2012, സെപ്റ്റംബർ 16, ഞായറാഴ്‌ച

കൂടംകുളം :- മുന്നോട്ട്‌ വെക്കുന്നത്‌.

തമിഴ്‌ നാട്ടിലെ കൂടംകുളം ആണവ നിലയത്തിനെതിരായ ബഹുജന പ്രക്ഷോഭം
എല്ലാ ഭരണകൂട ഭീകരതകളെയും അടിച്ചമർത്തലുകളേയും അതിജീവിച്ചുകൊണ്ട്‌ കൂടുതൽ കൂടുതൽ ജനപിന്തുണയാർജ്ജിച്ച്‌ മുന്നോട്ട്‌ പോവുകയാണ്‌.
ഇന്ത്യയും സോവിയറ്റ്‌ യൂണിയനും തമ്മിലുണ്ടാക്കിയ ഒരു കരാറിന്റെ അടിസ്ഥാനത്തിൽ ൧൯൮൮ - ൽ ആണവനിലയ നിർമ്മാണത്തിന്റെ
നിർദ്ദേശമുണ്ടായ കാലം മുതൽതന്നെ കൂടംകുളം നിവാസികളും ആണവനിലയങ്ങളുടെ വിനാശകരമായ ആപൽ ശേഷിയും അശാ‍സ്ത്രീയതയും തിരിച്ചറിയുന്നവരും അതിനെതിരേ രംഗത്ത്‌ വന്നതാണ്‌.1986-ൽ ചെർണോബിൽ ആണവനിലയ അപകടം കഴിഞ്ഞ്‌ രണ്ട്‌ വർഷം മാത്രമുള്ളപ്പോഴാണ്‌ കൂടംകുളം നിലയത്തിന്റെ നിർദ്ദേശമുണ്ടാകുന്നത്‌ . കേരളത്തിലെ കോതമംഗലത്തും പെരിങ്ങോമിലും (കണ്ണൂർ) സ്ഥാപിക്കാനുദ്ദേശിക്കപ്പെട്ടിരുന്ന ആണവ നിലയങ്ങൾ തദ്ദേശവാസികളുടേയും മൊത്തം കേരളീയരുടേയും പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഉപേക്ഷിക്കപ്പെട്ടു എങ്കിലും കൂടംകുളം നിലയവുമായി ആണവോർജ്ജവകുപ്പ്‌ മുന്നോട്ട്‌ പോയി.
പിന്നീട്‌,1997-ലാണ്‌ കൂടംകുളം നിലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സജീവമാകുന്നത്‌.

2005 - ലാണ്‌ കൂടംകുളം നിലയത്തിൽ 1000- മേഗാവാട്ട്‌ വീതം ഉൽപാദനശേഷിയുള്ള രണ്ട്‌ റഷ്യൻ നിർമ്മിത VVER100 റിയാക്റ്ററുകൾ സ്ഥാപിക്കുന്നതിനുള്ള ക്ലിയറൻസ്‌ ന്യൂക്ലിയർ പവർ കോർപ്പറേഷന്‌ (NPCIL) ലഭിക്കുന്നത്‌. അധികം വൈകാതെ തന്നെ ഇതേ സ്ഥാപിത ശേഷിയുള്ള നാലു റിയാക്റ്ററുകൾ കൂടി കൂടംകുളത്ത്‌ സ്ഥാപിക്കാനുദ്ദേശമുണ്ടെന്ന് എൻ പി സി ഐ എൽ വെളിപ്പെടുത്തി.മൊത്തം സ്ഥാപിക്കാനുദ്ദേശിച്ചിട്ടുള്ള ആറ്‌ റിയാക്റ്ററുകളിൽ രണ്ടെണ്ണമാണ്‌ ഇപ്പോൾ ഏറെക്കുറേ പൂർത്തിയാവുകയും പ്രവർത്തനസജ്ജമാവുകയും ചെയ്തിരിക്കുന്നത്‌.

കൂടംകുളത്ത്‌ സമുദ്രതീരത്തോട്‌ ചേർന്ന സ്ഥലത്ത്‌ ആണവ നിലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരുന്നപ്പോഴും അതെത്രത്തോളം ഗുരുതരമായിട്ടാണ്‌ തങ്ങളുടെ ജീവിതങ്ങളെ ബാധിക്കാൻ പോകുന്നതെന്ന് തദ്ദേശ വാശികളായ മത്സ്യതൊഴിലാളികളും സാധാരണക്കാരും മനസ്സിലാക്കിയിരുന്നില്ല. എന്നാൽ, ആണവനിലയത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനത്തിന്നായി (ട്രയൽ റൺ)  ചുരുങ്ങിയത്‌ 15 ദിവസത്തേക്കെങ്കിലും വീടുകൾ ഒഴിഞ്ഞുപോകണമെന്ന്  2011  മാർച്ച്‌ മാസത്തിൽ അവരോട്‌ ആവശ്യപ്പെട്ടപ്പോഴാണ്‌ കാര്യങ്ങളുടെ ഗുരുതരാവസ്ഥ ജനങ്ങൾക്ക്‌ ബോധ്യപ്പെടാൻ തുടങ്ങിയത്‌.

മാത്രമല്ല , 2011 ഏപ്രിൽ 11 ന്‌ ജപ്പാനിലെ ഫുകുഷിമ ഡായിച്ചിലിലെ മൂന്ന് ആണവറിയാക്റ്ററുകളിൽ ഭൂകമ്പത്തേയും സുനാമിയേയും തുടർന്ന് സ്ഫോടനങ്ങൾ ഉണ്ടായപ്പോൾ
ഈ നിലങ്ങളുടെ സുരക്ഷാസംവിധാനങ്ങളെപ്പറ്റിയുള്ള അധികൃതരുടെ വാഗ്ദാനങ്ങൾ വിശ്വസിക്കാൻ കൊള്ളാത്തവയാണെന്ന് ജനങ്ങൾക്ക്‌ ബോധ്യമായി.

ഫുക്കുഷിമയിലെ അപകടത്തെ തുടർന്ന് ആണവനിലയത്തിൽ നിന്ന് 30 കിലോമീറ്റർ വരെ അകലങ്ങളിൽ താമസിച്ചവരെ കുടിയൊഴിപ്പിച്ചു
എന്നിട്ടും ആപത്തൊഴിവാക്കുവാനായി പ്ലാന്റിൽ നിന്ന് 100 കിലോമീറ്റർ വരെ അകലെ താമസിച്ചവർ പോലും കൂടുതൽ അകലങ്ങളിലേക്ക്‌ താമസം മാറ്റി.
ഫുക്കുഷിമയിൽ നിന്നും പതിനായിരം കിലോമീറ്റർ അകലെ അമേരിക്കയിലെ കാലിഫോർണ്ണിയയിൽ വരെ ആണവ വികിരണം കടന്നെത്തി..
കടലും മത്സ്യവും വെള്ളവും വായുവും അന്തരീക്ഷവുമെല്ലാം മനുഷ്യർക്കുപയോഗിക്കുവാനോ നിലനിൽക്കാനോ പറ്റാത്ത വിധം അപകടകരവും വിഷലിപിതവുമായി.
ഈ പശ്ചാത്തലത്തിലാണ്‌ ഏത്‌ നിമിഷത്തിലും അപകട സാധ്യത നിലനിൽക്കുന്ന ഒരാണവനിലയ സമുച്ചയം സ്വന്തം വീട്ടുമുറ്റത്തെ കടലോരത്ത്‌ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി കന്യാകുമാരി , തിരുനെൽവേലി , തൂത്തുക്കുടി ജില്ലകളിലെ ബഹുജനങ്ങൾ കൂടംകുളം പദ്ധതിക്കെതിരായി സമരരംഗത്ത്‌ വന്നത്‌.

