2010, ഡിസംബർ 13, തിങ്കളാഴ്‌ച

ചില പുതുവർഷ രാഷ്ട്രീയ ചിന്തകൾ

ഇതാ ആശംസാപ്രവാഹങ്ങളുടെ തൊട്ടു പിറകിലായി ഒരു പുതുവർഷം കൂടി ഇതു വഴി കടന്നു വരുന്നു .
അനുഗ്രഹിച്ചാലും ആശിർവദിച്ചാലും ....
പ്രിയ സ്നേഹിതാ,
ഏത് ആഘോഷത്തിമർക്കലിന്നിടയിലും, വ്യക്തമാക്കപ്പെട്ടിട്ടുള്ള വസ്തുതകൾ വെച്ചു കൊണ്ട് ചില യാഥാർത്ഥ്യങ്ങൾ നമ്മളെ ബോദ്ധ്യപ്പെടുത്തുന്നുണ്ട്.
ക്ഷമിക്കണം
അതിലേക്ക് കടക്കുന്നതിന്ന് മുമ്പ് മറ്റൊരു കാര്യം .
പൊതു സമൂഹത്തിൽ മലയാളി സമൂഹം പ്രദർശിപ്പിക്കുന്ന ആദർശങ്ങളുടെ വേഷം കെട്ടും യഥാർത്ഥ ജീവിതത്തിൽ അവർ
നയിക്കുന്ന പ്രതിലോമകരവുമായ ,അറപ്പുളവാക്കുന്ന ജീർണ്ണതകളുടേയും വിഷയം ഈ പുതു വർഷാരംഭത്തിലെങ്കിലും ചർച്ച ചെയ്യണം
എന്ന് തോന്നുന്നത്കൊണ്ട് ചിലത് ഇവിടെ സൂചിപ്പിക്കുകയാണ്.
നാം എല്ലാ മാറ്റങ്ങളുടേയും അറിവുകളുടേയും കൂടെയാണ് എന്ന പൊങ്ങച്ചം പറയുമ്പോഴും അവയൊന്നും തന്നെ സ്വന്തം ജീവിതത്തിൽ കൂട്ടിതൊടുവിക്കാതിരിക്കാൻ നാം കൂടുതൽ കരുതൽ പാലിക്കുകയും ചെയ്യുന്നവരായി തീർന്നിട്ടുണ്ട്.
അതുകൊണ്ട് തന്നെ ഈ പുതു വർഷവും കപടമായ ജീവിത ബലതന്ത്രത്തിന്റെ അടിയൊഴുക്കുകളിൽ മലയാളികളായ നാം പെട്ടു പോകുമെന്ന കാര്യത്തിൽ സംശയമില്ല.
സ്വയം മാറാനുള്ള എല്ലാവഴികളേയും ചെറുക്കുന്ന അസംഖ്യം ആസക്തികൾക്ക് അടിമപ്പെട്ടു പോകുന്ന ഇടത്തരം മലയാളി മനസ്സുകൾക്ക് പുതുവർഷങ്ങൾ എത്ര പിന്നിട്ടാലും , ആശംസാ വചനങ്ങൾ എത്ര ആർദ്രമായാലും നമ്മെ ആവരണം ചെയ്തിരിക്കുന്ന ആശയക്കുഴപ്പത്തിന്റെ നീറ്റലിൽ രാത്രികൾ നിദ്രാവിഹീനമായി തീരും തീർച്ച.
പുരോഗമനവാദിയും ,സത്യസന്ധനും,ആർജ്ജവമുള്ളവനുമാകാൻ കഴിയണമെങ്കിൽ
ജീവിത വീക്ഷണത്തിലും പ്രപഞ്ച വീക്ഷണത്തിലും ശീലങ്ങളിലും മാറ്റം വരുത്തേണ്ട ഘട്ടങ്ങളിൽ,
ഗുണകരമായ ഒരു വികൃതിയെങ്കിലും കാണിക്കാൻ കൂട്ടാക്കാതെ ,
സദാ സന്നിഹിതമായ ഒന്നിനെ സ്വീകരിക്കാൻ മലയാളി നിർബന്ധിതമാവുന്നു.
വിപ്ലവത്തിന്റേയും ,ജനാധിപത്യത്തിന്റേയും ,മതേതരത്തിന്റേയും ചർച്ചാവേദികളിൽ കറകളഞ്ഞ വ്യക്താവാകുകയും എന്നാൽ പറയുന്ന കാര്യങ്ങളോട് ഒരു ഉത്തരവാദിത്വവും കാണിക്കാതെ ജീവിതത്തിന്റെ നിർണ്ണായക ഘട്ടങ്ങളിലൊക്കെ തന്നെ ജാതിയുടേയും,മതത്തിന്റേയും പാരമ്പര്യത്തിന്റേയും എല്ലാ അനുഷ്ടാനങ്ങളും ,മര്യാദകളും കടുകിട തെറ്റാതെ പാലിക്കുകയും ചെയ്യാൻ നാം അടുത്ത കാലം കൊണ്ട് പഠിച്ചു കഴിഞ്ഞിട്ടുണ്ട്.
ഇപ്പോൾ ജനം സർക്കാറുകളേയും ,സര്‍ക്കാര്‍ ജനങ്ങളേയും മുഴുവനായി കയ്യൊഴിഞ്ഞു കഴിഞ്ഞിരിക്കുന്നു.
ഭരണപരമായ കടമകളൂടെയോ,പ്രതിനീധാനത്തിന്റേയോ ഏതെങ്കിലും ബാദ്ധ്യതകൾ സർക്കാറിനേയും ജനങ്ങളേയും പരസ്പരം ബന്ധിപ്പിക്കുന്നില്ല.
ജനങ്ങളും സർക്കാറും തമ്മിൽ ബന്ധിക്കുന്ന ഒന്നിനും കാൽ കാശിന്റെ വിലപോലും ഇല്ലെന്ന് തിരിച്ചറിഞ്ഞ ജനം ആരോടും പ്രത്യേക പ്രതിപത്തിയില്ലാതെ 5 വഷത്തിലൊരിക്കൽ പോളിംഗ് ബൂത്തിലെ സ്വകാര്യതയിൽ മാറി മാറി കുത്തി തീവ്ര മൗനത്തിൽ,പാർലമെന്ററിയത്തിന്റെ പരിമി
ധിക്കത്ത്നിന്നു കൊണ്ട് ഭരിക്കുന്നവന്റെ കൈപ്പത്തി വെട്ടിമാറ്റുന്നു.
ഭരണമെന്നത് എല്ലാതരത്തിലുമുള്ള കച്ചവടത്തിന്റേയും അതിന്റെ നടത്തിപ്പിനും വേണ്ടിയുള്ള പങ്കാളിത്ത മാണല്ലോ....
ഇങ്ങിനെ മാറി മാറി കുത്തിയില്ലെങ്കിൽ കച്ചവടത്തിന്റെ ലാഭവും ആദർശ്ശത്തിന്റെ മുഖം മൂടിയും ഒന്നിച്ച് നഷ്ടപ്പെട്ട് പോകുമെന്ന് നാം ഭയപ്പെടുന്നു.....
ഈ സ്വയം വിമർശ്ശനം വലിച്ച് നീട്ടി വായനാസുഖം കളയുന്നില്ല.
നമുക്ക് വിഷയത്തിലേക്ക് വരാം .....
ലോക സാമ്രാജ്യത്വ വ്യവസ്ഥ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നു പോവുമ്പോഴാണ് ലോകം 2010 ൽ നിന്നും 2011 ലേക്ക് കടക്കുന്നത്.
തൊഴിലാളി വർഗ്ഗത്തിന്റേയും മർദ്ദിത ജനവിഭാഗത്തിന്റേയും പോരാട്ട ചരിത്രം അവസാനിച്ചു എന്ന് ആർത്തട്ടഹസിച്ച് കൊണ്ടാണ് രണ്ട് ദശകങ്ങൾക്ക് മുമ്പ് അമേരിക്കൻ നേതൃത്വത്തിൽ സാമ്രാജ്യത്വ ശക്തികൾ കെട്ടഴിച്ചു വിട്ട
ആഗോളീകരണ-ഉദാരീകരണ-സ്വകാര്യ വല്ക്കരണ നയങ്ങൾ,കടുത്ത തിരിച്ചടിയേ നേരിടുകയും 1930 ലെ മഹാ
സാമ്പത്തികാധപ്പധനത്തെ അനുസ്മരിപ്പിക്കുന്ന ഒരു ലോകവ്യാപക സാമ്പത്തിക മാന്ദ്യത്തിൽ അകപ്പെട്ടിരിക്കുകയുമാണ്.
ബൂർഷ്വാ സാമ്പത്തിക വിദഗ്ദർ തന്നെ ചൂണ്ടിക്കാട്ടുന്നത് ഈ മാന്ദ്യം പ്രതീക്ഷിച്ചതിൽ നിന്നും വ്യത്യസ്ഥമായി വർഷങ്ങളോളം നീണ്ട് നില്ക്കുമെന്നാണ്.
ഇതാകട്ടെ സാമ്രാജ്യത്വരാജ്യങ്ങളിൽ ഒന്നടങ്കം ഈ നവ ഉദാരീകരണ നയത്തിന്നെതിരേ കടുത്ത ജനകീയരോഷം ഉയർന്നു വരികയും പൊതുമേഖലകൾക്കും സാമൂഹ്യ നിയന്ത്രണങ്ങൾക്കും അനുകൂലമായ പൊതു ജനാഭിപ്രായം ശക്തമായി രൂപപ്പെട്ട് കൊണ്ടിരിക്കുകയും ചെയ്യുന്ന ലോക സാഹചര്യത്തിലാണ് ഈ പുതു വർഷം പിറന്നു വീഴുന്നത്. മുതലാളിത്ത-സാമ്രാജ്യത്ത വ്യവസ്ഥക്ക് അതിന്റെ പ്രതിസന്ധി പരിഹരിക്കാനാവില്ലെന്നും ,മുതലാളിത്തത്തിന്ന് ബദൽ സോഷ്യ്‌ലിസം തന്നെയാണെന്ന് വളരെ വ്യക്തമായി ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ
മാർക്സിസത്തിന്നും സോഷ്യലിസത്തിന്നും അനുകൂലമായി ചിന്തിക്കുന്നവരുടെ എണ്ണം ലോകമെങ്ങും അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് ഈ പുതുവർഷ ലോകസാഹചര്യം.
എന്നാലതേ സമയം,
സാമ്രാജ്യത്വ പ്രതിസന്ധിയുടെ ഭാരം മുഴുവൻ തൊഴിലാളി വർഗ്ഗത്തിന്റേയും അദ്ധ്വാനിക്കുന്ന ബഹുജനങ്ങളുടേയും തലയിലേക്ക്
കെട്ടിവെക്കാനും , തങ്ങളുടെ കൊള്ളലാഭത്തിന്റെ നിരക്ക് ഉയർത്തിനിർത്താനുമുള്ള തീവ്ര ശ്രമത്തിലാണ്
സാമ്രാജ്യത്വ ഫൈനാൻസ് മൂലധന ശക്തികളും അവരുടെ ദല്ലാളന്മാരും ഏർപ്പെട്ടിരിക്കുന്നത്.
അമേരിക്ക മുതൽ ഇന്ത്യ വരേയുള്ള രാജ്യങ്ങളിൽ ഊഹമൂലധന ശക്തികളെ സഹായിക്കാൻ വേണ്ടി പൊതുഖജാനാവിൽ നിന്നും സഹസ്രകോടികളാണ് ചിലവഴിച്ചിരിക്കുന്നത്.
രൂക്ഷമായിക്കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയോ,അദ്ധ്വാനിക്കുന്ന ബഹുജനങ്ങളുടെ ക്രയശേഷിയിലുണ്ടാക്കുന്ന തകർച്ചയേയോ പരിഹരിക്കുന്നതിന്ന് ഒരു പദ്ധതിയും എവിടേയും മുന്നോട്ട് വെക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല.
ഇത്തരത്തിൽ പുത്തൻ കൊളോണിയൽ വ്യവസ്ഥ രാഷ്ട്രീയവും സാമ്പത്തികവുമായ വലിയ പ്രതിസന്ധികളേ നേരിടുന്ന ഈ സാഹചര്യത്തിൽ മതത്തിന്റേയും വംശത്തിന്റേയും സംസ്കാരത്തിന്റേയും എല്ലാം പേരിൽ ലോകജനതയെ ഭിന്നിപ്പിക്കാനും ,
സാധ്യമാകുന്നിടങ്ങളിൽ സൈനികമായി കടന്നാക്രമിക്കാനുമാണ് സാമ്രാജ്യത്വം ശ്രമിക്കുന്നത്. ഒബാമയുടെ ജനപ്രീതി കുറഞ്ഞു വന്ന സ്ഥിതിക്ക് സൈനിക- വ്യവസായ സാമ്പത്തികരാജ്യങ്ങളിലെ കൂട്ട്കെട്ടുകളും കയ്യേറ്റങ്ങളും കൊള്ളകളും ശക്തിപ്പെടുത്തി തന്റെ കരുത്തു തെളിയിക്കുന്നതിന്നുള്ള ശ്രമങ്ങൾക്ക് ഇനിയും വേഗതകൂടും.
എന്നാൽ സോഷ്യൽ ഡമോക്രാറ്റുകളും വലതു പക്ഷ അവസരവാദികളും തങ്ങളുടെ സാമ്രാജ്യത്വ വിധേയത്തിന്ന്
ന്യായീകരണമായി പറയുന്നത്പോലെയുള്ള നിരാശാവഹമായ കാഴ്ച്ചയല്ല 2010 ൽ കാണാൻ കഴിഞ്ഞത്.
ആഗോളീകരണ നയങ്ങൾക്കും ,സൈനിക കടന്നാക്രമണങ്ങൾക്കും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നയങ്ങൾക്കും,സൈനിക കടന്നാക്രമണങ്ങൾക്കും,തൊഴിലാളി വർഗ്ഗം മുൻ കാല പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ കവർന്നെടുക്കുന്നതിന്നെതിരെ,
ലോക വ്യാപകമായ ഉശിരൻ പോരാട്ടങ്ങൾ അഴിച്ചു വിട്ടുകൊണ്ട് കനത്ത വെല്ലുവിളികൾ ഉയർത്തുകയാണ്
ആഗോളീകരണത്തിന്റെ കാല്ക്കീഴിൽ അമർന്ന് പോയ എല്ലാരാജ്യങ്ങളും പുത്തൻ കൊളോണിയൽ ചൂഷണത്തിന്റെ ഇരുമ്പു മറകൾ ഭേദിക്കാനുള്ള ജീവൻ മരണ പോരാട്ടത്തിലാണ്.
പറഞ്ഞു വരുന്നത് അല്ലെങ്കിൽ പറയാനുദ്ദേശിച്ചത്:-
പുതുവർഷ കോലാഹലങ്ങൾക്കപ്പുറത്ത് ഓർമ്മയിലുണ്ടായിരിക്കേണ്ടുന്നത്,
ലോകസാമ്രാജ്യത്വ വ്യവസ്ഥക്കെതിരായി ലോകത്താകമാനം പോരാടുന്ന ജനങ്ങളുടെ വിശാലമായ ഐക്യം കെട്ടിപ്പടുക്കുക
എന്നത് സാർവ്വദേശീയ രംഗത്തെ ഏറ്റവും പരമപ്രധാനമായ ആവശ്യമാണ്.
സാമ്രാജ്യത്വ വ്യവസ്ഥയെ പൂർണ്ണമായും തുടച്ചു നീക്കാനും ഒരു സോഷ്യലിസ്റ്റ് സാമൂഹ്യക്രമം ഉയർത്തിക്കൊണ്ടു വരുന്നതിന്നും
അതിനെ ശാസ്ത്രീയമായി നയിക്കുവാനും കരുത്തുള്ള വിപ്ളവശക്തികളോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുക എന്നത്
പുതുവർഷകടമയായി ഏറ്റെടുക്കേണ്ടിയിരിക്കുന്നു എന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല: