2011, മാർച്ച് 2, ബുധനാഴ്‌ച

പുത്തൻ നവോത്ഥാനത്തിനു തുടക്കമിടുക:-

            പുത്തൻ നവോത്ഥാനത്തിന് തുടക്കമിടുക. കെ എൻ രാമചന്ദ്രൻ
 
1 , കേരളത്തിന്റെ വര്‍ത്തമാനാവസ്ഥ ഒരു കാലത്ത് ഇന്ത്യയുടെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ 1950- കളോടെ ഉണ്ടായ സാമൂഹ്യ , രാഷ്ട്രീയ മാറ്റങ്ങളെ അഭിമാനപൂര്‍വ്വം ഉയര്‍ത്തിപ്പിടിച്ചിരുന്നവരെയെല്ലാം വേദനിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ളതാണ്.
ഇപ്പോഴും സാക്ഷരതയിലും പരിസരവൃത്തിയിലും ജീവിതദൗര്‍ഘ്യത്തിലും അവയുള്‍പ്പെടേ ഐകുരാഷ്ട്രസഭ  നിര്‍ദ്ദേശിക്കുന്ന
 ‘ മാനവ വികസനസൂചിക ’ കളിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നില്‍ തന്നെയാണ്.
പക്ഷെ , അവയോടൊപ്പം കേരളത്തിനിന്ന് മറ്റു പല മേഘലകളില്‍കൂടി ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നു
പ്രതിശീര്‍ഷ മദ്യപാന അളവില്‍ രണ്ടാം സ്ഥാനത്തുള്ള പഞ്ചാബിനേക്കാള്‍ വളരെ മുന്നിലാണ് കേരളം.മദ്യാസക്തിക്കൊപ്പം ഇതര ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിലും കേരളമിന്ന് വളരെ മുന്നിലാണ്.
സാമൂഹ്യരാഷ്ട്രീയ രംഗങ്ങളില്‍ ജാതി- മതാധിപത്യം അപകടകരമായ നിലയിലേക്കുയര്‍ന്നു
കക്ഷിരാഷ്ട്രീയത്തിന്റെ പേരിലുള്ള കണ്ണൂര്‍ കൊലപാതകങ്ങള്‍ കുറഞ്ഞെങ്കിലും, മത തീവ്രവാദികള്‍ തങ്ങളുടെ പ്രവാചകനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് കോളേജധ്യാപകന്റെ കൈവെട്ടുന്നതിലേക്ക് എല്ലാ മതമൗലിക വാദികളും ശക്തിപ്പെട്ടിരിക്കുന്നു.
തങ്ങളുടെ ശാസനകളെ സ്വീകരിക്കാത്തവരെ സാമൂഹ്യമായി ബഹിഷ്കരിക്കുവാന്‍ ‘ഫത്’വ‘ പുറപ്പെടുവിക്കുംവിധം
ജാതിമേധാവികളും കൊഴുത്തിരിക്കുന്നു.
കോടികള്‍ ചെലവഴിച്ചുണ്ടാക്കിയ അമ്പലങ്ങളും പള്ളികളും മസ്ജിദുകളും പരസ്പരം മത്സരിച്ച് ദുര്‍ലഭമായി വരുന്ന കൃഷിസ്ഥലങ്ങള്‍ പോലും കൈയ്യേറി പെരുകുന്നു.
ആറുപതിറ്റാണ്ടുകള്‍ക്ക് മുമ്പ് ശബരിമല ക്ഷേത്രത്തിനു തീ പിടിച്ചപ്പോള്‍ ’ ഒരമ്പലം കത്തിയാല്‍ അത്രയും അന്ധവിശ്വാസം പോകും ‘ എന്നു പറഞ്ഞ അന്നത്തെ മുഖ്യമന്ത്രി സി കേശവന്റെ സ്ഥാനത്ത് യുഡിഫ്,എല്‍ഡിഫ് ഭരണങ്ങള്‍ മതാരാധനാ കേന്ദ്രങ്ങളെ പോഷിപ്പിക്കുന്നതില്‍ മത്സരിക്കുന്നു.
ഭരണഘടനയേയും തെരഞ്ഞെടുപ്പു ചട്ടങ്ങളേയും ലംഘിച്ച് ആര്‍ക്ക് വോട്ടു ചെയ്യണം, ആര്‍ക്ക്ചെയ്യരുത് എന്ന് ഉത്തരേന്ത്യന്‍ സസ്ഥാനങ്ങളേപ്പോലും ലജ്ജിപ്പിക്കുന്ന തരത്തില്‍ മതജാതി നേതൃത്വങ്ങള്‍ പരസ്യമായി ഇടയലേഖനങ്ങള്‍ ഇറക്കുന്നതിലേക്കും കേരളം വളര്‍ന്നു.

2 ,  ജാതിവിരുദ്ധ മതേതര മൂല്യങ്ങള്‍ താരതമ്യേന ഏറ്റവും ശക്തിപ്പെട്ട സംസ്ഥാനമായിരുന്നു കേരളം ഒരിക്കല്‍. അതുകൊണ്ടാണല്ലോ “ ജാതി വേണ്ടാ, മതം വേണ്ടാ, ദൈവം വേണ്ടാ  മനുഷ്യന് ”എന്ന് പ്രഖ്യാപിക്കുന്നതിലേക്ക് സഹോദരന്‍ അയ്യപ്പനു എത്താന്‍ കഴിഞ്ഞത്.