2004 ഡിസംബറിലെ ആയിരങ്ങളുടെ മരണത്തിനും മറ്റു കെടുതികൾക്കും കാരണമായ സുനാമി കൂടംകുളത്തും വീശിയടിച്ചിരുന്നു.
ആണവ നിലയം പ്രവർത്തിക്കാൻ തുടങ്ങിയ ശേഷം അത്തരത്തിലൊരു സുനാമിയുണ്ടായാൽ അതുകൊണ്ടുവരുന്ന വിനാശം എത്രഭീകരമായിരിക്കുമെന്ന്
കൂടംകുളത്തുകാർ ഭയപ്പെടുന്നത്‌.
ഈ ഭയം ഇല്ലായ്മ ചെയ്യാൻ യുക്തിസഹമായ മറുപടികളൊന്നും അധികൃതർക്ക്‌ നൽകാനായില്ല .
കാര്യങ്ങൾ അതീവ രഹസ്യമാക്കിവെച്ചും ചോദ്യം ചോദിക്കുന്നവരെ അവഗണിച്ചും അധികാരമുപയോഗിച്ച്‌ അടിച്ചമർത്തിയും
കാര്യങ്ങളെ നടത്തിയെടുക്കാനാണ്‌ ഭരണകൂടത്തിന്റെ ശ്രമം.

2007 ഫെബ്രുവരിയിൽ കൂടംകുളം ആണവനിലയത്തെ സംബന്ധിച്ച\ ജനങ്ങൾക്കുള്ള ആശങ്കകളും സംശയങ്ങളും പരിഹരിക്കാനായി
തിരുനെൽ വേലിയിൽ വെച്ച്‌ നടത്തിയ പൊതു തെളിവെടുപ്പ്‌ ഒരു പ്രഹസനമായി കലാശിക്കുകയായിരുന്നു.
ദീർഘദൂരം സഞ്ചരിച്ച്‌ തെളിവെടുപ്പിന്ന് വന്ന ജനങ്ങൾക്ക്‌ സംസാരിക്കുവാനുള്ള അവസരം പോലും അധികൃതർ നൽകിയില്ല.

കൂടംകുളം ആണവനിലയത്തിന്റെ ഏറ്റവുംവലിയ ഭീഷണിനേരിടുന്ന കന്യാകുമാരി , തൂത്തുക്കുടി , തിരുനെൽ വേലി ജില്ലകളിലെ മത്സ്യതൊഴിലാളികളാണ്‌
തമിഴ്‌ നാട്ടിലെ മത്സ്യബന്ധനത്തിന്റെ 70 ശതമാനവും നിർവ്വഹിക്കുന്നത്‌.
ആണവനിലയത്തിൽ നിന്നും പുറത്തു വിടുന്ന ചുടുവെള്ളം സമുദ്രജലത്തിന്റെ ഊഷ്മാവ്‌ വർദ്ധിപ്പിക്കുകയും മത്സ്യങ്ങളുടെ പ്രജനനം അസാദ്ധ്യമാക്കുകയും
അതു വഴി മത്സ്യസമ്പത്തിനേയും സ്വന്തം ഉപജീവനമാർഗ്ഗത്തേയും ഇല്ലാതാക്കുകയും ചെയ്യുമെന്ന മത്സ്യതൊഴിലാളികളുടെ ആശങ്കക്ക്‌
സ്വീകാര്യമായ ഒരു മറുപടി നൽകാൻ അധികൃതർക്കായില്ല.
റിയാക്റ്ററുകളിലെ ശീതികാരിയായി ഉപയോഗിക്കുന്ന വെള്ളം ഉയർന്ന ഊഷ്മാവിൽ സമുദ്രത്തിലേക്ക്‌ വിസർജ്ജിക്കപ്പെടാതിരിക്കുമ്പോൾ
മത്സ്യതൊഴിലാളികളുടെ ഈ ഭയം ഒട്ടും അസ്ഥാനത്തല്ല.
ലോകത്തെ ഏറ്റവും സമ്പന്നമായ സമുദ്ര ജൈവ മണ്ഢലങ്ങളിലൊന്നായ മാന്നാർ ഉൾക്കടലിലെ ജൈവസമ്പത്തിന്ന്
ആണവനിലയം വലിയൊരു ഭീഷണിയാണെന്ന വസ്തുത പരിസ്ഥിതി പ്രവർത്തകർ 1988 മുതലേ ചൂണ്ടിക്കാട്ടുന്നതാണ്‌.

ആണവനിലയം പ്രവർത്തനക്ഷമമാകുന്നതോടെ കൂടംകുളത്തേയും പരിസരപ്രദേശങ്ങളിലേയും ശുദ്ധജലശ്രോതസ്സുകൾ
കടുത്ത സമ്മർദ്ദത്തിലാവുമെന്നും പരിസ്ഥിതിപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നുണ്ട്‌.
പ്രതിദിനം7.6 ദശലക്ഷം ലിറ്റർ വെള്ളം സമുദ്രജലത്തിൽ നിന്നും ഉപ്പ്‌ വേർതിരിച്ച്‌ ശുദ്ധമാക്കിയെടുക്കാൻ ശേഷിയുള്ള ഡീസലൈനേഷൻ പ്ലാന്റ്‌ സ്ഥാപിച്ചുട്ടുണ്ടെങ്കിലും
ആർ റിയാക്റ്ററുകളും പ്രവർത്തനക്ഷമമാക്കിക്കഴിഞ്ഞാൽ വിവിധ ആവശ്യങ്ങൾക്കായി ചുറ്റുപാടുകളിലുള്ള ശുദ്ധജലശ്രോതസ്സുകളിൽ നിന്നും വെള്ളം തിരിച്ചുവിടേണ്ടി വന്നേക്കും.

ആണവനിലയത്തിന്റെ പരിസരപ്രദേശങ്ങളിലെ ജനവാസം അംഗീകൃത വ്യവസ്തകളനുസരിച്ച്‌ പരിമിതപ്പെടുത്താൻ തീരുമാനിച്ചാൽ പതിനായിരക്കണക്കിനാളുകളെ കുടിയൊഴിപ്പിക്കേണ്ടി വരും പ്ലാന്റിൽ നിന്നും അഞ്ചുകിലോമീറ്റർ അകലം വരുന്ന പ്രദേശം ഒരു സ്റ്ററിലൈസ്ഡ്‌ സോൺ ആയി നിലനിർത്തപ്പെടേണ്ടതാണ്‌.
അതായത്‌ ഇവിടുത്തെ ജനസംഖ്യ തീരെ കുറവായിരിക്കണമെന്നർത്ഥം.
പക്ഷെ ,സുനാമി ബാധിതരെ പുനരധിവസിപ്പിച്ചതുൾപ്പെടേ മൂന്ന് സെറ്റില്‍മന്റുകൾ കൂടംകുളം റിയാക്റ്ററിന്റെ അഞ്ചുകിലോമീറ്റർ പരിധിയിലുണ്ട്‌..
സമരം നടക്കുന്ന ഇടിന്തകരെ ഉൾപെടേയുള്ള പ്രദേശങ്ങൾ ഈ പരിധിക്കകത്താണ്‌.
പ്ലാന്റിൽ നിന്നും 16 കിലോമീറ്റർ ദൂരപരിധിയിൽ വരുന്ന സ്ഥലത്ത്‌ പതിനായിരത്തിൽ കൂടുതൽ ജനങ്ങളുണ്ടാവാൻ പാടില്ല.
കൂടംകുളത്ത്‌ ഈ ദൂരപരിധിയിലെ ജനസംഖ്യ 70,000 ത്തിൽ അധികമാണ്‌.
പ്ലാന്റ്‌ പ്രവർത്തന മാരംഭിക്കുന്നതോടെ ഇവരിൽ അധികമുള്ളവരെ കുടിയൊഴിപ്പിക്കണമെന്ന് വന്നാൽ അത്‌ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല.

ഒരു അപകടമുണ്ടായാൽ അതിന്റെ ദുരന്തങ്ങളെ തടഞ്ഞുനിർത്താനാവില്ല എന്നതുകൊണ്ട്‌ മാത്രമല്ല കൂടംകുളം ആണവനിലയം അസ്വീകാര്യമാവുന്നത്‌.
ഏതൊരാണവ നിലയത്തിനും ബാധകമായ പൊതുവായ പോരായ്മകൾക്ക്‌ പുറമേ കൂടംകുളത്ത്‌ സ്ഥാപിച്ചിട്ടുള്ള റഷ്യൻ നിർമ്മിത റിയാക്റ്ററുകളുടെ
സവിശേഷമായ തകരാറുകൾ വേറെയുണ്ടെന്ന് വിദഗ്ദന്മാർ ചൂണ്ടിക്കാട്ടുന്നു.
ഫുക്കുഷിമ അപകടം നടന്ന സാഹചര്യത്തിൽ റഷ്യയിലെ ആണവ നിലയങ്ങളിലെ സുരക്ഷ സ്ഥിതിയേപ്പറ്റി അന്യേഷിച്ച്‌
റഷ്യൻ പ്രസിഡന്റ്‌ ദിമിത്രി മെഡ്‌വഡേവിന്ന് സമർപ്പിച്ച വിദഗ്ദസമിതിയുടെ റിപ്പോർട്ടിൽ പറയുന്നത്‌
പ്രകൃതിക്ഷോഭം മൂലമോ മനുഷ്യരുടെ വീഴ്ചമൂലമോ ഉണ്ടാവാനിടയുള്ള അപകടങ്ങളെ നേരിടാൻ
റഷ്യൻ റിയാക്റ്ററുകൾ സജ്ജമല്ല എന്നാണ്‌.
ഫുക്കുഷിമാ റിയാക്റ്ററുകളിൽ സംഭവിച്ചതുപോലെ ഹൈഡ്രജൻ സ്ഫോടനങ്ങൾക്കുള്ള സാദ്ധ്യതകൾ റഷ്യൻ റിയാക്റ്ററുകൾക്കുണ്ടെന്നും
ഭൂചലനങ്ങളെ നേരിടാൻ പര്യാപ്തമായ സുരക്ഷാ മുൻ കരുതലുകൾ ഈ പ്ലാന്റുകൾക്കില്ലെന്നുമാണ്‌ റിപ്പോർട്ട്പറയുന്നത്‌.
ശീതീകരണ സംവിധാനത്തിൽ വരുന്ന പിഴവുകൾക്കുള്ള സാധ്യത ഇന്ത്യ ഇറക്കുമതിചെയ്യുന്ന റിയാക്റ്ററുകൾക്കും
വലിയ അപായഭീഷണിയായി നിലനിക്കുന്നുണ്ട്‌.

കൂടം കുളം ആണവനിലയം എല്ലാതരം അപായസാധ്യതകളിൽ നിന്നും വിമുക്തമാണെന്നും ചെർണോബിലോ ഫുക്കുഷിമയോ ഇവിടെ ആവർത്തിക്കുകയില്ലെന്നും
അധികൃതർ ഊന്നിപ്പറയുന്നുണ്ടെങ്കിലും ശാസ്ത്രീയമായോ യുക്തിസഹജമായോ അത്‌ സ്ഥാപിച്ചെടുക്കാനവർക്കാവില്ലതന്നെ.ഇന്ത്യൻ ആണവോർജ്ജ വകുപ്പും
ന്യൂക്ലിയർ പവർ കോർപ്പറേഷനും മുൻപ്‌ കൈകാര്യം ചെയ്തിട്ടില്ലാത്ത ഉയർന്ന സ്ഥാപിതശേഷിയുള്ള റിയാക്റ്ററുകളാണ്‌ കൂടം കുളത്ത്‌ സ്ഥാപിച്ചിട്ടുള്ളത്‌.
200-230
മെഗാവാട്ട്‌ മാത്രം സ്ഥാപിതശേഷിയുള്ള റിയാക്റ്ററുകൾ കൈകാര്യം ചെയ്ത പരിചയമുള്ള ഇന്ത്യൻ വിദഗ്ദർക്ക്‌ 1000 മെഗാവാട്ട്‌ ശേഷിയുള്ള
കൂടംകുളം റിയാക്റ്ററുകൾ എത്രകണ്ട്‌ ഫലപ്രദമായും സുരക്ഷിതമായും പ്രവർത്തിക്കാനാവുമെന്ന് ഇപ്പോൾ പറയാനാവില്ല.
ആറ്‌ റിയാക്റ്ററുകളും ഇന്ധന പുനസംസ്കരണ പ്ലാന്റും ആപത്കരമായ ആണവ അവശിഷ്ടങ്ങൾ സൂക്ഷിക്കാനുള്ള സംവിധാനവും
ആണവായുധ സൗകര്യങ്ങളുമൊക്കെയായി അത്യന്തം സങ്കീർണ്ണമായ വലിയൊരു സമുച്ചയം കൂടംകുളം പോലൊരു ജനസാൻസ്രമായ കടൽ തീരത്ത്‌
എങ്ങിനെ നിലനിൽക്കും എന്നത്‌ തന്നെയാണ്‌ തദ്ദേശവാസികളെ ഉത്ക്കണ്ഡപ്പെടുത്തുന്നത്‌.

എപ്പോഴും സ്പന്ദിച്ചുകൊണ്ടിരിക്കുന്ന ഒരു ആറ്റം ബോംബിന്ന് സമാനമായ ഈ ആണവനിലയത്തിന്റെ ഭീഷണി തമിഴ്‌നാട്ടിന്ന് മാത്രമല്ല
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നും കൂടംകുളത്തേക്കുള്ള ദൂരം ഏതാണ്ട്‌ 100 കിലോമീറ്റർ മാത്രമാണ്‌.
കൂടം കുളത്ത്‌ നിന്നും ആണവവികിരണങ്ങൾക്കും അതോടൊപ്പമുള്ള ആപൽ സാധ്യതകൾക്കും തിരുവനന്തപുരത്തെത്താൻ
ഏതാനും മിനുട്ടുകൾ മതിയാവും എന്നർത്ഥം.

പറഞ്ഞു വരുന്നത്‌ അല്ലെങ്കിൽ പറയാനുദ്ദേശിച്ചത്‌:-

ജെയ്താപ്പൂരും (മഹാരാഷ്ട്ര) ശ്രീകാകുളവും (ആന്ധ്രാ പ്രദേശ്‌) ഹരിപൂരും (ബംഗാൾ) ഉൾപ്പെടേ ആണവനിലയങ്ങൾക്കെതിരേ
ജനകീയ പ്രക്ഷോഭങ്ങൾ നടക്കുന്നിടങ്ങളിലൊക്കെ അവയെ തച്ചു തകർക്കാൻ ശ്രമിക്കുന്ന ഭരണകൂടം
കൂടംകുളം സമരത്തെ അംഗീകരിക്കുമെന്ന് വിശ്വസിക്കാനാവില്ല.
പക്ഷെ,
ഇന്ത്യൻ ഭരണവർഗ്ഗത്തിന്റെ ജനവിരുദ്ധതയേക്കുറിച്ചും അവരുടെ ആണവനയങ്ങളേപ്പറ്റിയും
കൂടുതൽ ഗൗരവമുള്ള ചർച്ചകളുണ്ടാവാനും അവക്കെതിരേ ബഹുജനങ്ങളെ ദൃഡീകരിക്കാനും
കൂടംകുളം സമരത്തിനാവും എന്നാണ്‌.   

അഭിപ്രായങ്ങളൊന്നുമില്ല: