2011, ഏപ്രിൽ 11, തിങ്കളാഴ്‌ച

വിപ്ലവ ജനകീയ ബദൽ പടുത്തുയർത്തുക.

പ്രിയമുള്ളവരെ,
രണ്ടുദശാബ്ദക്കാലമായി രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന പുത്തൻ അധിനിവേശം ഏറ്റവും വിനാശം വിതക്കുന്ന പ്രദേശങ്ങളിലൊന്നാണ് കേരളം .
ഉല്പാദനമേഖലകൾ മുരടിപ്പിക്കുകയും ഊഹമേഖലകൾ സമാനതകൾ ഇല്ലാത്ത വിധം വളരുകയും ചെയ്യുന്നതാണ് കേരളത്തിന്റെ വർത്തമാനാവസ്ഥ.
ആവശ്യമായ അരിയുടെ ആറിലൊന്ന് പോലും ഉല്പാദിപ്പിക്കാനാവാത്ത വിധം ഭഷ്യ പ്രതിസന്ധിയും വിലക്കയറ്റവും തൊഴിലില്ലായ്മയും, അഴിമതിയും സ്ത്രീകൾക്കെതിരായ കടന്നാക്രമണങ്ങളുമെല്ലാം സംസ്ഥാനത്തും ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു.
വികസനത്തിന്റെ പേരിൽ അവശേഷിക്കുന്ന കൃഷിഭൂമി പോലും റിയൽ എസ്റ്റേറ്റ് മാഫിയകൾ ടൂറിസ്റ്റ് റിസോൾട്ടുകൾക്കും വ്യാപാരസമുച്ചയങ്ങൾക്കും പ്രത്യേക സാമ്പത്തികമേഖലകൾക്കും ഗോൾഫ്കോഴ്സുകൾക്കും വിനോദപാർക്കുകൾക്കും ബി ഓ ടി റോഡ്‌ വികസനത്തിന്നും മറ്റുമായി കവർന്നെടുക്കപ്പെടുന്നു.
ഈ സാമ്പത്തികപ്രവണതകൾക്കൊപ്പം മുമ്പത്തെ നവോത്ഥാനമുന്നേറ്റങ്ങളിലൂടെ നേടിയ എല്ലാ പുരോഗമന മൂല്യങ്ങളും നഷ്ടമാവുകയും സ്ത്രീകളും ദളിതരും ആദിവാസികളുമടക്കം എല്ലാമർദ്ദിത വിഭാഗങ്ങൾക്കുമെതിരായ കടന്നാക്രമണങ്ങൾ ശക്തിപ്പെടുകയും അതുവഴി സർവ്വതലസ്പർശിയായ ജീർണത കേരളത്തെ പുത്തൻ അധിനിവേശത്തിന്റെ ഒരു ഷോകേസാക്കി മാറ്റുകയും ചെയ്തിരിക്കുന്നു.
ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ സി പി ഐ (എം) നയിക്കുന്ന എൽ ഡി എഫും ,കോൺഗ്രസ്സ് നയിക്കുന്ന യു ഡി എഫും ,ബി ജെ പി യും അവരുടെ സഖ്യ കഷികളുമെല്ലാം പുത്തൻ അധിനിവേശത്തിന്റേയും നവ ഉദാരീകരണത്തിന്റേയും പക്ഷത്താണ് നിലയുറപ്പിച്ചിരിക്കുന്നത്.
അടിസ്ഥാന നയങ്ങളിൽ ഒരഭിപ്രായ വ്യത്യാസവുമില്ലാത്ത ഈ മുന്നണികൾ തെരഞ്ഞെടുപ്പിൽ പരസ്പരം ഗ്വോ, ഗ്വോ വിളിക്കുന്നത് അടുത്തഭരണത്തിലൂടെ ഈ നയങ്ങൾ ആര് കൂടുതൽ ഊർജ്ജിതമാക്കണമെന്നത് സംബന്ധിച്ചാണ് .      
ഈ സഹചര്യത്തിലാണ് ആഗോളീകരണ നയങ്ങൾക്കും പുത്തൻ അധിനിവേശം സൃഷ്ടിക്കുന്ന എല്ലാവിനാശങ്ങൾക്കുമെതിരെ ഒരു വിപ്ലവ ജനകീയബദൽ സംസ്ഥാനത്ത് കെട്ടിപ്പടുക്കുന്നതിലേക്ക്നയിക്കുന്ന ഒരു തെരഞ്ഞെടുപ്പ് പ്രകടനപത്രിക മുന്നോട്ട് വെച്ചുകൊണ്ട് സി പി ഐ (എം എൽ ) സംസ്ഥാനത്ത് 14 നിയമസഭാ മണ്ഡലങ്ങളിൽ സ്ഥാനർത്ഥികളെ നിർത്തി മത്സരിക്കുന്നത്.
ബൂർഷ്വപാർലമെന്ററി സംവിധാനംകൊണ്ട് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനാവില്ലെന്ന താണ് സി പി ഐ (എം എൽ) ന്റെ നിലപാട്.
സാമ്രാജ്യത്വ ആഗോളീകരണത്തിനും പിന്തിരിപ്പൻ ഭരണ നയങ്ങൾക്കുമെതിരേ വിശാലമായ ജനകീയ ഐക്യനിര പടുത്തുയർത്തിക്കൊണ്ട്മാത്രമേ ജനകീയ ജനാധിപത്യ ഭരണകൂടം സ്ഥാപിക്കാനാകൂ.
രാജ്യദ്രോഹ ജനവിരുദ്ധ ഭരണവ്യവസ്ഥക്കെതിരേ കോടിക്കണക്കിന്ന് ജനങ്ങൾ അണിനിരക്കുന്ന രാജ്യവ്യാപകപ്രക്ഷോഭങ്ങൾ ഉയർത്തിക്കൊണ്ടു വരികയെന്നതാണ് വിപ്ലവശക്തികളുടെ കടമ.
ഇപ്രകാരം ഇന്നത്തെ ഭരണ വർഗ്ഗ ബദലുകൾക്കും നവ ഉദാരീകരണ നയങ്ങൾക്കുമെതിരെ ഒരു ജനകീയബദൽ മുന്നോട്ട് വെച്ചുകൊണ്ടും അതിന്നുവേണ്ടി പ്രചരണം നടത്തികൊണ്ടും തൊഴിലാളികളേയും കർഷകരുടേയും മറ്റദ്ധ്വാനിക്കുന്ന ബഹുജനങ്ങളൂടേയും ഉശിരൻ സമരങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പുകളെ ഉപയോഗപ്പെടുത്തുകയെന്നതാണ് പാർട്ടിയുടെ സമീപനം.
തെരഞ്ഞെടുപ്പിൽ പങ്കെടുത്തുകൊണ്ട് പാർട്ടി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയലഷ്യങ്ങൾ ജനങ്ങൾക്കു മുമ്പിൽ വിശദീകരിക്കാനും ജീർണ്ണിച്ച ബൂർഷ്വാഭരണ സംവിധാനത്തെ തുറന്നു കാട്ടാനും കഴിയുമെന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്.
രാഷ്ട്രീയാധികാരം വിപ്ലവപരമായി പിടിച്ചെടുക്കാൻ കഴിയുന്ന ജനകീയപോരാട്ടങ്ങൾക്കൊപ്പം തെരഞ്ഞെടുപ്പ് വിപുലമായ രാഷ്ട്രീയ ക്യാമ്പയിനുള്ള വേദിയാക്കി മാറ്റണമെന്നും പാർട്ടിവിലയിരുത്തുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ സി പി ഐ (എം എൽ ) സ്ഥാനാർത്ഥികൾക്ക് വോട്ടുകൾ രേഖപ്പെടുത്തി സാമ്രാജ്യത്വ വിരുദ്ധപോരാട്ടങ്ങൾക്ക് ,വിപ്ലവബദലിനായ പ്രക്ഷോഭങ്ങൾക്ക് പിന്തുണപ്രഖ്യാപിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: