2011, മേയ് 20, വെള്ളിയാഴ്‌ച

വേട്ടക്കാർ വീണ്ടും അധികാരത്തിൽ.

.സാമ്രാജ്യത്വ ആഗോളീകരണവും ഭൂബന്ധങ്ങളുമടക്കം മൗലികമായ വിഷയങ്ങളിലൊന്നും തന്നെ അഭിപ്രായവ്യത്യാസമില്ലാത്ത ഈ മുന്നണികളും
അവയുമായി ബന്ധപ്പെട്ട മറ്റു പാര്‍ട്ടികളും ഗ്രൂപ്പുകളും തമ്മിലുള്ള ഏകമത്സരം
സംസ്ഥാനത്തെ ജനങ്ങളുടെ മേല്‍ രാജ്യദ്രോഹ ജനദ്രോഹ സാമ്രാജ്യത്വ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ആരുടെ നേതൃത്വത്തിലായിരിക്കണം എന്ന തര്‍ക്കത്തിലാണ്
ഇപ്പോള്‍ തീരുമാനമായിട്ടുള്ളത്.

ഇടതും വലതും തമ്മിലുള്ള അതിര്‍ വരമ്പുകള്‍ മാഞ്ഞുമാഞ്ഞ് ഒടുവില്‍
രണ്ടു സീറ്റിന്റെ വ്യത്യാസത്തില്‍ എത്തുമ്പോഴും“കുതിരക്കച്ചവടം”കൊണ്ട് പോലും അലോസരപ്പെടുത്തില്ലെന്ന,
ഊഴം തെറ്റിക്കുന്നില്ലെന്ന ഒത്തു തീര്‍പ്പു വ്യവസ്ഥകളും കൂടിയായപ്പോള്‍,
അഴിമതിക്കാരും ഭൂ മാഫിയകളും പെണ്‍ വാണിഭക്കാരും കോര്‍പ്പറേറ്റ് മാഫിയകളും ആനന്ദനൃത്തത്തിലാറാടിനാടു നീളെ പടക്കം പൊട്ടിച്ചു.
കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ഉള്‍പ്പുളകത്താല്‍ സര്‍ഗ്ഗാല്‍ത്മകരായി പരസ്പരം കണ്ണിറുക്കി.
ജയിലറകള്‍ ഉപാധികളില്ലാതെ തുറക്കപ്പെട്ടു.
ആരോഗ്യ വിദ്യാഭ്യാസ മാഫിയകള്‍ ഒപ്പനപാടി.
സ്ഥാനമോഹികളുടേയും ചരടു വലി വീരന്മാരും ആട്ടിമറിക്കാരുടേയും മുണ്ടു പറിയന്മാരുടേയും കൂടാരങ്ങളില്‍ മന:പായസം ഒഴുകി.
വളരെ പെട്ടെന്ന് തലസ്ഥാന നഗരിയില്‍ ഖദറിന്റെ കഞ്ഞിപ്പശ ഗന്ധം നിറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് കേരളം നേരിടുന്ന മൗലിക പ്രശ്നങ്ങളൊക്കെ ബോധപൂര്‍വ്വം തമസ്കരിച്ച് ഭരണവര്‍ഗ്ഗങ്ങളും അവരുടെ മുന്നണികളും കോര്‍പ്പറേറ്റ് മാധ്യമങ്ങളും അരാഷ്ട്രീയത കാമ്പയിനാക്കി പൊലിപ്പിച്ചെടുത്ത നിരാശകള്‍
ജനങ്ങളില്‍ നിന്ന് വോട്ടുകളിലേക്കും വോട്ടുകളില്‍ നിന്ന് സീറ്റിലേക്കും സീറ്റുകളില്‍ നിന്നും നേതാക്കന്മാരിലേക്കും പടര്‍ന്നുകയറി.
സത്യപ്രത്ജ്ഞക്കൊടുവില്‍ നന്ദിപ്രകടിപ്പിച്ചുകൊണ്ട് നയം വ്യക്തമാക്കി.
അതില്‍
ആരോടും പ്രതികാരമുണ്ടാവില്ല എന്നും തടഞ്ഞുവെക്കപ്പെട്ട,ഉപേക്ഷിക്കപ്പെട്ട ‘വികസന’പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടു പോകുമെന്നും.
2001-06ലെ യുഡിഎഫ് സര്‍ക്കാറിന്റെ തുടര്‍ച്ചയായിരുക്കുമെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം ഊന്നലുമുണ്ടായിരുന്നു അതില്‍.
 ചുരുക്കി പറഞ്ഞാല്‍ വിദേശ മൂലധന നിക്ഷേപത്തിനെ പ്രോത്സാഹിപ്പിക്കാന്‍ ഒരു നിക്ഷേപ സൗഹൃദ സംസ്ഥാന മാക്കി മാറ്റേണ്ടതുണ്ടെന്നും കൂട്ടത്തില്‍ പറഞ്ഞിരുന്നു.

കേരളീയ ജനത നേരിട്ടുകൊണ്ടിരിക്കുന്ന ഭഷ്യ പ്രതിസന്ധിയും,ഭൂബന്ധങ്ങളടക്ക മുള്ള,പാരിസ്ഥിതിക വിനാശത്തിനും സാംസ്കാരികവും,സാമ്പത്തികവുമായ പ്രശ്നങ്ങള്‍ക്ക് കാരണമായ നവ ഉദാരീകരണങ്ങള്‍ കൂടുതല്‍ ശക്തിയായി മുന്നോട്ട് പോകുമെന്ന കാര്യത്തില്‍ കോപ്പറേറ്റ് സമ്പന്ന വിഭാഗങ്ങള്‍ക്കുമുള്ള ഉറപ്പായിരുന്നു അത് ,തൊഴില്‍ നിയമങ്ങള്‍ ബാധകമല്ലാത്ത,അദ്ധ്വാനവും, ഭൂമിയിയും നികുതികളുമടങ്ങുന്ന എല്ലാ ഇളവുകളും നല്‍കുമെന്നുള്ള ഉറപ്പായിരുന്നു അത്.

നോക്കൂ ,
തമസ്കരിക്കപ്പെട്ട വിഷയങ്ങള്‍ ഒന്നൊന്നായി വോട്ടെടുപ്പിന്ന് ശേഷം പുറത്തു വന്നുകൊണ്ടിരിക്കുന്നു.
കഴിഞ്ഞ രണ്ട് സ്റ്റോൿഹോം കണ്‍വന്‍ഷനിലും എന്റോ സള്‍ഫാനു വേണ്ടി വാദിച്ച ഒരേയൊരു സര്‍ക്കാര്‍ ബഹുരാഷ്ട്ര കാര്‍ഷിക കമ്പനിയുടെ ദല്ലാളായ കോണ്‍ഗ്രസ്സ് സര്‍ക്കാറായിരുന്നു എന്നത് വോട്ടെടുപ്പിന്ന് മുമ്പ് തുറന്നു പറഞ്ഞു കോണ്‍ഗ്രസ്സിനെ ഒരു തരത്തിലും അലോസരപ്പെടുത്താന്‍ വോട്ടെടുപ്പിന്ന് ശേഷം വിഷയം കൊഴുപ്പിച്ച കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ തയാറായില്ല.
പെട്രോളിയത്തിന്ന് ലിറ്ററിന്ന് 10 രൂപയെങ്കിലും വര്‍ദ്ധിപ്പിക്കുമെന്ന് അറിയാത്ത മാധ്യമങ്ങളോ ഭരണാധികാരികളോ ഇല്ല.ഇപ്പോഴും 5രൂപയുടെ വര്‍ദ്ധനവു മാത്രമേ ചര്‍ച്ചയാവുന്നുള്ളു .ഈ മാസം തന്നെ ഒരിക്കൽ കൂടി
5 രൂപ ഇനിയും വര്‍ദ്ധിപ്പിക്കുമെന്ന് ഈ പ്രധിഷേധത്തിന്റെ ഘട്ടത്തില്‍ പോലു മറച്ചു വെക്കുന്നു.

ഹാരിസണ്‍ മലയാളം എന്ന കോര്‍പ്പറേറ്റ് ഭൂ മാഫിയ 76000 ലധികം ഹെക്റ്റര്‍ ഭൂമി കൈ വശം വെച്ചിരിക്കുന്നത് നിയമ വിരുദ്ധമായിട്ടാണ് എന്ന് വിവിധ സര്‍ക്കാര്‍ കമ്മീഷനുകള്‍ തന്നെ കണ്ടെത്തിയിട്ടും ഒരു നടപടിയും എടുക്കാതെ അച്ചുതാനന്ദന്‍ സഖാവും റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ച് പടിയിറങ്ങി.

റോഡ് കച്ചവട BOT മാഫിയയുടെ നേതൃത്വത്തില്‍ പതിനായിരക്കണക്കിന്ന് കോടിരൂപയുടെ ബ്ലൂപ്രിന്റുകള്‍ തയാറാക്കി അനുകൂല സാഹചര്യങ്ങള്‍ക്ക് ചരടു വലിക്കുന്നു.

കുട്ടനാട് അടക്കമുള്ള നെല്‍കൃഷി മേഖലകള്‍ പോലും ടൂറിസത്തിന്റേയും റിയല്‍ എസ്റ്റേറ്റിന്റേയും പേരില്‍ കവര്‍ന്നെടുക്കുന്നതിന്ന് കോര്‍പ്പറേറ്റ് ഊഹമൂലധന മാഫിയകള്‍ സടകുടഞ്ഞെഴുന്നേറ്റുകഴിഞ്ഞു.

ആരോഗ്യ- വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ വരുതിയിലാക്കാന്‍ മത-വിദ്യാഭ്യാസ മാഫിയകള്‍ സദാ ജാഗരൂഗരായി നില്‍ക്കുന്നു.

സ്മാര്‍ട്ട് സിറ്റി പോലുള്ള പ്രത്യേക സാമ്പത്തിക മേഖലകളില്‍ സംരംഭത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കോര്‍പ്പറേറ്റ് റിയല്‍ എസ്റ്റേറ്റ് ശക്തികള്‍ രാജ്യത്തിനകത്ത് ഒരു നിയമവും ബാധകമല്ലാത്ത മറ്റൊരു രാജ്യം സ്ഥാപിക്കാനുള്ള ഗൂഢ ശ്രമത്തിനായി ഉറക്കമിളച്ചു കാത്തിരിക്കുന്നു.

കേരള രാഷ്ട്രീയത്തിലെ മറ്റൊരു അപകടകരമായ വഴിത്തിരിവാണിത് ദശാബ്ദങ്ങളോളമായി നടന്നുകൊണ്ടിരിക്കുന്ന സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ ഫലമായി ജനങ്ങള്‍ പാപ്പരീകരിക്കപ്പെടുകയും കൊട്ടിഘോഷിക്കപ്പെട്ട“കേരളാ മോഡല്‍” റദ്ദാകുകയും ചെയ്യപ്പെട്ടകാലം.
ഈ ഭരണവ്യവസ്ഥിതിക്ക് കീഴില്‍ ഏതെങ്കിലും അടിസ്ഥാനപരമായ വ്യത്യസ്തത പ്രതീക്ഷിക്കുന്നത് മൗഢ്യമാണെന്ന് തോന്നിക്കുന്നകാലം.

പറഞ്ഞു വരുന്നത്, അല്ലെങ്കില്‍ പറയാനുദ്ദേശിച്ചത്:- 

ഏറ്റവും കുറഞ്ഞകൂലിക്ക് അദ്ധ്വാനശക്തിയെ കവര്‍ന്നെടുത്തും രാജ്യത്തിന്റെ സമ്പത്തും വിഭവങ്ങളും ഉല്പന്നങ്ങളും കൊള്ളയടിച്ച് കൊണ്ടു പൊവുന്നതിന്നു കൂട്ടുനില്‍ക്കുന്ന ദാസ്യത്തിനാണ് ഇവര്‍ “വികസനം”എന്നു പറയുന്നത്.

നേരെ മറിച്ച് ,വികസനത്തിന്റെ നേട്ടം അധ്വാനിക്കുന്നവനുള്‍പ്പെടേയുള്ള ബഹുഭൂരി പക്ഷം വരുന്ന ജനതക്ക് ലഭിക്കുന്നതായിരിക്കണം.രാജ്യത്തിന്റെ മഹത്തായ സ്വാതന്ത്ര്യത്തേയും പരമാധികാരത്തേയും  അത് ഊട്ടിഉറപ്പിക്കുന്നതായിരിക്കണം.

അതുകൊണ്ടാണ് ജനകീയവും സ്വാശ്രിതവുമായ ഒരു വികസന കാഴ്ചപ്പാടിനെ ദേശാഭിമാന ശക്തികള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്, അതിന്ന് വേണ്ടി പോരാടുന്നത്.,രക്തസാക്ഷിത്വം വരിക്കുന്നത്

അത്തരമൊരു കാഴ്ചപ്പാടില്‍ നിന്ന് കൊണ്ടാണ് സാമ്രാജ്യത്വ ആശ്രിത ‘വികസനത്തെ’രാജ്യസ്നേഹികള്‍ ചെറുത്തു തോല്‍പ്പിക്കുന്നത്.

ഇടത്-വലത്,ജാതി-മത ശക്തികളടക്കം ആഗോളീകരണ നയങ്ങള്‍ക്കൊത്ത് ടൂറിസം,ഐടി,പ്രത്യേകസാമ്പത്തിക മേഖലകള്‍ തുടങ്ങിയവ തൊഴിലിന്റേയും വികസനത്തിന്റേയും ചാലകശക്തിയായി കാണുന്നു.

കൃഷിയേയും,പരമ്പരാഗത വ്യവസായങ്ങളുടേയും പ്രാധാന്യം അവഗണിക്കുകയും ചെയ്യുന്നു.

മൂലധനശക്തികളുടേയും അവരുടെ ലാഭ താല്പര്യങ്ങളും അവരുടെ ക്രമവും സമാധാനവും സംരക്ഷിക്കുക മാത്രമാണ് ഭരണകൂടത്തിന്റെ ചുമതല എന്നായിരിക്കുന്നു,

അതാണ് ജനധിപത്യം എന്നായിരിക്കുന്നു.

ബഹുഭൂരിപക്ഷത്തെ,അദ്ധ്വാനിക്കുന്നവന്റെ,സമ്പത്ത് ഉല്‍പ്പാദിപ്പിക്കുന്നവന്റെ
ജീവിക്കാനുള്ള ,തൊഴിലെടുക്കാനും തൊഴിലില്‍ ഇടപെടാനുമുള്ള,വിലപേശാനുള്ള അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കപ്പെടുന്നു.
വികസനത്തിന്റെ പേരില്‍ അവരുടെ മണ്ണില്‍ നിന്നും കുടിലില്‍ നിന്നും ആട്ടിയോടിക്കപ്പെടുന്നു.

ആയതിനാല്‍ ഇന്ന് ‘വികസന വിരോധി’ എന്നാല്‍ രാജ്യസ്നേഹി എന്നര്‍ത്ഥമാകുന്നു എന്നതാണ് ..



2011, മേയ് 16, തിങ്കളാഴ്‌ച

പെട്രോളിയം വില; പ്രതിഷേധം ശക്തമാവുന്നു.

ജനങ്ങളുടെ നിത്യവൃത്തിയും നിലനില്പുമായി ബന്ധപ്പെട്ട എല്ലാ അവശ്യ വസ്തുക്കളുടേയും സേവനങ്ങളുടേയും വിലകള്‍ കുത്തനെ ഉയര്‍ ന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാന സന്ദര്‍ഭത്തില്‍ പെട്രോളിയം വിലയുടെ നിയന്ത്രണ സംവിധാനം എടുത്തു കളഞ്ഞതും അതിന്റെ ഭാഗമായി മാസംതോറും വില കൂടിക്കൊണ്ടിരിക്കുന്നതുമായ ഒരു അവസ്ഥ രാജ്യത്ത് നില നില്‍ക്കുകയുമാണ്.

സ്വകാര്യ മേഖലയുടെ പങ്ക് വര്‍ദ്ധിപ്പിക്കുന്നതിനും റിലയന്‍സ് പോലുള്ള ഊഹ കുത്തകകളുടെ സമ്മര്‍ദ്ദത്തിന്ന് വഴങ്ങി കഴിഞ്ഞ ജൂണില്‍ പെട്രോളിന്റെ വിലനിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍  എടുത്തുകളഞ്ഞതിന് ശേഷം എട്ടാമത്തെ വര്‍ദ്ധനവാണ് ഇപ്പോള്‍ നടപ്പാക്കുന്നത്.
ഈ എട്ടുപ്രാവശ്യവും രാജ്യത്ത് വന്‍ പ്രതിഷേധങ്ങളിള്‍ പണിമുടക്കുകളും ഹര്‍ത്താലുകളും ഉള്‍പ്പെട്ടിരുന്നു.
ഇപ്പോള്‍ തന്നെ പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് ലോകത്തേറ്റവും അധികം വിലയുള്ളരാജ്യമാണ് ഇന്ത്യ.
ബംഗ്ളാദേശിലും, ശ്രീലങ്കയിലും അടക്കം ഇതിനേക്കാള്‍  കുറഞ്ഞ വിലയാണ് നിലവിലുള്ളത് .
രാജ്യാന്തര വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ചു എണ്ണ വില, കമ്പനികള്‍  നിശ്ചയിക്കുന്ന സമ്പ്രദായം നടപ്പിലാക്കി തുടങ്ങിയതിനു ശേഷം ലിറ്ററില്‍ 17രൂപയുടെ വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്.
ഡീസല്‍ ,മണ്ണെണ്ണ,പാചക വാതകം എന്നിവയുടെ വില വര്‍ദ്ധനവു സംബന്ധിച്ച തീരുമാനമെടുക്കാന്‍  മന്ത്രിസഭാസമിതി അടുത്താഴ്ച ചേരുമെന്ന് ധനമന്ത്രി പ്രണാബ് മുക്കര്‍ജി പ്രഖ്യാപിച്ചിട്ടുണ്ട്..
ഈ യോഗം ,ഇത്രയും വ്യാപകമമായ പ്രതിഷേധമുയര്‍ന്നു വന്ന പശ്ചാത്തലത്തില്‍ ലോക കമ്പോളത്തിലെ ഏറ്റിറക്കങ്ങളില്‍ നിന്നും ഇന്ത്യന്‍  വിപണിയെ സംരക്ഷിച്ചു നിര്‍ത്തിയിരുന്ന വിലനിയന്ത്രണ സംവിധാനം പുന:സ്ഥാപിക്കാനല്ല.
നിയമസഭാതെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ എടുത്തതുപോലുള്ള ഒരു നാടകം കളിക്കപ്പുറം, വേണമെങ്കില്‍  4 രൂപയാക്കി നിര്‍ത്തുന്നതിനപ്പുറം മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

1947-ലെ അധികാരക്കൈമാറ്റത്തിനു ശേഷം 1980 വരെ നീണ്ടു നിന്ന നെഹറുവിയന്‍  ക്ഷേമരാഷ്ട്ര കാലത്ത് പൊതുമേഖലയിലൂന്നുന്നതും സ്വാശ്രയത്വത്തിന്റെ ദിശയില്‍  നീങ്ങുന്നതുമായ പെട്രോളിയം നയം പിന്തുടര്‍ന്നത് അമേരിക്കന്‍  സാമ്രാജ്യത്വത്തിന്റേയും ബഹുരാഷ്ട്ര എണ്ണകുത്തകകളുടേയും ഇടപെടലുകളെ നിരന്തരം നേരിട്ടു കൊണ്ടായിരുന്നു.
ഇതിന്റെ ഫലമായി നമ്മുടെ രാജ്യത്തിനാവശ്യമുള്ള പൊട്രോളിയത്തിന്റേയും 70 ശതമാനത്തോളം ആഭ്യന്തരമായി കണ്ടെത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍  നീങ്ങുകയും ചെയ്തിരുന്നു.
എന്നാല്‍  1980-കള്‍  മുതലാരംഭിച്ച സാമ്പത്തിക ഉദാരീകരണം ഈ രംഗത്തെ മുന്‍  ഗണനാക്രമങ്ങള്‍  തകിടം മറിയുകയും രാജ്യത്തിനാവശ്യമുള്ള അസംസ്കൃത എണ്ണയുടെ മുക്കാല്‍ ഭാഗവും ഇറക്കുമതിചെയ്യേണ്ടി വരുന്ന ആശ്രിതാവസ്ഥയിലേക്ക് 90- കളില്‍ രാജ്യത്തെ കൊണ്ടെത്തിക്കുകയും ചെയ്തു.
ഇതിന്റെ ഫലമായി രാജ്യത്തിന്റെ ഇറക്കുമതി ചിലവിന്റെ സിംഹഭാഗവും പെടോളിയത്തിനായി മാറ്റിവെക്കേണ്ടിവരികയും ചെയ്തു.
അതോടൊപ്പം അന്താരാഷ്ട്ര എണ്ണവിപണിയിലുണ്ടാകുന്ന വിലവര്‍ദ്ധനവ് രാജ്യത്ത് ഗുരുതരമായ പണപ്പെരുപ്പവും വിലക്കയറ്റവും സൃഷ്ടിക്കുന്നതിന് കാരണ മാവുകയും ചെയ്തു.

വാസ്തവത്തില്‍ ഇന്ത്യയില്‍ പെട്രോളിയം വിലകള്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നതിന്റെ കാരണം ആഗോള പെട്രോളിയം വിലയിലെ വര്‍ദ്ധനവു മാത്രമല്ല. പെട്രോളിയം മേഖലയില്‍ നിന്ന് സര്‍ക്കാര്‍ വിവിധ രൂപങ്ങളില്‍ സമാഹരിക്കുന്ന നികുതികളാണ്.
ഉദാഹരണത്തിന്,മന്‍മോഹന്‍സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പെട്രോളിയം രംഗത്തു നിന്നും വിവിധ ഇനത്തിലുള്ള നികുതികളിലൂടെ സര്‍ക്കാര്‍  സമാഹരിച്ചത്75,000 കോടിരൂപയുടേതായിരുന്നെങ്കില്‍ 
2008-അവസാനിക്കുമ്പോള്‍  അത് രണ്ട് ലക്ഷം കോടി രൂപയോളമായി അത് വര്‍ദ്ധിച്ചിരുന്നു.
എന്നു വെച്ചാല്‍ , ഇന്ത്യയുടെ പെട്രോള്‍ വിലയുടെ 52 ശതമാനവും,ഡീസല്‍ വിലയുടെ 31 ശതമാനവും കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ ചുമത്തുന്ന വിവിധ നികുതികളെന്നര്‍ത്ഥം.
പെട്രോള്‍ ,ഡീസല്‍ ,മണ്ണെണ്ണ,പാചക വാതകം എന്നിവയുടെ നികുതിയിനത്തില്‍ ,കഴിഞ്ഞ 5 വര്‍ഷത്തെ കാലയളവില്‍  കേരളത്തിന് പ്രതിവര്‍ഷം ശരാശരി രണ്ടായിരത്തിലേറെ കോടി രൂപയുടെ വരുമാനമാണുള്ളത്.
ഇപ്പോഴത്തെ വര്‍ദ്ധനവു കൂടിയാവുമ്പോള്‍  ഈ വരുമാനം ഇനിയുമേറെ വര്‍ദ്ധിക്കുകയും ചെയ്യും.
പെട്രോളിയം രംഗത്ത് നിന്ന് കേന്ദ്ര-സംസ്ഥാന സrക്കാറുകള്‍  സമാഹരിക്കുന്ന ഭീമമായ നികുതികള്‍  കുറക്കാതിരിക്കുകയും,വര്‍ദ്ധമാനമാകുന്ന അന്താരാഷ്ട്ര വിലകളുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര പെട്രോള്‍ വില നിയന്ത്രണം കമ്പോളത്തിനു വിട്ടു കൊടുക്കുകയും ചെയ്യുന്നത് രാജ്യത്തേയും അതിലെ ജന കോടികളേയും ഇനിയും ദുരിതപൂര്‍ണ്ണമായ ഒരു ഘട്ടത്തിലേക്ക് തള്ളിവിടും.
ആഗോളീകരണ-ഉദാരീകരണ-സ്വകാര്യവല്ക്കരണ ശക്തികള്‍ക്കും അവര്‍ക്ക് സേവചെയ്യുന്ന രാജ്യത്തെ പിന്തിരിപ്പന്‍  ഭരണവര്‍ഗ്ഗങ്ങള്‍ക്കും ലക്ഷ്യം അതു തന്നെയാണ്.
ഇത്തരമൊരു സാഹചര്യത്തില്‍ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന്ന് ജീവിക്കാനും നിലനില്‍പ്പിന്നും വേണ്ടി രാജ്യത്തെ വിപ്ലവശക്തികള്‍ ക്കും.ഇടതു - പുരോഗമന ശക്തികളുടേയും മുന്നിലുണ്ടാവേണ്ടുന്ന അജണ്ട എന്തായിരിക്കണമെന്ന കാര്യത്തില്‍  കൂടുതല്‍ ചര്‍ച്ച ആവശ്യമുണ്ടെന്നു തോനുന്നില്ല.
പറഞ്ഞു വരുന്നത്, അല്ലെങ്കില്‍  പറയാനുദ്ദേശിച്ചത്:-
ഇത് കാര്‍ഷിക വ്യവസായിക ഉല്പാദന മേഖലകളില്‍  പ്രതിസന്ധി സൃഷ്ടിക്കുന്ന,
 ചരക്ക് കടത്തു കൂലി ഉയര്‍ത്തുന്നതും
നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കുന്നതുമായ
പെട്രോള്‍  ഡീസല്‍  വില വര്‍ദ്ധനവ് പിന്‍ വലിക്കാന്‍ 
നിരന്തരമായ പ്രക്ഷോഭ സമരം മുന്നോട്ട് വെക്കപ്പെടേണ്ടതുണ്ട് എന്നുള്ളതാണ്..
ആയതിനാല്‍  ,
സര്‍ക്കാറിന്റെ തെറ്റായനയം തിരുത്തുന്നതു വരെ“
നമുക്കു ഒന്നിച്ചു വിളിച്ചു പറയാം
”പെട്രോളിയം വിലവര്‍ദ്ധനവ് പിന്‍ വലിക്കുക“ എന്ന്.

2011, മേയ് 5, വ്യാഴാഴ്‌ച

എന്റോ സൾഫാൻ;ചിലരാഷ്ട്രീയ ചിന്തകൾ.

എന്റോസള്‍ഫാന്‍ കേരളത്തില്‍ ഏറെ ചര്‍ച്ചാവിഷയമായിട്ടും
മറ്റെല്ലാറ്റിലും ആവശ്യത്തിനും അനാവശ്യത്തിനും ചാടി ഇടപെട്ട് ചര്‍ച്ചിച്ചുകളയുന്ന നമ്മുടെ പ്രിയപ്പെട്ട ബുദ്ധിജീവിതങ്ങള്‍
ഈ വിഷയം അത്ര ഗൗരവമേറിയതായി കണ്ടിട്ടില്ല,ഏറ്റെടുത്തില്ല.
എന്നിട്ടും കേരളീയ അന്തരീക്ഷം അക്ഷരാര്‍ത്ഥത്തില്‍ ചൂടുപിടിച്ചു,എന്നുമാത്രമല്ല,
എന്റോസള്‍ഫാന്‍ നിരോധിക്കപ്പെടേണ്ട ഒരു കീടനാശിനിയാണെന്ന് ലോക വേദികളില്‍ എത്തിക്കാനും അവിടെ നിലപാടെടുപ്പിക്കാനും കഴിഞ്ഞു എന്നത്
കഴിഞ്ഞ 25 വര്‍ഷമായി തുടരുന്ന പ്രക്ഷോഭങ്ങളുടെ വിജയത്തിന്റെ ഒരു ഉയര്‍ന്ന ഘട്ടമാണെന്ന കാര്യത്തില്‍ സംശയമില്ല.
പക്ഷെ ,ന്യായമായ ഈ പ്രതിഷേധപ്രകടനങ്ങളും അതിന്റെ ഭാഗമായുണ്ടായ പ്രഖ്യാപനങ്ങളും അതിന്റെ ലക്ഷ്യപ്രാപ്തിയിലെത്തുമോ? എന്ന വിഷയം ഇനിയും ആഴത്തില്‍ നിരന്തരം ചര്‍ച്ച ചെയ്യുകയും
തുടര്‍ പ്രക്ഷോഭനടപടികള്‍ മുന്നോട്ട് വെക്കുകയും അടിയന്തിര ദുരിത-പുനരധിവാസപദ്ധതികള്‍ നടപ്പിലാക്കിക്കുന്നതിന്നുള്ള ശക്തമായ ഇടപെടലുകള്‍ തുടരേണ്ടതുമുണ്ട്.
ഈ ഒരു പ്രശ്നപരിസരത്ത് നിന്നാണ് ബ്ളോഗ് അക്കാദമി സംഘടിപ്പിച്ച
“മെയ് 1 ന്റെ 
ന്റോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശത്തേക്കുള്ള ബ്ളോഗര്‍ മാരുടെ യാത്ര”യില്‍ പങ്കെടുക്കാന്‍ ഞാന്‍ തീരുമാനിച്ചത്.
അക്കാദമിക്ക് ഇത്തരമൊരു ലക്ഷ്യമുണ്ടായിരുന്നോ എന്നും തുടര്‍ നടപടികളില്‍ അക്കാദമിക്ക് എന്തെങ്കിലും പങ്കു വഹിക്കാന്‍ കഴിയുമോ എന്നും ചര്‍ച്ച ചെയ്തു തീരുമാനമെടു
ക്കേണ്ടിയിരിക്കുന്നു.
കാസര്‍ഗോഡ് ഒപ്പ് മരച്ചോട്ടില്‍ കാലത്ത് 11മണിക്ക് എത്തിച്ചേരുക എന്ന നിര്‍ദ്ദേശമനുസരിച്ച്
കൃത്യസമയത്ത് തന്നെ എത്തിച്ചേര്‍ന്നു.
ഞങ്ങളുടെ വരവും കാത്ത് അവിടുത്തെ പരിസ്ഥിതി-സാമുഹ്യപ്രവര്‍ത്തകരായ വല്‍ത്സലന്‍ സാറും വിജയനും ഞങ്ങളെ കാത്ത് ഒപ്പ് മരച്ചോട്ടില്‍ നില്‍പ്പുണ്ടായിരുന്നു.
15 പേരടങ്ങുന്ന ഒരു യാത്രാസംഘമായി അതു പെട്ടെന്ന് രൂപം പ്രാപിച്ചു.
യാത്രയില്‍ പാലിക്കേണ്ടുന്ന ചില നിര്‍ദ്ദേശങ്ങളും പോകേണ്ടുന്ന പ്രദേശങ്ങളെക്കുറിച്ചും വല്‍ത്സലന്‍ സാറുമായി ചര്‍ച്ചചെയ്തു.
യാത്രയിലുടനീളം ഗൈഡായി കെ എസ് അബ്ദുള്ള എന്ന പ്രവര്‍ത്തകനേയും സഞ്ചരിക്കാനുള്ള വാഹനവും ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും അറിയിച്ചുകൊണ്ട്
വല്‍ത്സലന്‍ സാര്‍ ഒരു സാംസ്കാരിക പരിപാടിയില്‍ പങ്കെടുക്കാന്‍ ഞങ്ങളില്‍ നിന്ന് പിരിഞ്ഞു.
ഈ ടീം പരിസ്ഥിതി പ്രവര്‍ത്തകര്‍,ജീവകാരുണ്യപ്രവര്‍ത്തകര്‍,സിനിമാപ്രവര്‍ത്തകര്‍,മാധ്യമപ്രവര്‍ത്തകര്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്നതായിരുന്നു.
ഒരു ഡോക്ടരുടേയും  ഈ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ശാസ്ത്രജ്ഞന്റേയും അഭാവം
ഈ യാത്രാഘട്ടത്തിലുടനീളം ബോധ്യപ്പെട്ടിരുന്നു.
കാസര്‍ഗോഡ് പട്ടണത്തില്‍ നിന്ന് ഏകദേശം 35 കിലോമീറ്റര്‍ അകലെയാണ്
വാര്‍ത്താമാധ്യമങ്ങളില്‍ വായിച്ചറിഞ്ഞ ,എന്റോസള്‍ഫാന്‍ എന്ന കീടനാശിനി ആകാശത്തിലൂടെ പെയ്തിറങ്ങിയ,
അസാധാരണവും ഭയാനകവുമായ രോഗങ്ങളും മരണങ്ങളും കൊണ്ട് ദുരന്തഭൂമിയാക്കിയ ഈ പിന്നോക്ക ഗ്രാമങ്ങള്‍.
യാത്രയിലുടനീളം കെ എസ്സിനോടും,വിജയനോടും ഞങ്ങള്‍ മാറിമാറി ചോദ്യങ്ങളും സംശയങ്ങളും ചോദിച്ചു കൊണ്ടിരുന്നു. കഴിഞ്ഞ 25 വര്‍ഷക്കാലം അവര്‍നടത്തിക്കൊണ്ടിരിക്കുന്ന സുദീര്‍ഘവും വിശ്രമരഹിതവുമായ പ്രക്ഷോഭത്തിന്റെ,
പതിനായിരങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കൊടും ക്രൂരതയുടെ,
രോഗപീഡകളുടെ, സാമ്പത്തിക രാഷ്ട്രീയ മേധാശക്തികളുടെ ധിക്കാരങ്ങളുടെ ,രാജ്യദ്രോഹ സാമൂഹ്യ വിരുദ്ധ നിലപാടുകളേ ക്കുറിച്ച് അല്പാല്പമായ ഉത്തരങ്ങളും മറുപടികളുമായി 35 കിലോമീറ്റര്‍ മലമടക്കുകളിലേക്ക് യാത്രയായി...
ചിത്രീകരണത്തിന്റെ ഉത്തരവാദിത്വം ചിത്രകാരന്‍ സ്വയം ഏറ്റെടുത്തിരുന്നതിനാല്‍ ഫ്ലാഷിങ്ങിന്റേയും ക്ലിക്കിങ്ങിന്റേയും ശബ്ദം ഇടക്കിടെ അനുഭവപ്പെടുന്നുണ്ടായിരുന്നു.
കോട്ടോട്ടിയും വിചാരവും ഫാറൂക്ക് ബക്കറും,ലത്തീഫും ,ശശിമാഷും ,ഷെര്‍ലി ദാസും ,റഷീദ് മടപ്പള്ളിയും കുറിപ്പുകള്‍ തയ്യാറാക്കികൊണ്ടിരുന്നു
കെ എം ബാബു എല്ലാം റിക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു.
ഈ വഴിപോയാല്‍ കരിന്തളം- കിനാനൂര്‍ പഞ്ചായത്തിലെ അതിര്‍ത്തി റോഡിലെത്താം നമ്മള്‍ പോകാന്‍ തീരുമാനിച്ച സ്ഥലത്തു നിന്നും പിന്നേയും കുറച്ചുകൂടി മുന്നോട്ട് പോകണം അപ്പോഴേക്കും രാത്രിയാകും മറ്റു പരിപാടികള്‍ പൊളിയും. ആപ്രദേശത്തെ ക്കുറിച്ച് ചിലകാര്യങ്ങള്‍ ഞാന്‍ പറഞ്ഞു തരാം വിജയന്‍ സംസാരിച്ചു തുടങ്ങി .
 

ആദിവാസികളും പാവപ്പെട്ടവരും താമസിക്കുന്ന,വരണ്ട മെയ് മാസത്തില്‍ പോലും കുടിവെള്ളത്തിനു് ക്ഷാമമില്ലാത്ത
ഈ പ്രദേശത്ത്,ഖനിജകവസ്തു കയറ്റുമതിയില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന

ആഷാപുര മൈഖേം ലിമിറ്റഡ് കമ്പനി 3500 ഓളം ഏക്കര്‍ സ്ഥലം ഖനനം ചെയ്യാന്‍
2003ല്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു
ഇതിന്റെ തുടക്കമെന്ന നിലയില്‍ 200 ഏക്കര്‍ സ്ഥലം കമ്പനിക്ക് വേണ്ടി സര്‍ക്കാര്‍ അനുവദിച്ചു.
ഈ അപേക്ഷ പരിഗണനയിലിരിക്കേയാണ് കേരള സിറാമിക്ക് ആന്റ് ക്ളേ പ്രൊജക്റ്റിന് 50 ഏക്കര്‍ സ്ഥലം
കരിന്തളം തലയടുക്കത്ത് ചൈനാ ക്ളേ ഏടുക്കുന്നതിനായി അനുവദിച്ചത്.
ഒരു വ്യവസായം തുടങ്ങുമ്പോഴുണ്ടാകുന്ന കൊട്ടിഘോഷങ്ങളൊന്നുമില്ലാതെ KCCP ഖനനം ആരംഭിച്ചു.
പഞ്ചായത്തിന്റെ യാതൊരു വിധ അനുമതിയും കൂടാതെയാണ് ഈ പ്രവര്‍ത്തനം അവിടെ നടന്നത്.
മലബാര്‍ സിമന്‍സിലെ തൊഴിലാളികളുടെ പേരു പറഞ്ഞാണ് ഇത് തുടരുന്നത്.
എന്നാല്‍ ഇത് എവിടേക്കാണ് കൊണ്ടു പോകുന്നത് എന്നോ, ആരാണ് ഇത് ചെയ്യുന്നത് എന്നോ പ്രദേശത്തുകാര്‍ക്ക് അറിയുമായിരുന്നില്ല.
ആഷാപുര കമ്പനിക്ക് കടന്നു വരാനുള്ള വഴിയൊരുക്കുന്നതിന് വേണ്ടി യാണ് KCCP കരിന്തളത്തെത്തിയത്
എന്ന തിരിച്ചറിവില്‍ പ്രദേശത്തെ ജനങ്ങള്‍ പ്രതിക്ഷേധവുമായി രംഗത്തു വന്നു.
കക്ഷിരാഷ്ട്രീയത്തിന്നതീതമായി ജനകീയ നിര ശക്തമായപ്പോള്‍ അതുവരെ മടിച്ചു നിന്ന
രാഷ്ട്രീയ നേതൃത്വം ഖനനത്തിന്നെതിരായി രംഗത്തു വരാന്‍ നിര്‍ബന്ധിതരായി.
പരിസ്ഥിതി -സാമൂഹ്യ പ്രവര്‍ത്തകരുടെ ഫലപ്രദമായ ഇടപെടല്‍ മൂലം അന്നത്തെ കലക്റ്റര്‍ ഖനനം നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിച്ചു.
ഇതിന്റെ പിന്നീടുള്ള വിഷയ
ങ്ങളൊന്നും അറിയില്ല.ഈ പദ്ധതി നിലവിലുണ്ടോ? 
മറ്റെന്തെങ്കിലും ഉദ്ദേശവുമായി അണിയറയില്‍ ഒരുങ്ങുന്നുണ്ടോ ഒന്നും അറിയില്ല.
എന്തും സംഭവിക്കാവുന്ന ഒരു കാലഘട്ടത്തിലല്ലെ നാം ജീവിക്കുന്നത്.
സര്‍ക്കാറിന്റെ ഉത്തരവാദിത്വം ഉന്നത വര്‍ഗ്ഗങ്ങളുടെ ക്രമവും സമാധാനവും കാത്തു സൂക്ഷിക്കുക എന്നു മാത്രമായി ചുരുങ്ങിയിരിക്കുകയല്ലേ?
നിങ്ങള്‍ക്ക് നോക്കരുതോ,
എന്റോസള്‍ഫാന്‍ വിഷമാണെന്ന് ഈ നാട്ടിലെ കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാം.
നമ്മുടെ രാജ്യം ഭരിക്കുന്ന മന്ത്രിമാര്‍ക്കും ആരോഗ്യവകുപ്പിനും ശാസ്ത്ര ഗവേഷണ വിഭാഗങ്ങള്‍ക്കും എന്തിന്ന്,
എന്തിനും ഏതിനും കുരച്ചു ചാടുന്ന ബുദ്ധിജീവികള്‍ക്കും ഇത് വിഷമാണെന്ന് മനസ്സിലായില്ലെന്ന് പറഞ്ഞാല്‍
നമുക്കെന്താണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്.

നെല്ല്,കാപ്പി,പരുത്തി,പഴവര്‍ഗ്ഗങ്ങള്‍,എണ്ണ വിത്തുകള്‍,ഉരുളക്കിഴ്ങ്ങ്,ചായ, പച്ചക്കറി തുടങ്ങിയ കൃഷികളെ
ആക്രമിക്കുന്ന ഒരു കൂട്ടം കീടങ്ങള്‍ക്കും പ്രാണികള്‍ക്കും എതിരേ എന്റോസള്‍ഫാന്‍ ഒരു കീടനാശിനിയായി ഉപയോഗിച്ചു വരുന്നു.
ഒരു കീടനാശിനി സ്വാഭാവികമായും ഒരു വിഷമാണ്.
എന്റോ സള്‍ഫാനില്‍ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു ഓര്‍ഗാനോ ക്ലോറിന്‍ ആണ്.
ടര്‍പ്പന്റയിനോട് സദൃശമായ മണമുള്ള ഇതിന്റെ രണ്ടു തരം മിശ്രിതം മാര്‍ക്കറ്റില്‍ ലഭ്യമാണ്.
ഹ്രസ്വകാല വിഷശക്തി കൂടുതലുള്ള കീടനാശിനിയാണിത്.
“ദൈവം 91 മൂലകങ്ങള്‍ സൃഷ്ടിച്ചു. മനുഷ്യന്‍ ഒരു ഡസനില്‍കുറവു മൂലകങ്ങള്‍ വേര്‍തിരിച്ചെടുത്തു.
പക്ഷെ, ചെകുത്താന്‍ ഒരേയൊരു മൂലകം സൃഷ്ടിച്ചു.അതാണ് ക്ലോറിന്‍”
ക്ലോറിന്റെ മാരകഫലങ്ങളെ പരിഗണിച്ച് ശാസ്ത്രജ്ഞന്മാര്‍ തന്നെ പറഞ്ഞു വെച്ച വാക്കുകളാണിത്.
ഈ വാക്കുകള്‍ അറിയാത്ത വിദ്യാര്‍ത്ഥികളില്ല.
ക്ലോറിന്‍ രാസപ്രക്രിയയിലൂടെ കാര്‍ബണുമായി പ്രതിപ്രവര്‍ത്തിച്ചിട്ടാണ് ജൈവക്ലോറിന്‍(Orgaanic Cloarin) ഉണ്ടാവുന്നത്. വിഭജിക്കാന്‍ കഴിയാത്തതും അന്തരീക്ഷത്തിലും ശരീരത്തിലും നശിക്കാതെ നിലനില്ക്കുന്നതുമാണ് ജൈവക്ലോറിന്‍
ഇത് വെള്ളത്തില്‍ അലിയുന്നതിനേക്കാള്‍ ജീവികളുടെ ശരീരത്തിലെ കൊഴുപ്പില്‍ അലിയുന്നു
അതിനാല്‍ ജൈവവര്‍ദ്ധനം എന്നപ്രക്രിയയിലൂടെ ശരീരത്തില്‍ അതിന്റെ അളവു വര്‍ദ്ധിച്ചു വരുന്നു.
ഭഷ്യ ശൃംഖലയില്‍ ഒരു രാസവസ്തു കയറിപ്പറ്റുന്നതിലൂടെ ആ വസ്തുക്കള്‍ തിന്നുന്ന ജീവികളുടെ ശരീരത്തില്‍ ഇത് എത്തുകയും അവിടെ നില നില്ക്കുകയും തോത് കൂടി വരികയും ചെയ്യുന്ന പ്രക്രിയക്കാണ് ജൈവ വര്‍ദ്ധനം
അഥവാ ജൈവ വളര്‍ച്ച (Bio-accumilation or Bio-magnification) എന്നു പറയുന്നത്.
എന്റോസള്‍ഫാന്‍ തളിക്കുന്ന പ്രദേശങ്ങളിലെ ആളുകളുടെ ശരീരത്തില്‍ ഓര്‍ഗാനോ ക്ളോറിന്റെ നിരന്തരമായ
ജൈവവര്‍ദ്ധനവ് നടക്കുന്നതിന്റെ ഫലമായി അത്തരക്കാരുടെ വൃക്കകള്‍ തകരാറാവുന്നു.
പുരുഷബീജത്തിന്റെ ശക്തിക്കുറവ്,വൃക്ഷണങ്ങളിലും പ്രോസ്റ്റേറ്റ് ഗ്രന്ധികളിലുമുള്ള അര്‍ബുദം,
പുരുഷ ലൈംഗികാവയവത്തിലുള്ള രോഗങ്ങള്‍ സ്ത്രീകളിലെ സ്തനാര്‍ബുദം ജനിതക വൈകല്യം തുടങ്ങിയ
രോഗങ്ങളുടെ വര്‍ദ്ധനവിനു കാരണം ഓര്‍ഗാനോ ക്ലോറിന്‍ അടങ്ങിയ എന്റോസള്‍ഫാന്റെ നിരന്തരമായ ഉപയോഗം കൊണ്ടാണെന്ന് തെളിഞ്ഞിട്ടുണ്ട്.
 

നോക്കൂ ഇത്തരം കാര്യങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കേണ്ടി വരുന്നതില്‍ തെറ്റി ദ്ധരിക്കരുത്.
എന്നിട്ടും നമ്മുടെ ഭരണാധികളുടെ,ബുദ്ധിജീവികളുടെ മന്തന്‍ തലയില്‍ ഇത്രയും വിവരങ്ങള്‍ കയറ്റുന്നതിന്ന്
മറ്റെന്താണ് ഒരു മാര്‍ഗ്ഗം.
ജനങ്ങളായ ജനങ്ങളെല്ലാം ഇക്കാര്യങ്ങളോക്കെ കുറച്ചെങ്കിലും മനസ്സിലാക്കിയാലും നമ്മുടെ ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിദഗ്ദര്‍ക്കും, ബുദ്ധിജീവികള്‍ക്കും ഇതൊന്നും മനസ്സിലാവിന്നില്ല.
നേടിയ അറിവുകള്‍ വെച്ച് ചിന്തിക്കുക എന്നത് മനുഷ്യ ജീവിയുടെ ഒരു ഗുണ വിശേഷമാണ് പക്ഷെ,
അധികാരത്തിന്റേയും ഭരണകൂടത്തിന്റേയും ജീവികളായ ഇവരില്‍ ഈ ഗുണവിശേഷം പ്രതീക്ഷിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ലല്ലോ അങ്ങിനെ പ്രതീക്ഷിച്ചാല്‍ അത് അവരെ അപമാനിക്കുന്നതിന്ന് തുല്യമായിരിക്കും.

വിജയന്‍ വണ്ടി നിര്‍ത്താന്‍ അടുത്ത വണ്ടിക്കാരനു സിഗ്നല്‍ നല്‍കി.വണ്ടി നിന്നു.
ഇത് മുള്ളെരിയ.ഒരു ചെറിയ ടൗണ്‍ നമുക്ക് എല്‍മകജെ,ആദൂര്‍,മുള്ളേരിയ പെരിയ എന്നീപ്രദേശങ്ങളിലേക്ക് ഇവിടേനിന്ന് തിരിഞ്ഞു പോകണം ആദ്യം എങ്ങോട്ടു പോകണം എന്ന് തീരുമാനിക്കണം
ചിത്രകാരന്‍ പറഞ്ഞു സ്ഥിരമായി വായിക്കുകയും കാണുകയും ചെയ്ത പ്രദേശങ്ങള്‍ നമുക്ക് വേണ്ട നമുക്ക് മറ്റൊരു വഴിക്കായാലോ?
ചിത്രകാരന്റെ നിര്‍ദ്ദേശം എല്ലവരും അംഗീകരിച്ചു .
അപ്പോഴാണ് മദ്ധ്യവയസ്കനായ ഒരു കുറിയ മനുഷ്യന്‍ ജങ്ങളുടെ അടുത്തേക്ക് വന്നത് വിജയന്‍ പരിചയപ്പെടുത്തി.
ഇതാണ് നമുക്ക് വഴികാട്ടിയായി വരുന്ന കെ എസ് അബ്ദുള്ള.
കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി എന്റോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പരിസ്തിതി പ്രവര്‍ത്തകന്‍.
എല്ലാവരും കെ എസ്സിനു പിന്നാലെ ചോദ്യങ്ങളും അന്യേഷണവുമായി പൊതിഞ്ഞു.
മലിനീകരണ വിഷയത്തില്‍ തല്പരനായ ലത്തീഫിന്ന് കെ എസ്സിനെ തനിച്ചു കിട്ടാന്‍ താല്പര്യം .
കെ എസ് പറഞ്ഞു അതിനെന്താ നമുക്ക് ഓരോ വീടുകളും കയറി ഇറങ്ങുന്നതിടയി ഒരു പാട് സമയം കിട്ടും
നടത്തത്തിനിടയില്‍ നമുക്ക് സംസാരിക്കാം ,
ലത്തീഫിന് സന്തോഷമായി.യത്ര തുടര്‍ന്നു.
 

അല്പദൂരം പിന്നിട്ടപ്പോള്‍ വണ്ടി നിര്‍ത്തി കെ എസ് കൈ ചൂണ്ടികാണിച്ച് പറഞ്ഞു
നോക്കൂ ആ കുടിലുകള്‍ കണ്ടില്ലെ അതിന്റെ മേല്പുര മേഞ്ഞിട്ടുള്ളത് ഇവിടങ്ങളില്‍ ധാരാളമായി കിട്ടിയിരുന്ന ഒരു തരം പുല്ലാണത്.
ഇപ്പോള്‍ ഈ പുല്ലു കിളിര്‍ക്കാറില്ല.
ഈ യാത്രക്കിടയില്‍ അണ്ണാരക്കണ്ണനെ നിങ്ങള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ കാണാം,
തേനീച്ചകള്‍ ,കാക്കകള്‍ ,പൂമ്പാറ്റകള്‍ ഇതൊക്കെ ഇവിടുത്തുകാര്‍ക്ക് നഷ്ടപ്പെട്ടു പോയിരുന്നു.
ഇപ്പോള്‍ ഒറ്റയൊറ്റയായി തിരിച്ചു വന്നു തുടങ്ങി. കെ എസിന്റെ മുഖത്ത് വിരിഞ്ഞ സന്തോഷം ഞാന്‍ വ്യക്തമായി കണ്ടു.

കെ എസ് ഞങ്ങളെ ആദ്യം കൂട്ടിക്കൊണ്ടു പോയത്,ഒരു പക്ഷെ ഞങ്ങളെ ഞെട്ടിപ്പിക്കാന്‍ പറ്റിയസ്ഥലം തന്നെ ആവട്ടെ എന്നുറച്ചിട്ടോ എന്തോ.
ശരിക്കും ഞെട്ടി. ഒരു യുവതി.
പലരും പലതും ചോദിച്ചു എല്ലാറ്റിനും മറുപടി കന്നട കലര്‍ന്ന മലയാളത്തില്‍
നീരുവന്നു വീര്‍ത്ത കാലുകള്‍ നീട്ടി വെച്ച് ഇരുന്നിരുന്ന കീറപ്പായക്ക് തൊട്ടടുത്ത് മൂന്നു കല്ലുകള്‍ വെച്ച അടുപ്പില്‍ തീപുകഞ്ഞ ലക്ഷണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല.
ഇത്കണ്ട് “വിചാരം” ചോദിച്ചു‘ഭക്ഷണം കഴിച്ചോ’
അവര്‍ ഒന്നും മിണ്ടാതെ കൈ രണ്ടും മലര്‍ത്തിക്കാണിച്ചു തലതാഴ്ത്തിയിരുന്നു.
ഫോട്ടോ എടുക്കാന്‍ നല്ല വെളിച്ചം കിട്ടിയിരുന്നു ആ വീടിന്ന് മറയില്ല ,വാതിലില്ല ,ജാലകമില്ല ,ചുമരില്ല ,മുകളില്‍ ഒന്നും മേഞ്ഞിരുന്നില്ല
രണ്ടു മുളം തൂണില്‍ ഒരു പ്ലാസ്റ്റിക്ക് താര്‍പായമാത്രം.
കേരളം നേടിക്കഴിഞ്ഞു എന്നു വീമ്പിളക്കുന്ന എല്ലാ വികസന വായ്ത്താരികളും പൊള്ളയാണെന്ന് ബോദ്ധ്യപ്പെടുന്ന കാഴ്ച്ച. സര്‍ക്കാറിന്റെ ഒരു ഭവന പദ്ധതിക്കാരനും ഇതു വഴി വന്നില്ല.
ഒരു ആസൂത്രണക്കാരന്റേയും സര്‍ക്കാര്‍ വാഹനം ഇതു വഴി വന്നില്ല.

വോട്ട് ചെയ്യിക്കാന്‍ എടുത്ത് കൊണ്ടു പോകുന്നതിന്ന് ഒരു മുന്നണിക്കാരനും മഞ്ചിലുമായി വന്നിരുന്നില്ലേ എന്ന് ചോദിക്കാന്‍ കഴിയാതെ പോയ മറവിയെ ശപിച്ചു.
ഒരു സാമൂഹ്യ ക്ഷേമ പദ്ധതിക്കാരന്റേയും സര്‍ക്കാര്‍ വണ്ടികള്‍ ഇതു വഴി കടന്നു പോയില്ല.
വികസനമെന്നാല്‍ ദേശീയ ഉല്പാദനത്തിന്റെ(ജി ഡി പി) വര്‍ദ്ധനവാണെന്നും അതിന്ന് മൂലധന നിക്ഷേപവും വ്യാവസായിക വല്കരണവും അതു വഴിയുണ്ടാവുന്ന തൊഴില്‍ സാദ്ധ്യതയും ഒഴിച്ചു കൂടാനാവാത്തതാണെന്നാണ് ബൂര്‍ഷ്വായുക്തി.
ഈ ചിന്താ പദ്ധതികളില്‍ മനുഷ്യരില്ല ,പ്രകൃതിയില്ല , മൂല്യങ്ങളില്ല ,നൈതികതയില്ല.,മൂലധനത്തിന്റെ പെരുക്കവും, ഫാക്ടറികളുടെ പെരുക്കവും,
ഏതുമാര്‍ഗ്ഗവും ഉപയോഗിച്ചുള്ള ഉല്പാദനവര്‍ദ്ധനവുമാണ്.
സാമ്രാജ്യത്വത്തിന്റെ ഔതാര്യം പറ്റി ജീവിക്കുന്ന ഭരണാധികാരികള്‍ക്ക് അവരുടെ ബുദ്ധി ജീവികള്‍ക്ക് ഉദ്യോഗസ്ഥന്മാര്‍ക്ക് തിരിച്ചു നല്കാനാവുമോ ഇവര്‍ക്ക് നഷ്ടപ്പെട്ട ഇവരുടെ ഗ്രാമം?.
ഇവര്‍ക്ക് നല്കാനാവുമോ ഇവര്‍ക്ക് നഷ്ടപ്പെട്ട അതിന്റെ കാലവും തലമുറകളും സ്വപ്നങ്ങളും ജീവിതങ്ങളും?,
സംഭവിക്കേണ്ടിയിരുന്ന അവരുടെ ഭാവി സംഭവിപ്പിക്കാനാവുമോ?..

തിരിച്ചു വന്ന് വാഹനത്തില്‍ കയറി അടുത്തകേന്ദ്രത്തിലേക്ക് യാത്ര തുടരുമ്പോല്‍ ആരും ഒന്നും സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ആ നിശബ്ദതയെ ഭജ്ഞിച്ചത് കൊട്ടോട്ടിയായിരുന്നു.
ആരോടെന്നില്ലാതെ കൊട്ടൊട്ടി പറഞ്ഞു “വിശപ്പിന്റെ പ്രയാസം എനിക്ക് മന്‍സ്സിലാവും ലാപ്ടോപ്പും ഫുള്‍സ്ലീവുമായി നടക്കുന്ന ഈ കൊട്ടോട്ടി ഇതു പോലുള്ള സാഹചര്യം അനുഭവിച്ചു കടന്നു വന്നവനാ”
ഇത്കൂടിയായപ്പോള്‍ നെഞ്ചിന്‍ കൂടിന്റെ ഏതോ കോണില്‍ ഒരു കോച്ചല്‍ അനുഭവപ്പെട്ടു.
യാത്രയുടെ രണ്ടാം പകുതി ആരംഭിച്ചതുമുതല്‍ അവസാനിക്കുന്നതു വരെ ഒന്നൊന്നായി ഏറ്റുവാങ്ങേണ്ടി വന്ന കദനങ്ങളുടെ ഹൃദയഭേദകങ്ങളായ കണ്ണു കലങ്ങുന്ന കാഴ്ചകള്‍ ഒന്ന് അവസാനിച്ചിരുന്നു വെങ്കില്‍ എന്നാശിച്ചു പോയി.

കാസര്‍ഗോഡ് ജില്ലയിലെ അതിരുകളിലെ മലമടക്കുകളില്‍ ചുരുണ്ടു മടങ്ങിക്കിടക്കുന്ന ഈ ഗ്രാമങ്ങളില്‍ സംഭവിച്ചുകഴിഞ്ഞിരിക്കുന്ന ഒരു മഹാ വിപത്തിന്റെ സാക്ഷി ചിത്രങ്ങളായി
ജീവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങളുടെ ദൃശ്യ-മാധ്യമകാഴ്ചകള്‍
ഒരു നേര്‍കാഴ്ചയാവുമ്പോള്‍ ഇത്രയും ആവുമെന്ന് തീരെ നിനച്ചിരുന്നില്ല.
‘വിചാരം’ഒടുവില്‍ പിരിയുന്നതു വരെ എന്തിനെന്നില്ലാതെ സദാ കയര്‍ത്തുകൊണ്ടിരുന്നു.
ഈ കാഴ്ചകള്‍ ‘വിചാരത്തിന്“ഏറെ പ്രയാസങ്ങള്‍ സൃഷ്ടിച്ചിരുന്നു.
ദുരിതമനുഭവിക്കുന്നവര്‍ക്ക് യാത്രാസഘം നല്‍കിയ പരിമിതമായ സാമ്പത്തിക സഹായത്തില്‍ അദ്ദേഹം ഒട്ടും തൃപ്തനായിരുന്നില്ല.

മരണങ്ങള്‍ തട്ടിയെടുത്തവര്‍ ഒഴിച്ചാല്‍ ഈ ചെറു ഗ്രാമങ്ങള്‍ ഇപ്പോഴും അവിടെയുണ്ട് എന്ന് നമുക്കു തോന്നും.
കശുവണ്ടി തോട്ടങ്ങളും, പീടികമുറികളും,
പോക്കും വരവും ഒരുപാട് കണ്ടവനാണ് ഞാന്‍ എന്ന നിലയില്‍ നിൽക്കുന്ന ചെങ്കല്‍ ബസ്സ് സ്റ്റോപ്പുകളും,
ആളൊഴിഞ്ഞ പാര്‍ട്ടി ഓഫീസുകളും, നരച്ചു തൂങ്ങുന്ന കൊടികളും,
മദ്രസ്സകളും ,പള്ളികളും,അമ്പലങ്ങളും,കാവുകളും,പണി നടന്നുകൊണ്ടിരിക്കുന്ന അറബിക്ക് കോളേജുകളും....
എല്ലാം അവിടെ ഇപ്പോഴുമുണ്ട്.
എന്നാല്‍ എന്തോ ഇല്ലാതെപോയ,എന്തോ നഷ്ടപ്പെട്ടുപോയവരുടെ വിഷാദം പുരണ്ട ചിരികള്‍,
സൗഹൃദം പറച്ചിലില്‍...
കൊടും വിഷം കലര്‍ന്ന ജൈവപരമ്പരകളെ സൃഷ്ടിക്കേണ്ടി വരുന്ന സ്ത്രീ പുരുഷ ബാന്ധവങ്ങളെ വെറുക്കപ്പെടുന്നവര്‍...

ജീവജാലങ്ങളും മനുഷ്യരും പരിസ്ഥിതിയുമില്ലാത്ത വികസന സങ്കല്പത്തിന്റെ രക്തസാക്ഷികളായി അവരിപ്പോഴും അവിടെ ത്തന്നെയുണ്ട്.

1960കളിലാണ്കൃഷിഡിപ്പാര്‍ട്ട്മെന്റ് കശുവണ്ടിതോട്ടങ്ങള്‍ തുടങ്ങിയത്.
1975ല്‍ ഈ തോട്ടങ്ങള്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്തു.
1979മുതല്‍ എന്റോസള്‍ഫാന്‍ ഏരിയല്‍ സ്പ്രേ ചെയ്യാന്‍ തുടങ്ങി.
കോര്‍പ്പറേഷനു 2,209 ഹെക്റ്റര്‍ തോട്ടമുണ്ട്.
കശുമാവിന്‍ തോട്ടത്തില്‍ തേയില കൊതുകുകള്‍ എന്ന ഒരു തരം കീടത്തെ നശിപ്പിക്കാനായിരുന്നു കീടനാശിനി പ്രയോഗിക്കുന്നത് എന്നായിരുന്നു ഔദ്യോഗിക ഭാഷ്യം.
ഒരു കീടനാശിനി മൂന്ന് വര്‍ഷം തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ പകരം മറ്റൊന്ന് ഉപയോഗിക്കണം എന്ന് കീടനാശിനിയുടെ ബാരലുകളില്‍ പ്രിന്റ് ചെയ്തു വെച്ചിട്ടുണ്ട്.
ഇതു പോലുള്ള എല്ലാതരം നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും കരുതല്‍ നടപടികളേയും അവഗണിച്ചു തള്ളിക്കൊണ്ടാണ് ജീവജാലങ്ങള്‍ക്ക് മേല്‍ കുറ്റകരമായ വിഷമഴ വര്‍ഷിച്ചത്.
ഒരുകീടനാശിനി കാല്‍ നൂറ്റണ്ട്കാലം ഒരേസ്ഥലത്ത് തളിക്കുന്നത് നാളിതുവരേയുള്ള ലോകചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്.
ഈ പ്രദേശങ്ങളില്‍ കണ്ടുവരുന്ന ജൈവീക അസാധാരണത്വത്തിന്ന് എന്റോസള്‍ഫാനാണ് കാരണക്കാരന്‍ എന്ന് ശാസ്ത്രീയമായ തെളിവില്ലെന്ന് പറയുന്നതിന്റെ യുക്തിയും ബുദ്ധിയും തിരിച്ചറിയാന്‍
അപാരമായ സാമര്‍ത്ഥ്യമൊന്നും വേണമെന്നില്ല.
ഇത് രാഷ്ട്രീയമാണ്.ഇതില്‍ നിന്ന് രാഷ്ട്രീയത്തെ അടര്‍ത്തിമാറ്റിയാല്‍
വെറും വൈകാരികതയുടെതലത്തിലേക്ക് കൊണ്ടുപോയാല്‍ നാം വഴിതെറ്റും.

ഇതില്‍നിന്ന് പഠിക്കാന്‍ യുദ്ധശാസ്ത്രങ്ങള്‍ക്ക്,രാസകീടക്കമ്പനികള്‍ക്ക്,ഔഷധവ്യാപാര കുത്തകകള്‍ക്ക്
അവരുടെ റിസര്‍ച്ച് ആന്റ് ഡവലപ്പ്മെന്റ് വിഭാഗത്തിന്ന് ഇത് ഒഴിച്ചുകൂടാത്തതാണ്.
ഇവര്‍ക്കറിയാം എന്തൊക്കെ രാസപ്രയോഗങ്ങള്‍ ഏതൊക്കെ അളവില്‍ പ്രയോഗിച്ചാല്‍ എന്തൊക്കെ മാറ്റങ്ങള്‍ ഏതൊക്കെ വസ്തുക്കളില്‍ ഉണ്ടാവുമെന്ന് ഇവര്‍ക്കറിയാം.അല്ലെങ്കില്‍ കൂടുതല്‍ അറിയണം .
ഇന്ന് നാം ഉപയോഗിക്കുന്ന കീടനാശിനികള്‍ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ പ്രയോഗിച്ച രാസായുധങ്ങളായിരുന്നു. അതടക്കമുള്ള പരീക്ഷണം തന്നെയാണ് ഇതിലും ഇവിടേയും നടക്കുന്നത്.
ഇതാണ് ഒരു ജനവിരുദ്ധ ഭരണകൂടം ശാസ്ത്ര സാങ്കേതിക മണ്ഡലത്തിലുണ്ടാകുന്ന വികാസങ്ങളെ
എങ്ങിനെ തങ്ങളുടെ കൊള്ളയ്ക്കും അധികാരം നിലനിര്‍ത്താനും മൂലധന താല്പര്യങ്ങള്‍ക്കും വിനിയോഗിക്കുന്നു എന്നതിന്റെ ഒരു ഉദാഹരണം.
ഡിഫന്‍സിന്ന് വേണ്ടി ഗവേഷണം നടത്താന്‍ യുദ്ധം ഇല്ലാത്ത ഒരവസ്ഥയില്‍ സ്വന്തം ജനങ്ങള്‍ക്ക് നേരെ പ്രയോഗിച്ച് പരീക്ഷണം നടത്താന്‍ ഭരണ കൂടം നിര്‍ബ്ബന്ധിതമാവും.
ഹിരോഷിമയിലും.നാഗസാക്കിയിലും,ഭോപ്പാലിലും മനുഷ്യര്‍ക്കിടയിലും പരിസ്ഥിതിയിലും കണ്ടിരുന്ന ജൈവിക അസാധാരണത്വം ഈ മലമടക്കിലും കാണുന്ന് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

പറഞ്ഞു വരുന്നത് അല്ലെങ്കില്‍ പറയാന്‍ ഉദ്ദേശിച്ചത്:-

ഈ ജൈവീക അസാധാരണത്വത്തിന്ന് എന്റോസള്‍ഫാനാണ് കാരണമെന്ന് ശാസ്ത്രീയമായ തെളിവില്ലെന്ന് പറയുന്നത് ഏതെങ്കിലും മന്ത്രിയുടെ, ഗവേഷകന്റെ, ഉദ്യോഗസ്ഥന്റെ വിവരമില്ലായമയാണെന്നോ ബുദ്ധിശൂന്യതയാണന്നോ വിലയിരുത്തിപ്പോകരുത് എന്നാണ്.


നോക്കൂ,
കാസര്‍ഗോഡ്ജില്ലയില്‍ കശുമാവിന്‍ തോട്ടത്തില്‍ കീടനാശിനി തളിക്കാന്‍ തുടങ്ങിയത്1960 കളിലാണ്.
1960 എന്നത് ഇന്ത്യയില്‍ ഹരിതവിപ്ലവം പ്രായോഗികമാക്കുന്നതിന്റേയും രാസകീടനാശിനികള്‍ കാര്‍ഷികവിപണി കയ്യടക്കുന്നതിന്റേയും കാലമായിരുന്നു.
സര്‍ക്കാറിന്റെ പ്രചരണ മാധ്യമങ്ങള്‍ ഒന്നൊഴിയാതെ കീടനാശിനികളുടെ അപദാനങ്ങള്‍ പാടി നടക്കുന്ന കാലം.(റേഡിയോ തുറന്നാല്‍,സിനിമാ ടാക്കീസുകളില്‍ സിനിമ തുടങ്ങുന്നതിന്ന് മുമ്പായി നിര്‍ബ്ബന്ധമായും കാണിച്ചിരിക്കേണ്ടുന്ന സര്‍ക്കാര്‍ ന്യൂസ് റീലുകള്‍, ഇന്‍ഫര്‍മേഷന്‍ ബ്യൂറോകള്‍ വഴി സ്കൂളുകളിലും സര്‍ക്കാര്‍ ഓഫീസായ ഓഫീസിന്റെ ചുമരുകള്‍, ഹെല്‍ത്ത് സെന്ററൂകളുടെ ചുവരായ ചുവരെല്ലാം)
പണ്ട് ഈ കീടങ്ങള്‍ ഒക്കെ എവിടെയായിരുന്നു ചോദിക്കാന്‍ പാടില്ലാത്ത കാലം.
രാസകീടനാശിനി ഇല്ലാത്തകാലത്ത് കൃഷി നന്നായി ചെയ്തിരുന്നു വല്ലോ എന്ന സംശയം പോലും കാര്‍ഷികശാസ്ത്രത്തോട് ചോദിക്കാന്‍ പാടില്ലാത്ത കാലം.
പത്രമാസികകകളില്‍ വമ്പിച്ച പരസ്യം നൽകി പത്രമുതലാളിമാരേയും പേനയുന്തികളേയും സുഖിപ്പിച്ച കാലം.
ഭരണ കൂടത്തിന്റെ സെന്റെര്‍ സെക്രട്ടറിയേറ്റ് മുതല്‍ ഇങ്ങ് പഞ്ചായത്ത് ആഫീസ് വരെ
റവന്യൂ മന്ത്രി മുതല്‍ വില്ലേജാഫീസ് വരെ
കീടനാശിനി കമ്പനികള്‍ പാരിദോഷികങ്ങളും സമ്മാനങ്ങളും കൈക്കൂലികളും വാരിക്കോരി  
നൽകിയ കാലം.
സഹകരണ ബാങ്കുകള്‍ രാസകീടനാശികള്‍ വാങ്ങാതെ ലോണ്‍ തരില്ലെന്ന് പറഞ്ഞകാലം.
മൂന്നാം ലോകരാജ്യങ്ങള്‍ക്ക് മുമ്പാകെ സാമ്രാജ്യത്വ ശക്തികള്‍ വികസനം എന്ന കാഴ്ചപ്പാട് മുന്നോട്ട് വെച്ച കാലം.
1957 ല്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് മന്ത്രിസഭയെ കാര്‍ഷിക ബന്ധബില്ലിന്റെ പേരില്‍ ഭൂപ്രമാണിമാരായ ജാതി മത ശക്തികള്‍ വിമോചന സമരം നടത്തി കേരളാഗവര്‍മെന്റിനെ നെഹൃ സര്‍ക്കാര്‍ പിരിച്ചു വിട്ട കഅലം.
കാലഹരണപ്പെട്ട ഭൂബന്ധങ്ങളില്‍ മാറ്റം വരുത്തി കൃഷിഭൂമി കൃഷിക്കാരന്ന് എന്ന രീതിയില്‍ ഭൂപരിഷ്കരണം നടപ്പിലാക്കുന്നതിന്ന് “ഞങ്ങളുകൊയ്യും വയലെല്ലാം ഞങ്ങളേതാകും പൈങ്കിളിയേ ”എന്ന് ഭൂരഹിതകര്‍ഷകരും കര്‍ഷക തൊഴിലാളികളും നാടായ നാടോക്കെ പാടി നടന്ന കാലം.

ഇന്ത്യന്‍ ജനതക്കാവശ്യമായ ഭക്ഷണവും കോടാനുകോടി മനുഷ്യര്‍ക്കും തൊഴിലും വ്യാവസായിക അസംസ്കൃത പദാര്‍ത്ഥങ്ങളും മറ്റും ലഭ്യമാക്കുന്നതും ഇതര മേഖലകളുമായി പാരസ്പര്യത്തില്‍ വര്‍ത്തിക്കുന്നതുമായ ഒന്നാക്കി കാര്‍ഷികമേഖലയെ പരിവര്‍ത്തിപ്പിക്കുക എന്ന പുരോഗമന ജനാധിപത്യ മുദ്രാവാക്യം“കാര്‍ഷികവിപ്ലവം” രാജ്യത്തുട നീളം മുഴങ്ങിയ കാലമായിരുന്നു. 

ഈ ആശയങ്ങളെ തകര്‍ക്കാനും അട്ടിമറിക്കാനുമായിരുന്നു അമേരിക്കന്‍ ചിന്താ സരണിയില്‍ നിന്നും “ഹരിത വിപ്ലവം” എന്ന ആശയം ആവിഷ്കരിച്ചതു.
അതിന്റെ ഭാഗമായിരുന്നു വിമോചന സമരവും മന്ത്രി സഭ പിരിച്ചി വിടലുമൊക്കെ.
“ഹരിത വിപ്ലവം” നടപ്പാക്കാന്‍ ഇന്ത്യന്‍ ഭരണകൂടം തയ്യാറായതിന്റെ പ്രത്യുപകാരം എന്നോണമാണ് അമേരിക്കയുടെ ആഗോള കമ്യൂണിസ്റ്റ് വിരുദ്ധ പദ്ധതിയുടെ ഭാഗമായി രൂപം കൊണ്ട PL 480 പ്രകാരം ഇന്ത്യയിലേക്ക് വന്‍ തോതില്‍ ഭഷ്യധാന്യം ഇറക്കു മതി ചെയ്യുന്നതും .
അക്കാലത്താണ്.ഫോര്‍ഡ്ഫൗണ്ടേഷനും മറ്റും മുന്‍ നിര്‍ത്തി ഇന്ത്യയുടെ ഗ്രാമ പ്രദേശങ്ങളില്‍ ‘കമ്യൂണിറ്റി ഡവല്പ്പ് മെന്റ്’ പ്രോഗ്രാം നടപ്പാക്കിയതും ഇതിന്റെ ഭാഗമായിരുന്നു.
1960 കളില്‍ വളം കീടനാശിനി നിര്‍മ്മാണത്തിലേക്ക് തിരിയുകയായിരുന്ന അമേരിക്കന്‍ എണ്ണകുത്തകകളുടെ താല്പര്യങ്ങളും റോക്ക്ഫെല്ലര്‍ ഫൗണ്ടേഷന്റെ സസ്യശാസ്ത്രജ്ഞനും പിന്നീട് നോബല്‍ സമ്മാന ജേതാവുമായ
നോര്‍മന്‍ ബാര്‍ലോറയെ പോലുള്ളവരുടെ സേവനവും കൂട്ടിയിണക്കി അത്യുല്പാദന ശേഷിയുള്ള വിത്തിനങ്ങള്‍ പുറത്തിറക്കിയ അമേരിക്കന്‍ വിത്തു കമ്പനിയുടെ കമ്പോളം വികസിപ്പിക്കുകയെന്നത് ഒന്നാം ഹരിത വിപ്ലവത്തിന്റെ ഭാഗമായിരുന്നു.
ഇതെല്ലാം അടക്കം വിവിധതാല്പര്യങ്ങളെ കൂട്ടിയിണക്കി ഭൂപരിഷ്കരണം നടപ്പിലാക്കാതെ പഴയ ഭൂബന്ധങ്ങളെ അതേപടി നിലനിര്‍ത്തി വിത്തും വളവും രാസകീടനാശിനിയും വന്‍ തോതില്‍ പ്രയോഗിച്ച് കൃഷിയില്‍ ഉല്പാദന വര്‍ദ്ധനവ് നേടിയെടുക്കാമെന്ന് അതു വഴി ഭക്ഷ്യക്ഷാമം പരിഹരിക്കുമെന്നും കൃഷിയും വ്യവസായവും വികസിപ്പിക്കാമെന്നും , കമ്യൂണിസ്റ്റ് കാരന്റെ ഭൂപരിഷ്കരണ പദ്ധതി പൊളിക്കാമെന്നും ഹരിത വിപ്ലവ വായാടികളും കോണ്‍ഗ്രസ്സുകാരും അവരുടെ കൂട്ടാളികളായ ജാതി -മത -ഭൂസ്വാമിമാരും പ്രചരിപ്പിച്ചകാലവും ഈ ദുരന്തഘട്ടത്തില്‍ നാം മറന്നു പോകരുത്

ഒന്നാം ഹരിത വിപ്ലവത്തിന്റെ ദൂരവ്യാപകമായ പ്രത്യഘാതങ്ങള്‍ ഗുരുതരമായി ഇന്നും തുടരുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് കാസര്‍ഗോഡിലെ ഈ ജൈവീക അസാധാരണത്വത്തിന്റെ വിഷയം.
പരിസ്ഥിതിക്കും മണ്ണിനും ഇണങ്ങാത്തതും വന്‍ തോതില്‍ വളം കീടനാശിനി പ്രയോഗത്താല്‍ അധിഷ്ടിതവുമായ ഹരിത വിപ്ലവം വമ്പിച്ച പാരിസ്ഥിതിക പ്രതാഘാതങ്ങള്‍ക്ക് കാരണമായി .
ഭഷ്യ വിള മേഖലയിലും നാണ്യവിള കൃഷിയിലും രാജ്യമാസകലം ഇത് പ്രകടമാണ്.
അമേരിക്കന്‍ കാര്‍ഷിക വികസന ഗ്രൂപ്പ് തയ്യാറാക്കിയ മണ്ണു ഗവേഷണവും (Soil taxonomy) വിഭവ വിവരശേഖരണവും വിഭവ ഭൂപട നിര്‍മ്മാണവുമെല്ലാം ഇന്ത്യയില്‍ വേറുറക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ഒരു മാറ്റവുമില്ലാതെ ഈ രീതികള്‍ പിന്തുടരുന്നതിനും ഹരിത വിപ്ലവം വഴിവെച്ചു.
പഞ്ചാബ്,ഹരിയാന,യുപിയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഗോതമ്പ് ഉല്പാദനരംഗത്ത് നാമമാത്രമായ ചില വര്‍ദ്ധനവ് ഒഴിച്ചാല്‍ ഭഷ്യവിളകളുടെ ഉപാദന വര്‍ദ്ധനവില്‍ ഹരിത വിപ്ലവം കാര്യമായ ഒരു പങ്കും വഹിക്കുകയുണ്ടായില്ല.

എന്നാല്‍ , ഈ പദ്ധതിയുടെ ഗുരുതരമായ പ്രത്യാഘാതം ഇന്ത്യയിലെ കാര്‍ഷിക ജനത നൂറ്റാണ്ടുകളിലൂടെ വികസിപ്പിച്ചെടുത്ത വിത്തുകളടക്കമുള്ള മുഴുവന്‍ ജൈവവൈവിധ്യവും അവര്‍ക്ക് നഷ്ടമായി എന്നു തന്നെയാണ്.
സാമ്രാജ്യത്വ ഫണ്ടിങ്ങ് ഏജന്‍സികളായ റോക്ക്ഫെല്ലര്‍- ഫേര്‍ഡ്ഫൗണ്ടേഷനുകളുടെ ആഭിമുഖ്യത്തില്‍ മെക്സിക്കോയിലും മനിലയിലും മറ്റും സ്ഥാപിതമായ ഗോതമ്പ് നെല്ല് ഗവേഷണ സ്ഥാപനങ്ങളുടെ അനുബന്ധ സ്ഥാപനങ്ങളെന്ന നിലയില്‍ ഇന്ത്യയീല്‍ സ്ഥാപിതമായ കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളിലൂടേയും ഈ രാജ്യത്തിന്റെ വിത്തിനങ്ങള്‍ ഇവിടുത്തെ കര്‍ഷകരില്‍ നിന്നും കവര്‍ന്നെടുക്കുകയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നിയന്ത്രണത്തിലാവുകയും ചെയ്തു.

ഇന്ത്യയിലെ ഏകദേശം 30000 - ത്തിലധികം നെല്‍ വിത്തുകള്‍ ഈ ജൈവചൂഷണത്തിലൂടെ നഷ്ടമായെന്ന് ഏകദേശ കണക്ക്. ലോകബാങ്കും അമേരിക്കന്‍ നിയന്ത്രണത്തിലുള്ള അന്താരാഷ്ട്ര കാര്‍ഷിക സ്ഥാപനങ്ങളും നടപ്പാക്കിയ കാര്‍ഷികപദ്ധതികളിലൂടെ ഉഷ്ണമേഖലാരാജ്യങ്ങളിലെ വിത്തിനങ്ങളുടെ 93.5 ശതമാനം അവര്‍ക്ക് നഷ്ടമായെന്നും അമേരിക്കന്‍ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ജീന്‍ ബാങ്കുകളില്‍ ജനിതക പ്ലാസയായി അത് സമാഹരിക്കപ്പെടുകയും ചെയ്തു എന്ന് കണക്കാക്കപ്പെടുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇവിടെ നടപ്പാക്കിയ ഈ ഹരിതവിപ്ലവത്തിന്റെ മസ്തിഷ്കമെന്നറിയപ്പെടുന്ന സസ്യശാസ്ത്രജ്ഞന്‍ സ്വാമിനാഥനാണ്.
ഇത്രയും നീണ്ട ഒരു വിശദീകരണം ആവശ്യമായ ഒരു പശ്ചാത്തലം എന്നത്,
2005 ജൂലൈ മാസം അമേരിക്കയുമായി നമ്മുടെ രാജ്യം ഒരു ഉടമ്പടി ഒപ്പ് വെച്ചിട്ടുണ്ട്
India us Knowledge initiative on Agriculture - KIA എന്നപേരില്‍ അറിയപ്പെടുന്ന ഈ ഉടമ്പടി ആധുനിക കാര്‍ഷിക സാങ്കേതികവിദ്യകള്‍ ഇന്ത്യക്ക് കൈമാറുന്നു എന്ന വ്യാജേനയാണ് രൂപകല്പന ചെയ്തിട്ടുള്ളത്.
എന്നാല്‍ ഇതിന്റെ രാജ്യദ്രോഹകരമായ വിവക്ഷകള്‍ നമ്മുടെ രാജ്യത്ത് വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായില്ല.
ജൈവ സാങ്കേതിക വിദ്യയും ജനിതക എന്‍ഞ്ചിനീയറിങ്ങും അടക്കമുള്ള പുത്തന്‍ കാര്‍ഷിക സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തി 65 കോടി ജനങ്ങള്‍ നേരിട്ട് നിത്യവൃത്തിക്കായി ആശ്രയിക്കുന്ന ഇന്ത്യയുടെ കാര്‍ഷികമേഖലയെ വരുതിയിലാക്കാനാണ് അമേരിക്ക ഈ ഉടമ്പടിയിലൂടെ ശ്രമിക്കുന്നത് .

ഒന്നാം ഹരിത വിപ്ലവത്തിന്റെ തുടര്‍ച്ചയായി ഇന്ത്യയില്‍ ഒരു രണ്ടാം ഹരിതവിപ്ലവത്തിനാണ് അമേരിക്കന്‍ സാമ്രാജ്യത്വം പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഒന്നാം ഹരിത വിപ്ലവത്തിന്റെ ഇന്ത്യന്‍ മസ്തിഷ്കമായി പ്രവര്‍ത്തിച്ച സ്വാമിനാഥനെ തന്നെയാണ് ഇതിന്റെ നായക സ്ഥാനത്ത് പ്രതിഷ്ടിച്ചിട്ടുള്ളത്.

മനുഷ്യന്റെ സാമുഹ്യ വികാസവും പരിസ്ഥിതിയും തമ്മിലുള്ള വൈരുധ്യത്മക ബന്ധത്തെ മനസ്സിലാക്കി കൊണ്ട് വികസന പദ്ധതികള്‍ അവതരിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും പകരം മുതലാളിത്ത ഉല്പാദനവ്യവസ്ഥയുടെ 
ലാഭേച്ഛയെ മാത്രം അടിസ്ഥാനമാക്കിയുള്ള വികസനമാതൃകകള്‍ ഇന്ന് പരിസ്ഥിതി പ്രശ്നങ്ങളെ എത്രമാത്രം തീഷ്ണമാക്കിയിരിക്കുന്നു എന്നാണ് കാസര്‍ഗോഡ് ഉള്‍പ്പെടേ നമുക്കു തരുന്ന പാഠം.

വ്യാപകമായ തൊഴിലില്ലായ്മ ആഗോള പ്രതിഭാസമായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ തൊഴിലാളികളേയും അഭ്യസ്ഥവിദ്യരായ തൊഴില്‍ രഹിതരേയും ഒരു പോലെ ഈ കാഴ്ചപ്പാടിലേക്ക് ആകര്‍ഷിക്കാനാണ് ഭരണവര്‍ഗ്ഗങ്ങള്‍ ശ്രമിക്കുന്നത്.
ചുരുക്കത്തില്‍, വികസനത്തിന്റെ ഈ ബൂര്‍ഷ്വാ കാഴ്ചപ്പാട് 
സമൂഹത്തിൽപ്രബലമാക്കിയെടുക്കാന്‍ ഇടതും വലതു മടങ്ങുന്ന ഭരണവര്‍ഗ്ഗ പാര്‍ട്ടികളും സാമ്രാജ്യത്വ ഫണ്ടിംഗ് ഏജന്‍സികളും രാപ്പകല്‍ അധ്വാനിക്കുന്നുണ്ട്. 
ഇത്തരം വികസന പദ്ധതികളുമായി ബന്ധപ്പെട്ടു കൊണ്ട് ആരെങ്കിലും പരിസ്ഥിതി പ്രശ്നങ്ങള്‍ ഉന്നയിച്ചാല്‍ അവരെയെല്ലാം വികസന വിരുദ്ധരായും,സാമുഹ്യവിരുദ്ധരായും ചിത്രീകരിച്ച് ഒറ്റപ്പെടുത്താന്‍ ഭരണകൂടത്തിന് യഥേഷ്ടം കഴിയുന്ന ഒരു സാഹചര്യം ഇന്ന് നിലവിലുണ്ട്.
സൈലന്റ് വാലി,പാത്രക്കടവ് പദ്ധതി,
കണ്ടല്‍ കാട്നശിപ്പിക്കല്‍,നദീജലമലിനീകരണം,കരിമണല്‍ ഖനനം,
എക്സ്പ്രസ്സ് ഹൈവേ,നദീജലക്കച്ചവടം,മണല്‍ ക്കൊള്ള,
മണ്ണിടിക്കലും വയല്‍ നികത്തലും,....ഇത്തരം വിഷയങ്ങളുമായി ഉയര്‍ന്നു വരുന്ന വിഷയങ്ങളെ ഒരു പരിധി വരെ ഒതുക്കാന്‍ കഴിയുന്നത് അതുകൊണ്ടാണ്.
പലപ്പോഴും ജനകീയ ചെറുത്തു നില്പിന്റെ ഫലമായിട്ടാണ് ചിലപദ്ധതികളെങ്കിലും ഉപേക്ഷിക്കാന്‍ ഭരണകൂടം നിര്‍ബ്ബന്ധിതമായിട്ടുള്ളത്.

അതേ സമയം പെപ്പ്സി/കോക്ക് ഉണ്ടാക്കിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കെതിരെ സമരമുണ്ടായപ്പോഴും,മാവൂരിലെ ഗ്വാളിയേര്‍ റയണ്‍സിനെതിരെ സമരമുണ്ടായപ്പോഴും വികസനത്തിന്റേയും തൊഴിലിന്റേയും പേരില്‍ തോഴിലാളികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി ഒരു വിഭാഗത്തെ കമ്പനി അനുകൂലികളാക്കാനും ജനങ്ങളില്‍ ആശയക്കുഴപ്പ മുണ്ടാക്കാനും ശ്രമിക്കുകയുണ്ടായി ഒരു പരിധിവരെ അവരതില്‍ വിജയിക്കുകയും ചെയ്തു.


ഇത്തരത്തില്‍ വികസനത്തിന്റെ വ്യക്താക്കളും,വികസന വിരോധികളുമായ മറുപക്ഷമെന്ന ദ്വന്ദ മുണ്ടാക്കി പരിസ്ഥിതി പ്രശ്നങ്ങളെ തന്നെ മുക്കിക്കൊല്ലാന്‍ മുതലാളിത്ത-സാമ്രാജ്യത്വ ശക്തികളും അവരെ ഒളിഞ്ഞും തെളിഞ്ഞും സേവിക്കുന്ന ഭരണ വഗ്ഗങ്ങള്‍ക്കും കഴിയുന്നുണ്ട്.

ആഗോള താപനം കേവലം ഒരു മിത്താണെന്നും അതിന് ശാസ്ത്രീയ തെളിവൊന്നുമില്ലെന്നും, അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡൈ ഓക്സേഡിന്റെ അളവു കൂടുന്നത് വൃക്ഷങ്ങളുടെ വളര്‍ച്ചക്ക് നല്ലതാണെന്നും,അതു പ്രകൃതിയെ കൂടുതല്‍ ഹരിതാഭമാക്കുമെന്നും,ഈ വിധത്തില്‍ നടത്തിയിട്ടുള്ള ഗവേഷണങ്ങളേയൊക്കെ അവഗണിച്ച് എടുക്കുന്നതുകൊണ്ടാണ് സത്യം പുറത്തു വരാത്തതെന്നും മറ്റുമുള്ള പ്രചരണങ്ങളാണ് ഇന്ന് അമേരിക്കയില്‍ നടക്കുന്നത്.
ലോകമെമ്പാടും ഇത്തരത്തിലുള്ള പ്രചരണം അഴിച്ചു വിടുന്നതിന്ന് പണം ചിലവഴിക്കുന്നത് എക്സല്‍ മൊബീല്‍,ജനറല്‍ മോട്ടോഴ്സ്,വെസ്റ്റേണ്‍ ഫ്യൂവല്‍ അസോസിയേഷനുമാണ്.

ഇത്തരം പ്രചരണത്തിനായി എഴുതപ്പെട്ട “ദി സാത്താനിക്ക് ഗ്യാസ് ” “ ഗ്ളോബല്‍ വാമിങ്ങ് ആന്റ് അദര്‍ എക്കോ-മിത്ത്സ് ” തുടങ്ങിയ പുസ്ഥകങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ലോകത്താകമാനം പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്..
ഇവയൊക്കെ വളരെ വ്യക്തമായും നമ്മെ ബോധ്യപ്പെടുത്തുന്നത് ,
രാജ്യത്തെ ജനങ്ങളോടും അതിന്റെ പരമാധികാരത്തോടും
ഒരു പ്രതിബദ്ധതയും ഇല്ലാത്തവരായി,സാമ്രാജ്യത്വ-മൂലധനശക്തികൾക്ക് വേണ്ടി
ഏത് വിടുപണിയും ചെയ്യുന്നവരായി ഭരണ വർഗ്ഗ ദല്ലാളുകൾ തരംതാഴും, താഴ്ന്ന് കൊണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യം
ജനപക്ഷത്ത് നിൽക്കുന്നവർ തിരിച്ചറിയണം എന്നുള്ളതാണ്.