2011, ജനുവരി 28, വെള്ളിയാഴ്‌ച

ജനിതകവിദ്യ : ചില യാഥാർത്ഥ്യങ്ങൾ.

ബയോടെക്ക്നോളജി ഗവേഷണങ്ങള്‍,ജൈവ സുരക്ഷ,ജി എം ഒ (Gentically Modified Organisms)കള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍, ജൈവരൂപങ്ങള്‍ക്ക് പേറ്റന്റ് നല്കുന്നതുമായിബന്ധപ്പെട്ടകാര്യങ്ങളും ഏറെ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണല്ലൊ.

ജൈവസാങ്കേതിക വിദ്യ യുടെ നൈതികതയും പാരിസ്ഥിതിക മൗലിക വാദികള്‍ ഉന്നയിക്കുന്ന Deep Ecology/Shallow Ecology എന്നിങ്ങനെയുള്ള തരം തിരിക്കലുകളും ഈ ചര്‍ച്ചകളുടെ ഭാഗമായി കടന്നു വരുന്നു.

എന്നാല്‍ ,
ഇത്തരം ചര്‍ച്ചകള്‍ മിക്കവാറും ജൈവസുരക്ഷയിലുംധാര്‍മിക മൂല്യങ്ങളിലും കേന്ദ്രീകരിക്കുന്നവയാണ്.
ലോകമെമ്പാടും,ബയോടെക്ക്നോളജി മേഖലയില്‍ ബഹുരാഷ്ട്രകുത്തകകല്‍ നടത്തുന്ന ഇടപെടലുകളെ ഇത് ലഘൂകരിച്ചു കാണുന്നു.നിയമ നിയന്ത്രണങ്ങള്‍ വഴി ഇവയെല്ലാം പരിഹരിക്കാമെന്ന വീക്ഷണം മുന്നോട്ട്
വെക്കപ്പെട്ടു


2002-ജോഹന്നാസ് ബര്‍ഗ്ഗില്‍ നടന്ന ഭൗമ ഉച്ചകോടിയിലെ ചര്‍ച്ചകളും ഈ പ്രവണതകളെ തന്നെയാണ് പ്രദര്‍ശിപ്പിക്കുന്നത്.
ജൈവ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പ്രാധാന്യമില്ലെന്ന് പറയുകയല്ല ഇവിടുത്തെ ഉദ്ദേശം,
മറിച്ച്,ബയോടെക് ഉല്പന്നങ്ങള്‍ പാരിസ്ഥിതിക രംഗത്ത്സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍
ഇതോടൊപ്പം ഇതിന്റെ ഭാഗമായി തന്നെ മനസ്സിലാക്കപ്പെടെണ്ടതുണ്ടെന്ന് സൂചിപ്പിക്കുകയാണ്.

വിവിധരാജ്യങ്ങളില്‍,ഇതുമായിബന്ധപ്പെട്ട ജനകീയപ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നുകഴിഞ്ഞു. വികസിതരാജ്യങ്ങളില്‍ ,ജി എം ഒ ഉല്പന്നങ്ങള്‍ ബഹിഷ്കരിക്കുന്ന തലത്തിലേക്ക് ഈ പ്രതിഷേധങ്ങള്‍ വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്.
ബഹുരാഷ്ട്ര കമ്പനികള്‍ ബയോടെക്ക് ഉല്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത് ശരിയായപഠനങ്ങള്‍ക്കു ശേഷമല്ല.ജനിതകമാറ്റം വഴി സൃഷ്ടിക്കുന്ന ഉല്പന്നങ്ങള്‍ക്ക്,ഒരു ജീനിന്റെ സാന്നിദ്ധ്യത്തില്‍ ലക്ഷ്യമാക്കപ്പെടാത്ത,നിരവധി പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നതായി പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
അതുകൊണ്ട് തന്നെ,ജനിതക എഞ്ചെനീയറിങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന് പ്രേരിപ്പിക്കപ്പെടുന്നുണ്ട്.

ഇന്ത്യയില്‍ 2003 മെയ് മാസത്തില്‍ രൂപീകരിച്ച എം എസ് സ്വാമിനാഥന്‍ ചെയര്‍മാനായുള്ള ടാസ്ക് ഫോഴ്സ് ജനിതക സാങ്കേതിക വിദ്യാരംഗത്ത് നടപ്പാക്കേണ്ട നിയന്ത്രണങ്ങളെ ക്കുറിച്ച് പഠനം നടത്തുകയും 2004 മെയ് 25ന് അതിന്റെ റിപ്പോര്‍ട്ട് കൃഷിമന്ത്രാലയത്തിന്ന് സമര്‍പ്പിക്കുകയും ചെയ്തു.
സാധാരണ കര്‍ഷര്‍ക്ക് പ്രാധാന്യം കൊടുക്കേണ്ടതിനെ കുറിച്ച് ഊന്നിപ്പറയുന്ന റിപ്പോര്‍ട്ടില്‍ ജൈവ സാങ്കേതിക വിദ്യാരംഗത്ത് പാരിസ്ഥിതിക,സാമൂഹിക,സാമ്പത്തിക,ധാര്‍മ്മിക,ലിംഗ പ്രശ്നങ്ങളെയെല്ലാം പരിഗണിക്കേണ്ടുന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു.
GEAC (ജനിറ്റിക്ക് എഞ്ചിനീയറിങ്ങ് അപ്രൂവല്‍ കമ്മിറ്റി)ക്ക് പകരം NBRA- നാഷണല്‍ ബയോടെക്ക്നോളജി റഗുലേറ്ററി അതോറിറ്റിയെ- പ്രതിഷ്ടിച്ചുകൊണ്ട് ബയോടെക്ക്നോളജി ഗവേഷണവും ബയോടെക്ക് ഉല്പന്നങ്ങളുടെ ഉല്പാദനവും സുതാര്യമാക്കണമെന്ന് റിപ്പോര്‍ട്ട് പ്രത്യാശിക്കുന്നു.
റിപ്പോര്‍ട്ട് ഊനുന്നതും മുമ്പ് സൂചിപ്പിച്ച ജൈവ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തന്നെയാണ് . ഈ റിപ്പോര്‍ട്ടിലും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുള്ളത്.
ഇന്ത്യേപ്പോലുള്ള രാജ്യങ്ങളില്‍ മൊണ്‍സാന്റോയെപ്പോലുള്ള ബഹുരാഷ്ട്ര കുത്തകകള്‍ എങ്ങിനേയാണ് കാര്‍ഷിക ജൈവ സാങ്കേതിക വിദ്യാരംഗത്ത് ഇടപെടുന്നതെന്നും തങ്ങളുടെ മൂലധന താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതെന്നും മറ്റുമുള്ള കാര്യങ്ങള്‍ പരിഗണിക്കപ്പെടുന്നതേയില്ല.

ബഹുരാഷ്ട്ര കുത്തകകള്‍ വളരെ പ്രത്യക്ഷമായി കര്‍ഷകരുടെമേല്‍ പിടിമുറുക്കുന്നതിന്റെ സമീപകാല ഉദാഹരണമാണ്‌,
2004 മെയ് 21 കാനഡ സുപ്രീം കോടതിയുടെ ഒരു വിധിയിലൂടെ വെളിവാകുന്നത്
ഭരണകൂടവും നീതിന്യായ വ്യവസ്ഥയും സമാനമായ രീതിയില്‍ ബയോടെക്ക് പ്രശ്നങ്ങളെ കാണുന്നു വെന്നതിന് നിരവധി ഉദാഹരണങ്ങള്‍ ഇതിന്നു മുമ്പും ഉണ്ടായിട്ടുണ്ട്.
കാനഡയിലെ ഒരു കര്‍ഷകനായ ഷ്മെയ്സറും മൊന്‍സാന്റോവും തമ്മിലുള്ള കേസ് അവസാനിച്ചത്,മൊന്‍സാന്റോക്ക് അനുകൂലമായ സുപ്രീംകോടതി വിധിപ്രഖ്യാപനത്തിലൂടെയാണ് ബയോടെക്ക്നോളജി പര്യവേഷണങ്ങളുടേ​
യും നയങ്ങളുടേയും ദിശ എങ്ങോട്ടാണെന്ന് ഈ വിധി സൂചിപ്പിക്കുന്നുണ്ട്.
കമ്പോള സസ്യത്തിന്റെ ജനിതകമാറ്റത്തിലൂടെ റൗണ്ട്-അപ്പ് എന്ന കളനാശിനിയെ ചെറുത്തു തോല്പ്പിക്കാന്‍ കഴിവുള്ള കമ്പോളയുടെ ഉല്പാദനം സാദ്ധ്യമാകും.( റൗണ്ട്-അപ്പും ഉല്പാധിപ്പിക്കുന്നത് മൊണ്‍സാന്റോ തന്നെയാണ് )
ഷ്മ്യൂയ്സറുടെ സ്വന്തം കൃഷിസ്ഥലത്തേക്ക് പരാഗണം വഴി മറ്റൊരു കൃഷിസ്ഥലത്തുനിന്നും എത്തപ്പെട്ട ജീന്‍ , സാധാരണ കമ്പോള യുടെ കൂടെ വളരുകയും അത് മൊണ്‍സാന്റോ കണ്ടുപിടിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ കോടതിയില്‍ കേസ് നല്കുകയും ചെയ്തു .ബയോടെക്ക് മേഖലയിലെ കേസുകളില്‍ ബഹുരാഷ്ട്രകുത്തകകള്‍ക്ക് അനുകൂലമായി വിധിക്കുന്ന പതിവ് ഇപ്പോഴും ആവര്‍ത്തിച്ചു.

സുപ്രീം കോടതി പലകാര്യങ്ങളും പരിഗണിക്കാതെയാണ് ഈ വിധി പ്രഖ്യാപിച്ചിട്ടുള്ളത്.
ജി എം ഒ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍, കര്‍ഷകരറിയാതെ, പരാഗണം വഴി കൃഷിസ്ഥലത്തേക്ക് എത്തിച്ചേരുന്ന ജീനുകളെ അവര്‍ എങ്ങിനേയാണ് തിരിച്ചറിയുന്നതെന്ന പ്രശ്നം, ജൈവമണ്ഡലത്തിലേക്ക് മറ്റു ജീനുകള്‍ കടന്നുവരുന്നതിന്റെ ഉത്തരവാദിത്വം ഈ ജീനുകള്‍ സൃഷ്ടിച്ച കമ്പനികള്‍ക്കുണ്ടാകേണ്ടതാണെന്ന പ്രശ്നം,കര്‍ഷകരുടെ അവകാശങ്ങള്‍....തുടങ്ങിയവയൊന്നും സുപ്രീം കോടതി പരിഗണിക്കുകയുണ്ടായില്ല.
ലോകത്തുള്ള കാര്‍ഷിക മേഖലയ്കായി സിംഹ ഭാഗവും കയ്യടക്കി വെച്ചിരിക്കുന്നത് മോണ്‍സാന്റോ എന്ന ബഹുരാഷ്ട്ര കുത്തകയാണ്
ടെര്‍മിനേറ്റര്‍ സാങ്കേതികവിദ്യ വഴി കര്‍ഷകര്‍ക്ക് വിത്തുകള്‍ പുനരുല്പാദിപ്പിക്കാനുള്ള സാദ്ധ്യതകള്‍ക്ക് തടയിട്ടതും ഇന്ത്യയില്‍ Bt Cotton വ്യാപകമാക്കിയതും ഗോള്‍ഡണ്‍ റൈസ് വിപണിയിലാക്കി ധാന്യമേഖല കുത്തക വല്ക്കരിക്കാന്‍ ശ്രമിക്കുന്നതും ഇവര്‍ തന്നെയാണ്.
കര്‍ഷകരെ സ്വന്തം കൃഷിയിടങ്ങളില്‍ പോലും നിയന്ത്രണ വിധേയരാക്കുന്ന നിയമങ്ങള്‍ കൊണ്ടുവരുന്നതിന്ന് ബഹുരാഷ്ട്ര കുത്തകകള്‍ നേതൃത്വം നല്കുന്നുണ്ട്.ജൈവസുരക്ഷയുമായി ബന്ധപ്പെടുത്തിയാണ് ഈ പ്രശ്നം ജൈവശാസ്ത്രത്തിന്റെ മണ്ഡലത്തിലും പുറത്തും ചര്‍ച്ചചെയ്യപ്പെടുന്നത്.

ബഹുരാഷ്ട്ര കുത്തകകളുടെ ലാഭതാല്പര്യങ്ങളുമായി ബന്ധപ്പെട്ട് എങ്ങിനെയാണ് ബയോടെക് ഗവേഷണങ്ങളുടെ ദിശമാറ്റുന്നത് എന്നതിനേക്കുറിച്ചോ,ലാഭം മാത്രം ലക്ഷ്യമാക്കിയിട്ടുള്ള കുത്തകകളുടെ ഇടപെടലുകളെക്കുറിച്ചോ ജൈവസാങ്കേതിക വിദ്യാ ഗവേഷണങ്ങള്‍ പൊതുമേഖലയില്‍ നിന്നും പൂര്‍ണ്ണമായും വിടുതല്‍ നേടുന്നതിനെക്കുറിച്ചോ ബയോടെക് രംഗത്തെ ഓഹരി വിപണി സൂചികകള്‍ എപ്പോഴും ഉയര്‍ന്നു നില്ക്കുന്നതിനേക്കുറിച്ചോ ശരിയായ രീതിയില്‍ ചര്‍ച്ചകള്‍ പലപ്പോഴും നടക്കുന്നില്ല.
അഥവാ അത്തരം ചര്‍ച്ചകള്‍ പലപ്പോഴും പാര്‍ശ്വവല്ക്കരിക്കപ്പെടുകയാണ്.ഇതിന്ന് നേതൃത്വം നല്കുന്നത് കുത്തകകളാണ്.
നിയമങ്ങള്‍ രൂപീകരിക്കപ്പെടുകയും നേരത്തെ സൂചിപ്പിച്ച റഗുലേറ്ററി കമ്മറ്റികള്‍ എന്നപോലെ ഇത് നടപ്പിലാക്കപ്പെടുകയും ചെയ്യുന്നു.

എന്തുകൊണ്ട് റൌണ്ട് - അപ്പിനെതിരായി കമ്പോള സൃഷ്ടിക്കപ്പെടുന്നു?

ശ്രദ്ധിക്കപ്പെടേണ്ട ചിലകാര്യങ്ങളുണ്ട്.
റൗണ്ട്-അപ്പ് വിപണിയിലെത്തിക്കുന്നതും കമ്പോള ഉല്പാദിപ്പിക്കുന്നതും ഒരേ കമ്പനി തന്നെയാണ്.
ലോകത്തില്‍ നടക്കുന്ന എഴുപത്ത്ഞ്ച് ശതമാനം സസ്യജൈവ സാങ്കേതികവിദ്യാ പ്രവര്‍ത്തനങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നത് കളനാശിനി പ്രതിരോധത്തിലാണ്.
തങ്ങള്‍ ഉല്പാദിപ്പിക്കുന്ന കളനാശിനികള്‍ ഒരു വശത്തും അതിനെ പ്രതിരോധിക്കുന്ന വിത്തുകള്‍ മറുവശത്തും വിപണിയിലെത്തിച്ചുകൊണ്ടാണ് കുത്തകകള്‍ കര്‍ഷകരേയും ജനങ്ങളേയും കൊള്ളയടിക്കുന്നത്.
കളകളെ ചെറുക്കുന്ന വിത്തുകള്‍ക്ക് പകരം തങ്ങള്‍ ഉല്പാദിപ്പിക്കുന്ന കളനാശിനിയെ ചെറുക്കുന്ന വിത്തുകള്‍ ഉല്പാദിപ്പിക്കുന്നത് കുത്തകകളുടെ വിപണി താല്പര്യങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് HeukHobbelink നെപ്പോലെയുള്ള ഗവേഷകര്‍ നിരീക്ഷിച്ചിട്ടുണ്ട്.

അടിസ്ഥാന ജൈവ ശാസ്ത്ര ഗവേഷണങ്ങള്‍ നടക്കാതിരിക്കുകയും ഹ്യൂമണ്‍ ജീനോം പ്രൊജക്റ്റ് (HGP}) ന് CeleraGenomics നേതൃത്വം കൊടുക്കുകയും അവയവം മാറ്റിവെക്കല്‍ ഗവേഷണങ്ങള്‍ക്ക് വര്‍ഷംതോറും പത്ത് ബില്യന്‍ ഡോളര്‍ നീക്കിവെക്കുകയും ചെയ്യുന്ന ബഹുരാഷ്ട്രക്കുത്തകകള്‍ക്ക് വാണിജ്യ താല്പര്യങ്ങള്‍ മാത്രമേയുള്ളു.
HGPയിലൂടെ ഔഷധമേഖല കയ്യടക്കാനാണ് അവര്‍ ശ്രമിക്കുന്നത്

ഗോള്‍ഡന്‍ റൈസ് വിപണിയിലെത്തിക്കാന്‍ മൊണ്‍സാന്റോ ശ്രമിച്ചപ്പോഴും ജൈവസുരക്ഷയുടെ പ്രശ്നങ്ങളാണ് മുഖ്യമായും ചര്‍ച്ചകളില്‍ കടന്നു വരുന്നത്.
ജീവകം -A അഭാവം പരിഹരിക്കാന്‍ മൊണ്‍സാംന്റോ നിര്‍ദ്ദേശിച്ച പരിഹാരം,
യഥാര്‍ത്ഥത്തില്‍, നമ്മുടെ നെല്ലുല്പാദന മേഖലയെ തകര്‍ക്കുന്നതും ബഹുരാഷ്ട്രകുത്തകകള്‍ ഈ മേഖല കയ്യടക്കുന്നതിലേക്ക് നയിക്കുന്നതുമായിരുന്നു.
ബീറ്റാകരോട്ടിന്‍ ഉല്പാദിപ്പിക്കുന്ന ജീനുകള്‍ സന്നിവേശം ചെയ്ത ഗോള്‍ഡന്‍ റൈസ് ,ജൈവസുരക്ഷയുടെ പേരിലാണ്.ഫിലപ്പിന്‍സിലെ IRRI ( ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ടില്‍) ല്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടത്. നിയമ തടസ്സം നീക്കിയും പുതിയ നിയമരൂപീകരണങ്ങള്‍ വഴിയും മൊണ്‍സാന്റോ അതു വീണ്ടും വിപണിയിലിറക്കും.

ഭ്രൂണകോശഗവേഷണങ്ങള്‍ക്കെതിരേ ചിലശാസ്ത്രഞ്ഞന്മാരും മതമേധാവികളും ബുഷ് ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങളുമായി രംഗത്തുവരികയുണ്ടായി.
ഒരു പരിധിവരെ,ഇവരുടെ ആവശ്യങ്ങളെ ബുഷ് ഭരണകൂടം നല്ലമനസ്സോടെ സ്വീകരിക്കുകയായിരുന്നു
“മരണത്തിന്റെ വ്യവസായം” റിപ്പബ്ളിക്കന്‍ പാര്‍ട്ടിനേതാക്കള്‍ ഈ ഗവേഷണ മേഖലയെ വിശേഷിപ്പിക്കുന്നത്.
ഒരു ഭ്രൂണ കോശം സ്വയം പ്രത്യുല്പാദനത്തിന് വിധേയമാക്കിയാല്‍ വ്യത്യസ്ത കോശനിരകള്‍ സൃഷ്ടിക്കാന്‍ കഴിയും
ഇത് കാനിബാളിസ മാണെന്നാണ് മത മേധാവികള്‍ പറയുന്നത്.
എന്നാല്‍,ഒരു ഭ്രൂണം നാഡീവ്യവസ്ഥയില്ലാതെ കുറച്ചുദിവസം കഴിഞ്ഞാല്‍ അതിന് Sensation ഇല്ലാതാവും.ഇതിനെ ഒരു ജീവിയായി പരിഗണിക്കേണ്ടതില്ല.
എന്നാല്‍,മതത്തിന്റെ വ്യക്താക്കള്‍ ഭൂണനാശത്തിന്നെതിരേയും പരീക്ഷണങ്ങള്‍ക്കെതിരേയും രംഗത്ത് വരുന്നത് ഇക്കാര്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ്.ഇറാക്കിലെ മനുഷ്യക്കുരുതിക്കെതിരേയും ലോകമെമ്പാടും മനുഷ്യരെ പട്ടിണിയിലേക്ക് നയിക്കുന്ന ആഗോള വല്ക്കരണ നയങ്ങള്‍ക്കെതിരെയും ഇവര്‍ക്ക് പ്രതിഷേധങ്ങളില്ല.
ഭ്രൂണകോശ ഗവേഷണം വന്‍ കിടവ്യവസായമാക്കാന്‍ശ്രമിക്കുന്ന ബഹുരാഷ്ട്ര കുത്തകള്‍ക്കെതിരേയും ഈ വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിഷേധം ഉയരുന്നില്ല.

പാര്‍ക്കിന്‍സണ്‍ രോഗികള്‍ക്കുള്ള Dopamma അഭാവം,ഭ്രൂണകോശങ്ങളില്‍ നിന്ന് തലച്ചോറിലെ ചില കോശങ്ങള്‍ മാറ്റുന്നതു വഴി പഹരിക്കപ്പെടുന്നുണ്ട്.
ഇത്തരം കാര്യങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ട് ഭ്രൂണകോശ ഗവേഷണം തടസ്സപ്പെടുത്തരുതെന്ന് പറയാവുന്നത്. എന്നാല്‍,
ഈ ഗവേഷണങ്ങള്‍ ശരിയായ ദിശയിലല്ല മുന്നോട്ട് പോകുന്നത്.
ഗവേഷണ മേഖലയെ നിയന്ത്രിക്കുന്നത് സ്വകാര്യ സംരംഭകര്‍ ആണെന്നതുകൊണ്ട്തന്നെ കുറച്ചു മൂലധനം മുടക്കി കൂടുതല്‍ ലാഭം കിട്ടുന്ന മേഖലയിലേക്ക് മാത്രമേ ഗവേഷണം കടന്നു ചെല്ലുന്നുള്ളു.
കമ്പനികള്‍ തമ്മിലുള്ള കിടമത്സരങ്ങല്‍ മൂലം ഗവേഷണഫലങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്നതിനും അപൂര്‍ണ്ണമായ പഠനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനും കാരണമാകുന്നുണ്ട്.

ഇന്ന് ബയോടെക്ക് കമ്പനികള്‍ അവരുടെ ഉല്പന്നങ്ങള്‍ വാങ്ങാന്‍ രാഷ്ട്രങ്ങളെ നിര്‍ബ്ബന്ധിക്കുകയാണ്
സ്വതന്ത്ര വ്യാപാരത്തിന്ന്തടസ്സം നില്ക്കുന്ന എല്ലാ നിയമങ്ങളും ഇല്ലാതാക്കാന്‍ WTOയോട് അത് ആവശ്യപ്പെടുന്നു.
പ്രധാനപ്പെട്ട എല്ലാ ബയോടെക് കുത്തകകളും അമേരിക്കയിലാണ് മോണ്‍സാന്റൊയെപ്പോലുള്ള കമ്പനികള്‍ ഉല്പാദിപ്പിക്കുന്ന രാസകീടനാശിനികളെ പ്രതിരോധിക്കുന്നവയാണ്,
വീണ്ടും മുളപ്പിക്കുവാന്‍ കഴിയാത്തതുമൂലം വിത്തുകള്‍ തുടര്‍ച്ചയായി ഈ കമ്പനികളില്‍ നിന്നുതന്നെ കര്‍ഷകര്‍ക്ക് വാങ്ങേണ്ടിവരുന്നു.പലരാജ്യങ്ങളും ബഹുരാഷ്ട്ര കുത്തകകള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ നിയമങ്ങള്‍ മാറ്റുന്നത് കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലക്ക് തള്ളി വിട്ടുകൊണ്ടിരിക്കുന്നു.
ഇറാക്ക് യുദ്ധം ആരംഭിച്ചപ്പോള്‍
ടോണിബ്ലയര്‍ അമേരിക്കയുടെ താല്പര്യങ്ങക്ക്ക്ക് വഴങ്ങി ബയോടെക്ക് മേഖലയിലെ നിയമങ്ങള്‍ മാറ്റാന്‍ തയ്യാറായി.
ബ്രസീലിലെ ലുലു സര്‍ക്കാര്‍ മൊണ്‍സാന്റോക്ക് ജനിതക പരിഷ്ക്കാരം വരുത്തിയ സോയാബീന്‍
കൃഷിചെയ്യാന്‍ അനുവാദം നല്കി (ഇക്കണോമിസ്റ്റ്2003,ഒക്ടോബര്‍ 4) ചൂണ്ടിക്കാണിക്കുന്നത്.പത്തു വര്‍ഷത്തിനുള്ളില്‍ സോയാബീന്‍ ഉല്പാദനത്തിന്റെ 70 ശതമാനവും മൊണ്‍സാന്റോ കയ്യിലൊതുക്കും എനാണ്
നവ ഉദാരവല്ക്കരണ നടപടികളുടെ ഭാഗമായാണ്‌ ഇത്തരം തീരുമാനങ്ങളെടുക്കുന്നത്..
ദരിദ്രരാഷ്ട്രങ്ങള്‍ തങ്ങളുടെ രാജ്യത്തുള്ള വളകള്‍ നന്നാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇതിന്റെയൊക്കെ കുത്തകാവകാശങ്ങള്‍ തന്ത്രപൂര്‍വ്വം ബയോടെക് കമ്പനികള്‍ കൈവശപ്പെടുത്തുന്നു.

വളരെ അടുത്തകാലത്ത് മൈക്രോസോഫ്റ്റിന്റെ അധിപന്‍ ബില്‍ഗേറ്റ്സ്
ഇരുപത്തിയഞ്ച് ബില്യണ്‍ ഡോളര്‍ ജനിതക ഗവേഷണത്തിന്ന് വേണ്ടി ഗേറ്റ്സ്ഫൗണ്ടേഷന്‍ വഴി നല്കുകയുണ്ടായി .ലോകത്തിലെ ദരിദ്രരരെ ഇതു സഹായിക്കുമെന്നാണ്ഗേറ്റ്സ് പറഞ്ഞത്.
വിശപ്പിനെ ആയുധമാക്കി ഉപയോഗിച്ചുകൊണ്ട് ദരിദ്രരാജ്യങ്ങളില്‍ തങ്ങളുടെ ബയോടെക് ഉല്പന്നങ്ങള്‍ ചിലവഴിക്കാനുള്ള മാര്‍ഗ്ഗമാണിതെന്ന് ജോണ്‍ വൈഡല്‍ പറയുന്നു
2003 ഒക്റ്റോബര്‍ 13ലെ ന്യുയോര്‍ക്ക്റ്റൈംസ് ഇങ്ങനെ പറയുന്നു“ ജനിതകമാറ്റത്തിന് പലതരം സാങ്കേതിക വിദ്യകളുണ്ട്.ഇവയെല്ലാം സര്‍വ്വകലാശാലകള്‍ വികസിപ്പിച്ചെടുത്തതാണ്​‍.
എന്നാല്‍ ഇതിന്റെ ലൈസന്‍സുകളെല്ലാം സ്വകാര്യകമ്പനികള്‍ക്കാണ്”.

പറഞ്ഞുവരുന്നത്, അല്ലെങ്കില്‍ പറയാനുദ്ദേശിച്ചത്

ലാഭത്തെ മാത്രം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന
ബഹുരാഷ്ട്ര കുത്തകകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിശബ്ദത പാലിച്ചുകൊണ്ട്
ജൈവസുരക്ഷാ നിയമങ്ങളെക്കുറിച്ചും കേവല ധാര്‍മ്മികതയെക്കുറിച്ചും നിരന്തരം ചര്‍ച്ചചെയ്യുന്ന പ്രവണതകള്‍
ജനതയുടെ താല്പര്യങ്ങളെ ഉള്‍ക്കൊള്ളുന്നില്ല.
ആരാഗ്യ, ബയോടെക് മേഖലകള്‍ കൈകാര്യം ചെയ്യേണ്ടതും നിയന്ത്രിക്കേണ്ടതും
പൊതുമേഖലയില്‍ തന്നെയായിരിക്കണം.
ഗവേഷണതലത്തില്‍ പരസ്പര സഹകരണത്തിന്റേയും
അറിവു പങ്കുവെക്കുന്നതിന്റെയും അന്തരീക്ഷമുണ്ടാവണം.
സാമ്രാജ്യത്വ-ആഗോളവല്ക്കരണ നയങ്ങളുടെ ഭാഗമായി
ബയോടെക്ക്നോളജി മേഖലയിലും
വളര്‍ന്നു വന്നിട്ടുള്ള പ്രതിലോമ പ്രവണതകളെ
ചെറുത്ത് തോല്പ്പിക്കുന്നതിന്ന് തുടക്കം കുറിക്കാന്‍ ഇങ്ങനെയേ കഴിയൂ.
( സഖാവിനോട് കടപ്പാട്)

2011, ജനുവരി 12, ബുധനാഴ്‌ച

“മതം മനുഷ്യരുടെ മയക്കുമരുന്നാണ്”

മത മൗലികവാദവും വർഗീയതയും ഭീഷണമായി വളർന്നു വന്നിരിക്കുന്ന ഈ സാഹചര്യത്തിൽ
മതത്തിന്നെതിരായ മാർക്സിസ്റ്റ് സമീപനം മുന്നോട്ട് വെക്കുമ്പോൾ ഏറെ ആക്ഷേപത്തിന്നിരയാകുമെന്ന് അറിയാം എന്നാലും ചിലത് സൂചിപ്പിക്കുന്നു.
വർഗ്ഗ സമൂഹത്തിൽ സാമൂഹ്യബോധത്തിന്റെ ഒരു രൂപമായ മതം നിലനില്ക്കുക സ്വാഭാവികം മാത്രമാണ്.പ്രാകൃത കമ്യൂണിസത്തിൽ മതം ഇല്ലായിരുന്നു.ശാസ്ത്രീയ കമ്യൂണിസത്തിന്റേതായ വർഗ്ഗ രഹിത സമുദായത്തിലും മതം ഉണ്ടായിരിക്കുകയില്ല.
എന്നാൽ വർഗ്ഗ സമൂഹത്തിൽ മതം അതിന്റെ സ്വഭാവിക തുടർച്ച എന്ന നിലയിൽ സ്വന്തം നിലയിൽ നിലനില്ക്കുന്നതിനേക്കാൾ കൂടുതൽ അപകടകരമാവുന്നത് മതമൗലികവാദവും,വർഗീയതയുമാണ്‌.
ചൂഷകർക്കെതിരായ വർഗ്ഗസമരത്തിൽ അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് ഒന്നിച്ച് നിന്ന് പോരാടുന്നതിന്ന് മതം ഒരു തടസ്സമായിക്കൊള്ളണമെന്നില്ല.എന്നാൽ ഇന്ന് മൗലികവാദത്തിന്റേയും വർഗ്ഗീയതയുടേയും റോൾ അതല്ല.നാടുവാഴിത്തത്തിന്നും സാമ്രാജ്യത്വത്തിന്നും,മൂലധന താല്പര്യങ്ങൾക്ക് മെതിരേയുള്ള വർഗ്ഗ സമരത്തിന്ന് പ്രത്യക്ഷത്തിൽ തന്നെ തടസ്സം സൃഷ്ടീക്കുന്നു.
വർഗ്ഗ സമൂഹത്തിൽ മതം നിലനില്ക്കുമെന്ന ഒരു പൊതു പ്രസ്ഥാവത്തിന്ന് ,സാമ്രാജ്യത്വ ആഗോള വല്കരണ സാഹചര്യത്തിൽ ജനങ്ങളുടെ ഐക്യം തകർക്കുന്ന നിലപാട് സ്വീകരിച്ച് നിലനില്ക്കാൻ മതങ്ങൾക്ക് അവകാശമുണ്ട് എന്ന അർത്ഥമില്ല.
മറ്റൊന്നുകൂടി സൂചിപ്പിക്കാനുള്ളത്
“വർഗ്ഗസമരം സാമൂഹികജീവിതത്തിൽ മൂന്നു മണ്ഡലങ്ങളിലും ഒരേസമയം നടക്കുന്ന പ്രക്രിയയാണ്‌;അതായത്,സാമ്പത്തില-രാഷ്ട്രീയ-ആശയമണ്ഡലങ്ങളിൽ. അതിൽ ആശയ മണ്ഡലത്തിലെ സമരത്തിന്റെ ഒരുഭാഗം മാത്രമേ ആകുന്നുള്ളൂ മതത്തിനെതിരായ സമരം.
അത് അപ്രധാനമെന്നല്ല,കേവലയുക്തിവാദികൾ കരുതുന്നത് പോലെ കേവലം ആശയസമരം കൊണ്ട് മതത്തെ ഉന്മൂലനം ചെയ്യാനാവുകയില്ല. സാമ്പത്തിക രാഷ്ട്രീയ മണ്ഡലങ്ങളിലെ സമരങ്ങളുടെ പരമപ്രാധാന്യം നാം കാണണം.വ്യവസ്ഥിതി മാറ്റി മതത്തിന് നിലനില്ക്കാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ് വേണ്ടത്.
മതത്തോട് യാതോരു വിട്ടു വീഴ്ച്ചയുമില്ല,എന്നാൽ മതത്തിന്നെതിരായ സമരമല്ല പരമപ്രധാനമായിട്ടുള്ളത്.ചൂഷകരും ചൂഷിതരും തമ്മിലുള്ള സമര മാണ് പരമപ്രധാനമായിട്ടുള്ളത്.മതത്തിന്നെതിരായ സമരം വർഗ്ഗസമരത്തിന്ന് കീഴ്പ്പെടുത്തുക എന്നതാണ് യഥാർത്ഥ പുരോഗമനകാരികളുടെ കർത്തവ്യം”....
മേൽ സൂചിപ്പിച്ചത് വളരെ പ്രാമണികമായിനിലനില്ക്കുന്ന ഒരു നിലപാടാണ്.
പ്രസ്തുത നിലപാടിലേക്ക് എത്തിച്ചേർന്ന ഒരു പഴയ ലേഖനം ഇവിടെ ചേർക്കുന്നു:-


