സാംസ്കാരിക ചന്തയിലെ നോക്കുകൂലി വാങ്ങാൻ
ശേഷിയും കരുത്തും ഉള്ള മഹാന്മാരായി വളർന്നു കഴിഞ്ഞിരിക്കുന്നു
നമ്മുടെ കലാ-സാംസ്കാരിക നായകന്മാർ
എന്ന് തെളിയിക്കുന്നതായിരുന്നു ഈ ഉന്നതന്മാരുടെ സമീപകാല സർഗ്ഗാത്മക ഇടപെടൽ.
മതവും, ജാതിയും,പണവും അധികാരവും,സ്വാർത്ഥതയും,
കുതികാൽ വെട്ടും,ഒളിഞ്ഞുനോട്ടവുമെല്ലാം
പത്തിവിടർത്തി നിൽക്കുന്ന കേരളീയ ബുദ്ധിജീവിതത്വങ്ങളുടെ തനിനിറം
ഉടുതുണിയില്ലാതെ വെളിവാക്കപ്പെടുന്ന ഒട്ടനവധി അശ്ലീല മുഹൂർത്തങ്ങൾക്ക്
നാം കേരളീയർ ദൃശ്യ-വായന സന്ദർഭങ്ങൾക്കിടയിൽ സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട്.
കൃഷ്ണയ്യർ സാർ, അഴീക്കോടൻ മാഷ്,സാനു മാസ്റ്റർ,തിലകൻ ചേട്ടൻ, എം മുകുന്ദൻ, മമ്മൂട്ടി, മോഹൻലാൽ,സക്കറിയ, ഇടവേള ബാബു[പേരെടുത്ത് പറയാൻ യോഗ്യരായവരെ ആരെയെങ്കിലും വിട്ടു പോയെങ്കിൽ ക്ഷമിക്കണം]
തുടങ്ങിയ മഹാരഥന്മാർ നിറഞ്ഞാടി തിമർക്കുന്ന ഇവരുടെ "സ്വന്തം നാട്"
എത്രമാത്രം മലിനവും ജീർണ്ണിച്ചതുമാണ് എന്ന നഗ്ന സത്യം
വെളിപ്പെട്ടുപോയ ദിനരാത്രങ്ങളായിരുന്നു
കടന്നു പോയത്.
രാജ്യകാര്യങ്ങളിലും ജനങ്ങളിലും താൽപര്യമെടുക്കാതെ സ്വന്തം ജീവിതാനന്ദങ്ങളിലും
ലീലാപരതയിലുമഭിരമിക്കുന്ന നമ്മുടെ ഈ ബുദ്ധിജീവിതങ്ങൾ
അതിന്റെ പൂർവ്വ പക്ഷത്തിന്ന് നേർ വിപരീതമായി മാറിതീർന്നത് എങ്ങിനെയാണെന്ന് നാം തിരിച്ചറിയണം.
സമൂഹത്തിന്റെ സർവ്വ മേഖലകളേയും ഇളക്കിമറിച്ച
നവോത്ഥാന പ്രക്രിയക്ക് അറുതിവരുത്താൻ,
മാനവികതയുടെ ചിന്താ പദ്ധതിയിൽനിന്ന് നാടിനെ വിമോചിപ്പിക്കാൻ
നടത്തിയ "വിമോചനസമര"മെന്ന പ്രതിലോമ പ്രക്രിയയുടെ തുടക്കവും തുടർച്ചയും,
പ്രസ്തുത കൂട്ടായ്മയുടെ നേർ അവകാശികൾക്കും ഇന്നത്തെ അനന്തിരാവകാശികൾക്കും
സാമ്രാജ്യത്വം നൽകുന്ന താത്വിക പിൻബലവും കൂടി ചേർന്നപ്പോഴുണ്ടായ
പിൻ മടക്കമാണ് കേരളീയ പരിസരത്തിന്ന് ഇന്ന് "ഭ്രാന്താലയ"ത്തിന്റെ സ്വഭാവം കൈവരിച്ചിരിക്കുന്നത്.
രാജ്യവും അതിലെ ജനവിഭാഗവും അഭിമുഖീകരിക്കുന്ന ഗുരുതരമായ രാഷ്ട്രീയ-സാമ്പത്തിക-സാംസ്കാരിക വിഷയമാണോ
കക്ഷിതിരിഞ്ഞുള്ള ബുദ്ധിജീവിതങ്ങളുടെ ഗോഗ്വോ വിളികളിൽ മുഴങ്ങുന്നത്?
കൊളോണിയൽ അധികാരം നിലനിർത്താൻ ഫ്യൂഡൽ അടിത്തറയെ സംരക്ഷിച്ചു നിർത്തിയ
പഴയ സാമ്രാജ്യത്വത്തിന്റെ സ്ഥാനത്ത് ഫ്യൂഡൽ അവശിഷ്ടങ്ങൾക്ക്
സാമൂഹ്യ അടിത്തറ ഇല്ലാത്ത പുത്തൻ കൊളോണിയലിസത്തിന്റെ ഉള്ളടക്കത്തേക്കുറിച്ചുള്ള
അന്യേഷണമാണോ ഈ വിവാദങ്ങളുടെ ആഴങ്ങളിൽ ഒളിഞ്ഞു കിടക്കുന്നത്?
ഇംഗ്ലീഷ് വിദ്യാഭ്യാസം,സ്വാശ്രയ വിദ്യാഭ്യാസകച്ചവടം,ടൂറിസം,ഭൂ മാഫിയ,മഴനൃത്തം,എക്സ്പ്രസ്സ് ഹൈവേ,സ്ത്രീ പീഡനം,സെസ്സ്,സ്മാർട്ട്സിറ്റിയടക്കമുള്ളവയിൽ
സക്കറിയാക്കോ പിണറായിക്കോ അഴീക്കോടിനോ ബേബിക്കോ കെ വേണുവിന്നോ മുകുന്ദനോ ഉമ്മൻ ചാണ്ടിക്കോ തമ്മിൽ അഭിപ്രായ വിത്യാസമില്ലല്ലോ.
ആഗോളവൽക്കരണം യാഥാർത്ഥ്യമാണേന്നും അതിന്റെ ഗുണങ്ങൾ അനുഭവിക്കലാണ് അഭികാമ്യമായിട്ടുള്ളത്.
ധ്യാനകേന്ദ്രങ്ങളിൽ ജീവകാരുണ്യ പ്രവർത്തനം മാത്രമേ നടക്കുന്നുള്ളൂ .
ടൂറിസവും അമ്യൂസ്മന്റ്പാർക്കുകളും നമുക്കും വേണമെന്നടക്കമുള്ള തത്വം
സക്കറിയാക്കും ടി പത്മനാഭനും സ്വീകാര്യമാണ്.
ജീർണ്ണസംസ്കാരത്തിന്റെ ഉൽപാദന-വിതരണ ഹൈടെക്ക് ഫാക്ടറിയായി
സിനിമാ-ദൃശ്യ മാധ്യമങ്ങളെ പുനർ ക്രമീകരിച്ചു കൊണ്ടായിരുന്നല്ലോ ആഗോള വൽകരണ ശക്തികൾ സാംസ്കാരിക മണ്ഡലത്തിലെ കോളനീവൽക്കരണത്തിന്ന് തുടക്കം കുറിച്ചത്.
അന്ന് തൊട്ട് സാമ്രാജ്യത്വ ഫണ്ടിംങ്ങ് ഏജൻസികളുടെ ആശ്രിതരും ആജ്ഞാനുവർത്തികളുമായി
സാമ്രാജ്യത്വ ചിന്താസരണികൾ സൂഷ്മതലങ്ങളിൽ എത്തിക്കുന്നതിന്ന്
സ്വയം സമർപ്പിച്ചു നിൽക്കുകയായിരുന്നു നമ്മുടെ സിനിമാ-ദൃശ്യ-വാർത്താശൃംഘലകൾ.
സാമൂഹ്യ നന്മ എന്ന മഹത്തായ ലക്ഷ്യം കയ്യൊഴിഞ്ഞ് സംഘടിതമായ എല്ലാറ്റിനേയു കീറിമുറിക്കുന്നതിന്ന്,അവമതിപ്പ് ഉണ്ടാക്കുന്നതിന്ന്,ഫ്യൂഡൽ അവശിഷ്ടങ്ങളെ പ്രോത്സാഹിപ്പിച്ച്,
ജാതി-വർഗ്ഗീയാധി പ്രവണതകളെ പരിപോഷിപ്പിച്ച്,
വ്യക്തി ആരാധനയും,താര ആരാധനയും,ആൾദൈവ സിദ്ധാന്തങ്ങളേയും പൊലിപ്പിച്ച്
കേവല വിനോദോപാധി മാത്രമാക്കി മാറ്റിതീർക്കുകയായിരുന്നില്ലേ ഈ മണ്ഡലത്തെ.
പണമെറിഞ്ഞ് പണം കൊയ്യാൻ ബഹുരാഷ്ട്ര കുത്തകകൾക്കും ബ്ലേഡ് മാഫിയകൾക്കും കള്ളപ്പണക്കാർക്കും
ഈ മേഖലയെ വിറ്റു തീരെഴുതുമ്പോൾ സാക്ഷി ഒപ്പിട്ടവരായിരുന്നു ഈ നക്ഷത്ര രാജാക്കന്മാർ.
മോഷൻ വിഷൻ അസോസിയേഷൻ അമേരിക്കൻ ചെയർമാൻ ഡൻ ക്ലാർക്ക്മാൻ 2010ൽ 60,000കോടിയുടെ വളർച്ചയാണ് പോലും ലക്ഷ്യം വെക്കുന്നത്.
നഷ്ടപെട്ടുപോകുന്ന ഇന്ത്യൻ ചലച്ചിത്ര സംസ്കാരത്തിന്റെ മഹത്തായ പൈതൃകവും മേധാശക്തിയും തിരിച്ചുപിടിക്കുന്നതിന്നാണോ ഈ ഗോഗ്വാ വിളികൾ?
പറഞ്ഞു വരുന്നത് അല്ലെങ്കിൽ പറയാനുദ്ദേശിച്ചത്,
വിമോചന സമരത്തിൽ തുടങ്ങി അടിയന്തിരാവസ്ഥയിലൂടെ പടർന്ന് പന്തലിച്ച
ഫാഷിസത്തിന്റെ പ്രത്യായശാസ്ത്ര വ്യാപനത്തെ
ശരാശരി കേരളത്തിന്റെ ഇടത് പക്ഷമനസ്സ് പരിപാലിച്ചു പോന്ന കാപട്യത്തെ
മനുഷ്യസഹജമായ നിഷ്കളങ്കതയായി വിസ്മരിക്കാവുന്നതല്ല.
വിവേകാനന്ദൻ കണ്ട കേരളത്തെ ജനാധിപത്യപരമായി പരിവർത്തിപ്പിക്കുന്നതിന്ന്
മുൻ നിന്ന ധാരകളെവരെ ഇത്രമാത്രം ജീർണ്ണിപ്പിക്കുന്നതിന്ന്
നമ്മുടെ ഈ ബുദ്ധി ജീവിതങ്ങൾ വഹിച്ചുകൊണ്ടിരിക്കുന്ന സജീവമായ പങ്കിനെ വിലകുറച്ചു കാണരുത്.
ഈ ചക്കളാത്തിപോരാട്ടത്തിൽ ഇക്കൂട്ടർ ബോധപൂർവ്വം മുക്കിക്കളയാൻ ശ്രമിക്കുന്നത്
ഒരു ജനതയുടെ കലയുടേയും സംസ്കാരത്തിന്റേയും ജൈവവികാസ സാദ്ധ്യതകളേയാണ്
അധപ്പതിച്ചുപോയ സംസ്കാരിക മണ്ഡലങ്ങളേ നവീകരിക്കാനുള്ള
പ്രത്യയശാസ്ത്ര മുന്നേറ്റങ്ങളേയാണ്.
ഇതൊക്കെ സൂചിപ്പിക്കുന്നതും ഉറപ്പിക്കുന്നതും
മാനവികതയെ വീണ്ടെടുക്കാൻ,അരാജകത്തിന്നും,അരാഷ്ട്രീയതക്കെതിരേയും
കമ്യൂണിസ്റ്റു കാരന്റെ രക്തം ഇനിയും ഒരു പാട് തെരുവുകളിൽ ഒഴുക്കേണ്ടതുണ്ട് എന്ന് തന്നെയാണ്.
2010, ഏപ്രിൽ 4, ഞായറാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
9 അഭിപ്രായങ്ങൾ:
ഈ ചൂലുകള്ക്കായി വെറുതെ ചോര ഒഴുക്കുന്നതില്‍ കാര്യമില്ല.ഈ ജീര്‍ണ്ണതയില്‍ നിന്നും പുറത്തുകടക്കാന്‍ പുതിയ ആശയങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്.
സമൂഹത്തെ കൂട്ടിക്കൊടുക്കുന്നതിന് നോക്കുകൂലി വാങ്ങുന്ന സാംസ്ക്കാരിക നായകന്മാര് എന്നത് വളരെ യാഥാര്‍ത്ഥ്യമാണ്.
മൂല്യബോധമില്ലാത്ത ജനങ്ങള്‍... അഥവ തന്തയില്ലാത്ത സംസ്കൃതി !!! അതാണു നമ്മുടെ പ്രശ്നം. തന്തയെ തിരയുക എന്നത് നാണംകെട്ട പരിപാടിയാണെങ്കിലും അന്തസ്സും അഭിമാനവും ആര്‍ജ്ജിക്കാന്‍ അതുമാത്രമേ വഴിയുള്ളു !
നമ്മുടെ അറ്റുപോയ ശരിയായ വേരുകള്‍ കണ്ടുപിടിക്കുക.
പ്രസക്തം. ഒരു കാര്യം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇന്നത്തെ മുതലാളിത്തം എന്നത് ഫ്യൂഡലിസത്തിനു എതിരല്ല. ഫ്യൂഡലിസത്തിനെ തകർക്കുക എന്ന ദൌത്യം അവർ ഏറ്റെടുക്കുന്നില്ല. അതും ഇന്നു ഒരു കമ്മ്യൂണിസ്റ്റിന്റെ കടമയാണു. സ്വത്വ വാദങ്ങളും കേവല വാദങ്ങളുമെല്ലാം യഥാർഥത്തിൽ മുതലാളിത്ത നിർമ്മിതിയാണു. എന്നാൽ നമുക്കവയെ ഫ്യൂഡലിസത്തിനും മുതലാളിത്തത്തിനും എതിരെ പ്രയോഗിക്കാനാകണം. സ്ത്രീ പ്രശ്നങ്ങൾ, ദളിത് പ്രശ്നങ്ങൾ, പരിസ്തിതി, മതതിന്റെ അമിത സ്വാധീനം തുടങ്ങിയവയെല്ലാം ഈ ഫ്യൂഡൽ- മുതലാളിത്ത കൂട്ടുകെട്ടിന്റെ ഫലമാണു എന്ന വസ്തുത ഈ പരിസ്ഥിതി പ്രവർത്തകരെയും ദളിത്പ്രവർത്തകരേയും ഫെമിനിസ്റ്റുകളേയും യുക്തിവാദികളേയും ബോധ്യപ്പെടുത്തേണ്ട കടമ ഒരു കമ്മ്യൂണിസ്റ്റിനുണ്ട്. “ആഗോളവല്‍ക്കരണ യാഥർഥ്യം” പറയുന്ന സഖാക്കൾ നിഷേധാത്മകമായേ ഇവരെ സമീപിക്കൂ. പാർലിമെന്ററി രാഷ്ട്രീയത്തിന്റെ അപ്പക്കഷ്ണങ്ങളിലാണവർക്ക് താല്‍പ്പര്യം. പുതിയ ഇടതു പക്ഷ വിപ്ളവ ചിന്തകൾ ഉയർന്നു വരുകതന്നെ വേണം.
അഭിവാദ്യങ്ങൾ
.ചിത്രകാരൻ താങ്കളുടെ കമന്റിന്ന് മറുപടിയായി ഒരു പോസ്റ്റ് തന്നെ ഇടണം എന്നുകരുതിയിരുന്നു.
സമയക്കുറവു കാരണം ഇതുവരെ കഴിഞ്ഞില്ല
താങ്കൾ ഉന്നയിക്കുന്ന വിഷയം ഇപ്പോഴും രാഷ്ട്രീയ മണ്ഢലങ്ങളിൽ സജീവമായി നിലനിൽക്കുന്നതിനാൽ ഇനിയും സമയത്തോടെ ചെയ്യാമെന്ന് കരുതുന്നു
എങ്കിലും ചിലത് ഇപ്പോൾ സൂചിപ്പിക്കുന്നു.
ചിത്രകാരന്റെ ഈ നിലപാട് പുതയതല്ല.
മാർക്ക്സിസത്തെ കേന്ദ്രീകരിച്ചും വികസന സങ്കൽപങ്ങളെ ലക്ഷ്യം വെച്ചും നടക്കുന്ന
ചർച്ചകളിൽ വ്യവസ്ഥാപിത ഇടതുപക്ഷങ്ങളും ,
നവ വലതുപക്ഷ ബുദ്ധിജീവിതത്വങ്ങളും
സജീവമായി മുന്നോട്ട് വെക്കുന്ന സമീപനങ്ങൾ തന്നെയാണ് ചിത്രകാരന്റേതും.
കമ്യൂണിസ്റ്റുകാരന്റെ പ്രത്യയശാസ്ത്ര ശാഠ്യം ഉപേക്ഷിക്കണമെന്നും,
മാർക്ക്സിസത്തിന്റെ പ്രമേയം റദ്ദാക്കപ്പെട്ടു എന്നപേരിൽ
അതിന്റെ സമകാലിക സാധുതയെ ചേദ്യം ചെയ്തുകൊണ്ടും സാംസ്കാരിക രംഗത്തും
നവലിബറൽ ജനാധീപത്യത്തിന്റെ ഇടത്-വലത് കൂട്ട്കെട്ട് രൂപപ്പെട്ടു വരുന്നുണ്ടു.
സാമൂഹ്യ പ്രശ്നങ്ങൾക്ക് പുരോഗമന രാഷ്ട്രീയത്തിന്റെ
ഉത്തരങ്ങൾ അന്യേഷിച്ചിരുന്ന കാലഘട്ടത്തിൽ നിന്നും വ്യത്യസ്ഥമായി
ആഗോളീകരണ കാലഘട്ടത്തിലെ
സാമ്രാജ്യത്വ വികസന സമീപനത്തിന്നനുസരിച്ച്,
നവലോകക്രമത്തിന്റെ താൽപര്യമനുസരിച്ച് എല്ലാത്തിനേയും ചിട്ടപ്പെടുത്താനുള്ള
ത്വരയും ആഹ്വാനവും ചിത്രകാരൻ അറിഞ്ഞോ അറിയാതെയോ
താങ്കളുടെ ഈ നിലപാടിൽ ഉള്ളടങ്ങി പോയിട്ടുണ്ട് എന്നകാര്യത്തിൽ
എനിക്ക് സംശയമില്ല.
“പ്രത്യേയശാസ്ത്രശാഠ്യം” ഉപേക്ഷിക്കുക തന്നെ വേണം കാരണം ഇവിടെ ശാഠ്യം അപനിർമ്മിതിയാണ്. ശാഠ്യം മാറ്റിയാൽ തന്നെ പ്രത്യേശാസ്ത്രം കാലത്തിനും സമൂഹത്തിനും അനുസരിച്ച് പതിയെ മാറിക്കൊളും, സമൂഹത്തിനെ അനുഗുണമായി തന്നെ...
ഇടതുപക്ഷം വലതുപക്ഷം എന്ന് വേർതിരിച്ച് മനുഷ്യപക്ഷം ഇല്ലാതാക്കരുത്. ഇടതുപക്ഷവും വലതുപക്ഷവും ഒരേ പുഴയിലൂടെ ഒഴുകി സോഷ്യലിസം (കമ്യുണിസമല്ല) സൃഷ്ടിക്കുക. ചോര ചിന്തേണ്ടതില്ല, ശാഠ്യം ഉപേക്ഷിച്ചാൽ മാത്രം മതി. പക്ഷെ ഈ ശാഠ്യം മുഖ്യധാര ഇടതുപക്ഷത്തേക്കാൾ കൂടുതൽ തിരുത്തൽ ശക്തികൾക്കാണ് എന്നതാണ് നമ്മുടെ ദുര്യോഗ്യം.
ചിത്രകാരന് പറഞ്ഞതാണ് അടിസ്ഥാന പ്രശ്നം. മൂല്യബോധമില്ലാത്ത സമൂഹം !!
അതു വച്ച് വര്‍ക്കൌട്ട് ചെയ്യാവുന്ന പദ്ധതികള്‍ക്ക് ലിമിറ്റുണ്ടാവും,അതാണ് ഇന്നിന്റെ പ്രശ്നം.
ചിത്രഭാനുവിന്നു-താങ്കൾ സൂചിപ്പിച്ചത് ജനാധിപത്യ വിപ്ലവത്തിലെ തൊഴിലാളി വർഗ്ഗത്തിന്റെ കടമയെക്കുറിച്ച് കോമിന്റേണിന്റെ നിലപാടാണ്.മറ്റൊന്ന് തൊഴിലാളി വർഗ്ഗ വിപ്ലവത്തിന്റെ നേതൃത്വ പരമായ പങ്കിനെക്കുറിച്ചുമാണ്.മൂന്നാമതായി താങ്കൾ ഉന്നയിച്ചത് ശരിയായ ഒരു വിപ്ലവ ബദലിന്റെ ഇടത്പക്ഷ് ഐക്യത്തിന്റെ പ്രശ്നമാണ്.വളരെ സമൂർത്ഥമായി നിലനിൽക്കുന്ന വിഷയങ്ങളിൽ ചിലത് തന്നെയാണിത്.ഈ വിഷയങ്ങളിൽ എല്ലാത്തിനും ഈ പേജിൽ എന്റെ നിലപാട് ഞാൻ വ്ശദീകരിക്കുന്നില്ല.ഒന്ന് രണ്ട് കാര്യങ്ങൾ പറയണമെന്ന് തോന്നി....ജനാധിപത്യ വിപ്ലവത്തിൽ തൊഴിലാളി വർഗ്ഗത്തിന്റെ കടമയായി കോമിന്റേൻ മുന്നോട്ട് വെച്ച സമീപനമാണ് താങ്കൾ ആദ്യം സൂചിപ്പിച്ചത്. എന്നാൽ ചൈനീസ് വിപ്ലത്തിന്റെ അനുഭവപാഠങ്ങളേയും വർത്തമാന സാഹചര്യങ്ങളേയും വിലയിരുത്തി പുത്തൻ ജനാധിപത്യ വിപ്ലത്തിന്റെ നിലപാടുകൾ മൂന്നോട്ട് വെക്കപ്പെട്ടിട്ടുണ്ടു പുത്തൻ കോളണി വൽക്കരണ കാലത്തെ ദേശീയ വിമോചന പോരാട്ടങ്ങളുടെ വിഷയവും[അഫ് ഗാൻ -ഇറാക്ക്] പ്രഥമ സ്ഥാനത്ത് വന്നിട്ടുണ്ടു...ഇനി താങ്കൾ ഉന്നയിച്ച രണ്ടാമത്തെ വിഷയത്തിലേക്ക് താങ്കൾ സൂചിപ്പിച്ചതു പോലുള്ള വിഭാഗങ്ങൾക്ക് വിപ്ലവത്തിന്റെ നേതൃശക്തിയാവാൻ കഴിയാത്തതിന്റെ അടിസ്ഥാനകാരണം ഇവരുടെയെല്ലാം മോചന വിഷയങ്ങൾ-ഭൂ രഹിതർക്ക് ഭൂ നിഷേധം,ദളിതർക്ക് ജാത്യാധിപത്യം,ആധിവാസികൾക്ക് വംശാധിപത്യം, സ്ത്രീകൾക്ക് പുരുഷാധിപത്യം,യുക്തിവാതികൾക്ക് ദൈവനീതി, ജനതകൾക്ക് ദേശീയ മർദ്ദനം....-സവിശേഷവും അതുകൊണ്ടു തന്നെ ഭാഗികവുമാണ്.എന്നാൽ മുതലാളിത്തത്തിന്റെ ശൃഷ്ടിയായ തൊഴിലാളിവർഗ്ഗത്തിന്റെ സ്ഥിതി ഇതല്ല.ജാതി-ജന്മിത്വം പോലുള്ള മുൻ ചൂഷകവ്യവസ്ഥയിൽ നിന്നും വ്യത്യസ്ഥമാണ് മുതലാളിത്ത ബന്ധനം.വയറിന്റെ വിളിയല്ലാതെ മറ്റൊരു നിർബ്ബന്ധവും അതു തൊഴിലാളിക്ക് മേൽ ചുമത്തുന്നില്ല.തത്വത്തിൽ അവർ സ്വതന്ത്രരായതുകൊണ്ട് പ്രതേകമായ ഒരു മോചനം സാദ്ധ്യമല്ല.എല്ലാ വിഷയത്തിലുമുള്ള ചൂഷണവും ആധിപത്യവും അവസാനിപ്പിക്കണം.അതുകൊണ്ടുതന്നെ മുഴുവൻ മാനവരാശിയുടേയും മോചനം ഈ വർഗ്ഗത്തിന്റെ മോചനത്തിന്റെ മുന്നുപാധിയാകുന്നു.ചൂഷണ രഹിതമായ ഒരു ലോകം യാഥാർത്ഥ്യമാകുന്നതുവരെ പോരാട്ടം തുടരാൻബാദ്ധ്യസ്ഥരുമാണ്.എന്നാൽ മുതലാളിത്വത്തെ നശിപ്പിക്കുന്ന ചരിത്രമുന്നേറ്റത്തിൽ മറ്റു വർഗ്ഗങ്ങളും സാമുഹ്യവിഭാഗങ്ങളും പ്രധാന പങ്കാളികളും വിപ്ലവ നിരയിലെ സൈനിക വിഭാഗവുമായിരിക്കണം
കാക്കരക്ക് :-
എന്റെ നിലപാടുകൾ[പോസ്റ്റുകളിലും, കന്റുകളിലും]
വ്യക്തി വാദപരമോ,യുക്തി വാദപരമോ അല്ല.
വളരെ വ്യക്തമാക്കപ്പെട്ട മാർക്ക്സിയൻ
ദർശന പദ്ധതികളുമായി ചേർന്നു പോകുന്നവയാണ്[പോരായ്മകളുണ്ടാവുമെങ്കിലും].
അതുകൊണ്ടുതന്നെ യുക്തീ-വ്യക്തിവാദപരങ്ങളായ
ഒരു ഉത്തരം തരാൻ എനിക്ക് കഴിഞ്ഞെന്ന് വരില്ല...
വിഷയത്തിലേക്ക്..
മുതലാളിത്ത വികസനത്തിൽ നിലനിൽക്കുന്ന
മനുഷ്യ വിരുദ്ധവും പ്രകൃതി വിരുദ്ധവുമായ
അതിന്റെ സ്വത സിദ്ധമായ മുഖത്തെ
അതിന്റെ നിഷ്ടൂരമായ മൂലധന താൽപ്പര്യത്തെ ,
അപ നിർമ്മിതിയെ കമ്യൂണിസ്റ്റ് വിരുദ്ദർ
വിമർശിക്കാറില്ല പ്രശ്നവൽക്കരിക്കാറുമില്ല.
അതിനോട് ഓരം പറ്റിതന്നെയാണോ അല്ലയോ
താങ്കളും നിൽക്കുന്നത് എന്ന്
ഒരു പക്ഷെ തുടർ ചർച്ചകളിൽ വെളിപ്പെട്ടേക്കാം...
സിദ്ധാന്തം,ദർശനം,പ്രത്യയശാസ്ത്രം എന്നിങ്ങനേയുള്ള പദങ്ങൾ
രാഷ്ട്രീയത്തിന്റെ പ്രകരണത്തിൽ ഉപയോഗിക്കുമ്പോൾ
നാം അർത്ഥമാക്കുന്ന ചില പ്രധാന സംഗതികളുണ്ട്.
നാളിതുവരെയുള്ള മനുഷ്യചരിത്രത്തിൽ
ഏറ്റവും നിർണ്ണായകമായി പ്രവർത്തിച്ച വൈരുദ്യങ്ങളേക്കുറിച്ചും
മനുഷ്യർക്കിടയിൽ അസമത്വവും ,ചൂഷണവും സാദ്ധ്യമാക്കിയ
ഘടകങ്ങളേക്കുറിച്ചും ഉള്ള ധാരണയാണ് അതിൽ ഒന്നാമത്തേത്.
അതിനെ അടിസ്ഥാനമാക്കി
മനുഷ്യരാശിയുടെ ഭാവിസാദ്ധ്യതകളെക്കുറിച്ചും
ലക്ഷ്യത്തെക്കുറിച്ചും സ്വരൂപിക്കുന്ന സങ്കൽപ്പമാണ് അടുത്തത്.
വർത്തമാനത്തിൽ സാദ്ധ്യമാക്കേണ്ടുന്ന സാമൂഹ്യ പുരോഗതി
ആ ലക്ഷ്യത്തിന്ന് അനുയോജ്യമായ വിധം
എങ്ങിനെ സംവിധാനം ചെയ്യണം,
പുരോഗതിയുടെ ഫലങ്ങൾ ആർക്കൊക്കെ
എങ്ങിനെയൊക്കെ ലഭ്യമാക്കണം
എന്നിങ്ങനെയുള്ള കാര്യങ്ങളിൽ സ്വീകരിക്കുന്ന നിലപാടാണ് പിന്നത്തേത്.
മുകളിൽ പറഞ്ഞ സംഗതികൾ മുഴുവൻ
അപ്രസക്തമാണെന്നും വാദിക്കുന്നതിൽ തെറ്റില്ല.
എന്നാൽ എന്തുകൊണ്ട് തെറ്റാവുന്നു
എന്നും കാര്യ കാരണ സഹിതം
വിശദീകരിക്കാനുള്ള ബാദ്ധ്യത താങ്കൾ ഏറ്റെടുക്കണം
അതിന്നായി താങ്കളിൽ ചെവിയോർക്കുന്നു.
മറ്റൊന്നു കൂടി...
സ്വാഭാവികമായി സംഭവിക്കുന്ന സോഷ്യലിസം
[കമ്യൂണിസമല്ല] ഏതാണെന്നും അതിന്റെ
ഉള്ളടക്കം എന്തായിരിക്കുമെന്നും ഉദാഹരണ സഹിതം
ചൂണ്ടിക്കാണിക്കാൻ ചരിത്രാനുഭവത്തിൽ ഉണ്ടായിട്ടുണ്ടൊ?
സ്വൗകര്യം പോലെ അറിയിച്ചാൽ
മതി ധൃതിയില്ല
കടത്തനാടൻ... ഞാൻ കമന്റിലൂടെ കമ്യുണിസ്റ്റ് പ്രത്യേയശാസ്ത്രത്തെ തള്ളിക്കളഞ്ഞിട്ടില്ല. പൂർണ്ണമായി യോജിക്കുന്നിലെങ്ങിലും നല്ല വശങ്ങൾ ഉൾക്കൊള്ളുവാൻ തയ്യാറുമാണ്. അതേ സമയം പ്രത്യേയശാസ്ത്ര“ശാഠ്യം” അതിനെ പൂർണ്ണമായി തള്ളികളയുന്നു. കാരണം ശാഠ്യം സ്വാഭാവിക വളർച്ചയെ തടസ്സപ്പെടുത്തുന്നു.
ഇടതുപക്ഷവും വലതുപക്ഷവും ഒരു പുഴയിലൂടെ ഒഴുകട്ടെയെന്നെഴുതിയത് സോഷ്യലിസം സ്വാഭാവികമായി സംഭവിക്കുമെന്നല്ല മറിച്ച് വലതുപക്ഷ ആശയങ്ങളുടേയും ഇടതുപക്ഷ ആശയങ്ങളുടെയും ഒരു സമിശ്ര വ്യവസ്ഥിതിക്കേ മാനവരാശിക്ക് പുരോഗതിയുണ്ടാക്കുവാൻ സാധിക്കുകയുള്ളു. ഇവിടെയും കുറവുകളുണ്ടാവും കാരണം മനുഷ്യരുടെ അടിസ്ഥാന മനോഭാവം ഒരു പരിധി വരെ ഫ്യുഡലിസമാണ്, അതിനാൽ തന്നെ മുതലാളിത്തത്തിലേക്കൊരു ചാഞ്ഞാട്ടം എപ്പൊഴുമുണ്ടാകും. അതിനെ നിയന്ത്രിക്കുക. അതാണ് സോഷ്യലിസം.
എന്റെ പോസ്റ്റിൽ നിന്ന്...
സോഷ്യലിസത്തിന് ഏതു മാർഗ്ഗവും രേഖയും ആവാം. ആവശ്യമെങ്ങിൽ ബദൽ രേഖയും (എം.വി.ആർ. ന്റെ അല്ല) സീകരിക്കാമല്ലോ. സോഷ്യലിസത്തിന്റെ രൂപം ദ്രാവകം പോലെ, പ്രദേശത്തിനും, കാലത്തിനും അനുസരിച്ച് മാറികൊണ്ടിരിക്കുകയും ചെയ്യും, ഒന്നും നിശ്ഛലമല്ല. സോഷ്യലിസത്തിന് ഒരു ചട്ടകൂടോ, കണ്ണടച്ച് വായിക്കാനും അടിച്ചേൽപ്പിക്കാനും ഒരു വിശുദ്ധ പുസ്തകവുമില്ല. വിശപ്പിന്റെയും പ്രായോകികതയുടെയും ഉൾവെളിച്ചം, അതാണ് സോഷ്യലിസത്തിന്റെ മാർഗ്ഗരേഖ.
....
ഇനി കാക്കര ഏത് ഓരത്ത് നിൽക്കുന്നുവെന്നതിന് എന്ത് പ്രസക്തി! മനുഷ്യന്റെ വിശപ്പിന് പരിഹാരം കാണുക...
അനിൽ@ബ്ലോഗിന്ന്:-രാഷ്ട്രീയ മണ്ഡലത്തിൽ സാമ്രാജ്യത്വ ആഗോളീകരണം കുടുതൽ തീവ്രമായി കെട്ടഴിച്ചു വിടുന്നതിനൊപ്പം ആശയ രംഗത്ത് തൊഴിയാളി വർഗ്ഗത്തെ നിർവ്വീര്യ മാക്കാനും മൂലധനത്തിന്നെതിരായ അവരുടെ പോരാട്ടത്തെ സുരക്ഷിതമായ ചാലുകളിലേക്ക് തിരിച്ചു വിടാൻ ഒട്ടേറെ വർഗ്ഗേതര പ്രത്യായ ശാസ്ത്രങ്ങൾക്ക് നവ ലിബറലിസം രൂപകൽപന ചെയ്തിട്ടുണ്ട് എന്നകാര്യം നാം വിസ്മരിക്കരുത്.ഇത്രയും സൂചിപ്പിച്ചത് ചിത്രകാരനെപ്പോലുള്ളവർക്ക് ഇത് എളുപ്പം തിരിച്ചറിഞ്ഞു കൊള്ളണമെന്നില്ല.ശരിയായ ഒരു ലോക വീക്ഷണത്തിന്നേ ശരിയും ശാസ്ത്രീയവുമായ നിരീക്ഷണങ്ങളും സാദ്ധ്യമാവൂ, മാർക്ക്സിസ്റ്റുകൾ ലോകത്തെ നേക്കികാണുന്നതും വിശദീകരിക്കുന്നതും ചരിത്ര പരവും വൈരുദ്ധ്യതിഷ്ടിതവുമായ ഭൗതിക വാദ വീക്ഷണത്തിലൂടേയാണ്.ചിത്രകാരനാവട്ടെ ഒരു വ്യക്തി എന്നനിലയിൽ തനിക്ക് ആർജ്ജിക്കാൻ കഴിഞ്ഞ അറിവിന്റേയും ധാരണയുടേയും -വിശകലന സാദ്ധ്യതയേയും വെച്ചു നിഗമനങ്ങളിൽ എത്തിച്ചേരുകയുമാണ്.അത്തരം നിഗമനങ്ങൾ ചിലപ്പോൾ ഒരു സാധാരണ പൊതു ബോധത്തെ പോലും പ്രതിനിധീകരിച്ചു എന്നു വരില്ല.ഇത്തരം അഭിപ്രായങ്ങളെ വിലക്കെടുത്ത് "വസ്തുതയിൽ നിന്ന് സത്യം കണ്ടെത്തുക"പ്രയാസകരമാവും.ഈ സാഹചര്യത്തിലും ബോധപൂർവ്വം,വിട്ടു വീഴ്ച്ചയില്ലാതെ രാഷ്ട്രീയമായും പ്രത്യയശാസ്ത്ര പരമായും തൊഴിലാളി വർഗ്ഗത്തെ സമര സജ്ജമാക്കുക എന്നത് തന്നെയാണ് കമ്യൂണിസ്റ്റ് കാരന്റെ കടമ.ചിത്രകാരനേയും അങ്ങിനെ തന്നെയേ നേരെയാക്കാൻ കഴിയൂ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