2010, മേയ് 18, ചൊവ്വാഴ്ച

ചില്ല് മേടയിലിരുന്നു കല്ലെറിയരുതേ സാറന്മാരെ.

അടുത്തകാലത്ത്‌ നമുക്കൊക്കെ വളരെ സുപരിചിതമായ ഒന്നാണല്ലോ
ബ്രാന്റ്‌ അംബാസഡർ പദവിയും പേരും .
ഒന്നു ശ്രദ്ധിച്ചാൽ
ഇത്‌ തൂണിലും തുരുമ്പിലും നിറഞ്ഞു നിൽക്കുന്നു എന്നു നമുക്ക്‌ തിരിച്ചറിയും
അതെ, ഇവർ എല്ലാകാര്യത്തിലും വിദഗ്ദരുടെ വേഷം അണിയുന്നു.
ഏതു സ്വർണ്ണം വാങ്ങണമെന്നും ഏതു ബാങ്കിൽ നിക്ഷേപിക്കണമെന്നും
ഏതു പൽപ്പൊടി ഉപയോഗിക്കണമെന്നും ഏത്‌ പെയിന്റ്‌ അടിക്കണമെന്നും
ഏതു അച്ചാർ നക്കണമെന്നും വൈദ്യുതി എപ്പോൾ ഓൺ ചെയ്യണമെന്നും ...
അങ്ങിനെ പറഞ്ഞാൽ തീരാത്ത മേഖലകളിൽ
ദീർഗ്ഗ ദർശ്ശിത്തവും വൈദഗ്ദ്യവും നമ്മോട്‌ ഉപദേശിക്കാറുണ്ടു.
പൊതുമേഖലയയെ വിറ്റഴിക്കൽ പ്രക്രിയക്ക്‌ മാർഗ്ഗദർശ്ശനം നൽകാൻ ,
സാമ്പത്തിക പരിഷ്ക്കാരങ്ങൾ വേഗത്തിൽ നടപ്പാക്കാൻ,
സ്വകാര്യവൽക്കരണവും ആഗോള വൽക്കരണവും വേഗത്തിലാക്കാൻ
ഈ വിദഗ്ദരെ വാടകക്കെടുത്താൽ മതിയെന്ന്
മൂലധന ശക്തികൾക്ക്‌ പൂർണ്ണമായും
അനുഭവത്തിന്റെ വെളിച്ചത്തിൽ ബോദ്ധ്യപ്പെട്ടിരിക്കുന്നു.
അങ്ങിനെ ചെയ്താൽ ഇക്കൂട്ടർ രാജ്യത്തെ നന്നായി സേവിക്കും
നമ്മുടെ ഭാരതത്തെ തിളങ്ങുന്നതാക്കി മാറ്റും
ഇവർ നമ്മളെ മാറ്റി മറിക്കും അതും നിങ്ങളുടെ ചിലവിൽതന്നെ.
ക്ഷമിക്കണം ,
എന്റെ ഈ കുറിപ്പിന്റെ അടുത്ത ഭാഗത്തേക്ക്‌ കടക്കുന്നതിന്നു മുൻപ്‌
കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോവിലെ ചെറിയ വരികൾ ഇവിടെ എഴുതിചേർക്കട്ടെ.
"ഭൗതിക ഉൽപാദനത്തിലെന്നപോലെ ബുദ്ധിപരമായ ഉൽപാദനത്തിലും
ഇതേമാറ്റങ്ങൾ ഉണ്ടാവുന്നു.
പ്രത്യേകരാജ്യങ്ങളുടെ ബുദ്ധിപരമായ സൃഷ്ടികൾ പൊതു സ്വത്തായി തീരുന്നു.
ബൂർഷ്വാസിയുടെ ഇത്തരം പടയോട്ടങ്ങൾ
"മനുഷ്യനും മനുഷ്യനും തമ്മിൽ നഗ്നമായ സ്വാർത്ഥത ഒഴികെ,
ഹൃദയശൂന്യമായ റൊക്കം പൈസ ഒഴികെ
മറ്റൊരു ബന്ധവും അതു ബാക്കിവെച്ചിട്ടില്ല".
