2011, മേയ് 20, വെള്ളിയാഴ്‌ച

വേട്ടക്കാർ വീണ്ടും അധികാരത്തിൽ.

.സാമ്രാജ്യത്വ ആഗോളീകരണവും ഭൂബന്ധങ്ങളുമടക്കം മൗലികമായ വിഷയങ്ങളിലൊന്നും തന്നെ അഭിപ്രായവ്യത്യാസമില്ലാത്ത ഈ മുന്നണികളും
അവയുമായി ബന്ധപ്പെട്ട മറ്റു പാര്‍ട്ടികളും ഗ്രൂപ്പുകളും തമ്മിലുള്ള ഏകമത്സരം
സംസ്ഥാനത്തെ ജനങ്ങളുടെ മേല്‍ രാജ്യദ്രോഹ ജനദ്രോഹ സാമ്രാജ്യത്വ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ആരുടെ നേതൃത്വത്തിലായിരിക്കണം എന്ന തര്‍ക്കത്തിലാണ്
ഇപ്പോള്‍ തീരുമാനമായിട്ടുള്ളത്.

ഇടതും വലതും തമ്മിലുള്ള അതിര്‍ വരമ്പുകള്‍ മാഞ്ഞുമാഞ്ഞ് ഒടുവില്‍
രണ്ടു സീറ്റിന്റെ വ്യത്യാസത്തില്‍ എത്തുമ്പോഴും“കുതിരക്കച്ചവടം”കൊണ്ട് പോലും അലോസരപ്പെടുത്തില്ലെന്ന,
ഊഴം തെറ്റിക്കുന്നില്ലെന്ന ഒത്തു തീര്‍പ്പു വ്യവസ്ഥകളും കൂടിയായപ്പോള്‍,
അഴിമതിക്കാരും ഭൂ മാഫിയകളും പെണ്‍ വാണിഭക്കാരും കോര്‍പ്പറേറ്റ് മാഫിയകളും ആനന്ദനൃത്തത്തിലാറാടിനാടു നീളെ പടക്കം പൊട്ടിച്ചു.
കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ഉള്‍പ്പുളകത്താല്‍ സര്‍ഗ്ഗാല്‍ത്മകരായി പരസ്പരം കണ്ണിറുക്കി.
ജയിലറകള്‍ ഉപാധികളില്ലാതെ തുറക്കപ്പെട്ടു.
ആരോഗ്യ വിദ്യാഭ്യാസ മാഫിയകള്‍ ഒപ്പനപാടി.
സ്ഥാനമോഹികളുടേയും ചരടു വലി വീരന്മാരും ആട്ടിമറിക്കാരുടേയും മുണ്ടു പറിയന്മാരുടേയും കൂടാരങ്ങളില്‍ മന:പായസം ഒഴുകി.
വളരെ പെട്ടെന്ന് തലസ്ഥാന നഗരിയില്‍ ഖദറിന്റെ കഞ്ഞിപ്പശ ഗന്ധം നിറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് കേരളം നേരിടുന്ന മൗലിക പ്രശ്നങ്ങളൊക്കെ ബോധപൂര്‍വ്വം തമസ്കരിച്ച് ഭരണവര്‍ഗ്ഗങ്ങളും അവരുടെ മുന്നണികളും കോര്‍പ്പറേറ്റ് മാധ്യമങ്ങളും അരാഷ്ട്രീയത കാമ്പയിനാക്കി പൊലിപ്പിച്ചെടുത്ത നിരാശകള്‍
ജനങ്ങളില്‍ നിന്ന് വോട്ടുകളിലേക്കും വോട്ടുകളില്‍ നിന്ന് സീറ്റിലേക്കും സീറ്റുകളില്‍ നിന്നും നേതാക്കന്മാരിലേക്കും പടര്‍ന്നുകയറി.
സത്യപ്രത്ജ്ഞക്കൊടുവില്‍ നന്ദിപ്രകടിപ്പിച്ചുകൊണ്ട് നയം വ്യക്തമാക്കി.
അതില്‍
ആരോടും പ്രതികാരമുണ്ടാവില്ല എന്നും തടഞ്ഞുവെക്കപ്പെട്ട,ഉപേക്ഷിക്കപ്പെട്ട ‘വികസന’പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടു പോകുമെന്നും.
2001-06ലെ യുഡിഎഫ് സര്‍ക്കാറിന്റെ തുടര്‍ച്ചയായിരുക്കുമെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം ഊന്നലുമുണ്ടായിരുന്നു അതില്‍.
 ചുരുക്കി പറഞ്ഞാല്‍ വിദേശ മൂലധന നിക്ഷേപത്തിനെ പ്രോത്സാഹിപ്പിക്കാന്‍ ഒരു നിക്ഷേപ സൗഹൃദ സംസ്ഥാന മാക്കി മാറ്റേണ്ടതുണ്ടെന്നും കൂട്ടത്തില്‍ പറഞ്ഞിരുന്നു.

കേരളീയ ജനത നേരിട്ടുകൊണ്ടിരിക്കുന്ന ഭഷ്യ പ്രതിസന്ധിയും,ഭൂബന്ധങ്ങളടക്ക മുള്ള,പാരിസ്ഥിതിക വിനാശത്തിനും സാംസ്കാരികവും,സാമ്പത്തികവുമായ പ്രശ്നങ്ങള്‍ക്ക് കാരണമായ നവ ഉദാരീകരണങ്ങള്‍ കൂടുതല്‍ ശക്തിയായി മുന്നോട്ട് പോകുമെന്ന കാര്യത്തില്‍ കോപ്പറേറ്റ് സമ്പന്ന വിഭാഗങ്ങള്‍ക്കുമുള്ള ഉറപ്പായിരുന്നു അത് ,തൊഴില്‍ നിയമങ്ങള്‍ ബാധകമല്ലാത്ത,അദ്ധ്വാനവും, ഭൂമിയിയും നികുതികളുമടങ്ങുന്ന എല്ലാ ഇളവുകളും നല്‍കുമെന്നുള്ള ഉറപ്പായിരുന്നു അത്.

നോക്കൂ ,
തമസ്കരിക്കപ്പെട്ട വിഷയങ്ങള്‍ ഒന്നൊന്നായി വോട്ടെടുപ്പിന്ന് ശേഷം പുറത്തു വന്നുകൊണ്ടിരിക്കുന്നു.
കഴിഞ്ഞ രണ്ട് സ്റ്റോൿഹോം കണ്‍വന്‍ഷനിലും എന്റോ സള്‍ഫാനു വേണ്ടി വാദിച്ച ഒരേയൊരു സര്‍ക്കാര്‍ ബഹുരാഷ്ട്ര കാര്‍ഷിക കമ്പനിയുടെ ദല്ലാളായ കോണ്‍ഗ്രസ്സ് സര്‍ക്കാറായിരുന്നു എന്നത് വോട്ടെടുപ്പിന്ന് മുമ്പ് തുറന്നു പറഞ്ഞു കോണ്‍ഗ്രസ്സിനെ ഒരു തരത്തിലും അലോസരപ്പെടുത്താന്‍ വോട്ടെടുപ്പിന്ന് ശേഷം വിഷയം കൊഴുപ്പിച്ച കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ തയാറായില്ല.
പെട്രോളിയത്തിന്ന് ലിറ്ററിന്ന് 10 രൂപയെങ്കിലും വര്‍ദ്ധിപ്പിക്കുമെന്ന് അറിയാത്ത മാധ്യമങ്ങളോ ഭരണാധികാരികളോ ഇല്ല.ഇപ്പോഴും 5രൂപയുടെ വര്‍ദ്ധനവു മാത്രമേ ചര്‍ച്ചയാവുന്നുള്ളു .ഈ മാസം തന്നെ ഒരിക്കൽ കൂടി
5 രൂപ ഇനിയും വര്‍ദ്ധിപ്പിക്കുമെന്ന് ഈ പ്രധിഷേധത്തിന്റെ ഘട്ടത്തില്‍ പോലു മറച്ചു വെക്കുന്നു.

ഹാരിസണ്‍ മലയാളം എന്ന കോര്‍പ്പറേറ്റ് ഭൂ മാഫിയ 76000 ലധികം ഹെക്റ്റര്‍ ഭൂമി കൈ വശം വെച്ചിരിക്കുന്നത് നിയമ വിരുദ്ധമായിട്ടാണ് എന്ന് വിവിധ സര്‍ക്കാര്‍ കമ്മീഷനുകള്‍ തന്നെ കണ്ടെത്തിയിട്ടും ഒരു നടപടിയും എടുക്കാതെ അച്ചുതാനന്ദന്‍ സഖാവും റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ച് പടിയിറങ്ങി.

റോഡ് കച്ചവട BOT മാഫിയയുടെ നേതൃത്വത്തില്‍ പതിനായിരക്കണക്കിന്ന് കോടിരൂപയുടെ ബ്ലൂപ്രിന്റുകള്‍ തയാറാക്കി അനുകൂല സാഹചര്യങ്ങള്‍ക്ക് ചരടു വലിക്കുന്നു.

കുട്ടനാട് അടക്കമുള്ള നെല്‍കൃഷി മേഖലകള്‍ പോലും ടൂറിസത്തിന്റേയും റിയല്‍ എസ്റ്റേറ്റിന്റേയും പേരില്‍ കവര്‍ന്നെടുക്കുന്നതിന്ന് കോര്‍പ്പറേറ്റ് ഊഹമൂലധന മാഫിയകള്‍ സടകുടഞ്ഞെഴുന്നേറ്റുകഴിഞ്ഞു.

ആരോഗ്യ- വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ വരുതിയിലാക്കാന്‍ മത-വിദ്യാഭ്യാസ മാഫിയകള്‍ സദാ ജാഗരൂഗരായി നില്‍ക്കുന്നു.

സ്മാര്‍ട്ട് സിറ്റി പോലുള്ള പ്രത്യേക സാമ്പത്തിക മേഖലകളില്‍ സംരംഭത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കോര്‍പ്പറേറ്റ് റിയല്‍ എസ്റ്റേറ്റ് ശക്തികള്‍ രാജ്യത്തിനകത്ത് ഒരു നിയമവും ബാധകമല്ലാത്ത മറ്റൊരു രാജ്യം സ്ഥാപിക്കാനുള്ള ഗൂഢ ശ്രമത്തിനായി ഉറക്കമിളച്ചു കാത്തിരിക്കുന്നു.

കേരള രാഷ്ട്രീയത്തിലെ മറ്റൊരു അപകടകരമായ വഴിത്തിരിവാണിത് ദശാബ്ദങ്ങളോളമായി നടന്നുകൊണ്ടിരിക്കുന്ന സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ ഫലമായി ജനങ്ങള്‍ പാപ്പരീകരിക്കപ്പെടുകയും കൊട്ടിഘോഷിക്കപ്പെട്ട“കേരളാ മോഡല്‍” റദ്ദാകുകയും ചെയ്യപ്പെട്ടകാലം.
ഈ ഭരണവ്യവസ്ഥിതിക്ക് കീഴില്‍ ഏതെങ്കിലും അടിസ്ഥാനപരമായ വ്യത്യസ്തത പ്രതീക്ഷിക്കുന്നത് മൗഢ്യമാണെന്ന് തോന്നിക്കുന്നകാലം.

പറഞ്ഞു വരുന്നത്, അല്ലെങ്കില്‍ പറയാനുദ്ദേശിച്ചത്:- 

ഏറ്റവും കുറഞ്ഞകൂലിക്ക് അദ്ധ്വാനശക്തിയെ കവര്‍ന്നെടുത്തും രാജ്യത്തിന്റെ സമ്പത്തും വിഭവങ്ങളും ഉല്പന്നങ്ങളും കൊള്ളയടിച്ച് കൊണ്ടു പൊവുന്നതിന്നു കൂട്ടുനില്‍ക്കുന്ന ദാസ്യത്തിനാണ് ഇവര്‍ “വികസനം”എന്നു പറയുന്നത്.

നേരെ മറിച്ച് ,വികസനത്തിന്റെ നേട്ടം അധ്വാനിക്കുന്നവനുള്‍പ്പെടേയുള്ള ബഹുഭൂരി പക്ഷം വരുന്ന ജനതക്ക് ലഭിക്കുന്നതായിരിക്കണം.രാജ്യത്തിന്റെ മഹത്തായ സ്വാതന്ത്ര്യത്തേയും പരമാധികാരത്തേയും  അത് ഊട്ടിഉറപ്പിക്കുന്നതായിരിക്കണം.

അതുകൊണ്ടാണ് ജനകീയവും സ്വാശ്രിതവുമായ ഒരു വികസന കാഴ്ചപ്പാടിനെ ദേശാഭിമാന ശക്തികള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്, അതിന്ന് വേണ്ടി പോരാടുന്നത്.,രക്തസാക്ഷിത്വം വരിക്കുന്നത്

അത്തരമൊരു കാഴ്ചപ്പാടില്‍ നിന്ന് കൊണ്ടാണ് സാമ്രാജ്യത്വ ആശ്രിത ‘വികസനത്തെ’രാജ്യസ്നേഹികള്‍ ചെറുത്തു തോല്‍പ്പിക്കുന്നത്.

ഇടത്-വലത്,ജാതി-മത ശക്തികളടക്കം ആഗോളീകരണ നയങ്ങള്‍ക്കൊത്ത് ടൂറിസം,ഐടി,പ്രത്യേകസാമ്പത്തിക മേഖലകള്‍ തുടങ്ങിയവ തൊഴിലിന്റേയും വികസനത്തിന്റേയും ചാലകശക്തിയായി കാണുന്നു.

കൃഷിയേയും,പരമ്പരാഗത വ്യവസായങ്ങളുടേയും പ്രാധാന്യം അവഗണിക്കുകയും ചെയ്യുന്നു.

മൂലധനശക്തികളുടേയും അവരുടെ ലാഭ താല്പര്യങ്ങളും അവരുടെ ക്രമവും സമാധാനവും സംരക്ഷിക്കുക മാത്രമാണ് ഭരണകൂടത്തിന്റെ ചുമതല എന്നായിരിക്കുന്നു,

അതാണ് ജനധിപത്യം എന്നായിരിക്കുന്നു.

ബഹുഭൂരിപക്ഷത്തെ,അദ്ധ്വാനിക്കുന്നവന്റെ,സമ്പത്ത് ഉല്‍പ്പാദിപ്പിക്കുന്നവന്റെ
ജീവിക്കാനുള്ള ,തൊഴിലെടുക്കാനും തൊഴിലില്‍ ഇടപെടാനുമുള്ള,വിലപേശാനുള്ള അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കപ്പെടുന്നു.
വികസനത്തിന്റെ പേരില്‍ അവരുടെ മണ്ണില്‍ നിന്നും കുടിലില്‍ നിന്നും ആട്ടിയോടിക്കപ്പെടുന്നു.

ആയതിനാല്‍ ഇന്ന് ‘വികസന വിരോധി’ എന്നാല്‍ രാജ്യസ്നേഹി എന്നര്‍ത്ഥമാകുന്നു എന്നതാണ് ..



4 അഭിപ്രായങ്ങൾ:

prasanna raghavan പറഞ്ഞു...

അതിശക്തമായ ആശയങ്ങള്‍.

പാലക്കാടൻ പറഞ്ഞു...

‘വികസന വിരോധി’ എന്നാല്‍ രാജ്യസ്നേഹി എന്നര്‍ത്ഥമാകുന്നു എന്നതാണ് .
വളരെ ശരിയായ ഒരു നിരീക്ഷണം ആണത് !!
വളരെ തുച്ചമായ വോട്ടുകള്‍ കൊണ്ട് ( ചുരുങ്ങിയ വോട്ടിനു ജയിച്ച മണ്ഡലങ്ങളില്‍ കൂട്ടുമ്പോള്‍ =1700 ) നഷ്ടപെട്ട ഭരണം .ജനവിധിയാണ് . ഇവിടെ ഭരണം മാറ്റി മറിക്കുന്നവര്‍ ആരാണ~ .
അരാഷ്ട്രീയ വല്‍ക്കരണം നടന്ന ഒരു പുതു തലമുറ . ( ആരുഭരിച്ചാലും കണക്ക )
രാഷ്ട്രീയ ബോധമില്ലാത്ത ഒരുപറ്റം സ്ത്രീകളും പുരുഷന്മാരും .( കഴിഞ പ്രാവശ്യം അവരല്ലേ ഭാരിച്ചേ ഇപ്രാവശ്യം മറ്റവര്‍ ആകട്ടെ )
യാഥാസ്ഥിക മത വിശ്വാസികള്‍
പിന്നെയാണ് ഇടതുപക്ഷത്തിന്റെ വലതുപക്ഷ വ്യതിയാനവും.വലതുപക്ഷത്തിന്റെ ഇടതുപക്ഷ വ്യതിയാനവും നോക്കി വോട്ടു ചെയ്യുന്നവര്‍

chekavan പറഞ്ഞു...

kollaam.....

Unknown പറഞ്ഞു...

മൂലധനശക്തികളുടേയും അവരുടെ ലാഭ താല്പര്യങ്ങളും അവരുടെ ക്രമവും സമാധാനവും സംരക്ഷിക്കുക മാത്രമാണ് ഭരണകൂടത്തിന്റെ ചുമതല എന്നായിരിക്കുന്നു,
വളരെ ശരിയാണ് ..