’ഭ്രാന്താലയമായി‘ കേരളത്തെ വിവേകാനന്ദന്‍ വിലയിരുത്തിയിട്ട് അരനൂറ്റാണ്ടു കഴിയുമ്പോഴേക്കും അയ്യങ്കാളിയും,നാരായണഗുരുവും മറ്റു നവോത്ഥാന നായകരും ഉഴുതുമറിച്ച മണ്ണില്‍ ദേശീയപ്രസ്ഥാനവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും തഴച്ചു വളരാന്‍ തുടങ്ങി.ഇതിന്റേയൊക്കെ തുടര്‍ച്ചയായിട്ടായിരുന്നു 1957-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന ഒരു മന്ത്രി സഭ ഐക്യകേരളത്തില്‍ പിറന്നത്.
കേരളത്തിലേയും ഇന്ത്യയിലേയും മാത്രമല്ല,ആഗോളസാമ്രാജ്യത്വ കേന്ദ്രങ്ങളിലേയും പിന്തിരിപ്പന്മാരെ അമ്പരപ്പിച്ച സംഭവമായിരുന്നു ഇത് അതുകൊണ്ട് ആ മന്ത്രിസഭ നടപ്പിലാക്കാന്‍ ശ്രമിച്ച തീര്‍ത്തും പരിഷ്കരണവാദപരമായ നയങ്ങള്‍ പോലും അവരെ ഭയപ്പെടുത്തി.
ഇതിന്റെ ഫലമായി , പിന്തിരിപ്പന്‍ കേന്ദ്രങ്ങള്‍ ആസൂത്രണം ചെയ്താരംഭിച്ച ’വിമോചന സമരം‘ അതുവരെ കേരളത്തിലുണ്ടായ മുന്നേറ്റങ്ങളുടെയെല്ലാം അടിവേരറുക്കുന്ന ഒന്നായി തീര്‍ന്നു.ഇതിനെ ചെറുക്കുന്നതിനു പകരം CPI നേതൃത്വവും CPI(M) നേതൃത്വവും വിപ്ലവപാത ഉപേക്ഷിച്ച് പ്രതിലോമശക്തികള്‍ക്കൊപ്പം ഇവയോട് പ്രീണനനയം സ്വീകരിക്കുകയാണ് ചെയ്തിട്ടുള്ളത്.
തുടക്കത്തില്‍ പിന്തുടര്‍ന്ന സാഹസികലൈനും പില്ക്കാലത്ത് കേരളത്തിലുണ്ടായ മാറ്റങ്ങള്‍ വിപ്ലവചിന്താഗതിക്കേല്പിച്ച ശക്തമായ തിരിച്ചടികളും ഒരു ബദല്‍ ശക്തിയായി ഈ പ്രവണതയെ ചെറുക്കാന്‍ കഴിയാത്ത വിധം CPI-ML-പ്രസ്ഥാനത്തെ ദുര്‍ബ്ബലമാക്കുകയും ചെയ്തു.
എല്‍ഡീഫ് ഭരണ മാകട്ടെ യുഡിഫ് ഭരണത്തിനു പര്യായമായി മാറി. കേരളത്തിന്റെ ഇടതു പക്ഷ മനസ്സിനു ക്ഷീണമേല്പിക്കുകയും വിപ്ലവസ്വപ്നങ്ങള്‍ കെടുത്തുകയും ചെയ്തു.

3,    ഇവ എല്ലാ രംഗത്തും സ്വാധീനമുറപ്പിക്കാന്‍ പ്രതിലോമ രാഷ്ട്രീയ ശക്തികള്‍ക്കും, പിന്തിരിപ്പന്‍ സിദ്ധാന്തങ്ങള്‍ക്കും, മതാധിപത്യ ശക്തികള്‍ക്കും ജാതി ഭ്രാന്തന്മാര്‍ക്കും, ഇവയെ എല്ലാം ഉപയോഗിച്ചു ശക്തിപ്പെടാന്‍ കെല്പ്പുള്ള സാമ്രാജ്യത്വശക്തികളുടെ പുത്തന്‍ അധിനിവേശത്തിനും ശക്തി പകര്‍ന്നു കൊടുത്തു.
കേരളം പുത്തന്‍ അധിനിവേശത്തിന്റെ ഇന്ത്യിലെ ഏറ്റവും നല്ല ഷോകേസായി മാറുന്നതങ്ങിനേയാണ്.
നവ ഉദാര നയങ്ങളോടെ ആഗോള സമ്പദ് വ്യവസ്ഥയോടും വിപണിയോടുമുള്ള ഉദ്ഗ്രഥനം നേരത്തെ തന്നെ തൊഴിലിനുവേണ്ടി ഗള്‍ഫിലേക്കും മറ്റു വിദേശനാടുകളിലേക്കും നടന്നിരുന്ന കുടിയേറ്റത്തെ ശക്തിപ്പെടുത്തി. ജനസംഖ്യാനുപാതികമായി ആഭ്യന്തരകുടിയേറ്റത്തിലെന്നപോലെ വിദേശകുടിയേറ്റത്തിലും കേരളം ഒന്നാം സ്ഥാനത്താണ്. വിദ്യാഭ്യാസ രംഗത്തിന്റെ ‘വളര്‍ച്ച’മൂലം ബീഹാറില്‍ നിന്നോ പഞ്ചാബില്‍ നിന്നോ ഉള്ള കുടിയേറ്റത്തില്‍ നിന്ന് വ്യത്യസ്തമായി കേരളീയ കുടിയേറ്റക്കാര്‍ ഭൂരിഭാഗവും ഓഫീസ്ജോലികളിലും മറ്റും ഏര്‍പ്പെട്ട മധ്യവര്‍ഗമായതിനാല്‍ ഇവിടുത്തെ മുമ്പേ ശക്തമായ മധ്യവര്‍ഗ്ഗ ചിന്തകളേയും സംസ്കാരത്തേയും കൂടുതല്‍ പോഷിപ്പിച്ചു.
മുമ്പു സൂചിപ്പിച്ചതുപോലെ വിപ്ലവസ്വപ്നങ്ങള്‍ക്ക് ക്ഷീണമേറ്റ സാഹചര്യത്തില്‍ നവോത്ഥാന കാലം മുതല്‍ ശക്തിപ്പെട്ടിരുന്ന പുരോഗമന,ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക് കാര്യമായ ക്ഷതമേറ്റ്, തല്‍സ്ഥാനത്ത് ഉത്തരാധുനികതയുടെ പിന്‍ബലത്തോടെ സ്വത്വവാദവും മറ്റും ഊര്‍ജസ്വലമായി.
ഈ സാഹചര്യത്തിലാണ് പുത്തന്‍ അധിനിവേശ സാമ്പത്തിക ക്രമത്തിനൊപ്പം മത മൗലികവാദവും പുതിയരൂപങ്ങളോടെ ജാതിചിന്തയും ജന്മി-നാടുവാഴിത്തകാല സംസ്കാരത്തിന്റെ ഉത്തരാധുനിക രൂപങ്ങളും സാമ്രാജ്യത്വവസംസ്കാരത്തിന്റെ ജീര്‍ണ്ണവശങ്ങളും സര്‍വ്വവ്യാപിയാകുന്നത്.
വിപ്ലവപരമായ സമരാവേശം മതതീവ്രവാദത്തിന്റെ നാനാരൂപങ്ങള്‍ക്ക് വഴിമാറിക്കൊടുത്തു.
ഈ ‘തിരിച്ചുപോക്ക്’അഥവാ ജീര്‍ണ്ണത കേരളീയ ജീവിതത്തിന്റെ സമസ്ത മേഖലകളേയും സ്വാധീനിച്ചു.
ഇതെല്ലാം ഒരു ഭാഗത്ത് സാമ്രാജ്യത്വാശ്രിത,വലതുപക്ഷ സ്വാധീനങ്ങള്‍ സാമ്പത്തിക രാഷ്ട്രീയ,സാമൂഹ്യ,സാംസ്കാരിക മണ്ഡലങ്ങളിലാകെ ആധിപത്യത്തില്‍ വരുന്നതിലേക്കും കോണ്‍ഗ്രസ്സും ബിജെപിയും മുതല്‍ CPI-M- വരെ ഭരണ രംഗത്ത് ഇവയെ പ്രതിഷ്ടിക്കുന്നതിലേക്കും എത്തിച്ചു.
മറുഭാഗത്ത് ഇവയെ നേരിടുകയാണെന്ന ഭാവത്തോടെ വിവിധ മത തീവ്രവാതങ്ങളും അവയുടെ ചാവേര്‍ ഗ്രൂപ്പുകളും ശക്തിപ്പെട്ടു.‘കൊട്ടേഷന്‍ സംഘങ്ങള്‍’ എല്ലായിടത്തും വളര്‍ന്നു.
ഈ വലതു പക്ഷ കുത്തിയൊഴുക്കിന്റെ ഒരു പ്രതീകാത്മക  രൂപമാണ് ‘ എക്സലൈറ്റുകള്‍ക്ക് ’ എല്‍ ഡി എഫിന്റെ വേദിപങ്കിടുമ്പോള്‍ , നാമമാത്രമായ ‘മാവോയിസ്റ്റ്’അനുയായികള്‍ എന്‍ ഡി എഫിനൊപ്പം കൈകോര്‍ക്കുന്നത്.

4, ഇതൊക്കെ സംഭവിച്ചിട്ടും കേരളത്തില്‍ അവശേഷിക്കുന്ന , ഇപ്പോഴും പ്രായേണ ശക്തമായ ഇടതുപക്ഷമനസ്സിന് ചെലുത്താന്‍ കഴിയുന്ന സ്വാധീനത്തിന്റെ അപകടം പ്രതിലോമശക്തികള്‍ തിരിച്ചറിയുന്നു.
അതിനെ തകര്‍ക്കാനാണ് കലാസാഹിത്യ മാധ്യമ രംഗങ്ങളിലെ നാനാതരം ശ്രമങ്ങള്‍.
മലയാളി വായിക്കുന്ന പുസ്തകങ്ങളിലും കഥകളിലും മുഴച്ചു നില്ക്കുന്നത് ഉത്തരാധുനികതയുടെ പേരില്‍ പ്രതിലോമചിന്തകളാണ്.പത്രങ്ങളും ,വാരികകളും മറ്റും ക്ഷേത്രം പള്ളി, മസ്ജിദ് വിശേഷങ്ങള്‍കൊണ്ട് നിറയുന്നു.
യുക്തിചിന്തക്കും ശാസ്ത്രബോധത്തിനും കിട്ടുന്ന ഇടം ലോപിച്ച് ഏതാണ്ട് ഇല്ലാതാകുന്നു.
ദൃശ്യമാധ്യമങ്ങളില്‍ നിറയുന്നത് മധ്യവര്‍ഗ്ഗ ജീര്‍ണ്ണതയുടെ മഹത്വവല്ക്കരണവും,പാട്ട്-ആട്ട മത്സരങ്ങളും,തരം താണ ഹാസ്യാവതരണങ്ങളും,യക്ഷിക്കഥകളും.
മത-ജാതി ശക്തികള്‍ ആധിപത്യം ഉറപ്പിച്ച വിദ്യാഭ്യാസരംഗത്തുനിന്ന് സാമുഹ്യശാസത്ര വിഷയങ്ങള്‍ നിഷ്ക്രമിക്കുന്നതോടെ, പുതിയ തലമുറയുടെ സാങ്കേതികമാത്ര മനസ്സുകളിലേക്ക് ഈ അധമ ചിന്തകള്‍ക്ക് വേഗം കടന്നു വരാന്‍ കഴിയുന്നു.
ഗോവയെ കടത്തിവെട്ടി കേരളം തായ്‌ലാന്റ് ആകാന്‍ കുതിക്കുമ്പോള്‍ ചിത്രം പൂര്‍ണ്ണമാകുന്നു. എല്ലാ വനോത്ഥാന മൂല്യങ്ങളും കൈമോശം വന്ന് പുത്തന്‍ അധിനിവേശത്തില്‍ കീഴിലെ പുത്തന്‍ ഭ്രാന്താലയമായി മാറിയിരിക്കുകയാണ് കേരളീയ സമൂഹം.

5, ഈ അവസ്ഥയെ ചെറുക്കാനും പരാജയപ്പെടുത്താനും കഴിയണമെങ്കില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ആരംഭിച്ച,
ജന്മി-നാടുവാഴിത്തത്തിനും സവര്‍ണ്ണാധിപത്യത്തിനും എതിരേ നടന്ന നവോത്ഥാന പ്രസ്ഥാനത്തില്‍ നിന്ന് ശരിയായ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ മുന്നേറ്റത്തിന് വഴിയൊരുക്കണം.
അങ്ങിനെ കേരളീയ മനസ്സുകളെ ഒരിക്കല്‍ കൂടി ഉഴുതു മറിച്ചാലേ വിപ്ലവസ്വപ്നങ്ങള്‍ കാണുന്ന,സോഷ്യലിസ്റ്റ് ഭാവിക്കായി എന്തും ത്യജിക്കാന്‍ തയാറുള്ള പുതിയ തലമുറ രൂപപ്പെടുകയും ശക്തിപ്പെടുകയും ചെയ്യൂ.
അന്നു മുലക്കരം ചോദിച്ചരാജാവിന് മുലയറുത്തുകൊടുത്താണ് ചാന്നാര്‍ സ്ത്രീകള്‍ തിരിച്ചടിച്ചത്. സവര്‍ണ്ണാധിപത്യത്തിനും ജന്മിനാടുവാഴിത്തത്തിനും എതിരേ അയ്യങ്കാളി പോരാട്ടം തുടങ്ങിയത്. ജാതിവ്യവസ്ഥയേയും ജന്മിത്വത്തേയും തകര്‍ക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ്
നാരായണഗുരുവിന്റെ ‘ ഒരു ജാതി ,ഒരു മതം,ഒരു ദൈവ ’ ചിന്തയില്‍ പുത്തന്‍ മാനവികതയിലേക്ക് നയിച്ച ദര്‍ശനമാണ്,പ്രവര്‍ത്തനങ്ങളാണ്‘ജാതിവേണ്ട,മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്’ എന്ന ചിന്തയിലേക്ക് മലയാളിയെ ഉയര്‍ത്തിയത്.
കീഴാള സമൂഹങ്ങളില്‍ നിന്നുയര്‍ന്ന ഈ കൊടുങ്കാറ്റുകളാണ് മേലാള സമൂഹങ്ങളിലേക്ക് വെളിച്ചം എത്തിക്കുന്നതും അന്ധവിശ്വാസങ്ങള്‍ക്കും സ്ത്രീകളെ അടിമകളാക്കി വെക്കുന്നതിനും മറ്റുമെതിരായ കലാപങ്ങള്‍ക്ക് വഴിതെളീച്ചത്. ഇവയൊന്നും ഇന്ന് പലരും പറയുന്നതുപോലെ ആരുടേയും വാഗ്ദാനങ്ങളോ,സമാധാനപരമായ മാറ്റങ്ങളോ ആയിരുന്നില്ല.
അന്ധകാരജടിലമായ അവസ്ഥയില്‍നിന്ന് കേരളത്തെ നിവര്‍ത്തിപ്പിക്കുന്നതിനുള്ള മോചന പ്രസ്ഥാനങ്ങളായിരുന്നു.
ഈ നവോത്ഥാന മുന്നേറ്റമാണ് ജന്മിത്വം അവസാനിപ്പിക്കുന്നതിനും സാമ്രാജ്യത്വത്തെ എതിര്‍ക്കുന്നതിനും ദേശീയ വിമോചന സമരത്തില്‍ പങ്കാളിയാകുന്നതിനും മലയാള മനസ്സിനെ തയാറാക്കിയത്.
ആ അന്തരീക്ഷത്തിലാണ് കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് എന്ന ഗര്‍ജ്ജനത്തോടെ ജന്മിനാടുവാഴിത്ത വിരുദ്ധ സമരം കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വളരുന്നത്.
സാമ്പത്തിക-രാഷ്ട്രീയ-സാമൂഹ്യ,കലാ സാഹിത്യ മണ്ഡലങ്ങളിലെല്ലാം ഉണ്ടായ മന്നേറ്റങ്ങള്‍ക്ക് നവോത്ഥാന പ്രസ്ഥാനമാണ് മണ്ണൊരുക്കിയത്.

6 , സ:പി കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ്പാര്‍ട്ടി നവോത്ഥാന മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് നടത്തിയ മുന്നേറ്റങ്ങള്‍ക്ക് ശേഷം, ഇ എം എസിന്റെ നേതൃത്വത്തില്‍,സാര്‍വദേശീയ രംഗത്ത് ശക്തിപ്പെട്ട തിരുത്തല്‍ വാദ സംവിധാനങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ ,കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ മുന്‍ കൈനേടിയത് സംസ്കാരികരംഗത്തും ഉല്പാദനബന്ധങ്ങളിലും നിരന്തരം നടത്തേണ്ടസമരങ്ങളെ അവഗണിച്ച് സാമ്പത്തിക സമരങ്ങള്‍ക്കും പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ക്കും മുന്‍ഗണന നല്കുന്ന പരിഷ്കരണവാദമാണ്
അധികാരകൈമാറ്റത്തേ തുടര്‍ന്നു പുത്തന്‍ അധിനിവേശത്തിനടിപ്പെട്ട ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ നിലനില്കുന്ന ബൂര്‍ഷ്വാജനാധിപത്യ വ്യവസ്ഥകളിലെ പ്രവര്‍ത്തനത്തെ വര്‍ഗ്ഗസമരത്തിന്റെ ഭാഗമായി കാണുന്നതിനു പകരം,1957-ല്‍ മുഖ്യമന്ത്രിയായി അധിക്കാരത്തിലേറുമ്പോള്‍ ഇ എം എസ്സ് പ്രഖ്യാപിച്ചത് കോണ്‍ഗ്രസ്സിന്റെ പുരോഗമന നയങ്ങള്‍ നടപ്പിലാക്കാന്‍ ഭരണത്തെ ഉപയോഗിക്കുമെന്നാണ്.
അതുകൊണ്ട് കയ്യൂരിന്റേയും കരിവെള്ളൂരിന്റേയും തെലുങ്കാനയുടേയും തുടര്‍ച്ചയായി,കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്നവരിലേക്ക് എത്തിക്കുന്ന സമരങ്ങളെ ഉത്തേജിപ്പിക്കുന്ന ഒരു കാര്‍ഷിക ബന്ധബില്ലിന് പകരം എ എം എസ് മന്ത്രിസഭ അവതരിപ്പിച്ചത് പുത്തന്‍ അധിനിവേശ നയങ്ങളുടെ ഭാഗമായി റോക്ക്ഫെല്ലര്‍ ഫോര്‍ഡ്ഫൗണ്ടേഷനുകള്‍ നിദ്ദേശിച്ച പ്രകാരമുള്ള ഭൂപരിധിനിയമമാണ്. അധ:സ്ഥിതന്റെ അവകാശം കുടിവെക്കാനുള്ള പത്തുസെന്റില്‍ ഒതുക്കി.
സാംസ്കാരിക രംഗത്ത് കുതിച്ചു ചാട്ടത്തിനു കളമൊരുക്കുന്ന പുരോഗമന വിദ്യാഭ്യാസ പ്രസ്ഥാനത്തെ ഉത്തേജിപ്പിക്കുന്നതിനു പകരം, വിദ്യാഭ്യാസത്തെ പൊതുമേഖലയില്‍ കൊണ്ടുവരണമെന്ന് പ്രഖ്യാപിച്ച് അതിന്നു വേണ്ടി നിയമനിര്‍മ്മാണം നടത്തുന്നതിനു പകരം,വിദ്യാഭ്യാസബില്ലില്‍ ഊന്നിയത് വിദ്യാഭ്യാസ രംഗത്ത് പൊതുമേഖലയും സ്വകാര്യമേഖലയുമായി പങ്കുവെക്കുന്നതിലാണ്.
