2011, ഡിസംബർ 3, ശനിയാഴ്‌ച

ദാരിദ്ര്യരേഖാ നിര്‍ണ്ണയത്തിലെ ചെപ്പടി വിദ്യകള്‍.

ദാരിദ്ര്യം കലോറിയടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കുന്ന രീതിയാണ്‌ ലോകത്ത്‌ മഹാഭൂരിപക്ഷം രാജ്യങ്ങളും ചെയ്യുന്നത്‌.
ഒരു വ്യക്തിക്ക്‌ ആവശ്യമായ കലോറി ഊര്‍ജ്ജത്തിന്റേയും അതിനു വേണ്ടിവരുന്ന ചിലവിന്റേയും അടിസ്ഥാനത്തിലാണ്‌ ദരിദ്രരെ കണക്കാക്കുന്നത്‌.
1974-ലെ ഒരു സര്‍വ്വെയില്‍ ഗ്രാമീണമേഖലയില്‍ 2400 -2100 കലോറി ഊര്‍ജ്ജമാണ്‌ ഒരു വ്യക്തിക്കാവശ്യമായ കുറഞ്ഞ ഊര്‍ജ്ജം അളവായി കണക്കാക്കിയത്‌.ഭക്ഷണത്തിലൂടെ ഇത്രയും ഊര്‍ജ്ജം നേടുന്നതിന്‌ അന്ന് പ്രതിമാസം 49 രൂപയായിരുന്നു കണക്കാക്കിയ ചിലവ്‌.

ലോകബാങ്ക്‌ നിര്‍ദ്ദേശം പ്രതിദിനം രണ്ടുഡോളറില്‍ താഴെയുള്ളവര്‍ ദാരിദ്ര്യരേഖക്ക്‌ താഴെയുള്ളവരെന്നാണ്‌ ഇത്‌ 100 രൂപയ്ക്‌ മുകളില്‍ വരും. ലോകബാങ്കിന്റെ ഈ ആഗോള ദാരിദ്ര്യരേഖ മാനദണ്ഡമാക്കിയാല്‍ ഇന്ത്യിലെ മഹാഭൂരിപക്ഷവും ദാരിദ്ര്യരേഖക്ക്‌ താഴെയാകും. നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത്‌ ഇതനുവര്‍ത്തിക്കുമ്പോള്‍ ദരിദ്രരുടെ എണ്ണത്തെക്കുറിച്ചുള്ള സര്‍ക്കാറിന്റെ അവകാശവാദം പച്ചക്കള്ളമാണെന്നു മനസ്സിലാകും. 2001 ഒരു കണക്കനുസരിച്ച്‌ (കേരളം,ആന്റമാന്‍,സിംക്കിം എന്നീ സംസ്ഥാനങ്ങളിലെ കണക്ക്‌ ലഭ്യമല്ല)  13.06.15.558 ഗ്രാമീണ കുടുംബങ്ങളാണത്രെ ഇന്ത്യയില്‍ ഉള്ളത്‌. 42 ശതമാനം.അതില്‍  5.38.47.442 കുടുംബങ്ങള്‍ ദാരിദ്ര്യ രേഖക്ക്‌ താഴെയാണത്രെ.അരുണാചല്‍പ്രദേര്‍ശില്‍ 78 ശതമാനം ഗ്രാമീണരും ദരിദ്രരാണെന്നും ഒറീസ്സയില്‍70 ശതമാനവും ബീഹാറില്‍ 55 ശതമാനവും ദരിദ്രരാണെന്ന് കണക്കുകള്‍ പറയുന്നു.

വിലനിലവാരത്തിലെ വര്‍ദ്ധനവ്‌ കണക്കിലെടുത്ത്‌  1995-ല്‍ ഗ്രാമീണര്‍ക്ക്‌  205.84 രൂപയും,നഗരവാസികള്‍ക്ക്‌  281.35 രൂപയും എന്നു നിജപ്പെടുത്തി ഇതനുസരിച്ച്‌ ഗ്രാമീണര്‍ക്ക്‌  1868 കലോറിയും നഗരവാസികള്‍ക്ക്‌ 1890 കലോറിയും ഭക്ഷണം ലഭിക്കുമെന്നാണ്‌ വെയ്പ്പ്‌. എന്നാല്‍ അവശ്യ ഭക്ഷ്യ ഉപയോഗത്തിന്റെ അന്താരാഷ്ട്ര പരിധിയായ  2400- 2100 കലോറി ഭക്ഷണമെന്ന തലത്തിലെത്തണമെങ്കില്‍ തന്നെ ഗ്രാമീണര്‍ക്ക്‌   400 നഗരത്തില്‍  425 പ്രതിമാസ വരുമാനവും അന്നുണ്ടാകേണ്ടിയിരുന്നു. എന്നു വെച്ചാല്‍ രാജ്യത്ത്‌ 75 ശതമാനം ഗ്രാമീണരും നഗരവാസികളില്‍  55 ശതാമാനവും ശരീരത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഭക്ഷണം ലഭിക്കാത്തവരാണെന്ന് ചുരുക്കം

ഇപ്പോള്‍, ഗ്രാമങ്ങളില്‍ പ്രതിദിനം .26 രൂപയും നഗരങ്ങളില്‍  32 രൂപയും വരുമാനമുള്ളവര്‍ ദരിദ്രരല്ലെന്നുമുള്ള വാദവുമായി ആസൂത്രണ കമ്മീഷന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നു.
2004-2005-  വിലനിലവാര പ്രകാരം സുരേഷ്‌ തൊണ്ടൂല്‍ക്കര്‍ കമ്മിറ്റി തയാറാക്കിയ മാനദണ്ഡങ്ങളോടൊപ്പം  2010-11 വര്‍ഷത്തെ ഉപഭോക്ത്രു വിലസൂചിക കൂടി ചേര്‍ത്താണ്‌ പ്രധാന മന്ത്രി ചെയര്‍മാനായുള്ള ആസൂത്രണ കമ്മീഷന്‍ പുതിയ ദാരിദ്ര്യരേഖാ നിര്‍വ്വചനം മുന്നോട്ട്‌ വെച്ചിരിക്കുന്നത്‌.
അതോടെ പ്രതിദിനം  25 രൂപയില്‍ കൂടുതല്‍ വരുമാനമുളളവര്‍  BPL പട്ടികയില്‍ നിന്നും പുറത്തു പോകും.

മന്മോഹന്‍ സിംഗ്‌ പ്രധാനമന്ത്രിയായി രണ്ടാം  UPAഭരണം ആരംഭിച്ച ഉടനെ ഇന്തയിലാകെയുള്ള  120 കോടി റേഷന്‍ കാര്‍ഡുടമകളെ  BPL ലീസ്റ്റില്‍ നിന്നു പുറത്താക്കാന്‍ പുതിയൊരു മാനദണ്ഡം മുന്നോട്ട്‌ വെക്കുകയും തല്‍ഫലമായി BPL കാര്‍ഡുകള്‍6കോടിയായി ചുരുക്കുകയും ചെയ്തു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ്‌ ഇപ്പോള്‍ സുപ്രീം കോടതിയില്‍ പുതിയ ദാരിദ്ര്യരേഖാനിയന്തണം സമര്‍പ്പിച്ചിരിക്കുന്നത്‌.
2011 ജൂണിലെ വിലനിലവാര പ്രകാരം നഗരങ്ങളില്‍ പ്രതിമാസം  965 രൂപയുംഗ്രാമങ്ങളില്‍  781 രൂപയും ഉളളവര്‍ ദരിദ്രരല്ലെന്നും അവരെ  BPLപട്ടികയില്‍ നിന്നും പുറത്താക്കി ഭഷ്യസബ്‌സിഡി അടക്കമുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കണമെന്ന മന്മോഹന്‍ സര്‍ക്കാറിന്റെ തീരുമാനം അനുസരിച്ചു തന്നെയാണ്‌ കമ്മീഷന്റെ വിലയിരുത്തല്‍ പുറത്തു വിട്ടിട്ടുള്ളത്‌.

ഇതു പറയുമ്പോള്‍ ഇന്ത്യയുടെ ദാരിദ്ര്യത്തെ സംബന്ധിച്ച്‌ പല പഠനങ്ങളും ആഗോളതലങ്ങളില്‍ നടന്നു കഴിഞ്ഞിട്ടുണ്ടെന്ന കാര്യം എടുത്തു പറയേണ്ടതാണ്‌. 1997-ല്‍ പുറത്തിറക്കിയ UNDPയുടെ മാനവ വികസന റിപ്പോര്‍ട്ടു പ്രകാരം ഇന്ത്യന്‍ ജനതയില്‍ ഭൂരിപക്ഷവും ദരിദ്രരാണ്‌.ദാരിദ്ര്യം എന്നത്‌ കേവലം ഭക്ഷ്യലഭ്യതയുടെ മാത്രം പ്രശ്നമല്ലെന്നും നിരക്ഷരത,അനാരോഗ്യം, അറിവു നിഷേധം തുടങ്ങിയ മനുഷ്യരായി ജീവിക്കാന്‍ തടസ്സം നില്‍ക്കുന്ന ഭൗതിക ഘടകങ്ങള്‍കൂടി പരിഗണിച്ചു കൊണ്ടുവേണം ദാര്‍ദ്ര്യം നിര്‍ണ്ണയിക്കാനെന്നും UNDP പറയുന്നു.

1997ലെ ഒരു പഠനപ്രകാരം  20 ശതമാനം ഇന്ത്യന്‍ പൗരന്മാര്‍  40 വയസ്സിനു മുമ്പേ മരിച്ചു പോകുന്നു എന്നാണ്‌ കണക്കു  തൊട്ടടുത്ത ശ്രീലങ്കയിലും തായ്‌ലന്റിലും പരമ ദരിദ്രമെന്നു പറയുന്ന ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പോലും സ്ഥിതി ഇന്ത്യയേക്കാള്‍ മെച്ചമാണ്‌.ഉദാഹരണത്തിന്‌  40 വയസ്സു തികയുന്നതിന്ന് മുമ്പേ ശ്രീലങ്കയില്‍ മരിച്ചു പോകുന്നത്‌  10 ശതമാനം മാത്രമാണ്‌.ലോകത്ത്‌ ഭക്ഷണമില്ലാത്തതിന്റേയും ചികില്‍ത്സ സൗകര്യങ്ങളില്ലാത്തതിന്റേയും പേരില്‍ ഭാരക്കുറവും പോഷകാഹാരക്കുറവും നേരിടുന്ന അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ  50 ശതമാനം ഇന്ത്യയിലാണ്‌.

1991 മുതല്‍ ആവിഷ്കരിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നവ ഉദാരീകരണകാലത്ത്‌ പ്രതിശീര്‍ഷക ഭ്ഷ്യദാന്യ ലഭ്യത കുത്തനെ ഇടിഞ്ഞിരിക്കുകയാണ്‌,1991-ല്‍ പ്രതിവര്‍ഷം ലഭ്യമായിരുന്ന ശരാശരി ആളോഹരി ഭഷ്യധാന്യം  181 കിലോഗ്രാമായിരുന്നെങ്കില്‍  2009 ആകുമ്പോഴേക്കും  174 കിലോഗ്രാമായി ചുരുങ്ങിയിരിക്കുന്നു.

ഇന്ത്യ ലോകസാമ്പത്തിക ശക്തിയായി ഉയരുന്നു വെന്നും പ്രതി ശീര്‍ഷവരുമാനം ഒരു വര്‍ഷം ൫ 5,000 രൂപയിലധികമായിരിക്കുന്നു വെന്നും ശതകോടീശ്വരന്മാരുടെ എണ്ണം രാജ്യത്ത്‌ വര്‍ദ്ധിക്കുന്നുവെന്നും ഭരണവര്‍ഗ്ഗങ്ങള്‍ വീമ്പിളക്കുമ്പോള്‍ കൊളോണിയല്‍ കാലത്ത്‌ പോലും ഉണ്ടാകാത്ത തരത്തിലുള്ള അസമത്വവും ദാരിദ്ര്യവുമാണ്‌ രാജ്യത്ത്‌ പെരുകുന്നത്‌.

പറഞ്ഞു വരുന്നത്‌,അല്ലെങ്കില്‍ പറയാനുദ്ദേശിച്ചത്‌"-


IMF ല്‍ നിന്നും അവധിയെടുത്ത്‌ സാമ്രാജ്യത്വ ആഗോളീകരണ നയങ്ങള്‍ക്ക്‌ നേതൃത്വംകൊടുക്കുന്ന ഉന്നത ബ്യൂറോക്രാറ്റും ആസൂത്രണകമ്മീഷന്‍ ഉപാദ്ധ്യക്ഷനുമായ മൊണ്ടേസിഗ് അലുവാലിയയുടെ നേതൃത്വത്തില്‍ സര്‍ക്കാറിന്റെ ഭക്ഷ്യ സബ്സിഡി പരമാവധി കുറച്ചുകൊണ്ടുവരാന്‍ നടത്തുന്ന നീക്കങ്ങളാണ്‌ ഈ ചെപ്പടി വിദ്യകള്‍. ഇയാളുടെ നേതൃത്വത്തില്‍ കോര്‍പ്പറേറ്റ്‌ വല്‍ക്കരണത്തിനും സമ്പന്നവര്‍ഗ്ഗ താല്‍പര്യങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന  IMF ന്റെ ഒരു അനുബന്ധസ്ഥാപനമായി ആസൂത്രന കമ്മീഷന്‍ പരിണമിച്ചു കഴിഞ്ഞു.
ഇതിനിടയില്‍ അരാഷ്ട്രീയ വാദികളും നവ ഉദാരീകരണവാദികളുമായ  NGOനേതാക്കന്മാരേയും അക്കാദമിക്ക്‌ സാമ്പത്തിക വിദഗ്ദന്മാരേയും കുത്തി നിറച്ച ആസൂത്രണകമ്മീഷന്‍ പരസ്പര വിരുദ്ധമായ വെളിപാടുകള്‍ പുറത്തുവിടുന്ന കേന്ദ്രീകരണം നഷ്ടപ്പെട്ട ഒരു സംവിധാനമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നാണ്‌.

1 അഭിപ്രായം:

Manoj മനോജ് പറഞ്ഞു...

സാമ്പത്തിക അസമത്വം മുന്‍പുണ്ടായതിലും ഭീകരമാവുകയാണ്. അതിന്റെ പ്രതിഫലനമാണ് അമേരിക്കയില്‍ ഒക്യുപൈഡ് സമരത്തിന് ലഭിക്കുന്ന പിന്തുണ. അമേരിക്കയില്‍ ദരിദ്രര്‍ കൂടുന്നു എന്ന് അവിടെയുള്ള സര്‍ക്കാര്‍ സമ്മതിക്കുന്നു. അവിടെ ഇന്ത്യയിലെ പോലെ ദാരിദ്ര്യ രേഖ താഴ്ത്തി വരയ്ക്കുന്നില്ല. മറിച്ച് ദാരിദ്ര്യ രേഖയ്ക്ക് താഴെ പോകുന്നവര്‍ക്ക് ഒരു നേരത്തെ പോഷക ആഹാരം ലഭിക്കുന്നു എന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തുന്നു. അത് സര്‍ക്കാര്‍ തലത്തിലൂടെയോ അല്ലെങ്കില്‍ മറ്റ് സംവിധാനത്തിലൂടെയോ നടക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നു.

എന്നാല്‍ ഇന്ത്യയുടെ അവസ്ഥയോ?

ദിവസം $1.25ന് താഴെ വരുമാനം ലഭിക്കുന്നവര്‍ 37% എന്നും എന്നാല്‍ ദിവസം $2 എന്ന് എടുത്താല്‍ 76% ആയി അത് ഉയരുന്നു എന്ന കണക്ക് കാണാനുള്ള കണ്ണില്ലാത്ത ഭരണകര്‍ത്താക്കളാണ് ഇന്ത്യയുടെ ശാപം!

മേനി നടിക്കുവാന്‍ വേണ്ടി ഉള്ള കഞ്ഞിയില്‍ പാറ്റയിടുക എന്നതാണ് മന്മോഹനും കൂട്ടരും ചെയ്ത് കൊണ്ടിരിക്കുന്നത്!!!