2012, മാർച്ച് 3, ശനിയാഴ്‌ച

പ്രധാന മന്ത്രിക്ക്‌ കൂടങ്കുളത്തെ കുട്ടികളുടെ തുറന്ന കത്ത്‌:-


ബഹുമാനപ്പെട്ട പ്രധാനമന്ത്രീ,ആശംസകള്‍.
കൂടങ്കുളം ആണവ  വൈദ്യുത പദ്ധതിയില്‍ പ്രകൃതി പ്രക്ഷോഭം മൂലമോ ജീവനക്കാരുടെ പിഴവു മൂലമോ  അല്ലെങ്കില്‍ ഭീകര പ്രവര്‍ത്തകര്‍ കരുതിക്കൂട്ടി ചെയ്യുന്നത്‌ മൂലമോ ഉണ്ടാകാനിടയുള്ള ദുരന്തത്തിന്റെ ഏറ്റവും വലിയ ഇരകളായ ഞങ്ങള്‍,കൂടങ്കുളത്തെ ആയിരക്കണക്കിന്‌ കുട്ടികള്‍,പ്രസ്തുത പദ്ധതി എത്രയും വേഗം പൊളിച്ചുമാറ്റണമെന്ന് അങ്ങയോട്‌ അപോക്ഷിക്കുന്നു.
നമ്മുടെ നാട്ടിലെ ജനങ്ങളുടെ, പ്രത്യേകിച്ചും ഞങ്ങളേപ്പോലുള്ള കുട്ടികളുടെ,ആശകള്‍ക്കും അഭിലാഷങ്ങള്‍ക്കും നല്‍കുന്നതിനേക്കാള്‍ പ്രാധാന്യം അങ്ങയേപ്പോലുള്ള തേതാക്കള്‍ ദേശാന്തര വാണിജ്യ സ്ഥാപനങ്ങളുടേയും താല്‍പ്പര്യങ്ങള്‍ക്ക്‌ നല്‍കിക്കാണുന്നതില്‍ ഇന്ത്യയുടെ ഭാവിതലമുറയായ ഞങ്ങള്‍ക്ക്‌ അതിയായഖേദമുണ്ട്‌.
റഷ്യന്‍ സര്‍ക്കാറിനേയും അവിടുത്തെ സ്ഥാപനങ്ങളേയും ആണവബാധ്യതാ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിക്കൊണ്ട്‌ അങ്ങ്‌ നേതൃത്വം നല്‍കുന്ന സര്‍ക്കാറും റഷ്യന്‍ സര്‍ക്കാറും തമ്മില്‍ ഒപ്പിട്ട രഹസ്യകരാര്‍ ഒരു ഉദാഹരണം മാത്രം.
കൂടങ്കുളം ആണവ നിലയത്തില്‍ നിന്നുള്ള ദൈനംദിന ആണവ വികിരണത്തെ കുറിച്ച്‌,
ആണവ ഇന്ധന അവശിഷ്ടത്തിന്റെ അളവിനേയും അത്‌ കൈകാര്യം ചെയ്യുന്നതിനേയും കുറിച്ച്‌,
നിലയങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍ വേണ്ടിവരുന്ന ചെലവിനേയും അതിന്റെ ആഘാതത്തേയും കുറിച്ച്‌,
പദ്ധതിക്കു വേണ്ടി വരുന്ന ശുദ്ധ ജലത്തിന്റെ അളവിനേയും കുറിച്ച്‌,
ഞങ്ങളുടെ ആരോഗ്യത്തിലും ജീവിതത്തിലും ഈ നിലയം ചെലുത്തുന്ന സ്വാധീനത്തേക്കുറിച്ച്‌,
ഞങ്ങളുടെ കടലിലും കടല്‍ വിഭവങ്ങള്‍ക്കും വരുത്തുന്ന നാശത്തേക്കുറിച്ച്‌,
ഇതുപോലെ മറ്റനേകം ഗൗരവമേറിയ വിഷയങ്ങളേക്കുറിച്ച്‌ എല്ലാം ഞങ്ങളുടെ സാമൂഹ്യ നേതാക്കളും
ആണവ വിരുദ്ധ പ്രവര്‍ത്തകരും അങ്ങയുടെ സര്‍ക്കാറിനോടും ആണവോര്‍ജ്ജ വകുപ്പിനോടും
കൂടങ്കുളം ആണവോര്‍ജ്ജ പദ്ധതി അധികൃതരോടും സുപ്രധാന ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്‌.
 എന്നാല്‍ അങ്ങും അങ്ങയുടെ മന്ത്രിമാരും ഉദ്യോഗസ്ഥമേധാവികളും നിങ്ങളുടെ വിദഗ്ദ സമിതിയും എല്ലാം 'കൂടങ്കുളം സുരക്ഷിതമാണ്‌' എന്ന അര്‍ത്ഥശൂന്യമായ
സ്ഥിരം പല്ലവി മാത്രം പാടുകയാണ്‌.
ഞങ്ങളുടെ നേതാക്കള്‍ ഉന്നയിച്ചിട്ടുള്ള ചോദ്യങ്ങള്‍ക്ക്‌ കൃത്യവും വ്യക്തവുമായ മറുപടി നല്‍കാത്തത്‌ എന്തുകൊണ്ടാണ്‌?
ഞങ്ങളുടേയോ ഞങ്ങളുടെ മുന്‍ തലമുറയുടേയോ അറിവോ സമ്മതമോ കൂടാതേയാണ്‌ ഈ പദ്ധതി ഞങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചത്‌.
ഏറ്റവും പ്രാഥമികമായ വിവരങ്ങള്‍ പോലും ഞങ്ങള്‍ക്ക്‌ നല്‍കിയിട്ടില്ല.
ഒരൊറ്റ പൊതുസംവാദം പോലും സംഘടിപ്പിച്ചിട്ടില്ല.
ഞങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുകയോ എന്തിന്‌,ചെവിതരുകപോലുമോ ഉണ്ടായിട്ടില്ല.
ഇന്ത്യയുടെ മക്കളായ ഞങ്ങളെ ,സുതാര്യതയും ഉത്തരവാദിത്വവും ജനപങ്കാളിത്തവും
ഏറ്റവും പ്രാധാന്യമേറിയ ജനാധിപത്യവും പഠിപ്പിക്കുന്നത്‌ ഇങ്ങനെയാണോ?
ഞങ്ങളുടെ രക്ഷിതാക്കള്‍ സംശയങ്ങള്‍ ഉന്നയിക്കുമ്പോള്‍ അവരെ വിദേശചാരന്മാരായും
വിദേശ പണം ലഭിക്കുന്നവരായും ഇന്ത്യക്കെതിരേ പ്രവര്‍ത്തിക്കുന്നവരായും മുദ്രകുത്തുന്നത്‌ ന്യായമാണോ,മര്യാദയാണോ?
അങ്ങയുടെ സര്‍ക്കാറിന്റെ ഊര്‍ജ്ജനയം ഞങ്ങളുടെ ആരോഗ്യം,
സമാധാനജീവിതം,ശുദ്ധവായു,ശുദ്ധജലം, നല്ല കടല്‍ ഭക്ഷണം എല്ലാം കവര്‍ന്നെടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുവാന്‍ ഞങ്ങളെ അനുവദിക്കുക.
അടുത്ത മുപ്പതോ നാല്‍പ്പതോ വര്‍ഷത്തെ വൈദ്യുതോല്‍പാദനത്തിന്നു വേണ്ടി പ്രകൃതിവിഭവങ്ങളെ മലിനമാക്കുവാനും
ഭാവി വിഷലിപ്തമാക്കുവാനും അങ്ങയുടെ അഞ്ചു വര്‍ഷ ഭരണ കാലാവധിക്കോ ,
അങ്ങയുടെ തലമുറക്ക്‌ തന്നേയോ അധികാരമില്ല.
കൂടങ്കുളത്തെ ആണവറിയാക്റ്റര്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന്
റഷ്യയില്‍ വെച്ച്‌ അങ്ങു നടത്തിയ പ്രസ്താവന കൂടങ്കുളം പ്രദേശത്തെ തമിഴ് മക്കളായ ഞങ്ങളെ അവഹേളിച്ചിരിക്കുന്നു.
തമിഴ്ജനതയുടെ ആവശ്യങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും അങ്ങയുടെ സര്‍ക്കാര്‍ ഒട്ടും പരിഗണന നല്‍കുന്നില്ലെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു.
ഞങ്ങളേയും ഇന്ത്യക്കാരായി കണക്കാക്കി ആവശ്യമായ കരുതലും പരിഗണനയും ഞങ്ങള്‍ക്കു നല്‍കണം.
2011 ഡിസംബര്‍ 25ന്‌ ഞങ്ങളുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടതുപോലെ,
ഈ സംസ്ഥാനത്തെ ഊര്‍ജ്ജപദ്ധതികള്‍ പുന രുജ്ജീവിപ്പിക്കാനും
മത്സ്യ തൊഴിലാളികളുടെ സുരക്ഷയും
മത്സ്യ ബന്ധന അവകാശങ്ങളും ഉറപ്പുവരുത്തുവാനും
തമിഴ്‌നാടിനെ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനും
ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നല്‍കുവാന്‍
ഞങ്ങള്‍ അങ്ങയോട്‌ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു-

ആദരപൂര്‍വം,കൂടംകുളത്തെ കുട്ടികള്‍.
കുത്തങ്കുഴി,ഇടിന്തക്കരൈ,വൈരവിക്കിണര്‍,
കൂടങ്കുളം.ചെട്ടിക്കുളം,പെരുമണല്‍,കൂട്ടപുളി
എന്നീ പ്രദേശങ്ങളില്‍ നിന്നും

1 അഭിപ്രായം:

Manoj മനോജ് പറഞ്ഞു...

ഈ പിള്ളാരെ കൊണ്ട് തമിഴ്നാട് മുഖ്യമന്ത്രിക്ക് മുല്ലപെരിയാർ ഡാമിനെ കുറിച്ചും ഒരു കത്തെഴുതാൻ ഏൽ‌പ്പിക്കാം ;)