രാഷ്ട്രീയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
രാഷ്ട്രീയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 നവംബർ 2, ശനിയാഴ്‌ച

മൂന്ന് കുറിപ്പുകള്‍ -

എല്ലാ നവോത്ഥാന മൂല്യങ്ങളും ഉപേക്ഷിച്ച്
പുത്തന്‍ അധിനിവേശത്തിന്‍ കീഴിലെ
പുത്തന്‍ ഭ്രാന്താലയമായി കേരളവും കേരളീയനും മാറിക്കൊണ്ടിരിക്കുകയാണ്‌.
എന്ത് വിധേനയും പണക്കാരനാവുക
അത് വഴി പുത്തന്‍ അധിനിവേശ സംസ്കാരത്തിന്റെ ഭാഗമായിത്തീരുക
എന്ന ആശയം കൊച്ചുകുട്ടികള്‍ മുതല്‍
ഏതു മുതിര്‍ന്നവരിലും ആധിപത്യം ചെലുത്തിക്കഴിഞ്ഞിരിക്കുന്നു.
മദ്യവും മതവും ജാതിയും അഴിമതിയും
ശൈശവ പീഠനങ്ങളും അറുംകൊലകളും മടക്കം
എന്ത് ഹീനതകളും സ്വീകരിക്കാനും കണ്ടുരസിക്കാനും കഴിയുന്ന
പേടിപ്പെടുത്തുന്ന വിധം മലയാളി മാറിയിരിക്കുന്നു.
ഈ പ്രതിലോമ രാഷ്ട്രീയ-സാംസ്കാരികാവസ്ഥക്കെതിരേ
ആഞ്ഞടിക്കാതെ മലയാളി സമൂഹത്തെ പുരോഗമന മൂല്യബോധത്തിലേക്ക്
കൈപിടിച്ചുയര്‍ത്താന്‍ കഴിയില്ലെന്ന്
ദൈനംദിനാവസ്ഥ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.
 
                              - 2-

രാജകീയ ജീവിതം നയിച്ചും
കോര്‍പ്പറേറ്റ് മേധാവികളുടെ വളുവളുപ്പന്‍ സുഖഭോഗങ്ങള്‍ ആസ്വദിച്ചും
അധികാരത്തിന്റെ അകത്തളങ്ങളില്‍ വിരാജിച്ചും
ചാര്‍ട്ടേഡ്ഫ്ലൈറ്റുകളില്‍ ചുറ്റിക്കറങ്ങിയും
നൂറ്കണക്കിന്ന് സുരക്ഷാ ഭടന്മാരൊരുക്കുന്ന സംരക്ഷിത വലയത്തില്‍
ഊണും ഉറക്കവും വിനോദലീലകളുമെല്ലാം നടത്തിയും
കഴിഞ്ഞുപോരുന്ന ഇന്ത്യയിലെ ഒന്നാം നമ്പര്‍ ഭരണ വര്‍ഗ്ഗ പാര്‍ട്ടിയുടെ
അനന്തരവകാശി രാഹുല്‍ ഗാന്ധിയോട്,
വമ്പിച്ച സമ്പത്തിന്ന് ഉടമയായിരുന്നപ്പോഴും
ചരിത്ര ബോധമുണ്ടായിരുന്ന മുതുമുത്തച്ഛനായ ജവഹര്‍ലാല്‍ നെഹ്രു
എഴുതിയ ചരിത്രഗ്രന്ഥങ്ങള്‍ വല്ലപ്പോഴുമെങ്കിലും
രാഹുല്‍ വായിക്കുന്നത് പ്രായോഗിക രാഷ്ട്രീയത്തില്‍ ഗുണം ചെയ്യുമെന്ന്
എന്തേ കോണ്‍ഗ്രസ്സ് സൈദ്ധാന്തികര്‍ പറഞ്ഞു കൊടുക്കാതിരിക്കുന്നത്
എന്നാണ്‌ നാം ചിന്തിച്ചു പോകുന്നത്.
 

                                           -3-

പുരോഗമന സാമൂഹ്യ-രാഷ്ട്രീയ ചരിത്രത്തിലെ ,
ജനാധിപത്യ കേരളം നെഞ്ചിലേറ്റിയ ഈടുറ്റ അടയാളപ്പെടുത്തലുകള്‍ക്കെതിരേയുള്ള
സാമുഹ്യ വിരുദ്ധ കടന്നാക്രമണം നിദ്ന്യമാണ്‌ അപലപനീയമാണ്‌.
വിമോചന സമരത്തിന്ന് ശേഷം കേരളം കണ്ട ഏറ്റവും ശക്തമായ പ്രതിലോമതയുടെ
കൂട്ടായ്മ അരങ്ങു തകര്‍ത്താടിക്കൊണ്ടിരിക്കുന്നു എന്നതാണ്‌ വര്‍ത്തമാന അവസ്ഥ.
സാമ്രാജ്യത്ത്വശക്തികളും അവരുടെ ബുദ്ധിരാക്ഷസ സന്നാഹങ്ങളും
പുത്തന്‍ കോളനി വല്‍ക്കരണത്തിന്ന് അടിമപ്പെട്ടുകൊണ്ടിരിക്കുന്ന നാടുകളിലെ
ദല്ലാള്‍ഭരണാധികാരികളും എല്ലാ ജാതി-മത വംശീയാധി ശക്തികളും
അധോലോക -മാഫിയാ ശക്തികളും ജനങ്ങളെ തമ്മിലടിപ്പിക്കാനും
നിരന്തരം പ്രകോപനങ്ങളും സാമൂഹ്യ സംഘര്‍ഷങ്ങളും ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയുമാണ്‌.
ഗ്രൂപ്പ് വഴക്കുകളുടേയും കുതികാല്‍ വെട്ടിന്റേയും ഫലമായി
സംസ്ഥാന ഭരണ-പ്രതിപക്ഷ കഷികളുടെ രാഷ്ട്രീയ -സംഘടനാ കേന്ദ്രീകരണം
നഷ്ടപ്പെട്ട് ദുര്‍ബ്ബലപ്പെടുകയും, ഉദ്യോഗസ്ഥ മേധാവികളും
മന്ത്രി പുംഗവന്മാരും തമ്മിലുള്ള ഇടപെടലുകളീലൂടെ അധോലോക-മാഫിയാ വര്‍ഗ്ഗങ്ങള്‍
അരങ്ങു തകര്‍ത്താടുകയും ചെയ്തുകൊണ്ടിരിക്കുന്നു.
ഇത്തരമൊരു സാഹചര്യത്തില്‍ ജനാധിപത്യ വിശ്വാസികളും കലാകാരന്മാരും
സാംസ്കാരിക പ്രവര്‍ത്തകരും ഒരേമനസ്സോടെ കൈ കോര്‍ത്ത്
ഈ പ്രതിലോമതയെ പ്രതിരോധിക്കേണ്ടതുണ്ട്.

2012 ജൂൺ 4, തിങ്കളാഴ്‌ച

സ:TP യുടെ രക്തസാക്ഷിത്വം ഉയർത്തിപ്പിടിക്കുക .

ഭരണ വർഗ്ഗ രാഷ്ട്രീയത്തിലേക്കുള്ള CPI-M-ന്റെ ജീർണ്ണതക്കും
നവ ഉദാരീകരണ-ആഗോളീകരണ നയങ്ങളുടെ നടത്തിപ്പുകാരായിട്ടുള്ള അതിന്റെ അധ:പതനത്തിനും
അതിന്റെ ഭാഗമായ കോപ്പറേറ്റ്‌ സേവയ്ക്കും പാർലമന്ററി അവസരവാദത്തിനുമെതിരേ പോരാടി
CPI-M- നിന്നും പുറത്തു വരികയും വിപ്ലവ ഇടതു പക്ഷത്ത്‌ നിലയുറപ്പിക്കുകയുമാണ്‌ സഖാവ്‌ ചന്ദ്രശേഖരനും സഖാക്കളും ചെയ്തത്‌.
എം വി രാഘവനും ഗൗരിയമ്മയും അടക്കമുള്ള ആളുകളേപ്പേലെ
ഏറ്റവുമൊടുവിൽ നെയ്യാറ്റിൻ കരയിൽ ശെൽവരാജിനെപ്പോലെ CPI-M-ൽ നിന്നും പുറത്തു വന്ന്
കോൺഗ്രസ്സ്‌ നയിക്കുന്ന വലതു പാളയത്തിലേക്ക്‌ പോകാതെ ഇടതുപക്ഷ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു ഒഞ്ചിയത്തെ സഖാക്കൾ.
1969- ൽ CPI-ML- രൂപീകൃതമായപ്പോൾ അക്കാലത്തും തുടർന്നും 
അതിന്റെ പ്രവർത്തകരോടെടുത്ത അതേ സമീപനം തന്നെ
ഒഞ്ചിയത്ത്‌ സ:ചന്ദ്രശേഖരനോടും സഖാക്കളോടു മെടുക്കാൻ CPI-M- നെ തുടക്കം മുതൽ നിർബന്ധിതമാക്കിയ ഘടകവും ഇതു തന്നെയാണ്‌.
പുറത്താക്കപ്പെടുന്നവരേയും പുറത്തു പോകുന്നവരേയും വലതു പക്ഷ പാളയത്തിലേക്ക്‌ തള്ളി വിടുകയെന്ന തന്ത്രം
 മഹത്തായ ഒഞ്ചിയം സമരത്തിന്റെ പൈതൃകം പേറുന്ന ഒഞ്ചിയം സഖാക്കളുടെ കാര്യത്തിൽ ഫലപ്രദമാകാതെ വന്നതും,     
അത്‌ CPI-M- അണികളിൽ നിന്നുള്ള കൊഴിഞ്ഞു പോക്കിന്ന് കാരണമായതും
ഇത്തരമൊരു പൈശാചികമായ കൊലപാതകത്തിലേക്ക്‌ നയിച്ച ഘടകമാണെന്ന് കരുതേണ്ടിയിരിക്കുന്നു.

സഖാവ്‌ ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ തങ്ങൾക്ക്‌ പങ്കില്ലെന്ന്
CPI-M- സംസ്ഥാന നേതൃത്വം എത്ര തന്നെ ആവർത്തിച്ച്‌ പ്രസ്താവിച്ചാലും അത്‌ വിശ്വസിക്കാത്ത അവസ്ഥയിലേക്ക്‌
കേരളത്തിലെ ജനങ്ങളും ആ പാർട്ടിയുടെ തന്നെ അണികളും എത്തിക്കഴിഞ്ഞു എന്ന അവസ്ഥയാണുള്ളത്‌.
 മാർക്ക്സിസ്റ്റ്‌ വർഗ്ഗ നിലപാടുകൾ കയ്യൊഴിഞ്ഞ്‌ ഉദ്യോഗസ്ഥ മേധാവിത്വത്തിലും കോർപ്പറേറ്റ്‌ സേവയിലും അധിഷ്ടിതമായ
മറ്റൊരു പെറ്റിബൂർഷ്വാ പാർട്ടിയായി CPI-M- അധ:പ്പതിച്ചതിന്റെ പരിണതിയാണിത്‌.
ഈയിടെ കഴിഞ്ഞ അതിന്റെ 20-ആം കോൺഗ്രസ്സ്‌ അംഗീകരിച്ച രേഖകളും അതിന്റെ ഭാഗമായി നടന്ന ചർച്ചകളും കാണിക്കുന്നത്‌
നവ ഉദാരീകരണ നയങ്ങൾ നടപ്പാക്കുന്നതിനും അതിനായി പാർലമന്ററി അധികാരവ്യവസ്ഥക്കകത്ത്‌ നീക്ക്‌ പോക്കുകൾ നടത്തുന്നതിനപ്പുറം
ഫലപ്രദമായ ഒരു ബദലും മുന്നോട്ട്‌ വെക്കാൻ CPI-M-ന്ന് കഴിയില്ലെന്നതാണ്‌.
കഴിഞ്ഞ നിരവധി വർഷങ്ങളായി തുടരുന്ന ഈ പ്രവണതയുടെ ഫലമായി സോവിയറ്റ്‌ യൂണിയനിലും പിന്നീട്‌ ചൈനയിലും സംഭവിച്ചതുപോലെ
 മാർക്ക്സിസ്റ്റ്‌ നിലപാടുകൾ കൈമോശം വന്ന ഊഹമൂലധന-കോർപ്പറേറ്റ്‌-ഭൂമാഫിയാ താൽപര്യങ്ങൾ സേവിക്കുന്ന
ഒരു ഉദ്യോഗസ്ഥ മേധാവിത്വ പാർട്ടിയായിCPI-M- മാറിക്കഴിഞ്ഞു.
CPI-M- ഉൾപ്പെട്ടതും കഴിഞ്ഞ രണ്ട്‌ ദശാബ്ദത്തിലേറെയായി കണ്ണൂരിൽ തുടരുന്നതുമായ
കൊലപാതക രാഷ്ട്രീയ പരമ്പര ഈ പശ്ചാത്തലത്തിലാണ്‌ വിലയിരുത്തപ്പെടേണ്ടത്‌
പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായി എതിരാളികളെ നേരിടാനുള്ള ആർജ്ജവം നഷ്ടമാകുന്നതിന്റെ തെളിവാണ്‌
ഇപ്രകാരം ഭരണവർഗ്ഗ രാഷ്ട്രീയത്തിന്റെ ഭാഗമായ കൊലപാതക രാഷ്ട്രീയം സ്വീകരിക്കുന്നതിന്ന്CPI-M-നെപ്രേരിപ്പിക്കുന്നത്‌.
മാർക്ക്സിസ്റ്റ്‌ വർഗ്ഗ രാഷ്ട്രീയം നഷ്ടമാകുകയും ഉദ്യോഗസ്ഥ മേധാവിത്വ സംഘടനാശൈലി തുടരുകയും ചെയ്യുന്നിടത്തോളം
ഈ ദുഷ്‌പ്രവണത കൂടുതൽ കൂടുതൽ ശക്തിപ്പെടുകയാണ്‌ ചെയ്യുക.

ലോക സഭയുടെ അദ്ധ്യക്ഷ പദവി ഏറ്റെടുത്തുകൊണ്ട്‌ ഒന്നാം യുപിഎ സർക്കാറിനെ താങ്ങിനിർത്തിയതു മുതലുള്ള CPI-M ന്റെ രാഷ്ട്രീയ ജീർണ്ണത കുത്തനെയായിരുന്നു.
ഭരണ വർഗ്ഗ പാർട്ടികൾ ഭരിക്കുന്ന ഇതര സംസ്ഥാനങ്ങളുമായി മത്സരിച്ചുകൊണ്ട്‌ നവ ഉദാരീകരണനയങ്ങൾ
ബംഗാളിലും കേരളത്തിലും തീവ്രമാക്കിയതിന്നിടയിൽ
നിലവിലുള്ള വ്യവസ്ഥയിൽ മർദ്ദിത ജനവിഭാഗങ്ങൾക്ക്‌ ലഭ്യമാകുന്ന ക്ഷേമപദ്ധതികൾ എത്തിച്ചുകൊടുക്കാൻ പോലും CPI-M- നയിക്കുന്ന സർക്കാറുകൾ താൽപര്യം കാട്ടിയില്ല.
എന്നു മാത്രമല്ല
സിംഗൂരിലും നന്ദിഗ്രാമിലും പ്രകടമായതു പോലെ കോർപ്പറേറ്റ്‌ വൽക്കരണത്തിന്റെ പേരിൽ
ജനങ്ങൾ ഏറ്റവുമതികം അടിച്ചമർത്തപ്പെടുന്നതും കുടിയൊഴിപ്പിക്കുന്നതുമായ സംസ്ഥാനങ്ങളിലൊന്നായി.
34 വർഷം തുടർച്ചയായിCPI-M-ഭരിച്ച ബംഗാൾ ഏറ്റവുമതികം ജനങ്ങൾ മറ്റു സംസ്ഥാനങ്ങളിലേക്ക്‌ പാലായനം ചെയ്യുന്ന പ്രദേശങ്ങളിലൊന്നായി മാറി.
കേരളത്തിലും ബംഗാളിലും മറ്റും നവ ഉദാരീകരണ-ആഗോളീകരണ നയങ്ങൾക്ക്ബദലില്ല എന്ന് CPI-M-നേതൃത്വം പരസ്യനിലപാടെടുക്കുന്ന സ്ഥിതിയിലേക്ക്‌ കാര്യങ്ങൾ നീങ്ങി.
ഭരണ വർഗ്ഗങ്ങൾക്കും കോർപ്പറേറ്റ്‌ മൂലധനമാഫിയകൾക്കും വിടുപണിചെയ്യുന്ന 
രാഷ്ട്രീയ ജീർണ്ണതയുടെ അഭിവാജ്യഘടകമാണ്‌ ക്വട്ടേഷൻസംഘങ്ങളെ ഉപയോഗിച്ചുള്ള കൊലപാതകരാഷ്ട്രീയത്തിലേക്കുള്ള CPI-ന്റ  അധ:പതനം.
നേതൃത്വത്തിന്റെ തെറ്റായ നിലപാടുകൾക്കെതിരേ കലാപം ചെയ്ത്‌ പുറത്തുപോകുന്നവർക്കൊപ്പം
പാർട്ടിവിട്ട്‌ കൂടുതൽപേർ ശരിയായ ഇടതുപക്ഷ നിലപാടിലേക്ക്‌ പോകാനുള്ള സാദ്ധ്യതകൾ വർദ്ധിച്ചു വരുന്ന വർത്തമാന സാഹചര്യത്തിൽ വേണം
സഖാവ്‌ ചന്ദ്രശേഖരന്റെ കൊലപാതകത്തെ നോക്കികാണാൻ.
CPI-M-ന്റെ ഈ അസഹിഷ്ണതക്കും ഫാസിസ്റ്റ്‌ പ്രവണതക്കുമെതിരേ പുരോഗമന ജനാധിപത്യശക്തികൾ ശക്തമായി രംഗത്തു വരേണ്ടതുണ്ട്‌

 ഇപ്രകാരം CPI-M- തുറന്നു കാട്ടപ്പെടുകയും സ്വന്തം അണികളോട്‌ പോലും വിശദീകരിക്കാനാകാതെ ഒറ്റപ്പെടുകയും ചെയ്യുന്ന സന്ദർഭം വിദഗ്ദമായി ഉപയോഗപ്പെടുത്തി
കോൺഗ്രസ്സ്‌ നേത്രത്വത്തിൽ എല്ലാ ഭരണ വർഗ്ഗ പാർട്ടികളും കോർപ്പറേറ്റ്‌-കുത്തക മാധ്യമങ്ങളും അറിയപ്പെടുന്ന കമ്യൂണിസ്റ്റ്‌ വിരുദ്ധ ബുദ്ധിജീവികളെ മുന്നിൽ നിർത്തി
അങ്ങേയറ്റം വിഷലിപ്തമായ ഒരു കമ്യൂണിസ്റ്റ്‌ വിരുദ്ധകാമ്പയിനാണ്‌ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്‌.
മുതലാളിത്ത പാതയിലേക്ക്‌ ജീർണ്ണിച്ചതിന്റെ തുടർച്ചയായി സോവിയറ്റ്‌ യൂണിയൻ തകർന്നപ്പോൾ കമ്യൂണിസവും വർഗ്ഗ സമരവും തൊഴിലാളി വർഗ്ഗ പ്രത്യശാസ്ത്രവുമെല്ലാം അസ്തമിച്ചുവേന്ന് സാമ്രാജ്യത്വ കേന്ദ്രങ്ങളും പിന്തിരിപ്പന്മാരും കൊണ്ടുപിടിച്ചു നടത്തിയ കുപ്രചരണത്തെ അനുസ്മരിക്കുന്ന തരത്തിലാണ്‌ ഇപ്പോഴിത്‌ നടക്കുന്നത്‌
കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ പേരും കൊടിയും ഉപയോഗിക്കുന്നതൊഴിച്ചാൽ അടിസ്ഥാന നിലപാടുകളിൽ വ്യവസ്ഥാപിത പക്ഷത്ത്‌ നിലയുറപ്പിച്ചു കഴിഞ്ഞCPI-M-നെ കമ്യൂണിസ്റ്റ്‌ പാർട്ടിയായി ചിത്രീകരിച്ച്‌ കമ്യൂണിസത്തെ താറടിക്കാനുള്ള ഈ നീക്കം വിപ്ലശക്തികൾ തിരിച്ചറിയേണ്ടതുണ്ട്‌.
സോവിയറ്റ്‌ യൂണിയൻ തകർന്നതും ചൈന മുതലാളിത്ത-സാമ്രാജ്യത്വ രാജ്യമായി പരിവർത്തിച്ചതും സാമ്രാജ്യത്വത്തിന്റെ നേരിട്ടുള്ള കടന്നുകയറ്റം കൊണ്ടായിരുന്നില്ലെന്നും
മറിച്ച്‌ സോഷ്യലിസം നടപ്പാക്കുന്നതിലുണ്ടായ ദൗർബല്യങ്ങളും
രണ്ടാം ലോകമഹായുദ്ധാനന്തരമുണ്ടായ പുത്തൻ കൊളോണിയൽ വ്യവസ്ഥയേയും മൂലധനത്തിന്റെ ചലനക്രമങ്ങളേയും മനസ്സിലാക്കുന്നതിലുണ്ടായ
പ്രത്യായശാസ്ത്ര പരിമിതികളുമാണെന്ന് വിലയിരുത്താൻ കഴിയുന്ന മാർക്ക്സിസ്റ്റ്‌-ലെനിനിസ്റ്റ്കൾക്ക്‌ മാത്രമേ
ഈ കമ്യൂണിസ്റ്റ്‌ വിരുദ്ധ കാമ്പയിനെ ഫലപ്രദമായി ചെറുക്കാനാകൂ.
CPI-M-ന്റെ ക്രിമിനൽ വൽക്കരണത്തേയും ജീർണ്ണതയേയും ചൂണ്ടിക്കാട്ടി കമ്യൂണിസ്റ്റ്‌ വിരുദ്ധകാമ്പയിനും സ്നേഹസന്ദേശ യാത്രകൾക്കും ഇറങ്ങിത്തിരിച്ചിരിക്കുന്ന
 UDF- ഭരണത്തിന്റെ ലക്ഷ്യം അതിന്റെ മറവിൽ കേരളത്തിൽ പുത്തൻ അധിനിവേശവും കോർപ്പറേറ്റ്‌ വൽക്കരണവും സർവ്വത്ര അഴിമതിയും വർഗ്ഗീയ വൽക്കരണവും
മാഫിയാ വൽക്കരണവും ശക്തിപ്പെടുത്തലാണ്‌.
അടിയന്തിരാവസ്ഥയിലൂടേയും സിഖ്‌ വംശഹത്യയിലൂടേയും എണ്ണമറ്റ വർഗ്ഗീയകലാപങ്ങൾക്ക്‌ നേതൃത്വം നൽകുന്നതിലൂടേയും
കോപ്പരേറ്റ് മൂലധനത്തിനു വേണ്ടി ജനങ്ങളെ അടിച്ചമർത്തുന്നതിന്റേയും രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്നതിലൂടേയും
എല്ലാവിധ അധോലോക-അവിശുദ്ധ ബാന്ധവങ്ങളിലൂടേയും എണ്ണിയാലൊടുങ്ങാത്ത കൂട്ടക്കൊലകൾക്ക്‌ നേതൃത്വം നൽകിപോന്നിട്ടുള്ള കോൺഗ്രസ്സിന്റെ
സ്നേഹ സന്ദേശ യാത്ര മനം പുരട്ടലുണ്ടാക്കുന്നതാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ.

 പറഞ്ഞു വരുന്നത്‌ ,അല്ലെങ്കിൽ പറയാനുദ്ദേശിച്ചത്‌ :-

സഖാവ്‌ ചന്ദ്രശേഖരന്റെ കൊല പാതകത്തെ തുടർന്ന് CPI-M- സംസ്ഥാനനേതൃത്വം നടത്തിയ പ്രസ്ഥാവന
ഡാങ്കേയിസ്റ്റ്‌ നിലപാടാണെന്ന് സഖാവ്‌ വി എസ്സ്‌ അച്ചുതാനന്ദൻ പറയുമ്പോൾ,
32 പേർ ഇറങ്ങി പോന്നിട്ട്‌ CPI-M എന്ന് പേരു നൽകി 10 ലക്ഷമായി വളർന്ന് വികസിക്കുകയും ചെയ്ത തന്റെ പാർട്ടി ഈ ഡാങ്കേയിസ്റ്റ്‌ സമീപനം-
വാക്കിൽ സോഷ്യലിസം പറയുകയും പ്രയോഗത്തിൽ ഭരണ വർഗ്ഗ രാഷ്ട്രീയവും നവ ഉദാരീകരണ നയങ്ങളും നടപ്പാക്കുന്ന - ഒരു സോഷ്യൽ ഡമോക്രാറ്റിക്ക്‌ പാർട്ടിയായി
CPI-M-നെ എപ്രകാരം അധപ്പതിപ്പിച്ചു എന്നും കൂടി വിശദീകരിക്കാൻ സ:വി എസ്സിന്ന് ബാദ്ധ്യതയുണ്ട്‌.
ഏതെങ്കിലും വ്യക്തികളുടെ അപഭ്രംശത്തിന്റെ പ്രശ്നം മാത്രമാക്കി ചുരുക്കി കാണാതെ താനുൾപ്പെടേയുള്ളവർ പിന്തുടർന്ന,
രൂപം നൽകിയ CPI-Mന്റെ പ്രത്യായശാസ്ത്ര- രാഷ്ട്രീയ നിലപാടുകളുമായി ബന്ധപ്പെട്ടതാണെന്ന തിരിച്ചറിവ്‌ ഉണ്ടാകണം.

സഖാവ്‌ ചന്ദ്രശേഖരന്റ  രക്ത സാക്ഷിത്വം അർത്ഥവത്താകുന്നത്‌,
തൊഴിലാളികളും കർഷകരുമടങ്ങുന്ന അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടേയും,
സ്ത്രീകളും ദളിതരും ആദിവാസികളടക്കമുള്ള മർദ്ദിതവിഭാഗങ്ങളുടേയും താൽപര്യങ്ങളെ കയ്യോഴിഞ്ഞ്‌ ഭരണ പക്ഷത്തേക്ക്‌ ചുവട്‌ മാറ്റം നടത്തിയ
  CPI-M  ന്റെ ക്രിമിനൽ വൽക്കരണത്തേയും കൊലപാതകരാഷ്ട്രീയത്തേയും അപലപിക്കുന്നതോടൊപ്പം
അതിന്റെ മറവിൽ ശക്തിപ്പെടുന്ന കമ്യൂണിസ്റ്റ്‌ വിരുദ്ധ പ്രചരണങ്ങൾക്കെതിരേ ജാഗ്രത പുലർത്തുമ്പോഴുമാണെന്നുള്ളതുമാണ്‌.

2012 മേയ് 1, ചൊവ്വാഴ്ച

മെയ്‌ ദിന ചിന്തകള്‍


 ആഗോള വൽക്കരണ നയങ്ങൾ നടപ്പാക്കി മുന്നേറുന്ന  സാമ്രാജ്യത്വ വ്യവസ്ഥ
അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ,അതീവ ഗുരുതരമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ്‌
 ഈ വർഷത്തെ മെയ്‌ ദിനം നാം ആചരിക്കുന്നത്‌.
അമേരിക്ക ഉൾപ്പെടേ നിരവധി രാജ്യങ്ങളിൽ സാമ്രാജ്യത്വ മൂലധനശക്തികൾക്കെതിരായി തൊഴിലാളിവർഗ്ഗം
ഉജ്ജ്വലമായ പോരാട്ടങ്ങൾക്ക്‌ നേതൃത്വം നൽകുകയുണ്ടായി.
അറേബ്യൻ രാജ്യങ്ങളിലും വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലും ഉയർന്നുവന്ന പ്രക്ഷോഭങ്ങൾ
ലോകമെമ്പാടും 'ജാസ്മിൻ വിപ്ലവം' എന്നപേരിൽ പ്രകമ്പനം കൊണ്ടു.
അമേരിക്കൻ സിരാകേന്ദ്രമായ ' വാൾസ്സ്ട്രീറ്റ്‌ 'പിടിച്ചെടുക്കൽ സമരം സംഘടിപ്പിച്ചുകൊണ്ട്‌
തൊഴിലാളി വർഗ്ഗം മുതലാളിത്തത്തിന്നെതിരേ യുദ്ധ പ്രഖ്യാപനം നടത്തി.
സാമ്രാജ്യത്വ ആഗോളവൽക്കരണം ലോകജനതയുടെ 99 ശതമാനം വരുന്ന ജനങ്ങളെ കൊള്ളയടിക്കാനും
ഒരു ശതമാനം വരുന്ന കോടീശ്വരന്മാർക്ക്‌ ശതകോടീശ്വരന്മാരാകുന്നതിനും വേണ്ടിയുള്ളതായതിനാൽ
ആഗോളീകരണ പ്രക്രിയ അവസാനിപ്പിക്കണമെന്നും പ്രക്ഷോഭകർ ആവശ്യപ്പെടുന്നു.
യൂറോപ്യൻ രാജ്യങ്ങളിലൊട്ടാകെ സമാനമായ പ്രക്ഷോഭങ്ങൾ നിലവിലുണ്ടായിരുന്ന സർക്കാറുകളെ
അട്ടിമറിക്കുന്ന തരത്തിലേക്ക്‌ വികസിച്ചു.
അതേസമയം,
തൊഴിലാളി വർഗ്ഗത്തിന്റെ മുൻകൈയ്യിൽ നടക്കേണ്ട സമരങ്ങൾക്ക്‌
രാഷ്ട്രീയ പ്രത്യായശാസ്ത്രദിശ നൽകുന്ന പ്രവർത്തനങ്ങൾ വികസിക്കാതിരുന്നതു മൂലം
സർക്കാറുകൾ രാജിവെക്കാൻ നിർബന്ധിതമായ രാജ്യങ്ങളിൽ പോലും തൊഴിലാളി വർഗ്ഗ സർക്കാറുകൾ സ്ഥാപിതമായില്ല.
എങ്കിലും ലോകമെമ്പാടും നടക്കുന്ന പ്രക്ഷോഭങ്ങൾ മുതലാളിത്ത കേന്ദ്രങ്ങളെ അക്ഷരാർത്ഥത്തിൽ പിടിച്ചു കുലുക്കുകയാണ്‌.
 ഇരുപത്തൊന്നാം നൂറ്റാണ്ട്‌ സാമ്രാജ്യത്വ മൂലധനശക്തികൾക്കെതിരായ
പോരാട്ടത്തിന്റെ നൂറ്റാണ്ടായിരിക്കുമെന്ന് ആവർത്തിച്ച്‌ ഉറപ്പിക്കുന്നതാണ്‌ ലോകസാഹചര്യം.

നമുക്കറിയാം,നമ്മളോർക്കുന്നു,
90കളിൽ തുടക്കമിട്ട ആഗോളീകരണ നയങ്ങൾ പ്രചരിപ്പിച്ചിരുന്നത്‌
സോഷ്യലിസ്റ്റ്‌ ആശയങ്ങളുടെ കാലം അസ്തമിച്ചിരിക്കുന്നു
മുതലാളിത്ത ജനാധിപത്യത്തിന്റെ നവലോകക്രമത്തിന്ന് തുടക്കം കുറിച്ചിരിക്കുന്നു എന്നും
വ്യവസായികളെ അഭിവൃദ്ധിപ്പെടുത്തിയാലേ രാജ്യം അഭിവൃദ്ധിപ്പെടുകയുള്ളൂ എന്നും ആയിരുന്നു.
അങ്ങിനെ വികസനത്തിന്റെ പരിപ്രേക്ഷ്യം തന്നെ ഈ നിലപാടിലേക്ക്‌ മാറ്റിമറിച്ചു.
എന്നാൽ ഇന്ന് അമേരിക്കൻ ഏകധ്രുവലോകത്തിന്റെ ചൂഷണാധിഷ്ടിതവും ഹിംസാത്മകവുമായ വിപണി സംസ്കാരം
മനുഷ്യവംശത്തിന്റെ നിലനിൽപിന്ന് തന്നെ ഭീഷണിയാണെന്ന് വ്യക്തമായി തിരിച്ചറിഞ്ഞ തൊഴിലാളി വർഗ്ഗം
ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലാണ്‌.

ലോകമെമ്പാടുമുള്ള ബൂർഷ്വാ ഭരണ കൂടങ്ങൾ മുന്‍ കാലത്തെ ക്ഷേമ നടപടികളെല്ലം നിഷ്കരുണം വെട്ടിക്കുറച്ചു.
പ്രോവിഡന്റ്‌ ഫണ്ട്‌,ഇഎസ്സ്‌ഐ തുടങ്ങിയ സാമൂഹ്യ സുരക്ഷാ നടപടികൾ ഫാക്റ്ററി മാനേജ്‌മന്റുകൾ എടുത്തുകളഞ്ഞു.
മിനിമം വേതന നിരക്കുതന്നെ വെട്ടിക്കുറച്ചു.
കുടുംബ ഇൻഷൂറൻസ്‌, അപകട ഇൻഷൂറൻസ്‌ തുടങ്ങിയ സാമൂഹ്യ ക്ഷേമ പദ്ധതികൾ
തൊഴിലാളികളുടെ തന്നെ സംഭാവനകളിലൂന്നി സ്വകാര്യ കുത്തകകൾ
ഏറ്റെടുത്തു നടത്തുന്ന പങ്കാളിത്ത പദ്ധതികളായി മാറിക്കൊണ്ടിരിക്കുന്നു.

91-ൽ ആഗോളീകരണത്തിന്ന് തുടക്കം കുറിച്ച ഇന്ത്യയിൽ കോർപ്പറേറ്റ്‌ മൂലധനശക്തികൾക്ക്‌ ആധിപത്യം സ്ഥാപിക്കുന്നതിന്ന്
ഇന്ത്യാ ഗവൺമന്റ്‌ അടിസ്ഥാന സാഹചര്യമൊരുക്കികൊടുത്തു.
വിദേശ നാണ്യ നിയന്ത്രണ നിയമം,കുത്തക നിയന്ത്രണ നിയമം എന്നീ നിയമങ്ങൾ
90കളുടെ തുടക്കത്തിൽ പിൻ വലിച്ച കേന്ദ്രഗവൺമന്റിന്റെ ചുവടു പിടിച്ച്‌
പിന്നീട്‌ അധികാരത്തിൽ വന്ന ഗവൺമന്റുകൾ 49 ശതമാനത്തിൽ പരിമിതപ്പെടുത്തിയിരുന്ന
വിദേശമൂലധന പരിധിതന്നെ ഒഴിവാക്കി വിദേശശക്തികളുടെ പൂർണ്ണ നിയന്ത്രണത്തിലാക്കുന്നതിന്ന് സാഹചര്യ മൊരുക്കി.
ഓഹരി വിൽപന വഴി മൂലധന സമാഹരണം നടത്തുന്ന കേന്ദ്രസർക്കാർ തൊഴിലാളികളുടെ എണ്ണം വെട്ടിച്ചുരുക്കുകയും
വിആർഎസ്സിന്ന് പകരം സിഅർഎസ്‌ നടപ്പാക്കി തൊഴിൽ നിരോധനം പ്രാബല്യത്തിലാക്കി.
അദ്ധ്വാനഭാരം പതിന്മടങ്ങ്‌ വർദ്ധിച്ചു.
തൊഴിലാളികളുടെ സാമ്പത്തിക അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നതിനൊപ്പം
തൊഴിലാളികളുടെ ജനാധിപത്യ അവകാശങ്ങളും ട്രേഡ്യൂണിയൻ അവകാശങ്ങളും
ചിട്ടയായി കവർന്നെടുക്കുന്നതിലാണ്‌ ഭരണകൂടങ്ങൾ  ഇന്നേർപ്പെട്ടിരിക്കുന്നത്‌.
നേരിട്ടുള്ള നിയമ നിർമ്മാണങ്ങളിലൂടേയും തൊഴിലാളികളുടെ അവകാശങ്ങൾക്കെതിരേ
വിധി പ്രസ്താവിക്കുന്ന കോടതികളെ ഉപയോഗപ്പെടുത്തിക്കൊണ്ടുമാണ്‌ ഇത്‌ സാധ്യമാക്കുന്നത്‌.

ചുരുക്കി പറഞ്ഞാൽ
ഒരു നൂറ്റാണ്ടുകാലത്തെ സുദീർഘമായ പോരാട്ടങ്ങളിലൂടെ സംഘടിത തൊഴിലാളി വർഗ്ഗം നേടിയെടുത്ത
തൊഴിൽ അവകാശങ്ങൾ,ആഗോളീകരണ പ്രക്രിയയോടെ ഗുരുതരമായ വെല്ലുവിളികൾ നേരിടുന്നു.
2005-ലെ തൊഴിൽ നിയമ ബേദഗതി വ്യവസായ തൊഴിൽ തർക്ക നിയമം അപ്രസക്തമാക്കി.
 ഇന്ത്യയിലെ 6ശതമാനം വരുന്ന സഘടിത തൊഴിൽ മേഖലയിലേക്ക്‌
കോണ്ട്രാക്റ്റ്‌ ലേബർ സമ്പ്രദായം ,ഔട്ട്സോഴ്സിംഗ്‌ എന്നിവ വ്യാപിപ്പിക്കുക വഴി
തൊഴിൽ സുരക്ഷിതത്വം ഘട്ടം ഘട്ടമായി അവസാനിപ്പിച്ചുകൊണ്ടിരിക്കുന്നു.
സംഘടിത വ്യവസായം അടച്ചു പൂട്ടിയും വികേന്ദ്രീകരിച്ചും അസംഘടിത മേഖലയായി പരിവർത്തിപ്പിക്കുന്നു.

ഫൈനാൻസ്‌ മൂലധനത്തിന്റെ കടന്നുകയറ്റം അദ്ധ്വാനവും മൂലധനവും തമ്മിലുള്ള വൈരുദ്ധ്യത്തെ രൂക്ഷമാക്കിയിരിക്കുന്നു.
ലോകത്ത്‌ സോഷ്യലിസ്റ്റ്‌ ചേരിയും സോഷ്യലിസത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളും ശക്തമായിരുന്ന സന്ദർഭത്തിലാണ്‌
മുതലാളിത്ത രാജ്യങ്ങളിലേയും കോളനിരാജ്യങ്ങളിലേയും തൊഴിലാളികൾക്ക്‌
മെച്ചപ്പെട്ട കൂലിയും സേവന വേതന വ്യവസ്ഥകളും നിലനിന്നിരുന്നത്‌.
മുതലാളിത്ത ആശയങ്ങളെ പ്രതിരോധിച്ച്‌ വർഗ്ഗ സമരത്തിന്റേയും സോഷ്യലിസത്തിന്റേയും
തൊഴിലാളി വർഗ്ഗ രാഷ്ട്രീയ താൽപര്യത്തിന്റേയും ആശയങ്ങളെ സമൂഹത്തിൽ പ്രചരിപ്പിക്കുക
തൊഴിലാളി വർഗ്ഗ പ്രസ്ഥാനങ്ങളുടെ മുഖ്യകടമായി ഏറ്റെടുക്കേണ്ടതുണ്ട്‌.

നവലിബറൽ നയങ്ങളുടെ മൂന്നാം തലമുറ പരിഷ്കാരങ്ങളുമായി മുന്നോട്ടു പോകുന്ന മന്മോഹൻ സർക്കാർ
വ്യവസ്ഥാപിത ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പരോക്ഷ പിന്തുണയോടെ
കോർപ്പറേറ്റുകൾക്ക്‌ സർവ്വ്വതന്ത്ര സ്വാതന്ത്ര്യം നൽകുന്ന സാഹചര്യത്തിൽ
സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങൾക്കിടയിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്‌.
ഇടത്പക്ഷപാർട്ടികളുടെ അധികാര പങ്കാളിത്തം
ആഗോളീകരണ നയങ്ങൾക്കെതിരായ പോരാട്ടങ്ങളെ ദുർബ്ബലപ്പെടുത്തുകയും ജീർണ്ണിപ്പിക്കുകയും ചെയ്തു.
തൊഴിലാളി വർഗ്ഗ രാഷ്ട്രീയാധികാരത്തിന്റേയും
സോഷ്യലിസത്തിന്റേയും ലക്ഷ്യങ്ങളും മുദ്രാവാഖ്യങ്ങളുമുപേക്ഷിച്ച്‌
പരിഷ്കരണവാദ-സാമ്പത്തികമാത്രവാദ ആവശ്യങ്ങൾക്കു വേണ്ടിയുള്ള സമരങ്ങളിലേക്ക്‌ മാത്രമായിച്ചുരുങ്ങിയ
പരിഷ്കരണവാദ ട്രേഡ്യൂണിയൻപ്രസ്ഥാനങ്ങൾക്ക്‌
 ഇപ്പോൾ സാമ്പത്തികമാത്ര ലക്ഷ്യങ്ങൾപോലും സംരക്ഷിക്കാൻ കഴിയാതായിരിക്കുന്നു.
അതേസമയം
ഇത്തരം സംഘടനകളിലുള്ള വിശ്വാസം നഷ്ടപ്പെട്ട തൊഴിലാളി വർഗ്ഗം
പുതിയ സമരങ്ങൾക്ക്‌ രൂപം നൽകുകയും പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകുകയും ചെയ്യുന്നു.
സമീപകാലത്ത്‌ ഇന്ത്യയിലെ നഴ്സിംഗ്‌ മേഖലയിൽ ഉയർന്നു വന്ന സമരം
ഇതിന്ന് തെളിവായി നിലനിൽക്കുന്നു.

ഏറ്റവും അപകടകരമായ മറ്റൊരു പ്രവണതവർഗ്ഗ വൈരുദ്ധ്യങ്ങളെ
വർഗ്ഗീയ,വംശീയ വൈരുദ്ധ്യങ്ങളായി വ്യതിചലിപ്പിച്ച്‌ വർഗ്ഗ സമരത്തെ
വർഗ്ഗീയ കലാപങ്ങളാക്കി മാറ്റാനുള്ള ഭരണവർഗ്ഗ നീക്കങ്ങളാണ്‌.
ഭരണ വർഗ്ഗങ്ങളുടെ ഈ വൃത്തികെട്ട തന്ത്രം തിരിച്ചറിയാനും
മതപരവും ജാതിപരവുമായ എല്ലാ വിഭജനങ്ങളേയും മറികടന്ന് വർഗ്ഗപരമായി ഐക്യപ്പെടാനും
ഈ മെയ്ദിനത്തിൽ നമ്മൾ മുന്നോട്ട്‌ വരേണ്ടതുണ്ട്‌.

ഈ സന്ദർഭംതൊഴിലാളി വർഗ്ഗത്തെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളികളുടേതാണ്‌
അതോടൊപ്പം തൊഴിലാളികൾക്കിടയിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾക്കുള്ള
ഏറ്റവും അനുകൂലമായ അവസരവുമാണിതെന്ന് തിരിച്ചറിഞ്ഞു
ഈ അവസരം ഏറ്റെടുത്ത്‌ നമുക്ക്‌ മുന്നേറാം
വിപ്ലവാഭിദ്യങ്ങൾ,

2011 മേയ് 20, വെള്ളിയാഴ്‌ച

വേട്ടക്കാർ വീണ്ടും അധികാരത്തിൽ.

.സാമ്രാജ്യത്വ ആഗോളീകരണവും ഭൂബന്ധങ്ങളുമടക്കം മൗലികമായ വിഷയങ്ങളിലൊന്നും തന്നെ അഭിപ്രായവ്യത്യാസമില്ലാത്ത ഈ മുന്നണികളും
അവയുമായി ബന്ധപ്പെട്ട മറ്റു പാര്‍ട്ടികളും ഗ്രൂപ്പുകളും തമ്മിലുള്ള ഏകമത്സരം
സംസ്ഥാനത്തെ ജനങ്ങളുടെ മേല്‍ രാജ്യദ്രോഹ ജനദ്രോഹ സാമ്രാജ്യത്വ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ആരുടെ നേതൃത്വത്തിലായിരിക്കണം എന്ന തര്‍ക്കത്തിലാണ്
ഇപ്പോള്‍ തീരുമാനമായിട്ടുള്ളത്.

ഇടതും വലതും തമ്മിലുള്ള അതിര്‍ വരമ്പുകള്‍ മാഞ്ഞുമാഞ്ഞ് ഒടുവില്‍
രണ്ടു സീറ്റിന്റെ വ്യത്യാസത്തില്‍ എത്തുമ്പോഴും“കുതിരക്കച്ചവടം”കൊണ്ട് പോലും അലോസരപ്പെടുത്തില്ലെന്ന,
ഊഴം തെറ്റിക്കുന്നില്ലെന്ന ഒത്തു തീര്‍പ്പു വ്യവസ്ഥകളും കൂടിയായപ്പോള്‍,
അഴിമതിക്കാരും ഭൂ മാഫിയകളും പെണ്‍ വാണിഭക്കാരും കോര്‍പ്പറേറ്റ് മാഫിയകളും ആനന്ദനൃത്തത്തിലാറാടിനാടു നീളെ പടക്കം പൊട്ടിച്ചു.
കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ഉള്‍പ്പുളകത്താല്‍ സര്‍ഗ്ഗാല്‍ത്മകരായി പരസ്പരം കണ്ണിറുക്കി.
ജയിലറകള്‍ ഉപാധികളില്ലാതെ തുറക്കപ്പെട്ടു.
ആരോഗ്യ വിദ്യാഭ്യാസ മാഫിയകള്‍ ഒപ്പനപാടി.
സ്ഥാനമോഹികളുടേയും ചരടു വലി വീരന്മാരും ആട്ടിമറിക്കാരുടേയും മുണ്ടു പറിയന്മാരുടേയും കൂടാരങ്ങളില്‍ മന:പായസം ഒഴുകി.
വളരെ പെട്ടെന്ന് തലസ്ഥാന നഗരിയില്‍ ഖദറിന്റെ കഞ്ഞിപ്പശ ഗന്ധം നിറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് കേരളം നേരിടുന്ന മൗലിക പ്രശ്നങ്ങളൊക്കെ ബോധപൂര്‍വ്വം തമസ്കരിച്ച് ഭരണവര്‍ഗ്ഗങ്ങളും അവരുടെ മുന്നണികളും കോര്‍പ്പറേറ്റ് മാധ്യമങ്ങളും അരാഷ്ട്രീയത കാമ്പയിനാക്കി പൊലിപ്പിച്ചെടുത്ത നിരാശകള്‍
ജനങ്ങളില്‍ നിന്ന് വോട്ടുകളിലേക്കും വോട്ടുകളില്‍ നിന്ന് സീറ്റിലേക്കും സീറ്റുകളില്‍ നിന്നും നേതാക്കന്മാരിലേക്കും പടര്‍ന്നുകയറി.
സത്യപ്രത്ജ്ഞക്കൊടുവില്‍ നന്ദിപ്രകടിപ്പിച്ചുകൊണ്ട് നയം വ്യക്തമാക്കി.
അതില്‍
ആരോടും പ്രതികാരമുണ്ടാവില്ല എന്നും തടഞ്ഞുവെക്കപ്പെട്ട,ഉപേക്ഷിക്കപ്പെട്ട ‘വികസന’പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടു പോകുമെന്നും.
2001-06ലെ യുഡിഎഫ് സര്‍ക്കാറിന്റെ തുടര്‍ച്ചയായിരുക്കുമെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം ഊന്നലുമുണ്ടായിരുന്നു അതില്‍.
 ചുരുക്കി പറഞ്ഞാല്‍ വിദേശ മൂലധന നിക്ഷേപത്തിനെ പ്രോത്സാഹിപ്പിക്കാന്‍ ഒരു നിക്ഷേപ സൗഹൃദ സംസ്ഥാന മാക്കി മാറ്റേണ്ടതുണ്ടെന്നും കൂട്ടത്തില്‍ പറഞ്ഞിരുന്നു.

കേരളീയ ജനത നേരിട്ടുകൊണ്ടിരിക്കുന്ന ഭഷ്യ പ്രതിസന്ധിയും,ഭൂബന്ധങ്ങളടക്ക മുള്ള,പാരിസ്ഥിതിക വിനാശത്തിനും സാംസ്കാരികവും,സാമ്പത്തികവുമായ പ്രശ്നങ്ങള്‍ക്ക് കാരണമായ നവ ഉദാരീകരണങ്ങള്‍ കൂടുതല്‍ ശക്തിയായി മുന്നോട്ട് പോകുമെന്ന കാര്യത്തില്‍ കോപ്പറേറ്റ് സമ്പന്ന വിഭാഗങ്ങള്‍ക്കുമുള്ള ഉറപ്പായിരുന്നു അത് ,തൊഴില്‍ നിയമങ്ങള്‍ ബാധകമല്ലാത്ത,അദ്ധ്വാനവും, ഭൂമിയിയും നികുതികളുമടങ്ങുന്ന എല്ലാ ഇളവുകളും നല്‍കുമെന്നുള്ള ഉറപ്പായിരുന്നു അത്.

നോക്കൂ ,
തമസ്കരിക്കപ്പെട്ട വിഷയങ്ങള്‍ ഒന്നൊന്നായി വോട്ടെടുപ്പിന്ന് ശേഷം പുറത്തു വന്നുകൊണ്ടിരിക്കുന്നു.
കഴിഞ്ഞ രണ്ട് സ്റ്റോൿഹോം കണ്‍വന്‍ഷനിലും എന്റോ സള്‍ഫാനു വേണ്ടി വാദിച്ച ഒരേയൊരു സര്‍ക്കാര്‍ ബഹുരാഷ്ട്ര കാര്‍ഷിക കമ്പനിയുടെ ദല്ലാളായ കോണ്‍ഗ്രസ്സ് സര്‍ക്കാറായിരുന്നു എന്നത് വോട്ടെടുപ്പിന്ന് മുമ്പ് തുറന്നു പറഞ്ഞു കോണ്‍ഗ്രസ്സിനെ ഒരു തരത്തിലും അലോസരപ്പെടുത്താന്‍ വോട്ടെടുപ്പിന്ന് ശേഷം വിഷയം കൊഴുപ്പിച്ച കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ തയാറായില്ല.
പെട്രോളിയത്തിന്ന് ലിറ്ററിന്ന് 10 രൂപയെങ്കിലും വര്‍ദ്ധിപ്പിക്കുമെന്ന് അറിയാത്ത മാധ്യമങ്ങളോ ഭരണാധികാരികളോ ഇല്ല.ഇപ്പോഴും 5രൂപയുടെ വര്‍ദ്ധനവു മാത്രമേ ചര്‍ച്ചയാവുന്നുള്ളു .ഈ മാസം തന്നെ ഒരിക്കൽ കൂടി
5 രൂപ ഇനിയും വര്‍ദ്ധിപ്പിക്കുമെന്ന് ഈ പ്രധിഷേധത്തിന്റെ ഘട്ടത്തില്‍ പോലു മറച്ചു വെക്കുന്നു.

ഹാരിസണ്‍ മലയാളം എന്ന കോര്‍പ്പറേറ്റ് ഭൂ മാഫിയ 76000 ലധികം ഹെക്റ്റര്‍ ഭൂമി കൈ വശം വെച്ചിരിക്കുന്നത് നിയമ വിരുദ്ധമായിട്ടാണ് എന്ന് വിവിധ സര്‍ക്കാര്‍ കമ്മീഷനുകള്‍ തന്നെ കണ്ടെത്തിയിട്ടും ഒരു നടപടിയും എടുക്കാതെ അച്ചുതാനന്ദന്‍ സഖാവും റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ച് പടിയിറങ്ങി.

റോഡ് കച്ചവട BOT മാഫിയയുടെ നേതൃത്വത്തില്‍ പതിനായിരക്കണക്കിന്ന് കോടിരൂപയുടെ ബ്ലൂപ്രിന്റുകള്‍ തയാറാക്കി അനുകൂല സാഹചര്യങ്ങള്‍ക്ക് ചരടു വലിക്കുന്നു.

കുട്ടനാട് അടക്കമുള്ള നെല്‍കൃഷി മേഖലകള്‍ പോലും ടൂറിസത്തിന്റേയും റിയല്‍ എസ്റ്റേറ്റിന്റേയും പേരില്‍ കവര്‍ന്നെടുക്കുന്നതിന്ന് കോര്‍പ്പറേറ്റ് ഊഹമൂലധന മാഫിയകള്‍ സടകുടഞ്ഞെഴുന്നേറ്റുകഴിഞ്ഞു.

ആരോഗ്യ- വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ വരുതിയിലാക്കാന്‍ മത-വിദ്യാഭ്യാസ മാഫിയകള്‍ സദാ ജാഗരൂഗരായി നില്‍ക്കുന്നു.

സ്മാര്‍ട്ട് സിറ്റി പോലുള്ള പ്രത്യേക സാമ്പത്തിക മേഖലകളില്‍ സംരംഭത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കോര്‍പ്പറേറ്റ് റിയല്‍ എസ്റ്റേറ്റ് ശക്തികള്‍ രാജ്യത്തിനകത്ത് ഒരു നിയമവും ബാധകമല്ലാത്ത മറ്റൊരു രാജ്യം സ്ഥാപിക്കാനുള്ള ഗൂഢ ശ്രമത്തിനായി ഉറക്കമിളച്ചു കാത്തിരിക്കുന്നു.

കേരള രാഷ്ട്രീയത്തിലെ മറ്റൊരു അപകടകരമായ വഴിത്തിരിവാണിത് ദശാബ്ദങ്ങളോളമായി നടന്നുകൊണ്ടിരിക്കുന്ന സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ ഫലമായി ജനങ്ങള്‍ പാപ്പരീകരിക്കപ്പെടുകയും കൊട്ടിഘോഷിക്കപ്പെട്ട“കേരളാ മോഡല്‍” റദ്ദാകുകയും ചെയ്യപ്പെട്ടകാലം.
ഈ ഭരണവ്യവസ്ഥിതിക്ക് കീഴില്‍ ഏതെങ്കിലും അടിസ്ഥാനപരമായ വ്യത്യസ്തത പ്രതീക്ഷിക്കുന്നത് മൗഢ്യമാണെന്ന് തോന്നിക്കുന്നകാലം.

പറഞ്ഞു വരുന്നത്, അല്ലെങ്കില്‍ പറയാനുദ്ദേശിച്ചത്:- 

ഏറ്റവും കുറഞ്ഞകൂലിക്ക് അദ്ധ്വാനശക്തിയെ കവര്‍ന്നെടുത്തും രാജ്യത്തിന്റെ സമ്പത്തും വിഭവങ്ങളും ഉല്പന്നങ്ങളും കൊള്ളയടിച്ച് കൊണ്ടു പൊവുന്നതിന്നു കൂട്ടുനില്‍ക്കുന്ന ദാസ്യത്തിനാണ് ഇവര്‍ “വികസനം”എന്നു പറയുന്നത്.

നേരെ മറിച്ച് ,വികസനത്തിന്റെ നേട്ടം അധ്വാനിക്കുന്നവനുള്‍പ്പെടേയുള്ള ബഹുഭൂരി പക്ഷം വരുന്ന ജനതക്ക് ലഭിക്കുന്നതായിരിക്കണം.രാജ്യത്തിന്റെ മഹത്തായ സ്വാതന്ത്ര്യത്തേയും പരമാധികാരത്തേയും  അത് ഊട്ടിഉറപ്പിക്കുന്നതായിരിക്കണം.

അതുകൊണ്ടാണ് ജനകീയവും സ്വാശ്രിതവുമായ ഒരു വികസന കാഴ്ചപ്പാടിനെ ദേശാഭിമാന ശക്തികള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്, അതിന്ന് വേണ്ടി പോരാടുന്നത്.,രക്തസാക്ഷിത്വം വരിക്കുന്നത്

അത്തരമൊരു കാഴ്ചപ്പാടില്‍ നിന്ന് കൊണ്ടാണ് സാമ്രാജ്യത്വ ആശ്രിത ‘വികസനത്തെ’രാജ്യസ്നേഹികള്‍ ചെറുത്തു തോല്‍പ്പിക്കുന്നത്.

ഇടത്-വലത്,ജാതി-മത ശക്തികളടക്കം ആഗോളീകരണ നയങ്ങള്‍ക്കൊത്ത് ടൂറിസം,ഐടി,പ്രത്യേകസാമ്പത്തിക മേഖലകള്‍ തുടങ്ങിയവ തൊഴിലിന്റേയും വികസനത്തിന്റേയും ചാലകശക്തിയായി കാണുന്നു.

കൃഷിയേയും,പരമ്പരാഗത വ്യവസായങ്ങളുടേയും പ്രാധാന്യം അവഗണിക്കുകയും ചെയ്യുന്നു.

മൂലധനശക്തികളുടേയും അവരുടെ ലാഭ താല്പര്യങ്ങളും അവരുടെ ക്രമവും സമാധാനവും സംരക്ഷിക്കുക മാത്രമാണ് ഭരണകൂടത്തിന്റെ ചുമതല എന്നായിരിക്കുന്നു,

അതാണ് ജനധിപത്യം എന്നായിരിക്കുന്നു.

ബഹുഭൂരിപക്ഷത്തെ,അദ്ധ്വാനിക്കുന്നവന്റെ,സമ്പത്ത് ഉല്‍പ്പാദിപ്പിക്കുന്നവന്റെ
ജീവിക്കാനുള്ള ,തൊഴിലെടുക്കാനും തൊഴിലില്‍ ഇടപെടാനുമുള്ള,വിലപേശാനുള്ള അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കപ്പെടുന്നു.
വികസനത്തിന്റെ പേരില്‍ അവരുടെ മണ്ണില്‍ നിന്നും കുടിലില്‍ നിന്നും ആട്ടിയോടിക്കപ്പെടുന്നു.

ആയതിനാല്‍ ഇന്ന് ‘വികസന വിരോധി’ എന്നാല്‍ രാജ്യസ്നേഹി എന്നര്‍ത്ഥമാകുന്നു എന്നതാണ് ..



2011 മേയ് 16, തിങ്കളാഴ്‌ച

പെട്രോളിയം വില; പ്രതിഷേധം ശക്തമാവുന്നു.

ജനങ്ങളുടെ നിത്യവൃത്തിയും നിലനില്പുമായി ബന്ധപ്പെട്ട എല്ലാ അവശ്യ വസ്തുക്കളുടേയും സേവനങ്ങളുടേയും വിലകള്‍ കുത്തനെ ഉയര്‍ ന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാന സന്ദര്‍ഭത്തില്‍ പെട്രോളിയം വിലയുടെ നിയന്ത്രണ സംവിധാനം എടുത്തു കളഞ്ഞതും അതിന്റെ ഭാഗമായി മാസംതോറും വില കൂടിക്കൊണ്ടിരിക്കുന്നതുമായ ഒരു അവസ്ഥ രാജ്യത്ത് നില നില്‍ക്കുകയുമാണ്.

സ്വകാര്യ മേഖലയുടെ പങ്ക് വര്‍ദ്ധിപ്പിക്കുന്നതിനും റിലയന്‍സ് പോലുള്ള ഊഹ കുത്തകകളുടെ സമ്മര്‍ദ്ദത്തിന്ന് വഴങ്ങി കഴിഞ്ഞ ജൂണില്‍ പെട്രോളിന്റെ വിലനിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍  എടുത്തുകളഞ്ഞതിന് ശേഷം എട്ടാമത്തെ വര്‍ദ്ധനവാണ് ഇപ്പോള്‍ നടപ്പാക്കുന്നത്.
ഈ എട്ടുപ്രാവശ്യവും രാജ്യത്ത് വന്‍ പ്രതിഷേധങ്ങളിള്‍ പണിമുടക്കുകളും ഹര്‍ത്താലുകളും ഉള്‍പ്പെട്ടിരുന്നു.
ഇപ്പോള്‍ തന്നെ പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് ലോകത്തേറ്റവും അധികം വിലയുള്ളരാജ്യമാണ് ഇന്ത്യ.
ബംഗ്ളാദേശിലും, ശ്രീലങ്കയിലും അടക്കം ഇതിനേക്കാള്‍  കുറഞ്ഞ വിലയാണ് നിലവിലുള്ളത് .
രാജ്യാന്തര വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ചു എണ്ണ വില, കമ്പനികള്‍  നിശ്ചയിക്കുന്ന സമ്പ്രദായം നടപ്പിലാക്കി തുടങ്ങിയതിനു ശേഷം ലിറ്ററില്‍ 17രൂപയുടെ വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്.
ഡീസല്‍ ,മണ്ണെണ്ണ,പാചക വാതകം എന്നിവയുടെ വില വര്‍ദ്ധനവു സംബന്ധിച്ച തീരുമാനമെടുക്കാന്‍  മന്ത്രിസഭാസമിതി അടുത്താഴ്ച ചേരുമെന്ന് ധനമന്ത്രി പ്രണാബ് മുക്കര്‍ജി പ്രഖ്യാപിച്ചിട്ടുണ്ട്..
ഈ യോഗം ,ഇത്രയും വ്യാപകമമായ പ്രതിഷേധമുയര്‍ന്നു വന്ന പശ്ചാത്തലത്തില്‍ ലോക കമ്പോളത്തിലെ ഏറ്റിറക്കങ്ങളില്‍ നിന്നും ഇന്ത്യന്‍  വിപണിയെ സംരക്ഷിച്ചു നിര്‍ത്തിയിരുന്ന വിലനിയന്ത്രണ സംവിധാനം പുന:സ്ഥാപിക്കാനല്ല.
നിയമസഭാതെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ എടുത്തതുപോലുള്ള ഒരു നാടകം കളിക്കപ്പുറം, വേണമെങ്കില്‍  4 രൂപയാക്കി നിര്‍ത്തുന്നതിനപ്പുറം മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

1947-ലെ അധികാരക്കൈമാറ്റത്തിനു ശേഷം 1980 വരെ നീണ്ടു നിന്ന നെഹറുവിയന്‍  ക്ഷേമരാഷ്ട്ര കാലത്ത് പൊതുമേഖലയിലൂന്നുന്നതും സ്വാശ്രയത്വത്തിന്റെ ദിശയില്‍  നീങ്ങുന്നതുമായ പെട്രോളിയം നയം പിന്തുടര്‍ന്നത് അമേരിക്കന്‍  സാമ്രാജ്യത്വത്തിന്റേയും ബഹുരാഷ്ട്ര എണ്ണകുത്തകകളുടേയും ഇടപെടലുകളെ നിരന്തരം നേരിട്ടു കൊണ്ടായിരുന്നു.
ഇതിന്റെ ഫലമായി നമ്മുടെ രാജ്യത്തിനാവശ്യമുള്ള പൊട്രോളിയത്തിന്റേയും 70 ശതമാനത്തോളം ആഭ്യന്തരമായി കണ്ടെത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍  നീങ്ങുകയും ചെയ്തിരുന്നു.
എന്നാല്‍  1980-കള്‍  മുതലാരംഭിച്ച സാമ്പത്തിക ഉദാരീകരണം ഈ രംഗത്തെ മുന്‍  ഗണനാക്രമങ്ങള്‍  തകിടം മറിയുകയും രാജ്യത്തിനാവശ്യമുള്ള അസംസ്കൃത എണ്ണയുടെ മുക്കാല്‍ ഭാഗവും ഇറക്കുമതിചെയ്യേണ്ടി വരുന്ന ആശ്രിതാവസ്ഥയിലേക്ക് 90- കളില്‍ രാജ്യത്തെ കൊണ്ടെത്തിക്കുകയും ചെയ്തു.
ഇതിന്റെ ഫലമായി രാജ്യത്തിന്റെ ഇറക്കുമതി ചിലവിന്റെ സിംഹഭാഗവും പെടോളിയത്തിനായി മാറ്റിവെക്കേണ്ടിവരികയും ചെയ്തു.
അതോടൊപ്പം അന്താരാഷ്ട്ര എണ്ണവിപണിയിലുണ്ടാകുന്ന വിലവര്‍ദ്ധനവ് രാജ്യത്ത് ഗുരുതരമായ പണപ്പെരുപ്പവും വിലക്കയറ്റവും സൃഷ്ടിക്കുന്നതിന് കാരണ മാവുകയും ചെയ്തു.

വാസ്തവത്തില്‍ ഇന്ത്യയില്‍ പെട്രോളിയം വിലകള്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നതിന്റെ കാരണം ആഗോള പെട്രോളിയം വിലയിലെ വര്‍ദ്ധനവു മാത്രമല്ല. പെട്രോളിയം മേഖലയില്‍ നിന്ന് സര്‍ക്കാര്‍ വിവിധ രൂപങ്ങളില്‍ സമാഹരിക്കുന്ന നികുതികളാണ്.
ഉദാഹരണത്തിന്,മന്‍മോഹന്‍സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പെട്രോളിയം രംഗത്തു നിന്നും വിവിധ ഇനത്തിലുള്ള നികുതികളിലൂടെ സര്‍ക്കാര്‍  സമാഹരിച്ചത്75,000 കോടിരൂപയുടേതായിരുന്നെങ്കില്‍ 
2008-അവസാനിക്കുമ്പോള്‍  അത് രണ്ട് ലക്ഷം കോടി രൂപയോളമായി അത് വര്‍ദ്ധിച്ചിരുന്നു.
എന്നു വെച്ചാല്‍ , ഇന്ത്യയുടെ പെട്രോള്‍ വിലയുടെ 52 ശതമാനവും,ഡീസല്‍ വിലയുടെ 31 ശതമാനവും കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ ചുമത്തുന്ന വിവിധ നികുതികളെന്നര്‍ത്ഥം.
പെട്രോള്‍ ,ഡീസല്‍ ,മണ്ണെണ്ണ,പാചക വാതകം എന്നിവയുടെ നികുതിയിനത്തില്‍ ,കഴിഞ്ഞ 5 വര്‍ഷത്തെ കാലയളവില്‍  കേരളത്തിന് പ്രതിവര്‍ഷം ശരാശരി രണ്ടായിരത്തിലേറെ കോടി രൂപയുടെ വരുമാനമാണുള്ളത്.
ഇപ്പോഴത്തെ വര്‍ദ്ധനവു കൂടിയാവുമ്പോള്‍  ഈ വരുമാനം ഇനിയുമേറെ വര്‍ദ്ധിക്കുകയും ചെയ്യും.
പെട്രോളിയം രംഗത്ത് നിന്ന് കേന്ദ്ര-സംസ്ഥാന സrക്കാറുകള്‍  സമാഹരിക്കുന്ന ഭീമമായ നികുതികള്‍  കുറക്കാതിരിക്കുകയും,വര്‍ദ്ധമാനമാകുന്ന അന്താരാഷ്ട്ര വിലകളുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര പെട്രോള്‍ വില നിയന്ത്രണം കമ്പോളത്തിനു വിട്ടു കൊടുക്കുകയും ചെയ്യുന്നത് രാജ്യത്തേയും അതിലെ ജന കോടികളേയും ഇനിയും ദുരിതപൂര്‍ണ്ണമായ ഒരു ഘട്ടത്തിലേക്ക് തള്ളിവിടും.
ആഗോളീകരണ-ഉദാരീകരണ-സ്വകാര്യവല്ക്കരണ ശക്തികള്‍ക്കും അവര്‍ക്ക് സേവചെയ്യുന്ന രാജ്യത്തെ പിന്തിരിപ്പന്‍  ഭരണവര്‍ഗ്ഗങ്ങള്‍ക്കും ലക്ഷ്യം അതു തന്നെയാണ്.
ഇത്തരമൊരു സാഹചര്യത്തില്‍ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന്ന് ജീവിക്കാനും നിലനില്‍പ്പിന്നും വേണ്ടി രാജ്യത്തെ വിപ്ലവശക്തികള്‍ ക്കും.ഇടതു - പുരോഗമന ശക്തികളുടേയും മുന്നിലുണ്ടാവേണ്ടുന്ന അജണ്ട എന്തായിരിക്കണമെന്ന കാര്യത്തില്‍  കൂടുതല്‍ ചര്‍ച്ച ആവശ്യമുണ്ടെന്നു തോനുന്നില്ല.
പറഞ്ഞു വരുന്നത്, അല്ലെങ്കില്‍  പറയാനുദ്ദേശിച്ചത്:-
ഇത് കാര്‍ഷിക വ്യവസായിക ഉല്പാദന മേഖലകളില്‍  പ്രതിസന്ധി സൃഷ്ടിക്കുന്ന,
 ചരക്ക് കടത്തു കൂലി ഉയര്‍ത്തുന്നതും
നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കുന്നതുമായ
പെട്രോള്‍  ഡീസല്‍  വില വര്‍ദ്ധനവ് പിന്‍ വലിക്കാന്‍ 
നിരന്തരമായ പ്രക്ഷോഭ സമരം മുന്നോട്ട് വെക്കപ്പെടേണ്ടതുണ്ട് എന്നുള്ളതാണ്..
ആയതിനാല്‍  ,
സര്‍ക്കാറിന്റെ തെറ്റായനയം തിരുത്തുന്നതു വരെ“
നമുക്കു ഒന്നിച്ചു വിളിച്ചു പറയാം
”പെട്രോളിയം വിലവര്‍ദ്ധനവ് പിന്‍ വലിക്കുക“ എന്ന്.

2011 മേയ് 5, വ്യാഴാഴ്‌ച

എന്റോ സൾഫാൻ;ചിലരാഷ്ട്രീയ ചിന്തകൾ.

എന്റോസള്‍ഫാന്‍ കേരളത്തില്‍ ഏറെ ചര്‍ച്ചാവിഷയമായിട്ടും
മറ്റെല്ലാറ്റിലും ആവശ്യത്തിനും അനാവശ്യത്തിനും ചാടി ഇടപെട്ട് ചര്‍ച്ചിച്ചുകളയുന്ന നമ്മുടെ പ്രിയപ്പെട്ട ബുദ്ധിജീവിതങ്ങള്‍
ഈ വിഷയം അത്ര ഗൗരവമേറിയതായി കണ്ടിട്ടില്ല,ഏറ്റെടുത്തില്ല.
എന്നിട്ടും കേരളീയ അന്തരീക്ഷം അക്ഷരാര്‍ത്ഥത്തില്‍ ചൂടുപിടിച്ചു,എന്നുമാത്രമല്ല,
എന്റോസള്‍ഫാന്‍ നിരോധിക്കപ്പെടേണ്ട ഒരു കീടനാശിനിയാണെന്ന് ലോക വേദികളില്‍ എത്തിക്കാനും അവിടെ നിലപാടെടുപ്പിക്കാനും കഴിഞ്ഞു എന്നത്
കഴിഞ്ഞ 25 വര്‍ഷമായി തുടരുന്ന പ്രക്ഷോഭങ്ങളുടെ വിജയത്തിന്റെ ഒരു ഉയര്‍ന്ന ഘട്ടമാണെന്ന കാര്യത്തില്‍ സംശയമില്ല.
പക്ഷെ ,ന്യായമായ ഈ പ്രതിഷേധപ്രകടനങ്ങളും അതിന്റെ ഭാഗമായുണ്ടായ പ്രഖ്യാപനങ്ങളും അതിന്റെ ലക്ഷ്യപ്രാപ്തിയിലെത്തുമോ? എന്ന വിഷയം ഇനിയും ആഴത്തില്‍ നിരന്തരം ചര്‍ച്ച ചെയ്യുകയും
തുടര്‍ പ്രക്ഷോഭനടപടികള്‍ മുന്നോട്ട് വെക്കുകയും അടിയന്തിര ദുരിത-പുനരധിവാസപദ്ധതികള്‍ നടപ്പിലാക്കിക്കുന്നതിന്നുള്ള ശക്തമായ ഇടപെടലുകള്‍ തുടരേണ്ടതുമുണ്ട്.
ഈ ഒരു പ്രശ്നപരിസരത്ത് നിന്നാണ് ബ്ളോഗ് അക്കാദമി സംഘടിപ്പിച്ച
“മെയ് 1 ന്റെ 
ന്റോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശത്തേക്കുള്ള ബ്ളോഗര്‍ മാരുടെ യാത്ര”യില്‍ പങ്കെടുക്കാന്‍ ഞാന്‍ തീരുമാനിച്ചത്.
അക്കാദമിക്ക് ഇത്തരമൊരു ലക്ഷ്യമുണ്ടായിരുന്നോ എന്നും തുടര്‍ നടപടികളില്‍ അക്കാദമിക്ക് എന്തെങ്കിലും പങ്കു വഹിക്കാന്‍ കഴിയുമോ എന്നും ചര്‍ച്ച ചെയ്തു തീരുമാനമെടു
ക്കേണ്ടിയിരിക്കുന്നു.
കാസര്‍ഗോഡ് ഒപ്പ് മരച്ചോട്ടില്‍ കാലത്ത് 11മണിക്ക് എത്തിച്ചേരുക എന്ന നിര്‍ദ്ദേശമനുസരിച്ച്
കൃത്യസമയത്ത് തന്നെ എത്തിച്ചേര്‍ന്നു.
ഞങ്ങളുടെ വരവും കാത്ത് അവിടുത്തെ പരിസ്ഥിതി-സാമുഹ്യപ്രവര്‍ത്തകരായ വല്‍ത്സലന്‍ സാറും വിജയനും ഞങ്ങളെ കാത്ത് ഒപ്പ് മരച്ചോട്ടില്‍ നില്‍പ്പുണ്ടായിരുന്നു.
15 പേരടങ്ങുന്ന ഒരു യാത്രാസംഘമായി അതു പെട്ടെന്ന് രൂപം പ്രാപിച്ചു.
യാത്രയില്‍ പാലിക്കേണ്ടുന്ന ചില നിര്‍ദ്ദേശങ്ങളും പോകേണ്ടുന്ന പ്രദേശങ്ങളെക്കുറിച്ചും വല്‍ത്സലന്‍ സാറുമായി ചര്‍ച്ചചെയ്തു.
യാത്രയിലുടനീളം ഗൈഡായി കെ എസ് അബ്ദുള്ള എന്ന പ്രവര്‍ത്തകനേയും സഞ്ചരിക്കാനുള്ള വാഹനവും ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും അറിയിച്ചുകൊണ്ട്
വല്‍ത്സലന്‍ സാര്‍ ഒരു സാംസ്കാരിക പരിപാടിയില്‍ പങ്കെടുക്കാന്‍ ഞങ്ങളില്‍ നിന്ന് പിരിഞ്ഞു.
ഈ ടീം പരിസ്ഥിതി പ്രവര്‍ത്തകര്‍,ജീവകാരുണ്യപ്രവര്‍ത്തകര്‍,സിനിമാപ്രവര്‍ത്തകര്‍,മാധ്യമപ്രവര്‍ത്തകര്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്നതായിരുന്നു.
ഒരു ഡോക്ടരുടേയും  ഈ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ശാസ്ത്രജ്ഞന്റേയും അഭാവം
ഈ യാത്രാഘട്ടത്തിലുടനീളം ബോധ്യപ്പെട്ടിരുന്നു.
കാസര്‍ഗോഡ് പട്ടണത്തില്‍ നിന്ന് ഏകദേശം 35 കിലോമീറ്റര്‍ അകലെയാണ്
വാര്‍ത്താമാധ്യമങ്ങളില്‍ വായിച്ചറിഞ്ഞ ,എന്റോസള്‍ഫാന്‍ എന്ന കീടനാശിനി ആകാശത്തിലൂടെ പെയ്തിറങ്ങിയ,
അസാധാരണവും ഭയാനകവുമായ രോഗങ്ങളും മരണങ്ങളും കൊണ്ട് ദുരന്തഭൂമിയാക്കിയ ഈ പിന്നോക്ക ഗ്രാമങ്ങള്‍.
യാത്രയിലുടനീളം കെ എസ്സിനോടും,വിജയനോടും ഞങ്ങള്‍ മാറിമാറി ചോദ്യങ്ങളും സംശയങ്ങളും ചോദിച്ചു കൊണ്ടിരുന്നു. കഴിഞ്ഞ 25 വര്‍ഷക്കാലം അവര്‍നടത്തിക്കൊണ്ടിരിക്കുന്ന സുദീര്‍ഘവും വിശ്രമരഹിതവുമായ പ്രക്ഷോഭത്തിന്റെ,
പതിനായിരങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കൊടും ക്രൂരതയുടെ,
രോഗപീഡകളുടെ, സാമ്പത്തിക രാഷ്ട്രീയ മേധാശക്തികളുടെ ധിക്കാരങ്ങളുടെ ,രാജ്യദ്രോഹ സാമൂഹ്യ വിരുദ്ധ നിലപാടുകളേ ക്കുറിച്ച് അല്പാല്പമായ ഉത്തരങ്ങളും മറുപടികളുമായി 35 കിലോമീറ്റര്‍ മലമടക്കുകളിലേക്ക് യാത്രയായി...
ചിത്രീകരണത്തിന്റെ ഉത്തരവാദിത്വം ചിത്രകാരന്‍ സ്വയം ഏറ്റെടുത്തിരുന്നതിനാല്‍ ഫ്ലാഷിങ്ങിന്റേയും ക്ലിക്കിങ്ങിന്റേയും ശബ്ദം ഇടക്കിടെ അനുഭവപ്പെടുന്നുണ്ടായിരുന്നു.
കോട്ടോട്ടിയും വിചാരവും ഫാറൂക്ക് ബക്കറും,ലത്തീഫും ,ശശിമാഷും ,ഷെര്‍ലി ദാസും ,റഷീദ് മടപ്പള്ളിയും കുറിപ്പുകള്‍ തയ്യാറാക്കികൊണ്ടിരുന്നു
കെ എം ബാബു എല്ലാം റിക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു.
ഈ വഴിപോയാല്‍ കരിന്തളം- കിനാനൂര്‍ പഞ്ചായത്തിലെ അതിര്‍ത്തി റോഡിലെത്താം നമ്മള്‍ പോകാന്‍ തീരുമാനിച്ച സ്ഥലത്തു നിന്നും പിന്നേയും കുറച്ചുകൂടി മുന്നോട്ട് പോകണം അപ്പോഴേക്കും രാത്രിയാകും മറ്റു പരിപാടികള്‍ പൊളിയും. ആപ്രദേശത്തെ ക്കുറിച്ച് ചിലകാര്യങ്ങള്‍ ഞാന്‍ പറഞ്ഞു തരാം വിജയന്‍ സംസാരിച്ചു തുടങ്ങി .
 

ആദിവാസികളും പാവപ്പെട്ടവരും താമസിക്കുന്ന,വരണ്ട മെയ് മാസത്തില്‍ പോലും കുടിവെള്ളത്തിനു് ക്ഷാമമില്ലാത്ത
ഈ പ്രദേശത്ത്,ഖനിജകവസ്തു കയറ്റുമതിയില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന

ആഷാപുര മൈഖേം ലിമിറ്റഡ് കമ്പനി 3500 ഓളം ഏക്കര്‍ സ്ഥലം ഖനനം ചെയ്യാന്‍
2003ല്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു
ഇതിന്റെ തുടക്കമെന്ന നിലയില്‍ 200 ഏക്കര്‍ സ്ഥലം കമ്പനിക്ക് വേണ്ടി സര്‍ക്കാര്‍ അനുവദിച്ചു.
ഈ അപേക്ഷ പരിഗണനയിലിരിക്കേയാണ് കേരള സിറാമിക്ക് ആന്റ് ക്ളേ പ്രൊജക്റ്റിന് 50 ഏക്കര്‍ സ്ഥലം
കരിന്തളം തലയടുക്കത്ത് ചൈനാ ക്ളേ ഏടുക്കുന്നതിനായി അനുവദിച്ചത്.
ഒരു വ്യവസായം തുടങ്ങുമ്പോഴുണ്ടാകുന്ന കൊട്ടിഘോഷങ്ങളൊന്നുമില്ലാതെ KCCP ഖനനം ആരംഭിച്ചു.
പഞ്ചായത്തിന്റെ യാതൊരു വിധ അനുമതിയും കൂടാതെയാണ് ഈ പ്രവര്‍ത്തനം അവിടെ നടന്നത്.
മലബാര്‍ സിമന്‍സിലെ തൊഴിലാളികളുടെ പേരു പറഞ്ഞാണ് ഇത് തുടരുന്നത്.
എന്നാല്‍ ഇത് എവിടേക്കാണ് കൊണ്ടു പോകുന്നത് എന്നോ, ആരാണ് ഇത് ചെയ്യുന്നത് എന്നോ പ്രദേശത്തുകാര്‍ക്ക് അറിയുമായിരുന്നില്ല.
ആഷാപുര കമ്പനിക്ക് കടന്നു വരാനുള്ള വഴിയൊരുക്കുന്നതിന് വേണ്ടി യാണ് KCCP കരിന്തളത്തെത്തിയത്
എന്ന തിരിച്ചറിവില്‍ പ്രദേശത്തെ ജനങ്ങള്‍ പ്രതിക്ഷേധവുമായി രംഗത്തു വന്നു.
കക്ഷിരാഷ്ട്രീയത്തിന്നതീതമായി ജനകീയ നിര ശക്തമായപ്പോള്‍ അതുവരെ മടിച്ചു നിന്ന
രാഷ്ട്രീയ നേതൃത്വം ഖനനത്തിന്നെതിരായി രംഗത്തു വരാന്‍ നിര്‍ബന്ധിതരായി.
പരിസ്ഥിതി -സാമൂഹ്യ പ്രവര്‍ത്തകരുടെ ഫലപ്രദമായ ഇടപെടല്‍ മൂലം അന്നത്തെ കലക്റ്റര്‍ ഖനനം നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിച്ചു.
ഇതിന്റെ പിന്നീടുള്ള വിഷയ
ങ്ങളൊന്നും അറിയില്ല.ഈ പദ്ധതി നിലവിലുണ്ടോ? 
മറ്റെന്തെങ്കിലും ഉദ്ദേശവുമായി അണിയറയില്‍ ഒരുങ്ങുന്നുണ്ടോ ഒന്നും അറിയില്ല.
എന്തും സംഭവിക്കാവുന്ന ഒരു കാലഘട്ടത്തിലല്ലെ നാം ജീവിക്കുന്നത്.
സര്‍ക്കാറിന്റെ ഉത്തരവാദിത്വം ഉന്നത വര്‍ഗ്ഗങ്ങളുടെ ക്രമവും സമാധാനവും കാത്തു സൂക്ഷിക്കുക എന്നു മാത്രമായി ചുരുങ്ങിയിരിക്കുകയല്ലേ?
നിങ്ങള്‍ക്ക് നോക്കരുതോ,
എന്റോസള്‍ഫാന്‍ വിഷമാണെന്ന് ഈ നാട്ടിലെ കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാം.
നമ്മുടെ രാജ്യം ഭരിക്കുന്ന മന്ത്രിമാര്‍ക്കും ആരോഗ്യവകുപ്പിനും ശാസ്ത്ര ഗവേഷണ വിഭാഗങ്ങള്‍ക്കും എന്തിന്ന്,
എന്തിനും ഏതിനും കുരച്ചു ചാടുന്ന ബുദ്ധിജീവികള്‍ക്കും ഇത് വിഷമാണെന്ന് മനസ്സിലായില്ലെന്ന് പറഞ്ഞാല്‍
നമുക്കെന്താണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്.

നെല്ല്,കാപ്പി,പരുത്തി,പഴവര്‍ഗ്ഗങ്ങള്‍,എണ്ണ വിത്തുകള്‍,ഉരുളക്കിഴ്ങ്ങ്,ചായ, പച്ചക്കറി തുടങ്ങിയ കൃഷികളെ
ആക്രമിക്കുന്ന ഒരു കൂട്ടം കീടങ്ങള്‍ക്കും പ്രാണികള്‍ക്കും എതിരേ എന്റോസള്‍ഫാന്‍ ഒരു കീടനാശിനിയായി ഉപയോഗിച്ചു വരുന്നു.
ഒരു കീടനാശിനി സ്വാഭാവികമായും ഒരു വിഷമാണ്.
എന്റോ സള്‍ഫാനില്‍ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു ഓര്‍ഗാനോ ക്ലോറിന്‍ ആണ്.
ടര്‍പ്പന്റയിനോട് സദൃശമായ മണമുള്ള ഇതിന്റെ രണ്ടു തരം മിശ്രിതം മാര്‍ക്കറ്റില്‍ ലഭ്യമാണ്.
ഹ്രസ്വകാല വിഷശക്തി കൂടുതലുള്ള കീടനാശിനിയാണിത്.
“ദൈവം 91 മൂലകങ്ങള്‍ സൃഷ്ടിച്ചു. മനുഷ്യന്‍ ഒരു ഡസനില്‍കുറവു മൂലകങ്ങള്‍ വേര്‍തിരിച്ചെടുത്തു.
പക്ഷെ, ചെകുത്താന്‍ ഒരേയൊരു മൂലകം സൃഷ്ടിച്ചു.അതാണ് ക്ലോറിന്‍”
ക്ലോറിന്റെ മാരകഫലങ്ങളെ പരിഗണിച്ച് ശാസ്ത്രജ്ഞന്മാര്‍ തന്നെ പറഞ്ഞു വെച്ച വാക്കുകളാണിത്.
ഈ വാക്കുകള്‍ അറിയാത്ത വിദ്യാര്‍ത്ഥികളില്ല.
ക്ലോറിന്‍ രാസപ്രക്രിയയിലൂടെ കാര്‍ബണുമായി പ്രതിപ്രവര്‍ത്തിച്ചിട്ടാണ് ജൈവക്ലോറിന്‍(Orgaanic Cloarin) ഉണ്ടാവുന്നത്. വിഭജിക്കാന്‍ കഴിയാത്തതും അന്തരീക്ഷത്തിലും ശരീരത്തിലും നശിക്കാതെ നിലനില്ക്കുന്നതുമാണ് ജൈവക്ലോറിന്‍
ഇത് വെള്ളത്തില്‍ അലിയുന്നതിനേക്കാള്‍ ജീവികളുടെ ശരീരത്തിലെ കൊഴുപ്പില്‍ അലിയുന്നു
അതിനാല്‍ ജൈവവര്‍ദ്ധനം എന്നപ്രക്രിയയിലൂടെ ശരീരത്തില്‍ അതിന്റെ അളവു വര്‍ദ്ധിച്ചു വരുന്നു.
ഭഷ്യ ശൃംഖലയില്‍ ഒരു രാസവസ്തു കയറിപ്പറ്റുന്നതിലൂടെ ആ വസ്തുക്കള്‍ തിന്നുന്ന ജീവികളുടെ ശരീരത്തില്‍ ഇത് എത്തുകയും അവിടെ നില നില്ക്കുകയും തോത് കൂടി വരികയും ചെയ്യുന്ന പ്രക്രിയക്കാണ് ജൈവ വര്‍ദ്ധനം
അഥവാ ജൈവ വളര്‍ച്ച (Bio-accumilation or Bio-magnification) എന്നു പറയുന്നത്.
എന്റോസള്‍ഫാന്‍ തളിക്കുന്ന പ്രദേശങ്ങളിലെ ആളുകളുടെ ശരീരത്തില്‍ ഓര്‍ഗാനോ ക്ളോറിന്റെ നിരന്തരമായ
ജൈവവര്‍ദ്ധനവ് നടക്കുന്നതിന്റെ ഫലമായി അത്തരക്കാരുടെ വൃക്കകള്‍ തകരാറാവുന്നു.
പുരുഷബീജത്തിന്റെ ശക്തിക്കുറവ്,വൃക്ഷണങ്ങളിലും പ്രോസ്റ്റേറ്റ് ഗ്രന്ധികളിലുമുള്ള അര്‍ബുദം,
പുരുഷ ലൈംഗികാവയവത്തിലുള്ള രോഗങ്ങള്‍ സ്ത്രീകളിലെ സ്തനാര്‍ബുദം ജനിതക വൈകല്യം തുടങ്ങിയ
രോഗങ്ങളുടെ വര്‍ദ്ധനവിനു കാരണം ഓര്‍ഗാനോ ക്ലോറിന്‍ അടങ്ങിയ എന്റോസള്‍ഫാന്റെ നിരന്തരമായ ഉപയോഗം കൊണ്ടാണെന്ന് തെളിഞ്ഞിട്ടുണ്ട്.
 

നോക്കൂ ഇത്തരം കാര്യങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കേണ്ടി വരുന്നതില്‍ തെറ്റി ദ്ധരിക്കരുത്.
എന്നിട്ടും നമ്മുടെ ഭരണാധികളുടെ,ബുദ്ധിജീവികളുടെ മന്തന്‍ തലയില്‍ ഇത്രയും വിവരങ്ങള്‍ കയറ്റുന്നതിന്ന്
മറ്റെന്താണ് ഒരു മാര്‍ഗ്ഗം.
ജനങ്ങളായ ജനങ്ങളെല്ലാം ഇക്കാര്യങ്ങളോക്കെ കുറച്ചെങ്കിലും മനസ്സിലാക്കിയാലും നമ്മുടെ ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിദഗ്ദര്‍ക്കും, ബുദ്ധിജീവികള്‍ക്കും ഇതൊന്നും മനസ്സിലാവിന്നില്ല.
നേടിയ അറിവുകള്‍ വെച്ച് ചിന്തിക്കുക എന്നത് മനുഷ്യ ജീവിയുടെ ഒരു ഗുണ വിശേഷമാണ് പക്ഷെ,
അധികാരത്തിന്റേയും ഭരണകൂടത്തിന്റേയും ജീവികളായ ഇവരില്‍ ഈ ഗുണവിശേഷം പ്രതീക്ഷിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ലല്ലോ അങ്ങിനെ പ്രതീക്ഷിച്ചാല്‍ അത് അവരെ അപമാനിക്കുന്നതിന്ന് തുല്യമായിരിക്കും.

വിജയന്‍ വണ്ടി നിര്‍ത്താന്‍ അടുത്ത വണ്ടിക്കാരനു സിഗ്നല്‍ നല്‍കി.വണ്ടി നിന്നു.
ഇത് മുള്ളെരിയ.ഒരു ചെറിയ ടൗണ്‍ നമുക്ക് എല്‍മകജെ,ആദൂര്‍,മുള്ളേരിയ പെരിയ എന്നീപ്രദേശങ്ങളിലേക്ക് ഇവിടേനിന്ന് തിരിഞ്ഞു പോകണം ആദ്യം എങ്ങോട്ടു പോകണം എന്ന് തീരുമാനിക്കണം
ചിത്രകാരന്‍ പറഞ്ഞു സ്ഥിരമായി വായിക്കുകയും കാണുകയും ചെയ്ത പ്രദേശങ്ങള്‍ നമുക്ക് വേണ്ട നമുക്ക് മറ്റൊരു വഴിക്കായാലോ?
ചിത്രകാരന്റെ നിര്‍ദ്ദേശം എല്ലവരും അംഗീകരിച്ചു .
അപ്പോഴാണ് മദ്ധ്യവയസ്കനായ ഒരു കുറിയ മനുഷ്യന്‍ ജങ്ങളുടെ അടുത്തേക്ക് വന്നത് വിജയന്‍ പരിചയപ്പെടുത്തി.
ഇതാണ് നമുക്ക് വഴികാട്ടിയായി വരുന്ന കെ എസ് അബ്ദുള്ള.
കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി എന്റോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പരിസ്തിതി പ്രവര്‍ത്തകന്‍.
എല്ലാവരും കെ എസ്സിനു പിന്നാലെ ചോദ്യങ്ങളും അന്യേഷണവുമായി പൊതിഞ്ഞു.
മലിനീകരണ വിഷയത്തില്‍ തല്പരനായ ലത്തീഫിന്ന് കെ എസ്സിനെ തനിച്ചു കിട്ടാന്‍ താല്പര്യം .
കെ എസ് പറഞ്ഞു അതിനെന്താ നമുക്ക് ഓരോ വീടുകളും കയറി ഇറങ്ങുന്നതിടയി ഒരു പാട് സമയം കിട്ടും
നടത്തത്തിനിടയില്‍ നമുക്ക് സംസാരിക്കാം ,
ലത്തീഫിന് സന്തോഷമായി.യത്ര തുടര്‍ന്നു.
 

അല്പദൂരം പിന്നിട്ടപ്പോള്‍ വണ്ടി നിര്‍ത്തി കെ എസ് കൈ ചൂണ്ടികാണിച്ച് പറഞ്ഞു
നോക്കൂ ആ കുടിലുകള്‍ കണ്ടില്ലെ അതിന്റെ മേല്പുര മേഞ്ഞിട്ടുള്ളത് ഇവിടങ്ങളില്‍ ധാരാളമായി കിട്ടിയിരുന്ന ഒരു തരം പുല്ലാണത്.
ഇപ്പോള്‍ ഈ പുല്ലു കിളിര്‍ക്കാറില്ല.
ഈ യാത്രക്കിടയില്‍ അണ്ണാരക്കണ്ണനെ നിങ്ങള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ കാണാം,
തേനീച്ചകള്‍ ,കാക്കകള്‍ ,പൂമ്പാറ്റകള്‍ ഇതൊക്കെ ഇവിടുത്തുകാര്‍ക്ക് നഷ്ടപ്പെട്ടു പോയിരുന്നു.
ഇപ്പോള്‍ ഒറ്റയൊറ്റയായി തിരിച്ചു വന്നു തുടങ്ങി. കെ എസിന്റെ മുഖത്ത് വിരിഞ്ഞ സന്തോഷം ഞാന്‍ വ്യക്തമായി കണ്ടു.

കെ എസ് ഞങ്ങളെ ആദ്യം കൂട്ടിക്കൊണ്ടു പോയത്,ഒരു പക്ഷെ ഞങ്ങളെ ഞെട്ടിപ്പിക്കാന്‍ പറ്റിയസ്ഥലം തന്നെ ആവട്ടെ എന്നുറച്ചിട്ടോ എന്തോ.
ശരിക്കും ഞെട്ടി. ഒരു യുവതി.
പലരും പലതും ചോദിച്ചു എല്ലാറ്റിനും മറുപടി കന്നട കലര്‍ന്ന മലയാളത്തില്‍
നീരുവന്നു വീര്‍ത്ത കാലുകള്‍ നീട്ടി വെച്ച് ഇരുന്നിരുന്ന കീറപ്പായക്ക് തൊട്ടടുത്ത് മൂന്നു കല്ലുകള്‍ വെച്ച അടുപ്പില്‍ തീപുകഞ്ഞ ലക്ഷണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല.
ഇത്കണ്ട് “വിചാരം” ചോദിച്ചു‘ഭക്ഷണം കഴിച്ചോ’
അവര്‍ ഒന്നും മിണ്ടാതെ കൈ രണ്ടും മലര്‍ത്തിക്കാണിച്ചു തലതാഴ്ത്തിയിരുന്നു.
ഫോട്ടോ എടുക്കാന്‍ നല്ല വെളിച്ചം കിട്ടിയിരുന്നു ആ വീടിന്ന് മറയില്ല ,വാതിലില്ല ,ജാലകമില്ല ,ചുമരില്ല ,മുകളില്‍ ഒന്നും മേഞ്ഞിരുന്നില്ല
രണ്ടു മുളം തൂണില്‍ ഒരു പ്ലാസ്റ്റിക്ക് താര്‍പായമാത്രം.
കേരളം നേടിക്കഴിഞ്ഞു എന്നു വീമ്പിളക്കുന്ന എല്ലാ വികസന വായ്ത്താരികളും പൊള്ളയാണെന്ന് ബോദ്ധ്യപ്പെടുന്ന കാഴ്ച്ച. സര്‍ക്കാറിന്റെ ഒരു ഭവന പദ്ധതിക്കാരനും ഇതു വഴി വന്നില്ല.
ഒരു ആസൂത്രണക്കാരന്റേയും സര്‍ക്കാര്‍ വാഹനം ഇതു വഴി വന്നില്ല.

വോട്ട് ചെയ്യിക്കാന്‍ എടുത്ത് കൊണ്ടു പോകുന്നതിന്ന് ഒരു മുന്നണിക്കാരനും മഞ്ചിലുമായി വന്നിരുന്നില്ലേ എന്ന് ചോദിക്കാന്‍ കഴിയാതെ പോയ മറവിയെ ശപിച്ചു.
ഒരു സാമൂഹ്യ ക്ഷേമ പദ്ധതിക്കാരന്റേയും സര്‍ക്കാര്‍ വണ്ടികള്‍ ഇതു വഴി കടന്നു പോയില്ല.
വികസനമെന്നാല്‍ ദേശീയ ഉല്പാദനത്തിന്റെ(ജി ഡി പി) വര്‍ദ്ധനവാണെന്നും അതിന്ന് മൂലധന നിക്ഷേപവും വ്യാവസായിക വല്കരണവും അതു വഴിയുണ്ടാവുന്ന തൊഴില്‍ സാദ്ധ്യതയും ഒഴിച്ചു കൂടാനാവാത്തതാണെന്നാണ് ബൂര്‍ഷ്വായുക്തി.
ഈ ചിന്താ പദ്ധതികളില്‍ മനുഷ്യരില്ല ,പ്രകൃതിയില്ല , മൂല്യങ്ങളില്ല ,നൈതികതയില്ല.,മൂലധനത്തിന്റെ പെരുക്കവും, ഫാക്ടറികളുടെ പെരുക്കവും,
ഏതുമാര്‍ഗ്ഗവും ഉപയോഗിച്ചുള്ള ഉല്പാദനവര്‍ദ്ധനവുമാണ്.
സാമ്രാജ്യത്വത്തിന്റെ ഔതാര്യം പറ്റി ജീവിക്കുന്ന ഭരണാധികാരികള്‍ക്ക് അവരുടെ ബുദ്ധി ജീവികള്‍ക്ക് ഉദ്യോഗസ്ഥന്മാര്‍ക്ക് തിരിച്ചു നല്കാനാവുമോ ഇവര്‍ക്ക് നഷ്ടപ്പെട്ട ഇവരുടെ ഗ്രാമം?.
ഇവര്‍ക്ക് നല്കാനാവുമോ ഇവര്‍ക്ക് നഷ്ടപ്പെട്ട അതിന്റെ കാലവും തലമുറകളും സ്വപ്നങ്ങളും ജീവിതങ്ങളും?,
സംഭവിക്കേണ്ടിയിരുന്ന അവരുടെ ഭാവി സംഭവിപ്പിക്കാനാവുമോ?..

തിരിച്ചു വന്ന് വാഹനത്തില്‍ കയറി അടുത്തകേന്ദ്രത്തിലേക്ക് യാത്ര തുടരുമ്പോല്‍ ആരും ഒന്നും സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ആ നിശബ്ദതയെ ഭജ്ഞിച്ചത് കൊട്ടോട്ടിയായിരുന്നു.
ആരോടെന്നില്ലാതെ കൊട്ടൊട്ടി പറഞ്ഞു “വിശപ്പിന്റെ പ്രയാസം എനിക്ക് മന്‍സ്സിലാവും ലാപ്ടോപ്പും ഫുള്‍സ്ലീവുമായി നടക്കുന്ന ഈ കൊട്ടോട്ടി ഇതു പോലുള്ള സാഹചര്യം അനുഭവിച്ചു കടന്നു വന്നവനാ”
ഇത്കൂടിയായപ്പോള്‍ നെഞ്ചിന്‍ കൂടിന്റെ ഏതോ കോണില്‍ ഒരു കോച്ചല്‍ അനുഭവപ്പെട്ടു.
യാത്രയുടെ രണ്ടാം പകുതി ആരംഭിച്ചതുമുതല്‍ അവസാനിക്കുന്നതു വരെ ഒന്നൊന്നായി ഏറ്റുവാങ്ങേണ്ടി വന്ന കദനങ്ങളുടെ ഹൃദയഭേദകങ്ങളായ കണ്ണു കലങ്ങുന്ന കാഴ്ചകള്‍ ഒന്ന് അവസാനിച്ചിരുന്നു വെങ്കില്‍ എന്നാശിച്ചു പോയി.

കാസര്‍ഗോഡ് ജില്ലയിലെ അതിരുകളിലെ മലമടക്കുകളില്‍ ചുരുണ്ടു മടങ്ങിക്കിടക്കുന്ന ഈ ഗ്രാമങ്ങളില്‍ സംഭവിച്ചുകഴിഞ്ഞിരിക്കുന്ന ഒരു മഹാ വിപത്തിന്റെ സാക്ഷി ചിത്രങ്ങളായി
ജീവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങളുടെ ദൃശ്യ-മാധ്യമകാഴ്ചകള്‍
ഒരു നേര്‍കാഴ്ചയാവുമ്പോള്‍ ഇത്രയും ആവുമെന്ന് തീരെ നിനച്ചിരുന്നില്ല.
‘വിചാരം’ഒടുവില്‍ പിരിയുന്നതു വരെ എന്തിനെന്നില്ലാതെ സദാ കയര്‍ത്തുകൊണ്ടിരുന്നു.
ഈ കാഴ്ചകള്‍ ‘വിചാരത്തിന്“ഏറെ പ്രയാസങ്ങള്‍ സൃഷ്ടിച്ചിരുന്നു.
ദുരിതമനുഭവിക്കുന്നവര്‍ക്ക് യാത്രാസഘം നല്‍കിയ പരിമിതമായ സാമ്പത്തിക സഹായത്തില്‍ അദ്ദേഹം ഒട്ടും തൃപ്തനായിരുന്നില്ല.

മരണങ്ങള്‍ തട്ടിയെടുത്തവര്‍ ഒഴിച്ചാല്‍ ഈ ചെറു ഗ്രാമങ്ങള്‍ ഇപ്പോഴും അവിടെയുണ്ട് എന്ന് നമുക്കു തോന്നും.
കശുവണ്ടി തോട്ടങ്ങളും, പീടികമുറികളും,
പോക്കും വരവും ഒരുപാട് കണ്ടവനാണ് ഞാന്‍ എന്ന നിലയില്‍ നിൽക്കുന്ന ചെങ്കല്‍ ബസ്സ് സ്റ്റോപ്പുകളും,
ആളൊഴിഞ്ഞ പാര്‍ട്ടി ഓഫീസുകളും, നരച്ചു തൂങ്ങുന്ന കൊടികളും,
മദ്രസ്സകളും ,പള്ളികളും,അമ്പലങ്ങളും,കാവുകളും,പണി നടന്നുകൊണ്ടിരിക്കുന്ന അറബിക്ക് കോളേജുകളും....
എല്ലാം അവിടെ ഇപ്പോഴുമുണ്ട്.
എന്നാല്‍ എന്തോ ഇല്ലാതെപോയ,എന്തോ നഷ്ടപ്പെട്ടുപോയവരുടെ വിഷാദം പുരണ്ട ചിരികള്‍,
സൗഹൃദം പറച്ചിലില്‍...
കൊടും വിഷം കലര്‍ന്ന ജൈവപരമ്പരകളെ സൃഷ്ടിക്കേണ്ടി വരുന്ന സ്ത്രീ പുരുഷ ബാന്ധവങ്ങളെ വെറുക്കപ്പെടുന്നവര്‍...

ജീവജാലങ്ങളും മനുഷ്യരും പരിസ്ഥിതിയുമില്ലാത്ത വികസന സങ്കല്പത്തിന്റെ രക്തസാക്ഷികളായി അവരിപ്പോഴും അവിടെ ത്തന്നെയുണ്ട്.

1960കളിലാണ്കൃഷിഡിപ്പാര്‍ട്ട്മെന്റ് കശുവണ്ടിതോട്ടങ്ങള്‍ തുടങ്ങിയത്.
1975ല്‍ ഈ തോട്ടങ്ങള്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്തു.
1979മുതല്‍ എന്റോസള്‍ഫാന്‍ ഏരിയല്‍ സ്പ്രേ ചെയ്യാന്‍ തുടങ്ങി.
കോര്‍പ്പറേഷനു 2,209 ഹെക്റ്റര്‍ തോട്ടമുണ്ട്.
കശുമാവിന്‍ തോട്ടത്തില്‍ തേയില കൊതുകുകള്‍ എന്ന ഒരു തരം കീടത്തെ നശിപ്പിക്കാനായിരുന്നു കീടനാശിനി പ്രയോഗിക്കുന്നത് എന്നായിരുന്നു ഔദ്യോഗിക ഭാഷ്യം.
ഒരു കീടനാശിനി മൂന്ന് വര്‍ഷം തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ പകരം മറ്റൊന്ന് ഉപയോഗിക്കണം എന്ന് കീടനാശിനിയുടെ ബാരലുകളില്‍ പ്രിന്റ് ചെയ്തു വെച്ചിട്ടുണ്ട്.
ഇതു പോലുള്ള എല്ലാതരം നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും കരുതല്‍ നടപടികളേയും അവഗണിച്ചു തള്ളിക്കൊണ്ടാണ് ജീവജാലങ്ങള്‍ക്ക് മേല്‍ കുറ്റകരമായ വിഷമഴ വര്‍ഷിച്ചത്.
ഒരുകീടനാശിനി കാല്‍ നൂറ്റണ്ട്കാലം ഒരേസ്ഥലത്ത് തളിക്കുന്നത് നാളിതുവരേയുള്ള ലോകചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്.
ഈ പ്രദേശങ്ങളില്‍ കണ്ടുവരുന്ന ജൈവീക അസാധാരണത്വത്തിന്ന് എന്റോസള്‍ഫാനാണ് കാരണക്കാരന്‍ എന്ന് ശാസ്ത്രീയമായ തെളിവില്ലെന്ന് പറയുന്നതിന്റെ യുക്തിയും ബുദ്ധിയും തിരിച്ചറിയാന്‍
അപാരമായ സാമര്‍ത്ഥ്യമൊന്നും വേണമെന്നില്ല.
ഇത് രാഷ്ട്രീയമാണ്.ഇതില്‍ നിന്ന് രാഷ്ട്രീയത്തെ അടര്‍ത്തിമാറ്റിയാല്‍
വെറും വൈകാരികതയുടെതലത്തിലേക്ക് കൊണ്ടുപോയാല്‍ നാം വഴിതെറ്റും.

ഇതില്‍നിന്ന് പഠിക്കാന്‍ യുദ്ധശാസ്ത്രങ്ങള്‍ക്ക്,രാസകീടക്കമ്പനികള്‍ക്ക്,ഔഷധവ്യാപാര കുത്തകകള്‍ക്ക്
അവരുടെ റിസര്‍ച്ച് ആന്റ് ഡവലപ്പ്മെന്റ് വിഭാഗത്തിന്ന് ഇത് ഒഴിച്ചുകൂടാത്തതാണ്.
ഇവര്‍ക്കറിയാം എന്തൊക്കെ രാസപ്രയോഗങ്ങള്‍ ഏതൊക്കെ അളവില്‍ പ്രയോഗിച്ചാല്‍ എന്തൊക്കെ മാറ്റങ്ങള്‍ ഏതൊക്കെ വസ്തുക്കളില്‍ ഉണ്ടാവുമെന്ന് ഇവര്‍ക്കറിയാം.അല്ലെങ്കില്‍ കൂടുതല്‍ അറിയണം .
ഇന്ന് നാം ഉപയോഗിക്കുന്ന കീടനാശിനികള്‍ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ പ്രയോഗിച്ച രാസായുധങ്ങളായിരുന്നു. അതടക്കമുള്ള പരീക്ഷണം തന്നെയാണ് ഇതിലും ഇവിടേയും നടക്കുന്നത്.
ഇതാണ് ഒരു ജനവിരുദ്ധ ഭരണകൂടം ശാസ്ത്ര സാങ്കേതിക മണ്ഡലത്തിലുണ്ടാകുന്ന വികാസങ്ങളെ
എങ്ങിനെ തങ്ങളുടെ കൊള്ളയ്ക്കും അധികാരം നിലനിര്‍ത്താനും മൂലധന താല്പര്യങ്ങള്‍ക്കും വിനിയോഗിക്കുന്നു എന്നതിന്റെ ഒരു ഉദാഹരണം.
ഡിഫന്‍സിന്ന് വേണ്ടി ഗവേഷണം നടത്താന്‍ യുദ്ധം ഇല്ലാത്ത ഒരവസ്ഥയില്‍ സ്വന്തം ജനങ്ങള്‍ക്ക് നേരെ പ്രയോഗിച്ച് പരീക്ഷണം നടത്താന്‍ ഭരണ കൂടം നിര്‍ബ്ബന്ധിതമാവും.
ഹിരോഷിമയിലും.നാഗസാക്കിയിലും,ഭോപ്പാലിലും മനുഷ്യര്‍ക്കിടയിലും പരിസ്ഥിതിയിലും കണ്ടിരുന്ന ജൈവിക അസാധാരണത്വം ഈ മലമടക്കിലും കാണുന്ന് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

പറഞ്ഞു വരുന്നത് അല്ലെങ്കില്‍ പറയാന്‍ ഉദ്ദേശിച്ചത്:-

ഈ ജൈവീക അസാധാരണത്വത്തിന്ന് എന്റോസള്‍ഫാനാണ് കാരണമെന്ന് ശാസ്ത്രീയമായ തെളിവില്ലെന്ന് പറയുന്നത് ഏതെങ്കിലും മന്ത്രിയുടെ, ഗവേഷകന്റെ, ഉദ്യോഗസ്ഥന്റെ വിവരമില്ലായമയാണെന്നോ ബുദ്ധിശൂന്യതയാണന്നോ വിലയിരുത്തിപ്പോകരുത് എന്നാണ്.


നോക്കൂ,
കാസര്‍ഗോഡ്ജില്ലയില്‍ കശുമാവിന്‍ തോട്ടത്തില്‍ കീടനാശിനി തളിക്കാന്‍ തുടങ്ങിയത്1960 കളിലാണ്.
1960 എന്നത് ഇന്ത്യയില്‍ ഹരിതവിപ്ലവം പ്രായോഗികമാക്കുന്നതിന്റേയും രാസകീടനാശിനികള്‍ കാര്‍ഷികവിപണി കയ്യടക്കുന്നതിന്റേയും കാലമായിരുന്നു.
സര്‍ക്കാറിന്റെ പ്രചരണ മാധ്യമങ്ങള്‍ ഒന്നൊഴിയാതെ കീടനാശിനികളുടെ അപദാനങ്ങള്‍ പാടി നടക്കുന്ന കാലം.(റേഡിയോ തുറന്നാല്‍,സിനിമാ ടാക്കീസുകളില്‍ സിനിമ തുടങ്ങുന്നതിന്ന് മുമ്പായി നിര്‍ബ്ബന്ധമായും കാണിച്ചിരിക്കേണ്ടുന്ന സര്‍ക്കാര്‍ ന്യൂസ് റീലുകള്‍, ഇന്‍ഫര്‍മേഷന്‍ ബ്യൂറോകള്‍ വഴി സ്കൂളുകളിലും സര്‍ക്കാര്‍ ഓഫീസായ ഓഫീസിന്റെ ചുമരുകള്‍, ഹെല്‍ത്ത് സെന്ററൂകളുടെ ചുവരായ ചുവരെല്ലാം)
പണ്ട് ഈ കീടങ്ങള്‍ ഒക്കെ എവിടെയായിരുന്നു ചോദിക്കാന്‍ പാടില്ലാത്ത കാലം.
രാസകീടനാശിനി ഇല്ലാത്തകാലത്ത് കൃഷി നന്നായി ചെയ്തിരുന്നു വല്ലോ എന്ന സംശയം പോലും കാര്‍ഷികശാസ്ത്രത്തോട് ചോദിക്കാന്‍ പാടില്ലാത്ത കാലം.
പത്രമാസികകകളില്‍ വമ്പിച്ച പരസ്യം നൽകി പത്രമുതലാളിമാരേയും പേനയുന്തികളേയും സുഖിപ്പിച്ച കാലം.
ഭരണ കൂടത്തിന്റെ സെന്റെര്‍ സെക്രട്ടറിയേറ്റ് മുതല്‍ ഇങ്ങ് പഞ്ചായത്ത് ആഫീസ് വരെ
റവന്യൂ മന്ത്രി മുതല്‍ വില്ലേജാഫീസ് വരെ
കീടനാശിനി കമ്പനികള്‍ പാരിദോഷികങ്ങളും സമ്മാനങ്ങളും കൈക്കൂലികളും വാരിക്കോരി  
നൽകിയ കാലം.
സഹകരണ ബാങ്കുകള്‍ രാസകീടനാശികള്‍ വാങ്ങാതെ ലോണ്‍ തരില്ലെന്ന് പറഞ്ഞകാലം.
മൂന്നാം ലോകരാജ്യങ്ങള്‍ക്ക് മുമ്പാകെ സാമ്രാജ്യത്വ ശക്തികള്‍ വികസനം എന്ന കാഴ്ചപ്പാട് മുന്നോട്ട് വെച്ച കാലം.
1957 ല്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് മന്ത്രിസഭയെ കാര്‍ഷിക ബന്ധബില്ലിന്റെ പേരില്‍ ഭൂപ്രമാണിമാരായ ജാതി മത ശക്തികള്‍ വിമോചന സമരം നടത്തി കേരളാഗവര്‍മെന്റിനെ നെഹൃ സര്‍ക്കാര്‍ പിരിച്ചു വിട്ട കഅലം.
കാലഹരണപ്പെട്ട ഭൂബന്ധങ്ങളില്‍ മാറ്റം വരുത്തി കൃഷിഭൂമി കൃഷിക്കാരന്ന് എന്ന രീതിയില്‍ ഭൂപരിഷ്കരണം നടപ്പിലാക്കുന്നതിന്ന് “ഞങ്ങളുകൊയ്യും വയലെല്ലാം ഞങ്ങളേതാകും പൈങ്കിളിയേ ”എന്ന് ഭൂരഹിതകര്‍ഷകരും കര്‍ഷക തൊഴിലാളികളും നാടായ നാടോക്കെ പാടി നടന്ന കാലം.

ഇന്ത്യന്‍ ജനതക്കാവശ്യമായ ഭക്ഷണവും കോടാനുകോടി മനുഷ്യര്‍ക്കും തൊഴിലും വ്യാവസായിക അസംസ്കൃത പദാര്‍ത്ഥങ്ങളും മറ്റും ലഭ്യമാക്കുന്നതും ഇതര മേഖലകളുമായി പാരസ്പര്യത്തില്‍ വര്‍ത്തിക്കുന്നതുമായ ഒന്നാക്കി കാര്‍ഷികമേഖലയെ പരിവര്‍ത്തിപ്പിക്കുക എന്ന പുരോഗമന ജനാധിപത്യ മുദ്രാവാക്യം“കാര്‍ഷികവിപ്ലവം” രാജ്യത്തുട നീളം മുഴങ്ങിയ കാലമായിരുന്നു. 

ഈ ആശയങ്ങളെ തകര്‍ക്കാനും അട്ടിമറിക്കാനുമായിരുന്നു അമേരിക്കന്‍ ചിന്താ സരണിയില്‍ നിന്നും “ഹരിത വിപ്ലവം” എന്ന ആശയം ആവിഷ്കരിച്ചതു.
അതിന്റെ ഭാഗമായിരുന്നു വിമോചന സമരവും മന്ത്രി സഭ പിരിച്ചി വിടലുമൊക്കെ.
“ഹരിത വിപ്ലവം” നടപ്പാക്കാന്‍ ഇന്ത്യന്‍ ഭരണകൂടം തയ്യാറായതിന്റെ പ്രത്യുപകാരം എന്നോണമാണ് അമേരിക്കയുടെ ആഗോള കമ്യൂണിസ്റ്റ് വിരുദ്ധ പദ്ധതിയുടെ ഭാഗമായി രൂപം കൊണ്ട PL 480 പ്രകാരം ഇന്ത്യയിലേക്ക് വന്‍ തോതില്‍ ഭഷ്യധാന്യം ഇറക്കു മതി ചെയ്യുന്നതും .
അക്കാലത്താണ്.ഫോര്‍ഡ്ഫൗണ്ടേഷനും മറ്റും മുന്‍ നിര്‍ത്തി ഇന്ത്യയുടെ ഗ്രാമ പ്രദേശങ്ങളില്‍ ‘കമ്യൂണിറ്റി ഡവല്പ്പ് മെന്റ്’ പ്രോഗ്രാം നടപ്പാക്കിയതും ഇതിന്റെ ഭാഗമായിരുന്നു.
1960 കളില്‍ വളം കീടനാശിനി നിര്‍മ്മാണത്തിലേക്ക് തിരിയുകയായിരുന്ന അമേരിക്കന്‍ എണ്ണകുത്തകകളുടെ താല്പര്യങ്ങളും റോക്ക്ഫെല്ലര്‍ ഫൗണ്ടേഷന്റെ സസ്യശാസ്ത്രജ്ഞനും പിന്നീട് നോബല്‍ സമ്മാന ജേതാവുമായ
നോര്‍മന്‍ ബാര്‍ലോറയെ പോലുള്ളവരുടെ സേവനവും കൂട്ടിയിണക്കി അത്യുല്പാദന ശേഷിയുള്ള വിത്തിനങ്ങള്‍ പുറത്തിറക്കിയ അമേരിക്കന്‍ വിത്തു കമ്പനിയുടെ കമ്പോളം വികസിപ്പിക്കുകയെന്നത് ഒന്നാം ഹരിത വിപ്ലവത്തിന്റെ ഭാഗമായിരുന്നു.
ഇതെല്ലാം അടക്കം വിവിധതാല്പര്യങ്ങളെ കൂട്ടിയിണക്കി ഭൂപരിഷ്കരണം നടപ്പിലാക്കാതെ പഴയ ഭൂബന്ധങ്ങളെ അതേപടി നിലനിര്‍ത്തി വിത്തും വളവും രാസകീടനാശിനിയും വന്‍ തോതില്‍ പ്രയോഗിച്ച് കൃഷിയില്‍ ഉല്പാദന വര്‍ദ്ധനവ് നേടിയെടുക്കാമെന്ന് അതു വഴി ഭക്ഷ്യക്ഷാമം പരിഹരിക്കുമെന്നും കൃഷിയും വ്യവസായവും വികസിപ്പിക്കാമെന്നും , കമ്യൂണിസ്റ്റ് കാരന്റെ ഭൂപരിഷ്കരണ പദ്ധതി പൊളിക്കാമെന്നും ഹരിത വിപ്ലവ വായാടികളും കോണ്‍ഗ്രസ്സുകാരും അവരുടെ കൂട്ടാളികളായ ജാതി -മത -ഭൂസ്വാമിമാരും പ്രചരിപ്പിച്ചകാലവും ഈ ദുരന്തഘട്ടത്തില്‍ നാം മറന്നു പോകരുത്

ഒന്നാം ഹരിത വിപ്ലവത്തിന്റെ ദൂരവ്യാപകമായ പ്രത്യഘാതങ്ങള്‍ ഗുരുതരമായി ഇന്നും തുടരുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് കാസര്‍ഗോഡിലെ ഈ ജൈവീക അസാധാരണത്വത്തിന്റെ വിഷയം.
പരിസ്ഥിതിക്കും മണ്ണിനും ഇണങ്ങാത്തതും വന്‍ തോതില്‍ വളം കീടനാശിനി പ്രയോഗത്താല്‍ അധിഷ്ടിതവുമായ ഹരിത വിപ്ലവം വമ്പിച്ച പാരിസ്ഥിതിക പ്രതാഘാതങ്ങള്‍ക്ക് കാരണമായി .
ഭഷ്യ വിള മേഖലയിലും നാണ്യവിള കൃഷിയിലും രാജ്യമാസകലം ഇത് പ്രകടമാണ്.
അമേരിക്കന്‍ കാര്‍ഷിക വികസന ഗ്രൂപ്പ് തയ്യാറാക്കിയ മണ്ണു ഗവേഷണവും (Soil taxonomy) വിഭവ വിവരശേഖരണവും വിഭവ ഭൂപട നിര്‍മ്മാണവുമെല്ലാം ഇന്ത്യയില്‍ വേറുറക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ഒരു മാറ്റവുമില്ലാതെ ഈ രീതികള്‍ പിന്തുടരുന്നതിനും ഹരിത വിപ്ലവം വഴിവെച്ചു.
പഞ്ചാബ്,ഹരിയാന,യുപിയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഗോതമ്പ് ഉല്പാദനരംഗത്ത് നാമമാത്രമായ ചില വര്‍ദ്ധനവ് ഒഴിച്ചാല്‍ ഭഷ്യവിളകളുടെ ഉപാദന വര്‍ദ്ധനവില്‍ ഹരിത വിപ്ലവം കാര്യമായ ഒരു പങ്കും വഹിക്കുകയുണ്ടായില്ല.

എന്നാല്‍ , ഈ പദ്ധതിയുടെ ഗുരുതരമായ പ്രത്യാഘാതം ഇന്ത്യയിലെ കാര്‍ഷിക ജനത നൂറ്റാണ്ടുകളിലൂടെ വികസിപ്പിച്ചെടുത്ത വിത്തുകളടക്കമുള്ള മുഴുവന്‍ ജൈവവൈവിധ്യവും അവര്‍ക്ക് നഷ്ടമായി എന്നു തന്നെയാണ്.
സാമ്രാജ്യത്വ ഫണ്ടിങ്ങ് ഏജന്‍സികളായ റോക്ക്ഫെല്ലര്‍- ഫേര്‍ഡ്ഫൗണ്ടേഷനുകളുടെ ആഭിമുഖ്യത്തില്‍ മെക്സിക്കോയിലും മനിലയിലും മറ്റും സ്ഥാപിതമായ ഗോതമ്പ് നെല്ല് ഗവേഷണ സ്ഥാപനങ്ങളുടെ അനുബന്ധ സ്ഥാപനങ്ങളെന്ന നിലയില്‍ ഇന്ത്യയീല്‍ സ്ഥാപിതമായ കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളിലൂടേയും ഈ രാജ്യത്തിന്റെ വിത്തിനങ്ങള്‍ ഇവിടുത്തെ കര്‍ഷകരില്‍ നിന്നും കവര്‍ന്നെടുക്കുകയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നിയന്ത്രണത്തിലാവുകയും ചെയ്തു.

ഇന്ത്യയിലെ ഏകദേശം 30000 - ത്തിലധികം നെല്‍ വിത്തുകള്‍ ഈ ജൈവചൂഷണത്തിലൂടെ നഷ്ടമായെന്ന് ഏകദേശ കണക്ക്. ലോകബാങ്കും അമേരിക്കന്‍ നിയന്ത്രണത്തിലുള്ള അന്താരാഷ്ട്ര കാര്‍ഷിക സ്ഥാപനങ്ങളും നടപ്പാക്കിയ കാര്‍ഷികപദ്ധതികളിലൂടെ ഉഷ്ണമേഖലാരാജ്യങ്ങളിലെ വിത്തിനങ്ങളുടെ 93.5 ശതമാനം അവര്‍ക്ക് നഷ്ടമായെന്നും അമേരിക്കന്‍ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ജീന്‍ ബാങ്കുകളില്‍ ജനിതക പ്ലാസയായി അത് സമാഹരിക്കപ്പെടുകയും ചെയ്തു എന്ന് കണക്കാക്കപ്പെടുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇവിടെ നടപ്പാക്കിയ ഈ ഹരിതവിപ്ലവത്തിന്റെ മസ്തിഷ്കമെന്നറിയപ്പെടുന്ന സസ്യശാസ്ത്രജ്ഞന്‍ സ്വാമിനാഥനാണ്.
ഇത്രയും നീണ്ട ഒരു വിശദീകരണം ആവശ്യമായ ഒരു പശ്ചാത്തലം എന്നത്,
2005 ജൂലൈ മാസം അമേരിക്കയുമായി നമ്മുടെ രാജ്യം ഒരു ഉടമ്പടി ഒപ്പ് വെച്ചിട്ടുണ്ട്
India us Knowledge initiative on Agriculture - KIA എന്നപേരില്‍ അറിയപ്പെടുന്ന ഈ ഉടമ്പടി ആധുനിക കാര്‍ഷിക സാങ്കേതികവിദ്യകള്‍ ഇന്ത്യക്ക് കൈമാറുന്നു എന്ന വ്യാജേനയാണ് രൂപകല്പന ചെയ്തിട്ടുള്ളത്.
എന്നാല്‍ ഇതിന്റെ രാജ്യദ്രോഹകരമായ വിവക്ഷകള്‍ നമ്മുടെ രാജ്യത്ത് വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായില്ല.
ജൈവ സാങ്കേതിക വിദ്യയും ജനിതക എന്‍ഞ്ചിനീയറിങ്ങും അടക്കമുള്ള പുത്തന്‍ കാര്‍ഷിക സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തി 65 കോടി ജനങ്ങള്‍ നേരിട്ട് നിത്യവൃത്തിക്കായി ആശ്രയിക്കുന്ന ഇന്ത്യയുടെ കാര്‍ഷികമേഖലയെ വരുതിയിലാക്കാനാണ് അമേരിക്ക ഈ ഉടമ്പടിയിലൂടെ ശ്രമിക്കുന്നത് .

ഒന്നാം ഹരിത വിപ്ലവത്തിന്റെ തുടര്‍ച്ചയായി ഇന്ത്യയില്‍ ഒരു രണ്ടാം ഹരിതവിപ്ലവത്തിനാണ് അമേരിക്കന്‍ സാമ്രാജ്യത്വം പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഒന്നാം ഹരിത വിപ്ലവത്തിന്റെ ഇന്ത്യന്‍ മസ്തിഷ്കമായി പ്രവര്‍ത്തിച്ച സ്വാമിനാഥനെ തന്നെയാണ് ഇതിന്റെ നായക സ്ഥാനത്ത് പ്രതിഷ്ടിച്ചിട്ടുള്ളത്.

മനുഷ്യന്റെ സാമുഹ്യ വികാസവും പരിസ്ഥിതിയും തമ്മിലുള്ള വൈരുധ്യത്മക ബന്ധത്തെ മനസ്സിലാക്കി കൊണ്ട് വികസന പദ്ധതികള്‍ അവതരിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും പകരം മുതലാളിത്ത ഉല്പാദനവ്യവസ്ഥയുടെ 
ലാഭേച്ഛയെ മാത്രം അടിസ്ഥാനമാക്കിയുള്ള വികസനമാതൃകകള്‍ ഇന്ന് പരിസ്ഥിതി പ്രശ്നങ്ങളെ എത്രമാത്രം തീഷ്ണമാക്കിയിരിക്കുന്നു എന്നാണ് കാസര്‍ഗോഡ് ഉള്‍പ്പെടേ നമുക്കു തരുന്ന പാഠം.

വ്യാപകമായ തൊഴിലില്ലായ്മ ആഗോള പ്രതിഭാസമായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ തൊഴിലാളികളേയും അഭ്യസ്ഥവിദ്യരായ തൊഴില്‍ രഹിതരേയും ഒരു പോലെ ഈ കാഴ്ചപ്പാടിലേക്ക് ആകര്‍ഷിക്കാനാണ് ഭരണവര്‍ഗ്ഗങ്ങള്‍ ശ്രമിക്കുന്നത്.
ചുരുക്കത്തില്‍, വികസനത്തിന്റെ ഈ ബൂര്‍ഷ്വാ കാഴ്ചപ്പാട് 
സമൂഹത്തിൽപ്രബലമാക്കിയെടുക്കാന്‍ ഇടതും വലതു മടങ്ങുന്ന ഭരണവര്‍ഗ്ഗ പാര്‍ട്ടികളും സാമ്രാജ്യത്വ ഫണ്ടിംഗ് ഏജന്‍സികളും രാപ്പകല്‍ അധ്വാനിക്കുന്നുണ്ട്. 
ഇത്തരം വികസന പദ്ധതികളുമായി ബന്ധപ്പെട്ടു കൊണ്ട് ആരെങ്കിലും പരിസ്ഥിതി പ്രശ്നങ്ങള്‍ ഉന്നയിച്ചാല്‍ അവരെയെല്ലാം വികസന വിരുദ്ധരായും,സാമുഹ്യവിരുദ്ധരായും ചിത്രീകരിച്ച് ഒറ്റപ്പെടുത്താന്‍ ഭരണകൂടത്തിന് യഥേഷ്ടം കഴിയുന്ന ഒരു സാഹചര്യം ഇന്ന് നിലവിലുണ്ട്.
സൈലന്റ് വാലി,പാത്രക്കടവ് പദ്ധതി,
കണ്ടല്‍ കാട്നശിപ്പിക്കല്‍,നദീജലമലിനീകരണം,കരിമണല്‍ ഖനനം,
എക്സ്പ്രസ്സ് ഹൈവേ,നദീജലക്കച്ചവടം,മണല്‍ ക്കൊള്ള,
മണ്ണിടിക്കലും വയല്‍ നികത്തലും,....ഇത്തരം വിഷയങ്ങളുമായി ഉയര്‍ന്നു വരുന്ന വിഷയങ്ങളെ ഒരു പരിധി വരെ ഒതുക്കാന്‍ കഴിയുന്നത് അതുകൊണ്ടാണ്.
പലപ്പോഴും ജനകീയ ചെറുത്തു നില്പിന്റെ ഫലമായിട്ടാണ് ചിലപദ്ധതികളെങ്കിലും ഉപേക്ഷിക്കാന്‍ ഭരണകൂടം നിര്‍ബ്ബന്ധിതമായിട്ടുള്ളത്.

അതേ സമയം പെപ്പ്സി/കോക്ക് ഉണ്ടാക്കിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കെതിരെ സമരമുണ്ടായപ്പോഴും,മാവൂരിലെ ഗ്വാളിയേര്‍ റയണ്‍സിനെതിരെ സമരമുണ്ടായപ്പോഴും വികസനത്തിന്റേയും തൊഴിലിന്റേയും പേരില്‍ തോഴിലാളികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി ഒരു വിഭാഗത്തെ കമ്പനി അനുകൂലികളാക്കാനും ജനങ്ങളില്‍ ആശയക്കുഴപ്പ മുണ്ടാക്കാനും ശ്രമിക്കുകയുണ്ടായി ഒരു പരിധിവരെ അവരതില്‍ വിജയിക്കുകയും ചെയ്തു.


ഇത്തരത്തില്‍ വികസനത്തിന്റെ വ്യക്താക്കളും,വികസന വിരോധികളുമായ മറുപക്ഷമെന്ന ദ്വന്ദ മുണ്ടാക്കി പരിസ്ഥിതി പ്രശ്നങ്ങളെ തന്നെ മുക്കിക്കൊല്ലാന്‍ മുതലാളിത്ത-സാമ്രാജ്യത്വ ശക്തികളും അവരെ ഒളിഞ്ഞും തെളിഞ്ഞും സേവിക്കുന്ന ഭരണ വഗ്ഗങ്ങള്‍ക്കും കഴിയുന്നുണ്ട്.

ആഗോള താപനം കേവലം ഒരു മിത്താണെന്നും അതിന് ശാസ്ത്രീയ തെളിവൊന്നുമില്ലെന്നും, അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡൈ ഓക്സേഡിന്റെ അളവു കൂടുന്നത് വൃക്ഷങ്ങളുടെ വളര്‍ച്ചക്ക് നല്ലതാണെന്നും,അതു പ്രകൃതിയെ കൂടുതല്‍ ഹരിതാഭമാക്കുമെന്നും,ഈ വിധത്തില്‍ നടത്തിയിട്ടുള്ള ഗവേഷണങ്ങളേയൊക്കെ അവഗണിച്ച് എടുക്കുന്നതുകൊണ്ടാണ് സത്യം പുറത്തു വരാത്തതെന്നും മറ്റുമുള്ള പ്രചരണങ്ങളാണ് ഇന്ന് അമേരിക്കയില്‍ നടക്കുന്നത്.
ലോകമെമ്പാടും ഇത്തരത്തിലുള്ള പ്രചരണം അഴിച്ചു വിടുന്നതിന്ന് പണം ചിലവഴിക്കുന്നത് എക്സല്‍ മൊബീല്‍,ജനറല്‍ മോട്ടോഴ്സ്,വെസ്റ്റേണ്‍ ഫ്യൂവല്‍ അസോസിയേഷനുമാണ്.

ഇത്തരം പ്രചരണത്തിനായി എഴുതപ്പെട്ട “ദി സാത്താനിക്ക് ഗ്യാസ് ” “ ഗ്ളോബല്‍ വാമിങ്ങ് ആന്റ് അദര്‍ എക്കോ-മിത്ത്സ് ” തുടങ്ങിയ പുസ്ഥകങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ലോകത്താകമാനം പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്..
ഇവയൊക്കെ വളരെ വ്യക്തമായും നമ്മെ ബോധ്യപ്പെടുത്തുന്നത് ,
രാജ്യത്തെ ജനങ്ങളോടും അതിന്റെ പരമാധികാരത്തോടും
ഒരു പ്രതിബദ്ധതയും ഇല്ലാത്തവരായി,സാമ്രാജ്യത്വ-മൂലധനശക്തികൾക്ക് വേണ്ടി
ഏത് വിടുപണിയും ചെയ്യുന്നവരായി ഭരണ വർഗ്ഗ ദല്ലാളുകൾ തരംതാഴും, താഴ്ന്ന് കൊണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യം
ജനപക്ഷത്ത് നിൽക്കുന്നവർ തിരിച്ചറിയണം എന്നുള്ളതാണ്.

2011 ഏപ്രിൽ 29, വെള്ളിയാഴ്‌ച

മെയ് ദിനം: വർഗ്ഗ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുക.

സാമ്രാജ്യത്വ പ്രതിസന്ധിയുടെ ഭാരം തൊഴിലാളിവര്‍ഗ്ഗത്തിന്ന് കടുത്ത ദുരിതങ്ങള്‍ സൃഷ്ടിച്ച്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ മെയ് ദിനം കടന്നു വരുന്നത്.
സാര്‍വ്വദേശീയ തൊഴിലാളി വര്‍ഗ്ഗവും ലോകത്തെ അടിച്ചമര്‍ത്തപ്പെട്ട വിഭാഗവും അഭൂതപൂര്‍വ്വമായ വിധത്തില്‍ ആഗോളസാമ്പത്തികപ്രതിസന്ധിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്.
ചൈനയിലായാലും മുന്‍ യു എസ് എസ് ആറിലായാലും അമേരിക്കയിലായാലും വിശേഷിച്ചും ഏഷ്യയിലേയും ആഫ്രിക്കയിലേയും ലാറ്റിനമേരിക്കയിലെ അടിച്ചമര്‍ത്തപ്പെട്ട രാജ്യങ്ങളുടെ കാര്യമായാലും കനത്ത തൊഴിലില്ലായ്മ,പാര്‍പ്പിടം നഷ്ടപ്പെടല്‍,പട്ടിണി, രോഗങ്ങള്‍ എന്നിവ വര്‍ദ്ധിച്ചു.
ഈ സമയത്ത് യൂറോപ്പ്,ജപ്പാന്‍ അമേരിക്ക എന്നിവിടങ്ങളിലെ സാമ്രാജ്യത്വസര്‍ക്കാറുകളാവട്ടെ ഇത്തരം പ്രതിസന്ധികള്‍ക്ക് കാരണക്കാരായ കുത്തക മുതലാളിത്ത ഫൈനാന്‍സിയര്‍മാര്‍ക്ക് ശതകോടിക്കണക്കിന്ന് രൂപ സാധാരണക്കാരായ ജനങ്ങളില്‍ നിന്ന് പിഴിഞ്ഞെടുത്ത് നല്‍കി അവരെ സഹായിക്കാനാണ് ശ്രമിച്ചത്.

ശീതസമരം അവസാനിക്കുകയും ഇരുചേരികളായി ലോകത്തെ വിഭജിച്ചു നിര്‍ത്തി സാമ്രാജ്യത്വ സാമ്പത്തിക ഘടനയെ മുന്നോട്ട് നയിച്ച
അമേരിക്ക രൂപം നല്കിയ നവലോകക്രമം സാര്‍വദേശീയ തലത്തില്‍ മുതലാളിത്ത സമ്പദ്ഘടനയ്ക്ക് പുതുജീവന്‍ നല്‍കിയിരുന്നത് നാളിതുവരെ തൊഴിലാളി വര്‍ഗ്ഗം രക്തരൂക്ഷിതമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളെ ഒന്നൊന്നായി തകര്‍ത്തുകൊണ്ടായിരുന്നു.
സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശം നിഷേധിക്കുന്ന ഉദ്ഗ്രഥിദ ലോകക്രമത്തില്‍ ബൂര്‍ഷ്വാസിയുടെ അവകാശമായി വികസനവും അതിനു ചിലവഴിക്കേണ്ടിയിരുന്ന അദ്ധ്വാനം കൂലി അടിമത്തമാണെന്നും സ്ഥാപിച്ചെടുക്കാനുള്ള ശ്രമം വ്യാപകമായി.
തൊഴിലാളി വര്‍ഗ്ഗ പോരാട്ടങ്ങളെ ദുര്‍ബ്ബലപ്പെടുത്തുന്ന വാദഗതികള്‍ ബൂര്‍ഷ്വാമാധ്യങ്ങള്‍ വഴി നിരന്തരം പ്രചരിപ്പിക്കപ്പെട്ടു.
എന്നാല്‍,ഏകധ്രുവലോകം കെട്ടിപ്പടുക്കാനുള്ള സാമ്രാജ്യത്വ ശ്രമങ്ങള്‍ക്ക് തുടക്കത്തില്‍ ലഭിച്ച സ്വീകാര്യത താല്‍ക്കാലികമായിരുന്നു.
അതിന്റെ കൊടുതികള്‍ അനുഭവിക്കാന്‍ തുടങ്ങിയ തൊഴിലാളി വര്‍ഗ്ഗ പ്രക്ഷോഭങ്ങളെതുടര്‍ന്ന് മങ്ങലേല്‍ക്കാന്‍ ആരംഭിച്ചു. തുടക്കത്തിലുണ്ടായ കുതിച്ചു ചാട്ടം സാമ്രാജ്യത്വവ്യവസ്ഥയുടെ സാമ്പത്തിക തകര്‍ച്ചയിലേക്കാണ് ലോകത്തെ നയിച്ചത്. ആഗോള സമ്പദ്ഘടനയെ നിയന്ത്രിച്ചിരുന്ന സാമ്രാജ്യത്വ മൂലധനകേന്ദ്രങ്ങള്‍ സാമ്പത്തികതകര്‍ച്ചക്ക് വിധേയമായി അതിന്റെ ആസന്നമായ പതനത്തിലേക്ക് കൂപ്പ്കുത്തിയ സന്ദര്‍ഭത്തില്‍
തൊഴില്‍ മേഖലകളില്‍ നിന്ന് തൊഴിലാളി വര്‍ഗ്ഗത്തെ നിഷ്കരുണം പിരിച്ചു വിട്ടുകൊണ്ടാണ് സ്വന്തം പ്രതിസന്ധിയുടെ ആക്കം കുറയ്ക്കാന്‍ മൂലധനശക്തികള്‍ ശ്രമിച്ചത്.
സാമ്രാജ്യത്വരാജ്യങ്ങള്‍ മുതല്‍ പുത്തന്‍ കൊളോണിയല്‍ രാജ്യങ്ങള്‍ വരെ ദശലക്ഷക്കണക്കിന്ന് തൊഴിലാളികളുടെ തൊഴിലും ഉപജീവനത്തിനുള്ള അവകാശവും നിഷേധിക്കപ്പെട്ടു.
കാര്‍ഷിക വ്യസായമേഖലകളെ അപ്രധാനമാക്കി ഐടി ടൂറിസം മേഖലകളെ വികസനത്തിന്റെ പുത്തന്‍ മാര്‍ഗ്ഗമാറ്റി വളര്‍ത്തിയ മൂലധന ശക്തികള്‍
ഈ മേഖലയില്‍ തൊഴിലിലേര്‍പ്പെടുന്ന വിഭാഗങ്ങള്‍ക്കിടയില്‍ നിലവിലുള്ള പ്രതിസന്ധി മറികടക്കുന്നതിന്ന് കൂട്ട പിരിച്ചുവിടല്‍ പ്രതിവിധിയായി നടപ്പാക്കുന്നു.
കനത്ത ശമ്പളം പറ്റിയിരുന്ന ഐടി മേഖലയിലെ ജീവനക്കാര്‍ ഒരു എക്സിക്യുട്ടീവ് വിഭാഗത്തിന്റെ സ്വഭാവവും ജീവിതശൈലിയുടേയും ഉടമകളായതിനാല്‍ വ്യാപകമായ പ്രക്ഷോഭങ്ങള്‍ ഈ വിഭാഗത്തിന്നിടയില്‍ നിന്ന് ഉയര്‍ന്ന് വരാത്തത് മൂലധന ശക്തികള്‍ക്ക് ഏറെ സഹായകരമായിരിക്കുന്നു.
അതേ സമയം സാമ്രാജ്യത്വ രാജ്യങ്ങളില്‍ ഉള്‍പ്പെടെ ഉയര്‍ന്നു വരുന്ന തൊഴിലാളി വര്‍ഗ്ഗ പ്രക്ഷോഭങ്ങളെ ഏകോപിപ്പിക്കുന്നതില്‍ സാര്‍വ്വദേശീയതലത്തില്‍ നേതൃത്വശക്തികളുടെ അഭാവവും സാമ്രാജ്യത്വത്തിന്റെ മുന്നോട്ടുപോക്കിനുള്ള സാഹചര്യമൊരുക്കുന്നു.
ആഗോളീകരണത്തിന്റെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയില്‍ രൂപംകൊണ്ട തൊഴിലാളി വര്‍ഗ്ഗ പ്രക്ഷോഭങ്ങള്‍ പരിശോധിച്ചാല്‍ ചരിത്രത്തിലെ മറ്റേതൊരു കാലഘട്ടത്തേക്കാളും വര്‍ധമാനമായ പ്രക്ഷോഭങ്ങളാണ് രൂപം കൊണ്ടത്. തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിന്റെ സാര്‍വ്വദേശീയ സംഘടന കേട്ടിപ്പടുക്കേണ്ടതിന്റെ അടിയന്തിര പ്രാധാന്യമാണ് ലോകസാഹചര്യം തൊഴിലാളി വര്‍ഗ്ഗത്തിന്ന് മുന്നില്‍ തുറന്നിട്ടിരിക്കുന്നത്.

സര്‍വ്വരാജ്യതൊഴിലാളി വര്‍ഗ്ഗത്തോട് സംഘടിക്കുവാന്‍ ആഹ്വാനംചെയ്ത മാര്‍ക്സിസ്റ്റ് ആചാര്യന്മാരുടെ ആഹ്വാനത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുംതോറും ശിഥിലീകരിക്കപ്പെട്ടു കിടക്കുന്ന തൊഴിലാളി പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് വേഗതകൂട്ടുക എന്ന ചരിത്രപരമായ ദൗത്യത്തിനാണ് ഈ മെയ് ദിനം പ്രാധാന്യം നല്‍കേണ്ടത്.
തൊഴിലാളി വര്‍ഗ്ഗത്തിന്റെ പ്രത്യശസാസ്ത്രവും ചെങ്കൊടിയും ഉയര്‍ത്തിപ്പിടിച്ച് മുതലാളിത്ത ശക്തികള്‍ക്ക് തൊഴിലാളി വര്‍ഗ്ഗത്തെ പണയപ്പെടുത്തുന്ന സോഷ്യല്‍ ഡമോക്രാറ്റുകള്‍ മുതല്‍ സാര്‍വ്വദേശീയ മൂലധനത്തിന്റെ അവിഭാജ്യഘടകമായ വര്‍ഗ്ഗീയ സംഘടനകളേയും,
തൊഴിലാളി വര്‍ഗ്ഗത്തെ അന്യവര്‍ഗ്ഗ പ്രത്യായശാസ്ത്രത്തിന്ന് കീഴടക്കി പോരാട്ടങ്ങളെ ശിഥിലീകരിക്കുന്ന ഭരണവര്‍ഗ്ഗപിന്തിരിപ്പന്‍ ട്രേഡ് യൂണിയനുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക എന്ന ഉത്തരവാദിത്വം ഗൗരവമേറിയതാണ്. വിപ്ലവ പ്രസ്ഥാനത്തിനുള്ളില്‍ ശൈഥില്യം വളര്‍ത്തി തൊഴിലാളി വര്‍ഗ്ഗപ്രസ്ഥാനത്തില്‍ അവിശ്വാസം വളര്‍ത്തിയെടുക്കാനുള്ള ഭരണ വര്‍ഗ്ഗ ഗൂഡാലോചനകളെ തിരിച്ചറിയേണ്ടതും അതീവ പ്രാധാന്യമേറിയതാണ്.
മെയ് ദിനത്തിന്റെ ഈ വേളയില്‍,
തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഐക്യദാര്‍ഡ്യത്തിന്റെ മഹത്തായ സാര്‍വ്വദേശീയ ദിനത്തില്‍,
ലോകത്തെമ്പാടും പോരാടിക്കൊണ്ടിരിക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തിനും മറ്റു ജനവിഭാഗങ്ങള്‍ക്കും
തങ്ങളുടെ ജീവിതനിലവാരം പ്രതിരോധിക്കുന്നതിന്നു വേണ്ടിയും ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ക്കും ജനാധിപത്യാവകാശങ്ങള്‍ക്കു വേണ്ടിയും
അവര്‍ നടത്തിയ എണ്ണമറ്റ പോരാട്ടങ്ങള്‍ക്കും അഭിവാദ്യങ്ങളര്‍പ്പിക്കുന്നു. 

2011 മാർച്ച് 20, ഞായറാഴ്‌ച

തെരഞ്ഞെടുപ്പ്; ചിലയാഥാർത്ഥ്യങ്ങൾ.

കോളനി വാഴ്ചക്കും ജാതി- ജന്മി നാടു വാഴിത്തത്തിന്നു മെതിരെ തൊഴിലാളി ബഹുജനങ്ങളും കര്‍ഷകരും ജനാധിപത്യ വാദികളും ഒന്നിച്ച് നടത്തിയ പോരാട്ടങ്ങളും നവോത്ഥാന മുന്നേറ്റങ്ങളുമാണ് ഐക്യകേരള പ്രസ്ഥാനത്തിലൂടെ രൂപം കൊണ്ട കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യാടിത്തറ.
1957-ലെ തെരഞ്ഞെടുപ്പില്‍ ഏറെ പരിമിതികളോടെ എങ്കിലും കേരളത്തിന്റെ പ്രശ്നങ്ങളും കൈവരിക്കേണ്ട പരിഹാരങ്ങളും വെച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ട് വെച്ച വികസനകാഴ്ചപ്പാട് ഉല്പ്പാദിപ്പിച്ച ഉണര്‍വ്വും പ്രത്യാശയുമായിട്ടാണ് അന്നു മലയാളികള്‍ പോളിങ്ങ്ബൂത്തിലേക്ക് പോയത്.
എന്നാല്‍ ആര് അധികാരത്തിലെത്തിയാലും ഒന്നും ചെയ്യാനില്ലെന്ന നിരാശയും നിസ്സംഗതയും അരാഷ്ട്രീയ വല്ക്കരണപ്രക്രിയയും തീവ്രമായ വര്‍ത്തമാന ഘട്ടത്തിലാണ് നാം എത്തിനില്ക്കുന്നത്.
ഈ ദുസ്ഥിതിയിലേക്ക് കേരളത്തെ കൊണ്ടെത്തിച്ചത് അധികാര കൈമാറ്റം മുതല്‍ ഇന്ത്യയില്‍ നടപ്പായ പുത്തന്‍ അധിനിവേശപ്രക്രിയയാണെന്ന് ഇന്ന് തിരിച്ചറിയാവുന്നതാണ്.
ഈ സാഹചര്യം ശരിയായി മനസ്സിലാക്കാനും വസ്തുനിഷ്ടമായ ജനകീയ ബദല്‍ മുന്നോട്ട് വെക്കുവാനും വിപ്ലവ-ജനാധിപത്യ ശക്തികള്‍ക്ക് ഉത്തരവാദിത്വമുണ്ട്.
നവ ഉദാരീകരണത്തിന്റെ നടത്തിപ്പുകാരായ ഇടത്-വലതു മുന്നണികള്‍ക്ക് ഇത് നിര്‍വ്വഹിക്കാനാവില്ല എന്നത് പകല്‍ വെളിച്ചം പോലെ വ്യക്തമാണ്.
കേരള രൂപീകരണത്തിന്റെ ഘട്ടത്തില്‍ തന്നെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് വിഭിന്നമായ കാഴ്ചപ്പാടുണ്ടായിരുന്നത് കമ്യൂണിസ്റ്റ്പാര്‍ട്ടിക്കാണ്.
എന്നാല്‍ CPI യുടെയും പിന്നീട് CPI(M) ന്റെയും വലതുപക്ഷവ്യതിയാനത്തെ തുടര്‍ന്ന് ഈ കാഴ്ചപ്പാട് കൈയ്യൊഴിയുകയാണ് ഉണ്ടായത്.
കോണ്‍ഗ്രസ്സിന്റേയും CPI(M) ന്റേയും നേതൃത്വത്തില്‍ മാറി മാറി അധികാരത്തില്‍ വന്ന UDFഉം,LDFഉം 1967 മുതല്‍ പൊതുവേയും,കേന്ദ്രസര്‍ക്കാറിന്റെ ചുവടുപിടിച്ച് ഇവര്‍തന്നെ
1991 മുതലുള്ള രണ്ടു പതിറ്റാണ്ടുകള്‍ നടപ്പില്‍ വരുത്തിയ സാമ്രാജ്യത്വ ആഗോളീകരണനയവുമാണ് മുന്‍ കാലത്ത് പോരാടി നേടിയ സമസ്ത നേട്ടങ്ങളേയും തകര്‍ത്തെറിഞ്ഞ്
പ്രതിസന്ധികളുടെ നിലയില്ലാകയത്തില്‍ കേരളത്തെ എത്തിച്ചത്.
തൊണ്ണൂറുകള്‍ മുതലുള്ള നവ ഉദാരീകരണത്തിലൂടെ ഈ രണ്ടുമുന്നണികള്‍ തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതായിരിക്കുന്നു.
കേരളമിന്ന് രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യവും സാംസ്കാരികവുമായ കനത്ത തിരിച്ചടികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി സമ്പത്തുല്പ്പാദന മേഖലകള്‍ മുരടിക്കുകയും ഉപഭോഗ-ഊഹമേഖലകള്‍ വളരുകയും രാഷ്ട്രീയ മണ്ഡലം സര്‍വ്വതോന്മുഖമായ ജീര്‍ണ്ണതയെ നേരിടുകയും,ജാതി-മത പിന്തിരിപ്പന്‍ ശക്തികളുടെ തിരിച്ചുവരവു നിമിത്തം കേരളം വീണ്ടുമൊരു ഭ്രാന്താലയമായി മാറുകയും എല്ലാ നവോത്ഥാന മൂല്യങ്ങളും നഷ്ടമാവുകയും ചെയ്തുകൊണ്ടിരിക്കുന്നു.
അതോടൊപ്പം കേരളീയസമൂഹം അങ്ങേയറ്റം സ്ത്രീവിരുദ്ധവും പരിസ്ഥിതിനാശം സൃഷ്ടിക്കുന്നതും അഴിമതിയും എല്ലാതരം സാംസ്കാരികജീര്‍ണ്ണതകളും സംജാതമാക്കുന്നതും ആയിരിക്കുന്നു.
ചുരുക്കത്തില്‍ എല്ലാ അര്‍ത്ഥത്തിലും കേരളം ഇന്ന് മറ്റേതൊരു ഇന്ത്യന്‍ സംസ്ഥാനത്തേക്കാളും പുത്തന്‍ അധിനിവേശത്തിന്റെ ഒരു ഷോകേസ്സായി മാറിയിരിക്കുന്നു.
ഈ സവിശേഷസന്ദര്‍ഭത്തിലാണ് കേരളം വീണ്ടുമൊരു നിയമസഭാതെരഞ്ഞെടുപ്പിനെ നേരിടുന്നത്.
പറഞ്ഞുവരുന്നത് അല്ലെങ്കില്‍ പറയാന്‍ ഉദ്ദേശിച്ചത്:-
കഴിഞ്ഞ നാലുപതിറ്റാണ്ടുകളായി അധികാരത്തില്‍ മാറിമാറി വന്ന മുന്നണികള്‍ സംസ്ഥാനത്തെ വികസനത്തിലേക്കല്ല വിനാശത്തിലേക്കാണ് ;
സാമ്പത്തിക സാമൂഹ്യ സാംസ്കാരിക മുന്നേറ്റത്തിലേക്കല്ല സാര്‍വ്വര്‍ത്രികമായ ജീര്‍ണ്ണതയിലേക്കാണ് എത്തിച്ചിരിക്കുന്നത്.
ഈ സ്ഥിതി കൂടുതല്‍ തീവ്രതയോടെ മുന്നോട്ടു കൊണ്ടുപോകാനാണ് കോണ്‍ഗ്രസ്സും
CPI(M) ഉം BJP യും നയിക്കുന്ന മുന്നണികള്‍ ഈ നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
സാമ്രാജ്യത്വ ആഗോളീകരണത്തിലും ജീര്‍ണ്ണിച്ച ഭൂബന്ധങ്ങള്‍ക്കും ജാതി മതാധിപത്യം തുടരുന്നതിലും ഒരഭിപ്രായവ്യത്യാസവുമില്ലാത്ത ഇവര്‍ തമ്മിലുള്ള മത്സരം അധികാര കസേരക്ക് വേണ്ടി മാത്രമുള്ളതാണ് എന്നതാണ്.

2011 മാർച്ച് 19, ശനിയാഴ്‌ച

കഴിഞ്ഞ അഞ്ചു വർഷത്തെ LDFഭരണം:-

കഴിഞ്ഞ UDF സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ ജനരോഷത്തെ തുടർന്ന് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന LDFസർക്കാർ കോൺഗ്രസ്സിന്റെ നവ ഉദാരീകരണ നയങ്ങളുടെ പിൻ തുടർച്ചക്കാർ എന്നതിലുപരി ഈ നയങ്ങൾ കൂടുതൽ ശക്തമായി നടപ്പിലാക്കുകയാണ് ചെയ്തത്.
സംസ്ഥാനത്തെ ജനങ്ങളുടെ വികാരം മാനിക്കാതെ തുടക്കം മുതലേ CPI(M) ലെ ആഭ്യന്തര കലഹങ്ങൾക്ക് കേരളം സാക്ഷ്യം വഹിച്ചു. കേരളത്തിലെ ധാതുമണൽ ഖനനം സ്വകാര്യമേഖലക്ക് കൈമാറാനുള്ള വ്യവസായവകുപ്പിന്റെ നീക്കങ്ങളോടെLDFന്റെ വികസനനയം വ്യക്തമാക്കപ്പെട്ടു.
പുരോഗമനശക്തികളുടേയും മാധ്യമങ്ങളുടേയും ഇടപെടൽ മൂലം ആ നീക്കം പരാജയപ്പെട്ടു.
ADBയുടെശാസനകൾക്ക് വിധേയമായി പ്രവർത്തിച്ച ധനകാര്യവകുപ്പിന്റെ ആസൂത്രണത്തിൻ കീഴിൽ ആരോഗ്യ-വിദ്യാഭ്യാസ സേവന മേഖലകളടക്കം സ്വകാര്യലാഭകേന്ദ്രങ്ങളാക്കുന്ന പ്രക്രിയ മുന്നോട്ടുകൊണ്ടു പോയി.
ജാതി മത ശക്തികളുമായി ബന്ധപ്പെട്ട ഊഹക്കുത്തകൾക്ക് വിദ്യാഭ്യാസ വകുപ്പ് ഏല്പിച്ചു കൊടുത്തു.
മൂന്നാറിൽ ടാറ്റ കൈയ്യടക്കി വെച്ചിരിക്കുന്ന 1,76,00 ഏക്കർ ഭൂമി പിടിച്ചെടുക്കൾ നടപടിക്ക് തുടക്കം കുറിച്ച ജെസിബി ഓപ്പറേഷൻCPIയുടെ പാർട്ടി ഓഫീസിന്ന് മുമ്പിൽ വഴിമുട്ടി നിന്നു. പിടിച്ചെടുത്ത ഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യുന്നതിന്നു പകരം നവീന മൂന്നാർ സൃഷ്ടിക്കുന്നതിനു ലാന്റ് ബാങ്ക് രൂപീകരിച്ച് ADB യുടെ ഊഹക്കുത്തകകളുടെ വിശ്വാസം നേടി.
ഭൂമിക്ക് വേണ്ടി സമരം ചെയ്യുന്നവരെ കായികമായി നേർടാൻ ട്രേഡ് യൂണിയൻ കങ്കാണിമാരെ നിയോഗിച്ചു.
കുട്ടനാട് അടക്കമുള്ള കേരളത്തിന്റെ നെൽ കൃഷി മേഖലകൾ ഭരണ സംവിധാനമുപയോഗിച്ച് റിയൽ എസ്റ്റേറ്റ്-ടൂറിസം മാഫിയകൾക്ക് കൈമാറുന്നതിന്ന് നീക്കം നടത്തി.
കോർപ്പറേറ്റ് മാഫിയകൾ പാട്ടക്കാലാവധികഴിഞ്ഞിട്ടും വെച്ചനുഭവിക്കുന്ന ഭൂമി തിരിച്ചു പിടിക്കുന്നില്ലെന്ന് മാത്രമല്ല പാട്ടക്കുടിശ്ശികയായി അവരിൽ നിന്ന് പിരിഞ്ഞുകിട്ടാനുള്ള ആയിരക്കണക്കിന്ന് കോടിരൂപ പിരിച്ചെടുക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചില്ല.

BOT പദ്ധതിയുടേയും സെസ്സുകളുടേയും മറവിൽ ജനങ്ങളെ ആട്ടിയോടിച്ച് ആ ഭൂമിയും റിയൽ എസ്റ്റേറ്റ് കുത്തകകൾക്ക് കൈമാറുകയാണ്.
വ്യവസായവല്ക്കരണമെന്ന പേരിൽ മന്ത്രി നടത്തിക്കൊണ്ടിരുന്നത് റിയൽ എസ്റ്റേറ്റ് താല്പര്യ സരംക്ഷണമാണ്.
അടിസ്ഥാനമേഖല വികസനരംഗത്ത്‘പൊതു-സ്വകാര്യ’ പങ്കാളിത്തമെന്ന പേരിൽ മൻ മോഹൻ സർക്കാർ പിന്തുടരുന്ന അതേ നയങ്ങൾ തന്നേയാണ്
കേരളത്തിൽLDF ഉം ഉയർത്തിപ്പിടിക്കുന്നത്.നിർദ്ദിഷ്ട BOTപദ്ധതി ഇതിനൊരു ഉദാഹരണമാണ്.
ആഗോളീകരണനയങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട് നായനാർ സർക്കാർ തുടക്കം കുറിച്ച സ്വശ്രയവിദ്യാഭ്യാസപദ്ധതി കേരളത്തിലെ പുത്തൻ ഭൂവുടമാ വർഗ്ഗങ്ങളുമായി താദാത്മ്യം പ്രാപിച്ച മത സമുദായ പ്രമാണിമാർക്കും വിദ്യാഭ്യാസ മാഫിയകൾക്കും കൊള്ളലാഭമുണ്ടാക്കാനാവും വിധം സമഗ്രമായി നടപ്പാക്കുകയാണ് അച്ചുതാനന്ദൻ സർക്കാർ.
ഉന്നത പ്രൊഫഷണൽ വിദ്യാഭ്യാസം സമ്പന്ന വർഗ്ഗത്തിന്റെ കുട്ടികൾക്ക് മാത്രമായി ചുരുക്കുകയും അത് ലാഭേച്ചയുടെ അടിസ്ഥാനത്തിലാക്കി മാറ്റുകയും പൊതു വിദ്യാഭ്യാസം പൂർണ്ണമായും തകർക്കപ്പെടും വിധം വൻ പൊളിച്ചെഴുത്തു നടത്തുകയും ചെയ്തു.
താല്കാലികാദ്ധ്യാപക നിയമനം മുതൽ സ്കൂൾ നടത്തിപ്പിന്റെ പ്രാഥമിക തലം വരെ ചെലവു വസൂലാക്കൽ പദ്ധതിപ്രകാരം അദ്ധ്യാപക-രക്ഷാകർത്തു സംഘടനയുടേയുംNGOകളുടേയും ചുമതലയിലാക്കി.DPEP നടപ്പാക്കിയതു വഴി പൊതു വിദ്യാഭ്യാസ മേഖലയിൽ സ്കൂളുകളുടെ എണ്ണം കുറയുകയും ക്രമാനുഗതമായി അൺ എയിഡ് മേഖല വികാസം പ്രാപിക്കുകയും വിദ്യാഭ്യാസം മറ്റെല്ലാറ്റിനേക്കാളും ചെലവേറിയതായി മാറുകയും ചെയ്തു.
മാതൃഭാഷയിലധിഷ്ടിതമായ പൊതു വിദ്യാഭ്യാസമെന്ന പൊതു തത്വം അട്ടിമറിച്ചു.

ലോട്ടറി മാഫിയകൾ കഴിഞ്ഞനാലു വർഷത്തിനുള്ളിൽ 80,000 കോടിരൂപ സംസ്ഥാനത്തുനിന്നും കടത്തിയെന്ന് മുഖ്യമന്ത്രി പരാതി പറയുമ്പോൾ അതിന്ന് കൂട്ടു നില്ക്കുന്ന സമീപനമാണ് കേന്ദ്ര ഭരണകഷിയായ കോൺഗ്രസ്സിനൊപ്പം CPI(M)ന്റേതും.

നാല്പത് ലക്ഷം ടൺ നെല്ല് പ്രതിവർഷം ആവശ്യമുള്ളിടത്ത് കേവലം 6 ടൺ മാത്രമാണ് ഉല്പ്പാദിപ്പിക്കുന്നത്.കുടുംമ്പശ്രീയെ ഉപയോഗിച്ച് പാട്ടകൃഷിയിലൂടെ നെല്ലുല്പ്പാദനം വർദ്ധിപ്പിക്കുന്നു എന്നവകാശപ്പെടുന്ന സംസ്ഥാന ഭരണത്തിൽ കീഴിൽ നെൽ കൃഷി പ്രദേശങ്ങൾ കുത്തനെ ഇടിയുകയാണ്.
സംസ്ഥാന വരുമാനത്തിൽ കൃഷിയുടെ വിഹിതം 12 ശതമാനമായി ചുരുങ്ങിയിരിക്കുന്നു.കൃഷിയെ ആശ്രയിച്ചു കഴിയുന്ന ദളിതരും ആദിവാസികളും കർഷകത്തൊഴിലാളികളുമായ മണ്ണിൽ പണിയെടുക്കുന്നവർ കൂടുതൽ പാർശ്വവല്ക്കരിക്കപ്പെട്ടിരിക്കുന്നു.
ഹരിയാന കഴിഞ്ഞാൽ ഗ്രാമീണ അസമത്വം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സസ്ഥാനമായി കേരളം മാറിയിരിക്കുന്നു.
പൊതുവിതരണത്തെ തകർക്കുന്ന കേന്ദ്രനയത്തിന്റെ ചുവടു പിടിച്ച്1996-2001 കാലത്തെ LDFസർക്കാറിന്റെ റേഷൻ കാർഡുകളേ APL-BPL വിഭാഗങ്ങളായി തിരിച്ച നടപടി നിർബാധം തുടരുന്നതിനാൽ രൂക്ഷമാകുന്ന ഭഷ്യ വിലക്കയറ്റം സാധാരണ ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നു.

അഖിലേന്ത്യാതൊഴിലില്ലായ്മയുടെ പത്ത് ശതമാനത്തിലധികമാണ് 3ശതമാനം ജനസംഖ്യയുള്ള കേരളത്തിലേത്.44 ലക്ഷം അഭ്യസ്തവിദ്യരായ തൊഴിൽ രഹിതരാണ് എം പ്ലോയിമെന്റ് എക്സ്ചേഞ്ചുകളിൽ പേരു റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിന്ന് പരിഹാരമായി മുന്നോട്ടു വെക്കപ്പെടുന്ന ഐ ടി പാർക്കുകളും സ്മാർട്ട്സിറ്റിയും മറ്റും സാമ്രാജ്യ ധനകാര്യസ്ഥാപനങ്ങളുടെ പുറം കരാർ തൊഴിലിൽ മാത്രം അധിഷ്ടിതമാണ്.സാമ്രാജ്യത്വ രാജ്യങ്ങളിലുണ്ടാകുന്ന ഏതൊരു പ്രതിസന്ധിയും ഈ തൊഴിലവസരങ്ങൾ അപ്രത്യക്ഷമാകുമെന്നത് വർത്തമാനകാല അനുഭവമാണ്.
സ്മാർട്ട്സിറ്റി റിയൽ എസ്റ്റേറ്റ് കച്ചവടമാണെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന അച്ചുതാനന്ദൻ ഭരണാവസാനമായപ്പോൾ യൂസഫലി എന്ന മറുനാടൻ മലയാളിയുടെ മദ്ധ്യസ്ഥതയിൽ ഒരു റിയൽ എസ്റ്റേറ്റ് ഇടപാടു തന്നെയായി അത് യാഥാർത്ഥ്യമാക്കിയിരിക്കുന്നു.
ഇതിന്റെ മറവിൽ കൊച്ചിയിലെ ബോൾഗാട്ടിയിൽ ശതകോടികൾ വിലമതിക്കുന്ന 27 ഏക്കർ ഭൂമി ഇന്റർ നാഷണൽ കൺസെൻഷൻ സെന്റർ എന്നതിന്റെ പേരിൽ ഈ ഊഹക്കച്ചവടക്കാരനു കൈമാറിയിരിക്കുകയാണ്.
മുന്നാറിൽ ടാറ്റക്കെതിരെ വീരവാദം മുഴക്കിയ അച്ചുതാനന്ദൻ തിരുവനന്തപുരം പള്ളിപ്രത്ത് ടാറ്റക്ക് ശതകോടികൾ വിലമതിക്കുന്ന 80 ഏക്കർ ഭൂമി ചുളു വിലക്കാണ് ഐ ടി വികസനത്തിന്റെ പേരിൽ കൈമാറിയത്.
മൂലമ്പള്ളിയിലും കിനാലൂരുമെല്ലാം കോർപ്പറേറ്റ് മാഫിയക്ക് വേണ്ടി ജനങ്ങളെ അടിച്ചൊതുക്കുകയായിരുന്നു
അച്ചുതാനന്ദൻ സർക്കാർ.തീരദേശപരിപാലന നിയമം കാറ്റിൽ പറത്തിക്കൊണ്ടാണ് ഇടക്കൊച്ചിയിൽ ചൂതാട്ട മാഫിയക്ക് വേണ്ടി ക്രിക്കറ്റ് സ്റ്റേഡിയം ഒരുക്കിക്കൊടുത്തത്.

കേരളത്തിന്റെ ആവാസവ്യവസ്ഥയേയും പരിസ്ഥിതി സന്തുലനത്തേയും ജൈവവൈവിദ്യത്തേയും ഇല്ലാതാക്കുന്ന ആതിരപ്പള്ളി പോലുള്ള പദ്ധതികളും കണ്ടൽ കാടുകളെ തകർക്കുന്ന വാട്ടർ തീം ടൂറിസം പാർക്കുകളും വികസനമായി ഊഹമാഫിയക്കൊപ്പം CPI(M)നേതൃത്വവും ഉയർത്തിപ്പിടിക്കുന്നു.

ആരോഗ്യമേഖലയിൽ സർക്കാർ ഡോക്ടർമാർക്ക് സ്വകാര്യപ്രാക്ടീസ് നിയമനിർമ്മാണം നടത്തിയLDFസർക്കാർ ആശുപത്രികളുടെ വാണിജ്യവല്ക്കരണത്തിന്ന് പ്രാമുഖ്യം നല്കി.
സർക്കാർ ആശുപത്രികളിൽ ജീവൻ രക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്നു പകരം സ്വകാര്യ മേഖലക്ക് സർക്കാർ ആശുപത്രികളുടെ സൗകര്യം ഉപയോഗിക്കുന്നതിന്ന് അനുമതി നല്കി.
ദാരിദ്ര്യജന്യരോഗങ്ങളും പകർച്ചവ്യാധികളും കേരളത്തെ ഗ്രസിക്കുമ്പോൾ സൂപ്പർസ്പെഷാലിറ്റി ചികിത്സാകേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കലാണ് സർക്കാർ നയം പ്രാഥമിക ആരോഗ്യത്തിനടിസ്ഥാനമാക്കിയിട്ടുള്ള കുടിവെള്ളവിതരണത്തിൽ നിന്നും സർക്കാർ പൂർണ്ണമായി പിൻ വാങ്ങി
ലോകബാങ്കിന്റേയും ADB യുടേയും ജലനിധിപോലുള്ള പദ്ധതികളിലൂടെ സ്വയം സഹായ സംഘങ്ങളേയും എൻ ജി ഒ കളേയും ഏല്പ്പിച്ചു കഴിഞ്ഞു.

സ്ത്രീശാക്തീകരണത്തിന്റെ പേരിൽ കുടുംബശ്രീകൾ,അയല്കൂട്ടങ്ങൾ തുടങ്ങി ജാതിമതാടിസ്ഥാനത്തിൽ സംഘടിക്കപ്പെട്ടിട്ടുള്ള മൈക്രോ ഫൈനാൻസ് സംഘങ്ങൾ കേരളീയ സ്ത്രീകൾക്കിടയിൽ രാഷ്ട്രീയ-സാമൂഹികബോധത്തെ വിപണി മൂല്യങ്ങൾക്ക് കീഴ്പ്പെടുത്തിക്കഴിഞ്ഞു.
മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്തവിധം ജാതി-മതശക്തികളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഭരണകൂട ഒത്താശയോടെ സ്ത്രീകളെ ഇരകളും കരുക്കളുമാക്കിക്കൊണ്ടിരിക്കുന്നു.

കേരളത്തിലെ ഇടതു വലത് മുന്നണികൾ തമ്മിലുള്ള തർക്കം അവർ നടത്തിയിട്ടുള്ള സ്ത്രീ പീഡനത്തിന്റെ കണക്കുകളെ അടിസ്ഥാനമാക്കുന്ന തലത്തിലേക്ക് രാഷ്ട്രീയ സാംസ്കാരികമണ്ഡലം ജീർണ്ണിച്ചിരിക്കുന്നു.
തൊഴിൽ സ്ഥലത്തും പൊതു ഇടങ്ങളിലും വീട്ടിനകത്തും സ്ത്രീകൾ ഇത്രമാത്രം അരക്ഷിതാവസ്ഥ നേരിട്ട കാലം ഇതിനുമുമ്പുണ്ടായിട്ടില്ല.

ശുദ്ധജല സമ്പന്നമായ 44 നദികളുള്ള കേരളത്തിൽ ഭൂരിപക്ഷം പ്രദേശങ്ങളിലും വേനലാരംഭത്തോടെ തുടങ്ങുന്ന കുടിവെള്ളക്ഷാമം ശാസ്ത്രീയമായി പരിഹരിക്കുന്നതിനു പകരം മൾട്ടിനാഷണൽ കമ്പനികളുടെ കുപ്പിവെള്ള വിതരണ കമ്പോളമാക്കി കേരളത്തെ മാറ്റിയിരിക്കുകയാണ് (തുടരും)

2011 മാർച്ച് 18, വെള്ളിയാഴ്‌ച

മാവോയിസ്റ്റുകൾ ജനകീയ താല്പര്യങ്ങളാണോ സേവിക്കുന്നത്?.

ഒറീസ്സയിലെ ഒരു ജില്ലാകലക്റ്ററേയും ജൂനിയർ എഞ്ചീനീയറേയും മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയതും
ഇവരുടെ മോചനവുമായി ബന്ധപ്പെട്ടു നിയോഗിക്കപ്പെട്ട മധ്യസ്ഥന്മാരും അവരുമായി ബന്ധപ്പെട്ടു നടന്ന ചർച്ചകളും, ആന്ധ്രപ്രദേശിലും പശ്ചിമബംഗാളിലും മുമ്പ് നടന്ന സമാനമായ സംഭവങ്ങളുടെ മാതൃകയിൽ ഗവർമേന്റ് ചില ആവശ്യങ്ങൾ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവർ വിമോചിതരായി
അതോടെ ഈ സംഭവും ഇത് ആഘോഷമാക്കിയ പത്രമാധ്യമങ്ങളും റ്റി വി ചാനലുകളും വിസ്മൃതിയിലായി.
എന്നാൽ പിന്നീട് എന്ത്?
സി പി ഐ (മാവോയിസ്റ്റ്) നേതൃത്വമോ ഈ സംഭവം ആഘോഷിച്ചവരോ ഈ ചോദ്യം ഉന്നയിക്കുന്നതേയില്ല.
ജനകീയാവശ്യങ്ങൾ നേടിയെടുക്കാനുള്ള മാർഗ്ഗം ഇതാണെങ്കിൽ, ഒരു വമ്പൻ സ്രാവിനെ തട്ടിയെടുത്തു അയാളെ വിട്ടയക്കാനുള്ള ഉപാധിയായി പുത്തൻ ജനാധിപത്യ വിപ്ലവം ആവശ്യപ്പെട്ടുകൂടേ?
ചിയാങ്ങ് കൈഷേക്കിനെ ബന്ധിയാക്കിയ വിമത സൈനിക ഓഫീസർമാരോട് മാവോ പറഞ്ഞതെന്താണെന്ന് വായിക്കാൻ അതിന്റെ നേതാക്കൾ ശ്രമിച്ചിരുന്നെങ്കിൽ അത് സി പി ഐ (മാവോയിസ്റ്റി)ന് ഏറെ ഗുണം ചെയ്യുമായിരുന്നു.
വരവരറാവുവിന്റേയും കല്യാൺ റാവുവിന്റേയും മധ്യസ്ഥതയിൽ അന്നത്തെ ആന്ധ്രാ മുഖ്യമന്ത്രിയുമായി പി ഡബ്ല്യു ജി യുടെ ഒരുന്നത നേതാവിന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് പ്രതിനിധി സംഘം ചർച്ച നടത്തിയതിന്റെ പരിണതി പരക്കെ അറിവുള്ളതാണ്.
മാവോയിസ്റ്റുകൾ പുറത്ത് വന്ന് തിരിച്ചു പോയതിലൂടെ സമാഹരിച്ച മുഴുവൻ രഹസ്യവിവരങ്ങളും ഉപയോഗപ്പെടുത്തി പി ഡബ്ല്യു ജിയെ സംസ്ഥാനത്ത് ഏതാണ്ട് നാമാവശേഷമാക്കാൻ സർക്കാറിനു കഴിഞ്ഞു.
ഒറീസ്സയിലെ ഈ സംഭവം കഴിഞ്ഞാലുടൻ ഉദ്യോഗസ്ഥന്മാരെ പിന്തുണക്കാനെന്നപേരിൽ മാവോയിസ്റ്റുകൾക്കും ആദിവാസികൾക്കുമെതിരായ ഉന്മൂലനപരിപാടി ഊർജ്ജിതമാക്കുകമാത്രമല്ല,
മാവോയിസ്റ്റുകളെ അടിച്ചൊതുക്കാനെന്നപേരിൽ മോസ്കോ,കലിം നഗർ,ഭുവനേശ്വരിലെ ബസ്തി സുരക്ഷാമഞ്ച് തുടങ്ങിയ ജനകീയമുന്നേറ്റങ്ങളെ അടിച്ചൊതുക്കുന്നതിനും ജനവിരുദ്ധ നവീൻ പട്നായിക്ക് ഗവർമേന്റ് ഇതുപയോഗപ്പെടുത്താൻ പോകുകയാണ്.
മാവോയിസ്റ്റ് സ്ക്വാഡുകൾ നിലവിലുള്ള ഛത്തീസ്ഘട്ടിലും ജാർഖണ്ഡിലും പശ്ചിമ ബംഗാളിലെ ചിലപ്രദേശങ്ങളിലും അവരുടെ സ്ക്വാഡ് ആക്ഷന്റെ പേരിൽ ജനകീയമുന്നേറ്റങ്ങളിലെ അടിച്ചൊതുക്കാനോ
അതുമല്ലെങ്കിൽ ജ്ഞാനേശ്വരീ എക്സ്പ്രസ്സ് അട്ടിമറിയുടെ പേരിൽ ഖരഗ് പൂരിലും ടാറ്റാനഗറിനും ഇടക്കുള്ള രാത്രികാല തീവണ്ടിഗതാഗതം നിർത്തിവെക്കുന്നത് പോലുള്ള ഏർപ്പാടുകൾക്കോ ആണ് സംസ്ഥാന സർക്കാറുകൾ മുതിരുന്നത്.
‘ആക്ഷനു’ശേഷം അരാജകവാദികൾ പാലായനം ചെയ്യുകയും ജനങ്ങളും പ്രസ്ഥാനങ്ങളും അതിന്റെ പേരിൽ ബുദ്ധിമുട്ടുകയാണ് ചെയ്യുന്നത്.
അവരുടെ ആക്ഷനുകൾ ജനകീയ മുന്നേറ്റങ്ങളെ ഒരു തരത്തിലും സഹായിക്കുന്നില്ല.
പ്രയോഗിക്കപ്പെട്ട സോഷ്യലിസത്തിലെ പരിമിതികൾ മറികടക്കുന്നതിന് ഉതകും വിധം
മാർക്സിസ്റ്റ്-ലെനിനിസ്റ്റ് സിദ്ധാന്തവും വിപ്ലവകരമായ ബഹുജനലൈനും തൊഴിലാളിവർഗ്ഗ ജനാധിപത്യ വികസന പരിപ്രേക്ഷ്യവും വികസിപ്പിക്കുന്നതിനാവശ്യമായ ധാരണകൾ വികസിപ്പിക്കാതേയും
സോവിയറ്റു യൂണിയനിലേയും ചൈനയിലേയും തിരിച്ചടികൾ മൂലം മനം മടുത്ത ജനങ്ങളെ സംഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലേർപ്പെടാതേയും
കഴിഞ്ഞകാല തെറ്റുകളിൽ നിന്ന് പാഠം പഠിക്കാതേയും കേവലം മാധ്യമ ശ്രദ്ധയും പ്രചരണവും ലക്ഷ്യമാക്കി മാവോയിസ്റ്റുകൾ നടത്തുന്ന ട്രെയിൽ തകർക്കലും തട്ടിക്കൊണ്ടു പോകലും
എൽ റ്റി റ്റി യുടേയും ഉൾഫയുടേയും തലത്തിലേക്ക് അവരെ വ്യതിചലിപ്പിക്കുകയാണ്.
ട്യൂണീഷ്യയും ഈജിപ്ത് മുതൽ ബഹറിനടനടക്കം പശ്ചിമേഷ്യയിലെ നിരവധി സമീപകാല ജനകീയ ഉയർത്തെഴുന്നേല്പ്പുകൾ കാണിക്കുന്നത് തെരുവിലറങ്ങാനും ചരിത്രം സൃഷ്ടിക്കുന്നതിൽ തങ്ങൾക്കുള്ള പങ്കുവഹിക്കാനും ജനങ്ങൾ മുന്നോട്ടു വരുന്നതാണ്.
കമ്യൂണിസ്റ്റുകാർ വിപ്ലവം കരാർ എടുത്തിട്ടുള്ളവരല്ലെന്നും മറിച്ച് ജനങ്ങളെ വിപ്ലവത്തിനു തയാറാക്കുന്ന മുന്നണി പോരാളികളാണെന്നും മാവോയിസ്റ്റുകൾ മനസ്സിലാക്കുന്നില്ല.
അവരുടെ അരാജക പ്രവർത്തനങ്ങൾ ചരിത്രം തള്ളിക്കളഞ്ഞതും ചരിത്ര സൃഷ്ടിയിൽ ജനങ്ങൾക്കുള്ള പങ്കിനെ നിഷേധിക്കുന്നതുമാണ്.
പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തൃണമുൽ കോൺഗ്രസ്സിനേയും ജാർഖണ്ഡിൽ ബി ജെ പി സംഖ്യത്തിലുള്ള ഷിബുസോറന്റെ ജെ എം എം നേയും പിന്തുണക്കുന്ന മാവോയിസ്റ്റുകളുടെ പ്രവൃത്തി വിപ്ലവത്തേയല്ല പ്രതിവിപ്ലവത്തേയാണ് സേവിക്കുന്നത്.
മാവോയിസ്റ്റുകളുടെ ഇപ്രകാരമുള്ള അരാജകപ്രവർത്തനങ്ങളെ സി പി ഐ (എം എൽ) അപലപിക്കുന്നതോടൊപ്പം പ്രക്ഷോഭങ്ങളിൽ അണിചേരാനും രാജ്യത്തിനകത്തും ലോകമെങ്ങും ശക്തിപ്പെടുന്ന ജനകീയ ഉയിർത്തെഴുന്നേല്പ്പുകളോട് ഐക്യദാർഡ്യം പ്രഖ്യാപിക്കാനും സി പി ഐ(എം എൽ) ജനങ്ങളോട് അഭ്യർത്ഥിക്കുന്നു.
തിരിച്ചടിക്കാനെന്നപേരിൽ ഒറീസ്സയിൽ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ജനകീയമുന്നേറ്റങ്ങളെ അടിച്ചൊതുക്കാനാണ് ഭാവമെങ്കിൽ എല്ലാ വിപ്ലവ ഇടത് ജനാധിപത്യ ശക്തികളേയും ഐക്യപ്പെടുത്തി തക്ക മറുപടി നല്കുമെന്ന് പാർട്ടി സംസ്ഥാന ഗവർമ്മേന്റിന്ന് മുന്നറിയിപ്പു നല്കുന്നു.
                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                              കേന്ദ്രക്കമ്മിറ്റി.സി പി ഐ( എം എൽ).

2011 മാർച്ച് 16, ബുധനാഴ്‌ച

നക്സലൈറ്റുകളുടെ ചെലവിൽ ഊച്ചാളിയുടെ കരിങ്കാലി പ്രണാമം

കെ കരുണാകരന്‌ ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് നിയമസഭയില്‍ ഉമ്മന്‍ ചാണ്ടി ചെയ്തപ്രസംഗത്തില്‍
കരുണാകരന്റെ ചരിത്ര സംഭാവനയായി എടുത്തു പറയുന്നത് നക്സലൈറ്റുകളില്‍ നിന്ന് അദ്ദേഹം
കേരളത്തെ മോചിപ്പിച്ചു എന്നതാണ്.
രാജന്‍ സംഭവം അടക്കമുള്ള അടിയന്തിരാവസ്ഥകാലത്തേയും കക്കയം ക്യാമ്പ് അടക്കമുള്ള പോലീസ് കേന്ദ്രങ്ങളിലെ നരമേധത്തേയും ,വര്‍ഗ്ഗീസിനോട് കാണിച്ച മഹാക്രൂരതയേയുമാണു കരുണാകരന്റെ പേരില്‍ 
ഉമ്മന്‍ ന്യായീകരിച്ചത്.
ആരായിരുന്നു ഈ കരുണാകരന്‍?
കേരളത്തിലെ വലതുപക്ഷ-പിന്തിരിപ്പന്‍ ഭരണവര്‍ഗ്ഗ കൂട്ടുകെട്ടിന്റെ അമരക്കാരനും
സര്‍ സിപിക്ക് ശേഷം കേരളം കണ്ട മര്‍ദ്ദകവീരനുമായിരുന്നു കെ കരുണാകരന്‍.
തൊഴില്‍ സമരങ്ങളെ തകര്‍ക്കാന്‍ തൊഴിലാളികളെ മുതലാളിമാര്‍ക്ക് കൂട്ടിക്കൊടുക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ
‘കരിങ്കാലി കരുണാകരന്‍ എന്ന കുപ്രസിദ്ധി നേടുകയുകയും
ക്രമേണ ഭരണവര്‍ഗ്ഗ രാഷ്ട്രീയത്തിലെ ലീഡറും ചാണക്യനും ഭീഷ്മാചാര്യനുമായി പട്ടം നേടുകയും ചെയ്ത
കരുണാകരനെ വേറിട്ടു നിര്‍ത്തിയത് അടിയുറച്ചതും അചഞ്ചലവുമായ കമ്യൂണിസ്റ്റ് വിരുദ്ധതയാണ്.
കമ്യൂണിസ്റ്റ് വിപ്ലവശക്തികള്‍ക്കും പുരോഗമനകാരികള്‍ക്കുമെതിരെ ഉദ്യോഗസ്ഥ മേധാവിത്വ-പോലീസ്-ക്രിമിനല്‍
സംഘം കെട്ടഴിച്ചുവിട്ട ഭരണകൂട ഭീകരതയുടെ രക്ഷാധികാരി കരുണാകരനായിരുന്നു.
കേരളത്തിലെ അഴിമതിക്കാരനും ജനമര്‍ദ്ദകരുമായ പോലീസ്-ഉദ്യോഗസ്ഥ മേധാവി വിഭാഗങ്ങളുടെ ആശ്രയവും അവസാനത്തെ അത്താണിയും കരുണാകരന്‍ തന്നെ.
വിമോചന സമരാനന്തരം തറപറ്റിയ കോണ്‍ഗ്രസ്സിനെ പുനരുജ്ജീവിപ്പിച്ച് അതിന്റെ നേതൃത്വത്തില്‍
യു ഡി എഫ് എന്ന ജാതി -മത-വര്‍ഗ്ഗീയ-പിന്തിരിപ്പന്‍ കാളീകൂളി സംഘത്തെ കേരള രാഷ്ട്രീയത്തില്‍ പ്രതിഷ്ടിക്കുന്നതിലും അതുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായിട്ടുള്ളരാഷ്ട്രീയാപചയത്തിലും കരുണാകരനുള്ള പങ്ക് അദ്വതീയമാണ്.
ഭരണ വര്‍ഗ്ഗ രാഷ്ട്രീയത്തിലേക്കുള്ള സി പി ഐ(എം)ന്റെ അപചയത്തിന്റെ തുടക്കമായ1967-ലെ ഇ എം എസ് മന്ത്രി സഭയില്‍ നിന്ന് സി പി ഐ യെ അടര്‍ത്തിയെടുത്ത് അച്യുതമേനോന്‍ മുഖ്യമന്ത്രിയായി സര്‍ക്കാര്‍ ഉണ്ടാക്കുന്നതിലും
ആ ഗവണ്മെന്റിന്റെ നേതൃത്വത്തില്‍ നടന്ന നക്സലൈറ്റ് വേട്ടയിലും അടിയാന്തിരാവസ്ഥക്കാലത്തെ ഇന്ദിരാഫാസിസം കേരളത്തില്‍ ആവിഷ്കരിക്കുന്നതിലും അക്കാലത്ത്
സ:രാജനെയടക്കം ഉരുട്ടിക്കൊല്ലുന്നതിലും അഴിമതി സ്ഥാപന വല്കരിക്കുന്നതിലും എല്ലാം കരുണാകരനുള്ള പങ്ക് ഭരണ വര്‍ഗ്ഗചരിത്രത്തിന്റെ ഭാഗമാണ്.
എല്ലായിനങ്ങളിലും പെട്ട കേരളത്തിലെ പിന്തിരിപ്പന്മാര്‍ കരുണാകരനെ ആചാര്യതുല്ല്യം കൊണ്ടാടുന്നതിന്റെ കാരണവും മറ്റൊന്നല്ല.
70 വര്‍ഷക്കാലത്തെ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ കമ്യൂണിസ്റ്റ് വിരുദ്ധതയിലും വലതുപക്ഷ-പിന്തിരിപ്പത്വത്തിലും അടിപതറാതെ ഉറച്ചു നിന്ന കരുണാകരന്‍
കമ്യൂണിസ്റ്റുകാരേയും പുരോഗമനശക്തികളേയും സംബന്ധിച്ചിടത്തോളം എല്ലാ അര്‍ത്ഥത്തിലുമൊരു ’നിഷേധാത്മകഗുരു‘ (negative teacher) വാണ്.
വലതുപക്ഷക്കാറ്റില്‍ ഇടതുപക്ഷക്കാരെന്ന് മേനി നടിക്കുന്ന പലരും അടിപതറുകയും കളം മാറി ചവിട്ടുകയും ചെയ്തപ്പോള്‍ തന്റെ ജനവിരുദ്ധ-പ്രതിലോമ നിലപാടുകളില്‍ അവസാനം വരെ ഉറച്ചു നിന്നുവെന്നതാണ് കരുണാകരന്‍ നല്കുന്ന പാഠം.
ഈ പാഠം ശരിയായി ഉള്‍ക്കൊള്ളുന്നതോടൊപ്പം ജനപക്ഷത്തു നില്ക്കുന്നവരാരും കരുണാകരന്റെ മരണത്തില്‍ ദു:ഖിക്കാന്‍ ബാധ്യസ്ഥരല്ലെന്ന കാര്യവും ഈ സന്ദര്‍ഭത്തില്‍ ഊന്നിപ്പറയേണ്ടതുണ്ട്.
പറഞ്ഞുവരുന്നത്,അല്ലെങ്കില്‍ പറയാന്‍ ഉദ്ദേശിച്ചത്:-
മൂത്തന്മാരുടെ ലീഡറായി കരിങ്കാലി കരുണാകരന്‍ കേരളത്തില്‍ വിലസിയകാലത്ത്
യൂത്തന്മാരുടെ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടിയെ വെറും ഊച്ചാളിയെന്നാണ് പലരും വിശേഷിപ്പിച്ചിരുന്നത്.
തന്റെ സില്ബന്ധികളായ പോലീസിലെ ക്രിമിനല്‍ സംഘത്തേയും അഴിമതി വീരന്മാരായ ഉദ്യോഗപ്രമാണിമാരേയും പണച്ചാക്കുകളേയും മത-വര്‍ഗ്ഗീയ പിന്തിരിപ്പന്‍ നേതൃത്വത്തേയുമെല്ലാം കൂട്ടിക്കെട്ടി അടിയന്തിരാവസ്ഥാകാലത്ത്
കരുണാകരന്‍ കേരളത്തില്‍ ഇന്ദിരാഫാസിസം അടിച്ചേല്പ്പിച്ചപ്പോള്‍
നിര്‍ബ്ബന്ധിത വന്ധ്യംകരണം അടക്കമുള്ള സജ്ഞയ് ഗാന്ധിയുടെ ഇരുപതിന പരിപാടിയിലെ ഇനങ്ങള്‍ മന:പാഠമാക്കുകയായിരുന്നു യൂത്തന്മാരുടെ പ്രധാനപണി.
മകന്‍ മുരളീധരനൊന്നും രാഷ്ട്രീയത്തിലേക്ക് കടന്നു വന്നിട്ടില്ലാത്ത അക്കാലത്ത്
ഭരണത്തിന്റെ നാലയലത്ത് പോലും ഉമ്മന്‍ ചാണ്ടിയടക്കമുള്ള യൂത്തന്മാരെ കരുണാകരന്‍ അടുപ്പിക്കുമായിരുന്നില്ല.
തന്നിമിത്തം കരുണാകരനെ നേരിടാനുള്ള ത്രാണിയോ കഴിവോ ഇല്ലാതിരുന്ന ഉമ്മനുംകൂട്ടരും
അയാള്‍ക്കെതിരെ കുശുമ്പു പറഞ്ഞു നടന്നിരുന്ന കാലമായിരുന്നു അത്.
എന്നാല്‍ പുത്രവാത്സല്യം കലശലായ കരുണാകരന്‍ തന്റെ പിന്‍ ഗാമിയായി മകന്‍ മുരളീധരനെ
കടത്തിക്കൊണ്ട് വന്നതോടെ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറി മറിയുകയും
ചെന്നിത്തലയടക്കമുള്ള കരുണാകര ശിഷ്യന്മാര്‍ മുരളിക്കെതിരേ കലാപക്കൊടിയുയര്‍ത്തുകയും ചെയ്തു.
ഈ സന്ദര്‍ഭം മുതലാക്കിയാണ് കുഴിയിലേക്ക് കാലുനീട്ടിത്തുടങ്ങിയ കരുണാകരനെ
ഒരു പരുവത്തിലാക്കി മൂലക്കിരുത്താന്‍ അതുവരെ വെറും ചണ്ടിയായിരുന്ന ഉമ്മനും കൂട്ടര്‍ക്കും
മനോരമയുടെ പിന്‍ ബലത്തില്‍ കഴിഞ്ഞത്.
കോണ്‍ഗ്രസ്സിലെ ഗ്രൂപ്പുകളുടെ ഈ നാറിയ ചരിത്രം മറച്ചുപിടിച്ചുകൊണ്ടാണ് ഇക്കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടി
കോട്ടയത്ത് കരുണാകര അനുശോചനം നടത്തിയത്.
എന്നുമാത്രമല്ല,മറ്റാരേക്കാളും കരുണാകരഭക്തി തനിക്കാണെന്നു തെളിയിക്കാനുമാണ് ഉമ്മന്‍ ശ്രമിച്ചത്.
കേരളീയര്‍ കരുണാകരനോട് ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് നക്സലൈറ്റുകളെ അടിച്ചമര്‍ത്തിയതിയതിന്റെ പേരിലാണെന്ന് ഉമ്മന്‍ തട്ടിവിട്ടത് ഈ സന്ദര്‍ഭത്തിലാണ്.
കേരളജനതയുടെ മുമ്പില്‍ കരുണാകരന്‍ ഏറ്റവും നികൃഷ്ടനും വെറുക്കപ്പെട്ടവനുമായത് അടിയന്തിരാവസ്ഥയില്‍ രാജനെ ഉരുട്ടിക്കൊന്നതടക്കം നക്സലൈറ്റുകളെ വേട്ടയാടിയതിന്റെ പേരിലാണെന്നറിഞ്ഞുകൊണ്ട്തന്നെ
ഇത്തരമൊരു പ്രസ്താവന ഉമ്മന്‍ നടത്തിയിരിക്കുന്നത് കരുണാകരനെപ്പോലെ താനും ഭരണവര്‍ഗ്ഗങ്ങള്‍ക്ക് പ്രിയങ്കരനായിരിക്കുമെന്ന് ബോധ്യപ്പെടുത്തുന്നതിന്ന് വേണ്ടിതന്നെയാണ്.
എന്നാലതേ സമയം, കമ്യൂണിസ്റ്റുകാരെ ഇല്ലാതാക്കാന്‍ ശ്രമിച്ച ‘സര്‍ സിപി’യേക്കാള്‍ രാഷ്ട്രീയമായി പുഴുത്തു നാറിയാണ് നക്സലൈറ്റുകളെ ഇല്ലാതാക്കാന്‍ ശ്രമിച്ച കരുണാകരന്‍ അവസാനിച്ചതെന്നും
ഭരണ വര്‍ഗ്ഗങ്ങളുടേയും അവരുടെ ചോറ്റുപട്ടികളുടേയും ഉറക്കം കെടുത്തിക്കൊണ്ട് നക്സലൈറ്റുകള്‍ മുന്നോട്ടുപോവുകയാണെന്നും ഉമ്മനും കൂട്ടരും അറിയുന്നത് നന്ന്.
ഇത്തരം പ്രസ്താവനയിലൂടെ ആത്മരതി കിട്ടുന്നുവെന്നതിന്നപ്പുറം കരുണാകരനും ഉമ്മനും പ്രതിനിധീകരിക്കുന്ന ഇന്ത്യന്‍ ഭരണകൂടത്തിന്
നക്സലൈറ്റുകളെ അടിച്ചമര്‍ത്താനാവില്ലെന്ന് അനുഭവങ്ങളിലൂടെ തിരിച്ചറിയുകയാണ് ഉമ്മന്‍ ചെയ്യേണ്ടത് എന്നാണ്.

2011 ഫെബ്രുവരി 23, ബുധനാഴ്‌ച

ഐസ്ക്രീം :കളവു പറയുന്നവരും സത്യംപറയാത്തവരും തമ്മിലുള്ള ചക്കളാത്തിപോരാട്ടം

(കുറച്ചുദിവസം മുമ്പ് ഞാന്‍ ഫൈസ് ബുക്കില്‍ ഇട്ട ഒരു പോസ്റ്റാണിത് അതിവിടേയും എടുത്തു ചേര്‍ക്കുന്നു.)

“പെണ്‍ വാണിഭകാരെ കസ്റ്റഡിയിലെടുക്കുമ്പോള്‍ തന്നെ കയ്യാമം വീണിരിക്കും.കയ്യാമം വെക്കുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്.അതുതന്നെയാണ്‌ ഇപ്പോഴും പറയുന്നത്.ഐസ്ക്രീം കേസിന്റെ വസ്തുതകള്‍ പയ്യെപ്പയ്യെ പുറത്തു വന്നിട്ടുണ്ട് രഹസ്യ സീഡിയും എന്നെ ഏല്പിക്കുമന്ന് പറഞ്ഞിട്ടുണ്ട്”എന്ന് VS....

നല്ലത് ഇത്തരം വിലപ്പെട്ട രേഖകള്‍ ഉത്തരവാദപ്പെട്ടവരെവേണമല്ലോ ഏല്പിക്കാൻ

ഒരിക്കല്‍,അതായത് കൃത്യമായി പറഞ്ഞാല്‍ 2005 ജനുവരി 31 ന്കൊട്ടിയം പീഡനക്കേസിലെ ഇര ഷൈനി കൊലചെയ്യപ്പെട്ടു,

അതിന്ന്ശേഷം ഒരാഴ്ച കഴിഞ്ഞ് 9-2-05ന് അന്നത്തെ മുഖ്യന്‍ ഉമ്മന്‍ ചാണ്ടിയുടെ കയ്യിലേക്ക്അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന അച്ചുതാനന്ദന്‍,കൊല്ലപ്പെട്ട ഷൈനിയുടെ അഭിമുഖം അടക്കമുള്ള വീഡിയോ സിഡി ഇതുപോലെ കൈമാറിയിരുന്നു.ആ സീഡി പിന്നീട് എവിടെപ്പോയി എന്ന് ഒരു വിവരവുമില്ല.

പ്രതികള്‍ സമര്‍ത്ഥമായി രക്ഷപ്പെട്ടു...

കിളിരൂര്‍ കവിയൂര്‍ കേസുകള്‍ പ്രഹസനമായി അവസാനിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ശാരി എസ് നായരുടെ അച്ഛനും മാധ്യമ-സാമൂഹ്യ പ്രവര്‍ത്തകരുടേയും സാന്നിദ്ധ്യത്തില്‍ഒരു നിവേദനം മുഖ്യമന്ത്രി വീ എസ്സിന്നും ആഭ്യന്തര മന്ത്രിക്കും സമര്‍പ്പിച്ചിരുന്നു.

എന്നിട്ടും വീ എസ്സ് പറഞ്ഞത് എനിക്ക് അങ്ങിനെ ഒരു സാധനം കിട്ടിയിട്ടില്ല എന്നാണ്...മാത്രമല്ല ഒരിക്കല്‍ ഒരു വി ഐ പി യെക്കുറിച്ചും വി എസ്സി ന്ന്ഇതുപോലൊരു പൊട്ടന്‍ കളി കളിക്കേണ്ടിവന്നതുമായ ദൃശ്യമാധ്യമ കാഴ്ച അത്ര പെട്ടെന്ന് മറക്കാന്‍ മാത്രം കാലമായിട്ടില്ലല്ലോ...

പറഞ്ഞുവരുന്നത് അല്ലെങ്കില്‍ പറയാന്‍ ഉദ്ദേശിച്ചത്:-

ഈ സീഡിയും രേഖകളും മുഖ്യമന്ത്രിയെ ഏല്പിക്കമന്നു പറഞ്ഞവര്‍ക്കും അറിയാം

ഇതിന്റേയും ഗതി അങ്ങിനെയൊക്കെ തന്നെ ആയിരിക്കുമെന്ന്.

അവരും അത്രയേ ആഗ്രഹിക്കുന്നുള്ളൂ.

അവരുടെ അജണ്ട തെരഞ്ഞെടുപ്പു മാത്രമാണല്ലോ.

ഏറെക്കുറെ ജനങ്ങള്‍ക്കും അത് മനസ്സിലാവുന്നുണ്ട്.

എന്നാലും മുഖ്യമന്ത്രി അതു ഏറ്റുവാങ്ങുക,

ഒന്നുമില്ലെങ്കിലും ഒരു ചുക്കും നടക്കാതിരിക്കുമ്പോള്‍

പത്രക്കാരുടെ ചോദ്യത്തിന്ന് മുന്നിലിരുന്നു വി എസ്സി ന് കളിക്കേണ്ടി വരുന്ന

(ഏതെങ്കിലും സ്ഥാനത്ത് ഉണ്ടെങ്കില്‍ ) പൊട്ടന്‍ കളിയിലെ തമാശ കണ്ട്

പൊട്ടിച്ചിരിക്കാനുള്ള ഒരു വകുപ്പുണ്ടാകുമല്ലോ,എന്നതാണ്.

2011 ഫെബ്രുവരി 21, തിങ്കളാഴ്‌ച

സുധാകരന്റെ വെളിപ്പെടുത്തൽ എന്തിന്?

ഇത് വെളിപ്പെടുത്തലുകളുടെ കാലമെന്നാണ് ബുദ്ധിജീവിഭാഷ്യം....
വര്‍ഗീസിനെ വെടിവെച്ചുകൊന്ന രാമചന്ദ്രന്‍ നായരില്‍ നിന്ന് തുടങ്ങി സുധാകരനില്‍ വരെ എത്തിനില്ക്കുന്ന വെളിപ്പെടുത്തലുകള്‍ക്ക് ദൃശ്യ-പത്രമാധ്യമങ്ങള്‍ക്കുണ്ടായത്ര നടുക്കം ജനങ്ങള്‍ക്കുണ്ടായില്ല എന്നതാണ് വസ്തുത.
ഇതിന്റെയൊക്കെ ഉള്ളുകള്ളികളും യാഥാര്‍ത്ഥ്യവും ഇതും ഇതിലപ്പുറവും രാജ്യത്തെ സാധാരണക്കാരനു് വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു,മനസ്സിലായിക്കഴിഞ്ഞിരുന്നു എന്നതും,
ഈ പുത്തന്‍ വെളിപാടുകാര്‍ക്കും അറിയാവുന്നത് പോലെ വെളിപ്പെടുത്തിയവന്റെ മനസ്സില്‍ ചില ലഡ്ഡുകള്‍ പൊട്ടുമെന്നല്ലാതെ മറ്റൊരു ചുക്കും സംഭവിക്കാന്‍ സാധ്യതയില്ലെന്ന തിരിച്ചറിവും ആണ് അടിസ്ഥാനകാരണം.
എങ്കിലും ഈ വെളിപ്പെടുത്തലുകളുകള്‍ക്കപ്പുറം ചിലതു വെളിവായിട്ടുണ്ടു എന്ന സാഹചര്യമാണു ഈ കുറിപ്പിന്നാധാരം.
ഇന്ത്യന്‍ ജുഡീഷ്യറിക്ക് സംഭവിച്ചിട്ടുള്ള ചില “പുഴുക്കുത്തു”കളെക്കുറിച്ച് കോടതിതന്നെ കുറ്റസമ്മതം നടത്തുമ്പോള്‍,ജുഡീഷ്യറി ലജിസ്ലേറ്റീവിന്നെതിരെ ശകാരം ചൊരിയുമ്പോള്‍ ഒരു കോടതിയലക്ഷ്യ സാദ്ധ്യതയില്ലാത്ത വിധത്തില്‍ഗൗരവപൂര്‍വ്വം ഈ വിഷയം ചര്‍ച്ച ചെയ്യചെയ്യപ്പെടേണ്ടതുണ്ട്.
തങ്ങളുടെ പ്രിയപ്പെട്ട നേതാക്കന്മാരുടെ അഴിമതിക്കേസ് ശിക്ഷിക്കപ്പെട്ടതിന്റെ പേരിലോ,കോടതിയുടെ അന്തസ്സിന്നും നീതി നിര്‍വ്വഹണ വ്യവസ്ഥക്കും അപമാനം വരുത്തിവെക്കുന്ന ചില ന്യായാധിപന്മാരുടെ പ്രശ്നമായും ഇതിനെ ലളിതവല്കരിക്കാന്‍ ശ്രമിക്കുന്നത് തെറ്റായിരിക്കും.
ജുഡീഷ്യറിയേക്കുറിച്ച് കേരളത്തിലെങ്കിലും നടക്കുന്ന ചര്‍ച്ചകള്‍ പലപ്പോഴും കേന്ദ്രീകരിക്കുന്നത് ന്യായാധിപന്മാരുടെ വ്യകതിപരമായ ദൗര്‍ഭല്യങ്ങളോ,വീഴ്ചകളോ,അഴിമതിയോ,നിലപാടുകളോ ആയി ബന്ധപ്പെടുത്തിയാണ്,
ഈ രീതിയിലുള്ള വിമര്‍ശനം ഉന്നയിക്കുന്നവര്‍ കോടതികള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ആഗോളമാറ്റങ്ങളെ മറച്ചു വെച്ച് ഫലത്തില്‍ ഇന്നത്തെ അവസ്ഥയിലേക്ക് കൊണ്ടെത്തിച്ച സാഹചര്യത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.
ലോകവ്യാപകമായി നീതിന്യായവ്യവസ്ഥക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളേയും അതിന്റെ ഇന്ത്യന്‍ പ്രതിഫലനങ്ങളേയും കാണാതിരിക്കുന്നത് നമ്മുടെ ജുഡീഷ്യറി ഇന്നെത്തിച്ചേര്‍ന്ന അവസ്ഥയില്‍ നിന്നും കരകയറാനുള്ള സാഹചര്യം ഇല്ലാതാക്കും.
അമേരിക്കന്‍ നേതൃത്വത്തിലുള്ള സാമ്രാജ്യത്വവുമായി ഉല്‍ഗ്രഥിച്ചുകഴിഞ്ഞ ഇന്ത്യന്‍ ഭരണകൂടവും അതിന്റെ സമ്പദ് വ്യ്വസ്ഥയും നാനാതരത്തിലുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണ്.
ഇന്ത്യന്‍ ഭരണവര്‍ഗ്ഗ രാഷ്ട്രീയത്തിലെ ഉന്നതനേതൃത്വങ്ങളുടെ അഴിമതിയും ക്രിമിനലീകരണവും പലപ്പോഴായി തുറന്നുകാടിയെന്ന ശ്ലാഘനീയമായ ചില സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവസാനത്തെ അഭയകേന്ദ്രം കോടതിയാണെന്ന വീക്ഷണത്തിന്ന് ശക്തിപകര്‍ന്നിട്ടുണ്ട് എന്നും കരുതാവുന്നതാണ്.
എക്സിക്യുട്ടീവിന്റെമേല്‍ ജുഡീഷ്യറിക്കുണ്ടാകുന്ന ഈ മേല്ക്കൈ ആത്യന്തികമായി ഇത്യന്‍ ഭരണകൂടത്തിന്റേയും ഭരണഘടനയുടേയും ദുര്‍ബ്ബലാവസ്ഥയാണ് പ്രതിഫലിക്കുന്നത് എന്ന് നാം തിരിച്ചറിയണം.
ബൂര്‍ഷ്വാ ജനാധിപത്യവിപ്ലവങ്ങളുടെ വിജയത്തേതുടര്‍ന്ന് അതിന്റെ ഭാഗമായി രൂപംകൊണ്ടിട്ടുള്ള പാശ്ചാത്യ മുതലാളിത്ത ഭരണകൂടസ്ഥാപനങ്ങളും അവയുടെ പാര്‍ലമെന്ററി വ്യവസ്ഥയുമായി താരതമ്യപ്പെടുത്തി നമ്മുടെ രാജ്യത്തെ പാര്‍ലമെന്റിനേയും ഭരണകൂട സ്ഥാപനങ്ങളായ ജുഡീഷ്യറിയേയും പരിശോധിക്കുന്നത്,
പ്രത്യേകിച്ച്.സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ ഈ ഘട്ടത്തില്‍ ശരിയായിരിക്കില്ല.
ഉദാഹരണത്തിന്ന് ‘ഗരീബി ഹഠാവോ’ വിന്റെ മറ പിടിച്ച് ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ എല്ലാ മൂടു പടങ്ങളും വലിച്ചെറിഞ്ഞ് ഇന്ദിരാഗാന്ദി അടിച്ചേല്പിച്ച അടിയന്തിരാവസ്ഥയെ കോടതി പിന്തുണക്കുകയും
മൗലികാവകാശങ്ങള്‍ പോലും റദ്ദ് ചെയ്ത ആ ഫാഷിസ്റ്റ് നടപടിയെ ഭരണഘടനാപരമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
പാര്‍ലമെന്റിനോട് പോലും ആലോചിക്കാതെ എക്സിക്യുട്ടീവ് ഗാട്ടുകരാറില്‍ ഒപ്പ് വെച്ചപ്പോഴും ഇക്കാര്യം വളരെ വ്യക്തമാക്കപ്പെട്ടിരുന്നു.
ജനപ്രതിനിധി സഭയുടെ അംഗീകാരമില്ലാതെ എക്സിക്യുട്ടീവ് ഒപ്പു വെക്കുന്ന അന്താരാഷ്ട്ര ഉടമ്പടികള്‍ രാജ്യത്തിന്ന് ബാധകമല്ലെന്ന നിലപാടുള്ള ഭരണ ഘടനകളാണ് അമേരിക്കയിലേയും ബ്രിട്ടനേയും പോലുള്ള സാമ്രാജ്യത്വ ഭരണകൂടങ്ങള്‍ക്കുള്ളത്.
1935-ലെ ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കിയ ഗവര്‍മേന്റ് ഓഫ് ഇന്ത്യ ആക്റ്റിന്റെ 250 വകുപ്പുകള്‍ മാറ്റമൊന്നും വരുത്താതെ ഉള്‍ച്ചേര്‍ത്ത് ഉണ്ടാക്കിയതാണ് ഇന്ത്യന്‍ ഭരണഘടന.
അടിസ്ഥാന പരമായ ഈ ദൗര്‍ബ്ബല്യമാണ്‌ സാമ്രാജ്യത്വ മൂലധനത്തിനെ തിരെ നിലപാടെടുക്കാന്‍ ആവശ്യമായ വ്യവസ്ഥകള്‍പോലും ഇല്ലാത്ത ഒന്നാക്കി ഇന്ത്യന്‍ ഭരണഘടനയെ മാറ്റിതീര്‍ത്തിട്ടുള്ളത് എന്ന് പലരും ചൂണ്ടിക്കാണിച്ചിരുന്നു.
അപ്പോഴും ഈ ദൗര്‍ബ്ബല്യത്തെ ചൂണ്ടിക്കാണിക്കാന്‍ സുപ്രീം കോടതി തയാറായില്ല.
എന്നാല്‍ ഇക്കാലയളവില്‍ പ്രകടമാക്കിയ ജുഡീഷ്യല്‍ ആക്റ്റീവിസം ഇതര ഭരണകൂടസ്ഥാപനങ്ങളായ എക്സിക്യുട്ടീവിനേയും,നിയമനിര്‍മ്മാണ സഭകളേയും പിന്നിലാക്കികൊണ്ട് ആഗോളവല്കരണത്തിന്റെ താല്പര്യങ്ങള്‍ക്കായി കോടതികള്‍ മുന്നോട്ട് വരുന്നതായി കാണുന്നു.
ഇത് ആഗോളമൂലധനത്തിനും അവര്‍ക്ക്സേവചെയ്യുന്ന രാഷ്ട്രീയനേതൃത്വത്തിനും ഏറ്റവും ഗുണകരമായ സാഹചര്യം ദൃഷ്ടിക്കുന്നു.
WTO-GATS സംവിധാനങ്ങള്‍ നിലവില്‍ വരികയും അതിന്റെ അടിസ്ഥാനത്തില്‍ വിവിധരാജ്യങ്ങളിലെ ഭരണഘടനയും നിയമ തത്വസംഹിതകളും മാറ്റങ്ങള്‍ക്ക് വിധേയമാകുകയും ചെയ്തു.
ജുഡീഷ്യറിയില്‍ മാറ്റം വരുത്താന്‍ പ്രേരിപ്പിക്കുകയും കോടതികള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന സമീപനങ്ങളില്‍ പൊളിച്ചെഴുത്തുകള്‍ ആവശ്യപ്പെടുകയും ചെയ്തു.
നിലനില്ക്കുന്ന സാമൂഹ്യ ഉത്തരവാദിത്വ സങ്കല്പങ്ങളും നീതിയുടെ പ്രശ്നങ്ങളും പൂര്‍ണ്ണമായും അട്ടിമറിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു.
കോടതിവ്യവഹാരങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പദാവലികള്‍ അന്താരാഷ്ട്ര ധനകാര്യ ഏജന്‍സികള്‍ മുന്നോട്ടുവെക്കുന്ന തരത്തില്‍ പരിഷ്കരിക്കപ്പെട്ടു.
കാഴ്ചപ്പാടുമാറി. നിലനില്ക്കുന്ന ആഗോളീകരണ സമ്പദ് ക്രമവും അതിന്റെ പ്രത്യയശാത്രവും കോടതിവിധികളിലൂടെ പുറത്തുവരാന്‍ തുടങ്ങി.
അന്താരാഷ്ട്ര ജുഡീഷ്യല്‍ സമ്മേളനങ്ങളും ചര്‍ച്ചകളും ലോകവ്യാപകമായി നടക്കുന്നു.
ഓരോ രാജ്യത്തേയും നീതി നിര്‍വ്വഹണ സംവിധാനങ്ങള്‍ എങ്ങിനെയാണ് മാറ്റിതീര്‍ക്കേണ്ടത് എന്നു തീരുമാനിക്കുന്നത് അതാത് രാജ്യങ്ങളിലെ ഭരണകൂടങ്ങളോ,ന്യായാധിപന്മാരോ അല്ലാതായി.
മറിച്ച് ഈ സമ്മേളനങ്ങളും ചര്‍ച്ചകളും ആയിതീര്‍ന്നു.
ഭൂട്ടാനില്‍ 2005 ജൂലൈമാസം നടന്ന saarc നിയമസമ്മേളനത്തില്‍ (saarc Low Meet) ADB യുടേ

യും ലോകബാങ്കിന്റേയും പ്രതിനിധികള്‍ പങ്കെടുത്തു.
saarc രാജ്യങ്ങളില്‍ ഉണ്ടാക്കേണ്ട നിയമ നിര്‍മ്മാണത്തേക്കുറിച്ചും WTO യുമായും വിദേശമൂലധനത്തേക്കുറിച്ചുള്ള നിയമ വശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്നും ഈ പ്രതിനിധികളാണ് നേതൃത്വം നല്കുന്നത്.
south asia യിലെ നിയമ സംവിധാനം പരിഷ്കരിക്കുന്നതിനേക്കുറിച്ച് ADB അതിയായ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.
saarc law,ഭൂട്ടാന്‍ ചാപ്റ്റര്‍ പ്രസിഡന്റിന്റെ അഭിപ്രായത്തില്‍ സാര്‍ക്ക് രാജ്യങ്ങളിലെ പദ്ധതികളുമായി ADB ക്ക് അബേദ്ധ്യബന്ധമുള്ളത് കൊണ്ട് ADB യുടെ ഈ താല്പര്യം എല്ലാ രാജ്യങ്ങള്‍ക്കും പ്രയോജനപ്രദമാണ്.
ഇതിനു മുമ്പും ഫിലിപ്പീന്‍സിലും ഇതുപോലുള്ള അന്താരാഷ്ട്ര ജുഡീഷ്യല്‍ ചര്‍ച്ചകള്‍ നടക്കുകയുണ്ടായി.
അന്താരാഷ്ട്ര ധനകാര്യ ഏജന്‍സികളുടെ പങ്കാളിത്തമാണ് ഈ സമ്മേളനങ്ങളില്‍ ശ്രദ്ധേയമാവുന്നത്.
നിയമനിര്‍മ്മാണ സംവിധാനം എങ്ങിനേയാണ് രാജ്യങ്ങളില്‍ നടപ്പിലാക്കേണ്ടത് എന്ന് WTOയുടെ മുന്‍ കയ്യില്‍ ഇങ്ങനെ അസൂത്രണം ചെയ്യപ്പെടുന്നുണ്ട്.
“ഗ്ളോബലൈസ്ഡ് ജസ്റ്റിസ്” എന്ന് നാമകരണം ചെയ്യപ്പെടുന്ന ഈ സംവിധാനം സാമൂഹ്യനീതിയെക്കുറിച്ചാണ് പ്രതിജ്ഞാബദ്ധതയാണ് ഉറപ്പിക്കുന്നത്.
ലോകത്ത് ആവിഷ്കരിക്കപ്പെടുന്ന പേറ്റന്റ് നിയമവും IPRനിയമങ്ങളും ഇതു തന്നെയാണ് വെളിപ്പെടുത്തുന്നത്.
മുമ്പ് പരിഗണിച്ചിരുന്ന സമൂഹത്തിന്റെ പൊതു താല്പര്യങ്ങള്‍ കോടതികള്‍ നിരാകരിക്കുന്നു.
American Judicial Trendsപലരാജ്യങ്ങളിലേക്കും ഇറക്കുമതി ചെയ്യാപ്പെടുന്നു.
ബഹുരാഷ്ട്ര കുത്തകകള്‍ക്കും വിദേശമൂലധന സക്തികള്‍ക്കും അനികൂലമായ കോടതി വിധികളാണ് ലോകത്ത് തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നത്.
കുത്തകകള്‍ക്കും വ്യക്തികള്‍ക്കുമുള്ള പ്രാധാന്യം സമൂഹത്തിന്റെ പൊതുതാല്പര്യത്തിന്ന് ലഭിക്കുന്നില്ല.
ശാസ്ത്രസാങ്കേതിക വിദ്യാരംഗം പൂര്‍ണ്ണമായും സ്വകാര്യവല്കരിക്കപ്പെടുകയും ബഹുരാഷ്ട്രകുത്തകകളെ ഏല്പിക്കുകയും ചെയ്യുക എന്ന സാമ്രാജ്യത്വ ആഗോളീകരണ താല്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് കോടതികള്‍ വിധിപ്രസ്ഥാവ പണിയിലൂടെ ചെയ്യുന്നത്.
ഇത്തരമൊരു ലോക സാഹചര്യത്തില്‍ നിന്നാണ് 90 കള്‍ക്ക് ശേഷമുള്ള ഇന്ത്യന്‍ ജുഡിഷ്യറി അനുഭവങ്ങളെ നാം വായിച്ചെടുക്കേണ്ടത്.
1996 മാര്‍ച്ച് മാസത്തില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് കൂലിനിഷേധിക്കുന്ന മാനേജ്മെന്റിന്റെ നിലപാടിനെ ശരിവെച്ചുകൊണ്ട് ബോംബേ ഹൈക്കോടതി നടത്തിയ വിധിപ്രസ്താവം ,
വ്യവസായ-തൊഴില്‍തര്‍ക്ക നിയമത്തിന്റെ വെളിച്ചത്തില്‍ വ്യവസായക്കോടതിയുടെ പൂര്‍ണ്ണമായ അധികാരപരിധിയില്‍ പൊടുന്നതും അതിന്‍ പ്രകാരം ആ കോടതി തൊഴിലാളികള്‍ക്ക് അനുകൂലമായി വിധിയെഴുതുകയും ചെയ്ത ഒരു കേസിലാണ് ജുഡീഷ്യല്‍ ആക്റ്റീവിസം പ്രകടമാക്കികൊണ്ട് ഹൈക്കോടതിയുടെ ഭാഗത്തുനിന്നും ഇന്ത്യയിലെ തൊഴിലാളി വര്‍ഗ്ഗത്തെ സംബന്ധിച്ചിടത്തോളം ദൂരവ്യാപകമായി പ്രത്യാഘാതമുണ്ടാക്കുന്ന ഈ വിധിയുണ്ടായത്.
ആഗോളമൂലധനത്തിന്റെ പ്രലോഭനങ്ങള്‍ക്കടിപ്പെട്ടു രാജ്യത്തെ ഉന്നത നീതിപീഠം സ്വയം വില്ക്കാന്‍ തയ്യാറായതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഭോപ്പാലില്‍ കൂട്ടക്കൊലനടത്തിയ യൂണിയണ്‍കാര്‍ബൈഡുമായി കോടതിനടപടികള്‍ക്ക് പുറത്ത് അതുണ്ടാക്കിയ ഉടമ്പടി.
തുടക്കത്തില്‍ യൂണിയണ്‍ കാര്‍ബൈ
ഡ് തരാമെന്നേറ്റ നഷ്ടപരിഹാരത്തുകയേക്കാള്‍ വളരെ ചെറിയ ഒരു തുകയ്ക്കാണ് ചരിത്രത്തിലെ ഏറ്റവും വലിയ വ്യാവസായികകൂട്ടക്കൊല നടത്തിയ ആ ബഹുരാഷ്ട്രകുത്തകയെ അന്ന് കോടതി രക്ഷപ്പെടുത്തിയത്.
ലോകബാങ്കിന്റെ വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി ഊഹക്കച്ചവടമൂലധനത്തിന്ന് വന്‍ തോതില്‍ കൊള്ളലാഭമുണ്ടാക്കാനവസര മൊരുക്കുന്ന സ്വശ്രയകോഴ്സുകളുടെ ഭരണഘടനാ സാദ്ധ്യതയെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഒരു ഹര്‍ജിയില്ന്മേല്‍ ഗവര്‍മേണ്ടിന്ന് പണമില്ലാത്ത സ്ഥിതിക്ക് സ്വാശ്രയകോഴ്സുകള്‍ ശരിയായ നടപടിയും അനുകരണീയവുമായ മാതൃകയാണെന്നും വിധിപറഞ്ഞ് സുപ്രീം കോടതി രംഗത്തുവന്നു.
ആഗോളവല്കരണത്തിന്റെ മുഖ്യനടത്തിപ്പുകാരനായ മന്മോഹന്‍സിംങ്ങിന്റെ വ്യജസത്യവാംഗ് മൂലത്തിന്റെ മേല്‍ ഗോഹട്ടി ഹൈക്കോടതിയെടുത്ത തീരുമാനം അധികാരകൈമാറ്റത്തിന്ന് ശേഷമുണ്ടായ ഏറ്റവും ജനദ്രോഹ സാമ്പത്തിക നയങ്ങള്‍ക്ക് നേതൃത്വംകൊടുത്തയാളെന്ന നിലക്ക് നേരിട്ടൊരു തെരഞ്ഞെടുപ്പില്‍ ജനങ്ങളെ അഭിമുഖീകരിക്കുന്നതിന്ന് ദൈര്യമില്ലാതിരുന്ന മന്മോഹന്‍സിംഗ് ആസ്സാമില്‍നിന്ന് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത് ആ സംസ്ഥാനത്തെ സ്ഥിരതാമസക്കാരനാണെന്ന പേരിലായിരുന്നു.
ഇതേ സബന്ധിച്ച് കേസില്‍ താന്‍ ആസാമിലെ ഒരു വോട്ടറാണെന്ന കള്ള സത്യവാങ്മൂലം മന്മോഹന്‍സിഗ് നല്കുകയും അത് മുഖവിലക്കെടുത്ത് ഈ കേസ്സുമായി ബന്ധപ്പെട്ട എല്ലാനടപടികള്‍ക്കും ഗോഹട്ടി ഹൈക്കോടതി വിരാമമിട്ടു.
സംശുദ്ധമായ തെരഞ്ഞെടുപ്പുകള്‍ നടത്തി ഇന്ത്യന്‍ ജനാധിപത്യത്തെ ശുദ്ധീകരിക്കാനിറങ്ങിത്തിരിച്ചിരുന്ന ശേഷനാകട്ടെ ഈ കേസ്സ് തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോകാന്‍ തയ്യാറാകാതെ അര്‍ത്ഥഗര്‍ഭമായി മൗനം പാലിച്ചു.
സംവരണത്തിന്റെ പേരില്‍ ഇന്ത്യിലെ ഭരണവിഭാഗങ്ങള്‍ പരസ്പരമേറ്റുമുട്ടിയ പശ്ചാത്തലത്തില്‍ ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമായ ഒരു വിധിയും സുപ്രീം കോടതിയുടെ ഭാഗത്തു നിന്നുണ്ടായി.
സാമൂഹ്യ ഉച്ഛ-നീചത്വങ്ങള്‍ പരിഹരിക്കാനുള്ള ഒരു ഉപാധിയെന്ന നിലയിലാണ് സംവരണാവകാശങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതെന്ന് പൊതുവേ അംഗീകരിക്കപ്പെട്ടതാണ്.
എന്നാല്‍ ക്രിമീലെയറിന്ന് സംവരണം പാടില്ലെന്ന വ്യാജേന സാമ്പത്തികമാനദണ്ഡം കൂടി സംവരണത്തിലുള്‍പ്പെടുത്തികൊണ്ട് അതിന്റെ ഭരണഘടനാപരമായ അന്തസ്സത്തയെ തന്നെ നിഷേധിക്കുന്ന ഒരു സമീപനം വളരെ വിദഗ്ദമായി കടത്തിക്കൊണ്ടു വരികയായിരുന്നു സുപ്രീം കോടതി.
പ്ലാച്ചിമടയിലെ നിവാസികള്‍ക്കും കൊക്കക്കോളക്കും ഒരു പോലെ ജലവിഭവ ചൂഷണത്തിന്ന് അവകാശമുണ്ടെന്ന ഹൈക്കോടതി പ്രഖ്യാപനം ഭൂഗര്‍ഭജലത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് നിലവിലുള്ള indian casement Actപോലും പരിഗണിക്കാന്‍ തയാറായില്ലെന്നത് പല പ്രശസ്ത ന്യായാധിപന്മാരും വിമര്‍ശനമായി ഉന്നയിച്ചിരുന്നു.
ലാഭേച്ഛമാത്രം ലക്ഷ്യം വെച്ചുള്ള ഈ വികസനകാഴ്ചപ്പാടിനെ ഉറപ്പിക്കുകയാണ് നര്‍മ്മദാ-കൊക്കക്കോളാ വിധിയിലൂടെ കോടതി ചെയ്തത്.
ജനാധിപത്യ സ്ഥാപനങ്ങളേയും പ്രക്രിയകളേയും തകര്‍ക്കുക എന്ന സമീപനത്തിന്റെ ഭാഗമായി വിദേശ മൂലധനശക്തികള്‍ ഇന്ന് രാജ്യത്തിന്റെ വിവിധമേഖലകളില്‍ ഇടപെട്ടുകൊണ്ടിരിക്കുമ്പോള്‍
എല്ലാ രീതിയിലുമുള്ള സമരങ്ങളേയും പണിമുടക്കുകളേയും,പൊതുയോഗങ്ങളേയും,പ്രകടനങ്ങളേയും കോടതികള്‍ നിഷേധിക്കുന്നു.
industrial Dispute Act(1947)ന്റെ 33 -ആം വകുപ്പ് squashചെയ്ത കോടതി കുത്തകകളുടെ താല്പര്യം മാത്രമാണ് സംരക്ഷിക്കുന്നത്.
കോണ്‍ ട്രാക്റ്റ് ലേബറിനെ നിലനിര്‍ത്താനുള്ള പഴയ കോടതിവിധി തിരുത്തപ്പെട്ടിരിക്കുന്നു.
നിരവധി ഫാക്റ്ററികള്‍ അടച്ചു പൂട്ടുകയും പരസ്സതം തൊഴിലാളികള്‍ പട്ടിണിയുടെ തടവറയിലേക്ക് തള്ളപ്പെടുകയും ചെയ്തിട്ടുണ്ട്.
ആയിരക്കണകിന്ന് കര്‍ഷകര്‍ കടബാധ്യതകൊണ്ട് ആത്മഹത്യചെയ്യാന്‍ നിര്‍ബ്ബന്ധിതരായിട്ടുണ്ട്
വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ചത്,വിദ്യാര്‍ത്ഥീപ്രക്ഷോഭങ്ങള്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് അവകാശം നിഷേധിക്കുന്നു.
കാലാകാലമായി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട വിഭാഗത്തിനു ഏതെങ്കിലും രീതിയിലുള്ള പരിരക്ഷ കൊടുക്കാന്‍ ശ്രമിക്കുമ്പോള്‍ 'Merrit 'ന്റെയും Quality യുടെയും ഔന്നത്യത്തെക്കുറിച്ചുമുള്ള പ്രസ്താവനകളാണ് സവര്‍ണ്ണ ലോബിയോടൊപ്പം കോടതികളും ആവര്‍ത്തിക്കുന്നത്.(കൃഷി ഭൂമി കൃഷി ചെയ്യാന്‍ കഴിവുള്ളവന്നു കൊടുക്കണം എന്നനിര്‍ദ്ദേശം ഈ സവര്‍ണ്ണ ഫൂഡല്‍പ്രമാണിമാരെ കൊണ്ട് അംഗീകരിപ്പിക്കുമോ എന്ന ചോദ്യം കോടതി കേട്ടില്ല )
ഉന്നത വിദ്യാഭ്യാസം മുഴുവനും പണമുള്ളവന് റിസര്‍വ്വ് ചെയ്യുന്ന രീതിയിലേക്കു സെല്‍ഫ് ഫൈനാന്‍സ്‌ സ്ഥാപനങ്ങള്‍ക്ക് പച്ചക്കൊടി കാണിക്കുമ്പോള്‍ കോടതികള്‍ക്ക് 'കഴിവിനെ' ക്കുറിച്ച്
ഉല്ക്കണ്ഠ ഉണ്ടാവുന്നില്ല .
എന്തുകൊണ്ട് ടാലന്റ് ഇല്ലാത്ത പണമുള്ള വന്ന്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നു എന്ന ചോദ്യവും കോടതി കേട്ടില്ല.
ജന്മിത്തതിന്നെതിരായ നാമമാത്ര ഭൂപരിഷ്കരണം പോലും സ്വകാര്യസ്വത്തിന്റെ പവിത്രതയുടെ പേരില്‍ കോടതികള്‍ അനുവദിക്കാതിരുന്ന സന്ദര്‍ഭത്തിലായിരുന്നു
കോടതിയിടപെടലുകളെ ഒഴിവാക്കുന്ന 9-ആം പട്ടിക 1951 ലെ ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമായത്.
തുടര്‍ന്ന് ക്ഷേമരാഷ്ട്രകാലം തീരുന്ന 1970 വരെ ഈ ഭരണഘടനാ ഭേദഗതിയെ ചോദ്യം ചെയ്യാന്‍ കോടതി തയ്യാറാകുമായിരുന്നില്ല.
ഇതിലേറ്റവും പ്രധാനപ്പെട്ടത് ഭരണഘടനയിലെ അല്ഘനീയതയുടെ പേരില്‍ ഒമ്പതാം ഷെഡ്യൂളില്‍ പെടുത്തിയ ഓരോ നിയമവും പുന:പരിശോധനക്ക് വിധേയമാക്കുമെന്ന സുപ്രീം കോടതിയുടെ വിധി പ്രകാരം
ദരിദ്ര ജനങ്ങള്‍ക്കും പാര്‍ശ്വവല്ക്കരിക്കപ്പെട്ടവര്‍ക്കും സാമൂഹ്യ നീതി കൊണ്ടുവാരാനെന്ന പേരില്‍ 1973 നു ശേഷം ഒമ്പതാം പട്ടികയില്‍ പെടുത്തിയ 284 നിയമങ്ങള്‍ പുന:പരിശോധനാ ഭീഷണി നേരിടുകയാണ് .
ജനാധിപത്യ സ്ഥാപനങ്ങളേയും പ്രക്രിയകളേയും തകര്‍ക്കുക എന്ന സമീപനത്തിന്റെ ഭാഗമായി വിദേശ മൂലധനശക്തികള്‍ ഇന്ന് രാജ്യത്തിന്റെ വിവിധമേഖലകളില്‍ ഇടപെട്ടുകൊണ്ടിരിക്കുമ്പോള്‍
സ്പെഷല്‍ ഇക്കണോമിക്ക് സോണുകളുടെ ശൃംഖലകള്‍ രാജ്യവ്യാപകമായി ആരംഭിക്കാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തില്‍,ഭൂപരിഷ്കരണ നിയമങ്ങള്‍പോലും സംരക്ഷിക്കപ്പെടാനുള്ള സാദ്ധ്യതയാണ് ഈ വഴി തകര്‍ക്കപ്പെടുന്നത്.
അയോദ്ധ്യാ വിധിയടക്കമുള്ള എത്ര യെത്ര വിധികള്‍ ഇങ്ങനെ ....
. പറഞ്ഞുവരുന്നത് അല്ലെങ്കില്‍ പറയാന്‍ ഉദ്ദേശിച്ചത്:-
സാമ്രാജ്യത്വത്തിന്റേയും-ദല്ലാള്‍ ഉദ്യോഗസ്ഥമേധാവിത്വ മുതലാളിത്തത്തിന്റേയും ജന്മിവാടുവാഴിത്തത്തിന്റെയും താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന
ഇന്ത്യന്‍ഭരണകൂടത്തിന്റെ മൂന്ന് അവിഭാജ്യഘടകങ്ങളാണ്. ലജിസ്ലേച്ചറും എക്സിക്യുട്ടീവും ജുഡീഷ്യറിയും.
ഈ മൂന്നു ഭരണകൂടസ്ഥാപനങ്ങള്‍ തമ്മിലുള്ള .അതിര്‍ത്തി തര്‍ക്കങ്ങള്‍‘ ബൂര്‍ഷ്വാപാര്‍ലമെന്റെറി വ്യവസ്ഥയുടെ ഭാഗവുമാണ് ബൂര്‍ഷ്വാജനാധിപത്യം നിലനില്ക്കുന്ന മറ്റുരാജ്യങ്ങളിലെന്ന പോലെ ഈ മൂന്ന് ഭരണകൂട സ്ഥാപനങ്ങള്‍ തമ്മില്‍ സ്വാഭാവികമായി ഉണ്ടാവുന്ന’ഏറ്റുമുട്ടലുകള്‍‘
ഭരണവര്‍ഗ്ഗങ്ങളുടെ താല്പര്യങ്ങള്‍ക്കനു സൃതമായി ഇന്ത്യയിലും പരിഹരിക്കപ്പെടുന്നതാണ് പൊതുരീതി.
അതായത് വ്യവസ്ഥക്ക് കോട്ടം തട്ടുകയോ ഭരണവര്‍ഗ്ഗ താല്പര്യങ്ങള്‍ക്ക് ഹാനികരമാവുകയോ ചെയ്യുന്ന അവസ്ഥയിലേക്ക് ഇവ തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ വളരാറില്ലെന്ന് അര്‍ത്ഥം.
സുദാകരന്‍ പാര്‍ലമെന്റിന്ന് പുറത്ത് നടത്തിയ ഈ വെളിപ്പെടുത്തലില്‍ ഇങ്ങിനെ ഒരു ആഗോള പൊതു പശ്ചാലത്തലമില്ല ഈ മേഖലയിലെ ഏതെങ്കിലും അടിയന്തര വിഷയം പരിഹാരം കാണുന്നതിനോ വേണ്ടിയു മായിരുന്നില്ല .എങ്കിലും,
ജനാധിപത്യ വിശ്വാസികള്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ ഇതുകൂടി കണക്കിലെടുക്കണം എന്നാണ്.