2012, ജനുവരി 20, വെള്ളിയാഴ്‌ച

പി എം ആന്റണി:മരണത്തെ സന്ദേശമാക്കിയ ധിക്കാരി.


തലക്ക്‌ തീപ്പിടിച്ചവനെപ്പോലെ നാട്ടില്‍ തലങ്ങും വിലങ്ങും പാഞ്ഞു നടന്നിരുന്ന പി എം ആന്റണിയുടെ മനസ്സില്‍ നിറയെ നാടകങ്ങളായിരുന്നു.കഥാവശേഷനായിത്തീര്‍ന്ന ഈ നാടക പ്രവര്‍ത്തകന്റെ നാടകവും രാഷ്ട്രീയവും ജീവിതവും നിര്‍ദ്ധാരണം ചെയ്യാന്‍ എത്ര അക്കാദമിക്ക്‌ നിരൂപകര്‍ മുന്നോട്ട്‌ വരുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്‌.
വിപ്ലവ പ്രസ്ഥാനത്തിന്റെ സഹയാത്രികന്‍ ആയിരിക്കെ ഒരു കാലത്തും മുഖ്യധാരയിലൂടേയോ വ്യവസ്ഥാപിത ചാലുകളിലൂടേയോ സഞ്ചരിച്ച ആളായിരുന്നില്ല അദ്ദേഹം .തന്റെ ശവശരീരത്തെ വീട്ടു വളപ്പില്‍ തന്നെ സംസ്കരിക്കണമെന്ന് ജീവിച്ചിരിക്കുമ്പോള്‍ തന്നെ നിഷ്കര്‍ഷിക്കാന്‍ കഴിഞ്ഞത്‌ വര്‍ത്തമാന കേരള സാഹചര്യത്തില്‍ തീര്‍ച്ചയായും ഒരു ചെറിയ കാര്യമല്ല.
കത്തോലിക്കനയി ജനിച്ച ഒരാള്‍ സെമിത്തേരിയില്‍ അടക്കം ചെയ്തിട്ടില്ലെങ്കില്‍ തെമ്മാടിക്കുഴിയിലെ നരകാത്മാവായി തീരുമെന്നു കരുതുന്ന സ്ഥാപന വല്‍കരിക്കപ്പെട്ട ക്രൈസ്തവ സഭയെ ധിക്കരിക്കുകയായിരുന്നു ആന്റണി.
ഒരു പക്ഷെ സമീപകാലത്ത്‌ പൊന്‍കുന്നം വര്‍ക്കിയുടെ ഭൗതിക ശരീരം മാത്രമാണ്‌ സെമിത്തേരിക്ക്‌ പുറത്ത്‌ അടക്കം ചെയ്യപ്പെട്ടത്‌. തന്റെ ജീവിതകാലം മുഴുവന്‍ സര്‍ഗ്ഗപ്രതിഭകൊണ്ട്‌ ക്രൈസ്തവ പൗരോഹിത്യ മൂല്യങ്ങളെ ചെറുത്ത പൊന്‍കുന്നം വര്‍ക്കിയുടെ ശരീരം ഏറ്റെടുക്കാന്‍ പള്ളിതന്നെ മുന്നോട്ട്‌ വരികയും ചിലബന്ധുക്കളെങ്കിലും അതിനെ അനുകൂലിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ വര്‍ക്കിസാറിന്റെ സന്തത സഹചാരികളായിരുന്ന സുഹൃത്തുക്കളും മക്കളും പ്രകടിപ്പിച്ച ഇച്ഛാശക്തികൊണ്ട്മാത്രമാണ്‌ വീട്ടു വളപ്പില്‍ സംസ്കരിക്കാന്‍ കഴിഞ്ഞത്  
ആന്റണിയുടെ കാര്യത്തില്‍ ആ ശവസംസ്കാര ചടങ്ങ്‌ ഏറെ സ്വാഭാവികതയോടെതന്നെയാണ്‌ അവിടെ ഒത്തു ചേര്‍ന്ന ആ വലിയ പൗരാവലി ഏറ്റുവാങ്ങിയത്‌.ശവശരീരം ചിതയിലേക്ക്‌ എടുക്കുമ്പോള്‍ അവിടെ കൂടിയിരുന്നവരെല്ലാം ഒരേകണ്ഠത്തില്‍ നിന്നെന്നപോലെ ഇങ്ക്വിലാബ്‌ വിളിക്കുകയായിരുന്നു.സിപിഐ(എം)എന്നോ,സിപിഐ എന്നോ,സിപിഐ എം എല്‍ എന്നോ വേതിരിവില്ലാതെ ഉയര്‍ന്നുകേട്ട ആ മുദ്രാവാക്യമാണ്‌ യഥാര്‍ത്ഥത്തില്‍ ആന്റണിക്ക്‌ ലഭിച്ച ഏറ്റവും ഉചിതമായ അംഗീകാരം
ഗാസിയാബാദില്‍ തെരുവു നാടകം നടത്തവേ അക്രമിക്കപ്പെട്ട്‌ രക്തസാക്ഷിയായ സഫ്ദര്‍ ഹഷ്മിക്കാണ്‌ സമാനമായ മുദ്രാവാക്യമുഖരിതമായ സംസ്കാരച്ചടങ്ങ്‌ ലഭിച്ചത്‌.

ആചാരവെടിയും സര്‍ക്കാറിന്റെ ഔദ്യോഗിക ബഹുമതിയും ആന്റണിയുടെ കാര്യത്തിലെങ്കിലും അനൗചിത്യമായി പോയെന്ന് ചിന്തിക്കുന്നവര്‍ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു.തികച്ചും യുക്തിസഹമായൊരു ചിന്തതന്നെയായിരുന്നു അതെന്ന് പറയാതെ വയ്യ.
തന്റെ ജീവിതം കൊണ്ടും നാടകം കൊണ്ടും താന്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ നിലപാടുകൊണ്ടും അടിമുടി വ്യവസ്ഥാവിരുദ്ധനായിരുന്ന ഒരാള്‍ മരിക്കുന്നതോടെ ഭരണകൂട ഔദ്യോഗിക ബഹുമതിയെന്ന പേരില്‍ ഇടപെടുന്നത്‌ ശരിയാണോ എന്ന ആശ്ങ്ക അസ്ഥാനത്തല്ല.
ജീവിതകാലം മുഴുവന്‍ ഭരണവര്‍ഗ്ഗ മൂല്യങ്ങള്‍ക്കെതിരേ പോരാടിയിരുന്ന ഒരാളെ ഭരണകൂടം തന്നെ ഹൈജാക്ക്‌ ചെയ്യുകയാണ്‌ .ധിക്കാരിയും കലാപകാരിയുമാ യിരുന്ന  ഒരാളുടെ പോരാട്ട വീര്യത്തെ നിര്‍വ്വീര്യമാക്കാനുള്ള ഭരണകൂടതന്ത്രമായി തന്നെ ഇത്‌ വിലയിരുത്തപ്പെടേണ്ടതാണ്‌.
രാജസേവ നടത്തിയിരുന്ന ആസ്ഥാന പണ്ഡിതര്‍ക്കും വ്യവസ്ഥയുടെ സ്റ്റാറ്റസ്കോ നിലനിര്‍ത്തും വിധം പ്രവര്‍ത്തിക്കുന്ന വ്യവസ്ഥാനുകൂലികള്‍ക്കും മാത്രമേ ഇത്തരം സര്‍ക്കാര്‍ ബഹുമതികള്‍ ചേര്‍ന്ന്  പോവുകയുള്ളു.
തന്റെ ചിന്തകള്‍ കൊണ്ടും പ്രഭാഷണങ്ങള്‍കൊണ്ടും എഴുത്തുകൊണ്ടും അതിനിശിതമായി വ്യവസ്ഥാ മൂല്യങ്ങളെ ചെറുക്കുകയും മരണത്തെ അഭിമുഖം നേരിടുന്ന ഘട്ടത്തില്‍ പോലും അധിനിവേശകടന്നാക്രമണങ്ങള്‍ക്കെതിരേ സംസാരിച്ചുകൊണ്ടു തന്നെ പിടഞ്ഞുവീണു മരിച്ച വിജയന്‍ മാഷിനു വേണ്ടി ആചാരവെടി മുഴങ്ങിയപ്പോഴും ഈ വിധം ചിന്തിച്ച്‌ ഹൃദയം നൊന്ത നിരവധിപേരുണ്ടായിരുന്നു.

ആന്റണിയുടെ ജീവിതം അടിസ്ഥാനപരമായി ഒരു സാമൂഹ്യ ജീവി എന്ന പരികല്‍പ്പന അന്വര്‍ത്ഥമാക്കും വിധമായിരുന്നു.
'നഗരത്തിലൊരനീതി ഉണ്ടായാല്‍ സന്ധ്യ മയങ്ങും മുമ്പ് അതിനെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ നഗരം കത്തിച്ചാമ്പലവുകയാണ്‌ നല്ലതെന്ന'ബ്രതോള്‍ഡ്‌ ബ്രഹറ്റിന്റെ വചനം ആ ജീവിതത്തില്‍ എന്നും വഴികാട്ടിയായിരുന്നു.
തൊഴില്‍കൊണ്ട്‌ താന്‍ ഉള്‍പ്പെട്ടിരുന്ന 'കടലിന്റെ മക്കളുടെ' ജീവിതം ആവിഷ്കരിച്ച നാടകവും താന്‍ ജനിച്ചു വീണ ക്രൈസ്തവ സമുദായത്തിന്റെ മനുഷ്യത്ത ഹീനമായ നടപടികളെ ചോദ്യം ചെയ്യുന്ന 'വിശുദ്ധ പാപവും'  'കൃസ്തുവിന്റെ ആറാം തിരുമുറിവും'സൃഷ്ടിച്ച പ്രകോപനങ്ങളും പ്രക്ഷുബ്ദതയും മലയാള നാടക ചരിത്രത്തിലെ ഈടുറ്റ അടയാളപ്പെടുത്തലുകളാണ്‌.
തിരുമുറിവിന്റെ അവതരണത്തിനു ശേഷം മതമേലദ്ധ്യക്ഷന്മാരുടെ തന്നെ ആഹ്വാനത്തെ തുടര്‍ന്ന് ,ഒരു പക്ഷെ വിമോചന സമരത്തിനു ശേഷം കേരളം കണ്ട ഏറ്റവും ശക്തമായ പ്രതിലോമതയുടെ കൂട്ടായ്മ അരങ്ങേറിയതും ജനാധിപത്യ കേരളത്തിലായിരുന്നു.
സ്ത്രീകളും കുട്ടികളുമടക്കം എല്ലാ ഇടവകകളും തെരുവിലിറങ്ങി.എന്നാല്‍ കേരളത്തിലെ ജനാധിപത്യ വിശ്വാസികളും കലാകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും ഒരേ മനസ്സോടെ കൈകോര്‍ത്ത്‌ ആ പ്രതിലോമതയെ പ്രതിരോധിക്കുകയും ചെയ്തു എന്നതും ചരിത്രമാണ്‌.ആവിഷ്കാര സ്വാതന്ത്ര്യമെന്ന മൗലിക അവകാശ സങ്കല്‍പ്പനം സാമാന്യ ജനത നെഞ്ചിലേറ്റിയത്‌ ഈ പ്രതിരോധ സമരത്തിലൂടെയായിരുന്നു.

ഒരു കള്‍ച്ചറല്‍ ആക്റ്റീവിസ്റ്റ്‌ എന്ന നിലയില്‍ കേരളത്തില്‍ നിറഞ്ഞു നിന്നിരുന്ന ഒരാളെന്ന നിലയില്‍ ഭരണകൂടത്തിനെതിരെ വിധ്വംസക പ്രവര്‍ത്തനം നടത്തുന്നവരുടെ പട്ടികയില്‍ ആന്റണിയുള്‍പ്പെടുകയായിരുന്നു.
കാഞ്ഞിരച്ചിറയില്‍ സോമരാജനെന്ന കയര്‍ മുതലാളി ഉന്മൂലനം ചെയ്യപ്പെട്ടപ്പോള്‍ ആ ആക്ഷനില്‍ ഒരു തരത്തിലും പങ്കാളിയല്ലാതിരുന്ന പി എം ആന്റണിയും പ്രതിയായി ചേര്‍ക്കപ്പെട്ടു.
വിസ്തരിച്ച കോടതി ജീവപര്യന്തം തടവ്‌ ശിക്ഷ വിധിക്കുകയും ചെയ്തു.സാംസ്കാരിക പ്രവര്‍ത്തനം തീര്‍ത്തും അപകടരഹിതമായ ഒന്നാണെന്ന സങ്കല്‍പ്പം ശരിയല്ലെന്നതിന്റെ ദ്രുഷ്ടാന്തമാണ്‌ ആന്റണിക്ക്‌ ലഭിച്ച ജയില്‍ ശിക്ഷ.
മനുഷ്യാവകാശ പ്രവര്‍ത്തകരും എഴുത്തുകാരും കലാകാരന്മാരും ആക്റ്റിവിസ്റ്റുകളും അന്യായമായ ഈ വിധിക്കെതിരേ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും സര്‍ക്കാറില്‍ സമ്മര്‍ദ്ധം ചെലുത്തുകയും ചെയ്തതിന്റെ ഫലമായി ശിക്ഷക്ക്‌ ഇളവ്‌ ലഭിക്കുകയായിരുന്നു.

ജയില്‍ വിമോചിതനായ ആന്റണി തുടര്‍ന്നും തന്റെ ആവിഷ്കാര മേഖലയായ നാടകവേദിയില്‍ സജീവമായി ഉറച്ചു നിന്നു.
പുന്നപ്ര വയലാര്‍ സമര ചരിത്രത്തെ ആധാരമാക്കി രചിച്ച 'അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍' എന്ന നാടകമാണ്‌ അവസാനം അവതരിപ്പിച്ചത്‌.
സ്റ്റാലിനെക്കുറിച്ച്‌ രചിച്ച നാടകം അവതരിപ്പിച്ചു കാണാനുള്ള അവസരം ലഭിക്കും മുന്‍പ്‌ അദ്ദേഹം നമ്മെ വിട്ടു പോവുകയായിരുന്നു.
തന്റെ രണ്ട്‌ കണ്ണുകളും ദാനം ചെയ്യണമെന്ന് ജീവിച്ചിരിക്കുമ്പോള്‍ തന്നെ അദ്ദേഹം തീരുമാനിച്ചിരുന്നു.
ജീവിതത്തിലുടനീളം വിമോചന സ്വപ്നങ്ങളുടെ സന്ദേശം തന്റെ ആവിഷ്കാര മാധ്യമമായ നടകത്തിലൂടെ ജനങ്ങളില്‍ എത്തിക്കാന്‍ യത്നിച്ച അദ്ദേഹം
തന്റെ മരണം പോലും അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഒരു സന്ദേശമായി മാറ്റുകയായിരുന്നു.
(അനുസ്മരണം :പ്രസാദ്‌)

1 അഭിപ്രായം:

Unknown പറഞ്ഞു...

ഞാനറിയുന്നു.
ഒരു കൊടുമുടി കൂടി
കടലെടുത്തുപോയി.