രാഷ്ട്രീയം. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
രാഷ്ട്രീയം. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ഓഗസ്റ്റ് 23, വെള്ളിയാഴ്‌ച

ഇനി നാം സൈനികത്താവളങ്ങളും ഒരുക്കികൊടുക്കേണ്ടതുണ്ടോ?


അമേരിക്കൻ ദേശീയ സുരക്ഷാ ഏജൻസി (എൻ എസ്സ്‌ എ)
ആഗോള ഐ ടി കുത്തകകളായ ഗൂഗിൾ,യാഹു,മൈക്രോസോഫ്റ്റ്‌ തുടങ്ങിയവയെ ഉപയോഗിച്ച്‌ ലോകമെങ്ങുമുള്ള
രാഷ്ട്രത്തലവന്മാർ മുതൽ സാധാരണ പൗരൻ വരേയുള്ളവരെ സംബന്ധിക്കുന്ന വിവരചോരണം ആസൂത്രിതമായി നടത്തിവരികയായിരുന്നു വെന്ന്
മുൻ സി ഐ എ ഉദ്യോഗസ്ഥനും ഇപ്പോൾ അമേരിക്ക പിടികിട്ടാപുള്ളിയും രാജ്യദ്രോഹിയുമായി മുദ്രകുത്തിയിരിക്കുന്ന 
സ്നോഡൻ വെളിപ്പെടുത്തിയിരിക്കുന്നു. ശത്രു മിത്ര ഭേദമില്ലാതെ ദശലക്ഷക്കണക്കിന്ന് ആളുകളെ സംബന്ധിക്കുന്ന രഹസ്യവിവരങ്ങൾ
ഇപ്രകാരം ചോർത്തിയെടുക്കുന്നത്‌ അമേരിക്കയുടെ നിലനിൽപ്പിന്ന് അത്യന്താപേക്ഷിതമാണെന്ന നീതീകരണമാണ്‌
അമേരിക്കൻ പ്രസിഡന്റ്‌ ഇതേസംബന്ധിച്ച്‌ നൽകിയിട്ടുള്ളത്‌.

16-ഉം 17-ഉം നൂറ്റാണ്ടുകളിൽ സാമൂഹ്യ വിരുദ്ധരെന്ന് യൂറോപ്പ്‌ വിലയിരുത്തിയ ആളുകളെ നാടുകടത്തുന്നതിനുള്ള സ്ഥലമായിട്ടായിരുന്നു
മധ്യ വടക്കെ അമേരിക്കൻ പ്രദേശങ്ങൾ കണക്കാക്കാപ്പെട്ടിരുന്നത്‌.
ഈ സാമൂഹ്യ വിരുദ്ധ സ്വഭാവം നിരന്തരം പ്രകടമാക്കുന്ന ഒരു തെമ്മാടി രാഷ്ട്രമെന്ന നിലയിലാണ്‌
'മഹത്തായ' അമേരിക്കൻ ജനാധിപത്യം വളർന്നു വികസിച്ചത്‌.
 റെഡ്‌ ഇന്ത്യക്കാരെ ഉന്മൂലനം ചെയ്തും ലാറ്റിനമേരിക്കയിലും പസഫിക്കിലും പ്യൂർട്ടോറിക്കയിലും
 ഫിലിപ്പൈൻസിലും വെസ്റ്റ്‌ ഇൻഡീസിലുമെല്ലാം
ജനങ്ങളെ വംശഹത്യക്ക്‌ വിധേയമാക്കിയതും മാനവചരിത്രത്തിൽ ഒരു ഭരണകൂടവും ചെയ്തിട്ടില്ലാത്തതും
ഇനി ചെയ്യാനിടയില്ലാത്തതുമായ കൊടും ക്രൂരകൃത്യങ്ങൾ നടപ്പാക്കിയുമാണ്‌ അമേരിക്കൻ 'ജനാധിപത്യം
കോളനികളില്ലാത്ത സാമ്രാജ്യത്വം കൊളോണിയൽ കാലത്ത്‌ നടപ്പാക്കിയത്‌.
രണ്ടാം ലോകയുദ്ധത്തോടെ ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റം ബോംബ്‌ വർഷിച്ച്‌
സ്വന്തം മൂലധന താൽപര്യത്തിനു വേണ്ടി എത്ര നൃശംശമായ ഭീകരതക്കും തയാറാണെന്നു അമേരിക്കൻ ഭരണകൂടം തെളിയിച്ചു.
തുടർന്നിങ്ങോട്ട്‌ അമേരിക്കൻ നേതൃത്വത്തിൽ നടപ്പാക്കിയിട്ടുള്ള പുത്തൻ കൊളോണിയൽ വ്യവസ്ഥയിൽ
മാനവ രാശിക്കെതിരേ നടന്നിട്ടുള്ള എണ്ണമറ്റ നരഹത്യകളിലും കൂട്ടക്കൊലകളിലും ജനാധിപത്യ ധ്വംസനങ്ങളിലും
പ്രത്യക്ഷമോ പരോക്ഷമോ ആയ അമേരിക്കൻ കറുത്ത കൈകൾ കാണാം.
ലോകത്തേറ്റവുമധികം പൗരന്മാരെ രാജ്യത്ത്‌ തടവിലിട്ട്കൊണ്ട്‌ ലോകത്തെ തടവറയാക്കാൻ
ഭീകരതാവിരുദ്ധ യുദ്ധമെന്ന ബാനറുമായി പുത്തൻ അധിനിവേശം ശക്തിപ്പെടുത്തുകയാണ്‌ ഈ ഭീകരരാഷ്ട്രം.
 ഭീകരതയുടെ മൂർത്തീഭാവമായ അമേരിക്കൻ ഭരണകൂടം ലോകത്തെ ചാരപ്പണിക്ക്‌ വിധേയമാക്കിയെന്ന വാർത്ത
അതുകൊണ്ട്‌ പുതിയ തിരിച്ചറിവുകൾ നൽകണമെന്നില്ല.
ഒബാമ പറഞ്ഞതുപോലെ അമേരിക്കയുടെ ഭരണപരമായ ഒരു നടപടിക്രമം മാത്രമാണിത്‌.
എന്നാൽ,
ഈ അമേരിക്കൻ ചാരപ്രവർത്തനത്തിനെതിരേ പലലോകരാജ്യങ്ങളും ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തിയിട്ടുണ്ട്‌.

പറഞ്ഞു വരുന്നത്‌ അല്ലെങ്കിൽ പറയാനുദ്ദേശിച്ചത്‌:-

ഒരു സ്വതന്ത്ര പരമാധികാര രാജ്യമായ ഇന്ത്യയിൽ
അതിനെ അർത്ഥരഹിതമാക്കിക്കൊണ്ടും ദേശാഭിമാനികളെ അപമാനിച്ചുകൊണ്ടും,
ഭീകരതാവിരുദ്ധ യുദ്ധമെന്ന പേരിൽ അമേരിക്കയുമായി തന്ത്രപരമായ സഖ്യത്തിലേർപ്പെട്ട്‌
അമേരിക്കൻ ചാര ഏജൻസികൾക്കും സൈന്യത്തിനും താവളങ്ങൾ ഒരുക്കിക്കൊടുത്ത്‌
രാജ്യത്ത്‌ കയറി നിരങ്ങാനുള്ള എല്ലാ സൗകര്യങ്ങളും രാജ്യതാൽപര്യങ്ങളെ മറികടന്ന്
ആരുടേയോ വൈയക്തികമായ നേട്ടങ്ങൾക്ക്‌ വേണ്ടി ഒരുക്കികൊടുക്കുന്നത്‌ ശരിയാണോ എന്ന്
രാജ്യസ്നേഹികൾ ഗൗരവപൂർവ്വം പരിശോധിക്കണം എന്നാണ്‌.

2011 ഡിസംബർ 3, ശനിയാഴ്‌ച

ദാരിദ്ര്യരേഖാ നിര്‍ണ്ണയത്തിലെ ചെപ്പടി വിദ്യകള്‍.

ദാരിദ്ര്യം കലോറിയടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കുന്ന രീതിയാണ്‌ ലോകത്ത്‌ മഹാഭൂരിപക്ഷം രാജ്യങ്ങളും ചെയ്യുന്നത്‌.
ഒരു വ്യക്തിക്ക്‌ ആവശ്യമായ കലോറി ഊര്‍ജ്ജത്തിന്റേയും അതിനു വേണ്ടിവരുന്ന ചിലവിന്റേയും അടിസ്ഥാനത്തിലാണ്‌ ദരിദ്രരെ കണക്കാക്കുന്നത്‌.
1974-ലെ ഒരു സര്‍വ്വെയില്‍ ഗ്രാമീണമേഖലയില്‍ 2400 -2100 കലോറി ഊര്‍ജ്ജമാണ്‌ ഒരു വ്യക്തിക്കാവശ്യമായ കുറഞ്ഞ ഊര്‍ജ്ജം അളവായി കണക്കാക്കിയത്‌.ഭക്ഷണത്തിലൂടെ ഇത്രയും ഊര്‍ജ്ജം നേടുന്നതിന്‌ അന്ന് പ്രതിമാസം 49 രൂപയായിരുന്നു കണക്കാക്കിയ ചിലവ്‌.

ലോകബാങ്ക്‌ നിര്‍ദ്ദേശം പ്രതിദിനം രണ്ടുഡോളറില്‍ താഴെയുള്ളവര്‍ ദാരിദ്ര്യരേഖക്ക്‌ താഴെയുള്ളവരെന്നാണ്‌ ഇത്‌ 100 രൂപയ്ക്‌ മുകളില്‍ വരും. ലോകബാങ്കിന്റെ ഈ ആഗോള ദാരിദ്ര്യരേഖ മാനദണ്ഡമാക്കിയാല്‍ ഇന്ത്യിലെ മഹാഭൂരിപക്ഷവും ദാരിദ്ര്യരേഖക്ക്‌ താഴെയാകും. നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത്‌ ഇതനുവര്‍ത്തിക്കുമ്പോള്‍ ദരിദ്രരുടെ എണ്ണത്തെക്കുറിച്ചുള്ള സര്‍ക്കാറിന്റെ അവകാശവാദം പച്ചക്കള്ളമാണെന്നു മനസ്സിലാകും. 2001 ഒരു കണക്കനുസരിച്ച്‌ (കേരളം,ആന്റമാന്‍,സിംക്കിം എന്നീ സംസ്ഥാനങ്ങളിലെ കണക്ക്‌ ലഭ്യമല്ല)  13.06.15.558 ഗ്രാമീണ കുടുംബങ്ങളാണത്രെ ഇന്ത്യയില്‍ ഉള്ളത്‌. 42 ശതമാനം.അതില്‍  5.38.47.442 കുടുംബങ്ങള്‍ ദാരിദ്ര്യ രേഖക്ക്‌ താഴെയാണത്രെ.അരുണാചല്‍പ്രദേര്‍ശില്‍ 78 ശതമാനം ഗ്രാമീണരും ദരിദ്രരാണെന്നും ഒറീസ്സയില്‍70 ശതമാനവും ബീഹാറില്‍ 55 ശതമാനവും ദരിദ്രരാണെന്ന് കണക്കുകള്‍ പറയുന്നു.

വിലനിലവാരത്തിലെ വര്‍ദ്ധനവ്‌ കണക്കിലെടുത്ത്‌  1995-ല്‍ ഗ്രാമീണര്‍ക്ക്‌  205.84 രൂപയും,നഗരവാസികള്‍ക്ക്‌  281.35 രൂപയും എന്നു നിജപ്പെടുത്തി ഇതനുസരിച്ച്‌ ഗ്രാമീണര്‍ക്ക്‌  1868 കലോറിയും നഗരവാസികള്‍ക്ക്‌ 1890 കലോറിയും ഭക്ഷണം ലഭിക്കുമെന്നാണ്‌ വെയ്പ്പ്‌. എന്നാല്‍ അവശ്യ ഭക്ഷ്യ ഉപയോഗത്തിന്റെ അന്താരാഷ്ട്ര പരിധിയായ  2400- 2100 കലോറി ഭക്ഷണമെന്ന തലത്തിലെത്തണമെങ്കില്‍ തന്നെ ഗ്രാമീണര്‍ക്ക്‌   400 നഗരത്തില്‍  425 പ്രതിമാസ വരുമാനവും അന്നുണ്ടാകേണ്ടിയിരുന്നു. എന്നു വെച്ചാല്‍ രാജ്യത്ത്‌ 75 ശതമാനം ഗ്രാമീണരും നഗരവാസികളില്‍  55 ശതാമാനവും ശരീരത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഭക്ഷണം ലഭിക്കാത്തവരാണെന്ന് ചുരുക്കം

ഇപ്പോള്‍, ഗ്രാമങ്ങളില്‍ പ്രതിദിനം .26 രൂപയും നഗരങ്ങളില്‍  32 രൂപയും വരുമാനമുള്ളവര്‍ ദരിദ്രരല്ലെന്നുമുള്ള വാദവുമായി ആസൂത്രണ കമ്മീഷന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നു.
2004-2005-  വിലനിലവാര പ്രകാരം സുരേഷ്‌ തൊണ്ടൂല്‍ക്കര്‍ കമ്മിറ്റി തയാറാക്കിയ മാനദണ്ഡങ്ങളോടൊപ്പം  2010-11 വര്‍ഷത്തെ ഉപഭോക്ത്രു വിലസൂചിക കൂടി ചേര്‍ത്താണ്‌ പ്രധാന മന്ത്രി ചെയര്‍മാനായുള്ള ആസൂത്രണ കമ്മീഷന്‍ പുതിയ ദാരിദ്ര്യരേഖാ നിര്‍വ്വചനം മുന്നോട്ട്‌ വെച്ചിരിക്കുന്നത്‌.
അതോടെ പ്രതിദിനം  25 രൂപയില്‍ കൂടുതല്‍ വരുമാനമുളളവര്‍  BPL പട്ടികയില്‍ നിന്നും പുറത്തു പോകും.

മന്മോഹന്‍ സിംഗ്‌ പ്രധാനമന്ത്രിയായി രണ്ടാം  UPAഭരണം ആരംഭിച്ച ഉടനെ ഇന്തയിലാകെയുള്ള  120 കോടി റേഷന്‍ കാര്‍ഡുടമകളെ  BPL ലീസ്റ്റില്‍ നിന്നു പുറത്താക്കാന്‍ പുതിയൊരു മാനദണ്ഡം മുന്നോട്ട്‌ വെക്കുകയും തല്‍ഫലമായി BPL കാര്‍ഡുകള്‍6കോടിയായി ചുരുക്കുകയും ചെയ്തു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ്‌ ഇപ്പോള്‍ സുപ്രീം കോടതിയില്‍ പുതിയ ദാരിദ്ര്യരേഖാനിയന്തണം സമര്‍പ്പിച്ചിരിക്കുന്നത്‌.
2011 ജൂണിലെ വിലനിലവാര പ്രകാരം നഗരങ്ങളില്‍ പ്രതിമാസം  965 രൂപയുംഗ്രാമങ്ങളില്‍  781 രൂപയും ഉളളവര്‍ ദരിദ്രരല്ലെന്നും അവരെ  BPLപട്ടികയില്‍ നിന്നും പുറത്താക്കി ഭഷ്യസബ്‌സിഡി അടക്കമുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കണമെന്ന മന്മോഹന്‍ സര്‍ക്കാറിന്റെ തീരുമാനം അനുസരിച്ചു തന്നെയാണ്‌ കമ്മീഷന്റെ വിലയിരുത്തല്‍ പുറത്തു വിട്ടിട്ടുള്ളത്‌.

ഇതു പറയുമ്പോള്‍ ഇന്ത്യയുടെ ദാരിദ്ര്യത്തെ സംബന്ധിച്ച്‌ പല പഠനങ്ങളും ആഗോളതലങ്ങളില്‍ നടന്നു കഴിഞ്ഞിട്ടുണ്ടെന്ന കാര്യം എടുത്തു പറയേണ്ടതാണ്‌. 1997-ല്‍ പുറത്തിറക്കിയ UNDPയുടെ മാനവ വികസന റിപ്പോര്‍ട്ടു പ്രകാരം ഇന്ത്യന്‍ ജനതയില്‍ ഭൂരിപക്ഷവും ദരിദ്രരാണ്‌.ദാരിദ്ര്യം എന്നത്‌ കേവലം ഭക്ഷ്യലഭ്യതയുടെ മാത്രം പ്രശ്നമല്ലെന്നും നിരക്ഷരത,അനാരോഗ്യം, അറിവു നിഷേധം തുടങ്ങിയ മനുഷ്യരായി ജീവിക്കാന്‍ തടസ്സം നില്‍ക്കുന്ന ഭൗതിക ഘടകങ്ങള്‍കൂടി പരിഗണിച്ചു കൊണ്ടുവേണം ദാര്‍ദ്ര്യം നിര്‍ണ്ണയിക്കാനെന്നും UNDP പറയുന്നു.

1997ലെ ഒരു പഠനപ്രകാരം  20 ശതമാനം ഇന്ത്യന്‍ പൗരന്മാര്‍  40 വയസ്സിനു മുമ്പേ മരിച്ചു പോകുന്നു എന്നാണ്‌ കണക്കു  തൊട്ടടുത്ത ശ്രീലങ്കയിലും തായ്‌ലന്റിലും പരമ ദരിദ്രമെന്നു പറയുന്ന ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പോലും സ്ഥിതി ഇന്ത്യയേക്കാള്‍ മെച്ചമാണ്‌.ഉദാഹരണത്തിന്‌  40 വയസ്സു തികയുന്നതിന്ന് മുമ്പേ ശ്രീലങ്കയില്‍ മരിച്ചു പോകുന്നത്‌  10 ശതമാനം മാത്രമാണ്‌.ലോകത്ത്‌ ഭക്ഷണമില്ലാത്തതിന്റേയും ചികില്‍ത്സ സൗകര്യങ്ങളില്ലാത്തതിന്റേയും പേരില്‍ ഭാരക്കുറവും പോഷകാഹാരക്കുറവും നേരിടുന്ന അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ  50 ശതമാനം ഇന്ത്യയിലാണ്‌.

1991 മുതല്‍ ആവിഷ്കരിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നവ ഉദാരീകരണകാലത്ത്‌ പ്രതിശീര്‍ഷക ഭ്ഷ്യദാന്യ ലഭ്യത കുത്തനെ ഇടിഞ്ഞിരിക്കുകയാണ്‌,1991-ല്‍ പ്രതിവര്‍ഷം ലഭ്യമായിരുന്ന ശരാശരി ആളോഹരി ഭഷ്യധാന്യം  181 കിലോഗ്രാമായിരുന്നെങ്കില്‍  2009 ആകുമ്പോഴേക്കും  174 കിലോഗ്രാമായി ചുരുങ്ങിയിരിക്കുന്നു.

ഇന്ത്യ ലോകസാമ്പത്തിക ശക്തിയായി ഉയരുന്നു വെന്നും പ്രതി ശീര്‍ഷവരുമാനം ഒരു വര്‍ഷം ൫ 5,000 രൂപയിലധികമായിരിക്കുന്നു വെന്നും ശതകോടീശ്വരന്മാരുടെ എണ്ണം രാജ്യത്ത്‌ വര്‍ദ്ധിക്കുന്നുവെന്നും ഭരണവര്‍ഗ്ഗങ്ങള്‍ വീമ്പിളക്കുമ്പോള്‍ കൊളോണിയല്‍ കാലത്ത്‌ പോലും ഉണ്ടാകാത്ത തരത്തിലുള്ള അസമത്വവും ദാരിദ്ര്യവുമാണ്‌ രാജ്യത്ത്‌ പെരുകുന്നത്‌.

പറഞ്ഞു വരുന്നത്‌,അല്ലെങ്കില്‍ പറയാനുദ്ദേശിച്ചത്‌"-


IMF ല്‍ നിന്നും അവധിയെടുത്ത്‌ സാമ്രാജ്യത്വ ആഗോളീകരണ നയങ്ങള്‍ക്ക്‌ നേതൃത്വംകൊടുക്കുന്ന ഉന്നത ബ്യൂറോക്രാറ്റും ആസൂത്രണകമ്മീഷന്‍ ഉപാദ്ധ്യക്ഷനുമായ മൊണ്ടേസിഗ് അലുവാലിയയുടെ നേതൃത്വത്തില്‍ സര്‍ക്കാറിന്റെ ഭക്ഷ്യ സബ്സിഡി പരമാവധി കുറച്ചുകൊണ്ടുവരാന്‍ നടത്തുന്ന നീക്കങ്ങളാണ്‌ ഈ ചെപ്പടി വിദ്യകള്‍. ഇയാളുടെ നേതൃത്വത്തില്‍ കോര്‍പ്പറേറ്റ്‌ വല്‍ക്കരണത്തിനും സമ്പന്നവര്‍ഗ്ഗ താല്‍പര്യങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന  IMF ന്റെ ഒരു അനുബന്ധസ്ഥാപനമായി ആസൂത്രന കമ്മീഷന്‍ പരിണമിച്ചു കഴിഞ്ഞു.
ഇതിനിടയില്‍ അരാഷ്ട്രീയ വാദികളും നവ ഉദാരീകരണവാദികളുമായ  NGOനേതാക്കന്മാരേയും അക്കാദമിക്ക്‌ സാമ്പത്തിക വിദഗ്ദന്മാരേയും കുത്തി നിറച്ച ആസൂത്രണകമ്മീഷന്‍ പരസ്പര വിരുദ്ധമായ വെളിപാടുകള്‍ പുറത്തുവിടുന്ന കേന്ദ്രീകരണം നഷ്ടപ്പെട്ട ഒരു സംവിധാനമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നാണ്‌.

2011 ഏപ്രിൽ 11, തിങ്കളാഴ്‌ച

വിപ്ലവ ജനകീയ ബദൽ പടുത്തുയർത്തുക.

പ്രിയമുള്ളവരെ,
രണ്ടുദശാബ്ദക്കാലമായി രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന പുത്തൻ അധിനിവേശം ഏറ്റവും വിനാശം വിതക്കുന്ന പ്രദേശങ്ങളിലൊന്നാണ് കേരളം .
ഉല്പാദനമേഖലകൾ മുരടിപ്പിക്കുകയും ഊഹമേഖലകൾ സമാനതകൾ ഇല്ലാത്ത വിധം വളരുകയും ചെയ്യുന്നതാണ് കേരളത്തിന്റെ വർത്തമാനാവസ്ഥ.
ആവശ്യമായ അരിയുടെ ആറിലൊന്ന് പോലും ഉല്പാദിപ്പിക്കാനാവാത്ത വിധം ഭഷ്യ പ്രതിസന്ധിയും വിലക്കയറ്റവും തൊഴിലില്ലായ്മയും, അഴിമതിയും സ്ത്രീകൾക്കെതിരായ കടന്നാക്രമണങ്ങളുമെല്ലാം സംസ്ഥാനത്തും ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു.
വികസനത്തിന്റെ പേരിൽ അവശേഷിക്കുന്ന കൃഷിഭൂമി പോലും റിയൽ എസ്റ്റേറ്റ് മാഫിയകൾ ടൂറിസ്റ്റ് റിസോൾട്ടുകൾക്കും വ്യാപാരസമുച്ചയങ്ങൾക്കും പ്രത്യേക സാമ്പത്തികമേഖലകൾക്കും ഗോൾഫ്കോഴ്സുകൾക്കും വിനോദപാർക്കുകൾക്കും ബി ഓ ടി റോഡ്‌ വികസനത്തിന്നും മറ്റുമായി കവർന്നെടുക്കപ്പെടുന്നു.
ഈ സാമ്പത്തികപ്രവണതകൾക്കൊപ്പം മുമ്പത്തെ നവോത്ഥാനമുന്നേറ്റങ്ങളിലൂടെ നേടിയ എല്ലാ പുരോഗമന മൂല്യങ്ങളും നഷ്ടമാവുകയും സ്ത്രീകളും ദളിതരും ആദിവാസികളുമടക്കം എല്ലാമർദ്ദിത വിഭാഗങ്ങൾക്കുമെതിരായ കടന്നാക്രമണങ്ങൾ ശക്തിപ്പെടുകയും അതുവഴി സർവ്വതലസ്പർശിയായ ജീർണത കേരളത്തെ പുത്തൻ അധിനിവേശത്തിന്റെ ഒരു ഷോകേസാക്കി മാറ്റുകയും ചെയ്തിരിക്കുന്നു.
ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ സി പി ഐ (എം) നയിക്കുന്ന എൽ ഡി എഫും ,കോൺഗ്രസ്സ് നയിക്കുന്ന യു ഡി എഫും ,ബി ജെ പി യും അവരുടെ സഖ്യ കഷികളുമെല്ലാം പുത്തൻ അധിനിവേശത്തിന്റേയും നവ ഉദാരീകരണത്തിന്റേയും പക്ഷത്താണ് നിലയുറപ്പിച്ചിരിക്കുന്നത്.
അടിസ്ഥാന നയങ്ങളിൽ ഒരഭിപ്രായ വ്യത്യാസവുമില്ലാത്ത ഈ മുന്നണികൾ തെരഞ്ഞെടുപ്പിൽ പരസ്പരം ഗ്വോ, ഗ്വോ വിളിക്കുന്നത് അടുത്തഭരണത്തിലൂടെ ഈ നയങ്ങൾ ആര് കൂടുതൽ ഊർജ്ജിതമാക്കണമെന്നത് സംബന്ധിച്ചാണ് .      
ഈ സഹചര്യത്തിലാണ് ആഗോളീകരണ നയങ്ങൾക്കും പുത്തൻ അധിനിവേശം സൃഷ്ടിക്കുന്ന എല്ലാവിനാശങ്ങൾക്കുമെതിരെ ഒരു വിപ്ലവ ജനകീയബദൽ സംസ്ഥാനത്ത് കെട്ടിപ്പടുക്കുന്നതിലേക്ക്നയിക്കുന്ന ഒരു തെരഞ്ഞെടുപ്പ് പ്രകടനപത്രിക മുന്നോട്ട് വെച്ചുകൊണ്ട് സി പി ഐ (എം എൽ ) സംസ്ഥാനത്ത് 14 നിയമസഭാ മണ്ഡലങ്ങളിൽ സ്ഥാനർത്ഥികളെ നിർത്തി മത്സരിക്കുന്നത്.
ബൂർഷ്വപാർലമെന്ററി സംവിധാനംകൊണ്ട് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനാവില്ലെന്ന താണ് സി പി ഐ (എം എൽ) ന്റെ നിലപാട്.
സാമ്രാജ്യത്വ ആഗോളീകരണത്തിനും പിന്തിരിപ്പൻ ഭരണ നയങ്ങൾക്കുമെതിരേ വിശാലമായ ജനകീയ ഐക്യനിര പടുത്തുയർത്തിക്കൊണ്ട്മാത്രമേ ജനകീയ ജനാധിപത്യ ഭരണകൂടം സ്ഥാപിക്കാനാകൂ.
രാജ്യദ്രോഹ ജനവിരുദ്ധ ഭരണവ്യവസ്ഥക്കെതിരേ കോടിക്കണക്കിന്ന് ജനങ്ങൾ അണിനിരക്കുന്ന രാജ്യവ്യാപകപ്രക്ഷോഭങ്ങൾ ഉയർത്തിക്കൊണ്ടു വരികയെന്നതാണ് വിപ്ലവശക്തികളുടെ കടമ.
ഇപ്രകാരം ഇന്നത്തെ ഭരണ വർഗ്ഗ ബദലുകൾക്കും നവ ഉദാരീകരണ നയങ്ങൾക്കുമെതിരെ ഒരു ജനകീയബദൽ മുന്നോട്ട് വെച്ചുകൊണ്ടും അതിന്നുവേണ്ടി പ്രചരണം നടത്തികൊണ്ടും തൊഴിലാളികളേയും കർഷകരുടേയും മറ്റദ്ധ്വാനിക്കുന്ന ബഹുജനങ്ങളൂടേയും ഉശിരൻ സമരങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പുകളെ ഉപയോഗപ്പെടുത്തുകയെന്നതാണ് പാർട്ടിയുടെ സമീപനം.
തെരഞ്ഞെടുപ്പിൽ പങ്കെടുത്തുകൊണ്ട് പാർട്ടി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയലഷ്യങ്ങൾ ജനങ്ങൾക്കു മുമ്പിൽ വിശദീകരിക്കാനും ജീർണ്ണിച്ച ബൂർഷ്വാഭരണ സംവിധാനത്തെ തുറന്നു കാട്ടാനും കഴിയുമെന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്.
രാഷ്ട്രീയാധികാരം വിപ്ലവപരമായി പിടിച്ചെടുക്കാൻ കഴിയുന്ന ജനകീയപോരാട്ടങ്ങൾക്കൊപ്പം തെരഞ്ഞെടുപ്പ് വിപുലമായ രാഷ്ട്രീയ ക്യാമ്പയിനുള്ള വേദിയാക്കി മാറ്റണമെന്നും പാർട്ടിവിലയിരുത്തുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ സി പി ഐ (എം എൽ ) സ്ഥാനാർത്ഥികൾക്ക് വോട്ടുകൾ രേഖപ്പെടുത്തി സാമ്രാജ്യത്വ വിരുദ്ധപോരാട്ടങ്ങൾക്ക് ,വിപ്ലവബദലിനായ പ്രക്ഷോഭങ്ങൾക്ക് പിന്തുണപ്രഖ്യാപിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

2011 മാർച്ച് 2, ബുധനാഴ്‌ച

പുത്തൻ നവോത്ഥാനത്തിനു തുടക്കമിടുക:-

            പുത്തൻ നവോത്ഥാനത്തിന് തുടക്കമിടുക. കെ എൻ രാമചന്ദ്രൻ
 
1 , കേരളത്തിന്റെ വര്‍ത്തമാനാവസ്ഥ ഒരു കാലത്ത് ഇന്ത്യയുടെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ 1950- കളോടെ ഉണ്ടായ സാമൂഹ്യ , രാഷ്ട്രീയ മാറ്റങ്ങളെ അഭിമാനപൂര്‍വ്വം ഉയര്‍ത്തിപ്പിടിച്ചിരുന്നവരെയെല്ലാം വേദനിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ളതാണ്.
ഇപ്പോഴും സാക്ഷരതയിലും പരിസരവൃത്തിയിലും ജീവിതദൗര്‍ഘ്യത്തിലും അവയുള്‍പ്പെടേ ഐകുരാഷ്ട്രസഭ  നിര്‍ദ്ദേശിക്കുന്ന
 ‘ മാനവ വികസനസൂചിക ’ കളിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നില്‍ തന്നെയാണ്.
പക്ഷെ , അവയോടൊപ്പം കേരളത്തിനിന്ന് മറ്റു പല മേഘലകളില്‍കൂടി ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നു
പ്രതിശീര്‍ഷ മദ്യപാന അളവില്‍ രണ്ടാം സ്ഥാനത്തുള്ള പഞ്ചാബിനേക്കാള്‍ വളരെ മുന്നിലാണ് കേരളം.മദ്യാസക്തിക്കൊപ്പം ഇതര ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിലും കേരളമിന്ന് വളരെ മുന്നിലാണ്.
സാമൂഹ്യരാഷ്ട്രീയ രംഗങ്ങളില്‍ ജാതി- മതാധിപത്യം അപകടകരമായ നിലയിലേക്കുയര്‍ന്നു
കക്ഷിരാഷ്ട്രീയത്തിന്റെ പേരിലുള്ള കണ്ണൂര്‍ കൊലപാതകങ്ങള്‍ കുറഞ്ഞെങ്കിലും, മത തീവ്രവാദികള്‍ തങ്ങളുടെ പ്രവാചകനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് കോളേജധ്യാപകന്റെ കൈവെട്ടുന്നതിലേക്ക് എല്ലാ മതമൗലിക വാദികളും ശക്തിപ്പെട്ടിരിക്കുന്നു.
തങ്ങളുടെ ശാസനകളെ സ്വീകരിക്കാത്തവരെ സാമൂഹ്യമായി ബഹിഷ്കരിക്കുവാന്‍ ‘ഫത്’വ‘ പുറപ്പെടുവിക്കുംവിധം
ജാതിമേധാവികളും കൊഴുത്തിരിക്കുന്നു.
കോടികള്‍ ചെലവഴിച്ചുണ്ടാക്കിയ അമ്പലങ്ങളും പള്ളികളും മസ്ജിദുകളും പരസ്പരം മത്സരിച്ച് ദുര്‍ലഭമായി വരുന്ന കൃഷിസ്ഥലങ്ങള്‍ പോലും കൈയ്യേറി പെരുകുന്നു.
ആറുപതിറ്റാണ്ടുകള്‍ക്ക് മുമ്പ് ശബരിമല ക്ഷേത്രത്തിനു തീ പിടിച്ചപ്പോള്‍ ’ ഒരമ്പലം കത്തിയാല്‍ അത്രയും അന്ധവിശ്വാസം പോകും ‘ എന്നു പറഞ്ഞ അന്നത്തെ മുഖ്യമന്ത്രി സി കേശവന്റെ സ്ഥാനത്ത് യുഡിഫ്,എല്‍ഡിഫ് ഭരണങ്ങള്‍ മതാരാധനാ കേന്ദ്രങ്ങളെ പോഷിപ്പിക്കുന്നതില്‍ മത്സരിക്കുന്നു.
ഭരണഘടനയേയും തെരഞ്ഞെടുപ്പു ചട്ടങ്ങളേയും ലംഘിച്ച് ആര്‍ക്ക് വോട്ടു ചെയ്യണം, ആര്‍ക്ക്ചെയ്യരുത് എന്ന് ഉത്തരേന്ത്യന്‍ സസ്ഥാനങ്ങളേപ്പോലും ലജ്ജിപ്പിക്കുന്ന തരത്തില്‍ മതജാതി നേതൃത്വങ്ങള്‍ പരസ്യമായി ഇടയലേഖനങ്ങള്‍ ഇറക്കുന്നതിലേക്കും കേരളം വളര്‍ന്നു.

2 ,  ജാതിവിരുദ്ധ മതേതര മൂല്യങ്ങള്‍ താരതമ്യേന ഏറ്റവും ശക്തിപ്പെട്ട സംസ്ഥാനമായിരുന്നു കേരളം ഒരിക്കല്‍. അതുകൊണ്ടാണല്ലോ “ ജാതി വേണ്ടാ, മതം വേണ്ടാ, ദൈവം വേണ്ടാ  മനുഷ്യന് ”എന്ന് പ്രഖ്യാപിക്കുന്നതിലേക്ക് സഹോദരന്‍ അയ്യപ്പനു എത്താന്‍ കഴിഞ്ഞത്.
’ഭ്രാന്താലയമായി‘ കേരളത്തെ വിവേകാനന്ദന്‍ വിലയിരുത്തിയിട്ട് അരനൂറ്റാണ്ടു കഴിയുമ്പോഴേക്കും അയ്യങ്കാളിയും,നാരായണഗുരുവും മറ്റു നവോത്ഥാന നായകരും ഉഴുതുമറിച്ച മണ്ണില്‍ ദേശീയപ്രസ്ഥാനവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും തഴച്ചു വളരാന്‍ തുടങ്ങി.ഇതിന്റേയൊക്കെ തുടര്‍ച്ചയായിട്ടായിരുന്നു 1957-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന ഒരു മന്ത്രി സഭ ഐക്യകേരളത്തില്‍ പിറന്നത്.
കേരളത്തിലേയും ഇന്ത്യയിലേയും മാത്രമല്ല,ആഗോളസാമ്രാജ്യത്വ കേന്ദ്രങ്ങളിലേയും പിന്തിരിപ്പന്മാരെ അമ്പരപ്പിച്ച സംഭവമായിരുന്നു ഇത് അതുകൊണ്ട് ആ മന്ത്രിസഭ നടപ്പിലാക്കാന്‍ ശ്രമിച്ച തീര്‍ത്തും പരിഷ്കരണവാദപരമായ നയങ്ങള്‍ പോലും അവരെ ഭയപ്പെടുത്തി.
ഇതിന്റെ ഫലമായി , പിന്തിരിപ്പന്‍ കേന്ദ്രങ്ങള്‍ ആസൂത്രണം ചെയ്താരംഭിച്ച ’വിമോചന സമരം‘ അതുവരെ കേരളത്തിലുണ്ടായ മുന്നേറ്റങ്ങളുടെയെല്ലാം അടിവേരറുക്കുന്ന ഒന്നായി തീര്‍ന്നു.ഇതിനെ ചെറുക്കുന്നതിനു പകരം CPI നേതൃത്വവും CPI(M) നേതൃത്വവും വിപ്ലവപാത ഉപേക്ഷിച്ച് പ്രതിലോമശക്തികള്‍ക്കൊപ്പം ഇവയോട് പ്രീണനനയം സ്വീകരിക്കുകയാണ് ചെയ്തിട്ടുള്ളത്.
തുടക്കത്തില്‍ പിന്തുടര്‍ന്ന സാഹസികലൈനും പില്ക്കാലത്ത് കേരളത്തിലുണ്ടായ മാറ്റങ്ങള്‍ വിപ്ലവചിന്താഗതിക്കേല്പിച്ച ശക്തമായ തിരിച്ചടികളും ഒരു ബദല്‍ ശക്തിയായി ഈ പ്രവണതയെ ചെറുക്കാന്‍ കഴിയാത്ത വിധം CPI-ML-പ്രസ്ഥാനത്തെ ദുര്‍ബ്ബലമാക്കുകയും ചെയ്തു.
എല്‍ഡീഫ് ഭരണ മാകട്ടെ യുഡിഫ് ഭരണത്തിനു പര്യായമായി മാറി. കേരളത്തിന്റെ ഇടതു പക്ഷ മനസ്സിനു ക്ഷീണമേല്പിക്കുകയും വിപ്ലവസ്വപ്നങ്ങള്‍ കെടുത്തുകയും ചെയ്തു.

3,    ഇവ എല്ലാ രംഗത്തും സ്വാധീനമുറപ്പിക്കാന്‍ പ്രതിലോമ രാഷ്ട്രീയ ശക്തികള്‍ക്കും, പിന്തിരിപ്പന്‍ സിദ്ധാന്തങ്ങള്‍ക്കും, മതാധിപത്യ ശക്തികള്‍ക്കും ജാതി ഭ്രാന്തന്മാര്‍ക്കും, ഇവയെ എല്ലാം ഉപയോഗിച്ചു ശക്തിപ്പെടാന്‍ കെല്പ്പുള്ള സാമ്രാജ്യത്വശക്തികളുടെ പുത്തന്‍ അധിനിവേശത്തിനും ശക്തി പകര്‍ന്നു കൊടുത്തു.
കേരളം പുത്തന്‍ അധിനിവേശത്തിന്റെ ഇന്ത്യിലെ ഏറ്റവും നല്ല ഷോകേസായി മാറുന്നതങ്ങിനേയാണ്.
നവ ഉദാര നയങ്ങളോടെ ആഗോള സമ്പദ് വ്യവസ്ഥയോടും വിപണിയോടുമുള്ള ഉദ്ഗ്രഥനം നേരത്തെ തന്നെ തൊഴിലിനുവേണ്ടി ഗള്‍ഫിലേക്കും മറ്റു വിദേശനാടുകളിലേക്കും നടന്നിരുന്ന കുടിയേറ്റത്തെ ശക്തിപ്പെടുത്തി. ജനസംഖ്യാനുപാതികമായി ആഭ്യന്തരകുടിയേറ്റത്തിലെന്നപോലെ വിദേശകുടിയേറ്റത്തിലും കേരളം ഒന്നാം സ്ഥാനത്താണ്. വിദ്യാഭ്യാസ രംഗത്തിന്റെ ‘വളര്‍ച്ച’മൂലം ബീഹാറില്‍ നിന്നോ പഞ്ചാബില്‍ നിന്നോ ഉള്ള കുടിയേറ്റത്തില്‍ നിന്ന് വ്യത്യസ്തമായി കേരളീയ കുടിയേറ്റക്കാര്‍ ഭൂരിഭാഗവും ഓഫീസ്ജോലികളിലും മറ്റും ഏര്‍പ്പെട്ട മധ്യവര്‍ഗമായതിനാല്‍ ഇവിടുത്തെ മുമ്പേ ശക്തമായ മധ്യവര്‍ഗ്ഗ ചിന്തകളേയും സംസ്കാരത്തേയും കൂടുതല്‍ പോഷിപ്പിച്ചു.
മുമ്പു സൂചിപ്പിച്ചതുപോലെ വിപ്ലവസ്വപ്നങ്ങള്‍ക്ക് ക്ഷീണമേറ്റ സാഹചര്യത്തില്‍ നവോത്ഥാന കാലം മുതല്‍ ശക്തിപ്പെട്ടിരുന്ന പുരോഗമന,ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക് കാര്യമായ ക്ഷതമേറ്റ്, തല്‍സ്ഥാനത്ത് ഉത്തരാധുനികതയുടെ പിന്‍ബലത്തോടെ സ്വത്വവാദവും മറ്റും ഊര്‍ജസ്വലമായി.
ഈ സാഹചര്യത്തിലാണ് പുത്തന്‍ അധിനിവേശ സാമ്പത്തിക ക്രമത്തിനൊപ്പം മത മൗലികവാദവും പുതിയരൂപങ്ങളോടെ ജാതിചിന്തയും ജന്മി-നാടുവാഴിത്തകാല സംസ്കാരത്തിന്റെ ഉത്തരാധുനിക രൂപങ്ങളും സാമ്രാജ്യത്വവസംസ്കാരത്തിന്റെ ജീര്‍ണ്ണവശങ്ങളും സര്‍വ്വവ്യാപിയാകുന്നത്.
വിപ്ലവപരമായ സമരാവേശം മതതീവ്രവാദത്തിന്റെ നാനാരൂപങ്ങള്‍ക്ക് വഴിമാറിക്കൊടുത്തു.
ഈ ‘തിരിച്ചുപോക്ക്’അഥവാ ജീര്‍ണ്ണത കേരളീയ ജീവിതത്തിന്റെ സമസ്ത മേഖലകളേയും സ്വാധീനിച്ചു.
ഇതെല്ലാം ഒരു ഭാഗത്ത് സാമ്രാജ്യത്വാശ്രിത,വലതുപക്ഷ സ്വാധീനങ്ങള്‍ സാമ്പത്തിക രാഷ്ട്രീയ,സാമൂഹ്യ,സാംസ്കാരിക മണ്ഡലങ്ങളിലാകെ ആധിപത്യത്തില്‍ വരുന്നതിലേക്കും കോണ്‍ഗ്രസ്സും ബിജെപിയും മുതല്‍ CPI-M- വരെ ഭരണ രംഗത്ത് ഇവയെ പ്രതിഷ്ടിക്കുന്നതിലേക്കും എത്തിച്ചു.
മറുഭാഗത്ത് ഇവയെ നേരിടുകയാണെന്ന ഭാവത്തോടെ വിവിധ മത തീവ്രവാതങ്ങളും അവയുടെ ചാവേര്‍ ഗ്രൂപ്പുകളും ശക്തിപ്പെട്ടു.‘കൊട്ടേഷന്‍ സംഘങ്ങള്‍’ എല്ലായിടത്തും വളര്‍ന്നു.
ഈ വലതു പക്ഷ കുത്തിയൊഴുക്കിന്റെ ഒരു പ്രതീകാത്മക  രൂപമാണ് ‘ എക്സലൈറ്റുകള്‍ക്ക് ’ എല്‍ ഡി എഫിന്റെ വേദിപങ്കിടുമ്പോള്‍ , നാമമാത്രമായ ‘മാവോയിസ്റ്റ്’അനുയായികള്‍ എന്‍ ഡി എഫിനൊപ്പം കൈകോര്‍ക്കുന്നത്.

4, ഇതൊക്കെ സംഭവിച്ചിട്ടും കേരളത്തില്‍ അവശേഷിക്കുന്ന , ഇപ്പോഴും പ്രായേണ ശക്തമായ ഇടതുപക്ഷമനസ്സിന് ചെലുത്താന്‍ കഴിയുന്ന സ്വാധീനത്തിന്റെ അപകടം പ്രതിലോമശക്തികള്‍ തിരിച്ചറിയുന്നു.
അതിനെ തകര്‍ക്കാനാണ് കലാസാഹിത്യ മാധ്യമ രംഗങ്ങളിലെ നാനാതരം ശ്രമങ്ങള്‍.
മലയാളി വായിക്കുന്ന പുസ്തകങ്ങളിലും കഥകളിലും മുഴച്ചു നില്ക്കുന്നത് ഉത്തരാധുനികതയുടെ പേരില്‍ പ്രതിലോമചിന്തകളാണ്.പത്രങ്ങളും ,വാരികകളും മറ്റും ക്ഷേത്രം പള്ളി, മസ്ജിദ് വിശേഷങ്ങള്‍കൊണ്ട് നിറയുന്നു.
യുക്തിചിന്തക്കും ശാസ്ത്രബോധത്തിനും കിട്ടുന്ന ഇടം ലോപിച്ച് ഏതാണ്ട് ഇല്ലാതാകുന്നു.
ദൃശ്യമാധ്യമങ്ങളില്‍ നിറയുന്നത് മധ്യവര്‍ഗ്ഗ ജീര്‍ണ്ണതയുടെ മഹത്വവല്ക്കരണവും,പാട്ട്-ആട്ട മത്സരങ്ങളും,തരം താണ ഹാസ്യാവതരണങ്ങളും,യക്ഷിക്കഥകളും.
മത-ജാതി ശക്തികള്‍ ആധിപത്യം ഉറപ്പിച്ച വിദ്യാഭ്യാസരംഗത്തുനിന്ന് സാമുഹ്യശാസത്ര വിഷയങ്ങള്‍ നിഷ്ക്രമിക്കുന്നതോടെ, പുതിയ തലമുറയുടെ സാങ്കേതികമാത്ര മനസ്സുകളിലേക്ക് ഈ അധമ ചിന്തകള്‍ക്ക് വേഗം കടന്നു വരാന്‍ കഴിയുന്നു.
ഗോവയെ കടത്തിവെട്ടി കേരളം തായ്‌ലാന്റ് ആകാന്‍ കുതിക്കുമ്പോള്‍ ചിത്രം പൂര്‍ണ്ണമാകുന്നു. എല്ലാ വനോത്ഥാന മൂല്യങ്ങളും കൈമോശം വന്ന് പുത്തന്‍ അധിനിവേശത്തില്‍ കീഴിലെ പുത്തന്‍ ഭ്രാന്താലയമായി മാറിയിരിക്കുകയാണ് കേരളീയ സമൂഹം.

5, ഈ അവസ്ഥയെ ചെറുക്കാനും പരാജയപ്പെടുത്താനും കഴിയണമെങ്കില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ആരംഭിച്ച,
ജന്മി-നാടുവാഴിത്തത്തിനും സവര്‍ണ്ണാധിപത്യത്തിനും എതിരേ നടന്ന നവോത്ഥാന പ്രസ്ഥാനത്തില്‍ നിന്ന് ശരിയായ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ മുന്നേറ്റത്തിന് വഴിയൊരുക്കണം.
അങ്ങിനെ കേരളീയ മനസ്സുകളെ ഒരിക്കല്‍ കൂടി ഉഴുതു മറിച്ചാലേ വിപ്ലവസ്വപ്നങ്ങള്‍ കാണുന്ന,സോഷ്യലിസ്റ്റ് ഭാവിക്കായി എന്തും ത്യജിക്കാന്‍ തയാറുള്ള പുതിയ തലമുറ രൂപപ്പെടുകയും ശക്തിപ്പെടുകയും ചെയ്യൂ.
അന്നു മുലക്കരം ചോദിച്ചരാജാവിന് മുലയറുത്തുകൊടുത്താണ് ചാന്നാര്‍ സ്ത്രീകള്‍ തിരിച്ചടിച്ചത്. സവര്‍ണ്ണാധിപത്യത്തിനും ജന്മിനാടുവാഴിത്തത്തിനും എതിരേ അയ്യങ്കാളി പോരാട്ടം തുടങ്ങിയത്. ജാതിവ്യവസ്ഥയേയും ജന്മിത്വത്തേയും തകര്‍ക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ്
നാരായണഗുരുവിന്റെ ‘ ഒരു ജാതി ,ഒരു മതം,ഒരു ദൈവ ’ ചിന്തയില്‍ പുത്തന്‍ മാനവികതയിലേക്ക് നയിച്ച ദര്‍ശനമാണ്,പ്രവര്‍ത്തനങ്ങളാണ്‘ജാതിവേണ്ട,മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്’ എന്ന ചിന്തയിലേക്ക് മലയാളിയെ ഉയര്‍ത്തിയത്.
കീഴാള സമൂഹങ്ങളില്‍ നിന്നുയര്‍ന്ന ഈ കൊടുങ്കാറ്റുകളാണ് മേലാള സമൂഹങ്ങളിലേക്ക് വെളിച്ചം എത്തിക്കുന്നതും അന്ധവിശ്വാസങ്ങള്‍ക്കും സ്ത്രീകളെ അടിമകളാക്കി വെക്കുന്നതിനും മറ്റുമെതിരായ കലാപങ്ങള്‍ക്ക് വഴിതെളീച്ചത്. ഇവയൊന്നും ഇന്ന് പലരും പറയുന്നതുപോലെ ആരുടേയും വാഗ്ദാനങ്ങളോ,സമാധാനപരമായ മാറ്റങ്ങളോ ആയിരുന്നില്ല.
അന്ധകാരജടിലമായ അവസ്ഥയില്‍നിന്ന് കേരളത്തെ നിവര്‍ത്തിപ്പിക്കുന്നതിനുള്ള മോചന പ്രസ്ഥാനങ്ങളായിരുന്നു.
ഈ നവോത്ഥാന മുന്നേറ്റമാണ് ജന്മിത്വം അവസാനിപ്പിക്കുന്നതിനും സാമ്രാജ്യത്വത്തെ എതിര്‍ക്കുന്നതിനും ദേശീയ വിമോചന സമരത്തില്‍ പങ്കാളിയാകുന്നതിനും മലയാള മനസ്സിനെ തയാറാക്കിയത്.
ആ അന്തരീക്ഷത്തിലാണ് കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് എന്ന ഗര്‍ജ്ജനത്തോടെ ജന്മിനാടുവാഴിത്ത വിരുദ്ധ സമരം കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വളരുന്നത്.
സാമ്പത്തിക-രാഷ്ട്രീയ-സാമൂഹ്യ,കലാ സാഹിത്യ മണ്ഡലങ്ങളിലെല്ലാം ഉണ്ടായ മന്നേറ്റങ്ങള്‍ക്ക് നവോത്ഥാന പ്രസ്ഥാനമാണ് മണ്ണൊരുക്കിയത്.

6 , സ:പി കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ്പാര്‍ട്ടി നവോത്ഥാന മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് നടത്തിയ മുന്നേറ്റങ്ങള്‍ക്ക് ശേഷം, ഇ എം എസിന്റെ നേതൃത്വത്തില്‍,സാര്‍വദേശീയ രംഗത്ത് ശക്തിപ്പെട്ട തിരുത്തല്‍ വാദ സംവിധാനങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ ,കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ മുന്‍ കൈനേടിയത് സംസ്കാരികരംഗത്തും ഉല്പാദനബന്ധങ്ങളിലും നിരന്തരം നടത്തേണ്ടസമരങ്ങളെ അവഗണിച്ച് സാമ്പത്തിക സമരങ്ങള്‍ക്കും പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ക്കും മുന്‍ഗണന നല്കുന്ന പരിഷ്കരണവാദമാണ്
അധികാരകൈമാറ്റത്തേ തുടര്‍ന്നു പുത്തന്‍ അധിനിവേശത്തിനടിപ്പെട്ട ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ നിലനില്കുന്ന ബൂര്‍ഷ്വാജനാധിപത്യ വ്യവസ്ഥകളിലെ പ്രവര്‍ത്തനത്തെ വര്‍ഗ്ഗസമരത്തിന്റെ ഭാഗമായി കാണുന്നതിനു പകരം,1957-ല്‍ മുഖ്യമന്ത്രിയായി അധിക്കാരത്തിലേറുമ്പോള്‍ ഇ എം എസ്സ് പ്രഖ്യാപിച്ചത് കോണ്‍ഗ്രസ്സിന്റെ പുരോഗമന നയങ്ങള്‍ നടപ്പിലാക്കാന്‍ ഭരണത്തെ ഉപയോഗിക്കുമെന്നാണ്.
അതുകൊണ്ട് കയ്യൂരിന്റേയും കരിവെള്ളൂരിന്റേയും തെലുങ്കാനയുടേയും തുടര്‍ച്ചയായി,കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്നവരിലേക്ക് എത്തിക്കുന്ന സമരങ്ങളെ ഉത്തേജിപ്പിക്കുന്ന ഒരു കാര്‍ഷിക ബന്ധബില്ലിന് പകരം എ എം എസ് മന്ത്രിസഭ അവതരിപ്പിച്ചത് പുത്തന്‍ അധിനിവേശ നയങ്ങളുടെ ഭാഗമായി റോക്ക്ഫെല്ലര്‍ ഫോര്‍ഡ്ഫൗണ്ടേഷനുകള്‍ നിദ്ദേശിച്ച പ്രകാരമുള്ള ഭൂപരിധിനിയമമാണ്. അധ:സ്ഥിതന്റെ അവകാശം കുടിവെക്കാനുള്ള പത്തുസെന്റില്‍ ഒതുക്കി.
സാംസ്കാരിക രംഗത്ത് കുതിച്ചു ചാട്ടത്തിനു കളമൊരുക്കുന്ന പുരോഗമന വിദ്യാഭ്യാസ പ്രസ്ഥാനത്തെ ഉത്തേജിപ്പിക്കുന്നതിനു പകരം, വിദ്യാഭ്യാസത്തെ പൊതുമേഖലയില്‍ കൊണ്ടുവരണമെന്ന് പ്രഖ്യാപിച്ച് അതിന്നു വേണ്ടി നിയമനിര്‍മ്മാണം നടത്തുന്നതിനു പകരം,വിദ്യാഭ്യാസബില്ലില്‍ ഊന്നിയത് വിദ്യാഭ്യാസ രംഗത്ത് പൊതുമേഖലയും സ്വകാര്യമേഖലയുമായി പങ്കുവെക്കുന്നതിലാണ്.
വര്‍ഗ്ഗസമരത്തെ ഉത്തേജിപ്പിക്കുന്നതിനു പകരം പരിഷ്കരണ വാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഇ എം എസ് മന്ത്രിസഭ ചെയ്തത്.

7, ഈ പരിഷ്കരണങ്ങള്‍ക്ക് പോലും ഇടം കൊടുക്കാതെ പ്രതിലോമശക്തികള്‍ തിരിച്ചടിക്കുകയും വിമോചന സമരാഭാസത്തിലൂടെ സര്‍ക്കാറിനെ അട്ടിമറിക്കുകയും ചെയ്തപ്പോള്‍ ,അതില്‍ നിന്നും പാഠം ഉള്‍ക്കൊള്‍ണ്ട് പ്രസ്ഥാനത്തെ വിപ്ലവപാതയില്‍ തിരിച്ചുകൊണ്ടു വരുന്നതുനു പകരം,
1964-ല്‍ പരസ്യമായി വര്‍ഗ്ഗസഹകരണ പാത കൈവരിച്ച സി പി ഐ നേതൃത്വത്തിന്നെതിരെ കലാപം ചെയ്ത സി പി ഐ (എം) രൂപീകരിച്ചിട്ടും അതിന്റെ തലപ്പത്ത് വന്ന ഇ എം എസ് ചെയ്തത്. കൂടുതല്‍ വലത്തോട്ട് പോയി,എങ്ങിനേയും ബൂര്‍ഷ്വാഭരണക്രമത്തില്‍ പങ്കാളിയാകുന്നതിനുവേണ്ടി ‘കോണ്‍ഗ്രസ്സിനെ എതിര്‍ക്കാന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടാം’ എന്ന വാദത്തോടെ അവസരവാദ ഐക്യമുന്നണി രാഷ്ട്രീയം മുന്നോട്ട് കൊണ്ടു വരികയാണ്.
1967-ല്‍ ആരംഭിച്ച ഈ ഐക്യമുന്നണി രാഷ്ട്രീയത്തോടെ ഫലത്തില്‍ വലത്,ഇടത് ഭരണങ്ങള്‍ ഒരേ നാണയത്തിന്റെ ഇരു വശങ്ങളായി.ഭരണത്തില്‍ കയറുന്നതിനുവേണ്ടി ആരുമായും കൂട്ടുകൂടാമെന്നായി.
ഈ പിന്തിരിപ്പന്‍ ആശയം സി പി ഐ (എം) നെ മാത്രമല്ല.പല കാലത്തായി അത് വിട്ടു പുറത്തു പോയ എല്ലാ വിമത വിഭാഗങ്ങളേയും ഒഴിയാബാധയായി പിടികൂടി.
കോണ്‍ഗ്രസ്സില്‍ നിന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ എത്തിയ ഇ എം എസ് ചെയ്തത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കോണ്‍ഗ്രസ്സിന്റെ അനുബന്ധമാക്കി മാറ്റുന്ന പ്രവര്‍ത്തിയാണ്.

8, ഈ പശ്ചാത്തലത്തിലാണ് തുടക്കത്തില്‍ വിശകലനം ചെയ്ത അവസ്ഥയിലേക്ക് കേരളീയ സമൂഹം ജീര്‍ണ്ണിക്കപ്പെട്ടത്. പുതിയ തലമുറകളില്പോലും കുത്തിവെക്കപ്പെടുന്നത് എങ്ങിനേയും ഒരു ജോലിനേടി വ്യവസ്ഥയുടെ ഭാഗമാവുക, പുത്തന്‍ അധിനിവേശ സംസ്കാരത്തിന്റെ ഭാഗമാവുക എന്ന നിലപാടുകളാണ്.
എല്ലാ സ്ഥലത്തും വിറ്റഴിക്കപ്പെടുന്ന ലോട്ടറിയുടെ കാര്യം പര്‍ശോധിക്കുക.ലോകത്തില്‍ ഏറ്റവും കൂടുതല്‍ ലോട്ടറി ഭ്രാന്ത് കേരളത്തിലായത് യാദൃശ്ചികമല്ല.എങ്ങിനേയും പണകാരനാവുക എന്ന ആശയമാണ് മലയാളിയെ പ്രമുഖമായി നയിക്കുന്നത്. ഇ എം എസിന്റെ അവസാനത്തെ സൈദ്ധാന്തിക സംഭാവനയായ ജനകീയാസൂത്രണം ഐ എം എഫ് -ലോകബാങ്ക് നിര്‍ദ്ദേശപ്രകാരം ഗ്രാമങ്ങളേ പോലും ആഗോളസമ്പദ് വ്യവസ്ഥയുടെ ഭാഗമാക്കുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. അതോടെ പഞ്ചായത്ത് തലം വരെ അഴിമതി വികേന്ദ്രീകരിക്കപ്പെടുകയും ചെയ്തു .
അങ്ങിനെ മദ്യവും മതവും എത്രയും അഴിമതിയും എന്തും സ്വീകരിക്കാമെന്ന അവസ്ഥയിലെത്തിയ മലയാളി സ്വന്തം മക്കളേയും ‘ബ്രോയിലര്‍ ചിക്കനെ’ പോലെ ഇതേരൂപത്തില്‍ വാര്‍ത്തെടുക്കുന്നതില്‍ വ്യാപൃതനാണ്.
ഭരണ,സാസ്കാരിക,മത,ജാതി,ആരാധനാസ്ഥാപനങ്ങളാകെ ഇതിലേക്കാണ് അവരെ എത്തിക്കുന്നത്.
ഇതിനെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് പ്രവര്‍ത്തിക്കാനാരംഭിച്ച നക്സലൈറ്റ്  പ്രസ്ഥാനത്തിലേയും അതിന്റെ നേതൃത്വത്തില്‍ കേരളീയ സമൂഹത്തില്‍ വളരെ സ്വാധീനം സൃഷ്ടിച്ച ജനകീയ സാംസ്കാരിക വേദിയിലേയും നിരവധിപ്രവര്‍ത്തകരെ പോലും വലിയൊരളവില്‍ പിറകോട്ടടിപ്പിക്കാന്‍ കഴിയും വിധം ശക്തിയാര്‍ജ്ജിച്ചു കഴിഞ്ഞിരിക്കുകയാണ്.
ഈ പ്രതിലോമരാഷ്ട്രീയവും സസ്കാരവും എന്നതിനാല്‍ അവയ്ക്കെതിരെ സര്‍വ്വശക്തിയും ഉപയോഗിച്ച് ആഞ്ഞടിക്കാതെ മലയാളി സമൂഹത്തെ വിപ്ലവപാതയില്‍ തിരിച്ചു കൊണ്ടുവരാന്‍ ആവില്ല.
രണ്ടാം ലോകയുദ്ധാനന്തരം അമേരിക്കന്‍ നേതൃത്വത്തില്‍ സാമ്രാജ്യത്വ ചേരി ആരംഭിച്ച പുത്തന്‍ അധിനിവേശ കടന്നാ   ക്രമണങ്ങളെ തിരിച്ചറിയുന്നതിനും സാമ്രാജ്യത്വവ്യവസ്ഥക്ക് എതിരേ സോഷ്യലിസ്റ്റ് ബദല്‍ വളര്‍ത്തിക്കൊണ്ടു വരുന്നതിലും ഉണ്ടായ പാളിച്ചകളുടെ ഫലമായി സാര്‍വ്വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനം തിരിച്ചടിയെ നേരിടുന്ന പശ്ചാത്തലത്തില്‍ ഈ സംരംഭത്തിനു വന്‍ പ്രാധാന്യമണ്ട്.

 9, ആധിപത്യഭരണ,സാമ്പത്തികവ്യവസ്ഥയും അതിന്റെ സംസ്കാരവും എല്ലാപുരോഗമന മൂല്യങ്ങളേയും സാമൂഹ്യബോധത്തേയും നിഷേധിക്കുന്നവനായി മലയാളിയെ മാറ്റുന്ന സാഹചര്യത്തില്‍,തൊഴിലാളികളുടേയും ജീവനക്കാരുടേയും നിലവിലുള്ള സംഘടനകള്‍ പോലും സാമ്പത്തിക സമരവാദത്തിലും അഴിമതിയിലും കക്ഷിരാഷ്ട്രീയ സങ്കുചിതത്വത്തിലും മുഴുകിയിരിക്കുമ്പോള്‍,
ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിലോമശക്തികളുടെ ഭാഗമായി മാറിയിരിക്കുമ്പോള്‍ ,
നിലവിലുള്ള സാംസ്കാരിക സംഘടനകള്‍ പോലും വ്യവസ്ഥാപിതവല്ക്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുമ്പോള്‍,
സത്വവാദം അധസ്ഥിത വിഭാഗങ്ങളിലെ നേതൃശക്തികളെ പോലും പ്രതിലോമതയിലെത്തിക്കുമ്പോള്‍
നവ ഉദാരനയങ്ങളുടെ ഭാഗമായി വിദ്യാഭ്യാസം കച്ചവടവല്ക്കരിക്കുമ്പോള്‍ ,
വമ്പിച്ചൊരു സാംസ്കാരികമുന്നേറ്റത്തിലൂടെ മാത്രമേ ഈ അവസ്ഥയെ മറികടക്കാനാകൂ.
അതായത് സാമ്പത്തികാടിത്തറയില്‍ മൗലികമായ മാറ്റങ്ങള്‍ വരുത്തുന്നതിന് സാംസ്കാരിക മണ്ഡലത്തിലെ വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ ഗണന കൊടുക്കേണ്ടിയിരിക്കുന്നു.

10,ഇത്രയേറെ പ്രതികൂല സാഹചര്യത്തിലും ഇടതുപക്ഷചിന്തക്ക് ഇന്നും കേരളത്തില്‍ സ്വാധീനം നിലനില്ക്കുന്നുണ്ട്.
അതിന്ന് പലപ്പോഴും പ്രകടമാക്കുന്നില്ലെങ്കിലും  അസംഘടിതമാണെങ്കിലും എത്രയേറെ ദുര്‍ബ്ബലമാണെങ്കിലും എല്ലാ രംഗങ്ങളിലും പുരോഗമനാശയങ്ങള്‍ക്ക് സ്വാധീനമുണ്ട്.
സി പി ഐ (എം എല്‍) പുത്തന്‍ അധിനിവേശകാലത്തെ സാമ്രാജ്യത്വത്തെക്കുറിച്ചുള്ള ധാരണ വികസിപ്പിക്കുന്നതിനും സാര്‍വ്വദേശീയ കമ്യുണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായ പാളിച്ചകളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട്
സോഷ്യലിസ്റ്റ് ബദല്‍ സങ്കല്പത്തേക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ആവിഷക്കരിക്കുന്നതിനും മുന്‍‘കൈ എടുത്തുകൊണ്ടു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍വഴി ഈ ഇടതുപക്ഷ ചിന്തയേയും പുരോഗമനാശയങ്ങളേയും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടിയാല്‍,
പുത്തന്‍ നവോത്ഥാന മുന്നേറ്റത്തില്‍ പങ്കാളികളാകേണ്ട ദളിത്,ആദിവാസി,അധസ്ഥിത വിഭാഗങ്ങളിലും സ്ത്രീകള്‍ക്കിടയിലും പ്രവര്‍ത്തനം ശക്തിപ്പെടുത്തിയാല്‍
വര്‍ത്തമാന പ്രതിലോമാവസ്ഥക്കെതിരായ വെല്ലുവിളി വളര്‍ത്തിക്കൊണ്ടു വരാനാകും.
ഇതിനു ജനകീയാസൂത്രണവും കുടുംബശ്രീകളുവരെ എത്തിയിരിക്കുന്ന നവ ഉദാര നയങ്ങളെ സൈദ്ധാന്തികവും രാഷ്ട്രീയവുമായി തുറന്നു കാട്ടി ബദല്‍ പ്രസ്ഥാനങ്ങള്‍ക്കും പ്രാദേശികസമിതിയിലെ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള പുരോഗമന പാത വെട്ടിതുറക്കണം.
വിദ്യാഭ്യാസം,ചികിത്സാധിമേഖലകളുടെ കച്ചവട വല്ക്കരണത്തിന്നെതിരായും ഈ മേഖലകളില്‍ നിന്ന് മത,ജാതി,മാഫിയാ ശക്തികളെ പുറത്താക്കുന്നതിനുമുള്ള കാമ്പയിന്‍ ആരംഭിക്കണം        
മതമൗലികവാദികളെ എതിര്‍ക്കുന്നതോടൊപ്പം മതവിമര്‍ശനത്തിനും കമ്യൂണിസ്റ്റുകാര്‍ മുന്‍ കൈ എടുക്കണം.
സവര്‍ണ്ണാധിപത്യത്തെ ചെറുക്കുന്നതില്‍ നിന്ന് തുടങ്ങി ജാതിരഹിത സമൂഹത്തിനായി പ്രവര്‍ത്തിക്കണം.
സര്‍ക്കാര്‍ തന്നെ മദ്യവില്പന പ്രോത്സാഹിപ്പിക്കുന്നതിനെ ചെറുത്തുകൊണ്ട് മദ്യാസക്തിക്കും മദ്യമാഫിയകള്‍ക്കുമെതിരെ സമരം വളര്‍ത്തണം.
സ്ത്രീകല്ക്കെതിരായ ആക്രമണങ്ങളേയും സെക്സ്ടൂറിസത്തേയും ചെറുക്കണം.
മാനവ രാശിയുടെ നിലനില്പ്പിനു തന്നെ അപകടം സൃഷ്ടിക്കുന്ന സാമ്രാജ്യത്വ പ്രേരിതവികസന നയത്തിനെതിരെ ജനപക്ഷ,പ്രകൃതിപക്ഷ വികസന നയം ആവിഷ്കരിച്ച് അതിനായി പ്രവര്‍ത്തിക്കണം.
പരിഷ്കരണ വാദത്തേയും വര്‍ഗ്ഗ സഹകരണ സങ്കല്പങ്ങളേയും ചെറുത്ത് വിപ്ലവപരമായ സാമൂഹ്യ പരിവര്‍ത്തനത്തിന്റെ,സോഷ്യലിസത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കണം.
കലാ-സാഹിത്യ-മാധ്യമരംഗങ്ങളിലെ ദുഷ്ടശക്തികളെ വെല്ലുവിളിക്കാനും പുത്തന്‍-കലാ-സാഹിത്യ-മാധ്യമ സങ്കല്പങ്ങള്‍ വളര്‍ത്താനും പരിപാടിയിട്ട് പ്രവര്‍ത്തിക്കണം.
’പുത്തന്‍ നവോത്ഥാനത്തിനു തുടക്കമിടുക‘ എന്ന മുദ്രാവാക്യത്തോടെ പാര്‍ട്ടിയും വര്‍ഗ്ഗബഹുജനപ്രസ്ഥാനങ്ങളും പുരോഗമന,ജനാധിപത്യ,ജാതിവിരുദ്ധ,മതേതര ശക്തികളോട് ഐക്യപ്പെട്ടു മുന്നേറാന്‍ശക്തിനേടണം.
ഈ കാലഘട്ടത്തിന്റെ വെല്ലുവിളിയാണിത്.

2010 ജനുവരി 12, ചൊവ്വാഴ്ച

യുവർ ഓണർ;തെളിവില്ല എന്നത്‌ ശരിയായ ഒരു തെളിവല്ല സാർ.

ചിലപ്പോഴൊക്കെ
നമ്മുടെ സമനില തെറ്റുന്നുണ്ടോ എന്ന് തോന്നിപ്പോകുന്ന
സന്ദർഭങ്ങൾ അടുത്തകാലത്ത്‌ പലപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുകയാണ`. വ്യക്തിത്വം നശിപ്പിക്കുന്ന,
വിവേകബോധത്തെ നിശ്ചേതനമാക്കുന്ന
സന്ദർഭങ്ങൾ. ഇതിൽ പല സന്ദർഭങ്ങളിലും
അവ്യക്തയോടെയാണെങ്കിലും നിലപാടെടുക്കാൻ
നിർബ്ബന്ധിതമാവുന്ന ചിലഘട്ടങ്ങൾ അശിനിപാതം പോലെ
നമ്മളിൽ വന്നു പതിക്കാറുണ്ട്‌.
ഈ പ്രതിഭാസത്തെ
ഏതെങ്കിലും ശീലങ്ങൾ എന്ന നിലക്കല്ല വായിച്ചെടുക്കേണ്ടത്‌,
പകരം നമ്മെ ചൂഴ്‌ന്നു നിൽക്കുന്ന
വർത്തമാന കാല രാഷ്ട്രീയ സാഹചര്യമാണ` എന്നതായിരിക്കണം
അങ്ങിനെ അല്ലെങ്കിൽ ശരിയും
വ്യക്തത്തയും ഒരു പക്ഷെ നമുക്ക്‌ നഷ്ടപ്പെട്ടേക്കാം.
സമീപകാല സക്കറിയൻ അനുഭവത്തെ
പക്ഷപാത പരമായ വീക്ഷണത്തിൽ വിലയിരുത്താൻ
എത്രയെങ്കിലും കഴിയുമെന്ന്
"DYFIആക്രമണാ"നന്തര ദിന പ്രതികരണങ്ങളിൽ നിന്നു
നമുക്ക്‌ ബോദ്ധ്യപ്പെടുന്നുണ്ട്‌.
ഈ പ്രതികരണങ്ങളുടെ ഒരു പ്രത്യേകത എന്ന നിലക്ക്‌
തോന്നിയിട്ടുള്ളത്‌ സക്കറിയ എന്ന സാഹിത്യാനുഭവവും,
സക്കറിയ എന്ന രാഷ്ട്രീയാനുഭവവും വേർത്തിരിഞ്ഞു നിൽക്കുന്നു
എന്നതാണ`.
ഈ വേർ തിരിവ്‌ പ്രകടമായിവന്ന സാഹിത്യ,
സിനിമ,നാടക,പ്രഭാഷണ ബുദ്ധിജീവിതങ്ങൾക്കൊക്കെ തന്നെ
സമാനമായ അനുഭവങ്ങൾ ചരിത്രത്തിൽ വേണ്ടുവോളമുണ്ട്‌.
[ഓർമ്മിക്കാൻ താൽപര്യമുണ്ടെങ്കിൽ] സക്കറിയയിലെ
സാഹിത്യ ബുദ്ധിജീവിതത്തെ
ആരും ആസ്വദിച്ചുപോവും,
ആധരിച്ചുപോവും,ബഹുമാനിച്ചുപോവും.
സക്കറിയയുടെ കക്ഷിരാഷ്ട്രീയ താൽപര്യങ്ങളെ മാറ്റിനിർത്തിയാൽ നഷ്ടപ്പെട്ടുപോവുന്ന സ്വാതന്ത്ര്യത്തേക്കുറിച്ചും
മനുഷ്യാവകാശങ്ങളേക്കുറിച്ചും
അദ്ദേഹത്തിന്റെ ഉൽക്കണ്ഠ നമ്മളിൽ ആവേശമുണർത്തുന്നവയാണ`,
അതുകൊണ്ടൊക്കേതന്നെയാണ` ഇവരെയൊക്കെ
വിശുദ്ധപശുക്കളായി നമ്മുടെ ഹൃദയത്തിൽ കെട്ടിയിട്ടിരിക്കുന്നത്‌ .
ഒരു പ്രതിഷേധത്തിലൊതുക്കേണ്ടുന്ന ഈ കുറിപ്പ്‌
അൽപം ദീർഘിച്ചു പോയതിന്ന് ഒരുകാരണമുണ്ട്‌.
മിനിഞ്ഞാന്നത്തെ വാർത്താവായന റിയാലിറ്റി സീരിയൽ ഷോകളുടെ
തുടർച്ച നഷ്ടപ്പെടുത്തിയ നീരസത്തിലാണെന്ന് തോനുന്നു
അച്ഛാ ആരാണീ സക്കറിയ..അന്ന് പോലീസ്‌ പിടിച്ച ആളുടെ പാർട്ടിക്കാരനാ....
കൊച്ചു കുട്ടിയുടെ ഈ ചോദ്യത്തിൽ കഴമ്പില്ലാത്തത്കൊണ്ട്‌ മാത്രമല്ല
ചോദ്യം അവഗണിച്ച്‌ ടിവി യിലെ തുടർ വായനക്ക്‌ ചെവികൊടുക്കാതെ
ഞാൻ പുറത്തേക്കിറങ്ങിയത്‌.
കേട്ട്‌ മറന്ന പഴങ്കഥകളിലെ
പീഡന നേതാക്കന്മാർക്ക്‌ ലഭിച്ച സഘടനാ സംരക്ഷണം
എന്തേ പ്രിയ ഉണ്ണിത്താനു
സ്വന്തം പാർട്ടിക്കാരിൽ നിന്നും കിട്ടാതെ പോയി?
പൗരാവകാശങ്ങളും,മനുഷ്യാവകാശങ്ങളും
കടലെടുത്ത്‌ പോകുന്ന വർത്തമാനാവസ്ഥയിൽ
ഉണ്ണിത്താൻ ശരിയോ,തെറ്റോ എന്ന് പഠിക്കാതെയുള്ള ധൃതി
സക്കറിയ എന്തിന്ന് പ്രകടിപ്പിച്ചു ?
മുകുന്ദനേക്കാൾ എന്തുകൊണ്ടും കേമൻ ഞാൻ തന്നെ
എന്ന് ആരെയെങ്കിലും ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നോ?
നെറികെട്ട ഗ്രൂപ്പ്‌ രാഷ്ട്രീയത്തിൽ ഒട്ടിനിൽക്കാൻ
സൂഫിയായുടേയും വൃന്ദാകാരട്ടിന്റേയും കിടപ്പറയിൽ ഒളിഞ്ഞുനോക്കി
കണ്ടുപിടിച്ച എവൈലബിലിറ്റിയെ എരിവും പുളിയും ചേർത്ത്‌
ചാനലുകളിൽ കത്തിക്കയറി കുടുംബ സദസ്സിനെ അശ്ലീകരിച്ച്‌ നാണംകെടുത്തിയ ഉണ്ണിത്താൻ നേതാവിന്റെ നെറികെട്ട രാഷ്ട്രീയത്തെ
അപലപിക്കാൻ സക്കറിയ എന്തേ ധൈര്യം കാണിച്ചില്ല ?
ഉണ്ണിത്താൻ നേതാവിനെ കഴുത്തിന്ന് പിടിച്ച്‌ പുറത്തെറിയാൻ "പ്രായപൂർത്തിസംഗമത്തെ" അവസരമാക്കിയെടുത്ത
സോണിയാ-രമേശ്‌ ചെന്നിത്തലകൾക്ക്‌
ഒരു കൊട്ടുകൊടുക്കാൻ മടികാണിച്ച സക്കറിയയുടെ
രാഷ്ട്രീയ തിമിരത്തെ ഏതു തരം ചികിത്സ കൊണ്ടാണ`മാറ്റാൻ കഴിയുക ?
ഇനിയും നീട്ടിവലിച്ച്‌ വായനാരസം കളയുന്നില്ല .
പറഞ്ഞു വരുന്നത്‌;-
മാന്യന്മാരുടെ പീഡന സൂത്രങ്ങൾ വാർത്തയാക്കിയ
മാധ്യമ പ്രവർത്തകരെ തല്ലിയൊടിച്ച
അതേ മനോ നിലതന്നെയാണ`,
രാഷ്ട്രീയമാണ`സാംസ്കാരിക വ്യക്തിത്വത്തെ
കഴുത്തിന്ന് പിടിച്ച്‌ തള്ളി അപമാനിച്ച
ഹീന പ്രവൃത്തിയിലും ഉള്ളടങ്ങിയിരിക്കുന്നത്‌.
സക്കറിയ സൂചിപ്പിച്ചത്പോലെ
"ഇത്‌ അഹന്തയാണ`,അധികാരത്തിന്റെ ഗർവ്വാണാ`"
ചിന്താ ശുന്യതയാണ`.
സാംസ്കാരിക ബുദ്ധിജീവിതങ്ങളെ-അഭിപ്രായ സ്വാതന്ത്ര്യങ്ങളെ
ആധരിക്കാത്ത ബഹുമാനിക്കാത്ത ഈ "ഇടതുപക്ഷ"യുവത്വങ്ങളിൽ നിന്നും
ഒരു നന്മയും പ്രതീക്ഷിക്കാനാവില്ല...
എന്നതാണ`.
എന്റെ ഈ പ്രതിഷേധ ക്കുറിപ്പിനൊപ്പം
സക്കറിയയുടെ ഒരു പഴയ പ്രതികരണം ഇവിടെ ചേർക്കുകയാണ`
[പാഠഭേദം 04 സപ്തം:നവം:ലക്കം11].
"നിലനിൽക്കുന്ന കപടമായ സദാചാരബോധം വ്യക്തികളുടെ
ലൈംഗിക പ്രേരണക്ക്‌ യാതോരുവിധ മാന്യതയോ സ്വീകാര്യതയോ നൽകുന്നില്ല.
ഈ അടിച്ചമർത്തലിന്നെതിരായ
വികൃതമായ പ്രതികരണമായി പുരുഷന്റെ ലൈംഗികത ഇന്ന് മാറിയിരിക്കുന്നു.
കുഞ്ഞാലിക്കുട്ടി ഒരു മന്ത്രിയാണ`എന്നത്‌ കൊണ്ട്‌
ആരോപിക്കപ്പെട്ടിരിക്കുന്ന-
ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാൽ ആ വാക്കേ ഉപയോഗിക്കാൻ കഴിയൂ-കുറ്റത്തിന്ന് ഇത്രയധികം പ്രാധാന്യം നൽകേണ്ട കാര്യമെന്താണ`?
കുഞ്ഞാലിക്കുട്ടി ഏത്‌ പെണ്ണിന്റെ കൂടെകിടക്കുന്നു എന്നത്‌
എന്നെ സംബന്ധിച്ചിടത്തോളം അപ്രധാന വിഷയമാണ`.
അതേ സമയം പ്രായപൂർത്തിയായതോ അല്ലാത്തതോ ആയ
ഏതെങ്കിലും യുവതിയെ സമ്മതമില്ലാതെ ലൈംഗികബന്ധത്തിന്ന് വിധേയമാക്കിയാൽ അതെന്നെ അസ്വസ്ഥനാക്കും.
റജീനയോ മറ്റേതെങ്കിലും യുവതിയോ കുഞ്ഞാലിക്കുട്ടിക്കെതിരെ
മറ്റേതെങ്കിലും ആരോപണമാണ` ഉന്നയിച്ചത്‌ എന്ന് കരുതുക.
ഉദാഹരണത്തിന്ന് തന്റെ കൈയിൽ നിന്ന് ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ്‌ 5ലക്ഷം രൂപ കുഞ്ഞാലിക്കുട്ടി വാങ്ങിയെന്നും,
എന്നാൽ ജോലി വാങ്ങി തന്നില്ല എന്നുമാണ` ആരോപണം
എന്നു കരുതുക.
ഇത്തരത്തിൽ ഒരു പീഡനത്തിന്ന് പത്രങ്ങൾ ഒരിഞ്ച്‌ സ്ഥലമോ
ചാനലുകൾ ഒരു മിനിട്ടോ നൽകുമോ?
മറ്റുള്ളവരുടെ കിടപ്പറയിലേക്ക്‌ എത്തിനോക്കാൻ
മത്സരിക്കുന്ന മാധ്യമങ്ങൾ ഇത്തരമൊരു വിഷയത്തെ
മുക്കികൊല്ലാനായിരിക്കില്ലേ മത്സരിക്കുക?
കുഞ്ഞാലിക്കുട്ടിയടക്കം എത്രയോ മന്ത്രിമാരും
കേരളത്തിൽ അഴിമതിക്കാരായിട്ടുണ്ട്‌.
എന്നാൽ എടുത്തു പറയത്തക്ക ഒരു പ്രതിക്ഷേധവും
മാധ്യമങ്ങളുടെ ഭാഗത്ത്നിന്ന് മാത്രമല്ല
പൊതുജനങ്ങളുടേയും രാഷ്ട്രീയ പാർട്ടികളുടേയും
ഭാഗത്ത്‌ നിന്ന് പോലും ഉണ്ടോ?
കൈക്കൂലി കൊടുത്ത്‌ കാര്യങ്ങൾ സാധിക്കാൻ മത്സരിക്കുന്ന
നമുക്ക്‌ അതിന്നുള്ള ധാർമിക അവകാശം ഇല്ലല്ലോ.
ചോദ്യത്തിൽ ഉന്നയിച്ച ചുവന്ന തെരുവുകൾ ഉണ്ടെങ്കിൽ
മലയാളിപുരുഷന്റെ പ്രാകൃതമായ ലൈംഗികതക്ക്‌
ഒരു മൊഴിമാറ്റം ഉണ്ടാകുമായിരുന്നു."

2010 ജനുവരി 10, ഞായറാഴ്‌ച

ജീവിതം ദുസ്സഹമായിരിക്കുന്നു നേതാവേ....

ഭഷ്യധാന്യവും, പച്ചക്കറി,ചായ-ഊൺ,
മുതലുള്ള ഇന്ധനം വരെയുള്ള നിത്യോപയോഗ സാധനങ്ങളുടേയും, യാത്ര,കുടിവെള്ളം,വിദ്യാഭ്യാസം,
ചികിത്സ,പാർപ്പിടം പോലുള്ള സേവനങ്ങളുടേയും
വിലകൾ അടിക്കടി വർദ്ധിപ്പിച്ചു കൊണ്ട്‌
സാധാരണക്കാരണക്കാരുടെ ജീവിത സാഹചര്യങ്ങളെ
മഹാദുരിതത്തിലേക്ക്‌ ചവിട്ടി താഴ്ത്തിക്കൊണ്ടിരിക്കുകയാണ`
/നിലനിൽപ്‌ അസാധ്യമാക്കി തീർക്കുകയാണ`.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപ്പിലാക്കുന്ന
ആഗോളീകരണ -ഉദാരീകരണ-സ്വകാര്യവൽക്കരണ നയങ്ങൾ
നിത്യോപയോഗ സാധനങ്ങളുടേയും അവശ്യ വസ്തുക്കളുടേയും
വിലകളെ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം ഉയർത്തിക്കൊണ്ടിരിക്കുകയാണ`.
മൊത്ത വില സൂചികകളുടെ അടിസ്ഥാനത്തിൽ കണക്കാക്കുന്ന
പണപ്പെരുപ്പ നിരക്ക്‌ രാജ്യത്ത്‌ കുറഞ്ഞിരിക്കുമ്പോൾ
ഉപഭോക്തൃ വിലസൂചികയുടെ അടിസ്ഥാനത്തിൽ കണക്കാക്കുന്ന
റീട്ടെയിൽ വിലകൾ ആഭൂത പൂർവ്വമായി കുതിച്ചുയരുകയാണ`.
ഈടുറ്റ ഉപഭോഗ വസ്തുക്കളുടേയും ആഡംബര വസ്തുക്കളുടേയും
വിലകൾ താരതമ്യേന ഇടിയുമ്പോൾ
പാവപ്പെട്ടവരുടെ ജീവൻ നിലനിർത്താൻ ആവശ്യമായ
ഭക്ഷണമടക്കമുള്ള എല്ലാ അവശ്യ വസ്തുക്കളുടേയും
വിലകൾ കുത്തകകൾ വർദ്ധിപ്പിക്കുകയാണ`.
തങ്ങളുടെ വരുമാനം മുഴുവൻ ജീവൻ നിലനിർത്താനാവശ്യമായ അവശ്യവസ്തുക്കൾക്ക്‌ പോലും തികയാതെ വരുന്ന
ദരിദ്ര ജനതക്കെതിരെ
സംമ്പന്ന വർഗ്ഗം നടത്തുന്ന കടന്നാക്രമണം അദ്ധ്വാനിക്കുന്നവരുടെ
എല്ലാം തട്ടിപ്പറിക്കുന്ന കൊടിയ കൊള്ളയാണ`
വിലക്കയറ്റം എന്ന വസ്തുത ആസൂത്രിതമായി മൂടിവെക്കപ്പെടുകയാണ` .പടിഞ്ഞാറൻ അറ്റ്ലാന്റിക്കിലെ ദ്വീപ്‌ രാഷ്ട്രമായ ഹെയ്ത്തിയിലും
ചില ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും മറ്റും നടന്ന ഭഷ്യ കലാപങ്ങളെ ചൂണ്ടിക്കാണിച്ച്‌
വിലക്കയറ്റം ഒരാഗോള പ്രതിഭാസമാണെന്നു വ്യാഖ്യാനിച്ച്‌
തടിയൂരുന്നതിന്ന് വേണ്ടിയാണ` കേന്ദ്ര സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു
കേരളം മെച്ചമാണെന്ന കേന്ദ്ര മന്ത്രി മന്ത്രിയുടെ
സർട്ടിഫിക്കറ്റിന്റെ ബലത്തിൽ,
സംതൃപ്തിയിൽ സംസ്ഥാന സർക്കാർ നോക്കുകുത്തികളായി
കയ്യും കെട്ടി നോക്കി നിൽക്കുന്നു.
കേരളത്തെ സംബന്ധിച്ചിടത്തോളം ഇവിടെത്തെ മുഖ്യ ഭക്ഷണമായ
അരിയുടെ 80 ശതമാനത്തിലധികവും
അന്യസംസ്ഥാനങ്ങളിൽ നിന്നാണ` കൊണ്ടുവരുന്നത്‌
കുത്തനെയുള്ള ഇവയുടെ വിലക്കയറ്റം തടയുന്നതിനോ
ഇതിന്ന് കാരണക്കാരായ പൂഴ്ത്തി വെപ്പുകാരയും
കരിഞ്ചന്തക്കാരേയും നിലക്ക്‌ നിർത്തുന്നതിന്നോ
ഭരണകൂടം തയാറാവുന്നില്ല.
സാമ്രാജ്യത്വ നിർബ്ബന്ധങ്ങളെ അടിസ്ഥാനപ്പെടുത്തി
ഇന്ത്യയിൽ നിലവിലുള്ള ഭരണഘടന
രാജ്യത്തെ ഭൂരിപക്ഷം വരുന്ന ദുർബ്ബല വിഭാഗങ്ങൾക്ക്‌
സർക്കാർ ഉത്തരവദിത്വത്തിൽ നടപ്പാക്കിവന്നിരുന്ന
ക്ഷേമ പ്രവർത്തനങ്ങൾ
ഒന്നൊന്നായി പരിമിതപ്പെടുത്തുന്നതിന്ന്
തുടക്കം കുറിച്ചത്‌ 1990 കളിലാണ`.
കേരളത്തിൽ പട്ടിണി മരണങ്ങളും,കോളറ- വസൂരി മരണങ്ങളേയും
ഒരു പരിധിവരെ തടഞ്ഞു നിർത്തിയ,
ലോകാരോഗ്യ സംഘടന പോലും അംഗീകരിച്ച
കേരളീയന്റെ മെച്ചപ്പെട്ട ആരോഗ്യ-വിദ്യാഭ്യാസ നിലയുടെ അടിത്തറപോലും കേരളീയൻ പോരാട്ടങ്ങളിലൂടെ അനുഭവിച്ചു പോന്ന
സ്റ്റാറ്റൂട്ടറി റേഷൻ സംവിധാനമായിരുന്നു.
സബ്ബ്‌ സിഡികൾ എല്ലാം വെട്ടിക്കുറക്കാൻ ആരംഭിക്കുകയും
റേഷൻ സംവിധാനത്തെ അട്ടിമറിക്കാൻ തുടക്കമിടുമ്പോൾ തന്നെ
പൊതു വിപണിയിൽ അരിയടക്കമുള്ള
നിത്യോപയോഗ സാധങ്ങൾക്ക്‌
ഭീമമായ വിലകയറാൻ തുടങ്ങിക്കഴിഞ്ഞിരുന്നു.
'ടാർജറ്റിംഗ്‌' സംവിധാനം നടപ്പിലാക്കികൊണ്ട്‌
സ്റ്റാറ്റൂട്ടറി റേഷൻ സംവിധാനത്തെ
പൂർണ്ണമായും തകർക്കുകയും
ന്യായവിലഷാപ്പുകൾ എടുത്തു മാറ്റുകയും ചെയ്തു.
ഇതോടുകൂടി പൊതു വിപണിയിലെ വിലക്കയറ്റം ഊഹാതീതമാവുകയുമാണുണ്ടായത്‌.
ഇപ്പോഴാകട്ടെ ബഹുരാഷ്ട്ര കുത്തകൾക്കും,കോർപ്പറേറ്റ്‌ ഭീമന്മാർക്കും
റീട്ടെയിൽ കച്ചവടത്തിൽ പ്രവേശിക്കുന്നതിന്നെതിരെയുണ്ടാ
യിരുന്ന എല്ലാനിയന്ത്രണങ്ങളും ഉദാരമാക്കിക്കൊടുത്തതിന്റെ ഫലമായി
ചില്ലറവ്യാപാരം പോലും കുത്തകകളുടെ പിടിയിലായിക്കഴിഞ്ഞു.
ഇപ്രകാരം മൊത്ത-ചില്ലറ വ്യാപാരത്തിന്റെ മേൽ
കുത്തകകൾ നിയന്ത്രണം ഏറ്റെടുത്തതിന്റെ ഫലമായി
വിലകൾ നിയന്ത്രണാതീതമായിക്കഴിഞ്ഞിരിക്കുന്നു.
കേന്ദ്ര സർക്കാരിന്റെ തെറ്റായ നയം തിരുത്താൻ
ഒരവസരം ചോദിച്ച്‌ ,
സ്വദേശി പറഞ്ഞ്‌ അധികാരത്തിൽ കയറിയ
ബി ജെ പി സർക്കാർ ചെയ്തത്‌
തങ്ങളുടെ ഭരണകാലത്ത്‌ 6 കോടി ടൺ ഭഷ്യധാന്യം
ഗോഡൗണുകളിൽ നശിക്കാൻ തുടങ്ങിയപ്പോൾ
വിശക്കുന്ന ജനങ്ങൾക്ക്‌ കൊടുക്കാതെ സബ്സിഡിനിരക്കിൽ
കയറ്റുമതിക്കാർക്ക്‌ വിൽക്കുകയായിരുന്നു.
അമിത ഭഷ്യസ്റ്റോക്കിന്റെ പേരിൽ ഈ മേഖലയെ
എല്ലാ സർക്കാർ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞ ഇവർ
അവശ്യസാധന നിയമം ദുർബ്ബലപ്പെടുത്തി .
മാത്രമല്ല ഈ മേഖലയിൽ അവധിവ്യാപാരം അനുവധിച്ചും ,
ഭഷ്യധാന്യ സംഭരണം സ്വകാര്യമേഖലയിൽ അനുവധിച്ചും
ഈ മേഖലയുടെ തകർച്ചക്ക്‌ വഴിവെച്ചു.
തങ്ങളുടെ പൂർണ്ണമായ മുൻ കയ്യിൽ
രണ്ടുതവണ കോൺഗ്രസ്സിനെ താങ്ങിനിർത്തിയപ്പോഴും
അതർഹിക്കുന്ന ഗൗരവത്തോടെ ഏറ്റെടുക്കാനോ ,
കേരളത്തിന്റെ ഭരണ- സ്വാധീനമോ ഉപയോഗിച്ചു
ജനതയെ അണിനിരത്തി ഈ വിലക്കയറ്റത്തിന്ന് കാരണമായ കേന്ദ്രനയങ്ങൾക്കെതിരായ ശക്തമായ പ്രക്ഷോഭങ്ങളോ
ഇതര ഭരണ നടപടികളോ നടത്താൻ സംസ്ഥാന സർക്കാറോ
സർക്കാറിനെ നയിക്കുന്ന കക്ഷികളോ ഉത്തരവാദിത്വം കാണിച്ചില്ല.
എന്ന് മാത്രമല്ല.മുട്ടയുടേയും പാലിന്റേയും ഇറച്ചിയുടേയും കഥ പറഞ്ഞുകൊണ്ടു ഭക്ഷണക്രമം മാറ്റി കേരളീയൻ വിലക്കയറ്റത്തെ നേരിടണമെന്ന
കോമഡി കളിച്ചു പരിഹസിക്കുകയായിരുന്നു
ഭഷ്യ മന്ത്രി അടക്കമുള്ളവർ ചെയ്തത്‌.
ഇതിന്നിടയിൽ നട്ടം തിരിയുന്ന ജനത്തിന്റെ തലയിൽ
പാമ്പുകടിപോലെ കേരളത്തിലെ സ്വകാര്യ ബസ്സുടമകളുടെ
ലാഭക്കൊതിക്ക്‌ വഴങ്ങി വീണ്ടുമൊരു ബസ്സ്‌ ചാർജ്ജ്‌ വർദ്ധനക്ക്‌
കോപ്പ്‌ കൂട്ടുകയാണ`.
പറഞ്ഞുവരുന്നത്‌,
നിലവിലുള്ള ഇന്ത്യൻഭരണഘടന അനുശാസിക്കുന്ന
അദ്ധ്വാനിക്കുന്ന-പാവപ്പെട്ടവരുടെ
സാമൂഹ്യ ജീവിതത്തിന്ന് താങ്ങായി
സർക്കാർ നിലനിൽക്കണമെന്ന നിലപാടിനെയാണ`
സർക്കാർ കയ്യൊഴിയുന്നത്‌.
ഇതാവട്ടെ ആഗോള മൂലധന താൽപര്യങ്ങൾക്ക്‌ വേണ്ടിയാണ `ഇതിലെവിടെയാണ` സുഹൃത്തേ രാജ്യസ്നേഹം....
ഇതിലെവിടെയാണ` ബഹുജനതാൽപര്യം.....
എന്നതാണ`..
ഒന്നും തോന്നരുത്‌ നേതാവേ
ഉള്ളുതുറന്ന് സത്യസന്ധമായി പറയുകയാ
ഇവിടെ ജീവിതം അക്ഷരാർത്ഥത്തിൽ വഴിമുട്ടി നിൽക്കുകയാണ
പ്ലീസ്‌.....