2010, നവംബർ 26, വെള്ളിയാഴ്‌ച

ഞാനിവിടെത്തന്നെയുണ്ടു....രോഗങ്ങൾ പൂക്കുന്ന ഈ മലമുകളിൽ

ഡോ: വൈ എസ മോഹന്‍ കുമാറുമായി ജയകേരളം ടീം 2005 ല്‍ നടത്തിയ അഭിമുഖത്തില്‍ നിന്നും ഏതാനും ഭാഗം )



?:- പാദരെ ഗ്രാമത്തില്‍ കണ്ടുവരുന്ന പാരിസ്ഥിക പ്രശ്നങ്ങള്‍ ,രോഗങ്ങള്‍ ജനിതക വൈകല്യങ്ങള്‍ എന്നിവ എന്റൊസല്‍ഫാന്‍ തുടര്‍ച്ചയായി തളിച്ചതുകൊണ്ട് ഉണ്ടായതാണെന്ന് പറയാന്‍ കാരണം ?
ഇത്തരം പ്രശ്നങ്ങള്‍ ഏറിയോ കുറഞ്ഞോ മറ്റു പല സ്ഥലങ്ങളിലും കണ്ടു വരുന്നുണ്ടല്ലോ ?

മറു : മൈസൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും എം ബി ബി എസ കഴിഞ്ഞ ഞാന്‍ 1982 മുതലാണ്‌ പ്രാക്ടീസ് ആരംഭിച്ചത് .
കുന്നും, മലയും കാടും നിറഞ്ഞ ഈ പ്രദേശം ,അന്ന് ഇന്നത്തെ തിനേക്കാള്‍ പിന്നോക്കമായിരുന്നു .പ്രാക്ടീസ് തുടങ്ങിയതോടെ നിരവധി രോഗികളെയും ,അവരുടെ കുടുംബാംഗങ്ങളെയും പരിചയപ്പെടാന്‍ ഇടവന്നു .
ഈ പരിചയപ്പെടലിലൂടെയാണ് ചില പ്രത്യേക കാര്യങ്ങള്‍ എന്റെ ശ്രദ്ധയില്‍ പെട്ടത് .എനിക്ക് പരിചയമുള്ള മറ്റു സ്ഥലങ്ങളെയപേക്ഷിച്ച് Abnormal ആയ രോഗമുള്ളവര്‍ ഇവിടെ കൂടുതലാണ് .എന്ന കാര്യമാണ് ഞാന്‍ ശ്രദ്ധിച്ചത് .
വ്യക്തമായി പറഞ്ഞാല്‍ ന്യൂറോളജിക്കല്‍ പ്രശ്നങ്ങളും ,മാനസിക ആസ്വാസ്ഥ്യങ്ങളും,ക്യാന്‍സറും അംഗവൈകല്യങ്ങളും ഒരു കുടുംബത്തില്‍ തന്നെ രണ്ടും മൂന്നും പേരെ ബാധിച്ചതായി കാണാന്‍ കഴിഞ്ഞു .
ഏകദേശം 4 കിലോമീറ്റര്‍ റേഡിയസ്സിനുള്ളിലുള്ള ഒരു പ്രദേശത്താണ് ഇത്തരം അനുഭവങ്ങള്‍ എന്ന് ഓര്‍ക്കേണ്ടതുണ്ടു .
ഏതായാലും ഞാന്‍ ഈ കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുവാനും,കഴിയുന്നത്ര കുറിച്ചു വെക്കാനും തുടങ്ങി .ജനങ്ങള്‍ വ്ശ്വസിച്ചത് ഇതൊക്കെ അവരുടെ പ്രാദേശികമായ ജഡധാരിയുടെ (ഒരു ശിവദൈവം )ശാപം മൂലം സംഭവിക്കുന്നതാണ് എന്നായിരുന്നു.
1990 ല്‍ എന്റെ ശ്രദ്ധയില്‍ പ്പെട്ട കാര്യങ്ങള്‍വിശദീകരിച്ചുകൊണ്ടു പ്രസിദ്ധനായ ഒരു സൈക്യാട്രിസ്റ്റിന്ന് ഞാന്‍ ഒരു കത്തെഴുതി .എന്റെ തന്നെ സംശയനിവാരണത്തിന്നു വേണ്ടിയായിരുന്നു.അങ്ങിനെ ചെയ്തത്.
