2009, മാർച്ച് 28, ശനിയാഴ്‌ച

സാമൂഹ്യജീവിതത്തിന്റെ സർഗ്ഗാത്മകത വീണ്ടെടുക്കുക ,മാതൃഭാഷയെ സംരക്ഷിക്കുക :-മലയാള വേദി

സമൂഹത്തിലെന്നപോലെ പൊതു വിദ്യാഭ്യാസ മേഖലയിലും ഇപ്പോൾ മലയാളം അവഗണിക്കപ്പെടുകയാണ്. മലയാളം മാധ്യമമായുള്ള വിദ്യായലങ്ങൾ കുറഞ്ഞു വരുന്നതും ഇഗ്ലീഷ്മാധ്യമമായുള്ള വിദ്യാലയങ്ങൾ പെരുകി വരുന്നതും സമൂഹത്തിന് മലയാളത്തോടുള്ള സമീപനത്തെയാണ് കാണിക്കുന്നത്‌.ഈ സമീപനം സർക്കാർ നിലപാടുകളിലും പലപ്പോഴും പ്രതിഫലിപ്പിക്കുന്നുണ്ട്‌.ഭാഷ എന്നനിലയിൽ മാത്രമല്ല സാഹിത്യം എന്നനിലയിലും മലയാളം പൊതുസമൂഹത്തിൽ ഒരു പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്.വർദ്ധിച്ചുവരുന്ന ദൃശ്യമാധ്യമങ്ങളുടെ സ്വാധീനം നവോത്ഥാനത്തോടുകൂടി നാം രൂപീകരിച്ച വായനാസംസ്കാരത്തെ പിറകോട്ടടിപ്പിക്കുകയാണ്. ആധുനിക കേരളസമൂഹ രൂപീകരണത്തിൽ സാഹിത്യവും വായന സംസ്കാരവും നിർവ്വഹിച്ച പങ്ക്‌ നിസ്ത്തുലമാണ്.ജനകീയമായ ഒരു ദൃശ്യസംസ്ക്കാരത്തിന്ന് പോലും ശക്തമായ വായന സംസ്കാരത്തിന്റെ പിൻബലം ആവശ്യമാണ്.ഭാഷയും സാഹിത്യവും പൊതുസമൂഹത്തിൽ നേരിടുന്ന ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കാനും അതിനെ പ്രധിരോധിക്കാനുമുള്ള ഒരു വേദി എന്നനിലയിൽ വടകരയിലെ ഭാഷാ സാഹിത്യ സ്നേഹികളും സ്കൂൾ സർവ്വകലാശാല തലത്തിലുള്ള അധ്യാപകരും ഒത്തുചേർന്ന് മലയാളവേദി എന്ന പേരിൽ ഒരു സമിതി രൂപീകരിച്ചിരിക്കുന്നു.
ഒന്നാലോചിച്ചാൽ ഇന്നത്തെ ആഗോളീകരണ സന്ദർഭത്തിൽ ഇത്‌ മലയാളത്തിനുമാത്രമുള്ള ഒറ്റപ്പെട്ട ദുര്യോഗമല്ല .ഭാഷകളുടെ മരണം എന്ന സങ്കൽപ്പം തന്നെ ചർച്ച ചെയ്യപ്പെടുന്നത്‌. ഈ ഘട്ടത്തിലാണ്.അനുദിനം മരിച്ചുകൊണ്ടിരിക്കുന്ന ഭാഷകളെക്കുറിച്ചുതന്നെ ഇന്ന് പഠനങ്ങൾ വന്നുകൊണ്ടിരിക്കുന്നു.ആഗോളസാഹചര്യത്തിൽ അധികാരപരവും തൊഴിൽപരവുമായ പരിഗണനകൾ മുൻ നിർത്തി സർവ്വമണ്ഡലങ്ങളും ആസൂത്രണം ചെയ്യപ്പെടുമ്പോൾ പലപ്പോഴും പരിക്കേൽക്കുന്നത്‌ മാതൃഭാഷക്കാണ്.തൊഴിൽപരവും സാമ്പത്തികവുമായ പരിഗണനകൾക്കപ്പുറത്ത്‌ ഭാഷയെയും സാഹിത്യത്തെയും സംസ്കാരത്തെയും ഉയർത്തിപ്പിടിക്കുന്ന ഒരു ജനതക്കു മാത്രമേ അവരുടെ മാതൃഭാഷ കൈമോശം വരാതെ സൂക്ഷിക്കാൻ കഴിയുകയുള്ളൂ.
ആധുനിക സമൂഹമെന്നത്‌ ഭാഷാസമൂഹങ്ങളാണ്.അതിലെ അംഗത്വം പ്രധാനമായും ഒരാൾക്ക്‌ ലഭിക്കുന്നത്‌ ഭാഷാപരമായ അംഗത്വത്തിലൂടെയാണ്.ജാതി മത ഗോത്രപരമായ അതിർത്തികളെ മറികടന്നുകൊണ്ടാണ് ആധുനികമായ ഓരോ ഭാഷാസമൂഹവും രൂപപ്പെട്ടിട്ടുള്ളത്‌.ഭാഷാപരമായ ഈ ഐക്യം തകർന്നാൽ സ്വഭാവികമായും ജാതി മത ഗോത്രപരമായ ഭുതങ്ങൾ തിരിച്ചു വരാനാണ് സാദ്ധ്യത.ആ നിലയിൽ ആധുനിക സമൂഹത്തിന്റെ കാവലാളാണ് ഭാഷ.ചുരുക്കത്തിൽ ജനാധിപത്യസമൂഹമെന്ന നിലയിലുള്ള ഐക്യകേരളത്തിന്റെ നിലനിൽപ്പ്‌ മലയാളഭാഷയുടെ നിലനിൽപ്പുമായി ബന്ധപ്പെട്ടാണിരിക്കുന്നത്‌.
സംസ്കൃത കേന്ദ്രീകൃതമായ ഭാഷാബോധത്തിൽനിന്ന് അടിസ്ഥാനജനവിഭാഗം സംസാരിക്കുന്ന മലയാളത്തിലേക്കുള്ള പരിവർത്തനത്തെയാണല്ലോ മേൽപത്തൂരിന് പകരം പൂന്താനത്തിന്റെ ഭാഷാകൃതിയെ സ്വീകരിക്കുന്ന ഐതിഹ്യം സൂചിപ്പിക്കുന്നത്‌.അതുകഴിഞ്ഞ്‌ ഇംഗ്ലീഷ്മേധാവിത്വത്തോടും കലഹിച്ചാണ് മലയാളം അതിന്റെ സ്വത്വബോധം സ്ഥാപിച്ചെടുത്തത്‌.ഭാഷയും അധികാരവുമായുള്ള ബന്ധത്തെ കൂടി ഇതു വ്യക്തമാക്കുന്നുണ്ട്‌.ഭാഷാപരിണാമം അധികാരപരിണാമത്തെ കൂടി സൂചിപ്പിക്കുന്നുണ്ടു.മലയാളം കൈമോശപ്പെടുത്തുക എന്നാൽ അടിസ്ഥാനവർഗ്ഗത്തിന്റെ സാമൂഹ്യാംഗീകാരം കൈമോശപ്പെടുത്തുകയെന്നാണർത്ഥം.അതുകൊണ്ടുതന്നെ മാതൃഭാഷക്ക്‌ നേരെ സാമൂഹ്യതലത്തിലും ഭരണകൂടതലത്തിലും ഉണ്ടാക്കുന്ന അവഗണനകളെ നിസ്സാരമായി തള്ളുവാൻ സാധ്യമല്ല.സ്വന്തം മാതൃഭാഷയിൽ വിദ്യാഭ്യാസം ചെയ്യാനും തൊഴിൽചെയ്യാനും ജീവിക്കാനുമുള്ള അവകാശം ഇന്ന് അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നുണ്ട്‌.അന്യഭാഷാ പരിജ്ഞാനമില്ലെന്നതിന്റെ പേരിൽ ഒരാളും തൊഴിൽപരമായോ സാമൂഹ്യമായോ അവഗണിക്കപ്പെട്ടുകൂടാ എന്നാണിതിന്ന് അർത്ഥം.
എന്നാൽ അടിസ്ഥാനപ്രമാണങ്ങൾ നിരാകരിക്കപ്പെടുന്ന പ്രവണത ഇന്ന് മറ്റ്‌ മണ്ഡലങ്ങളിലെന്ന പോലെ വിദ്യാഭ്യാസമേഘലയിലും പ്രകടമായിത്തുടങ്ങിയിരിക്കുന്നു.തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ പൊതുവിദ്യാഭ്യാസരംഗത്ത്‌ ഇന്ന് ഇംഗ്ലീഷ്‌ മാധ്യമമായുള്ള വിദ്യാലയങ്ങൽ പെരുകിവരുകയും മലയാളം മാധ്യമമായുള്ള വിദ്യാലയങ്ങൾ കുറഞ്ഞുവരികയുംചെയ്യുന്നു എന്നുള്ളത്‌ മാത്രമല്ല പൊതുവിദ്യാഭ്യാസത്തിന്റെ ഇടങ്ങളിൽ നിന്നുതന്നെ മലയാളം വെട്ടിമാറ്റപ്പെടുന്നതിന്റെ സൂചനകൾ കണ്ടുവരികയുംചെയ്യുന്നുരണ്ടുവർഷം മുമ്പ്‌ പ്ലസ്‌ റ്റു തലത്തിൽ നിന്ന് മലയാളം എടുത്തുകളയാനുള്ള നീക്കമുണ്ടായി .അധ്യാപകരും സാംസ്കാരിക പ്രവർത്തകരും പൊതു സമൂഹവും ശക്തമായി ഇടപെട്ടതിന്റെ ഫലമായിട്ടാണ് ആ തീരുമാനം തിരുത്താൻ കഴിഞ്ഞത്‌.ഏതാണ്ട്‌ അതിന്ന് തുല്യമായ ഒരു അപകടം ഇപ്പോൾ ബിരുദതലത്തിൽ നടക്കുന്ന പാഠ്യപദ്ധതി പരിഷ്കാരത്തിൽകാണാം.ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുന്നോട്ട്‌ വെച്ചിട്ടുള്ള മാർഗ്ഗരേഖ നിലവിലുള്ള ഭാഷാസാഹിത്യ പഠനത്തിന്റെ മണ്ഡലത്തെ വളരെയേറെ ചുരുക്കിയിരിക്കുന്നു.ഇപ്പോൾ രണ്ടുവർഷം മൂന്ന്പേപ്പറിലായി പഠിക്കാനുള്ള സാഹിത്യം ആദ്യത്തെ ആറുമാസത്തേക്കുള്ള ഒരു പേപ്പർ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.ഭാഷയുടെ സാങ്കേതികമായ പ്രയോഗക്ഷമതയ്ക്ക്മാത്രമാണ` ഊന്നൽ നൽകിയുട്ടുള്ളത്‌ .
സാഹിത്യപഠനത്തെ സംബന്ധിച്ച ഈ ശോഷണം ഹിന്ദി ഉർദ്ദു സംസ്കൃത ഭാഷകൾക്കും ബാധകമാണ് .ഇംഗ്ലീഷ്ഭാഷാപഠനത്തിൽ നിന്ന് സാഹിത്യ പഠനം പൂർണ്ണമായി ഒഴിവാക്കിയിരിക്കുന്നതും ഇതിനെയാണ് കാണിക്കുന്നത്‌.
യഥാർത്ഥത്തിൽ കലാസാഹിത്യ മേഖല ഉൾക്കൊള്ളുന്ന സൗന്ദര്യബോധത്തിന്റെ മണ്ഡലം ആധുനിക സന്ദർഭത്തിൽ വളരെ പ്രസക്തമാണ്. വസ്തുനിഷ്ടമായ ചരിത്രപരിണാമങ്ങളെ അനുഭവതലത്തിൽ രേഖപ്പെടുത്തുന്നത്‌ കലാസാഹിത്യ മണ്ഡലമാണ്. വർണ്ണ വർഗ്ഗ ലിംഗതലങ്ങളുമായി ബന്ധപ്പെട്ട സൗന്ദര്യബോധത്തിൽ വരുന്ന പരിണാമമാണ് യഥാർത്ഥത്തിൽ ഒരു ജനതയുടെ ആന്തരികമായ സമരത്തെയും ആന്തരികമായ അനുഭവത്തെയും സൂഷ്മമായി അടയാളപ്പെടുത്തുന്നത്‌.വിമർശ്ശനത്തിന്റെയും പ്രധിരോധത്തിന്റെയും ആഴത്തിലുള്ള മണ്ഡലമാണിത്‌. ഇതിനെ അവഗണിക്കുക എന്നാൽ മനുഷ്യനെ യാന്ത്രികതയായി നിർവ്വചിക്കുക എന്നാണർത്ഥം.നിർഭാഗ്യവശാൽ ഇത്തരമൊരു നിലപാടാണ്.ഉന്നത വിദ്യാഭ്യാസകൗൺസിൽ ഇപ്പോൾ കൈക്കൊണ്ടിട്ടുള്ളത്‌.
വിദ്യാഭ്യാസം കേവലം തൊഴിലിനുള്ള യാന്ത്രികമായ ഉപാധിമാത്രമാണെന്ന പരിമിതമായ നിലപാട്‌ സ്വീകരിക്കുന്നതിന്റെ ഫലം കൂടിയാണിത്‌.യഥാർത്ഥത്തിൽ വ്യക്തിത്വത്തിന്റെ സർവ്വതോന്മുഖമായ വികാസത്തിന്നാണ് വിദ്യാഭ്യാസം.കലയും സാഹിത്യവും പ്രധിനിധീകരിക്കുന്ന അനുഭുതിമണ്ഡലം അതിൽ വളരെപ്രധാനമാണ്.അതുകൊണ്ടാണ് കൊളോണിയൽ കാലത്തും അതിന്ന് മുമ്പ്പോലുമുള്ള വിദ്യാഭ്യാസപദ്ധതികളിൽ കലാ സാഹിത്യ വിദ്യാഭ്യാസത്തിന്ന് പ്രധാനമായ ഒരു സ്ഥാനമുണ്ടായിരുന്നത്‌.എന്നാൽ മനുഷ്യനെ പൂർണ്ണമായും ചരക്കാക്കുന്ന ആഗോളീകരണത്തിന്റെ മൂലധനക്രമത്തിന്ന് ഇതിനെ പൂർണ്ണമായും വെട്ടിമാറ്റേണ്ടിയിരിക്കുന്നു.
എഴുത്തച്ചനെയും തകഴിയെയും ബഷീറിനെയും അറിയാത്ത കേവല മനുഷ്യശരീരങ്ങളെയാണ് അവർ വിദ്യാഭ്യാസവ്യവസ്ഥയിൽ നിന്ന് ആവശ്യപ്പെടുന്നത്‌.ഇങ്ങിനെ പുറത്തുവരുന്ന ഒരു തലമുറ സാമൂഹ്യതയും ആർദ്ദ്രതയും നഷ്ടപ്പെട്ടതായിരിക്കുമെന്നതിൽ സംശയമില്ല.സ്കൂൾ വിദ്യാർത്ഥികൾക്ക്‌ തങ്ങളുടെ താൽപര്യത്തിനനുസരിച്ചു എട്ടാം ക്ലാസ്സുമുതൽ ഭാവി പഠനത്തിനുള്ള മുഖ്യവിഷയങ്ങൾ തെരെഞ്ഞെടുത്തു പഠിക്കാൻ കഴിയുന്നതരത്തിലുള്ള ഭാവി സംവിധാനത്തെക്കുറിച്ചുള്ള ചർച്ചകളാണല്ലോ ഇപ്പോൾനടക്കുന്നത്‌.ബിരുദതലത്തിൽ ഭാഷാ സാഹിത്യ പഠനത്തിന്ന് വരുന്ന ശോഷണം അതിന്റെ ഭാവി തൊഴിൽ സാദ്ധ്യതകൾക്കും മങ്ങലേൽപ്പിക്കുമെന്നതിനാൽ സ്കൂൾതലം മുതലേ ഭാഷാസാഹിത്യ മേഖല തെരഞ്ഞെടുക്കുവാനുള്ള വിദ്യാർത്ഥികളുടെ[രക്ഷിതാക്കളുടെയും]താൽപര്യത്തെ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.ആ നിലയിൽ സർവ്വകലാശാല,പ്ലസ്‌2.സ്കൂൾ തലങ്ങളിലെല്ലാം ദീർ ഘ കാലികമായി ഭാഷാസാഹിത്യ പഠനത്തിൽ ആഘാതമേൽപ്പിക്കുന്നതുമായിരിക്കും ഈ പരിഷ്കരണം.
കേരളത്തിന്റെ സാമൂഹ്യതയെ തിരിച്ചുപിടിക്കാൻ മാനവികതക്ക്‌ വേണ്ടിയുള്ള അതിന്റെ സമരങ്ങളെ പുതു തലമുറയിൽ നിന്ന് മറച്ചുപിടിക്കുന്ന പുതിയ പരിഷ്കരണങ്ങളിൽ നിന്ന് സർക്കാർ പിൻ വാങ്ങണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്‌.പരിഷ്ക്കരണങ്ങൾ ആവശ്യമാണ്.അവ കൂടുതൽ ജനാധിപത്യപരവും മാനവികവുമായ സാമൂഹ്യനിർമ്മിതിക്ക്‌ ഉതകുന്ന ദിശയിലുള്ളതായിരിക്കണമെന്ന് മാത്രം.
മലയാളവേദി മുന്നോട്ട്‌ വെച്ച ഇതേമട്ടിലുള്ള ലക്ഷ്യങ്ങളെ മുൻ നിർത്തി അദ്യാപകരും സാംസ്കാരിക പ്രവർത്തകരും ഭാഷാസ്നേഹികളും സമാനമായ കൂട്ടായ്മകൾ കേരളത്തിന്റെ വിവിധപ്രദേശങ്ങളിൽ രൂപീകരിക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ഞങ്ങൾ അറിയുന്നു.അവരോട്കൂടിച്ചേർന്ന് കൊണ്ട്‌ മാതൃഭാഷയുടെയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും സംരക്ഷണത്തിന്ന് മലയാളിവേദി നടത്തുന്ന പ്രവർത്തനങ്ങൾക്ക്‌ മുഴുവൻ ആളുകളുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.ഒപ്പം നിരവധി സാംസ്കാരിക പ്രവർത്തനങ്ങളുടെ ചരിത്രമുള്ള വടകരയിൽ കലാസാഹിത്യ സാംസ്കാരിക ചർച്ചക്കുള്ള പൊതുവേദി എന്നനിലയിൽ മലയാളവേദിയെ സ്വീരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
രക്ഷാധികാരികൾ.
കൽപ്പറ്റ നാരായണൻ.
കടത്തനാട്ട്‌ നാരായണൻ.
കെ കുഞ്ഞനന്തൻ നായർ.
പ്രവർത്തകസമിതി

കെ വീരാങ്കുട്ടി.
പി രഞ്ചിത്കുമാർ.
എൻ വി പ്രദീപ്കുമാർ.
കെ അബൂബക്കർ.
കൃഷ്ണദാസ്‌ കടമേരി.
പി പവിത്രൻ.
ആർ ഷിജു.
എം വി പ്രദീപൻ.
രാജേന്ദ്രൻ എടത്തുംകര.
അനിൽ തിരുവള്ളൂർ.
എ പി ശശിധരൻ.
ജോബിഷ്‌ വി കെ.
സലിം കെ ഞക്കനാൽ.
ശ്രീനേഷ്‌.
മധു കടത്തനാട്‌.
സോമൻ കടലൂർ.
ഗഫൂർ കരുവണ്ണൂർ.
ശ്രീജിത്ത്‌.
ഗോപാലകൃഷ്ണൻ ടി ടി .
കെ എം ഭരതൻ[കൺ വീനർ]

2009, മാർച്ച് 26, വ്യാഴാഴ്‌ച

വടകര ബ്ലോഗ്‌ ശിൽപശാല

"ബ്ലോഗ്‌ അക്കാദമിയുടെ സഹായ സഹകരണത്തോടെ മെയ്‌ 3 ന് വടകരയിൽ നടക്കുന്ന ശിൽപശാലയിൽ ബ്ലോഗ്‌ സംബന്ധിച്ച വിവിധ വിഷയങ്ങളെക്കുറിച്ച്‌ വിദഗ്ദരായവർ ക്ലാസ്സുകൾ നടത്തും.
ശിൽപശാല വൻ വിജയമാക്കി മാറ്റുന്നതിന്ന് മുഴുവൻ ബ്ലോഗേഴ്സിനെയും ബ്ലോഗറാവാൻ ആഗ്രഹിക്കുന്നവരെയും ബ്ലോഗ്‌ സ്നേഹികളെയും ക്ഷണിക്കുന്നു.
എല്ലാ അർത്ഥത്തിലും പങ്കാളികളായി ശിൽപശാല ഒരു അനുഭവമാക്കി മാറ്റാൻ ഫലപ്രദമായി ഇടപെടാൻ ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു .
അഡ്വ:സി ഭാസ്കരൻ .
നാരായണ നഗരം കുട്ടികൃഷ്ണൻ.
ഷർളിൻ ദാസ്‌ .
കെ എം ബാബു.
എ പി ശശിധരൻ മാസ്റ്റർ.
ഒഡേസ സത്യൻ.
എടച്ചേരി ദാസൻ.
ബന്ധങ്ങൾക്ക്‌ 9495317992

2009, മാർച്ച് 23, തിങ്കളാഴ്‌ച

ഒരഭ്യർത്ഥന

സമകാലീന സംഭവങ്ങളോട്‌ ജീവിത യാഥാർത്ഥ്യങ്ങളോട്‌ ലോകത്തോട്‌ തന്നെയും സത്യസന്ധമായി സംവേദിക്കാൻ യോജിക്കാൻ വിയോജിക്കാൻ ബ്ലോഗ്‌ മാദ്ധ്യമത്തിൽ ഇടമില്ലാതാവുകയാണോ?.
സർഗ്ഗാത്മക സാസ്കാരികാന്യേഷണങ്ങളെ തടയുന്ന ഏത്‌ മാദ്ധ്യമത്തിനാണ് നിലനിൽക്കാനാവുക.
"സ്വയ സെൻസർഷിപ്പിന്റെ സാംസ്കാരിക ശുദ്ധിയോ,ഔന്നത്യമോ തിരിച്ചറിയാതെ പോകുന്നതാണ് വിഷയം'എന്ന വിലയിരുത്തൽ ഭാഗികം മാത്രമേ ആവുന്നുള്ളൂ.ആശയത്തെ ആശയം കൊണ്ട്‌ നേരിടാനുള്ള ജനാതിപത്യ സങ്കൽപ്പത്തിന്റെ അഭാവം കാണാതെപോവുകയാണ്.
യോജിപ്പിന്റെയും വിയോജിപ്പിന്റെയും മണ്ഡലങ്ങളിൽ നിന്ന് ജീവത്തായ ആശയങ്ങളെ പിഴുതെറിഞ്ഞ്‌ പകരം മുഷ്കിന്റെ മസ്സിൽ പവ്വറിന്റെ അയുക്തികതയെ വിളക്കിചേർക്കാൻ ആധുനിക സിവിൽ സമൂഹത്തിന്ന് എളുപ്പം കഴിയില്ല.
മാനവികതയേക്കുറിച്ചുള്ള സമഗ്രനിലപാടുകളെ വൈയക്തിക നിലപാടിൽ നിരീക്ഷിച്ച്‌ വിയോജിക്കുന്നത്‌ ഒരു പുത്തൻ അനുഭവമൊന്നുമല്ല.കേരളീയാവസ്ഥയിൽ പുനരാഖ്യാനങ്ങൾക്കും പുനർ വായനക്കും വിമോചന സമരത്തോളം പഴക്കമുണ്ട്‌.
തൊട്ടുകൂടായ്മയുടെ ഇരുണ്ടകാലം വഴിമാറിയിട്ട്‌ നമ്മെ സംബന്ധിച്ച്‌ ഏറെ നാളായിട്ടില്ല.വഴിനടക്കാൻ ജാതി വഴിതടഞ്ഞകാലം.ഇതിൽ മനുഷ്യാവകാശ ലംഘനമുണ്ടെന്ന് ബോദ്ധ്യപ്പെടുത്താൻ പട നയിച്ചവരിൽ ശ്രീ നാരായണഗുരു ഉണ്ടായിരുന്നു,
അയ്യങ്കാളിയുണ്ടായിരുന്നു.
വാഗ്ഭടാനന്ദനുണ്ടായിരുന്നു.......
അങ്ങിനെയാ പൊതുവേദിയിലെങ്കിലും ജാതിപറയുന്നത്‌ അശ്ലീലമായത്‌.
ഇന്ന് കർമ്മം കൊണ്ടും വേഷംകൊണ്ടുംതിരിച്ചറിയാനാവാത്ത കീഴാളർക്ക്‌ എതിരായ ചിഹ്നങ്ങളായി നമ്പൂതിരിയും,നായരും,പിള്ളയുമൊക്കെ ജാതിപ്പേരുകളായി നിലനിർത്തി തങ്ങൾ പറയനോ,പുലയനോ,അമ്പട്ടനോ,തോട്ടിയോ അല്ലാ എന്ന് നിരന്തരം ബോദ്ധ്യപ്പെടുത്തി കീഴാളനെ അപമാനപ്പെടുത്തുന്നു.
ഇവർ വാലുമുറിച്ചതല്ലായിരുന്നു എന്നും വാലു മറച്ചതാണെന്നും ഒരു ഞെട്ടലോടെ ഇവർ തിരിച്ചറിയുന്നു.
കേരളത്തിലെങ്കിലും മനുവാദികൾ വേദംശ്രവിച്ച ശുദ്രന്റെ ചെവിയിൽ ഈയ്യം ഉരുക്കി ഒഴിക്കാതിരിക്കുന്നത്‌ ഈയ്യത്തിന്ന് വിലകൂടിയത്‌ കൊണ്ടാണ് എന്ന നിരീക്ഷണത്തോട്‌ എനിക്ക്‌ ഒട്ടും യോജിപ്പില്ല.
ക്ഷമിക്കണം ഇത്രയും സൂചിപ്പിക്കേണ്ടി വന്നത്‌ ആരേയും വ്രണപ്പെടുത്താനോ,ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ മുഖ്യ വൈരുദ്ധ്യമായി ഇത്‌ നിലനിൽക്കുന്നു എന്ന് സ്ഥാപിക്കാനോ അല്ല.
മറിച്ച്‌ മാനവീയതെയെക്കുറിച്ച്‌,സാമൂഹ്യനീതിയെക്കുറിച്ച്‌,ജനാധിപത്യത്തെക്കുറിച്ച്‌ ഗൗരവതരമായ ചർച്ചയിൽ അവഗണിക്കാനാവാത്ത വിഷയമാണിതെന്ന് ഓർമ്മിപ്പിക്കാനാണ്.
തീർച്ചയായും ഇത്‌ നമ്മുടെ പൊതു ജീവിതത്തെ ഇടക്കിടെ അലോസരപ്പെടുത്തുന്നുണ്ട്‌.
മാനവീയ സങ്കൽപങ്ങളെ മുറിവേൽപ്പിക്കുന്നുണ്ട്‌.
പറഞ്ഞുവന്നത്‌
ഇതടക്കമുള്ള ഏതു വിഷയവും ഗൗരവത്തോടെ പക്വതയോടെ ചർച്ചചെയ്യാൻ ഉൾക്കൊള്ളാൻ ബ്ലോഗിന്നും ബ്ലോഗ്‌ എഴുത്തുകാർക്കും കഴിയേണ്ടതല്ലേ.
ബഹുസ്വരതയുടെ വ്യക്താക്കൾ പോലും അസഹിഷ്ണതയുടെ നേതാക്കന്മാരാവുന്നത്‌ എന്തുകൊണ്ടാണ് എന്ന ഗവേഷണമല്ല ഈ പോസ്റ്റിന്റെ ലക്ഷ്യം.
വളരെ മൂർത്തമായ ഒരു വിഷയം അവതരിപ്പിക്കാനുള്ളത്‌
ഒരു കേസും അതുമായി ബന്ധപ്പെട്ട കോടതിനടപടികളുമാണ്.
ഒഴിഞ്ഞുമാറിപ്പോവാൻ ,കണ്ടില്ലെന്ന്നടിക്കാൻ അത്‌ അതിന്റെ ഗതിക്ക്‌ പോകട്ടെ എന്ന് സമാധാനിക്കാൻ കഴിയാത്ത സാമൂഹ്യബാദ്ധ്യത....
നന്മയുടെ തുരുത്തുകൾ കടലെടുത്തു പോകരുതല്ലോ... .
പ്രയാസങ്ങളിലെ പങ്കാളിത്തത്തിന്ന് ,
കോടതി നടപടികളിലെ സഹായങ്ങൾക്ക്‌ ,
ബ്ലോഗിന്റെ ആവിഷ്കാര സ്വതന്ത്ര്യത്തിന്ന് ഹാനി തട്ടാത്ത രീതിയിൽ ഒരു കൂട്ടായ്മക്ക്‌[ബ്ലോഗിലും ബ്ലോഗിന്ന് പുറത്തും]ശ്രമിക്കുകയാണ്.
സഹകരിക്കണം എന്ന അഭ്യർത്ഥനയോടെ........

2009, മാർച്ച് 16, തിങ്കളാഴ്‌ച

ലോകസഭാതെരഞ്ഞെടുപ്പ്‌:-ചില സൂചനകൾ

സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ സ്വപ്നങ്ങളും രക്തസാക്ഷികൾ ഒരു പുതിയ ഇന്ത്യയെക്കുറിച്ച്‌ വച്ചു പുലർത്തിയിരുന്ന സങ്കൽപ്പങ്ങളും തർന്നടിഞ്ഞു കൊണ്ടിരിക്കുന്ന ഒരു നിണ്ണായക സന്ധിയിലാണ് നമ്മുടെ രാജ്യത്തിലെ 15 മത്‌ ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌ .
ബ്രിട്ടീഷ്‌ വിരുദ്ധസരത്തിന്റെ കാലഘട്ടത്തിൽ ,സാമ്രാജ്യത്വ നുകത്തിൻ കീഴിൽനിന്നും വിമോചനം നേടുന്ന ഒരു ഇന്ത്യയേക്കുറിച്ചും സ്വാശ്രിതവും മതനിരപേക്ഷവുമായ ഒരു ഫെഡറൽ ജനാധിപത്യ റിപ്പബ്ലിക്കിനെക്കുറിച്ചും ജനങ്ങൾ സ്വപ്നം കണ്ടിരുന്നു . കൊളോണിയൽ ഭുതകാലത്തോടും നാടുവാഴിത്ത ബന്ധങ്ങളോടും കണക്കുതീർക്കുന്ന ഒരു പുതു സമൂഹത്തോടും എല്ലാ വിഭാഗങ്ങൾക്കും എല്ലാ മണ്ഡലങ്ങളിലും ജനാധിപത്യവും സാമൂഹ്യ സമത്വവും ലഭ്യമാക്കുന്ന ഒരു പുതിയ ഇന്ത്യയെക്കുറിച്ചുമുള്ള സങ്കൽപ്പം അവർ വെച്ചുപുലർത്തിയിരുന്നു .
എന്നാൽ ഇന്നു ഔപചാരിക സ്വാതന്ത്ര്യം നേടി ആറുപതിറ്റാണ്ടുകൾ കഴിയുമ്പോൾ ,സാമ്രാജ്യത്വ വിരുദ്ധസമരത്തിലൂടെ വികസിച്ചു വന്ന ദേശീയവീക്ഷണം കൈയ്യോഴിയപ്പെട്ടിരിക്കുന്നതും ,മഹാഭുരിപക്ഷം ജനങ്ങളും കൂടുതൽ പാപ്പരാകുന്നതുമാണ് നാം കാണുന്നത്‌ .ഭരണവർഗ്ഗങ്ങളും അധികാരത്തിലിരിക്കുന്ന അവരുടെ രാഷ്ട്രീയ പ്രതിനിധികളും തുടർന്നു കൊണ്ടിരിക്കുന്ന നയങ്ങൾക്ക്‌ കീഴിൽ രാജ്യം കടുത്ത വിനാശത്തെയാണ് നേരിടുന്നത്‌.
യു പി എ സർക്കാറിന്റെ അഞ്ചു കൊല്ലത്തെ ഭരണഫലങ്ങൾ സാമ്രാജ്യത്വ ആഗോളീകരണം ത്വരിതപ്പെടുത്തിയ ബിജെപി നേതൃത്വത്തിലുള്ള എൻ ഡി എ ഭരണത്തിനും ഗുജറാത്ത്‌ നരഹത്യ യടക്കമുള്ള വർഗ്ഗീയ ഫാസിസ്റ്റ്‌ പ്രവർത്തനങ്ങൾക്കും ശേഷമാണ് 14 ലാമത്‌ ലോകസഭാ തെരഞ്ഞെടുപ്പു നടക്കുന്നത്‌ ഇന്ത്യ തിളങ്ങുന്നുവെന്നും മറ്റുമുള്ള ബിജെപി നേതാക്കളുടെ വാദങ്ങളൊന്നും വകവെക്കാതെ ജനങ്ങൾ എൻഡി എ ഭരണത്തെ തറപറ്റിച്ചു.ഇടതു മുന്നണിയുടെ പിന്തുണയോടെ അധികാരത്തിൽ വന്ന കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യു പി എ സർക്കാർ പൊതുമിനിമം പരിപാടി മുന്നോട്ട്‌ വെക്കുന്നത്‌ ബി ജെ പി സർക്കാറിന്റെ നയങ്ങളെ എതിർക്കുന്നുവെന്ന അവകാശ വാദവുമായിട്ടാണ്.
എന്നാൽ തുടക്കം മുതലേ തന്നെ സെസ്സ്‌ തുടങ്ങിയ സാമ്രാജ്യത്വ ആഗോളീകരണ-സ്വകാര്യവൽക്കരണ-ഉദാരീകരണനയങ്ങൾ വളരെ ഊർജ്ജിതമായി നടപ്പാക്കുകയാണ് യു പി എ സർക്കാർ ചെയ്തത്‌.
വ്യവസായിക,സേവന മേഖലകളെപ്പോലെ കാർഷിക ഉൽപാദനത്തിൽ നിന്നും സർക്കാർ പിൻ വാങ്ങുകയും ഈ മേഖലയും അന്താരാഷ്ട്ര വിപണിവ്യവസ്ഥയുമായി ഉദ്ഗ്രഥിപ്പിക്കാൻ ബഹു രാഷ്ട്രകുത്തകകൾക്കും കോർപ്പറേറ്റുകൾക്കും തങ്ങളുടെ ആധിപത്യം പ്രസ്തുത രംഗത്ത്‌ സ്ഥാപിച്ചെടുക്കുന്നതിന്നും വേണ്ട എല്ലാ സഹായങ്ങളും സർക്കാർ ചെയ്തു കൊടുത്തു.നിലനിൽക്കുന്ന ഭുപരിധി നിയമങ്ങൾപോലും തലകീഴ്മേൽമറിക്കപ്പെട്ടു.
എല്ലാ ഭു പരിഷ്കരണ നടപടികളും കൈയ്യൊഴിക്കപ്പെട്ടു.
ഭഷ്യധാന്യ ഉൽപാദനവും ഭഷ്യസ്വയം പര്യാപ്തതയും അട്ടിമറിക്കപ്പെട്ടു.
പൊതു വിതരണ സമ്പ്രദായം കൂടുതൽ ദുർബ്ബലമായി.

അന്തരാഷ്ട്ര കമ്പോളത്തിന്റെ ചലന നിയമങ്ങൾക്ക്‌ വിധേയമായി പെട്രോളിയം അടക്കമുള്ള അവശ്യവസ്തുക്കളുടെ വിലകൾ വർദ്ധിപ്പിച്ചു.തുടർന്നു നാണയപ്പെരുപ്പം കുത്തനെ വർദ്ധിപ്പിച്ചു.
വിദ്യാഭ്യാസം,ആരോഗ്യപരിരക്ഷ തുടങ്ങിയ മേഖലകളിൽ സ്വകാര്യ മേഖലകളുടെ ആധിപത്യം കൂടുതലായി.
ക്ഷേമപരിപാടികൾ വെട്ടിക്കുറക്കപ്പെടുകയോ റദ്ദാക്കപ്പെടുകയോ ചെയ്തു.
തൊഴിലാളിവർഗ്ഗം,ദളിതർ,ആദിവാസികൾ, മറ്റ്‌ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾ എന്നിവരുടെ അവകാശങ്ങൾ കൂടുതലായി കവർന്നെടുക്കപ്പെട്ടു.
ഒട്ടേറെ തൊഴിലാളികൾ ജോലി ചെയ്തിരിന്ന പതിനായിരക്കണക്കിന്ന് വ്യവസായസ്ഥാപനങ്ങൾ അടച്ചുപൂട്ടുന്ന അപവ്യവസായവൽക്കരണം തുടർന്നു കൊണ്ടിരിക്കുന്നു.
കയറ്റുമതി കേന്ദ്രീകൃതമായ വ്യവസായങ്ങൾ,ഐടി,സേവനമേഖലകളിൽ എന്നിവയ്ക്‌ ഏകപക്ഷീയമായ ഊന്നൽ ലഭിക്കുമ്പോൾ രാജ്യത്തിന്റെ സ്വാശ്രയത്വശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
ബഹുരാഷ്ട്രകുത്തകകൾക്ക്‌ യഥേഷ്ടം വിഹരിക്കാൻ സ്വാതന്ത്ര്യം നൽകി.ഊഹമൂലധനവും പരാദമൂലദനവും ആധിപത്യമുറപ്പിച്ചു.
അമേരിക്കൻ സാമ്രാജ്യത്വവുമായി തന്ത്രപരമായി സഖ്യത്തിലേർപ്പെടുന്നുവെന്ന പേരിൽ നിരവധി സൈനിക കരാറുകളിലേർപ്പെടുകയും അവസാനം ഇന്ത്യാ-അമേരിക്ക ആണവക്കരാർ ഒപ്പിടുകയും ചെയ്തതിലൂടെ സാമ്രാജ്യത്തിന്ന് പൂർണ്ണമായും കീഴ്പ്പെടുകയായിരുന്നു.
ഐ എ ഇ എയിലും മറ്റു വേദികളിലും അമേരിക്കയുടെ ആജ്ഞാനുവർത്തിയായി ഇന്ത്യ മാറുകയും അങ്ങേയറ്റം ഗുണകരമായിരുന്ന ഇറാൻ-പാക്‌-ഇന്ത്യാ പ്രകൃതിവാതക പൈപ്പ്‌ ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറുകയുംചെയ്തു.ഇതെല്ലാം അയൽ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ വഷളാക്കി.വിദേശനയത്തിന്റെ കാര്യത്തിൽ അവശേഷിച്ചിരുന്ന അവകാശങ്ങൾക്ക്‌ പോലും അർഹത നഷ്ടപ്പെട്ടു.
മേൽപ്പറഞ്ഞ നിലപാടുകളുടെ ഫലമായി സാമ്പത്തിക മേഖലയിലെ കുമിള പ്രതിഭാസം ഈ രാജ്യത്തെയും സ്വധീനിക്കുകയുണ്ടായി.ഇതിന്റെ ഫലമായിട്ടാണ` അമേരിക്കയിൽ ആരംഭിച്ച പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയിലെ കൊട്ടിഘോഷിക്കപ്പെട്ട ജിഡിപിയുടെ ഉയർന്ന നിരക്കും വ്യവസായ വളർച്ചാനിരക്കും കുത്തനെ താഴുകയുണ്ടായത്‌.

നവ ഉദാരീകരണനയങ്ങൾ ബഹുഭുരിപക്ഷം ജനങ്ങളെയും പാപ്പരീകരിക്കുകയും ചെറിയൊരു ന്യുനപക്ഷത്തെ അതിധനികരാക്കുകയും ചെയ്യുന്ന വർത്തമാന സാഹചര്യത്തിൽ യു പി എ സർക്കാർ തങ്ങളുടെ അവകാശവാദങ്ങൾക്ക്‌ വിരുദ്ധമായി അപകടകരമായ തരത്തിൽ വർഗ്ഗീയ പ്രീണനമാണ് തുടരുന്നത്‌.ഭീകരത പോലും വർഗ്ഗീയവൽക്കരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു.ഇതിന്റെ പേരിൽ ന്യൂനപക്ഷങ്ങൾക്ക്‌ നേരെ ഭരണകൂടം മർദ്ദന നടപടികൾ തുടരുമ്പോൾ ഗുജറാത്ത്‌ നരഹത്യക്ക്‌ ശേഷം ഒറീസ്സയിലും മറ്റും ആവർത്തിക്കുന്ന സംഘപരിവാറും കൂട്ടരും ഇപ്പോഴും ഭരണകൂടത്തിന`അഭിമതരായിതുടരുന്നു.ജാതീയമായ വിഭാഗീയതകളും ആദിവാസികൾക്കും ദളിതർക്കും നേരെയുള്ള അടിച്ചമർത്തലുകളും ശക്തിപ്പെട്ടിരിക്കുന്നു.
അസമാനമായ വികസനത്തിന്റെ ഭാഗമായി പ്രാദേശിക സങ്കുചിതവാദങ്ങളും ശക്തിപ്പെട്ടിരിക്കുന്നു.ഇതിനെ നേരിടാനെന്ന പേരിൽ നടത്തിയിരിക്കുന്ന സൈനിക വിന്യാസം ഭരണകൂട ഭീകരതയെ അഴിച്ചു വിട്ടിരിക്കയാണ്.
5 കൊല്ലത്തെയു പി എ സർക്കാർ ഭരണം രൂക്ഷമായ വിലക്കയറ്റത്തിന്നും തൊഴിലില്ലായ്മക്കും വഴി തെളിയിക്കുകയായിരുന്നു.ഇക്കാലങ്ങളിൽ കൂടുതലായി ജനാധിപത്യാവകാശങ്ങൾ എടുത്തുമാറ്റുകയും കരിനിയമങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്തു.വികസനമെന്ന പേരിൽ നടത്തിയ നീക്കങ്ങൾ പാരിസ്ഥിതികമായ നാശത്തിലേക്ക്‌ വഴിതെളിച്ചു.ദാരിദ്ര്യ രേഖക്ക്‌ കീഴെയു
ചുരുക്കി പറഞ്ഞാൽ 15മത്‌ ലോകസഭാ തെരഞ്ഞെടുപ്പും ;സാമ്രാജ്യത്വ ആഗോളീകരണം അടിച്ചേൽപ്പിക്കപ്പെട്ട നയസമീപനങ്ങൾ രാജ്യത്തെയും ജനങ്ങളെയും പാപ്പരീകരിച്ചതിന്റെയും,അമേരിക്കൻ സാമ്രാജ്വത്തിന്റെ സാമ്പത്തിക പ്രതിസന്ധി നമ്മുടെ രാജ്യത്തെ എപ്രകാരം ബാധിച്ചു എന്നതിനേക്കുറിച്ചും,ആണവക്കരാർ അടക്കമുള്ള വിനാശകരമായ ഉടമ്പടികളെക്കുറിച്ചോ ,ഇതിന്നൊക്കെ ബദലായ ശരിയായ രാഷ്ടീയ പരിഹാരം മുന്നോട്ട്‌ വെക്കാനോ ആവശ്യമായ ഗൗരവതരമായ രാഷ്ട്രീയ ചർച്ചക്ക്‌ ഈ തെരഞ്ഞ്ടുപ്പും തയ്യാറാകുമോ എന്നതാണ് പ്രസക്തം.
മറിച്ച്‌ വർഗ്ഗിയ,ജാതീയ,പ്രാദേശിക,സങ്കുചിത,ദേശഭ്രാന്തൻ വിഭാഗീയ ചിന്തകളും വികാരങ്ങളും ബോദപൂർവ്വം ഉയർത്തിക്കൊണ്ടുവന്ന് അടിസ്ഥാന പ്രശ്നങ്ങളെ മൂടിവെക്കപ്പെടാനുള്ള സാദ്ധ്യത ഉണ്ട്‌ എന്നാണ് സമീപ കാല യാഥാർത്ഥ്യം സൂചിപ്പിക്കുന്നത്‌.

2009, മാർച്ച് 3, ചൊവ്വാഴ്ച

സോഷ്യലിസം തന്നെയാണ് ബദൽ

ലെനിന്റെ നേതൃത്വത്തിൽ
റഷ്യൻ പാർട്ടി ലോക സാഹചര്യത്തെയും
സാറിസ്റ്റ്‌ റഷ്യയിലെ സാഹചര്യത്തെയും സമൂർത്തമായി വിശകലനം ചെയ്തു വിപ്ലവ സിദ്ധാന്തവും പ്രയോഗവും
അതനുസരിച്ച്‌ വികസിപ്പിച്ചാണ`ഒക്ടോബർ വിപ്ലവത്തെ വിജയത്തിലേക്ക്‌ നയിച്ചത്‌.
തുടർന്ന് സോഷ്യലിസ്റ്റ്‌ പാതയിലൂടെ മുന്നേറുകയും
രണ്ടാം ലോകയുദ്ധത്തിൽ ഫാസിസത്തിന്നെതിരെ ഉജ്ജ്വല വിജയം നേടി സോഷ്യലിസ്റ്റ്‌ ശക്തികളുടെ മുന്നേറ്റത്തിന് വഴിയൊരുക്കുകയും
സാമ്രാജ്യത്വ ചേരിയെ വെല്ലുവിളിക്കുകയും ചെയ്തു.
പക്ഷെ ലോക സാമ്രാജ്യത്വ ചേരിയുടെ പിന്തുണയോടെ
തിരിച്ചുവരാൻ ഓരോ നിമിഷവും ശ്രമിച്ചു കൊണ്ടിരുന്ന
മുതലാളിത്ത ശക്തികൾക്കെതിരെ പ്രതിരോധിക്കുവാൻ
തക്കവണ്ണം സാംസ്കാരിക ഉപരിഘടനയിൽ നിരന്തരം പരിവർത്തനം ഉണ്ടാക്കാനും ,
പാർട്ടിയിലും സൈന്യത്തിലും ഭരണരംഗത്തും
ഉദ്യോഗസ്ഥ മേധാവിത്വ ശക്തികൾ മേൽക്കൈ നേടാതെ
തോഴിലാളി വർഗ്ഗനേതൃത്വവും ജനാധിപത്യവൽക്കരണവും
നിരന്തരം പരിവർത്തനം ഉണ്ടാക്കാനും,സോഷ്യലിസത്തെ രക്ഷിക്കാനും വികസിപ്പിക്കാനും കഴിയും വിധം
ജനങ്ങളുടെ അവബോധം അതിവേഗം വികസിപ്പിക്കാനും നേരിട്ട ദൗർബല്യങ്ങളാണ`
സ്റ്റാലിന്റെ മരണം സൃഷ്ടിച്ച വിടവ്‌ ഉപയോഗപ്പെടുത്തി
അധികാരം കവർന്നെടുക്കാൻ തക്കവണ്ണം പാർട്ടിയിലും
മറ്റു രംഗങ്ങളിലും ശക്തി ആർജ്ജിക്കുന്നതിന്ന്
മുതലാളിത്ത പാതക്കാരെ തുണച്ചത്‌.
അടിസ്ഥാനപരമായി ചൈനയിൽ സംഭവിച്ചതും
ഏതാണ്ട്‌ ഇത്‌ തന്നെയാണ്.
1949ൽ മാവോയുടെ നേതൃത്വത്തിൽ
പുത്തൻ ജനാധിപത്യ വിപ്ലവ കടമകൾ പൂർത്തിയാക്കി
സോഷ്യലിസ്റ്റ്‌ വിപ്ലവപാതയിൽ മുന്നേറിയ
ചൈനീസ്‌ പാർട്ടിയെ റഷ്യയിൽ സംഭവിച്ചപോലെ
മുതലാളിത്തപാതയിലേക്ക്‌ ജീർണ്ണിപ്പിക്കാൻ നടത്തിയശ്രമങ്ങൾക്കെതിരെ,
സോവ്യറ്റ്‌ തിരിച്ചടികളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട
മാവോ മഹത്തായ സാംസ്കാരിക വിപ്ലവത്തിന്ന് നേതൃത്വം കൊടുത്തു . സോഷ്യലിസത്തെ കാത്ത്‌ രക്ഷിക്കാൻ
സാംസ്കാരിക ഉപരിഘടനയിൽ അതിവേഗം മാറ്റങ്ങൾ വരുത്തി
സോഷ്യലിസറ്റ്‌ അവബോധത്തിലേക്ക്‌ ജനങ്ങളെ നയിക്കാൻ ശ്രമിച്ചു.
എന്നിട്ടും
മാവോയുടെ മരണത്തെ തുടർന്ന് പട്ടാള അട്ടിമറിയിലൂടെ
മുതലാളിത്ത പാതക്കാർ അധികാരം പിടിച്ചടക്കുകയായിരുന്നു.
തിരിച്ചു പോക്കുകൾ കനത്ത തിരിച്ചടിയായിരുന്നെങ്കിലും സോവിയറ്റ്‌,ചൈനീസ്‌ അനുഭവങ്ങൾ സാമ്രാജ്യത്വത്തിന്നെതിരായ
ബദൽ സോഷ്യലിസമാണെന്നും
അതു സാക്ഷാൽക്കരിക്കാൻ സാധിക്കുമെന്നും
ലോക ജനതയെ പഠിപ്പിക്കുകയുണ്ടായിവിപ്ലവ പൂർവ്വ കാലത്തെന്ന പോലെ
വർഗ്ഗസമരം തീഷ്ണമാവുകയാണ് ചെയ്യുന്നതെന്നും
ഓരോ നിമിഷവും മുതലാളിത്ത പൂർവ്വ,മുതളാളിത്ത സിദ്ധാന്തങ്ങളും
അവ സൃഷ്ടിക്കുന്ന സാമൂഹ്യ സാംസ്കാരിക ബന്ധങ്ങളും
നിരന്തരം ആധിപത്യം ചെലുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുമെന്നും
ലെനിൻ പഠിപ്പിച്ചിട്ടുണ്ട്‌.
ഈ പ്രതിവിപ്ലവ ശക്തികൾക്കെതിരെ
വിപ്ലവ കാലത്തും വിപ്ലവാനന്തരകാലത്തും
തൊഴിലാളിവർഗ്ഗ നേതൃത്വത്തിൽ വർഗ്ഗസമരം തുടരേണ്ടുന്നതിന്റെ
മൗലിക പ്രാധാന്യം ലെനിനും തുടർന്ന് മാവോയും ആവർത്തിക്കുന്നുണ്ട്‌.
ദിശയിലുള്ള മുന്നേറ്റമായിരുന്നു സാംസ്കാരിക വിപ്ലവം
1973ൽ മാവോ വില്യംഹിന്റനോട്‌ പരഞ്ഞത്പോലെ
ഒരു സാംസ്കാരിക വിപ്ലവം കൊണ്ടായില്ല ,
നിരന്തരം തുടരുന്ന സാംസ്ക്കാരിക വിപ്ലവങ്ങളിലൂടെയുള്ള
ദീർ ഘകാല വിപ്ലവത്തിലൂടെയേ സോഷ്യലിസത്തെ രക്ഷിക്കാനുള്ള അവബോധത്തിലേക്ക്‌ എത്താനാകൂ.
സോവ്യറ്റ്‌ അനുഭവങ്ങളുടെ വെളിച്ചത്തിൽ
ഗ്രാംഷിയും ഈ പ്രശ്നം ഉയർത്തുന്നുണ്ട്‌ ഭാഗികമായിട്ടാണെങ്കിലും
ഇത്തരം അന്യേഷണങ്ങൾ നടക്കാത്ത രാജ്യങ്ങൾ ഉണ്ടാകില്ല.
കമ്യൂണിസ്റ്റ്പാർട്ടികൾ ജീർണ്ണിക്കുകയും
ലോക സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തിന്ന് തിരിച്ചടി നേരിടുകയും ചെയ്തിരിക്കുന്നു എന്നത്‌ ഒരു യാഥാർത്ഥ്യവുമാണ്.
അതുകൊണ്ട്‌
നമുക്ക്‌ കിരാതമായ സാമ്രാജ്യത്വ വ്യവസ്ഥ അടിച്ചേൽപ്പിക്കുന്ന
പാരതന്ത്ര്യത്തിലും വിനാശത്തിലും തുടരാനാകുമോ?
ബഹുഭുരിപക്ഷം വരുന്ന അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ
നേരിടുന്ന പ്രശ്നങ്ങൾ രൂക്ഷമാക്കുകയാണ് സാമ്രാജ്യത്വം.
അതിന്ന് ബദൽ സോഷ്യലിസ്റ്റ്‌ പരിവർത്തനവും കമ്യൂണിസവും മാത്രമാണ്.
അതുകൊണ്ട്‌ ഇന്നോളം സോഷ്യലിസ്റ്റ്‌ ശക്തികൾക്കുണ്ടായ
ദൗർബല്യങ്ങളിൽ നിന്ന് പാഠങ്ങൾപഠിച്ചുകൊണ്ട്‌
അടുത്ത മുന്നേറ്റത്തിന്ന് ആഗോളതലത്തിൽ കളമൊരുങ്ങുന്നുണ്ട്‌
എന്നതും വർത്തമാനകാല യാഥാർത്ഥ്യമാണ്.
ഇനിയും പരാജയപ്പെട്ടു പോവില്ലേ എന്ന് ചിന്തിച്ച്‌
സാമ്രാജ്യത്വ വ്യവസ്ഥക്ക്‌ കീഴ്പ്പെടാതെ
അതിനെ മറികടന്ന് പഴയ കാലത്തിന്റെ ആവർത്തനമാവാതെ
അധികാരം ജനങ്ങൾക്ക്‌ എന്നമുദ്രാവാക്യത്തെ
എത്രയും വേഗം സാക്ഷാൽക്കരിക്കുന്ന കൂടുതൽ ഉയർന്ന
പ്രത്യായ ശാസ്ത്ര രാഷ്ട്രീയ ധാരണകളോടെ
മുന്നേറാനാണ് സമീപകാല സാഹചര്യം നിർബന്ധിച്ചു കൊണ്ടിരിക്കുന്നത്‌.