വര്‍ഗ്ഗസമരത്തെ ഉത്തേജിപ്പിക്കുന്നതിനു പകരം പരിഷ്കരണ വാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഇ എം എസ് മന്ത്രിസഭ ചെയ്തത്.

7, ഈ പരിഷ്കരണങ്ങള്‍ക്ക് പോലും ഇടം കൊടുക്കാതെ പ്രതിലോമശക്തികള്‍ തിരിച്ചടിക്കുകയും വിമോചന സമരാഭാസത്തിലൂടെ സര്‍ക്കാറിനെ അട്ടിമറിക്കുകയും ചെയ്തപ്പോള്‍ ,അതില്‍ നിന്നും പാഠം ഉള്‍ക്കൊള്‍ണ്ട് പ്രസ്ഥാനത്തെ വിപ്ലവപാതയില്‍ തിരിച്ചുകൊണ്ടു വരുന്നതുനു പകരം,
1964-ല്‍ പരസ്യമായി വര്‍ഗ്ഗസഹകരണ പാത കൈവരിച്ച സി പി ഐ നേതൃത്വത്തിന്നെതിരെ കലാപം ചെയ്ത സി പി ഐ (എം) രൂപീകരിച്ചിട്ടും അതിന്റെ തലപ്പത്ത് വന്ന ഇ എം എസ് ചെയ്തത്. കൂടുതല്‍ വലത്തോട്ട് പോയി,എങ്ങിനേയും ബൂര്‍ഷ്വാഭരണക്രമത്തില്‍ പങ്കാളിയാകുന്നതിനുവേണ്ടി ‘കോണ്‍ഗ്രസ്സിനെ എതിര്‍ക്കാന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടാം’ എന്ന വാദത്തോടെ അവസരവാദ ഐക്യമുന്നണി രാഷ്ട്രീയം മുന്നോട്ട് കൊണ്ടു വരികയാണ്.
1967-ല്‍ ആരംഭിച്ച ഈ ഐക്യമുന്നണി രാഷ്ട്രീയത്തോടെ ഫലത്തില്‍ വലത്,ഇടത് ഭരണങ്ങള്‍ ഒരേ നാണയത്തിന്റെ ഇരു വശങ്ങളായി.ഭരണത്തില്‍ കയറുന്നതിനുവേണ്ടി ആരുമായും കൂട്ടുകൂടാമെന്നായി.
ഈ പിന്തിരിപ്പന്‍ ആശയം സി പി ഐ (എം) നെ മാത്രമല്ല.പല കാലത്തായി അത് വിട്ടു പുറത്തു പോയ എല്ലാ വിമത വിഭാഗങ്ങളേയും ഒഴിയാബാധയായി പിടികൂടി.
കോണ്‍ഗ്രസ്സില്‍ നിന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ എത്തിയ ഇ എം എസ് ചെയ്തത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കോണ്‍ഗ്രസ്സിന്റെ അനുബന്ധമാക്കി മാറ്റുന്ന പ്രവര്‍ത്തിയാണ്.

8, ഈ പശ്ചാത്തലത്തിലാണ് തുടക്കത്തില്‍ വിശകലനം ചെയ്ത അവസ്ഥയിലേക്ക് കേരളീയ സമൂഹം ജീര്‍ണ്ണിക്കപ്പെട്ടത്. പുതിയ തലമുറകളില്പോലും കുത്തിവെക്കപ്പെടുന്നത് എങ്ങിനേയും ഒരു ജോലിനേടി വ്യവസ്ഥയുടെ ഭാഗമാവുക, പുത്തന്‍ അധിനിവേശ സംസ്കാരത്തിന്റെ ഭാഗമാവുക എന്ന നിലപാടുകളാണ്.
എല്ലാ സ്ഥലത്തും വിറ്റഴിക്കപ്പെടുന്ന ലോട്ടറിയുടെ കാര്യം പര്‍ശോധിക്കുക.ലോകത്തില്‍ ഏറ്റവും കൂടുതല്‍ ലോട്ടറി ഭ്രാന്ത് കേരളത്തിലായത് യാദൃശ്ചികമല്ല.എങ്ങിനേയും പണകാരനാവുക എന്ന ആശയമാണ് മലയാളിയെ പ്രമുഖമായി നയിക്കുന്നത്. ഇ എം എസിന്റെ അവസാനത്തെ സൈദ്ധാന്തിക സംഭാവനയായ ജനകീയാസൂത്രണം ഐ എം എഫ് -ലോകബാങ്ക് നിര്‍ദ്ദേശപ്രകാരം ഗ്രാമങ്ങളേ പോലും ആഗോളസമ്പദ് വ്യവസ്ഥയുടെ ഭാഗമാക്കുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. അതോടെ പഞ്ചായത്ത് തലം വരെ അഴിമതി വികേന്ദ്രീകരിക്കപ്പെടുകയും ചെയ്തു .
അങ്ങിനെ മദ്യവും മതവും എത്രയും അഴിമതിയും എന്തും സ്വീകരിക്കാമെന്ന അവസ്ഥയിലെത്തിയ മലയാളി സ്വന്തം മക്കളേയും ‘ബ്രോയിലര്‍ ചിക്കനെ’ പോലെ ഇതേരൂപത്തില്‍ വാര്‍ത്തെടുക്കുന്നതില്‍ വ്യാപൃതനാണ്.
ഭരണ,സാസ്കാരിക,മത,ജാതി,ആരാധനാസ്ഥാപനങ്ങളാകെ ഇതിലേക്കാണ് അവരെ എത്തിക്കുന്നത്.
ഇതിനെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് പ്രവര്‍ത്തിക്കാനാരംഭിച്ച നക്സലൈറ്റ്  പ്രസ്ഥാനത്തിലേയും അതിന്റെ നേതൃത്വത്തില്‍ കേരളീയ സമൂഹത്തില്‍ വളരെ സ്വാധീനം സൃഷ്ടിച്ച ജനകീയ സാംസ്കാരിക വേദിയിലേയും നിരവധിപ്രവര്‍ത്തകരെ പോലും വലിയൊരളവില്‍ പിറകോട്ടടിപ്പിക്കാന്‍ കഴിയും വിധം ശക്തിയാര്‍ജ്ജിച്ചു കഴിഞ്ഞിരിക്കുകയാണ്.
ഈ പ്രതിലോമരാഷ്ട്രീയവും സസ്കാരവും എന്നതിനാല്‍ അവയ്ക്കെതിരെ സര്‍വ്വശക്തിയും ഉപയോഗിച്ച് ആഞ്ഞടിക്കാതെ മലയാളി സമൂഹത്തെ വിപ്ലവപാതയില്‍ തിരിച്ചു കൊണ്ടുവരാന്‍ ആവില്ല.
രണ്ടാം ലോകയുദ്ധാനന്തരം അമേരിക്കന്‍ നേതൃത്വത്തില്‍ സാമ്രാജ്യത്വ ചേരി ആരംഭിച്ച പുത്തന്‍ അധിനിവേശ കടന്നാ   ക്രമണങ്ങളെ തിരിച്ചറിയുന്നതിനും സാമ്രാജ്യത്വവ്യവസ്ഥക്ക് എതിരേ സോഷ്യലിസ്റ്റ് ബദല്‍ വളര്‍ത്തിക്കൊണ്ടു വരുന്നതിലും ഉണ്ടായ പാളിച്ചകളുടെ ഫലമായി സാര്‍വ്വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനം തിരിച്ചടിയെ നേരിടുന്ന പശ്ചാത്തലത്തില്‍ ഈ സംരംഭത്തിനു വന്‍ പ്രാധാന്യമണ്ട്.

 9, ആധിപത്യഭരണ,സാമ്പത്തികവ്യവസ്ഥയും അതിന്റെ സംസ്കാരവും എല്ലാപുരോഗമന മൂല്യങ്ങളേയും സാമൂഹ്യബോധത്തേയും നിഷേധിക്കുന്നവനായി മലയാളിയെ മാറ്റുന്ന സാഹചര്യത്തില്‍,തൊഴിലാളികളുടേയും ജീവനക്കാരുടേയും നിലവിലുള്ള സംഘടനകള്‍ പോലും സാമ്പത്തിക സമരവാദത്തിലും അഴിമതിയിലും കക്ഷിരാഷ്ട്രീയ സങ്കുചിതത്വത്തിലും മുഴുകിയിരിക്കുമ്പോള്‍,
ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിലോമശക്തികളുടെ ഭാഗമായി മാറിയിരിക്കുമ്പോള്‍ ,
നിലവിലുള്ള സാംസ്കാരിക സംഘടനകള്‍ പോലും വ്യവസ്ഥാപിതവല്ക്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുമ്പോള്‍,
സത്വവാദം അധസ്ഥിത വിഭാഗങ്ങളിലെ നേതൃശക്തികളെ പോലും പ്രതിലോമതയിലെത്തിക്കുമ്പോള്‍
നവ ഉദാരനയങ്ങളുടെ ഭാഗമായി വിദ്യാഭ്യാസം കച്ചവടവല്ക്കരിക്കുമ്പോള്‍ ,
വമ്പിച്ചൊരു സാംസ്കാരികമുന്നേറ്റത്തിലൂടെ മാത്രമേ ഈ അവസ്ഥയെ മറികടക്കാനാകൂ.
അതായത് സാമ്പത്തികാടിത്തറയില്‍ മൗലികമായ മാറ്റങ്ങള്‍ വരുത്തുന്നതിന് സാംസ്കാരിക മണ്ഡലത്തിലെ വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ ഗണന കൊടുക്കേണ്ടിയിരിക്കുന്നു.

10,ഇത്രയേറെ പ്രതികൂല സാഹചര്യത്തിലും ഇടതുപക്ഷചിന്തക്ക് ഇന്നും കേരളത്തില്‍ സ്വാധീനം നിലനില്ക്കുന്നുണ്ട്.
അതിന്ന് പലപ്പോഴും പ്രകടമാക്കുന്നില്ലെങ്കിലും  അസംഘടിതമാണെങ്കിലും എത്രയേറെ ദുര്‍ബ്ബലമാണെങ്കിലും എല്ലാ രംഗങ്ങളിലും പുരോഗമനാശയങ്ങള്‍ക്ക് സ്വാധീനമുണ്ട്.
സി പി ഐ (എം എല്‍) പുത്തന്‍ അധിനിവേശകാലത്തെ സാമ്രാജ്യത്വത്തെക്കുറിച്ചുള്ള ധാരണ വികസിപ്പിക്കുന്നതിനും സാര്‍വ്വദേശീയ കമ്യുണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായ പാളിച്ചകളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട്
സോഷ്യലിസ്റ്റ് ബദല്‍ സങ്കല്പത്തേക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ആവിഷക്കരിക്കുന്നതിനും മുന്‍‘കൈ എടുത്തുകൊണ്ടു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍വഴി ഈ ഇടതുപക്ഷ ചിന്തയേയും പുരോഗമനാശയങ്ങളേയും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടിയാല്‍,
പുത്തന്‍ നവോത്ഥാന മുന്നേറ്റത്തില്‍ പങ്കാളികളാകേണ്ട ദളിത്,ആദിവാസി,അധസ്ഥിത വിഭാഗങ്ങളിലും സ്ത്രീകള്‍ക്കിടയിലും പ്രവര്‍ത്തനം ശക്തിപ്പെടുത്തിയാല്‍
വര്‍ത്തമാന പ്രതിലോമാവസ്ഥക്കെതിരായ വെല്ലുവിളി വളര്‍ത്തിക്കൊണ്ടു വരാനാകും.
ഇതിനു ജനകീയാസൂത്രണവും കുടുംബശ്രീകളുവരെ എത്തിയിരിക്കുന്ന നവ ഉദാര നയങ്ങളെ സൈദ്ധാന്തികവും രാഷ്ട്രീയവുമായി തുറന്നു കാട്ടി ബദല്‍ പ്രസ്ഥാനങ്ങള്‍ക്കും പ്രാദേശികസമിതിയിലെ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള പുരോഗമന പാത വെട്ടിതുറക്കണം.
വിദ്യാഭ്യാസം,ചികിത്സാധിമേഖലകളുടെ കച്ചവട വല്ക്കരണത്തിന്നെതിരായും ഈ മേഖലകളില്‍ നിന്ന് മത,ജാതി,മാഫിയാ ശക്തികളെ പുറത്താക്കുന്നതിനുമുള്ള കാമ്പയിന്‍ ആരംഭിക്കണം        
മതമൗലികവാദികളെ എതിര്‍ക്കുന്നതോടൊപ്പം മതവിമര്‍ശനത്തിനും കമ്യൂണിസ്റ്റുകാര്‍ മുന്‍ കൈ എടുക്കണം.
സവര്‍ണ്ണാധിപത്യത്തെ ചെറുക്കുന്നതില്‍ നിന്ന് തുടങ്ങി ജാതിരഹിത സമൂഹത്തിനായി പ്രവര്‍ത്തിക്കണം.
സര്‍ക്കാര്‍ തന്നെ മദ്യവില്പന പ്രോത്സാഹിപ്പിക്കുന്നതിനെ ചെറുത്തുകൊണ്ട് മദ്യാസക്തിക്കും മദ്യമാഫിയകള്‍ക്കുമെതിരെ സമരം വളര്‍ത്തണം.
സ്ത്രീകല്ക്കെതിരായ ആക്രമണങ്ങളേയും സെക്സ്ടൂറിസത്തേയും ചെറുക്കണം.
മാനവ രാശിയുടെ നിലനില്പ്പിനു തന്നെ അപകടം സൃഷ്ടിക്കുന്ന സാമ്രാജ്യത്വ പ്രേരിതവികസന നയത്തിനെതിരെ ജനപക്ഷ,പ്രകൃതിപക്ഷ വികസന നയം ആവിഷ്കരിച്ച് അതിനായി പ്രവര്‍ത്തിക്കണം.
പരിഷ്കരണ വാദത്തേയും വര്‍ഗ്ഗ സഹകരണ സങ്കല്പങ്ങളേയും ചെറുത്ത് വിപ്ലവപരമായ സാമൂഹ്യ പരിവര്‍ത്തനത്തിന്റെ,സോഷ്യലിസത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കണം.
കലാ-സാഹിത്യ-മാധ്യമരംഗങ്ങളിലെ ദുഷ്ടശക്തികളെ വെല്ലുവിളിക്കാനും പുത്തന്‍-കലാ-സാഹിത്യ-മാധ്യമ സങ്കല്പങ്ങള്‍ വളര്‍ത്താനും പരിപാടിയിട്ട് പ്രവര്‍ത്തിക്കണം.
’പുത്തന്‍ നവോത്ഥാനത്തിനു തുടക്കമിടുക‘ എന്ന മുദ്രാവാക്യത്തോടെ പാര്‍ട്ടിയും വര്‍ഗ്ഗബഹുജനപ്രസ്ഥാനങ്ങളും പുരോഗമന,ജനാധിപത്യ,ജാതിവിരുദ്ധ,മതേതര ശക്തികളോട് ഐക്യപ്പെട്ടു മുന്നേറാന്‍ശക്തിനേടണം.
ഈ കാലഘട്ടത്തിന്റെ വെല്ലുവിളിയാണിത്.

അഭിപ്രായങ്ങളൊന്നുമില്ല: