2012, മാർച്ച് 9, വെള്ളിയാഴ്‌ച

സദാചാരത്തെക്കുറിച്ച്‌.


നാം സദാചാരത്തിന്റെ അഥവാ സന്മാര്‍ഗ്ഗത്തിന്റെ കാര്യമൊന്നു നോക്കാം.ബഹുജനാഭിപ്രായം മുഖേനയും സമുദായത്തില്‍ രൂഢമൂലമായിട്ടുള്ള പാരമ്പ്യര്യങ്ങളും ശീലങ്ങളും ആചാരങ്ങളും മുഖേനയും അടിച്ചേല്‍പ്പിക്കപ്പെടുന്ന വിവിധങ്ങളായ പെരുമാറ്റതത്വങ്ങളുടെ സാകല്യമായാണല്ലോ ഇതുകൊണ്ട്‌ വിവക്ഷിക്കുന്നത്‌.
മനുഷ്യന്റെ പെരുമാറ്റത്തിനാകെ നിദാനമായിട്ടുള്ള ഈ തത്വങ്ങള്‍ക്ക്‌ എത്ര വമ്പിച്ച പ്രാധാന്യമാണ്‌ കല്‍പിക്കപ്പെടുന്നതെന്ന് സ്വാനുഭവത്തില്‍ നിന്നു തന്നെ ഏതൊരാള്‍ക്കും അറിവുണ്ടായിരിക്കും ചിലപ്രവൃത്തികള്‍ നല്ലതെന്നും മറ്റു ചിലത്‌ ചീത്ത യെന്നും നാം തരം തിരിക്കാറുണ്ടല്ലോ.ഒരു തരം പെരുമാറ്റം നന്മനിറഞ്ഞതോ അഭിലഷണീയമോ നാം കണക്കാക്കുമ്പോള്‍ മറ്റൊരുതരം പെരുമാറ്റം തിന്മനിറഞ്ഞതും അനഭിലഷണീയവുമാണെന്ന് നാം കരുതുന്നു.

സ്നേഹിതന്മാരെ കാണുമ്പോള്‍ അഭിവാദനം ചെയ്യണമെന്ന് അനുശാസിക്കുന്ന ഒരു നിയമവുമില്ല.അങ്ങിനെ ചെയ്യാത്തതുകൊണ്ട്‌ ആരും നമ്മെ ശിക്ഷിക്കുകയുമില്ല.അമാന്യമായ സദ്പെരുമാറ്റമില്ലാത്തതോ വിനയശീലമില്ലാത്തതോ അയവില്ലാത്തതോ ഒന്നും ശിക്ഷാര്‍ഹങ്ങളായ കുറ്റങ്ങളല്ല. എങ്കിലും ഏതാണ്ട്‌ എല്ലാവരും കഴിയുന്നത്ര മര്യാദയോടും അനുനയപൂര്‍വ്വവും അനുഭാവപൂര്‍വ്വവും പെരുമാറാന്‍ ശ്രമിക്കുന്നുണ്ട്‌.

മര്യാദകെട്ടവനെന്നോ അഹങ്കാരിയെന്നോ മറ്റാളുകളെക്കൊണ്ട്‌ പറയിക്കുന്നതിലോ  ജനങ്ങളുടെ അഹിതത്തിന്ന് പാത്രമാകുന്നതിലോ ആര്‍ക്കും ഒരു രസവും കാണില്ല. അതുകൊണ്ട്‌ പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള പെരുമാറ്റങ്ങള്‍ക്കോ സദാചാരനിയമങ്ങള്‍ക്കോ അനുരോധമായി ജീവിക്കാന്‍,അതല്ലെങ്കില്‍ കുറഞ്ഞപക്ഷം അങ്ങിനെയൊരു പ്രതീതിജനിപ്പിക്കാന്‍,ആളുകള്‍ ശ്രമിക്കുന്നത്‌.

സദാചാരബോധം സാമൂഹ്യബോധത്തിന്റെ ഏറ്റവും പഴക്കമേറിയ രൂപമാണ്‌. പ്രാകൃതസമുദായത്തില്‍ മതത്തേയും കലയേയും കാള്‍ മുമ്പുതന്നെ
ഇതാവിര്‍ഭവിച്ചിരുന്നു.
ഇപ്പറഞ്ഞവ രണ്ടും തന്നേയും സാമൂഹ്യബോധത്തിന്റെ വളരെ പഴക്കമുള്ള രൂപങ്ങളാണ്‌.സദാചാരബോധം ആദ്യത്തെ മാനവസമുദായത്തോടൊപ്പം രൂപംകൊണ്ടതാണെന്ന് പറയുന്നതില്‍ തെറ്റില്ല. അത്‌ വ്യക്തവുമാണ്‌;കാരണം,ഒരു സദാചാരവ്യവസ്ഥ ഇല്ലാത്ത ഒരു സമുദായത്തിനും,അതെത്രചെറുതാണെങ്കില്‍ പോലും നിലനില്‍ക്കാനാവില്ല.പ്രാകൃതമായ ഒരു സദാചാരവ്യവസ്ഥയെങ്കിലുമില്ലാത്ത ഒരു ജനവിഭാഗത്തേയും ഇതുവരെ ചരിത്രത്തില്‍ കണ്ടെത്തിയിട്ടില്ലെങ്കില്‍ അതിന്ന് കാരണവുമിതാണ്‌.

സ്വന്തമായ തത്വചിന്തയും ശാസ്ത്രവും നിയമസംഹിതയും കലയും ഒന്നുമില്ലാത്ത ജനവിഭാഗങ്ങള്‍ ജീവിച്ചിരുന്നുവെന്നതിന്ന് തെളിവുകളുണ്ട്‌.ചിലര്‍ക്ക്‌ മതം ഉണ്ടായിരുന്നോ ഇല്ലയോ എന്നതും തര്‍ക്കവിഷയമാണ്‌.എന്നാല്‍ ഓരോ ജനവിഭാഗത്തിനും തനതായ ഒരു സദാചാരബോധം ഉണ്ടായിരുന്നു വെന്നതില്‍ ആര്‍ക്കും സംശയമില്ല.

പണ്ടുതന്നെ ചരിത്രകാരന്മാരുടേയും പ്രത്യായശാസ്ത്രജ്ഞരുടേയും ശ്രദ്ധയെ ആകര്‍ഷിച്ചിട്ടുള്ള ഒരു സംഗതിയാണിത്‌.സദാചാരബോധം എവിടെനിന്നുണ്ടായെന്ന സംഗതി വിശദീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ചിലര്‍ അത്‌ ദൈവികമാണെന്ന്,അല്ലെങ്കില്‍ ഏതെങ്കിലും ദിവ്യശക്തികളില്‍നിന്നുടലെടുത്തിട്ടുള്ളതാണെന്ന് പറഞ്ഞിരുന്നുവെന്ന് മാത്രം. ഈ സദാചാരബോധം മാറ്റമില്ലാത്തതും ആളുകളുടെ ജീവിതത്തിന്റെ ഭൗതികസാഹചര്യങ്ങളുമായി ബന്ധമില്ലാത്തതാണെന്ന് ഇക്കൂട്ടര്‍ വാദിക്കുകയും ചെയ്തിരുന്നു.

പക്ഷെ,സദാചാരങ്ങളുടേയും തത്വങ്ങളുടേയും ചരിത്രം പരിശോധിച്ചാല്‍ ജീവിതസാഹചര്യങ്ങള്‍ക്കൊപ്പം സദാചാരബോധങ്ങളും മാറുന്നതായി നമുക്കു കാണാന്‍ കഴിയും അവ ഉല്‍പാദനശക്തികളെ ആശ്രയിച്ചിരിക്കുന്നു; ഉല്‍പാദനബന്ധങ്ങള്‍ മാറുമ്പോള്‍ സദാചാരബോധങ്ങളും മാറിവരുന്നു.

പ്രാകൃത കമ്യൂണിസത്തിന്‍   കീഴില്‍ കൂട്ടായ ഉല്‍പ്പാദനബന്ധങ്ങള്‍ കൂട്ടായശീലങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും കൂട്ടായ സദാചാരബോധത്തിനും ജന്മം നല്‍കി.പക്ഷെ,ഉല്‍പാദനശക്തികള്‍ വളരുകയും,ചില വസ്തുക്കള്‍ ആളുകള്‍ സ്വകാര്യമായി കൈയ്യടക്കിവെക്കേണ്ടത്‌ ഉല്‍പാദനത്തിന്ന് ആവശ്യമാവുകയും ചെയ്തതോടെ,അതായത്‌ ഉല്‍പാദനബന്ധങ്ങള്‍ മാറി വന്നതോടെ,ആളുകളുടെ ധാരണയിലും മാറ്റമുണ്ടായി.എന്തെങ്കിലും സാധനം സ്വകാര്യമായി കൈവശം വെക്കുന്നത്‌ ഒരു തനി മര്യാദകേടല്ലങ്കിലും അസ്വാഭാവികവും അസാധാരണമാവുകയുമാണ്‌ മുമ്പ്‌ കരുതിവന്നിരുന്നതെങ്കില്‍,ഇപ്പോഴത്‌ ഒരു വളരെ സാധാരണ സംഗതിയായും കണക്കാക്കപ്പെടാനും തുടങ്ങി.

അറിഞ്ഞോ അറിയാതെയോ ആളുകളുടെ സദാചാരധാരണകള്‍ അവസാന വിശകലനത്തില്‍ സാമ്പത്തികമായ പ്രയോഗത്തില്‍ നിന്ന് ഉടലെടുക്കുന്നതാണെന്ന് മേല്‍ പറഞ്ഞതില്‍ നിന്നും വ്യകതമാകുന്നുണ്ട്‌.

വര്‍ഗ്ഗസമുദായത്തിലെ സദാചാരബോധത്തെപ്പറ്റി പറയുമ്പോള്‍ ആ സമുദായത്തിന്റെ വര്‍ഗ്ഗഘടന അതിന്റെ സദാചാരബോധത്തെ പ്രത്യക്ഷമായി ബാധിക്കുന്നുണ്ടെന്ന സംഗതി നാം വിസ്മരിക്കരുത്‌.

ഈ വിധത്തില്‍ യൂറോപ്പിലെ വികസിത മുതലാളിത്തരാജ്യങ്ങളിലേക്ക്‌ കണ്ണൊടിക്കുമ്പോള്‍,അവിടെ പലവിധ സദാചാരങ്ങളും നിലവിലുള്ളതായി നമുക്ക്‌ കാണാന്‍ കഴിയും.ഇതില്‍ ചിലത്‌ അവരുടെ ഭൂതകാല പാരമ്പര്യങ്ങളില്‍ നിന്ന് ഉടലെടുത്തതാണെങ്കില്‍,മറ്റു ചിലത്‌ അവരുടെ ഇന്നത്തെ ജീവിതസമ്പ്രദായത്തില്‍നിന്ന് ഉടലെടുക്കുന്നതാണ്‌.

ഭൂതകാല സമ്പാദ്യമായി കിട്ടിയുട്ടുള്ളതും നാടുവാഴിത്തകാലത്തെ ചില സദാചാരവീക്ഷണങ്ങള്‍ പുലര്‍ത്തുന്നതുമായ ക്രിസ്തീയ-നാടുവാഴിത്ത സദാചാരബോധമാണ്‌ ഒന്നാമതായി നമുക്കിവിടെ കാണാന്‍ കഴിയുന്നത്‌. ഈ കൃസ്തീയ- നാടുവാഴിത്ത സദാചാരബോധത്തെ കത്തോലിക്കരുടേതെന്നും പ്രൊട്ടസ്റ്റന്റ്‌ മതവിഭാഗക്കാരുടേതെന്നും മുഖ്യമായി രണ്ടായി തരം തിരിക്കാം. ഇവയ്കു തന്നെ ജെസ്യൂട്ട്‌ കത്തോലിക്കരുടേയും ഓര്‍ത്തഡോക്സ്‌ പ്രൊട്ടസ്റ്റന്റ്‌ മതവിഭാഗക്കാരുടേയും മുതല്‍ ലിബറല്‍ എന്‍ലൈറ്റനര്‍മാരുടേതു വരെയുള്ള പല പല അവാന്തരവിഭാഗങ്ങളുമുണ്ട്‌. ഇവയ്ക്‌ സമാന്തരമായിത്തന്നെ ആധുനിക ബൂര്‍ഷ്വാ സദാചാരവും അതോട്‌ തൊട്ട്‌ ഭാവിയിലേക്ക്‌ കൈചൂണ്ടുന്ന തൊഴിലാളി വര്‍ഗ്ഗസദാചാരവും നിലനില്‍ക്കുന്നതായി കാണാം.

മറുഭാഗത്ത്‌,സോഷ്യലിസ്റ്റ്‌ പാത സ്വീകരിച്ചിട്ടുള്ള രാജ്യങ്ങളില്‍,അതായത്‌ സോഷ്യലിസം കെട്ടിപ്പടുക്കുന്ന രാജ്യങ്ങളില്‍ കമ്യൂണിസ്റ്റ്‌ സദാചാരത്തിനാണ്‌ മേല്‍ക്കൈ. ആധുനിക ഉല്‍പ്പാദനത്തിന്ന് അനുരോധമായിട്ടുള്ള പൊതു ഉടമ യുടെ ആധിപത്യത്തില്‍ നിന്ന് നാമ്പെടുക്കുന്ന കൂട്ടായ്മയുടെ തത്വങ്ങളില്‍ അദിഷ്ടിതമായുട്ടുള്ളതാണ്‌ ഇത്‌.

മാര്‍ക്സിസ്റ്റുകള്‍ സദാചാരത്തെ തന്നെ നിഷേധിക്കുന്നുവെന്ന് പറഞ്ഞു ബൂര്‍ഷ്വാ പ്രത്യശാസ്ത്രജ്ഞര്‍ അവരെ കുറ്റപ്പെടുത്തുകയും മാര്‍ക്സിസം അധാര്‍മ്മികമായിട്ടുള്ളതാണെന്ന് പറയുകയും ചെയ്യുന്നുണ്ട്‌. മാര്‍ക്സിസത്തിന്റെ സത്തയെത്തന്നെ അറിഞ്ഞോ അറിയാതേയോ വളച്ചൊടിക്കുന്ന തരത്തിലുള്ളതാണ്‌ ഇത്തരം ആരോപണങ്ങള്‍.

യാതൊരു മാറ്റവുമില്ലാത്ത പ്രമാണങ്ങളിലധിഷ്ഠിതമായ ഏതെങ്കിലും ശാശ്വതസദാചാരം ഉണ്ടെന്ന് മാര്‍ക്സിസ്റ്റുകള്‍ കരുതുന്നില്ല . സദാചാരത്തിന്ന്സനാതനമായുള്ള അതിന്റേതായ തത്വങ്ങളുണ്ടെന്നും പറഞ്ഞുകൊണ്ട്‌ അതിന്റെ മറവില്‍ ശാശ്വതവും അന്തിമവും നിത്യവുമായ ഒരു ധാര്‍മ്മിക നിയമായി ഏതെങ്കിലും സദാചാര വരട്ടുതത്വത്തെ ആളുകളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള എല്ലാ ശ്രമങ്ങളേയും അവര്‍ എതിര്‍ക്കുന്നു.ഏതൊരു സദാചാര സിദ്ധാന്തവും,പെരുമാറ്റതത്വങ്ങളുടേതായ ഏതൊരു സാകല്യവും,അവസാന വിശകലനത്തില്‍ സമുദായത്തിലെ സമൂര്‍ത്ത സാമ്പത്തിക സാഹചര്യങ്ങളുടെ സൃഷ്ടിയാണെന്ന് മാര്‍ക്സിസ്റ്റുകള്‍ പറയുന്നു. വര്‍ഗ്ഗ സമുദായത്തില്‍ സദാചാരവും വര്‍ഗ്ഗസ്വഭാവവുമുള്ളത്‌ തന്നെയായിരിക്കും. അത്‌ ഭരണാധികാര വര്‍ഗ്ഗത്തിന്റെ ആധിപത്യത്തെ ന്യായീകരിക്കുകയോ ,മര്‍ദ്ദിത വര്‍ഗ്ഗം വേണ്ടത്ര ശക്തിപ്രാപിച്ചാലുടന്‍ ഭരണാധികാര വര്‍ഗ്ഗത്തോടുള്ള രോഷം പ്രകടമാക്കുകയോ ചെയ്യുന്നു.

ചൂഷണത്തിനെതിരായുള്ള ഏറ്റവും രൂക്ഷമായ പ്രതിഷേധപ്രകടനരൂപമാണ്‌ കമ്യൂണിസ്റ്റ്‌ സദാചാരം എന്നത്‌.അത്‌ തൊഴിലാളി വര്‍ഗ്ഗത്തിന്റേയും അദ്ധ്വാനിക്കുന്ന ജനതയുടെ യാകെത്തന്നേയും താല്‍പര്യത്തെ പ്രതിനിധീകരിക്കുന്നു. പഴയ ചൂഷകസമുദായത്തെ നശിപ്പിക്കാനും പുതിയൊരു കമ്യൂണിസ്റ്റ്‌ സമുദായം കെട്ടിപ്പടുക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ അദ്ധ്വാനിക്കുന്ന ജനതയാകെ അണിനിരത്താനും സഹായിക്കുന്നതെന്തോ അതാണ്‌ കമ്യൂണിസ്റ്റ്‌ സദാചാരമെന്ന് യുവകമ്യൂണിസ്റ്റ്‌ ലീഗിന്റെ മൂന്നാം കോണ്‍ഗ്രസ്സില്‍ സംസാരിക്കവേ ലെനിന്‍ പ്രസ്താവിക്കുകയുണ്ടായി.

മനുഷ്യരാശിയുടെ കൂടുതല്‍ സുശോഭനമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതില്‍,കമ്യൂണിസ്റ്റ്‌ സദാചാരം തൊഴിലാളിവര്‍ഗ്ഗത്തെ സഹായിക്കുന്നു.അത്‌ അദ്ധ്വാനിക്കുന്ന ജനതയെ എല്ലാവിധ ചൂഷണത്തിന്നുമെതിരായി,സമുദായത്തിന്റെ പൊതുവായ പ്രയത്നം കൊണ്ടുണ്ടാക്കുന്നതെല്ലാം സ്വകാര്യവ്യക്തികളുടെ കൈകളില്‍ നിക്ഷിപ്തമാക്കുന്ന സ്വകാര്യസ്വത്തുടമവ്യവസ്ഥക്ക്‌ എതിരായി,അണിനിരത്തുന്നു.

പറഞ്ഞു വരുന്നത്‌,അല്ലെങ്കില്‍ പറയാനുദ്ദേശിച്ചത്‌:-
"ഇതെല്ലാം ചുരുക്കി പറഞ്ഞാല്‍ കൂട്ടയ്മയിലധിഷ്ഠിതമായിരുന്ന പ്രാകൃതകമ്യൂണിസത്തില്‍
സദാചാരവും കൂട്ടായസ്വഭാവമുള്ളവയായിരുന്നു.
വര്‍ഗ്ഗസമുദായത്തില്‍ വര്‍ഗ്ഗഘടനയിലുള്ള മാറ്റത്തിന്റെ സ്വാധീനം
ഏറ്റവും പ്രടമായി കാണപ്പെട്ടത്‌ വര്‍ഗ്ഗങ്ങളുടേയും വ്യകതികളുടേയും ധാര്‍മ്മിക വിക്ഷണങ്ങളിലാണ്‌.
സോഷ്യലിസ്റ്റ്‌ സമുദായത്തില്‍ കമ്യൂണിസ്റ്റ്‌ സദാചാരം വളരാന്‍ തുടങ്ങുന്നു.
ഒറ്റവാക്കില്‍ പറഞ്ഞാല്‍ ,
സാമൂഹ്യാസ്തിത്വത്തിലുള്ള മാറ്റം സാമൂഹ്യബോധത്തിലും മാറ്റമുണ്ടാക്കുമെന്ന നിയമം
മനുഷ്യന്റെ ആധ്യാത്മികജീവിതത്തിന്റെ ഈ മണ്ഡലത്തിനും,
ഈ സാമൂഹ്യബോധരൂപത്തിനും ബാധകമാണ്‌ "എന്നാണ്‌.
(എംഎസ്സ്‌ രാജേന്ദ്രനോട്‌ കടപ്പാട്‌)
രാഷ്ട്രീയം

സൗന്ദര്യബോധസങ്കല്‍പ്പങ്ങള്‍

പണ്ടുകാലങ്ങളിലെ സൗന്ദര്യബോധസങ്കല്‍പ്പങ്ങള്‍
ആളുകളുടെ ഉല്‍പാദന പ്രവര്‍ത്തനങ്ങളും ദൈനദിന ജീവിതവുമായി നേരിട്ട്‌ ബന്ധമുള്ളതായിരുന്നു.
നരവംശശാസ്ത്രത്തില്‍ നിന്നുള്ള ഒരു ഉദാഹരണം നോക്കുക.
നരവംശശാസ്ത്രപരമായ തെളിവുകള്‍ പ്രാകൃതകമ്യൂണിസത്തിന്റെ കാലഘട്ടത്തേപ്പറ്റിയുള്ള
ഒരു ഏകദേശധാരണയേ നല്‍കുന്നുള്ളുവെന്ന ഇവിടെ ഓര്‍ത്തിരിക്കേണ്ടതാണ്‌.
വളര്‍ച്ച മുരടിച്ച ശേഷം ചരിത്രപരമായ പലേ കാരണങ്ങളാല്‍ പ്രാകൃതകമ്യൂണിസത്തിന്റെ
ഏതെങ്കിലും ഘട്ടത്തില്‍ ഇന്നും കഴിയേണ്ടി വരുന്ന ഗോത്രവര്‍ഗ്ഗക്കാരുടെ ജീവിതവും
ശരിക്കും ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്നവരുടെ ജീവിതവും ഒന്നു തന്നെയാണെന്ന് പറയാന്‍ പറ്റില്ലെന്നത്‌ തീര്‍ച്ചയാണല്ലോ.
എങ്കിലും അവര്‍ക്ക്‌ പൊതുവായ പലേ സംഗതികളുണ്ട്‌.
പണ്ടത്തെ നമ്മുടെ പൂര്‍വ്വികരുടെ ജീവിതത്തേപ്പറ്റിയുള്ള ഒരു ഏകദേശ ധാരണ
ചരിത്രപരമായ ഈ താരതമ്യപഠനങ്ങളില്‍നിന്ന് നമുക്ക്‌ ലഭിക്കുകയും ചെയ്യുന്നു.
ഉദാഹരണത്തിന്ന്,പലേ ആഫ്രിക്കന്‍ ഗോത്രവംശജരായ സ്ത്രീകളും
കൈകളിലും കാലിലും ഇരുമ്പുവളകള്‍ ധരിക്കുന്നതായി നമുക്കറിയാം.
ധനിക സ്ത്രീകള്‍ പത്തു കിലോവരെ തൂക്കം വരുന്ന ഇത്തരം ആഭരണങ്ങള്‍ ധരിച്ചേക്കാം .
നമ്മുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കിയാല്‍ ഇതെത്ര ക്ലേശപൂര്‍ണ്ണമാണെന്ന് തോന്നിയേക്കാം .
പക്ഷേ,ഇത്തരം "സൗന്ദര്യ ചങ്ങലകള്‍" അണിയുന്നതിന്ന് ആഫ്രിക്കന്‍ സ്ത്രീകള്‍ക്കും യാതെരു പ്രയാസവുമില്ല.
ആഫ്രിക്കന്‍ സ്ത്രീകള്‍ക്ക്‌ ഈ 'ചങ്ങല'കളോട്‌ ഇത്രവലിയ ഭ്രമമുണ്ടാകാന്‍ കാരണമെന്താണ്‌?
അവരുടേയും ദ്രുഷ്ടിയില്‍ ഈ ചങ്ങലകള്‍ ആഫ്രിക്കന്‍ സ്ത്രീകളെ കൂടുതല്‍ സൗന്ദര്യമുള്ളവരാക്കുന്നുണ്ടെന്നാണ്‌ ധാരണ.
ആശയങ്ങളുടെ സങ്കീര്‍ണ്ണമായ സഹവാസത്തില്‍ നിന്നുണ്ടാകുന്നതാണ്‌ ഇത്‌.
ഇരുമ്പിന്റെ യുഗം പിന്നിട്ടിട്ട്‌ അധികകാലം കഴിഞ്ഞിട്ടില്ലാത്ത ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയിലാണ്‌,
അതായത്‌ ഇരുമ്പ്‌ ഒരു വിലപ്പെട്ട ലോഹമായി കരുതിയിരുന്നവര്‍ക്കിടയിലാണ്‌.
ഈ ആഭരണ ഭ്രമം കൂടുതലായി കണ്ടുവരുന്നത്‌.
വിലപ്പെട്ടതെല്ലാം സൗന്ദര്യവസ്തുക്കളായി കണക്കാക്കപ്പെടുകയും ചെയ്യുന്നു.
കാരണം അത്‌ ധനം എന്ന ആശയവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ചില ആഫ്രിക്കന്‍ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ സൗന്ദര്യത്തെ സംബന്ധിച്ച്‌
നിലവിലുള്ള സങ്കല്‍പത്തിന്ന് മറ്റൊരു ഉദാഹരണം കൂടി നോക്കുക.
മുകളിലത്തെ ഉളിപ്പല്ല് പറിച്ചുകളയാത്തത്‌ വലിയൊരു വൃത്തികേടായിട്ടാണ്‌
സാംബെസ്സി നദീതീരത്ത്‌ അധിവസിക്കുന്ന ബ്ട്ടോക്കാ ഗോത്രത്തില്‍ പെട്ടവര്‍ കരുതുന്നത്‌.
ഈ വിചിത്രമായ ധാരണയുടെ ഉറവിടം എന്താണ്‌?
ഇതും ആശയങ്ങളുടെ സങ്കീര്‍ണ്ണമായ സഹവാസത്തില്‍ നിന്നുടലെടുക്കുന്ന ഒന്നാണ്‌.
അയവിറക്കുന്ന ജന്തുക്കളെ അനുകരിക്കാനാകണം ബട്ടോക്ക ഗോത്രക്കാര്‍
അവരുടെ മുകളിലത്തെ ഉളിപ്പല്ല് പറിച്ചു കളയുന്നത്‌
നമുക്കിത്‌ വിചിത്രമായി തോന്നിയേക്കാമെങ്കിലും
ബട്ടോക്കാഗോത്രക്കാര്‍ ഇടയ ഗോത്രക്കാരാണെന്ന് ഓര്‍ക്കണം .
ആടു മാടുകളാണ്‌ അവരുടെ ഏറ്റവും വലിയ സമ്പത്ത്‌..
അങ്ങിനേയാണ്‌ ഏറ്റവും വിലപ്പെട്ടത്‌ സുന്ദരമാണെന്ന ആശയം ഉടലെടുത്തത്‌.
ചില ജനവിഭാഗങ്ങള്‍ വെച്ചുപുലര്‍ത്തുന്ന വ്യത്യസ്ത സൗന്ദര്യബോധസങ്കല്‍പ്പങ്ങളെക്കുറിച്ചാണ്‌
മുകളില്‍ പ്രസ്താവിച്ചിട്ടുള്ളത്‌.
ഈ സങ്കല്‍പ്പങ്ങല്‍ക്കൊന്നും പൊതുവായ യാതൊരു സംഗതിയുമില്ലെന്ന്
ഒറ്റനോട്ടത്തില്‍ തോന്നിയേക്കാം .
എന്നാല്‍ വാസ്തവം അതല്ല.
പ്രാകൃതരും വളര്‍ച്ചമുട്ടിയവരുമായ ആളുകള്‍ക്കുള്ള സൗന്ദര്യബോധസങ്കല്‍പ്പങ്ങള്‍
അവരുടെ സാമൂഹ്യ അസ്തിത്വത്തിന്റെ,
അവരുടെ ജീവിതസമ്പ്രദായത്തിന്റെ,
ചില വശങ്ങളെയാണ്‌ പ്രതിഫലിപ്പിക്കുന്നത്‌.
വേട്ടയാടി ഉപജീവനം നടത്തുന്നവര്‍ അവര്‍കൊല്ലുന്ന ജന്തുക്കളുടെ
തോലും നഖങ്ങളും പല്ലും മറ്റുമാണ്‌ സൗന്ദര്യ വസ്തുക്കളായി കരുതുന്നത്‌.
കിട്ടാന്‍ പ്രയാസമുള്ളതെല്ലാം സുന്ദരവസ്തുക്കളായി കരുതുന്നുവെന്ന് സാരം

2012, മാർച്ച് 3, ശനിയാഴ്‌ച

പ്രധാന മന്ത്രിക്ക്‌ കൂടങ്കുളത്തെ കുട്ടികളുടെ തുറന്ന കത്ത്‌:-


ബഹുമാനപ്പെട്ട പ്രധാനമന്ത്രീ,ആശംസകള്‍.
കൂടങ്കുളം ആണവ  വൈദ്യുത പദ്ധതിയില്‍ പ്രകൃതി പ്രക്ഷോഭം മൂലമോ ജീവനക്കാരുടെ പിഴവു മൂലമോ  അല്ലെങ്കില്‍ ഭീകര പ്രവര്‍ത്തകര്‍ കരുതിക്കൂട്ടി ചെയ്യുന്നത്‌ മൂലമോ ഉണ്ടാകാനിടയുള്ള ദുരന്തത്തിന്റെ ഏറ്റവും വലിയ ഇരകളായ ഞങ്ങള്‍,കൂടങ്കുളത്തെ ആയിരക്കണക്കിന്‌ കുട്ടികള്‍,പ്രസ്തുത പദ്ധതി എത്രയും വേഗം പൊളിച്ചുമാറ്റണമെന്ന് അങ്ങയോട്‌ അപോക്ഷിക്കുന്നു.
നമ്മുടെ നാട്ടിലെ ജനങ്ങളുടെ, പ്രത്യേകിച്ചും ഞങ്ങളേപ്പോലുള്ള കുട്ടികളുടെ,ആശകള്‍ക്കും അഭിലാഷങ്ങള്‍ക്കും നല്‍കുന്നതിനേക്കാള്‍ പ്രാധാന്യം അങ്ങയേപ്പോലുള്ള തേതാക്കള്‍ ദേശാന്തര വാണിജ്യ സ്ഥാപനങ്ങളുടേയും താല്‍പ്പര്യങ്ങള്‍ക്ക്‌ നല്‍കിക്കാണുന്നതില്‍ ഇന്ത്യയുടെ ഭാവിതലമുറയായ ഞങ്ങള്‍ക്ക്‌ അതിയായഖേദമുണ്ട്‌.
റഷ്യന്‍ സര്‍ക്കാറിനേയും അവിടുത്തെ സ്ഥാപനങ്ങളേയും ആണവബാധ്യതാ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിക്കൊണ്ട്‌ അങ്ങ്‌ നേതൃത്വം നല്‍കുന്ന സര്‍ക്കാറും റഷ്യന്‍ സര്‍ക്കാറും തമ്മില്‍ ഒപ്പിട്ട രഹസ്യകരാര്‍ ഒരു ഉദാഹരണം മാത്രം.
കൂടങ്കുളം ആണവ നിലയത്തില്‍ നിന്നുള്ള ദൈനംദിന ആണവ വികിരണത്തെ കുറിച്ച്‌,
ആണവ ഇന്ധന അവശിഷ്ടത്തിന്റെ അളവിനേയും അത്‌ കൈകാര്യം ചെയ്യുന്നതിനേയും കുറിച്ച്‌,
നിലയങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍ വേണ്ടിവരുന്ന ചെലവിനേയും അതിന്റെ ആഘാതത്തേയും കുറിച്ച്‌,
പദ്ധതിക്കു വേണ്ടി വരുന്ന ശുദ്ധ ജലത്തിന്റെ അളവിനേയും കുറിച്ച്‌,
ഞങ്ങളുടെ ആരോഗ്യത്തിലും ജീവിതത്തിലും ഈ നിലയം ചെലുത്തുന്ന സ്വാധീനത്തേക്കുറിച്ച്‌,
ഞങ്ങളുടെ കടലിലും കടല്‍ വിഭവങ്ങള്‍ക്കും വരുത്തുന്ന നാശത്തേക്കുറിച്ച്‌,
ഇതുപോലെ മറ്റനേകം ഗൗരവമേറിയ വിഷയങ്ങളേക്കുറിച്ച്‌ എല്ലാം ഞങ്ങളുടെ സാമൂഹ്യ നേതാക്കളും
ആണവ വിരുദ്ധ പ്രവര്‍ത്തകരും അങ്ങയുടെ സര്‍ക്കാറിനോടും ആണവോര്‍ജ്ജ വകുപ്പിനോടും
കൂടങ്കുളം ആണവോര്‍ജ്ജ പദ്ധതി അധികൃതരോടും സുപ്രധാന ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്‌.
 എന്നാല്‍ അങ്ങും അങ്ങയുടെ മന്ത്രിമാരും ഉദ്യോഗസ്ഥമേധാവികളും നിങ്ങളുടെ വിദഗ്ദ സമിതിയും എല്ലാം 'കൂടങ്കുളം സുരക്ഷിതമാണ്‌' എന്ന അര്‍ത്ഥശൂന്യമായ
സ്ഥിരം പല്ലവി മാത്രം പാടുകയാണ്‌.
ഞങ്ങളുടെ നേതാക്കള്‍ ഉന്നയിച്ചിട്ടുള്ള ചോദ്യങ്ങള്‍ക്ക്‌ കൃത്യവും വ്യക്തവുമായ മറുപടി നല്‍കാത്തത്‌ എന്തുകൊണ്ടാണ്‌?
ഞങ്ങളുടേയോ ഞങ്ങളുടെ മുന്‍ തലമുറയുടേയോ അറിവോ സമ്മതമോ കൂടാതേയാണ്‌ ഈ പദ്ധതി ഞങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചത്‌.
ഏറ്റവും പ്രാഥമികമായ വിവരങ്ങള്‍ പോലും ഞങ്ങള്‍ക്ക്‌ നല്‍കിയിട്ടില്ല.
ഒരൊറ്റ പൊതുസംവാദം പോലും സംഘടിപ്പിച്ചിട്ടില്ല.
ഞങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുകയോ എന്തിന്‌,ചെവിതരുകപോലുമോ ഉണ്ടായിട്ടില്ല.
ഇന്ത്യയുടെ മക്കളായ ഞങ്ങളെ ,സുതാര്യതയും ഉത്തരവാദിത്വവും ജനപങ്കാളിത്തവും
ഏറ്റവും പ്രാധാന്യമേറിയ ജനാധിപത്യവും പഠിപ്പിക്കുന്നത്‌ ഇങ്ങനെയാണോ?
ഞങ്ങളുടെ രക്ഷിതാക്കള്‍ സംശയങ്ങള്‍ ഉന്നയിക്കുമ്പോള്‍ അവരെ വിദേശചാരന്മാരായും
വിദേശ പണം ലഭിക്കുന്നവരായും ഇന്ത്യക്കെതിരേ പ്രവര്‍ത്തിക്കുന്നവരായും മുദ്രകുത്തുന്നത്‌ ന്യായമാണോ,മര്യാദയാണോ?
അങ്ങയുടെ സര്‍ക്കാറിന്റെ ഊര്‍ജ്ജനയം ഞങ്ങളുടെ ആരോഗ്യം,
സമാധാനജീവിതം,ശുദ്ധവായു,ശുദ്ധജലം, നല്ല കടല്‍ ഭക്ഷണം എല്ലാം കവര്‍ന്നെടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുവാന്‍ ഞങ്ങളെ അനുവദിക്കുക.
അടുത്ത മുപ്പതോ നാല്‍പ്പതോ വര്‍ഷത്തെ വൈദ്യുതോല്‍പാദനത്തിന്നു വേണ്ടി പ്രകൃതിവിഭവങ്ങളെ മലിനമാക്കുവാനും
ഭാവി വിഷലിപ്തമാക്കുവാനും അങ്ങയുടെ അഞ്ചു വര്‍ഷ ഭരണ കാലാവധിക്കോ ,
അങ്ങയുടെ തലമുറക്ക്‌ തന്നേയോ അധികാരമില്ല.
കൂടങ്കുളത്തെ ആണവറിയാക്റ്റര്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന്
റഷ്യയില്‍ വെച്ച്‌ അങ്ങു നടത്തിയ പ്രസ്താവന കൂടങ്കുളം പ്രദേശത്തെ തമിഴ് മക്കളായ ഞങ്ങളെ അവഹേളിച്ചിരിക്കുന്നു.
തമിഴ്ജനതയുടെ ആവശ്യങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും അങ്ങയുടെ സര്‍ക്കാര്‍ ഒട്ടും പരിഗണന നല്‍കുന്നില്ലെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു.
ഞങ്ങളേയും ഇന്ത്യക്കാരായി കണക്കാക്കി ആവശ്യമായ കരുതലും പരിഗണനയും ഞങ്ങള്‍ക്കു നല്‍കണം.
2011 ഡിസംബര്‍ 25ന്‌ ഞങ്ങളുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടതുപോലെ,
ഈ സംസ്ഥാനത്തെ ഊര്‍ജ്ജപദ്ധതികള്‍ പുന രുജ്ജീവിപ്പിക്കാനും
മത്സ്യ തൊഴിലാളികളുടെ സുരക്ഷയും
മത്സ്യ ബന്ധന അവകാശങ്ങളും ഉറപ്പുവരുത്തുവാനും
തമിഴ്‌നാടിനെ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനും
ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നല്‍കുവാന്‍
ഞങ്ങള്‍ അങ്ങയോട്‌ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു-

ആദരപൂര്‍വം,കൂടംകുളത്തെ കുട്ടികള്‍.
കുത്തങ്കുഴി,ഇടിന്തക്കരൈ,വൈരവിക്കിണര്‍,
കൂടങ്കുളം.ചെട്ടിക്കുളം,പെരുമണല്‍,കൂട്ടപുളി
എന്നീ പ്രദേശങ്ങളില്‍ നിന്നും