2012, സെപ്റ്റംബർ 19, ബുധനാഴ്‌ച

സമരങ്ങള്‍ ഉണ്ടാവുന്നത് -

നാടുഭരിക്കുന്ന "ഗാന്ധിയന്മാർ"
ഇന്ത്യയുടെ ജി ഡി പി യുടെ വളർച്ചയെ ആസ്പതിച്ചുള്ള സാമ്പത്തിക വളർച്ചാകണക്കുകൾ ഉദ്ധരിച്ച്‌ ആഘോഷം നടത്തുമ്പോൾ ആരുടെ ചിലവിലാണോ
അത്തരം വളർച്ച രാജ്യം സ്വയത്തമാക്കിയത്‌ അവർ നിരന്തരമായ കൊടിയ ചൂഷണങ്ങൾക്കും നിഷ്ടൂരമായ കയ്യേറ്റങ്ങൾക്കും വിധേയരായി
കൂടുതൽ കൂടുതൽ പാർശ്വങ്ങളിലേക്ക്‌ തള്ളപ്പെട്ടു കൊണ്ടിരിക്കുകയാണ്‌.
പുത്തൻ കൊളോണിയൽ അധിനിവേശത്തിന്റെ ആഗോളവൽക്കരണവും കോർപ്പറേറ്റ്‌ കൊള്ളയും ,ഭരണവും വൻ ഭീകരത സൃഷ്ടിച്ചുകൊണ്ട്‌ രാജ്യത്ത്‌ മുന്നേറുകയാണ്‌.
ഇത്‌ രാജ്യത്ത്‌ വൻ രീതിയിലുള്ള അസ്വാസ്ത്യങ്ങൾ വളരുന്നതിന്ന് കാരണമായിരിക്കുന്നു.
ഒരു ഭാഗത്ത്‌ ഏത്‌ മാർഗ്ഗമുപയോഗിച്ചും രാജ്യത്തേയും ജനങ്ങളേയും കൊള്ളയടിക്കാനും മറുഭാഗത്ത്‌ കൊള്ളക്കും ചൂഷണത്തിനും വിധേയമാവുന്നവർ
അതിനെ ചെറുക്കുന്നതിനുള്ള പോരാട്ടവും അനുദിനം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു എന്ന അവസ്ഥയെ ബോധപൂർവം മറച്ചു വെച്ചുകൊണ്ടാണ്‌
ഈ പ്രചാരണഘോഷങ്ങൾ ഇക്കൂട്ടർ നടത്തിക്കൊണ്ടിരിക്കുന്നത്‌.

രാജ്യത്ത്‌ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'വികസന' പദ്ധതികൾ കോപ്പറേറ്റ്‌ കുത്തകകൾക്ക്‌ അദ്ധ്വാന മുൾപ്പെടേയുള്ള പ്രകൃതി വിഭവങ്ങളും ധാതുക്കളും
കൊള്ള ചെയ്യുന്നതിനുള്ള പദ്ധതികളാക്കി മാറ്റിക്കഴിഞ്ഞിരിക്കുന്നു.

മുമ്പെങ്ങുമില്ലാത്ത വിധം നടക്കുന്ന പ്രകൃതി -വിഭവ ചൂഷണത്തിന്റെ പ്രധാന അരങ്ങ്‌ മധ്യ ഇന്ത്യയാണ്‌.
ഇരുമ്പയിരും ബോൿസൈറ്റ്‌ ധാതുക്കളും കൊണ്ട്‌ സമ്പന്നമായ മധ്യേന്ത്യയുടെ വനപ്രദേശങ്ങളെ
വൻ ദേശ-വിദേശ കോർപ്പറേറ്റ്‌ കമ്പനികൾക്ക്‌ വിറ്റു കൊണ്ടിരിക്കുകയാണ്‌.
ടാറ്റ,എസ്സാർ,വേദാന്ത, പോസ്കോ തുടങ്ങിയ ഊർജ്ജമേഖലയിലെ കമ്പനികൾ വൻ പാരിസ്ഥിതിക നാശം വരുത്തുന്നതും
മനുഷ്യ ജീവിതം അസാധ്യമാക്കിത്തീർക്കുന്നതുമായ വൻ വിഭവ കൊള്ളയാണ്‌ ഈ പ്രദേശങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്നത്‌.
   ഇപ്പോഴും പൊതുജനത്തിന്ന് വെളിപ്പെട്ടിട്ടില്ലാത്ത നിരവധികമ്പനികൾ സർക്കാറുമായി ധാരണാ പത്രങ്ങളിൽ ഒപ്പ്‌ വെച്ചുകൊണ്ടിരിക്കുന്നു.
ഈ കമ്പനികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കണമെന്ന ബഹുജനങ്ങളുടെ മിനിമം ആവശ്യം പോലും സർക്കാർ ചെവിക്കൊള്ളാൻ തയാറായിട്ടില്ല
എന്ന് പറയുമ്പോൾ തന്നെ ഊഹിക്കാമല്ലോ ഉള്ളുകള്ളികൾ.

കോപ്പറേറ്റുകളുടേയും സർക്കാറിന്റേയും കണ്ണ്‌ മഞ്ഞളിക്കുന്ന ധാതുക്കൾ മാത്രമല്ല മധ്യേന്ത്യൻ കാടുകളിൽ ഉള്ളത്‌.
100 ദശലക്ഷം കവിയുന്ന ഗോത്രജനവിഭാഗങ്ങളും അവിടെ വസിക്കുന്നുണ്ട്‌.
2009-ൽ സപ്തംബർ വരെയുള്ള കണക്കനുസരിച്ച്‌ 7,69,338 കോടിരൂപയുടെ നിക്ഷേപത്തിനുള്ള കരാറുകളിലാണ്‌ സർക്കാർ ഒപ്പ്‌ വെച്ചിട്ടുള്ളത്‌.
ഇത്‌ രാജ്യത്തിന്റെ മൊത്തം നിക്ഷേപത്തിന്റെ 15 ശതമാനം വരും.
ഒറീസയിലേയും ചാർഖണ്ഡിലേയും ധാതു സമ്പന്നമായ പ്രദേശങ്ങളിൽ ഇരുമ്പയിരിന്റെ ഉൽപാദനത്തിന്ന് 30 ബില്യൺ ഡോളറാണ്‌ നിക്ഷേപിച്ചിട്ടുള്ളത്‌ .
ഒറീസ്സയിലെ കണ്ടെത്തിയിട്ടില്ലാത്ത ബോൿസൈറ്റ്‌ നിക്ഷേപത്തിന്ന് കണക്കാക്കിയ മൂല്യം
15 ട്രില്യൺ ഡോളറാണ്‌.

ഇവിടെ പ്രശ്നം,100 ദശലക്ഷം വരുന്ന ജനവിഭാഗങ്ങളെ കുടിയൊഴിപ്പിച്ചെങ്കിൽ മാത്രമേ പ്രദേശം മുഴുവൻ കുഴിച്ചെടുത്ത്‌
ധാതു സമ്പത്ത്‌ മുഴുവൻ കടത്തിക്കൊണ്ടുപോകാൻ കഴിയൂ എന്നതാണ്‌.
ഇന്ന് വരെയായി പട്ടാള ഇടപെടലുകളീലൂടേ ഛത്തീസ്‌ ഗഡിൽ മൂന്ന് ലക്ഷത്തോളം ഗോത്രവിഭാഗങ്ങളെ കൊന്നും തുരത്തിയും ഓടിച്ചു കഴിഞ്ഞു.
ഈ മേഖലയിൽ സംസ്ഥാന പോലീസും പാരാമിലിട്രിയും ഉൾപ്പെടെ മൊത്തത്തിൽ മൂന്ന് ലക്ഷം സൈനികരെ വിന്യസിച്ചിട്ടുണ്ട്‌.
ഇത്‌ ഇറാക്കിൽ വിന്യസിച്ചിരുന്ന അമേരിക്കൻ സൈന്യത്തിന്റെ ഇരട്ടിയിലധികം വരും.

ഇനി നമുക്ക്‌ നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ കർണ്ണാടകയിലെ പ്രകൃതി-ധാതു കൊള്ളയിലേക്ക്‌ ഒരു ചെറിയ എത്തി നോട്ടം നടത്തി നോക്കാം .
കർണ്ണാടകയിലെ സന്ദൂർ,ഹോസ്പേട്ട,ബെല്ലാരി,കുഡ്ഗി എന്നിവിടങ്ങളിലാണ്‌ പ്രധാനമായും ഇരുമ്പയിര്‌,മാംഗനീസ്‌,റെഡ്‌ ഓക്സൈഡ്‌,ചെമ്പ്‌,സ്വർണ്ണം
എന്നിവയുടെ ഭൂരിഭാഗം ഖനിയും പ്രവർത്തിക്കുന്നത്‌.
വർഷത്തിൽ ശരാശരി 3.75 മുതൽ 6.5 ദശലക്ഷം ടൺ ഇരുമ്പയിരും 1.3മുതൽ 2.76 ദശലക്ഷം ടൺ മാഗനീസും
ഇവിടെ നിന്ന് ഖനനം ചെയ്യുന്നു വെന്നാണ്‌ സർക്കാർ കണക്ക്‌.
എന്നാൽ കഴിഞ്ഞ അഞ്ചു വർഷമായി അനുവദനീയമായതിന്റെ നൂറിരട്ടിയാണ്‌ അനധികൃതമായി കൊള്ള ചെയ്ത്‌ കൊണ്ടു പോകുന്നത്‌.
രാഷ്ട്രീയ പ്രവർത്തനത്തിൽ ഒരു പാരമ്പര്യമോ-താൽപര്യമോ ഇല്ലാതിരുന്ന ബെല്ലാരിയിലെ ഒരു പോലീസ്‌ കോൺസ്റ്റബളിന്റെ മക്കളായ
റെഡ്ഡി സഹോദരന്മാർ -റവന്യൂ മന്ത്രിയായിരുന്ന കരുണാകര റെഡ്ഡി, ടൂറിസം മന്ത്രിയായിരുന്ന ജനാർദ്ദന റെഡ്ഡിയും
നേതൃത്വത്തിലേക്ക്‌ ഉയർന്നു വന്നതിന്റേയും 2000 കോടിയുടെ ആസ്തിക്കുടമയായതും ഈ ധാതു കൊള്ളയും തമ്മിൽ പരസ്പരം ബന്ധപ്പെട്ടവയാണ്‌.

ബെല്ലാരി ജില്ലയിലെ 62,445 ഹെക്റ്റർ സംരക്ഷിത വനമേഖലയിൽ 2113.52 ഹെക്റ്റർ റെഡ്ഡി സഹോദരങ്ങൾ കയ്യേറി ഖനനം തുടങ്ങി.
വനം വകുപ്പ്‌ 1896-ൽ അളന്നു തിട്ടപ്പെടുത്തിയ അതിർത്തി രേഖകൾ തകർത്താണ്‌ ഇവർ ഭൂമി സ്വന്തമാക്കിയത്‌.
വിവാദമായപ്പോൾ സർവ്വേ ഓഫ്‌ ഇന്ത്യയും,പിന്നീട്‌ ആന്ധ്ര വനം വകുപ്പ്‌ നടത്തിയ അന്യേഷണത്തിലും,
സുപ്രീം കോടതി നിയോഗിച്ച സെന്റ്രൽ എംപവേർഡ്‌ കമ്മിറ്റിയും ഇവരുടെ കയ്യേറ്റവും അനധികൃത ഖനനവും കണ്ടെത്തിയിരുന്നു.
32,000 കോടിയുടെ നഷ്ടം സർക്കാറിന്ന് ഉണ്ടാക്കിയിരുന്നു
എന്ന് അന്നത്തെ കണക്കുകൾ വെളിപ്പെടുത്തി.

സംരക്ഷിത വനമേഖലകളിൽകൂടി റെഡ്ഡി സഹോദരന്മാരുടെ ഖനനം നടക്കുന്നുണ്ട്‌.
പ്രതിദിനം ആയിരത്തിലേറെ ലോറികൾ 2000 കോടികളൂടെ ഇരുമ്പയിർ അനധികൃതമായി കടത്തിയത്‌ ലോകായുക്ത കണ്ടെത്തിയിരുന്നു.
ലോകായുക്ത റെയ്ഡിൽ പിടികൂടിയ എട്ടു ലക്ഷം മെട്രിക്ക്‌ ടൺ ഇരുമ്പയിരിൽ അഞ്ചുലക്ഷം മെട്രിക്ക്‌ ടൺ കളവു പോയി.
ഭരണ രാഷ്ട്രീയ ഖനിമാഫിയ കൂട്ട്‌ കെട്ടും ഹരിതമനോഹരമായ ബെല്ലാരി ഭൂമികയേയും അതിന്റെ ജൈവവൈവിധ്യത്തേയും കവർന്നെടുക്കുകയാണ്‌.
മീറ്ററുകളോളം ഉയരത്തിലുള്ള കമ്പിവേലികൾ ,അത്യാധുനിക ആയുധങ്ങളുള്ള
നൂറ്‌ കണക്കിന്ന് ഗൺമാൻ മാരും സമാന്തര സൈനിക വിഭാഗങ്ങളും ഖനന മേഖലയിലുണ്ട്‌.
വഴിതെറ്റിയെങ്ങാൻ ഈ പരിസരത്ത്‌ വന്നുപെട്ടാൽ മണിക്കൂറുകളോളം ഈ വിഭാഗങ്ങളാൽ ഭേദ്യംചയ്യപ്പെടലിന്ന് വിധേയരാകും.
ഖനനം സംബന്ധിച്ച എന്തെങ്കിലും കാര്യം ചോദിച്ചാൽ നാട്ടുകാർ പേടിച്ചോടും .
ചെറിയരീതിയിലെങ്കിലും ചോദ്യം ചെയ്ത പരിസ്ഥിതി-സാമൂഹ്യ -ഉദ്യോഗസ്ഥരോ അവരുടെകുടുംബമോ പോലും
അപ്രത്യക്ഷമാവുകയോ ഇല്ലാതാവുന്നതോ, ജനമധ്യത്തിൽ ക്രൂരമായി നരഹത്യക്കിരയാവുകയോ ചെയ്യുക എന്നത്‌
ഒരു സാധാരണ സംഭവം മാത്രം . പറഞ്ഞു വരുന്നത്‌,

അല്ലെങ്കിൽ പറയാനുദ്ദേശിച്ചത്‌ :-
 

കടുത്ത വരൾച്ചയും ,വെള്ളപ്പൊക്കവും വിളനാശവും ,തൊഴിലില്ലായ്മയും,വിലക്കയറ്റവും കൊണ്ട്‌ രാജ്യവും അതിലെ വിശാല ജന വിഭാഗങ്ങളും നട്ടം തിരിയുമ്പോൾ
ജീവൻ നിലനിർത്താൻ വേണ്ടി ജനങ്ങൾ പ്രതിഷേധമുയർത്തുമ്പോൾ
അവർക്കെതിരേ യുദ്ധം പ്രഖ്യാപിക്കുന്ന ഭരണകൂട നടപടി തികച്ചും തെറ്റാണ്‌.
സംസ്ഥാന സർക്കാറുകൾ ഖനി വ്യവസായത്തിനും, മറ്റു വ്യവസായ രംഗങ്ങളിലുമുള്ള ദേശ-വിദേശ-കോർപ്പറേറ്റ്‌ കളുമായി ഏർപ്പെട്ടുകൊണ്ടിരിക്കുന്ന,
കൃഷി ഭൂമി പിടിച്ചെടുക്കൽ,അവരുടെ ആവാസ വ്യവസ്ഥയിൽ നിന്നുള്ള കുടിയിറക്കൽ, പുഴകളും മറ്റുമുള്ള സ്വകാര്യ വൽക്കരണങ്ങൾ.
തലമുറകൾക്ക്‌ പോലും വിനാശം വരുത്തുന്ന ആണവ പദ്ധതികൾ
തൊഴിലിടങ്ങളിൽ നിന്നുള്ള ആട്ടിയോടിക്കൾ ഹൈവേ ഉൾപ്പെടേയുള്ളവക്കു വേണ്ടിയുള്ള കുടി ഇറക്കലുകൾ
എന്നിവക്കെതിരേയുള്ള ജനങ്ങളുടെ എതിർപ്പിനെ ബലമായി അടിച്ചമർത്തുന്നതിന്ന് പകരം
അവരുമായി ബന്ധപ്പെട്ട്‌ സമാധാന പരമായി പരിഹരിക്കാനാണ്‌ ഭരണകൂടം ശ്രമിക്കേണ്ടത്‌.

പോലീസും പട്ടാളവും ഇടപെടാത്ത ഒരു സമീപനം സ്വീകരിക്കാനുള്ള ധൈര്യവും ദീർഘവീക്ഷണവുമില്ലാത്ത ഒരു സർക്കാറിനെ ഏത്‌ നിലപാടിനേയും
പിന്തുണക്കാൻ ഒരു കാരണവശാലും കഴിയില്ല എന്നതാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല: