2011, മാർച്ച് 16, ബുധനാഴ്‌ച

നക്സലൈറ്റുകളുടെ ചെലവിൽ ഊച്ചാളിയുടെ കരിങ്കാലി പ്രണാമം

കെ കരുണാകരന്‌ ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് നിയമസഭയില്‍ ഉമ്മന്‍ ചാണ്ടി ചെയ്തപ്രസംഗത്തില്‍
കരുണാകരന്റെ ചരിത്ര സംഭാവനയായി എടുത്തു പറയുന്നത് നക്സലൈറ്റുകളില്‍ നിന്ന് അദ്ദേഹം
കേരളത്തെ മോചിപ്പിച്ചു എന്നതാണ്.
രാജന്‍ സംഭവം അടക്കമുള്ള അടിയന്തിരാവസ്ഥകാലത്തേയും കക്കയം ക്യാമ്പ് അടക്കമുള്ള പോലീസ് കേന്ദ്രങ്ങളിലെ നരമേധത്തേയും ,വര്‍ഗ്ഗീസിനോട് കാണിച്ച മഹാക്രൂരതയേയുമാണു കരുണാകരന്റെ പേരില്‍ 
ഉമ്മന്‍ ന്യായീകരിച്ചത്.
ആരായിരുന്നു ഈ കരുണാകരന്‍?
കേരളത്തിലെ വലതുപക്ഷ-പിന്തിരിപ്പന്‍ ഭരണവര്‍ഗ്ഗ കൂട്ടുകെട്ടിന്റെ അമരക്കാരനും
സര്‍ സിപിക്ക് ശേഷം കേരളം കണ്ട മര്‍ദ്ദകവീരനുമായിരുന്നു കെ കരുണാകരന്‍.
തൊഴില്‍ സമരങ്ങളെ തകര്‍ക്കാന്‍ തൊഴിലാളികളെ മുതലാളിമാര്‍ക്ക് കൂട്ടിക്കൊടുക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ
‘കരിങ്കാലി കരുണാകരന്‍ എന്ന കുപ്രസിദ്ധി നേടുകയുകയും
ക്രമേണ ഭരണവര്‍ഗ്ഗ രാഷ്ട്രീയത്തിലെ ലീഡറും ചാണക്യനും ഭീഷ്മാചാര്യനുമായി പട്ടം നേടുകയും ചെയ്ത
കരുണാകരനെ വേറിട്ടു നിര്‍ത്തിയത് അടിയുറച്ചതും അചഞ്ചലവുമായ കമ്യൂണിസ്റ്റ് വിരുദ്ധതയാണ്.
കമ്യൂണിസ്റ്റ് വിപ്ലവശക്തികള്‍ക്കും പുരോഗമനകാരികള്‍ക്കുമെതിരെ ഉദ്യോഗസ്ഥ മേധാവിത്വ-പോലീസ്-ക്രിമിനല്‍
സംഘം കെട്ടഴിച്ചുവിട്ട ഭരണകൂട ഭീകരതയുടെ രക്ഷാധികാരി കരുണാകരനായിരുന്നു.
കേരളത്തിലെ അഴിമതിക്കാരനും ജനമര്‍ദ്ദകരുമായ പോലീസ്-ഉദ്യോഗസ്ഥ മേധാവി വിഭാഗങ്ങളുടെ ആശ്രയവും അവസാനത്തെ അത്താണിയും കരുണാകരന്‍ തന്നെ.
വിമോചന സമരാനന്തരം തറപറ്റിയ കോണ്‍ഗ്രസ്സിനെ പുനരുജ്ജീവിപ്പിച്ച് അതിന്റെ നേതൃത്വത്തില്‍
യു ഡി എഫ് എന്ന ജാതി -മത-വര്‍ഗ്ഗീയ-പിന്തിരിപ്പന്‍ കാളീകൂളി സംഘത്തെ കേരള രാഷ്ട്രീയത്തില്‍ പ്രതിഷ്ടിക്കുന്നതിലും അതുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായിട്ടുള്ളരാഷ്ട്രീയാപചയത്തിലും കരുണാകരനുള്ള പങ്ക് അദ്വതീയമാണ്.
ഭരണ വര്‍ഗ്ഗ രാഷ്ട്രീയത്തിലേക്കുള്ള സി പി ഐ(എം)ന്റെ അപചയത്തിന്റെ തുടക്കമായ1967-ലെ ഇ എം എസ് മന്ത്രി സഭയില്‍ നിന്ന് സി പി ഐ യെ അടര്‍ത്തിയെടുത്ത് അച്യുതമേനോന്‍ മുഖ്യമന്ത്രിയായി സര്‍ക്കാര്‍ ഉണ്ടാക്കുന്നതിലും
ആ ഗവണ്മെന്റിന്റെ നേതൃത്വത്തില്‍ നടന്ന നക്സലൈറ്റ് വേട്ടയിലും അടിയാന്തിരാവസ്ഥക്കാലത്തെ ഇന്ദിരാഫാസിസം കേരളത്തില്‍ ആവിഷ്കരിക്കുന്നതിലും അക്കാലത്ത്
സ:രാജനെയടക്കം ഉരുട്ടിക്കൊല്ലുന്നതിലും അഴിമതി സ്ഥാപന വല്കരിക്കുന്നതിലും എല്ലാം കരുണാകരനുള്ള പങ്ക് ഭരണ വര്‍ഗ്ഗചരിത്രത്തിന്റെ ഭാഗമാണ്.
എല്ലായിനങ്ങളിലും പെട്ട കേരളത്തിലെ പിന്തിരിപ്പന്മാര്‍ കരുണാകരനെ ആചാര്യതുല്ല്യം കൊണ്ടാടുന്നതിന്റെ കാരണവും മറ്റൊന്നല്ല.
70 വര്‍ഷക്കാലത്തെ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ കമ്യൂണിസ്റ്റ് വിരുദ്ധതയിലും വലതുപക്ഷ-പിന്തിരിപ്പത്വത്തിലും അടിപതറാതെ ഉറച്ചു നിന്ന കരുണാകരന്‍
കമ്യൂണിസ്റ്റുകാരേയും പുരോഗമനശക്തികളേയും സംബന്ധിച്ചിടത്തോളം എല്ലാ അര്‍ത്ഥത്തിലുമൊരു ’നിഷേധാത്മകഗുരു‘ (negative teacher) വാണ്.
വലതുപക്ഷക്കാറ്റില്‍ ഇടതുപക്ഷക്കാരെന്ന് മേനി നടിക്കുന്ന പലരും അടിപതറുകയും കളം മാറി ചവിട്ടുകയും ചെയ്തപ്പോള്‍ തന്റെ ജനവിരുദ്ധ-പ്രതിലോമ നിലപാടുകളില്‍ അവസാനം വരെ ഉറച്ചു നിന്നുവെന്നതാണ് കരുണാകരന്‍ നല്കുന്ന പാഠം.
ഈ പാഠം ശരിയായി ഉള്‍ക്കൊള്ളുന്നതോടൊപ്പം ജനപക്ഷത്തു നില്ക്കുന്നവരാരും കരുണാകരന്റെ മരണത്തില്‍ ദു:ഖിക്കാന്‍ ബാധ്യസ്ഥരല്ലെന്ന കാര്യവും ഈ സന്ദര്‍ഭത്തില്‍ ഊന്നിപ്പറയേണ്ടതുണ്ട്.
പറഞ്ഞുവരുന്നത്,അല്ലെങ്കില്‍ പറയാന്‍ ഉദ്ദേശിച്ചത്:-
മൂത്തന്മാരുടെ ലീഡറായി കരിങ്കാലി കരുണാകരന്‍ കേരളത്തില്‍ വിലസിയകാലത്ത്
യൂത്തന്മാരുടെ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടിയെ വെറും ഊച്ചാളിയെന്നാണ് പലരും വിശേഷിപ്പിച്ചിരുന്നത്.
തന്റെ സില്ബന്ധികളായ പോലീസിലെ ക്രിമിനല്‍ സംഘത്തേയും അഴിമതി വീരന്മാരായ ഉദ്യോഗപ്രമാണിമാരേയും പണച്ചാക്കുകളേയും മത-വര്‍ഗ്ഗീയ പിന്തിരിപ്പന്‍ നേതൃത്വത്തേയുമെല്ലാം കൂട്ടിക്കെട്ടി അടിയന്തിരാവസ്ഥാകാലത്ത്
കരുണാകരന്‍ കേരളത്തില്‍ ഇന്ദിരാഫാസിസം അടിച്ചേല്പ്പിച്ചപ്പോള്‍
നിര്‍ബ്ബന്ധിത വന്ധ്യംകരണം അടക്കമുള്ള സജ്ഞയ് ഗാന്ധിയുടെ ഇരുപതിന പരിപാടിയിലെ ഇനങ്ങള്‍ മന:പാഠമാക്കുകയായിരുന്നു യൂത്തന്മാരുടെ പ്രധാനപണി.
മകന്‍ മുരളീധരനൊന്നും രാഷ്ട്രീയത്തിലേക്ക് കടന്നു വന്നിട്ടില്ലാത്ത അക്കാലത്ത്
ഭരണത്തിന്റെ നാലയലത്ത് പോലും ഉമ്മന്‍ ചാണ്ടിയടക്കമുള്ള യൂത്തന്മാരെ കരുണാകരന്‍ അടുപ്പിക്കുമായിരുന്നില്ല.
തന്നിമിത്തം കരുണാകരനെ നേരിടാനുള്ള ത്രാണിയോ കഴിവോ ഇല്ലാതിരുന്ന ഉമ്മനുംകൂട്ടരും
അയാള്‍ക്കെതിരെ കുശുമ്പു പറഞ്ഞു നടന്നിരുന്ന കാലമായിരുന്നു അത്.
എന്നാല്‍ പുത്രവാത്സല്യം കലശലായ കരുണാകരന്‍ തന്റെ പിന്‍ ഗാമിയായി മകന്‍ മുരളീധരനെ
കടത്തിക്കൊണ്ട് വന്നതോടെ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറി മറിയുകയും
ചെന്നിത്തലയടക്കമുള്ള കരുണാകര ശിഷ്യന്മാര്‍ മുരളിക്കെതിരേ കലാപക്കൊടിയുയര്‍ത്തുകയും ചെയ്തു.
ഈ സന്ദര്‍ഭം മുതലാക്കിയാണ് കുഴിയിലേക്ക് കാലുനീട്ടിത്തുടങ്ങിയ കരുണാകരനെ
ഒരു പരുവത്തിലാക്കി മൂലക്കിരുത്താന്‍ അതുവരെ വെറും ചണ്ടിയായിരുന്ന ഉമ്മനും കൂട്ടര്‍ക്കും
മനോരമയുടെ പിന്‍ ബലത്തില്‍ കഴിഞ്ഞത്.
കോണ്‍ഗ്രസ്സിലെ ഗ്രൂപ്പുകളുടെ ഈ നാറിയ ചരിത്രം മറച്ചുപിടിച്ചുകൊണ്ടാണ് ഇക്കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടി
കോട്ടയത്ത് കരുണാകര അനുശോചനം നടത്തിയത്.
എന്നുമാത്രമല്ല,മറ്റാരേക്കാളും കരുണാകരഭക്തി തനിക്കാണെന്നു തെളിയിക്കാനുമാണ് ഉമ്മന്‍ ശ്രമിച്ചത്.
കേരളീയര്‍ കരുണാകരനോട് ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് നക്സലൈറ്റുകളെ അടിച്ചമര്‍ത്തിയതിയതിന്റെ പേരിലാണെന്ന് ഉമ്മന്‍ തട്ടിവിട്ടത് ഈ സന്ദര്‍ഭത്തിലാണ്.
കേരളജനതയുടെ മുമ്പില്‍ കരുണാകരന്‍ ഏറ്റവും നികൃഷ്ടനും വെറുക്കപ്പെട്ടവനുമായത് അടിയന്തിരാവസ്ഥയില്‍ രാജനെ ഉരുട്ടിക്കൊന്നതടക്കം നക്സലൈറ്റുകളെ വേട്ടയാടിയതിന്റെ പേരിലാണെന്നറിഞ്ഞുകൊണ്ട്തന്നെ
ഇത്തരമൊരു പ്രസ്താവന ഉമ്മന്‍ നടത്തിയിരിക്കുന്നത് കരുണാകരനെപ്പോലെ താനും ഭരണവര്‍ഗ്ഗങ്ങള്‍ക്ക് പ്രിയങ്കരനായിരിക്കുമെന്ന് ബോധ്യപ്പെടുത്തുന്നതിന്ന് വേണ്ടിതന്നെയാണ്.
എന്നാലതേ സമയം, കമ്യൂണിസ്റ്റുകാരെ ഇല്ലാതാക്കാന്‍ ശ്രമിച്ച ‘സര്‍ സിപി’യേക്കാള്‍ രാഷ്ട്രീയമായി പുഴുത്തു നാറിയാണ് നക്സലൈറ്റുകളെ ഇല്ലാതാക്കാന്‍ ശ്രമിച്ച കരുണാകരന്‍ അവസാനിച്ചതെന്നും
ഭരണ വര്‍ഗ്ഗങ്ങളുടേയും അവരുടെ ചോറ്റുപട്ടികളുടേയും ഉറക്കം കെടുത്തിക്കൊണ്ട് നക്സലൈറ്റുകള്‍ മുന്നോട്ടുപോവുകയാണെന്നും ഉമ്മനും കൂട്ടരും അറിയുന്നത് നന്ന്.
ഇത്തരം പ്രസ്താവനയിലൂടെ ആത്മരതി കിട്ടുന്നുവെന്നതിന്നപ്പുറം കരുണാകരനും ഉമ്മനും പ്രതിനിധീകരിക്കുന്ന ഇന്ത്യന്‍ ഭരണകൂടത്തിന്
നക്സലൈറ്റുകളെ അടിച്ചമര്‍ത്താനാവില്ലെന്ന് അനുഭവങ്ങളിലൂടെ തിരിച്ചറിയുകയാണ് ഉമ്മന്‍ ചെയ്യേണ്ടത് എന്നാണ്.

3 അഭിപ്രായങ്ങൾ:

അനില്‍ഫില്‍ (തോമാ) പറഞ്ഞു...

കേരളത്തില്‍ നിയമസഭാ തിരഞെടുപ്പിനു സീറ്റ് കിട്ടാത്ത കോണ്‍ഗ്രസ്സ് നേതാക്കള്‍ അമേരിക്കക്കു പോകാന്‍ തീരുമാനിച്ചു.

തെറ്റിദ്ധരിക്കരുത്..ഇനി ഉള്ള കാലം ജോലി ചെയ്തു ജീവിക്കാന്‍ അല്ല, അവിടെ ഉള്ള ആരെ എങ്കിലും കൊണ്ട് "ഹൈക്കമാണ്ടില്‍" റെക്കമെന്റ് ചെയ്യിക്കാനാണു. കെന്ദ്രത്തില്‍ ഇപ്പോള്‍ കൂടുതല്‍ പിടി അമേരിക്കക്കാര്‍ക്ക് ആണല്ലൊ

sm sadique പറഞ്ഞു...

ഞാൻ തിരിഞ്ഞ് നിൽക്കുന്നു
പക്ഷെ, വോട്ട് ചെയ്യും

kadathanadan:കടത്തനാടൻ പറഞ്ഞു...

ബ്ലോഗര്‍ അനില്‍ഫില്‍ (തോമാ).....
രാഷ്ട്രീയമായി ഇത്രയും കറക്ടായ ഒരു കമന്റു എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല .എനിക്ക് ഏറെ ഇഷ്ടപ്പെട്ടു . ഞാനിത് എന്റെ ഫേസ് ബുക്കിലും ഓര്ക്യൂട്ടി ലും എല്ലാം പേസ്റ്റ് ചെയ്തു ആഘോഷിക്കുന്നു .നന്ദി ..