2011, ജൂലൈ 31, ഞായറാഴ്‌ച

കുരിശു മരണം വിധിക്കപ്പെട്ട പൊതുവിദ്യാഭ്യാസം

"അദ്ധ്വാനിക്കുന്നവരെ !ഭാരം ചുമക്കുന്നവരെ !
എല്ലാവരും എന്റെ അടുത്ത് വരുവിന്‍ ,ഞാന്‍ നിങ്ങള്‍ക്ക് സമാധാനം തരാം "
ഇത് പണ്ടു പണ്ടു  വളരെ പണ്ട് നസറത്ത് കാരനായ ഒരാശാരിയുടെ മകന്‍ ഇങ്ങനെ അടിമ ജനവിഭാഗത്തോട്‌ ഉറക്കെ വിളിച്ചു പറഞ്ഞു .
മര്‍ദ്ദിതരായ ദരിദ്രന്മാരെയും,അവശരേയും അദ്ദേഹം സമാശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു 
"ദരിദ്രന്മാരെ ,പാപികളെ ,പുച്ചിക്കപ്പടുന്നവരെ !
നാളത്തെ ലോകം നിങ്ങള്‍ക്ക് വേണ്ടിയുള്ളതാകകൊണ്ട്  സന്തോഷിച്ച് ഉല്ലസിക്കുക".

മര്‍ദ്ദനങ്ങള്‍ കൊണ്ടും  അക്രമങ്ങള്‍ കൊണ്ടും റോമന്‍ സാമ്രാജ്യം തകര്‍ച്ചയെഅഭി മുഖീകരിച്ച കാലം     
അടിമകളും ഉടമകളും  തമ്മിലുള്ള വര്‍ഗ്ഗസമരം മൂര്‍ദ്ധന്യത്തിലെത്തി നില്‍ക്കുന്ന കാലം,
ഉടമകള്‍ക്ക് അടിമകളെ ചന്തയില്‍ വില്കാനും വാങ്ങാനും കഴിയുന്നകാലം ,
അടിമകളെ ചവിട്ടാം ,കുത്താം ,ചുട്ടെരിക്കാം ശരീരാവയവങ്ങള്‍ അരിഞ്ഞുമാറ്റി കൊന്നു തള്ളാവുന്ന കാലം...
കിരാതമായ മര്‍ദ്ദനങ്ങള്ക്കെതിരേ ചെറു പ്രതികരണങ്ങള്‍ പോലും മിക്കപ്പോഴും കലാപങ്ങളാവുകയും അവയൊക്കെ നിഷ്ടൂരമായി ,മൃഗീയമായി അടിച്ചമാര്ത്തപ്പെടുകയും ചെയ്തിരുന്ന കാലം ,
അടിമ നേതാവ്  സ്പാര്‍ട്ടക്കസ്സിന്റെ നേതൃത്വത്തില്‍ നടത്തിയ ഐതിഹാസികമായ കലാപത്തെ ക്രൂരമായി അടിച്ചമര്‍ത്തി കാപ്പുവ യുടെ വഴിയോരങ്ങളില്‍ ആറായിരത്തില്‍പരം അടിമകളെ കുരിശില്‍  തറച്ചു കൊന്നു തൂക്കിയ കാലം ...
 അമാനുഷികമായ എന്തെങ്കിലും  ഇന്ദ്രജാലം കൊണ്ടല്ലാതെ  തങ്ങള്‍ക്കിനി രക്ഷയില്ലെന്ന്‍ അടിമകള്‍ ഉറച്ചു വിശ്വസിച്ചു പോയ കാലം ,
ഒരു സംരക്ഷകന്‍ ,ഒരു ദൈവ പുത്രനല്ലാതെ മറ്റാര്‍ക്കും തങ്ങളെ മോചിപ്പിക്കാന്‍ കഴിയില്ല എന്ന   ധാരണയാല്‍ പ്രതീക്ഷയോടെ ഒരു തിരുപ്പിറവിക്കായി  കൈകൂപ്പി  കാത്തിരുന്നവരുടെ കാതുകളിലാണ് ഒരു കര്‍ണ്ണാമൃതം പോലെ  ഈ  വാക്കുകള്‍ വന്നലയടിച്ചത്.
ഉടമകളായ  മര്‍ദ്ദകവര്‍ഗ്ഗങ്ങള്‍ക്ക് നേരെ  അദ്ദേഹം  കത്തിജ്വലിച്ചു ഗര്‍ജ്ജിച്ചു .
"പാമ്പുകളെ ,സര്‍പ്പസന്തതികളെ ! നരക ശിക്ഷയില്‍ നിന്ന്‍ നിങ്ങള്‍ എങ്ങിനെ തെറ്റിയൊഴിയും"
ആ നിഷ്ടൂരന്മാരെ അദ്ദേഹം താക്കീത് ചെയ്തു.,
"ദരിദ്രന്മാരുടെ ന്യായം മുറിച്ചു കളയാനും എളിയവരുടെ അവകാശം ഇല്ലാതാക്കാനും ,വിധവകള്‍ തങ്ങള്‍ക്ക്
കൊള്ളയായി തീരുവാനും ,അനാഥന്മാരെ തങ്ങള്‍ക്കിരയായിരിക്കുവാനും തക്ക വണ്ണം നീതികെട്ട ചട്ടംനിര്‍മ്മിക്കുന്നവര്‍ക്കും  എഴുതി വെക്കുന്ന വര്‍ക്കും -ഹാ കഷ്ടം ,സന്ദര്‍ശന ദിവസത്തിലും  ദൂരത്തു നിന്ന്   എത്തുന്ന  വിനാശത്തിലും നിങ്ങള്‍ എന്ത് ചെയ്യും "
ശരീരത്തില്‍ കുരടാവ് കൊണ്ടുള്ള അടികളുടേയും നെറ്റിയില്‍ ചൂട്ടുവെച്ചു ചാപ്പകുത്തിയതിന്റെയും    പാടുകള്‍ വഹിക്കുന്ന അടിമകള്‍ ആവേശം കൊണ്ടു.
കൃസ്തുവിന്റെ വാക്കുകള്‍ അവരുടെ ഹൃദയങ്ങളിലെ അപമാനത്തിന്റെ വൃണങ്ങള്‍ക്ക് ആശ്വാസത്തിന്റെ കുളിര്‍കാറ്റായി.
അധകൃതര്‍ ,മര്‍ദ്ദിതര്‍ ,ചവിട്ടിയരക്കപ്പെട്ടവര്‍ ,മീന്‍ പിടുത്തക്കാര്‍ കൈവേലക്കാര്‍ ,കണ്ണീരും കയ്യുമായി കഴിയുന്നവര്‍ ...എല്ലാവരും അദ്ദേഹത്തെ  തങ്ങളുടെ  ദൈവ പുത്രനായി അംഗീകരിച്ചു .
പതിനായിരക്കണക്കിന്നു വരുന്ന അടിമകള്‍ അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരന്നു. 
യേശു ശിഷ്യന്മാര്‍ മര്‍ദ്ദിതരായ  അടിമകളുടെ സുഖ ദുഖങ്ങളില്‍  പങ്കുചേര്ന്നു. തങ്ങളുടെ ഉപദേശങ്ങളും  സിദ്ധാന്തങ്ങളും പ്രചരിപ്പിച്ചു .അവര്‍ തെരുവുകള്‍ തോറും  നടന്നു പ്രസംഗിച്ചു .
"എന്റെ ജനങ്ങള്‍ക്കിടയില്‍ ഞാന്‍ ദുഷ്ടന്മാരെ കാണുന്നു .അവര്‍ വേടന്മാരെ പോലെ പതിയിരിക്കുന്നു .കൂട്ടില്‍ പക്ഷി നിറഞ്ഞിരിക്കുന്നത്‌ പോലെ , അവരുടെ വീട്ടില്‍ വഞ്ചന നിറഞ്ഞിരിക്കുന്നു.  അങ്ങിനെ അവര്‍ പ്രമാണികളും ധനവാന്മാരുമായി തീര്‍ന്നിരിക്കുന്നു.അവര്‍ പുഷ്ടി വെച്ചു മിന്നുന്നു  ദുഷ്കാര്യങ്ങളില്‍  അവര്‍ കവിഞ്ഞിരിക്കുന്നു.  അവര്‍ അനാഥര്‍ക്ക്  ഗുണം വരത്തക്കവണ്ണം  വ്യവഹാരം നടത്തുന്നില്ല .ദരിദ്രന്മാര്‍ക്ക്ന്യായ പാലനം ചെയ്യുന്നു പോലുമില്ല .ഇങ്ങനെയുള്ള ജാതിയോടു ഞാന്‍ പകരം ചെയ്യാതിരിക്കുമോ  എന്ന യഹോവയുടെ  അരുളപ്പാടു " 
,മാര്‍ദ്ദകര്‍ക്ക് നേരെ  കൈവിരല്‍ ചൂണ്ടിക്കൊണ്ട്  അദ്ദേഹം  അലറി 
"നിങ്ങള്‍ നശിക്കട്ടെ!  നിങ്ങള്‍ തീകൊണ്ടു നശിപ്പിക്കപ്പെടുന്ന  ദിവസം  വിദൂരമല്ല.നിങ്ങളുടെ അരമനകള്‍ വെണ്ണീരില്‍ കുഴിച്ചിടപ്പെടും ! ചെന്നായ്ക്കള്‍ നഗരത്തിലെ തെരുവിലൂടെ  അലഞ്ഞു നടക്കും "     
മര്‍ദ്ദകര്‍ പേടിച്ചു വിറച്ചു ..അവരുടെ ധിക്കാരങ്ങളും സ്ഥാപിത താല്പര്യങ്ങളും മാത്രമല്ല ,അവരുടെ ദൈവങ്ങള്‍ പോലും വെല്ലുവിളിക്കപ്പെട്ടു .
ഒടുവില്‍  യൂദാസിന്റെ  സഹായത്താല്‍   അദ്ദേഹത്തെ ബന്ധനസ്ഥനാക്കുകയും വേദനാപൂര്ണ്ണവും 
മാനം കെടുത്തുന്നതുമായ രീതിയില്‍ ക്രൂശിതനാക്കി കൊലചെയ്തു.
മര്‍ദ്ദിത വര്‍ഗ്ഗക്കാരുടെ നേതാവിന്റെ  ശരീരത്തില്‍ നിന്നും രക്തമൊഴുകുന്നത് കണ്ടു അവര്‍ ആര്‍ത്തു ചിരിച്ചു .പക്ഷെ യേശു മരിച്ചില്ല 
പതിനായിര ക്കണക്കിന്നു ശിഷ്യഗണങ്ങളുടെ ഹൃദയങ്ങളില്‍ അദ്ദേഹം ഉയിര്‍ത്തെഴുന്നേറ്റു ..

നൂറ്റാണ്ടുകള്‍ നാലെണ്ണം പിന്നിട്ടു.കൃസ്തു മതത്തെ അടിച്ചമര്ത്താന്‍ ആവാതെ വന്നപ്പോള്‍ യൂദാസ്സുകള്‍ തങ്ങളുടെ അടവുമാറ്റി.തങ്ങളും കൃസ്തുവിന്റെ അനുയായികളെന്ന് ഉച്ചത്തില്‍ വിളിച്ചു പറയാന്‍ തുടങ്ങി .
അങ്ങിനെ 303 ലെ കുപ്രസിദ്ധ കൂട്ടക്കൊലക്ക് ശേഷം കോണ്‍ സ്ടന്റൈന്‍  ചക്രവര്‍ത്തി വലിയ ആര്ഭാടത്തോടുകൂടി  കൃസ്തു മതം സ്റ്റേറ്റിന്റെ മതമായി സ്വീകരിച്ചു .
 വാള്‍ കുരിശിനെ ആലിംഗനം ചെയ്തു .മര്ദ്ദകരായ ഭരണാധികാരികള്‍  മഹാനായ ഭരണാധികാരിയായി .തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തങ്ങളുടെ പഴയ ദൈവത്തിനേക്കാള്‍ യേശു ദേവനാണ് ഉപകരിക്കുക എന്ന്‍ ഭരണാധികാരികള്‍ തിരിച്ചറിഞ്ഞു . 

അവര്‍ അടിമകളെ കൃസ്തുവിന്റെ സഹോദരങ്ങള്‍ എന്ന് വിളിച്ചു ! 
പക്ഷ,അവര്‍ക്ക് മോചനം നല്‍കിയില്ല.  
അവര്‍ അടിമകള്‍ക്ക് സ്വര്‍ഗ്ഗ രാജ്യം വാഗ്ദാനം ചെയ്തു .
പക്ഷെ ഭൂമിയുടെ രാജ്യത്ത് അടിമകളെ അടിമകളായി തന്നെ നില നിര്‍ത്താന്‍ കിരീടവും കുരിശും പരസ്പരം കൈകോര്‍ത്തു.

മര്‍ദ്ദിതന്റെ നേതാവായ കൃസ്തുവിന്റെ പേരില്‍  അവര്‍ എല്ലാതരം മര്ദ്ദനങ്ങളെയും ചൂഷണങ്ങളെയും അനുവധിച്ചു. വാളിനെയും കുന്തത്തേയും ളോഹയണിയിച്ചു .
മര്‍ദ്ദക വര്‍ഗ്ഗക്കാരുടെ ദണ്ഡഃനീതിശാസ്ത്രത്തിനു അവര്‍  ദൈവ കല്പനയുടെ  സ്വാസ്യം   നല്‍കി .
മര്‍ദ്ദകനെ സ്നേഹിക്കാനും പെരുമ്പാമ്പിനെ ആലിംഗനം ചെയ്യാനും  അവരുപദേശിച്ചു .
പട്ടിണിയിലും കഷ്ടപ്പാടിലും  കിടന്നു നരകിക്കുന്ന  മര്‍ദ്ദിതരോട് ശാന്തരായിരിക്കാന്‍  അവരാഹ്വാനം ചെയ്തു .ഇഹലോകത്തില്‍  അനീതികളെയും  ചൂഷണങ്ങളെയും  ക്ഷമയോടെ സഹിക്കുന്നവര്‍ക്ക് മരണത്തിനു ശേഷം സ്വര്‍ഗ്ഗത്തിലേക്ക് ടിക്കറ്റ് നല്കുമെന്ന്‍ വാഗ്ദാനം ചെയ്തു .

ശേഷമുള്ള സഭയുടെ ചരിത്രം കറുത്തിരുണ്ട ഭീകരതകളുടെ ചരിത്രമാണ് .

മനുഷ്യത്വത്തിന്നെതിരായ  എല്ലാ പിന്തിരിപ്പന്‍ സ്ഥാപിത താല്പര്യങ്ങളേയും അത് പിന്തുണച്ചു ,പ്രോത്സാഹിപ്പിച്ചു .ശാസ്ത്ര സംബന്ധിയായ പുത്തന്‍ കണ്ടു പിടുത്തങ്ങളെ അത് അംഗീകരിച്ചില്ല .
പുരോഗമന പരമായ ചിന്താഗതികളെയും  ആശയങ്ങളെയും  അതെതിര്ത്തു ,നിയമ വിരുദ്ധമാക്കി.
വെളിച്ചത്തിനു നേര്‍ക്ക് യുദ്ധം പ്രഖ്യാപിച്ചു ഇരുട്ടിനെ ആലിംഗനം ചെയ്തു..
 ജനാധിപത്യ പ്രസ്ഥാനങ്ങളെ എതിര്‍ത്തു .എല്ലാം കൃസ്തുവിന്റെ പേരില്‍ .

കഴിഞ്ഞ ഒന്ന് രണ്ടു നൂറ്റാണ്ടുകളുടെ ചരിത്രം മാത്രം പരിശോധിച്ചാല്‍ ഇത് ബോദ്ധ്യപ്പെടും .

പാശ്ചാത്യ രാജ്യങ്ങള്‍ അധിനിവേശത്തിനു പായ് കപ്പലുകളില്‍ പുറപ്പെട്ട കാലം മുതല്‍ അധിനിവേശ വല്ക്കരിക്കപ്പെട്ട   രാജ്യങ്ങളിലേക്ക് കൃസ്തുവിന്റെ വിമോചക സ്വപ്നങ്ങളുടെ മറവില്‍ എത്തിച്ചത് കച്ചവട മുതലാളിത്ത  ത്തേയും  തുടര്‍ന്നു വ്യാവസായിക മുതലാളിത്വത്തേയും  സേവിക്കുന്ന ആശയങ്ങളാണ് . 
മദ്ധ്യ കാല യൂറോപ്പില്‍ ജന്മി-നാടുവാഴി ശക്തികളുടെ സംരക്ഷകരായി ഗലീലിയോയെ വിഷം കൊടുത്തു കൊന്നതുള്‍പ്പെടെയുള്ള കത്തോലിക്കാസഭ ചെയ്തു കൂട്ടിയ പാതകങ്ങള്‍ ഏറെ എഴുതപ്പെട്ട .ചര്‍ച്ചചെയ്യപ്പെട്ട വിഷയങ്ങളാണ് .
പരിണാമ സിദ്ധാന്തമുള്‍പ്പെടെയുള്ള  ശാസ്ത്രീയ മുന്നേറ്റങ്ങളെയും ,സാമ്രാജ്യത്വത്തിന്റെ പൈശാചികത ക്കെതിരെ തൊഴിലാളി വര്ഗ്ഗ മനുഷ്യ വിമോചന കാഴ്ചപ്പാടുമായി  രംഗ പ്രവേശനം ചെയ്ത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും അതിന്റെ മഹത്തായ ആശയങ്ങളെയും വത്തിക്കാന്‍ ആക്രമിച്ചത് കുരിശു യുദ്ധ സ്പിരിറ്റോടു കൂടിയായിരുന്നു.
തങ്ങളെ ഭയപ്പെടുത്തുന്ന 'കമ്യൂണിസ്റ്റ് ഭൂതത്തെ 'ഇല്ലാതാക്കാന്‍ സാമ്രാജ്യത്വ ശക്തികളോട്  ചേര്‍ന്ന് കത്തോലിക്കാസഭ കിരാതമായ ശ്രമങ്ങളാണ് നടത്തിയത്. 
രണ്ടാം ലോകയുദ്ധാനന്തരം അമേരിക്കന്‍ നേതൃത്വത്തില്‍ പുത്തന്‍ അധിനിവേശ വല്ക്കരണത്തിന്നു സാമ്രാജ്യത്വം തുടക്കമിട്ടതോടെ അതിനു കൂടുതല്‍ ക്രൂരത പകര്‍ന്നു കൊടുത്തുകൊണ്ടു എല്ലാ മത നേതൃത്വങ്ങള്‍ക്കും ഒരു മാതൃകയായി കത്തോലിക്കാ സഭ മുന്നണിയില്‍ ഉണ്ടായിരുന്നു.
സോവിയറ്റ്   യൂണിയനും മറ്റു മുന്‍ സോഷ്യലിസ്റ്റ് നാടുകള്‍ക്കും എതിരെ അവ സോഷ്യലിസ്ടായിരുന്ന കാലത്ത് കത്തോലിക്കാ സഭ നടത്തിയ ഭ്രാന്തമായ ആക്രമണങ്ങള്‍ കുപ്രസിദ്ധമാണ് .  
പോളണ്ടിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിനെ അട്ടി മറിച്ചു അവിടെ മുതലാളിത്തം പുന സ്ഥാപിക്കുന്നതിനു സോളിഡാരിറ്റിയെ വളര്‍ത്താന്‍ മുന്‍കൈ എടുത്തത് മാര്‍പ്പാപ്പയായിരുന്നു.
സ്പാനീഷ്   റിപ്പബ്ലിക്കിനെ തകര്‍ക്കാന്‍ ഫ്രാങ്കോ സര്‍വ്വാധിപത്യത്തെ പിന്തുണച്ചതും , മുസ്സോളിനിയെ പിന്താങ്ങിയതും ,
അത് പോലെ സാമ്രാജ്യത്വ ചേരിയുടെ കൂടെ നിന്ന എത്രയോ സേച്ചാധിപതികളെ പിന്തുണച്ചതും ചരിത്രം കണ്ടതാണ്. മാത്രമല്ല

കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്നവന്നു കിട്ടുന്നതിനു വേണ്ടി
പാട്ടം കുറച്ചു കിട്ടാന്‍ വേണ്ടി ,
കുടിയൊഴിപ്പിക്കലിന്നെതിരായ സമരങ്ങള്‍,
കൂലി ക്കൂടുതലിന്നു വേണ്ടി ,
പിരിച്ചു വിടലി നെതിരെ ,
ഫീസ് വര്ദ്ധനവിന്നെതിരായ വിദ്യാര്‍ഥി സമരങ്ങള്‍ ,
ശമ്പള വര്‍ദ്ധനവിന്നു വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍
എല്ലാ ത്തിന്റെയും എതിര്‍ പക്ഷത്തായി,മര്‍ദ്ദക പക്ഷത്തായി നിലയുറപ്പിച്ചു .


പറഞ്ഞു വരുന്നത് , അല്ലെങ്കില്‍ പറയാനുദ്ദേശിച്ചത് :-

"കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ കത്തോലിക്കാ സഭ അതുല്യമായ സംഭാവന നല്‍കിയിട്ടുണ്ട് "
എന്ന ചരിത്ര നിരീക്ഷണം വെള്ളം തൊടാതെ വിഴുങ്ങാന്‍ കഴിയില്ല എന്നുള്ളതാണ് .

മെക്കാള യുടെ പിന്‍ഗാമികള്‍ ചരിച്ചത് 'പള്ളിക്കൂട'ങ്ങളിലൂടെയാണ് .
ശാസ്ത്രത്തെ നിഷ്കാസനം ചെയ്ത്  പള്ളിക്കഥകള്‍ പിഞ്ചു മനസ്സുകളില്‍  കുത്തി നിറച്ചു  സഭക്ക് വിശ്വാസികളെ  തങ്ങളുടെ മൂശയില്‍ എതാകൃതിയിലും  വാര്‍ത്തെടുക്കാനുള്ള ഫാക്ടറിയായി നില കൊള്ളുകയായിരുന്നു ഈ പള്ളിക്കൂടങ്ങള്‍.
വിദ്യാഭ്യാസ രംഗത്ത് കേരളം ഇന്ന്‍ എത്തിനില്കുന്ന  അത്യന്തം അപകടകരമായ സാഹചര്യത്തിന്നു
കത്തോലിക്കാ സഭയുടെ  പങ്കിനെപ്പറ്റി അന്യേഷിക്കാതെയുള്ള ഏത് ചരിത്ര നിര്‍മ്മിതിയും കാപട്യം നിറഞ്ഞതാവും .
1945 ല്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സിപി രാമസ്വാമി അയ്യരുടെ വിദ്യാഭ്യാസ ദേശ സാല്‍ക്കരണ സംരംഭത്തെ  എതിര്‍ത്തു കൊണ്ടു  ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായിരുന്ന മാര്‍ ജയിംസ് കാളാശ്ശേരി ആഗസ്ത് 15നു ഇറക്കിയ  ഇടയ ലേഖനം മുതല്‍
'കത്തോലിക്കര്‍ അവരുടെ സന്തതികളെ പള്ളി നടത്തുന്ന  കത്തോലിക്കാ മത സ്ഥാപങ്ങളില്‍ പഠിപ്പിച്ചാല്‍ മതിയെന്ന' പവ്വത്തില്‍  ബിഷപ്പിന്റെ പ്രസ്താവന  വരെയുള്ള നടപടികള്‍ ഒരു ജനാധിപത്യ മതേതര സമൂഹതതിന്നു അനുപേക്ഷണീയമായ പൊതു വിദ്യാഭ്യാസത്തിന്റെ കടക്കല്‍ കത്തി വെക്കുന്ന വയാണെന്ന് കാണാന്‍ വിഷമമുണ്ടാവില്ല .
"പള്ളിക്കൂടങ്ങ ളുടെ രാഷ്ട്ര സാല്‍ക്കരണം നമ്മുടെ സഭയുടെ അനുമതി കൂടാതെ  നടപ്പില്‍ വരുത്തുന്ന പക്ഷം
രാഷ്ട്ര സാല്‍ക്കരണ പ്രസ്ഥാനക്കാരായ  ജനപ്രതിനിധികള്‍ ദൈവദ്രോഹം ,മാതൃ ദ്രോഹം ,ശിശുദ്രോഹം ,ഗുരുഹത്യ എന്നാ നാലുതരം പാതകങ്ങള്‍ക്ക് ഉത്തരവാദികളായി തീര്‍ന്നേക്കും "
എന്ന് വ്യക്തമാക്കികൊണ്ട് അതിനെതിരായി  ശക്തമായ പ്രക്ഷോഭം  നടത്തുവാന്‍ ആഹ്വാനം ചെയ്യുന്ന ആ ഇടയലേഖനം തുടങ്ങുന്നത് തന്നെ 
"അവന്‍ അവരോട് അരുളിച്ചെയ്യുന്നു  ഇപ്പോള്‍ മുതല്‍ മടിശീല യുള്ളവന്‍ അതെടുക്കട്ടെ ,വാളില്ലാത്തവന്‍  തന്റെ കുപ്പായം വിറ്റ് തനിക്കായ് വാള്‍  വാങ്ങട്ടെ എന്ന ലൂക്കോസിന്റെ സുവിശേഷത്തിലെ  വാക്യങ്ങളുദ്ധരിച്ചു കൊണ്ടാണ് .
പ്രസ്തുത ഇടയ ലേഖനം പിന്‍വലിച്ച് ക്ഷമായാചനം  ചെയ്യണം എന്ന് കാണിച്ച് തിരുവിതാംകൂര്‍ ഗവര്‍മ്മെന്റ്  അയച്ച നോട്ടീസിനെ തുടര്‍ന്നു  സെപ്തംമ്പര്‍ 14  നു  ചങ്ങനാശ്ശേരി മെത്രാന്‍ തന്നെ മറ്റൊരു ഇടയ ലേഖനം പ്രസിദ്ധം ചെയ്തു  .അതിലിങ്ങനെ പറയുന്നു.
"നമ്മുടെ സ്കൂളുകളെയും മതത്തേയുംസംരക്ഷിക്കുകയാണ്  നമ്മുടെ ഏറ്റവും വലിയ ഉദ്ദേശ്യമെന്ന് നിങ്ങള്‍ വിസ്മരിക്കുക യില്ലെന്ന്‍ നാം വിശ്വസിക്കുന്നു. അതിന്നു പ്രക്ഷോഭണത്തേക്കാള്‍ സഹായകമായിരിക്കുന്നത്  ദൈവത്തോടുള്ള ആത്മാര്‍ഥമായ  പ്രാര്‍ത്ഥനയാണെന്ന്  ഒരിക്കല്‍ കൂടി നിങ്ങളെ ഓര്‍മ്മിപ്പിച്ചു കൊള്ളുന്നു .നാം നിര്‍ദ്ദേശിക്കുന്ന ക്രൂശിത രൂപത്തോടുള്ള  പ്രാര്‍ത്ഥന നിങ്ങള്‍ ദിവസേന കൂട്ടമായി ചൊല്ലി ക്കൊള്ളണം .എന്നാല്‍ പ്രാര്‍ഥനയും പോരാ ഉപവാസവും ആവശ്യമാണ് .എന്തുകൊണ്ടെന്നാല്‍ പ്രാര്‍ഥനയും ഉപവാസവും കൊണ്ടെ ല്ലാതെ വന്‍ കാര്യങ്ങളൊന്നും സാധിക്കുകയില്ലെന്ന് ഓര്‍ത്തിരിക്കണം (1958 മേയ് 28 'ദീപികയില്‍ 'ഉദ്ധരിച്ചത് )

കമ്യൂണിസ്റ്റ് ഗവര്‍മെന്റിന്റെ കേരള നിയമസഭയിലെ വിദ്യാഭ്യാസ നിയമത്തില്‍ പള്ളിക്കൂടങ്ങളുടെ ദേശസാല്‍ക്കരണ മുണ്ടായിരുന്നില്ല മത വികാരങ്ങളെ വ്രണപ്പെടുത്തുകയോ,വിശ്വാസ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നതോ ചെയ്യുന്ന ഒന്നും അതിലുണ്ടായിരുന്നില്ല .
എന്നിട്ടും കത്തോലിക്കാ വൈദിക നേതൃത്വം  കമ്യൂണിസ്റ്റ് ഗവര്‍മെന്റിന്ന്‍ എതിരായി അക്രമാസക്തമായ ലഹളക്ക് നേതൃത്വം നല്‍കി.
കത്തോലിക്കാ വൈദിക നേതൃത്വത്തിന്റെ മുഖപത്രമായ ദീപിക ഭൌതികമായ എന്ത് നഷ്ടം സഹിച്ചും  ലഹള നടത്താന്‍ അനുയായികളോട് ആഹ്വാനം ചെയ്തു.
"കേസുകളും അറസ്റ്റുകളും മര്‍ദ്ദനങ്ങളും ഉണ്ടാകും ഡസന്‍ കണക്കിനു മെത്രാന്‍ മാരും ആയിരക്കണക്കിന്ന് വൈദികരും  ലക്ഷക്കണക്കിന്നു അല്‍മേനികളും ജയിലറകളില്‍ അടക്കപ്പ്ട്ടെന്നു വരും .ഇതിനെയൊക്കെ നേരിടാനുള്ള തന്റേടവും ആത്മാഭിമാനവും ഇല്ലാത്തവര്‍ ഇനിമേലില്‍ കൃസ്ത്യാനികളായിരിക്കയില്ല .സമരം ചെയ്യാനുള്ള ധൈര്യമില്ലാത്തവരായും ജഡഭാരം കൊണ്ടു ഓടാന്‍ കഴിയാത്തവരായും ഇന്ത്യയുടെ ഒരു മൂലയില്‍ കിടന്നു നരകിക്കേണ്ട  ഗതികേട് സ്വയം വരുത്തി വെക്കരുത് .സര്‍വ്വവും ത്യജിക്കുക .നാം തയ്യാറായാല്‍ ഒന്നും പോകാനില്ലാത്തവരെ പോലെ നമുക്ക് സമരം ചെയ്യാം "('ദീപിക 'ഏപ്രില്‍ 29 )

പള്ളിക്കൂടങ്ങളെ ദേശ സാല്‍ക്കരിക്കാന്‍ ശ്രമിച്ച സര്‍ സിപിക്ക് എതിരെയുള്ള സമരം പിന്‍ വലിച്ചു പ്രാര്‍ഥിക്കാന്‍ പറഞ്ഞ സഭ അധ്യാപകന്റെ അവകാശം സംരക്ഷിക്കാന്‍ കൊണ്ടു വന്ന ബില്ലിനെതിരെ വിമോചന സമരം അഴിച്ചു വിട്ടു .
വിമോചന സമരം തീര്‍ച്ചയായും അതിന്റെ അനുകൂലികളും എതിരാളികളും സമ്മതിക്കുന്നതുപോലെ ,കേരള ചരിത്രത്തിലെ ഒരു വഴിത്തിരിവാണ് .
സാമൂഹ്യ പരിഷ്കരണ -നവോത്ഥാന മുന്നേറ്റങ്ങളുടെയും  ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെയും കമ്യൂണിസ്റ്റ് -ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും  തുടര്‍ന്നു വന്ന ഐക്യ കേരള പ്രസ്ഥാനത്തിന്റെയും  എല്ലാമായ പുരോഗമന ധാരയുടെ വികാസമാണ് 57 ലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിലേക്ക് എത്തിച്ചത് .
നിലവിലുള്ള നിയമ സംവിധാനങ്ങള്‍ക്കകത്ത് നിന്നുകൊണ്ട് ഏതൊരു ബൂര്‍ഷ്വാ സര്‍ക്കാരിനും അനായാസേന കൊണ്ടുവരാന്‍ കഴിയുമായിരുന്ന പരിഷ്കരണ വാദപരമായ ഭൂ പരിഷ്കരണ ബില്ലും വിദ്യാഭ്യാസ ബില്ലു മാണ്  ആ സര്‍ക്കാര്‍ കൊണ്ടു വരാന്‍ ശ്രമിച്ചത് .
എന്നാല്‍ ഭരണ ഘടനയുടെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് അവതരിപ്പിച്ച ഈ ബില്ലുകളെ നിമിത്തമാക്കി കമ്യൂണിസത്തിന്നെതിരായ കുരിശു യുദ്ധമാണ് അമേരിക്കന്‍ സാമ്രാജ്യത്വവും ആഭ്യന്തര പിന്തിരിപ്പത്വവും കേരളത്തില്‍ അഴിച്ചു വിട്ടത്. സിഐഎ ഫണ്ടിന്റെയും മത സമുദായ നേതൃത്വ ത്തിന്റെയും സ്പോണ്‍ സര്ഷിപ്പില്‍ തൊപ്പി പാള സംഘവും ,നിരണം പടയും സംസ്ഥാനത്ത് ഉറഞ്ഞുതുള്ളി .അങ്ങിനെ
പിന്തിരിപ്പന്‍ ശക്തികള്‍ നേടിയ ഈ വിജയം 57 വരെയുള്ള സമാന്തരങ്ങളിലാത്ത  കേരളത്തിന്റെ പുരോഗമനധാരയെ നേരെ എതിര്‍ ദിശയിലേക്ക് തിരിച്ചു വിട്ടു .
ഇത് സംസ്ഥാനത്തിന്റെ രാഷ്ട്രീയ -സാമ്പത്തിക -സാംസ്കാരിക അപചയത്തിനു കാരണമായി .വിമോചന സമര ശക്തികള്‍ വിത്ത് പാകിയ വര്‍ഗ്ഗീയതയും ജാതീയതയും അവസരവാദ രാഷ്ട്രീയവും എല്ലാമടക്കം അനുദിനം ശക്തിപ്പെട്ടു വന്നു .
വിമോചന സമരവും അതിന്റെ തുടര്‍ച്ചയായി  യഥാര്‍ത്ഥ കര്‍ഷക ജനത  കൃഷി ഭൂമിയില്‍ നിന്ന്‍ ആട്ടിയോടിക്കപ്പെടുകയും ,അതുവരെ ഭൂമിയുടെ ഇടനിലക്കാരായിരുന്ന  തൊപ്പി പാളക്കാര്‍ പുത്തന്‍ ഭൂവുടമാ വര്‍ഗ്ഗമായി മാറുകയും ചെയ്തതിന്റെ സൂചന യായിരുന്നു 64 കേരളാ കോണ്ഗ്രസ് രൂപീകരണം .

വളരെ മുമ്പേ തന്നെ കേരളത്തിലെ കത്തോലിക്കാ സഭ  ഇവിടുത്തെ ഏറ്റവും വലിയ കുബേര ശക്തിയായി     മാറിക്കഴിഞ്ഞിരുന്നു.
അധിനിവേശകാലത്ത് ബ്രിട്ടീഷ് ഭരണാധികാരികളും  തുടര്‍ന്നു പുത്തന്‍ അധിനിവേശ ശക്തികളും  നിര്‍ലോഭമായി നല്‍കിയ ,നല്‍കികൊണ്ടിരിക്കുന്ന  സഹായങ്ങള്‍ക്ക് പുറമേ  വിദ്യാഭ്യാസ -ചികില്സാധി  മേഖലകളെ  കമ്പോള വല്‍ക്കരിച്ചു ണ്ടാക്കിയ സമ്പത്തും , വമ്പിച്ച ഭൂ സ്വത്തും  കെട്ടിട സമുച്ചയങ്ങളില്‍  നിന്നുള്ള വരുമാനവും  എല്ലാം ചേര്‍ന്ന  ഒരു മുതലാളിത്ത ശക്തിയായി സഭ മാറിക്കഴിഞ്ഞിരുന്നു .
ആഗോളീകരണത്തെ ത്തുടര്‍ന്ന്  ലഭിച്ച സൌകര്യങ്ങളോടൊപ്പം  ശതകോടികളുടെ പുതിയ സ്ഥാപനങ്ങളും  പടുത്തുയര്‍ത്തി .
ഇന്ന് കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ മൂന്നില്‍ രണ്ടു ഭാഗവും ഉന്നത പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ 80 ശതമാനവും കയ്യടക്കി വെച്ചിട്ടുള്ളത് സഭയാണ് .
സാമൂഹ്യ പുരോഗതിക്ക് തടസ്സമായി നിലപാടെടുക്കുന്ന ഈ വിഭാഗത്തില്‍ നിന്നും എന്തെങ്കിലും മഹത്തായ സംഭാവനകള്‍ പ്രതീക്ഷിക്കുന്നതില്‍കാര്യമില്ല .
പ്രത്യേകിച്ച് കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കിയ 'ഫോറിന്‍ ഇന്സ്ടിസ്ട്യൂഷന്‍സ്‌ റെഗുലേഷന്‍ ഓഫ് എന്ട്രി ആന്റ് ഓപ്പറേഷന്‍ ബില്‍ 'പാര്‍ലമെന്റില്‍ പാസാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ .
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ കൃഷി ,വ്യവസായം ,ബാങ്കിംഗ് ,ധനകാര്യം തുടങ്ങിയ മേഖലകളിലെന്നപോലെ  വിദ്യാഭ്യാസ -സാംസ്കാരിക മേഖലകളിലും ആഗോളീ കരണവും വിപണി വല്‍ക്കരണവും വാപിപ്പിക്കാനാണ് നിയോ -ലിബറല്‍ ശക്തികളുടെ ലക്‌ഷ്യം .
രാജ്യത്ത് വിദേശ സര്‍വകലാശാല കാംപസ്സുകള്‍ തുടങ്ങാനും ഡിഗ്രികള്‍ നല്‍കാനുമുള്ള അനുവാദം നല്‍കുന്ന  ഈ ബില്‍ പാര്‍ലമെന്റില്‍ പാസാക്കി  എടുക്കുന്നതിനുള്ള തത്രപ്പാടിലാണ് വിദ്യാഭ്യാസ മാഫിയകള്‍

വിദ്യാഭ്യാസം കേവലം ഒരു ചരക്കാണെന്നും ആവശ്യമുള്ളവര്‍ അവരുടെ കഴിവനുസരിച്ച്  മാന്യമായ വിലക്ക് വാങ്ങി ഉപയോഗിച്ച്  അക്കാദമിക്ക് മേന്മ ഉറപ്പായ വിദ്യാഭ്യാസം നേടണമെന്നുമുള്ള ഇന്റര്‍ ചര്ച്ച് കൌണ്‍സിലിന്റെ സമീപനമല്ല ജനാധിപത്യ കേരളത്തിനുള്ളത് .
വിദ്യാഭ്യാസം സാമൂഹിക നിര്‍മ്മിതിക്ക് ഉതകുന്ന ഉപാധിയാ ണെന്നതിനാല്‍ അത് സൌജന്യവും സാര്‍വര്ത്രി കവുമായിരിക്കണം എന്നതാണ് .
(സ : കെ ദാമോദരനോട് കടപ്പാട് )

കുരിശു മരണം വിധിക്കപ്പെട്ട പൊതുവിദ്യാഭ്യാസം