2013, ജനുവരി 8, ചൊവ്വാഴ്ച

എന്താണ്‌ മാർക്സിസം ?

സി പി ഐ (എം എൽ ) പ്രസ്ഥാനം അതിന്റെ പാർട്ടി സ്കൂളുകളിൽ രാജ്യത്തുടനീളം മാർക്ക്സിസ്റ്റ്‌ പഠന ക്ലാസ്സുകളിൽ അവതരിപ്പിക്കുന്ന പാഠപുസ്തകത്തിൽ നിന്നും ഉള്ള ഏതാനും ഭാഗങ്ങളാണ്‌ ഇവിടെ എടുത്തു ചേർക്കുന്നത്‌ .ഈ പഠനക്കുറിപ്പ്‌ തയാറാക്കിയത്‌ സ;അലിക്ക്‌ ചക്രവർത്തിയാണ്‌.
തുടർന്നു വായിക്കുക :-
അടിസ്ഥാനപരമായി എന്താണ് മാർക്സിസം -ലെനിനിസം-മാവോസേതൂങ്ങ്ചിന്ത എന്ന് വർഗ്ഗബോധമുള്ള ഏതൊരാളും പൊതുവേയും കമ്യൂണിസ്റ്റ്‌ പാർട്ടി അംഗങ്ങൾ പ്രത്യേകിച്ചും അറിഞ്ഞിരിക്കേണ്ട പ്രധാന വസ്തുതയാണ്‌.നമ്മുടെ പാർട്ടി പരിപാടിയിൽ നമ്മൾ അടിവരയിട്ട്‌ പ്രസ്ഥാവിച്ചുട്ടുള്ള കാര്യം ,നമ്മുടെ പ്രത്യായശാസ്ത്ര അടിത്തറ 'മാർക്ക്സിസം -ലെനിനിസം- മാവോസെതൂങ്ങ്‌" ചിന്തയാണെന്നാണ്‌ അതുകൊണ്ട്‌ തന്നെ ,നമുക്ക്‌ മാർക്കിസത്തെപറ്റിതന്നെ തുടങ്ങാം.

എന്താണ്‌  മാർക്സിസം ?

എമിൽ ബേൺസിന്റെ "എന്താണ്‌ മാർക്സിസം     " (1939) എന്ന പുസ്തകത്തിൽ ഇങ്ങിനെ പ്രതിപാദിക്കുന്നു "നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചും അതിലെ മനുഷ്യസമൂഹത്തെക്കുറിച്ചുമുള്ള ഒരു പൊതു സിദ്ധാന്തമാണ്‌ മാർക്ക്സിസം .1818-1883 കാലഘട്ടത്തിൽ ജീവിച്ചിരുന്ന കാൾ മാർക്സി ന്റെ പേരിലാണ്‌ ഈ സിദ്ധാന്തം അറിയപ്പെടുന്നത്‌.കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യകാലത്തും അവസാനകാലത്തും ഫ്രെഡറിക്ക്‌ എംഗൽസും (1820-1895) കൂടിചേർന്നാണ്‌ ഈ സിദ്ധാന്തം വികസിപ്പിച്ചെടുത്തത്‌.

"മനുഷ്യ സമൂഹം എന്നു വെച്ചാലെന്താണ്‌,എന്തുകൊണ്ട്‌ അത്‌ പരിവർത്തന വിധേയമാകുന്നു,വീണ്ടും വീണ്ടും അത്‌ പരിവർത്തിച്ച്‌ എന്തായിത്തീരുന്നു എന്നതായിരുന്നു അവരുടെ പ്രധാന അന്യേഷണ വിഷയം . അവരുടെ അന്യേഷണങ്ങളും പഠനങ്ങളും അവരെ ഇനി പറയുന്ന നിഗമനങ്ങളിൽ കൊണ്ടെത്തിച്ചു. ഒരു സമൂഹത്തിൽ ബാഹ്യമായി നമുക്ക്‌ കാണാനും അനുഭവിച്ചറിയാനും കഴിയുന്ന പരിവർത്തനങ്ങൾ വെറും ആകസ്മികമായി സംഭവിക്കുന്നതല്ല. മറിച്ച്‌ അത്‌ ചില അടിസ്ഥാന പൊതുതത്വത്തിലടിയുറച്ച്‌ നിൽക്കുന്ന ഒന്നാണ്‌.അത്‌ മനുഷ്യന്റെ യഥാർത്ഥ അനുഭവങ്ങളിൽ നിന്നും ,അതിനു വിപരീതമായി സമൂഹത്തിൽ നിലനിൽക്കുന്ന അവ്യക്തമായ ധാരണകളിലധിഷ്ടിതമായ മതവിശ്വാസം,വർഗ്ഗവിവേചനം ,വീരാധന,വ്യക്തിഗതത്വം ,അല്ലെങ്കിൽ സാങ്കൽപിക സ്വപ്നങ്ങൾ എന്നിവയൊക്കെയായി ബന്ധപ്പെട്ടിരിക്കുന്നു. ആയതിനാൽ ,സമൂഹത്തെക്കുറിച്ച്‌ ഒരു ശാസ്ത്രീയ സിദ്ധാന്തം രൂപപ്പെടുത്തേണ്ട അനിവാര്യതയുണ്ടെന്നും അവർ തിരിച്ചറിഞ്ഞു.

"മുതലാളിത്ത ബ്രിട്ടനിൽ ജീവിച്ച മാർക്സ ,ഈ പൊതു തത്വം താൻ ജീവിക്കുന്ന സമൂഹത്തിൽ തന്നെപരീക്ഷണ വിധേയമാക്കുകയും മുതലാളിത്തത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ പ്രസിദ്ധമായ സാമ്പത്തിക സിദ്ധാന്തം ആവിഷ്കരിക്കുകയും ചെയ്തു. തന്റെ സാമ്പത്തിക സിദ്ധാന്തങ്ങൾമാത്രം അടർത്തിയെടുത്ത്‌ ചർച്ച ചെയ്യരുതെന്നും മറിച്ച്‌, അത്‌ താൻ വികസിപ്പിച്ച ചരിത്ര- സാമൂഹ്യ സിദ്ധാന്തങ്ങളുമായി വിളക്കിചേർത്ത്‌ ചർച്ച ചെയ്യണമെന്നും അദ്ദേഹം എപ്പോഴും നിഷ്കർഷിച്ചിരുന്നു.ലാഭവും കൂലിയും ഒരു പരിധിവരെ സാമ്പത്തിക ശാസ്ത്രത്തിലധിഷ്ഠിതമായി നിർവ്വചിക്കാമെങ്കിലും യഥാർത്ഥ ജീവിതത്തിൽ മുതലാളിയും തൊഴിലാളിയും തമ്മിലുള്ള ബന്ധത്തിൽ അധിഷ്ഠിതമായും അവർ ജീവിക്കുന്ന സാമൂഹ്യാവസ്ഥയുടെ ചരിത്രപരമായ പശ്ചാത്തലം കൂടി കണക്കിലെടുത്ത്കൊണ്ടും മാത്രമേ ലാഭവും കൂലിയും ശരിയായി നിർവ്വചികാൻ പറ്റുകയുള്ളുവെന്ന നിഗമനത്തിൽ അദ്ദേഹം എത്തിചേർന്നു. ഏതൊരു ശാസ്ത്രസിദ്ധാന്തത്തേയും പോലെ തന്നെ ശാസ്ത്രീയമായ സാമൂഹിക വികസന കാഴ്ചപ്പാട്‌,ചരിത്രപരമായ വസ്തുതകളും നാം ജീവിക്കുന്ന ലോകത്തിന്റേയും അനുഭവ സമ്പത്തിന്റേയും അടിസ്ഥാനത്തിലാണ്‌.അതുകൊണ്ട്തന്നെ,   മാർക്സിസം      പൂർത്തീകരിക്കപ്പെട്ട ഒരു സിദ്ധാന്തമല്ല.ചരിത്രപരതയിലൂന്നിയ മനുഷ്യന്റെ അനുഭവസമ്പത്തിനെയടിസ്ഥാനപ്പെടുത്തി ആർജ്ജിക്കുന്ന അറിവും ,ചരിത്ര വികാസത്തിന്റെ ഭാഗമായി ആർജ്ജിക്കുന്ന പുതിയ അറിവുകളും നിരന്തരമായി കൂട്ടിയോജിപ്പിച്ചു കൊണ്ടും പ്രയോഗിച്ചുകൊണ്ടും മാത്രമേ മാർക്സി സത്തിന്ന് നിരന്തരമായി വികസിക്കാൻ സാധിക്കുകയുള്ളു. മാർക്സിന്റേയും എംഗൽസിന്റേയും മരണശേഷം മാർക്സിസം സൈദ്ധാന്തികമായും പ്രായോഗികമായും വളർത്തിയെടുക്കുന്നതിൽ അഗ്രഗണ്യനായിരുന്നു വിഐ ലെനിൻ (1870-1924) തുടർന്ന് ജോസഫ്‌ സ്റ്റാലിൻ ലെനിന്റെ അതേ പാത പിന്തുടരുകയും സോവിയറ്റ്‌ റഷ്യയിൽ ഒരു സോഷ്യലിസ്റ്റ്‌ സമൂഹം കെട്ടിപ്പടുക്കുകയും ചെയ്തു. ചൈനയിൽ വിപ്ലവത്തിന്ന് നേതൃത്വംകൊടുത്ത മാവോസെതൂങ്ങും ഇപ്രകാരം മാർക്സിസത്തിന്ന് സവിശേഷ വികാസം സംഭാവന ചെയ്തിട്ടുണ്ടെന്ന് ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്‌.
മാർക്സിസത്തിന്ന് പ്രധാനമായും മൂന്ന് ചേരുവകളാണുള്ളത്‌. അതിൽ ആദ്യത്തേതാണ്‌ ദർശനം .
ഇത്‌ പൊതുവേ ഭൌതികവാദത്തിൽ , പ്രത്യേകിച്ച്‌ വൈരുദ്ധ്യാത്മക
ഭൌതികവാദത്തിൽ അധിഷ്ഠിതവുമാണ്‌.മറ്റെല്ലാ ഭൌതികവാദ ചിന്താധാരകളിൽ നിന്നും മാർക്സിസം പ്രധാനമായി വ്യത്യസ്ഥമായിരിക്കുന്നത്‌,അത്‌ വൈരുദ്ധ്യാത്മക
ഭൌതികവാദത്തിലും ചരിത്രപരമായ ഭൌതികവാദത്തിലും ഊന്നുന്നതുകൊണ്ടാണ്‌.  മാർക്സിന്റേയും എംഗൽസിന്റേയും  ഭൌതികവാദത്തേപ്പറ്റിയുള്ള ധാരണകൾ വളരെ നന്നായി വിശദീകരിച്ചിട്ടുള്ളത്‌"ലൂഡ് വിഗ്‌ ഫോയർ ഭാഗ്‌ ഡൂറിങ്ങിനെതിരേ" എന്ന കൃതികളിലാണ്‌"വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൌതികവാദം "എന്ന ലഘു ലേഘയിൽ സ്റ്റാലിൻ ഇതിനേക്കുറിച്ച്‌ കൂടുതൽ വിശദീകരിക്കുന്നത്‌ ഇപ്രകാരമാണ്‌.

