ്രാമുകളിലെ മെഗാസൂപ്പർ ചർച്ചിയന്മാരയ പരമ്പരാഗത സ്ഥിര നായകന്മാരും ,വലതു പക്ഷ പിന്തിരിപ്പൻ ബുദ്ധി ജീവിതങ്ങളും
ഈ വിഷയത്തെ കേവല വ്യക്തിഗത ധാർമ്മികതയുടേയോ,വ്യക്തി ശുദ്ധിയുടെയോ മാത്രം പ്രശ്നമാക്കി ചുരുക്കിയെടുക്കാനും,
അങ്ങേയറ്റം രാജ്യദ്രോഹ സ്വഭാവം കൈവരിച്ചിട്ടുള്ളതും -ഇതിൽ അടങ്ങിയിരിക്കുന്ന വളരെ വ്യക്തമായ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ
വഴിതിരിച്ചു വിടാനും മൂടിവെക്കാനും കൂട്ടായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
സ്പെക്ട്രം അഴിമതി പുതിയ മാനങ്ങൾ കൈവരിക്കാൻ ഏറെ സാധ്യതയുണ്ട്. എന്തായാലും ഇന്ത്യൻ രാഷ്ട്രീയത്തിലെ ജീർണ്ണത
പോടുന്നനവേ രൂപം കൊണ്ടതല്ല .
പണാധിപത്യവും അധോലോക പ്രവർത്തനങ്ങളും രാഷ്ട്രീയത്തിൽ കടന്നുനരുന്നതും,അധികാര കൈമാറ്റത്തിന്ന് ശേഷം
വളരെ ചെറിയ ഒരു ഇടവേളയൊഴിച്ചാൽ ഇന്ത്യ ഭരിച്ചു പോരുന്ന കോൺഗ്രസ്സും അതിൽ നിന്ന് പിരിഞ്ഞു പോന്ന മറ്റു രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ടു തന്നെയാണ് .
നാലണ മെമ്പർഷിപ്പിന്റെ പിൻബലത്തിൽ കെട്ടിപൊക്കിയതെന്ന പാരമ്പര്യം അവകാശപ്പെടുമ്പോഴും ,അധികാരകൈമാറ്റത്തിന്ന് മുമ്പുതന്നെ ഇന്ത്യയിലെ വൻ കിട ദല്ലാൾ കുത്തകകൾ കോൺഗ്രസ്സിന്റെ ഏറ്റവും വലിയ ഫണ്ടിംഗ് ഏജൻസികളായി ക്കഴിഞ്ഞിരുന്നു. വിദേശമൂലധനത്തിന്റേയും നാടൻ മുതലാളിമാരുടേയും ഭൂസ്വാമി മാരുടേയുമൊക്കെ താല്പര്യങ്ങൾ സംരക്ഷിച്ച ഒരു ദശബ്ദക്കാലത്തെ ഭരണത്തിന്റെ ഫലമായി 1960 കളുടെ ആരംഭത്തിൽ തന്നെ കോൺഗ്രസ്സിന്റെ ബഹുജനാടിത്തറ പൂർണ്ണമായി തകർന്നു കഴിഞ്ഞിരുന്നു .
ഭരണ വർഗ്ഗ വൈരുധ്യങ്ങളീലൂടെ സ്വതന്ത്രാ പാർട്ടിയും ജനസംഘവും നിലവിൽ വരികയും അതുവരെ കോൺഗ്രസ്സിന്ന് ഒപ്പം നിലയുറപ്പിച്ചിരുന്ന ബോബെ -അഹമ്മദാബാദ് ബിസ്സിനസ്സ് ലോബിയിലൊരു വിഭാഗവും കൂടി നല്ലൊരു വിഭാഗം ഫ്യൂഡൽ ശക്തികളും ,രാജകുടുംബാഗങ്ങളുമെല്ലാം ഈ പാർട്ടികളെ പരസ്യമായി പിന്തുണച്ചു തുടങ്ങുകയും ചെയ്തു.
1967 ലെ തെരഞ്ഞടുപ്പിനേതുടര്‍ന്ന്‍ ഇന്ദിരാഗാന്ധി ഗവണ്മെന്റ് പ്രിവി പെഴ്സ് നിർത്തലാക്കിയതും അഴിമതിക്കെതിരേയെന്ന വ്യാജേന
കമ്പനി സംഭാവനകൾക്ക് നിരോധനം ഏർപ്പെടുത്തിയതും ഈ പശ്ചാത്തിലായിരുന്നു.
ഇക്കാലമാവുമ്പേഴേക്ക് വിദേശ മൂലധനത്തിന്റെ വൻ തോതിലുള്ള കടന്നു കയറ്റവും കാലഹരണപ്പെട്ട ഭൂബന്ധങ്ങളുടെ തുടർന്നുള്ള
നില നില്പ്പും,ഉല്പാദന മേഖലകളെ ശിഥിലീകരിക്കുകയും ഭരണ വർഗ്ഗങ്ങളുടേതന്നെ മുൻ കയ്യിൽ വ്യാപകമായ ഊഹക്കച്ചവടവും
അധോലോക പ്രവർത്തനങ്ങളും ശക്തിപ്പെടുകയും ചെയ്തു.

ബോബെയിലെ കെട്ടിടമാഫിയ,വടക്ക് കിഴക്കനിന്ത്യയിലെ വനം മാഫിയ,ധാൻ ബാദിലെ കല്ക്കരി മാഫിയ,തെക്കേയിന്ത്യിലെ അബ്കാരി മാഫിയ, തുടങ്ങി ഇന്ത്യയിലാകമാനം കുപ്രസിദ്ധി നേടിയ അധോലോക സംഘങ്ങൾ,
അഖിലേന്ത്യാഭരണപാർട്ടിയുടെ കാർമ്മികത്വത്തിലും സംരക്ഷണയിലും വളർന്നു വരുന്നതും ഈ സാഹചര്യത്തിലായിരിന്നു.
മയക്കു മരുന്നു ബിസ്സിനസ്സ്,കള്ളക്കടത്ത്,തട്ടികൊണ്ടു പോകൽ ,പെൺ വാണിഭം,റിയൽ എസ്റ്റേറ്റ് ബിസ്സിനസ്സ്,ഊഹക്കച്ചവടം,
തുടങ്ങിയ നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന്ന് പോലീസ് ,രഹസ്യ പോലീസ് സംവിധാനങ്ങളുടെ
സർവ്വ വിധ പിന്തുണയും ഈ മാഫിയാ സംഘങ്ങൾക്ക് ലഭ്യമായിരുന്നു.
70 കൾ ആവുമ്പോഴേക്കും ഇന്ത്യൻ ഭരണകൂടം നേരിട്ടുതന്നെ നിരവധി അഴിമതിക്കേസുകളിലും കുംഭകോണങ്ങളിലും ക്രിമിനൽ പ്രവർത്തനങ്ങളിലൂം ഉൾപ്പെടുന്നതായി കാണാം .
1971 ലെ തെരഞ്ഞെടുപ്പിന്ന് തൊട്ട്മുമ്പുള്ള മൂന്നാഴ്ചക്കുള്ളിൽ വിദേശ-നാടൻ കമ്പനികൾക്ക് 700 ഇറക്കുമതി ലൈസൻസ് നല്കിക്കൊണ്ട് കോടിക്കണക്കിന്ന് രൂപാ കൈക്കൂലി വാങ്ങിയതും ഭരണ നേതൃത്വം തന്നെ 6 ദശലക്ഷം ഡോളർ കമ്മീഷൻ ഉറപ്പാക്കിയ പഞ്ചസാര ഇടപാടും എൽ എൻ മിശ്ര വധവും നാഗർ വാല സംഭവുമെല്ലാം ഏതാനും ചില ഉദാഹരണങ്ങൾ മാത്രം .
തീർച്ചയായും ഇവയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നില്ല . ഇന്ത്യയിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധിയുടെയും `ഭരണരാഷ്ട്രീയത്തിന്റേ അനുദിനം തീവ്രതയാർജ്ജിച്ച ജീർണ്ണയുടേയും പ്രതിഫലനങ്ങളുമായിരുന്നു ഇവ .
പാർലമെന്ററി ജനാധിപത്യത്തിന്റെ എല്ലാപുറം പൂച്ചുകളും അവസാനിപ്പിച്ച് ഇന്ത്യൻ ഭരണകൂടത്തിന്റെ ക്രിമിനലീകരണം പൂർത്തിയാക്കിയ
1975 ലെ അടിയന്തിരാവസ്ഥ മേൽ സൂചിപ്പിച്ച പ്രവണതകളുടെ സ്വാഭാവിക വികാസത്തിന്റെ ഫലമായിരുന്നു.
ഔപചാരികമായി അടിയന്തിരാവസ്ഥ പിൻ വലിച്ചെങ്കിലും എൺപതുകൾ മുതൽ ഇന്ത്യൻ രാഷ്ട്രീയ രംഗത്തെ ക്രിമിനൽ വല്ക്കരണം പൂർവ്വാധികം ശക്തിപ്പെടുകയാണുണ്ടായിട്ടുള്ളത്.
1981ലെ IMFഉപാധികളുടെ അടിസ്ഥാനത്തിൽ സമ്പദ്ഘടനയെ കൂടുതൽ ഉദാര വല്കരിച്ചതും കുത്തക നിയന്ത്രണ(MRTP)ത്തിലും,
വിദേശ നാണ്യ നിയന്ത്രണ നിയമ(FERA) ത്തിലും ഇളവുകൾ വരുത്തിക്കൊണ്ട് ബഹു രാഷ്ട്ര കുത്തകകൾക്ക് രാജ്യത്തിന്റെ
എല്ല വിധ മേഖലകളും തുറന്നിട്ടതുമായിരുന്നു ഇതിന്റെ കാരണങ്ങൾ .
ബഹുരാഷ്ട്ര ഭീമന്മാരുടേയും ആഗോള ആയുധ കുത്തകകളുടേയും സർവോപരി ചാര സംഘടനകളുടേയും കമ്മീഷൻ പറ്റുന്ന വരാണ്
ഇന്ത്യൻ ഭരണാധികാരികൾ എന്നു തുറന്നു കാട്ടുന്ന നിരവധി സംഭവങ്ങൾ 80 കളിൽ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി
118 കോടികൈകൂലിവാങ്ങിയ മിറാഷ് വിമാന ഇടപാട് ,400 കോടി കമ്മീഷൻ വാങ്ങിയ ബോഫോഴ്സ് ഇടപാട് തുടങ്ങിയ എണ്ണമറ്റ ഇടപാടുകളിലൂടെ ആയിരക്കണക്കിന്ന് കോടി രൂപ ഇന്ത്യൻ ബരണകൂട നേതൃത്വങ്ങൾ തരപ്പെടുത്തുകയുണ്ടായി.
ലോകസഭാ രേഖകളിൽ നിന്നും വ്യക്തമാകുന്നതു പോലെ 82-91 കാലത്ത് മാത്രം 51 ബില്യൺ ഡോളർ വിദേശ നാണ്യം
ഇന്ത്യക്ക് നഷ്ടപ്പെടുകയുണ്ടായി. യഥാർത്തത്തിലുള്ളതിന്റെ ചെറിയ ഒരളവ് മാത്രമാണ ഈ കണക്ക് .

1984 ല്‍ ഭരണകൂടത്തിന്റെ ഒത്താശയോടുകൂടി സിഖ്കാർക്കെതിരെ നടന്ന കൂട്ടക്കൊലയും 80 കളിൽ ഉടനീളം മതന്യൂന പക്ഷങ്ങൾക്കെതിരെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നടന്ന വർഗ്ഗീയ കലാപങ്ങളും കൂട്ടക്കൊലകളും അവയിൽ നഗര ഭൂമിയുടെ ഊഹക്കച്ചവടത്തിലേർപ്പെട്ടിട്ടുള്ള കെട്ടിട മാഫിയകളു, വഹിച്ച പങ്കും ,ഇന്ത്യൻ ബ്യൂറോക്രസിയും ,പോലീസ് രഹസ്യ പോലീസ് വിഭാഗങ്ങളും അങ്ങേയറ്റത്തെ മാഫിയാ വല്ക്കരണത്തിന്നും ,ക്രിമിനൽ വല്ക്കരണത്തിന്നും വിധേയമായിരുന്നു എന്നതിന്റെ തെളിവുകളായിരുന്നു.
എല്ലാവിധ നിയമങ്ങളേയും ലംഘിച്ച്കൊണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊല നടത്തിയ യൂണിയൻ കാർബൈഡിന്റെ മുമ്പിൽ
ഏറ്റവും ജൂഗുപ്സാവഹമായ വിധം മുട്ടുകുത്തിയ കോടതിയും എക്സിക്യുട്ടീവുമെല്ലം ഇന്ത്യൻ ഭരണകൂടത്തിന്റെ വിധേയത്വം വിളിച്ചറിക്കുകയായിരുന്നു. നാളിതുവരെ ഈ ഗാന്ധിയന്മാര്‍ അടിച്ചു മാറ്റിയ തുകയുടെ കണക്കെടുക്കാന്‍ മുതിരുന്നില്ല ,,,
90കൾ മുതലുള്ള സാമ്രാജ്യത്വ ആഗോളീകരണ കാലത്ത് ബഹുരാഷ്ട്ര കുത്തകകളും ഊഹമൂലധന ശക്തികളും അവരുടെ കാലഹരണപ്പെട്ട സാങ്കേതിക വിദ്യകളും ഉപയോഗശൂന്യമായ യന്ത്രങ്ങളും സ്പെയർ പാർട്ടുകളും നവീകരണത്തിന്റെ പേരിലും പുത്തൻ പദ്ധതിയുടെ രൂപത്തിലും പുത്തൻ കൊളോണിയൽ രാജ്യങ്ങളുടെ മേൽ കെട്ടിയേല്പ്പിക്കാൻ നേതാക്കന്മാർക്കും ബ്യൂറോക്രാറ്റുകൾക്കും നല്കിവന്ന കമ്മീഷനുകൾക്കും /കൈക്കൂലികൾക്കുമുള്ള നിർക്കുകൾ കുത്തനെ വർദ്ധിപ്പിച്ചിട്ടുണ്ട് .
ഇടപാടുകൾക്ക് നേരത്തെ 10 ശതമാനമായിരുന്നതെങ്കിൽ ആഗോളീകരണകാലത്ത് 30നും മേലെ എത്തിയിരിക്കുന്നു.കരിമ്പട്ടികയിൽ പ്റ്റുത്തിയതാണെങ്കിൽ കമ്മീഷൻ തുക വർദ്ധിക്കും.
ഇതിന്റെ രാഷ്ട്രീയം ഇങ്ങനെ .
1940 കളിൽ ഒട്ടേറെ മൂന്നാം ലോകരാജ്യങ്ങൾ സാമ്രാജ്യത്വങ്ങളുടെ കൊളോണിയൽ ദാസ്യത്തിൽ നിന്നും ഔപചാരികമായി സ്വാതന്ത്ര്യം നേടുകയുണ്ടായി.
രണ്ടാം പോകയുദ്ധത്തെ തുടർന്നു കോളനികളെ പഴയമട്ടിൽ അടിച്ചമർത്തി നിർത്താനാവാത്ത വിധം സ്വാതന്ത്ര്യ പോരാട്ടങ്ങൾ ശക്തിയാർജ്ജിച്ചതും,മാത്രമല്ല ചൈന വിയറ്റ്നാം തുടങ്ങി പലരാജ്യങ്ങളിലും കമ്യുണിസ്റ്റ്കാർ വിമോചനപ്രസ്താനത്തിന്റെ മുൻപന്തിയിലേക്ക് വന്നതുമായ സാഹചര്യത്തിലാണ്.സാമ്രാജ്യത്വ ശക്തികൾ ഈ രാജ്യങ്ങൾക്ക് “സ്വാതന്ത്ര്യം ”നല്കി തങ്ങളുടെ കൂടെ നിർത്താൻ ‘ഡി കോളനൈശേഷൻ’എന്ന പദ്ധതി നടപ്പിലാക്കിയത്.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ അധികാരത്തിൽ വന്ന ഭരണ വർഗ്ഗങ്ങൾ രാജ്യത്തെ സാമ്രാജ്യത്വ മൂലധനവുമായി കണക്ക് തീർത്ത് രാജ്യത്തെ മോചനത്തിലേക്ക് നയിക്കാൻ കഴിവും തയ്യാറുമുള്ളവരുമായിരുന്നില്ല .
പകരം സാമ്രാജ്യത്വ ധനകാര്യ സ്ഥാപനങ്ങളായ ലോക ബാങ്ക്,ഐ എം എഫ്, ഗാട്ട് തുടങ്ങിയവയുടെ കാർമികത്തിൽ കടമായും നിക്ഷേപമായും വിദേശ മൂലധനത്തെ വിളിച്ച് കൊണ്ടു വന്നുരാജ്യത്തെ വികസിപ്പിക്കാനെന്ന പേരിൽ നടപ്പിലാക്കിയ നയങ്ങൾ പടി പടിയായി രാജ്യത്തെ പുത്തൻ കൊളോണിയൽ അടിമത്തത്തിലേക്കും വിദേശ കടക്കെണിയിലേക്കും തള്ളി വിടുകയായിരുന്നു.
പിന്നോക്കവസ്ഥ പരിഹരിക്കാനെന്ന പേരിൽ ഉദാര വല്കരണം ,ഘടനാക്രമീകരണം ,ആഗോള വല്കരണം എന്നിങ്ങനേയുള്ള
തീവ്ര കൊള്ളക്കുള്ള പദ്ധതികൾ രാജ്യത്ത് നടപ്പിലാക്കി.
ഈ പദ്ധതികൾ 70 കളിൽനടപ്പിലാക്കിയ ബ്രസീൽ,മെക്സിക്കോ ,അർജന്റീന തുടങ്ങിയ രാജ്യങ്ങളിൽ തങ്ങളുടെ പാദസേവകരായ ഭരണാധികാരികളെ ഉപയോഗിച്ചുകൊണ്ട് നടപ്പിലാക്കിയിരുന്നു.
ആ രാജ്യങ്ങളിൽ വലിയ വികാസങ്ങളുണ്ടാക്കുന്നതായി ആദ്യഘട്ടങ്ങളിൽ കണക്കുകൾ നിരത്തി വൻ പ്രചരണങ്ങൾ അഴിച്ചു വിട്ടിരുന്നു.
പിന്നീട് അധിവേഗം ആ രാജ്യങ്ങൾ ഭീകരമായ കടക്കെണിയിൽ അകപ്പെടുകയും മഹാ ഭൂരിപക്ഷം ജന വിഭാഗങ്ങളും
കടുത്ത പട്ടിണിയിലേക്കും,ദാരിദ്ര്യത്തിലേക്കും പാപ്പരീകരണത്തിലേക്കും നിപതിക്കുകയും ചെയ്തു.

ഈ രാജ്യങ്ങൾ തകർന്നതോടെ ഇതേ പദ്ധതികൾ തങ്ങളുടെ കൊള്ളക്കായി ആഫ്രിക്കൻ രാജ്യങ്ങളിലും ഫിലിപൈൻസ്.തായ്‌ലാന്റ്,
തെക്കൻ കൊറിയ മുതലായ ഏഷ്യൻ രാജ്യങ്ങളിലും നടപ്പിലാക്കി.
റാവു സർക്കാരും ,രാജ്യത്തെ കോൺഗ്രസ്സുകാരും ഈ രാജ്യങ്ങളുടെ വികാസം ചൂണ്ടിക്കാണിച്ചായിരുന്നു.നമ്മുടെ രാജ്യത്തും പുത്തൻ സാമ്പത്തികം നടപ്പിലാക്കിയത്.
ഈ നയൻ നടപ്പിലാക്കിയ രാജ്യങ്ങളെക്കുറിച്ച് പിന്നീട് നാം അറിയുന്നത് പാടേ തകർന്നടിഞ്ഞതിന്റെയും പട്ടിണി മരണങ്ങളുടേയും കടുത്ത ചിത്രങ്ങളാണ് ലോകം കണ്ടത്
സോമാലിയ,ഏത്യോപ്പിയ ,ചാഡ്.....ലോകത്തിന്ന് സമ്മാനിച്ചുകൊണ്ടു അനിദിനം മുന്നേറുന്നു.
പരിഷ്കാരം നടപ്പിലാക്കിയ ഭരണാധികാരികളുടെ സ്ഥിതിയും പരിശോധിച്ചാൽ റോഹ്തേവൂയും ,ചുന്ദുഹ്വാനും ലക്ഷക്കണക്കിന്ന് കോടിയുടെ അഴിമതിയുടെ പേരിൽ ഇന്ന് ജയിലിലടച്ചിരിക്കയാണ് .
ദശ ലക്ഷക്കണക്കിന്ന് കോടി മുക്കിയ മാർക്കോസ് നാടു വിട്ടോടി.
തായ്‌ലാന്റിൽ അഴിമതിക്കാരായ രാഷ്ട്രീയക്കാരെ ജയിലടച്ച് പട്ടാളം അധികാരം പിടിച്ചെടുത്തു.
ഇങ്ങിനെയൊക്കെ വ്യാപകമായി സംഭവിക്കുമ്പോഴും സാമ്രാജ്യ്ത്വ കാർമ്മികത്തിൽ തുടരുന്ന ഭരണാധികാരികൾ ഇതേ നയങ്ങൾ തുടരുന്നതിന്നാണ് ഏറെ താല്പ്പര്യം കാണിക്കുന്നത്.
വ്യവസ്തയുടെ വിശ്വാസ്യത നില നിർത്താൻ ,ഉയർന്നു വരുന്ന ജനരോഷം തണുപ്പിക്കാനും തിരിച്ചു വിടാനും സാമ്രാജ്യത്വം ഫലപ്രദമായി ഇടപെടുമെന്ന് ധൈര്യം ഇവർക്ക് കൂട്ടിന്നുണ്ട്.
ഇന്തയിലും ഉദാരവല്കരണവും ആഗോള വല്ക്കരണവും ശക്തിപ്പെട്ടതോടെ കേന്ദ്രവും സംസ്ഥാനവും മാറി മാറി ഭരിക്കുന്നവർക്ക്
ഏത് തരം കറാറുകളും ആകർഷണീയമായ വ്യവസ്ഥയിൽ ഏർപ്പാടാക്കി കൊടുക്കുന്നതിന്ന് വേണ്ടി പ്രവർത്തിക്കുന്ന
നൂറ് കണക്കിന്ന് ഏജൻസികൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്.
90 ന്ശേഷം രാജ്യത്ത് നടപ്പിലാക്കിയ ആഗോള വല്ക്കരണത്തിന്റെ ഭാഗമായ പുത്തൻ സാമ്പത്തിക നയം രാജ്യത്ത് നടപ്പിലാക്കിയത് കോൺഗ്രസ്സാണ്
ഈ പാർട്ടിയുടെ നയത്തെ ഉയർത്തിപ്പിടിക്കുന്ന ആർക്കും ഇന്നീ രാജ്യം എത്തിപ്പെട്ട അവസ്ഥയുടെ ഉത്തര വാദിത്വത്തിൽ നിന്ന് മാറി നില്ക്കാമെന്നു കരുതേണ്ട.
പറഞ്ഞു വരുന്നത് അല്ലെങ്കിൽ പറയാൻ ഉദ്ദേശിച്ചത്:-
പുത്തൻ കൊളോണിയൽ അടിമത്വത്തിലമർന്നുപോയ ,തകർന്നടിഞ്ഞുകൊണ്ടിരിക്കുന്ന ഏതൊരു മൂനാം ലോകരാജ്യത്തുമെന്നപോലെ
പുത്തൻ കോളോണിയൽ പ്രക്രിയ നമ്മുടെരാജ്യത്തും ആഴത്തിലായിരിക്കുന്നു എന്നും അതിനനുസൃതമായ വിധം നമ്മുടെ രാജ്യത്തെ ഭരണവർഗ്ഗ പാർട്ടികളും ഉന്നത ഉദ്യോഗസ്ഥ വിഭാഗങ്ങളും ബഹുരാഷ്ട്ര കുത്തകകളുടെ പേ റോളിലാണ് ഉള്ളത്
എന്ന് വെളിപ്പെടുത്തുകയാണ് നാളിതു വരേയുള്ള അഴിമതിക്കഥകൾ എന്നാണ്.
അവസാനമായി ഒന്നു കൂടി....
അർത്ഥശങ്കക്കിടയില്ലാത്ത വിധം സൂചിപ്പിക്കട്ടെ
ഇക്കാലത്ത് സ്വാതന്ത്ര്യ സമരകാലത്തെ ആത്മാർത്ഥതയും ത്യാഗമനോഭാവവും ,രാജ്യസ്നേഹവുമെല്ലാം നഷ്ടപ്പെട്ടുപോയി,
രാഷ്ട്രീയവും രാഷ്ട്രീയക്കാരും പാടേ ദുഷിച്ചിരിക്കുന്നു അതിനാൽ പരമാവധി രാഷ്ട്രീയത്തിൽ നിന്നും ഒഴിഞ്ഞു നില്ക്കുന്നതാണ്
മെച്ചമെന്നുള്ള അരാഷ്ട്രീയ നിലപാട് പ്രചരിപ്പിക്കാനല്ല ഈ കുറിപ്പ് ലക്ഷ്യം വെക്കുന്നത്.
മറിച്ച് യഥാർത്ഥ ദേശാഭിമാന -പുരോഗമന ജനാധി പത്യ ശക്തികളുടേയും വിപ്ളവ ശക്തികളേയും ഐക്യത്തേയും അതു വഴി ഒരു സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കാളിയാവാനുള്ള അതിയായ ആഗ്രഹവുമാണ്.

2010, നവംബർ 26, വെള്ളിയാഴ്‌ച

ഞാനിവിടെത്തന്നെയുണ്ടു....രോഗങ്ങൾ പൂക്കുന്ന ഈ മലമുകളിൽ

ഡോ: വൈ എസ മോഹന്‍ കുമാറുമായി ജയകേരളം ടീം 2005 ല്‍ നടത്തിയ അഭിമുഖത്തില്‍ നിന്നും ഏതാനും ഭാഗം )



?:- പാദരെ ഗ്രാമത്തില്‍ കണ്ടുവരുന്ന പാരിസ്ഥിക പ്രശ്നങ്ങള്‍ ,രോഗങ്ങള്‍ ജനിതക വൈകല്യങ്ങള്‍ എന്നിവ എന്റൊസല്‍ഫാന്‍ തുടര്‍ച്ചയായി തളിച്ചതുകൊണ്ട് ഉണ്ടായതാണെന്ന് പറയാന്‍ കാരണം ?
ഇത്തരം പ്രശ്നങ്ങള്‍ ഏറിയോ കുറഞ്ഞോ മറ്റു പല സ്ഥലങ്ങളിലും കണ്ടു വരുന്നുണ്ടല്ലോ ?

മറു : മൈസൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും എം ബി ബി എസ കഴിഞ്ഞ ഞാന്‍ 1982 മുതലാണ്‌ പ്രാക്ടീസ് ആരംഭിച്ചത് .
കുന്നും, മലയും കാടും നിറഞ്ഞ ഈ പ്രദേശം ,അന്ന് ഇന്നത്തെ തിനേക്കാള്‍ പിന്നോക്കമായിരുന്നു .പ്രാക്ടീസ് തുടങ്ങിയതോടെ നിരവധി രോഗികളെയും ,അവരുടെ കുടുംബാംഗങ്ങളെയും പരിചയപ്പെടാന്‍ ഇടവന്നു .
ഈ പരിചയപ്പെടലിലൂടെയാണ് ചില പ്രത്യേക കാര്യങ്ങള്‍ എന്റെ ശ്രദ്ധയില്‍ പെട്ടത് .എനിക്ക് പരിചയമുള്ള മറ്റു സ്ഥലങ്ങളെയപേക്ഷിച്ച് Abnormal ആയ രോഗമുള്ളവര്‍ ഇവിടെ കൂടുതലാണ് .എന്ന കാര്യമാണ് ഞാന്‍ ശ്രദ്ധിച്ചത് .
വ്യക്തമായി പറഞ്ഞാല്‍ ന്യൂറോളജിക്കല്‍ പ്രശ്നങ്ങളും ,മാനസിക ആസ്വാസ്ഥ്യങ്ങളും,ക്യാന്‍സറും അംഗവൈകല്യങ്ങളും ഒരു കുടുംബത്തില്‍ തന്നെ രണ്ടും മൂന്നും പേരെ ബാധിച്ചതായി കാണാന്‍ കഴിഞ്ഞു .
ഏകദേശം 4 കിലോമീറ്റര്‍ റേഡിയസ്സിനുള്ളിലുള്ള ഒരു പ്രദേശത്താണ് ഇത്തരം അനുഭവങ്ങള്‍ എന്ന് ഓര്‍ക്കേണ്ടതുണ്ടു .
ഏതായാലും ഞാന്‍ ഈ കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുവാനും,കഴിയുന്നത്ര കുറിച്ചു വെക്കാനും തുടങ്ങി .ജനങ്ങള്‍ വ്ശ്വസിച്ചത് ഇതൊക്കെ അവരുടെ പ്രാദേശികമായ ജഡധാരിയുടെ (ഒരു ശിവദൈവം )ശാപം മൂലം സംഭവിക്കുന്നതാണ് എന്നായിരുന്നു.
1990 ല്‍ എന്റെ ശ്രദ്ധയില്‍ പ്പെട്ട കാര്യങ്ങള്‍വിശദീകരിച്ചുകൊണ്ടു പ്രസിദ്ധനായ ഒരു സൈക്യാട്രിസ്റ്റിന്ന് ഞാന്‍ ഒരു കത്തെഴുതി .എന്റെ തന്നെ സംശയനിവാരണത്തിന്നു വേണ്ടിയായിരുന്നു.അങ്ങിനെ ചെയ്തത്.
പക്ഷെ എനിക്ക് യാതൊരു മറുപടിയും കിട്ടിയില്ല .1996 ല്കേരള മെഡിക്കല്‍ ജേര്‍ണലിന്ന് ഞാന്‍ ഒരു കത്തയച്ചു.അതു പ്രസിദ്ധീകരിച്ചുവന്നു ഞാനതില്‍ പറഞ്ഞത് ഇവിടുത്തെ വെള്ളത്തില്‍ റേഡിയേഷന്‍ ഉണ്ടാക്കുന്ന എന്തോ വസ്തു അടങ്ങിയതിനാല്‍ അത് തലച്ചോറിനെ മാരകമായി ബാധിക്കുന്നതാവാം രോഗങ്ങളുടെ കാരണം എന്നാണു.
ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക താല്പര്യമെടുക്കാന്‍ കഴിയുന്ന വിഷയമാണിതെന്നും ഞാനതില്‍ സൂചിപ്പിച്ചു.
അക്കാലത്തൊന്നും എന്റോസള്‍ഫാനുമായി ബന്ധിച്ച് പ്രശ്നം പഠിക്കാന്‍ ഞാന്‍ തുടങ്ങിയിരുന്നില്ല എന്ന് ഇതില്‍ നിന്നും വ്യക്തമാണല്ലോ .ഇതിനിടയില്‍ സാമൂഹ്യ താല്പര്യമുള്ള പലരും ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ഒരുകൂട്ടം ചെറുപ്പക്കാര്‍ ,എന്റോസള്‍ഫാന്‍ തളിക്കാന്‍ തുടങ്ങുന്നതിന്നു മുമ്പ് ഇവിടെ ഇഷ്ടം പോലെ തേനീച്ചകളും ,തേന്‍ കൂടുകളും ഉണ്ടായിരുന്നുവെന്നും ,ഇപ്പോള്‍ അവക്കെല്ലാം നാശം സംഭവിച്ചു എന്നും അതിന്റെ കാരണം എന്റോസള്‍ഫാനാണെന്നും വാദിച്ചു കൊണ്ടു രംഗത്തു വന്നു.
അതുകൊണ്ടു തേനീച്ചകളെ വംശഹത്യ ചെയ്യുന്ന എന്റോസള്‍ഫാന്‍ തളിക്കാന്‍ അനുവദിക്കില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. അങ്ങിനെ അവര്‍ സ്പ്രേ ചെയ്യാന്‍ വരുന്ന ഹെലിക്കോപ്പ്ടര്‍ തടയാന്‍ പോയി .
അവിടെ വെച്ച് തര്‍ക്കം നടക്കുകയും ,തേനീച്ചകളുടെ കാര്യം ശുദ്ധ വിഡ്ഡിത്തമാണെന്നും ,ആരോഗ്യകരമായ പ്രശ്നങ്ങള്‍ വല്ലതും ഉണ്ടെങ്കില്‍ നോക്കാമെന്നും സ്പ്രേ ചെയ്യാന്‍ വന്നവര്‍ പറയുകയും ചെയ്തു.
ഏതായാലും പോലീസിനെ ഉപയോഗിച്ചാണ് ഈ ചെറുപ്പക്കാരെ നീക്കം ചെയ്തത്.
ഈ സംഭവത്തിന്ന് ശേഷം നാട്ടുകാരില്‍ ചിലര്‍ എന്നെ സമീപിച്ച് ആരോഗ്യപ്രശ്നങ്ങളും എന്റോസള്‍ഫാനും തമ്മിലുള്ള ബന്ധത്തെ ക്കുറിച്ചു പഠിച്ചാല്‍ ഉപകാരമായിരിക്കുമെന്നു പറഞ്ഞു.
ഇടക്കാലത്ത് ഈ ദിശയില്‍ പലപ്പോഴും ഞാനും ആലോചിച്ച് നോക്കിയിരുന്നെങ്കിലും ,നാട്ടുകാരുടെ ഈ വരവോടുകൂടിയാണ് ഞാന്‍ ഗൗരവമായ പഠനം തുടങ്ങിയത്.
അങ്ങിനെ ഞാന്‍ കിട്ടാവുന്ന സ്റ്റഡിമെറ്റീരിയല്‍സ് പ്രസിദ്ധീകരണങ്ങളില്‍ നിന്നും ഇന്റെര്‍നെറ്റില്‍ നിന്നും മറ്റും ശേഖരിച്ച് ഇവിടുത്തെ അനുഭവങ്ങളുമായി ബന്ധിപ്പിച്ച് മനസ്സിലാക്കാന്‍ തുടങ്ങി .പെട്ടെന്ന് എനിക്കൊരു കാര്യം മനസ്സിലായി ,
ഒരു കീടനാശിനിയുമായി ബന്ധപ്പെട്ടു മനുഷ്യ ചരിത്രത്തിലെ ഏറ്റവും പ്രത്യേകതയുള്ളാദ്യത്തെ അനുഭവമാണ് പാദ് രെയിലേതെന്ന്. അതായത് തുടര്‍ച്ചയായി 25 വര്‍ഷം ഒരു കീടനാശിനി ഒരേസ്ഥലത്ത് തളിച്ച അനുഭവം ഇതിന്ന് മുന്‍പ് എവിടേയും ഉണ്ടായിട്ടില്ല.എന്നുതന്നെ പറയാം .അതിനാല്‍ മനുഷ്യരാശിയുടെ നന്മക്കുതകുന്ന പഠനങ്ങള്‍ നടത്താനും ,തീരുമാനങ്ങള്‍ കൈക്കൊള്ളാനും കഴിയുന്ന ഒരു പശ്ചാത്തലവും സാഹചര്യവുമാണ് എന്റോസള്‍ഫാന്‍ ആക്രമണപ്രയോഗത്തിന്റെ ബലിയാടാകുക വഴി ഈ ഗ്രാമം ലോകത്തിന്റെ മുമ്പാകെ തുറന്നു വെച്ചിരിക്കുന്നത്.
മനുഷ്യൻ ഇതര ജീവജാലങ്ങൾ,സസ്യലതാതികൾ ,പരിസ്ഥിതി എന്നിവ ഒരു കീട നാശിനി സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളുടേതായ ഈ അനുഭവ പാഠങ്ങൾ ,എല്ലാതരം കീടനാശിനികൾക്ക്മെതിരായ പോരാട്ടത്തിനുള്ള വസ്തു നിഷ്ടമായ അറിവാണ്.
ഇത്രയും ദീർഘമായി ഒരു പ്രദേശത്തെ വിദേയമാക്കുക വഴി ലഭ്യമായ അറിവുകളും അനുഭവങ്ങളും കീടനാശിനി പക്ഷക്കാരുടെ എല്ലാ വാദഗതികളുടേയും മുനയൊടിക്കാൻ പര്യാപ്തമാണ്.
പാദ് രെയുടെ അപൂർവ്വത ,അടുത്തയിടെ അമേരിക്കൻ പ്രസിദ്ധീകരണമായ Helth Perspectiveസമ്മതിച്ചിരിക്കയാണ്..This is the first study of endosulfans impact on humanbeings in the wholworld. എന്നാണവർ പറഞ്ഞത്.
?:-എങ്ങിനെയാണ് കൂടുതൽ ഉയർന്ന അന്യേഷണ ഏജൻസികളേയും മറ്റും ഇടപെടലുകളിലേക്ക് താങ്കൾ നടത്തിയ പഠനങ്ങൾ എത്തിപ്പെട്ടത്?
മറു:- FIPPAT,NIOH,അച്ചുതൻ കമ്മിറ്റി തുടങ്ങിയ പ്രമുഖരായ ചില ഏജൻസികൾ പഠനങ്ങൾ നടത്തിയിട്ടുണ്ടു.വിവാദമായ Dubey കമ്മിറ്റി FIPPAT,NIOH എന്നിവയിലൂടെ എന്നിവയുടെ റിപ്പോർട്ടുകളേയാണ് ആശ്രയിച്ചത്.
മൊത്തത്തിൽ FIPPAT,Dubyകമ്മിറ്റി നല്കിയ അനുഭവങ്ങൾ നാം ശ്സ്ത്രജ്ഞരെന്നും ബുദ്ധിജീവികളെന്നും വിശ്വസിക്കുന്നവർ എങ്ങിനൊയോക്കെ നിക്ഷിപ്ത താല്പ്പര്യങ്ങൾക്ക് വിധേയരാവുന്നു വെന്നും അവരുടെ നിഗമനങ്ങൾ എങ്ങിനെ ജനവിരുദ്ധമാവുന്നു എന്നും ആത്മാർത്ഥമായ അന്യേഷണങ്ങളെ എങ്ങിന്നെയൊക്കെ നിക്ഷിപ്ത താല്പ്പര്യക്കാർ ആക്രമിക്കുന്നുവെന്നുമുള്ള നല്ല ഉദാഹരണങ്ങളാണ്.
ഇക്കാര്യങ്ങൾ വ്യാപകമായി അറിയുന്നതിനാൽ വിശദീകരിക്കേണ്ട ആവശ്യമില്ല .വ്യാപകമായ ശ്രദ്ധപിടിച്ചെടുക്കുന്നതിലേക്ക് എന്റോ സൾഫാൻ പ്രശ്നം വളർന്നതിന്നു പിന്നിൽ മനുഷ്യ സ്നേഹികളും പരിസ്ഥിതി വാദികളുമായ അനവധി വ്യക്തികളുടേയും , ചില പ്രാദേശിക സഘടനകളുടേയും നിരന്തരമായ ശ്രമങ്ങളും സഹനങ്ങളും ഉണ്ട് .
എന്റെ അന്യേഷണങ്ങൾ ഒരു ഉൾനാടൻ മലയോരഗ്രാമത്തിൽ പ്രാക്ടീസ് ചെയ്യുന്ന ഒരു ഡോക്ടർ നടത്താൻ ബാധ്യസ്ഥനായ മുൻ ധാരണയില്ലാത്ത അനുഭവ നിരീക്ഷണങ്ങളിലൂടെ വികസിച്ചു വന്നവയാണ്.
ഞാൻ തുടർന്ന് ചെയ്തത് രോഗങ്ങളെ സംബന്ധിക്കുന്ന സ്ഥിതി വിവരങ്ങളുടെ ഒരു ലിസ്റ്റുണ്ടാക്കി മാധ്യമങ്ങൾക്കു നല്കുകയാണ്..
ഇത്തരമൊരു വിവരം പുറത്തു വന്നതോടെ കമ്പനിയുടെ ആൾക്കാർ പ്രതികരിച്ചത്“Wested intrest and environmentel terrorisam are bihint this proppaganda” എന്നാണ്.
പിന്നെ സ്റ്റാർ ടിവി ക്കാർപ്രശ്നത്തെക്കുറിച്ച് ഒരു വിശകലന പരിപാടി സം പ്രേക്ഷണം ചെയ്തു. അവർ പ്രശ്നം Down to Earthന്റെ MDയായ അനിൽ അഗർവാളിന്റെ ശ്രദ്ധയിൽ പെടുത്തുകയും അദ്ദേഹം ഇതിൽ പ്രത്യേകതാല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.
അങ്ങിനെ Down to Earth Star TV വഴി ഞാനവരുമായും ഈ പ്രദേശവുമായും ബന്ധപ്പെട്ടു.ലാബ് പരീക്ഷണങ്ങളുടെ ബാധ്യത സ്വയം ഏറ്റെടു ക്കുകയാണെന്ന് അനിൽ അഗർവാൾ വ്യക്തമാക്കി.
ഏകദേശം 6 ലക്ഷം രൂപ ചിലവ് വരുന്ന ഒരു കാര്യമാണിത് .ഡൽ ഹിയിൽ നിന്ന് 2പേർ വന്ന് 5 ദിവസം താമസിച്ച് പഠിക്കുകയാണ് ചെയ്തത്.
ഇതേ സമയത്ത് തന്നെയാണ് പരിഷത്തിന്റെ അന്യേഷണവും നടക്കുന്നത് Down to Earth ന്റെ പഠനം വളരെ ശാസ്ത്രീയവും വസ്തുനിഷ്ടവുമായ അനവധി നിഗമനങ്ങൾ മുന്നോട്ട് വെച്ചു. പക്ഷേ കമ്പനിയും ഗവണ്മേന്റും അവരെ അവഗണിക്കുകയാണ് ചെയ്തത്. അതായത് ലോകശ്രദ്ധ പിടിച്ചു പറ്റിയ ഒരു പ്രശ്നമായി മാറിയതും
ഇപ്പോൾ എന്റോസൾഫാൻ തളിക്കുന്നത് നിർത്തിവെക്കാൻ പൊലൂഷൻ കണ്ട്‘റോൾ ബോർഡ് നിർബന്ധമായതും ജനങ്ങളും അവരുടെ കൂടെ നില്ക്കുന്നവരും നടത്തിയ ചെറുത്തു നില്പ്പിന്റേയും ഫലമായി തന്നെയാണ്.National Human Right Commission സ്വമേധയാ കേസെടുക്കാൻ തയാറായത്.
?:-ജനങ്ങൾ താങ്കളേപോലുള്ള വ്യക്തികൾ NIOH തുടങ്ങിയവർ നടത്തിയ പഠനങ്ങൾക്ക് എതിരേയാണല്ലോ ദുബെ കമ്മിറ്റി നിലകൊണ്ടത്...?ശരിക്ക് ഇത് സമരത്തെ എങ്ങിനെയാണ് ബാധിക്കുന്നത്?
മറു:-ദുബെ കമ്മിറ്റി NIOH ന്റെ പഠനങ്ങളെ ശാസ്ത്രീയരീതി അവലംബിച്ചുള്ളതല്ലെന്നും അവരുടെ നിഗമനങ്ങളൊന്നും തന്നെ എന്റോസൾഫാനെ പ്രതിസ്ഥാനത്ത് നിർത്താൻ പര്യാപ്തമല്ലെന്നും പറഞ്ഞു കൊണ്ടു നിസ്സാരമാക്കി തള്ളുകയാണ് ചെയ്തത്.
അങ്ങിനെ അവർ വ്യക്തമായും കമ്പനിയുടെ പക്ഷത്ത് നിലകൊണ്ടു .ഈ കമ്മിറ്റിയുടെ ചെയർമാനായ ദുബെ തന്നെയാണ് ആകാശം വഴി തളിക്കൽ നിർദ്ദേശിച്ച വ്യക്തി .
കമ്മിറ്റിയിലെ 4പേരിൽ 2പേർ കമ്പനിയുടെ ഒഫീഷൽസ് തന്നെയാണ്.മറ്റുരണ്ടുപേർ അവരുടെ ശാസ്ത്രീയ നിർദ്ദേശകരും 5ആ മത്തെ ആൾ ദുബെ .അടുത്ത 2 പേർ ഡോക്റ്റർമാർ -എന്നുവെച്ചാൽ എപ്പോഴും കമ്പനിക്ക് ഈ കമ്മിറ്റിയെ നിയന്ത്രിക്കാൻ കഴിയുമെന്നർത്ഥം-
പിന്നെ അവരിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നതിന്ന് എന്ത് അർത്ഥമാണുള്ളത്.?വാസ്ഥവത്തിൽ ഈകമ്മിറ്റി സീരിയസ്സായ യാതൊരു പഠനവും നടത്തിയിട്ടില്ല .
ഒരു പ്രാവശ്യം അവരിവിടെ വന്നപ്പോൾ ജനങ്ങൾ ബഹിഷ്കരിക്കുകയാണാ് ചെയ്തത്. അടുത്ത തവണ ആരേയും അറിയിക്കാതെയാണ് അവർ വന്നത് .അതും ജനങ്ങൾ കണ്ടുപിടിക്കുകയും ബഹിഷ്കരിക്കുകയും ചെയ്തു .അതായത് ജനങ്ങൾ തുടക്കം മുതലേ ശരിയായ രീതിയിലാണ് ചിന്തിച്ചത് എന്നർത്ഥം .
അതിനാൽ ദുബെ കമ്മിറ്റിക്ക് സമരത്തെ വഴി തെറ്റിക്കുവാനോ ,ഇല്ലാതാക്കുവാനോ കഴിയില്ലെന്ന് വ്യക്തം.
പിന്നെ തിരിച്ചറിയുന്ന ഒരു കാര്യമുണ്ട്.
ജനങ്ങളുടെ പേരിൽ ,ജനങ്ങൾക്ക് വേണ്ടി അവതരിപ്പിക്കപ്പെടുന്ന എന്തിലൂടേയും എങ്ങിനെ ചതിയുടെ ആധിപത്യം പുലർത്തുന്നു എന്നും ,പോസിറ്റീവായേക്കവുന്ന എന്തിനേയും എങ്ങിനെ ജനവിരുദ്ധമാകാമെന്നും ദുബെ കമ്മിറ്റി നല്കിയ അനുഭവം നമ്മെ പഠിപ്പിക്കുന്നു.
ക്ളാസിക്കലായ അർത്ഥത്തിലുള്ള ശാസ്ത്രജ്ഞരും വിദഗ്ദരും എന്നത് ഒരു മിഥ്യയാണെന്നും.
എന്റെ പേരിൽ മാന നഷ്ടത്തിന്ന് നല്കിയ രണ്ടു കേസുകൾ നിലവിലുണ്ട്. ഒന്ന് കമ്പനി അസോസിയേഷൻ നല്കിയതും രണ്ട് ബോംബെ അസോസിയേഷൻ നല്കിയതും . ഇതൊക്കെ ഒരു പ്രവർത്തനത്തിന്നിടയിൽ സ്വാഭാവികമാണ്.
ഇപ്പോൾ പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടുന്ന ഒരു റിവ്യൂ കമ്മിറ്റി നിലവിൽ വന്നിട്ടുണ്ട് .അവർ ഇതിനകം രണ്ട് സിറ്റിംഗ് നടത്തിക്കഴിഞ്ഞു. ഏതായാലും പ്രശ്നം നിർണ്ണായകമായ ഒരു വഴിത്തിരിവിൽ എത്തി നില്ക്കുകയാണ്.
?:-കീടനാശിനിയുടെ ഉപയോഗത്തേക്കുറിച്ച് മൊത്തത്തിൽ താങ്കൾക്ക് പറയാൻ കഴിയുന്ന അഭിപ്രായമെന്താണ്?
മറു:-aereal spray നിർത്തിവെച്ച് രണ്ടു വർഷം കഴിയുമ്പോഴേക്ക് ഇവിടെ നിന്ന് അപ്രത്യക്ഷമായ പക്ഷികളൊക്കെ തിരിച്ചു വന്നിരിക്കുന്നു. തേനീച്ചകളും തേൻ കൂടുകളും വീണ്ടും കാണാൻ തുടങ്ങിയിരിക്കുന്നു കഴിഞ്ഞവർഷം ഏകദേശം ബംബർ എന്നു പറയാവുന്ന വിളവുകളുണ്ടായി. ഇതൊക്കെ സൂചിപ്പിക്കുന്നത് എന്താണ്?
കീടനാശിനി വിളവു വർദ്ധിപ്പിക്കുന്നു എന്ന വാദം തന്നെ തെറ്റാണ് എന്നീ നിഗമനങ്ങൾക്കെങ്കിലും നമ്മെ ഈ അനുഭവം പ്രേരിപ്പിക്കുന്നു.
പിന്നെ ഭൂമിയിൽ കാണുന്ന ജീവികളെയെല്ലാം മിത്ര കീടങ്ങൾ ശത്രു കീടങ്ങൾ എന്നിങ്ങനെ വേർതിരിച്ച് കൊന്നൊടുക്കുവാനും ജീവിക്കാനനുവദിക്കാനുമൊക്കെ മനുഷ്യന് എന്തധികാരമാണുള്ളത്.
പ്രകൃതിയുടെ പദ്ധതിയിൽ ഒന്നും അനാവശ്യമല്ലെന്ന് ഓർമ്മവേണം ജീവജാലങ്ങളുടെ ധർമ്മത്തെ കുറിച്ച് അന്തിമമായ അറിവ് നാം കൈവരിച്ചിട്ടില്ല .
പരാഗണം നടത്താൻ പാറ്റയും ശലഭങ്ങളുമൊക്കെ വേണമെന്ന് ശാസ്ത്രം പറയും പക്ഷെ ഏതെങ്കിലും പ്രാണി ഇളംകായിലെ നീർ കുടിക്കുന്നത് കണ്ടാൽ ഉടൻ അവ കൊന്നൊടുക്കപ്പെടേണ്ട ജീവിയായി .
യഥാർത്ഥത്തിൽ ജീവിതത്തിന്റെ ആധാരം തന്നെ കൃഷിയായിരുന്ന കാലത്ത് കീടാക്രമണങ്ങളേക്കുറിച്ച് ഇത്ര പേടിയുണ്ടായിരുന്നു എന്നതിന്ന് തെളിവൊന്നുമില്ല . എന്തെങ്കിലും കീടപ്രശ്നങ്ങൾ ഉണ്ടായാൽ അതു പരിഹരിക്കാനുള്ള നാട്ടറിവും കർഷകർക്ക് ഉണ്ടായിരുന്നു.
പരിസ്ഥിതിയുടെ നിയമങ്ങൾ തന്നെയാണ് അന്നു ഉപയോഗിച്ചത്.
-വാസ്തവത്തിൽ വ്യാപകമായി കാടും മറ്റും വെട്ടിനശിപ്പിക്കുകയും നഗരങ്ങൾ പെരുകുകയും പ്രകൃതി ദത്തമായ നീർച്ചാലുകളും ,നീർകെട്ടുകളും നശിപ്പിക്കപ്പെടുകയും ചെയ്തപ്പോഴാണ് കീടങ്ങൾ എന്നു പറയുന്ന ജീവജാലങ്ങൾ കൂട്ടായി കൃഷിയിടത്തിലേക്ക് പ്രവേശിച്ചത് എന്നു തോനുന്നു. സ്വന്തം ആവാസവ്യവസ്ഥ ആക്രമിക്കപ്പെടുമ്പോൾ നടക്കുന്ന പ്രാണരക്ഷാർത്ഥമുള്ള ഒരു തരം പാലായനം തന്നെയാണത്.
ഇവിടെതന്നെ പ്ലാന്റേഷനുകളിൽ എന്റോസൾഫാൻ തളിച്ചപ്പോൾ അതിലെ കീടങ്ങൾ താഴ്വരയിലേയും ,സൾഫാൻ തളിക്കാത്ത മറ്റു പ്രദേശങ്ങളിലേയും കൃഷികളിലേക്കും സസ്യ ലതാതികളിലേക്കും കുടിയേറിയതായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
കാര്യമിതായിരിക്കാം .കാടുനശിപ്പിച്ചു .കീടങ്ങൾ കൃഷിയിടങ്ങളിൽ വന്നു.അതേസമയം വ്യവസായികൾ കീടനാശിനികൾ ഉല്പാദിപ്പിച്ചു-അതു വിറ്റഴിക്കാൻ അവർ കീടങ്ങൾക്കെതിരെ പ്രചണ്ഡമായ പ്രചാരണം നടത്തി-
ഇക്കാര്യങ്ങളെല്ലാം ചെയ്തത് ഒരേ ശക്തികളാണല്ലോ .
പണക്കൊതിയന്മാരായവരും അധികാരം കയ്യാളുന്നവരുമായ ശക്തികൾ .
ഏതായാലും ലോകത്താകെ കീടനാശിനിയുടെ ഉപയോഗം എന്നന്നേക്കുമായി നിർത്തി വെക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
അതില്ലാതെ തന്നെ കൃഷിചെയ്യാനുള്ള നൂതനവും ,പരമ്പരാഗതവുമായ അനവധി മാർഗ്ഗങ്ങളും ആശയങ്ങളും മനുഷ്യ രാശിയുടെ മുൻപാകെയുണ്ട്.
മിക്കതും പരീക്ഷിച്ച് വിജയിച്ചതുമാണ് ഈ കാഴ്ചപ്പാടോടേയുള്ള പോരാട്ടവുമായി ഈ സമരത്തെ ബന്ധിപ്പിക്കേണ്ടതുണ്ട്.

2010, നവംബർ 20, ശനിയാഴ്‌ച

ആര്‍ക്കാണ് തെറ്റ് പറ്റിയത് ?

പാദ് രയില്‍ നിന്നും വീണ്ടും വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നു .....
കാല്‍ നൂറ്റാണ്ട്കാലം വിഷമാരി സൃഷ്ടിച്ച മഹാവിപത്തിന്റെ സാക്ഷി പത്രങ്ങളായി,
ദുഷ്ട ദുരന്തത്തിന്റെത്തിന്റെ ജീവിച്ചു തീർക്കുന്ന ഹൃദയംപിളർക്കുന്ന സാക്ഷിചിത്രങ്ങളായി ചെറുത്തുനില്പ്പിന്റെ പ്രതീകങ്ങളായി .....
എല്ലാംഒടുങ്ങിയിട്ടും ഒടുങ്ങാതെ കടലെടുത്തു പോവാതെ
പാദ് ര ഇന്നും ഒരുജീവച്ചവമായി അവിടെയുണ്ടു.
എന്റോസൾഫാൻ വിഷം തലമുറകളോളം വിഷവാഹികളാക്കിയ -,
ദുഷ്ടശക്തികളായ -പണത്തിന്നു വേണ്ടി എന്തും വില്ക്കുന്ന കീടനാശിനി കച്ചവടക്കാരും
അവരെ നിരന്തരം സേവിക്കുന്ന പാവം മാത്രം ചെയ്തു ശീലിച്ച ഭരണാധികാരികളും ,
എല്ല ദർശ്ശനങ്ങളും മൂലധന താല്പ്പര്യത്തിന്നു വേണ്ടി അടിയറവെച്ച
വ്യവസ്ഥാപിത രാഷ്ട്രീയക്കാരും ചേർന്നു ദുരന്ത ഭൂമിയാക്കിയ പാദ് രയിൽ
മണ്ണും വായുവും ,ചെടികളും ,പക്ഷി മൃഗങ്ങളും മനുഷ്യരും എല്ലാം തന്നെ
വരുംകാലത്തിന്ന് കൈമാറാൻ ഒന്നും ഒന്നും അവശേഷിക്കാത്ത പാദ് ര... .
നരകത്തില്‍പോലും ഇത്രയും ആകാൻകഴിയുമോ?
അതും ദൈവത്തിന്റെ സ്വന്തം നാട്ടിൽ ..
ഇല്ല . ഹൃദയം മുറിയുന്ന ഈ വിചിത്ര കാഴ്ച കാണാന്‍ ആവില്ല ...
അരുത് കാട്ടാളന്മാരെ അരുത്...കണ്ണേ മടങ്ങുക..മടങ്ങുക..
കാസർക്കോട് ജില്ലയിൽ 11 പഞ്ചായത്തുകളിൽ വിഷ ദുരിതബാധിതരുടെ എണ്ണം പതിനായിരക്കണക്കിന്നു വരും
രോഗം ബാധിച്ചു മരണപ്പെട്ടവർ ആയിരത്തിലേറെ.
2001 ഒന്നു മുതൽ ദുരന്ത വാർത്തയറിഞ്ഞു പാദ് ര ഗ്രാമത്തിലേക്ക് വന്ന പഠന ക്കമ്മീഷനുകൾക്കും ശാസ്ത്രജ്ഞന്മാർക്കും പത്ര-ദൃശ്യമാധ്യമങ്ങൾക്കും സാമൂഹ്യ- രാഷ്ട്രീയ പ്രവർത്തകർക്കും
പഠന റിപ്പോർട്ടുകൾക്കും ചെറുത്തു നില്പ്പുകൾക്കും പ്രതിഷേധങ്ങൾക്കും കണക്കില്ല
എന്നിട്ടും എന്നിട്ടും എന്തേ പാദ് രയുടെ കണ്ണുനീർ അവസാനിക്കുന്നില്ല.
എല്ലാം വനരോധനമായി ഒടുങ്ങിപ്പോകുന്നു.
മാനവികതയുടെ ഇടതുപക്ഷത്തിന്റെ ഈ ലാസ്റ്റു ബസ്സിലും എന്തേ ഇവർക്ക് കാലുകുത്താൻ
ഇടം കിട്ടാതെ പോകുന്നു...
ക്ഷമിക്കണം
ഈ കുറിപ്പിന്റെ അടുത്ത ഭാഗത്തിലേക്ക് കടക്കുന്നതിന്നു ഇടയിൽ ഒരു വാർത്തയിലേക്ക് .
സ്വിസ്സ് ബാങ്ക് അസോസിയേഷൻ 2008 ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം സ്വിസ്സ് ബാങ്കിൽ പണം നിക്ഷേപിച്ച തുകയിൽ ഏറ്റവും വലിയ തുക ഇന്ത്യാക്കാരുടേതാണ്.
അനധികൃതമായി പണം സൂക്ഷിച്ച പ്രമുഖർ രാഷ്ട്രീയക്കാരാണ്.
ഇവർ രഹസ്യ അക്കൗണ്ടുകളിൽ നിക്ഷേപിച്ച തുക 4700 കോടി ഡോളറാണ്.
(ഇത് 2008 ലെ കണക്കാണ്കഴിഞ്ഞ 15 വഷത്തിലെ നിക്ഷേപത്തിന്റെ വർഷാന്ത വർദ്ധനവ് 10 ഇരട്ടിയാണ്) ഈ തുകയുടെ പലിശ നമ്മുടെ കേന്ദ്ര സർക്കാറിന്റെ വാർഷിക ബജറ്റിലും അധികമാണ്.
നിക്ഷേപ്ക്കാപ്പെട്ട 10 ൽ ഒരു അംശം ഉപയോഗിച്ചാൽ ഇന്ത്യയുടെ മുഴുവൻ വിദേശക്കടവും വീട്ടാൻ കഴിയും .
ഇന്ത്യയിലെ സ്വിസ്സ് അംബാസഡർ മുംബെയിൽ വെച്ചു നടത്തിയ ഒരു പ്രസ്താവനയിൽ നന്ദി പ്രകാശിപ്പിച്ചത് ഇങ്ങിനേയായിരുന്നു.
“സമ്പന്നരായ ഇന്ത്യക്കാരെ ആശ്രയിച്ചു കഴിയുന്ന ഒരു ദരിദ്ര രാഷ്ട്രമാണ് സ്വിസ്സ്സർലാന്റ്” എന്നാണ്..
ഇനി വിഷയത്തിലേക്ക്
മന്ത്രി തെറ്റ് തിരുത്തണം എന്നാവശ്യപ്പെട്ടവർക്ക് സന്തോഷിക്കാനും ചർച്ചകൾ നിർത്തിവെക്കാനും വക നല്കിക്കൊണ്ട്
മന്ത്രി ഖേദം പ്രകടിപ്പിച്ചു. അത്തരമൊരു പ്രസ്താവന നടത്താനുണ്ടായ സാഹചര്യം മനസ്സിലാക്കി തുടർന്നുള്ള വിവാദങ്ങൾ അവസാനിപ്പിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.
മന്ത്രിമാർക്കും MPമാർക്കും MLAമാർക്കും രാഷ്ട്രീയ നേതാന്മാർക്കുമുള്ള വ്യക്തിപരമായ അഭിപ്രായം എൻന്റോസൾഫാൻ നിരോധിക്കണമെന്നു തന്നെയാണ് .
പക്ഷെ കേന്ദ്ര സർക്കാറിന്റെ ഔദ്യോഗിക നിലപാട് മറ്റൊന്നായിരിക്കുമ്പോൾ ഇവർക്കൊക്കെ എന്തു ചെയ്യാൻ കഴിയും
“ഈ ലക്ഷ്യം നേടുന്നതിന്ന് വിവാദമല്ല കൂട്ടായ ശ്രമമാണ് ആവശ്യമെന്നും”മന്ത്രി പറയാൻ മറന്നില്ല.
ആയുഷ്കാലം മുഴുവൻ ജനങ്ങളെ ഭരിച്ച് സേവിക്കാൻ പെടാപ്പാടുപെടുന്ന കെമിസ്റ്റ്റി അദ്ധ്യാപകൻ ശ്രദ്ധിക്കാതെ പോയതും
കഴിഞ്ഞ പതിനഞ്ച് വർഷക്കലമായി രാജ്യത്തെ ജനങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നതുമായ ചില വസ്തുതകൾ ഇങ്ങിനെയാണ്:-എന്റോസൾഫാനിൽ അടങ്ങിയിരിക്കുന്ന രാസവസ്തു പ്രധാനമായും ഓർഗാനോ ക്ളോറിൻ ആണ്.
ടർപ്പന്റയിനോട് സദൃശ്യമായ മണമുള്ള ഇതിന്റെ നിറം കാപ്പിയോ അതിന്റെ നേർത്ത വകഭേദമോ ആണ്..
രണ്ടുതരം മിശ്രിത രൂപങ്ങളിൽ ഇത് മാർക്കറ്റിൽ യഥേഷ്ടം ലഭ്യമാണ് .
ഹെസ്റ്റ്,എക്സൽ ഇന്റ്രസ്റ്റീസ്,ഹിന്ദുസ്ഥാൻ ഇൻസെക്റ്റിസൈഡ് ലിമിറ്റഡ് ,ഇ ഐ സി പ്യാരി എന്നിവരാണ് എന്റോസൾഫാൻ ഉല്പ്പാദിപ്പിക്കുന്ന കമ്പനികൾ ഇവരിൽ പലരും വൈദ്യ ശാസ്ത്ര മേഖലയിൽ ആധിപത്യം വഹിക്കുന്ന മരുന്നു നിർമ്മാണ കമ്പനികളുമാണ്..
ഏറ്റവും അധികം എന്റോസൾഫാൻ ഉല്പ്പാധിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ഇന്ത്യയിലാണ്.ഉല്പ്പാദനത്തിന്റെ നല്ലൊരു പങ്ക് ഇപ്പോഴും ഇത് ഉപയോഗിക്കുന്ന രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്.
13180 മെട്രിക്ക് ടൺ എന്റോസൾഫാൻ ഇന്ത്യയിൽ നിന്നു
കയറ്റി അയക്കുകയും 4599 മെട്രിക്ക് ടൺ നമ്മുടെ രാജ്യത്ത് ഉപയോഗിക്കുകയും ചെയ്യുന്നു.
1774 ൽ കാൾ വിജിലംഷിലെ എന്ന സ്വീഡീഷ് ശാസ്ത്രജ്ഞനാണ് ഇത് വേർതിരിച്ചെടുത്തത്.
ഒന്നും രണ്ടും ലോകയുദ്ധങ്ങളിൽ ശത്രു വിഭാഗത്തിന്റെ ജീവജാലങ്ങളേയും പരിസ്ഥിതിയേയും കൊന്നൊടുക്കുവാനുള്ള രാസായുധമായി ഇത് ഉപയോഗിക്കപ്പെട്ടു.
പിന്നീട് ഇത് കീട നാശിനി എന്നനിലയിലേക്ക് വേഷം മാറി രൂപം മാറി.
നമ്മുടെരാജ്യത്ത് രാസ കീടനാശിനികൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത് 50 വർഷത്തിലധികമായി
എങ്കിലും എന്റോസൾഫാൻ അവതരിച്ചിട്ട് 30 വർഷമേ ആയിട്ടുള്ളു .
“ദൈവം 91 മൂലകങ്ങൾ നിർമ്മിച്ചു മനുഷ്യൻ ഒരു ഡസനിലും കുറവ് മൂലകങ്ങളേ വേർതിരിച്ചെടുത്തു.
പക്ഷെ ചെകുത്താൻ ഒരേയൊരു മൂലകം ശൃഷ്ടിച്ചു അതാണ് ക്ളോറിൻ ”ശാസ്ത്രജ്ഞന്മാരുടെ വാക്കുകളാണിത്.
രാസപ്രക്രിയയിലൂടെ ക്ലോറിൻ കാർബണുമായി പ്രതിപ്രവൃത്തിച്ചാണ് ജൈവക്ളോറിൻ ഉണ്ടാവുന്നത്.
എന്റോസൾഫാൻ ജൈവ ക്ളോറിൻ അടങ്ങിയ ഒരു കീട നാശിനിയാണ്.
ജീവികളുടെ ശരീരത്തിലും അന്തരീക്ഷത്തിലും നശിക്കാതെ നില നില്ക്കുന്നതും വിഭജിക്കാൻ കഴിയാത്തതുമാണ് ജൈവക്ളോറിൻ .
ഇതു ശരീരത്തിലെ കൊഴുപ്പിൽ നന്നായി അലിയുന്നു.അതിനാൽ ജൈവ വർദ്ധനം എന്ന പ്രക്രിയയിലൂടെ ശരീരത്തിൽ
ഇതിന്റെ അളവ് വർദ്ധിച്ചു വരുന്നു.
ഭഷ്യ ശൃംഖലയിൽ രാസ വസ്തു കലരുന്നതോടെ അത് ഭക്ഷിക്കുന്ന ജീവികളുടെ ശരീരത്തിൽ ഈ രാസവസ്തു എത്തിപ്പെട്ട്
നിലനില്ക്കുകയും ക്രമീകമായി തോത് കൂടിവരികയും ചെയ്യുന്ന പ്രക്രിയയാണ് ജൈവവർദ്ധനം.
വെള്ളത്തിലും പഴവർഗ്ഗങ്ങളിലും എന്റോസൾഫാന്റെ അർദ്ധജീവിതം (രാസ ഗുണത്തോടെ വീര്യം നിലനില്ക്കുന്ന അവസ്ഥ​‍മൂന്ന് ദിവസം മുതൽ ഏഴു ദിവസം വരെയാണെന്ന് കണക്കാക്കാം .
എന്നാൽ മൺ കൂനകളിൽ ഈ കാലയളവ് 60 ദിവസം മുതൽ 600 ദിവസം വരേയാണ്.
മണ്ണീലെ സൂഷ്മ ജൈവ ജാലങ്ങളെ ഓർഗ്ഗാനോ ക്ലോറിൻ നശിപ്പിക്കുന്നതോ ,മണ്ണിന്റെ ജൈവസ്വഭാവത്തെ തടയുന്നതോ ആവാം
ഇതിന്റെ കാരണം .
ഈ രണ്ട് കാലയളവുകൾക്കിടയിൽ മത്സ്യ മാംസങ്ങൾ ധാന്യ പയർ വർഗ്ഗങ്ങൾ തുടങ്ങിയ ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ശ്വസിക്കുകയും മണ്ണുമായി പെരുമാറുകയും ചെയ്യുന്ന മനുഷ്യന്റേയും ജീവികളുടെയും ശരീരത്തിൽ കീടനാശിനി എത്തിപ്പെടാനും
കൊഴുപ്പിൽ ജൈവക്ലോറിൻ കലരാനുമുള്ള സാഹചര്യം നിലനില്ക്കുന്നു.
ആവാസവ്യവസ്ത മുഴുവൻ വിഷമയമായി മാറുകയും ജീവികൾ ആ വിഷത്തിന്ന് വിധേയമാവുകയും ചെയ്യുന്ന രാസവിഷ പരിചംക്രമണത്തിന്റെ സമഗ്രമായ ഒരു വ്യവസ്ഥയാണ്​‍ ഇങ്ങനെ ഉണ്ടാവുന്നത് . പാദ് രയിൽ വർഷത്തിൽ 3 തവണയായി 25 കൊല്ലക്കാലം എന്റോസൾഫാൻ മഴ വർഷിച്ച് ഒഴിവില്ലാത്ത വിധേയമാക്കപ്പെടലിലൂടെ രക്തം കൊഴുപ്പ് എന്നിവയ്ക്ക് ഓർഗ്ഗാനോ ക്ളോറിൻ സ്വാംശീകരിക്കാനുള്ള കഴിവ്(വിഷത്തിനെതിരേയുള്ള പ്രതിരോധ ശേഷി)കൂടിവരുമെന്ന് തീർച്ചയില്ല .
ഇതുണ്ടാക്കുന്ന ജനിതക പ്രത്യാഘാതങ്ങളെക്കുറിച്ച് ശാസ്ത്ര ലോകത്തിന്ന് കാര്യമായി ഒന്നും അറിവില്ല .
എങ്കിലും പാദ് ര നല്കുന്ന പാഠം വിലപ്പെട്ടതാണ്.
പൊതുവായ സ്വഭാവ സവിശേഷതകൾക്കകത്ത് തന്നേയുള്ള ഓരോരോ ജൈവ സാങ്കേതിക പ്രവർത്തന വ്യവസ്ഥകളാണ് ജീവികൾ .
ഒരു പൊതു വ്യവസ്ഥയുടെ ഭാഗമായ സവിശേഷതകളാണ് ജീവൻ എന്ന പ്രതിഭാസം നിലനില്ക്കുന്നത് എന്നിതു സൂചിപ്പിക്കുന്നു.
ക്രമാനുഗതമായി ഉണ്ടാകുന്ന ജനിതകമായ അട്ടിമറി
ജീവന്റെ സാമാന്യവും സവിശേഷവുമായ ഈ അവസ്ഥയിൽ ജീവികളുടെ ജൈവ സ്വഭാവത്തിൽ മാരകമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് ഊഹിക്കാൻ വലിയ ശാസ്ത്രബോധമൊന്നും ആവശ്യമില്ല .
എന്റോസൾഫാന്-കാർസിനോജനിക്ക്,ഇമ്യൂണിസ്റ്ററി സപ്രഷൽ എന്നീ സ്വഭാവ സവിശേഷതകളുള്ളതായി ശാസ്ത്രം സമ്മതിച്ചിട്ടുണ്ട് .
ഇത്തരം നാശകാരിയായ സ്വഭാവങ്ങളുള്ള എന്റോസൾഫാൻ ഉണ്ടാക്കാനും അതു കൃഷിക്ക് വേണ്ടി നിർദ്ദേശിക്കുവാനും
ശാസ്ത്രത്തിന്ന് യാതൊരു ചിന്താക്കുഴപ്പവും ഉണ്ടായില്ല .
പക്ഷെ രോഗങ്ങളുടെ കാരണം എന്റോസൾഫാനാണെന്ന് പറയേണ്ടി വരുന്ന ഘട്ടം വരുമ്പോൾ ഇന്നത്തെ ശാസ്ത്രവും ശാസ്ത്രജ്ഞരും ഭരണാധികാരികളും പൊട്ടൻ കളികളിക്കുന്നു.
ഇതു ശസ്ത്രത്തിന്റെ കുഴപ്പമല്ല.
മൂലധന ശക്തികളും അതിന്റെ താല്പര്യം സംരക്ഷിക്കുന്ന ഭരണകൂടവും ചെല്ലും ചിലവും കൊടുത്തു പോറ്റുന്ന
സാമൂഹ്യ വിരുദ്ധതയുടെ ശാസ്ത്ര മാവുന്നത് കൊണ്ടാണ് .
2000 ത്തിൽ ഐക്യ രാഷ്ട്ര സഭയുടെ നേതൃത്വത്തിൽ സ്റ്റോക്ക് ഹോമിൽചേർന്ന 120 രാജ്യങ്ങളുടെസമിതി 12 കീടനാശിനികൾ നിരോധിക്കാനുള്ള പ്രോട്ടോകോളിൽ ഒപ്പ് വെച്ചു .പോപ്സ് എന്ന് അറിയപ്പെടുന്ന ,
അത്യന്തം വിനാശകാരികളായ ഈ കീടനാശിനികളെ Dirty Dozenഎന്നാണു സമിതി വിശേഷിപ്പിച്ചത് .
നിരോധിക്കാൻ ഉദ്ദേശിച്ച ഡൈക്ളോഡ് യ്ൻ എന്നഗ്രൂപ്പിൽ ആദ്യം എന്റോസൾഫാനും ഉൾപ്പെട്ടിരുന്നു.
എന്നാൽ പിന്നീട് അതിനെ ക്ളോറിനേറ്റഡ്സൈക്ലിക്ക് ഡയോളിന്റെ സൾഫ്യൂറസ് ആസിഡ് എന്നഗ്രൂപ്പിലേക്ക് മാറ്റി .
ഇതിനെ നിരോധനത്തിൽ നിന്നും രക്ഷപ്പെടുത്തി.ഇങ്ങിനെ രക്ഷപ്പെടുത്താൻ
എന്റോസൾഫാന്‍ നിർമ്മാണ കമ്പനികളും അവരുടെ രാഷ്ട്രീയ ശക്തികളും അതി സമർത്തമായചരടു വലിച്ചു .POP റിവ്യൂ കമ്മിറ്റികളിലെ കഴിഞ്ഞ അഞ്ച് യോഗങ്ങളിലും എന്റോസൾഫാനു വേണ്ടി
അവരുടെ താല്പ്പര്യം സംരക്ഷിക്കുന്നതിന്നു വേണ്ടി ശക്തമായി നിലകൊള്ളുന്നത് ഇന്ത്യാ മഹാരാജ്യമാണ്.
നമ്മുടെ ഗവർമെന്റിന്റെപൊതു സമീപനം ഇങ്ങനെ ആവുന്നതിൽ അത്ഭുതപ്പെറ്റാനി ല്ല .
ഇന്ത്യമാത്രമല്ല ലോകത്തിലേതന്നെ ഏറ്റവവും വലിയ വ്യവസായ ദുരന്തമായിരുന്നല്ലോ ഭോപ്പാൽ ദുരന്തം .
1984 ഡിസംബർ 3 നമുക്ക് മറക്കാൻ കഴിയില്ല .
ഇങ്ങിനെയൊരു അപകടത്തിനുള്ള സാദ്ധ്യത വ്യാവസായിക വിദഗ്ദർ കണക്ക് കൂട്ടിയിരുന്നെങ്കിലും ഇത്രയും ഭീകരത ആരും പ്രതീക്ഷിച്ചിരുന്നില്ല .
അതിനാൽ അപകടം നടന്ന അർദ്ധരാത്രിയിൽ എന്തു ചെയ്യണ മെന്നറിയാതെ രാജ്യം സ്തബ്ധരായി.
പിന്നീട് ഇന്നുവരെ നാം കണ്ടുകൊണ്ടിരിക്കുന്നത് ദുരന്തത്തെ കുറച്ചു കാണിക്കാനുള്ള ശ്രമങ്ങളാണ്
ഔദ്യോഗിക വിഭാഗങ്ങളിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നാണ്.
ഭോപ്പാൽ ദുരന്തത്തിന്ന് മുമ്പും അതിന്ന് ശേഷവും വികസിത രാജ്യങ്ങളേയും മൂന്നാം ലോകരാജ്യങ്ങളേയും വേർതിരിച്ചു കാണുന്നതും
മൂന്നാം ലോകരാജ്യങ്ങളിലെ ജനങ്ങളേയും അതിലെ വിഭവങ്ങളേയും കൊള്ളചെയ്യുന്നതിന്നും ഒരു ദാക്ഷിണ്യവും കാണിക്കാറില്ല എന്നതാണു.
വികസിത രാജ്യങ്ങളുടെ ഒരു ട്രംഞ്ചിങ്ങ് പ്രദേശവും കൂടിയായാണ് ഇന്നു മൂന്നാം ലോകരാജ്യങ്ങൾ
മാരകമായ പാരിസ്തിതി തകരാരുണ്ടാക്കുന്ന എല്ലാ വ്യവസായങ്ങളും മാത്രമല്ല ആണവാവശിഷ്ടങ്ങൾ പോലും മൂന്നാം ലോകരാജ്യങ്ങളിലേക്ക് നിർബ്ബാധം തള്ളിക്കൊണ്ടിരിക്കുന്നു.
ഭോപ്പാൽ ദുരന്തം സഭവിച്ചത്‌ നോക്കുക..
ഇതുപോലുള്ള അപകടം ഒഴിവാക്കുന്നതിന്ന് വികസിതരാജ്യങ്ങളിൽ ഒട്ടേറേ സുരക്ഷാ നടപടികൾ ഉണ്ടു.
അതിൽ ഒന്ന് മീതൈൽ ഐസോസൈനേറ്റ് എന്നരാസവസ്തു അന്തരീക്ഷ ഊഷ്മാവിൽ എത്താതെ തണുപ്പിച്ചു കൊണ്ടിരിക്കണം എന്നത്.
മറ്റൊന്ന് ഇത് ചെറിയ ബാരലുകളിലേ സൂക്ഷിക്കാവൂ എന്നതാണ്.ഇല്ലെങ്കിൽ പൊട്ടിത്തെറിക്കുള്ള സാദ്ധ്യത കൂടുതലാണ്
മീതൈൽ ഐസോസൈനേറ്റ് എന്ന രാസ വസ്തുവിൽ നിന്നാണു സെവിൻ എന്ന കീടനാശിനി ഉണ്ടാക്കുന്നത്.
ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്റ്ററിയിൽ ഉല്പ്പാദിപ്പിച്ചിരുന്നത് സെവിനായിരുന്നു.അതിനെ തണുപ്പിക്കാനായി
വേണ്ടിവരുന്ന ഇലക്ട്രിസിറ്റി ലാഭിക്കാൻ അതിന്നു വേണ്ടിയുള്ള സംവിധാനങ്ങൾ രാത്രി കാലങ്ങളിൽ പ്രവർത്തിപ്പിക്കാതിരിക്കുക എന്നത് ഇവിടുത്തെ സ്ഥിരം പരിപാടിയായിരുന്നു.
ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിയിരുന്ന കമ്പനി ഡയറക്റ്റർ വാറൽ ആൻഡേഴ്സിനെ ഇന്ത്യയിൽ നിന്നും
രാക്ക് രാമാനം തടി തപ്പുന്നതിന്ന് എല്ലാ വിധ സഹായവും സംരക്ഷണവും നല്കിയത് ഈരാജ്യത്തെ ഭരണകൂടമാണ്, സർക്കാറാണ്.
തുടർന്നുണ്ടായ കോടതി നടപടികളും വിധിയും നമ്മൾ ഈ ബൂലോകത്തു ഏറെ ചർച്ച ചെയ്തതുകൊണ്ട്
അക്കാര്യത്തിലേക്ക് കടക്കുന്നില്ല.
നമ്മുടെ സർക്കാറിന്റെ നെറികെട്ട സമീപനത്തിന്റെ ഒരു തനിയാവർത്തനം മാത്രമാണ് പാദ് ര...
ഇവിടേയും കൊടും ഭീകരരായ വിഷമരുന്നു കുറ്റവാളികളെ സമർത്തമായി എങ്ങിനെ രക്ഷപ്പെറ്റുത്തുന്നു എന്നതിന്റെ നാടക കാഴ്ചകാൾക്കാണ് നമ്മളിപ്പോൾ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്.
ചില ശാസ്ത്രീയ വിവരങ്ങള്‍ കച്ചവടത്തിനായി ഉപയോഗിക്കുന്ന എന്റോസൾഫാനിൽ രണ്ടു മോളിക്യൂളർ രൂപങ്ങൾ -ആല്ഫ/ബീറ്റ എന്റോസൾഫാൻ -ഉൾക്കൊള്ളുന്നു
യു എസ് പാരിസ്ഥിതിക സംരക്ഷണ ഏജൻസി (Environmental Proteection{Ageny)പറയുന്നത്
എന്റോസൾഫാൻ ശക്തമായ വിഷ സ്വഭാവമുള്ളതാണ് എന്നാണ്.
International Jjournal of Occupational and Environmental Healthന്റെ 2000 ഒക്ടോബർ ഡിസംബർമാസം ലക്കത്തിൽ കീടനാശിനികളേക്കുറിച്ച് വിഖ്യാതമായ പഠനങ്ങൾ നടത്തിയ എഫ് ക്വിജാനോ ഇങ്ങനെ എഴുതുന്നു.
“വ്യത്യസ്ത സ്രോതസ്സുകളിൽ നിന്നുള്ള പഠനങ്ങളും അവലോകന രേഖകളും എന്റോസൾഫാൻ ശക്തമായ വിഷഗുണ മുള്ളതും ,
അതിവേഗ മരണകാരണമായതും മാനസികവും വിഷവർദ്ധനം സൃഷ്ടിക്കുന്നതുമായ വിഷബാധയുൾപ്പെടെ ലിവർ കിഡ്നി തകരാർ,
ഹൃദയ സ്തഭനം ,രക്ത ദോഷ തകരാറുകൾ,തൊലിപ്പുറത്തെ അസ്വസ്ഥതകൾ തുടങ്ങി വിവിധ അവയവ വ്യവസ്തകളെ
മാരകമായി ബാധിക്കുന്ന താല്ക്കാലികവും സ്ഥായിയുമായ അനവധി വിഷബാധക്കും കാരണമാണെന്ന് ശക്തമായി തെളിയിക്കുന്നു.
എഫ് ക്വിജാനോ മനിലയിലെ കോളേജ് മെഡിസിനിലെ pharmacology and Toxicology ഡിപ്പാർട്ട്മെന്റിലെ അസോസിയേറ്റ് പ്രഫസറാണ്.....
എന്റോസൾഫാന്റെ LD50 വാല്യു (Lathel Doze Value) എന്റോസൾഫാൻ വായിലൂടെ കുടിച്ചു മരിച്ചവരുടെ ശരീരം പരിശോധിച്ച് കണ്ടെത്തിയ അളവുകളുടെരേഖകൾ ലഭ്യമാണ്.
വിഷം നേരിട്ട് വായവഴിയോ ഇഞ്ചക്ഷൻ വഴിയോ ശരീരത്തിൽ എത്തുമ്പോൾ
ജീവിയെ കൊല്ലാൻ പര്യാപ്തമായ അളവാണ് Lethel dozse 50 .എലികളിൽ 18-160ppm (Part per million) ആണ്.മുയലുകളിൽ 7.36 ഉം നായ്ക്കളിൽ 77 ppm ഉം ആണ്.
ഈ തോത് തന്നെ തൊലിയിലൂടെ അകത്ത് കടക്കുമ്പോൾ വളരെ ഉയർന്ന വിഷ ബാധ സ്വഭാവം കാണിക്കുന്നു.
തൊലിയിലൂടെയുള്ള എന്റോസൾഫാന്റെ സ്വാംശീകരണത്തിന്ന് എലികളെ വിധേയമാക്കിയപ്പോൾ
LD50 78-359 ppm ആണെന്ന് മനസ്സിലായി .
ബീറ്റ എന്റോസൾഫാനേക്കാൾ തീഷ്ണ വിഷകാരിയാണ് ബീറ്റ എന്റോ സൾഫാൻ .എലികളെക്കുറിച്ചുള്ള പരീക്ഷണം അവയുടെ ശരീരത്തിൽ പ്രോട്ടീൻ കുറവുള്ള അവസ്ഥയിൽ വിഷ ബാധക്ക് രണ്ടുമടങ്ങ് ശക്തി കൂടുതലായിരിക്കുമെന്ന് കാണിക്കുന്നു.
എന്റോസൾഫാൻ വിഷബാധയുടെ ഒരു പ്രധാന സ്വഭാവ സവിശേഷത തന്നെ കേന്ദ്രീ നാഡീ വ്യൂഹത്തെ ഉത്തേജിപ്പിക്കുവാൻ അതിനുള്ള കഴിവാണ്.
എലികൾ 15 ദിവസം തുടർച്ചയായി ,ഒരു ദിവസം 10ppm എന്റോസൾഫാൻ വായിലൂടെ നല്കിയപ്പോൾ മരണ നിരക്കിന്റെ വേഗത വളരെ കൂടുതലായി കണ്ടു.
ഒരു ദിവസം 5ppm നല്കിയപ്പോൾ കരൾവീക്കം സംഭവിക്കുന്നതായി നിരീക്ഷിക്കപ്പെട്ടു.
എലികൾക്ക് ഇതേ തോതിൽ 2 വർഷത്തിലധികം നല്കിയപ്പോൾ അതിജീവന ശേഷിയുടേയും വളർച്ചയുടേയും തോത് ക്രമത്തിൽ കുറഞ്ഞു വരുന്നതായും രക്തത്തിന്റെ രാസ സ്വഭാവത്തിലും കിഡ്നിയുടെ ഘടനയിലും മാറ്റങ്ങൾ സംഭവിക്കുന്നതായും കാണാൻ കഴിഞ്ഞു . എന്റോസൾഫാൻ സ്വാംശീകരണം മൃഗങ്ങളിൽ പകർച്ചവ്യാധിക്കെതിരെ ചെറുത്തു നില്ക്കാനുള്ള കഴിവു കുറക്കുന്നതായും നിരീക്ഷിക്കപ്പെട്ടു . പെൺ എലികൾക്ക് ആഴ്ച്ചകൾതുടർച്ചയായി ദിവസം 0.1 ppm എന്നതോതിൽ നല്കിയപ്പോൾ അവയുടെ പ്രത്യുല്പ്പാദന വ്യവസ്ഥയിൽ തകരാറുകൾ സംഭവിച്ചതായി കണ്ടു .
ആൺ എലികൾക്ക് ദിവസം പ്രതി 10 ppm തുടർച്ചയായി നല്കിയപ്പോൾ അവയുടെ Seminitterous Tabules(ശുക്ല വാഹിനിക്കുഴലുകൾ,അവ Testicles ചേർന്നുള്ളവയാണ്) തകരാക്കുന്നതും ആവശ്യമായ തൂക്കം കുറയുന്നതായും മനസ്സിലായി.
ഭ്രൂണം ഗർഭസ്ഥ ശിശു എന്നിവയിൽ അംഗ വൈകല്യ രൂപീകരണത്തിന്ന് കാരണമാകുന്ന ഒരു ഏജന്റാണ്Teratogen.ദിവസം പ്രതിയുള്ള 2.5 ppmഡോസ് വഴി എലികളിൽ സാധാരണ പോലുള്ള പ്രത്യുല്പ്പാദനം തന്നെ നടന്നതായി മൂന്ന് തലമുറ പഠനം വ്യക്തമാക്കിയെങ്കിലും 5 മുതൽ 10 വരെ ppm ശിശുക്കളിൽ എല്ലിന്റെ വളർച്ചയിൽ അസാധരണത്വം ഉണ്ടാക്കുന്നതായി തിരിച്ചറിയപ്പെട്ടു.
ജീനിന്റെ പ്രവർത്തന ധർമങ്ങളെ ബാധിക്കുന്നതോ അവയുടെ പ്രവർത്തനത്തിൽ മാറ്റം വരുത്തുന്നതോ ആയ ഒരു വസ്തു ജീൻ വിഷകാരികമാണ്.
ആല്ഫാ എന്റോ സൾഫാനും ബീറ്റാ എന്റോ സൾഫാനും മനുഷ്യന്റെ കരൾ കോശങ്ങളെ സംബന്ധിച്ചു വിഷകാരമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ബീറ്റാ എന്റോസൾഫാനാണ്‌കൂടുതൽ പ്രവർത്തന ശേഷിയുള്ള ജീൻ വിഷകാരികം .
വരും തലമുറകളിലേക്ക് സംക്രമിക്കുന്ന തരത്തിൽ കോശങ്ങളുടേയോ ജൈവ സംവിധാനത്തിന്റേയോ ജീൻ വസ്തുക്കളുടെ ഘടനയിലോ ആളവിലോ സംഭവിക്കുന്ന സ്ഥിരമാറ്റങ്ങളേയാണ് ജനിതിക ആഘാതം എന്നു പറയുന്നത്.
ബാക്ടീരിയകളുടേയും ഈസ്റ്റിന്റേയും കോശങ്ങളിലും സ്തനികളിലും എന്റോ സൾഫാൻ ജീൻ ആഘാതമുണ്ടാക്കുന്നതായി കാണിക്കുന്നു.
ആവശ്യമായത്ര തോതിൽ വിധേയമാക്കുകയാണെങ്കിൽ മനുഷ്യനിലും ജീൻ ആഘാതം ഉണ്ടാക്കാനുള്ള സാധ്യതയിലേക്കാണ് എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത്.
ഇത് കേൻസറിന്ന് കാരണമാകുന്നു വെന്ന് മാത്രമല്ല ബീജത്തേയും അണ്ഢത്തേയും ഭ്രൂണത്തേയും ബാധിക്കുക വഴി വികലമായ കുഞ്ഞുങ്ങളുടെ പിറവിക്ക് കാരണ മാകുകയും ചെയ്യുന്നു.
..............NIOH-ICMRഅന്വേഷണ സംഘത്തിന്റെ നിഗമനങ്ങൾ ...............
എന്റോസൾഫാൻ അവശേഷിപ്പിന്റേയും അംശങ്ങളുടേയും സാന്നിദ്ധ്യം പാദ് ര വില്ലേജിൽനിന്നും ശേഖരിച്ച കുടിവെള്ളത്തിലും രക്ത സാമ്പിളുകളിലും കണ്ടെത്തി.
ആല്ഫ എന്റോസൾഫാനും ബീറ്റ എന്റോസൾഫാനും എന്റോസൾഫാൻ തളിച്ച് 10 മാസത്തിന്ന് ശേഷവും രക്തത്തിലും കുടിവെള്ളത്തിലും എന്റോസൾഫാന്റെ അവശേഷിപ്പുകൾ കണ്ടെത്തിയത് തുടർച്ചയായുള്ള അതിന്റെ സാന്നിദ്ധ്യം ഉറപ്പു വരുത്തുന്നു.
പാദ് ര വില്ലേജിൽ പൈപ്പ് ജലം ലഭ്യമല്ല.കിണർ വെള്ളവും തുരംഗത്തിലെ വെള്ളവും കുടിവെള്ളമായും കോടങ്കേരി അരുവിയിലെ വെള്ളം കുളിക്കുന്നതിനും മറ്റു ആവശ്യങ്ങൾക്കുമായി അവർ ഉപയോഗിക്കുന്നു.
RRSSCയുടെ പഠനങ്ങളും കശുവണ്ടി തോട്ടങ്ങൾ എന്റോസൾഫാന്റെ ഒരു തുടർ ശ്രോതസ്സാണേന്ന് പറഞ്ഞിരിക്കുന്നു.
കാരണം തോട്ടങ്ങൾ കൂടുതലും സ്ഥിതിചെയ്യുന്നത് കുത്തനെയുള്ള കുന്നുകളിലാണ്. അവിടേ നിന്നു നേർത്ത നീർച്ചാലുകൾ താഴോട്ട് ഒഴുകുന്നു.
RRSSCയുടെ റിപ്പോർട്ടിലെ നിഗമനങ്ങൾപ്രകാരം ആകാശത്തു നിന്ന് തളിക്കുന്ന കീടനാശിനി മണ്ണിലും വെള്ളത്തിലും ചെടികളിലും ജന്തുക്കളുടെ ശരീരത്തിലും എപ്പോഴും എത്തിപ്പെടാനുള്ള സാഹചര്യം ഇതു മൂലം ഉണ്ടായിരിക്കുന്നു. പറഞ്ഞു വരുന്നത് അല്ലെങ്കിൽ പറയാൻ ഉദ്ദേശിച്ചത്:-
തെറ്റുപറ്റിയതു മന്ത്രിക്ക് അല്ല .കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലം രാജ്യത്ത് നടപ്പിലാക്കിയ “വികസനങ്ങളിലൂടെ” ഈ ഭരണാധികാരികൾസേവിച്ചത് ചൂഷക വിഭാഗത്തേയും വിദേശ മൂലധന ശക്തികളേയുമാണെന്ന് തിരിച്ചറിഞ്ഞിട്ടും
നാടുമുടിച്ച ഇവരെ തന്നെ തെരഞ്ഞെടുത്തയച്ച,കണ്ടാലും കൊണ്ടാലും പഠിക്കാത്ത
പ്രിയപ്പെട്ട വോട്ടർ മാർക്കാണ് തെറ്റു പറ്റിയത് എന്നാണ്.
1947ആഗസ്റ്റ് 14ന്ന് അർദ്ധരാത്രിയിലും മനസ്സും ചെവിയും കൂർപ്പിച്ചു നിന്ന ജനകോടികളോട്,രാജ്യത്തോട് സ്വതന്ത്ര ഇന്ത്യയിലെ പ്രധാനമന്ത്രിയായി അതികാരമേല്ക്കുമ്പോൽ ജവഹർലാൽ നെഹൃ ഇങ്ങനെ പറഞ്ഞു:-
“പഴമയിൽ നിന്നും പുതിയതിലേക്ക് നമ്മൾ കടക്കുന്നു.
വളരെക്കാലത്തിന്ന്ശേഷം അടിച്ചമർത്തപ്പെട്ടു കിടന്ന ഒരു രാജ്യത്തിന്റെ ആത്മാവ് നിശ്ശബ്ദത ഭജ്ഞിക്കുന്ന ചരിത്രത്തിലെ അപൂർവ്വമായ നിമിഷമാണ് കടന്നു വരുന്നത്.......
ഈധന്യ മുഹൂർത്തത്തിൽ ഇന്ത്യയേയും ഇന്ത്യൻ ജനതയേയും സേവിക്കുന്നതിന്ന് വേണ്ടിയും മനുഷ്യ വംശത്തിന്റെഷേമത്തിന്ന് വേണ്ടിയും ജീവിതം ഉഴിഞ്ഞു വെക്കാൻ നമുക്ക് പ്രതിജ്ഞയെടുക്കാം...
ഇന്ന് നമ്മൾ നമ്മുടെ ദൗർഭാഗ്യം നിറഞ്ഞ ഭൂതകാലത്തെ കയ്യൊഴിയുകയും ഇന്ത്യ സ്വയം കണ്ടെത്തുകയും ചെയ്യുകയാണ്...
എല്ലാവരും ഒന്നിച്ചു പാർക്കുന്ന ഒരു മഹനീയ സൗധമായി നമുക്ക് സ്വതന്ത്ര ഇന്ത്യേ മാറ്റി തീർക്കാം...”




(2005 ൽ എന്റോസൾഫാൻ വിഷബാധിത പ്രദേശത്ത് നടത്തിയ ജനകീയാന്വേഷണ സംഘത്തിന്റെ റിപ്പോർട്ടാണ് ഈ കുറിപ്പിന്ന് അവലംബം. ഇതിലെ പഠനം അക്കാലത്ത് ജയകേരളം പ്രസിദ്ധീകരിച്ചിരുന്നു.)

2010, നവംബർ 10, ബുധനാഴ്‌ച

ഒരു പ്രതികരണം കൂടി

(പ്രൊഫസര്‍ ടി ജെ ജോസഫിനെ പിരിച്ചുവിട്ട വാര്‍ത്ത കേട്ടപ്പോള്‍ രാജാ മോഹന്‍ ദാസ് "യുക്തി രേഖ" യിലൂടെ പ്രതികരിച്ചത് ഇങ്ങിനെ )

മനുഷ്യാവകാശ ലംഘനം

********************************

വേലായുധന്‍ വളിവിട്ടുപോയി ,അറിയാതെ
ജനാധിപത്യ ശ്രീകോവിലിന്‍ മുന്നിലെ പൊതു നിരത്തില്‍
അറിഞ്ഞുകൊണ്ട് ചെയ്തതല്ല ,പോന്നുടയതേ മാപ്പാക്കണം
വാര്‍ദ്ധക്യവുമതിന്‍ രോഗപീഡയുമേറിയ
കാലത്തിന്‍ നിയന്ത്രണം വിട്ടുപോയെന്നത് സത്യം !
വേലായുധന്റെ പേരില്‍ സ്വമേധയാ കേസെടുത്തു
മനുഷ്യാവകാശ കമ്മീഷന്‍ ,പ്രശ്നം ഗുരുതരം !
പരിസര മലിനീകരണം ,പരനിന്ദ ,മനുഷ്യാവകാശ ലംഘന
മിങ്ങനെ കുറ്റങ്ങളനവധി വേലായുധനു ചാര്‍ത്തി നല്‍കി
പാവനമാം ജനാധിപത്യ കവാടത്തില്‍ മുന്നിലെ
പൊതു നിരത്തില്‍ വളിവിടാമോ ?മ്ലേച്ചന്‍!
എന്നാലോ ,ഒരു കലാലയ ഗുരുവിനു
കൈപ്പത്തി പോയതെന്തെന്നാരും ചോദിച്ചതുമില്ല !
ഇന്നലെ പാതയോരത്ത് ചിതറിത്തെറിച്ചു വീണ
മാംസവും ചെഞ്ചോരയുമാരും കണ്ടതില്ലയോ ?
മതവെറിപൂണ്ട കാട്ടാളന്മാര്‍ വെട്ടിയെറിഞ്ഞ
മനുഷ്യന്റെ നോവുമാത്മാവിന്റെയവകാശ -
മൊരുകമ്മീഷനും നാട്ടിലെന്തേ അറിഞ്ഞില്ല ?
മതവും അതില്‍ മദവുംനമ്മുടെ യവകാശം
അതു ലംഘിക്കുന്ന ധിക്കാരി കൈപ്പത്തിതന്നെ നല്‍കണം നേര്‍ച്ചയായി
കൈപ്പത്തി പോയാലത് തുന്നിച്ചേര്‍ക്കാം,ചെമ്മേ,
എങ്കിലോ ,പാവനമാം ജനാധിപത്യ ശ്രീകോവിലിന്‍ മുന്നിലെ
പൊതു നിരത്തില്‍ വളിവിടാമോ രാഷ്ട്രപൌരന്‍
ജനാധിപത്യത്തിന്നു പരുക്കേറ്റാലെന്തു ചെയ്യും നാം
വേലായുധന്നു ജയില്‍ശിക്ഷ ,പിഴയും നല്‍കണ മുടന്‍ .
രക്ഷിക്കണം ,ജയിക്കണം മന്നിടത്തില്‍ ജനാധിപത്യം

2010, നവംബർ 8, തിങ്കളാഴ്‌ച

ശരിയായ ആശയങ്ങൾ വരുന്നത്‌ എവിടെ നിന്നാണ്

(സ: മാവോസേതൂങ്ങിന്റെ നിര്‍ദ്ദേശപ്രകാരം തയാറാക്കിയ
"വര്‍ത്തമാനകാലത്തെ നമ്മുടെ ഗ്രാമങ്ങളിലെ പ്രവര്ത്തനങ്ങളിലുള്ള ചില പ്രശ്നങ്ങളെ സംബന്ധിച്ച്
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി
എടുത്തിട്ടുള്ള കരടു തീരുമാനം "
എന്ന രേഖയില്‍ നിന്നുള്ളഖണ്ഡികയാണ്ഇവിടെകൊടുത്തിരിക്കുന്നത് .
ഈ ഖണ്ഡിക മാവോ തന്നെ എഴുതിയതാണ് .
ഈ ഖണ്ഡിക മാര്‍ക്സിസ്റ്റ്‌ -ലെനിനിസ്റ്റ് ചിന്തകളുടെ ക്ലാസിക്ക് കളിലോന്നാണ്
എന്നതിനൊപ്പം പ്രത്യായ ശാസ്ത്രപരമായ ദൃഡതയും വെളിപ്പെടുത്തുന്ന ഒന്നായിഇതിനെ കണക്കാക്കുന്നു .)
എവിടെ നിന്നാണ് ശരിയായ ആശയങ്ങള്‍ വരുന്നത് ?
അത് ആകാശത്തനിന്നു പൊട്ടിവീഴുന്നതാണോ?
അല്ല,അവ മനസ്സില്‍ തനിയെ രൂപപ്പെടുന്നതാണോ ?
അല്ല ,അവ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നാണ് ,അതില്‍ നിന്ന്‍ മാത്രമാണ് ഉണ്ടാവുന്നത് .
അവ മൂന്നുതരത്തിലുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ നിന്ന്‍ ഉണ്ടാവുന്നു .
ഉല്‍പ്പാദനത്തിനു വേണ്ടിയുള്ള പ്രക്ഷോഭം ,വര്‍ഗ്ഗസമരം ,ശാസ്ത്രീയ പരീക്ഷണം എന്നിവയാണവ .മനുഷ്യന്റെ സാമൂഹ്യാസ്ഥിത്വമാണ് അവന്റെ ചിന്തയെ നിര്‍ണ്ണയിക്കുന്നത് .
ഏറ്റവും മുന്നോക്കം നില്‍ക്കുന്ന വര്‍ഗ്ഗത്തിന്റെ സവിശേഷമായ ശരിയായ ആശയങ്ങള്‍
ഒരിക്കല്‍ ജനങ്ങള്‍ക്ക് പിടികിട്ടിക്കഴിഞ്ഞാല്‍ ഈ ആശയങ്ങള്‍ ഭൌതിക ശക്തിയായി മാറുകയും
അത് സമൂഹത്തെയും ലോകത്തെയും മാറ്റിത്തീര്‍ക്കുകയും ചെയ്യും .
സാമൂഹിക പ്രയോഗങ്ങല്‍ക്കിടയില്‍ ജനങ്ങള്‍ വിവിധ രീതിയിലുള്ള
പ്രക്ഷോഭങ്ങളില്‍ ഏര്‍പ്പെടുകയും അതില്‍ ഉണ്ടാവുന്ന ജയാപജയങ്ങളില്‍ നിന്ന്‍
ഒട്ടേറെ അനുഭവസമ്പത്ത് നേടുകയും ചെയ്യുന്നു .
വസ്തുനിഷ്ഠ ബാഹ്യ ലോകത്തിലെ എണ്ണമറ്റ പ്രതിഭാസങ്ങള്‍ പഞ്ചേന്ദ്രിയങ്ങളിലൂടെ
മനുഷ്യന്റെ തലച്ചോറില്‍ പ്രതിഫലിക്കുന്നു .
ആദ്യം അറിവ് നിരീക്ഷണത്തിലായിരിക്കും ഇത് വേണ്ടത്ര യായിക്കഴിയുമ്പോള്‍
ആശയ രൂപീകരണത്തിലേക്ക് ,ആശയങ്ങളിലേക്ക് കുതിച്ചു ചാട്ടം നടത്തുന്നു .
അവബോധത്തിന്റെ ഒരു പ്രക്രിയ ഇതാണ് .
ഇത് സകല പ്രക്രിയകളുടേയും ആദ്യ ഘട്ടമാണ് .
വസ്തു നിഷ്ടമായ കാര്യത്തില്‍ നിന്ന്‍ ആത്മനിഷ്ഠ ബോധത്തിലേക്കും
അസ്തിത്വത്തില്‍ നിന്ന്‍ ആശയങ്ങളിലേക്കും നയിക്കുന്നഘട്ടമാണിത് .വസ്തു നിഷ്ഠ ബാഹ്യലോകത്തിന്റെ നിയമങ്ങളെ ഇത്തരം ബോധം അല്ലെങ്കില്‍(സിദ്ധാന്തങ്ങള്‍ ,നയങ്ങള്‍ ,പദ്ധതികള്‍ ,മാനദണ്ഢങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള )
ആശയങ്ങള്‍ ശരിയായി പ്രതിഫലിക്കുമോ എന്ന്‍ ഈ ഘട്ടത്തില്‍ ഉറപ്പാക്കാന്‍ കഴിയില്ല .അവബോധത്തിന്റെ രണ്ടാം ഘട്ടം ബോധത്തില്‍ നിന്ന്‍ തിരിച്ചു വസ്തുവിലേക്കും
ആശയങ്ങളില്‍ നിന്ന്‍ തിരിച്ച് അസ്ഥിത്വത്തിലേക്കും നയിക്കുന്നു .
സിദ്ധാന്തങ്ങളും നയങ്ങളും പദ്ധതികളും മാനദണ്ഢങ്ങളും പ്രതീക്ഷിച്ചത്ര വിജയമാകുന്നുണ്ടോ
എന്ന്‍ ഉറപ്പു വരുത്താന്‍ ആദ്യഘട്ടത്തില്‍ നിന്ന്‍ നേടിയ അറിവ്
സാമൂഹ്യ പ്രയോഗത്തില്‍ ചെലുത്തപ്പെടുന്നു .
പൊതുവേ പറഞ്ഞാല്‍ ഇതില്‍ വിജയിക്കുന്നത് ശരിയും പരാജയപ്പെടുന്നത് തെറ്റുമാണ് .
പ്രകൃതിയുമായി മനുഷ്യന്‍ നടത്തുന്ന മല്ലിടലില്‍ ഇത് വിശേഷിച്ചും ശരിയാവുന്നുണ്ട് .
സാമൂഹിക പ്രക്ഷോഭങ്ങളില്‍ മുന്നോക്കം നില്‍ക്കുന്ന വര്‍ഗ്ഗം
പ്രതിനിധീകരിക്കുന്ന ശക്തികള്‍ ചില സമയങ്ങളില്‍ പരാജയപ്പെടുന്നത്
അവരുടെ ആശയങ്ങള്‍ ശരിയല്ലാത്തത് കൊണ്ടല്ല!
പിന്തിരിപ്പന്‍ ശക്തികളോട് കിടപിടിക്കാന്‍ തക്ക ശക്തി
അവര്‍ക്കാര്‍ജ്ജിക്കാന്‍ കഴിയാത്തത് കൊണ്ടാണ് അപ്പോഴങ്ങിനെ സംഭവിക്കുന്നത് .
അവര്‍ താല്‍ക്കാലികമായി പരാജയപ്പെട്ടാലും
ആത്യന്തികമായി വിജയം കൈവരിക്കുക തന്നെ ചെയ്യും .
പ്രയോഗത്തിന്റെ പരിശോധനയിലൂടെ മനുഷ്യന്റെ അറിവ്
മറ്റൊരു കുതിച്ചു ചാട്ടം മുമ്പ് നടന്നതിനേക്കാള്‍ പ്രധാനമാണ് .
കാരണം ,
വസ്തുനിഷ്ഠ ബാഹ്യലോകത്തെ പ്രതിഫലിക്കുന്ന വേളയില്‍
രൂപം കൊടുത്തിട്ടുള്ള സിദ്ധാന്തങ്ങളും ആശയങ്ങളും
പദ്ധതികളും നയങ്ങളും
മാനദണ്ഢങ്ങളുമൊക്കെ യടങ്ങുന്ന അവബോധത്തിലെ
ആദ്യത്തെ കുതിച്ചു ചാട്ടത്തിന്റെ ശരിയും തെറ്റും തെളിയിക്കപ്പെടുന്നത്
ഈ കുതിച്ചു ചാട്ടത്തില്‍ മാത്രമാണ് .
സത്യത്തെ പരീക്ഷിച്ചറിയാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല .
കൂടാതെ തൊഴിലാളിവര്‍ഗ്ഗം ലോകത്തെ മനസ്സിലാക്കുന്നത്
അതിനെ മാറ്റിത്തീര്‍ക്കുക എന്ന ഒറ്റ ഉദ്ദേശത്തോടുകൂടി മാത്രമാണ് .
പലപ്പോഴും വസ്തുവില്‍ നിന്ന്‍ ബോധത്തിലേക്കും തിരിച്ചു വസ്തുവിലേക്കും അതായത് ,
പ്രയോഗത്തില്‍ നിന്ന്‍ അറിവിലേക്കും തിരിച്ചു പ്രയോഗത്തിലെക്കും
നിരവധി തവണ സഞ്ചരിച്ചു കൊണ്ടേ
ശരിയായ ജ്ഞാനം നേടിയെടുക്കാന്‍ കഴിയുകയുള്ളൂ .
അറിവിനെക്കുരിച്ചുള്ള മാര്‍ക്സിസ്റ്റ്‌ സിദ്ധാന്തം ,
വൈരുദ്ധ്യാത്മക ഭൌതിക സിദ്ധാന്തം അപ്രകാരമാണ് .
അറിവിനെക്കുറിച്ചുള്ളഈ സിദ്ധാന്തത്തെ ക്കുറിച്ച് അറിവില്ലാത്ത
നിരവധി പേര്‍ നമ്മുടെ സഖാക്കള്‍ക്കിടയില്‍ ഇപ്പോഴുമുണ്ട് .
അവരുടെ ആശയങ്ങള്‍, നയങ്ങള്‍, അഭിപ്രായങ്ങള്‍, സമ്പ്രദായങ്ങള്‍,
പദ്ധതികള്‍, വാക്ചാതുര്യമാര്‍ന്ന പ്രഭാഷണങ്ങള്‍,സുദീര്‍ഘമായ ലേഖനങ്ങള്‍
എന്നിവയുടെ സ്രോതസ്സുകള്‍ എതാണെന്ന ചോദ്യത്തിന്ന്‍ മുന്നില്‍
അവര്‍ ഉത്തരം പറയാന്‍ കഴിയാതെ പകച്ചു നില്‍ക്കുന്നു .
വസ്തുവിനെ ബോധത്തിലേക്കും തിരിച്ചും പരിവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്ന
യാഥാര്‍ത്ഥ്യം അത്തരം കുതിച്ചു ചാട്ടങ്ങള്‍ ദിനംദിന ജീവിതത്തിലെ
സ്വാഭാവിക കാര്യങ്ങളാണെങ്കിലും അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല
ആയതിനാല്‍ നമ്മുടെ സഖാക്കളെ അറിവിനെക്കുറിച്ചുള്ള വൈരുദ്ധ്യാത്മക ഭൌതിക വാദപരമായ സിദ്ധാന്തം പഠിപ്പിക്കേണ്ടത് ആവശ്യമാണ്‌ .
അതിലൂടെ അവര്‍ക്ക് അവരുടെ ചിന്താഗതി ശരിയായ പാതയിലേക്ക്
തിരിച്ചു വിടാനും നിരീക്ഷണത്തിലും പഠനത്തിലും അനുഭവങ്ങള്‍ സ്വാംശീകരിക്കുന്നതിലും
മെച്ചപ്പെടാനും ബുദ്ധിമുട്ടുകള്‍ തരണം ചെയ്യാനും
തെറ്റുകള്‍ വരുത്തുന്നത് പരിമിതി പ്പെടുത്താനും ജോലികൂടുതല്‍ നന്നായി ചെയ്യാനും
കഠിനമായി പോരാടാനും കഴിയും .
ഇതിലൂടെ ഒരു മഹത്തായതും ശക്തമായതുമായ സോഷ്യലിസ്റ്റ് രാജ്യമായി
ചൈനയെ കെട്ടിപ്പടുക്കാനും നമ്മുടെ സാര്‍വ്വദേശീയ ദൌത്യ നിര്‍വഹണത്തിന്റെ ഭാഗമായി ലോകത്തെമ്പാടുമുള്ള അടിച്ചമര്‍ത്തപ്പെട്ട വരും ചൂഷിതരുമായ വിശാല ജനങ്ങളെ സഹായിക്കാനും കഴിയും .