2009, ജൂൺ 20, ശനിയാഴ്‌ച

വിമോചന സമര ഭീഷണി ആർക്കെതിരെയാണ്?

എന്താണ് അടുത്ത കാലത്തായി ഒരു രണ്ടാം വിമോചന സമരത്തിന്റെ വായ്ത്താരികളും,ഭീഷണികളും ചില കേന്ദ്രങ്ങളിൽ ഇടക്കിടക്ക്‌ ഉയർന്ന് വരുന്നത്‌.
ആർച്ച്ബിഷപ്പ്‌ മാരും തിരുമേനിമാരും ഇടയ ലേഖനങ്ങൾ വഴിയും മറ്റും ഭീഷണികൾ ആവർത്തിക്കപ്പെടുന്നത്‌.
യു ഡി എഫ്‌ നേതാക്കളാവട്ടെ 'അതിന്റെ ഒന്നും ആവശ്യം വരില്ല ഭരണം തമ്മിലടിച്ച്‌ മുടിഞ്ഞോളും'എന്ന് പറയുമ്പോഴും മനസ്സ്‌ കൊണ്ട്‌ വിമോചനസമരം നടക്കുന്നെങ്കിൽ ഒരു കുഴപ്പവുമില്ല എന്ന് മൗനംകൊണ്ട്‌ അറിയിക്കുന്നു.
എന്താണ് ഈ തിരുമേനി മാരൊക്കെ ഇത്ര പ്രകോപിതരാകാൻ കാരണം? LDF സർക്കാരിന്റെ 1996-2001 ലെ ചെയ്തികൾ പരിശോധിച്ചാലും ഇപ്പോൾ 2006ൽ അധികാരത്തിൽ വന്നതിന്ന് ശേഷമുള്ള ചെയ്തികൾ പരിശോധിച്ചാലും 1958-59ലെ കാലത്തെ പ്പോലെ തിരുമേനിമാരുടെ ഇത്ര കോപത്തിന്ന് കാരണമായിത്തീരേണ്ട ഒന്നും അതിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല എന്ന് കാണാൻ വിഷമമില്ല.
1996-2001 കാലത്ത്‌ സഭയുടെ വിശ്വസ്ത കുഞ്ഞാടായ പി ജെ ജോസഫ്‌ തന്നെയായിരുന്നല്ലോ വിദ്യാഭ്യാസ മന്ത്രി.
1995ലെ കൂത്തുപറമ്പ്‌ വെടിവെപ്പിൽ കൊല്ലപ്പെട്ട DYFI പ്രവർത്തകരുടെ രക്തത്തിന്റെ ചൂടാറുന്നതിന് മുമ്പേ പരിയാരം സ്വാശ്രയ സഹകരണ കോളേജിനോടുള്ള അവരുടെ എതിർപ്പ്‌ കാറ്റിൽ പറത്തി പ്ലസ്‌ ടു കോഴ്സുകൾ സഭയുടെ ഇഷ്ട പ്രകാരം അരമനകൾ തോറും കയറി ഇറങ്ങി വീതിച്ചു നൽകി.
ബാക്കിവന്നത്‌ മറ്റ്‌ മത ജാതി നേതൃത്വങ്ങൾക്ക്‌ പങ്കുവെച്ചു.
മാത്രമല്ല,
ലോകബാങ്ക്‌ നിർദ്ദേശപ്രകാരം DPEPആരംഭിച്ചു
വിദ്യാഭ്യാസ മേഖലയിൽ നിന്ന് സർക്കാറിനെ ഒഴിവാക്കുന്നതിന്നുള്ള നടപടികൾക്കും LDF സർക്കാർ വേഗത കൂട്ടി.
അങ്ങിനെ നായനാർ മന്ത്രിസഭയുടെ കാലം കഴിയുമ്പോൾ ആന്റണി-ഉമ്മൻ ചാണ്ടി മാരുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ രംഗം സ്വാശ്രയമാക്കി സഭക്കും സഭയേപ്പോലുള്ളവർക്കും കച്ചവടം പൊടിപൊടിക്കുന്നതിന്നുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടിരുന്നു.
ബാക്കി വേണ്ടതും അതിന്നപ്പുറവും UDF സർക്കാർ ചെയ്തു കൊടുക്കുകയും ചെയ്തു.
കഴിഞ്ഞ തിരഞ്ഞെടുപ്പ്‌ സമയത്ത്‌UDFകാരപ്പോലെ LDF നേതാക്കളും അരമനകളിലും മറ്റു മത കേന്ദ്രങ്ങളിലും മന്നം സമാധിയിലും കയറി ഇറങ്ങുമ്പോൾ അരുതാത്തതെന്നും ചെയ്യില്ലെന്ന് കൊടുത്ത ഉറപ്പ്‌ LDF മന്ത്രിസഭയിൽ MAബേബി വിദ്യാഭ്യാസ മന്ത്രിയായി ആദ്യമേനടത്തിയ പ്രസ്താവനകളിൽ നിന്നുതന്നെ വ്യക്ത മാക്കി.
ഒരു വർഷം കഴിയുമ്പോൾ കോടതികളുടെ സഹായത്തോടെയുംLDFമന്ത്രി സഭയുടെ കീഴടങ്ങൽ നയം ഉപയോഗിച്ചും ഫീസ്‌ തീരുമാനിക്കുന്നതിലടക്കം സ്വാശ്രയ കോളേജ്‌ മുതലാളിമാർ മുൻ കൈ നേടിക്കഴിഞ്ഞു.
എന്നിട്ടും തിരുമേനിമാർക്കും മറ്റും കോപം വന്നിരിക്കുന്നു.
കാരണം ;
[1]തിരഞ്ഞെടുപ്പ്‌ തിരിച്ചടിയിൽLDFവരാനിരിക്കുന്ന നിയമ സഭാതിരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ച്‌ പിന്നോക്കവിഭാഗങ്ങൾക്കും ദരിദ്രർക്കും കുറച്ചെങ്കിലും നീതി ലഭ്യമാക്കുന്നതിന്ന്
അതുവരെ ഉണ്ടാക്കിയ എല്ലാ കരാറുകളും ലംഘിച്ചുകൊണ്ട്‌ ഈ അണ്ടനെയും അടകോടനേയും മറ്റും രക്ഷിക്കേണ്ടത്‌ സർക്കാറിന്റെ ഉത്തരവാദിത്വ മാണെന്നെങ്കിലും തോന്നി വല്ല നീക്കവും നടത്തിയേക്കുമോ എന്ന പേടി.
[2] വിദ്യാഭ്യാസ രംഗത്തെ ഉത്തരവാദിത്വം ലോകബാങ്ക്‌ ആഗ്രഹിക്കുന്ന രീതിയിൽ വികേന്ദ്രീക്കാനെന്ന പേരിൽ പഞ്ചായത്ത്‌ സവിധാനത്തിന്റെ കീഴിൽ കൊണ്ടുവരുന്നത്‌ പൊതു വിദ്യാഭ്യാസരംഗം ദരിദ്രർക്ക്‌ അപ്രാപ്യമാക്കി വിദ്യാഭ്യാസ കച്ചവടത്തെ പ്രോത്സാഹിപ്പിക്കുമെന്നതിൽ തിരുമേനിമാർ ഉൾപ്പെടെ വിദ്യാഭ്യാസ മാഫിയകൾക്ക്‌ സന്തോഷകരമാണ്.
എന്നാൽ,
ഈ വികേന്ദ്രീകരണത്തിന്നായി ഉണ്ടാക്കുന്ന സമിതികൾ പ്രൈമറി തലം മുതൽ സിലബസ്സ്‌ രൂപീകരണത്തിലും അദ്ധാപക നിയമനത്തിലും ഇടപെടുന്നത്‌ കഴിയുന്നത്ര ഇടങ്ങളിൽ കന്യാസ്ത്രീകളെയും അഛന്മാരെയും നിയ്മിച്ച്‌ ആ ശമ്പളം മുഴുവൻ അടിച്ചെടുക്കുന്നതിന്ന് തടസ്സം ഉണ്ടാക്കുമോ,
നിയമനം PSCക്ക്‌ വിടണമെന്ന വാദം ശക്തിപ്പെടുമോ,
സിലബസ്സിൽ സോഷ്യലിസ്റ്റ്‌ ആശയങ്ങൾ എങ്ങാനും കടന്നു വരുമോ
പഴയ വിമോചന സമരത്തിലൂടെ തങ്ങൾ അട്ടിമറിച്ച 57 ലെ വ്ദ്യാഭ്യാസ ബില്ലിലെ വകുപ്പ്‌ 11 എങ്ങാൻ തിരിച്ചു വരുമൊ എന്നഭയം.
വിദ്യാഭ്യാസ രംഗത്തെ പൂർണ്ണമായും സ്വകാര്യവൽക്കരിക്കുക, സ്വാശ്രയവൽക്കരിക്കുക എന്നതാണ് താൽപ്പര്യം
LDF സർക്കാരിന്റെ പുരോഗമന നാട്യങ്ങൾ പോലും സഹിക്കാൻ അവർ തയ്യാറല്ലെന്നർത്ഥം.
അവകൂടി നിർത്തിLDFസർക്കാർ തിരുവായിക്ക്‌ എതിർവ്വായില്ലാതെ വിദ്യാഭ്യാസ മാഫിയക്ക്‌ കീഴടങ്ങണം.
സാമ്രാജ്യത്വ ആഗോളീകരണത്തിന്ന് കീഴിൽ പുത്തൻ അധിനിവേശ വൽക്കരണം അതിവേഗം നടത്തിക്കൊണ്ടിരിക്കുമ്പോഴും വിദ്യാഭ്യാസ മേഖല അതിന്നനുസരിച്ച്‌ രൂപ പ്പെടുത്താനാണ് സർക്കാരും വിദ്യാഭ്യാസ കച്ചവടക്കാരുംശ്രമിക്കുന്നത്‌.
കേരളത്തിൽ ഇപ്പോഴുള്ള ഈ ഹാലിളക്കത്തിന്ന് പാവം LDFസർക്കാർ സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ നിബന്ധനകളിൽ നിന്ന് ഏതെങ്കിലും തലത്തിൽ വ്യതിചലിച്ചത്‌ കൊണ്ടോ,
വിദ്യാഭ്യാസാദി രംഗങ്ങളിൽ നിന്ന് സർക്കാർ പിന്മാറുക എന്ന ലോകബാങ്ക്‌ നിർദ്ദേശത്തെ ലംഘിച്ചത്‌ കൊണ്ടോ അല്ല.
21 ആം നൂറ്റാണ്ടിനെ അമേരിക്കൻ നൂറ്റാണ്ടാക്കാൻ ഇവാൻഞ്ചിലിക്കൽ സങ്കൽപ്പങ്ങൾ ആവർത്തിച്ച്‌ അരക്കച്ച കെട്ടി ഇറങ്ങിയിരിക്കുന്ന, അമേരിക്കൻ തിട്ടൂരം സിരസ്സാ വഹിച്ചു,
അമേരിക്കൻ ഭടന്മാർക്ക്‌ ഇറാക്ക യുദ്ധത്തിന്നിടക്ക്‌ ചെന്നയിൽ പഞ്ചനക്ഷത്ര സൗകര്യങ്ങൾ വരെ ഒരുക്കിക്കൊടുത്ത സോണിയാ-മന്മോഹൻ സക്കാറിനെതിരഞ്ഞെടുപ്പ്‌ സമയം ഒഴിച്ച്‌
എപ്പോഴും പിന്താങ്ങികൊള്ളാമെന്ന് കരാർ എടുത്തിരിക്കുന്നCPI[M] നയിക്കുന്ന സർക്കാർ അപ്രകാരം വല്ലതും ചിന്തിക്കുക പോലും ചെയ്യുമെന്ന് കരുതുന്നത്‌ മഹാപാപമാണ്.
തിരുമേനിമാരും മറ്റും പറയുന്നത്‌ തങ്ങളുടെ പിതൃ രാജ്യമായ അമേരിക്കൻ ഐക്യനാട്ടിലും ഇംഗ്ലണ്ടിലും മറ്റും പൊതുവിദ്യാഭ്യാസ മേഖലയും അതിൽ സർക്കാർ നിയന്ത്രണവും ഒരളുവരെ ഉണ്ടെങ്കിലും അതിവിടെ തരിമ്പും പാടില്ല എന്നാണ്.
21ആം നൂറ്റാണ്ട്‌ അമേരിക്കൻ നൂറ്റാണ്ട്‌ ആവുന്നതുപോലെ വിദ്യാഭ്യാസവും മറ്റും തീർത്തും തങ്ങളുടെ സാമ്രാജ്യം മാത്രമാകണം.
എങ്കിലല്ലേ,ആഗോള മൂലധനത്തിന്റെ,
ബഹു രാഷ്ട്ര കുത്തകകളുടെ
കോർപ്പറേറ്റ്‌ ഭീമന്മാരുടെ
താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കാൻ കഴിയൂ.
മറ്റൊരു പ്രശ്നം കമ്യുണിസം,സോഷ്യലിസം പോലുള്ള വാക്കുകളോട്പോലുമുള്ള അലർജ്ജിയാണ്.
ക്രൂഷ്ച്ചേവിന്റെ കാലം മുതൽ സോവ്യറ്റ്‌ യൂണിയനിൽ മുതലാളിത്തവൽക്കരണം ആരംഭിച്ചു എന്ന് ഏറ്റവും കൂടുതൽ അറിയാമായിരുന്നത്‌ അമേരിക്കൻ ഭരണാധികാരികൾക്കായിരുന്നു വല്ലോ. എന്നിട്ടും സോവിയറ്റ്‌ യൂണിയനെ ഇഷ്ടിക ഇഷ്ടികയായി പൊളിച്ചടുക്കി കമ്യുണിസം എന്നവാക്ക്‌ തന്നെ നിഷിദ്ധമാക്കുന്നവരെ അമേരിക്കൻ സാമ്രാജ്യത്വം അടങ്ങിയില്ല.
ചൈനയുടെ കാര്യത്തിലും അതുതന്നെ സംഭവിക്കുന്നു.
മുതലാളിത്തത്തിൽ അനിവാര്യമായ മത്സരത്തിൽ ഏർപ്പെടുന്നു എന്നതൊഴിച്ചാൽ ഇറാക്കിനെ കൊന്നു തിന്നുന്നതിൽ വരെ ചൈന ബുഷിന്റെ കൂടെ ആയിരുന്നു.
എന്നിട്ടും സോഷ്യലിസ്റ്റ്‌,കമ്യുണിസ്റ്റ്‌ എന്ന പദങ്ങൾ ഇനിയും ഉപേക്ഷിക്കാത്തതിന്ന് ചൈനയെ വേണ്ടത്ര ശകാരിക്കാറില്ലെ.
ഏതാണ്ട്‌ അതു പോലെയാണ് 'അമേരിക്കയിലെ പ്പോലെ ഇവിടേയും' ആകാൻ കിണഞ്ഞു ശ്രമിക്കുന്ന തിരുമേനിമാരുടേയും സ്ഥിതി.
വി എസ്സ് അച്ചുതാനന്ദന്റെ വല്ലപ്പോഴുമുള്ള പുരോഗമന വായ്ത്താരികളും ചില മൂന്നാർ പ്രയോഗങ്ങളും ഒഴിച്ചാൽ ബുദ്ധ്ദേവും,പിണറായിയും എല്ലാം മൂലധനത്തിന്റെ നല്ല ശിഷ്യന്മാരാണ്.
പേരിലും കൊടിയിലും ഒഴിച്ച്‌ കമ്യൂണിസമൊക്കെ ഉപേക്ഷിച്ച്‌ കഴിഞ്ഞവരാണ്.
അതുകൊണ്ടല്ലേ MAബേബിയൊക്കെ സ്വശ്രയ മുതലാളിമാരോട്‌ ഇത്ര ഭവ്യമായി പെരുമാറേണ്ടി വരുന്നത്‌.
എന്നിട്ടും സഭാദ്ധ്യക്ഷന്മാർക്കും മറ്റും തൃപ്തിയായിട്ടില്ല.
എന്തൊക്കെ ആയാലും സ്വന്തം ഉമ്മൻ ചാണ്ടിയൊക്കെ ഭരിക്കുന്നതുപോലെയൊക്കെ ആകുമോ എന്നചൊരുക്കുകൊണ്ടാണ് ഈ വിമോചന സമര വിളിയൊക്കെ എന്ന് മനസ്സിലാക്കാൻ ഒരു ജോത്സ്യനേയും തേടി പോകേണ്ടതില്ലഈ വിദ്യാഭ്യാസ കച്ചവടക്കാരുടെ കൂട്ടാളികളാണ് ഭൂമാഫിയകൾ.
ടാറ്റയെ തൊട്ടപ്പോൾ ടാറ്റയുടെ കങ്കാണി മാർക്കെല്ലാം പൊള്ളിയെങ്കിൽ കേരളത്തിലെ കൃഷിഭൂമിയാകെ കൈപ്പിടിയിലൊതുക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവർ ഭയാശങ്കയിലാണ്.
തങ്ങളെല്ലാം ചേർന്ന് ഭദ്രമായി,സമർത്ഥമായി ഏറെക്കാലം കുഴിച്ചുമൂടിയ ഭൂപ്രശ്നം സജീവ വിഷയമായി തിരിച്ചു വരുന്നു.
കൃഷി ഭൂമി മണ്ണിൽ പണിയെടുക്കുന്നവർക്ക്‌ എന്ന മുദ്രാവാക്യം ഉയരാൻ തുടങ്ങിയിരിക്കുന്നതും അപകടസൂചനകളായി മനസ്സിലാക്കിയയവർക്ക്‌ വേണ്ടി കൂടിയാണ് ഇടയ ലേഖനങ്ങളൂം,വിമോചന സമര വാർഷികങ്ങളും ആഹ്വാനവുമൊക്കെ.
വിദ്യാഭ്യാസം ഉൾപ്പെടെ എല്ലാ ജനക്ഷേമ നടപടികളും അവസാനിപ്പിച്ചും ഭൂമിയുടെ മേൽ ആധിപത്യം സ്ഥാപിച്ചും സമൂഹത്തെ ഭരിക്കുന്നവർ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത്‌ സമൂഹത്തിൽ ഏറ്റവും അടിത്തട്ടിൽ കിടക്കുന്നവരുടെ വർഗ്ഗ ബോധത്തെയാണ്.
ഒരിക്കൽ അതുണർന്നാൽ തങ്ങൾ കൊള്ളയടിച്ചുണ്ടാക്കിയതും നിലനിർത്തുന്നതുമായ എല്ലാം നഷ്ടമാകുമെന്നവർക്ക്‌ നന്നായി അറിയാം.
അതുകൊണ്ടാണ് 1958-59 ന്ന് കാലത്തെന്ന പോലെ വീണ്ടും വിമോചനസമരത്തിന്റെ പേരു പറഞ്ഞു മതം അപകടത്തിൽ എന്നാവർത്തിച്ച്‌ അധ:സ്ഥിതരെ കൂടി കൂടെ കൂട്ടുവാൻ ശ്രമിക്കുന്നത്‌.
അല്ലെങ്കിൽ അവർ ഭൂമിക്ക്‌ വേണ്ടി വിദ്യാഭ്യാസത്തിന്ന് വേണ്ടി സമരഭൂമിയിൽ ഇറങ്ങുമോ എന്നഭയംകൊണ്ട്‌.
ഈ പിന്തിരിപ്പൻ കൂട്ടത്തെ കപടമായ പത്രപ്രസ്താവനകൾക്കപ്പുറം CPI[M]നേതൃത്വം എതിർക്കാൻ തയാറാവില്ല എന്നത്‌ വ്യക്തമാണ്. അധികാരത്തിലിരിക്കാനുള്ള മത്സരം ഒഴിച്ച്‌ UDF {LDFതമ്മിൽ ഉള്ളവ്യത്യാസങ്ങൾ അസ്തമിച്ചിരിക്കുന്നത്‌ കൊണ്ടാണീത്‌ .
ഈ സാഹചര്യത്തിൽ ഇക്കൂട്ടരുടെ വിമോചന സമര ഭീഷണി LDFസർക്കാറിന്ന് എതിരേ യല്ല,മറിച്ച്‌ ഇടത്പക്ഷാഭിമുഖ്യമുള്ള ഈ സംസ്ഥാനത്തെ ജനങ്ങൾക്കെതിരായിട്ടാണ്
എന്ന് പുരോഗമന ശക്തികൾ തിരിച്ചറിയണം....

2009, ജൂൺ 12, വെള്ളിയാഴ്‌ച

ഇതാ ഒരു ദളിതനും കൂടി ജാതിവാദിയാവുന്നു

ഇന്ത്യയിൽ ഓരോ ദിവസവും 2 ദളിതർ കൊലചെയ്യപ്പെടുന്നു .

ഓരോ ദിവസവും 6 ദളിത്‌ കുടിലുകൾ ചുട്ടെരിക്കപ്പെടുന്നു.

ഓരോ മണിക്കൂറിലും 3 ദളിത്‌ സ്ത്രീകൾ കയ്യേറ്റം ചെയ്യപ്പെടുന്നു.

ഓരോ ദിവസവും 4 ദളിത്‌ സ്ത്രീകൾ ബലാൽസംഘത്തിന്നിരയാകുന്നു. നമ്മുടെ സ്വതന്ത്ര ഭാരതത്തിൽ 08 ജൂൺ16 ന്ന് നടന്ന ഒരു സംഭവം:

ഒരു ദളിതയുവാവിനെ നഗ്നനാക്കി മരത്തിൽ കെട്ടിയിട്ട്‌ ബോധം നഷ്ടപ്പെടുന്നതുവരെ ചാട്ടവാറുകൊണ്ട്‌ അടിച്ചു അവശനാക്കി.

കാരണം;

മഹാരാഷ്ട്രയിൽ സവർണ്ണ വീട്ടിലെ ഒരാൾ മരിച്ചാൽ വിവരം ബന്ധുക്കളെ അറിയിക്കേണ്ടത്‌ കുടുംബത്തിന്റെ അടിമയായ ദളിതന്റെ കടമയാണ്.

മരണവാർത്ത അറിയിച്ചെത്തുന്ന ദളിതന്ന് സവർണ്ണ ബന്ധു"ഭക്കാരി" എന്ന പലഹാരത്തിന്റെ നാലിലൊരംശം നൽകണം.

"ഭക്കാരി"ദളിതന്റെ കയ്യിലേക്ക്‌ എറിഞ്ഞുകൊടുക്കുന്നതിന്ന് മുൻപ്‌ സവർണ്ണ ബന്ധു അതിൽ തുപ്പണം.

മരണവാർത്ത അറിയിച്ചതിന്റെ പേരിലാണ് തുപ്പൽ.

അവിടെ വെച്ചുതന്നെ ദളിതർ പലഹാരം തിന്നണം.

അങ്ങിനെ നൽകിയ "ഭക്കാരി" തിന്നാൻ വൈമനസ്യം കാണിച്ചതിന്നാണ് യുവാവിന്ന് മർദ്ദനമേൽക്കേണ്ടി വന്നത്‌.

ഇന്ത്യയുടെ ഏതു സംസ്ഥാനത്തും സമാനമായ ജാത്യാചാരങ്ങളും അനുഷ്ടാനങ്ങളും തീണ്ടലുകളും,അയിത്താചരണവും ദളിത്‌ -പിന്നോക്ക വിഭാഗങ്ങൾ ഇന്നും തീഷ്ണമായി അനുഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്‌.

സിനിമാ തിയറ്ററിൽ ദളിതൻ ഫസ്റ്റ്‌ ക്ലാസ്സിൽ ഇരുന്നതിന്റെ പേരിൽ കലാപ മുണ്ടാക്കിയവരുടെ നാട്‌.

മഴകൊള്ളാതിരിക്കാൻ ഹനുമാൻ കോവിലിന്റെ ഇറയത്ത്‌ കയറി നിന്ന പോലീസു കാരൻ ദളിതനായതിന്റെ പേരിൽ തല്ലിക്കൊന്നവരുടെ നാട്‌,

സവർണ്ണ ന്ന് ബീഡി കടം കൊടുക്കാത്തതിന്റെ പേരിൽ കടയുടമയായ ദളിതനെ മൂക്ക്‌ കയറിട്ട്‌ തെരുവിലൂടെ നടത്തിച്ചവരുടെ നാട്‌,

ദളിതനായ മുമ്പത്തെ ജഡ്ജിയുടെ കോടതിമുറി ഗംഗാജലം കൊണ്ട്‌ ശുദ്ധികലശം നടത്തി ചാർജ്ജെടുത്ത സവർണ്ണനായ ജഡ്ജിമാരുടെ നാട്‌.....

ഇത്‌ ഇനിയും നീട്ടി വായനാസുഖം നഷ്ടപ്പെടുത്തുന്നില്ല.

കേരളത്തിലെ ദളിത്‌ മർദ്ദനങ്ങളെ ക്കുറിച്ചു എന്റെ പഴയ പോസ്റ്റുകളീൾ വിശദീകരിച്ചതുകൊണ്ട്‌ ആവർത്തിക്കുന്നില്ല.

ഇനി ചില പഴങ്കഥകളിലേക്കും ചരിത്രത്തിലേക്കും ചെറുതായി ഒന്നെത്തി നോക്കാം.

പുലയരെ കന്നുകാലികളെപ്പോലെ വിൽക്കുകയും കൊല്ലുകയും ചെയ്തിരുന്നു .[അങ്ങിനെ കൊല്ലപ്പെട്ടവന്റെ മകന്റെ മകനാണ് ഞാൻ]പുലയനോ പറയനോ നായരെ തൊട്ടാൽ അവരെ നായർ കൊല്ലുന്നില്ലാ എങ്കിൽ നായരെ നാടുവാഴി കൊല്ലണം.എന്നായിരുന്നു.

അവർണ്ണരുടെ തലയെണ്ണി "തലപ്പിരിവും ഈഴവസ്ത്രീകളുടെ മുലയെണ്ണി മുലപ്പിരിവും കൊടുക്കണമായിരുന്നു.മുണ്ട്‌ താഴ്ത്തി ഉടുക്കാൻ അവകാശമില്ല.പുതു വസ്ത്രം ധരിക്കാൻ പാടില്ല.അഥവാ ഉടുക്കുകയാണെങ്കിൽ കരിയിൽ മുക്കി കരിഞ്ചീലയാക്കി ഉടുക്കണം.

തട്ടാരപ്പാട്ടം,വണ്ണാരപ്പാറ തുടങ്ങിയ നികുതികൾ ഈടാക്കിയിരുന്നിരുന്നു.ദളിതരുടെ പെണ്ണുങ്ങൾ പ്രസവിക്കാറില്ല 'കുരങ്ങിടുക' യാണ് പതിവ്‌ .

ശിക്ഷാ വിധിയിൽ ചിത്രവധം [മുട്ടിലൂടെ കമ്പിപ്പാര അടിച്ചു കയറ്റി മരത്തിൽ തലകീഴായി കെട്ടിത്തുക്കി ഇഞ്ചിഞ്ചായി കൊല്ലുന്നരീതി]നടപ്പിലാക്കിയിരുന്നു.

ദളിദർ മണ്ണിൽ പണിയെടുക്കുന്നവരും വഴിനടക്കാൻ അനുവദിക്കാത്തവരും അടിമയു മായിരുന്ന,സംഘടനയെയും മനുഷ്യാവകാശത്തെയും സംബന്ധിച്ച അവബോധം പൊതു സമൂഹത്തിൽ ഒട്ടും വേരോടാതിരിക്കുകയും ചെയ്ത കാലത്താണ്.മഹാനായ അയ്യങ്കാളിയുടെ നേതൃത്വത്തിൽ അതസ്ഥിതരുടെ പ്രക്ഷോഭം ആരംഭിക്കുന്നത്‌.

അടിമകളേപ്പോലെ പണിയെടുക്കാൻ തയ്യാറെല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട്‌ മണ്ണിന്റെ മക്കൾ ആരംഭിച്ച സമരം ജന്മിമാരായ സവർണ്ണ മേധാവികളെ അക്ഷരാർത്ഥത്തിൽ വിറളിപിടിപ്പിച്ചു, പ്രകോപിതരാക്കി തമ്പുരാക്കന്മാർ അതിക്രൂരമായ മർദ്ദനങ്ങളും അതിക്രമങ്ങളും അഴിച്ചു വിട്ടൂ.

പ്രക്ഷോഭത്തെ നേരിടാൻ കുത്സിതമായ എല്ലാമാർഗ്ഗങ്ങളും ഉപയോഗിച്ചു,സ്കൂൾ പ്രവേശനം അനുവദിക്കുക.അധസ്ഥിതരെ അടിമകളായി കാണുന്ന സമ്പ്രദായം അവസാനിപ്പിക്കുക.സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുക.എന്ന് തുടങ്ങി ഒട്ടേറെ ആവശ്യങ്ങൾ പ്രക്ഷോഭകാരികൾ മുന്നോട്ട്‌ വെച്ചു.

കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ പാടത്ത്‌ പണിയെടുക്കില്ലെന്ന അയ്യങ്കാളിയുടെ പ്രഖ്യാപനത്തോടെ സവർണ്ണർ കൂടുതൽ പ്രകോപിതരായി.

അന്നുവരെ മെയ്യനങ്ങാതെ അടിയാളരുടെ അദ്ധ്വാനംകൊണ്ട്‌ വയറും പത്തായവും നിറച്ച ജന്മികൾ ഗത്യന്തരമില്ലാതെ കൃഷിപ്പണിക്കിറങ്ങി

"ഒരു പുലയി ഒരു ദിവസം കൊണ്ട്‌ ചെയ്തുതീർത്തിരുന്ന ജോലി ആറു നായന്മാർ ഒരു ദിവസം കൊണ്ട്‌ വളരെ ബുദ്ധിമുട്ടി ചെയ്യേണ്ടതായി വന്നു ചെളിയിലും വെള്ളത്തിലും പണി ചെയ്തതിനാൽ അവർക്ക്‌ രോഗം പിടിപെട്ടു."

ഒടുവിൽ സഞ്ചാരസ്വാതന്ത്ര്യം,സ്കൂൾ പ്രവേശനം, പണിസ്ഥലത്തെ അവകാശങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ അനുഭാവ പൂർണ്ണമായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് കൃഷിയിടങ്ങളിൽ പണിയാളർ ജോലിക്കിറങ്ങിയത്‌.

അടിമത്വത്തിൽ നിന്നുള്ള അധസ്ഥിതരുടെ മോചനത്തിന്ന് യഥാർത്ഥ പരിഹാരം ഭുമിയിന്മേലുള്ള ഉടമാവകാശമാണെന്ന് തിരിച്ചറിവായിരുന്നു ദളിതർക്ക്‌ നാമമാത്രമെങ്കിലും ഭുമി പതിച്ചു കൊടുക്കുന്നതിന്ന് ശ്രമം ആരംഭിക്കുന്നത്‌.

ഇങ്ങനെ ലഭിച്ച ഭൂമിപോലും സവർണ്ണരും കൃസ്ത്യൻ പ്രമാണിമാരും തട്ടിപ്പറിച്ചു.അതു തിരിച്ചു പിടിക്കാൻ നടത്തിയ പ്രക്ഷോഭത്തെയാണ് 'എണ്ണൂറാംവയൽ ലഹള എന്നുവിളിക്കുന്നത്‌മുലമറക്കാൻ മുട്ടിന്ന് താഴോട്ട്‌ മുണ്ടുടുക്കാൻ വരെ കേരളീയ ഗ്രാമത്തിലെ മുക്കിലും മൂലയിലും ജാതിത്തല്ലുകൾ നടത്തേണ്ടി വന്നിട്ടുണ്ട്‌.

അവസര സമത്വം മേൽജാതിക്കാരുടെ ഔദാര്യമല്ലെന്നും പോരാടി പിടിച്ചെടുക്കേണ്ടതാണെന്ന് മുള്ള തിരിച്ചറിവായിരുന്നു അയ്യങ്കാളിപ്പടയുടെയും,സാധുജന പരിപാലനസംഘത്തിന്റെയും രൂപീകരണം.

ഇതടക്കമുള്ള നവോത്ഥാന മുന്നേറ്റത്തിന്റെ പൊതു ചരിത്രത്തിൽ കേരളത്തെ വ്യത്യസ്ഥമാക്കുന്നത്‌ കേരളത്തിൽ നടന്ന സാമൂഹ്യ നവോത്ഥാന പ്രക്രിയയുടെ സവിശേഷതയാണ്.

ഇന്ത്യയിലെ മറ്റ്‌ എല്ലാ പ്രദേശങ്ങളെയും കാൾ ജാതിവ്യവസ്ഥയും ജന്മിമേധാവിത്വവും അതി കഠിനമായിരിക്കുകയും സവർണ്ണജന്മിത്വം ഭ്രാന്താലയമാക്കുകയും ചെയ്തിരുന്ന കേരളത്തെ കിരാത വ്യവസ്ഥയിൽനിന്ന് കൈ പിടിച്ചുയർത്തുന്നതിൽ സമാനതകളില്ലാതെ നടത്തിയ ഉജ്ജ്വലങ്ങളായ സമരങ്ങളുടെ നായകനായിരുന്നു അയ്യങ്കാളി.ശ്രീ നാരയണ പ്രസ്ഥാനത്തോടൊപ്പം ഒരു നൂറ്റാണ്ട്‌ കേരളത്തിന്റെ സാമൂഹ്യഘടനയെ അക്ഷരാർത്ഥത്തിൽ ഉഴുതു മറിച്ചു.

ഇപ്രകാരം സജ്ജമാക്കിയ ചരിത്ര പശ്ചാത്തലത്തിൽ നിന്നാണ് ഇന്ത്യയിൽ ഒരു സ്ഥലത്തും ഉണ്ടാകാത്തവിധം മർദ്ദിത ജനതകളെ കൂട്ടിയിണക്കി ജന്മിത്വത്തിന്നും സാമ്രാജ്യത്വത്തിന്നും എതിരായി മുന്നോട്ട്‌ പോകാൻ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്ന് കഴിഞ്ഞത്‌.

അതിന്റെ ഭാഗമാണ്,അതിന്റെ ഫലമാണ് 1957 ലെ കമ്യൂണിസ്റ്റ്‌ മന്ത്രി സഭ.ഭൂമിക്കും,സാമൂഹ്യ സമത്വത്തിന്നും വിദ്യാഭ്യാസത്തിന്നും,ആരോഗ്യമേഘലയിലുമൊക്കെ മർദ്ദിതരുടെ ആവശ്യവുമായി ബന്ധപ്പെട്ട ചില പരിഷ്കരണങ്ങൾക്ക്‌ ഗവർമ്മെന്റ്‌ മുന്നോട്ട്‌ വന്നെങ്കിലും ജാതി-മത-ജന്മിത്വ പിന്തിരിപ്പൻ ശക്തികളുടെ ഇടപെടലുകളും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ തന്നെ വ്യതിചലനവും ഇക്കാര്യത്തിലുള്ള തുടർ നടപടിക്കോ,ജനകീയ ജനാതിപത്യ മുന്നേറ്റത്തിന്റെ രാഷ്ട്രീയ ദൗത്യമേറ്റേടുക്കാനോ കഴ്യാതെ പോയി.

പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ വ്യതിയാനവുമായി ബന്ധപ്പെട്ട സാഹചര്യം മുതലെടുത്ത്‌ പ്രതിലോമത ശക്തി പ്രാപിച്ചു.

സാമ്രാജ്യത്വ ആഗോളീകരണവും അതിന്റെ ഭാഗമായി ഭരണ വർഗ്ഗങ്ങൾ ക്ഷേമരാഷ്ട്ര സങ്കൽപ്പങ്ങളും നയങ്ങളും കയ്യൊഴിഞ്ഞതും സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കി.

പുത്തൻ സാമ്പത്തിക നയത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഘടനാക്രമീകരണങ്ങളിൽ സാമൂഹ്യഘടനയിൽ ആരംഭിച്ച പൊളിച്ചെഴുത്ത്‌ ദരിദ്രവൽക്കരണത്തിന്ന് ആക്കംകൂട്ടി.

മനുഷ്യ വർഗ്ഗത്തിന്റെ തന്നെ നില നിൽപ്പിന്ന് ആധാരമായ കാർഷിക മേഖലയുടെ തകർച്ചയെത്വരിതപ്പെടുത്തി.

ചെറുകിട്‌-ഇടത്തരം കർഷകൻ കാർഷിക വൃത്തി ഉപേക്ഷിക്കുന്നു.ഓരോ 33 മിനിറ്റിലും ഒരു കർഷകൻ ആത്മഹത്യ ചെയ്യുന്ന അവസ്ഥ.

പാട്ടകൃഷിയുടെ തിരിച്ചുവരവ്‌ .

കൃഷിഭൂമി മണ്ണിൽ പണിയെടുക്കുന്നവന്ന് എന്ന മുദ്രാവാക്യം കുടികിടക്കാൻ ഒരിടം എന്നായി മാറി

കുടികിടപ്പവകാശം നിയമപരമാക്കിയവർ കുടിയിറക്കാനുള്ള അവകാശത്തിന്ന് നിയമം കൊണ്ടുവന്നു.

ആധിവാസികളിൽ നിന്നും തട്ടിയെടുത്തഭൂമി തിരിച്ചു പിടിക്കാൻ നിയമ മുണ്ടായിട്ടും അതു പിടിച്ചെടുക്കുന്നതുന്ന് പകരം ഭൂമി ആധിവാസികൾക്ക്‌ കൊടുക്കാതിരിക്കാൻ നിയമമുണ്ടാക്കുന്നു.

വിദ്യാഭ്യാസം ദളിത്‌-പിന്നോക്ക വിഭാഗങ്ങൾക്ക്‌ നിഷേധിച്ചുകൊണ്ട്‌ മത മേധാവികൾക്ക്‌ പതിച്ചു നൽകുന്നു.

സാമൂഹ്യ സമത്വത്തിന്റെ ആദ്യപടിയായി നിലനിൽക്കുന്ന സർക്കാർ വിദ്യാഭ്യാസ കേന്ദ്രങ്ങൾ,പൊതു മേഖലാവ്യവസായങ്ങൾ സേവന മേഖലകൾ,ബാങ്ക്‌ ഇൻഷൂറൻസ്‌ മേഖലകൾ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത സർക്കാർ സംവിധാനങ്ങൾ തകർത്ത്‌ സ്വകാര്യമേഖലയേ ഏൽപിക്കുക വഴി സാമൂഹ്യ പരിഷ്കർത്താക്കളും,രക്തസാക്ഷികളും ദീർഗ്ഘ ദർശ്ശനം ചെയ്ത സാമൂഹ്യ സമത്വം എന്ന സഘൽപ്പത്തെ അപ്രസക്തമാക്കി.

സാർവ്വത്രികവും സൗജന്യവുമായ വിദ്യാഭ്യാസവും ,സൗജന്യമായ ആരോഗ്യ സേവനവും ,സ്റ്റാറ്റൂട്ടരി റേഷൻ സംവിധാനവും ആണ് ഗൾഫ്‌ മണിയോർഡർ ഇല്ലാത്ത ഘട്ടത്തിലും അമേരിക്കയേപ്പോലും അമ്പരപ്പിക്കുന്ന രീതിയിൽ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ.

ഇതിന്റെ ആകത്തുകയേ ആണ് കേരളാ മോഡൽ എന്ന് നാം അഭിമാനികൊള്ളുന്നത്‌.

കേരളാ മോഡൽ റദ്ദാക്കപ്പെട്ടതോടെ പട്ടിണിയും പകർച്ചവ്യാധിയും തിരിച്ചു വന്നു.

കോളറയും വസൂരിയും തിരിച്ചുവരുന്നു.

ദളീത്‌ പിന്നോക്ക വിഭാഗങ്ങൾ നൂറ്റാണ്ടുകളായുള്ള പോരാട്ടത്തിലൂടെ നേടിയെടുത്ത നേട്ടങ്ങൾ ഇല്ലായ്മ ചെയ്യപ്പെടുന്നു.

ഫലമോ യാചകസമാനമായി ഭൂമിയും വിദ്യാഭ്യാസ അവകാശങ്ങളും നഷ്ടപ്പെട്ട്‌ സാമൂഹ്യ സുരക്ഷയും നിഷേധിക്കപ്പെട്ടു.

എല്ലാറ്റിലുമുപരി ജാത്യാചാരങ്ങളും ജാതിചിന്തകളും പുതിയ രൂപങ്ങളിൽ പ്രതിഷ്ടിക്കപ്പെടുന്നു.യാഗം,വൃതം,ക്ഷേത്രനിർമ്മാണം,ബിംബപൂജ,തീർത്ഥാടനം,ആൾദൈവങ്ങൾ മതാന്ധത,മധ്യപാനാസക്തി ......എല്ലാം കൂടി കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാൻ ശ്രമിക്കുന്നു,

മറുഭാഗത്താവട്ടെ അവർണ്ണരുടെ സംഘടിതമായ ഉയിർത്തെഴുന്നേൽപ്പിനെ ചെറുക്കാൻ സവർണ്ണരുടേതായ പരിഷ്കൃതമായ ജാതി മേധാവിത്വ സംഘടനകൾ നേരത്തേതന്നെ വളർന്നു വരാൻ തുടങ്ങിയിരുന്നു.

നവോത്ഥാനകാലത്ത്‌ വ്യക്തി ജീവിതത്തിന്റെ വിലാപങ്ങളിലേക്ക്‌ പിന്മാറിപ്പോയ മത-ജാതി സ്വാധീനങ്ങളെ ഭരണകൂടാധികാരത്തിന്റെ വേദികളിലേക്ക്‌ സംഘടിത മാക്കിക്കൊണ്ടു വന്നത്‌ വിമോചന സമര നേതാക്കന്മാരായിരുന്ന ഗാന്ധിശിഷ്യന്മാരായിരുന്നു.. ഇപ്പൊൾ ഇവർ പുത്തൻ സമ്പത്തിക നയത്തിന്റെയും,സാമ്രാജ്യത്വ ശക്തികളുടേയും ഒത്താശയോടെ സവർണ്ണ മുദ്രയുള്ള രാഷ്ട്രീയ-സാംസ്കാരിക-സൈനീക ഹിന്ദുസംഘടനകളായി രംഗത്തു വരുന്നു.

ബ്രാഹ്മണ മനു വാദികൾ,രൺ വീർസ്സേന,ലോറിക്ക്‌ സേന,ഭൂസേന,മനുസേന......എന്നിങ്ങനെ.1995ൽമാത്രം ഇവരാൽ കൊല്ലപ്പെട്ട ദളിദരുടെ എണ്ണം2000 ആണ്.

പറഞ്ഞു വരുന്നത്‌ അല്ലെങ്കിൽ പറയാൻ ശ്രമിക്കുന്നത്‌,

ഇന്ത്യയിൽ ചരിത്ര പരമായി സംവരണം അനുഭവിച്ചു വന്ന ഒരു വിഭാഗമാണ് സവർണ്ണർ.

അടിച്ചമർത്തപ്പെട്ട എതിർ വിഭാഗം സവരണം ആവശ്യപ്പെടുന്നത്‌ 1957ന്ന് ശേഷമാണ്.

കേരളത്തിൽ ആവശ്യം ശക്തിപ്പെട്ടത്‌ കേരളാസംസ്ഥാനത്തിന്റെ രൂപീകരണത്തോടെയാണ്.

സമൂഹത്തിന്റെ സമസ്ത മേഖലകളിലും എതിർപ്പുകൂടാതെ ആധിപത്യം പുലർത്തിപ്പോന്ന സവർണ്ണ വിഭാഗത്തോട്‌ സ്വന്തം ജീവൻ നിലനിർത്താൻ യാചിക്കോണ്ടി വന്നിട്ടുണ്ട്‌ എന്ന് ഓർക്കുന്നത്‌ നന്ന് .

ഒരു പ്രത്യേക വിഭാഗം സമൂഹത്തിന്റെ മേലേക്കിടയിലെത്തിയതും,മറ്റോരു വിഭാഗം സമൂഹത്തിലെ താഴ്‌ന്നവനാകുന്നതും നൂറ്റാണ്ടുകളായി ഇവിടെ നടപ്പിലാക്കിയ ജാതി സംമ്പ്രദായം മൂലമാണ്.

ഭൂമിയടക്കമുള്ള പ്രകൃതി വിഭവങ്ങളിലെ തുല്യതക്കും ജാതി വിവേചനംകൊണ്ട്‌ പ്രാന്ത വൽക്കരിക്കപ്പെട്ടു പോയവരോടും,ജാതിയുടെ പേരിൽ അവരിൽ നിന്നും തട്ടിയെടുക്കപ്പെട്ട അവരുടെ സർവ്വസ്വവും തിരിച്ചേൽപ്പിക്കുക എന്നത്‌ ആധുനിക ജനാധിപത്യ ബോധത്തിലെ മാന്യതയാണ്.

അല്ലാതെ ഏതോഗ്രന്ഥത്തിൽ ദൈവം ഇങ്ങിനൊയെക്കെ പറഞ്ഞുവെച്ചിട്ടുണ്ട്‌ അതനുസരിച്ചു നടന്നു കൊള്ളണം എന്ന് പറഞ്ഞു അനുസരിപ്പിക്കാൻ കുറുവടികൾക്കോ,തെറികൾക്കോകഴ്യില്ല.

അതു തിരിച്ചറിച്ചറിഞ്ഞത്‌ കൊണ്ടാണ് അവർക്ക്‌ അവകാശപ്പെട്ടത്‌ തിരിച്ചു കൊടുക്കുന്നത്‌ വരെ ഇവർക്ക്‌ പ്രത്യേക സംവരണം നൽകാൻ ജനാധിപത്യ ഭരണ കൂടം നിർബന്ധിതമായത്‌.

അതു പിടിച്ചു വാങ്ങുന്നത്‌ പിന്നോക്കക്കാരന്റെ ജന്മാവകാശവും ആകുന്നത്‌.

ജാതി ചോദിക്കരുത്‌ പറയരുത്‌ ചിന്തിക്കരുത്‌ എന്ന് ശ്രീനാരായണ ഗുരു പറഞ്ഞത്‌ ജാതിമൂലം പീഡനം അനുഭവിക്കുന്നവരോടല്ല.

മറിച്ച്‌ ജാതിയുടെ പേരിൽ പീഡനം നടത്തുന്നവരോടാണ്.

അതുകോണ്ടാണ് ജാതി തകർക്കണമെന്ന ലക്ഷ്യത്തോടെ ജാതി ചോദിക്കണം;പറയണം;ചിന്തിക്കണം എന്ന് ഗുരുവിന്റെ പ്രിയ ശിഷ്യനായ സഹോദരൻ അയ്യപ്പൻ 1945 ഡിസംബർ 27ന്ന് കൊച്ചിയിൽ വെച്ച്‌ നടന്ന അവകാശ പ്രഖ്യാപനദിനത്തിൽ പ്രഖ്യാപനം നടത്തിയത്‌.

അവകാശപ്പെട്ടത്‌ പിടിച്ചുവാങ്ങാൻ ശ്രമിക്കുമ്പോൾ അതിന്ന് വേണ്ടി പടണി ചേരുമ്പോൾ എതിർപ്പ്‌ ശക്തമാവുമെന്ന് കഴിജ്ഞകാല അനുഭവം പഠിപ്പിക്കുന്നുണ്ട്‌.അതുകൊണ്ട്‌ തന്നെ പാളിച്ചകൾതിരുത്തി അവശിഷ്ട ജാതി-ജന്മിത്വത്തിന്നും ,സാമ്രാജ്യത്വത്തിന്നുമെതിരെ,മറ്റ്‌ അദ്ധ്വാനിക്കുന്നവിഭാഗത്തേക്കുടി ഉൾപ്പെടുത്തി ജാതി മണ്ഡലത്തിലെ സവിഷേപ്രാധാന്യം തിരിച്ചറിഞ്ഞ്‌ ജനാധിപത്യ പോരാട്ടത്തിന്ന് നേതൃത്വം കൊടുക്കാൻ പുരോഗമന പ്രസ്ഥാനങ്ങൾമുന്നോട്ട്‌ വരുമെന്ന് പ്രത്യാശിക്കുന്നു.