2009, മാർച്ച് 28, ശനിയാഴ്‌ച

സാമൂഹ്യജീവിതത്തിന്റെ സർഗ്ഗാത്മകത വീണ്ടെടുക്കുക ,മാതൃഭാഷയെ സംരക്ഷിക്കുക :-മലയാള വേദി

സമൂഹത്തിലെന്നപോലെ പൊതു വിദ്യാഭ്യാസ മേഖലയിലും ഇപ്പോൾ മലയാളം അവഗണിക്കപ്പെടുകയാണ്. മലയാളം മാധ്യമമായുള്ള വിദ്യായലങ്ങൾ കുറഞ്ഞു വരുന്നതും ഇഗ്ലീഷ്മാധ്യമമായുള്ള വിദ്യാലയങ്ങൾ പെരുകി വരുന്നതും സമൂഹത്തിന് മലയാളത്തോടുള്ള സമീപനത്തെയാണ് കാണിക്കുന്നത്‌.ഈ സമീപനം സർക്കാർ നിലപാടുകളിലും പലപ്പോഴും പ്രതിഫലിപ്പിക്കുന്നുണ്ട്‌.ഭാഷ എന്നനിലയിൽ മാത്രമല്ല സാഹിത്യം എന്നനിലയിലും മലയാളം പൊതുസമൂഹത്തിൽ ഒരു പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്.വർദ്ധിച്ചുവരുന്ന ദൃശ്യമാധ്യമങ്ങളുടെ സ്വാധീനം നവോത്ഥാനത്തോടുകൂടി നാം രൂപീകരിച്ച വായനാസംസ്കാരത്തെ പിറകോട്ടടിപ്പിക്കുകയാണ്. ആധുനിക കേരളസമൂഹ രൂപീകരണത്തിൽ സാഹിത്യവും വായന സംസ്കാരവും നിർവ്വഹിച്ച പങ്ക്‌ നിസ്ത്തുലമാണ്.ജനകീയമായ ഒരു ദൃശ്യസംസ്ക്കാരത്തിന്ന് പോലും ശക്തമായ വായന സംസ്കാരത്തിന്റെ പിൻബലം ആവശ്യമാണ്.ഭാഷയും സാഹിത്യവും പൊതുസമൂഹത്തിൽ നേരിടുന്ന ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കാനും അതിനെ പ്രധിരോധിക്കാനുമുള്ള ഒരു വേദി എന്നനിലയിൽ വടകരയിലെ ഭാഷാ സാഹിത്യ സ്നേഹികളും സ്കൂൾ സർവ്വകലാശാല തലത്തിലുള്ള അധ്യാപകരും ഒത്തുചേർന്ന് മലയാളവേദി എന്ന പേരിൽ ഒരു സമിതി രൂപീകരിച്ചിരിക്കുന്നു.
ഒന്നാലോചിച്ചാൽ ഇന്നത്തെ ആഗോളീകരണ സന്ദർഭത്തിൽ ഇത്‌ മലയാളത്തിനുമാത്രമുള്ള ഒറ്റപ്പെട്ട ദുര്യോഗമല്ല .ഭാഷകളുടെ മരണം എന്ന സങ്കൽപ്പം തന്നെ ചർച്ച ചെയ്യപ്പെടുന്നത്‌. ഈ ഘട്ടത്തിലാണ്.അനുദിനം മരിച്ചുകൊണ്ടിരിക്കുന്ന ഭാഷകളെക്കുറിച്ചുതന്നെ ഇന്ന് പഠനങ്ങൾ വന്നുകൊണ്ടിരിക്കുന്നു.ആഗോളസാഹചര്യത്തിൽ അധികാരപരവും തൊഴിൽപരവുമായ പരിഗണനകൾ മുൻ നിർത്തി സർവ്വമണ്ഡലങ്ങളും ആസൂത്രണം ചെയ്യപ്പെടുമ്പോൾ പലപ്പോഴും പരിക്കേൽക്കുന്നത്‌ മാതൃഭാഷക്കാണ്.തൊഴിൽപരവും സാമ്പത്തികവുമായ പരിഗണനകൾക്കപ്പുറത്ത്‌ ഭാഷയെയും സാഹിത്യത്തെയും സംസ്കാരത്തെയും ഉയർത്തിപ്പിടിക്കുന്ന ഒരു ജനതക്കു മാത്രമേ അവരുടെ മാതൃഭാഷ കൈമോശം വരാതെ സൂക്ഷിക്കാൻ കഴിയുകയുള്ളൂ.
ആധുനിക സമൂഹമെന്നത്‌ ഭാഷാസമൂഹങ്ങളാണ്.അതിലെ അംഗത്വം പ്രധാനമായും ഒരാൾക്ക്‌ ലഭിക്കുന്നത്‌ ഭാഷാപരമായ അംഗത്വത്തിലൂടെയാണ്.ജാതി മത ഗോത്രപരമായ അതിർത്തികളെ മറികടന്നുകൊണ്ടാണ് ആധുനികമായ ഓരോ ഭാഷാസമൂഹവും രൂപപ്പെട്ടിട്ടുള്ളത്‌.ഭാഷാപരമായ ഈ ഐക്യം തകർന്നാൽ സ്വഭാവികമായും ജാതി മത ഗോത്രപരമായ ഭുതങ്ങൾ തിരിച്ചു വരാനാണ് സാദ്ധ്യത.ആ നിലയിൽ ആധുനിക സമൂഹത്തിന്റെ കാവലാളാണ് ഭാഷ.ചുരുക്കത്തിൽ ജനാധിപത്യസമൂഹമെന്ന നിലയിലുള്ള ഐക്യകേരളത്തിന്റെ നിലനിൽപ്പ്‌ മലയാളഭാഷയുടെ നിലനിൽപ്പുമായി ബന്ധപ്പെട്ടാണിരിക്കുന്നത്‌.
സംസ്കൃത കേന്ദ്രീകൃതമായ ഭാഷാബോധത്തിൽനിന്ന് അടിസ്ഥാനജനവിഭാഗം സംസാരിക്കുന്ന മലയാളത്തിലേക്കുള്ള പരിവർത്തനത്തെയാണല്ലോ മേൽപത്തൂരിന് പകരം പൂന്താനത്തിന്റെ ഭാഷാകൃതിയെ സ്വീകരിക്കുന്ന ഐതിഹ്യം സൂചിപ്പിക്കുന്നത്‌.അതുകഴിഞ്ഞ്‌ ഇംഗ്ലീഷ്മേധാവിത്വത്തോടും കലഹിച്ചാണ് മലയാളം അതിന്റെ സ്വത്വബോധം സ്ഥാപിച്ചെടുത്തത്‌.ഭാഷയും അധികാരവുമായുള്ള ബന്ധത്തെ കൂടി ഇതു വ്യക്തമാക്കുന്നുണ്ട്‌.ഭാഷാപരിണാമം അധികാരപരിണാമത്തെ കൂടി സൂചിപ്പിക്കുന്നുണ്ടു.മലയാളം കൈമോശപ്പെടുത്തുക എന്നാൽ അടിസ്ഥാനവർഗ്ഗത്തിന്റെ സാമൂഹ്യാംഗീകാരം കൈമോശപ്പെടുത്തുകയെന്നാണർത്ഥം.അതുകൊണ്ടുതന്നെ മാതൃഭാഷക്ക്‌ നേരെ സാമൂഹ്യതലത്തിലും ഭരണകൂടതലത്തിലും ഉണ്ടാക്കുന്ന അവഗണനകളെ നിസ്സാരമായി തള്ളുവാൻ സാധ്യമല്ല.സ്വന്തം മാതൃഭാഷയിൽ വിദ്യാഭ്യാസം ചെയ്യാനും തൊഴിൽചെയ്യാനും ജീവിക്കാനുമുള്ള അവകാശം ഇന്ന് അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നുണ്ട്‌.അന്യഭാഷാ പരിജ്ഞാനമില്ലെന്നതിന്റെ പേരിൽ ഒരാളും തൊഴിൽപരമായോ സാമൂഹ്യമായോ അവഗണിക്കപ്പെട്ടുകൂടാ എന്നാണിതിന്ന് അർത്ഥം.
എന്നാൽ അടിസ്ഥാനപ്രമാണങ്ങൾ നിരാകരിക്കപ്പെടുന്ന പ്രവണത ഇന്ന് മറ്റ്‌ മണ്ഡലങ്ങളിലെന്ന പോലെ വിദ്യാഭ്യാസമേഘലയിലും പ്രകടമായിത്തുടങ്ങിയിരിക്കുന്നു.തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ പൊതുവിദ്യാഭ്യാസരംഗത്ത്‌ ഇന്ന് ഇംഗ്ലീഷ്‌ മാധ്യമമായുള്ള വിദ്യാലയങ്ങൽ പെരുകിവരുകയും മലയാളം മാധ്യമമായുള്ള വിദ്യാലയങ്ങൾ കുറഞ്ഞുവരികയുംചെയ്യുന്നു എന്നുള്ളത്‌ മാത്രമല്ല പൊതുവിദ്യാഭ്യാസത്തിന്റെ ഇടങ്ങളിൽ നിന്നുതന്നെ മലയാളം വെട്ടിമാറ്റപ്പെടുന്നതിന്റെ സൂചനകൾ കണ്ടുവരികയുംചെയ്യുന്നുരണ്ടുവർഷം മുമ്പ്‌ പ്ലസ്‌ റ്റു തലത്തിൽ നിന്ന് മലയാളം എടുത്തുകളയാനുള്ള നീക്കമുണ്ടായി .അധ്യാപകരും സാംസ്കാരിക പ്രവർത്തകരും പൊതു സമൂഹവും ശക്തമായി ഇടപെട്ടതിന്റെ ഫലമായിട്ടാണ് ആ തീരുമാനം തിരുത്താൻ കഴിഞ്ഞത്‌.ഏതാണ്ട്‌ അതിന്ന് തുല്യമായ ഒരു അപകടം ഇപ്പോൾ ബിരുദതലത്തിൽ നടക്കുന്ന പാഠ്യപദ്ധതി പരിഷ്കാരത്തിൽകാണാം.ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുന്നോട്ട്‌ വെച്ചിട്ടുള്ള മാർഗ്ഗരേഖ നിലവിലുള്ള ഭാഷാസാഹിത്യ പഠനത്തിന്റെ മണ്ഡലത്തെ വളരെയേറെ ചുരുക്കിയിരിക്കുന്നു.ഇപ്പോൾ രണ്ടുവർഷം മൂന്ന്പേപ്പറിലായി പഠിക്കാനുള്ള സാഹിത്യം ആദ്യത്തെ ആറുമാസത്തേക്കുള്ള ഒരു പേപ്പർ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.ഭാഷയുടെ സാങ്കേതികമായ പ്രയോഗക്ഷമതയ്ക്ക്മാത്രമാണ` ഊന്നൽ നൽകിയുട്ടുള്ളത്‌ .
സാഹിത്യപഠനത്തെ സംബന്ധിച്ച ഈ ശോഷണം ഹിന്ദി ഉർദ്ദു സംസ്കൃത ഭാഷകൾക്കും ബാധകമാണ് .ഇംഗ്ലീഷ്ഭാഷാപഠനത്തിൽ നിന്ന് സാഹിത്യ പഠനം പൂർണ്ണമായി ഒഴിവാക്കിയിരിക്കുന്നതും ഇതിനെയാണ് കാണിക്കുന്നത്‌.
യഥാർത്ഥത്തിൽ കലാസാഹിത്യ മേഖല ഉൾക്കൊള്ളുന്ന സൗന്ദര്യബോധത്തിന്റെ മണ്ഡലം ആധുനിക സന്ദർഭത്തിൽ വളരെ പ്രസക്തമാണ്. വസ്തുനിഷ്ടമായ ചരിത്രപരിണാമങ്ങളെ അനുഭവതലത്തിൽ രേഖപ്പെടുത്തുന്നത്‌ കലാസാഹിത്യ മണ്ഡലമാണ്. വർണ്ണ വർഗ്ഗ ലിംഗതലങ്ങളുമായി ബന്ധപ്പെട്ട സൗന്ദര്യബോധത്തിൽ വരുന്ന പരിണാമമാണ് യഥാർത്ഥത്തിൽ ഒരു ജനതയുടെ ആന്തരികമായ സമരത്തെയും ആന്തരികമായ അനുഭവത്തെയും സൂഷ്മമായി അടയാളപ്പെടുത്തുന്നത്‌.വിമർശ്ശനത്തിന്റെയും പ്രധിരോധത്തിന്റെയും ആഴത്തിലുള്ള മണ്ഡലമാണിത്‌. ഇതിനെ അവഗണിക്കുക എന്നാൽ മനുഷ്യനെ യാന്ത്രികതയായി നിർവ്വചിക്കുക എന്നാണർത്ഥം.നിർഭാഗ്യവശാൽ ഇത്തരമൊരു നിലപാടാണ്.ഉന്നത വിദ്യാഭ്യാസകൗൺസിൽ ഇപ്പോൾ കൈക്കൊണ്ടിട്ടുള്ളത്‌.
വിദ്യാഭ്യാസം കേവലം തൊഴിലിനുള്ള യാന്ത്രികമായ ഉപാധിമാത്രമാണെന്ന പരിമിതമായ നിലപാട്‌ സ്വീകരിക്കുന്നതിന്റെ ഫലം കൂടിയാണിത്‌.യഥാർത്ഥത്തിൽ വ്യക്തിത്വത്തിന്റെ സർവ്വതോന്മുഖമായ വികാസത്തിന്നാണ് വിദ്യാഭ്യാസം.കലയും സാഹിത്യവും പ്രധിനിധീകരിക്കുന്ന അനുഭുതിമണ്ഡലം അതിൽ വളരെപ്രധാനമാണ്.അതുകൊണ്ടാണ് കൊളോണിയൽ കാലത്തും അതിന്ന് മുമ്പ്പോലുമുള്ള വിദ്യാഭ്യാസപദ്ധതികളിൽ കലാ സാഹിത്യ വിദ്യാഭ്യാസത്തിന്ന് പ്രധാനമായ ഒരു സ്ഥാനമുണ്ടായിരുന്നത്‌.എന്നാൽ മനുഷ്യനെ പൂർണ്ണമായും ചരക്കാക്കുന്ന ആഗോളീകരണത്തിന്റെ മൂലധനക്രമത്തിന്ന് ഇതിനെ പൂർണ്ണമായും വെട്ടിമാറ്റേണ്ടിയിരിക്കുന്നു.
എഴുത്തച്ചനെയും തകഴിയെയും ബഷീറിനെയും അറിയാത്ത കേവല മനുഷ്യശരീരങ്ങളെയാണ് അവർ വിദ്യാഭ്യാസവ്യവസ്ഥയിൽ നിന്ന് ആവശ്യപ്പെടുന്നത്‌.ഇങ്ങിനെ പുറത്തുവരുന്ന ഒരു തലമുറ സാമൂഹ്യതയും ആർദ്ദ്രതയും നഷ്ടപ്പെട്ടതായിരിക്കുമെന്നതിൽ സംശയമില്ല.സ്കൂൾ വിദ്യാർത്ഥികൾക്ക്‌ തങ്ങളുടെ താൽപര്യത്തിനനുസരിച്ചു എട്ടാം ക്ലാസ്സുമുതൽ ഭാവി പഠനത്തിനുള്ള മുഖ്യവിഷയങ്ങൾ തെരെഞ്ഞെടുത്തു പഠിക്കാൻ കഴിയുന്നതരത്തിലുള്ള ഭാവി സംവിധാനത്തെക്കുറിച്ചുള്ള ചർച്ചകളാണല്ലോ ഇപ്പോൾനടക്കുന്നത്‌.ബിരുദതലത്തിൽ ഭാഷാ സാഹിത്യ പഠനത്തിന്ന് വരുന്ന ശോഷണം അതിന്റെ ഭാവി തൊഴിൽ സാദ്ധ്യതകൾക്കും മങ്ങലേൽപ്പിക്കുമെന്നതിനാൽ സ്കൂൾതലം മുതലേ ഭാഷാസാഹിത്യ മേഖല തെരഞ്ഞെടുക്കുവാനുള്ള വിദ്യാർത്ഥികളുടെ[രക്ഷിതാക്കളുടെയും]താൽപര്യത്തെ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.ആ നിലയിൽ സർവ്വകലാശാല,പ്ലസ്‌2.സ്കൂൾ തലങ്ങളിലെല്ലാം ദീർ ഘ കാലികമായി ഭാഷാസാഹിത്യ പഠനത്തിൽ ആഘാതമേൽപ്പിക്കുന്നതുമായിരിക്കും ഈ പരിഷ്കരണം.
കേരളത്തിന്റെ സാമൂഹ്യതയെ തിരിച്ചുപിടിക്കാൻ മാനവികതക്ക്‌ വേണ്ടിയുള്ള അതിന്റെ സമരങ്ങളെ പുതു തലമുറയിൽ നിന്ന് മറച്ചുപിടിക്കുന്ന പുതിയ പരിഷ്കരണങ്ങളിൽ നിന്ന് സർക്കാർ പിൻ വാങ്ങണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്‌.പരിഷ്ക്കരണങ്ങൾ ആവശ്യമാണ്.അവ കൂടുതൽ ജനാധിപത്യപരവും മാനവികവുമായ സാമൂഹ്യനിർമ്മിതിക്ക്‌ ഉതകുന്ന ദിശയിലുള്ളതായിരിക്കണമെന്ന് മാത്രം.
മലയാളവേദി മുന്നോട്ട്‌ വെച്ച ഇതേമട്ടിലുള്ള ലക്ഷ്യങ്ങളെ മുൻ നിർത്തി അദ്യാപകരും സാംസ്കാരിക പ്രവർത്തകരും ഭാഷാസ്നേഹികളും സമാനമായ കൂട്ടായ്മകൾ കേരളത്തിന്റെ വിവിധപ്രദേശങ്ങളിൽ രൂപീകരിക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ഞങ്ങൾ അറിയുന്നു.അവരോട്കൂടിച്ചേർന്ന് കൊണ്ട്‌ മാതൃഭാഷയുടെയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും സംരക്ഷണത്തിന്ന് മലയാളിവേദി നടത്തുന്ന പ്രവർത്തനങ്ങൾക്ക്‌ മുഴുവൻ ആളുകളുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.ഒപ്പം നിരവധി സാംസ്കാരിക പ്രവർത്തനങ്ങളുടെ ചരിത്രമുള്ള വടകരയിൽ കലാസാഹിത്യ സാംസ്കാരിക ചർച്ചക്കുള്ള പൊതുവേദി എന്നനിലയിൽ മലയാളവേദിയെ സ്വീരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
രക്ഷാധികാരികൾ.
കൽപ്പറ്റ നാരായണൻ.
കടത്തനാട്ട്‌ നാരായണൻ.
കെ കുഞ്ഞനന്തൻ നായർ.
പ്രവർത്തകസമിതി

കെ വീരാങ്കുട്ടി.
പി രഞ്ചിത്കുമാർ.
എൻ വി പ്രദീപ്കുമാർ.
കെ അബൂബക്കർ.
കൃഷ്ണദാസ്‌ കടമേരി.
പി പവിത്രൻ.
ആർ ഷിജു.
എം വി പ്രദീപൻ.
രാജേന്ദ്രൻ എടത്തുംകര.
അനിൽ തിരുവള്ളൂർ.
എ പി ശശിധരൻ.
ജോബിഷ്‌ വി കെ.
സലിം കെ ഞക്കനാൽ.
ശ്രീനേഷ്‌.
മധു കടത്തനാട്‌.
സോമൻ കടലൂർ.
ഗഫൂർ കരുവണ്ണൂർ.
ശ്രീജിത്ത്‌.
ഗോപാലകൃഷ്ണൻ ടി ടി .
കെ എം ഭരതൻ[കൺ വീനർ]

5 അഭിപ്രായങ്ങൾ:

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി പറഞ്ഞു...

മക്കളെ മലയാളം മീഡിയം സ്കൂളുകളില്‍ പറഞ്ഞയയ്ക്കുന്നത് ഒരു കുറച്ചില്‍ ആയിട്ടാണ് ഇന്നത്തെ ഇടത്തരം കുടുംബങ്ങളിലെ രക്ഷാകര്‍ത്താക്കള്‍ കാണുന്നത്. വളര്‍ന്നുവരുമ്പോള്‍ കുട്ടികള്‍ക്ക് മാതൃഭാഷയിലും ഇംഗ്ലീഷിലും പരിജ്ഞാനം ഇല്ലാതെ പോകുന്ന അവസ്ഥയാണ് ഉണ്ടാകാന്‍ പോകുന്നത്. മാതൃഭാഷയെ സംരക്ഷിക്കാന്‍ വെറും പ്രസംഗങ്ങള്‍ക്കപ്പുറത്ത് സൃഷ്ടിപരമായി എന്തെങ്കിലും ചെയ്തേ പറ്റൂ!

kadathanadan പറഞ്ഞു...

കെ പി കുമാരൻ അഞ്ചരക്കണ്ടിക്ക്‌:-വളരെ ശക്തമായി ആധിപത്യം ചെലുത്തിയിട്ടുള്ള ഒരു നിലപാട്‌ തന്നെയാണ് താങ്കൾ ചൂണ്ടിക്കാണിച്ചത്‌. ഒരു പക്ഷെ താങ്കളും കേൾക്കാനിടവന്നിട്ടുണ്ടാവും..."എന്തു രാഷ്ട്രീയം മാഷെ അന്നേരം കൊണ്ടു രണ്ടു മുക്കാലുണ്ടാക്കാൻ നോക്ക്‌" എന്ന്. എങ്ങിനെയെങ്കിലും കരപറ്റിയാൽ മതി എന്ന ചിന്ത പെട്ടെന്ന് സ്വീകാര്യമാവുന്നുണ്ടു. ജീവിക്കാനാണെങ്കിൽ എന്തു മാവാം ."ജീവിക്കേണ്ടെ മാഷെ"...നിങ്ങളിപ്പറേന്നത്‌ വല്ലതും നടക്ക്വോ" ...ഇത്‌ ആത്മഹത്യാപരമായ ചിന്തയാണ് സ്വയം നശിച്ച്‌ ,നാടിനെ നശിപ്പിച്ച്‌,ഒരു സമൂഹത്തിന്നും വളരാനാവില്ല എന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുക .മടുക്കാതെ ആവർത്തിക്കുക ഗുണംചെയ്തേക്കും.

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

സത്യത്തില്‍ വേണ്ടത്, തനിമയുള്ള പുതിയൊരു രാഷ്ട്രീയ ബോധത്തിന്റെ ആശയപ്രതലത്തിന്റെ നിര്‍മ്മാണമാണ്.കൂടുതല്‍ ആളൊന്നും വേണ്ട, അഞ്ചോ,പത്തോ പേര്‍ ധാരാളം.
മലയാള തനിമയുള്ള ആ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ വായുമണ്ഡലമായി പൂര്‍ണ്ണമായും പുതിയതായ ഒരു സാംസ്ക്കാരികതകൂടി വിഭാവനം ചെയ്യേണ്ടിയിരിക്കുന്നു. കാരണം, വ്യത്യസ്തമായ സാംസ്കാരികത ഇല്ലെങ്കില്‍ പിന്നോട്ടു നടന്നുകൊണ്ടിരിക്കുന്ന നിലവിലുള്ള സാമൂഹ്യവ്യവസ്ഥിതിയിലേക്കുള്ള
ഒരു പോഷക നദിമാത്രമായി (പുരോഗമന പ്രസ്ഥാനങ്ങള്‍ ഇല്ലാതായതുപോലെ)തനതു രാഷ്ട്രീയവും ബാല്യത്തിലെ മരിച്ചുപോകും.

നമുക്കു വേണം ഒരു മലയാളിരാഷ്ട്രീയ ബോധം.
അതില്ലാതെ മുകളില്‍ പണിയുന്ന സാംസ്കാരികതയെല്ലാം
വായുവില്‍ നിര്‍മ്മിക്കുന്ന ആകാശകൊട്ടാരങ്ങളാകും. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ വടകരയില്‍ നടത്തപ്പെടുന്ന ബ്ലോഗ് ശില്‍പ്പശാലയുടെ സംഘാടകര്‍ക്കിടയിലെ ചര്‍ച്ചകളില്‍ ഉയര്‍ന്നുവരണമെന്ന് ആഗ്രഹമുണ്ട്. ശില്‍പ്പശാലയില്‍ സഹകരിക്കുന്നതിനായി കടത്തനാടനുമായി ബന്ധപ്പെടുമല്ലോ.
(കടത്തനാടാ...ക്ഷമിക്കുമല്ലോ !!:)

സിജാര്‍ വടകര പറഞ്ഞു...

ചിത്രകാരന്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു .ഞാനും ഒരു വടകരക്കാരനാണ് .
എന്‍റെ പേര് സിജാര്‍ വടകര .. ഞാന്‍ ഇപ്പോള്‍ ബഹറൈനില്‍ ആണ് ഉള്ളത്
നിങ്ങളുടെ ഈ നല്ല സംരംഭങ്ങള്‍ക്ക് എന്‍റെ എല്ലാവിധ ആശംസകളും നേരുന്നു .
എന്‍റെ ബ്ലോഗ്‌ ലിങ്ക് www.mazhavilkoodaaram.blogspot.com
ഇ മെയില്‍ sijarvatakara@gmail.com

kadathanadan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.