2010, ഡിസംബർ 25, ശനിയാഴ്‌ച

വിശ്വാസമല്ല വിജ്ഞാനമാണ് എല്ലാം.

പ്രാഥമികമായിട്ടുള്ളത് എന്താണ്-പ്രകൃതിയോ അതോ ആത്മാവോ?

വിശ്വാസിയോട് ചോദിച്ചാല്‍ ഇതിനുള്ള മറുപടി എന്തായിരിക്കുമെന്നതിനേപ്പറ്റി സംശയം വേണ്ട.,

കാരണം, പ്രപഞ്ചത്തിന്റെ സ്രഷ്ടാവും വിധാതാവുമെന്ന് അയാള്‍ വിശ്വസിക്കുന്ന

ദൈവംതന്നേയാണ് അയാളെ സംമ്പന്ധിച്ചിടത്തോളം എല്ലാവിധ അസ്തിത്വത്തിന്റേയും ഉറവിടവും ,

പക്ഷെ, വിശ്വാസികള്‍ക്ക് അത് തെളിയിക്കാന്‍ കഴിയുന്നില്ല.

എന്തെന്നാല്‍,മത ബോധങ്ങളെ കണ്ണടച്ച് അംഗീകരിക്കുന്ന അവര്‍ വിശ്വാസത്തെ വിജ്ഞാനത്തിന്ന് ഉപരിയായി കാണുന്നു.

പള്ളിക്ക് ആത്മീയവും രാഷ്ട്രീയവുമായ അധികാരം ഉണ്ടായിരുന്ന മധ്യകാലീന യുഗത്തില്‍ പുരോഹിത വര്‍ഗ്ഗം ശാസ്ത്രജ്ഞരെ കല്‍ത്തുറുങ്കിലടച്ചും ഭേദ്യം ചെയ്തും ജീവനോടെ ദഹിപ്പിച്ചും ദണ്ഡിപ്പിച്ചിരുന്നു.

ഇന്നു പുരോഹിതവര്‍ഗ്ഗം ശാസ്ത്രത്തിന്റെ പ്രാധാന്യത്തെ നിക്ഷേധിക്കുന്നില്ല.

മാത്രമല്ല ,മത വിശ്വാസപ്രമാണത്തിന്റെ മാറ്റനാവാത്തതും കൃത്യവും അനന്തവുമായ സത്യത്തില്‍ (അങ്ങിനേയാണവര്‍ അതിനെ വിശേഷിപ്പിക്കുന്നത്)നിന്ന് വ്യത്യസ്ഥമായി ശാസ്ത്രവിജ്ഞാനം അസ്ഥിരവും കൃത്യമല്ലാത്തതും പരിമിതവുമാണെങ്കിലും ശാസ്ത്രവും മതവിശ്വാസവും തമ്മില്‍ നല്ലപോലെ പൊരുത്തപ്പെടുമെന്നും അവര്‍ അവകാശപ്പെടുന്നു.

“ശാസ്ത്രത്തിന്ന് അതിന്റെ പരിമിതികളുണ്ട് ”.നിക്കോലാസ് മെത്രോപൊലീത്ത എഴുതുകയുണ്ടായി “നമുക്ക് ദര്‍ശ്ശിക്കുകയും സ്പര്‍ശ്ശിക്കുകയും ശ്രവിക്കുകയും ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രം വെച്ചുകൊണ്ട് അതില്‍നിന്ന് നിഗമനങ്ങളില്‍ എത്താനേ അതിന് കഴിയൂ.

പക്ഷെ, ഇതു കൂടാതെ മറ്റൊരു മേഖലകൂടിയുണ്ട്..വിശ്വാസ ത്തിന്റെ മേഖല.ദൃഷ്ടി ഗോചരമല്ലാത്ത ലോകത്തിന്ന് പുറമേ ,ദൃഷ്ടിഗോചരമല്ലാത്ത ഒരു ലോകം കൂടിയുണ്ട്.

ശാസ്ത്രത്തിന്ന് എത്താന്‍ പറ്റാത്ത ആ മേഖല യില്‍ വിശ്വാസത്തിന്ന് എത്തിച്ചേരാന്‍ കഴിയും”.

നമുക്ക് ദൃഷ്ടിഗോചരമല്ലാത്ത പലതും ബ്രഹ്മാണ്ഡകടാഹത്തില്‍ ഉണ്ടെന്നതില്‍ തര്‍ക്കമില്ല..

എന്നാല്‍,മതമല്ല,ശാസ്ത്രമാണ് ഭൂതക്കണ്ണാടി,ദൂരദര്‍ശ്ശിനി തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെ ഈ “ദൃഷ്ടി ഗോചരമല്ലാത്ത”ലോകത്തിലേക്ക് കടന്ന് ചെന്ന് അവിടെ നടക്കുന്ന സംഗതികളേപ്പറ്റി കൃത്യമായി വിവരം ശേഖരിച്ചത്,

മത പണ്ഡിതന്മാരുടെ ഈ “ദൃഷ്ടിഗോചരമല്ലാത്ത”ലോകമാകട്ടെ ,

ഹാന്‍സ് ക്രിസ്റ്റ്യന്‍ അന്‍ഡേസന്റെ കഥയിലെ നഗ്നനായ രാജാവിന്റെ ദൃഷ്ടിഗോചരമല്ലാത്ത വസ്ത്രങ്ങള്‍ പോലെ ഇപ്പോഴും പിടികിട്ടാത്ത സംഗതിയായി ശേഷിക്കുകയും ചെയ്യുന്നു.

ആകഥയിലേപ്പോലെ “ദൃഷ്ടിഗോചരമല്ലാത്ത”തിലുള്ള വിശ്വാസം സ്വന്തം കണ്ണും കാതും മനസ്സും വിശ്വസിക്കാത്തവര്‍ക്ക് മാത്രമുള്ളതാണ്.

വിജ്ഞാനവും വിശ്വാസവും തമ്മില്‍ പൊരുത്തമുണ്ടെന്ന് പറയുന്നത് ശരിയാണോ?

എന്താണ് ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം?

അനത്തോള്‍ ഫ്രാന്‍സ് എഴുതിയ “പെങ്ക്വിന്‍ ദ്വീപ്” എന്നകൃതിയില്‍ യാതേരുവിധതെളിവും കൂടാതെ കോടതികയറ്റപ്പെടുന്ന ഒരുവന്റെ കഥയുണ്ട്.

“പിറോ ആ എണ്‍പതിനായിരം വയ്ക്കോല്‍ തുറു മോഷ്ടിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കാന്‍ ആരും മടിച്ചില്ല.

അവര്‍ക്ക് അതില്‍ യാതോരു സംശയവും ഉണ്ടായിരുന്നില്ല;

അക്കാര്യത്തേപ്പറ്റിയുള്ള അജ്ഞതമൂലം സംശയിക്കാന്‍ യാതെരു കാരണവും ഉണ്ടായിരുന്നില്ല.

കാരണം കൂടാതെ സംശയം സാദ്ധ്യവുമല്ലല്ലോ;

എന്തെന്നാല്‍ യാതോരുകാരണവും കൂടാതെ ഒരു സംഗതി വിശ്വസിക്കാന്‍ പറ്റുന്നത്പോലെ യാതോരുകാരണംകൂടാതെ ഒരു സംഗതിയേപ്പറ്റി സശയിക്കാനുമാവില്ലല്ലോ.”

കത്തോലിക്കാ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രാബല്യത്തിലുണ്ടായിരുന്ന ഒരു നിയമമുണ്ട്;

“നമുക്ക് ഒരു സാധനം വെളുത്തതായി തോന്നിയേക്കാമെങ്കിലും ,പള്ളി അധികാരികള്‍ അത് കറുത്തതാണെന്ന് പറഞ്ഞാല്‍ അത് കറുത്തത് തന്നെയാണെന്ന് നാം വിശ്വസിക്കണം ....

മറിച്ചുള്ള തോന്നലുകള്‍ അന്ധമായ അനുസരണയോടെ മനസ്സില്‍ നിന്ന് അകറ്റി അങ്ങനേയാവാതിരിക്കാന്‍ തരമില്ലെന്ന് നാം നമ്മെ പറഞ്ഞ് വിശ്വസിപ്പിക്കണം”

ഒരു ഗണിതശാസ്ത്ര അധ്യാപകന്‍ പറഞ്ഞുകൊടുക്കുന്ന സൂത്രം ഒട്ടും മനസ്സിലായില്ലെങ്കിലും

അത് അപ്പടി വിശ്വസിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ വിജ്ഞാനം കൂടാതെ വിശ്വാസം മാത്രമുള്ള

ഒരുവനായി വിവരിക്കാമെന്ന് മദ്ധ്യകാലീന അന്ധവിശ്വാസത്തെ എതിര്‍ത്തിരുന്ന ഴാന്‍ ബോദേന്‍ 16 ആം ശതകത്തില്‍ എഴുതുകയുണ്ടായി.

എന്നാല്‍ ആ സൂത്രം കാര്യകാരണസഹിതം തെളിയിച്ചുകൊണ്ട് അതിന്റെ സത്യം ശരിക്കും ഗ്രഹിച്ച്, അങ്ങിനെ വിജ്ഞാനം ആര്‍ജ്ജിച്ച് കഴിയുന്നതോടെ വിദ്യാര്‍ത്ഥിയുടെ വിശ്വാസം ഇല്ലാതാവുന്നു,

ശാസ്ത്രീയമായ ഒരു അനുമാനം വേണ്ടത്ര കൃത്യമല്ലാത്തതോ തെറ്റ് തന്നെയോ ആണെന്ന് വന്നേക്കാം ,എങ്കിലും അത് വിജ്ഞാനമാണ്.വെറും വിശ്വാസമല്ല.

എന്തെന്നാല്‍ വേണ്ടത്രപൂര്‍ണ്ണമല്ലെങ്കില്‍ പോലും തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ അനുമാനം.

ഇതിന്നര്‍ത്ഥം നമുക്ക് കാരണം അറിയില്ലന്നതുകൊണ്ട് മാത്രം ഒരു അഭിപ്രായം നിരാകരിച്ച്കൊള്ളണമെന്നില്ല,

അതേപ്പറ്റി ശരിയായി ആലോചിച്ച് പരിശോധിച്ചതിന്ന്ശേഷം വേണം അത് ശരിയോ തെറ്റോ എന്ന് തീരുമാനിക്കാന്‍.

പൊടുന്നനേയുള്ള വെളിപാടിനേയോ സാധാരണ ഇഷ്ടക്കേടുകളേയോ പുസ്തകങ്ങളേത്തന്നയോ അന്ധമായി അംഗീകരിച്ച്കൊണ്ട് സ്വന്തം വിചാരങ്ങളെ നിയന്ത്രിക്കാന്‍ വിസമ്മതിക്കുന്നത് വിജ്ഞാനത്തെ സംബന്ധിച്ചിടത്തോളം തെറ്റായ മാര്‍ഗ്ഗമായിരിക്കും.

ഉദാഹരണത്തിന്ന് ,കമ്യൂണിസം എന്നു പറയുന്നത് പുസ്തകത്തില്‍ നിന്ന് പെറുക്കിയെടുത്ത നിഗമനത്തിലുള്ള അന്ധമായ വിശ്വാസമല്ലെന്നും,

മറിച്ച് വായിച്ചറിഞ്ഞ സംഗതികളേപ്പറ്റി ഗഹനമായി ആലോചിച്ച് പഠിച്ച് ആ നിഗമനങ്ങളെ തെളിവുമായി തട്ടിച്ച് നോക്കുകയും അവ സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് സ്വയം ബോധ്യപ്പെടുകയും ചെയ്തതിന്ന് ശേഷം രൂപീകരിക്കേണ്ട അഭിപ്രായങ്ങളാണെന്നും ലെനിന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.

അദ്ദേഹം എഴുതി“ ഒരു കമ്യൂണിസ്റ്റുകാരന്‍ താന്‍ ആര്‍ജ്ജിച്ച വിജ്ഞാനം മുഴുവന്‍ ശരിക്ക് അരച്ച് കലക്കികുടിക്കുന്നില്ലെങ്കില്‍,മുന്‍ കൂട്ടി തയ്യാര്‍ ചെയ്തു വെച്ചിട്ടുള്ള നിഗമനങ്ങള്‍ നല്ലപോലെ മനസ്സിരുത്തി പഠിക്കാതേയും നിരൂപണബുദ്ധിയോടുകൂടി പരിശോധിക്കേണ്ട വസ്തുതകള്‍ മനസ്സിലാക്കാതേയും പിടിവാശിയോടെ സ്വായത്വമാക്കുന്നതില്‍ മാത്രം ഒതുങ്ങി നില്ക്കുകയാണെങ്കില്‍,

കമ്യൂണിസം വെറും പൊള്ളവാക്കായി,

വെറുമൊരു പരസ്യപ്പലകയായി, തീരുകയും കമ്യൂണിസ്റ്റ്കാരന്‍ വെറുമൊരു വാചകമടിക്കാരനായി മാറുകയും ചെയ്യും”(ലെനിന്‍ സമാഹൃത കൃതികള്‍ വാല്യം31-പേജ്287-288)

സോഷ്യലിസം കെട്ടിപ്പടുക്കുന്നതിന്ന് “ഒന്നും കണ്ണടച്ച് വിശ്വസിക്കാത്തവരെന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ പറ്റുന്ന, ശരിക്കും ബോധവാന്മാരായ ആളുകളെ ആവശ്യമാണ്”(ലെനിന്‍ അതേ കൃതി വാലം 33 പേജ് 489) .

തത്വശാസ്ത്രത്തിന്റെ അടിസ്ഥാന പ്രശ്നത്തേപ്പറ്റി മുമ്പൊരിക്കലും കേട്ടിട്ടില്ലാത്ത ഒരാളോട് നാം ആദ്യം ചോദിക്കുകയാണെന്നും ,

അയാള്‍ ഉടനടി അതിന്ന് ഇപ്രകാരം മറുപടി നല്കുകയാണെന്നും സങ്കല്പ്പിക്കുക ;“സംശയമെന്താ,പദാര്‍ത്ഥം തന്നേയാണ് പ്രാഥമികമായിട്ടുള്ളത് ,ബോധം അതു കഴിഞ്ഞേവരൂ,”

ആ വ്യക്തി തന്റെ പ്രസ്താവന എങ്ങിനെ തെളിയിക്കുമെന്നും അതിനെതിരായ ആശയം തെറ്റാണെന്ന് എങ്ങിനെ സ്ഥാപിക്കുമെന്നുള്ളതാണ് അപ്പോള്‍ മുഖ്യമായിട്ടുള്ളത്.

അതില്‍ അയാള്‍ പരാജയപ്പെട്ടാല്‍, അയാള്‍ പറഞ്ഞത് വെറും വിശ്വാസപ്രമാണമാണെന്നും അതിന്ന് വിജ്ഞാനവുമായി യാതോരു ബന്ധവുമില്ലെന്നും നമുക്ക് സമ്മതിക്കേണ്ടിവരും .

ആശയവാദത്തിന്ന് അനുകൂലമായി പൊതുവില്‍ യാതോരു ന്യായവും ഉന്നയിക്കാനുണ്ടാവുകയില്ലെന്നും ,ഭൗതികവാദം എന്ന സത്യം യാതോരു തെളിവും ആവശ്യമില്ലാത്ത വിധം സ്പഷ്ടമാണെന്നും

അയാള്‍ക്ക് തോന്നിയേക്കാം .

പറഞ്ഞുവരുന്നത് അല്ലെങ്കില്‍ പറയാന്‍ ഉദ്ദേശിച്ചത്:-

ഏതൊരു തത്വശസ്ത്ര പ്രമാണവും

അതിന്റെ നിഗമനങ്ങള്‍ക്ക് വ്യക്തമായ കാരണങ്ങള്‍ നല്കും ,

വിശ്വാസമല്ല,വിജ്ഞാനമാണ് നാം തേടുന്നത് എങ്കില്‍,

വിവിധ തത്വചിന്താസരണികള്‍ മുന്നോട് വെച്ചിട്ടുള്ള നിഗമനങ്ങളും വാദമുഖങ്ങളും ഓരോന്നായി എടുത്ത് പരിശോധിക്കേണ്ടത് ആവശ്യമാണ് എന്നതാണ്.2010, ഡിസംബർ 20, തിങ്കളാഴ്‌ച

എന്താണ് ഭരണകൂടം.

ക്രമസമാധാനം പാലിക്കാനും എല്ലാ വർഗ്ഗങ്ങളുടേയും സാമൂഹ്യ ഗ്രൂപ്പുകളുടേയും താല്പര്യങ്ങൾ ഒരുപോലെ കാത്ത് രക്ഷിക്കാനും ചുമതലപ്പെട്ട ഒരു സംഘടനയെന്ന നിലക്കാണ് ബൂർഷ്വാ പ്രത്യായശാസ്ത്രജ്ഞൻന്മാർ ഭരണ കൂടത്തെ എപ്പോഴും ചിത്രീകരിക്കുന്നത്.

ആധുനിക ബൂർഷ്വാ സാമൂഹ്യശാസ്ത്ര സാഹിത്യത്തിലും ഈ അഭിപ്രായഗതി വളരെ പ്രബലമാണ്.പെറ്റിബൂർഷ്വാ വിഭാഗത്തിന്റെ പ്രത്യായശാസ്ത്രജ്ഞരും ഈ വാദഗതി പലപ്പോഴും ഉയർത്തിപ്പിടിക്കാറുണ്ട്.

മുതലാളിമാരുടെയെന്നപോലെ ഫാക്റ്ററികളിലും ഓഫീസുകളിലും പണിചെയ്യുന്ന വരുടേയും ബുദ്ധിജീവികളുടേയും കർഷകരുടേയും വിദ്യാർത്ഥികളുടേയും എല്ലാം അവകാശങ്ങൾക്ക് തുല്യമായ സംരക്ഷണം നല്കുന്ന ഒരു സംഘടനയാണ് ആ മുതലാളിത്തഭരണകൂടമെന്ന് വരുത്തി തീർക്കാനാണ് അവരുടെ ശ്രമം .

ആധുനിക ബൂർഷ്വാ ഭരണക്കൂടം നിർമ്മിക്കുന്ന നിയമങ്ങൾ മുതലാളിക്കും തൊഴിലാളിക്കും ധനികനും ദരിദ്രനും ഒരേപോലെ സ്വീകാര്യമാണെന്ന് അവർ വാദിക്കുന്നു.ധനികനും ദരിദ്രനും തമ്മിലോ, മുതലാളിയും കൂലിവേലക്കാരനും തമ്മിലോ ഈ ഭരണകൂടം യാതോരു പക്ഷപാതിത്വവും കാണിക്കുന്നില്ലെന്ന് ഇക്കൂട്ടർ പറയുന്നു.

“സാമൂഹ്യ ഏകതാനത”ക്കും “സാർവ്വർത്രികക്ഷേമ”ത്തിനും മറ്റും വ്യവസ്ഥചെയ്യുന്ന ഒരു “ക്ഷേമരാഷ്ട്ര”മായി അവർ അതിനെ വിവരിക്കുന്നു. ഈ ക്ഷേമവാദത്തിന്റെ വക്കാലത്തുകാർ തങ്ങളുടെ സിദ്ധാന്തത്തെ താങ്ങി നിർത്തുന്നതിന്ന് ഒരു പാട് ഉദാഹരണങ്ങളും എടുത്തു കാട്ടുന്നുണ്ട് .ഉദാഹരണത്തിന്ന് ,

ഒരു ഫാക്റ്ററിയിലെ തൊഴിലാളികൾ പണിമുടക്കിലേർപ്പെട്ടിരിക്കുകയാണെന്ന് നമുക്ക് സങ്കല്പ്പിക്കാം ,അവർ പറയുന്നു.കൂലിക്കൂടുതലിന്നും മെച്ചമായ ജോലിവ്യവസ്ഥകൾക്കും മറ്റുമുള്ള ന്യായമായ അവകാശങ്ങളാണ് ട്രേഡ് യൂണിയൻ മുന്നോട്ട് വെച്ചിട്ടുള്ളത്.

പക്ഷെ,ഈ അവകാശങ്ങൾ അനുവദിച്ചുകൊടുത്താൽ മുതലാളിമാരുടെ ലാഭത്തിന്ന് ഇടിവ് തട്ടും .ഇക്കാരണത്താൽ ,പണിമുടക്ക് കമ്മറ്റിയും മുതലാളിയും തമ്മിലുള്ള കൂടിയാലോചനകൾ മുന്നോട്ട്പോകുന്നില്ല.

ഇരുവിഭാഗക്കാരും വിട്ടുവീഴ്ചക്ക് തയാറില്ലാതെ പരസ്പരം കുറ്റപ്പെടുത്തുകയും ആക്ഷേപിക്കുകയും ചെയ്തുകൊണ്ട് നില്ക്കുകയാണ്.

ഈ തർക്കം മൂർച്ഛിച്ച് ഒരു ഘട്ടത്തിൽ ആത്മനിയന്ത്രണം നഷ്ടപ്പെട്ട് മാനേജ്മെന്റ് പ്രതിനിധി തന്റെ കൈത്തോക്ക് എടുത്ത് തൊഴിലാളികൾക്കെതിരേ നിറയൊഴിക്കാൻ തുടങ്ങുകയാണെന്നും സങ്കല്പ്പിക്കുക.

അപ്പോഴെന്താണ് ഉണ്ടാവുക ?അപ്പോൾ പോലീസിനെ ഫാക്റ്ററിയിലേക്ക് വിളിക്കുമെന്നതിൽ സംശയത്തിന്ന് കാരണമില്ലെന്ന് “ക്ഷേമരാഷ്ട്ര”സിദ്ധാന്തക്കാർ പറയുന്നു.

തൊഴിലാളികൾക്കെതിരേ നിറയൊഴിച്ച മുതലാളി പ്രതിനിധിയെ അറസ്റ്റ് ചെയ്ത് കേസെടുക്കും .

ആ നാട്ടിലെ നിയപ്രകാരം നരഹത്യയോ സായുധകയ്യേറ്റമോ ഏതാണ് അയാളുടെ പേരിൽ ആരോപിച്ചിരിക്കുന്ന കുറ്റമെന്നതിന്ന് അനുസരിച്ച് കോടതി അയാളെ ശിക്ഷിക്കും.

ഇവർ ഇത്രയും പറഞ്ഞുകൊണ്ട് ഇതുപോലുള്ള സംഭവങ്ങൾ നടന്നിട്ടുള്ള രാജ്യങ്ങളുടേയും സ്ഥലങ്ങളുടേയും ലീസ്റ്റ് ഹാജരാക്കുക പതിവാണ്.

വസ്തുതകൾ എവിടെ വേണമെങ്കിലും അന്യേഷിച്ച് തങ്ങൾ പറഞ്ഞതിലെന്തെങ്കിലും അസത്യമുണ്ടോ എന്ന് പരീക്ഷിക്കാൻ ഇവർ വായനക്കാരെ ക്ഷണിക്കുകയും ചെയ്യും.

ഭരണകൂടം മുതലാളിമാരുടെ മാത്രം താല്പര്യം പരിരക്ഷിക്കുന്ന ഒന്നായിരുന്നെങ്കിൽ ,അത് തൊഴിലാളികളെ കൊന്നതിന്ന് ഏതെങ്കിലും മുതലാളിയെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കുമായിരുന്നില്ലെന്ന് ,ഭരണകൂടം ആ വഴിക്ക് തിരിഞ്ഞു നോക്കുമായിരുന്നില്ലെന്നാണ് ഇവർ പറഞ്ഞുവരുന്നത്.

പക്ഷെ ,ഇവിടെ ഭരണകൂടം മുതലാളിയുടേയും തൊഴിലാളിയുടേയും താല്പ്പര്യം കാത്തുരക്ഷിക്കുന്നെണ്ടെന്നും ,വർഗ്ഗ അനുരജ്ഞനവും വർഗ്ഗ ഏകതാനതയും കൈവരുത്താൻ അത് ബാദ്ധ്യസ്ഥത ഏറ്റിരിക്കുന്നുവെന്നുമല്ലേ വസ്തുതകൾ തെളിയിക്കുന്നതെന്നും“ക്ഷേമരാഷ്ട്ര വക്കാലത്തുകാർ ചോദിക്കുന്നു.

എന്നാൽ ഭരണകൂടത്തിന്റെ ആവിർഭാവത്തെ സംബന്ധിച്ച ചില സമൂർത്തവസ്തുതകൾ പരിശോധിക്കുമ്പോഴേക്ക് ഇവരുടെ വാദമുഖങ്ങൾ പൊളിഞ്ഞ് പാളീസാകുന്നത് കാണാം.ഭരണകൂട മെന്നത് എല്ലായ്പ്പോഴും നിലവിലുണ്ടായിരുന്നില്ലെന്നതാണ് നാം ശ്രദ്ധിക്കേണ്ട ഒന്നാമത്തെ സംഗതി.

പ്രാകൃതകമ്യൂണിസത്തിന്റെ ഘട്ടത്തിൽ അതുണ്ടായിരുന്നില്ല.

സമൂർത്തമായ ഐതിഹാസികസാഹചര്യങ്ങൾ കാരണം വളർച്ച മുട്ടിനിന്നിരുന്നവർക്ക്,വർഗ്ഗ വിഭജനത്തെപ്പറ്റി കേട്ടിട്ടുപോലുമില്ലാതിരുന്നവർക്ക്,ഒരു ഭരണകൂടവും ഉണ്ടായിരുന്നില്ല.

സമുദായത്തിൽ വർഗ്ഗ വിഭജനം നടക്കുമ്പോഴാണ് ഭരണകൂടത്തിന്റെ ആവിർഭാവമുണ്ടാകുന്നത് എന്നല്ലേ,ഇതിൽ നിന്നും വ്യക്തമാവുന്നത്.

പ്രാകൃതസമുദായത്തിൽ ഗണങ്ങളായിട്ടാണ`ആളുകൾ ജീവിച്ചിരുന്നത്.പാരമ്പര്യത്തിനും ആചാരത്തിന്നും കാരണവന്മാരുടെ അന്തസ്സിന്നും ബഹുമാനത്തിന്നും പ്രാമാണികതക്കുമായിരുന്നു ഇവിടെ മുൻ തൂക്കം.

ചില സന്ദർഭങ്ങളിൽ അധികാരം സ്ത്രീകൾക്കായിരുന്നു.

പില്കാലത്തെ വിരുദ്ധസംവിധാനങ്ങളിലെപ്പോലെ സ്ത്രീകൾ അന്നൊന്നും മർദ്ദിതരായിരുന്നില്ല;അവരുടെ സ്ഥാനം ആർക്കും താഴെ ആയിരുന്നില്ല.

പ്രാകൃതകമ്യൂണിസത്തിൻ കീഴിൽ ഒരു നിർദ്ദിഷ്ട വിഭാഗത്തില്പ്പെട്ടവർ സായുധസേന,തടവറകൾ ,മറ്റുനിയമപാലന ഏർപ്പാടുകൾ തുടങ്ങിയ ബലപ്രയോഗ ഉപാധികളുടെ സഹായത്തോടെ സമുദായത്തിലെ ഇതര വിഭാഗങ്ങളുടെ മേൽ അവരുടെ ഭരണാധികാരികളെന്ന നിലയിൽ ആധിപത്യം ഉറപ്പിച്ച ഒരൊറ്റ സംഭവം പോലും നമുക്ക് ചരിത്രത്തിൽ കാണാൻ കഴിയില്ല.

ഒറ്റവാക്കിൽ പറഞ്ഞാൽ പ്രാകൃത കമ്യൂണിസത്തിന്റെ വ്യവസ്ഥയിൽ ഭരണകൂടം എന്ന് ഏർപ്പാടുണ്ടായിരുന്നില്ല.

എന്നാൽ അതില്ലാതിരുന്നത്കൊണ്ട് സാമൂഹ്യ നടപടിക്രമങ്ങൾക്ക് എന്തെങ്കിലും തകരാർ സംഭവിക്കുകയോ ,പൊതു സമാധാനത്തെ താറു മാറാക്കുന്നതും സാമൂഹ്യവ്യവസ്ഥയെ കുഴപ്പത്തിലാക്കുന്നതുമായ എന്തെങ്കിലും സംഘട്ടനങ്ങൾ ഉണ്ടാവുകയോ ചെയ്തതുമില്ല.

സർവ്വത്ര കുഴാമറിയലിന്റേതായ ഒരു ഭീഷണിയും ഈ സമുദായത്തിന്ന് നേർടേണ്ടിവന്നിരുന്നില്ല.ഭരണകൂടം ഇല്ലായിരുന്നുവെങ്കിൽ കൂടി ആളുകളെ തമ്മിൽ ബന്ധിച്ചിരുന്ന ഉറപ്പുള്ള സാമൂഹ്യമായ കണ്ണികൾ ഉണ്ടായിരുന്നു.

സമുദായം സാധാരണഗതിയിൽ മുന്നോട്ട്പോവുകയും ചെയ്തിരുന്നു.പ്രത്യേകമായ എന്തെങ്കിലും നിയമപാലന ഏർപ്പാടുകൾ കൂടാതെ സമുദായത്തിന്റെ കാര്യം ക്രമമായി നടത്തിക്കൊണ്ടു പോകുന്നതിന്ന് ആചാരബലവും കാരണവന്മാരുടെ അന്തസ്സും മാത്രം മതിയായിരുന്നു.

പ്രാകൃത കമ്യൂണിസത്തിൽ എല്ലാവരും തുല്യരായിരുന്നു.ആർക്കും പ്രതേക അവകാശങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.

കാരണവന്മാർക്ക് അവരുടെ സേവനങ്ങൾക്കായി യാതൊരു പ്രതിഫലവും നല്കിയിരുന്നതുമില്ല.സർവ്വരിൽനിന്നുമുള്ള ബഹുമാനവും അനുസരണയുമായിരുന്നു അവർക്ക് ലഭിച്ചിരുന്ന പ്രതിഫലം .

വർഗ്ഗ സംഘട്ടനം എന്തെന്ന്പോലും നിശ്ചയമില്ലാതിരുന്ന പ്രാകൃത സമൂഹത്തിൽ ബലപ്രയോഗമാധ്യമങ്ങളുടെ ആവശ്യവുമുണ്ടായിരുന്നില്ല .

സമുദായത്തിലെ വർഗ്ഗവിഭജനത്തിന്ന്ശേഷം മാത്രമാണ്,അതായത്, ഒരു ഗ്രൂപ്പിൽ പെട്ടവർക്ക് മറ്റൊരു ഗ്രൂപ്പിന്റെ അദ്ധ്വാനം ക്രമമായി കൈയടക്കാൻ കഴിയുന്ന തരത്തിൽ ,എന്നുപറഞ്ഞാൽ ആ ഗ്രൂപ്പിനെ ചൂഷണം ചെയ്യാൻ കഴിയുന്ന തരത്തിൽ ,സമുദായം വിഭജിക്കപ്പെട്ടതിന്ന്ശേഷം മാത്രമാണ്,ഭരണകൂടം ആവിർഭവിച്ചത് എന്ന് ചരിത്രം തെളിയിക്കുന്നുണ്ട്.

ഒരു ഭരണകൂടത്തിന്റെ മുഖ്യവും നിർണ്ണായകവുമായ സ്വഭാവ വിശേഷം ജനങ്ങളുടെ മേലുള്ള ,അഥവാ രാഷ്ട്രീയമായ, അതിന്റെ അധികാരമാണ്.

ഇത് എല്ലായ്പ്പോഴും ഭരണാധികാരി വർഗ്ഗത്തിന്റെ സർവാധിപത്യമായിരിക്കും .സർവ്വാധിപത്യമെന്നു പറയുന്നത് ബലപ്രയോഗത്തെ ആശ്രയിക്കുന്ന ഒരു ഭരണരൂപമാണ്.

അതായത് സ്വന്തം പ്രവർത്തനത്തിന്ന് നിയമപരമായ അടിസ്ഥാനം സൃഷ്ടിക്കലാണ്.പട്ടാളം, കോടതികൾ,തടവറകൾ ,പോലീസ്, രഹസ്യ പോലീസ് (ഇന്റലിജൻസ്),കൗണ്ടർ ഇന്റലിജൻസ് എന്നിവ ഉൾപ്പെടേ രാഷ്ട്രീയാധികാരത്തിന്റെ ഉപകരണങ്ങൾ അഥവാ അവയവങ്ങൾ ആണ് അടുത്തയിനം.ഇവയെല്ലാം നിയന്ത്രിക്കുന്ന ഗവണ്മെന്റ് തന്നേയും രാഷ്ട്രീയാധികാരത്തിന്റെ ഒരു ഉപകരണമാണ്.അധിക്കാരത്തേപ്പോലെ അതിന്റെ ഉപകരണങ്ങളും സംശയത്തിന്നിടയില്ലാത്ത വിധത്തിൽ വർഗ്ഗസ്വഭാവത്തോടു കൂടിയതാണ്.

ഉദാഹരണത്തിന്ന് ബൂർഷ്വാ പട്ടാളത്തിന്റെ കാര്യം തന്നെ എടുക്കാം ജനങ്ങൾക്കിടയിൽ നിന്ന് റിക്രൂട്ട് ചെയ്തു സഘടിപ്പിച്ചിട്ടുള്ള ഒരു പട്ടാളത്തെ(സ്ഥിരം കൂലിപ്പട്ടാളത്തിന്റെ കാലം കഴിഞ്ഞുപോയതിനാൽ ജനങ്ങൾക്കിടയിൽ നിന്നും റിക്രൂട്ട് ചെയ്യലല്ലാതെ മറ്റു മാർഗ്ഗമില്ല)ജനങ്ങൾക്കെതിരായി നിറുത്താനും വേണ്ടിവന്നാൽ ജനങ്ങൾക്കെതിരേ വെടിവെക്കാനും കഴിയുമാറാക്കുന്നതിന്ന് വേണ്ടി പട്ടാളക്കാർക്ക് രാഷ്ട്രീയാവകാശങ്ങൾ നിഷേധിക്കുകയും അവരെ ജനങ്ങളിൽ നിന്നുമൊറ്റപ്പെടുത്തുകയും അവരിൽ ജനവിരോധ ആശയങ്ങൾ വളർത്തുകയും ചെയ്യുന്നുണ്ട്.

അധികാരത്തിന്റെ അവയവങ്ങൾക്ക് ഭരണാധികാരിവർഗ്ഗത്തിന്റെ ഇച്ഛ നടപ്പിലാക്കാൻ കഴിയണമെങ്കിൽ സർക്കാർ യന്ത്രത്തിൽ തങ്ങളുടെ ജോലിയേപ്പറ്റി ഊറ്റം കൊള്ളുന്ന സുശിക്ഷിതരായ ഉദ്യോഗസ്ഥന്മാർ ഉണ്ടായിരിക്കണം .

ഉയർന്ന സർക്കാറുദ്യോഗങ്ങളിൽ ഭരണാധികാരി വർഗ്ഗങ്ങളില്പ്പെട്ടവരെ മാത്രമാണ`നിയമിക്കുന്നത്.ഈ സർക്കാർ യന്ത്രത്തിന്റെ ചിലവ് വഹിക്കുന്നതിനുള്ള പണമുണ്ടാക്കാൻ വേണ്ടി ഭരണ കൂടം ജനങ്ങളുടെ മേൽ നാനാതരത്തിലുള്ള നികുതികൾ ചുമത്തുന്നു.

ബൂർഷ്വാ ഭരണ കൂടത്തിലെ നികുതി ചുമത്തൽ സ്വാഭാവികമായും മുതലാളിമാരുടെ താല്പര്യങ്ങൾക്ക് അനുരോധമായ വിധത്തിലുള്ളതാണ`.പ്രത്യക്ഷവും പരോക്ഷവുമായ നികുതികളുടെ ഭാരം ചുമക്കേണ്ടി വരുന്നത് അദ്ധ്വാനിക്കുന്ന ജനനതയുമാണ്.

അവസാനമായി ,ഭരണകൂടത്തിന്റെ മറ്റൊരു സവിശേഷം ഭൂപരമായ യൂണിറ്റുകൾ അനുസരിച്ച് ജനങ്ങളെ വിഭജിക്കുകയെന്നതാണ`.

പണ്ടത്തെ ഗോത്രങ്ങളും ഗണങ്ങളുമായ വിഭജനത്തിന്റെ സ്ഥാനത്ത് ഇപ്പോൾ ഈ സമ്പ്രദായമാണല്ലോ ഉള്ളത്.എന്നാൽ ,ഭൂപ്രദേശമോ ജനങ്ങളോ വെവ്വേറെയെടുത്താൽ,അവ ഭരണകൂടത്തിന്റെ സ്വഭാവ വിശേഷങ്ങളാവുകയില്ല .

ഇത് സ്പഷ്ടമാണ`:

എന്തെന്നാൽ ,ഭരണകൂടം ശാശ്വതമായിട്ടുള്ളതല്ലല്ലോ.ചരിത്രത്തിന്റെ ഒരു പ്രത്യേകഘട്ടത്തിൽ ആവിർഭവിച്ച അത് അനുപേക്ഷണീയമായും വാടിക്കൊഴിഞ്ഞ്പോവുകതന്നെ ചെയ്യും.

എന്നാൽ ഭൂപ്രദേശവും ജനങ്ങളുമാകട്ടെ ,ഭരകൂടത്തിന്റെ ആവിർഭാവത്തിന്ന് മുമ്പുള്ളതായിരുന്നു;

അത് വാടിക്കൊഴിഞ്ഞതിന്ന് ശേഷവും ഇവ രണ്ടും ഉണ്ടായിരിക്കുകയും ചെയ്യും.

എല്ലാ സവിശേഷങ്ങളും ഒന്നായെടുത്താൽ മാത്രമേ ഒരു സമൂഹ്യസംവിധാനം ഒരു ഭരണകൂടമാണോ അല്ലയോ എന്ന് നമുക്ക് പറയാൻ കഴിയൂ.

അപ്പോൾ ,ചിലവർഗ്ഗങ്ങൾക്ക് മറ്റുവർഗ്ഗങ്ങളെ തങ്ങളുടെ നിയന്ത്രണത്തിൽ നിറുത്തേണ്ടതിന്റെ ആവശ്യകത വന്നപ്പോഴാണ് ഭരണകൂടം ഉടലെടുത്തത്. ഈ വർഗ്ഗങ്ങളുടെ സഘട്ടനത്തിൽ നിന്നാണിത് ഉടലെടുത്തത്.

സാമ്പത്തികമായി ആധിപത്യമുള്ള വർഗ്ഗം ഏന്തുന്ന ഒരു ഉപകരണമാണത്.ഈ വർഗ്ഗമാവട്ടെ ഭരണകൂടത്തിന്റെ സഹായത്തോടെ രാഷ്ട്രീയമായും ആധിപത്യം നേടുകയും ,അതുകൊണ്ട് തന്നെ മർദ്ദിത വർഗ്ഗങ്ങളെ അടിച്ചമർത്താനും ചൂഷണം ചെയ്യാനുമുള്ള കൂടുതൽ കൂടുതൽ ഉപാധികൾ ആർജ്ജിക്കുകയും ചെയ്യുന്നു.

ആദ്യമായി സമുദായം വർഗ്ഗങ്ങളായി വിഭജിക്കപ്പെട്ട അവസരത്തിൽ ഭരണാധികാര വർഗ്ഗത്തിന്റെ പ്രത്യേകാവകാശങ്ങൾ കാത്തുസൂക്ഷിക്കുന്നതിന്ന് ഒരു വിശേഷാൽ ഏർപ്പാട് ആവശ്യമായിരുന്നു.

അദ്ധ്വാനിക്കുന്ന ജനതയെ അടിച്ചമർത്തുന്നതിനുള്ള അത്തരം ഏർപ്പാട് ആദ്യമായി കണ്ടത് അടിമയുടമകളുടേതായ ഭരണ കൂടത്തിലാണ്.അത് അടിമയുടമകൾക്ക് തങ്ങളുടെ അടിമകളെ ചൂഷണം ചെയാനുള്ള അധികാരം നല്കി.

അക്കാലത്ത് സമുദായത്തിന്റേയും ഭരണകൂടത്തിന്റേയും പക്കലുള്ള വാർത്താവിനിമയ-ഗതാഗതസൗകര്യങ്ങൾ തുലോം പരിമിതമായിരുന്നു;പർവ്വതങ്ങളും നദികളും സമുദ്രങ്ങളും പരസ്പരസമ്പർക്കത്തിന്ന് വമ്പിച്ച തടസ്സങ്ങളായിരുന്നു.

അതിനാൽ ഇടുങ്ങിയ ഭൂമിശാസ്ത്രപരമായ അതിർത്തികൾക്കുള്ളിലാണ് സ്റ്റേറ്റുകൾ സ്ഥാപിക്കപ്പെട്ടുരുന്നത്.ഭരണകൂടയന്ത്രവും വളരെ പ്രാകൃത രീതിയിലുള്ളതുമായിരുന്നു.

പക്ഷെ,അടിമകളെ അടിമത്തിലാഴ്ത്തി നിർത്താനും ചൂഷകവ്യവസ്ഥയുടെ അടിസ്ഥാനക്കല്ലുകൾ നിലനിർത്താനും അതു മതിയാകുമായിരുന്നു.

ഭരണകൂടം എക്കാലത്തും ഒരു വർഗ്ഗത്തിന്ന് മറ്റൊരു വർഗ്ഗത്തെ അടിച്ചമർത്തുന്നതിനുള്ള ഒരു ഉപകരണമായിരുന്നു.ഈ വിധത്തിൽ ,പ്രാചീനകാലത്തെ അടിമത്ത സമ്പ്രദായത്തിലെ ഭരണകൂടം അടിമയുടമകളുടേതായിരുന്നു; അടിമകളെ കീഴ്പ്പെടുത്തി നിർത്തുന്നതിന്ന് അത് ഉപകരിച്ചു.

നാടുവാഴിത്ത ഭരണകൂടം അടിയാളന്മാരേയും കുടിയാന്മാരേയും അടിച്ചമർത്തുന്നതിന്നുള്ള മേലാള വർഗ്ഗത്തിന്റെ ഉപകരണമായിരുന്നു.ആധുനിക ബൂർഷ്വാ ഭരണകൂടമാവട്ടെ ,മൂലധനത്തിന് കൂലിവേലയെ ചൂഷണം ചെയ്യുന്നതിനുള്ള ഉപകരണവുമാണ്.

സമുദായം ചൂഷകരുടേയും ചൂഷിതരുടേയും വിരുദ്ധവർഗ്ഗങ്ങളായി പിളർന്ന നാൾമുതൽ മാനവേതിഹാസത്തിലുടനീളം കാണാൻ കഴിയുന്ന ഒരു ക്രമ വിന്യാസമാണ്.

അപ്പോൾ ,സമുദായത്തിന്ന് ഉപരിയായതും ,പരസ്പരം എതിർക്കുന്ന വർഗ്ഗങ്ങളിൽ നിന്ന് താരതമ്യേന സ്വതന്ത്രവുമായ ഒരു ഭരണകൂടവും ഉണ്ടായിരിന്നില്ലെന്നാണോ ഈ പറയുന്നതിന്ന് അർത്ഥം?

ഈ സാമാന്യനിയമത്തിന്ന് അപവാദമായി യാതൊന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നാണോ പറയുന്നത്?

പതിനേഴും പതിനെട്ടും ശതാബ്ദങ്ങളിൽ നാടുവാഴിത്തത്തേയും ബൂർഷ്വാസിയേയും പരസ്പരം ബാലൻസ് ചെയ്ത് നിർത്തിയിരുന്ന കേവലരാജവാഴ്ച ഇപ്രകാരമൊരു അപവാദത്തിന്ന് ഉദാഹരണമാണ്.

ആദ്യത്തേയും രണ്ടാമത്തേയും ഫ്രഞ്ച് സാമ്രാജ്യങ്ങളുടെ കീഴിൽ,പ്രത്യേകിച്ചും രണ്ടാമത്തേതിന്റെ കീഴിൽ,തൊഴിലാളിവർഗ്ഗത്തെ ബൂർഷ്വാസിക്കും ബൂർഷ്വാസിയെ തൊഴിലാളി വർഗ്ഗത്തിന്ന് മെതിരായി ഉപയോഗപ്പെടുത്താൻ നോക്കിയ ബോണപ്പാർട്ടിസമാണ് ഇതിന്ന് മറ്റൊരു ഉദാഹരണം,

എന്നാൽ,പരസ്പരം പടവെട്ടുന്ന വർഗ്ഗങ്ങൾ ഒരു സന്തുലിതാവസ്ഥയിലായിരിക്കുമ്പോൾ രണ്ട് വർഗ്ഗങ്ങളിൽ നിന്നും താരതമ്യേന സ്വതന്ത്രമാകാനും കാഴ്ചക്ക് രണ്ടും തമ്മിലുള്ള ഒരു ഇടനിലക്കാരന്റെ ഭാഗമഭിനയിക്കാനും ഭരണകൂടത്തിന്കഴിയുന്ന ചരിത്രകാലഘട്ടങ്ങളിൽ മാത്രമാണ് തദൃശമായൊരു സ്ഥിതിവിശേഷം സംജാതമാകുന്നതെന്നകാര്യം ഓർത്തിരിക്കേണ്ടതാണ്.

പക്ഷെ, ഇപ്രകാരം ഒരു സ്ഥിതിവിശേഷം വളരെ ചുരുങ്ങിയ ഒരു കാലത്തേക്ക് മാത്രമേ നിലനില്ക്കൂ.

വർഗ്ഗശക്തികളുടെ ചേരിതിരയൽ കൂടുതൽ നിശ്ചിതമാവുകയും ഒരു വർഗ്ഗം മറ്റൊരു വർഗ്ഗത്തിന്റെ മേൽ വിജയം കൈവരിക്കുകയും അതിന്റെ കയ്യിൽനിന്നു സമുദായത്തിന്റെ നേതൃത്വം തട്ടിയെടുക്കുകയും ചെയ്യുന്നതോടെ ഭരണകൂടത്തിനും ഏത് ഭാഗത്ത് ചേരണമെന്ന തീരുമാനം എടുക്കേണ്ടിവരും ,

കുറേക്കൂടി ശരിയായി പറഞ്ഞാൽ തീരുമാനം എടുക്കുന്നത് ഭരണകൂടമല്ല,

പ്രത്യുത സ്വന്തം ആധിപത്യമുറപ്പിച്ചുകഴിഞ്ഞ ആ ഭരണകൂടത്തെ തനതാക്കാൻ തീരുമാനുക്കുകയാണ് ചെയ്യുന്നത്.

ഉദാഹരണത്തിന്ന് ,17-18 നൂറ്റാണ്ടുകളിലെ ഫ്രാൻസിലെ കേവലരാജവാഴ്ച ബൂർഷ്വാസിക്കും നാടു വാഴിത്തത്തിന്നും മാറി മാറി സൗജന്യങ്ങൾ ചെയ്തുകൊടുത്തുകൊണ്ട് അവയെ തമ്മിലടിപ്പിക്കുവാൻ വളരെക്കാലം ശ്രമിച്ചെങ്കിലും,ഒടുവിൽ വിജയശ്രീലാളിതരായ ബൂർഷ്വാസി ഭരണകൂടയന്ത്രം സ്വയം ഏറ്റെടുക്കുകയാണുണ്ടായത്.

പറഞ്ഞുവരുന്നത് അല്ലെങ്കിൽ പറയാനുദ്ദേശിച്ചത്:-

എംഗൽസ് ഇതേപ്പറ്റി എഴുതിയതാണ് അത് ഇപ്രകാരം

“....ഭരണകൂടമെന്നത് ഒരു വർഗ്ഗത്തിന്ന് മറ്റൊരു വർഗ്ഗത്തെ അമർച്ച ചെയ്യുന്നതിനുള്ള

ഒരു ഉപകരണമല്ലാതെ മറ്റൊന്നുമല്ല;ഇത് ജനാധിപത്യ റിപ്പബ്ലിക്കിലായാലുംശരി,രാജവാഴ്ചയിലായാലും ശരി,ഒരുപോലെയാണ്.

ഏറിയാൽ വഗ്ഗമേധാവിത്വത്തിന്ന് വേണ്ടിയുള്ള വിജയകരമായ സമരത്തിന്ന് ശേഷം

തൊഴിലാളി വർഗ്ഗത്തിന്ന് പാരമ്പര്യമായി ലഭിക്കുന്ന ഒരു തിന്മയാണെതെന്ന് പറയാം.

പുതിയ,സ്വതന്ത്രമായ സാമൂഹ്യ സാഹചര്യങ്ങളിൽ വളർന്നുവരുന്ന ഒരു തലമുറക്ക്

ഭരണകൂടമാകുന്ന പാഴ്ത്തടിയാകെത്തന്നെ ചവറ്റുകുഴിയിൽ തട്ടാൻ കഴിയുന്നതുവരെ

ഇതിന്റെ ഏറ്റവും ദുഷിച്ച വശങ്ങൾ ,കമ്യൂൺ ചെയ്തതുപോലെ,

ഉടനടികഴിയുന്നത്ര മുറിച്ചുകളയാതിരിക്കാൻ വിജയശ്രീലാളിതമായ

തൊഴിലാളി വർഗ്ഗത്തിന്ന് ഗത്യന്തരമില്ല” എന്നതാണ്.

(മാർക്സിസം ഒരു പാഠപുസ്തകത്തിൽ നിന്ന്)

2010, ഡിസംബർ 16, വ്യാഴാഴ്‌ച

പെട്രോളിയം വിലനിയന്ത്രണം പുന:സ്ഥാപിക്കുക

പെട്രോൾ വില ലിറ്ററിന്ന് 2രൂപാ 95 പൈസ വർദ്ധിപ്പിച്ചു.
ഡീസൽ 22ന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ സമിതി തീരുമാനിക്കും.
ഭാരത് പെട്രോളിയം കോർപ്പറേഷന്റെ പമ്പുകളിൽ 14 ന്ന് അർദ്ധരാത്രിയോടെ
വർദ്ധനവ് നിലവിൽ വരും.
പെട്രോൾ വില നികുതികളടക്കം 59 രൂപയാകും.
6 മാസത്തിന്നിടയിൽ ലിറ്ററിന്ന് 8.41 രൂപയുടെ വർദ്ധനവ്(18%).
ജൂൺ 26ന്ന് പെട്രോൾ വില നിയന്ത്രണം എടുത്തുകളഞ്ഞതിന്ന് ശേഷമുള്ള നാലാമത്തെ വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്.
ഇറക്കുമതി ലിറ്ററിന്ന് 26 രൂപ മാത്രമായിരിക്കെ 33 രൂപയോളം നികുതിയാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നത്.
കേന്ദ്ര സർക്കാറിന്റെ എക്സൈസ് ,കസ്റ്റസ് തീരുവകളും -സംസ്ഥാന സർക്കാറിന്റെ
വില്പ്പന നികുതിയും ഭീമമായ തോതിലാണ് ഇതിൽ ചുമത്തിയിട്ടുള്ളത്.
ഇപ്പോൽ തന്നെ പെട്രോളിയം ഉല്പ്പന്നങ്ങൾക്ക് ലോകത്തേറ്റവും വലിയ
വിലയുള്ള രാജ്യമാണ് ഇന്ത്യ.
ബംഗ്ളാ ദേശിലേയും,ശ്രീലങ്കയുമടക്കം ഇതിനേക്കാൾ കുറഞ്ഞ വിലയാണ് നിലവിലുള്ളത്.
വാസ്തവത്തിൽ ഇന്ത്യയിൽ പെട്രോലിയം വിലകൾ ഏറ്റവും ഉയർന്നു നില്ക്കുന്നതിന്റെ കാരണം
ആഗോള പെട്രോളിയം വിലയുടെ വർദ്ധനവ് മാത്രമല്ല.
പെട്രോളിയം മേഖലയിൽ നിന്നും സർക്കാർ വിവിധ രൂപങ്ങളിൽ സമാഹരിക്കുന്ന നികുതികളാണ്.
ഉദാഹരണത്തിന്ന് 2004 ൽ മന്മോഹൻ സർക്കാർ അധികാരത്തിലേക്ക് വരുമ്പോൾ
പെട്രോളിയം രംഗത്ത് നിന്നും
വിവിധ ഇനത്തിലൂടെ സർക്കാർ സമാഹരിച്ചിരുന്നത് 75000 കോടി രൂപയായിരുന്നെങ്കിൽ
2008 അവസാനിക്കുമ്പോൾ അത് രണ്ട് ലക്ഷം കോടിയോളമായി അത് വർദ്ധിച്ചിരുന്നു.
ഇന്ത്യയുടെ പെർട്രോൾ വിലയുടെ 52 ശതമാനവും ഡീസൽ വിലയുടെ 31 ശതമാനവും
കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ചുമത്തുന്ന വിവിധ നികുതികളാണ്.
ചുരുക്കത്തിൽ പറഞ്ഞാൽ വർദ്ധിച്ചു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര വിലക്ക് പുറമേ
ഈ നികുതി ഭാരം കൂടി വരുന്നത് കൊണ്ടാണ് ലോകത്തേറ്റവും ഉയർന്ന പെട്രോളിയം വിലയുള്ള രാജ്യമായി ഇന്ത്യ മാറിയത്.
ഇതിന്നിടയിലാണ് പെട്രോളിയം രംഗത്ത് ആഗോളീകരണ ഉദാരീകരണ നയങ്ങളുടെ ഫലമായി
സ്വകാര്യ മേഖലയുടെ പങ്ക് വർദ്ധിക്കുന്നതും
റിലയൻസ് പോലുള്ള ഊഹക്കുത്തകകളുടെ സമ്മർദ്ദത്തിന്ന് വഴങ്ങി
ഈ രംഗത്ത് സർക്കാർ തുടർന്ന് പോന്നിരുന്ന വില നിയന്ത്രണ സംവിധാനം ദുർബ്ബലപ്പെടുത്താനുള്ള
നീക്കങ്ങൾ ആരംഭിക്കുന്നതും.
വാസ്തവത്തിൽ പെട്രോളിയം രംഗത്തെ വിലനിയന്ത്രണ സംവിധാനം
(Administered Price Mechanisam)
ആദ്യമായി അട്ടിമറിച്ചത് 2002 ൽ വാജ്പേയി സർക്കാറാണ്.
ഇതിന്റെ ഭാഗമായി രാജ്യത്ത് നിലനിന്നിരുന്ന എണ്ണ കരുതൽ നിധി (Oil Pool Account) സംവിധാനവും അർത്ഥരഹിതമായി.
അന്താരാഷ്ട്ര എണ്ണവില കൂടുമ്പോൾ കരുതൽ നിധിയിലെ പണമുപയോഗിച്ചു
എണ്ണവില പിടിച്ചു നിർത്തുകയും
അന്താരാഷ്ട്ര വിലകൾ കുറയുമ്പോൾ കിട്ടുന്ന ലാഭം നിധിയിലേക്ക്
നിക്ഷേപിക്കുകയും ചെയ്യുന്ന രീതി വഴി
ദീർഘകാലം പെട്രോളിയം വിലകൾ സുസ്ഥിരമായി നിർത്തുകയായിരുന്നു പതിവ്.
ഇതാണ് ബി ജെ പി സർക്കാർ ഇല്ലാതാക്കിയത്.
എന്നാൽ വില നിയന്ത്രണ സംവിധാനം ഔദ്യോഗികമായി ഇല്ലാതായേങ്കിലും
പെട്രോളിയം വിലകൾ തുടർന്നും സർക്കാർ നിയന്ത്രിക്കുന്ന രീതി പിന്തുടരുകയായിരുന്നു,
ആഗോള സാമ്പത്തിക മാന്ദ്യത്തിന്റേയും പെട്രോളിയം രംഗത്തെ ആഗോള ഊഹക്കുത്തകളുടെ
പിടിയയഞ്ഞതിന്റേയും പശ്ചാത്തലത്തിൽ 2008 മധ്യത്തിൽ വീപ്പക്ക് 147 ഡോളറായിരുന്ന അസംസ്കൃത എണ്ണവില
ഏതാനും മാസംകൊണ്ട് കുത്തനെ ഇടിഞ്ഞ് മൂന്നിലൊന്നായി ചുരുങ്ങി.
എന്നാൽ ഈ സാഹചര്യത്തിൽ വിലനിയന്ത്രണ സംവിധാനം ഉപയോഗിച്ച്
എണ്ണയുടെ ആഭ്യന്തര വിലകൾ കുത്തനെ കുറക്കേണ്ടുന്നതിന്ന് പകരം
റിലയൻസ് പോലുള്ള് കോർപ്പറേറ്റ് കുത്തകകളുടെ സമ്മർദ്ദപ്രകാരം
വിലകൾ കുറക്കാൻ സർക്കാർ തയ്യാറായില്ല.
എണ്ണക്കമ്പനികളും സ്വകാര്യകുത്തകകളും ഇതുമൂലം പതിനായിരക്കണക്കിന്ന് കോടിരൂപയാണ്
കുറഞ്ഞകാലം കൊണ്ട് ജനങ്ങളിൽ നിന്നും അടിച്ചു മാറ്റിയത്.
ഇതിനൊക്കെ നേതൃത്വം കൊടുത്തത് പെട്രോളിയം മന്ത്രിയായിരുന്നു.
ഇന്ത്യയുടെ ഊർജ്ജപ്രതിസന്ധിക്ക് അയവ് വരുത്തി ആഭ്യന്ത്ര ഇന്ധനവിലകൾ ഇപ്പോഴുള്ളതിന്റെ
നേർപകുതിയാക്കാമായിരുന്ന ഇറാൻ- ഇന്ത്യാ വാതക ക്കുഴൽ പദ്ധതിയും
അമേരിക്കയുടെ താല്പ്പര്യ പ്രകാരം അട്ടിമറിച്ചു.
അതോടൊപ്പം ആഭ്യന്തര എണ്ണപര്യവേഷണ രംഗത്തു നിന്നും പൊതുമേഖലയെ
പൂർണ്ണമായും അകറ്റി നിർത്തുകയും തന്ത്രപ്രധാനമായ ഈ രംഗം
റിലയൻസ് പോലുള്ള ഊഹ-കോർപ്പറേറ്റ് കുത്തകകൾക്ക് അടിയ്റവ് വെക്കുകയും ചെയ്തു.
പതിനഞ്ചാം ലോകസഭാ തെരഞ്ഞെടുപ്പിലൂടെ
സാമ്രാജ്യത്വ ദല്ലാൾ മൂലധന താല്പര്യങ്ങൾ സംരക്ഷിക്കുന്ന സർക്കാർ തന്നെ വീണ്ടും അധികാരത്തിൽ വന്നതോടെ മറ്റെല്ലാമേഖലകളിലെന്നപോലെ പെട്രോളിയം രംഗത്തും സ്വകാര്യ മൂലധനശക്തികൾ സമ്മർദ്ദം ശക്തിപ്പെടുത്തി.
അതിന്റെ ഭാഗമായിട്ടാണ് ജൂണിൽ പെട്രോളിയം ഉല്പ്പന്നങ്ങളുടെ മേലുള്ള വിലനിയന്ത്രണ സംവിധാനം എടുത്തു കളഞ്ഞത്.
അന്താരാഷ്ട്ര പെട്രോളിയം വില ഉയർന്നു തുടങ്ങിയിട്ടുള്ള സാഹചര്യത്തിൽ
സർക്കാർ ഇടപെടൽ പൂർണ്ണമായും അവസാനിപ്പിച്ച് എണ്ണക്കമ്പനികൾക്ക് വിലനിർണ്ണയാവകാശം കൈവശപ്പെടുത്താനായാൽ,
ആഭ്യന്തരമായി ഖനനം ചെയ്തെടുക്കുന്ന അസംസ്കൃത എണ്ണക്ക്
വീപ്പയൊന്നിന്ന് സർക്കാറിലേക്ക് അടക്കുന്ന തുച്ചമായ തുകയൊഴിച്ചാൽ
ബാക്കി മുഴുവൻ തങ്ങളുടെ കീശയിലേക്ക് ഒഴുക്കാൻ സൗകര്യമുള്ള സാഹചര്യം ഇതു വഴി സൃഷിടിക്കപ്പെട്ടു.
പൊതുമേഖലക്ക് പ്രാമുഖ്യമുണ്ടായിരുന്ന കാലത്ത് ഇത്തരമൊരു സാഹചര്യം നിലനില്ക്കുമായിരുന്നില്ല.
പറഞ്ഞുവരുന്നത് അല്ലെങ്കിൽ പറയാൻ ഉദ്ദേശിച്ചത്:-
പെട്രോളിയം വിലവർദ്ധനവ് മറ്റെല്ലാ മേഖലയിലും വ്യാപിക്കും,
യാത്രാക്കൂലിയടക്കം ഭക്ഷണവും നിത്യോപയോഗ സാധനങ്ങൾ ഉപ്പുതൊട്ട് കർപ്പൂരം വരേയുള്ള
എല്ലാറ്റിനേയും വർദ്ധിപ്പിക്കും.
ജനജീവിതം കൂടുതൽ ദുസ്സഹമാക്കും.
ഇത്രയേറെ പൊതു ജീവിതത്തേ ബാധിക്കുന്ന
ഒരു വിഷയത്തിൽ കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ നികുതികൾ വെട്ടിക്കുറച്ച് കൊണ്ട്
പൊട്രോളിയം വിലകൾ പിടിച്ചു നിർത്താൻ ഇരുവിഭാഗങ്ങളിലും
ശക്തമായ സമ്മർദ്ദം ചെലുത്താൻ മുന്നോട്ട് വരണമെന്നാണ്.

2010, ഡിസംബർ 13, തിങ്കളാഴ്‌ച

ചില പുതുവർഷ രാഷ്ട്രീയ ചിന്തകൾ

ഇതാ ആശംസാപ്രവാഹങ്ങളുടെ തൊട്ടു പിറകിലായി ഒരു പുതുവർഷം കൂടി ഇതു വഴി കടന്നു വരുന്നു .
അനുഗ്രഹിച്ചാലും ആശിർവദിച്ചാലും ....
പ്രിയ സ്നേഹിതാ,
ഏത് ആഘോഷത്തിമർക്കലിന്നിടയിലും, വ്യക്തമാക്കപ്പെട്ടിട്ടുള്ള വസ്തുതകൾ വെച്ചു കൊണ്ട് ചില യാഥാർത്ഥ്യങ്ങൾ നമ്മളെ ബോദ്ധ്യപ്പെടുത്തുന്നുണ്ട്.
ക്ഷമിക്കണം
അതിലേക്ക് കടക്കുന്നതിന്ന് മുമ്പ് മറ്റൊരു കാര്യം .
പൊതു സമൂഹത്തിൽ മലയാളി സമൂഹം പ്രദർശിപ്പിക്കുന്ന ആദർശങ്ങളുടെ വേഷം കെട്ടും യഥാർത്ഥ ജീവിതത്തിൽ അവർ
നയിക്കുന്ന പ്രതിലോമകരവുമായ ,അറപ്പുളവാക്കുന്ന ജീർണ്ണതകളുടേയും വിഷയം ഈ പുതു വർഷാരംഭത്തിലെങ്കിലും ചർച്ച ചെയ്യണം
എന്ന് തോന്നുന്നത്കൊണ്ട് ചിലത് ഇവിടെ സൂചിപ്പിക്കുകയാണ്.
നാം എല്ലാ മാറ്റങ്ങളുടേയും അറിവുകളുടേയും കൂടെയാണ് എന്ന പൊങ്ങച്ചം പറയുമ്പോഴും അവയൊന്നും തന്നെ സ്വന്തം ജീവിതത്തിൽ കൂട്ടിതൊടുവിക്കാതിരിക്കാൻ നാം കൂടുതൽ കരുതൽ പാലിക്കുകയും ചെയ്യുന്നവരായി തീർന്നിട്ടുണ്ട്.
അതുകൊണ്ട് തന്നെ ഈ പുതു വർഷവും കപടമായ ജീവിത ബലതന്ത്രത്തിന്റെ അടിയൊഴുക്കുകളിൽ മലയാളികളായ നാം പെട്ടു പോകുമെന്ന കാര്യത്തിൽ സംശയമില്ല.
സ്വയം മാറാനുള്ള എല്ലാവഴികളേയും ചെറുക്കുന്ന അസംഖ്യം ആസക്തികൾക്ക് അടിമപ്പെട്ടു പോകുന്ന ഇടത്തരം മലയാളി മനസ്സുകൾക്ക് പുതുവർഷങ്ങൾ എത്ര പിന്നിട്ടാലും , ആശംസാ വചനങ്ങൾ എത്ര ആർദ്രമായാലും നമ്മെ ആവരണം ചെയ്തിരിക്കുന്ന ആശയക്കുഴപ്പത്തിന്റെ നീറ്റലിൽ രാത്രികൾ നിദ്രാവിഹീനമായി തീരും തീർച്ച.
പുരോഗമനവാദിയും ,സത്യസന്ധനും,ആർജ്ജവമുള്ളവനുമാകാൻ കഴിയണമെങ്കിൽ
ജീവിത വീക്ഷണത്തിലും പ്രപഞ്ച വീക്ഷണത്തിലും ശീലങ്ങളിലും മാറ്റം വരുത്തേണ്ട ഘട്ടങ്ങളിൽ,
ഗുണകരമായ ഒരു വികൃതിയെങ്കിലും കാണിക്കാൻ കൂട്ടാക്കാതെ ,
സദാ സന്നിഹിതമായ ഒന്നിനെ സ്വീകരിക്കാൻ മലയാളി നിർബന്ധിതമാവുന്നു.
വിപ്ലവത്തിന്റേയും ,ജനാധിപത്യത്തിന്റേയും ,മതേതരത്തിന്റേയും ചർച്ചാവേദികളിൽ കറകളഞ്ഞ വ്യക്താവാകുകയും എന്നാൽ പറയുന്ന കാര്യങ്ങളോട് ഒരു ഉത്തരവാദിത്വവും കാണിക്കാതെ ജീവിതത്തിന്റെ നിർണ്ണായക ഘട്ടങ്ങളിലൊക്കെ തന്നെ ജാതിയുടേയും,മതത്തിന്റേയും പാരമ്പര്യത്തിന്റേയും എല്ലാ അനുഷ്ടാനങ്ങളും ,മര്യാദകളും കടുകിട തെറ്റാതെ പാലിക്കുകയും ചെയ്യാൻ നാം അടുത്ത കാലം കൊണ്ട് പഠിച്ചു കഴിഞ്ഞിട്ടുണ്ട്.
ഇപ്പോൾ ജനം സർക്കാറുകളേയും ,സര്‍ക്കാര്‍ ജനങ്ങളേയും മുഴുവനായി കയ്യൊഴിഞ്ഞു കഴിഞ്ഞിരിക്കുന്നു.
ഭരണപരമായ കടമകളൂടെയോ,പ്രതിനീധാനത്തിന്റേയോ ഏതെങ്കിലും ബാദ്ധ്യതകൾ സർക്കാറിനേയും ജനങ്ങളേയും പരസ്പരം ബന്ധിപ്പിക്കുന്നില്ല.
ജനങ്ങളും സർക്കാറും തമ്മിൽ ബന്ധിക്കുന്ന ഒന്നിനും കാൽ കാശിന്റെ വിലപോലും ഇല്ലെന്ന് തിരിച്ചറിഞ്ഞ ജനം ആരോടും പ്രത്യേക പ്രതിപത്തിയില്ലാതെ 5 വഷത്തിലൊരിക്കൽ പോളിംഗ് ബൂത്തിലെ സ്വകാര്യതയിൽ മാറി മാറി കുത്തി തീവ്ര മൗനത്തിൽ,പാർലമെന്ററിയത്തിന്റെ പരിമി
ധിക്കത്ത്നിന്നു കൊണ്ട് ഭരിക്കുന്നവന്റെ കൈപ്പത്തി വെട്ടിമാറ്റുന്നു.
ഭരണമെന്നത് എല്ലാതരത്തിലുമുള്ള കച്ചവടത്തിന്റേയും അതിന്റെ നടത്തിപ്പിനും വേണ്ടിയുള്ള പങ്കാളിത്ത മാണല്ലോ....
ഇങ്ങിനെ മാറി മാറി കുത്തിയില്ലെങ്കിൽ കച്ചവടത്തിന്റെ ലാഭവും ആദർശ്ശത്തിന്റെ മുഖം മൂടിയും ഒന്നിച്ച് നഷ്ടപ്പെട്ട് പോകുമെന്ന് നാം ഭയപ്പെടുന്നു.....
ഈ സ്വയം വിമർശ്ശനം വലിച്ച് നീട്ടി വായനാസുഖം കളയുന്നില്ല.
നമുക്ക് വിഷയത്തിലേക്ക് വരാം .....
ലോക സാമ്രാജ്യത്വ വ്യവസ്ഥ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നു പോവുമ്പോഴാണ് ലോകം 2010 ൽ നിന്നും 2011 ലേക്ക് കടക്കുന്നത്.
തൊഴിലാളി വർഗ്ഗത്തിന്റേയും മർദ്ദിത ജനവിഭാഗത്തിന്റേയും പോരാട്ട ചരിത്രം അവസാനിച്ചു എന്ന് ആർത്തട്ടഹസിച്ച് കൊണ്ടാണ് രണ്ട് ദശകങ്ങൾക്ക് മുമ്പ് അമേരിക്കൻ നേതൃത്വത്തിൽ സാമ്രാജ്യത്വ ശക്തികൾ കെട്ടഴിച്ചു വിട്ട
ആഗോളീകരണ-ഉദാരീകരണ-സ്വകാര്യ വല്ക്കരണ നയങ്ങൾ,കടുത്ത തിരിച്ചടിയേ നേരിടുകയും 1930 ലെ മഹാ
സാമ്പത്തികാധപ്പധനത്തെ അനുസ്മരിപ്പിക്കുന്ന ഒരു ലോകവ്യാപക സാമ്പത്തിക മാന്ദ്യത്തിൽ അകപ്പെട്ടിരിക്കുകയുമാണ്.
ബൂർഷ്വാ സാമ്പത്തിക വിദഗ്ദർ തന്നെ ചൂണ്ടിക്കാട്ടുന്നത് ഈ മാന്ദ്യം പ്രതീക്ഷിച്ചതിൽ നിന്നും വ്യത്യസ്ഥമായി വർഷങ്ങളോളം നീണ്ട് നില്ക്കുമെന്നാണ്.
ഇതാകട്ടെ സാമ്രാജ്യത്വരാജ്യങ്ങളിൽ ഒന്നടങ്കം ഈ നവ ഉദാരീകരണ നയത്തിന്നെതിരേ കടുത്ത ജനകീയരോഷം ഉയർന്നു വരികയും പൊതുമേഖലകൾക്കും സാമൂഹ്യ നിയന്ത്രണങ്ങൾക്കും അനുകൂലമായ പൊതു ജനാഭിപ്രായം ശക്തമായി രൂപപ്പെട്ട് കൊണ്ടിരിക്കുകയും ചെയ്യുന്ന ലോക സാഹചര്യത്തിലാണ് ഈ പുതു വർഷം പിറന്നു വീഴുന്നത്. മുതലാളിത്ത-സാമ്രാജ്യത്ത വ്യവസ്ഥക്ക് അതിന്റെ പ്രതിസന്ധി പരിഹരിക്കാനാവില്ലെന്നും ,മുതലാളിത്തത്തിന്ന് ബദൽ സോഷ്യ്‌ലിസം തന്നെയാണെന്ന് വളരെ വ്യക്തമായി ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ
മാർക്സിസത്തിന്നും സോഷ്യലിസത്തിന്നും അനുകൂലമായി ചിന്തിക്കുന്നവരുടെ എണ്ണം ലോകമെങ്ങും അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് ഈ പുതുവർഷ ലോകസാഹചര്യം.
എന്നാലതേ സമയം,
സാമ്രാജ്യത്വ പ്രതിസന്ധിയുടെ ഭാരം മുഴുവൻ തൊഴിലാളി വർഗ്ഗത്തിന്റേയും അദ്ധ്വാനിക്കുന്ന ബഹുജനങ്ങളുടേയും തലയിലേക്ക്
കെട്ടിവെക്കാനും , തങ്ങളുടെ കൊള്ളലാഭത്തിന്റെ നിരക്ക് ഉയർത്തിനിർത്താനുമുള്ള തീവ്ര ശ്രമത്തിലാണ്
സാമ്രാജ്യത്വ ഫൈനാൻസ് മൂലധന ശക്തികളും അവരുടെ ദല്ലാളന്മാരും ഏർപ്പെട്ടിരിക്കുന്നത്.
അമേരിക്ക മുതൽ ഇന്ത്യ വരേയുള്ള രാജ്യങ്ങളിൽ ഊഹമൂലധന ശക്തികളെ സഹായിക്കാൻ വേണ്ടി പൊതുഖജാനാവിൽ നിന്നും സഹസ്രകോടികളാണ് ചിലവഴിച്ചിരിക്കുന്നത്.
രൂക്ഷമായിക്കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയോ,അദ്ധ്വാനിക്കുന്ന ബഹുജനങ്ങളുടെ ക്രയശേഷിയിലുണ്ടാക്കുന്ന തകർച്ചയേയോ പരിഹരിക്കുന്നതിന്ന് ഒരു പദ്ധതിയും എവിടേയും മുന്നോട്ട് വെക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല.
ഇത്തരത്തിൽ പുത്തൻ കൊളോണിയൽ വ്യവസ്ഥ രാഷ്ട്രീയവും സാമ്പത്തികവുമായ വലിയ പ്രതിസന്ധികളേ നേരിടുന്ന ഈ സാഹചര്യത്തിൽ മതത്തിന്റേയും വംശത്തിന്റേയും സംസ്കാരത്തിന്റേയും എല്ലാം പേരിൽ ലോകജനതയെ ഭിന്നിപ്പിക്കാനും ,
സാധ്യമാകുന്നിടങ്ങളിൽ സൈനികമായി കടന്നാക്രമിക്കാനുമാണ് സാമ്രാജ്യത്വം ശ്രമിക്കുന്നത്. ഒബാമയുടെ ജനപ്രീതി കുറഞ്ഞു വന്ന സ്ഥിതിക്ക് സൈനിക- വ്യവസായ സാമ്പത്തികരാജ്യങ്ങളിലെ കൂട്ട്കെട്ടുകളും കയ്യേറ്റങ്ങളും കൊള്ളകളും ശക്തിപ്പെടുത്തി തന്റെ കരുത്തു തെളിയിക്കുന്നതിന്നുള്ള ശ്രമങ്ങൾക്ക് ഇനിയും വേഗതകൂടും.
എന്നാൽ സോഷ്യൽ ഡമോക്രാറ്റുകളും വലതു പക്ഷ അവസരവാദികളും തങ്ങളുടെ സാമ്രാജ്യത്വ വിധേയത്തിന്ന്
ന്യായീകരണമായി പറയുന്നത്പോലെയുള്ള നിരാശാവഹമായ കാഴ്ച്ചയല്ല 2010 ൽ കാണാൻ കഴിഞ്ഞത്.
ആഗോളീകരണ നയങ്ങൾക്കും ,സൈനിക കടന്നാക്രമണങ്ങൾക്കും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നയങ്ങൾക്കും,സൈനിക കടന്നാക്രമണങ്ങൾക്കും,തൊഴിലാളി വർഗ്ഗം മുൻ കാല പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ കവർന്നെടുക്കുന്നതിന്നെതിരെ,
ലോക വ്യാപകമായ ഉശിരൻ പോരാട്ടങ്ങൾ അഴിച്ചു വിട്ടുകൊണ്ട് കനത്ത വെല്ലുവിളികൾ ഉയർത്തുകയാണ്
ആഗോളീകരണത്തിന്റെ കാല്ക്കീഴിൽ അമർന്ന് പോയ എല്ലാരാജ്യങ്ങളും പുത്തൻ കൊളോണിയൽ ചൂഷണത്തിന്റെ ഇരുമ്പു മറകൾ ഭേദിക്കാനുള്ള ജീവൻ മരണ പോരാട്ടത്തിലാണ്.
പറഞ്ഞു വരുന്നത് അല്ലെങ്കിൽ പറയാനുദ്ദേശിച്ചത്:-
പുതുവർഷ കോലാഹലങ്ങൾക്കപ്പുറത്ത് ഓർമ്മയിലുണ്ടായിരിക്കേണ്ടുന്നത്,
ലോകസാമ്രാജ്യത്വ വ്യവസ്ഥക്കെതിരായി ലോകത്താകമാനം പോരാടുന്ന ജനങ്ങളുടെ വിശാലമായ ഐക്യം കെട്ടിപ്പടുക്കുക
എന്നത് സാർവ്വദേശീയ രംഗത്തെ ഏറ്റവും പരമപ്രധാനമായ ആവശ്യമാണ്.
സാമ്രാജ്യത്വ വ്യവസ്ഥയെ പൂർണ്ണമായും തുടച്ചു നീക്കാനും ഒരു സോഷ്യലിസ്റ്റ് സാമൂഹ്യക്രമം ഉയർത്തിക്കൊണ്ടു വരുന്നതിന്നും
അതിനെ ശാസ്ത്രീയമായി നയിക്കുവാനും കരുത്തുള്ള വിപ്ളവശക്തികളോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുക എന്നത്
പുതുവർഷകടമയായി ഏറ്റെടുക്കേണ്ടിയിരിക്കുന്നു എന്നതാണ്.

2010, ഡിസംബർ 8, ബുധനാഴ്‌ച

വർഗ്ഗസമരം

വര്‍ഗ്ഗത്തേക്കുറിച്ചും വര്‍ഗ്ഗ സമരത്തെക്കുറിച്ചും ഒരു പാട് തെറ്റായ ധാരണകള്‍
വെച്ച് പുലര്‍ത്തുന്നവര്‍ ഇപ്പോഴും നമ്മുടെ ഈ ബൂലോകത്ത് നിലനില്ക്കുന്നു എന്ന് തിരിച്ചറിഞ്ഞത്കൊണ്ടാണ് ഈ ചെറു കുറിപ്പിന്ന് കാരണമായിട്ടുള്ളത്.
അത് ഇങ്ങിനേയാണ്:-
സമൂഹം വിരുദ്ധ വര്‍ഗ്ഗങ്ങളായി പിരിഞ്ഞുകഴിഞ്ഞ സമയം മുതല്‍ നിരന്തരം നടന്നുവരുന്ന
ഒരു സാമൂഹ്യ പ്രതിഭാസമാണ് വര്‍ഗ്ഗ സമരം .
ഒളിഞ്ഞും തെളിഞ്ഞും ,നിയമ വിധേയമായും വിരുദ്ധമായും സമാധാന പൂര്‍വ്വമായും ,ബലപ്രയോഗപൂര്‍ണ്ണമായും മാറ്റെല്ലാതരത്തിലുമായി വര്‍ഗ്ഗ സമൂഹമുള്ള കാലത്തോളം
ആ സമരം തുടര്‍ന്നു പോകുകയാണ്.
ഒരു പിടി കമ്യൂണിസ്റ്റ് കാരുടെ അല്ലെങ്കില്‍ വിപ്ളവകാരികളുടെ ബോധപൂര്‍വ്വമായ പ്രവര്‍ത്തനത്തിന്റേയും ഗൂഢാലോചനയുടേയും സന്തതിയാണ് വര്‍ഗ്ഗസമരമെന്ന്
വരുത്തിതീര്‍ക്കാന്‍ ചൂഷക വര്‍ഗ്ഗവും അവരുടെ പ്രചാരകന്മാരും ശ്രമിക്കാറുണ്ട്.
അവരുടെ പ്രചരണത്തില്‍ അകപ്പെട്ടു പോയ ചില “ശുദ്ധാല്മാക്കള്‍”
വര്‍ഗ്ഗസമരവുമൊന്നുമില്ലാതെ തികച്ചും സമാധാനപരമായ
സമത്വസുന്ദരമായ ഒരു പുതിയ വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനേക്കുറിച്ച് സ്വപ്നം കാണാറുണ്ട്.
ഇത്തരക്കാരുടെ പലതരം ചിന്താഗതികളും സിദ്ധാന്തങ്ങളും ഉള്‍ക്കൊള്ളുന്ന കാലഘട്ടത്തിലും സാഹചര്യത്തിലുമാണ്.മാര്‍ക്സും എംഗല്‍സും ജീവിച്ചത്.
അതുകൊണ്ട് ,ഈ ചിന്താഗതിക്കെതിരായി സുദീര്‍ഘവും നിരന്തരവുമായ ആശയ സമരങ്ങള്‍ തന്നെ അവര്‍ക്ക് നടത്തേണ്ടി വന്നിട്ടുണ്ട്.
ഈ സമരത്തിലൂടെ അവര്‍ ശാസ്ത്രീയമായി യുക്തി യുക്തം സ്ഥാപിച്ചതാണ്
മാര്‍ക്സിയന്‍ സമീപനത്തിന് അടിസ്ഥാനമായ വര്‍ഗ്ഗസമരം.
ഏതെങ്കിലും വ്യക്തിയുടേയോ സംഘടനയുടേയോ ഗൂഢാലോചനയോ കുത്തിത്തിരുപ്പുകളോ കൂടാതേതന്നെ സ്വഭാവികമായി മനുഷ്യ സമൂഹത്തിനകത്ത് രൂപം പ്രാപിച്ച
ഒരു സാമൂഹ്യപ്രതിഭാസമാണ് വര്‍ഗ്ഗസമരം .
സമൂഹചരിത്രത്തിന്റെ വികാസത്തില്‍ ഒരു ഘട്ടത്തില്‍ “ഒന്നു ചീഞ്ഞാല്‍ മറ്റൊന്നിന്ന് വളം”എന്നന്യായമനുസരിച്ച് പരസ്പരവിരുദ്ധമായ താല്പ്പര്യങ്ങളുള്ള രണ്ടു വര്‍ഗ്ഗങ്ങള്‍
രൂപമെടുത്തു എന്നതാണ് ഈ പുതിയ സാമൂഹ്യപ്രതിഭാസത്തിന്നടിസ്ഥാനം.
എന്നാല്‍ ഇത് ഭാവിയില്‍ എല്ലാകാലത്തും തുടര്‍ന്ന് പോകാമെന്ന് കരുതുന്നത് തെറ്റായിരിക്കും.
എന്തുകൊണ്ടെന്നാല്‍ വിരുദ്ധതാല്പര്യങ്ങള്‍ നിലനിന്നാല്‍ മാത്രം തുടര്‍ന്ന്പോരാന്‍ കഴിയുന്ന വര്‍ഗ്ഗങ്ങള്‍ ഇല്ലാതാവുന്ന ഒരു സാഹചര്യം അനുപേക്ഷണീയമായി വളര്‍ന്നു വരും.
അതിലേക്കാണ് ഇന്നത്തെ മുതലാളിത്ത സാമൂഹ്യവ്യവസ്ഥയും അതിനകത്ത് രൂപം കൊള്ളുന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനവും മനുഷ്യ സമൂഹത്തെ നയിക്കുന്നത്.
എന്നു വെച്ചാല്‍ ഭൂതകാല ചരിത്രത്തില്‍ ഒരു ഘട്ടത്തില്‍ വര്‍ഗ്ഗങ്ങളും വര്‍ഗ്ഗവൈരുധ്യങ്ങളും
ഇല്ലാത്ത ഒരു സാമൂഹ്യ വ്യവസ്ഥ നിലനിന്നിരുന്നത്പോലെ ഭാവിയില്‍ ഒരിക്കല്‍ കൂടി
അത്തരമൊരു സാമൂഹ്യ വ്യവസ്ഥ ഉയര്‍ന്നു വരും -
ഇതാണ് മാര്‍ക്സിയന്‍ ചിന്താഗതിയുടെ കാതലായ ഭാഗം.
ഭൂതകാല ചരിത്രത്തില്‍ ഒരിക്കല്‍ വര്‍ഗ്ഗങ്ങളും അവ തമ്മിലുള്ള മല്‍സരങ്ങളും ഇല്ലാതിരുന്ന സാഹചര്യമുണ്ടായിരുന്ന് വെന്ന് പറഞ്ഞുവല്ലോ .
അന്നത്തെ സാമൂഹ്യവ്യവസ്ഥയുടെ ശാസ്ത്രീയമായ പേരു “പ്രാകൃത കമ്യൂണിസമെന്നായിരുന്നു”.
“മാനുഷ്യരെല്ലാരുമൊന്നുപോലെ”പൂര്‍ണ്ണമായ സമത്വത്തോടുകൂടി,ജീവിച്ചുപോന്ന ഒരു കാലമണത്. ഈ സ്ഥിതി അവസാനിച്ചതില്‍ പിന്നീടാണ് വര്‍ഗ്ഗ സമൂഹത്തിന്റെ ആദ്യ രൂപമായ അടിമത്ത വ്യ്വസ്ഥ നിലവില്‍ വന്നത്.
അടിമത്ത വ്യവസ്ഥയെ തുടര്‍ന്ന് ഫ്യൂഡല്‍ വ്യ്വസ്ഥയും പിന്നീട് മുതലാളിത്ത വ്യവസ്ഥയും
നിലവില്‍ വന്നു.മൗലികമായ ഈ സാമൂഹ്യവിപ്ളവത്തിലോരോന്നിലും
ഒരു ചൂഷക വര്‍ഗ്ഗം പോയി ,അതിനു പകരം പഴയ ചൂഷിത വര്‍ഗ്ഗത്തില്‍ നിന്ന് ഉയര്‍ന്നുവന്ന
ഒരു വിഭാഗമടങ്ങുന്ന പുതിയ ചൂഷക വര്‍ഗ്ഗം നിലവില്‍ വരികയും അധികാരത്തില്‍ എത്തുകയുമാണുമുണ്ടായത്.
അവസാനം ചൂഷക-ചൂഷിത വര്‍ഗ്ഗങ്ങള്‍ തന്നെ ഇല്ലാതായി, പഴയപോലെ
“പ്രാകൃത”മല്ലാത്ത ഒരു പുതിയ കമ്യൂണിസ്റ്റ് സമൂഹം രൂപമെടുക്കും.
ഈ പരിവര്‍ത്തനങ്ങള്‍ക്കെല്ലാം അടിസ്ഥാനമായി നില്ക്കുന്ന ഭൗതിക യാഥാര്‍ഥ്യം സംഗ്രഹരൂപത്തില്‍ ഇങ്ങനെ പറയാം .
1.പുരാതനചരിത്ര കാലത്ത് മനുഷ്യന്റെ ഉല്പ്പാദനക്കഴിവ് -പ്രകൃതിയോട് മല്ലിട്ട് ഭക്ഷണം ,വസ്ത്രം,ഭവനം മുതലായ അവന്റെ വ്യക്തിപരവും സാമൂഹ്യവുമായ ജീവിതത്തിന്ന് ആവശ്യമായ സാമഗ്രികള്‍ ഉണ്ടാക്കുന്നതിന്നുള്ള കഴിവ് -വളരെ പരിമിതമായിരുന്നു.സ്വന്തം ജീവിതാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ വേണ്ട സാധനങ്ങല്‍ തന്നെ ഉല്പ്പാദിപ്പിക്കാന്‍ അന്ന് മനുഷ്യന്‍
വളരെ വിഷമിച്ചിരുന്നു.
അതുകൊണ്ട് അക്കാലത്ത് ഒരാള്‍ക്ക് മറ്റൊരാളെ അടിമയോ, അടിയാളനോ കൂലിത്തൊഴിലാളിയോ ,കുടിയാനോ ആക്കി വെക്കുന്നത് കൊണ്ട് പ്രയോജനമില്ലായിരുന്നു.
മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുക എന്നകാര്യം അന്നാര്‍ക്കും സ്വപ്നംകാണാന്‍ പോലും കഴിഞ്ഞിരുന്നില്ല .
പരിപൂര്‍ണ്ണ സമത്വം കളിയാടുന്ന ഒരു സാഹചര്യമാണ്‌ അന്ന് മനുഷ്യ സമൂഹത്തിലുണ്ടായിരുന്നത്.
2.പക്ഷേ,ക്രമേണ ക്രമേണയായി ഈ സ്ഥിതിയിലൊരു മാറ്റം വന്നു.
നിത്യോപയോഗ സാധനങ്ങള്‍ നിര്‍മ്മിക്കാന്‍ മനുഷ്യനുള്ള കഴിവ് വര്‍ദ്ധിച്ചു വന്നു.
സ്വന്തം ജീവന്‍ നിലനിര്‍ത്താനാവശ്യമുള്ളത്ര മാത്രമല്ല അതിലുമധികം സമ്പത്ത് ഉല്പ്പാദിപ്പിക്കുവാന്‍ ഓരോ ആള്‍ക്കും കഴിവുണ്ടെന്ന് വന്നു.
ഓരോ ആളും നടത്തുന്ന അധ്വാനത്തില്‍ സ്വന്തം ജീവിതത്തിനാവശ്യമുള്ളത്ര മാത്രമല്ല
അതിലുമധികം സമ്പത്തുല്പ്പാദിപ്പിക്കുവാന്‍ ഓരോ ആള്‍ക്കും കഴിവുണ്ടെന്ന് വന്നു.
ഓരോ ആളും നടത്തുന്ന അധ്വാനത്തില്‍ സ്വന്തം ജീവിതത്തിന്ന് ആവശ്യമുള്ള അധ്വാനം Necessary Labourഎന്നും കഴിച്ച് മിച്ചം വരുന്ന അധ്വാനം Surplus Labourഎന്നും രണ്ടു വിഭാഗങ്ങളുണ്ടെന്നും നിലവന്നു.
ഇതില്‍ മിച്ചം വരുന്ന അധ്വാനം അധ്വാനിക്കുന്ന ആളില്‍ നിന്ന് മറ്റൊരാളിലേക്ക് പകര്‍ത്തുന്നത്കൊണ്ട്--ഒരാള്‍ ചൂഷിതനും മറ്റൊരാള്‍ ചൂഷകനെന്നും ആണെന്ന സ്ഥിതിയുളവാക്കുന്നതു കൊണ്ട്-ചൂഷകന് പ്രയോജനമുണ്ടെന്ന് വന്നു.
പക്ഷേ ചൂഷകന് പ്രയോജനമുള്ള ഈ വ്യവസ്ഥ അംഗീകരിക്കാന്‍ ചൂഷിതര്‍ തയ്യാറില്ലെന്ന് വന്നു.
ഈ സ്ഥിതിയില്‍ ഭൂരിപക്ഷം ജനങ്ങളേക്കൊണ്ട് ഈ വ്യ്വസ്ഥ അംഗീകരിപ്പിക്കാന്‍ ബലപ്രയോഗമടക്കമുള്ള എല്ലാ മാര്‍ഗ്ഗങ്ങളുമുപയോഗിച്ച്
എതിര്‍ക്കുന്നത് ചൂഷക വര്‍ഗ്ഗത്തിന്റേയും ആവശ്യമായിത്തീര്‍ന്നു.ഇതില്‍ നിന്ന് തന്നെയാണ്
ഇതില്‍ നിന്നാണ് സമൂഹ ചരിത്രത്തിലെ ആദ്യത്തെ വര്‍ഗ്ഗ സംഘട്ടനം രൂപം പ്രാപിക്കുന്നത്.
സമൂഹത്തില്‍ ഭൂരിപക്ഷം അടിമകളും ന്യൂനപക്ഷം യജമാനന്മാരുമായിത്തീരുന്ന ഒരു പുതിയ സാമൂഹ്യ വ്യവസ്ഥ -അടിമത്തവ്യവസ്ഥ-ഉയര്‍ന്നുവന്നത്.
3-ഉല്പ്പാദനശക്തികളുടെ തന്നെ വളര്‍ച്ചയുടെ ഫലമായി ഈ വ്യവസ്ഥ പ്രയോജനകരമല്ലെന്ന സ്ഥിതി വന്നു.
അടിമത്ത വ്യവസ്ഥക്ക് കീഴിലെന്നപോലെ ബലം പ്രയോഗിച്ച് പണിയെടുപ്പിക്കുന്ന ഒരാള്‍ക്ക് കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ബുദ്ധിശക്തിയും പ്രതിഭയും വ്യക്തിപരമായ കഴിവും പ്രയോഗത്തില്‍ വരുത്തിയാല്‍ മാത്രമേ ഉല്പ്പാദനം ഫലപ്രദമായി നടക്കുകയുള്ളൂവെന്ന് വന്നു.
മനുഷ്യനെ വിലകൊടുത്തു വാങ്ങുകയും വില്ക്കുകയും ചെയ്യുക,വേണമെങ്കില്‍ അവനെ
കൊല്ലാന്‍ തന്നെ അധികാരം യജമാനനുണ്ടെന്ന സ്ഥിതി തുടരുക -ഇത് ഉല്പ്പദന വദ്ധനവിനെ സഹായിക്കയില്ലെന്ന് വന്നു.
അങ്ങിനെ അടിമത്ത വ്യവസ്ഥയിലെ നഗ്നവുംബലപ്രയോഗപൂര്‍വ്വവുമായ ചൂഷണവ്യവസ്ഥ കാലഹരണപ്പെട്ടു.
കുറേക്കൂടി പരോക്ഷവും എന്നാല്‍ ഫലപ്രദവുമായ ചൂഷണ മാര്‍ഗ്ഗങ്ങള്‍ ആരായുന്നത് ചൂഷക വര്‍ഗ്ഗത്തിന്റെ അനുപേക്ഷണീയമായ ഒരാവശ്യമായിത്തീര്‍ന്നു.
അങ്ങനെ അടിമക്ക്പകരം അടിയാളനും (കുടിയാന്‍) തുടര്‍ന്ന് കൂലിത്തൊഴിലാളിയും ഉണ്ടായി
ഈ അവസാനരൂപമായ കൂലിത്തൊഴിലാളിയില്‍ പ്രത്യക്ഷവും നിയമപരവുമായ ആശ്രിതത്തിന്റെ ഒരംശം പോലുമില്ല .
അയാളും അയാളുടെ മുതലാളിയും തമ്മില്‍ നിയമത്തിന്റെ ദൃഷ്ടിയില്‍ പരിപൂര്‍ണ്ണ സമത്വമാണ്. എന്നാല്‍,ജീവിക്കാനാവശ്യമായ അധ്വാനത്തിന്റെ തോത് കുറക്കുകയും മിച്ചം വരുന്ന അധ്വാനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന കാര്യത്തില്‍ മാത്രമല്ല,മിച്ചം വരുന്ന അധ്വാനം മുഴുവന്‍ തൊഴിലാളികളുടെ കയ്യില്‍ നിന്നും മുതലാളിയുടെ കയ്യിലേക്ക് മാറ്റുന്നതില്‍ കൂടി അടിമത്വ വ്യവസ്ഥയിലെ യജമാനനേക്കാള്‍ സമര്‍ഥനാണ് ഇന്നത്തെ മുതലാളി.
എന്നു വെച്ചാല്‍ ,
മിച്ചം വരുന്ന അധ്വാനത്തിന്റെ ഫലം തട്ടിയെടുക്കുന്നതിന്ന് ചൂഷക വര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്ന വിവിധ മാര്‍ഗ്ഗങ്ങളില്‍നിന്നാണ് വിവിധങ്ങളായ വര്‍ഗ്ഗ സമൂഹങ്ങള്‍ ജന്മമെടുക്കുന്നത്.
4- മുതലാളിത്ത സമൂഹത്തിന്റെ വളര്‍ച്ചയോട് കൂടി മനുഷ്യ സമൂഹത്തിന്റെ മുമ്പില്‍ പുതിയൊരു സാധ്യത ഉയര്‍ന്നുവന്നിരിക്കുന്നു.
മനുഷ്യസമൂഹത്തിലെ ഓരോ വ്യക്തിയുടേയും ആവശ്യങ്ങള്‍ മുഴുവന്‍ പൂര്‍ണ്ണമായും സാധിക്കാനാവശ്യമുള്ള സാമഗ്രികള്‍ മുഴുവന്‍ ചൂഷണ വ്യവസ്ഥയില്ലാതെ തന്നെ ഉല്പ്പാധിപ്പിക്കാമെന്ന് വന്നിരിക്കുന്നു.
ഇതുവരെ ചൂഷക വര്‍ഗ്ഗങ്ങള്‍ അനുഭവിച്ചിരുന്നത്പോലെ തന്നെ ഉല്പ്പാദിപ്പിക്കാമെന്ന് വന്നിരിക്കുന്നു;ഇതുവരെ ചൂഷക വര്‍ഗ്ഗങ്ങള്‍ അനുഭവിച്ചിരുന്നത് പോലെ തന്നെ അത്രയും സുഖഭൂയിഷ്ഠമായ ജീവിതം നയിക്കാന്‍ മനുഷ്യ സമൂഹത്തിലെ ഓരോ വ്യക്തിക്കും കഴിയുമെന്ന് വന്നിരിക്കുന്നു.
സമൂഹത്തിലെ ഉല്പ്പാദനക്കഴിവ് ഇത്ര ഉയര്‍ന്ന തോതില്‍ എത്തിയിരിക്കുന്നതിനാല്‍ മാവേലിഭരണത്തിന്റെ പുതിയൊരു പതിപ്പ് പുറത്തിറക്കാമെന്ന് വന്നിരിക്കുന്നു.
“ഓരോ വ്യക്തിയും കഴിവിനൊത്ത് പ്രയത്നിക്കുക,ആവശ്യമനുസരിച്ച് ജീവിത സാമഗ്രികള്‍ ഉപയോഗിക്കുക(”From each according to his capacity,to each according to his needs") എന്നത് പ്രായോഗികമായ ഒരു മുദ്രാവാക്യമായി തീര്‍ന്നിരിക്കുന്നു.
മാവേലി ഭരണകാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ എത്രയോ ഉയര്‍ന്നതും പരിഷ്കൃതവും ഒരു ജീവിതം നയിക്കുന്നതില്‍ പരിപൂര്‍ണ്ണ സമത്വം -ഇതാണ് പുതിയ കമ്യൂണിസ്റ്റ് സമൂഹം;
“പ്രാകൃതമല്ലാത്ത കമ്യൂണിസ്റ്റ് വ്യവസ്ഥ”.
പറഞ്ഞു വരുന്നത് അല്ലെങ്കില്‍ പറയാന്‍ ഉദ്ദേശിച്ചത് :-
മനുഷ്യ സമൂഹത്തിന്റെ വളര്‍ച്ചയുടെ ഒരു സവിശേഷഘട്ടത്തില്‍ അനുപേക്ഷണീയമായി
രൂപം കൊണ്ടതും മറ്റൊരുഘട്ടത്തില്‍ അനുപേക്ഷണീയമായി അന്തര്‍ധാനം ചെയ്യാന്‍ പോകുന്നതുമായ ഒരു സാമൂഹ്യ പ്രതിഭാസമാണ് വര്‍ഗ്ഗസമരം .
അതില്ലാതാക്കാന്‍ ഈ കാലഘട്ടത്തില്‍ ഒരാള്‍ക്കും സാധ്യമല്ല.
വര്‍ഗ്ഗസമൂഹത്തിനകത്ത് ഓരോവ്യക്തിക്കും സ്വയം തെരഞ്ഞെടുക്കാവുന്ന ഒരു ചേരിയുണ്ടു
ചൂഷകന്റെ ചേരി ,അല്ലെങ്കില്‍ ചൂഷിതന്റെ ചേരി.
ഇതിലേതെങ്കിലുമൊന്ന് തിരഞ്ഞെടുത്ത് ആ ചേരിയെ വിജയിപ്പിക്കുവാന്‍ നോക്കുകയല്ലാതെ ചേരികളില്ലെന്ന ഭാവത്തില്‍ പ്രവര്‍ത്തിക്കാന്‍ ഒരാള്‍ക്കും കഴിയില്ല.
ഈ വസ്തുതയാണ് മാര്‍ക്സും എംഗല്‍സും തങ്ങളുടെ നിരവധി ഗ്രന്ഥങ്ങളിലൂടേയും പുറത്തു കൊണ്ടു വരുന്നത് .
ഈ കൂട്ടത്തില്‍ വെച്ച് ഏറ്റവും സംഷിപ്തമായ രേഖ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവാണെങ്കില്‍ ഏ റ്റവും സുദീര്‍ഘവും പണ്ഡിതോചിതവുമായ രേഖ മൂലധനമാണ്.
(മാര്‍ക്സിസം ഒരു പാഠ പുസ്തകത്തില്‍ നിന്ന്)