"വൈരുദ്ധ്യാത്മകഭൗതിക വാദം മാർക്സിസ്റ്റ്‌ -ലെനിനിസ്റ്റ്‌ പാർട്ടിയുടെ ലോക വീക്ഷണമാണ്‌. ഇതിനെ വൈരുദ്ധ്യത്മക ഭൗതിക വാദം എന്നു വിളിക്കാൻ കാരണം ,പ്രകൃതി പ്രതിഭാസത്തോടുള്ള അതിന്റെ സമീപനം ,അത്‌ പഠിക്കുകയും ഗ്രഹിക്കുകയും ചെയ്യുന്ന രീതി എന്നിവ വൈരുദ്ധ്യാത്മകമായതിലാണ്. മാത്രമല്ല,പ്രകൃതിയുടെ പ്രതിഭാസത്തെ സംബന്ധിച്ച വ്യാഖ്യാനവും ,പ്രതിഭാസങ്ങളെ സംബന്ധിച്ച തത്വങ്ങൾ സിദ്ധാന്തങ്ങൾ എന്നിവ ഭൗതികവാദപരവുമായതിലാണ്‌"

"സാമൂഹ്യ ജീവിതത്തിന്റെ പ്രതിഭാസത്തേയും സമൂഹത്തേയും അതിന്റെ ചരിത്രത്തേയും പഠിക്കാൻ വൈരുദ്ധ്യത്മക ഭൗതികവാദത്തിന്റെ തത്വങ്ങൾ ഉപയോഗപ്പെടുത്തുന്നതിനേയാണ്‌ ചരിത്രപരമായ ഭൗതികവാദം എന്നു പറയുന്നത്‌. ഇത്‌ സാമൂഹ്യ ജീവിതത്തേയും ചരിത്രത്തേയും പഠിക്കാൻ സഹായിക്കുന്നു..അതേ ലഘുലേഘയിൽ "കേവലാശയവാദത്തിന്റേയും"പ്രകൃത്യാതീത ബോധ"ത്തിന്റേയും മൂർത്തീഭാവമാണ് ലോകമെന്ന ആശയത്തിനു വിരുദ്ധമായി ലോകം അതിന്റെ സത്തയിൽ തന്നെ ഭൗതികമാണെന്ന് മാർക്സി ന്റെ ദാർശനിക ഭൗതികവാദം ഉയർത്തിപ്പിടിക്കുന്നു. എല്ലാ വസ്തുക്കളിലും പ്രകൃതിയുടെ പ്രതിഭാസത്തിലും ഉൾപ്പെട്ട ആന്തരിക സംഘർഷങ്ങളാണ്‌ വൈരുദ്ധ്യാത്മകത. അതുകൊണ്ട്‌ തന്നെ ,വൈരുദ്ധ്യാത്മകരീതി പദാർത്ഥ ചലനത്തിന്റെ വികാസ നിയമമാണ്‌.ലോകം വികസിക്കുന്നത്‌ പദാർത്ഥ ചലന നിയമങ്ങൾക്കനുസൃതമായാണ്‌.അതിനൊരുപ്രകൃത്യാതീത"സാർവർത്രിക ബോധ" (universal spirit) ത്തിന്റെ ആവശ്യമില്ല. എംഗൽസിന്റെ അഭിപ്രായത്തിൽ യാതൊരു ബാഹ്യ ഇടപെടലുമില്ലാതെ പ്രകൃതിയെ അതിൽ തന്നെ മനസ്സിലാക്കലാണ്‌." ലോകം ഏതെങ്കിലും ദൈവമോ മനുഷ്യനോ സൃഷ്ടിച്ചതല്ലെന്നും ചിട്ടയായി ആളിക്കത്തുകയും കെട്ടടങ്ങുകയും ചെയ്യുന്ന ജീവിക്കുന്ന ജ്വാലയാണെന്നുമുള്ള പുരാതന തത്വ ചിന്തകൻ ഹെരാക്ലീറ്റസ്സിന്റെ ഭൗതികവാദ വീക്ഷണങ്ങളെ ചൂട്ടിക്കാട്ടി ലെനിൻ ഇങ്ങനെ പറയുന്നു. "വൈരുദ്ധ്യാത്മക ഭൗതിക വാദത്തിന്റെ പ്രാധമിക തത്വങ്ങളുടെ നല്ല അവതരണം" വികാസം എന്നത്‌ പരസ്പര വൈരുദ്ധ്യങ്ങളുടെ സംഘർഷമാണെന്നും ചുരുക്കിപ്പറഞ്ഞാൽ അത്‌  മാർക്സിസ്റ്റ്‌ രീതിശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണെന്നും ലെനിൻ കൂട്ടിച്ചേർക്കുന്നു.

 മാർക്സിസത്തിന്റെ രണ്ടാമത്തെ ഘടകം മാർക്സിസ്റ്റ്‌ രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രമാണ്‌.

മാർക്സിസത്തിന്റെ മൂന്ന് സ്രോതസ്സുകളും മൂന്ന് ചേരുവകളും "എന്ന കൃതിയിൽ ലെനിൻ ഇതിനെ വിശേഷിപ്പിക്കുന്നതു പോലെ-
"മുതലാളിത്ത സമ്പദ്ഘടന ഏറ്റവും വളർച്ച പ്രാപിച്ച ഇംഗ്ലണ്ടിൽ മാർക്സിനു മുമ്പുതന്നെ ചിരസമ്മതമായ ഒരു അർത്ഥശാസ്ത്രശാഖ വികസിച്ചിരുന്നു.ആഡംസ്മിത്തും ഡേവിഡ്‌ റിക്കാർഡോയും ചേർന്ന്  'അദ്ധ്വാനത്തിന്റെ മൂല്യസിദ്ധാന്ത' ത്തിൻ അടിത്തറ പാവുകയും ചെയ്തിരുന്നു. ഈ സിദ്ധാന്തം മാർക്സ സ്‌ തുടരുകയും അതിന്‌ തെളിവ്‌ കണ്ടെത്തുകയും , പിന്നീട്‌ ഒരു സിദ്ധാന്തം എന്ന നിലയിൽ ശാസ്ത്രീയമായി വികസിപ്പിക്കുകയും ചെയ്തു .ഏതൊരു ഉൽപന്നത്തിന്റേയും മൂല്യം നിർണ്ണയിക്കുന്നത്‌ അതിൽ അടങ്ങിയിട്ടുള്ള അദ്ധ്വാനത്തിന്റെ അളവും \  സമയവുമനുസരിച്ചായിരിക്കുമെന്ന് മാർക്സ്‌ ഈ സിദ്ധാന്തത്തിലൂടെ സ്ഥാപിച്ചെടുത്തു.ബൂർഷ്വാ സാമ്പത്തിക ശാസ്ത്രജ്ഞൻ മാർ രണ്ടുവസ്തുക്കളുടെ വിനിമയ മൂല്യം (ഉൽപന്നങ്ങളുടെ ക്രയവിക്രയം​‍ ) മാത്രം കണക്കാക്കി മൂല്യ നിർണ്ണയം നടത്തുമ്പോൾ,മാർക്സ്‌ അതിലടങ്ങിയിട്ടുള്ള മനുഷ്യർ തമ്മിലുള്ള ബന്ധത്തെ വെളിപ്പെടുത്തി. വസ്തുക്കൾ കൈമാറ്റം ചെയ്യുന്നത്‌'വിപണി എന്ന പൊതു മാദ്ധ്യമം വഴിയാണ്‌. ഈ കൈമാറ്റത്തിന്റെ പ്രധാന ഘടകം "ധനം "ആവുകയും വ്യക്തികൾ കൂടുതൽ കൂടുതൽ ധനാഗമനമാർഗമായി ഉൽപന്നങ്ങളേയും ഉൽപന്നക്കൈമാറ്റത്തേയും ആശ്രയിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ ത്വരിതപ്പെടുന്നതിനുസരിച്ച്‌ 'മൂലധനം' ഉൽപാദിപ്പിക്കുകയും ഈ 'ഉൽപാദന പ്രക്രിയയിൽ ' അദ്ധ്വാനശക്തി ' ഒരു 'ക്രയവിക്രിയ' വസ്തുവായി മാറുകയും ചെയ്യുന്നു.ഈ അദ്ധ്വാന ശക്തിയാണ്‌ തൊഴിലാളി ഭൂമിയുടേയും ഫാക്റ്ററിയുടേയും ഉൽപാദനോപാധികളുടേയും ഉടയ്ക്ക്‌ വിൽക്കുന്നത്‌.മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ,തൊഴിലാളി ഒരു ദിവസത്തെ അദ്ധ്വാനത്തിന്റെ ഒരു ഭാഗം അവന്റെയും കുടുംബത്തിന്റേയും ജീവസന്ധാരണത്തിന്നാവശ്യമായ മൂല്യമായി (കൂലി) സമ്പാദിക്കുമ്പോൾ വേദനരഹിതമായ മറ്റൊരു ഭാഗം അദ്ധ്വാനം മുതലാളിയുടെ മിച്ചമൂല്യമായി ,ലാഭത്തിന്റെ ഉറവിടമായി ഭവിക്കുകയും അത്‌ അധിക ധന സമ്പാധനത്തിന്ന് മുതലാളിവർഗ്ഗത്തെ സഹായിക്കുകയും ചെയ്യുന്നു. മിച്ച മൂല്യ സിദ്ധാന്തം മാർക്സിസ്റ്റ്‌ സമ്പദ്ശാസ്ത്രത്തിന്റെ അടിസ്ഥാനശിലയാണ്‌.

മൂന്നാമത്തെ ഘടകം സോഷ്യലിസത്തിലേക്ക്‌ നയിക്കുന്ന 'വർഗ്ഗ സമര സിദ്ധാന്ത'മാണ്‌.
സാങ്കൽപിക സോഷ്യലിസ്റ്റുകളായ സെന്റ്‌ സൈമൺ ,ഫ്യൂറിയർ,റോബർട്ട്‌ ഓവൻ എന്നിവർ മുതലാളിത്ത സമൂഹത്തെ നിശിതമായി വിമർശിക്കുകയും അധാർമികമായി സ്വരൂപിക്കുന്ന സമ്പത്ത്‌ എപ്പോഴെങ്കിലും നശിച്ചുപോകുമെന്നു സ്വപ്നം കാണുകയും ചെയ്തിരുന്നു.പക്ഷെ 'കമ്യൂണിസ്റ്റ്‌ മാനിഫസ്ടോ "മുന്നോട്ട്‌ വെച്ച്‌ മാർക്സും എംഗൽസും ആദ്യമായി പ്രഖ്യാപിച്ചു - "നാളിതുവരെയുള്ള സാമൂഹ്യാവസ്ഥയുടെ ചരിത്രം വർഗ്ഗസമരത്തിന്റെ ചരിത്രമാണ്‌ " ഇതുവഴി അവർ മുന്നോട്ട്‌ വെച്ചത്‌ മുതലാളിത്തത്തിന്റെ വളർച്ചയും വിനാശവും സമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കിന്‌ അനിവാര്യമാണെന്നുമായിരുന്നു."സോഷ്യലിസം സാങ്കൽപികവും ശാസ്ത്രീയവും" എന്ന പുസ്തകത്തിൽ എംഗൽസ്‌ വിവരിച്ചതുപോലെ "സോഷ്യലിസ്റ്റ്‌ സിദ്ധാന്തത്തെ സാങ്കൽപ്പിക ഉറവിടങ്ങളിൽ നിന്നും തികച്ചും ശാസ്ത്രീയമായ അടിത്തറയിലേക്ക്‌ പറിച്ചു നട്ടത്‌ മാർക്സായിരുന്നു."

-വൈരുദ്ധ്യത്മക നിയമങ്ങൾ-

"പ്രകൃതിയുടെ വൈരുദ്ധ്യാത്മകത" എന്ന പുസ്തകത്തിൽ വൈരുദ്ധ്യാത്മകതയുടെ നിയമങ്ങളെ ക്കുറിച്ച്‌ എംഗൽസ്‌ വിശദീകരിച്ചു."പ്രകൃതിയുടെ ചരിത്രത്തിൽ നിന്നും മനുഷ്യസമൂഹത്തിൽ നിന്നുമാണ്‌ വൈരുദ്ധ്യാത്മകതയുടെ നിയമങ്ങൾ രൂപം കൊണ്ടത്‌ .ചരിത്രപരമായ വികാസത്തിന്റേയും ചിന്തയുടേതുമായ നിയമങ്ങളാണിവ.അവയെ പ്രധാനമായും മൂന്നായി സംഗ്രഹിക്കാം .
1)അളവിൽ നിന്നും ഗുണത്തിലേക്കും തിരിച്ചുമുള്ള പരിവർത്തനത്തിന്റെ നിയമം.
2)വിപരീതങ്ങളുടെ പരസ്പരപൂരകപ്രവർത്തനത്തേക്കുറിച്ചുള്ള നിയമം.
3) നിഷേധത്തിന്റെ നിഷേധത്തെപ്പറ്റിയുള്ള നിയമം.പ്രകൃതിദത്തമോ ,സാമൂഹ്യപരമോ ആയ എല്ലാ പ്രതിഭാസങ്ങളും രണ്ട്‌ വിരുദ്ധവശങ്ങൾ ഉൾക്കൊള്ളുന്നവയാണ്‌
(ഹെഗൽ ഇതിനെ തീസീസെന്നും ആന്റീ തീസ്സീസെന്നും വിളിക്കുന്നു.)
ഈ പ്രതിഭാസങ്ങൾ കൂടിയതോതിലോ കുറഞ്ഞ തോതിലോ തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്നു. ചില സന്ദർഭങ്ങളിൽ ഈ ഏറ്റക്കുറച്ചിലുകൾ മൌലികമായ സ്വഭാവത്തോടുകൂടിയുള്ള ഒരു സവിശേഷപ്രതിഭാസ സങ്കലനമായി മാറുകയും ചെയ്യുന്നു.നമുക്കെല്ലാമറിയുന്നതു പോലെ ഈ ഭൂലോക പിറവിയുണ്ടായത്‌ 'മഹാ വിസ്ഫോടന' ത്തിൽ നിന്നാണെന്ന് ഇന്ന് അംഗീകരിക്കപ്പെട്ട വസ്തുതയാണ്‌.ഇത്‌ അണുകണിക ഐക്യതയിലുള്ള വൈരുദ്ധ്യങ്ങളുടെ പെരുകലുമാണ്‌.പൊതുവായതും അടിസ്ഥാനപരമായതും കൂടുതൽ കൂടുതൽ സങ്കീർണ്ണമായ തന്മാത്രകളിലേക്ക്‌ എത്തുകയും അവ ഡിഎൻഎ അഥവാ ജീവൻ ഉൽപാദിപ്പിക്കുകയും ചെയ്തു. തുടർന്ന് പ്രകൃതിയുടെ നിയമമായ 'അർഹമായവയുടെ അതിജീവന ' പ്രക്രിയയിലൂടെ ജീവജാലങ്ങളുടെ അത്യുന്നത ശ്രേണിയിലുള്ള മനുഷ്യ സമൂഹം ഉടലെടുക്കുകയും ചെയ്തു. ചടുലമായ പ്രവർത്തനങ്ങളും സ്വാഭാവികമായി സംഭവിക്കുന്നതും ഉള്‍ക്കൊള്ളുന്ന പ്രസ്തുത ' അർഹമായവയുടെ അതിജീവനം ' വൈരുദ്ധ്യാത്മക തത്വങ്ങളുടെ മൂർത്തമായ വെളിപ്പെടുത്തലുകളല്ലാതെ മറ്റൊന്നുമല്ല.അതുകൊണ്ടുതന്നെ വൈരുദ്ധ്യാത്മക ഭൗദികവാദത്തിന്ന് ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിച്ചത്‌, ഡാർവ്വിന്റെ സിദ്ധാന്തവുമായി ചേർത്ത്‌ വെച്ചപ്പോഴായിരുന്നു.വൈരുദ്ധ്യാത്മകത ഭൗതികവാദ ശാസ്ത്രമായതുകൊണ്ടുതന്നെ,ശാസ്ത്രീയമായ നിരീക്ഷണങ്ങളിലൂടേയും ഇവയെ കൂടുതൽ വികസിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്‌. പദാർത്ഥവും ഊർജ്ജവും ഒരേപ്രതിഭാസത്തിന്റെ രണ്ടുവശങ്ങളാണെന്ന ഐൻസ്റ്റീന്റെ സിദ്ധാന്തവും കണികാഭൗതിക (particle physics) ത്തിന്റെ രംഗത്ത്‌ ഈയിടേയുണ്ടായ ഹിഗ്ഗ്സ്ബോസൺ കണ്ടുപിടുത്തവും വൈരുദ്ധ്യാത്മകഭൗതികവാദത്തിന്റെ ശരിമയാണ്‌ തെളിയിക്കുന്നത്‌.നരവംശശാസ്ത്രത്തിൽ നൂതനമായ കാഴ്ചപ്പാടുകൾ അവതരിപ്പിച്ച മോർഗാൻ പോലുള്ളവരുടെ ശാസ്ത്രീയമായ അന്യേഷണങ്ങളുടേയും കണ്ടെത്തലുകളുടേയും അടിസ്ഥാനത്തിൽ മനുഷ്യർ എങ്ങിനെ ഒരു സാമൂഹ്യ വ്യവസ്ഥയിലേക്ക്‌ വികസിച്ചു എന്ന് 'കുടുംബംസ്വകാര്യസ്വത്ത്‌ ഭരണകൂടം ' എന്ന തന്റെ വ്യഖ്യാതകൃതിയിൽ എംഗൽസ്‌ പ്രതിപാദിച്ചിട്ടുണ്ട്‌. പ്രകൃതിയെ മല്ലിട്ട്‌ കീഴ്പ്പെടുത്തിയ മനുഷ്യൻ പിന്നീട്‌ അതിലൂടെ അധികോൽപ്പാദനം സാദ്ധ്യമാക്കുകയും അവ ക്രമേണ വികസിച്ച്‌ വർഗ്ഗമായും കുടുംബമായും സ്വകാര്യ സ്വത്തായും പിന്നീടത്‌ ഭരണകൂടമായും,അടിമത്തമായും എങ്ങനെ വികസിച്ചു വന്നുവേന്നും അദ്ദേഹം പ്രസ്തുത കൃതിയിൽ വിവരിക്കുന്നുണ്ട്‌.

അതുകൊണ്ട്തന്നെ മനുഷ്യ ചരിത്രത്തിന്റെ ഇന്നോളമുള്ള ചരിത്രം വർഗ്ഗസമരത്തിന്റേതാണെന്ന് മേൽപ്രസ്താവിച്ചതു പോലെ ,അദ്ദേഹം അടിവരയിട്ട്‌ സ്ഥാപിക്കുന്നു. മനുഷ്യ ചരിത്രമെന്നാൽ ,ചില രാജാക്കന്മാരുടെ ജനന മരണ തീയതികളോ അതുമായി ബന്ധപ്പെട്ട്‌ രേഖപ്പെടുത്തിയ മറ്റ്‌ വസ്തുതകളോ അല്ലെന്നും മറിച്ച്‌ രാജാക്കന്മാരും പ്രഭുക്കന്മാരും നടത്തിയിരുന്ന യുദ്ധങ്ങളും കെടുതികളും അവയുടെ കാര്യകാരണങ്ങളും എന്താണെന്ന് പ്ഠിക്കലാണെന്നും സർത്ഥിച്ചു. പ്രാകൃതകമ്യൂണിസത്തിൽ നിന്നു അടിമത്തത്തിലേക്കും അതിൽനിന്ന് ജന്മിത്തത്തിലേക്കും മുതലാളിത്തത്തിലേക്കും ക്രമാനുഗതമായി സമൂഹം വികസിച്ചത്‌ ഉൽപാദനരീതികളിലുണ്ടായ മാറ്റങ്ങളിലൂടേയാണെന്നും ,വിവിധ പ്രദേശങ്ങളിൽ നിലനിന്നിരുന്ന ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ തനതുസവിശേഷതകൾക്കനുസൃതമായി അത്‌ വ്യത്യസ്ഥതകൾ കൈവരിച്ചുവെന്നും എംഗൽസ്‌ എഴുതി.

ചരിത്രം സൃഷ്ടിച്ചത്‌ രാജാക്കന്മാരോ പ്രഭുക്കന്മാരോ അല്ലെന്ന ചരിത്രഭൗതികവാദം യഥാർത്ഥത്തിൽ മാർക്സിനും എംഗൽസിനും മുമ്പേതന്നെ ചരിത്രകാരന്മാരായ 'ജിയാംബെട്ടിസ്തവിക്കോ' യെപ്പോലുള്ളവർ വാദിച്ചിരുന്നു.എങ്കിലും ആദ്യമായി ഈ ഭൗതികവാദ ചിന്തകൾക്ക്‌ ഒരു ശാസ്ത്രീയ അടിത്തറ നൽകിയത്‌ കാറൽ മാർക്ക്സ്‌ "അർത്ഥശാസ്ത്ര വിമർശനത്തിനുള്ള സംഭാവന"എന്ന പുസ്ത്തകത്തിനെഴുതിയ ആമുഖത്തിലാണ്‌."നിലനിൽപിന്ന് വേണ്ടിയുള്ള സാമൂഹിക ഉൾപ്പാദനത്തിൽ ,മനുഷ്യർ അവരുടെ ഇച്ഛക്കതീതമായി ഒഴിവാക്കാനാവാത്ത ബന്ധങ്ങളിലേക്ക്‌ സ്വാഭാവികമായും കടന്നു ചെല്ലുന്നു. ഉൾപ്പാദനത്തിനുള്ള ഭൗതികശക്തിയുടെ വികാസത്തിന്റെ നിർദ്ദിഷ്ട ഘട്ടങ്ങൾക്കനുസൃതമായി ഉൽപാദനബന്ധങ്ങൾ രൂപം കൊള്ളുന്നു. പ്രസ്തുത ഉൾപ്പാദനബന്ധങ്ങളുടെ സമഗ്രതയിൽ ,നിയമവ്യവസ്ഥയും രാഷ്ട്രീയ ഉപരിഘടനയും കെട്ടിപ്പടുക്കുന്നത്‌ സാമ്പത്തികഘടനയുടെ അടിത്തറയിലാണ്‌.മേൽ പറഞ്ഞ നിയമരാഷ്ട്രീയ വ്യവസ്ഥ,മനുഷ്യബോധത്തിന്റെ വിവിധരൂപങ്ങളെ നിർണ്ണയിക്കുകയും ചെയ്തു. ഭൗതിക ജീവിതത്തിന്റെ ഉൾപ്പാദനരീതി.സാമൂഹ്യ-രാഷ്ട്രീയ-ബൗദ്ധിക ജീവിതത്തിന്റെ പൊതുപ്രക്രിയയേ രൂപപ്പെടുത്തുന്നുണ്ട്‌. മനുഷ്യരുടെ ബോധമല്ല അവരുടെ അസ്തിത്വത്തെ നിർണ്ണയിക്കുന്നത്‌ മറിച്ച്‌ അസിതിത്വമാണ്‌ ബോധത്തെ നിർണ്ണയിക്കുന്നത്‌. വികാസത്തിന്റെ പ്രത്യേക ഘട്ടത്തിൽ സമൂഹത്തിന്റെ ഭൗതിക ഉൾപ്പാദനശക്തികൾ,നിലനിൽക്കുന്ന ഉൾപ്പാദന ബന്ധങ്ങളുമായി സംഘർഷത്തിലെത്തുന്നു.-നിയമപരമായി പറഞ്ഞാൽ ,വ്യവസ്ഥാപിത ചട്ടക്കൂട്ടിലെ സ്വത്ത്  ബന്ധങ്ങളുമായി സംഘർഷത്തിലെത്തുന്നു.ഉൾപ്പാദനശക്തികളുടെ വികാസത്തിന്ന് കാരണമാകേണ്ട പ്രസ്തുത ബന്ധങ്ങൾ തന്നെയാണ്‌ അവയുടെ വികാസത്തിന്‌ കൂച്ചു വിലങ്ങാവുന്നത്‌. അങ്ങിനെ ഇത്‌ സാമൂഹിക വിപ്ലവ കാലഘട്ടത്തിന്ന് തുടക്കം കുറിക്കുന്നു. സാമ്പത്തിക അടിത്തറയിലെ മാറ്റങ്ങൾ പിന്നീട്‌ ഉപരിഘടനയുടെ പരിണാമത്തിലേക്ക്‌ നയിക്കുന്നു. ഇത്തരം മാറ്റങ്ങളെക്കുറിച്ചുള്ള പഠനത്തിൽ ,ഉൾപ്പാദനത്തിലെ സാമ്പത്തിക ബന്ധങ്ങളുടേതായ മാറ്റങ്ങളെ ഭൗതിക പരിവർത്തനത്തെ,പ്രകൃതിശാസ്ത്രപരവും നിയമപരവും രാഷ്ട്രീയവും മതപരവും കലാ ദാർശനികപരവും ചുരുക്കത്തിൽ പ്രത്യായശാസ്ത്രപരവുമായ ഘടകങ്ങൾ ഉൾക്കൊള്ളുന്ന മനുഷ്യ ചിന്തയെ പരിവർത്തിപ്പിക്കുകയും അവനെ വിയോജിപ്പിക്കുകയും പോരാട്ടത്തിനിറക്കുകയും ചെയ്യുന്നു.ഒരാൾ സ്വന്തം ചിന്തയാലെ മറ്റൊരാളെ വിധിക്കാൻ യോഗ്യമല്ലെന്നതു പോലെ ഒരാളുടേതായ വെറും ബോധത്തിലൂടെ സമൂഹത്തിലെ പരിവർത്തനഘട്ടങ്ങളെ വിധിക്കുവാനും സാദ്ധ്യമല്ല.നേരെമറിച്ച്‌,ജീവിതത്തിന്റേതായ വൈരുദ്ധ്യങ്ങളിൽ നിന്നും ഉൾപ്പാദനത്തിലെ സാമൂഹ്യ ശക്തികളും ഉൾപ്പാദന ബന്ധങ്ങളും തമ്മിലുള്ള നിലനിൽക്കുന്ന സംഘർഷത്തിൽ നിന്നുമാണ്‌ ബോധപൂർവ്വം ഈ മാറ്റങ്ങൾ വിശദീകരിക്കപ്പെടേണ്ടത്‌.

മാർക്സിസ്റ്റ്‌ അർത്ഥശാസ്ത്രം-

മൂല്യത്തിന്റെ അദ്ധ്വാനസിദ്ധാന്തം മാർക്സിന്റെ കണ്ടുപിടുത്തമായിരുന്നില്ല.അദ്ദേഹം അത്‌ സ്വയത്തമാക്കുന്നത്‌ പൂർവ്വികരായ,ചിരസമ്മത സാമ്പത്തികശാസ്ത്രജ്ഞന്മാ    രായ ആഡംസ്മിത്ത്‌,ഡേവിഡ്‌ റിക്കാർഡോ എന്നിവരിൽ നിന്നുമാണ്‌.എന്നാൽ ഒരു "സ്വതന്ത്ര"വിപണിയിൽ വിലനിർണ്ണയിക്കുന്നതും കമ്പോളത്തിലെ ഉൾപ്പാദനവ്യവസ്ഥയെ ക്രമീകരിക്കുന്നതും ,വിലനിർണ്ണയിക്കുന്നതും കമ്പോളത്തിലെ പ്രദാനത്തിലേയും ചോദനത്തിലൂടേയും രൂപം കൊള്ളുന്ന ' അദൃശ്യകരങ്ങൾ ' (invisible hand) ആണെന്നും അവർ ചൂണ്ടിക്കാട്ടി.

പക്ഷെ, നിയോക്ലാസിക്കൽ ശാസ്ത്രജ്ഞരെന്നറിയപ്പെടുന്ന മാർഷലും സീനിയറും മുന്നോട്ട്‌ വെച്ച സിദ്ധാന്തം ,അദ്ധ്വാനം മാത്രമല്ല,മറിച്ച്‌, തൊഴിലാളിയുടെ'അദ്ധ്വാന'വും മുതലാളിയുടെ'ത്യാഗ'വും ചേർന്നാണ്‌'മൂല്യം' നിശ്ചയിക്കപ്പെടുന്നത്‌. എന്നുമായിരുന്നു. അതുകൊണ്ട്‌ തൊഴിലാളിക്ക്‌ അദ്ധ്വാനത്തിന്റെ കൂലിയും മുതലാളിക്ക്‌ അയാളുടെ 'ത്യാഗ'ത്തിന്ന് ലാഭവും ലഭിക്കുന്നു.

പക്ഷെ മാർക്സ്‌ ഈ വാദത്തിന്റെ പൊള്ളത്തരം ശരിക്കും തുറന്നു കാണിച്ചു .അദ്ദേഹം മൂല്യത്തിന്റെ അദ്ധ്വാന സിദ്ധാന്തം ഒന്നുകൂടി സ്ഫുടം ചെയ്ത്‌ . 'സാമൂഹ്യപരമായ ആവശ്യത്തിനുള്ള സമയം 'എന്ന സിദ്ധാന്തമാണ്‌ അദ്ധ്വാനത്തിന്റെ അളവുകോലായി നിശ്ചയിച്ചത്‌. അതോടൊപ്പം അദ്ധ്വാനവും അദ്ധ്വാനശക്തിയും എന്ന രണ്ടുസംവർഗ്ഗങ്ങളും അദ്ദേഹം മുന്നോട്ട്‌ വെച്ചു.

തൊഴിൽ ശാലകളിൽ തൊഴിലാളികൾക്ക്‌ നൽകിയിരുന്ന 'കൂലി' അദ്ധ്വാനശക്തിയുടെ വിലയാണെന്നും അത്‌ അവരുടെ അദ്ധ്വാനമൂല്യത്തിന്റെ എത്രയോകുറഞ്ഞ അളവിലായിരുന്നുവെന്നും മാർക്സ്‌ കണ്ടെത്തി . ഒരു മുതലാളിത്ത സമൂഹത്തിൽ അദ്ധ്വാനശക്തിയും മറ്റേതൊരു 'ക്രയവിക്രയ' വസ്തുപോലെ ഒരു ചരക്കാണെന്നും തൊഴിലാളി വർഗ്ഗത്തിന്ന് വിൽക്കാനുള്ള ഒരേ‍ഒരു ചരക്ക്‌ അവരുടെ അദ്ധ്വാനശക്തി മാത്രമാണെന്നും മാർക്സ്‌ കണ്ടുപിടിച്ചു. ഒരു മുഴുവൻ ദിവസത്തേയും അദ്ധ്വാനം വാങ്ങുന്ന മുതലാളി തൊഴിലാളിയുടെ ജീവൻ നിലനിർത്താനാവശ്യമായ സാധനങ്ങളും സേവനങ്ങളും വാങ്ങാനാവശ്യമായ അദ്ധ്വാനശക്തിയുടെ മൂല്യമാണ്‌ തൊഴിലാളിക്ക് കൂലിയായിനൽകുന്നത്‌. തൊഴിലാളിയുടെ കുറച്ചു സമയത്തെ അധ്വാനമേ ഇതിനാവശ്യമുള്ളു.

മറുവശത്ത്‌ തൊഴിലാളി അവന്റെ അദ്ധ്വാനം കൊണ്ടു ഉൽപ്പാദിപ്പിച്ച ഉൾപ്പന്നം മുതലാളിയുടെ സ്വത്തായി മാറുകയും ,ഇതിന്റെ മൂല്യം (വില) തൊഴിലാളികളുടെ അദ്ധ്വാനശക്തിയുടെ മൂല്യത്തേക്കാൾ പലമടങ്ങായിരിക്കുകയും ചെയ്യും  'മൂല്യ' ത്തിലുള്ള ഈ അന്തരമാണ്‌  'മിച്ചമൂല്യം'. മിച്ചമൂല്യം ക്രമാനുഗതമായി ലാഭം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

മുതലാളിത്ത സമൂഹത്തിൽ മൂലധനവും ഒരു 'ക്രയവിക്രയ' വസ്തുവാണെന്നും (മൃതാവസ്ഥയിലുള്ള അദ്ധ്വാനത്തിന്റെ ഘനീകൃതരൂപം) അതുകൊണ്ട്‌ ഒരു പ്രത്യേകമൂലധന മുതൽ മുടക്കിന്ന് കുറഞ്ഞതോതിലുള്ള ലാഭമാണ്‌ ലഭിക്കുന്നതെങ്കിൽ കൂടുതൽ ലാഭമുണ്ടാക്കുന്നതിനായി മൂലധനം ഉപയോഗിക്കുന്നു. ഈ വിശകലനങ്ങളിൽ നിന്നും മാർക്സ്‌ എത്തിച്ചേർന്ന നിഗമനം -
ലാഭവും കൂലിയും ഒരേ ചരടിൽ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നതാണ്‌.കാരണം, ഇതിൽ ഒന്ന് കൂടണമെങ്കിൽ മറ്റേത്‌ കുറയണം .തൊഴിലാളി അവന്റെ സാമൂഹ്യ ആവശ്യത്തിനുള്ള 'കൂലി' ക്കുവേണ്ടി ദിവസത്തിന്റെ ഒരു ഭാഗം ജോലിചെയ്യുമ്പോൾ,അതിലേറെ ഭാഗം മുതലാളിക്ക്‌ വേണ്ടിയാണ്‌ ചെയ്യുന്നത്‌. ഇങ്ങിനെ അവനവനുവേണ്ടിയും ,മുതലാളിക്കു വേണ്ടിയും ചെയ്യുന്ന തോതിനനുസരിച്ചാണ്‌ ചൂഷണത്തിന്റെ അളവുകോല്‍ നിശ്ചയിക്കുന്നത്‌. 

'വില' മൂല്യത്തിന്റെ ഏകദേശം മാത്രമാണ്‌. ഉൾപ്പന്നത്തിന്റെ ആവശ്യവും ലഭ്യതയുമനുസരിച്ച്‌ ഉല്‍പ്പന്നത്തിന്റെ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു. ഈ വിശകലനത്തിൽ നിന്നും മാർക്ക്സ്‌ എത്തിച്ചേരുന്നത്‌-'
സാമ്പത്തിക ശാസ്ത്രം നിർവ്വചിക്കുന്നത്‌ വസ്തുക്കൾ തമ്മിലുള്ള ഒരു ചരക്കിനെ വിശകലനം ചെയ്തുകൊണ്ടാണ്‌ മാർക്സ്‌ വിശകലനം ആരംഭിക്കുന്നത്‌. ഉല്‍പ്പന്നം വാങ്ങുന്നവനും വിൽക്കുന്നവനും തമ്മിലുള്ള ബന്ധം മാത്രമാണ്‌ ഇവിടെ പ്രകടമാവുന്നത്‌. പണം രംഗപ്രവേശം ചെയ്യുന്നതോടെ വിൽക്കുന്നവരും വാങ്ങുന്നവരും തമ്മിലുള്ള
' ബന്ധം' പൊതുമാനദണ്ഡമായി സമൂഹത്തിൽ അംഗീകരിക്കപ്പെടുകയും ചെയ്യുന്നു.പണത്തിന്റേയും ഉൾപ്പന്നത്തിന്റേയും ചക്രമണത്തിനു പിന്നിൽ ഉല്‍പ്പാദന പ്രക്രിയയയും അതിൽ ഉല്‍പ്പാദനോപാദികളുടെ ഉടമസ്ഥരും പണിയെടുക്കുന്നവനും തമ്മിലുള്ള ബന്ധമാണ്‌ അടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം സ്ഥാപിച്ചു.

മറ്റൊരു പ്രധാന വിഷയം കണ്ടുപിടിച്ചത്‌:

തൊഴിലാളിയുടെ അദ്ധ്വാനം മിച്ചമൂല്യം ഉണ്ടാക്കുക മാത്രമല്ല മൂലധനം തൊഴിലാളി മുതലാളി ബന്ധങ്ങൾ മാത്രമല്ല രൂപം കൊടുക്കുന്നത്‌.മറിച്ച്‌ ഈ ബന്ധങ്ങൾ നിരന്തരം പുനരുല്‍പ്പാദിപ്പിച്ചു കൊണ്ടിരിക്കുകയുമാണ്‌. സാമൂഹ്യ വ്യവസ്ഥയുമായി ബന്ധപ്പെട്ടു കിടക്കുന്ന കുടുംബം,ജാതി,വംശം തുടങ്ങിയവപോലുള്ള സാമൂഹ്യരൂപങ്ങളും മേൽപറഞ്ഞ ബന്ധത്തെ നിലനിർത്താനുതകുന്നു. മറ്റുവാക്കിൽ പറഞ്ഞാൽ ,മുതലാളിത്തം പഴയ സാമൂഹ്യവ്യസ്ഥയെ സ്വാംശീകരിക്കുകയും അവയെ മുതലാളിത്ത ബന്ധത്തിലേക്ക്‌ അനുരൂപപ്പെടുത്തുകയും ചെയ്യുന്നു.മാർക്സ്‌ കമ്യൂണിസ്റ്റ്‌ മാനിഫസ്ടോ യിൽ ചൂണ്ടിക്കാട്ടിയതുപോലെ-  " മുതലാളിത്തം തുടർച്ചയായി അതിന്റേതായ പ്രതിച്ഛായയിൽ ലോകത്തെ പുനർ നിർമ്മിച്ചുകൊണ്ടേയിരിക്കുന്നു. "

തൊഴിലാളികൾ ക്രമാനുഗതമായി അവനുണ്ടാക്കിയ ഉൾപ്പന്നങ്ങളിൽ നിന്നും അന്യവൽക്കരിക്കുന്നതിന്നു കാരണം,അവനുല്‍പ്പാദിപ്പിച്ച ഉല്‍പ്പന്നങ്ങളിൽ അവനു ഒരു തരത്തിലുമുള്ള അവകാശവും ഇല്ല എന്നതുകൊണ്ടാണ്‌. അങ്ങിനെ അവൻ മുതലാളിത്ത സമൂഹത്തിൽ നിന്നുതന്നേയും അന്യവൽക്കരിക്കപ്പെടുന്നു..

വികസിച്ച മുതലാളിത്ത വ്യവസ്ഥയിൽ സാമൂഹ്യപരമായ ഉല്‍പ്പാദന വ്യവസ്ഥയും ലാഭത്തിനുവേണ്ടിയുള്ള വ്യക്തിഗത ഉല്‍പ്പാദന വ്യവസ്ഥയും തമ്മിലുള്ളവൈരുദ്ധ്യത്തിനെ അദ്ദേഹം തിരിച്ചറിഞ്ഞു "ചരിത്രപരമായ ഭൗതികവാദ" ത്തിന്റെ അടിസ്ഥാനത്തിൽ,മുതലാളിത്തത്തിൽ കീഴിലുള്ള ഉല്‍പ്പാദനബന്ധങ്ങൾ കൂടുതൽ വളര്‍ച്ച പ്രാപിക്കുന്ന ഉല്‍    പ്പാദനശക്തികളെ ചങ്ങലക്കിടുന്നു. അതുകൊണ്ടുതന്നെ ഒരു വിപ്ലവത്തിന്നനുയോജ്യമായ സമൂഹം പാകപ്പെട്ടുവരുമെന്നും അദ്ദേഹം നിരീക്ഷിച്ചു.

മുതലാളിത്ത ഉല്‍പ്പാദന പ്രക്രിയ അതിന്റെ അനിവാര്യമായ പ്രതിസന്ധിയിലെത്തുമെന്നു മാർക്സ്‌ തുറന്നു കാട്ടി. അമിതലാഭമുണ്ടാക്കാൻ മുതലാളിമാർ നടത്തുന്ന ഭ്രാന്തമായ അമിതാവേശം അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ മുതലാളിമാരും അവരുടെ അമിത ലാഭവിഹിതം ഉയർത്തുന്നതിന്നു വേണ്ടി തൊഴിലാളികളുടെ കൂലി വെട്ടിക്കുറക്കുകയും അവരെ പട്ടിണിയിലേക്ക്‌ തള്ളിവിടുകയും ചെയ്യുന്നു. സമൂഹത്തിൽ ഭൂരിഭാഗവും തൊഴിലാളികളായതിനാൽ വെട്ടിക്കുറച്ച വേതനം മൂലം അവരുടെ ക്രയശേഷി ചുരുങ്ങുകയും ഇത്‌ സ്വാഭാവികമായും നിലനിൽക്കുന്ന സാമൂഹ്യാവസ്ഥയിൽ ബഹുഭൂരിപക്ഷം ജനതയുടെ ക്രയശേഷി ചുരുങ്ങുന്നതിലേക്കും കൊണ്ടെത്തിക്കുന്നു. ഇത്‌ സ്വാഭാവികമായും അമിതോൽപ്പാദനത്തിലേക്കും കമ്പോള ചുരുക്കത്തിലേക്കും ചരക്കുകൾ കുന്നു കൂടുന്നതിലേക്കും നയിക്കുന്നു. ഈ പ്രതിസന്ധിയുടെ ഫലമായി ഒരു പറ്റം മുതലാളിമാർ പാപ്പരാവുകയും ലക്ഷക്കണക്കിന്ന് തൊഴിലാളികൾ തൊഴിലില്ലാതെ പട്ടിണിയിലാവുകയും അതേസമയം കടകളിൽ വിറ്റുപോകാത്ത ഉൾപ്പന്നങ്ങൾ കെട്ടിക്കിടക്കുകയും ചെയ്തു. സാമൂഹ്യമായ ഉൾപ്പാദനവും സ്വകാര്യ ഉടമസ്ഥതയും തമ്മിലുള്ള വൈരുദ്ധ്യം പരിഹരിക്കുക എന്നത്‌ മാത്രമാണ്‌ അരാജകത്വപരമായ മുതലാളിത്തത്തിന്റെ പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗ്ഗം എന്ന് മാർക്സ്‌ ഉറപ്പിച്ചു പറഞ്ഞു. നിലനിൽക്കുന്ന മുതലാളിത്ത വ്യവസ്ഥയെ പിഴുതെറിഞ്ഞ്‌,പുതിയ ഒരു സോഷ്യലിസ്റ്റ്‌-കമ്യൂണിസ്റ്റ്‌ ഭരണ സംവിധാനം സ്ഥാപിച്ചുകൊണ്ടുമാത്രമേ ഇത്‌ സാദ്ധ്യമാവൂ. സോഷ്യലിസ്റ്റ്‌ വ്യവസ്ഥിതിലേക്കുള്ള പരിവർത്തനത്തിന്ന് നേതൃത്വം കൊടുക്കുന്ന സാമൂഹ്യശക്തി-തൊഴിലാളി വർഗ്ഗം- മുതലാളിത്തത്തിന്റേ തന്നെ സംഭാവനയാണ്‌. ചൂഷണാധിഷ്ഠിതമായ സാമൂഹ്യ വ്യവസ്ഥിതിയേയും സ്വകാര്യ ഉടമസ്ഥതയേയും നിലനിർത്താൻ താൽപര്യമില്ലാത്ത തൊഴിലാളിവർഗ്ഗത്തിന്നു മാത്രമേ സോഷ്യലിസ്റ്റ്‌ വ്യവസ്ഥിതിയിലേക്ക്‌ മുന്നേറാൻ കഴിയുകയുള്ളു.

മുതലാളിത്തത്തിന്റെ വർദ്ധിച്ചു വരുന്ന പ്രതിസന്ധി,മുതലാളിത്ത വ്യവസ്ഥക്കുള്ളിലെ തന്നെ വൈരുദ്ധ്യമാണെന്നും തന്മൂലം ഒരു വശത്ത്‌ ഒരു ന്യൂനപക്ഷം മുതലാളിമാരുടെ കയ്യിലേക്ക്‌ സമ്പത്ത്‌ കേന്ദ്രീകരിക്കുകയും മറുവശത്തൊരു ന്യൂനപക്ഷം മുതലാളിമാരുടെ കയ്യിലേക്ക്‌ സമ്പത്ത്‌ കേന്ദ്രീകരിക്കുകയും മറുവശത്ത്‌ ലക്ഷക്കണക്കിന്നാളുകൾ പട്ടിണിയിലേക്കും പരിവട്ടത്തിലേക്കും തള്ളിയെറിയപ്പെടുകയും ചെയ്യുന്നു.മുതലാളിത്തത്തിന്റെ ഈ വൈരുദ്ധ്യം മൂർദ്ധന്യത്തിലെത്തുന്നതിനനുസരിച്ച്‌,മറുവശത്ത്‌ തൊഴിലാളികളുടെ നേതൃത്വത്തിൽ വിപ്ലവാത്മകമായ ഉയിർത്തെഴുന്നേൽപ്പും ആത്യന്തികമായി മുതലാളിത്ത സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന്നും ഉൾപ്പാദനത്തിന്റെ സാമൂഹ്യ സ്വഭാവത്തിന്ന് അനുസൃതമായി ഒരു പുതിയ സോഷ്യലിസ്റ്റ്‌ സാമൂഹ്യവ്യവസ്ഥ പടുത്തു ഉയർത്തുന്നതിന്നും സഹായകരമാവുന്നു.
ഇങ്ങനെ സമ്പദ്ഘടനയുടെ ഏറ്റവും അടിസ്ഥാനഘടകമായ ചരക്ക്‌ വിശകലന വിധേയമാക്കി എങ്ങിനെയാണ്‌,മുതലാളിത്ത 'സാമ്പത്തിക '   നിയമങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഉദാഹരണ സഹിതം മാർക്സ്‌ വിവരിക്കുന്നു.അതുവഴി സോഷ്യലിസത്തിലേക്കും കമ്യൂണിസത്തിലേക്കുമുള്ള ശാസ്ത്രീയ സാമ്പത്തിക അടിസ്ഥാനവും അദ്ദേഹവും ചൂണ്ടിക്കാട്ടുന്നു.
-വർഗ്ഗ സമരം-

മാർക്സിന്റെ അപഗ്രഥനം ഏറ്റവും കൂടുതൽ തിളങ്ങിക്കാണാവുന്നത്‌ ലോകചരിത്രത്തെ സംഗ്രഹിക്കുകയും അതിൽ നിന്നുള്ള പാഠങ്ങൾ നിരന്തരം പ്രയോഗിക്കുന്നതിലുമാണ്‌. ഇതിൽ നിന്നാണ്‌ വർഗ്ഗ സമരത്തിന്റെ സിദ്ധാന്തം അദ്ദേഹം ആവിഷ്കരിച്ചത്‌.
'കമ്യൂണിസ്റ്റ്‌  മാനിഫെസ്ടോവിൽ'മാർക്സ്‌ എഴുതി "നാളിതുവരെയുള്ള എല്ലാ സമൂഹത്തിന്റേയും ചരിത്രം വർഗ്ഗസമരത്തിന്റെ ചരിത്രമാണ്‌ .സ്വതന്ത്രനും അടിമയും ,വരേണ്യനും അധ:സ്ഥിതനും ,ജന്മിയും കുടിയാനും കുലത്തൊഴിലുടമയും പരമ്പരാഗത തൊഴിലാളിയും ,ഒറ്റവാക്കിൽ പറഞ്ഞാൽ മർദ്ദകനും മർദ്ദിതനും നിരന്തരം വിരുദ്ധതലങ്ങളിൽ നിലകൊള്ളുന്നവരാണ്‌.പ്രത്യക്ഷമായോപരോക്ഷമായോ നടക്കുന്ന സംഘട്ടനങ്ങളിൽ അവർ നിരന്തരം ഏർപ്പെട്ടിരിക്കുന്നു.ഒന്നുകിൽ വിപ്ലവകരമായ ഭരണവ്യവസ്ഥിതി സമൂഹത്തിനു നൽകുന്ന തരത്തിൽ അവ വലിയ അളവിൽ വിജയിക്കുന്നു. അല്ലെങ്കിൽ ഏറ്റുമുട്ടുന്ന വർഗ്ഗങ്ങളുടെ പൊതു നാശത്തിലേക്ക്‌ നയിക്കുന്നു.

1852-ൽ വെഡിമെയറിനുള്ള കത്തിൽ മാർക്സ്‌ ,വർഗ്ഗങ്ങളുടെ നിലനിൽപ്പോ,വർഗ്ഗ സമരമോ താൻ കണ്ടെത്തിയിട്ടില്ലെന്ന് വ്യക്തമാക്കി. തനിക്കു മുമ്പേ ബൂർഷ്വാ ചരിത്രകാരന്മാർ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളതാണ്‌ "എന്നെ സംബന്ധിച്ചിടത്തോളം ആധുനിക സമൂഹത്തിൽ വർഗ്ഗങ്ങളുടെ നിലനിൽപ്പോ അവരുടെ വർഗ്ഗസമരങ്ങളോ ഞാൻ കണ്ടെത്തിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നില്ല. എനിക്ക്‌ മുന്നേ തന്നെ, ബൂർഷ്വാ സാമ്പത്തിക ശാസ്ത്രകാരന്മാർ ഇത്‌ കണ്ടെത്തിയിട്ടുണ്ട്‌. എന്റെ സംഭാവന ചുവടെ ചേർക്കുന്നു.
1) ഉല്‍പ്പാദന വികാസത്തിലെ ചരിത്രഘട്ടങ്ങളുമായി ബന്ധപ്പെടുത്തി വർഗ്ഗങ്ങളുടെ നിലനിൽപ്പിനെക്കുറിച്ചുള്ള വിശകലനം.
2)വർഗ്ഗസമരം തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തിലേക്ക്‌ നയിക്കും
3) ഈ സർവ്വാധിപത്യം വർഗ്ഗങ്ങളെ ഇല്ലാതാക്കുകയും വർഗ്ഗരഹിത സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്യും .
"മാർക്സിന്റെ മൂന്നു സ്രോതസ്സുകളും മൂന്ന് ചേരുവകളും"

എന്ന പുസ്തകത്തിൽ ലെനിൻ ഇങ്ങനെ ഉപസംഹരിച്ചു.
"മാർക്സിന്റെ ദാർശനിക ഭൗതികവാദം അതേവരെ മർദ്ദിത വർഗ്ഗങ്ങളായി നിന്നിരുന്ന തൊഴിലാളി വർഗ്ഗത്തിന്‌ ആത്മീയ അടിമത്വത്തിൽ നിന്നും വിമോചനത്തിന്റെ നേർവഴി കാട്ടിക്കൊടുത്തു.മുതലാളിത്തത്തിന്റെ പൊതുവ്യവസ്ഥയിൽ തൊഴിലാളി വർഗ്ഗത്തിന്റെ യഥാർത്ഥ അവസ്ഥ എന്താണെന്ന് മാർക്സിന്റെ അർത്ഥശാസ്ത്രം കാണിച്ചുകൊടുത്തു".


-എന്താണ്‌ ലെനിനിസം ?
-സാമ്രാജ്യത്വത്തിന്റേയും തൊഴിലാളിവർഗ്ഗ വിപ്ലവത്തിന്റേയും കാലത്തെ     മാർക്സിസമാണ്‌ ലെനിനിസം.
സോവിയറ്റ്‌ വിപ്ലവ കാലത്ത്‌ രണ്ടാം ഇന്റർന്നാഷണൽ സ്വീകരിച്ച അവസരവാദപരമായ നിലപാടിനെതിരെ,സാർവ്വദേശീയ കമ്യൂണിസ്റ്റ്‌ നിലപാട്‌ ഉയർത്തിപ്പിടിച്ച്‌ മുന്നേറിയ മൂന്നാം കമ്യൂണിസ്റ്റ്‌ ഇന്റർ നാഷണലിന്റെ കാലത്ത്‌ വികസിപ്പിച്ചതാണിത്‌.

 മാർക്സിസത്തെ ഉന്നതമാനങ്ങളിലേക്ക്‌ വികസിപ്പിക്കുന്നതിനോടൊപ്പം തന്നെ ,താഴെ പറയുന്നവ ലെനിനിസത്തിന്റെ പ്രധാന സംഭാവനകളാണ്‌.
സാമ്രാജ്യത്വത്തിന്നു കീഴിൽ മുതലാളിത്തത്തിന്റെ ചലന നിയമങ്ങൾ കണ്ടു പിടിക്കുകയും അവ എപ്രകാരം യുദ്ധത്തിലേക്ക്‌ നയിക്കുന്നുവെന്നത്‌ ബൂർഷ്വാജനാധിപത്യത്തിന്റെയും സോഷ്യലിസ്റ്റ്‌ വിപ്ലവത്തിന്റേയും കാലത്ത്‌ ,തൊഴിലാളിവർഗ്ഗ വിപ്ലവസിദ്ധാന്തത്തിന്റേയും പ്രയോഗത്തിന്റേയും ഗുണപരമായ വികാസം ,ദേശീയ വിമോചന സമരങ്ങളേയും കൊളോണിയല്‍ വിരുദ്ധ സമരങ്ങളൂടേയും ശരിയായ ദിശാബോധം നൽകി അവയെ ലോകസോഷ്യലിസ്റ്റ്‌ വിപ്ലവ സമരങ്ങളുമായി കണ്ണിചേർക്കുക.
തൊഴിലാളി വർഗ്ഗ ജനാധിപത്യത്തേയും സോഷ്യലിസ്റ്റ്‌ നിർമ്മാണത്തേയും സംബന്ധിച്ച്‌ ധാരണ വികസിപ്പിക്കൽ ;തൊഴിലാളിവർഗ്ഗ സർവ്വാധിപത്യ, ലെനിനിസ്റ്റ്‌ പാർട്ടി കെട്ടിപ്പടുക്കാനുള്ള സംഘടനാ തത്വങ്ങൾ വികസിപ്പിച്ചെടുക്കുക.
ലെനിനിസത്തെ കൂടുതൽ വികസിപ്പിച്ചെടുക്കാൻ ശ്രമിച്ച സ്റ്റാലിൻ,ലെനിനിസ്റ്റ്‌ കാഴ്ചപ്പാടുകൾക്ക്‌ കൂടുതൽ വ്യക്തത്ത വരുത്തുകയും സോഷ്യലിസ്റ്റ്‌ സാമൂഹ്യവ്യവസ്ഥിതി കെട്ടിപ്പടുക്കുന്നതിന്നു വേണ്ടിയുള്ള ക്രിയാത്മകമായ നിർദ്ദേശങ്ങൾ മുന്നോട്ട്‌ വെക്കുകയും ചെയ്തു. അങ്ങിനെ "ലെനിനിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ" എന്ന പ്രസിദ്ധ പുസ്തകത്തിൽ ലെനിനിസത്തെ പറ്റി ഇങ്ങിനെ വിവരിച്ചു.
"സാമ്രാജ്യത്വത്തിന്റേയും തൊഴിലാളി വർഗ്ഗ വിപ്ലവത്തിന്റേയും യുഗത്തിലെ    മാർക്സിസമാണ്‌ ലെനിനിസം.പൊതുവായി ,തൊഴിലാളി വർഗ്ഗ വിപ്ലവത്തിന്റെ സിദ്ധാന്തവും നയങ്ങളുമാണ്‌ ലെനിനിസം പ്രത്യേകിച്ച്‌ തൊഴിലാളി വർഗ്ഗ സർവ്വാധിപത്യത്തിന്റെ സിദ്ധാന്തവും അടവുകളുമാണ്‌. വിപ്ലവ പൂർവ്വകാലത്ത്‌ മാർക്ക്സും എംഗൽസും തൊഴിലാളിവർഗ്ഗ വിപ്ലവത്തിനുവേണ്ടി സൈദ്ധാന്തിക അന്യേഷണങ്ങളും പ്രവർത്തനങ്ങളും നടത്തിയിരുന്നപ്പോൾ സാമ്രാജ്യത്വം നിലവിൽ വന്നിരുന്നില്ല. എന്നാൽ മാർക്സിന്റേയും എംഗൽസിന്റേയും ശിഷ്യനായ ലെനിൻ,സാമ്രാജ്യത്വം വികസിച്ച കാലത്ത്‌, തൊഴിലാളി വർഗ്ഗ വിപ്ലവം മുന്നേറുകയും രാജ്യത്ത്‌ അത്‌ വിജയം വരിക്കുകയും ബൂർഷ്വാ ജനാധിപത്യത്തെ തകർത്ത്‌ തൊഴിലാളി വർഗ്ഗ ജനാധിപത്യവും സോവിയറ്റുകളും രൂപം കൊണ്ടയുഗത്തിലാണ്‌ തന്റെ പ്രവർത്തനങ്ങളുമായി മുന്നേറിയത്‌.

റഷ്യൻ വിപ്ലവകാലത്തിനിടയിൽ തന്നെ, ഒരു വിപ്ലവ പാർട്ടിയെ കെട്ടിപ്പടുക്കാനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ ലെനിൻ വികസിപ്പിച്ചെടുത്തു. അത്‌ തീർത്തും പുതിയൊരു പാർട്ടി ശൈലിയുമായിരുന്നു. ഈ പുതിയ ശൈലിയിലുള്ള പാർട്ടി പ്രവർത്തനത്തിൽ പ്രധാനമായും രണ്ട്‌ ഘടകങ്ങൾ ഉണ്ടാകുമെന്നും അവയിൽ ആദ്യത്തെ ഘടകമടങ്ങുന്ന വിഭാഗത്തിൽ പാർട്ടിയെ നയിക്കാനുതകുന്ന നിരന്തരം പ്രവർത്തന നിരതമാകുന്ന സൈന്താന്തികവും രാഷ്ട്രീയവും സംഘടനാപരവുമായ ആർജ്ജവം നേടിയ, പ്രധാനമായും വിപ്ലവ പ്രവർത്തനം പ്രധാന തൊഴിലായി സ്വീകരിക്കുന്ന പ്രോഫഷണൽ റവലൂഷണറികളുടെ കേഡർ നിരയും രണ്ടാമതായി,ലക്ഷക്കണക്കിന്ന് തൊഴിലാളികളുടേയും വിശാല ജന വിഭാഗങ്ങളുടേയും പിന്തുണ ഉറപ്പാക്കാൻ കഴിയുന്ന വളരെ വ്യാപകവും,സുശക്തവുമായ പ്രാദേശിക പാർട്ടി ഘടകങ്ങളുടെ വിപുലമായ ശൃംഘലയും ,പാർട്ടിയെ നയിക്കുന്നതിൽ ലെനിൻ പ്രധാന പങ്കുവഹിച്ചത്‌ തന്റെ ലേഖനങ്ങളിലൂടേയും പുസ്തകങ്ങളിലൂടേയുമായിരുന്നു. അതിൽ പ്രധാനപ്പെട്ടവ:-

എവിടുന്നു തുടങ്ങണം?എന്തു ചെയ്യണം ?
സംഘടനാ കടമകളെക്കുറിച്ച്‌ ഒരു കത്ത്‌ എന്നിവയായിരുന്നു. ഈ കൃതികളിലൂടെ തൊഴിലാളിവർഗ്ഗ വിപ്ലവ പാർട്ടിയുടെ പ്രത്യയ ശാസ്ത്ര-സംഘടന അടിത്തറ ലെനിൻ മുന്നോട്ട്‌ വെച്ചു.

"തൊഴിലാളികൾ അവരുടെ സാമ്പത്തിക നേട്ടത്തിനുവേണ്ടി പൊരുതട്ടെ,പക്ഷെ രാഷ്ട്രീയ സമരം ഉദാരവാദികളെ ഏൽപ്പിക്കണമെന്ന സാമ്പത്തിക വാദികളുടെ വാദമുഖങ്ങളാണ്‌ ലെനിൻ നേരിട്ട്‌ പരാജയപ്പെടുത്തിയ മറ്റൊരു പ്രധാനപ്പെട്ട വിഷയം.ലെനിൻ പുറത്തായിരുന്ന കാലത്ത്‌ ശക്തിപ്പെട്ട സാമ്പത്തിക വാദക്കാരെ പ്രത്യായശാസ്ത്രപരമായി പാർട്ടി കോൺഗ്രസ്സിന്ന് മുമ്പുതന്നെപരാജയപ്പെടുത്തേണ്ടതിന്റെ ആവശ്യം ലെനിനു ബോധ്യപ്പെട്ടു.
"എന്തുചെയ്യണം" എന്ന പുസ്തകത്തിലൂടെ ലെനിൻ സാമ്പത്തിക വാദികളെ തുറന്നു കാട്ടി.എന്നുമാത്രമല്ല,സാമ്പത്തികവാദികളുടെ സാത്മപ്രചോദിതതൊഴിലാളി സിദ്ധാന്ത മുന്നേറ്റത്തിനെതിരെ പാർട്ടിയുടെ ബോധപൂർവ്വമായ നേതൃത്വത്തിന്റെ ആവശ്യകത അദ്ദേഹം മുന്നോട്ട്‌ വെച്ചു.സാമ്പത്തിക മാത്രവാദത്തെ പരാജയപ്പെടുത്തിയതിനൊപ്പം ലെനിന്റെ ഈ പുസ്തകം ബോൾഷെവിക്ക്‌ പാർട്ടിയുടെ പ്രത്യശാസ്ത്ര അടിത്തറക്കാവശ്യമായ തത്വങ്ങളും ആവിഷ്കരിച്ചു.

മാർക്സിന്റേയും എംഗൽസിന്റേയും കാലത്ത്‌, അവ്യക്തമായിരുന്ന ഒരു പുതിയ പാർട്ടി സങ്കൽപം ഇപ്രകാരം വികസിപ്പിക്കാൻ ലെനിനു കഴിഞ്ഞു .
ഈ പാർട്ടി തൊഴിലാളി വർഗ്ഗത്തിന്റെ മാത്രം പാര്‍ട്ടിയായിരുന്നില്ല  തൊഴിലാളി വര്‍ഗ്ഗത്തിന്റെ മുന്നണി പടകൂടിയായി , വിപ്ലവം മുന്നോട്ട് നയിക്കാന്‍  പ്രാപ്തമായ പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട്  ഇത് അനിവാര്യമായി .

ലോകചരിത്രത്തിലെ  ഒരു നാഴിക ക്കല്ലായിരുന്നു 1905. സാമ്രാജ്യത്വ പ്രതിസന്ധി (ലെനിന്‍ അങ്ങനെയാണ്  പിന്നീട് വിശേഷിപ്പിച്ചത്)  ലോകത്തിന്റെ പല ഭാഗങ്ങളിലും രൂക്ഷമായി സാമ്രാജ്യത്വം  നിലവില്‍ വരികയും  പുതിയ സാമ്രാജ്യത്വ ശക്തികള്‍ ലോകാധിപത്യം  നേടാനും ,നിലനിര്‍ത്താനും കോളനികള്‍ വെട്ടിപ്പിടിക്കുന്ന കാലം  .അവര്‍ പല പ്രാദേശിക യുദ്ധങ്ങളിലും ഏര്‍ പ്പെട്ടു .ഈ സംഘര്‍ഷം യൂറോപ്പില്‍ നിന്നും ഏഷ്യന്‍ രാജ്യങ്ങളിലേക്ക് പടര്‍ന്നു. ജപ്പാനും ഈ യുദ്ധങ്ങളില്‍ പങ്കാളികളായി. ഇതില്‍ പ്രധാനപ്പെട്ട ഒരു യുദ്ധമായിരുന്നു 1904-ല നടന്ന റഷ്യന്‍ -ജപ്പാന്‍ യുദ്ധം .വാഴ്ത്തപ്പെട്ട റഷ്യന്‍   സാമ്രാജ്യത്വത്തെ ജപ്പാന്‍ പരാജയപ്പെടുത്തി ഈ സമയത്ത് ലോകത്തെമ്പാടുമുള്ള  പൊരുതുന്ന വിപ്ലവകാരികളുടെ മുന്നിലൊരു ചോദ്യമുയര്‍ന്നു,യുദ്ധത്തിലേര്‍ പ്പെട്ടിരിക്കുന്ന രാജ്യങ്ങളില്‍ അവരുടെ നിലപാടെന്തായിരിക്കണം  ബോള്‍ഷെവിക്കുകള്‍ വളരെകൃത്യമായി നിലപാടെടുത്തു.അവര്‍ യുദ്ധത്തെ എതിര്‍ത്തു .അനീതിയിലധിഷ്ടിതമായ യുദ്ധമാണെന്നവര്‍ അതിനെ വിശേഷിപ്പിച്ചു.

സമാന്തരമായി വിപ്ലവപ്രസ്ഥാനങ്ങള്‍ യൂറൊപ്പില്‍ നിന്നും  ഏഷ്യന്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഈ കാലഘട്ടം പുതിയ ഉണര്‍വിന്റെ കാലമായിരുന്നു.
ഇത്തരത്തിലാദ്യത്തെ വിപ്ലവം 1905-ൽ റഷ്യയിലും ,തുടർന്ന് ടർക്കിയിലും പേർഷ്യയിലും ചൈനയിലും ബൂർഷ്വാ ജനാധിപത്യ വിപ്ലവവും നടക്കുകയുണ്ടായി.പക്ഷെ ഇതിൽ വെച്ചേറ്റവും മഹത്തരവും മാർക്ക്സിസിറ്റ്‌ വിപ്ലവ കാഴ്ചപ്പാടോറ്റുകൂടിയതുമായ വിപ്ലവം 1905-ൽ നടന്ന റഷ്യൻ വിപ്ലവം തന്നെയായിരുന്നു. അതിന്റെ തുടക്കം കുറിച്ചതോ റഷ്യ-ജപ്പാൻ യുദ്ധവും.

1905-ലെ വിപ്ലവം പരാജയമായിരുന്നു എങ്കിലും അത്‌ തൊഴിലാളി വർഗ്ഗ വിപ്ലവ പ്രസ്ഥാനത്തിന്ന് പാരീസ്കമ്യൂൺ പോലുള്ളപല പുതിയ പാഠങ്ങളും സമ്മാനിച്ചു. തൊഴിലാളി വർഗ്ഗത്തിന്റെ തന്ത്രത്തേയും അടവുകളേയും സംബന്ധിച്ച ബോൾഷേവിക്കുകളുടെ വിപ്ലവകരമായ ധാരണശരിയെന്ന് അതു പഠിപ്പിച്ചു. ഈ അനുഭവത്തിന്റെ വെളിച്ചത്തിലായിരുന്നു. വിപ്ലവത്തിന്റെ ശത്രുക്കളേയും ,മിത്രങ്ങളേയും വേർത്തിരിച്ചറിയാനായതും. ശരിയായ സംഘടനാ സംവിധാനത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞതും ഇതിലൂടെയാണ്‌. ജനാധിപത്യ വിപ്ലവത്തിൽ ലെനിൻ തൊഴിലാളി വർഗ്ഗത്തിന്റെ അടവുപരമായ ലൈൻ വികസിപ്പിച്ചെടുത്തതും . 'ജനാധിപത്യ വിപ്ലവത്തിൽ സോഷ്യൽ ഡമോക്രസിയുടെ രണ്ടടവുകൾ" എന്ന പുസ്തകത്തിൽ ലെനിൻ ജനാധിപത്യ വിപ്ലവത്തിന്റെ തന്ത്രവും അടവുകളും വളരെ സുദീർഘമായിതന്നെ പ്രതിപാദിച്ചിട്ടുണ്ട്‌ .

അതേസമയം തന്നെ ,മുതലാളിത്തത്തെ സംബന്ധിച്ച്‌ മാർക്സും എംഗൽസും നടത്തിയ പഠനം വ്യാഖ്യാനം ലെനിൻ വികസിപ്പിച്ചെടുത്തു.  20-ആം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ തന്നെ മുതലാളിത്തത്തിന്റെ സ്വഭാവത്തിൽ പ്രകടമായ മാറ്റം സംഭവിച്ചുതുടങ്ങിയിരുന്നു. സ്വതന്ത്ര മത്സരത്തിലധിഷ്ടിതമായ മുതലാളിത്ത വ്യവസ്ഥയിൽ നിന്നും അത്‌ പതുക്കെ ആഗോളകുത്തക മുതലാളിത്തത്തിലേക്ക്‌ ചുവടുമാറ്റം നടത്തിതുടങ്ങി. മുതലാളിത്ത വികസനം നടന്നിട്ടില്ലാത്ത രാജ്യങ്ങളിൽ പോലും മുതലാളിത്തത്തിന്‌ വിപ്ലവപരമായ പങ്കുവഹിക്കാനില്ല എന്ന് ലെനിൻ വിലയിരുത്തി. ഇത്‌ മുതലാളിത്ത വ്യവസ്ഥ ജീർണ്ണിച്ചു തുടങ്ങിയിരുന്നു.കാരണം മുതലാളിത്തം അതിന്റെ പരമോന്നത ഘട്ടമായ സാമ്രാജ്യത്തത്തിലേക്ക്‌ എത്തിയെന്ന് അദ്ദേഹം വിലയിരുത്തി.സാമ്രാജ്യത്വത്തിന്റെ അടിസ്ഥാന സ്വഭാവങ്ങൾ താഴെ പറയും പ്രകാരം ലെനിൻ വിലയിരുത്തി.
1) സാമ്പത്തികരംഗത്ത്‌ നിർണ്ണായകമായ പങ്ക്‌ വഹിക്കാവുന്ന വിധത്തിൽ കുത്തകകൾ രൂപം കൊള്ളുന്ന ഉയർന്നതലത്തിലേക്ക്‌ ഉൾപ്പദനത്തിന്റേയും മൂലധനത്തിന്റേയും കേന്ദ്രീകരണം .
2) ബാങ്ക്‌ മൂലധനവും വ്യാസായിക മൂലധനവും തമ്മിൽ ലയിച്ചു ചേർന്നു..അതിന്റെ അടിസ്ഥാനത്തിൽ ധനദുഷ്പ്രഭുത്വത്തിലധിഷ്ഠിതമായ ഫൈനാൻസ്‌ മൂലധനത്തിന്റെ ആവിർഭാവം.
3)  ചരക്കു കയറ്റുമതിയിൽ നിന്ന് വ്യത്യസ്ഥമായി മൂലധനകയറ്റുമതിയുടെ അങ്ങേയറ്റത്തെ പ്രാധാന്യം.
4) സാർവ്വദേശീയ തലത്തിൽ കുത്തക മുതലാളിത്ത സംയുക്ത സംരംഭങ്ങൾ രൂപപ്പെടുകയും അവ ലോകത്തെ പങ്കിട്ടെടുക്കുകയും ചെയ്യുന്നത്‌.
5) ഏറ്റവും വലിയ മുതലാളിത്ത ശക്തികൾക്കിടയിൽ ലോകത്തിന്റെ രൂപപരമായ പങ്കുവെക്കലിന്റെ പൂർത്തീകരണം.കുത്തകകളുടേയും ഫൈനാൻസ്‌ മൂലധനത്തിന്റേയും മേധാവിത്വം  സ്വയം സ്ഥാപിക്കപ്പെട്ടുകഴിഞ്ഞതലത്തിലേക്ക്‌ വികസിച്ച മുതലാളിത്തമാണ്‌ സാമ്രാജ്യത്വം. ഇവിടെ മൂലധനത്തിന്റെ കയറ്റുമതി അതീവ പ്രാധാന്യമർഹിക്കുന്നു. ഇതിന്റെ ഭാഗമായി സാർവ്വദേശീയ ട്രസ്റ്റുകൾക്ക്‌ കീഴിൽ ലോകം വിഭജിക്കപ്പെടുന്ന പ്രക്രിയ ആരംഭിച്ചു.ആഗോളതലത്തിൽ ഏറ്റവും വലിയ മുതലാളിത്ത ശക്തികൾക്കിടയിൽ എല്ല ഭൂപ്രദേശങ്ങളുടേയും വിഭജന പ്രക്രിയ പൂർത്തീകരിക്കപ്പെട്ടിരിക്കുന്നു.

ആദ്യത്തെ സാമ്രാജ്യത്വ യുദ്ധത്തിനു ശേഷമാണ്‌ ലെനിൻ സാമ്രാജ്യത്വത്തെ സംബന്ധിച്ച സിദ്ധാന്തം വികസിപ്പിച്ചെടുത്തത്‌..ഇത്‌ മാർക്സിസത്തിന്റെ ഗുണപരമായ വികാസമായിരുന്നു.തുടർന്ന് സമൂർത്ത സാഹചര്യങ്ങളെ വസ്തുനിഷ്ഠമായി അപഗ്രഥിച്ച്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം ആഗോളതലത്തിൽ ഉയിർത്തെഴുന്നേൽപ്പ്‌ സാദ്ധ്യമാക്കി.കൗട്സ്കിയെപ്പോലുള്ള രണ്ടാം ഇന്റർ നാഷണലിന്റെ നേതാക്കന്മാർ ഭരണവർഗ്ഗത്തോടൊപ്പം നിലയുറപ്പിക്കുകയും പിതൃരാജ്യത്തിനുവേണ്ടി യുദ്ധം ചെയ്യാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.അതേ സമയം ബോൾഷെവിക്ക്‌ പാർട്ടിയും ലോകത്തെമ്പാടുമുള്ള കമ്യൂണിസ്റ്റ്‌ വിപ്ലവകാരികളും ഈ സാമ്രാജ്യത്വയുദ്ധത്തെ ആഭ്യന്തരയുദ്ധമാക്കി മാറ്റുവാൻ ആഹ്വാനം ചെയ്യുകയാണുണ്ടായത്‌.അങ്ങിനെ റഷ്യയിൽ അക്ഷരാർത്ഥത്തിൽ സാമ്രാജ്യത്വയുദ്ധം ആഭ്യന്തരയുദ്ധമായി പരിവർത്തിക്കപ്പെടുകയും തൊഴിലാളി വർഗ്ഗം രാഷ്ട്രീയാധികാരം പിടിച്ചെടുക്കുന്നതിൽ വിജയിക്കുകയും ചെയ്തു. ഇനി പറയും വിധം ലെനിൻ സാമ്രാജ്യത്വത്തിന്റെ വർഗ്ഗസ്വഭാവം വിലയിരുത്തി.

"..അതിന്റെ സാമ്പത്തിക ഉള്ളടക്കത്തിൽ സാമ്രാജ്യത്വം കുത്തക മുതലാളിത്തമാണ്‌.മത്സരാധിഷ്ഠിതമായ അടിത്തറയിൽ നിന്നാണ്‌,അതുകൊണ്ടു തന്നെ കുത്തകവൽക്കരണം ഇത്തരത്തിൽ മുതലാളിത്തവ്യവസ്ഥയെ ഉയർന്ന സാമൂഹ്യ സാമ്പത്തിക ക്രമത്തിലേക്ക്‌ പരിവർത്തിപ്പിച്ചു".അങ്ങനെ ലെനിൻ കുത്തക മുതലാളിത്തത്തിന്റെ പ്രധാന സ്വഭാവം താഴെ പറയും വിധം വിശദീകരിക്കുന്നു.
1) ഉൾപ്പാദനത്തിന്റെ കേന്ദ്രീകരണം അതിന്റെ പാരമ്യത്തിലെത്തുക വഴി കുത്തകകൾ ഉയർന്നു വന്നു.കാർട്ടലുകൾ,സിന്‍ഡിക്കേറ്റുകൾ,ട്രസ്റ്റുകൾ തുടങ്ങിയ കുത്തകമുതലാളിത്ത സംഘടനകൾ രൂപം കൊണ്ടു.
2)കുത്തകകൾ ഏറ്റവും പ്രധാനപ്പെട്ട ഉല്‍പ്പാദനത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ മേൽ പിടിമുറുക്കുകയും അവരുടെ സംഘടിത ശക്തിയാൽ ,കുത്തകേതര ഉൾപ്പാദകർക്ക്‌ അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഇല്ലാതാക്കാൻ ശ്രമിക്കുകയുംചെയ്യുന്നു. കുത്തകകളും കുത്തകേതര വ്യവസായികളും തമ്മിലുള്ള വൈരുദ്ധ്യം മൂർച്ഛിച്ചു.
3) കുത്തകകൾക്ക്‌ ബാങ്കുകാർക്ക്‌ മേലെയുള്ള അവിശുദ്ധ ബന്ധം കാരണം ഉല്‍പ്പാദനപ്രക്രിയയിൽ ബാങ്കുകൾ വഹിക്കേണ്ട മദ്ധ്യസ്ഥന്റെ പങ്കിന്ന് പകരം മൂന്നോ നാലോ ബാങ്കുകളുടെ കൂട്ടായ്മ രൂപം കൊള്ളുകയും കുത്തക വ്യവസായികളുമായി ചേർന്ന് രാജ്യത്തിന്റെ മുഴുവൻ പണവും കൈകാര്യം ചെയ്യുവാൻ പ്രാപ്തിയുള്ളവരായി വ്യവസായ ബാങ്ക്‌ കുത്തകകൾ മാറുകയും ചെയ്തു.
4)കുത്തകകളുടെ വളർച്ചക്ക്‌ കൊളോണിയൽ നയം കാരണമായി.(സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം) മേൽപറഞ്ഞവയുടെ അടിസ്ഥാനത്തിൽ സാർവ്വദേശീയ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിലും കടമകളിലും മാറ്റങ്ങൾ ആവശ്യമായി വന്നു. അന്നത്തെ സാഹചര്യത്തിൽ റഷ്യയിൽ വിപ്ലവം വിജയിപ്പിക്കാനും തുടർന്ന് സോഷ്യലിസ്റ്റ്‌ സമൂഹം കെട്ടിപ്പടുക്കാനും താഴെപറയുന്ന ഘടകങ്ങൾ അനിവാര്യമാണെന്ന് ലെനിൻ പഠിപ്പിച്ചു.
1)വിപ്ലവത്തിനനുയോജ്യമായ ഏതുസാഹചര്യവും തൊഴിലാളിവർഗ്ഗം കാലവിളംമ്പേന ഉപയോഗപ്പെടുത്തണം .ഇക്കാര്യത്തിൽ അലംഭാവംകാട്ടുന്ന ഓരോ നിമിഷവും മുതലാളിത്തം പതിന്മടങ്ങ്‌ ശക്തിയാർജ്ജിച്ച്‌ മുന്നോട്ട്‌ പോവുകയും ലക്ഷക്കണക്കിന്ന് ചെറുകിട,ഇടത്തരം ഉല്‍പ്പാദകരെനശിപ്പിക്കുകയും ചെയ്യും

2) വ്യാസായിക ഉൽപാദനോപാദികൾ കണ്ട്‌ കെട്ടുകയും പൊതുമേഖലയിൽ കൊണ്ടുവരികയും വേണം .
3)ചെറുകിട -ഇടത്തരം ഉല്‍പ്പാദനമേഖലയെ ക്രമേണ സംഘടിപ്പിച്ച്‌ ഉൾപ്പാദകരുടെ സഹകരണസംഘം രൂപീകരണം .ഇതുവഴി വലിയ കൂട്ടുല്‍പ്പാദന മേഖലകളും കൂട്ടുകൃഷി ഫാമുകളും വിപുലീകരിക്കുക.
4)വ്യവസായ സ്ഥാപനങ്ങൾ പൊതുമേഖലയിൽ പരമാവധി പരിപോഷിപ്പിക്കുകയും കാർഷിക മേഖലയിൽ വ്യാപകമായി കൂട്ടുകൃഷി വികസിപ്പിക്കുകയും അവയുടെ വികാസത്തിന്‌ ട്രാക്ടർ അടക്കമുള്ള ആധുനിക യന്ത്ര സാമഗ്രഹികൾ ലഭ്യമാക്കുകയും ചെയ്യുക. കൂട്ടുകൃഷിഫാമുകൾ കണ്ടുകെട്ടേണ്ടതില്ല.
5)ഉൾപ്പന്നങ്ങളുടെ ക്രയവിക്രയം അതായത്‌ ചരക്കുൽപാദനം പരിമിതകാലത്തേക്ക്‌ നിലനിർത്തുകയും വേണം .നഗരവും നാട്ടിൻ പുറവും തമ്മിലുള്ള മറ്റുതരത്തിലുള്ള സാമ്പത്തിക ഇടപാടിന്ന് കർഷകർ തയ്യാറാകണമെന്നില്ല. ക്രയവിക്രിയങ്ങൾ സ്റ്റേറ്റും സഹകരണ സംഘങ്ങളും കൂട്ടുകൃഷി സംഘങ്ങളും വഴി നേരിട്ടു നടത്തി ഇടനിലകാരേയും മുതലാളിമാരേയും കച്ചവടപ്രക്രിയയിൽ നിന്നും പൂർണ്ണമായി ഒഴിവാക്കുക..
ലെനിന്റെ മരണശേഷം സ്റ്റാലിൻ എല്ലാ അവസരവാദപരവും കീഴടങ്ങൽ പരവുമായ നിലപാടുകളേയും ധീരമായി ചെറുത്തു തോൽപ്പിച്ചു. റഷ്യയിൽ സോഷ്യലിസം കെട്ടിപ്പടുക്കാൻ മുൻകയ്യെടുത്തു..ഒരു രാജ്യത്ത്‌ മാത്രമായി സോഷ്യലിസം സ്ഥാപിച്ചെടുക്കാൻ കഴിയുമെന്ന നിലപാട്‌ മുന്നോട്ട്‌ വെക്കുകയും ലെനിനെ പിന്തുടർന്ന് റഷ്യയിലെ സമൂർത്ത സാഹചര്യത്തിൽ ഇത്‌ അദ്ദേഹം വികസിപ്പിക്കുകയും ചെയ്തു.അക്കാലത്ത്‌ വിപ്ലവ പ്രസ്ഥാനങ്ങളിൽ തന്നെ വിപ്ലവത്തെ സംബന്ധിച്ച്‌ ഒരുപാട്‌ തെറ്റിദ്ധാരണകൾ നിലനിന്ന സന്ദർഭമായിരുന്നു അത്‌.അവസരവാദികളായ പ്രതിപക്ഷത്തിന്റെ നിലപാട്‌ ഒരു രാജ്യത്ത്‌ മാത്രമായി വിപ്ലവം സാധ്യമല്ല എന്നായിരുന്നു.ഒരു രാജ്യത്ത്‌ മാത്രമായി വിപ്ലവം സാധ്യമാണെന്ന് ലെനിൻ തെളിയിച്ചിരുന്നു."ഇടത്പക്ഷ കമ്യുണിസം ഒരു ബാലാരിഷ്ടത" എന്ന പുസ്തകത്തിൽ ലെനിൻ പഠിപ്പിക്കുന്നു ;

"കീഴാളവർഗ്ഗം" പഴയതുപോലെ നിലനിൽക്കാൻ വിസമ്മതിക്കുകയും"ഉപരിവർഗ്ഗം"പഴയരീതിയിൽ തുടരാനാവാതെ വരികയും ചെയ്യുമ്പോൾ മാത്രമേ വിപ്ലവം വിജയിക്കുകയുള്ളു അങ്ങനെയുള്ള സന്ദർഭങ്ങളിൽ സാമ്രാജ്യത്വത്തിന്റെ ഏറ്റവും ദുർബല കണ്ണികളിൽ വിപ്ലവം സാധ്യമാവും.
ലോക വിപ്ലവം ഉടൻ സാധ്യമകുമെന്ന് ലെനിൻ ധരിച്ചിരുന്നെങ്കിലും1924-ന്‌ ശേഷം ലോകസാഹചര്യം വികസിച്ചത്‌ ഇതനുസരിച്ചായിരുന്നില്ല.അങ്ങിനെ ഒരു രാജ്യത്ത്‌ മാത്രമായി സോഷ്യലിസ്റ്റ്‌ വിപ്ലവം നടപ്പാക്കാൻ കഴിയും വിധത്തിലായി പിന്നീടുള്ള പ്രവർത്തനങ്ങൾ .ഇക്കാര്യത്തിൽ ലെനിന്റെ കണ്ടെത്തലുകളെ വികസിപ്പിച്ച സ്റ്റാലിൻ വിപ്ലവ സോഷ്യലിസ്റ്റ്‌ നിർമ്മഅണപ്രക്രിയയെ വിവിധഘട്ടങ്ങളായി തിരിച്ച്‌ റഷ്യയിൽ സോഷ്യലിസം കെട്ടിപ്പടുക്കുന്ന പരിവർത്തനഘട്ടത്തെ സംബന്ധിച്ച നിലപാടുകൾ മുന്നോട്ട്‌ വെച്ചു.സോഷ്യലിസം വികാസപരിണാമമാണെന്നും അതുകൊണ്ട്‌ തന്നെ സമൂർത്ത സാഹചര്യത്തിൽ റഷ്യയിൽ സോഷ്യലിസം നടപ്പിലാക്കാൻ കഴിയുമെന്നും അദ്ദേഹം വിശ്വസിച്ചു.അദ്ദേഹം ട്രോട്സ്കിയുടെ നിരന്തരവിപ്ലവ വാദത്തെ ശരിയായും കൃത്യമായും എതിർത്ത്‌ തോൽപ്പിച്ചു.

സ്റ്റാലിനെ ഉദ്ധരിച്ചാൽ;
"മുമ്പത്തെ ധാരണ പ്രകാരം ഒരു രാജ്യത്ത്‌ മാത്രമുള്ള വിപ്ലവ വിജയം അസാധ്യമായിരുന്നു.അത്‌ എല്ലാദേശങ്ങളിലുമുള്ള തൊഴിലാളി വർഗ്ഗത്തിന്റെ സംയോജിതനീക്കമാവണം .അല്ലെങ്കിൽ,ചുരുങ്ങിയത്‌ ഭൂരിപക്ഷം വികസിതരാജ്യങ്ങളിലെങ്കിലും ബൂർഷ്വാസിക്ക്‌ മേലുള്ള വിജയം കൈവരിക്കണം.
ഈ കാഴ്ചപ്പാട്‌ ഇപ്പോൾ വസ്തുതകളുമായി യോജിച്ചുപോകുന്നതല്ല.സാമ്രാജ്യത്വ സാഹചര്യങ്ങളിൽ വിവിധ മുതലാളിത്തരാജ്യങ്ങൾ അസമാനതകൾ നേരിടുകയും അനിവാര്യമായ യുദ്ധങ്ങളടക്കം വിപത്കരമായ വൈരുദ്ധ്യങ്ങളെ സാമ്രാജ്യത്വം അഭിമുഖീകരിക്കുകയും ചെയ്യുമ്പോൾ ആഗോളതലത്തിൽ വിപ്ലവപ്രസ്ഥാനത്തിന്റെ വളർച്ച ഓരോ രാജ്യങ്ങളിലും തനതായ തൊഴിലാളി വർഗ്ഗ സാദ്ധ്യതകളാണ്‌ രൂപം കൊള്ളുക. റഷ്യയിലെ വിപ്ലവ ചരിത്രം ഇതിന്നു വ്യക്തമായ തെളിവാണ്‌.അതേ സംയം അവശ്യം വേണ്ടുന്ന ചില പരിതസ്ഥിതികൾ നിലനിൽക്കുന്ന സ്ഥലങ്ങളിൽ മാത്രമേ തൊഴിലാളി വർഗ്ഗം അധികാരത്തിലെത്തുന്ന തരത്തിൽ ബൂർഷ്വാസിയെ കടപുഴക്കാൻ സാധിക്കുകയുള്ളു എന്നും കാണണം.എന്നാൽ ബൂർഷ്വാസിയെ കടപുഴക്കിയെറിയുന്നതും ഒരു രാജ്യത്ത്‌ തൊഴിലാളിവർഗ്ഗം അധികാരത്തിലെത്തുന്നതും കൊണ്ട്‌ മാത്രം ലോകത്ത്‌ സോഷ്യലിസം ഉണ്ടാവുകയില്ല .തൊഴിലാളി വർഗ്ഗം അധികാരം ഉറപ്പിക്കുന്ന സന്ദർഭത്തിൽ കർഷക ജനതയുമായി അണിചേർത്തുകൊണ്ട്‌ ആ രാജ്യത്ത്‌ സോഷ്യലിസം കെട്ടിപ്പടുക്കേണ്ടതുണ്ട്‌.എന്നാൽ അതുകൊണ്ട്മാത്രം സോഷ്യലിസത്തിന്റെ അന്തിമ വിജയം കൈവരിക്കാനോ ബാഹ്യ ഇടപെടലിന്റെയും മുതലാളിത്ത പുനസ്ഥാപനത്തിന്റേയും അപകടം ഒഴിവാക്കാനേ കഴിയില്ല.അതിന്ന് നിരവധിരാജ്യങ്ങളിൽ വിപ്ലവങ്ങൾ വിജയിക്കേണ്ടതും അതിനു പിന്തുണ നൽകേണ്ട്തും വിജയിച്ച വിപ്ലവത്തിന്റെ അനിവാര്യകടമയാണ്‌.തന്നിമിത്തം വിജയിച്ച വിപ്ലവശക്തികൾ സ്വയം പര്യാപ്തത സംവിധാനമായി കാണാതെ മറ്റുരാജ്യങ്ങളിലെ വിപ്ലവത്തെ സഹായത്തിലൂടെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്‌.ചുരുക്കത്തിൽ ദേശീയ കൊളോണിയൽ പ്രശ്നത്തിലും തൊഴിലാളി വർഗ്ഗവും കർഷക ജനതയും തമ്മിലുള്ള ബന്ധത്തിൽ അധിഷ്ഠിതമായ ജനാധിപത്യ വിപ്ലവത്തിലും തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തിലും സോഷ്യലിസ്റ്റ്‌ നിർമ്മാണത്തിലുമടക്കം വിപ്ലവത്തിന്റെ തന്ത്രങ്ങളും അടവുകളും ആവിഷ്കരിച്ചുകൊണ്ട്‌ ലെനിൻ  മാർക്സിസത്തെ ഉയർന്നതലത്തിലേക്ക്‌ വികസിപ്പിച്ചുവെന്നു പറയാം .

1 അഭിപ്രായം:

K.P. Sukumaran പറഞ്ഞു...

സി പി ഐ (എം എൽ ) പ്രസ്ഥാനം രാജ്യത്തുടനീളം മാർക്സിസ്റ്റ് പഠന ക്ലാസ്സുകൾ അവതരിപ്പിക്കുന്നുണ്ടോ? അത് നന്നായി. ഒന്നുമില്ലെങ്കിലും മാർക്സിസവും ആളുകൾ മനസ്സിലാക്കേണ്ടതാണു.