2013, ഓഗസ്റ്റ് 23, വെള്ളിയാഴ്‌ച

ഇനി നാം സൈനികത്താവളങ്ങളും ഒരുക്കികൊടുക്കേണ്ടതുണ്ടോ?


അമേരിക്കൻ ദേശീയ സുരക്ഷാ ഏജൻസി (എൻ എസ്സ്‌ എ)
ആഗോള ഐ ടി കുത്തകകളായ ഗൂഗിൾ,യാഹു,മൈക്രോസോഫ്റ്റ്‌ തുടങ്ങിയവയെ ഉപയോഗിച്ച്‌ ലോകമെങ്ങുമുള്ള
രാഷ്ട്രത്തലവന്മാർ മുതൽ സാധാരണ പൗരൻ വരേയുള്ളവരെ സംബന്ധിക്കുന്ന വിവരചോരണം ആസൂത്രിതമായി നടത്തിവരികയായിരുന്നു വെന്ന്
മുൻ സി ഐ എ ഉദ്യോഗസ്ഥനും ഇപ്പോൾ അമേരിക്ക പിടികിട്ടാപുള്ളിയും രാജ്യദ്രോഹിയുമായി മുദ്രകുത്തിയിരിക്കുന്ന 
സ്നോഡൻ വെളിപ്പെടുത്തിയിരിക്കുന്നു. ശത്രു മിത്ര ഭേദമില്ലാതെ ദശലക്ഷക്കണക്കിന്ന് ആളുകളെ സംബന്ധിക്കുന്ന രഹസ്യവിവരങ്ങൾ
ഇപ്രകാരം ചോർത്തിയെടുക്കുന്നത്‌ അമേരിക്കയുടെ നിലനിൽപ്പിന്ന് അത്യന്താപേക്ഷിതമാണെന്ന നീതീകരണമാണ്‌
അമേരിക്കൻ പ്രസിഡന്റ്‌ ഇതേസംബന്ധിച്ച്‌ നൽകിയിട്ടുള്ളത്‌.

16-ഉം 17-ഉം നൂറ്റാണ്ടുകളിൽ സാമൂഹ്യ വിരുദ്ധരെന്ന് യൂറോപ്പ്‌ വിലയിരുത്തിയ ആളുകളെ നാടുകടത്തുന്നതിനുള്ള സ്ഥലമായിട്ടായിരുന്നു
മധ്യ വടക്കെ അമേരിക്കൻ പ്രദേശങ്ങൾ കണക്കാക്കാപ്പെട്ടിരുന്നത്‌.
ഈ സാമൂഹ്യ വിരുദ്ധ സ്വഭാവം നിരന്തരം പ്രകടമാക്കുന്ന ഒരു തെമ്മാടി രാഷ്ട്രമെന്ന നിലയിലാണ്‌
'മഹത്തായ' അമേരിക്കൻ ജനാധിപത്യം വളർന്നു വികസിച്ചത്‌.
 റെഡ്‌ ഇന്ത്യക്കാരെ ഉന്മൂലനം ചെയ്തും ലാറ്റിനമേരിക്കയിലും പസഫിക്കിലും പ്യൂർട്ടോറിക്കയിലും
 ഫിലിപ്പൈൻസിലും വെസ്റ്റ്‌ ഇൻഡീസിലുമെല്ലാം
ജനങ്ങളെ വംശഹത്യക്ക്‌ വിധേയമാക്കിയതും മാനവചരിത്രത്തിൽ ഒരു ഭരണകൂടവും ചെയ്തിട്ടില്ലാത്തതും
ഇനി ചെയ്യാനിടയില്ലാത്തതുമായ കൊടും ക്രൂരകൃത്യങ്ങൾ നടപ്പാക്കിയുമാണ്‌ അമേരിക്കൻ 'ജനാധിപത്യം
കോളനികളില്ലാത്ത സാമ്രാജ്യത്വം കൊളോണിയൽ കാലത്ത്‌ നടപ്പാക്കിയത്‌.
രണ്ടാം ലോകയുദ്ധത്തോടെ ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റം ബോംബ്‌ വർഷിച്ച്‌
സ്വന്തം മൂലധന താൽപര്യത്തിനു വേണ്ടി എത്ര നൃശംശമായ ഭീകരതക്കും തയാറാണെന്നു അമേരിക്കൻ ഭരണകൂടം തെളിയിച്ചു.
തുടർന്നിങ്ങോട്ട്‌ അമേരിക്കൻ നേതൃത്വത്തിൽ നടപ്പാക്കിയിട്ടുള്ള പുത്തൻ കൊളോണിയൽ വ്യവസ്ഥയിൽ
മാനവ രാശിക്കെതിരേ നടന്നിട്ടുള്ള എണ്ണമറ്റ നരഹത്യകളിലും കൂട്ടക്കൊലകളിലും ജനാധിപത്യ ധ്വംസനങ്ങളിലും
പ്രത്യക്ഷമോ പരോക്ഷമോ ആയ അമേരിക്കൻ കറുത്ത കൈകൾ കാണാം.
ലോകത്തേറ്റവുമധികം പൗരന്മാരെ രാജ്യത്ത്‌ തടവിലിട്ട്കൊണ്ട്‌ ലോകത്തെ തടവറയാക്കാൻ
ഭീകരതാവിരുദ്ധ യുദ്ധമെന്ന ബാനറുമായി പുത്തൻ അധിനിവേശം ശക്തിപ്പെടുത്തുകയാണ്‌ ഈ ഭീകരരാഷ്ട്രം.
 ഭീകരതയുടെ മൂർത്തീഭാവമായ അമേരിക്കൻ ഭരണകൂടം ലോകത്തെ ചാരപ്പണിക്ക്‌ വിധേയമാക്കിയെന്ന വാർത്ത
അതുകൊണ്ട്‌ പുതിയ തിരിച്ചറിവുകൾ നൽകണമെന്നില്ല.
ഒബാമ പറഞ്ഞതുപോലെ അമേരിക്കയുടെ ഭരണപരമായ ഒരു നടപടിക്രമം മാത്രമാണിത്‌.
എന്നാൽ,
ഈ അമേരിക്കൻ ചാരപ്രവർത്തനത്തിനെതിരേ പലലോകരാജ്യങ്ങളും ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തിയിട്ടുണ്ട്‌.

പറഞ്ഞു വരുന്നത്‌ അല്ലെങ്കിൽ പറയാനുദ്ദേശിച്ചത്‌:-

ഒരു സ്വതന്ത്ര പരമാധികാര രാജ്യമായ ഇന്ത്യയിൽ
അതിനെ അർത്ഥരഹിതമാക്കിക്കൊണ്ടും ദേശാഭിമാനികളെ അപമാനിച്ചുകൊണ്ടും,
ഭീകരതാവിരുദ്ധ യുദ്ധമെന്ന പേരിൽ അമേരിക്കയുമായി തന്ത്രപരമായ സഖ്യത്തിലേർപ്പെട്ട്‌
അമേരിക്കൻ ചാര ഏജൻസികൾക്കും സൈന്യത്തിനും താവളങ്ങൾ ഒരുക്കിക്കൊടുത്ത്‌
രാജ്യത്ത്‌ കയറി നിരങ്ങാനുള്ള എല്ലാ സൗകര്യങ്ങളും രാജ്യതാൽപര്യങ്ങളെ മറികടന്ന്
ആരുടേയോ വൈയക്തികമായ നേട്ടങ്ങൾക്ക്‌ വേണ്ടി ഒരുക്കികൊടുക്കുന്നത്‌ ശരിയാണോ എന്ന്
രാജ്യസ്നേഹികൾ ഗൗരവപൂർവ്വം പരിശോധിക്കണം എന്നാണ്‌.