2013, ജനുവരി 11, വെള്ളിയാഴ്‌ച

-മാവോ-സെ-തൂങ്ങ്‌ ചിന്ത മാർക്സിസം-ലെനിനിസത്തിന്റെ തുടർച്ചയും വികാസവും -


ചൈനീസ്‌ വിപ്ലവത്തിലും സോഷ്യലിസ്റ്റ്‌ നിർമ്മാണ പ്രക്രിയയുടേയും ആധുനിക തിരുത്തൽ വാദത്തിനെതിരായ പ്രത്യേകിച്ച്‌
മഹത്തായ തൊഴിലാളി വർഗ്ഗ സാംസ്കാരിക വിപ്ലവത്തിന്റേയും പ്രക്രിയയുടേയും ഭാഗമായാണ്‌ മാവോ-സെ- തൂങ്ങ്‌ ചിന്ത വികസിക്കുന്നത്‌ ,
മാർക്സിസം-ലെനിനിസം വികസിക്കുന്നത്‌.
വാസ്തവത്തിൽ എല്ലാരംഗത്തും മാർക്സിസം-ലെനിനിസത്തിന്നു വ്യക്തത വരുത്തുകയും അവ്യക്തത നിലനിന്ന ചിലമണ്ഡലങ്ങളിൽ
അത്‌ നീക്കുകയുമാണ്‌ മാവോ ചെയ്തത്‌.
വൈരുദ്ധ്യ ശാസ്ത്രത്തെ സംബന്ധിച്ചും ജ്ഞാനസിദ്ധാന്തത്തിന്റെ വികാസത്തിലും ജനങ്ങളിൽ നിന്നും ജനങ്ങളിലേക്ക്‌ എന്ന അർത്ഥത്തിൽ
ബഹുജനലൈൻ വികസിപ്പിക്കുന്നതിലും
കൊളോണിയൽ - അർദ്ധകൊളോണിയൽ - പുത്തൻ കൊളോണിയൽ രാജ്യങ്ങളിൽ ജനാധിപത്യ വിപ്ലവം നയിക്കുന്നതിൽ
തൊഴിലാളിവർഗ്ഗത്തിന്റേയും മറ്റ് വിപ്ലവ വർഗ്ഗത്തിന്റേയും പങ്കു മുന്നോട്ട്‌ വെക്കുന്നതിലും മാവോയുടെ സംഭാവനകൾ പെടുന്നു.

ഒരു പുതിയ ജനാധിപത്യ വിപ്ലവമെന്ന വിശദീകരണത്തോടെ ജനകീയ ജനാധിപത്യ വിപ്ലവത്തിന്‌ മാവോ കൂടുതൽ വ്യക്തത വരുത്തി.
സോവിയറ്റ്‌-ചൈനീസ്‌ അനുഭവപശ്ചാത്തലത്തിൽ സോഷ്യലിസത്തിന്റെ സാമ്പത്തിക രാഷ്ട്രീയ അർത്ഥശാസ്ത്രത്തെ
കൂടുതൽ വ്യക്തതയോടെ മാവോ വിശദീകരിച്ചു.

അത്‌ സോഷ്യലിസ്റ്റ്‌ സമൂഹ്യ നിർമ്മിതിയിലും സോഷ്യലിസത്തിലേക്കുള്ള പരിവർത്തനത്തിലും വൈരുദ്ധ്യങ്ങളെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട്‌ വൈരുദ്ധ്യശാസ്ത്രത്തിന്റെ മണ്ഡലവും അദ്ദേഹം വികസിപ്പിച്ചു.
സർവ്വോപരി മഹത്തായ തൊഴിലാളിവർഗ്ഗ സാംസ്കാരികവിപ്ലവം ആവിഷ്കരിച്ചുകൊണ്ട്‌ തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തിന്ന് കീഴിൽ സോഷ്യലിസം കെട്ടിപ്പടുക്കുന്നതിന്റെ സിദ്ധാന്തത്തിനും മാവോ രൂപം നൽകി.

-ദർശനത്തെക്കുറിച്ച്‌ മാവോ-
മാവോയുടെ ദാർശനികരചനകൾ പാർട്ടികേഡർമാരേയും സഖാക്കളേയും ബഹുജനങ്ങളേയും മാർക്സിസം-ലെനിനിസം പഠിപ്പിക്കുന്നതിനും
അവരുടെ ചിന്താ രീതിയേയും പ്രായോഗിക സമീപനത്തേയും മാറ്റിതീർക്കുന്നതിനും വേണ്ടിയായിരുന്നു.
ഇതിനായി മാർക്സിസ്റ്റ്‌ തത്വശാസ്ത്രത്തിലെ ചില തലങ്ങളെ വ്യക്തമായി സമീപിക്കുകയുണ്ടായി.

-ജ്ഞാനസിദ്ധാന്തം-
ഇത്‌ മാവോയുടെ സിദ്ധാന്തങ്ങളിൽ വെച്ച്‌ വളരെ പ്രാധാന്യമർഹിക്കുന്നു.മാവോയുടെ ഒരു പ്രാധാനപ്പെട്ട ഉപന്യാസമാണ്‌
'വിജ്ഞാനവും പ്രയോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ '
അറിയുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്‌ തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ ;
യഥാർത്ഥ വിജ്ഞാനം അല്ലെങ്കിൽ ശരിയായ ആശയം മൂന്നുതരം സാമൂഹിക പ്രയോഗത്തിൽ നിന്നും ഉരുത്തിരിയുന്നതാണ്‌.
ഒന്ന്,ഉല്‍പ്പാദനത്തിന്ന് വേണ്ടിയുള്ളയത്നം ,
രണ്ട്‌,വർഗ്ഗസമരം.
മുന്ന്,ശാസ്ത്രീയപരീക്ഷണം.

സിദ്ധാന്തം പ്രയോഗത്തെ ആശ്രയിച്ചാണിരിക്കുന്നത്‌.പ്രയോഗത്തിന്റെ പശ്ചാത്തലത്തിലല്ലാതെ സിദ്ധാന്തത്തെക്കുറിച്ച്‌
ചിന്തിക്കാൻ കഴിയില്ലെന്നാണ്‌ മാവോ പറഞ്ഞത്‌.
അതേ സമയം സിദ്ധാന്തം പ്രയോഗത്തേയും മാറ്റിമറിക്കുന്നു.
ഇതുവഴി സാമൂഹ്യപരിണാമത്തിനും ഉയർന്ന ജ്ഞാന സമ്പാദനത്തിനും വഴിവെക്കുന്നു.
ആരും തന്നെ വൈജ്ഞാനികനായോ പാമരനായോ ജനിക്കുന്നില്ല.അത്‌ ഭൗതികമായ അനുഭവങ്ങൾക്ക്‌ മുമ്പേ അറിവുണ്ടായിരുന്നില്ല.
പ്രായോഗികമായി ഒന്നും ചെയ്യാതെ ആരും തനിയെ ഉണ്ടാകുന്നതല്ല. എന്തെങ്കിലും കാര്യങ്ങൾ ചെയ്യുന്നതുവഴി ആരും തനിയെ വിദഗ്ദരാകുന്നില്ല.

-വൈരുദ്ധ്യങ്ങളെക്കുറിച്ച്‌.-


മാർക്സിസ്റ്റ്‌ ദർശനത്തിൽ മാവോയുടെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന വൈരുദ്ധ്യാത്മകതയെ സബന്ധിച്ചും
വൈരുദ്ധ്യങ്ങളെ മനസ്സിലാക്കുന്നതും പ്രയോഗിക്കുന്നതും ആയി ബന്ധപ്പെട്ടതാണ്‌.

മാവോയുടെ അപഗ്രഥനത്തിലും രചനകളിലും ഒട്ടുമിക്കപ്പോഴുംവൈരുദ്ധ്യങ്ങളെ തിരിച്ചറിയുന്നതിന്റേയും ഉപയോഗിക്കുന്നതിന്റേയും സൂചനകൾ കാണാം .
അദ്ദേഹത്തിന്റെ പ്രധാന ഉപന്യാസം തന്നെ"വൈരുദ്ധ്യത്തെക്കുറിച്ച്‌" എന്നതാണ്‌.1937 ഓഗസ്തിൽ ' പ്രയോഗത്തെക്കുറിച്ച്‌ ' എന്ന
ഉപന്യാസത്തിന്നു ശേഷം എഴുതിയ കൃതിയാണിത്‌.അക്കാലത്ത്‌ പാർട്ടിയിലെ വരട്ടുവാദ ചിന്തകളെ മറികടക്കാൻ കൂടിയായിരുന്നു
ഈ ലേഖനം തയാറാക്കപ്പെട്ടത്‌.

മാവോയുടെ രചന വാസ്തവത്തിൽ വൈരുദ്ധ്യാത്മകത സംബന്ധിച്ചുള്ള ലെനിന്റെ രചനയുടെ തുടർച്ച തന്നെയാണ്‌. 'വൈരുദ്ധ്യാത്മകവാദത്തിലെ ഉപ്പ്‌' എന്നാണ്‌ ലെനിൻ വൈരുദ്ധ്യത്തെ കുറിച്ച്‌ പറഞ്ഞിട്ടുള്ളത്‌.
തന്റെ ദാർശനിക കുറിപ്പുകളിൽ ലെനിൻ അഭിപ്രായപ്പെട്ടു;
"വിപരീതങ്ങളുടെ ഐക്ക്യത്തെസംബന്ധിച്ച് വൈരുദ്ധ്യാത്മക വാദം എന്നു പറയാം .
ഇത്‌ വൈരുദ്ധ്യാത്മകതയുടെ കാതലിനെ ഉൾക്കൊള്ളുന്നുവെങ്കിലും കൂടുതൽ വിശദീകരണവും വികാസവും ആവശ്യപ്പെടുന്നുണ്ട്‌
". ഈ 'വിശദീകരണവും വികാസവും' ആണ്‌ ഇരുപത്‌ വർഷങ്ങൾക്ക്‌ ശേഷം മാവോ നൽകിയത്‌.
വൈരുദ്ധ്യങ്ങളെ സംബന്ധിച്ച പഠനത്തിൽ ഒരു കുതിച്ചു ചാട്ടം തന്നെയായിരുന്നു മാവോയുടെ രചനകൾ
വളരെ വിശദമായി തന്നെയാണ്‌ വൈരുദ്ധ്യങ്ങൾ സംബന്ധിച്ച പ്രശ്നത്തെ അദ്ദേഹം നിരീക്ഷിച്ചിട്ടുള്ളത്‌.
അവയെ വളരെ ലളിതമായി തന്നെ ഏവർക്കും മനസ്സിലാകുന്നതും പ്രയോഗിക്കാവുന്നതും ആണെന്ന് അദ്ദേഹം വ്യക്തമാക്കി.

വിപരീതങ്ങളുടെ ഐക്യത്തെ സംബന്ധിച്ച നിയമം പ്രകൃതിയുടെയും സമൂഹത്തിന്റേയും അടിസ്ഥാന നിയമം തന്നെയാണെന്നും
അതുകൊണ്ടുതന്നെ ചിന്തയുടെ അടിസ്ഥാന നിയമവും അതുതന്നെയാണെന്നും മാവോ ചൂണ്ടിക്കാട്ടി.
തുടർന്ന് അദ്ദേഹം വിവരിച്ചത്‌ വൈരുദ്ധ്യത്തിന്റെ സാർവ്വർത്രികതയും കേവലത ( absoluteness) യുമാണ്‌.
അതിൻ പ്രകാരം ഓരോ വസ്തുവിന്റേയും ചിന്തയുടേയും എല്ലാ പ്രക്രിയകളിലും തുടക്കം മുതൽ ഒടുക്കം വരെയും വൈരുദ്ധ്യം ഉള്ളടങ്ങിയിരിക്കിന്നു.

അടുത്തത്തായി വൈരുദ്ധ്യത്തിന്റെ സവിശേഷതയെ കുറിച്ചും ആപേക്ഷികതയെക്കുറിച്ചുമാണ്‌ മാവോ പറയുന്നത്‌.
ഈ തത്വം അനുസരിച്ചു‍ ഓരോ വൈരുദ്ധ്യത്തിനും,അതിന്റെ ഓരോ വശങ്ങൾക്കും അതിന്റേതായ സവിശേഷസ്വഭാവങ്ങൾ ഉണ്ട്‌.

മാവോ ആവിഷ്കരിച്ച പ്രധാനപ്പെട്ട മറ്റൊരു സങ്കല്പം വൈരുദ്ധ്യത്തിലെ വിപരീതങ്ങളുടെ ഐക്യവും സമരവുമാണ്‌.
വിപരീതങ്ങളുടെ ഐക്യമെന്നത്‌ സോപാധികവുമായതിനാൽ എപ്പോഴും താൽകാലികവും ആപേക്ഷികവുമാണ്‌ .
മറ്റൊരുവശത്ത്‌ ഈ വിപരീതങ്ങളുടെ സമരം അവസാനിക്കാത്തതും സാർവ്വർത്രികവും കേവലവുമാണ്‌.

അപഗ്രഥനത്തിൽ അദ്ദേഹം പലപ്പോഴും ഉപയോഗിച്ചിട്ടുള്ള മറ്റൊരു പ്രധാനപ്പെട്ട തത്വം
അടിസ്ഥാന വൈരുദ്ധ്യം എന്തെന്ന് അറിയുക എന്നുള്ളതാണ്‌ . അതിലൂടെ എല്ലാ പ്രക്രിയകളിലുമുള്ള മുഖ്യവൈരുദ്ധ്യത്തേയും
വൈരുദ്ധ്യത്തിലെ മുഖ്യവശത്തെയും കണ്ടെത്താനുള്ള രീതിയും അദ്ദേഹം വികസിപ്പിച്ചെടുത്തു.

മാവോ ഇങ്ങനെ ചൂണ്ടിക്കാട്ടി.
"ഒരു വസ്തുവിന്റെ വികാസപ്രക്രിയയിലും ആ പ്രക്രിയയുടെ സത്തയിലുമുള്ള അടിസ്ഥാന വൈരുദ്ധ്യം
ആ പ്രക്രിയ പൂർത്തിയാക്കുവോളം അപ്രത്യക്ഷമാവുകയില്ല..എന്നാൽ
ഒരു വസ്തുവിന്റെ വികാസപ്രക്രിയയിലെ അടിസ്ഥാന വൈരുദ്ധ്യത്തിന്റെ സ്വഭാവവും വികാസപ്രക്രിയയുടെ സത്തയും
മാറ്റമില്ലാതെ നിലനിൽക്കുമെങ്കിലും ഒരു ഘട്ടത്തിൽ നിന്ന് മറ്റൊരു ഘട്ടത്തിലേക്കുള്ള ദീര്‍ഘിച്ച മാറ്റത്തിനിടയിൽ
അടിസ്ഥാന വൈരുദ്ധ്യം കൂടുതൽ കൂടുതൽ മൂർച്ഛിച്ചിരിക്കുന്നു..
കൂടാതെ,അടിസ്ഥാന വൈരുദ്ധ്യം നിർണ്ണയിക്കുകയോ സ്വധീനിക്കുകയോ ചെയ്യുന്ന അസംഖ്യം വലുതും ചെറുതുമായ വൈരുദ്ധ്യങ്ങളിൽ
ചിലവ രൂക്ഷമാവുകയോ ചില താൽകാലികമായോ ഭാഗികമായോ പരിഗണിക്കപ്പെടുകയോ മയപ്പെടുത്തുകയോ ചെയ്യുന്നു.
പുതിയവ ശക്തിപ്പെടുകയും ചെയ്യുന്നു. ഈ പ്രക്രിയ ഓരോ ഘട്ടത്തിലും സംഭവിക്കുന്നു.
ഒരു കാര്യത്തിന്റെ വികാസപ്രക്രിയയുടെ ഘട്ടങ്ങളെക്കുറിച്ച്‌ ജനങ്ങൾ ബോധ്യമുള്ളവരല്ലങ്കിൽ
അവർക്ക്‌ അതിന്റെ വൈരുദ്ധ്യങ്ങളെ ഉചിതമായ രീതിയിൽ കൈകാര്യം ചെയ്യാനില്ല"
(വൈരുദ്ധ്യത്തെ സംബന്ധിച്ച്‌)

ഈ തത്വം അനുസരിച്ച്‌ ഒരു സങ്കീർണ്ണ കാര്യത്തിന്റെ വികാസപ്രക്രിയയിൽ നിരവധി വൈരുദ്ധ്യങ്ങൾ ഉണ്ട്‌
അതിലൊന്ന് അനിവാര്യമായും മുഖ്യ വൈരുദ്ധ്യമായിരിക്കും.അതിന്റെ നിലനിൽപ്പും വികാസവും നിർണ്ണയിക്കുകയോ സ്വാധീനിക്കുകയോ ചെയ്യുന്നു.
അത്തരത്തിൽ ഏത്‌ പ്രക്രിയയിലും നിരവധി വൈരുദ്ധ്യങ്ങളുണ്ട്‌. അതിലൊന്ന് നിർണ്ണായകവും നേതൃത്വപരവുമായ പങ്കുവഹിക്കുന്ന
മുഖ്യവൈരുദ്ധ്യം ആയിരിക്കും.
മറ്റുള്ളവ രണ്ടാം നിരയിലുള്ളവയോ അപ്രധാനമോ ആയിരിക്കും.അതിനാൽ രണ്ടോ അതിലധികമോ വൈരുദ്ധ്യങ്ങളുള്ള
ഏത്‌ സങ്കീർണ്ണ പ്രക്രിയയെക്കുറിച്ചും പഠിച്ചാലും അതിലെ മുഖ്യവൈരുദ്ധ്യത്തെ കണ്ടെത്താൻ നാം എല്ലാതരത്തിലും യത്നിക്കേണ്ടതുണ്ട്‌.
ഒരിക്കൽ ഈ മുഖ്യവൈരുദ്ധ്യത്തെ മനസ്സിലാക്കിയാൽ എല്ലാ പ്രശ്നങ്ങളും ഉടൻ പരിഹൃതമാകും.

അത്പോലെത്തന്നെ, ഏതുവൈരുദ്ധ്യത്തിലും വിരുദ്ധ വശങ്ങളുടെ/ഘടകങ്ങളുടെ വികാസം അസമാനമായിരിക്കും.ചിലപ്പോൾ
അവ സന്തുലിതമായി കണ്ടേക്കാം അത്പക്ഷേ താൽക്കാലികവും ആപേക്ഷികവുമായിരിക്കും.
എന്നാൽ,അസമാനത അടിസ്ഥാന പരവും രണ്ടു വിപരീത വശങ്ങളിൽ ഒന്നു മുഖ്യമായുട്ടുള്ളതുമായിരിക്കും.
രണ്ടാമത്തേത്‌ രണ്ടാം  സ്ഥാനത്തുള്ളതും ഒരു വൈരുദ്ധ്യത്തിലെ മുഖ്യവശം/ ഘടകമായിരിക്കും നേതൃത്വപരമായ പങ്കുവഹിക്കുക.
ഒരു വസ്തുവിന്റെ സ്വഭാവത്തെ പ്രധാനമായും നിർണ്ണയിക്കുന്നത്‌ വൈരുദ്ധ്യത്തിലെ മുഖ്യഘടകമായിരിക്കും

തന്റെ അപഗ്രഥനത്തിൽ  മുക്യവൈരുദ്ധ്യത്തെ മനസ്സിലാക്കുന്നതിനേക്കുറിച്ച്‌ മാവോ എപ്പോഴും ഊന്നിക്കൊണ്ടിരുന്നു
അത്തരത്തിൽ ചൈനീസ്‌ സമൂഹത്തെക്കുറിച്ചുള്ള തന്റെ അപഗ്രഥനത്തിൽ അദ്ദേഹം എപ്പോഴും മുഖ്യ വൈരുദ്ധ്യത്തേയും അപഗ്രഥിച്ചു.
ഇതാണ്‌ യഥാർത്ഥത്തിൽ മുൻ കാല മാർക്സിസ്റ്റ്‌-ലെനിനിസ്റ്റപഗ്രഥനംത്തിൽ നിന്നുള്ള മുന്നേറ്റം.
മുൻ കാല മാർക്സിസ്റ്റ്‌-ലെനിനിസ്റ്റ്‌ അപഗ്രഥനം ഒരു രാജ്യത്തിലേയോ വിപ്ലവത്തിലേയോ മുഖ്യവൈരുദ്ധ്യത്തെ അപഗ്രഥിക്കാൻ
പ്രത്യേകിച്ച്‌ ശ്രദ്ധകൊടുത്തിരുന്നില്ല.


രണ്ട്‌ കാര്യങ്ങളെക്കുറിച്ച്‌ മാവോ ഊന്നിപ്പറഞ്ഞു
'ഒരു പ്രക്രിയയിലെ മുഖ്യവും മുഖ്യേതരവുമായ രണ്ടുതരം വൈരുദ്ധ്യങ്ങളെ പരിശോധിക്കുന്നില്ലെങ്കിൽ
അതു പോലെ ഒരു വൈരുദ്ധ്യത്തിലെ മുഖ്യഘടകത്തേയും മുഖ്യേത്രഘടകത്തേയും പരിശോധിക്കുന്നില്ലെങ്കിൽ
നാം അമൂർത്തത്തയിൽ പുതഞ്ഞുപോകും.
വൈരുദ്ധ്യത്തെ മൂർത്തമായി മനസ്സിലാക്കുവാൻ കഴിവില്ലാതെയാകും.അത്ശരിയായി പരിഹരിക്കാൻ കഴിയാത്ത വിധത്തിലെത്തും .
മുഖ്യവൈരുദ്ധ്യത്തേയും വൈരുദ്ധ്യത്തിലെ മുഖ്യഘടകത്തേയും മനസ്സിലാക്കുന്നതിന്റെ പ്രാധാന്യമെന്തെന്നാൽ
അവ വൈരുദ്ധ്യത്തിലെ ശക്തികളുടെ അസമാനതയെ പ്രതിന്ധീകരിക്കുന്നു എന്നുള്ളതാണ്‌.
ഈ ലോകത്ത്‌ ഒന്നും തന്നെ പൂർണ്ണമായും സന്തുലിതമായ അവസ്ഥയിലല്ല വികസിക്കുന്നത്‌.അതിനാൽ മുഖ്യവൈരുദ്ധ്യത്തിന്റേയും
രണ്ടാം നിര വൈരുദ്ധ്യത്തിന്റേയും അവസ്ഥാന്തരത്തെക്കുറിച്ച്‌, വൈരുദ്ധ്യത്തിലെ മുഖ്യഘടകത്തിന്റേയും അവസ്ഥാന്തരത്തേക്കുറിച്ച്‌
മനസ്സിലാക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌.
ഇത്തരത്തിൽ വൈരുദ്ധ്യത്തേയും വൈരുദ്ധ്യത്തിലെ അവസ്ഥാന്തര പ്രക്രിയയേയും മനസ്സിലാക്കുന്നതിലൂടെ മാത്രമാണ്‌
ഒരു വിപ്ലവപാർട്ടിയുടെ തന്ത്രങ്ങളും നയങ്ങളും തീരുമാനിക്കപ്പെടാനാവുക.

വൈരുദ്ധ്യത്തിലെ ശത്രുതാപരമായ പ്രശ്നത്തിലും മാവോ വ്യക്തത നൽകിയിട്ടുണ്ട്‌.അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ
വിപരീതങ്ങൾക്കിടയിലെ സമരത്തിൽ ശത്രുത ഒരു രൂപമാണ്‌ .എന്നാലത് ഒരേ‍ഒരു രൂപം മാത്രമല്ല .അതുകൊണ്ട്‌
ശത്രുതയെ സംബന്ധിച്ച സൂത്രവാക്യം ഏകപക്ഷീയമായി എവിടേയും ഉപയോഗിക്കാനാവില്ല.
ചിലവൈരുദ്ധ്യങ്ങളുടെ സവിശേഷത തുറന്ന ശത്രുതയാണെങ്കിൽ മറ്റുചിലത്‌ അങ്ങനെയല്ല.
കാര്യങ്ങളുടെ മൂർത്തമായ വികാസം അനുസരിച്ച്‌ ശത്രുതാപരമല്ലാതിരുന്ന ചില വൈരുദ്ധ്യങ്ങൾ ശത്രുതാപരമായ രൂപം കൈവരിക്കാം
നേരെതിരിച്ചും സംഭവിക്കാം .
വൈരുദ്ധ്യങ്ങളുടെ സ്വഭാവത്തിലെ വ്യത്യസ്ത തകൾക്ക്‌ അനുസൃതമായിട്ടാണ്‌ സമരരൂപങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നത്‌.
ഇത്തരത്തിൽ അദ്ദേഹം സുവ്യക്തമായി പ്രസ്താവിച്ചു.
വികാസപ്രക്രിയക്കിടയിൽത്തന്നെ പുതിയ വൈരുദ്ധ്യങ്ങളും ഉയർന്നു വന്നേക്കാം .
അടിസ്ഥാന വൈരുദ്ധ്യത്തിന്റേയും മുഖ്യ വൈരുദ്ധ്യത്തിന്റേയും വൈരുദ്ധ്യത്തിലെ മുഖ്യഘടകത്തിന്റേയും സ്വഭാവത്തിൽ മാറ്റമുണ്ടായേക്കാം .
അപ്രകാരം ശത്രുതാപരവും ശത്രുതാപരമല്ലാത്തതുമായ വൈരുദ്ധ്യങ്ങളുടെ അവസ്ഥകളിലും മാറ്റമുണ്ടായേക്കാം.
മാവോ ഈ രീതി ഉപയോഗിച്ചിട്ടുള്ളത്‌ ജനകീയ ജനാധിപത്യ വിപ്ലവകാലത്ത്‌ മാത്രമല്ല.
സോഷ്യലിസ്റ്റ്‌ നിർമ്മാണഘട്ടത്തിലും ഇതേരീതിയാണ്‌ ഉപയോഗിച്ചത്‌.വിപ്ലവവിജയത്തോടെ ചൈനീസ്‌ സമൂഹത്തിൽ
വൈരുദ്ധ്യങ്ങളില്ലാതായെന്ന് ചിന്തിക്കുന്നത്‌ തെറ്റാണെന്ന് മാവോ ഊന്നിപ്പറഞ്ഞു.
സമൂഹത്തിൽ തുടർന്നും നിലനിൽക്കുന്ന രണ്ട്‌ വൈരുദ്ധ്യങ്ങളെ അദ്ദേഹം ചൂണ്ടിക്കാട്ടി.
ശത്രുവുമായുള്ള വൈരുദ്ധ്യവും ജനങ്ങൾക്കിടയിൽ തന്നെയുള്ള വൈരുദ്ധ്യങ്ങളും.
ശത്രുവുമായുള്ള വൈരുദ്ധ്യം ശത്രുതാപരവും അതടിച്ചമർത്തലിലൂടെ പരിഹരിക്കേണ്ടതുമാണ്‌.എന്നാൽ
ജനങ്ങൾക്കിടയിൽതന്നെയുള്ള വൈരുദ്ധ്യങ്ങൾ ശത്രുതാപരമാകാത്തരീതിയിൽ കൈകാര്യംചെയ്യേണ്ടതുണ്ട്‌.
വൈരുദ്ധ്യങ്ങളെ ശരിയായികൈകാര്യം ചെയ്യുന്നതിന്റെ ആവശ്യകതയെക്കുറിച്ച്‌ മാവോ എപ്പോഴും ഊന്നിപ്പറഞ്ഞിരുന്നു.
വൈരുദ്ധ്യങ്ങളെ ശരിയായി മനസ്സിലാക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്തില്ലെങ്കിൽ മുതലാളിത്ത പുന:സ്ഥാപനം എന്ന
അപകടം ഒഴിവാക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

-മാവോ- അർത്ഥശാസ്ത്രത്തെക്കുറിച്ച്‌-


ചൈനീസ്‌ വിപ്ലവകാലത്ത്‌,വളരെ കൃത്യതയോടെയാണ്‌ മാർക്സിസ്റ്റ്‌-ലെനിനിസ്റ്റ്‌ സിദ്ധാന്തത്തെ മാവോ വികസിപ്പിച്ചത്‌.
ചൈനയിലെ വർഗ്ഗവിശകലനത്തിലൂടെ അദ്ദേഹം ഒരു കൊളോണിയൽ-അർദ്ധകൊളോണിയൽ-പുത്തന്‍ കൊളോണിയൽ
രാജ്യങ്ങളിലെ സമൂഹത്തേയും ഭരണകൂടത്തേയും സംബന്ധിച്ചുള്ള വിലയിരുത്തലുകൾ മുന്നോട്ട്‌ വെച്ചു.
ഇതോടൊപ്പം തന്നെ അദ്ദേഹം ജനകീയ ജനാധിപത്യ വിപ്ലവത്തെ സംബന്ധിച്ച കോമിന്റേൺ സിദ്ധാന്തവും പ്രയോഗവും വികസിപ്പിച്ചടുത്തു.
ജനാധിപത്യവിപ്ലവം സംബന്ധിച്ച ലെനിനിസ്റ്റ്‌ സങ്കൽപ്പത്തിനും ജനാധിപത്യ വിപ്ലവഘട്ടത്തിൽ
തൊഴിലാളി-കർഷക ഐക്യമെന്ന അടിസ്ഥാന സഖ്യത്തിന്ന് കൂടുതൽ വ്യക്തത നൽകി.
പുതിയ തരത്തിലുള്ള ജനാധിപത്യ വിപ്ലവം അല്ലെങ്കിൽ പുത്തൻ ജനാധിപത്യവിപ്ലവമെന്ന പ്രയോഗത്തിലൂടെ ജനാധിപത്യവിപ്ലവത്തിന്റെ
സ്വഭാവത്തിന്ന് കൂടുതൽ അറിവുനൽകി.

-മാവോ പാർട്ടിയെ ക്കുറിച്ച്‌-


സിപിസിയുടെ നേതൃത്വം ഏറ്റെടുത്ത നാൾമുതൽ പാർട്ടിയെ യഥാർത്ഥ ലെനിനിസ്റ്റ്‌ പാതയിൽ വികസിപ്പിക്കാൻ എല്ലായത്നങ്ങളും മവോ കൈക്കൊണ്ടു.
പാർട്ടിയെ സംബന്ധിച്ചുള്ള ലെനിനിസ്റ്റ്‌ സങ്കൽപ്പങ്ങൾ വികസിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ സംഭാവനകൾ:-
1)ജനാധിപത്യ കേന്ദ്രീകരണം.
ജനാധിപത്യകേന്ദ്രീകരണം സംബന്ധിച്ച വിശദീകരണത്തിൽ വിഭാഗീയപരവും ഉദ്യോഗസ്ഥമേധാവിത്വപരവുമായ വ്യതിയാനങ്ങൾ
ഒഴിവാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ കാണാം.
ജനാധിപത്യകേന്ദ്രീകരണത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ സമീപനം 'ജനാധിപത്യം പ്രഥമവും കേന്ദ്രീകരണവും തുടർന്ന് 'എന്നതായിരുന്നു.
ഇത്‌ പലരീതിയിൽ അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്‌.
'ജനാധിപത്യമില്ലെങ്കിൽ അവിടെ യാതൊരു കേന്ദ്രീകരണവുമില്ല' കേന്ദ്രീകരണം എന്നത്‌ ജനാധിപത്യ അടിത്തറയിൽ നിർമ്മിച്ച കേന്ദ്രീകരണമാണ്‌.
വിശാല ജനാധിപത്യ അടിത്തറയിലെ തൊഴിലാളി വർഗ്ഗ കേന്ദ്രീകരണം.
2) രണ്ട്‌ ലൈൻ സമരം-
പാർട്ടി സംഘടനാ തത്വങ്ങൾ സംബന്ധിച്ച ഈ രംഗത്തും മാവോ മാർക്സിസ്റ്റ്‌ ധാരണയേയുംസിദ്ധാന്തത്തേയും വികസിപ്പിച്ചു.
വൈരുദ്ധ്യാത്മക ഭൌതിക വാദത്തിന്റെ അടിസ്ഥാനത്തിൽ മാവോയുടെ സമീപനം കമ്യൂണിസ്റ്റ്‌ പാർട്ടിക്കുള്ളിലെ
ഭിന്നാഭിപ്രായങ്ങളെ സമൂഹത്തിലെ അന്യവർഗ്ഗങ്ങളുടെ പ്രതിഫനമെന്നനിലയിൽ കാണുക എന്നതാണ്‌.
അത്തരത്തിൽ സമൂഹത്തിൽ വർഗ്ഗസമരം തുടരുന്നിടത്തോളം കാലം അതിന്റെ പ്രതിഫലനങ്ങൾ പാർട്ടിക്കുള്ളിലെ
പ്രത്യശാസ്ത്രസമരത്തിലും പ്രതിഫലിക്കും.ഈ വൈരുദ്ധ്യത്തോടുള്ള അദ്ദേഹത്തിന്റെ സമീപനവും വ്യത്യസ്ഥമായിരുന്നു.
ശക്തമായ സമരത്തിലൂടെ പരിഹരിക്കാവുന്ന ശത്രുതാപരമല്ലാത്ത വൈരുദ്ധ്യമായിട്ടാണ്‌ ഇതിനെ ആദ്യം അദ്ദേഹം കണ്ടത്‌.
വേണ്ടത്ര അവസരം നൽകി അത്‌ പരിഹരിക്കാൻ ശ്രമിക്കണമെന്നും
തെറ്റുകൾ തുടരുകയോ വഷളാക്കുകയോ ചെയ്യുമ്പോൾ മാത്രമാണ്‌ ഈ വൈരുദ്ധ്യങ്ങൾ ശത്രുതാപരമാകുന്നതെന്നും അഭിപ്രായപ്പെട്ടു.
3) ബഹുജനലൈൻ-
ഇത്‌ മാവോയുടെ കാതലായ സൈദ്ധാന്തിക സംഭാവനയാണ്‌.
പാർട്ടിയെ സംബന്ധിച്ച മാർക്സിസ്റ്റ്‌-ലെനിനിസ്റ്റ്‌ ധാരണയിൽ നിന്നാരംഭിച്ച്‌ ജനങ്ങളുമായി സാധ്യമായ ഏറ്റവുമടുത്തബന്ധങ്ങൾ
നിലനിർത്തിയാണ്‌ കൂടുതൽ ഗുണപരമായ പുതിയതലത്തിലേക്ക്‌ ബഹുജനലൈൻ എന്ന ആശയത്തെ മാവോ വികസിപ്പിച്ചത്‌.

തത്വശാസ്ത്രപരമായി മാർക്സിസ്റ്റ്‌ വിജ്ഞാന സിദ്ധാന്തത്തിന്റെ കാതലായ വശമാണതെന്ന് അദ്ദേഹം തെളിയിച്ചു..
രാഷ്ട്രീയവും സംഘടനാപരവുമായ തലങ്ങളിൽ ശരിയായ രാഷ്ട്രീയ ലൈനിന്റേയും ഉൾപാർട്ടി ബന്ധങ്ങളുമായി ബന്ധപ്പെട്ട
ശരിയായ സംഘടനാ ലൈനിന്റേയും അടിസ്ഥാന ബഹുജനലൈനാണെന്ന് മാവോ സ്ഥാപിച്ചു.

ചുരുക്കത്തിൽ, മേൽ സൂചിപ്പിച്ച കാര്യങ്ങൾ മാവോയുടെ സാർവ്വർത്രിക സംഭാവനകളാണ്‌.
അവ മാർക്സിസം-ലെനിനിസത്തിന്റെ വികാസവുമായി ബന്ധപ്പെട്ട നിരവധി അടിസ്ഥാന തത്വങ്ങളെ അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ടെങ്കിലും
അതിനെ മാവോയിസമെന്ന് പറയാനാവില്ല.
കാരണം
മൗലികമായ സംഭാവനകളോ മാർക്സിന്റേയും ലെനിനിന്റേയും ആശയങ്ങളിൽ നിന്നുള്ള വഴിപിരിയലോ അല്ല.
എല്ലാബന്ധങ്ങളിലും അവ മാർക്സിസം -ലെനിനിസത്തിന്റെ തുടർച്ചയാണ്‌.

ഹൃസ്വമായിപറഞ്ഞാൽ ,ഇവയെല്ലാമാണ്‌. മാർക്സിസം-ലെനിനിസം-മാവോ ചിന്ത സംബന്ധിച്ചുള്ള അടിസ്ഥാന ധാരണകൾ.
മാർക്സ്‌,എംഗൽസ്‌,ലെനിൻ,സ്റ്റാലിൻ,മാവോ എന്നിവർ നമ്മുടെ സാർവ്വർത്രിക അധ്യാപകരാണ്‌ .
എന്നുകരുതി അവരുടെ എല്ലാ സിദ്ധാന്തവൽക്കരണങ്ങളും പ്രയോഗങ്ങളും പരിമിതികൾ ഇല്ലാത്തതാണെന്നല്ല.
എല്ലാം ശരിയാണെന്ന് നാം കരുതുന്നുണ്ടെങ്കിൽ അത്‌ വരട്ട് വാദം മാത്രമാണ്‌.
വൈരുദ്ധ്യാത്മക ഭൗതികവാദം നമ്മെ പഠിപ്പിക്കുന്നത്‌ ഒന്നും അന്തിമമല്ലെന്നാണ്‌.
എല്ലാം മാറിക്കൊണ്ടിരിക്കുന്നു എന്നാണ്‌.
അതിനാൽ മാർക്സിസം-ലെനിനിസത്തിന്റെ ചക്രവാളങ്ങൾവിശാലമാണ്‌.

മാർക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ ഊന്നിനിന്നുകൊണ്ട്‌ സമൂർത്ത സാഹചര്യങ്ങളുടെ സമൂർത്ത വിശകലനത്തിലൂടെ
എല്ലായഥാർത്ഥ മാർക്സിസ്റ്റുകൾക്കും മാർക്സിസത്തെ വികസിപ്പിക്കാനുള്ള കടമയുണ്ട്‌.
ചരിത്രപരമായ മുൻ കാലവിപ്ലവങ്ങളുടെ പരാജയങ്ങക്ക്ശേഷം കൂടുതൽ വീര്യത്തോടെ മാർക്സിസം-ലെനിനിസം-മാവോ ചിന്തകളെ
സ്ഥാപിച്ചെടുക്കേണ്ട ഇന്നത്തെ ആവശ്യകത മുമ്പെന്നത്തേക്കാളും ഏറെയാണ്‌.
കുറവുകൾ ഏറെയുണ്ട്‌.
പക്ഷെ,ഈ കുറവുകളെയെല്ലാം മറികടന്നുകൊണ്ട്‌ വിജയത്തിലേക്കുള്ള വിപ്ലവ നീക്കങ്ങളെ കെട്ടഴിച്ചു വിടുവാനുമുള്ള ഉത്തരവാദിത്വം
ചരിത്രം നമ്മുടെ ചുമലിലാണ്‌ വെച്ചു തന്നിരിക്കുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല: