2012, മാർച്ച് 9, വെള്ളിയാഴ്‌ച

സദാചാരത്തെക്കുറിച്ച്‌.


നാം സദാചാരത്തിന്റെ അഥവാ സന്മാര്‍ഗ്ഗത്തിന്റെ കാര്യമൊന്നു നോക്കാം.ബഹുജനാഭിപ്രായം മുഖേനയും സമുദായത്തില്‍ രൂഢമൂലമായിട്ടുള്ള പാരമ്പ്യര്യങ്ങളും ശീലങ്ങളും ആചാരങ്ങളും മുഖേനയും അടിച്ചേല്‍പ്പിക്കപ്പെടുന്ന വിവിധങ്ങളായ പെരുമാറ്റതത്വങ്ങളുടെ സാകല്യമായാണല്ലോ ഇതുകൊണ്ട്‌ വിവക്ഷിക്കുന്നത്‌.
മനുഷ്യന്റെ പെരുമാറ്റത്തിനാകെ നിദാനമായിട്ടുള്ള ഈ തത്വങ്ങള്‍ക്ക്‌ എത്ര വമ്പിച്ച പ്രാധാന്യമാണ്‌ കല്‍പിക്കപ്പെടുന്നതെന്ന് സ്വാനുഭവത്തില്‍ നിന്നു തന്നെ ഏതൊരാള്‍ക്കും അറിവുണ്ടായിരിക്കും ചിലപ്രവൃത്തികള്‍ നല്ലതെന്നും മറ്റു ചിലത്‌ ചീത്ത യെന്നും നാം തരം തിരിക്കാറുണ്ടല്ലോ.ഒരു തരം പെരുമാറ്റം നന്മനിറഞ്ഞതോ അഭിലഷണീയമോ നാം കണക്കാക്കുമ്പോള്‍ മറ്റൊരുതരം പെരുമാറ്റം തിന്മനിറഞ്ഞതും അനഭിലഷണീയവുമാണെന്ന് നാം കരുതുന്നു.

സ്നേഹിതന്മാരെ കാണുമ്പോള്‍ അഭിവാദനം ചെയ്യണമെന്ന് അനുശാസിക്കുന്ന ഒരു നിയമവുമില്ല.അങ്ങിനെ ചെയ്യാത്തതുകൊണ്ട്‌ ആരും നമ്മെ ശിക്ഷിക്കുകയുമില്ല.അമാന്യമായ സദ്പെരുമാറ്റമില്ലാത്തതോ വിനയശീലമില്ലാത്തതോ അയവില്ലാത്തതോ ഒന്നും ശിക്ഷാര്‍ഹങ്ങളായ കുറ്റങ്ങളല്ല. എങ്കിലും ഏതാണ്ട്‌ എല്ലാവരും കഴിയുന്നത്ര മര്യാദയോടും അനുനയപൂര്‍വ്വവും അനുഭാവപൂര്‍വ്വവും പെരുമാറാന്‍ ശ്രമിക്കുന്നുണ്ട്‌.

മര്യാദകെട്ടവനെന്നോ അഹങ്കാരിയെന്നോ മറ്റാളുകളെക്കൊണ്ട്‌ പറയിക്കുന്നതിലോ  ജനങ്ങളുടെ അഹിതത്തിന്ന് പാത്രമാകുന്നതിലോ ആര്‍ക്കും ഒരു രസവും കാണില്ല. അതുകൊണ്ട്‌ പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള പെരുമാറ്റങ്ങള്‍ക്കോ സദാചാരനിയമങ്ങള്‍ക്കോ അനുരോധമായി ജീവിക്കാന്‍,അതല്ലെങ്കില്‍ കുറഞ്ഞപക്ഷം അങ്ങിനെയൊരു പ്രതീതിജനിപ്പിക്കാന്‍,ആളുകള്‍ ശ്രമിക്കുന്നത്‌.

സദാചാരബോധം സാമൂഹ്യബോധത്തിന്റെ ഏറ്റവും പഴക്കമേറിയ രൂപമാണ്‌. പ്രാകൃതസമുദായത്തില്‍ മതത്തേയും കലയേയും കാള്‍ മുമ്പുതന്നെ
ഇതാവിര്‍ഭവിച്ചിരുന്നു.
ഇപ്പറഞ്ഞവ രണ്ടും തന്നേയും സാമൂഹ്യബോധത്തിന്റെ വളരെ പഴക്കമുള്ള രൂപങ്ങളാണ്‌.സദാചാരബോധം ആദ്യത്തെ മാനവസമുദായത്തോടൊപ്പം രൂപംകൊണ്ടതാണെന്ന് പറയുന്നതില്‍ തെറ്റില്ല. അത്‌ വ്യക്തവുമാണ്‌;കാരണം,ഒരു സദാചാരവ്യവസ്ഥ ഇല്ലാത്ത ഒരു സമുദായത്തിനും,അതെത്രചെറുതാണെങ്കില്‍ പോലും നിലനില്‍ക്കാനാവില്ല.പ്രാകൃതമായ ഒരു സദാചാരവ്യവസ്ഥയെങ്കിലുമില്ലാത്ത ഒരു ജനവിഭാഗത്തേയും ഇതുവരെ ചരിത്രത്തില്‍ കണ്ടെത്തിയിട്ടില്ലെങ്കില്‍ അതിന്ന് കാരണവുമിതാണ്‌.

സ്വന്തമായ തത്വചിന്തയും ശാസ്ത്രവും നിയമസംഹിതയും കലയും ഒന്നുമില്ലാത്ത ജനവിഭാഗങ്ങള്‍ ജീവിച്ചിരുന്നുവെന്നതിന്ന് തെളിവുകളുണ്ട്‌.ചിലര്‍ക്ക്‌ മതം ഉണ്ടായിരുന്നോ ഇല്ലയോ എന്നതും തര്‍ക്കവിഷയമാണ്‌.എന്നാല്‍ ഓരോ ജനവിഭാഗത്തിനും തനതായ ഒരു സദാചാരബോധം ഉണ്ടായിരുന്നു വെന്നതില്‍ ആര്‍ക്കും സംശയമില്ല.

പണ്ടുതന്നെ ചരിത്രകാരന്മാരുടേയും പ്രത്യായശാസ്ത്രജ്ഞരുടേയും ശ്രദ്ധയെ ആകര്‍ഷിച്ചിട്ടുള്ള ഒരു സംഗതിയാണിത്‌.സദാചാരബോധം എവിടെനിന്നുണ്ടായെന്ന സംഗതി വിശദീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ചിലര്‍ അത്‌ ദൈവികമാണെന്ന്,അല്ലെങ്കില്‍ ഏതെങ്കിലും ദിവ്യശക്തികളില്‍നിന്നുടലെടുത്തിട്ടുള്ളതാണെന്ന് പറഞ്ഞിരുന്നുവെന്ന് മാത്രം. ഈ സദാചാരബോധം മാറ്റമില്ലാത്തതും ആളുകളുടെ ജീവിതത്തിന്റെ ഭൗതികസാഹചര്യങ്ങളുമായി ബന്ധമില്ലാത്തതാണെന്ന് ഇക്കൂട്ടര്‍ വാദിക്കുകയും ചെയ്തിരുന്നു.

പക്ഷെ,സദാചാരങ്ങളുടേയും തത്വങ്ങളുടേയും ചരിത്രം പരിശോധിച്ചാല്‍ ജീവിതസാഹചര്യങ്ങള്‍ക്കൊപ്പം സദാചാരബോധങ്ങളും മാറുന്നതായി നമുക്കു കാണാന്‍ കഴിയും അവ ഉല്‍പാദനശക്തികളെ ആശ്രയിച്ചിരിക്കുന്നു; ഉല്‍പാദനബന്ധങ്ങള്‍ മാറുമ്പോള്‍ സദാചാരബോധങ്ങളും മാറിവരുന്നു.

പ്രാകൃത കമ്യൂണിസത്തിന്‍   കീഴില്‍ കൂട്ടായ ഉല്‍പ്പാദനബന്ധങ്ങള്‍ കൂട്ടായശീലങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും കൂട്ടായ സദാചാരബോധത്തിനും ജന്മം നല്‍കി.പക്ഷെ,ഉല്‍പാദനശക്തികള്‍ വളരുകയും,ചില വസ്തുക്കള്‍ ആളുകള്‍ സ്വകാര്യമായി കൈയ്യടക്കിവെക്കേണ്ടത്‌ ഉല്‍പാദനത്തിന്ന് ആവശ്യമാവുകയും ചെയ്തതോടെ,അതായത്‌ ഉല്‍പാദനബന്ധങ്ങള്‍ മാറി വന്നതോടെ,ആളുകളുടെ ധാരണയിലും മാറ്റമുണ്ടായി.എന്തെങ്കിലും സാധനം സ്വകാര്യമായി കൈവശം വെക്കുന്നത്‌ ഒരു തനി മര്യാദകേടല്ലങ്കിലും അസ്വാഭാവികവും അസാധാരണമാവുകയുമാണ്‌ മുമ്പ്‌ കരുതിവന്നിരുന്നതെങ്കില്‍,ഇപ്പോഴത്‌ ഒരു വളരെ സാധാരണ സംഗതിയായും കണക്കാക്കപ്പെടാനും തുടങ്ങി.

അറിഞ്ഞോ അറിയാതെയോ ആളുകളുടെ സദാചാരധാരണകള്‍ അവസാന വിശകലനത്തില്‍ സാമ്പത്തികമായ പ്രയോഗത്തില്‍ നിന്ന് ഉടലെടുക്കുന്നതാണെന്ന് മേല്‍ പറഞ്ഞതില്‍ നിന്നും വ്യകതമാകുന്നുണ്ട്‌.

വര്‍ഗ്ഗസമുദായത്തിലെ സദാചാരബോധത്തെപ്പറ്റി പറയുമ്പോള്‍ ആ സമുദായത്തിന്റെ വര്‍ഗ്ഗഘടന അതിന്റെ സദാചാരബോധത്തെ പ്രത്യക്ഷമായി ബാധിക്കുന്നുണ്ടെന്ന സംഗതി നാം വിസ്മരിക്കരുത്‌.

ഈ വിധത്തില്‍ യൂറോപ്പിലെ വികസിത മുതലാളിത്തരാജ്യങ്ങളിലേക്ക്‌ കണ്ണൊടിക്കുമ്പോള്‍,അവിടെ പലവിധ സദാചാരങ്ങളും നിലവിലുള്ളതായി നമുക്ക്‌ കാണാന്‍ കഴിയും.ഇതില്‍ ചിലത്‌ അവരുടെ ഭൂതകാല പാരമ്പര്യങ്ങളില്‍ നിന്ന് ഉടലെടുത്തതാണെങ്കില്‍,മറ്റു ചിലത്‌ അവരുടെ ഇന്നത്തെ ജീവിതസമ്പ്രദായത്തില്‍നിന്ന് ഉടലെടുക്കുന്നതാണ്‌.

ഭൂതകാല സമ്പാദ്യമായി കിട്ടിയുട്ടുള്ളതും നാടുവാഴിത്തകാലത്തെ ചില സദാചാരവീക്ഷണങ്ങള്‍ പുലര്‍ത്തുന്നതുമായ ക്രിസ്തീയ-നാടുവാഴിത്ത സദാചാരബോധമാണ്‌ ഒന്നാമതായി നമുക്കിവിടെ കാണാന്‍ കഴിയുന്നത്‌. ഈ കൃസ്തീയ- നാടുവാഴിത്ത സദാചാരബോധത്തെ കത്തോലിക്കരുടേതെന്നും പ്രൊട്ടസ്റ്റന്റ്‌ മതവിഭാഗക്കാരുടേതെന്നും മുഖ്യമായി രണ്ടായി തരം തിരിക്കാം. ഇവയ്കു തന്നെ ജെസ്യൂട്ട്‌ കത്തോലിക്കരുടേയും ഓര്‍ത്തഡോക്സ്‌ പ്രൊട്ടസ്റ്റന്റ്‌ മതവിഭാഗക്കാരുടേയും മുതല്‍ ലിബറല്‍ എന്‍ലൈറ്റനര്‍മാരുടേതു വരെയുള്ള പല പല അവാന്തരവിഭാഗങ്ങളുമുണ്ട്‌. ഇവയ്ക്‌ സമാന്തരമായിത്തന്നെ ആധുനിക ബൂര്‍ഷ്വാ സദാചാരവും അതോട്‌ തൊട്ട്‌ ഭാവിയിലേക്ക്‌ കൈചൂണ്ടുന്ന തൊഴിലാളി വര്‍ഗ്ഗസദാചാരവും നിലനില്‍ക്കുന്നതായി കാണാം.

മറുഭാഗത്ത്‌,സോഷ്യലിസ്റ്റ്‌ പാത സ്വീകരിച്ചിട്ടുള്ള രാജ്യങ്ങളില്‍,അതായത്‌ സോഷ്യലിസം കെട്ടിപ്പടുക്കുന്ന രാജ്യങ്ങളില്‍ കമ്യൂണിസ്റ്റ്‌ സദാചാരത്തിനാണ്‌ മേല്‍ക്കൈ. ആധുനിക ഉല്‍പ്പാദനത്തിന്ന് അനുരോധമായിട്ടുള്ള പൊതു ഉടമ യുടെ ആധിപത്യത്തില്‍ നിന്ന് നാമ്പെടുക്കുന്ന കൂട്ടായ്മയുടെ തത്വങ്ങളില്‍ അദിഷ്ടിതമായുട്ടുള്ളതാണ്‌ ഇത്‌.

മാര്‍ക്സിസ്റ്റുകള്‍ സദാചാരത്തെ തന്നെ നിഷേധിക്കുന്നുവെന്ന് പറഞ്ഞു ബൂര്‍ഷ്വാ പ്രത്യശാസ്ത്രജ്ഞര്‍ അവരെ കുറ്റപ്പെടുത്തുകയും മാര്‍ക്സിസം അധാര്‍മ്മികമായിട്ടുള്ളതാണെന്ന് പറയുകയും ചെയ്യുന്നുണ്ട്‌. മാര്‍ക്സിസത്തിന്റെ സത്തയെത്തന്നെ അറിഞ്ഞോ അറിയാതേയോ വളച്ചൊടിക്കുന്ന തരത്തിലുള്ളതാണ്‌ ഇത്തരം ആരോപണങ്ങള്‍.

യാതൊരു മാറ്റവുമില്ലാത്ത പ്രമാണങ്ങളിലധിഷ്ഠിതമായ ഏതെങ്കിലും ശാശ്വതസദാചാരം ഉണ്ടെന്ന് മാര്‍ക്സിസ്റ്റുകള്‍ കരുതുന്നില്ല . സദാചാരത്തിന്ന്സനാതനമായുള്ള അതിന്റേതായ തത്വങ്ങളുണ്ടെന്നും പറഞ്ഞുകൊണ്ട്‌ അതിന്റെ മറവില്‍ ശാശ്വതവും അന്തിമവും നിത്യവുമായ ഒരു ധാര്‍മ്മിക നിയമായി ഏതെങ്കിലും സദാചാര വരട്ടുതത്വത്തെ ആളുകളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള എല്ലാ ശ്രമങ്ങളേയും അവര്‍ എതിര്‍ക്കുന്നു.ഏതൊരു സദാചാര സിദ്ധാന്തവും,പെരുമാറ്റതത്വങ്ങളുടേതായ ഏതൊരു സാകല്യവും,അവസാന വിശകലനത്തില്‍ സമുദായത്തിലെ സമൂര്‍ത്ത സാമ്പത്തിക സാഹചര്യങ്ങളുടെ സൃഷ്ടിയാണെന്ന് മാര്‍ക്സിസ്റ്റുകള്‍ പറയുന്നു. വര്‍ഗ്ഗ സമുദായത്തില്‍ സദാചാരവും വര്‍ഗ്ഗസ്വഭാവവുമുള്ളത്‌ തന്നെയായിരിക്കും. അത്‌ ഭരണാധികാര വര്‍ഗ്ഗത്തിന്റെ ആധിപത്യത്തെ ന്യായീകരിക്കുകയോ ,മര്‍ദ്ദിത വര്‍ഗ്ഗം വേണ്ടത്ര ശക്തിപ്രാപിച്ചാലുടന്‍ ഭരണാധികാര വര്‍ഗ്ഗത്തോടുള്ള രോഷം പ്രകടമാക്കുകയോ ചെയ്യുന്നു.

ചൂഷണത്തിനെതിരായുള്ള ഏറ്റവും രൂക്ഷമായ പ്രതിഷേധപ്രകടനരൂപമാണ്‌ കമ്യൂണിസ്റ്റ്‌ സദാചാരം എന്നത്‌.അത്‌ തൊഴിലാളി വര്‍ഗ്ഗത്തിന്റേയും അദ്ധ്വാനിക്കുന്ന ജനതയുടെ യാകെത്തന്നേയും താല്‍പര്യത്തെ പ്രതിനിധീകരിക്കുന്നു. പഴയ ചൂഷകസമുദായത്തെ നശിപ്പിക്കാനും പുതിയൊരു കമ്യൂണിസ്റ്റ്‌ സമുദായം കെട്ടിപ്പടുക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ അദ്ധ്വാനിക്കുന്ന ജനതയാകെ അണിനിരത്താനും സഹായിക്കുന്നതെന്തോ അതാണ്‌ കമ്യൂണിസ്റ്റ്‌ സദാചാരമെന്ന് യുവകമ്യൂണിസ്റ്റ്‌ ലീഗിന്റെ മൂന്നാം കോണ്‍ഗ്രസ്സില്‍ സംസാരിക്കവേ ലെനിന്‍ പ്രസ്താവിക്കുകയുണ്ടായി.

മനുഷ്യരാശിയുടെ കൂടുതല്‍ സുശോഭനമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതില്‍,കമ്യൂണിസ്റ്റ്‌ സദാചാരം തൊഴിലാളിവര്‍ഗ്ഗത്തെ സഹായിക്കുന്നു.അത്‌ അദ്ധ്വാനിക്കുന്ന ജനതയെ എല്ലാവിധ ചൂഷണത്തിന്നുമെതിരായി,സമുദായത്തിന്റെ പൊതുവായ പ്രയത്നം കൊണ്ടുണ്ടാക്കുന്നതെല്ലാം സ്വകാര്യവ്യക്തികളുടെ കൈകളില്‍ നിക്ഷിപ്തമാക്കുന്ന സ്വകാര്യസ്വത്തുടമവ്യവസ്ഥക്ക്‌ എതിരായി,അണിനിരത്തുന്നു.

പറഞ്ഞു വരുന്നത്‌,അല്ലെങ്കില്‍ പറയാനുദ്ദേശിച്ചത്‌:-
"ഇതെല്ലാം ചുരുക്കി പറഞ്ഞാല്‍ കൂട്ടയ്മയിലധിഷ്ഠിതമായിരുന്ന പ്രാകൃതകമ്യൂണിസത്തില്‍
സദാചാരവും കൂട്ടായസ്വഭാവമുള്ളവയായിരുന്നു.
വര്‍ഗ്ഗസമുദായത്തില്‍ വര്‍ഗ്ഗഘടനയിലുള്ള മാറ്റത്തിന്റെ സ്വാധീനം
ഏറ്റവും പ്രടമായി കാണപ്പെട്ടത്‌ വര്‍ഗ്ഗങ്ങളുടേയും വ്യകതികളുടേയും ധാര്‍മ്മിക വിക്ഷണങ്ങളിലാണ്‌.
സോഷ്യലിസ്റ്റ്‌ സമുദായത്തില്‍ കമ്യൂണിസ്റ്റ്‌ സദാചാരം വളരാന്‍ തുടങ്ങുന്നു.
ഒറ്റവാക്കില്‍ പറഞ്ഞാല്‍ ,
സാമൂഹ്യാസ്തിത്വത്തിലുള്ള മാറ്റം സാമൂഹ്യബോധത്തിലും മാറ്റമുണ്ടാക്കുമെന്ന നിയമം
മനുഷ്യന്റെ ആധ്യാത്മികജീവിതത്തിന്റെ ഈ മണ്ഡലത്തിനും,
ഈ സാമൂഹ്യബോധരൂപത്തിനും ബാധകമാണ്‌ "എന്നാണ്‌.
(എംഎസ്സ്‌ രാജേന്ദ്രനോട്‌ കടപ്പാട്‌)
രാഷ്ട്രീയം

അഭിപ്രായങ്ങളൊന്നുമില്ല: