2012, ജനുവരി 28, ശനിയാഴ്‌ച

ചിട്ടിക്കമ്പനികള്‍; നമുക്ക്‌ നല്‍കുന്ന പാഠങ്ങള്‍


നാടിന്റെ സമാധാനം കെടുത്തുന്ന ചിട്ടി മാഫിയകള്‍ കേരളത്തെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുകയാണ്‌.ചിട്ടിക്കമ്പനികള്‍ കൂണുപോലെ മുളച്ചുപൊന്തുകയും ചീട്ട്‌ കൊട്ടാരം പോലെ തകര്‍ന്നടിയുന്നതും നിത്യേന എന്നോണം കണ്ടുകൊണ്ടിരിക്കുകയാണ്‌.
മിക്ക ചിട്ടിക്കമ്പനികളും സ്വന്തം നിലക്ക്‌ സംഘടിപ്പിച്ചിട്ടുള്ള ഗുണ്ടാപ്പടകളുടെ അലര്‍ച്ചയും അട്ടഹാസങ്ങളും റൗഡിസവും കൊണ്ട്‌ നിയമവാഴ്ചയെപ്പോലും വെല്ലു വിളിക്കുന്ന സമാന്തര കാട്ടുനീതിയും പ്രയോഗിച്ചു  ജനജീവിതം ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്നു.
ഇവയെ നിയന്ത്രിക്കേണ്ടുന്ന നിയപാലകരും ഈ ഷൈലോക്കുകളുടെ മടിശ്ശീലയുടെ കിലുക്കത്തില്‍ രമിച്ച്‌ ഇവര്‍ക്ക്‌ ഓശാന പാടുന്നവരോ ,ഡിപ്പാര്‍ട്ട്‌ മെന്റില്‍ നിന്നും റിട്ടയര്‍മന്റ്‌ വാങ്ങി ചിട്ടിഫണ്ട്‌ ഗുണ്ടാപ്പടയുടെ ഇന്‍സ്പെക്റ്റര്‍ മാരായി 'ഔദ്യോഗിക ജീവിതം തുടരുകയോ ചെയ്യുന്നു.
ചിട്ടിഫ്ണ്ടുകള്‍ തമ്മിലുള്ള മത്സരങ്ങള്‍ മുറുകുമ്പോള്‍ കൂട്ടകൊലപാതകങ്ങള്‍ വരേയുള്ള കുടിപ്പകയിലേക്ക്‌ വികസിച്ചതിന്റെ ഒട്ടനവധി അനുഭവങ്ങള്‍ ഇന്നും ഞെട്ടലോടുകൂടി  നാട് ഓര്‍മ്മിക്കുന്നു.

എണ്ണിയാല്‍ ഒടുങ്ങാത്ത ചിട്ടിസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ പര്‍ശോധിച്ചാല്‍ ഇവ മൂന്നുതരത്തിലാണെന്ന് കാണാം.
ഇതില്‍ ഒന്നാമത്തേത്‌,1975 ലെകേരള ചിട്ടീസ്‌ ആക്ട്‌ അനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നവയാണ്‌.
രണ്ടാമത്തെ വിഭാഗം,1982 ലെ ചിട്ടിഫണ്ട്‌ ആക്ട്‌ (ഇന്ത്യന്‍ ചിട്ടീസ്‌ ആക്ട്‌) അനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നവയാണ്‌.
മൂന്നാമത്തെ വിഭാഗം,ജമ്മു-കാശ്മീര്‍ ഷോപ്പ്‌ ആന്റ്‌ കൊമേഴ്സല്‍ എസ്റ്റാബ്ലിഷ്‌മന്റ്‌ റൂള്‍ അനുസരിച്ചുള്ള ലൈസന്‍സ്‌ എടുത്ത്‌ പ്രവര്‍ത്തിക്കുന്നവരാണ്‌.
ഇതില്‍ മൂന്നാമത്തെ വിഭാഗക്കാരുടെ കൂത്തരങ്ങാണ്‌ കേരളം. ചിട്ടിയില്‍ ചേര്‍ന്ന ചിറ്റാളന്മാരുടെ നിക്ഷേപം തോന്നിയതു പോലെ കൈകാര്യം ചെയ്യാനും ഏതു നിമിഷവും ഇവയുമായി മുങ്ങുന്നതിനും യാതൊരു തടസ്സവുമില്ലായെന്നതാണ്‌ വ്യാപകമായി ഇത്തരം സ്ഥാപനങ്ങള്‍ ആകര്‍ഷകമായ പേരില്‍ ആകര്‍ഷകമായ വ്യവസ്ഥകള്‍ പ്രഖ്യാപിച്ച്‌ കൂണുപോലെ മുളക്കുന്നതിന്റെ അടിസ്ഥാനം.

1975-ലെ കേരള ചിട്ടീസ്‌ ആക്ട്‌ പ്രകാരം ഒരു ചിട്ടി ആരംഭിക്കുന്നതിന്‌ പതിനഞ്ച്‌ രൂപാ ഫീസടച്ച്‌ തൊട്ടടുത്തെ സബ്ബ്‌ റജിസ്റ്റ്രാഫീസില്‍ തലവര്യോലയുടെ മൂന്നു പകര്‍പ്പുകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കുക എന്നതാണ്‌ പ്രാരംഭമായി ചെയ്യേണ്ടത്‌.
ഈ നിയമം അനുസരിച്ച്‌ എത്രയാണോ ചിട്ടിയുടെ സല അത്രയും തുക മൊത്തം നറുക്കുകളുടെ കാലാവധിക്ക്‌ ട്രഷറിയിലോ ജില്ലാ സഹകരണ ബാങ്കുകളിലോ സ്ഥിര നിക്ഷേപം നടത്തുന്നതിനും അതുമല്ലെങ്കില്‍ സലയുടെ ഇരട്ടി തുകയ്ക്കുള്ള ഈട്‌ നല്‍കാന്‍ കഴിയുന്ന ആസ്തിക്കുടമയാണോ എന്നും
ജില്ലാ റജിസ്റ്റ്രാര്‍ക്ക്‌ അയച്ചുകൊടുക്കുന്ന ഈ അപേക്ഷയിന്മേല്‍ ചിട്ടി ഇന്‍സ്പെക്ടരമാര്‍ അന്വേഷിച്ച്‌ നല്‍കുന്ന റിപ്പേര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ്‌ ചിട്ടി റജിസ്റ്റര്‍ ചെയ്യുന്നതിന്‌ സബ്ബ്‌ റജിസ്റ്റ്രാര്‍ അനുവാദം നല്‍കുന്നത്‌.
അനുവാദം ലഭിക്കുന്ന ആള്‍ ചിട്ടിയുടെ മൊത്തം സലയുടെ ഫിക്സഡ്‌ ഡിപ്പോസിറ്റിന്റെ സര്‍ട്ടിഫിക്കറ്റോ ഇരട്ടി തുകയ്ക്കുള്ള വസ്തുവോ റജിസ്റ്റ്രാക്കി ചിട്ടിയാരംഭിക്കാവുന്നതാണ്‌.
100 തണയാണ്‌ ചിട്ടിയുടെ കാലാവധിയെങ്കില്‍ 99 ചിറ്റാളന്മാരെ മാത്രമേ ചീട്ടിയില്‍ ചേര്‍ക്കാവൂ  എന്നും ഒരാള്‍ തലയാളായ ചിട്ടിക്കമ്പനിയുടമയാണെന്നും നിയമം അനുശാസിക്കുന്നു.സേവനം നടത്തുന്നതിന്‌ മാന്യമായി കൂലി ഉറപ്പുവരുത്തുന്ന ഈ നിയമം നിക്ഷേപകന്റെ നിക്ഷേപം കവര്‍ച്ച ചെയ്യാന്‍ തലയാളായ ചിട്ടിക്കമ്പനിയുടമക്ക്‌ സാധിക്കാത്തവിധം ശക്തമായതും വ്യക്തവുമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാണ്‌.
മാത്രമല്ല,ഓരോ ചിട്ടിയും റജിസ്റ്റര്‍ ചെയ്യപ്പെടുന്നതിലൂടെ സര്‍ക്കാറിനുണ്ടാവുന്ന സാമ്പത്തിക നേട്ടവും നമ്മുടെ സമ്പദ്ഘടനയെ പുഷ്ടിപ്പെടുത്തുന്നതെന്ന തിരിച്ചറിവും ഉള്ളതുകൊണ്ടുകൂടിയാകണം ഏത്  സംസ്ഥാനത്തെ റജിസ്റ്റ്രേഷന്‍ ഉള്ളതാണെങ്കിലും ഇരുപത്‌ ശതമാനം ചിറ്റാളന്മാര്‍ കേരളത്തിലുള്ള ഏതൊരു ചിട്ടിയും കേരള ചിട്ടീസ്‌ ആക്ട്‌ പ്രകാരം റജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദ്ദേശം ഈ നിയമത്തിലുള്ളത്‌ . ഇത്  നടപ്പിലാക്കാന്‍ ഇന്നേവരെ കഴിഞ്ഞിട്ടില്ല .
ഇവ ലംഘിക്കുന്നവര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്ന നിയമങ്ങളൊന്നും ഈ നിയമത്തിലില്ല . ഇതിന്റെ പോരായ്മയും കള്ളക്കമ്പനികളുടെ   അഴിഞ്ഞാട്ടത്തിന്  കാരണമായിത്തീരുന്നു .
ഇന്ത്യന്‍ പാര്‍ലമന്റ്‌ 1982-ല്‍ അംഗീകരിച്ച 40 ആമത്തെ നിയമാണ്‌ ദി ചിട്ടിഫണ്ട്‌ ആക്ട്‌ 1982. ഈ നിയമം ജമ്മു-കാശ്മീരിലൊഴികെ മറ്റു സംസ്ഥാനങ്ങള്‍ക്ക്‌ ബാധകമാണെങ്കിലും ഈ നിയമത്തിന്റെ അന്തസ്സത്തയ്ക്ക്‌ വിരുദ്ധമല്ലാത്ത വിധം നിയമങ്ങളും ചട്ടങ്ങളും നിര്‍മ്മിക്കുന്നതിന്‌ സംസ്ഥാനങ്ങളെ ഈ നിയമം വിലക്കുന്നില്ലെന്നതാണ്‌ ഇതിലെപ്രത്യേകത.
ആസ്സാം,ബീഹാര്‍,ഗോവ,ഹിമാചല്‍പ്രദേശ്‌,കര്‍ണ്ണാടക,മദ്ധ്യപ്രദേശ്‌,മണിപ്പൂര്‍,മേഘാലയ,ഒറീസ്സ,പഞ്ചാബ്‌,രാജസ്ഥാന്‍,സിക്കിം,തമിഴ്‌നാട്‌,ത്രിപുര,ഉത്തര്‍പ്രദേശ്‌,പശ്ചിമബം ഗാള്‍ എന്നീ പതിനാര് സംസ്ഥാനങ്ങള്‍ മാത്രമാണ്‌ ഈ നിയമം നടപ്പിലാക്കിയിരിക്കുന്നത്‌.
ഈ നിയമപ്രകാരം ചുരുങ്ങിയത്‌ ഒരു ലക്ഷം രൂപയെങ്കിലും മൂലധനമില്ലാത്ത ഒരാള്‍ക്ക്‌ ചിട്ടിസ്ഥാപനം നടത്താന്‍ അനുവാദമില്ലെന്ന് മാത്രമല്ല,ചിട്ടിസ്ഥാപനം നടത്തുന്ന ഒരാള്‍ക്ക്‌ മറ്റുബിസ്സിനസ്സുകളില്‍ ഏര്‍പ്പെടുന്നതിന്‌ ഈ നിയമം വിലക്കേര്‍പ്പെടുത്തുന്നു.തമിഴ്‌ നാട്‌ സര്‍ക്കാര്‍ ഈ നിയമം അനുസരിച്ച്‌ 1984 -ല്‍ തമിഴ്‌നാട്‌ ചിട്ടിഫണ്ട്സ്‌ ചട്ടങ്ങള്‍ ആവിഷ്കരിക്കുകയുണ്ടായി.

 രണ്ടാമത്തെ കൂട്ടരാകട്ടെ ഇവര്‍ കേരള ചിട്ടീസ്‌ ആക്ട്‌ അംഗീകരിക്കുന്നില്ലെന്നുള്ളതാണ്‌ യാഥാര്‍ത്ഥ്യം.
ഇന്ത്യക്ക്‌ മൊത്തമുള്ള നിയമമാണ്‌ തങ്ങള്‍ അംഗീകരിക്കുന്നുവെന്ന നിലപാടാണ്‌ ഇവര്‍ക്കുള്ളത്‌. ഇവരുടെ നേതൃത്വത്തിലാണ്‌ കേരള ചിട്ടീസ്‌ ആക്ടിനെതിരേ കേരള ഹൈക്കോടതിയില്‍ നിന്നും സ്റ്റേ സമ്പദിച്ചിട്ടുള്ളത്‌. ഇവരുടെ പ്രവര്‍ത്തനം മൂലം സംസ്ഥാന സര്‍ക്കാറിന്‌ ഒരു രൂപപോലും ലഭിക്കുന്നില്ലെന്നതാണ്‌ വസ്തുത.

മൂന്നാമത്തെ കൂട്ടര്‍,ജമ്മു റജിസ്റ്റ്രേഷനുമായി ചിട്ടിസ്ഥാപനം നടത്തുന്നവരാണ്‌.പെട്ടിക്കടയ്ക്കും ബാര്‍ബര്‍ഷോപ്പിനും നല്‍കുന്ന ലൈസന്‍സ്‌ മാത്രമാണിത്‌. ചിട്ടിക്കു വേണ്ടി പ്രത്യേകമായി നിയമമോ ചട്ടങ്ങളോ ഇല്ലാത്ത ജമ്മുവുലെ ഈ റജിസ്റ്റ്രേഷന്‍ അനുസരിച്ച്‌ എന്തു തോന്യവാസവും പ്രവര്‍ത്തിക്കാവുന്ന അവസ്ഥയിലേക്കാണ്‌ കാര്യങ്ങളുടെ പോക്ക്‌. 100 മാസത്തവണകളുള്ള ചിട്ടിയില്‍ ആയിരങ്ങളെ ചേര്‍ത്ത്‌ യാതോരുവിധ ഓഡിറ്റിങ്ങിനും വിധേയമാകാതെ സര്‍ക്കാറിന്റെ ഒരു നിയന്ത്രണങ്ങള്‍ക്കും വിധേയമാകാതെ ചിട്ടി സ്ഥാപനങ്ങള്‍ മുന്നോട്ട്‌ പോകുന്നു എന്നതാണ്‌ വര്‍ത്തമാന സാഹചര്യം.
കേരള ചിട്ടീസ്‌ ആക്ടിനെതിരെ ഹൈക്കോടതി ഡിഷന്‍ ബഞ്ച്‌ വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്തതും ചിട്ടീസ്‌ ആക്ടിന്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ പോലീസിന്‌ നടപടികളെടുക്കാവുന്ന വിധം കോഗ്നൈസബിള്‍ ഒഫന്‍സായി പ്രഖ്യാപിക്കുകയും നിയമഭേദഗതി ചെയ്യുകയും ചെയ്താല്‍ ഇവയെ ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാനവുമെന്ന് വ്യക്തം.
പറഞ്ഞു വരുന്നത്‌ ,ആല്ലെങ്കില്‍ പറിയാനുദ്ദേശിച്ചത്‌:-
ചില വിഡ്ഡികളുടെ പെരുമാറ്റത്തെ വിവരിക്കുന്ന ഒരു ചൈനീസ്‌ പഴമൊഴി ഇങ്ങിനേയാണ്‌ :
"സ്വന്തം കാലുകളില്‍ വീഴ്ത്താന്‍ വേണ്ടി മാത്രം പാറക്കല്ലുകള്‍ പൊന്തിക്കുന്നു" എന്നാണ്‌.

2 അഭിപ്രായങ്ങൾ:

Pheonix പറഞ്ഞു...

Informative article.

StarnetPmna പറഞ്ഞു...

മിക്കവാറും കുറികളുടെ ആസ്ഥാനം ഫരീദാബാദ് ആവുന്നതിന്‍റെ കാരണം?