2011, നവംബർ 29, ചൊവ്വാഴ്ച

ഇനി, വില്‍ക്കാനുണ്ട്‌: ചെറുകിടകച്ചവടക്കാരെ.

രാജ്യത്തെ ചെറുകിട വ്യാപര രംഗത്ത്‌ നിന്നും കോര്‍പ്പരേറ്റുകളേയും പ്രത്യക്ഷ വിദേശ നിക്ഷേപങ്ങളേയുംതൂത്തെറിയുക എന്ന മുദ്രാവാക്യവുമായി കഴിഞ്ഞ 5 വര്‍ഷത്തോളമായി രാജ്യത്ത്‌ നടന്നുകൊണ്ടിരിക്കുകയായിരുന്ന പ്രതിഷേധം രാജ്യവാപകമായി ഒരു ഉയര്‍ന്നഘട്ടത്തിലേക്ക്‌ കടന്നിരിക്കുകയാണ്‌.

ചെറുകിട വാണിജ്യ മേഖലയില്‍ നിന്നും പ്രത്യക്ഷ വിദേശ നിക്ഷേപകരേയും കോര്‍പ്പറേറ്റുകളേയും ചവുട്ടി പുറത്താക്കണമെന്നാവശ്യപ്പെട്ടു രാജ്യത്തെമ്പാടും വന്‍ പ്രകടനങ്ങളും റാലികളും സെമിനാറുകളും, ഷോപ്പിങ്ങ്‌ മാളുകള്‍ ഉപരോധിക്കലും തല്ലിത്തകര്‍ക്കുലുകളുമടക്കം വിപ്ലവശക്തികളും വ്യാപാര-വ്യവസായ സമൂഹവും,പുരോഗമന ജനാധിപത്യ ശക്തികളും  ഉയര്‍ത്തിക്കൊണ്ടിരിക്കേ ഈ പ്രതിഷേധങ്ങളെയൊന്നും കണ്ടില്ലെന്നു നടിച്ചു കൊണ്ട്‌ മന്മോഹന്‍ സര്‍ക്കാര്‍ പുതിയ പ്രഖ്യാപനവുമായി മുന്നോട്ട്‌ വന്നിരിക്കുന്നത്‌.

ബഹുരാഷ്ട്ര കോര്‍പ്പറേറ്റ്‌ ശക്തികളെ ചില്ലറ വ്യാപാര രംഗത്തേക്ക്‌ കടത്തി വിട്ടാല്‍ വിലക്കയറ്റം
   കുറക്കാനാവുമെന്നും,ഗ്രാമീണ തോഴില്‍ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാവുനെന്നും ഒക്കെയുള്ള തലതിരിഞ്ഞ
വിടുവായത്തവുമായി ബഹുരാഷ്ട്ര കുത്തകളുടെ രാജ്യത്തെ ഏറ്റവും നല്ല ഏജന്റുമാരായ കോണ്‍ഗ്രസ്സുകാര്‍ വ്യാപകമായി രംഗത്തിറങ്ങിയിരിക്കയാണ്‌.

കൃഷികഴിഞ്ഞാല്‍  ഏറ്റവും അധികം പേര്‍ക്ക്‌ തൊഴില്‍ നല്‍കുന്ന മേഖലയാണ്‌ നമുക്കു ചില്ലറ വ്യാപാര മേഖല.
കേന്ദ്ര ഗവന്മെണ്ടിന്റെ നാലാം സാമ്പത്തിക സര്‍വ്വേ തിട്ടപ്പെടുത്തിയതു പ്രകാരം 12 ദശലക്ഷം റീട്ടെയില്‍ കച്ചവടക്കാരാണ്‌ ഉപജീവനം കഴിക്കുന്നത്‌.
ചില്ലറ കച്ചവടം തൊഴിലായിട്ടുള്ള ലക്ഷക്കണക്കിനു പേര്‍ ഈ കണക്കില്‍ പെടില്ല.
ഇന്ത്യയില്‍ ചെറുകിട വാണിജ്ജ്യമെന്നത്‌ കേവലം ബിസ്സിനസ്സോ തൊഴിലോ മാത്രമല്ല.
ഗോപ്യമാക്കിവെച്ച തൊഴിലില്ലായ്മയുടെ ഏറ്റവും വലിയ രൂപമാണത്‌.
വ്യവസായങ്ങളിലെ അടച്ചു പൂട്ടലും തകര്‍ച്ചയും,പിരിച്ചു വിടലുകളും നടന്നുകൊണ്ടിരിക്കുമ്പോള്‍;,കര്‍ഷകരേയും ദരിദ്ര കര്‍ഷകരേയും അവരുടെ തൊഴില്‍ ആവാസ വ്യവസ്ഥയില്‍ നിന്നു ആട്ടിയോടിക്കുമ്പോള്‍,വികസനത്തിന്റെ പേരില്‍   വ്യാപകമായി കുടിയിറക്കുമ്പോള്‍ മണ്‍സൂണും ,മാര്‍ക്കറ്റും സര്‍ക്കാറും കര്‍ഷകരെ ചതിക്കുമ്പോളും .ഉപജീവനത്തിനു വേണ്ടി ഈ വിഭാഗങ്ങളോക്കെ ആശ്രയിക്കുന്നത്‌ ഈ ചെറുകിട വാണിജ്യത്തെ തന്നെയാണ.

പച്ചക്കറി നട്ടു വളര്‍ത്തുകയും അവരുടെ കുടുംബാംഗങ്ങള്‍ അവയെ കമ്പോളത്തില്‍ കൊണ്ടുപോയി വില്‍ക്കുകയും ചെയ്യുന്നു.മത്സ്യതൊഴിലാളി മീന്‍ പിടിക്കുകയും അവന്റെ കുടുംബം അതു വില്‍ക്കുകയും ചെയ്യുന്നു. കമ്പനി അടച്ചു പൂട്ടിയതിനാല്‍,അതുമല്ലെങ്കില്‍ കടക്കെണിയില്‍ പെട്ട്‌    വി ആര്‍ എസ്സ്‌
വാങ്ങി തൊരുവിലെത്തിയ തൊഴിലാളികള്‍ തന്റെ കുടുംബം തയ്യാറാക്കുന്ന ചെറിയ ചെറിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉന്തു വണ്ടികളിലും നടന്നും വില്‍പന നടത്തുന്നു.

ഇന്ത്യയിലെ ചെറു കിട വാണിജ്യമെന്നാല്‍ ഭൂരിപക്ഷവും ഉപജീവനത്തിനു വേണ്ടി ഓടുവിലത്തെ മാര്‍ഗ്ഗം സ്വീകരിക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെട്ടവരാണ്‌.വ്യക്തി പരമായ രീതിയില്‍ അല്ലെങ്കില്‍ ചെറിയ തോതില്‍ വസ്തുവോ സേവനമോ വില്‍പന നടത്തുന്നത്‌ ചെറുകിട വാണിജ്യത്തിന്റെ പരിധിയില്‍ വരുന്നു.വില്‍പന വസ്തു പേനമുതല്‍ വിമാനം വരെയാകാം.

കടകള്‍ ഏന്നാല്‍ വഴിവാണിഭക്കടയില്‍നിന്ന് ആധുനിക മാളുകള്‍ വരെയുള്ള രൂപങ്ങളില്‍ വ്യാപകമായിരിക്കുന്നു.വീടുകളില്‍ കയറി ബാത്തുറൂം ക്ലീനര്‍ മുതല്‍ മൊബെയില്‍ഫോണ്‍ ചാര്‍ജ്ജര്‍ വില്‍പന നടത്തുന്ന വരും ചെറുകിട വാണിജ്ജ്യത്തിന്റെ പരിധിയില്‍ വരും.

ഇന്ത്യയില്‍  GDP  യുടെ 14 ശതമാനവും സംഭാവന ചെയ്യുകയും തോഴില്‍ ശക്തിയുടെ 7 ശതമാനത്തോളവും വഹിക്കുകയും ചെയ്യുന്നു.കാര്‍ഷികരാജ്യമായ ഇന്ത്യയില്‍
കൃഷി കഴിഞ്ഞാല്‍ ഏറ്റവും വലിയ മേഖല ഇതാണ്‌ .    നമുക്കിത്‌ പതിനാല്‌  ശതമാനമാവുമ്പോള്‍ചൈനയില്‍ ഇത്‌ എട്ട്‌ ശതമാനമാണ്‌  ബ്രസീലില്‍ ഇത്‌ ആറ്‌ ശതമാനമാണ്‌   അമേരിക്കയില്‍ ഇത്‌ പത്തു ശതമാനമാണ്‌ . നമ്മുടെ ഈ മേഖലയിലെ വളര്‍ച്ചയും നിരക്കുകളും അസാധാരണ മായതോതിലാണ്‌.1996-ല്‍ 85 ആയിരുന്നത്‌ 2001-ല്‍ 1.5കോടിയായി.ഇന്നത്‌ 1.12 കോടിയായി.അതായത്‌ ശരാശരി നൂറാളുകള്‍ക്ക്‌ 1.4 സ്ഥാപനങ്ങള്‍.. ഇത്‌ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ്‌.

ഇന്തയിലെ ചെറുകിടവാണിജ്ജ്യം മുഖ്യമായും അസംഘടിതമേഖലയിലാണ്‌. ഇന്‍കംടാക്സ്‌,സെയില്‍സ്‌ ടാക്സ്‌ നിയമങ്ങള്‍ തുടങ്ങിയവയ്ക്കു വിധേയമായി റജിസ്റ്റര്‍ ചെയ്ത ലൈസന്‍സുള്ള സ്ഥാപനങ്ങളാണ്‌ സംഘടിത മേഖലയില്‍ വരുന്നത്‌.

കൂടാതെ,1.12 ചെറുകിട സ്ഥാപനങ്ങളില്‍ 500 ചതുരശ്ര അടിയില്‍ കൂടുതല്‍ വരുന്നവ 4ശതമാനത്തിനപ്പുറം വരില്ല .വാണിജ്ജ്യരംഗത്ത്‌ തൊഴിലെടുക്കുന്നവരില്‍ 395 ലക്ഷം പേര്‍ അസംഘടിത മേഖലിയിലാകുമ്പോള്‍ സംഘടിത മേഖലയില്‍ 5ലക്ഷം മാത്രമാണ്‌.

2004-ല്‍ വാള്‍മാര്‍ട്ടിനു 256 സഹസ്രകോടി ഡോളറിന്റെ ടേണോവറുണ്ടായിരുന്നു.അതേസമയംതന്നെ അത്‌ 9,000 കോടി  ഡോളറിന്റെ ലാഭം രേഖപ്പെടുത്തുകയും ചെയ്തു.അതിന്റെ  4,806സ്റ്റോറുകളിലായി 14 ലക്ഷം ആളുകള്‍ ജോലിയെടുക്കുന്നു. ഒരു വാള്‍മാര്‍ട്ട്‌ സ്ഥാപനത്തിന്റെ ശരാശരി വലുപ്പം 85,000 ചതുരശ്ര അടിയാണ്‌.

അതേസമയം ഇന്ത്യയിലെ ചെറുകിട വ്യാപാരിക്ക്‌ ഉള്ളത്‌ 4,1100 ഡോളറണ്‌  500 ചതുരശ്ര അടിക്കു മേല്‍ വലിപ്പമുള്ള ആകെയുള്ള 12 ദശലക്ഷം ചെറുകിട സ്ഥാപനങ്ങളുടെ 4 ശതമാനത്തിനു മാത്രമാണ്‌   39.5 ശതമാനം ജനങ്ങള്‍ക്ക്‌ തൊഴില്‍ നല്‍കുന്ന അസംഘടിത ചെറുകിട മേഖലയിലുള്ള മൊത്തം ടേണോവര്‍ 35,000കോടിയാണ്‌ .

ഒരു ലക്ഷത്തിലേറെ ജനസംഖ്യയുള്ള 35 നഗരങ്ങള്‍ ഇന്ത്യയിലുണ്ട്‌. ഈ 35 നഗരങ്ങളിലോരോന്നിലും ശരാശരി ഒരു സ്റ്റോര്‍ വീതം വാള്‍മാര്‍ട്ടു തുറക്കുന്നുവെന്നു വിജാരിക്കുക.ആ സ്റ്റോറുകള്‍ വാള്‍മാര്‍ട്ടു സ്റ്റോറുകളുടെ ശരാശരി കാര്യക്ഷമത പ്രദര്‍ശിപ്പിച്ചാല്‍ പോലും ഓരോ സ്റ്റോറുകളൂടേയും ടേണോവര്‍  8.033 രൂപയിലധികമായിരിക്കും.അതേസമയം ജീവനക്കാരുടെ എണ്ണം   10,195 മാത്രമായിരിക്കും.രാജ്യത്താകമാനം ഇതു വ്യാപിപ്പിക്കുകയാണെങ്കില്‍ 437,000 ആളുകളായിരിക്കും ഭ്രഷ്ടരാക്കപ്പെടുക.
ഓരോ വാള്‍മാര്‍ട്ട്‌ ജീവനക്കാരനും ചെറുകിട വ്യാപാര മേഖലയില്‍ 40 ജീവനക്കാരനെ പുറം തള്ളും.എന്നാണിത്‌ സൂചിപ്പിക്കുന്നത്‌ .

ചെറുകിട വാണിജ്ജ്യത്തിന്റെ 20 ശതമാനത്തോളം
പ്രത്യക്ഷ വിദേശ നിക്ഷേപങ്ങള്‍ ഏറ്റെടുക്കുകയാണെങ്കില്‍ തന്നെ 147,000കോടിരൂപയുടെ ടേണോവറായിരിക്കും .അസംഘടിത ചെറുകിട മേഖലയിലെ 8ദശലക്ഷം ജനങ്ങളെ പുറം തള്ളിക്കൊണ്ട്‌ 43,000 പേര്‍മാത്രം തൊഴിലിലേര്‍പ്പെടുകയായിരിക്കും ഇതിന്റെ ഫലമായി സംഭവിക്കുക.

ഇനി ഈ മേഖലയില്‍ തൊഴില്‍ ലഭിക്കുന്നവരുടെ സ്ഥിതിയും ഒന്നു പരിശോധിച്ചു നോക്കുക.

ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ അടിസ്ഥാനം തന്നെ യാതൊരു ദാക്ഷിണ്യവുമില്ലാത്ത തൊഴില്‍ ചൂഷണമാണ്‌.
വിദേശമൂലധനത്തിനു നിര്‍ബാധം സഞ്ചരിക്കുന്നതിനു ഘടനാപരമായ എല്ലാ പരിഷ്കരണവും നിയം മൂലം ചെയ്തു കൊടുക്കേണ്ടതുണ്ട്‌ .തൊഴില്‍ നിയമങ്ങളെ എല്ലാ അര്‍ത്ഥത്തിലും ദുര്‍ബ്ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നു.ഇതിന്റെ ഒക്കെ ഫലമായി തൊഴിലാളികളുടെ അവകാശങ്ങളില്‍ വലിയ സമ്മര്‍ദ്ദംഉണ്ടാവും.ഏതെങ്കിലും ഒരു തരത്തിലുമുള്ള
യൂണിയന്‍ ഇടപെടലുകളെ അതനുവദിക്കില്ല.

ചുരുക്കി പറഞ്ഞാല്‍,നിരവധി വര്‍ഷങ്ങളായി ഇന്ത്യാ ഗവര്‍മന്റ്‌ ചെറുകിട വ്യാപാരത്തില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിച്ചിട്ടില്ല.
ഗാട്ട്‌സ്‌ ഉടമ്പടിയുടെ ഭാഗമായി ഓരോ രാജ്യങ്ങളും അവയിലെ സവിശേഷമേഖലയിലും ഉപമേഖലകളിലും ദേശീയ പരിചരണവും കമ്പോള വല്‍ക്കരണവും എപ്രകാരമായിരിക്കണം എന്നുള്ള ബാദ്ധ്യതാ പട്ടിക സമര്‍പ്പിക്കേണ്ടതുണ്ടായിരുന്നു.
ദോഹ വികസന അജണ്ട എന്നറിയപ്പെട്ടിരുന്ന ഗാട്ട്‌സ്‌ ഉടമ്പടിയ്യേക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇന്ത്യാഗവര്‍മന്റ്‌ ചെറുകിട മേഖലയില്‍ ദേശീയ പരിചരണത്തിന്റേതായ ഒരു ഉറപ്പും നല്‍കിയില്ല. ദേശീയ പരിചരണത്തിനു ഉറപ്പു നല്‍കുക എന്നു വെച്ചാല്‍ സേവനമേഖലയില്‍  ആഭ്യന്തര
നിക്ഷേപങ്ങള്‍ക്കൊപ്പം തന്നെ അവകാശംവിദേശ നിക്ഷേപകര്‍ക്കും നല്‍കുക എന്നാണ്‌.
കര്‍ഷകര്‍ക്ക്‌ സബ്സിഡിനല്‍കുന്നതില്‍ അമേരിക്ക കടുംപിടുത്തം പിടിച്ചതു മൂലം ദോഹയിലെ പ്രാരംഭ ചര്‍ച്ചകള്‍ പരാജയപ്പെട്ടപ്പോള്‍,ലോകവാണിജ്യ സംഘടനയുടെ ഔദ്യോഗിക ചര്‍ച്ചകള്‍ക്കു വെളിയില്‍ വെച്ച്‌ സാമ്രാജ്യത്വ  ശക്തികളുടെ
നിര്‍ബ്ബന്ധത്തിനു വഴങ്ങിക്കൊണ്ട്‌ ഇന്ത്യാഗവര്‍മന്റ്‌ ചെറുകിട മേഖല തുറന്നു കൊടുക്കാന്‍ തയാറാവുകയായിരുന്നു.

ഇന്ത്യന്‍ ഗവര്‍മെന്റിന്റെ പ്രത്യക്ഷ വിദേശ നിക്ഷേപത്തിനെക്കുറിച്ചുള്ള ഔദ്യോഗിക നയം ഇപ്പോഴും പറയുന്നത്‌ ചെറുകിട വാണിജ്ജ്യമേഖലയില്‍ പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിക്കുകയില്ലെന്നാണ്‌ എന്നാല്‍ സിംഗിള്‍ ബ്രാന്റ്‌ റീട്ടെയിലില്‍ 51 ശതമാനം പ്രത്യക്ഷ   വിദേശനിക്ഷേപം
   (മക്ക്ഡൊനാള്‍ഡ്‌,ലെവിസ്‌,തുടങ്ങിയ)അനുവദിച്ചുകൊണ്ട്‌ പില്‍ക്കാലത്ത്‌ സര്‍ക്കാര്‍ ഈ നിലപാട്‌ ദുര്‍ബ്ബലപ്പെടുത്തിയിട്ടുണ്ട്‌.
ഇതിനോടൊപ്പം മൊത്തക്കച്ചവടമേഖലയില്‍ പ്രത്യക്ഷവിദേശനിക്ഷേപം നടത്താന്‍ അനുമതി വേണമെന്ന ആവശ്യം വേണ്ടെന്നു വെക്കുകയും ഫ്രാഞ്ചൈസികളിലൂടെ പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കുകയുണ്ടായി.

കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന അമേരിക്ക ഒബാമയുടെ ഇന്ത്യാസന്ദര്‍ശനത്തോടനുബന്ധിച്ച്‌ നടത്തിയ കരു നീക്കങ്ങളുടെ പരിണതിയാണ്‌ മന്മോഹന്‍ സര്‍ക്കാറിന്റെ ഇപ്പോഴത്തെ തിരക്കു പിടിച്ചുള്ള ശ്രമങ്ങള്‍ക്കു പിന്നില്‍.

ലോകത്തെ ഏറ്റവും വലിയ ബഹുരാഷ്ട്രകുത്തകകളിലൊന്നായ അമേരിക്കയില്‍ നിന്നുള്ള വാള്‍മാര്‍ട്ട്‌,ജര്‍മ്മനിയില്‍ നിന്നുള്ള മെട്ട്രോ എജി,ബ്രിട്ടനിലെ  ടെസ്കോ,ഫ്രാന്‍സിലെ  കെയര്‍ഫോര്‍ തുടങ്ങിയ ചില്ലറ വ്യാപാര കമ്പനികള്‍ രാജ്യത്തിന്റെ പടിവാതിക്കല്‍ നിലയുറപ്പിച്ചു നില്‍ക്കുകയാണ്‌. ഇതിനു അനുകൂലമായ തീരുമാനം ഈ ദിവസങ്ങളില്‍ ഉണ്ടാകത്തക്ക വിധം കോണ്‍ഗ്രസ്സ്‌ നേതൃത്വത്തിനും ഉന്നത രാഷ്ട്രീയ-ബ്യൂറോക്രാറ്റ്‌ വിഭാഗങ്ങള്‍ക്കും എത്തിക്കേണ്ട വിഹിതം ധാരണയായിട്ടുണ്ടെന്നും കേള്‍ക്കുന്നു.

ഔപചാരികമായി അനുമതി ലഭിക്കുന്നതിനു മുമ്പുതന്നെ ഇന്ത്യിലെ ദാര്‍തി ഗ്രൂപ്പുമായി
ചേര്‍ത്ത്‌ വാള്‍മാര്‍ട്ട്‌ അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ട്‌ കാലം കുറച്ചായി.

പെപ്സിയുംകൊക്കൊളയും ഒക്കെ 5 രൂപയുടെ കുപ്പികളില്‍ ഇറങ്ങുന്നത്‌ മറ്റു ബഹുരാഷ്ട്രകുത്തകകളേയും ഇന്ത്യന്‍ ശീതളപാനീയ കമ്പനിക്കാരേയോ മാത്രം തോല്‍പ്പിക്കാനല്ല. മറിച്ച്‌ നാരങ്ങവെള്ളം,കരിക്കിന്‍ വെള്ളം തുടങ്ങിയവ വില്‍ക്കുന്നവരേയും കൂടി തകര്‍കാനാണേന്ന് നാം മറന്നു പോകരുത്‌.

റഞ്ഞു വരുന്നത്‌ അല്ലെങ്കില്‍ പറയാനുദ്ദേശിച്ചത്‌:-
നമ്മുടെ സ്വാതന്ത്ര്യവും പരമാധികാരവും വിവിധപാക്കേജുകളുടെ രൂപത്തില്‍,പ്രത്യേക സാമ്പത്തിക മേഖലകളില്‍ വഴിയും,നമ്മുടെ പൈതൃകം ആണവക്കരാറുകളിലൂടേയും എങ്ങിനെ തീറെഴുതിയോ അതേപോലുള്ള ഒരു പൊതു പ്രവണതയുടെ ഭാഗമായിട്ട്‌
തന്നെയാണ്‌. ഈ ഈ മേഖലയും
രാജ്യദ്രോഹികള്‍ വില്‍പനക്കു വെച്ചിരിക്കുന്നത്‌ എന്നു  തന്നെയാണ്‌.

2011, നവംബർ 26, ശനിയാഴ്‌ച

മുല്ലപ്പെരിയാര്‍:ചിലയാഥാര്‍ത്ഥ്യങ്ങള്‍.

മുല്ലപ്പെരിയാര്‍ വിഷയം ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു എന്ന സൂചനകള്‍ വന്നു കൊണ്ടിരിക്കുന്നു..
ഭരണാധികാരികള്‍ക്കു ഇതു പരിഹരിക്കാന്‍ താല്‍പര്യമില്ല എന്ന തിരിച്ചറിവാണ്‌ ഇത്തരം ഒരു സാഹചര്യം സൃഷ്ടിക്കപ്പെട്ടത്‌.
മദ്ധ്യകേരളത്തിലെ അഞ്ചു ജില്ലകളിലെ 35 ലക്ഷം ജനങ്ങളുടെ തലക്കു മുകളില്‍ ഒരശനിപാതം പോലെ തൂങ്ങി നില്‍ക്കയാണ്‌ 111 വര്‍ഷം പഴക്കമുള്ള ഈ അണക്കെട്ട്‌. ഇടക്കിടക്ക്‌ ഉണ്ടാകുന്ന ഭൂചലനത്തില്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടുകയും അതിനു ശേഷം വിസ്മൃതിയിലേക്ക്‌ മറയുകയും ചെയ്യുന്ന ഈ വിഷയത്തില്‍ കേരള സര്‍ക്കാര്‍ നാളിതു വരെ കാണിച്ച നിരുത്തരവാദത്തില്‍ നിന്നും കുറ്റകരമായ അലംഭാവത്തില്‍ നിന്നും   ഒരു  മുന്നണിക്കാരനും  ഒഴിഞ്ഞു നില്‍ക്കാനാവില്ല .

സിമന്റും കോണ്‍ക്രീറ്റും കണ്ടെത്തുന്നതിനു മുമ്പ്‌ ചുണ്ണാമ്പുംശര്‍ക്കരയും മണലും ചേര്‍ന്ന സുര്‍ക്കി മിശ്രിതം കൊണ്ട്‌ ബ്രിട്ടീഷ്‌ എഞ്ചിനീയര്‍ രൂപകല്‍പ്പന ചെയ്ത്‌ 60 വര്‍ഷത്തെ ആയുസ്സ്‌ നിര്‍ണ്ണയിച്ച്‌ 1887-ല്‍ കമ്മീഷന്‍ ചെയ്ത അണക്കെട്ടിന്റെ സുരക്ഷിതകാലാവധി 1945-ല്‍ തന്നെ അവസാനിച്ചു.ഇതു പോലുള്ള സാങ്കേതിക വിദ്യകൊണ്ട്‌ നിര്‍മ്മിച്ച സുര്‍ക്കി ഡാം 1980 ഗുജറാത്തില്‍ തകരുകയും മോര്‍ഫിയെന്ന ചെറു നഗരം ഒലിച്ചു പോവുകയും ആയിരങ്ങള്‍ മരിക്കുകയും ചെയ്ത ഒരു ദുരന്താനുഭവം നമുക്കു ഇന്ത്യയില്‍ ഉണ്ട്‌.

ഇതിന്റെ ഒക്കെ പശ്ചാത്തലത്തില്‍ കേന്ദ്ര ഡാം അതോറിറ്റി അണക്കെട്ടിന്റെ ബലക്ഷയത്തെ മുന്നില്‍ കണ്ട്‌ 1980  ല്‍ ഡാമിലെ ജല നിരപ്പ്‌ 152 അടിയില്‍ നിന്ന് 136 അടിയിലേക്ക്‌ താഴ്ത്തുവാന്‍ നിര്‍ദ്ദേശം നല്‍കി.ഡാം ബലക്ഷയത്തെ നേരിടുന്നു വെന്നും സുരക്ഷിതമല്ലായെന്നും കേന്ര അതേറിറ്റി സാക്ഷ്യപ്പെടുത്തി.27 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കാലഹരണപ്പെട്ട ഈ ഡാമിനു പകരം പുതിയൊരു ഡാം നിര്‍മ്മിക്കാന്‍ ഇക്കാലയളവില്‍ മാറി മാറി സംസ്ഥാന സര്‍ക്കാറിനു നേതൃത്വം നല്‍കുന്ന LDF, UDF രാഷ്ട്രീയ നേതൃത്വം തയ്യാറായില്ല. 2001-ല്‍ ഈരാറ്റു പേട്ട പ്രഭവ കേന്ദ്രമായി ഉണ്ടായ ഭൂകമ്പത്തില്‍ മുല്ലപ്പെറിയാര്‍ ഡാമില്‍ വിള്ളല്‍ വീഴുകയും ചോര്‍ച്ച ശക്തിപ്പെ ടുകയും ചെയ്ത സന്ദര്‍ഭത്തില്‍ ഡാം ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി ഏറെക്കുറേ ഇതേപോലെ തന്നെ സജീവ ചര്‍ച്ചാ വിഷയ മായതാണ്‌.അതിനു ശേഷവും വിവിധഘട്ടങ്ങളില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നിട്ടുണ്ടു.അതു കഴിഞ്ഞാല്‍ സര്‍ക്കാറും ചര്‍ച്ചാ കേന്ദ്രങ്ങളും വിസ്മൃതിയിലേക്ക്‌ തള്ളുകയുമാണ്‌ പതിവ്‌.

തമിഴ്‌ നാടാവട്ടെ ഡാമില്‍ ചില മിനുക്കു പണികളും ഗ്രൗട്ടിങ്ങും പുറം തേക്കലുമെല്ലാം നടത്തി ഡാം ബലവത്താണെന്ന് കേന്ദ്രസര്‍ക്കാറിനേയും സുപ്രീം കോടതിയേയുമെല്ലാം ബോദ്ധ്യപ്പെടുത്തി.ജലനിരപ്പ്‌ ഇപ്പോഴത്തെ 136 അടിയില്‍ നിന്നും 142 അടിയായും പിന്നീട്‌ 156 അടിയായി സ്ഥാപിത ശേഷിയിലേക്ക്‌ തന്നെ ഉയര്‍ത്താനുള്ള അനുകൂല വിധി അവര്‍ സുപ്രീം കോടതിയില്‍ നിന്നും നേടി.

പശ്ചിമഘട്ടത്തിന്റെ മഴ നിഴലില്‍ കഴിയുന്ന,വടക്കുകിഴക്കന്‍ മണ്‍സൂണില്‍ ലഭിക്കുന്ന ഏതാനും മഴകളേയും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുമുള്ള ന്യൂനമര്‍ദ്ദങ്ങളേയും മാത്രം കൃഷിക്കുംകുടിവെള്ളത്തിനും ആശ്രയിക്കുന്ന അര്‍ദ്ധമരുഭൂമിയിലെ ഒരു ജനതയും അവരുടെ സര്‍ക്കാറും വെള്ളത്തിനുവേണ്ടി ഏതറ്റവും വരെ പോയില്ലെങ്കിലേ അല്‍ഭുതമുള്ളൂ.സ്വന്തം നിലയില്‍ ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാത്ത കേന്ദ്ര സര്‍ക്കാറിനേയും ജസ്റ്റിസ്‌ രാമസ്വാമിയേയും രാമചന്ദ്രനേയും പോലുള്ള ന്യായാധിപന്മാര്‍ നീനീതിന്യായം നടത്തുന്ന നമ്മുടെ ഉന്നത നീതി പീഠങ്ങളേയും സമ്മര്‍ദ്ദ തന്ത്രങ്ങളുടേയും പ്രലോഭനങ്ങളുടേയും മുള്‍മുനയില്‍ നിര്‍ത്തി തങ്ങളുടെ സങ്കുചിത ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള കഴിവ്‌ തമിഴ്‌ നാട്‌ സര്‍ക്കാര്‍ പലപ്പോഴും തെളിയിച്ചിട്ടുണ്ട്‌.സ്വന്തം സംസ്ഥാന താല്‍പര്യം സംരക്ഷിക്കുന്നതില്‍ തമിഴ്‌നാട്‌ രാഷ്ട്രീയക്കാര്‍ക്കുള്ള കഴിവുംകേരള ഭരണക്കാരുടെ കഴിവു കേടും അപാരമാണ്‌ എന്നു അനുഭവം നമ്മെ പഠിപ്പിക്കുന്നുണ്ട്‌.

കഴിവു കേടിനുമപ്പുറത്ത്‌ മുല്ലപ്പെരിയാര്‍പ്രശ്നത്തിലും, പറമ്പിക്കുളം -ആളിയാര്‍ പദ്ധതിയില്‍ നിന്നും കേരളത്തിനു കരാര്‍ പ്രകാരമുള്ള വെള്ളം ലഭിക്കാത്തതിനു മെല്ലാം മറ്റുചില പിന്നാമ്പുറ രഹസ്യങ്ങളുണ്ടെന്നതും ഇന്നു പരസ്യമായി കഴിഞ്ഞിരിക്കുന്നു.വെള്ളത്തിനുവേണ്ടി തമിഴ്‌ നാട്‌ സര്‍ക്കാറിന്‍ ഓഡിറ്റ്‌ ചെയ്യാത്ത ഒരു രഹസ്യഫണ്ട്‌ ഉണ്ടത്രെ.മാറി മാറി വരുന്ന ജലസേചന മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും ചില വനം വകുപ്പ്‌ ഉദ്യോഗസ്ഥരുമെല്ലാം ഇതിന്റെ ഗുണഭോക്താക്കളാണ്‌ പോലും.

അല്ലെങ്കില്‍ 35 ലക്ഷം ജനങ്ങളും വാണിജ്യ -വ്യവസായ സിരാകേന്ദ്രങ്ങളായ കൊച്ചി -ആലുവാ മേഖലയുമെല്ലാം ഒലിച്ചു പോകുന്ന ഒരു മഹാദുരന്തം കേരളത്തിന്റെ തലക്കുമീതെ തൂങ്ങി നില്‍ക്കുമ്പോള്‍ കേരള സര്‍ക്കാറിന്റെ നിയമജ്ഞന്മാര്‍ക്ക്  സുപ്രീം കോടതിയില്‍ ഇരുന്നു എങ്ങിനെ ഉറങ്ങാന്‍ കഴിയുന്നു?

മുല്ലപ്പെരിയാര്‍ പ്രശ്നത്തെ വെള്ളത്തിനു വേണ്ടിയുള്ള തമിഴ്‌നാടിന്റെ ആര്‍ത്തിയുടെ പ്രശ്നമെന്നനിലക്കു വിലയിരുത്തുന്ന നിരുത്തരവാദപരമായ പ്രസ്ഥാവന എങ്ങിനെ നടത്താന്‍ കഴിയുന്നു.?

തിരുവിതാംകൂറും മദ്രാസ്‌ പ്രോവിന്‍സ്‌ സര്‍ക്കാറും തമ്മില്‍ 1885-ല്‍ ഉണ്ടാക്കിയ 999 വര്‍ഷത്തെ പാട്ടക്കാലാവധി തമിഴ്‌നാട്‌ അവകാശപ്പെടുന്ന കറാറിന്റെ കോപ്പി ഇന്നു വരെ എന്തുകൊണ്ട്‌ കണ്ടെത്താന്‍ കഴിയുന്നില്ല?

തിരുവിതാംകൂറിന്റെ പരമാധികാരം ബ്രിട്ടീഷുകാര്‍ക്ക്‌ അടിയറ വെച്ച്‌ റീജന്റായി തുടരാന്‍ നിര്‍ബന്ധിതമായ പഴയ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ബ്രിട്ടീഷ്‌ അധികാര പ്രമത്തതക്ക്‌ മുമ്പില്‍ 999 വര്‍ഷത്തെ പാട്ടക്കരാര്‍ ഒപ്പുവെക്കേണ്ടി വന്നത്‌ നമുക്കു മനസ്സിലാക്കാം.എന്നാല്‍ അച്ചുതമേനോന്റെ സര്‍ക്കാര്‍ കേരളത്തിന്റെ താല്‍പര്യത്തിനു  വിരുദ്ധമായി 1970-ല്‍ കരാര്‍ പുതുക്കി നല്‍കുകയും മുല്ലപ്പെരിയാര്‍ വെള്ളമുപയോഗിച്ച്‌ ലോവര്‍ക്യാമ്പില്‍ വൈദ്യുതി ഉല്‍പാദനത്തിനുള്ള അനുമതി നല്‍കിയത്‌ എന്തിനായിരുന്നു എന്നു ഇപ്പോഴും ആര്‍ക്കും പിടികിട്ടിയിട്ടില്ല.
ആ കരാര്‍ പ്രകാരം തമിഴ്‌നാട്‌ മുല്ലപ്പെരിയാര്‍ വെള്ള മുപയോഗിച്ച്‌ 225 കോടിയുടെ വൈദ്യുതി പ്രതിവര്‍ഷം ഉല്‍പാദിപ്പിക്കുന്നു.

കൊളോണിയല്‍ കാലത്തുണ്ടാക്കിയ മുല്ലപ്പെറിയാര്‍ കറാറില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട ഇരു സര്‍ക്കാറും തമ്മില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ ആര്‍ബിട്രേഷന്‍ വഴി പരിഹരിക്കണമെന്ന് വ്യവസ്ഥചെയ്തിരിക്കെ ,ഫെഡറലിസ്റ്റ്‌ സമീപനത്തോടെ ഉഭയകഷി ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ട ഒരു വിഷയം തമിഴ്‌നാട്‌ സര്‍ക്കാര്‍ കോടതിയിലേക്ക്‌ വലിച്ചിഴക്കുന്നത്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ എന്തുകൊണ്ട്‌ കയ്യും കെട്ടിനോക്കി നില്‍ക്കുന്നു?

എണ്ണയോ കല്‍ക്കരിയോ ഇരുമ്പോ ഇല്ലാത്ത കേരളത്തിനു വെള്ളം ഒരു പ്രകൃതിസമ്പത്താണ്‌.അത്‌ നമ്മുടെ വിഭവമാണ്‌.
കാലഹരണപ്പെട്ട അണക്കെട്ടിനു പകരം  പുതിയ അണക്കെട്ടുണ്ടാവണം.അത് എത്രയും വേഗം വേണം
മുല്ലപ്പെറിയാര്‍ ഡാമിലെ വെള്ളം തമിഴ്‌നാടിനു ഒഴിച്ചുകൂടാനാവാത്തതാണ്‌,വെള്ളമില്ലാത്ത തമിഴ്‌നാടിന്‌ വെള്ളം ലഭിച്ചാല്‍ കോടികളുടെ കാര്‍ഷിക സമ്പത്ത്‌ ഉല്‍പാദിപ്പിക്കാം,വൈദ്യുതി ഉല്‍പാദിപ്പിക്കാം ഓരോ തുള്ളി വെള്ളത്തേയും അവര്‍ ഫലവത്തായി ഉപയോഗിക്കുന്നുണ്ട്‌.
അതവര്‍ക്കു നല്‍കാന്‍ നാം ബാദ്യസ്ഥരുമാണ്‌. എന്നാല്‍ നമ്മുടെ വിഭവത്തിനു അര്‍ഹമായ പ്രതിഫലം ലഭിക്കാന്‍ നമുക്ക്‌ അവകാശവുമുണ്ട്‌.ആ വെള്ളം അവര്‍ക്കു തുടര്‍ന്നും നല്‍കാന്‍ തയ്യാറാണെന്നു അസന്നിഗ്ദമായി പ്രഖ്യാപിക്കാന്‍ നാം തയ്യാറാവണം.അതവര്‍ക്കു ബോധ്യപ്പെടണം എങ്കിലേ ഉള്ളുതുറന്ന ഒരു ഉഭയകഷി ചര്‍ച്ചക്കു സാദ്ധ്യത തുറന്നു വരൂ.

പറഞ്ഞു വരുന്നത്‌ അല്ലെങ്കില്‍ പറയാനുദ്ദേശിച്ചത്‌:-


നാളിതുവരേയുള്ള സര്‍ക്കാര്‍ കൈകാര്യം ചെയ്തതുപോലെ അനവതാനതയോടേയും സങ്കുചിത കഷിരാഷ്ട്രീയ താല്‍പര്യത്തോടെയുമാണ്‌ തമിഴ്‌നാടുമായുള്ള ജലതര്‍ക്കം കൈകാര്യം ചെയ്യാന്‍ മുതിരുന്നത്‌ എന്ന് മന്ത്രിയുടെ പ്രസ്താവന സൂചിപ്പിക്കുന്നു.
വൈക്കോയെപ്പോലയോ ഇവിടുത്തെ കേരളാ കോണ്‍ഗ്രസ്സുകാരനെപ്പോലേയോ സങ്കുചിത ദേശീയ വികാരം കുത്തിയിളക്കി ജനങ്ങളെ ഭിന്നിപ്പിച്ച്‌ സങ്കുചിത രാഷ്ട്രീയം കളിക്കാന്‍ അവര്‍ക്കു ഈ വിഷയത്തെ വിട്ടുകൊടുക്കരുത്‌, അവസരം ഒരുക്കിക്കൊടുക്കരുത്‌.
കേളത്തിലെ ജനങ്ങളെ ഭീതിയുടേയും,അരക്ഷിതത്വത്തിന്റേയും മുള്‍ മുനയില്‍ നിര്‍ത്തി ജീവത്തായ ഈ വിഷയത്തെ മറ്റൊരു വഴിക്കു തിരിച്ചു വിടുന്നതിനു അനുവദിച്ചാല്‍ നാം രണ്ടു വിധത്തിലും വലിയ വിലകൊടുക്കേണ്ടി വരുമെന്നാണ്‌.