ഇനി വീണ്ടും കുറിപ്പിലേക്ക്‌ ,
മെയ്‌ 9 ന്റെ മാതൃ ദിനത്തിൽ
മാതൃതീരത്ത്‌ അമ്മക്കിളിക്കൂട്‌ എന്ന കൂട്ടായ്മയിൽ പങ്കെടുത്ത
"സാംസ്കാരിക നേതൃത്വം "വിതുമ്മി ,നെഞ്ചുരുകി കണ്ണു നിറഞ്ഞു ,
കണ്ണീരടക്കാൻ പാടുപെട്ടൂ.
അമ്മമാരെ വൃദ്ധസദനത്തിലേക്ക്‌ അയക്കില്ലെന്ന്
ഓരോകുട്ടിയും പ്രഖ്യാപിക്കണ മെന്ന സന്ദേശമായിരുന്നു
ഇവരുടെ തിരു ഹൃദയം വിങ്ങിയതിന്ന് അടിസ്ഥാനകാരണം
ഇവരിൽ ചിലർ വിതുമ്പിപറഞ്ഞ വാചകങ്ങളിലേക്ക്‌
"ഒമ്പതരമാസം അമ്മയുടെ ശരീരത്തിൽ നിന്നു ഗർഭപാത്രത്തിലേക്ക്‌
ഊർജ്ജവും രക്തവും ഭക്ഷണവും നൽകിയ
പൊക്കിൾകൊടിയുടെ മുദ്ര ഒരു ശസ്ത്രക്രിയക്കും മായ്ക്കാനാവാതെ
ശരീരത്തിൽ ബാക്കിയാണെന്ന്
അമ്മയെ അടിവയറ്റിൽ ചവുട്ടി പുറത്താക്കുന്ന മക്കൾ ഓർക്കണമെന്നും
അമ്മമാർ പാർക്കേണ്ടത്‌ വൃദ്ധ സദനത്തിലല്ല അവരുടെ വീടുകളിലാണ് .
അവരുടെ നെഞ്ചുതടവേണ്ടതും ചാരിയിരുത്തേണ്ടതും മക്കളാണ്
ബഹു:അബ്ദു സമദ്‌ സമദാനി മക്കളെ ഓർമ്മിപ്പിച്ചു.
"ദേവഭൂമിയായ ഹിമാലയത്തിലും വിശ്വനാഥ പ്രഭുവിന്റെ കാശിയിലും
ന്യൂയോർക്കിലേയും ലണ്ടനിലേയും ആഘോഷ തിമർപ്പിലും
ആർട്ടിക്കിലെ മഞ്ഞുപാളിയിലും ഞാൻ പോയിട്ടുണ്ടു.
പക്ഷെ അമ്മ ചുരത്തുന്ന സ്നേഹത്തിന്റെ പാൽക്കടൽ തീരത്ത്‌ നിൽക്കുമ്പോൾ
അതൊന്നും ഒന്നുമല്ലെന്ന് ഞാൻ അറിയുന്നു.
കുഞ്ഞിനെ വളർത്തുന്നതിന്നോളം വലിയ കല വേറെയില്ലെന്ന്"
ലാൽ.
വീകാരാധീനനായ ലാളിനെ അമ്മ അടുത്തിരുത്തി സമാദാനിപ്പിച്ചു
[മലയാള മനോരമ 10/5/2010]
നോക്കുക 'ഇവിടെ സ്നേഹം പാലാഴിയായി ഒഴുകുന്ന
അവിസ്മരണീയ മുഹൂർത്തങ്ങൾ...
ശരിയാണ് സമ്മതിക്കുന്നു
എത്രയും വേഗത്തിൽ മനുഷ്യനിലേക്കുള്ള ആഞ്ഞു നടത്തം തന്നെയാണ്
സർവ്വ പ്രദാനം .
അതു കൂടുതൽ നല്ല മനുഷ്യനാകാനുള്ള സമരമാണ് മുന്നേറ്റമാണ്.
ഇതു സമൂഹത്തിൽ അതിശക്തമായി നടക്കുന്നുണ്ടു.
എന്നാൽ ചോദ്യം അതല്ല
ഇവിടെ ആരാണ്പ്രതികൾ?
ഇവരുടെ ആഹ്വാനത്തിൽ ചൂണ്ടു വിരലുകൾ എങ്ങേട്ടാണ് നീട്ടിയത്‌.
ഉത്തരം കിട്ടിയേ മതിയാവൂ...
ഒരു കവി പറഞ്ഞിരുന്നു 'ഇതു ഒരു തുറുകണ്ണൻ കാലമാണെന്ന് '
ലോകത്തിലെ ഏറ്റവും വലിയ ആയുധവ്യാപാരി
സമാധാനത്തിന്റെ സുവിശേകനാവുന്ന കാലം.
രാജ്യത്തിലെ അംഗസംഖ്യയിൽ ഭൂരിപക്ഷം വരുന്ന
ഒരു വിഭാഗമായ സ്ത്രീ വിഭാഗങ്ങൾക്ക്‌
അടിസ്ഥാനമായിട്ടുള്ള മനുഷ്യാവകാശം പോലും
നിഷ്കരുണം നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ
അതൊക്കെ ബോധപൂർവ്വം മറച്ചുവെച്ച്‌
അവാസ്ഥവ ധാരണക്ക്‌ പ്രചാരണം നൽകുന്നത്‌
മിതമായ ഭാഷയിൽ പറഞ്ഞാൽ വിലകുറഞ്ഞ പരസ്യവാചകം മാത്രമാണ്.
മാനവ സമൂഹത്തിൽ മൃഗങ്ങളിൽ നിന്നും ഭിന്നമായി
അമ്മയും, അച്ഛനും, സഹോദരനും,സഹോദരിയും മാതുലനും ,ഭാര്യയും,മകളും, അമ്മാവനും,അമ്മായിയും തുടങ്ങി
എത്രയോ മാനുഷിക ബന്ധങ്ങൾ നിലനിൽക്കുന്നുണ്ട്‌.
ചരിത്രം,ഭരണപരമായരീതി,ആചാരങ്ങൾ ,സമ്പ്രദായങ്ങൾ,
വ്യവസ്ഥാപിത മൂല്യസങ്കൽപങ്ങൾ എന്നിവയുടെ ആകെത്തുകയ്ക്കുള്ളിലാണ്
ഓരോ മനുഷ്യനും ജീവിക്കേണ്ടി വരുന്നത്‌.
തന്റെ ജീവിതത്തിന്റെ ഉൽപാദന-ഉപഭോഗങ്ങളടങ്ങുന്ന ,
സാമൂഹ്യ സാഹചര്യങ്ങളിലും നില നിൽപിന്നുവേണ്ടി
സ്വീകരിക്കേണ്ടി വരുന്ന തൊഴിലടക്കമുള്ളവയോടുള്ള വിധേയത്വവും
അടങ്ങുന്ന പരസ്പര ബന്ധങ്ങളുടെ സത്തയാണ്
മാനുഷിക ബന്ധങ്ങളോടും ചുറ്റു പാടുകളോടുമ്മുള്ള
തന്റെ ഇടപെടലിന്റെ സ്വഭാവം നിർണ്ണയിക്കുന്നത്‌.
അതത്‌ ഘട്ടങ്ങളിൽ വ്യവസ്ഥ ചെയ്യപ്പെട്ടതും ,
നിർമ്മിതവുമായ അളവു കോലുപയോഗിച്ചു ഓരോരുത്തരേയും വിലയിരുത്തപ്പെടുകയാണ്.
'നല്ലമനുഷ്യൻ' 'ചീത്ത മനുഷ്യൻ' 'മഹാൻ'
തുടങ്ങിയ മുദ്രകൾ ചാർത്തപ്പെടുന്നത്‌ ഇത്തരം വിലയിരുത്തപ്പെടലിലാണ്.
അതുകൊണ്ടു തന്നെയാണ്
ഇവയെല്ലാം നിശ്ചിത ഘട്ടങ്ങളിൽ നിലനിൽക്കുന്ന രാഷ്ട്രീയാവസ്ഥയുടെ
കലർപ്പില്ലാത്ത പ്രതിഫലനവും പ്രതികരണവുമായി വിലയിരുത്തപ്പെടുന്നത്‌.
മൃഗാവസ്ഥയിലുള്ള വർക്ക്‌ രാഷ്ട്രീയം തീർത്തും അപ്രസക്തമാണ്.

ഒരു ജനതയെ അശരണമായ ജീവിത സാഹചര്യത്തിലേക്ക്‌ വലിച്ചെറിഞ്ഞ,
എല്ലാം കച്ചവട മാക്കുന്ന,
പണത്തിന്ന് മീതെ പരുന്തും പറക്കാത്ത ,
ഉള്ളവനും ഇല്ലാത്തവനും വേർത്തിരിഞ്ഞു നിൽക്കുന്ന
ഒരു വ്യവസ്ഥക്കകത്തു നിന്ന് കേവല ധാർമികതയെ ക്കുറിച്ചു മാത്രം
വാദിക്കുന്നതും വികാരം കൊള്ളൂന്നതിന്നും ഒരു പ്രസക്തിയുമില്ല.
എല്ലാ അവസ്ഥകളോടും സന്ധിചെയ്യുന്ന
കുറച്ചു പേരെ ഉണ്ടാക്കിയെടുക്കാൻ ചിലപ്പോൾ കഴിഞ്ഞെന്നു വരും
അത്രമാത്രം.
സ്ത്രീകൾ അമ്മയായാലും മകളായാലും
കൊള്ളയടിക്കപ്പെടുകയോ വിൽക്കപ്പെടുകയോ ചെയ്യാനുള്ള
ചരക്കുകളായി തീർന്നിരിക്കുന്നു എന്നു ഉറപ്പായിക്കഴിഞ്ഞു.
നമ്മുടെ രാജ്യത്തെ ഹിന്തുക്കളും മുസ്ലിമുകളും കൃസ്ത്യാനികളും
കാൽ കാശിന്റെ വിലപോലും സ്ത്രീകൾക്ക്‌ കൽപ്പിക്കുന്നില്ല.
ലിംഗ സമത്വം,
സ്വത്തവകാശത്തിലെ തുല്യത,
തുല്യ ജോലിക്ക്‌ തുല്യ വേതനം
തുടങ്ങിയ സാമൂഹ്യ സുരക്ഷിതത്വ നടപടിയിൽ നിന്ന് അകറ്റി നിർത്തി
അഗതി മന്ദിരങ്ങളിലേക്ക്‌ അനാഥാലയങ്ങളിലേക്ക്‌ കാമാട്ടി പുരകളിലേക്ക്‌
സന്യാസ മഠങ്ങളിലേക്ക്‌ ആട്ടിയോടിക്കുന്നു.
പറഞ്ഞു വരുന്നത്‌ അല്ലെങ്കിൽ പറയാൻ ഉദ്ദേശിച്ചത്‌.....
സാമൂഹ്യമായും സംസ്കാരികമായും ഒരു ജനത എന്ന നിലക്ക്‌
നമുക്കുണ്ടായി തീർന്ന നഷ്ടത്തിന്റെ
മൂല്യ നിർണ്ണയം നടത്താൻ അസാദ്ധ്യമാണ്.
വ്യവസായശാലകൾ, ധർമ്മാശുപത്രികൾ, വിദ്യാലയങ്ങൾ,
റേഷനരിയും കാടും നദികളും വയലുകളും എല്ലാം വിറ്റു തുലച്ചു.....
എല്ലാ സൗജന്യങ്ങളും എടുത്തുകളഞ്ഞ ആഗോള മുതലാളിത്തം
നമുക്ക്‌ നൽകുന്ന ഒരേ ഒരു സൗജന്യം തോക്കിലൂടെ നൽകുന്ന ജനാധിപത്യം മാത്രമാണ്.
വികസനത്തിന്റെ വ്യാപാരികളെ ഈ തിന്മകളൊന്നും അലട്ടുന്നില്ല.
ജനങ്ങളുടെ കഷ്ടപ്പാടുകൾ ഇവരെ ഒരിക്കലും ദു:ഖിപ്പിക്കുന്നില്ല.
മറക്കുട തല്ലിതകർത്ത്‌
മാറുമറച്ച്‌
അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്‌
വഴി നടന്ന്
സ്ത്രീ ശാക്തീകരണത്തിന്റെ വിവിധ മാനങ്ങൾക്കായി
പടയണി ചേർന്നിരിക്കുന്ന സ്ത്രീത്വത്തോട്‌
കുട്ടികളെ വളർത്തുന്ന മഹത്തായ കലയെ ക്കുറിച്ച്‌ ഉദാത്തവൽക്കരിക്കുന്നത്‌
അരങ്ങിൽ നിന്നും അടുക്കളയിലേക്ക്‌ പി ന്തിരിപ്പിക്കാൻ തന്നെയാണ്.
ആരേയും വ്യക്തിപരമായി വേദനിപ്പിക്കാനല്ല.
മറിച്ച്‌ പരസ്യവാചകങ്ങളിലെ പിൻ തിരിപ്പത്വത്തേയും
ഈ നിലപാടുകളിലെ ജീർണ്ണതയേയും ചൂണ്ടിക്കാണിക്കുകയാണ്.
ഇവയിലൂടെ പ്രചരിപ്പിക്കുന്ന ചിന്തയും സംസ്കാരവും ജീവിതശൈലിയും
കിരാതമായ മൂലധന വ്യവസ്ഥയെ ഊട്ടി ഉറപ്പിക്കുന്നതുമായതു കൊണ്ടാണ്.
ഈ ലോകം തന്റേതല്ലെന്നും ഇത്‌ മനുഷ്യത്വത്തിന്റെ ലോകമല്ലെന്നും
തിരിച്ചറിഞ്ഞ്‌
അതിദാരുണമായ ഈ ജീവിത സാഹചര്യങ്ങളെ ഇല്ലാതാക്കി
ജനതയെ അരോഗ്യകരവും ആധുനികവും ശാസ്ത്രീയവുമായ
ഒരു ഉയർന്ന സാമൂഹ്യ ജീവിതത്തിലേക്ക്‌
അന്യന്റെ വാക്കുകളെ സംഗീതം പോലെ ആസ്വദിക്കാൻ കഴിയുന്ന
ജീവിതക്രമത്തിലേക്ക്‌ ഉയർത്തിക്കൊണ്ടു വരാനുള്ള ബാധ്യത
ഈ "സാംസ്കാരിക നേതൃത്വം" എന്നാണാവോ ഏറ്റെടുക്കുക..
ആയതിനാൽ
പ്രിയ സാറന്മാരോട്‌ ഞങ്ങൾക്ക്‌ ഒരപേക്ഷയുണ്ടു
ഞങ്ങൾക്ക്‌ ഞങ്ങളുടെ അമ്മമാരോട്‌ സ്നേഹമില്ലെന്ന് പറഞ്ഞുകളയരുത്‌
ഞങ്ങളെ അവമതിക്കരുത്‌
അപമാനിക്കരുത്‌ പ്ലീസ്‌... എന്നതാണ്.
ഹോചിമിന്റെ രണ്ടു വരികളോടെ ഈ കുറിപ്പ്‌ അവസാനിപ്പിക്കുന്നു
"ലോകത്തേയും സമൂഹത്തേയും മാറ്റാൻ ശ്രമിക്കുന്നവർ
പ്രഥമവും, പ്രധാനമായും സ്വയം മാറുകയാണ് വേണ്ടത്‌"

11 അഭിപ്രായങ്ങൾ:

ബിനോയ്//HariNav പറഞ്ഞു...

"..ഒരു ജനതയെ അശരണമായ ജീവിത സാഹചര്യത്തിലേക്ക്‌ വലിച്ചെറിഞ്ഞ,
എല്ലാം കച്ചവട മാക്കുന്ന,
പണത്തിന്ന് മീതെ പരുന്തും പറക്കാത്ത ,
ഉള്ളവനും ഇല്ലാത്തവനും വേർത്തിരിഞ്ഞു നിൽക്കുന്ന
ഒരു വ്യവസ്ഥക്കകത്തു നിന്ന് കേവല ധാർമികതയെ ക്കുറിച്ചു മാത്രം
വാദിക്കുന്നതും വികാരം കൊള്ളൂന്നതിന്നും ഒരു പ്രസക്തിയുമില്ല.."

പ്രസക്തം ചിന്തനീയം. നല്ല ലേഖനം മാഷേ :)

അനില്‍@ബ്ലൊഗ് പറഞ്ഞു...

കടത്തനാടന്‍ മാഷെ,
ലേഖനത്തിന്റെ അന്തസത്തയോട് പൂര്‍ണ്ണമായും യോജിക്കുന്നതോടോപ്പം മനസ്സില്‍ തോന്നിയ ഒരു സംശയം ചോദിക്കുന്നു,ആരാണീ സാംസ്കാരിക നേത്രൃത്വം?
അവനവനില്‍ സ്വയമേവ വികസിച്ചു പരിണമിച്ച് വരേണ്ടതല്ലെ ഈ സംസ്കാരം?
മറ്റൊരാളെ റോള്‍ മോഡലാക്കാനില്ലാത്ത സാഹചര്യത്തില്‍ അതുണ്ടാവില്ലന്നാണോ‌ വിലയിരുത്തേണ്ടത്?

kadathanadan:കടത്തനാടൻ പറഞ്ഞു...

അനിൽ@ കൃതമായും തിരിച്ചറിഞ്ഞതു പോലെ ഭ്രാന്ത്‌ അംബാസ്ഡർമാരെക്കുറിച്ച്‌ വിപരീതാർത്ഥത്തിൽ തന്നെ യാണ് ഞാൻ അത്‌ പ്രയോഗിച്ചത്‌ ,സദാ വ്രണപ്പെടാൻ തക്കം പാർത്തിരിക്കുന്ന വികാരങ്ങളുമായി സൃഷ്ടിനടത്തുന്ന വയസ്സറിയിക്കാത്ത ബ്ലോഗ്‌ സാഹിത്യകാർൻന്മാരിൽ നിന്നും തടി ഊരിപ്പോരണമല്ലോ അനിലേ.പിന്നെ,മഹത്തായ സംസ്കാരം എങ്ങിനെ രൂപപ്പെടുന്നു എന്ന പ്രശ്നം:-തീഷ്ണമായ വർഗ്ഗ സമരജ്വാലകളിൽ നിന്നാണ് കമ്യൂണിസ്റ്റുകാരനും,മഹത്തായ സംസ്കാരവും ,ഉത്തമനായ സാഹിത്യകാരനും ഉരുകി പാകപ്പെടുന്നത്‌.ഒരു താര രാജാവിന്റെ ഡയലോഗ്‌ താങ്കൾ ഓർക്കുന്നുണ്ടാവും...ഇന്ത്യയെ തിരിച്ചറിയണ മെങ്കിൽ...... ഏതാണ്ട്‌ അതുപോലെ, മനുഷ്യന്റെ വികാര വിചാരങ്ങളെല്ലാം സാഹിത്യസൃഷ്ടിക്ക്‌ ഉപകരണങ്ങളായിത്തീരണമെങ്കിൽ മനുഷ്യൻ നിലവിലുള്ള സാമൂഹ്യവ്യവസ്ഥയിൽ എങ്ങിനെ ജീവിക്കുന്നു,പ്രവർത്തിക്കുന്നു,ചിന്തിക്കുന്നു എന്നെല്ലാം മനസ്സിലാക്കാനുള്ള കഴിവ്‌ സാഹിത്യകാരനുണ്ടാവണം.അങ്ങിനെ മനസ്സിലാക്കാൻ കഴിയാതെ 'മനുഷ്യവർഗ്ഗ'മെന്ന സുന്ദരപദം കേട്ടെഴുതുന്ന സാഹിത്യകാരന്ന് സാമൂഹ്യാവസ്ഥയുടെ പുരോഗതിക്ക്‌ വേണ്ടി സാഹിത്യ സൃഷ്ടി നടത്താൻ കഴിയില്ല.സാമൂഹ്യ ജീവിതവുമായി ബന്ധമില്ലാത്തിടത്തോളം കാലം അവ ഭാവനാശുന്യമായിരിക്കും പരസ്യ വാചകമടിയായിത്തീരും.

അനിയന്‍കുട്ടി | aniyankutti പറഞ്ഞു...

വളരെ ഇഷ്ടപ്പെട്ടു.. :) ബിനോയ്‌ ക്വോട്ടിയ വരികള്‍ മനസ്സില്‍ തട്ടി..

Blog Academy പറഞ്ഞു...

ഒരു അറിയിപ്പ് പോസ്റ്റ് ചെയ്തോട്ടെ.


2010 മെയ് 30 ന് കൊച്ചിയിലെ കലൂര്‍ മണപ്പാട്ടിപ്പറമ്പില്‍ പീടിയേക്കല്‍ റോഡിലുള്ള MECA ഹാളില്‍ ഉച്ചയ്ക്ക് 1 മണിക്ക് ശില്‍പ്പശാല നടത്താന്‍ ഏര്‍പ്പാടുകള്‍ നടന്നുവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടക പ്രവര്‍ത്തകരായ സുദേഷ്,പ്രവീണ്‍,സജീഷ് എന്നിവരുമായി ബന്ധപ്പെടാം.

ബ്ലോഗ് ശിൽ‌പ്പശാലയിൽ പങ്കെടുക്കാൻ താൽ‌പ്പര്യം ഉള്ള പൊതുജനങ്ങൾ 9961999455, 09539137170, 9847547526 എന്നീ ഫോൺനമ്പറുകളിൽ വിളിച്ചു പേരു രജിസ്റ്റർ ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ എറണാകുളം ബ്ലോഗ് അക്കാദമി ബ്ലോഗില്‍:എറണാകുളം ബ്ലോഗ് ശില്‍പ്പശാല

Unknown പറഞ്ഞു...

"തീഷ്ണമായ വർഗ്ഗ സമരജ്വാലകളിൽ നിന്നാണ് കമ്യൂണിസ്റ്റുകാരനും,മഹത്തായ സംസ്കാരവും ,ഉത്തമനായ സാഹിത്യകാരനും ഉരുകി പാകപ്പെടുന്നത്‌"..തീര്‍ത്തും ശരിയാണ്..നിര്‍ഭാഗ്യവശാല്‍ വര്‍ഗസമര തീ ജ്വാലകള്‍ കാണാനില്ല .

Anees Hassan പറഞ്ഞു...

hajar

K@nn(())raan*خلي ولي പറഞ്ഞു...

"ലോകത്തേയും സമൂഹത്തേയും മാറ്റാൻ ശ്രമിക്കുന്നവർ
പ്രഥമവും, പ്രധാനമായും സ്വയം മാറുകയാണ് വേണ്ടത്‌"

ഹോചിം അങ്ങനെ പറഞ്ഞില്ലെങ്കില്‍ ഞാനും താങ്കളും ത്നെടിപ്പോയേനെ.. (ചുമ്മാ)

നല്ല വായന. ആശംസകള്‍. (അങ്ങോട്ടും വരുമല്ലോ)

sm sadique പറഞ്ഞു...

പറഞ്ഞതിൽ ഒത്തിരി സത്യങ്ങളുണ്ട്; സത്യം.
പക്ഷേ,
“ കുട്ടികളെ വളർത്തുന്ന മഹത്തായ കലയെ ക്കുറിച്ച്‌ ഉദാത്തവൽക്കരിക്കുന്നത്‌
അരങ്ങിൽ നിന്നും അടുക്കളയിലേക്ക്‌ പി ന്തിരിപ്പിക്കാൻ തന്നെയാണ്.“
ആണോ…………?

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

"ഒരു ജനതയെ അശരണമായ ജീവിത സാഹചര്യത്തിലേക്ക്‌ വലിച്ചെറിഞ്ഞ,
എല്ലാം കച്ചവട മാക്കുന്ന,
പണത്തിന്ന് മീതെ പരുന്തും പറക്കാത്ത ,
ഉള്ളവനും ഇല്ലാത്തവനും വേർത്തിരിഞ്ഞു നിൽക്കുന്ന
ഒരു വ്യവസ്ഥക്കകത്തു നിന്ന് കേവല ധാർമികതയെ ക്കുറിച്ചു മാത്രം
വാദിക്കുന്നതും വികാരം കൊള്ളൂന്നതിന്നും ഒരു പ്രസക്തിയുമില്ല."


അവനവന്‍ നന്നാവുക എന്നത് മാത്രമാണ് ശരിയായ മാര്‍ഗം. സാറുമ്മാരെ, നിങ്ങള്‍ ആദ്യം നന്നാവൂ...

നല്ല വായന സമ്മാനിച്ചു, ചിന്തയും. നന്ദി.

Jishad Cronic പറഞ്ഞു...

വളരെ ഇഷ്ടപ്പെട്ടു