2010, ഡിസംബർ 20, തിങ്കളാഴ്‌ച

എന്താണ് ഭരണകൂടം.

ക്രമസമാധാനം പാലിക്കാനും എല്ലാ വർഗ്ഗങ്ങളുടേയും സാമൂഹ്യ ഗ്രൂപ്പുകളുടേയും താല്പര്യങ്ങൾ ഒരുപോലെ കാത്ത് രക്ഷിക്കാനും ചുമതലപ്പെട്ട ഒരു സംഘടനയെന്ന നിലക്കാണ് ബൂർഷ്വാ പ്രത്യായശാസ്ത്രജ്ഞൻന്മാർ ഭരണ കൂടത്തെ എപ്പോഴും ചിത്രീകരിക്കുന്നത്.

ആധുനിക ബൂർഷ്വാ സാമൂഹ്യശാസ്ത്ര സാഹിത്യത്തിലും ഈ അഭിപ്രായഗതി വളരെ പ്രബലമാണ്.പെറ്റിബൂർഷ്വാ വിഭാഗത്തിന്റെ പ്രത്യായശാസ്ത്രജ്ഞരും ഈ വാദഗതി പലപ്പോഴും ഉയർത്തിപ്പിടിക്കാറുണ്ട്.

മുതലാളിമാരുടെയെന്നപോലെ ഫാക്റ്ററികളിലും ഓഫീസുകളിലും പണിചെയ്യുന്ന വരുടേയും ബുദ്ധിജീവികളുടേയും കർഷകരുടേയും വിദ്യാർത്ഥികളുടേയും എല്ലാം അവകാശങ്ങൾക്ക് തുല്യമായ സംരക്ഷണം നല്കുന്ന ഒരു സംഘടനയാണ് ആ മുതലാളിത്തഭരണകൂടമെന്ന് വരുത്തി തീർക്കാനാണ് അവരുടെ ശ്രമം .

ആധുനിക ബൂർഷ്വാ ഭരണക്കൂടം നിർമ്മിക്കുന്ന നിയമങ്ങൾ മുതലാളിക്കും തൊഴിലാളിക്കും ധനികനും ദരിദ്രനും ഒരേപോലെ സ്വീകാര്യമാണെന്ന് അവർ വാദിക്കുന്നു.ധനികനും ദരിദ്രനും തമ്മിലോ, മുതലാളിയും കൂലിവേലക്കാരനും തമ്മിലോ ഈ ഭരണകൂടം യാതോരു പക്ഷപാതിത്വവും കാണിക്കുന്നില്ലെന്ന് ഇക്കൂട്ടർ പറയുന്നു.

“സാമൂഹ്യ ഏകതാനത”ക്കും “സാർവ്വർത്രികക്ഷേമ”ത്തിനും മറ്റും വ്യവസ്ഥചെയ്യുന്ന ഒരു “ക്ഷേമരാഷ്ട്ര”മായി അവർ അതിനെ വിവരിക്കുന്നു. ഈ ക്ഷേമവാദത്തിന്റെ വക്കാലത്തുകാർ തങ്ങളുടെ സിദ്ധാന്തത്തെ താങ്ങി നിർത്തുന്നതിന്ന് ഒരു പാട് ഉദാഹരണങ്ങളും എടുത്തു കാട്ടുന്നുണ്ട് .ഉദാഹരണത്തിന്ന് ,

ഒരു ഫാക്റ്ററിയിലെ തൊഴിലാളികൾ പണിമുടക്കിലേർപ്പെട്ടിരിക്കുകയാണെന്ന് നമുക്ക് സങ്കല്പ്പിക്കാം ,അവർ പറയുന്നു.കൂലിക്കൂടുതലിന്നും മെച്ചമായ ജോലിവ്യവസ്ഥകൾക്കും മറ്റുമുള്ള ന്യായമായ അവകാശങ്ങളാണ് ട്രേഡ് യൂണിയൻ മുന്നോട്ട് വെച്ചിട്ടുള്ളത്.

പക്ഷെ,ഈ അവകാശങ്ങൾ അനുവദിച്ചുകൊടുത്താൽ മുതലാളിമാരുടെ ലാഭത്തിന്ന് ഇടിവ് തട്ടും .ഇക്കാരണത്താൽ ,പണിമുടക്ക് കമ്മറ്റിയും മുതലാളിയും തമ്മിലുള്ള കൂടിയാലോചനകൾ മുന്നോട്ട്പോകുന്നില്ല.

ഇരുവിഭാഗക്കാരും വിട്ടുവീഴ്ചക്ക് തയാറില്ലാതെ പരസ്പരം കുറ്റപ്പെടുത്തുകയും ആക്ഷേപിക്കുകയും ചെയ്തുകൊണ്ട് നില്ക്കുകയാണ്.

ഈ തർക്കം മൂർച്ഛിച്ച് ഒരു ഘട്ടത്തിൽ ആത്മനിയന്ത്രണം നഷ്ടപ്പെട്ട് മാനേജ്മെന്റ് പ്രതിനിധി തന്റെ കൈത്തോക്ക് എടുത്ത് തൊഴിലാളികൾക്കെതിരേ നിറയൊഴിക്കാൻ തുടങ്ങുകയാണെന്നും സങ്കല്പ്പിക്കുക.

അപ്പോഴെന്താണ് ഉണ്ടാവുക ?അപ്പോൾ പോലീസിനെ ഫാക്റ്ററിയിലേക്ക് വിളിക്കുമെന്നതിൽ സംശയത്തിന്ന് കാരണമില്ലെന്ന് “ക്ഷേമരാഷ്ട്ര”സിദ്ധാന്തക്കാർ പറയുന്നു.

തൊഴിലാളികൾക്കെതിരേ നിറയൊഴിച്ച മുതലാളി പ്രതിനിധിയെ അറസ്റ്റ് ചെയ്ത് കേസെടുക്കും .

ആ നാട്ടിലെ നിയപ്രകാരം നരഹത്യയോ സായുധകയ്യേറ്റമോ ഏതാണ് അയാളുടെ പേരിൽ ആരോപിച്ചിരിക്കുന്ന കുറ്റമെന്നതിന്ന് അനുസരിച്ച് കോടതി അയാളെ ശിക്ഷിക്കും.

ഇവർ ഇത്രയും പറഞ്ഞുകൊണ്ട് ഇതുപോലുള്ള സംഭവങ്ങൾ നടന്നിട്ടുള്ള രാജ്യങ്ങളുടേയും സ്ഥലങ്ങളുടേയും ലീസ്റ്റ് ഹാജരാക്കുക പതിവാണ്.

വസ്തുതകൾ എവിടെ വേണമെങ്കിലും അന്യേഷിച്ച് തങ്ങൾ പറഞ്ഞതിലെന്തെങ്കിലും അസത്യമുണ്ടോ എന്ന് പരീക്ഷിക്കാൻ ഇവർ വായനക്കാരെ ക്ഷണിക്കുകയും ചെയ്യും.

ഭരണകൂടം മുതലാളിമാരുടെ മാത്രം താല്പര്യം പരിരക്ഷിക്കുന്ന ഒന്നായിരുന്നെങ്കിൽ ,അത് തൊഴിലാളികളെ കൊന്നതിന്ന് ഏതെങ്കിലും മുതലാളിയെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കുമായിരുന്നില്ലെന്ന് ,ഭരണകൂടം ആ വഴിക്ക് തിരിഞ്ഞു നോക്കുമായിരുന്നില്ലെന്നാണ് ഇവർ പറഞ്ഞുവരുന്നത്.

പക്ഷെ ,ഇവിടെ ഭരണകൂടം മുതലാളിയുടേയും തൊഴിലാളിയുടേയും താല്പ്പര്യം കാത്തുരക്ഷിക്കുന്നെണ്ടെന്നും ,വർഗ്ഗ അനുരജ്ഞനവും വർഗ്ഗ ഏകതാനതയും കൈവരുത്താൻ അത് ബാദ്ധ്യസ്ഥത ഏറ്റിരിക്കുന്നുവെന്നുമല്ലേ വസ്തുതകൾ തെളിയിക്കുന്നതെന്നും“ക്ഷേമരാഷ്ട്ര വക്കാലത്തുകാർ ചോദിക്കുന്നു.

എന്നാൽ ഭരണകൂടത്തിന്റെ ആവിർഭാവത്തെ സംബന്ധിച്ച ചില സമൂർത്തവസ്തുതകൾ പരിശോധിക്കുമ്പോഴേക്ക് ഇവരുടെ വാദമുഖങ്ങൾ പൊളിഞ്ഞ് പാളീസാകുന്നത് കാണാം.ഭരണകൂട മെന്നത് എല്ലായ്പ്പോഴും നിലവിലുണ്ടായിരുന്നില്ലെന്നതാണ് നാം ശ്രദ്ധിക്കേണ്ട ഒന്നാമത്തെ സംഗതി.

പ്രാകൃതകമ്യൂണിസത്തിന്റെ ഘട്ടത്തിൽ അതുണ്ടായിരുന്നില്ല.

സമൂർത്തമായ ഐതിഹാസികസാഹചര്യങ്ങൾ കാരണം വളർച്ച മുട്ടിനിന്നിരുന്നവർക്ക്,വർഗ്ഗ വിഭജനത്തെപ്പറ്റി കേട്ടിട്ടുപോലുമില്ലാതിരുന്നവർക്ക്,ഒരു ഭരണകൂടവും ഉണ്ടായിരുന്നില്ല.

സമുദായത്തിൽ വർഗ്ഗ വിഭജനം നടക്കുമ്പോഴാണ് ഭരണകൂടത്തിന്റെ ആവിർഭാവമുണ്ടാകുന്നത് എന്നല്ലേ,ഇതിൽ നിന്നും വ്യക്തമാവുന്നത്.

പ്രാകൃതസമുദായത്തിൽ ഗണങ്ങളായിട്ടാണ`ആളുകൾ ജീവിച്ചിരുന്നത്.പാരമ്പര്യത്തിനും ആചാരത്തിന്നും കാരണവന്മാരുടെ അന്തസ്സിന്നും ബഹുമാനത്തിന്നും പ്രാമാണികതക്കുമായിരുന്നു ഇവിടെ മുൻ തൂക്കം.

ചില സന്ദർഭങ്ങളിൽ അധികാരം സ്ത്രീകൾക്കായിരുന്നു.

പില്കാലത്തെ വിരുദ്ധസംവിധാനങ്ങളിലെപ്പോലെ സ്ത്രീകൾ അന്നൊന്നും മർദ്ദിതരായിരുന്നില്ല;അവരുടെ സ്ഥാനം ആർക്കും താഴെ ആയിരുന്നില്ല.

പ്രാകൃതകമ്യൂണിസത്തിൻ കീഴിൽ ഒരു നിർദ്ദിഷ്ട വിഭാഗത്തില്പ്പെട്ടവർ സായുധസേന,തടവറകൾ ,മറ്റുനിയമപാലന ഏർപ്പാടുകൾ തുടങ്ങിയ ബലപ്രയോഗ ഉപാധികളുടെ സഹായത്തോടെ സമുദായത്തിലെ ഇതര വിഭാഗങ്ങളുടെ മേൽ അവരുടെ ഭരണാധികാരികളെന്ന നിലയിൽ ആധിപത്യം ഉറപ്പിച്ച ഒരൊറ്റ സംഭവം പോലും നമുക്ക് ചരിത്രത്തിൽ കാണാൻ കഴിയില്ല.

ഒറ്റവാക്കിൽ പറഞ്ഞാൽ പ്രാകൃത കമ്യൂണിസത്തിന്റെ വ്യവസ്ഥയിൽ ഭരണകൂടം എന്ന് ഏർപ്പാടുണ്ടായിരുന്നില്ല.

എന്നാൽ അതില്ലാതിരുന്നത്കൊണ്ട് സാമൂഹ്യ നടപടിക്രമങ്ങൾക്ക് എന്തെങ്കിലും തകരാർ സംഭവിക്കുകയോ ,പൊതു സമാധാനത്തെ താറു മാറാക്കുന്നതും സാമൂഹ്യവ്യവസ്ഥയെ കുഴപ്പത്തിലാക്കുന്നതുമായ എന്തെങ്കിലും സംഘട്ടനങ്ങൾ ഉണ്ടാവുകയോ ചെയ്തതുമില്ല.

സർവ്വത്ര കുഴാമറിയലിന്റേതായ ഒരു ഭീഷണിയും ഈ സമുദായത്തിന്ന് നേർടേണ്ടിവന്നിരുന്നില്ല.ഭരണകൂടം ഇല്ലായിരുന്നുവെങ്കിൽ കൂടി ആളുകളെ തമ്മിൽ ബന്ധിച്ചിരുന്ന ഉറപ്പുള്ള സാമൂഹ്യമായ കണ്ണികൾ ഉണ്ടായിരുന്നു.

സമുദായം സാധാരണഗതിയിൽ മുന്നോട്ട്പോവുകയും ചെയ്തിരുന്നു.പ്രത്യേകമായ എന്തെങ്കിലും നിയമപാലന ഏർപ്പാടുകൾ കൂടാതെ സമുദായത്തിന്റെ കാര്യം ക്രമമായി നടത്തിക്കൊണ്ടു പോകുന്നതിന്ന് ആചാരബലവും കാരണവന്മാരുടെ അന്തസ്സും മാത്രം മതിയായിരുന്നു.

പ്രാകൃത കമ്യൂണിസത്തിൽ എല്ലാവരും തുല്യരായിരുന്നു.ആർക്കും പ്രതേക അവകാശങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.

കാരണവന്മാർക്ക് അവരുടെ സേവനങ്ങൾക്കായി യാതൊരു പ്രതിഫലവും നല്കിയിരുന്നതുമില്ല.സർവ്വരിൽനിന്നുമുള്ള ബഹുമാനവും അനുസരണയുമായിരുന്നു അവർക്ക് ലഭിച്ചിരുന്ന പ്രതിഫലം .

വർഗ്ഗ സംഘട്ടനം എന്തെന്ന്പോലും നിശ്ചയമില്ലാതിരുന്ന പ്രാകൃത സമൂഹത്തിൽ ബലപ്രയോഗമാധ്യമങ്ങളുടെ ആവശ്യവുമുണ്ടായിരുന്നില്ല .

സമുദായത്തിലെ വർഗ്ഗവിഭജനത്തിന്ന്ശേഷം മാത്രമാണ്,അതായത്, ഒരു ഗ്രൂപ്പിൽ പെട്ടവർക്ക് മറ്റൊരു ഗ്രൂപ്പിന്റെ അദ്ധ്വാനം ക്രമമായി കൈയടക്കാൻ കഴിയുന്ന തരത്തിൽ ,എന്നുപറഞ്ഞാൽ ആ ഗ്രൂപ്പിനെ ചൂഷണം ചെയ്യാൻ കഴിയുന്ന തരത്തിൽ ,സമുദായം വിഭജിക്കപ്പെട്ടതിന്ന്ശേഷം മാത്രമാണ്,ഭരണകൂടം ആവിർഭവിച്ചത് എന്ന് ചരിത്രം തെളിയിക്കുന്നുണ്ട്.

ഒരു ഭരണകൂടത്തിന്റെ മുഖ്യവും നിർണ്ണായകവുമായ സ്വഭാവ വിശേഷം ജനങ്ങളുടെ മേലുള്ള ,അഥവാ രാഷ്ട്രീയമായ, അതിന്റെ അധികാരമാണ്.

ഇത് എല്ലായ്പ്പോഴും ഭരണാധികാരി വർഗ്ഗത്തിന്റെ സർവാധിപത്യമായിരിക്കും .സർവ്വാധിപത്യമെന്നു പറയുന്നത് ബലപ്രയോഗത്തെ ആശ്രയിക്കുന്ന ഒരു ഭരണരൂപമാണ്.

അതായത് സ്വന്തം പ്രവർത്തനത്തിന്ന് നിയമപരമായ അടിസ്ഥാനം സൃഷ്ടിക്കലാണ്.പട്ടാളം, കോടതികൾ,തടവറകൾ ,പോലീസ്, രഹസ്യ പോലീസ് (ഇന്റലിജൻസ്),കൗണ്ടർ ഇന്റലിജൻസ് എന്നിവ ഉൾപ്പെടേ രാഷ്ട്രീയാധികാരത്തിന്റെ ഉപകരണങ്ങൾ അഥവാ അവയവങ്ങൾ ആണ് അടുത്തയിനം.ഇവയെല്ലാം നിയന്ത്രിക്കുന്ന ഗവണ്മെന്റ് തന്നേയും രാഷ്ട്രീയാധികാരത്തിന്റെ ഒരു ഉപകരണമാണ്.അധിക്കാരത്തേപ്പോലെ അതിന്റെ ഉപകരണങ്ങളും സംശയത്തിന്നിടയില്ലാത്ത വിധത്തിൽ വർഗ്ഗസ്വഭാവത്തോടു കൂടിയതാണ്.

ഉദാഹരണത്തിന്ന് ബൂർഷ്വാ പട്ടാളത്തിന്റെ കാര്യം തന്നെ എടുക്കാം ജനങ്ങൾക്കിടയിൽ നിന്ന് റിക്രൂട്ട് ചെയ്തു സഘടിപ്പിച്ചിട്ടുള്ള ഒരു പട്ടാളത്തെ(സ്ഥിരം കൂലിപ്പട്ടാളത്തിന്റെ കാലം കഴിഞ്ഞുപോയതിനാൽ ജനങ്ങൾക്കിടയിൽ നിന്നും റിക്രൂട്ട് ചെയ്യലല്ലാതെ മറ്റു മാർഗ്ഗമില്ല)ജനങ്ങൾക്കെതിരായി നിറുത്താനും വേണ്ടിവന്നാൽ ജനങ്ങൾക്കെതിരേ വെടിവെക്കാനും കഴിയുമാറാക്കുന്നതിന്ന് വേണ്ടി പട്ടാളക്കാർക്ക് രാഷ്ട്രീയാവകാശങ്ങൾ നിഷേധിക്കുകയും അവരെ ജനങ്ങളിൽ നിന്നുമൊറ്റപ്പെടുത്തുകയും അവരിൽ ജനവിരോധ ആശയങ്ങൾ വളർത്തുകയും ചെയ്യുന്നുണ്ട്.

അധികാരത്തിന്റെ അവയവങ്ങൾക്ക് ഭരണാധികാരിവർഗ്ഗത്തിന്റെ ഇച്ഛ നടപ്പിലാക്കാൻ കഴിയണമെങ്കിൽ സർക്കാർ യന്ത്രത്തിൽ തങ്ങളുടെ ജോലിയേപ്പറ്റി ഊറ്റം കൊള്ളുന്ന സുശിക്ഷിതരായ ഉദ്യോഗസ്ഥന്മാർ ഉണ്ടായിരിക്കണം .

ഉയർന്ന സർക്കാറുദ്യോഗങ്ങളിൽ ഭരണാധികാരി വർഗ്ഗങ്ങളില്പ്പെട്ടവരെ മാത്രമാണ`നിയമിക്കുന്നത്.ഈ സർക്കാർ യന്ത്രത്തിന്റെ ചിലവ് വഹിക്കുന്നതിനുള്ള പണമുണ്ടാക്കാൻ വേണ്ടി ഭരണ കൂടം ജനങ്ങളുടെ മേൽ നാനാതരത്തിലുള്ള നികുതികൾ ചുമത്തുന്നു.

ബൂർഷ്വാ ഭരണ കൂടത്തിലെ നികുതി ചുമത്തൽ സ്വാഭാവികമായും മുതലാളിമാരുടെ താല്പര്യങ്ങൾക്ക് അനുരോധമായ വിധത്തിലുള്ളതാണ`.പ്രത്യക്ഷവും പരോക്ഷവുമായ നികുതികളുടെ ഭാരം ചുമക്കേണ്ടി വരുന്നത് അദ്ധ്വാനിക്കുന്ന ജനനതയുമാണ്.

അവസാനമായി ,ഭരണകൂടത്തിന്റെ മറ്റൊരു സവിശേഷം ഭൂപരമായ യൂണിറ്റുകൾ അനുസരിച്ച് ജനങ്ങളെ വിഭജിക്കുകയെന്നതാണ`.

പണ്ടത്തെ ഗോത്രങ്ങളും ഗണങ്ങളുമായ വിഭജനത്തിന്റെ സ്ഥാനത്ത് ഇപ്പോൾ ഈ സമ്പ്രദായമാണല്ലോ ഉള്ളത്.എന്നാൽ ,ഭൂപ്രദേശമോ ജനങ്ങളോ വെവ്വേറെയെടുത്താൽ,അവ ഭരണകൂടത്തിന്റെ സ്വഭാവ വിശേഷങ്ങളാവുകയില്ല .

ഇത് സ്പഷ്ടമാണ`:

എന്തെന്നാൽ ,ഭരണകൂടം ശാശ്വതമായിട്ടുള്ളതല്ലല്ലോ.ചരിത്രത്തിന്റെ ഒരു പ്രത്യേകഘട്ടത്തിൽ ആവിർഭവിച്ച അത് അനുപേക്ഷണീയമായും വാടിക്കൊഴിഞ്ഞ്പോവുകതന്നെ ചെയ്യും.

എന്നാൽ ഭൂപ്രദേശവും ജനങ്ങളുമാകട്ടെ ,ഭരകൂടത്തിന്റെ ആവിർഭാവത്തിന്ന് മുമ്പുള്ളതായിരുന്നു;

അത് വാടിക്കൊഴിഞ്ഞതിന്ന് ശേഷവും ഇവ രണ്ടും ഉണ്ടായിരിക്കുകയും ചെയ്യും.

എല്ലാ സവിശേഷങ്ങളും ഒന്നായെടുത്താൽ മാത്രമേ ഒരു സമൂഹ്യസംവിധാനം ഒരു ഭരണകൂടമാണോ അല്ലയോ എന്ന് നമുക്ക് പറയാൻ കഴിയൂ.

അപ്പോൾ ,ചിലവർഗ്ഗങ്ങൾക്ക് മറ്റുവർഗ്ഗങ്ങളെ തങ്ങളുടെ നിയന്ത്രണത്തിൽ നിറുത്തേണ്ടതിന്റെ ആവശ്യകത വന്നപ്പോഴാണ് ഭരണകൂടം ഉടലെടുത്തത്. ഈ വർഗ്ഗങ്ങളുടെ സഘട്ടനത്തിൽ നിന്നാണിത് ഉടലെടുത്തത്.

സാമ്പത്തികമായി ആധിപത്യമുള്ള വർഗ്ഗം ഏന്തുന്ന ഒരു ഉപകരണമാണത്.ഈ വർഗ്ഗമാവട്ടെ ഭരണകൂടത്തിന്റെ സഹായത്തോടെ രാഷ്ട്രീയമായും ആധിപത്യം നേടുകയും ,അതുകൊണ്ട് തന്നെ മർദ്ദിത വർഗ്ഗങ്ങളെ അടിച്ചമർത്താനും ചൂഷണം ചെയ്യാനുമുള്ള കൂടുതൽ കൂടുതൽ ഉപാധികൾ ആർജ്ജിക്കുകയും ചെയ്യുന്നു.

ആദ്യമായി സമുദായം വർഗ്ഗങ്ങളായി വിഭജിക്കപ്പെട്ട അവസരത്തിൽ ഭരണാധികാര വർഗ്ഗത്തിന്റെ പ്രത്യേകാവകാശങ്ങൾ കാത്തുസൂക്ഷിക്കുന്നതിന്ന് ഒരു വിശേഷാൽ ഏർപ്പാട് ആവശ്യമായിരുന്നു.

അദ്ധ്വാനിക്കുന്ന ജനതയെ അടിച്ചമർത്തുന്നതിനുള്ള അത്തരം ഏർപ്പാട് ആദ്യമായി കണ്ടത് അടിമയുടമകളുടേതായ ഭരണ കൂടത്തിലാണ്.അത് അടിമയുടമകൾക്ക് തങ്ങളുടെ അടിമകളെ ചൂഷണം ചെയാനുള്ള അധികാരം നല്കി.

അക്കാലത്ത് സമുദായത്തിന്റേയും ഭരണകൂടത്തിന്റേയും പക്കലുള്ള വാർത്താവിനിമയ-ഗതാഗതസൗകര്യങ്ങൾ തുലോം പരിമിതമായിരുന്നു;പർവ്വതങ്ങളും നദികളും സമുദ്രങ്ങളും പരസ്പരസമ്പർക്കത്തിന്ന് വമ്പിച്ച തടസ്സങ്ങളായിരുന്നു.

അതിനാൽ ഇടുങ്ങിയ ഭൂമിശാസ്ത്രപരമായ അതിർത്തികൾക്കുള്ളിലാണ് സ്റ്റേറ്റുകൾ സ്ഥാപിക്കപ്പെട്ടുരുന്നത്.ഭരണകൂടയന്ത്രവും വളരെ പ്രാകൃത രീതിയിലുള്ളതുമായിരുന്നു.

പക്ഷെ,അടിമകളെ അടിമത്തിലാഴ്ത്തി നിർത്താനും ചൂഷകവ്യവസ്ഥയുടെ അടിസ്ഥാനക്കല്ലുകൾ നിലനിർത്താനും അതു മതിയാകുമായിരുന്നു.

ഭരണകൂടം എക്കാലത്തും ഒരു വർഗ്ഗത്തിന്ന് മറ്റൊരു വർഗ്ഗത്തെ അടിച്ചമർത്തുന്നതിനുള്ള ഒരു ഉപകരണമായിരുന്നു.ഈ വിധത്തിൽ ,പ്രാചീനകാലത്തെ അടിമത്ത സമ്പ്രദായത്തിലെ ഭരണകൂടം അടിമയുടമകളുടേതായിരുന്നു; അടിമകളെ കീഴ്പ്പെടുത്തി നിർത്തുന്നതിന്ന് അത് ഉപകരിച്ചു.

നാടുവാഴിത്ത ഭരണകൂടം അടിയാളന്മാരേയും കുടിയാന്മാരേയും അടിച്ചമർത്തുന്നതിന്നുള്ള മേലാള വർഗ്ഗത്തിന്റെ ഉപകരണമായിരുന്നു.ആധുനിക ബൂർഷ്വാ ഭരണകൂടമാവട്ടെ ,മൂലധനത്തിന് കൂലിവേലയെ ചൂഷണം ചെയ്യുന്നതിനുള്ള ഉപകരണവുമാണ്.

സമുദായം ചൂഷകരുടേയും ചൂഷിതരുടേയും വിരുദ്ധവർഗ്ഗങ്ങളായി പിളർന്ന നാൾമുതൽ മാനവേതിഹാസത്തിലുടനീളം കാണാൻ കഴിയുന്ന ഒരു ക്രമ വിന്യാസമാണ്.

അപ്പോൾ ,സമുദായത്തിന്ന് ഉപരിയായതും ,പരസ്പരം എതിർക്കുന്ന വർഗ്ഗങ്ങളിൽ നിന്ന് താരതമ്യേന സ്വതന്ത്രവുമായ ഒരു ഭരണകൂടവും ഉണ്ടായിരിന്നില്ലെന്നാണോ ഈ പറയുന്നതിന്ന് അർത്ഥം?

ഈ സാമാന്യനിയമത്തിന്ന് അപവാദമായി യാതൊന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നാണോ പറയുന്നത്?

പതിനേഴും പതിനെട്ടും ശതാബ്ദങ്ങളിൽ നാടുവാഴിത്തത്തേയും ബൂർഷ്വാസിയേയും പരസ്പരം ബാലൻസ് ചെയ്ത് നിർത്തിയിരുന്ന കേവലരാജവാഴ്ച ഇപ്രകാരമൊരു അപവാദത്തിന്ന് ഉദാഹരണമാണ്.

ആദ്യത്തേയും രണ്ടാമത്തേയും ഫ്രഞ്ച് സാമ്രാജ്യങ്ങളുടെ കീഴിൽ,പ്രത്യേകിച്ചും രണ്ടാമത്തേതിന്റെ കീഴിൽ,തൊഴിലാളിവർഗ്ഗത്തെ ബൂർഷ്വാസിക്കും ബൂർഷ്വാസിയെ തൊഴിലാളി വർഗ്ഗത്തിന്ന് മെതിരായി ഉപയോഗപ്പെടുത്താൻ നോക്കിയ ബോണപ്പാർട്ടിസമാണ് ഇതിന്ന് മറ്റൊരു ഉദാഹരണം,

എന്നാൽ,പരസ്പരം പടവെട്ടുന്ന വർഗ്ഗങ്ങൾ ഒരു സന്തുലിതാവസ്ഥയിലായിരിക്കുമ്പോൾ രണ്ട് വർഗ്ഗങ്ങളിൽ നിന്നും താരതമ്യേന സ്വതന്ത്രമാകാനും കാഴ്ചക്ക് രണ്ടും തമ്മിലുള്ള ഒരു ഇടനിലക്കാരന്റെ ഭാഗമഭിനയിക്കാനും ഭരണകൂടത്തിന്കഴിയുന്ന ചരിത്രകാലഘട്ടങ്ങളിൽ മാത്രമാണ് തദൃശമായൊരു സ്ഥിതിവിശേഷം സംജാതമാകുന്നതെന്നകാര്യം ഓർത്തിരിക്കേണ്ടതാണ്.

പക്ഷെ, ഇപ്രകാരം ഒരു സ്ഥിതിവിശേഷം വളരെ ചുരുങ്ങിയ ഒരു കാലത്തേക്ക് മാത്രമേ നിലനില്ക്കൂ.

വർഗ്ഗശക്തികളുടെ ചേരിതിരയൽ കൂടുതൽ നിശ്ചിതമാവുകയും ഒരു വർഗ്ഗം മറ്റൊരു വർഗ്ഗത്തിന്റെ മേൽ വിജയം കൈവരിക്കുകയും അതിന്റെ കയ്യിൽനിന്നു സമുദായത്തിന്റെ നേതൃത്വം തട്ടിയെടുക്കുകയും ചെയ്യുന്നതോടെ ഭരണകൂടത്തിനും ഏത് ഭാഗത്ത് ചേരണമെന്ന തീരുമാനം എടുക്കേണ്ടിവരും ,

കുറേക്കൂടി ശരിയായി പറഞ്ഞാൽ തീരുമാനം എടുക്കുന്നത് ഭരണകൂടമല്ല,

പ്രത്യുത സ്വന്തം ആധിപത്യമുറപ്പിച്ചുകഴിഞ്ഞ ആ ഭരണകൂടത്തെ തനതാക്കാൻ തീരുമാനുക്കുകയാണ് ചെയ്യുന്നത്.

ഉദാഹരണത്തിന്ന് ,17-18 നൂറ്റാണ്ടുകളിലെ ഫ്രാൻസിലെ കേവലരാജവാഴ്ച ബൂർഷ്വാസിക്കും നാടു വാഴിത്തത്തിന്നും മാറി മാറി സൗജന്യങ്ങൾ ചെയ്തുകൊടുത്തുകൊണ്ട് അവയെ തമ്മിലടിപ്പിക്കുവാൻ വളരെക്കാലം ശ്രമിച്ചെങ്കിലും,ഒടുവിൽ വിജയശ്രീലാളിതരായ ബൂർഷ്വാസി ഭരണകൂടയന്ത്രം സ്വയം ഏറ്റെടുക്കുകയാണുണ്ടായത്.

പറഞ്ഞുവരുന്നത് അല്ലെങ്കിൽ പറയാനുദ്ദേശിച്ചത്:-

എംഗൽസ് ഇതേപ്പറ്റി എഴുതിയതാണ് അത് ഇപ്രകാരം

“....ഭരണകൂടമെന്നത് ഒരു വർഗ്ഗത്തിന്ന് മറ്റൊരു വർഗ്ഗത്തെ അമർച്ച ചെയ്യുന്നതിനുള്ള

ഒരു ഉപകരണമല്ലാതെ മറ്റൊന്നുമല്ല;ഇത് ജനാധിപത്യ റിപ്പബ്ലിക്കിലായാലുംശരി,രാജവാഴ്ചയിലായാലും ശരി,ഒരുപോലെയാണ്.

ഏറിയാൽ വഗ്ഗമേധാവിത്വത്തിന്ന് വേണ്ടിയുള്ള വിജയകരമായ സമരത്തിന്ന് ശേഷം

തൊഴിലാളി വർഗ്ഗത്തിന്ന് പാരമ്പര്യമായി ലഭിക്കുന്ന ഒരു തിന്മയാണെതെന്ന് പറയാം.

പുതിയ,സ്വതന്ത്രമായ സാമൂഹ്യ സാഹചര്യങ്ങളിൽ വളർന്നുവരുന്ന ഒരു തലമുറക്ക്

ഭരണകൂടമാകുന്ന പാഴ്ത്തടിയാകെത്തന്നെ ചവറ്റുകുഴിയിൽ തട്ടാൻ കഴിയുന്നതുവരെ

ഇതിന്റെ ഏറ്റവും ദുഷിച്ച വശങ്ങൾ ,കമ്യൂൺ ചെയ്തതുപോലെ,

ഉടനടികഴിയുന്നത്ര മുറിച്ചുകളയാതിരിക്കാൻ വിജയശ്രീലാളിതമായ

തൊഴിലാളി വർഗ്ഗത്തിന്ന് ഗത്യന്തരമില്ല” എന്നതാണ്.

(മാർക്സിസം ഒരു പാഠപുസ്തകത്തിൽ നിന്ന്)

4 അഭിപ്രായങ്ങൾ:

പാലക്കാടൻ പറഞ്ഞു...

1.സർവ്വാധിപത്യമെന്നു പറയുന്നത് ബലപ്രയോഗത്തെ ആശ്രയിക്കുന്ന ഒരു ഭരണരൂപമാണ്.
2.പ്രാകൃതസമുദായത്തിൽ ഗണങ്ങളായിട്ടാണ`ആളുകൾ ജീവിച്ചിരുന്നത്.പാരമ്പര്യത്തിനും ആചാരത്തിന്നും കാരണവന്മാരുടെ അന്തസ്സിന്നും ബഹുമാനത്തിന്നും പ്രാമാണികതക്കുമായിരുന്നു ഇവിടെ മുൻ തൂക്കം.ചില സന്ദർഭങ്ങളിൽ അധികാരം സ്ത്രീകൾക്കായിരുന്നു.പില്കാലത്തെ വിരുദ്ധസംവിധാനങ്ങളിലെപ്പോലെ സ്ത്രീകൾ അന്നൊന്നും മർദ്ദിതരായിരുന്നില്ല;അവരുടെ സ്ഥാനം ആർക്കും താഴെ ആയിരുന്നില്ല.പ്രാകൃതകമ്യൂണിസത്തിൻ കീഴിൽ ഒരു നിർദ്ദിഷ്ട വിഭാഗത്തില്പ്പെട്ടവർ സായുധസേന,തടവറകൾ ,മറ്റുനിയമപാലന ഏർപ്പാടുകൾ തുടങ്ങിയ ബലപ്രയോഗ ഉപാധികളുടെ സഹായത്തോടെ സമുദായത്തിലെ ഇതര വിഭാഗങ്ങളുടെ മേൽ അവരുടെ ഭരണാധികാരികളെന്ന നിലയിൽ ആധിപത്യം ഉറപ്പിച്ച ഒരൊറ്റ സംഭവം പോലും നമുക്ക് ചരിത്രത്തിൽ കാണാൻ കഴിയില്ല
ചോദ്യം: തൊഴിലാളി വര്‍ഗ സര്‍വ്വധിപത്യത്ത്തിലും ഇങ്ങനെയല്ലേ വരിക ? ആധിപത്യം ഇപ്പോഴും അടിമ ഉടമ കീഴ്വഴക്കം ഉണ്ടാക്കില്ലേ ?
ചോദ്യം:നൂറ്റാണ്ടുകള്‍ മുന്പ് ഉള്ള ഈ അവസ്ഥയിലേക്ക് നമുക്ക് തിരിച്ചു നടക്കനാകുമോ ?

kadathanadan:കടത്തനാടൻ പറഞ്ഞു...

പാലക്കാടൻ...ഈ കുറിപ്പിൽ വിശദീകരിക്കാൻ ശ്രമിച്ചത് സാമൂഹ്യ വികാസചരിത്രത്തിൽ ഭരണകൂടത്തിന്റെ ആവിർഭാവവും അത് നിലനില്ക്കുന്ന കാലത്തോളമുള്ള അതിന്റെ രാഷ്ട്രീയ ഉള്ളടക്കവും ദൗത്യവും ലളിതമായി ഒന്നു പരിചയപ്പെടുത്തുക മാത്രമാണ്.കൂടുതൽ അറിയുന്നതിന്ന് ക്ളാസിക്കൽ കൃതികളെ ആശ്രയിക്കേണ്ടതുണ്ട് എന്ന് ഞാൻ പറയാതെ തന്നെ അറിയാമല്ലോ.....ഉല്പ്പാദിപ്പിക്കപ്പെടുന്ന സമ്പത്തിൽ ഭൂരിഭാഗവും സ്വയം കയ്യടക്കിവെക്കാൻ ശ്രമിക്കുന്ന തങ്ങൾക്കെതിരായി പോരാടുന്ന വർഗ്ഗങ്ങളേയും ജനവിഭാഗങ്ങളേയും ബലം പ്രയോഗിച്ച് അടിച്ചമർത്താൻ ചൂഷക വർഗ്ഗത്തിന്റെ കയ്യിൽ മൂർച്ചയേറിയ ഒരായുധമുണ്ട് അതാണ് ഭരണകൂടം. ബലപ്രയോഗത്തിന്റെ ഉപാധികളായി ചിലാസ്ഥാപനങ്ങളും ആസ്ഥാപനങ്ങളെ നിലനിർത്തുന്നതിന്ന് വേണ്ടി സംഘടിപ്പിക്കുന്ന നികുതിപിരിവുകളും ആണ് ഭരണകൂടത്തിന്റെ ആന്തരമായ ഉള്ളടക്കം....... .പാലക്കാടന്റെ സംശയം വളരെ ശരിയാണ്.വിപ്ളത്തിന്ന് ശേഷം തൊഴിലാളി വർഗ്ഗം സ്ഥാപിക്കുന്ന ഭരണകൂടമായാലും അങ്ങിനെ തന്നെയാണ്......പക്ഷെ.മുതലാളിത്ത വ്യവസ്ഥക്കെതിരേയുള്ള സമരം വിജയിച്ചാൽ അതിൽ രൂപം കൊള്ളുന്ന ഭരണകൂടം അതേവരെ നിലനിന്നിരുന്ന എല്ലാ ഭരണകൂടത്തിൽ നിന്നും അത് വ്യത്യസ്ഥമാണ്.ഇതേവരേയുള്ള എല്ലാഭരണകൂടങ്ങളും സമൂഹത്തിന്റെ ന്യൂനപക്ഷം മാത്രം വരുന്ന ഒരു വർഗ്ഗത്തിന്ന് ഭൂരിപക്ഷത്തിന്റെ മേൽ സർവ്വാധിപത്യം സ്ഥാപിക്കാനുള്ള ഉപകരണമായിരുന്നു.(അടിമകൾക്ക് മേൽ ന്യൂനപക്ഷം വരുന്ന ഉടമകൾ ,അടിയാന്റേയും കുടിയാന്റേയും മേൽ നാടുവാഴി,കീഴ്ജാതിക്ക്മേൽ മേൽ മേൽ ജാതി)എന്നാൽ മുതലാളിയും തൊഴിലാളിയും തമ്മിലുള്ള ഏറ്റുമുട്ടൽ അവസാനിക്കുന്നത് എല്ലാ ചൂഷകർക്ക് മെതിരായി എല്ലാ ചൂഴിതവർഗ്ഗങ്ങളും അടങ്ങുന്ന ബഹുഭൂരിപക്ഷത്തിന്റെ വിജയത്തിലാണ്.എന്നു വെച്ചാൽ അവർക്ക് മേൽ തൊഴിലാളി വർഗ്ഗത്തിന്റെ സർവ്വാധിപത്യം എന്നാണ്......മാത്രമല്ല,ചരിത്രത്തിലെ അവസാന ഭരണകൂടവും ആയിരിക്കും ഇത്. ഈ ഭരണകൂടത്തിന്റെ ചരിത്രപരമായ ചിലകടമകൾ നിർവഹിച്ചുകഴിഞ്ഞാൽ ആ ഭരകൂടം അപ്രസക്തമാവും ,കൊഴിഞ്ഞുപോകും.തുടർന്ന് സോഷ്യലിസത്തിന്റേയും ,കമ്യൂണിസത്തിന്റേയും ഘട്ടത്തിലേക്ക് മുന്നേറും.

kadathanadan:കടത്തനാടൻ പറഞ്ഞു...

പാലക്കാടൻ...ഈ കുറിപ്പിൽ വിശദീകരിക്കാൻ ശ്രമിച്ചത് സാമൂഹ്യ വികാസചരിത്രത്തിൽ ഭരണകൂടത്തിന്റെ ആവിർഭാവവും അത് നിലനില്ക്കുന്ന കാലത്തോളമുള്ള അതിന്റെ രാഷ്ട്രീയ ഉള്ളടക്കവും ദൗത്യവും ലളിതമായി ഒന്നു പരിചയപ്പെടുത്തുക മാത്രമാണ്.കൂടുതൽ അറിയുന്നതിന്ന് ക്ളാസിക്കൽ കൃതികളെ ആശ്രയിക്കേണ്ടതുണ്ട് എന്ന് ഞാൻ പറയാതെ തന്നെ അറിയാമല്ലോ.....ഉല്പ്പാദിപ്പിക്കപ്പെടുന്ന സമ്പത്തിൽ ഭൂരിഭാഗവും സ്വയം കയ്യടക്കിവെക്കാൻ ശ്രമിക്കുന്ന തങ്ങൾക്കെതിരായി പോരാടുന്ന വർഗ്ഗങ്ങളേയും ജനവിഭാഗങ്ങളേയും ബലം പ്രയോഗിച്ച് അടിച്ചമർത്താൻ ചൂഷക വർഗ്ഗത്തിന്റെ കയ്യിൽ മൂർച്ചയേറിയ ഒരായുധമുണ്ട് അതാണ് ഭരണകൂടം. ബലപ്രയോഗത്തിന്റെ ഉപാധികളായി ചിലാസ്ഥാപനങ്ങളും ആസ്ഥാപനങ്ങളെ നിലനിർത്തുന്നതിന്ന് വേണ്ടി സംഘടിപ്പിക്കുന്ന നികുതിപിരിവുകളും ആണ് ഭരണകൂടത്തിന്റെ ആന്തരമായ ഉള്ളടക്കം....... .പാലക്കാടന്റെ സംശയം വളരെ ശരിയാണ്.വിപ്ളത്തിന്ന് ശേഷം തൊഴിലാളി വർഗ്ഗം സ്ഥാപിക്കുന്ന ഭരണകൂടമായാലും അങ്ങിനെ തന്നെയാണ്......പക്ഷെ.മുതലാളിത്ത വ്യവസ്ഥക്കെതിരേയുള്ള സമരം വിജയിച്ചാൽ അതിൽ രൂപം കൊള്ളുന്ന ഭരണകൂടം അതേവരെ നിലനിന്നിരുന്ന എല്ലാ ഭരണകൂടത്തിൽ നിന്നും അത് വ്യത്യസ്ഥമാണ്.ഇതേവരേയുള്ള എല്ലാഭരണകൂടങ്ങളും സമൂഹത്തിന്റെ ന്യൂനപക്ഷം മാത്രം വരുന്ന ഒരു വർഗ്ഗത്തിന്ന് ഭൂരിപക്ഷത്തിന്റെ മേൽ സർവ്വാധിപത്യം സ്ഥാപിക്കാനുള്ള ഉപകരണമായിരുന്നു.(അടിമകൾക്ക് മേൽ ന്യൂനപക്ഷം വരുന്ന ഉടമകൾ ,അടിയാന്റേയും കുടിയാന്റേയും മേൽ നാടുവാഴി,കീഴ്ജാതിക്ക്മേൽ മേൽ മേൽ ജാതി)എന്നാൽ മുതലാളിയും തൊഴിലാളിയും തമ്മിലുള്ള ഏറ്റുമുട്ടൽ അവസാനിക്കുന്നത് എല്ലാ ചൂഷകർക്ക് മെതിരായി എല്ലാ ചൂഴിതവർഗ്ഗങ്ങളും അടങ്ങുന്ന ബഹുഭൂരിപക്ഷത്തിന്റെ വിജയത്തിലാണ്.എന്നു വെച്ചാൽ അവർക്ക് മേൽ തൊഴിലാളി വർഗ്ഗത്തിന്റെ സർവ്വാധിപത്യം എന്നാണ്......മാത്രമല്ല,ചരിത്രത്തിലെ അവസാന ഭരണകൂടവും ആയിരിക്കും ഇത്. ഈ ഭരണകൂടത്തിന്റെ ചരിത്രപരമായ ചിലകടമകൾ നിർവഹിച്ചുകഴിഞ്ഞാൽ ആ ഭരകൂടം അപ്രസക്തമാവും ,കൊഴിഞ്ഞുപോകും.തുടർന്ന് സോഷ്യലിസത്തിന്റേയും ,കമ്യൂണിസത്തിന്റേയും ഘട്ടത്തിലേക്ക് മുന്നേറും.

Thommy പറഞ്ഞു...

പുതുവത്സരാസംസകള്‍...