2012, ജൂൺ 4, തിങ്കളാഴ്‌ച

സ:TP യുടെ രക്തസാക്ഷിത്വം ഉയർത്തിപ്പിടിക്കുക .

ഭരണ വർഗ്ഗ രാഷ്ട്രീയത്തിലേക്കുള്ള CPI-M-ന്റെ ജീർണ്ണതക്കും
നവ ഉദാരീകരണ-ആഗോളീകരണ നയങ്ങളുടെ നടത്തിപ്പുകാരായിട്ടുള്ള അതിന്റെ അധ:പതനത്തിനും
അതിന്റെ ഭാഗമായ കോപ്പറേറ്റ്‌ സേവയ്ക്കും പാർലമന്ററി അവസരവാദത്തിനുമെതിരേ പോരാടി
CPI-M- നിന്നും പുറത്തു വരികയും വിപ്ലവ ഇടതു പക്ഷത്ത്‌ നിലയുറപ്പിക്കുകയുമാണ്‌ സഖാവ്‌ ചന്ദ്രശേഖരനും സഖാക്കളും ചെയ്തത്‌.
എം വി രാഘവനും ഗൗരിയമ്മയും അടക്കമുള്ള ആളുകളേപ്പേലെ
ഏറ്റവുമൊടുവിൽ നെയ്യാറ്റിൻ കരയിൽ ശെൽവരാജിനെപ്പോലെ CPI-M-ൽ നിന്നും പുറത്തു വന്ന്
കോൺഗ്രസ്സ്‌ നയിക്കുന്ന വലതു പാളയത്തിലേക്ക്‌ പോകാതെ ഇടതുപക്ഷ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു ഒഞ്ചിയത്തെ സഖാക്കൾ.
1969- ൽ CPI-ML- രൂപീകൃതമായപ്പോൾ അക്കാലത്തും തുടർന്നും 
അതിന്റെ പ്രവർത്തകരോടെടുത്ത അതേ സമീപനം തന്നെ
ഒഞ്ചിയത്ത്‌ സ:ചന്ദ്രശേഖരനോടും സഖാക്കളോടു മെടുക്കാൻ CPI-M- നെ തുടക്കം മുതൽ നിർബന്ധിതമാക്കിയ ഘടകവും ഇതു തന്നെയാണ്‌.
പുറത്താക്കപ്പെടുന്നവരേയും പുറത്തു പോകുന്നവരേയും വലതു പക്ഷ പാളയത്തിലേക്ക്‌ തള്ളി വിടുകയെന്ന തന്ത്രം
 മഹത്തായ ഒഞ്ചിയം സമരത്തിന്റെ പൈതൃകം പേറുന്ന ഒഞ്ചിയം സഖാക്കളുടെ കാര്യത്തിൽ ഫലപ്രദമാകാതെ വന്നതും,     
അത്‌ CPI-M- അണികളിൽ നിന്നുള്ള കൊഴിഞ്ഞു പോക്കിന്ന് കാരണമായതും
ഇത്തരമൊരു പൈശാചികമായ കൊലപാതകത്തിലേക്ക്‌ നയിച്ച ഘടകമാണെന്ന് കരുതേണ്ടിയിരിക്കുന്നു.

സഖാവ്‌ ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ തങ്ങൾക്ക്‌ പങ്കില്ലെന്ന്
CPI-M- സംസ്ഥാന നേതൃത്വം എത്ര തന്നെ ആവർത്തിച്ച്‌ പ്രസ്താവിച്ചാലും അത്‌ വിശ്വസിക്കാത്ത അവസ്ഥയിലേക്ക്‌
കേരളത്തിലെ ജനങ്ങളും ആ പാർട്ടിയുടെ തന്നെ അണികളും എത്തിക്കഴിഞ്ഞു എന്ന അവസ്ഥയാണുള്ളത്‌.
 മാർക്ക്സിസ്റ്റ്‌ വർഗ്ഗ നിലപാടുകൾ കയ്യൊഴിഞ്ഞ്‌ ഉദ്യോഗസ്ഥ മേധാവിത്വത്തിലും കോർപ്പറേറ്റ്‌ സേവയിലും അധിഷ്ടിതമായ
മറ്റൊരു പെറ്റിബൂർഷ്വാ പാർട്ടിയായി CPI-M- അധ:പ്പതിച്ചതിന്റെ പരിണതിയാണിത്‌.
ഈയിടെ കഴിഞ്ഞ അതിന്റെ 20-ആം കോൺഗ്രസ്സ്‌ അംഗീകരിച്ച രേഖകളും അതിന്റെ ഭാഗമായി നടന്ന ചർച്ചകളും കാണിക്കുന്നത്‌
നവ ഉദാരീകരണ നയങ്ങൾ നടപ്പാക്കുന്നതിനും അതിനായി പാർലമന്ററി അധികാരവ്യവസ്ഥക്കകത്ത്‌ നീക്ക്‌ പോക്കുകൾ നടത്തുന്നതിനപ്പുറം
ഫലപ്രദമായ ഒരു ബദലും മുന്നോട്ട്‌ വെക്കാൻ CPI-M-ന്ന് കഴിയില്ലെന്നതാണ്‌.
കഴിഞ്ഞ നിരവധി വർഷങ്ങളായി തുടരുന്ന ഈ പ്രവണതയുടെ ഫലമായി സോവിയറ്റ്‌ യൂണിയനിലും പിന്നീട്‌ ചൈനയിലും സംഭവിച്ചതുപോലെ
 മാർക്ക്സിസ്റ്റ്‌ നിലപാടുകൾ കൈമോശം വന്ന ഊഹമൂലധന-കോർപ്പറേറ്റ്‌-ഭൂമാഫിയാ താൽപര്യങ്ങൾ സേവിക്കുന്ന
ഒരു ഉദ്യോഗസ്ഥ മേധാവിത്വ പാർട്ടിയായിCPI-M- മാറിക്കഴിഞ്ഞു.
CPI-M- ഉൾപ്പെട്ടതും കഴിഞ്ഞ രണ്ട്‌ ദശാബ്ദത്തിലേറെയായി കണ്ണൂരിൽ തുടരുന്നതുമായ
കൊലപാതക രാഷ്ട്രീയ പരമ്പര ഈ പശ്ചാത്തലത്തിലാണ്‌ വിലയിരുത്തപ്പെടേണ്ടത്‌
പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായി എതിരാളികളെ നേരിടാനുള്ള ആർജ്ജവം നഷ്ടമാകുന്നതിന്റെ തെളിവാണ്‌
ഇപ്രകാരം ഭരണവർഗ്ഗ രാഷ്ട്രീയത്തിന്റെ ഭാഗമായ കൊലപാതക രാഷ്ട്രീയം സ്വീകരിക്കുന്നതിന്ന്CPI-M-നെപ്രേരിപ്പിക്കുന്നത്‌.
മാർക്ക്സിസ്റ്റ്‌ വർഗ്ഗ രാഷ്ട്രീയം നഷ്ടമാകുകയും ഉദ്യോഗസ്ഥ മേധാവിത്വ സംഘടനാശൈലി തുടരുകയും ചെയ്യുന്നിടത്തോളം
ഈ ദുഷ്‌പ്രവണത കൂടുതൽ കൂടുതൽ ശക്തിപ്പെടുകയാണ്‌ ചെയ്യുക.

ലോക സഭയുടെ അദ്ധ്യക്ഷ പദവി ഏറ്റെടുത്തുകൊണ്ട്‌ ഒന്നാം യുപിഎ സർക്കാറിനെ താങ്ങിനിർത്തിയതു മുതലുള്ള CPI-M ന്റെ രാഷ്ട്രീയ ജീർണ്ണത കുത്തനെയായിരുന്നു.
ഭരണ വർഗ്ഗ പാർട്ടികൾ ഭരിക്കുന്ന ഇതര സംസ്ഥാനങ്ങളുമായി മത്സരിച്ചുകൊണ്ട്‌ നവ ഉദാരീകരണനയങ്ങൾ
ബംഗാളിലും കേരളത്തിലും തീവ്രമാക്കിയതിന്നിടയിൽ
നിലവിലുള്ള വ്യവസ്ഥയിൽ മർദ്ദിത ജനവിഭാഗങ്ങൾക്ക്‌ ലഭ്യമാകുന്ന ക്ഷേമപദ്ധതികൾ എത്തിച്ചുകൊടുക്കാൻ പോലും CPI-M- നയിക്കുന്ന സർക്കാറുകൾ താൽപര്യം കാട്ടിയില്ല.
എന്നു മാത്രമല്ല
സിംഗൂരിലും നന്ദിഗ്രാമിലും പ്രകടമായതു പോലെ കോർപ്പറേറ്റ്‌ വൽക്കരണത്തിന്റെ പേരിൽ
ജനങ്ങൾ ഏറ്റവുമതികം അടിച്ചമർത്തപ്പെടുന്നതും കുടിയൊഴിപ്പിക്കുന്നതുമായ സംസ്ഥാനങ്ങളിലൊന്നായി.
34 വർഷം തുടർച്ചയായിCPI-M-ഭരിച്ച ബംഗാൾ ഏറ്റവുമതികം ജനങ്ങൾ മറ്റു സംസ്ഥാനങ്ങളിലേക്ക്‌ പാലായനം ചെയ്യുന്ന പ്രദേശങ്ങളിലൊന്നായി മാറി.
കേരളത്തിലും ബംഗാളിലും മറ്റും നവ ഉദാരീകരണ-ആഗോളീകരണ നയങ്ങൾക്ക്ബദലില്ല എന്ന് CPI-M-നേതൃത്വം പരസ്യനിലപാടെടുക്കുന്ന സ്ഥിതിയിലേക്ക്‌ കാര്യങ്ങൾ നീങ്ങി.
ഭരണ വർഗ്ഗങ്ങൾക്കും കോർപ്പറേറ്റ്‌ മൂലധനമാഫിയകൾക്കും വിടുപണിചെയ്യുന്ന 
രാഷ്ട്രീയ ജീർണ്ണതയുടെ അഭിവാജ്യഘടകമാണ്‌ ക്വട്ടേഷൻസംഘങ്ങളെ ഉപയോഗിച്ചുള്ള കൊലപാതകരാഷ്ട്രീയത്തിലേക്കുള്ള CPI-ന്റ  അധ:പതനം.
നേതൃത്വത്തിന്റെ തെറ്റായ നിലപാടുകൾക്കെതിരേ കലാപം ചെയ്ത്‌ പുറത്തുപോകുന്നവർക്കൊപ്പം
പാർട്ടിവിട്ട്‌ കൂടുതൽപേർ ശരിയായ ഇടതുപക്ഷ നിലപാടിലേക്ക്‌ പോകാനുള്ള സാദ്ധ്യതകൾ വർദ്ധിച്ചു വരുന്ന വർത്തമാന സാഹചര്യത്തിൽ വേണം
സഖാവ്‌ ചന്ദ്രശേഖരന്റെ കൊലപാതകത്തെ നോക്കികാണാൻ.
CPI-M-ന്റെ ഈ അസഹിഷ്ണതക്കും ഫാസിസ്റ്റ്‌ പ്രവണതക്കുമെതിരേ പുരോഗമന ജനാധിപത്യശക്തികൾ ശക്തമായി രംഗത്തു വരേണ്ടതുണ്ട്‌

 ഇപ്രകാരം CPI-M- തുറന്നു കാട്ടപ്പെടുകയും സ്വന്തം അണികളോട്‌ പോലും വിശദീകരിക്കാനാകാതെ ഒറ്റപ്പെടുകയും ചെയ്യുന്ന സന്ദർഭം വിദഗ്ദമായി ഉപയോഗപ്പെടുത്തി
കോൺഗ്രസ്സ്‌ നേത്രത്വത്തിൽ എല്ലാ ഭരണ വർഗ്ഗ പാർട്ടികളും കോർപ്പറേറ്റ്‌-കുത്തക മാധ്യമങ്ങളും അറിയപ്പെടുന്ന കമ്യൂണിസ്റ്റ്‌ വിരുദ്ധ ബുദ്ധിജീവികളെ മുന്നിൽ നിർത്തി
അങ്ങേയറ്റം വിഷലിപ്തമായ ഒരു കമ്യൂണിസ്റ്റ്‌ വിരുദ്ധകാമ്പയിനാണ്‌ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്‌.
മുതലാളിത്ത പാതയിലേക്ക്‌ ജീർണ്ണിച്ചതിന്റെ തുടർച്ചയായി സോവിയറ്റ്‌ യൂണിയൻ തകർന്നപ്പോൾ കമ്യൂണിസവും വർഗ്ഗ സമരവും തൊഴിലാളി വർഗ്ഗ പ്രത്യശാസ്ത്രവുമെല്ലാം അസ്തമിച്ചുവേന്ന് സാമ്രാജ്യത്വ കേന്ദ്രങ്ങളും പിന്തിരിപ്പന്മാരും കൊണ്ടുപിടിച്ചു നടത്തിയ കുപ്രചരണത്തെ അനുസ്മരിക്കുന്ന തരത്തിലാണ്‌ ഇപ്പോഴിത്‌ നടക്കുന്നത്‌
കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ പേരും കൊടിയും ഉപയോഗിക്കുന്നതൊഴിച്ചാൽ അടിസ്ഥാന നിലപാടുകളിൽ വ്യവസ്ഥാപിത പക്ഷത്ത്‌ നിലയുറപ്പിച്ചു കഴിഞ്ഞCPI-M-നെ കമ്യൂണിസ്റ്റ്‌ പാർട്ടിയായി ചിത്രീകരിച്ച്‌ കമ്യൂണിസത്തെ താറടിക്കാനുള്ള ഈ നീക്കം വിപ്ലശക്തികൾ തിരിച്ചറിയേണ്ടതുണ്ട്‌.
സോവിയറ്റ്‌ യൂണിയൻ തകർന്നതും ചൈന മുതലാളിത്ത-സാമ്രാജ്യത്വ രാജ്യമായി പരിവർത്തിച്ചതും സാമ്രാജ്യത്വത്തിന്റെ നേരിട്ടുള്ള കടന്നുകയറ്റം കൊണ്ടായിരുന്നില്ലെന്നും
മറിച്ച്‌ സോഷ്യലിസം നടപ്പാക്കുന്നതിലുണ്ടായ ദൗർബല്യങ്ങളും
രണ്ടാം ലോകമഹായുദ്ധാനന്തരമുണ്ടായ പുത്തൻ കൊളോണിയൽ വ്യവസ്ഥയേയും മൂലധനത്തിന്റെ ചലനക്രമങ്ങളേയും മനസ്സിലാക്കുന്നതിലുണ്ടായ
പ്രത്യായശാസ്ത്ര പരിമിതികളുമാണെന്ന് വിലയിരുത്താൻ കഴിയുന്ന മാർക്ക്സിസ്റ്റ്‌-ലെനിനിസ്റ്റ്കൾക്ക്‌ മാത്രമേ
ഈ കമ്യൂണിസ്റ്റ്‌ വിരുദ്ധ കാമ്പയിനെ ഫലപ്രദമായി ചെറുക്കാനാകൂ.
CPI-M-ന്റെ ക്രിമിനൽ വൽക്കരണത്തേയും ജീർണ്ണതയേയും ചൂണ്ടിക്കാട്ടി കമ്യൂണിസ്റ്റ്‌ വിരുദ്ധകാമ്പയിനും സ്നേഹസന്ദേശ യാത്രകൾക്കും ഇറങ്ങിത്തിരിച്ചിരിക്കുന്ന
 UDF- ഭരണത്തിന്റെ ലക്ഷ്യം അതിന്റെ മറവിൽ കേരളത്തിൽ പുത്തൻ അധിനിവേശവും കോർപ്പറേറ്റ്‌ വൽക്കരണവും സർവ്വത്ര അഴിമതിയും വർഗ്ഗീയ വൽക്കരണവും
മാഫിയാ വൽക്കരണവും ശക്തിപ്പെടുത്തലാണ്‌.
അടിയന്തിരാവസ്ഥയിലൂടേയും സിഖ്‌ വംശഹത്യയിലൂടേയും എണ്ണമറ്റ വർഗ്ഗീയകലാപങ്ങൾക്ക്‌ നേതൃത്വം നൽകുന്നതിലൂടേയും
കോപ്പരേറ്റ് മൂലധനത്തിനു വേണ്ടി ജനങ്ങളെ അടിച്ചമർത്തുന്നതിന്റേയും രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്നതിലൂടേയും
എല്ലാവിധ അധോലോക-അവിശുദ്ധ ബാന്ധവങ്ങളിലൂടേയും എണ്ണിയാലൊടുങ്ങാത്ത കൂട്ടക്കൊലകൾക്ക്‌ നേതൃത്വം നൽകിപോന്നിട്ടുള്ള കോൺഗ്രസ്സിന്റെ
സ്നേഹ സന്ദേശ യാത്ര മനം പുരട്ടലുണ്ടാക്കുന്നതാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ.

 പറഞ്ഞു വരുന്നത്‌ ,അല്ലെങ്കിൽ പറയാനുദ്ദേശിച്ചത്‌ :-

സഖാവ്‌ ചന്ദ്രശേഖരന്റെ കൊല പാതകത്തെ തുടർന്ന് CPI-M- സംസ്ഥാനനേതൃത്വം നടത്തിയ പ്രസ്ഥാവന
ഡാങ്കേയിസ്റ്റ്‌ നിലപാടാണെന്ന് സഖാവ്‌ വി എസ്സ്‌ അച്ചുതാനന്ദൻ പറയുമ്പോൾ,
32 പേർ ഇറങ്ങി പോന്നിട്ട്‌ CPI-M എന്ന് പേരു നൽകി 10 ലക്ഷമായി വളർന്ന് വികസിക്കുകയും ചെയ്ത തന്റെ പാർട്ടി ഈ ഡാങ്കേയിസ്റ്റ്‌ സമീപനം-
വാക്കിൽ സോഷ്യലിസം പറയുകയും പ്രയോഗത്തിൽ ഭരണ വർഗ്ഗ രാഷ്ട്രീയവും നവ ഉദാരീകരണ നയങ്ങളും നടപ്പാക്കുന്ന - ഒരു സോഷ്യൽ ഡമോക്രാറ്റിക്ക്‌ പാർട്ടിയായി
CPI-M-നെ എപ്രകാരം അധപ്പതിപ്പിച്ചു എന്നും കൂടി വിശദീകരിക്കാൻ സ:വി എസ്സിന്ന് ബാദ്ധ്യതയുണ്ട്‌.
ഏതെങ്കിലും വ്യക്തികളുടെ അപഭ്രംശത്തിന്റെ പ്രശ്നം മാത്രമാക്കി ചുരുക്കി കാണാതെ താനുൾപ്പെടേയുള്ളവർ പിന്തുടർന്ന,
രൂപം നൽകിയ CPI-Mന്റെ പ്രത്യായശാസ്ത്ര- രാഷ്ട്രീയ നിലപാടുകളുമായി ബന്ധപ്പെട്ടതാണെന്ന തിരിച്ചറിവ്‌ ഉണ്ടാകണം.

സഖാവ്‌ ചന്ദ്രശേഖരന്റ  രക്ത സാക്ഷിത്വം അർത്ഥവത്താകുന്നത്‌,
തൊഴിലാളികളും കർഷകരുമടങ്ങുന്ന അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടേയും,
സ്ത്രീകളും ദളിതരും ആദിവാസികളടക്കമുള്ള മർദ്ദിതവിഭാഗങ്ങളുടേയും താൽപര്യങ്ങളെ കയ്യോഴിഞ്ഞ്‌ ഭരണ പക്ഷത്തേക്ക്‌ ചുവട്‌ മാറ്റം നടത്തിയ
  CPI-M  ന്റെ ക്രിമിനൽ വൽക്കരണത്തേയും കൊലപാതകരാഷ്ട്രീയത്തേയും അപലപിക്കുന്നതോടൊപ്പം
അതിന്റെ മറവിൽ ശക്തിപ്പെടുന്ന കമ്യൂണിസ്റ്റ്‌ വിരുദ്ധ പ്രചരണങ്ങൾക്കെതിരേ ജാഗ്രത പുലർത്തുമ്പോഴുമാണെന്നുള്ളതുമാണ്‌.