പുളൂട്ടാർക്ക് എഴുതിയിട്ടുള്ളതിന്റെ അടിസ്ഥാനത്തിൽ പ്രാചീന റോമാ നഗരത്തിലെ ആളുകൾക്കിടയിൽ നിലവിലിരുന്ന ഒരു മതാചാരം നമുക്ക് ഊഹിക്കാൻ കഴിയും ,സൂര്യപ്രഭയിൽ മുങ്ങിക്കുളിച്ച റോമാ നഗരത്തിലെ തെരുവുകൾ മനസ്സിൽ സങ്കല്പിക്കുക.അതിലൊരു തെരുവിലൂടെ വലിയൊരു ജനക്കൂട്ടം മന്ദ മന്ദം മുന്നോട്ട് നീങ്ങുന്നു.വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരുവനെ തൂക്കുമരച്ചോട്ടിലേക്ക് അനുഗമിക്കുകയാണവർ.ഔദ്യോഗിക പ്രൗഡിയോടെ സായുധരായ കോല്ക്കാർ ആ കുറ്റവാളിയുടെ തൊട്ടുപിന്നിലായി നടക്കുമ്പോൾ,നഗരവാസികൾ അയാളുടെ വിചാരണയേയും ശിക്ഷയുടെ ന്യായാന്യായതേയേയും പറ്റി അഭിപ്രായവിനിമയം നടത്തിക്കൊണ്ട് കുറേ അകലം വിട്ടു നടക്കുന്നു.
ശിക്ഷിക്കപ്പെട്ട മനുഷ്യൻ ഇതൊന്നും അറിയുന്നും കാണുന്നുമില്ല.ജീവിതാഭിനിവേശം മുഴുവൻ കെട്ടടങ്ങിയ അയാൾ ചിന്താമഗ്നനായി ഒരു ജീവച്ഛവം പോലെയാണ്‌ അയാൾ മുന്നോട്ട് നീങ്ങുന്നത്.പക്ഷെ,പെട്ടന്നതാ ആൾക്കൂട്ടത്തിനിടക്ക് ഒരു ബഹളം .കോല്ക്കാർ ആ കൊലപ്പുള്ളിയെ തൊട്ടടുത്തുള്ള ഒരു ഇടവഴിയിലേക്ക് തള്ളി മാറ്റുന്നതെന്തിനാണ് ? അയാളുടെ കണ്ണുകളിൽ പുതിയൊരു പ്രകാശം കാണുന്നതെന്തുകൊണ്ടാണ് ?
അതാ ,എതിർവശത്തുനിന്ന് മറ്റൊരു ആൾക്കൂട്ടം ആ വഴിക്കു നീങ്ങുന്നുണ്ട്.റോമാക്കാരുടെ അഗ്നി ദേവതയായ“വെസ്റ്റാ”യുടെ പുരോഹിതയെ ഏറ്റിയിട്ടുള്ള ഒരു പല്ലക്കിന്ന് ചുറ്റുമാണവർ നടക്കുന്നത്.ഒരു റോമൻ ആചാരമനുസരിച്ച് വധശിക്ഷക്കായി ഒരുവനെ കൊണ്ടുപോകുമ്പോൾ വഴിക്ക് ഇത്തരത്തിലൊരു പുരോഹിതയേ കണ്ടുമുട്ടാനിടയായാൽ അയാളെ വധിക്കാൻ പാടില്ലെന്നാണ്‌ നിയമം.താൻ ആ സമയത്ത് കരുതിക്കൂട്ടി അവിടെ വന്നതല്ലെന്ന് ആ പുരോഹിത സത്യം ചെയ്യണമെന്നു മാത്രം.
ഈ വിധത്തിൽ ,മനുഷ്യൻ ഉണ്ടാക്കിയ നിയമങ്ങൾ ദിവ്യമെന്ന് അവർ കരുതിയിരുന്ന നിയമങ്ങൾക്ക് വഴിമാറിക്കൊടുക്കേണ്ട സ്ഥിതിയാണ് അന്നുണ്ടായിരുന്നത്.മതത്തിന്ന് അന്ന് അവർ എത്ര പ്രാധാന്യം കല്പിച്ചിരുന്നു എന്നതിന്ന് ഇതിലും വലിയ തെളിവുകൾ ആവശ്യമില്ലല്ലോ .
ഇതുപോലെ മറ്റുജന വിഭാഗങ്ങളുടെ ജീവിതത്തിൽ,മറ്റുകാലങ്ങളിൽ മതത്തിനുള്ള പങ്ക് എത്രയായിരുന്നുവെന്ന് കാണിക്കുന്ന എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും ഇവിടെ ഉദ്ധരിക്കാൻ കഴിയും.

മദ്ധ്യകാലങ്ങളിലെ കുരിശുയുദ്ധങ്ങളുടെ കാര്യം തന്നെ ആലോചിക്കാം .മുസ്ലീങ്ങളുടെ കയ്യിൽ നിന്ന് തങ്ങളുടെ നഷ്ടപ്പെട്ട പുണ്ണ്യഭൂമി വീണ്ടെടുക്കുന്നതിന്നായി കുരിശുയുദ്ധക്കാർ ആയിരക്കണക്കിന്ന് മുസ്ലീങ്ങളെ കശാപ്പു ചെയ്തു.മതവൈരം കാരണം പാരീസിൽ മാത്രം മുപ്പതിനായിരം ഹൂഗനോട്ടുകൾ ( പ്രൊട്ടസ്റ്റന്റ് ) മതാനുയായികൾ കൊലചെയ്യപ്പെട്ട സെന്റ് ബാർതലോമിയോ (1572) കൂട്ടക്കൊലയുടെ കാര്യം നാം കേട്ടതാണല്ലോ.

അപ്പോൾ ,വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരു കൊലപ്പുള്ളിയെ രക്ഷിക്കാനും ,നിരപരാധികളായ പതിനായിരക്കണക്കിന്നാളുകളെ കൊന്നൊടുക്കാനും കല്പ്പിക്കാൻ കഴിയുന്ന ഈ മതം എന്നു പറഞ്ഞാൽ എന്താണ്‌?
വിപ്ലവകാരികൾ ഈ പ്രതിഭാസത്തോട് എന്തു സമീപനമാണ്‌ സ്വീകരിക്കേണ്ടത്?

മർക്സിസം -ലെനിനിസം ഈ ചോദ്യങ്ങൾക്ക് എന്തു മറുപടിയാണ്‌ നല്കുന്നത്?
അതിന്ന് മുമ്പായി മതത്തിന്റെ പ്രതിനിധികൾ ,സദാ മത പ്രശ്നങ്ങൾ കൈകാര്യം ചെയ്യുകയും മത തത്വങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന വൈദികശ്രേഷ്ടന്മാർ ഇതേപ്പറ്റി എന്തു പറയുന്നു എന്ന് നമുക്കു നോക്കാം .
അവർ മതത്തിന്ന് നകുന്ന നിർവചനം എന്താണ്‌.മതം (ഇംഗ്ലീഷിൽ റിലിജിയൻ)എന്നവാക്ക് ഭയഭക്തി ബഹുമാനം എന്നർത്ഥം വരുന്ന ലത്തീൻ ഭാഷയിലെ റിലിജിയോ എന്ന വാക്കിൽ നിന്ന് ഉണ്ടായിട്ടുള്ളതാണെന്നാണ്‌ ക്രിസ്തു മതത്തിൽ പെട്ട മിക്ക വേദജ്ഞാനികളും കരുതുന്നത്.ഇതാകട്ടെ പിന്നോട്ട് കെട്ടുക എന്നർത്ഥം വരുന്ന റിലിഗാറെ എന്നവാക്കുമായി ബന്ധപ്പെട്ടിരിക്കുന്നു.വേദജ്ഞാന വീക്ഷണത്തിൽ നിന്ന് നോക്കിയാൽ മനുഷ്യനേയും ദൈവത്തേയും തമ്മിൽ ഘടിപ്പിക്കുന്ന കണ്ണിയാണ്‌ മതം എന്നു പറയുന്നത്.ദൈവത്താൽ കല്പിക്കപ്പെട്ടിട്ടുള്ളതും ഒരു വിശ്വാസിയെ ദൈവവുമായി ബന്ധിപ്പിക്കുന്നതുമായ ചട്ടങ്ങളുടേയും പെരുമാറ്റ തത്വങ്ങളുടേയും ഒരു സാകല്യമാണെന്ന് തോന്നും.

ക്രിസ്ത്യേതര വേദജ്ഞാനികൾക്കും മതത്തേക്കുറിച്ച് ഏതാണ്ടിതേ അഭിപ്രായമാണുള്ളത്.ഉദാഹരണത്തിന്ന്,
ബുദ്ധമത സ്ഥാപകനായ ഗൗതമ ബുദ്ധന്റെ നിർവ്വാണത്തെ സബന്ധിച്ച പ്രമാണമാണ്‌,മോക്ഷവും തദനന്തരം ബുദ്ധനിലുള്ള വിലയനവും വാഗ്ദാനവും ചെയ്യുന്ന പെരുമാറ്റ തത്വങ്ങളാണ്‌ - ബുദ്ധൻ തന്നെ അനുശാസിച്ചിട്ടുള്ളതാണ്‌ ഈ തത്വങ്ങൾ -ബൗദ്ധന്മാരെ സബന്ധിച്ചിടത്തോളം മതം എന്നു പറഞ്ഞാൽ.
അല്ലാഹുവിൽ വിശ്വസിക്കുന്ന മുസ്ലീങ്ങളെ സബന്ധിടത്തോളം അവരുടെ വിശുദ്ധഗ്രന്ഥമായ ഖുറാനിൽ പറഞ്ഞിട്ടുള്ള പെരുമാറ്റ തത്വങ്ങളും ചട്ടങ്ങളുമാണ് മതം എന്നു പറയുന്നത്. ഇതനുസരിക്കുന്ന വിശ്വാസിക്ക് അല്ലാഹുവിൽ ലയിക്കാനും മോക്ഷം നേടാനും കഴിയുമെന്ന് അവർകരുതുന്നു.

ചുരുക്കിപ്പറഞ്ഞാൽ ,മനുഷ്യനും ദൈവവും തമ്മിലുള്ള കണ്ണിയാണ് മതമെന്ന് വേദപണ്ഡിതന്മാർ കരുതുന്നു.പക്ഷെ,അതിന്ന് മുമ്പായി ദൈവം ഉണ്ടെന്ന കാര്യം തന്നെ തെളിയിക്കപ്പെടേണ്ടിയിരിക്കുകയാണല്ലോ.
അതു തെളിയിക്കാൻ ഇപ്പോൾ വരെ യാതൊരു മാർഗ്ഗവുമില്ല.ഇനിയൊട്ടുണ്ടാവുകയുമില്ല.ഇങ്ങനെ പറയുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചേക്കാം.
തുടക്കത്തിൽ ആളുകൾ പല പല ദേവന്മാരേയും ആരാധിച്ചിരുന്നു.ആ ദൈവങ്ങളോന്നും നിലവിലില്ലെന്ന് പിന്നീട് തെളിഞ്ഞു. ബേൽ, അനു, അസ്താർത്തെ (ഐശ്വര്യദേവത), ഒസിറീസ് (ദേവേന്ദ്രൻ), ഇസിഡ്(ഐശ്വര്യദേവത) ഹോറസ്(ദിനദേവത)സ്യൂയസ്(യവനദേവേന്ദ്രൻ)പൊസൈഡോൺ(യവന വരുണൻ,ഹദോസ്(പാതാള ദേവത) അപ്പോളൊ (സൂര്യദേവൻ) അതീന(റോമാക്കാരുടെ സരസ്വതി) ഹേര(യവനന്മാരുടെ ഇന്ദ്രാണി) ചൊവ്വാ,ജാനസ്സ് (റോമാക്കാരുടെ ദ്വാരപാലകദേവത, വെസ്ത (അഗ്നിദേവത) തുടങ്ങി ഈ ദേവന്മാരുടെ പട്ടിക എത്ര പറഞ്ഞാലും അവസാനിക്കാത്തതാണ്.

പ്രാചീനകാലത്തെ ജനങ്ങൾക്ക് അവരുടെ ദേവന്മാരിൽ അന്ധമായ വിശ്വാസമുണ്ടായിരുന്നു.ഒളിമ്പിക്ക് ദേവന്മാരില്ലെന്ന് പറഞ്ഞു അവരെ അപലപിക്കാൻ മുതിർന്ന പ്രാചീന ഗ്രീക്ക് തത്വ ചിന്തകരായ അനക്സഗോറസിനും സോക്രട്ടീസിനും അനുഭവിക്കേണ്ടിവന്ന ക്ലേശങ്ങൾ എത്രയെന്ന് എല്ലാവർക്കും അറിവുള്ള താണല്ലോ.ഏതൻസിലെ ഒരു പ്രമുഖ രാജ്യതന്ത്രജ്ഞനായ പെരിക്ലീസ് ഇടപെട്ടത്കൊണ്ട് അനക്സഗോറസ്സിന്റെ ജീവൻ രക്ഷപ്പെട്ടെങ്കിലും അദ്ദേഹം ഏതൻസിൽ നിന്നും നാടുകടത്തപ്പെട്ടു,
“ദേവന്മാരെ അവഗണിച്ചതിന്ന്”സോക്രട്ടീസ് വധശിക്ഷക്ക് വിധിക്കപ്പെട്ടു.അന്നത്തെ ഏതൻസിലെ മാമൂലനുസരിച്ച് ഒരു കോപ്പ വിഷം കഴിച്ച് അദ്ദേഹം മരിക്കുകയും ചെയ്തു.മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം മതത്തിനുള്ള പ്രാധാന്യത്തെപ്പറ്റി ക്രിസ്തുമതത്തിലും ഇസ്ലാമിലും മറ്റുമതങ്ങളിലും പെട്ട വൈദിക പണ്ഡിതന്മാർക്ക് പൂർണ്ണബോദ്ധ്യമാണ്;എന്തെന്നാൽ തങ്ങൾ വിശ്വസിക്കുന്ന ദേവന്മാർ വാസ്തവത്തിലുള്ളതാണെന്ന് അവർ കരുതുന്നു.
എന്നാൽ,ആരാധനാപാത്രമായിട്ടുള്ള വസ്തു വെറും കപോലകല്പ്പിതമാണെന്ന് വ്യക്തമായിട്ടുള്ളേടങ്ങളിലും മതവിശ്വാസങ്ങൾ വളരെ വലിയൊരു പങ്കു വഹിച്ചിരുന്നുവെന്നതിന്ന് തെളിവുകളുണ്ട്.മാനവസമുദായത്തിന്റെ ജീവിതത്തിൽ മതം വഹിക്കുന്ന പങ്കിനെ സംബന്ധിച്ച വൈധികധാരണ എത്ര ദുർബ്ബലമായിട്ടുള്ളതാണെന്നു ഇതിൽ നിന്ന് വ്യക്തമാകുന്നുണ്ടല്ലോ.

അപ്പോൾ,വാസ്തവത്തിൽ മതത്തിനുള്ള പങ്ക് എന്താണ്?
ഒന്നാമതായി ,മതം മനുഷ്യരാശിയുടെ ആദ്ധ്യാത്മിക സംസ്കാരത്തിന്റെ ഒരു ഭാഗമാണ്‌.ഏതൊരു ചരിത്ര പുസ്തകം പരിശോധിച്ചാലും -അതെഴുതിയത് വൈദികപണ്ഡിതനോ ബൂർഷ്വാപണ്ഡിതനോ മാർക്സിസ്റ്റോ ആയിരിക്കാം -അതിൽ ഒരു നിഷ്കൃഷ്ട ജനവിഭാഗത്തിന്റേയോ ഏതെങ്കിലുമൊരു ചരിത്രയുഗത്തിന്റേയോ സംസ്കാരത്തേപ്പറ്റി പറയുന്ന അദ്ധ്യായത്തിൽ മതവിശ്വാസങ്ങളെപ്പറ്റി ഒരു ഭാഗം കാണുമെന്നതിൽ സംശയമില്ല.
സത്യത്തിൽ,സംസ്കാരത്തേയും ആദ്ധ്യാത്മികസംസ്കാരവുമായി നേരിട്ടുബന്ധമുള്ള ജീവിതമണ്ഡലങ്ങളേയും കുറിച്ച് പറയുമ്പോഴാണ്‌ മതം നമ്മുടെ പരിഗണനക്ക് വരുന്നത്.കുറേക്കൂടി കൃത്യമായി പറഞ്ഞാൽ ,സാമൂഹ്യ ബോധത്തിന്റെ ഒരുമുഖ്യരൂപമാണ്‌മതം;
മനുഷ്യന്റെബുദ്ധിപരപ്രവർത്തനത്തിന്റെ,ആധ്യാത്മികവിശ്വസംസ്കാരത്തിന്റെ,മുഖ്യഘടകങ്ങളിലൊന്നാണത് ഒരു സാമൂഹ്യരൂപമെന്ന നിലയിൽ അതിന്നുള്ള രാഷ്ട്രീയം,നിയമം,സദാചാരം,കല,ശാസ്ത്രം,തത്വചിന്ത തുടങ്ങി സാമൂഹ്യ ബോധത്തിന്റെ മറ്റ് എണ്ണപ്പെട്ട രൂപങ്ങൾക്കുള്ളതിനോട് കിടപിടിക്കുന്ന തരത്തിലുള്ളതാണ്‌.
കാരണം,സാമൂഹ്യബോധം യാഥാർത്ഥ്യത്തെ,സാമൂഹ്യ അസ്തിത്വത്തെ,പ്രതിഫലിക്കുക മാത്രമല്ലല്ലോ ചെയ്യുന്നത്.അത് ആളുകളുടെ പെരുമാറ്റത്തെ രൂപപ്പെടുത്തുകയും ,ഇന്ന് പ്രവർത്തിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന്അതിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു.
സാമൂഹ്യബോധത്തിന്റെ ഓരോരൂപവും അതതിന്റേതായ രീതിയിലാണ്‌ ഇത് ചെയ്യുന്നത്.മതത്തെ സംബന്ധിച്ചേടത്തോളവും ഇതു തന്നെയാണ്‌ സ്ഥിതി.മതത്തിന്റെ സാരാംശം കൂടുതൽ സ്പഷ്ടമാക്കാൻ എംഗൽസും ലെനിനും വളരെയേറെ പ്രയത്നിച്ചിട്ടുണ്ട് .മതത്തിന്റെ മാർക്സിസ്റ്റ് നിർവ്വചനത്തിന്റെ ഒരു ഘടകഭാഗം,അതായത് മതം ഒരു സാമൂഹ്യബോധരൂപമാണെന്ന സംഗതി,നാം മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ടല്ലോ,
എന്നാൽ ,അതുകൊണ്ട് ആ നിർവ്വചനം പൂർണ്ണമായില്ല.മതത്തിൽ വിശ്വപ്രതിഫലനത്തിന്റെ വിശേഷാൽ സ്വഭാവം എന്തെന്നും മാർക്സിസം വ്യക്തമാക്കുന്നുണ്ട്.മറ്റെല്ലാ സാമൂഹ്യരൂപങ്ങളും ഏതാണ്ട് വേണ്ടത്ര രീതിയിൽ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുമ്പോൾ,ബാഹ്യലോകത്തെ വളച്ചൊടിച്ച്കൊണ്ട് കപോലകല്പിതമായ അതിന്റെ ചിത്രം വരച്ചുകാട്ടുന്നത് മതം മാത്രമാണ്‌.മതം “മാനവസത്തയുടെ ഭാവനയിലുള്ള സാക്ഷാല്ക്കരണം” ആണെന്ന്,അത് ആളുകളുടെ മിഥ്യാബോധത്തിലുള്ള ആനന്ദമാണെന്ന്,തലതിരിഞ്ഞ ലോകത്തിന്റെ ഒരു തലതിരിഞ്ഞ വീക്ഷണമാണെന്ന്,ആ തലതിരിഞ്ഞ ലോകത്തിന്റെ “സാമാന്യസിദ്ധാന്ത”വും അതിന്റെ വിജ്ഞാനകോശതുല്യമായ സംഗ്രഹവും,അതിന്റെ സാധാരണരൂപത്തിലുള്ള ന്യായവാദവും അതിന്റെ അന്തസ്സിന്റെ ആധ്യത്മികപ്രശ്നവും,“അതിന്റെ ഉൽസാഹവും,അതിന്റെ ധാർമ്മികവിലക്കുകളും,അതിന്റെപരിപാവനമായ പരിപൂരകവും ,അതിന്റെ സാന്ത്വനത്തിന്റേയും ന്യായീകരണത്തിന്റേയും നിതാന്തമായ ഉറവിടവും” ആണെന്ന്മാർക്സ്പറയുകയുണ്ടായി(മാർക്സ്,സമാഹൃതകൃതികൾ,വാല്യം3പേജ്174)

യാഥാർത്ഥ്യത്തെ വളച്ചൊടിക്കുക എന്ന,മതത്തിന്റെ വിശേഷ സ്വഭാവത്തെപ്പറ്റി പറയുന്ന കൂട്ടത്തിൽ എംഗൽസ് ഇപ്രകാരം എഴുതുകയുണ്ടായി;“ മതം,അത് ഏതായാലും... മനുഷ്യരുടെ ദൈനംദിനജീവിതത്തെ നിയന്ത്രിക്കുന്ന ബാഹ്യശക്തികളേക്കുറിച്ച് അവരുടെ മനസ്സിൽ പതിക്കപ്പെടുന്ന കപോലകല്പിതമായ ഒരു പ്രതിഫലനം,ഭൗതികശക്തികൾ അമാനുഷികശക്തികളുമായി രൂപധാരണം നടത്തുന്ന ഒരു പ്രതിഫലനം,അല്ലാതെ മറ്റൊന്നുമല്ല.(എംഗൽസ്,”ആന്റിഡ്യൂറിഗ്“പേജ്374)
അങ്ങിനെയാണ്‌ മതം ലോകത്തെ പ്രതിഫലിപ്പിക്കുന്നത്.എന്നാൽ പോലും മതം എന്നത് ഒരു സാമാന്യലോകവീക്ഷണം മാത്രമാണെന്ന് ,പറഞ്ഞുകൂട.അതിൽ വൈകാരികമായ,ഇന്ദ്രിയാനുഭൂതിയുടേതായ,ഒരു അംശം കൂടിയുണ്ട്. ഒരു നിശ്ചിത രീതിയിലുള്ള ലോകസൃഷ്ടിയേയുംദേവന്മാർക്കും മറ്റ് അമാനുഷികശക്തികൾക്കും ഈ ലോകത്തിന്മേലുള്ള സ്വാധീനത്തേയും സംബന്ധിച്ച ഏതോ ഒരുതരം വിശ്വാസപ്രമാണമായി മാത്രം മതത്തെ സങ്കല്പിക്കുന്നത് ശരിയായിരിക്കില്ല.
എത്രതന്നെ വളച്ചൊടിച്ചുകൊണ്ടുള്ളതാണെങ്കിലും,യാഥാർത്ഥ്യത്തിന്റെ വെറുമൊരു വ്യാഖ്യാനമായി,ലോകത്തേക്കുറിച്ചുള്ള വെറുമൊരു വിചിത്രസിദ്ധാന്തമായി,മാത്രം മതത്തെ കാണാൻ പാടില്ല.അങ്ങിനെ ആയിരുന്നുവെങ്കിൽ,അത് എന്നേ പൊളിഞ്ഞ് പാളീസായേനെ !
കാരണം,ലോകത്തെക്കുറിച്ചുള്ള ഈ സങ്കല്പ്പത്തിന്ന് പ്രായോഗികമായ യാതൊതൊരു അടിസ്ഥാനവുമില്ലെന്ന് തെളിയിക്കാനും ,അതിഭാവനയിൽ പൊതിഞ്ഞ ഈ സങ്കല്പങ്ങളുടെ സ്ഥാനത്ത് ലോകത്തേക്കുറിച്ചുള്ള ഒരു ശാസ്ത്രീയസങ്കല്പം അവതരിപ്പിക്കാനും യാതൊരു പ്രയാസവും ഉണ്ടാകുമായിരുന്നില്ല.പക്ഷെ ,മറ്റെല്ലാ സംഗതികൾക്കും പുറമേ,മതം എന്നത് ലോകത്തോടുള്ള വ്യക്തമായ ഒരു സമീപനവും കൂടിയാണെന്നതാണ്‌ വാസ്തവം.

ലോകത്തെക്കുറിച്ച് മതവിശ്വാസം പുലർത്തുന്ന ഒരുവൻ ഈ ഭാവനാലോകത്തിന്റെ ഒരു ഭാഗമായിട്ടാണ്‌ തന്നെ കാണുന്നത്.അതേപ്പറ്റി അയാൾക്ക് ചിലപ്രതീക്ഷകളും വ്യാമോഹങ്ങളും വിശ്വാസങ്ങളുമുണ്ട്.മതം വളർത്തിക്കൊണ്ടു വന്നിട്ടുള്ള ഈ വിചാരവികാരങ്ങൾ മതത്തെ ഗാഢതരമാക്കുന്നു.മതപരമായ വികാരങ്ങൾ മതപരമായ മനശാസ്ത്രത്തെ സംബന്ധിക്കുന്നതാണ്‌.ഇതാകട്ടെ ഒരു ഇരട്ടസ്വഭാവത്തോടുകൂടിയതാണ്‌;നിസ്സഹായതയും ദൗർബ്ബല്യവും ഭയവുമാണ്‌ ഒരു ഭാഗത്തെങ്കിൽ ,പ്രതീക്ഷയാണ്‌ മറുഭാഗത്ത്; ഈ പ്രതീക്ഷ ചിലപ്പോൾ മതപരമായ പ്രതിഷേധവും ഹർഷോന്മാദവും മതഭ്രാന്തും ആയി വളർന്നെന്നും വന്നേക്കാം.
മതത്തിന്റെ ഈ നിലവാരത്തെപ്പറ്റി എഴുതിയകൂട്ടത്തിൽ,”മതപരമായ ക്ലേശം അതേസമയം തന്നെ യഥാർത്ഥ ക്ലേശത്തിന്റെ പ്രകടനവും യഥാർത്ഥക്ലേശത്തിന്നെതിരായ പ്രതിഷേധവുമാണ്‌“ എന്ന് മാർക്സ് ഊന്നിപ്പ്രയുകയുണ്ടായി(മാർക്സ്-എംഗൽസ്,”സമാഹൃതകൃതികൾ“,വാല്യം3പേജ്174)

ഈ വിധത്തിൽ ,മാർക്സിസത്തിൽ ലോകവീക്ഷണത്തിന്റേതെന്നും ,വൈകാരികമായിട്ടുള്ളതിന്റേതെന്നും മതത്തിന്റെ രണ്ട് നിലവാരങ്ങളെ വേർതിരിച്ചു പറയുന്നുണ്ട്. മതപരമായ ധാരണകളും ആശയങ്ങളുമാണ്‌ മതത്തിന്റെ പുരാണകഥാപരമായ(ലോകവീക്ഷണത്തിന്റേതായ) അംശമായിട്ടുള്ളത്.ദേവന്മാരേയും ,ഐതിഹ്യങ്ങളിലെ കഥാനായകന്മാരേയും നാനാതരത്തിൽ പെട്ട ചെകുത്താന്മാരേയും സബന്ധിച്ചതും ലോകവും മനുഷ്യനുമായി അവർക്കുള്ള ബന്ധത്തെപ്പറ്റി പ്രതിപാതിക്കുന്നതുമായ കുറേയേറെ കെട്ടുകഥകളായിരിക്കും ഇതിലടങ്ങിയിട്ടുള്ളത്.
മതത്തിന്റെ വൈകാരിക നിലവാരം ,അതിന്റെ ലോകവീക്ഷണ നിലവാരം പോലെതന്നെ,മാനവബോധത്തിന്റെ വളച്ചൊടിക്കപ്പെട്ട ഒരു നിലവാരത്തേയാണ് പ്രതിനിധാനം ചെയ്യുന്നത്.മതം മനുഷ്യന്റെ ബോധത്തെ ,അവന്റെ ലോകവീക്ഷണത്തെ,മാത്രമല്ല വളച്ചൊടിക്കുന്നത്.അവന്റെ വികാരങ്ങളേയും യാഥാർത്ഥ്യത്തോടുള്ള അവന്റെ പ്രതിചേഷ്ടകളേയും അത് വളച്ചൊടിക്കുന്നു.
എന്നാൽ മതബോധത്തിന്റെ ഈ രണ്ട് നിലവാരങ്ങളേപ്പറ്റി പറഞ്ഞതുകൊണ്ടും കാര്യം തീരുന്നില്ല.സാമൂഹ്യബോധരൂപങ്ങൾ മനുഷ്യന്റെ പെരുമാറ്റത്തെ സ്വാധീനിക്കുകയും കരുപ്പിടിപ്പിക്കുകയും ചെയ്യുമെന്ന സംഗതി നേരത്തെ പ്രസ്താവിച്ചുട്ടുള്ളതാണല്ലൊ.ഒരു സാമൂഹ്യബോധരൂപമെന്ന നിലയിൽ മതത്തിൽ അന്തർലീനമായിട്ടുള്ള,ലോകത്തേക്കുറിച്ചുള്ള വളച്ചൊടിക്കപ്പെട്ട കാഴ്ച്ചപ്പാടും അവബോധവും അതേപോലെ വളച്ചൊടിക്കപ്പെട്ടതും വികൃതവും അപര്യാപ്തവുമായ രീതിയിൽ പെരുമാറാൻ മനുഷ്യനെ നിർബ്ബന്ധിതനാക്കുന്നു.
ഒരു വിശ്വാസി പലേചടങ്ങുകൾ നിർവ്വഹിക്കുകയും വഴിപാടുകൾ (നേർച്ചകൾ)നടത്തുകയും മുട്ടുകുത്തിയോ കൈകൂപ്പിയോ പ്രാർത്ഥിക്കുക്അയും മറ്റും ചെയ്തുകൊണ്ട് ഒരു നിശ്ചിതരീതിയിൽ തന്റെ ദേവനെ ആരാധിക്കുന്നു. ഇതെല്ലാം മതത്തിന്റെ ചടങ്ങുകൾ അഥവാ ആരാധനാരീതികളാണ്‌. എന്നാൽ, മതപരമായ പ്രവർത്തനം ആരാധനയിൽ മാത്രം ഒതുങ്ങിനില്ക്കുന്ന ഒന്നല്ല.വിശ്വാസികളുടെ ഗ്രൂപ്പുകളും സമിതികളും സഘടനകളും ,അതായത് ഓരോ സഭകളും ,സമുദായജീവിതത്തിലും സാമൂഹ്യസംഘട്ടനങ്ങളിലും വർഗ്ഗസമരത്തിലും പങ്കെടുത്തുകൊണ്ട് സമുദായത്തോടും സാമൂഹ്യപ്രശ്നങ്ങളോടും നിശ്ചിതമായ ഒരു നിലപാട് കൈക്കൊള്ളുന്നുണ്ട്.
ലോകത്തെക്കുറിച്ചുള്ള മതപരമായ കാഴ്ചപ്പാടിന്റേയും അവബോധത്തിന്റേയും മുദ്ര പതിഞ്ഞിട്ടുള്ളതാകും ഈ പ്രവർത്തനങ്ങളെല്ലാം.അപ്പോൾ,മതം എന്നത് പലേ നിലവാരങ്ങളുമുള്ള സങ്കീർണ്ണമായ ഒരു പ്രതിഭാസമാണെന്ന സംഗതി ഇവിടെ വ്യക്തമാവുന്നുണ്ടല്ലോ.
ഈ നിലവാരങ്ങളിൽ ചിലത് ബോധവുമായും മറ്റുചിലത് പ്രയോഗവുമായും ബന്ധപ്പെട്ടിരിക്കും.യാഥാർത്ഥ്യത്തെക്കുറിച്ചുള്ള വളച്ചൊടിച്ച,അതിഭാവനാപൂർണ്ണമായ പ്രതിഫലനത്തിന്റേയും ധാരണയുടേയും ഫലമായുള്ളതാണ്‌ ഈ നിലവാരങ്ങൾ.

മതത്തിന്റെ നാനാവശങ്ങളും വിലയിരുത്തുകയും സംഗ്രഹിക്കുകയും ചെയ്തതിന്ന് ശേഷം“മതം മനുഷ്യരുടെ മയക്കുമരുന്നാണ്‌” എന്ന നിഗമനത്തിലെത്താൻ മാർക്സിനെ പ്രേരിപ്പിച്ച സംഗതി ഇതായിരുന്നു(മാർക്സ്-എംഗൽസ്“സമാഹൃതകൃതികൾ”വാല്യം3പേജ്174) മതത്തെസംബന്ധിച്ച മർമ്മപ്രധാനമായ മാർക്സിസ്റ്റ് പ്രമേയം ഇതാണെന്ന് ലെനിൻ പ്രസ്താവിക്കുകയുണ്ടായി.
പറഞ്ഞുവരുന്നത് അല്ലെങ്കിൽ പറയാൻ ഉദ്ദേശിച്ചത്:-
മതം ഒരു സാമൂഹ്യരൂപമാണ്‌.മനുഷ്യന്റെ മേൽ ആധിപത്യം പുലർത്തുന്ന പ്രകൃതി-സാമൂഹ്യശക്തികളുടെ വളച്ചൊടിച്ചതും അതിഭാവന കലർന്നതുമായ ഒരു പ്രതിഫലനമാണത്.
ഈ പ്രതിഫലനത്തിൽ ഭൗമശക്തികൾ അഭൗമവും അമാനുഷികവുമായ രൂപങ്ങൾ കൈക്കൊള്ളുന്നു.
പുരാണകഥാപരവും തത്വചിന്താപരവുമായ ധാരണകളും മതപരമായ മനശാസ്ത്രവും മതപരമായ പ്രവർത്തനവും ഏറെക്കുറെ സമജ്ജസമായി ചേർന്നിട്ടുള്ള ഒന്നാണത് എന്നതാണ്
(വിവർത്തനം:എം എസ്സ് രാജേന്ദ്രൻ)