പക്ഷെ എനിക്ക് യാതൊരു മറുപടിയും കിട്ടിയില്ല .1996 ല്കേരള മെഡിക്കല്‍ ജേര്‍ണലിന്ന് ഞാന്‍ ഒരു കത്തയച്ചു.അതു പ്രസിദ്ധീകരിച്ചുവന്നു ഞാനതില്‍ പറഞ്ഞത് ഇവിടുത്തെ വെള്ളത്തില്‍ റേഡിയേഷന്‍ ഉണ്ടാക്കുന്ന എന്തോ വസ്തു അടങ്ങിയതിനാല്‍ അത് തലച്ചോറിനെ മാരകമായി ബാധിക്കുന്നതാവാം രോഗങ്ങളുടെ കാരണം എന്നാണു.
ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക താല്പര്യമെടുക്കാന്‍ കഴിയുന്ന വിഷയമാണിതെന്നും ഞാനതില്‍ സൂചിപ്പിച്ചു.
അക്കാലത്തൊന്നും എന്റോസള്‍ഫാനുമായി ബന്ധിച്ച് പ്രശ്നം പഠിക്കാന്‍ ഞാന്‍ തുടങ്ങിയിരുന്നില്ല എന്ന് ഇതില്‍ നിന്നും വ്യക്തമാണല്ലോ .ഇതിനിടയില്‍ സാമൂഹ്യ താല്പര്യമുള്ള പലരും ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ഒരുകൂട്ടം ചെറുപ്പക്കാര്‍ ,എന്റോസള്‍ഫാന്‍ തളിക്കാന്‍ തുടങ്ങുന്നതിന്നു മുമ്പ് ഇവിടെ ഇഷ്ടം പോലെ തേനീച്ചകളും ,തേന്‍ കൂടുകളും ഉണ്ടായിരുന്നുവെന്നും ,ഇപ്പോള്‍ അവക്കെല്ലാം നാശം സംഭവിച്ചു എന്നും അതിന്റെ കാരണം എന്റോസള്‍ഫാനാണെന്നും വാദിച്ചു കൊണ്ടു രംഗത്തു വന്നു.
അതുകൊണ്ടു തേനീച്ചകളെ വംശഹത്യ ചെയ്യുന്ന എന്റോസള്‍ഫാന്‍ തളിക്കാന്‍ അനുവദിക്കില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. അങ്ങിനെ അവര്‍ സ്പ്രേ ചെയ്യാന്‍ വരുന്ന ഹെലിക്കോപ്പ്ടര്‍ തടയാന്‍ പോയി .
അവിടെ വെച്ച് തര്‍ക്കം നടക്കുകയും ,തേനീച്ചകളുടെ കാര്യം ശുദ്ധ വിഡ്ഡിത്തമാണെന്നും ,ആരോഗ്യകരമായ പ്രശ്നങ്ങള്‍ വല്ലതും ഉണ്ടെങ്കില്‍ നോക്കാമെന്നും സ്പ്രേ ചെയ്യാന്‍ വന്നവര്‍ പറയുകയും ചെയ്തു.
ഏതായാലും പോലീസിനെ ഉപയോഗിച്ചാണ് ഈ ചെറുപ്പക്കാരെ നീക്കം ചെയ്തത്.
ഈ സംഭവത്തിന്ന് ശേഷം നാട്ടുകാരില്‍ ചിലര്‍ എന്നെ സമീപിച്ച് ആരോഗ്യപ്രശ്നങ്ങളും എന്റോസള്‍ഫാനും തമ്മിലുള്ള ബന്ധത്തെ ക്കുറിച്ചു പഠിച്ചാല്‍ ഉപകാരമായിരിക്കുമെന്നു പറഞ്ഞു.
ഇടക്കാലത്ത് ഈ ദിശയില്‍ പലപ്പോഴും ഞാനും ആലോചിച്ച് നോക്കിയിരുന്നെങ്കിലും ,നാട്ടുകാരുടെ ഈ വരവോടുകൂടിയാണ് ഞാന്‍ ഗൗരവമായ പഠനം തുടങ്ങിയത്.
അങ്ങിനെ ഞാന്‍ കിട്ടാവുന്ന സ്റ്റഡിമെറ്റീരിയല്‍സ് പ്രസിദ്ധീകരണങ്ങളില്‍ നിന്നും ഇന്റെര്‍നെറ്റില്‍ നിന്നും മറ്റും ശേഖരിച്ച് ഇവിടുത്തെ അനുഭവങ്ങളുമായി ബന്ധിപ്പിച്ച് മനസ്സിലാക്കാന്‍ തുടങ്ങി .പെട്ടെന്ന് എനിക്കൊരു കാര്യം മനസ്സിലായി ,
ഒരു കീടനാശിനിയുമായി ബന്ധപ്പെട്ടു മനുഷ്യ ചരിത്രത്തിലെ ഏറ്റവും പ്രത്യേകതയുള്ളാദ്യത്തെ അനുഭവമാണ് പാദ് രെയിലേതെന്ന്. അതായത് തുടര്‍ച്ചയായി 25 വര്‍ഷം ഒരു കീടനാശിനി ഒരേസ്ഥലത്ത് തളിച്ച അനുഭവം ഇതിന്ന് മുന്‍പ് എവിടേയും ഉണ്ടായിട്ടില്ല.എന്നുതന്നെ പറയാം .അതിനാല്‍ മനുഷ്യരാശിയുടെ നന്മക്കുതകുന്ന പഠനങ്ങള്‍ നടത്താനും ,തീരുമാനങ്ങള്‍ കൈക്കൊള്ളാനും കഴിയുന്ന ഒരു പശ്ചാത്തലവും സാഹചര്യവുമാണ് എന്റോസള്‍ഫാന്‍ ആക്രമണപ്രയോഗത്തിന്റെ ബലിയാടാകുക വഴി ഈ ഗ്രാമം ലോകത്തിന്റെ മുമ്പാകെ തുറന്നു വെച്ചിരിക്കുന്നത്.
മനുഷ്യൻ ഇതര ജീവജാലങ്ങൾ,സസ്യലതാതികൾ ,പരിസ്ഥിതി എന്നിവ ഒരു കീട നാശിനി സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളുടേതായ ഈ അനുഭവ പാഠങ്ങൾ ,എല്ലാതരം കീടനാശിനികൾക്ക്മെതിരായ പോരാട്ടത്തിനുള്ള വസ്തു നിഷ്ടമായ അറിവാണ്.
ഇത്രയും ദീർഘമായി ഒരു പ്രദേശത്തെ വിദേയമാക്കുക വഴി ലഭ്യമായ അറിവുകളും അനുഭവങ്ങളും കീടനാശിനി പക്ഷക്കാരുടെ എല്ലാ വാദഗതികളുടേയും മുനയൊടിക്കാൻ പര്യാപ്തമാണ്.
പാദ് രെയുടെ അപൂർവ്വത ,അടുത്തയിടെ അമേരിക്കൻ പ്രസിദ്ധീകരണമായ Helth Perspectiveസമ്മതിച്ചിരിക്കയാണ്..This is the first study of endosulfans impact on humanbeings in the wholworld. എന്നാണവർ പറഞ്ഞത്.
?:-എങ്ങിനെയാണ് കൂടുതൽ ഉയർന്ന അന്യേഷണ ഏജൻസികളേയും മറ്റും ഇടപെടലുകളിലേക്ക് താങ്കൾ നടത്തിയ പഠനങ്ങൾ എത്തിപ്പെട്ടത്?
മറു:- FIPPAT,NIOH,അച്ചുതൻ കമ്മിറ്റി തുടങ്ങിയ പ്രമുഖരായ ചില ഏജൻസികൾ പഠനങ്ങൾ നടത്തിയിട്ടുണ്ടു.വിവാദമായ Dubey കമ്മിറ്റി FIPPAT,NIOH എന്നിവയിലൂടെ എന്നിവയുടെ റിപ്പോർട്ടുകളേയാണ് ആശ്രയിച്ചത്.
മൊത്തത്തിൽ FIPPAT,Dubyകമ്മിറ്റി നല്കിയ അനുഭവങ്ങൾ നാം ശ്സ്ത്രജ്ഞരെന്നും ബുദ്ധിജീവികളെന്നും വിശ്വസിക്കുന്നവർ എങ്ങിനൊയോക്കെ നിക്ഷിപ്ത താല്പ്പര്യങ്ങൾക്ക് വിധേയരാവുന്നു വെന്നും അവരുടെ നിഗമനങ്ങൾ എങ്ങിനെ ജനവിരുദ്ധമാവുന്നു എന്നും ആത്മാർത്ഥമായ അന്യേഷണങ്ങളെ എങ്ങിന്നെയൊക്കെ നിക്ഷിപ്ത താല്പ്പര്യക്കാർ ആക്രമിക്കുന്നുവെന്നുമുള്ള നല്ല ഉദാഹരണങ്ങളാണ്.
ഇക്കാര്യങ്ങൾ വ്യാപകമായി അറിയുന്നതിനാൽ വിശദീകരിക്കേണ്ട ആവശ്യമില്ല .വ്യാപകമായ ശ്രദ്ധപിടിച്ചെടുക്കുന്നതിലേക്ക് എന്റോ സൾഫാൻ പ്രശ്നം വളർന്നതിന്നു പിന്നിൽ മനുഷ്യ സ്നേഹികളും പരിസ്ഥിതി വാദികളുമായ അനവധി വ്യക്തികളുടേയും , ചില പ്രാദേശിക സഘടനകളുടേയും നിരന്തരമായ ശ്രമങ്ങളും സഹനങ്ങളും ഉണ്ട് .
എന്റെ അന്യേഷണങ്ങൾ ഒരു ഉൾനാടൻ മലയോരഗ്രാമത്തിൽ പ്രാക്ടീസ് ചെയ്യുന്ന ഒരു ഡോക്ടർ നടത്താൻ ബാധ്യസ്ഥനായ മുൻ ധാരണയില്ലാത്ത അനുഭവ നിരീക്ഷണങ്ങളിലൂടെ വികസിച്ചു വന്നവയാണ്.
ഞാൻ തുടർന്ന് ചെയ്തത് രോഗങ്ങളെ സംബന്ധിക്കുന്ന സ്ഥിതി വിവരങ്ങളുടെ ഒരു ലിസ്റ്റുണ്ടാക്കി മാധ്യമങ്ങൾക്കു നല്കുകയാണ്..
ഇത്തരമൊരു വിവരം പുറത്തു വന്നതോടെ കമ്പനിയുടെ ആൾക്കാർ പ്രതികരിച്ചത്“Wested intrest and environmentel terrorisam are bihint this proppaganda” എന്നാണ്.
പിന്നെ സ്റ്റാർ ടിവി ക്കാർപ്രശ്നത്തെക്കുറിച്ച് ഒരു വിശകലന പരിപാടി സം പ്രേക്ഷണം ചെയ്തു. അവർ പ്രശ്നം Down to Earthന്റെ MDയായ അനിൽ അഗർവാളിന്റെ ശ്രദ്ധയിൽ പെടുത്തുകയും അദ്ദേഹം ഇതിൽ പ്രത്യേകതാല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.
അങ്ങിനെ Down to Earth Star TV വഴി ഞാനവരുമായും ഈ പ്രദേശവുമായും ബന്ധപ്പെട്ടു.ലാബ് പരീക്ഷണങ്ങളുടെ ബാധ്യത സ്വയം ഏറ്റെടു ക്കുകയാണെന്ന് അനിൽ അഗർവാൾ വ്യക്തമാക്കി.
ഏകദേശം 6 ലക്ഷം രൂപ ചിലവ് വരുന്ന ഒരു കാര്യമാണിത് .ഡൽ ഹിയിൽ നിന്ന് 2പേർ വന്ന് 5 ദിവസം താമസിച്ച് പഠിക്കുകയാണ് ചെയ്തത്.
ഇതേ സമയത്ത് തന്നെയാണ് പരിഷത്തിന്റെ അന്യേഷണവും നടക്കുന്നത് Down to Earth ന്റെ പഠനം വളരെ ശാസ്ത്രീയവും വസ്തുനിഷ്ടവുമായ അനവധി നിഗമനങ്ങൾ മുന്നോട്ട് വെച്ചു. പക്ഷേ കമ്പനിയും ഗവണ്മേന്റും അവരെ അവഗണിക്കുകയാണ് ചെയ്തത്. അതായത് ലോകശ്രദ്ധ പിടിച്ചു പറ്റിയ ഒരു പ്രശ്നമായി മാറിയതും
ഇപ്പോൾ എന്റോസൾഫാൻ തളിക്കുന്നത് നിർത്തിവെക്കാൻ പൊലൂഷൻ കണ്ട്‘റോൾ ബോർഡ് നിർബന്ധമായതും ജനങ്ങളും അവരുടെ കൂടെ നില്ക്കുന്നവരും നടത്തിയ ചെറുത്തു നില്പ്പിന്റേയും ഫലമായി തന്നെയാണ്.National Human Right Commission സ്വമേധയാ കേസെടുക്കാൻ തയാറായത്.
?:-ജനങ്ങൾ താങ്കളേപോലുള്ള വ്യക്തികൾ NIOH തുടങ്ങിയവർ നടത്തിയ പഠനങ്ങൾക്ക് എതിരേയാണല്ലോ ദുബെ കമ്മിറ്റി നിലകൊണ്ടത്...?ശരിക്ക് ഇത് സമരത്തെ എങ്ങിനെയാണ് ബാധിക്കുന്നത്?
മറു:-ദുബെ കമ്മിറ്റി NIOH ന്റെ പഠനങ്ങളെ ശാസ്ത്രീയരീതി അവലംബിച്ചുള്ളതല്ലെന്നും അവരുടെ നിഗമനങ്ങളൊന്നും തന്നെ എന്റോസൾഫാനെ പ്രതിസ്ഥാനത്ത് നിർത്താൻ പര്യാപ്തമല്ലെന്നും പറഞ്ഞു കൊണ്ടു നിസ്സാരമാക്കി തള്ളുകയാണ് ചെയ്തത്.
അങ്ങിനെ അവർ വ്യക്തമായും കമ്പനിയുടെ പക്ഷത്ത് നിലകൊണ്ടു .ഈ കമ്മിറ്റിയുടെ ചെയർമാനായ ദുബെ തന്നെയാണ് ആകാശം വഴി തളിക്കൽ നിർദ്ദേശിച്ച വ്യക്തി .
കമ്മിറ്റിയിലെ 4പേരിൽ 2പേർ കമ്പനിയുടെ ഒഫീഷൽസ് തന്നെയാണ്.മറ്റുരണ്ടുപേർ അവരുടെ ശാസ്ത്രീയ നിർദ്ദേശകരും 5ആ മത്തെ ആൾ ദുബെ .അടുത്ത 2 പേർ ഡോക്റ്റർമാർ -എന്നുവെച്ചാൽ എപ്പോഴും കമ്പനിക്ക് ഈ കമ്മിറ്റിയെ നിയന്ത്രിക്കാൻ കഴിയുമെന്നർത്ഥം-
പിന്നെ അവരിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നതിന്ന് എന്ത് അർത്ഥമാണുള്ളത്.?വാസ്ഥവത്തിൽ ഈകമ്മിറ്റി സീരിയസ്സായ യാതൊരു പഠനവും നടത്തിയിട്ടില്ല .
ഒരു പ്രാവശ്യം അവരിവിടെ വന്നപ്പോൾ ജനങ്ങൾ ബഹിഷ്കരിക്കുകയാണാ് ചെയ്തത്. അടുത്ത തവണ ആരേയും അറിയിക്കാതെയാണ് അവർ വന്നത് .അതും ജനങ്ങൾ കണ്ടുപിടിക്കുകയും ബഹിഷ്കരിക്കുകയും ചെയ്തു .അതായത് ജനങ്ങൾ തുടക്കം മുതലേ ശരിയായ രീതിയിലാണ് ചിന്തിച്ചത് എന്നർത്ഥം .
അതിനാൽ ദുബെ കമ്മിറ്റിക്ക് സമരത്തെ വഴി തെറ്റിക്കുവാനോ ,ഇല്ലാതാക്കുവാനോ കഴിയില്ലെന്ന് വ്യക്തം.
പിന്നെ തിരിച്ചറിയുന്ന ഒരു കാര്യമുണ്ട്.
ജനങ്ങളുടെ പേരിൽ ,ജനങ്ങൾക്ക് വേണ്ടി അവതരിപ്പിക്കപ്പെടുന്ന എന്തിലൂടേയും എങ്ങിനെ ചതിയുടെ ആധിപത്യം പുലർത്തുന്നു എന്നും ,പോസിറ്റീവായേക്കവുന്ന എന്തിനേയും എങ്ങിനെ ജനവിരുദ്ധമാകാമെന്നും ദുബെ കമ്മിറ്റി നല്കിയ അനുഭവം നമ്മെ പഠിപ്പിക്കുന്നു.
ക്ളാസിക്കലായ അർത്ഥത്തിലുള്ള ശാസ്ത്രജ്ഞരും വിദഗ്ദരും എന്നത് ഒരു മിഥ്യയാണെന്നും.
എന്റെ പേരിൽ മാന നഷ്ടത്തിന്ന് നല്കിയ രണ്ടു കേസുകൾ നിലവിലുണ്ട്. ഒന്ന് കമ്പനി അസോസിയേഷൻ നല്കിയതും രണ്ട് ബോംബെ അസോസിയേഷൻ നല്കിയതും . ഇതൊക്കെ ഒരു പ്രവർത്തനത്തിന്നിടയിൽ സ്വാഭാവികമാണ്.
ഇപ്പോൾ പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടുന്ന ഒരു റിവ്യൂ കമ്മിറ്റി നിലവിൽ വന്നിട്ടുണ്ട് .അവർ ഇതിനകം രണ്ട് സിറ്റിംഗ് നടത്തിക്കഴിഞ്ഞു. ഏതായാലും പ്രശ്നം നിർണ്ണായകമായ ഒരു വഴിത്തിരിവിൽ എത്തി നില്ക്കുകയാണ്.
?:-കീടനാശിനിയുടെ ഉപയോഗത്തേക്കുറിച്ച് മൊത്തത്തിൽ താങ്കൾക്ക് പറയാൻ കഴിയുന്ന അഭിപ്രായമെന്താണ്?
മറു:-aereal spray നിർത്തിവെച്ച് രണ്ടു വർഷം കഴിയുമ്പോഴേക്ക് ഇവിടെ നിന്ന് അപ്രത്യക്ഷമായ പക്ഷികളൊക്കെ തിരിച്ചു വന്നിരിക്കുന്നു. തേനീച്ചകളും തേൻ കൂടുകളും വീണ്ടും കാണാൻ തുടങ്ങിയിരിക്കുന്നു കഴിഞ്ഞവർഷം ഏകദേശം ബംബർ എന്നു പറയാവുന്ന വിളവുകളുണ്ടായി. ഇതൊക്കെ സൂചിപ്പിക്കുന്നത് എന്താണ്?
കീടനാശിനി വിളവു വർദ്ധിപ്പിക്കുന്നു എന്ന വാദം തന്നെ തെറ്റാണ് എന്നീ നിഗമനങ്ങൾക്കെങ്കിലും നമ്മെ ഈ അനുഭവം പ്രേരിപ്പിക്കുന്നു.
പിന്നെ ഭൂമിയിൽ കാണുന്ന ജീവികളെയെല്ലാം മിത്ര കീടങ്ങൾ ശത്രു കീടങ്ങൾ എന്നിങ്ങനെ വേർതിരിച്ച് കൊന്നൊടുക്കുവാനും ജീവിക്കാനനുവദിക്കാനുമൊക്കെ മനുഷ്യന് എന്തധികാരമാണുള്ളത്.
പ്രകൃതിയുടെ പദ്ധതിയിൽ ഒന്നും അനാവശ്യമല്ലെന്ന് ഓർമ്മവേണം ജീവജാലങ്ങളുടെ ധർമ്മത്തെ കുറിച്ച് അന്തിമമായ അറിവ് നാം കൈവരിച്ചിട്ടില്ല .
പരാഗണം നടത്താൻ പാറ്റയും ശലഭങ്ങളുമൊക്കെ വേണമെന്ന് ശാസ്ത്രം പറയും പക്ഷെ ഏതെങ്കിലും പ്രാണി ഇളംകായിലെ നീർ കുടിക്കുന്നത് കണ്ടാൽ ഉടൻ അവ കൊന്നൊടുക്കപ്പെടേണ്ട ജീവിയായി .
യഥാർത്ഥത്തിൽ ജീവിതത്തിന്റെ ആധാരം തന്നെ കൃഷിയായിരുന്ന കാലത്ത് കീടാക്രമണങ്ങളേക്കുറിച്ച് ഇത്ര പേടിയുണ്ടായിരുന്നു എന്നതിന്ന് തെളിവൊന്നുമില്ല . എന്തെങ്കിലും കീടപ്രശ്നങ്ങൾ ഉണ്ടായാൽ അതു പരിഹരിക്കാനുള്ള നാട്ടറിവും കർഷകർക്ക് ഉണ്ടായിരുന്നു.
പരിസ്ഥിതിയുടെ നിയമങ്ങൾ തന്നെയാണ് അന്നു ഉപയോഗിച്ചത്.
-വാസ്തവത്തിൽ വ്യാപകമായി കാടും മറ്റും വെട്ടിനശിപ്പിക്കുകയും നഗരങ്ങൾ പെരുകുകയും പ്രകൃതി ദത്തമായ നീർച്ചാലുകളും ,നീർകെട്ടുകളും നശിപ്പിക്കപ്പെടുകയും ചെയ്തപ്പോഴാണ് കീടങ്ങൾ എന്നു പറയുന്ന ജീവജാലങ്ങൾ കൂട്ടായി കൃഷിയിടത്തിലേക്ക് പ്രവേശിച്ചത് എന്നു തോനുന്നു. സ്വന്തം ആവാസവ്യവസ്ഥ ആക്രമിക്കപ്പെടുമ്പോൾ നടക്കുന്ന പ്രാണരക്ഷാർത്ഥമുള്ള ഒരു തരം പാലായനം തന്നെയാണത്.
ഇവിടെതന്നെ പ്ലാന്റേഷനുകളിൽ എന്റോസൾഫാൻ തളിച്ചപ്പോൾ അതിലെ കീടങ്ങൾ താഴ്വരയിലേയും ,സൾഫാൻ തളിക്കാത്ത മറ്റു പ്രദേശങ്ങളിലേയും കൃഷികളിലേക്കും സസ്യ ലതാതികളിലേക്കും കുടിയേറിയതായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
കാര്യമിതായിരിക്കാം .കാടുനശിപ്പിച്ചു .കീടങ്ങൾ കൃഷിയിടങ്ങളിൽ വന്നു.അതേസമയം വ്യവസായികൾ കീടനാശിനികൾ ഉല്പാദിപ്പിച്ചു-അതു വിറ്റഴിക്കാൻ അവർ കീടങ്ങൾക്കെതിരെ പ്രചണ്ഡമായ പ്രചാരണം നടത്തി-
ഇക്കാര്യങ്ങളെല്ലാം ചെയ്തത് ഒരേ ശക്തികളാണല്ലോ .
പണക്കൊതിയന്മാരായവരും അധികാരം കയ്യാളുന്നവരുമായ ശക്തികൾ .
ഏതായാലും ലോകത്താകെ കീടനാശിനിയുടെ ഉപയോഗം എന്നന്നേക്കുമായി നിർത്തി വെക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
അതില്ലാതെ തന്നെ കൃഷിചെയ്യാനുള്ള നൂതനവും ,പരമ്പരാഗതവുമായ അനവധി മാർഗ്ഗങ്ങളും ആശയങ്ങളും മനുഷ്യ രാശിയുടെ മുൻപാകെയുണ്ട്.
മിക്കതും പരീക്ഷിച്ച് വിജയിച്ചതുമാണ് ഈ കാഴ്ചപ്പാടോടേയുള്ള പോരാട്ടവുമായി ഈ സമരത്തെ ബന്ധിപ്പിക്കേണ്ടതുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല: