2009, ജൂൺ 12, വെള്ളിയാഴ്‌ച

ഇതാ ഒരു ദളിതനും കൂടി ജാതിവാദിയാവുന്നു

ഇന്ത്യയിൽ ഓരോ ദിവസവും 2 ദളിതർ കൊലചെയ്യപ്പെടുന്നു .

ഓരോ ദിവസവും 6 ദളിത്‌ കുടിലുകൾ ചുട്ടെരിക്കപ്പെടുന്നു.

ഓരോ മണിക്കൂറിലും 3 ദളിത്‌ സ്ത്രീകൾ കയ്യേറ്റം ചെയ്യപ്പെടുന്നു.

ഓരോ ദിവസവും 4 ദളിത്‌ സ്ത്രീകൾ ബലാൽസംഘത്തിന്നിരയാകുന്നു. നമ്മുടെ സ്വതന്ത്ര ഭാരതത്തിൽ 08 ജൂൺ16 ന്ന് നടന്ന ഒരു സംഭവം:

ഒരു ദളിതയുവാവിനെ നഗ്നനാക്കി മരത്തിൽ കെട്ടിയിട്ട്‌ ബോധം നഷ്ടപ്പെടുന്നതുവരെ ചാട്ടവാറുകൊണ്ട്‌ അടിച്ചു അവശനാക്കി.

കാരണം;

മഹാരാഷ്ട്രയിൽ സവർണ്ണ വീട്ടിലെ ഒരാൾ മരിച്ചാൽ വിവരം ബന്ധുക്കളെ അറിയിക്കേണ്ടത്‌ കുടുംബത്തിന്റെ അടിമയായ ദളിതന്റെ കടമയാണ്.

മരണവാർത്ത അറിയിച്ചെത്തുന്ന ദളിതന്ന് സവർണ്ണ ബന്ധു"ഭക്കാരി" എന്ന പലഹാരത്തിന്റെ നാലിലൊരംശം നൽകണം.

"ഭക്കാരി"ദളിതന്റെ കയ്യിലേക്ക്‌ എറിഞ്ഞുകൊടുക്കുന്നതിന്ന് മുൻപ്‌ സവർണ്ണ ബന്ധു അതിൽ തുപ്പണം.

മരണവാർത്ത അറിയിച്ചതിന്റെ പേരിലാണ് തുപ്പൽ.

അവിടെ വെച്ചുതന്നെ ദളിതർ പലഹാരം തിന്നണം.

അങ്ങിനെ നൽകിയ "ഭക്കാരി" തിന്നാൻ വൈമനസ്യം കാണിച്ചതിന്നാണ് യുവാവിന്ന് മർദ്ദനമേൽക്കേണ്ടി വന്നത്‌.

ഇന്ത്യയുടെ ഏതു സംസ്ഥാനത്തും സമാനമായ ജാത്യാചാരങ്ങളും അനുഷ്ടാനങ്ങളും തീണ്ടലുകളും,അയിത്താചരണവും ദളിത്‌ -പിന്നോക്ക വിഭാഗങ്ങൾ ഇന്നും തീഷ്ണമായി അനുഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്‌.

സിനിമാ തിയറ്ററിൽ ദളിതൻ ഫസ്റ്റ്‌ ക്ലാസ്സിൽ ഇരുന്നതിന്റെ പേരിൽ കലാപ മുണ്ടാക്കിയവരുടെ നാട്‌.

മഴകൊള്ളാതിരിക്കാൻ ഹനുമാൻ കോവിലിന്റെ ഇറയത്ത്‌ കയറി നിന്ന പോലീസു കാരൻ ദളിതനായതിന്റെ പേരിൽ തല്ലിക്കൊന്നവരുടെ നാട്‌,

സവർണ്ണ ന്ന് ബീഡി കടം കൊടുക്കാത്തതിന്റെ പേരിൽ കടയുടമയായ ദളിതനെ മൂക്ക്‌ കയറിട്ട്‌ തെരുവിലൂടെ നടത്തിച്ചവരുടെ നാട്‌,

ദളിതനായ മുമ്പത്തെ ജഡ്ജിയുടെ കോടതിമുറി ഗംഗാജലം കൊണ്ട്‌ ശുദ്ധികലശം നടത്തി ചാർജ്ജെടുത്ത സവർണ്ണനായ ജഡ്ജിമാരുടെ നാട്‌.....

ഇത്‌ ഇനിയും നീട്ടി വായനാസുഖം നഷ്ടപ്പെടുത്തുന്നില്ല.

കേരളത്തിലെ ദളിത്‌ മർദ്ദനങ്ങളെ ക്കുറിച്ചു എന്റെ പഴയ പോസ്റ്റുകളീൾ വിശദീകരിച്ചതുകൊണ്ട്‌ ആവർത്തിക്കുന്നില്ല.

ഇനി ചില പഴങ്കഥകളിലേക്കും ചരിത്രത്തിലേക്കും ചെറുതായി ഒന്നെത്തി നോക്കാം.

പുലയരെ കന്നുകാലികളെപ്പോലെ വിൽക്കുകയും കൊല്ലുകയും ചെയ്തിരുന്നു .[അങ്ങിനെ കൊല്ലപ്പെട്ടവന്റെ മകന്റെ മകനാണ് ഞാൻ]പുലയനോ പറയനോ നായരെ തൊട്ടാൽ അവരെ നായർ കൊല്ലുന്നില്ലാ എങ്കിൽ നായരെ നാടുവാഴി കൊല്ലണം.എന്നായിരുന്നു.

അവർണ്ണരുടെ തലയെണ്ണി "തലപ്പിരിവും ഈഴവസ്ത്രീകളുടെ മുലയെണ്ണി മുലപ്പിരിവും കൊടുക്കണമായിരുന്നു.മുണ്ട്‌ താഴ്ത്തി ഉടുക്കാൻ അവകാശമില്ല.പുതു വസ്ത്രം ധരിക്കാൻ പാടില്ല.അഥവാ ഉടുക്കുകയാണെങ്കിൽ കരിയിൽ മുക്കി കരിഞ്ചീലയാക്കി ഉടുക്കണം.

തട്ടാരപ്പാട്ടം,വണ്ണാരപ്പാറ തുടങ്ങിയ നികുതികൾ ഈടാക്കിയിരുന്നിരുന്നു.ദളിതരുടെ പെണ്ണുങ്ങൾ പ്രസവിക്കാറില്ല 'കുരങ്ങിടുക' യാണ് പതിവ്‌ .

ശിക്ഷാ വിധിയിൽ ചിത്രവധം [മുട്ടിലൂടെ കമ്പിപ്പാര അടിച്ചു കയറ്റി മരത്തിൽ തലകീഴായി കെട്ടിത്തുക്കി ഇഞ്ചിഞ്ചായി കൊല്ലുന്നരീതി]നടപ്പിലാക്കിയിരുന്നു.

ദളിദർ മണ്ണിൽ പണിയെടുക്കുന്നവരും വഴിനടക്കാൻ അനുവദിക്കാത്തവരും അടിമയു മായിരുന്ന,സംഘടനയെയും മനുഷ്യാവകാശത്തെയും സംബന്ധിച്ച അവബോധം പൊതു സമൂഹത്തിൽ ഒട്ടും വേരോടാതിരിക്കുകയും ചെയ്ത കാലത്താണ്.മഹാനായ അയ്യങ്കാളിയുടെ നേതൃത്വത്തിൽ അതസ്ഥിതരുടെ പ്രക്ഷോഭം ആരംഭിക്കുന്നത്‌.

അടിമകളേപ്പോലെ പണിയെടുക്കാൻ തയ്യാറെല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട്‌ മണ്ണിന്റെ മക്കൾ ആരംഭിച്ച സമരം ജന്മിമാരായ സവർണ്ണ മേധാവികളെ അക്ഷരാർത്ഥത്തിൽ വിറളിപിടിപ്പിച്ചു, പ്രകോപിതരാക്കി തമ്പുരാക്കന്മാർ അതിക്രൂരമായ മർദ്ദനങ്ങളും അതിക്രമങ്ങളും അഴിച്ചു വിട്ടൂ.

പ്രക്ഷോഭത്തെ നേരിടാൻ കുത്സിതമായ എല്ലാമാർഗ്ഗങ്ങളും ഉപയോഗിച്ചു,സ്കൂൾ പ്രവേശനം അനുവദിക്കുക.അധസ്ഥിതരെ അടിമകളായി കാണുന്ന സമ്പ്രദായം അവസാനിപ്പിക്കുക.സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുക.എന്ന് തുടങ്ങി ഒട്ടേറെ ആവശ്യങ്ങൾ പ്രക്ഷോഭകാരികൾ മുന്നോട്ട്‌ വെച്ചു.

കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ പാടത്ത്‌ പണിയെടുക്കില്ലെന്ന അയ്യങ്കാളിയുടെ പ്രഖ്യാപനത്തോടെ സവർണ്ണർ കൂടുതൽ പ്രകോപിതരായി.

അന്നുവരെ മെയ്യനങ്ങാതെ അടിയാളരുടെ അദ്ധ്വാനംകൊണ്ട്‌ വയറും പത്തായവും നിറച്ച ജന്മികൾ ഗത്യന്തരമില്ലാതെ കൃഷിപ്പണിക്കിറങ്ങി

"ഒരു പുലയി ഒരു ദിവസം കൊണ്ട്‌ ചെയ്തുതീർത്തിരുന്ന ജോലി ആറു നായന്മാർ ഒരു ദിവസം കൊണ്ട്‌ വളരെ ബുദ്ധിമുട്ടി ചെയ്യേണ്ടതായി വന്നു ചെളിയിലും വെള്ളത്തിലും പണി ചെയ്തതിനാൽ അവർക്ക്‌ രോഗം പിടിപെട്ടു."

ഒടുവിൽ സഞ്ചാരസ്വാതന്ത്ര്യം,സ്കൂൾ പ്രവേശനം, പണിസ്ഥലത്തെ അവകാശങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ അനുഭാവ പൂർണ്ണമായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് കൃഷിയിടങ്ങളിൽ പണിയാളർ ജോലിക്കിറങ്ങിയത്‌.

അടിമത്വത്തിൽ നിന്നുള്ള അധസ്ഥിതരുടെ മോചനത്തിന്ന് യഥാർത്ഥ പരിഹാരം ഭുമിയിന്മേലുള്ള ഉടമാവകാശമാണെന്ന് തിരിച്ചറിവായിരുന്നു ദളിതർക്ക്‌ നാമമാത്രമെങ്കിലും ഭുമി പതിച്ചു കൊടുക്കുന്നതിന്ന് ശ്രമം ആരംഭിക്കുന്നത്‌.

ഇങ്ങനെ ലഭിച്ച ഭൂമിപോലും സവർണ്ണരും കൃസ്ത്യൻ പ്രമാണിമാരും തട്ടിപ്പറിച്ചു.അതു തിരിച്ചു പിടിക്കാൻ നടത്തിയ പ്രക്ഷോഭത്തെയാണ് 'എണ്ണൂറാംവയൽ ലഹള എന്നുവിളിക്കുന്നത്‌മുലമറക്കാൻ മുട്ടിന്ന് താഴോട്ട്‌ മുണ്ടുടുക്കാൻ വരെ കേരളീയ ഗ്രാമത്തിലെ മുക്കിലും മൂലയിലും ജാതിത്തല്ലുകൾ നടത്തേണ്ടി വന്നിട്ടുണ്ട്‌.

അവസര സമത്വം മേൽജാതിക്കാരുടെ ഔദാര്യമല്ലെന്നും പോരാടി പിടിച്ചെടുക്കേണ്ടതാണെന്ന് മുള്ള തിരിച്ചറിവായിരുന്നു അയ്യങ്കാളിപ്പടയുടെയും,സാധുജന പരിപാലനസംഘത്തിന്റെയും രൂപീകരണം.

ഇതടക്കമുള്ള നവോത്ഥാന മുന്നേറ്റത്തിന്റെ പൊതു ചരിത്രത്തിൽ കേരളത്തെ വ്യത്യസ്ഥമാക്കുന്നത്‌ കേരളത്തിൽ നടന്ന സാമൂഹ്യ നവോത്ഥാന പ്രക്രിയയുടെ സവിശേഷതയാണ്.

ഇന്ത്യയിലെ മറ്റ്‌ എല്ലാ പ്രദേശങ്ങളെയും കാൾ ജാതിവ്യവസ്ഥയും ജന്മിമേധാവിത്വവും അതി കഠിനമായിരിക്കുകയും സവർണ്ണജന്മിത്വം ഭ്രാന്താലയമാക്കുകയും ചെയ്തിരുന്ന കേരളത്തെ കിരാത വ്യവസ്ഥയിൽനിന്ന് കൈ പിടിച്ചുയർത്തുന്നതിൽ സമാനതകളില്ലാതെ നടത്തിയ ഉജ്ജ്വലങ്ങളായ സമരങ്ങളുടെ നായകനായിരുന്നു അയ്യങ്കാളി.ശ്രീ നാരയണ പ്രസ്ഥാനത്തോടൊപ്പം ഒരു നൂറ്റാണ്ട്‌ കേരളത്തിന്റെ സാമൂഹ്യഘടനയെ അക്ഷരാർത്ഥത്തിൽ ഉഴുതു മറിച്ചു.

ഇപ്രകാരം സജ്ജമാക്കിയ ചരിത്ര പശ്ചാത്തലത്തിൽ നിന്നാണ് ഇന്ത്യയിൽ ഒരു സ്ഥലത്തും ഉണ്ടാകാത്തവിധം മർദ്ദിത ജനതകളെ കൂട്ടിയിണക്കി ജന്മിത്വത്തിന്നും സാമ്രാജ്യത്വത്തിന്നും എതിരായി മുന്നോട്ട്‌ പോകാൻ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്ന് കഴിഞ്ഞത്‌.

അതിന്റെ ഭാഗമാണ്,അതിന്റെ ഫലമാണ് 1957 ലെ കമ്യൂണിസ്റ്റ്‌ മന്ത്രി സഭ.ഭൂമിക്കും,സാമൂഹ്യ സമത്വത്തിന്നും വിദ്യാഭ്യാസത്തിന്നും,ആരോഗ്യമേഘലയിലുമൊക്കെ മർദ്ദിതരുടെ ആവശ്യവുമായി ബന്ധപ്പെട്ട ചില പരിഷ്കരണങ്ങൾക്ക്‌ ഗവർമ്മെന്റ്‌ മുന്നോട്ട്‌ വന്നെങ്കിലും ജാതി-മത-ജന്മിത്വ പിന്തിരിപ്പൻ ശക്തികളുടെ ഇടപെടലുകളും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ തന്നെ വ്യതിചലനവും ഇക്കാര്യത്തിലുള്ള തുടർ നടപടിക്കോ,ജനകീയ ജനാതിപത്യ മുന്നേറ്റത്തിന്റെ രാഷ്ട്രീയ ദൗത്യമേറ്റേടുക്കാനോ കഴ്യാതെ പോയി.

പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ വ്യതിയാനവുമായി ബന്ധപ്പെട്ട സാഹചര്യം മുതലെടുത്ത്‌ പ്രതിലോമത ശക്തി പ്രാപിച്ചു.

സാമ്രാജ്യത്വ ആഗോളീകരണവും അതിന്റെ ഭാഗമായി ഭരണ വർഗ്ഗങ്ങൾ ക്ഷേമരാഷ്ട്ര സങ്കൽപ്പങ്ങളും നയങ്ങളും കയ്യൊഴിഞ്ഞതും സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കി.

പുത്തൻ സാമ്പത്തിക നയത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഘടനാക്രമീകരണങ്ങളിൽ സാമൂഹ്യഘടനയിൽ ആരംഭിച്ച പൊളിച്ചെഴുത്ത്‌ ദരിദ്രവൽക്കരണത്തിന്ന് ആക്കംകൂട്ടി.

മനുഷ്യ വർഗ്ഗത്തിന്റെ തന്നെ നില നിൽപ്പിന്ന് ആധാരമായ കാർഷിക മേഖലയുടെ തകർച്ചയെത്വരിതപ്പെടുത്തി.

ചെറുകിട്‌-ഇടത്തരം കർഷകൻ കാർഷിക വൃത്തി ഉപേക്ഷിക്കുന്നു.ഓരോ 33 മിനിറ്റിലും ഒരു കർഷകൻ ആത്മഹത്യ ചെയ്യുന്ന അവസ്ഥ.

പാട്ടകൃഷിയുടെ തിരിച്ചുവരവ്‌ .

കൃഷിഭൂമി മണ്ണിൽ പണിയെടുക്കുന്നവന്ന് എന്ന മുദ്രാവാക്യം കുടികിടക്കാൻ ഒരിടം എന്നായി മാറി

കുടികിടപ്പവകാശം നിയമപരമാക്കിയവർ കുടിയിറക്കാനുള്ള അവകാശത്തിന്ന് നിയമം കൊണ്ടുവന്നു.

ആധിവാസികളിൽ നിന്നും തട്ടിയെടുത്തഭൂമി തിരിച്ചു പിടിക്കാൻ നിയമ മുണ്ടായിട്ടും അതു പിടിച്ചെടുക്കുന്നതുന്ന് പകരം ഭൂമി ആധിവാസികൾക്ക്‌ കൊടുക്കാതിരിക്കാൻ നിയമമുണ്ടാക്കുന്നു.

വിദ്യാഭ്യാസം ദളിത്‌-പിന്നോക്ക വിഭാഗങ്ങൾക്ക്‌ നിഷേധിച്ചുകൊണ്ട്‌ മത മേധാവികൾക്ക്‌ പതിച്ചു നൽകുന്നു.

സാമൂഹ്യ സമത്വത്തിന്റെ ആദ്യപടിയായി നിലനിൽക്കുന്ന സർക്കാർ വിദ്യാഭ്യാസ കേന്ദ്രങ്ങൾ,പൊതു മേഖലാവ്യവസായങ്ങൾ സേവന മേഖലകൾ,ബാങ്ക്‌ ഇൻഷൂറൻസ്‌ മേഖലകൾ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത സർക്കാർ സംവിധാനങ്ങൾ തകർത്ത്‌ സ്വകാര്യമേഖലയേ ഏൽപിക്കുക വഴി സാമൂഹ്യ പരിഷ്കർത്താക്കളും,രക്തസാക്ഷികളും ദീർഗ്ഘ ദർശ്ശനം ചെയ്ത സാമൂഹ്യ സമത്വം എന്ന സഘൽപ്പത്തെ അപ്രസക്തമാക്കി.

സാർവ്വത്രികവും സൗജന്യവുമായ വിദ്യാഭ്യാസവും ,സൗജന്യമായ ആരോഗ്യ സേവനവും ,സ്റ്റാറ്റൂട്ടരി റേഷൻ സംവിധാനവും ആണ് ഗൾഫ്‌ മണിയോർഡർ ഇല്ലാത്ത ഘട്ടത്തിലും അമേരിക്കയേപ്പോലും അമ്പരപ്പിക്കുന്ന രീതിയിൽ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ.

ഇതിന്റെ ആകത്തുകയേ ആണ് കേരളാ മോഡൽ എന്ന് നാം അഭിമാനികൊള്ളുന്നത്‌.

കേരളാ മോഡൽ റദ്ദാക്കപ്പെട്ടതോടെ പട്ടിണിയും പകർച്ചവ്യാധിയും തിരിച്ചു വന്നു.

കോളറയും വസൂരിയും തിരിച്ചുവരുന്നു.

ദളീത്‌ പിന്നോക്ക വിഭാഗങ്ങൾ നൂറ്റാണ്ടുകളായുള്ള പോരാട്ടത്തിലൂടെ നേടിയെടുത്ത നേട്ടങ്ങൾ ഇല്ലായ്മ ചെയ്യപ്പെടുന്നു.

ഫലമോ യാചകസമാനമായി ഭൂമിയും വിദ്യാഭ്യാസ അവകാശങ്ങളും നഷ്ടപ്പെട്ട്‌ സാമൂഹ്യ സുരക്ഷയും നിഷേധിക്കപ്പെട്ടു.

എല്ലാറ്റിലുമുപരി ജാത്യാചാരങ്ങളും ജാതിചിന്തകളും പുതിയ രൂപങ്ങളിൽ പ്രതിഷ്ടിക്കപ്പെടുന്നു.യാഗം,വൃതം,ക്ഷേത്രനിർമ്മാണം,ബിംബപൂജ,തീർത്ഥാടനം,ആൾദൈവങ്ങൾ മതാന്ധത,മധ്യപാനാസക്തി ......എല്ലാം കൂടി കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാൻ ശ്രമിക്കുന്നു,

മറുഭാഗത്താവട്ടെ അവർണ്ണരുടെ സംഘടിതമായ ഉയിർത്തെഴുന്നേൽപ്പിനെ ചെറുക്കാൻ സവർണ്ണരുടേതായ പരിഷ്കൃതമായ ജാതി മേധാവിത്വ സംഘടനകൾ നേരത്തേതന്നെ വളർന്നു വരാൻ തുടങ്ങിയിരുന്നു.

നവോത്ഥാനകാലത്ത്‌ വ്യക്തി ജീവിതത്തിന്റെ വിലാപങ്ങളിലേക്ക്‌ പിന്മാറിപ്പോയ മത-ജാതി സ്വാധീനങ്ങളെ ഭരണകൂടാധികാരത്തിന്റെ വേദികളിലേക്ക്‌ സംഘടിത മാക്കിക്കൊണ്ടു വന്നത്‌ വിമോചന സമര നേതാക്കന്മാരായിരുന്ന ഗാന്ധിശിഷ്യന്മാരായിരുന്നു.. ഇപ്പൊൾ ഇവർ പുത്തൻ സമ്പത്തിക നയത്തിന്റെയും,സാമ്രാജ്യത്വ ശക്തികളുടേയും ഒത്താശയോടെ സവർണ്ണ മുദ്രയുള്ള രാഷ്ട്രീയ-സാംസ്കാരിക-സൈനീക ഹിന്ദുസംഘടനകളായി രംഗത്തു വരുന്നു.

ബ്രാഹ്മണ മനു വാദികൾ,രൺ വീർസ്സേന,ലോറിക്ക്‌ സേന,ഭൂസേന,മനുസേന......എന്നിങ്ങനെ.1995ൽമാത്രം ഇവരാൽ കൊല്ലപ്പെട്ട ദളിദരുടെ എണ്ണം2000 ആണ്.

പറഞ്ഞു വരുന്നത്‌ അല്ലെങ്കിൽ പറയാൻ ശ്രമിക്കുന്നത്‌,

ഇന്ത്യയിൽ ചരിത്ര പരമായി സംവരണം അനുഭവിച്ചു വന്ന ഒരു വിഭാഗമാണ് സവർണ്ണർ.

അടിച്ചമർത്തപ്പെട്ട എതിർ വിഭാഗം സവരണം ആവശ്യപ്പെടുന്നത്‌ 1957ന്ന് ശേഷമാണ്.

കേരളത്തിൽ ആവശ്യം ശക്തിപ്പെട്ടത്‌ കേരളാസംസ്ഥാനത്തിന്റെ രൂപീകരണത്തോടെയാണ്.

സമൂഹത്തിന്റെ സമസ്ത മേഖലകളിലും എതിർപ്പുകൂടാതെ ആധിപത്യം പുലർത്തിപ്പോന്ന സവർണ്ണ വിഭാഗത്തോട്‌ സ്വന്തം ജീവൻ നിലനിർത്താൻ യാചിക്കോണ്ടി വന്നിട്ടുണ്ട്‌ എന്ന് ഓർക്കുന്നത്‌ നന്ന് .

ഒരു പ്രത്യേക വിഭാഗം സമൂഹത്തിന്റെ മേലേക്കിടയിലെത്തിയതും,മറ്റോരു വിഭാഗം സമൂഹത്തിലെ താഴ്‌ന്നവനാകുന്നതും നൂറ്റാണ്ടുകളായി ഇവിടെ നടപ്പിലാക്കിയ ജാതി സംമ്പ്രദായം മൂലമാണ്.

ഭൂമിയടക്കമുള്ള പ്രകൃതി വിഭവങ്ങളിലെ തുല്യതക്കും ജാതി വിവേചനംകൊണ്ട്‌ പ്രാന്ത വൽക്കരിക്കപ്പെട്ടു പോയവരോടും,ജാതിയുടെ പേരിൽ അവരിൽ നിന്നും തട്ടിയെടുക്കപ്പെട്ട അവരുടെ സർവ്വസ്വവും തിരിച്ചേൽപ്പിക്കുക എന്നത്‌ ആധുനിക ജനാധിപത്യ ബോധത്തിലെ മാന്യതയാണ്.

അല്ലാതെ ഏതോഗ്രന്ഥത്തിൽ ദൈവം ഇങ്ങിനൊയെക്കെ പറഞ്ഞുവെച്ചിട്ടുണ്ട്‌ അതനുസരിച്ചു നടന്നു കൊള്ളണം എന്ന് പറഞ്ഞു അനുസരിപ്പിക്കാൻ കുറുവടികൾക്കോ,തെറികൾക്കോകഴ്യില്ല.

അതു തിരിച്ചറിച്ചറിഞ്ഞത്‌ കൊണ്ടാണ് അവർക്ക്‌ അവകാശപ്പെട്ടത്‌ തിരിച്ചു കൊടുക്കുന്നത്‌ വരെ ഇവർക്ക്‌ പ്രത്യേക സംവരണം നൽകാൻ ജനാധിപത്യ ഭരണ കൂടം നിർബന്ധിതമായത്‌.

അതു പിടിച്ചു വാങ്ങുന്നത്‌ പിന്നോക്കക്കാരന്റെ ജന്മാവകാശവും ആകുന്നത്‌.

ജാതി ചോദിക്കരുത്‌ പറയരുത്‌ ചിന്തിക്കരുത്‌ എന്ന് ശ്രീനാരായണ ഗുരു പറഞ്ഞത്‌ ജാതിമൂലം പീഡനം അനുഭവിക്കുന്നവരോടല്ല.

മറിച്ച്‌ ജാതിയുടെ പേരിൽ പീഡനം നടത്തുന്നവരോടാണ്.

അതുകോണ്ടാണ് ജാതി തകർക്കണമെന്ന ലക്ഷ്യത്തോടെ ജാതി ചോദിക്കണം;പറയണം;ചിന്തിക്കണം എന്ന് ഗുരുവിന്റെ പ്രിയ ശിഷ്യനായ സഹോദരൻ അയ്യപ്പൻ 1945 ഡിസംബർ 27ന്ന് കൊച്ചിയിൽ വെച്ച്‌ നടന്ന അവകാശ പ്രഖ്യാപനദിനത്തിൽ പ്രഖ്യാപനം നടത്തിയത്‌.

അവകാശപ്പെട്ടത്‌ പിടിച്ചുവാങ്ങാൻ ശ്രമിക്കുമ്പോൾ അതിന്ന് വേണ്ടി പടണി ചേരുമ്പോൾ എതിർപ്പ്‌ ശക്തമാവുമെന്ന് കഴിജ്ഞകാല അനുഭവം പഠിപ്പിക്കുന്നുണ്ട്‌.അതുകൊണ്ട്‌ തന്നെ പാളിച്ചകൾതിരുത്തി അവശിഷ്ട ജാതി-ജന്മിത്വത്തിന്നും ,സാമ്രാജ്യത്വത്തിന്നുമെതിരെ,മറ്റ്‌ അദ്ധ്വാനിക്കുന്നവിഭാഗത്തേക്കുടി ഉൾപ്പെടുത്തി ജാതി മണ്ഡലത്തിലെ സവിഷേപ്രാധാന്യം തിരിച്ചറിഞ്ഞ്‌ ജനാധിപത്യ പോരാട്ടത്തിന്ന് നേതൃത്വം കൊടുക്കാൻ പുരോഗമന പ്രസ്ഥാനങ്ങൾമുന്നോട്ട്‌ വരുമെന്ന് പ്രത്യാശിക്കുന്നു.

7 അഭിപ്രായങ്ങൾ:

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

ചിത്രകാരന്‍ മനുഷ്യനെ അന്വേഷിക്കുന്നവനായതിനാല്‍ ദളിതനെ കാണാറില്ല. ദളിതന്‍ എന്ന വാക്കിന്റെ ബിംബം പോലും നികൃഷ്ടമായ സവര്‍ണ്ണ പാരംബര്യത്തില്‍ അഭിമാനിക്കുന്ന വികൃതമനസ്സുകളിലാണ് മൂര്‍ത്തമായി നിലകൊള്ളുന്നത്.
സമൂഹത്തിന് ഒരാള്‍ പറയുന്നത് മനസ്സിലാകണമെന്ന് കരുതിയാണ് ആ ബിംബങ്ങളെ ചൂണ്ടി തന്റെ ദൈന്യത പീഡിതനായ ഒരു മനുഷ്യന് സമൂഹത്തോട് പറയേണ്ടിവരുന്നത്.അങ്ങിനെയാണ് താനൊരു ദളിതനാണെന്ന് പട്ടിക ജാതിക്കാര്‍ക്ക് പറയേണ്ടിവരുന്നത്.

സവര്‍ണ്ണന്റെ അഭിമാനം അരക്കിട്ടുറപ്പിക്കുന്ന, സവര്‍ണ്ണന്റെ ഭേദഭാവങ്ങളുടെ തന്നെ വകഭേദമായ അവര്‍ണ്ണ ബിബത്തേയും,ദളിത ബിംബത്തേയും ആദ്യം
തള്ളിപ്പറയണമെന്നാണ് ചിത്രകാരന്റെ മതം.

ചങ്കുറപ്പോടെ ബൌദ്ധന്‍, എന്നോ മനുഷ്യന്‍ എന്നോ പറഞ്ഞ് സവര്‍ണ്ണന്റെ തുപ്പലുള്ള ഭക്ഷണ വസ്തുവിനെ തള്ളിക്കളയണമെന്ന് ചിത്രകാരന്‍ മനുഷ്യ സ്നേഹത്തിന്റെ പേരില്‍ ആവശ്യപ്പെടുന്നു.

ബാക്കി കറണ്ട് കട്ടിനു ശേഷം.

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

ഭാരതത്തിന്റെ മഹത്തായ സംസ്ക്കാരത്തേയും,ആത്മീയമായ
ഔന്നിത്യത്തേയും ജീര്‍ണ്ണമായ മൂല്യച്യുതിയിലേക്കും,ക്രൂരമായ ചൂഷണത്തിലേക്കും,
കപടമായ മന്ത്രവാദ ആരാധനാരീതികളിലേക്കും ചവിട്ടിത്താഴ്ത്തിയ ബ്രാഹ്മണ്യ അധിനിവേശത്തിന്റെ കെടുതികള്‍ ചരിത്രപരമായി വിശകലനം ചെയ്തും തിരിച്ചറിഞ്ഞും സമൂഹത്തെ രക്ഷിക്കേണ്ട ബാധ്യത
ചിന്തിക്കുന്ന എല്ലാ മനുഷ്യര്‍ക്കുമുണ്ട്.
അതില്‍ സവര്‍ണ്ണനെന്നോ,അവര്‍ണ്ണനെന്നോ വിശേഷിപ്പിച്ച് സ്വയം മുദ്രകുത്തി മാറിനില്‍ക്കുന്നവര്‍ കുടിലബ്രാഹമണ്യത്തിന്റെ പാരംബര്യസൂക്ഷിപ്പുകാര്‍ മാത്രമായിരിക്കും.

അനില്‍@ബ്ലോഗ് // anil പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുക എന്ന സാമ്രാജ്യത്വ അജണ്ട തന്നെയാണ് അറിഞ്ഞോ അറിയാതെയോ ഇവിടെയും നടപ്പാക്കപ്പെടുന്നത്. വളര്‍ത്തിയെടുക്കേണ്ടത് ചെറുത്തുനില്‍പ്പാണ്.

കേരളത്തിലെ നിലവിലുള്ള സ്ഥിതിയും മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതിയും തമ്മിലുള്ള ഒരു താരതമ്യം കൂടി ഈ അവസരത്തില്‍ ആവശ്യമായി വരുന്നുണ്ട്. ഉദ്ധരിച്ച ചെറു ഉദാഹരണങ്ങളില്‍ ഒതുക്കാതെ ഒരു ബ്ലോഗ് തന്നെ അതിനായി ഉപയോഗപ്പെടുത്തണം എന്നാണ് എന്റെ അഭിപ്രായം.

kadathanadan:കടത്തനാടൻ പറഞ്ഞു...

സംസാരിക്കുന്ന പണിയായുധങ്ങൾ എന്ന് നിങ്ങൾ വിളിക്കുന്ന ഞങ്ങൾ അടിമകൾ പ്രഖ്യാപിക്കുന്നു:-നിങ്ങളുടെ ചാട്ട വാറിന്റെ സംഗീതം ഇനി കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.നിങ്ങളൂടെ അന്ത്യം അടുത്ത്‌ എന്ന് അവരോട്‌ പറയൂ......എണ്ണത്തിൽ ഞങ്ങളാണ് കൂടുതൽ ,നിങ്ങളേക്കാൾ കരുത്തും ഞങ്ങൾക്കുണ്ട്‌, നിങ്ങളേക്കാൾ നല്ലവരുമാണ് ഞങ്ങൾ. നിങ്ങൾ ലോകത്തെ വൃത്തികേടുകളുടെ കൂമ്പാരമാക്കി.നിങ്ങൾ മനുഷ്യരെ മൃഗങ്ങളാക്കി മാറ്റി. കൊലപാതകം വിനോദ മാക്കി മാറ്റി.അദ്ധ്വാനത്തെ അപഹാസ്യമാക്കി.ഇനി അതു നടപ്പില്ല.നിങ്ങളുടെ റോം ഞങ്ങൾ നശിപ്പിക്കും.നിങ്ങളുടെ സെനറ്റ്‌ ഞങ്ങൾ തകർക്കും.നിങ്ങളുടെ സെനറ്റർ മാരെ വലിച്ചിഴച്ച്‌ താഴെ ഇറക്കി അവരെ നഗ്നരാക്കി നിർത്തി വിചാരണ ചെയ്യും.നിങ്ങൾ കുപ്പത്തൊട്ടിയാക്കിയ ലോകം ഞങ്ങൾ അടിച്ചു വാരി വൃത്തിയാക്കും.അതിന്ന് ശേഷം മനോഹരമായ മറ്റോരു ലോകം നിർമ്മിക്കും.അവിടെ മതിൽ കെട്ടുകളുണ്ടാവില്ല.അസമത്വങ്ങൾ ഉണ്ടായിരിക്കില്ല..പ്രഭുക്കളും യജമാനന്മാരും ഉണ്ടായിരിക്കില്ല .അടിമകളും ഉണ്ടായിരിക്കില്ല.സുഖവും ശാന്തിയും കളിയാടുന്ന ഒരു പുതിയ ലോകം ഞങ്ങൾ സൃഷ്ടിക്കും.ലോകത്തെങ്ങുമുള്ള സകല അടിമകളോടും ഞങ്ങൾ പറയുന്നു.ചങ്ങല പൊട്ടിച്ചെറിഞ്ഞ്‌ ഞങ്ങളോടോപ്പം ചേരുക ഞങ്ങളോടൊപ്പംചേരുക.......

kadathanadan:കടത്തനാടൻ പറഞ്ഞു...

ബഹുമാന്യ ചിത്രകാരൻ, അനിൽ@ബ്ലോഗ്‌ നിങ്ങളുടെ നിർദ്ദേശങ്ങളും വിമർശ്ശനങ്ങളും അക്ഷരാർത്ഥത്തിൽ അംഗീകരിക്കുന്നു.ഈ പോസ്റ്റ്‌ വേണ്ടത്ര ഗൗരവത്തിലായില്ല എന്ന് അംഗീകരിക്കുന്നു.വളരെ ഗൗരവത്തോടെ ബ്ലോഗിന്റെ പരിമിധിക്കകത്ത്‌ നിന്ന് ചാർവ്വാകന്റെ പോസ്റ്റിൽ ഒരു വിശാല ചർച്ച നടത്താമെന്ന് കരുതികാത്തിരുന്നു. അതിൽ ഇടപെടാൻ കഴിയാത്ത വിധം കുളമാക്കി.ഇത്‌ പ്രശ്നപരിസരത്തിലേക്ക്‌ ശ്രദ്ധ ക്ഷണിക്കുന്നതിന്ന് ഒരു വഴി ഒരുക്കുകയായിരുന്നു.ഇതും അലങ്കോലപ്പെടുമോ എന്നറിയില്ല.ഇപ്പോൾ നമ്മുടെ ജയശീലന്റെ കവിതയിലെ വളരെ മനോഹരമായ ചില വരികൾ ശ്രദ്ധയിൽ പെടുത്തി തൽക്കാലം നിർത്തട്ടെ നന്ദി,,....വിശ്വാസം വെളിക്ക്കാട്ടിനടക്കുന്നത്‌ ശിശ്നം വെളിക്ക്കാട്ടിനടക്കുന്നത്‌ പോലെയാണെന്ന് ആരോപറഞ്ഞിട്ടുണ്ട്‌ .എനിക്കറിയാം നിങ്ങൾക്ക്‌ ശിശ്നമുണ്ടെന്ന് പക്ഷെ എനിക്കത്‌ കാണേണ്ട....

Baiju Elikkattoor പറഞ്ഞു...

"ചങ്കുറപ്പോടെ ബൌദ്ധന്‍, എന്നോ മനുഷ്യന്‍ എന്നോ പറഞ്ഞ് സവര്‍ണ്ണന്റെ തുപ്പലുള്ള ഭക്ഷണ വസ്തുവിനെ തള്ളിക്കളയണമെന്ന് ചിത്രകാരന്‍ മനുഷ്യ സ്നേഹത്തിന്റെ പേരില്‍ ആവശ്യപ്പെടുന്നു."

:)