2011, ജനുവരി 12, ബുധനാഴ്‌ച

“മതം മനുഷ്യരുടെ മയക്കുമരുന്നാണ്”

മത മൗലികവാദവും വർഗീയതയും ഭീഷണമായി വളർന്നു വന്നിരിക്കുന്ന ഈ സാഹചര്യത്തിൽ
മതത്തിന്നെതിരായ മാർക്സിസ്റ്റ് സമീപനം മുന്നോട്ട് വെക്കുമ്പോൾ ഏറെ ആക്ഷേപത്തിന്നിരയാകുമെന്ന് അറിയാം എന്നാലും ചിലത് സൂചിപ്പിക്കുന്നു.
വർഗ്ഗ സമൂഹത്തിൽ സാമൂഹ്യബോധത്തിന്റെ ഒരു രൂപമായ മതം നിലനില്ക്കുക സ്വാഭാവികം മാത്രമാണ്.പ്രാകൃത കമ്യൂണിസത്തിൽ മതം ഇല്ലായിരുന്നു.ശാസ്ത്രീയ കമ്യൂണിസത്തിന്റേതായ വർഗ്ഗ രഹിത സമുദായത്തിലും മതം ഉണ്ടായിരിക്കുകയില്ല.
എന്നാൽ വർഗ്ഗ സമൂഹത്തിൽ മതം അതിന്റെ സ്വഭാവിക തുടർച്ച എന്ന നിലയിൽ സ്വന്തം നിലയിൽ നിലനില്ക്കുന്നതിനേക്കാൾ കൂടുതൽ അപകടകരമാവുന്നത് മതമൗലികവാദവും,വർഗീയതയുമാണ്‌.
ചൂഷകർക്കെതിരായ വർഗ്ഗസമരത്തിൽ അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് ഒന്നിച്ച് നിന്ന് പോരാടുന്നതിന്ന് മതം ഒരു തടസ്സമായിക്കൊള്ളണമെന്നില്ല.എന്നാൽ ഇന്ന് മൗലികവാദത്തിന്റേയും വർഗ്ഗീയതയുടേയും റോൾ അതല്ല.നാടുവാഴിത്തത്തിന്നും സാമ്രാജ്യത്വത്തിന്നും,മൂലധന താല്പര്യങ്ങൾക്ക് മെതിരേയുള്ള വർഗ്ഗ സമരത്തിന്ന് പ്രത്യക്ഷത്തിൽ തന്നെ തടസ്സം സൃഷ്ടീക്കുന്നു.
വർഗ്ഗ സമൂഹത്തിൽ മതം നിലനില്ക്കുമെന്ന ഒരു പൊതു പ്രസ്ഥാവത്തിന്ന് ,സാമ്രാജ്യത്വ ആഗോള വല്കരണ സാഹചര്യത്തിൽ ജനങ്ങളുടെ ഐക്യം തകർക്കുന്ന നിലപാട് സ്വീകരിച്ച് നിലനില്ക്കാൻ മതങ്ങൾക്ക് അവകാശമുണ്ട് എന്ന അർത്ഥമില്ല.
മറ്റൊന്നുകൂടി സൂചിപ്പിക്കാനുള്ളത്
“വർഗ്ഗസമരം സാമൂഹികജീവിതത്തിൽ മൂന്നു മണ്ഡലങ്ങളിലും ഒരേസമയം നടക്കുന്ന പ്രക്രിയയാണ്‌;അതായത്,സാമ്പത്തില-രാഷ്ട്രീയ-ആശയമണ്ഡലങ്ങളിൽ. അതിൽ ആശയ മണ്ഡലത്തിലെ സമരത്തിന്റെ ഒരുഭാഗം മാത്രമേ ആകുന്നുള്ളൂ മതത്തിനെതിരായ സമരം.
അത് അപ്രധാനമെന്നല്ല,കേവലയുക്തിവാദികൾ കരുതുന്നത് പോലെ കേവലം ആശയസമരം കൊണ്ട് മതത്തെ ഉന്മൂലനം ചെയ്യാനാവുകയില്ല. സാമ്പത്തിക രാഷ്ട്രീയ മണ്ഡലങ്ങളിലെ സമരങ്ങളുടെ പരമപ്രാധാന്യം നാം കാണണം.വ്യവസ്ഥിതി മാറ്റി മതത്തിന് നിലനില്ക്കാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ് വേണ്ടത്.
മതത്തോട് യാതോരു വിട്ടു വീഴ്ച്ചയുമില്ല,എന്നാൽ മതത്തിന്നെതിരായ സമരമല്ല പരമപ്രധാനമായിട്ടുള്ളത്.ചൂഷകരും ചൂഷിതരും തമ്മിലുള്ള സമര മാണ് പരമപ്രധാനമായിട്ടുള്ളത്.മതത്തിന്നെതിരായ സമരം വർഗ്ഗസമരത്തിന്ന് കീഴ്പ്പെടുത്തുക എന്നതാണ് യഥാർത്ഥ പുരോഗമനകാരികളുടെ കർത്തവ്യം”....
മേൽ സൂചിപ്പിച്ചത് വളരെ പ്രാമണികമായിനിലനില്ക്കുന്ന ഒരു നിലപാടാണ്.
പ്രസ്തുത നിലപാടിലേക്ക് എത്തിച്ചേർന്ന ഒരു പഴയ ലേഖനം ഇവിടെ ചേർക്കുന്നു:-


പുളൂട്ടാർക്ക് എഴുതിയിട്ടുള്ളതിന്റെ അടിസ്ഥാനത്തിൽ പ്രാചീന റോമാ നഗരത്തിലെ ആളുകൾക്കിടയിൽ നിലവിലിരുന്ന ഒരു മതാചാരം നമുക്ക് ഊഹിക്കാൻ കഴിയും ,സൂര്യപ്രഭയിൽ മുങ്ങിക്കുളിച്ച റോമാ നഗരത്തിലെ തെരുവുകൾ മനസ്സിൽ സങ്കല്പിക്കുക.അതിലൊരു തെരുവിലൂടെ വലിയൊരു ജനക്കൂട്ടം മന്ദ മന്ദം മുന്നോട്ട് നീങ്ങുന്നു.വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരുവനെ തൂക്കുമരച്ചോട്ടിലേക്ക് അനുഗമിക്കുകയാണവർ.ഔദ്യോഗിക പ്രൗഡിയോടെ സായുധരായ കോല്ക്കാർ ആ കുറ്റവാളിയുടെ തൊട്ടുപിന്നിലായി നടക്കുമ്പോൾ,നഗരവാസികൾ അയാളുടെ വിചാരണയേയും ശിക്ഷയുടെ ന്യായാന്യായതേയേയും പറ്റി അഭിപ്രായവിനിമയം നടത്തിക്കൊണ്ട് കുറേ അകലം വിട്ടു നടക്കുന്നു.
ശിക്ഷിക്കപ്പെട്ട മനുഷ്യൻ ഇതൊന്നും അറിയുന്നും കാണുന്നുമില്ല.ജീവിതാഭിനിവേശം മുഴുവൻ കെട്ടടങ്ങിയ അയാൾ ചിന്താമഗ്നനായി ഒരു ജീവച്ഛവം പോലെയാണ്‌ അയാൾ മുന്നോട്ട് നീങ്ങുന്നത്.പക്ഷെ,പെട്ടന്നതാ ആൾക്കൂട്ടത്തിനിടക്ക് ഒരു ബഹളം .കോല്ക്കാർ ആ കൊലപ്പുള്ളിയെ തൊട്ടടുത്തുള്ള ഒരു ഇടവഴിയിലേക്ക് തള്ളി മാറ്റുന്നതെന്തിനാണ് ? അയാളുടെ കണ്ണുകളിൽ പുതിയൊരു പ്രകാശം കാണുന്നതെന്തുകൊണ്ടാണ് ?
അതാ ,എതിർവശത്തുനിന്ന് മറ്റൊരു ആൾക്കൂട്ടം ആ വഴിക്കു നീങ്ങുന്നുണ്ട്.റോമാക്കാരുടെ അഗ്നി ദേവതയായ“വെസ്റ്റാ”യുടെ പുരോഹിതയെ ഏറ്റിയിട്ടുള്ള ഒരു പല്ലക്കിന്ന് ചുറ്റുമാണവർ നടക്കുന്നത്.ഒരു റോമൻ ആചാരമനുസരിച്ച് വധശിക്ഷക്കായി ഒരുവനെ കൊണ്ടുപോകുമ്പോൾ വഴിക്ക് ഇത്തരത്തിലൊരു പുരോഹിതയേ കണ്ടുമുട്ടാനിടയായാൽ അയാളെ വധിക്കാൻ പാടില്ലെന്നാണ്‌ നിയമം.താൻ ആ സമയത്ത് കരുതിക്കൂട്ടി അവിടെ വന്നതല്ലെന്ന് ആ പുരോഹിത സത്യം ചെയ്യണമെന്നു മാത്രം.
ഈ വിധത്തിൽ ,മനുഷ്യൻ ഉണ്ടാക്കിയ നിയമങ്ങൾ ദിവ്യമെന്ന് അവർ കരുതിയിരുന്ന നിയമങ്ങൾക്ക് വഴിമാറിക്കൊടുക്കേണ്ട സ്ഥിതിയാണ് അന്നുണ്ടായിരുന്നത്.മതത്തിന്ന് അന്ന് അവർ എത്ര പ്രാധാന്യം കല്പിച്ചിരുന്നു എന്നതിന്ന് ഇതിലും വലിയ തെളിവുകൾ ആവശ്യമില്ലല്ലോ .
ഇതുപോലെ മറ്റുജന വിഭാഗങ്ങളുടെ ജീവിതത്തിൽ,മറ്റുകാലങ്ങളിൽ മതത്തിനുള്ള പങ്ക് എത്രയായിരുന്നുവെന്ന് കാണിക്കുന്ന എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും ഇവിടെ ഉദ്ധരിക്കാൻ കഴിയും.

മദ്ധ്യകാലങ്ങളിലെ കുരിശുയുദ്ധങ്ങളുടെ കാര്യം തന്നെ ആലോചിക്കാം .മുസ്ലീങ്ങളുടെ കയ്യിൽ നിന്ന് തങ്ങളുടെ നഷ്ടപ്പെട്ട പുണ്ണ്യഭൂമി വീണ്ടെടുക്കുന്നതിന്നായി കുരിശുയുദ്ധക്കാർ ആയിരക്കണക്കിന്ന് മുസ്ലീങ്ങളെ കശാപ്പു ചെയ്തു.മതവൈരം കാരണം പാരീസിൽ മാത്രം മുപ്പതിനായിരം ഹൂഗനോട്ടുകൾ ( പ്രൊട്ടസ്റ്റന്റ് ) മതാനുയായികൾ കൊലചെയ്യപ്പെട്ട സെന്റ് ബാർതലോമിയോ (1572) കൂട്ടക്കൊലയുടെ കാര്യം നാം കേട്ടതാണല്ലോ.

അപ്പോൾ ,വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരു കൊലപ്പുള്ളിയെ രക്ഷിക്കാനും ,നിരപരാധികളായ പതിനായിരക്കണക്കിന്നാളുകളെ കൊന്നൊടുക്കാനും കല്പ്പിക്കാൻ കഴിയുന്ന ഈ മതം എന്നു പറഞ്ഞാൽ എന്താണ്‌?
വിപ്ലവകാരികൾ ഈ പ്രതിഭാസത്തോട് എന്തു സമീപനമാണ്‌ സ്വീകരിക്കേണ്ടത്?

മർക്സിസം -ലെനിനിസം ഈ ചോദ്യങ്ങൾക്ക് എന്തു മറുപടിയാണ്‌ നല്കുന്നത്?
അതിന്ന് മുമ്പായി മതത്തിന്റെ പ്രതിനിധികൾ ,സദാ മത പ്രശ്നങ്ങൾ കൈകാര്യം ചെയ്യുകയും മത തത്വങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന വൈദികശ്രേഷ്ടന്മാർ ഇതേപ്പറ്റി എന്തു പറയുന്നു എന്ന് നമുക്കു നോക്കാം .
അവർ മതത്തിന്ന് നകുന്ന നിർവചനം എന്താണ്‌.മതം (ഇംഗ്ലീഷിൽ റിലിജിയൻ)എന്നവാക്ക് ഭയഭക്തി ബഹുമാനം എന്നർത്ഥം വരുന്ന ലത്തീൻ ഭാഷയിലെ റിലിജിയോ എന്ന വാക്കിൽ നിന്ന് ഉണ്ടായിട്ടുള്ളതാണെന്നാണ്‌ ക്രിസ്തു മതത്തിൽ പെട്ട മിക്ക വേദജ്ഞാനികളും കരുതുന്നത്.ഇതാകട്ടെ പിന്നോട്ട് കെട്ടുക എന്നർത്ഥം വരുന്ന റിലിഗാറെ എന്നവാക്കുമായി ബന്ധപ്പെട്ടിരിക്കുന്നു.വേദജ്ഞാന വീക്ഷണത്തിൽ നിന്ന് നോക്കിയാൽ മനുഷ്യനേയും ദൈവത്തേയും തമ്മിൽ ഘടിപ്പിക്കുന്ന കണ്ണിയാണ്‌ മതം എന്നു പറയുന്നത്.ദൈവത്താൽ കല്പിക്കപ്പെട്ടിട്ടുള്ളതും ഒരു വിശ്വാസിയെ ദൈവവുമായി ബന്ധിപ്പിക്കുന്നതുമായ ചട്ടങ്ങളുടേയും പെരുമാറ്റ തത്വങ്ങളുടേയും ഒരു സാകല്യമാണെന്ന് തോന്നും.

ക്രിസ്ത്യേതര വേദജ്ഞാനികൾക്കും മതത്തേക്കുറിച്ച് ഏതാണ്ടിതേ അഭിപ്രായമാണുള്ളത്.ഉദാഹരണത്തിന്ന്,
ബുദ്ധമത സ്ഥാപകനായ ഗൗതമ ബുദ്ധന്റെ നിർവ്വാണത്തെ സബന്ധിച്ച പ്രമാണമാണ്‌,മോക്ഷവും തദനന്തരം ബുദ്ധനിലുള്ള വിലയനവും വാഗ്ദാനവും ചെയ്യുന്ന പെരുമാറ്റ തത്വങ്ങളാണ്‌ - ബുദ്ധൻ തന്നെ അനുശാസിച്ചിട്ടുള്ളതാണ്‌ ഈ തത്വങ്ങൾ -ബൗദ്ധന്മാരെ സബന്ധിച്ചിടത്തോളം മതം എന്നു പറഞ്ഞാൽ.
അല്ലാഹുവിൽ വിശ്വസിക്കുന്ന മുസ്ലീങ്ങളെ സബന്ധിടത്തോളം അവരുടെ വിശുദ്ധഗ്രന്ഥമായ ഖുറാനിൽ പറഞ്ഞിട്ടുള്ള പെരുമാറ്റ തത്വങ്ങളും ചട്ടങ്ങളുമാണ് മതം എന്നു പറയുന്നത്. ഇതനുസരിക്കുന്ന വിശ്വാസിക്ക് അല്ലാഹുവിൽ ലയിക്കാനും മോക്ഷം നേടാനും കഴിയുമെന്ന് അവർകരുതുന്നു.

ചുരുക്കിപ്പറഞ്ഞാൽ ,മനുഷ്യനും ദൈവവും തമ്മിലുള്ള കണ്ണിയാണ് മതമെന്ന് വേദപണ്ഡിതന്മാർ കരുതുന്നു.പക്ഷെ,അതിന്ന് മുമ്പായി ദൈവം ഉണ്ടെന്ന കാര്യം തന്നെ തെളിയിക്കപ്പെടേണ്ടിയിരിക്കുകയാണല്ലോ.
അതു തെളിയിക്കാൻ ഇപ്പോൾ വരെ യാതൊരു മാർഗ്ഗവുമില്ല.ഇനിയൊട്ടുണ്ടാവുകയുമില്ല.ഇങ്ങനെ പറയുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചേക്കാം.
തുടക്കത്തിൽ ആളുകൾ പല പല ദേവന്മാരേയും ആരാധിച്ചിരുന്നു.ആ ദൈവങ്ങളോന്നും നിലവിലില്ലെന്ന് പിന്നീട് തെളിഞ്ഞു. ബേൽ, അനു, അസ്താർത്തെ (ഐശ്വര്യദേവത), ഒസിറീസ് (ദേവേന്ദ്രൻ), ഇസിഡ്(ഐശ്വര്യദേവത) ഹോറസ്(ദിനദേവത)സ്യൂയസ്(യവനദേവേന്ദ്രൻ)പൊസൈഡോൺ(യവന വരുണൻ,ഹദോസ്(പാതാള ദേവത) അപ്പോളൊ (സൂര്യദേവൻ) അതീന(റോമാക്കാരുടെ സരസ്വതി) ഹേര(യവനന്മാരുടെ ഇന്ദ്രാണി) ചൊവ്വാ,ജാനസ്സ് (റോമാക്കാരുടെ ദ്വാരപാലകദേവത, വെസ്ത (അഗ്നിദേവത) തുടങ്ങി ഈ ദേവന്മാരുടെ പട്ടിക എത്ര പറഞ്ഞാലും അവസാനിക്കാത്തതാണ്.

പ്രാചീനകാലത്തെ ജനങ്ങൾക്ക് അവരുടെ ദേവന്മാരിൽ അന്ധമായ വിശ്വാസമുണ്ടായിരുന്നു.ഒളിമ്പിക്ക് ദേവന്മാരില്ലെന്ന് പറഞ്ഞു അവരെ അപലപിക്കാൻ മുതിർന്ന പ്രാചീന ഗ്രീക്ക് തത്വ ചിന്തകരായ അനക്സഗോറസിനും സോക്രട്ടീസിനും അനുഭവിക്കേണ്ടിവന്ന ക്ലേശങ്ങൾ എത്രയെന്ന് എല്ലാവർക്കും അറിവുള്ള താണല്ലോ.ഏതൻസിലെ ഒരു പ്രമുഖ രാജ്യതന്ത്രജ്ഞനായ പെരിക്ലീസ് ഇടപെട്ടത്കൊണ്ട് അനക്സഗോറസ്സിന്റെ ജീവൻ രക്ഷപ്പെട്ടെങ്കിലും അദ്ദേഹം ഏതൻസിൽ നിന്നും നാടുകടത്തപ്പെട്ടു,
“ദേവന്മാരെ അവഗണിച്ചതിന്ന്”സോക്രട്ടീസ് വധശിക്ഷക്ക് വിധിക്കപ്പെട്ടു.അന്നത്തെ ഏതൻസിലെ മാമൂലനുസരിച്ച് ഒരു കോപ്പ വിഷം കഴിച്ച് അദ്ദേഹം മരിക്കുകയും ചെയ്തു.മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം മതത്തിനുള്ള പ്രാധാന്യത്തെപ്പറ്റി ക്രിസ്തുമതത്തിലും ഇസ്ലാമിലും മറ്റുമതങ്ങളിലും പെട്ട വൈദിക പണ്ഡിതന്മാർക്ക് പൂർണ്ണബോദ്ധ്യമാണ്;എന്തെന്നാൽ തങ്ങൾ വിശ്വസിക്കുന്ന ദേവന്മാർ വാസ്തവത്തിലുള്ളതാണെന്ന് അവർ കരുതുന്നു.
എന്നാൽ,ആരാധനാപാത്രമായിട്ടുള്ള വസ്തു വെറും കപോലകല്പ്പിതമാണെന്ന് വ്യക്തമായിട്ടുള്ളേടങ്ങളിലും മതവിശ്വാസങ്ങൾ വളരെ വലിയൊരു പങ്കു വഹിച്ചിരുന്നുവെന്നതിന്ന് തെളിവുകളുണ്ട്.മാനവസമുദായത്തിന്റെ ജീവിതത്തിൽ മതം വഹിക്കുന്ന പങ്കിനെ സംബന്ധിച്ച വൈധികധാരണ എത്ര ദുർബ്ബലമായിട്ടുള്ളതാണെന്നു ഇതിൽ നിന്ന് വ്യക്തമാകുന്നുണ്ടല്ലോ.

അപ്പോൾ,വാസ്തവത്തിൽ മതത്തിനുള്ള പങ്ക് എന്താണ്?
ഒന്നാമതായി ,മതം മനുഷ്യരാശിയുടെ ആദ്ധ്യാത്മിക സംസ്കാരത്തിന്റെ ഒരു ഭാഗമാണ്‌.ഏതൊരു ചരിത്ര പുസ്തകം പരിശോധിച്ചാലും -അതെഴുതിയത് വൈദികപണ്ഡിതനോ ബൂർഷ്വാപണ്ഡിതനോ മാർക്സിസ്റ്റോ ആയിരിക്കാം -അതിൽ ഒരു നിഷ്കൃഷ്ട ജനവിഭാഗത്തിന്റേയോ ഏതെങ്കിലുമൊരു ചരിത്രയുഗത്തിന്റേയോ സംസ്കാരത്തേപ്പറ്റി പറയുന്ന അദ്ധ്യായത്തിൽ മതവിശ്വാസങ്ങളെപ്പറ്റി ഒരു ഭാഗം കാണുമെന്നതിൽ സംശയമില്ല.
സത്യത്തിൽ,സംസ്കാരത്തേയും ആദ്ധ്യാത്മികസംസ്കാരവുമായി നേരിട്ടുബന്ധമുള്ള ജീവിതമണ്ഡലങ്ങളേയും കുറിച്ച് പറയുമ്പോഴാണ്‌ മതം നമ്മുടെ പരിഗണനക്ക് വരുന്നത്.കുറേക്കൂടി കൃത്യമായി പറഞ്ഞാൽ ,സാമൂഹ്യ ബോധത്തിന്റെ ഒരുമുഖ്യരൂപമാണ്‌മതം;
മനുഷ്യന്റെബുദ്ധിപരപ്രവർത്തനത്തിന്റെ,ആധ്യാത്മികവിശ്വസംസ്കാരത്തിന്റെ,മുഖ്യഘടകങ്ങളിലൊന്നാണത് ഒരു സാമൂഹ്യരൂപമെന്ന നിലയിൽ അതിന്നുള്ള രാഷ്ട്രീയം,നിയമം,സദാചാരം,കല,ശാസ്ത്രം,തത്വചിന്ത തുടങ്ങി സാമൂഹ്യ ബോധത്തിന്റെ മറ്റ് എണ്ണപ്പെട്ട രൂപങ്ങൾക്കുള്ളതിനോട് കിടപിടിക്കുന്ന തരത്തിലുള്ളതാണ്‌.
കാരണം,സാമൂഹ്യബോധം യാഥാർത്ഥ്യത്തെ,സാമൂഹ്യ അസ്തിത്വത്തെ,പ്രതിഫലിക്കുക മാത്രമല്ലല്ലോ ചെയ്യുന്നത്.അത് ആളുകളുടെ പെരുമാറ്റത്തെ രൂപപ്പെടുത്തുകയും ,ഇന്ന് പ്രവർത്തിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന്അതിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു.
സാമൂഹ്യബോധത്തിന്റെ ഓരോരൂപവും അതതിന്റേതായ രീതിയിലാണ്‌ ഇത് ചെയ്യുന്നത്.മതത്തെ സംബന്ധിച്ചേടത്തോളവും ഇതു തന്നെയാണ്‌ സ്ഥിതി.മതത്തിന്റെ സാരാംശം കൂടുതൽ സ്പഷ്ടമാക്കാൻ എംഗൽസും ലെനിനും വളരെയേറെ പ്രയത്നിച്ചിട്ടുണ്ട് .മതത്തിന്റെ മാർക്സിസ്റ്റ് നിർവ്വചനത്തിന്റെ ഒരു ഘടകഭാഗം,അതായത് മതം ഒരു സാമൂഹ്യബോധരൂപമാണെന്ന സംഗതി,നാം മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ടല്ലോ,
എന്നാൽ ,അതുകൊണ്ട് ആ നിർവ്വചനം പൂർണ്ണമായില്ല.മതത്തിൽ വിശ്വപ്രതിഫലനത്തിന്റെ വിശേഷാൽ സ്വഭാവം എന്തെന്നും മാർക്സിസം വ്യക്തമാക്കുന്നുണ്ട്.മറ്റെല്ലാ സാമൂഹ്യരൂപങ്ങളും ഏതാണ്ട് വേണ്ടത്ര രീതിയിൽ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുമ്പോൾ,ബാഹ്യലോകത്തെ വളച്ചൊടിച്ച്കൊണ്ട് കപോലകല്പിതമായ അതിന്റെ ചിത്രം വരച്ചുകാട്ടുന്നത് മതം മാത്രമാണ്‌.മതം “മാനവസത്തയുടെ ഭാവനയിലുള്ള സാക്ഷാല്ക്കരണം” ആണെന്ന്,അത് ആളുകളുടെ മിഥ്യാബോധത്തിലുള്ള ആനന്ദമാണെന്ന്,തലതിരിഞ്ഞ ലോകത്തിന്റെ ഒരു തലതിരിഞ്ഞ വീക്ഷണമാണെന്ന്,ആ തലതിരിഞ്ഞ ലോകത്തിന്റെ “സാമാന്യസിദ്ധാന്ത”വും അതിന്റെ വിജ്ഞാനകോശതുല്യമായ സംഗ്രഹവും,അതിന്റെ സാധാരണരൂപത്തിലുള്ള ന്യായവാദവും അതിന്റെ അന്തസ്സിന്റെ ആധ്യത്മികപ്രശ്നവും,“അതിന്റെ ഉൽസാഹവും,അതിന്റെ ധാർമ്മികവിലക്കുകളും,അതിന്റെപരിപാവനമായ പരിപൂരകവും ,അതിന്റെ സാന്ത്വനത്തിന്റേയും ന്യായീകരണത്തിന്റേയും നിതാന്തമായ ഉറവിടവും” ആണെന്ന്മാർക്സ്പറയുകയുണ്ടായി(മാർക്സ്,സമാഹൃതകൃതികൾ,വാല്യം3പേജ്174)

യാഥാർത്ഥ്യത്തെ വളച്ചൊടിക്കുക എന്ന,മതത്തിന്റെ വിശേഷ സ്വഭാവത്തെപ്പറ്റി പറയുന്ന കൂട്ടത്തിൽ എംഗൽസ് ഇപ്രകാരം എഴുതുകയുണ്ടായി;“ മതം,അത് ഏതായാലും... മനുഷ്യരുടെ ദൈനംദിനജീവിതത്തെ നിയന്ത്രിക്കുന്ന ബാഹ്യശക്തികളേക്കുറിച്ച് അവരുടെ മനസ്സിൽ പതിക്കപ്പെടുന്ന കപോലകല്പിതമായ ഒരു പ്രതിഫലനം,ഭൗതികശക്തികൾ അമാനുഷികശക്തികളുമായി രൂപധാരണം നടത്തുന്ന ഒരു പ്രതിഫലനം,അല്ലാതെ മറ്റൊന്നുമല്ല.(എംഗൽസ്,”ആന്റിഡ്യൂറിഗ്“പേജ്374)
അങ്ങിനെയാണ്‌ മതം ലോകത്തെ പ്രതിഫലിപ്പിക്കുന്നത്.എന്നാൽ പോലും മതം എന്നത് ഒരു സാമാന്യലോകവീക്ഷണം മാത്രമാണെന്ന് ,പറഞ്ഞുകൂട.അതിൽ വൈകാരികമായ,ഇന്ദ്രിയാനുഭൂതിയുടേതായ,ഒരു അംശം കൂടിയുണ്ട്. ഒരു നിശ്ചിത രീതിയിലുള്ള ലോകസൃഷ്ടിയേയുംദേവന്മാർക്കും മറ്റ് അമാനുഷികശക്തികൾക്കും ഈ ലോകത്തിന്മേലുള്ള സ്വാധീനത്തേയും സംബന്ധിച്ച ഏതോ ഒരുതരം വിശ്വാസപ്രമാണമായി മാത്രം മതത്തെ സങ്കല്പിക്കുന്നത് ശരിയായിരിക്കില്ല.
എത്രതന്നെ വളച്ചൊടിച്ചുകൊണ്ടുള്ളതാണെങ്കിലും,യാഥാർത്ഥ്യത്തിന്റെ വെറുമൊരു വ്യാഖ്യാനമായി,ലോകത്തേക്കുറിച്ചുള്ള വെറുമൊരു വിചിത്രസിദ്ധാന്തമായി,മാത്രം മതത്തെ കാണാൻ പാടില്ല.അങ്ങിനെ ആയിരുന്നുവെങ്കിൽ,അത് എന്നേ പൊളിഞ്ഞ് പാളീസായേനെ !
കാരണം,ലോകത്തെക്കുറിച്ചുള്ള ഈ സങ്കല്പ്പത്തിന്ന് പ്രായോഗികമായ യാതൊതൊരു അടിസ്ഥാനവുമില്ലെന്ന് തെളിയിക്കാനും ,അതിഭാവനയിൽ പൊതിഞ്ഞ ഈ സങ്കല്പങ്ങളുടെ സ്ഥാനത്ത് ലോകത്തേക്കുറിച്ചുള്ള ഒരു ശാസ്ത്രീയസങ്കല്പം അവതരിപ്പിക്കാനും യാതൊരു പ്രയാസവും ഉണ്ടാകുമായിരുന്നില്ല.പക്ഷെ ,മറ്റെല്ലാ സംഗതികൾക്കും പുറമേ,മതം എന്നത് ലോകത്തോടുള്ള വ്യക്തമായ ഒരു സമീപനവും കൂടിയാണെന്നതാണ്‌ വാസ്തവം.

ലോകത്തെക്കുറിച്ച് മതവിശ്വാസം പുലർത്തുന്ന ഒരുവൻ ഈ ഭാവനാലോകത്തിന്റെ ഒരു ഭാഗമായിട്ടാണ്‌ തന്നെ കാണുന്നത്.അതേപ്പറ്റി അയാൾക്ക് ചിലപ്രതീക്ഷകളും വ്യാമോഹങ്ങളും വിശ്വാസങ്ങളുമുണ്ട്.മതം വളർത്തിക്കൊണ്ടു വന്നിട്ടുള്ള ഈ വിചാരവികാരങ്ങൾ മതത്തെ ഗാഢതരമാക്കുന്നു.മതപരമായ വികാരങ്ങൾ മതപരമായ മനശാസ്ത്രത്തെ സംബന്ധിക്കുന്നതാണ്‌.ഇതാകട്ടെ ഒരു ഇരട്ടസ്വഭാവത്തോടുകൂടിയതാണ്‌;നിസ്സഹായതയും ദൗർബ്ബല്യവും ഭയവുമാണ്‌ ഒരു ഭാഗത്തെങ്കിൽ ,പ്രതീക്ഷയാണ്‌ മറുഭാഗത്ത്; ഈ പ്രതീക്ഷ ചിലപ്പോൾ മതപരമായ പ്രതിഷേധവും ഹർഷോന്മാദവും മതഭ്രാന്തും ആയി വളർന്നെന്നും വന്നേക്കാം.
മതത്തിന്റെ ഈ നിലവാരത്തെപ്പറ്റി എഴുതിയകൂട്ടത്തിൽ,”മതപരമായ ക്ലേശം അതേസമയം തന്നെ യഥാർത്ഥ ക്ലേശത്തിന്റെ പ്രകടനവും യഥാർത്ഥക്ലേശത്തിന്നെതിരായ പ്രതിഷേധവുമാണ്‌“ എന്ന് മാർക്സ് ഊന്നിപ്പ്രയുകയുണ്ടായി(മാർക്സ്-എംഗൽസ്,”സമാഹൃതകൃതികൾ“,വാല്യം3പേജ്174)

ഈ വിധത്തിൽ ,മാർക്സിസത്തിൽ ലോകവീക്ഷണത്തിന്റേതെന്നും ,വൈകാരികമായിട്ടുള്ളതിന്റേതെന്നും മതത്തിന്റെ രണ്ട് നിലവാരങ്ങളെ വേർതിരിച്ചു പറയുന്നുണ്ട്. മതപരമായ ധാരണകളും ആശയങ്ങളുമാണ്‌ മതത്തിന്റെ പുരാണകഥാപരമായ(ലോകവീക്ഷണത്തിന്റേതായ) അംശമായിട്ടുള്ളത്.ദേവന്മാരേയും ,ഐതിഹ്യങ്ങളിലെ കഥാനായകന്മാരേയും നാനാതരത്തിൽ പെട്ട ചെകുത്താന്മാരേയും സബന്ധിച്ചതും ലോകവും മനുഷ്യനുമായി അവർക്കുള്ള ബന്ധത്തെപ്പറ്റി പ്രതിപാതിക്കുന്നതുമായ കുറേയേറെ കെട്ടുകഥകളായിരിക്കും ഇതിലടങ്ങിയിട്ടുള്ളത്.
മതത്തിന്റെ വൈകാരിക നിലവാരം ,അതിന്റെ ലോകവീക്ഷണ നിലവാരം പോലെതന്നെ,മാനവബോധത്തിന്റെ വളച്ചൊടിക്കപ്പെട്ട ഒരു നിലവാരത്തേയാണ് പ്രതിനിധാനം ചെയ്യുന്നത്.മതം മനുഷ്യന്റെ ബോധത്തെ ,അവന്റെ ലോകവീക്ഷണത്തെ,മാത്രമല്ല വളച്ചൊടിക്കുന്നത്.അവന്റെ വികാരങ്ങളേയും യാഥാർത്ഥ്യത്തോടുള്ള അവന്റെ പ്രതിചേഷ്ടകളേയും അത് വളച്ചൊടിക്കുന്നു.
എന്നാൽ മതബോധത്തിന്റെ ഈ രണ്ട് നിലവാരങ്ങളേപ്പറ്റി പറഞ്ഞതുകൊണ്ടും കാര്യം തീരുന്നില്ല.സാമൂഹ്യബോധരൂപങ്ങൾ മനുഷ്യന്റെ പെരുമാറ്റത്തെ സ്വാധീനിക്കുകയും കരുപ്പിടിപ്പിക്കുകയും ചെയ്യുമെന്ന സംഗതി നേരത്തെ പ്രസ്താവിച്ചുട്ടുള്ളതാണല്ലൊ.ഒരു സാമൂഹ്യബോധരൂപമെന്ന നിലയിൽ മതത്തിൽ അന്തർലീനമായിട്ടുള്ള,ലോകത്തേക്കുറിച്ചുള്ള വളച്ചൊടിക്കപ്പെട്ട കാഴ്ച്ചപ്പാടും അവബോധവും അതേപോലെ വളച്ചൊടിക്കപ്പെട്ടതും വികൃതവും അപര്യാപ്തവുമായ രീതിയിൽ പെരുമാറാൻ മനുഷ്യനെ നിർബ്ബന്ധിതനാക്കുന്നു.
ഒരു വിശ്വാസി പലേചടങ്ങുകൾ നിർവ്വഹിക്കുകയും വഴിപാടുകൾ (നേർച്ചകൾ)നടത്തുകയും മുട്ടുകുത്തിയോ കൈകൂപ്പിയോ പ്രാർത്ഥിക്കുക്അയും മറ്റും ചെയ്തുകൊണ്ട് ഒരു നിശ്ചിതരീതിയിൽ തന്റെ ദേവനെ ആരാധിക്കുന്നു. ഇതെല്ലാം മതത്തിന്റെ ചടങ്ങുകൾ അഥവാ ആരാധനാരീതികളാണ്‌. എന്നാൽ, മതപരമായ പ്രവർത്തനം ആരാധനയിൽ മാത്രം ഒതുങ്ങിനില്ക്കുന്ന ഒന്നല്ല.വിശ്വാസികളുടെ ഗ്രൂപ്പുകളും സമിതികളും സഘടനകളും ,അതായത് ഓരോ സഭകളും ,സമുദായജീവിതത്തിലും സാമൂഹ്യസംഘട്ടനങ്ങളിലും വർഗ്ഗസമരത്തിലും പങ്കെടുത്തുകൊണ്ട് സമുദായത്തോടും സാമൂഹ്യപ്രശ്നങ്ങളോടും നിശ്ചിതമായ ഒരു നിലപാട് കൈക്കൊള്ളുന്നുണ്ട്.
ലോകത്തെക്കുറിച്ചുള്ള മതപരമായ കാഴ്ചപ്പാടിന്റേയും അവബോധത്തിന്റേയും മുദ്ര പതിഞ്ഞിട്ടുള്ളതാകും ഈ പ്രവർത്തനങ്ങളെല്ലാം.അപ്പോൾ,മതം എന്നത് പലേ നിലവാരങ്ങളുമുള്ള സങ്കീർണ്ണമായ ഒരു പ്രതിഭാസമാണെന്ന സംഗതി ഇവിടെ വ്യക്തമാവുന്നുണ്ടല്ലോ.
ഈ നിലവാരങ്ങളിൽ ചിലത് ബോധവുമായും മറ്റുചിലത് പ്രയോഗവുമായും ബന്ധപ്പെട്ടിരിക്കും.യാഥാർത്ഥ്യത്തെക്കുറിച്ചുള്ള വളച്ചൊടിച്ച,അതിഭാവനാപൂർണ്ണമായ പ്രതിഫലനത്തിന്റേയും ധാരണയുടേയും ഫലമായുള്ളതാണ്‌ ഈ നിലവാരങ്ങൾ.

മതത്തിന്റെ നാനാവശങ്ങളും വിലയിരുത്തുകയും സംഗ്രഹിക്കുകയും ചെയ്തതിന്ന് ശേഷം“മതം മനുഷ്യരുടെ മയക്കുമരുന്നാണ്‌” എന്ന നിഗമനത്തിലെത്താൻ മാർക്സിനെ പ്രേരിപ്പിച്ച സംഗതി ഇതായിരുന്നു(മാർക്സ്-എംഗൽസ്“സമാഹൃതകൃതികൾ”വാല്യം3പേജ്174) മതത്തെസംബന്ധിച്ച മർമ്മപ്രധാനമായ മാർക്സിസ്റ്റ് പ്രമേയം ഇതാണെന്ന് ലെനിൻ പ്രസ്താവിക്കുകയുണ്ടായി.
പറഞ്ഞുവരുന്നത് അല്ലെങ്കിൽ പറയാൻ ഉദ്ദേശിച്ചത്:-
മതം ഒരു സാമൂഹ്യരൂപമാണ്‌.മനുഷ്യന്റെ മേൽ ആധിപത്യം പുലർത്തുന്ന പ്രകൃതി-സാമൂഹ്യശക്തികളുടെ വളച്ചൊടിച്ചതും അതിഭാവന കലർന്നതുമായ ഒരു പ്രതിഫലനമാണത്.
ഈ പ്രതിഫലനത്തിൽ ഭൗമശക്തികൾ അഭൗമവും അമാനുഷികവുമായ രൂപങ്ങൾ കൈക്കൊള്ളുന്നു.
പുരാണകഥാപരവും തത്വചിന്താപരവുമായ ധാരണകളും മതപരമായ മനശാസ്ത്രവും മതപരമായ പ്രവർത്തനവും ഏറെക്കുറെ സമജ്ജസമായി ചേർന്നിട്ടുള്ള ഒന്നാണത് എന്നതാണ്
(വിവർത്തനം:എം എസ്സ് രാജേന്ദ്രൻ)

4 അഭിപ്രായങ്ങൾ:

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

മതം മാത്രമല്ല,കക്ഷി രാഷ്ട്രീയവും,മാറ്റങ്ങള്‍ക്ക് വിധേയമല്ലാത്ത എല്ലാത്തരം വിശ്വസങ്ങളും മയക്കുമരുന്നുകള്‍ തന്നെയാണ്. അടിമത്വം മഹത്തരമായ അനുഭൂതിയാണെന്ന് അനുഭവപ്പെടുത്തുന്ന മയക്കുമരുന്നുകള്‍.

kadathanadan:കടത്തനാടൻ പറഞ്ഞു...

chithrakaaran... വായനക്ക് നന്ദി...
മാർകിസിംഗോർക്കിയുടെ വാക്കുകൾ ഇവിടെ കുറിച്ചിടട്ടെ
“ജനത അവരുടെശൈശവദശയിൽ,
ആത്മസംരക്ഷണ വാസനയാൽ പ്രേരിതമായും പ്രകൃതിയോട് നിരായുധരായി മല്ലടിച്ചുകൊണ്ടും പ്രകൃതിയോടുള്ള ഭയത്തിന്റേയും വിസ്മയത്തിന്റേയും ആദരവിന്റേയും ഫലമായി മതത്തെ സൃഷ്ടിച്ചു.
മതമായിരുന്നു ആദിമമനുഷ്യരുടെ കവിത.
അത് പ്രകൃതി ശക്തികളേക്കുറിച്ചുള്ള അവരുടെ അറിവിന്റെ ആകത്തുകയും ,
ചുറ്റുമുള്ള ശത്രുശക്തികളോട് മല്ലടിച്ചതിൽ നിന്ന് നേടിയ അവരുടെ സകല അനുഭവങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു...”

ചാർ‌വാകൻ‌ പറഞ്ഞു...

മതം മനുഷ്യരുടെ മയക്കുമരുന്നാണന്നും,അതൊരു മധ്യകാലമൂഡത യാണന്നുമുള്ള മാർക്സിയൻ കണ്ടെത്തൽ ആധുനിക ജനാധിപത്യ വീക്ഷണങ്ങൾക്ക് സ്വീകരിക്കാനാവില്ല.കമ്മ്യൂണിസം ശാസ്ത്രീയമാണന്ന വാദഗതിപോലെ അസംബന്ധമാണ്,മതത്തോടുള്ള കമ്മ്യൂണിസ്റ്റു നിലപാടും.

kadathanadan:കടത്തനാടൻ പറഞ്ഞു...

ചാർവാകന്റേത് ഒറ്റപ്പെട്ട വാദമല്ല.താങ്കളുടെ പക്ഷത്ത് ലോകത്തിൽ തന്നെ ഒരുപടി ആൾക്കാരുണ്ട്.....എന്നാലും പണ്ടത്തെ അത്രവരില്ലെന്നാണ്‌ ഇവരുടെ വാദം...ചാർവാകൻ വിലയിരുത്തിയത് പോലെ “മദ്ധ്യകാലമൂഢത്വ”മെന്ന നിലപ്പാടല്ല ,“മറിച്ച് മതം മനുഷ്യരുടെ മയക്കുമരുന്നാണ്” എന്നാണ്‌,,,,ഇവരുടെ പ്രപഞ്ചവീക്ഷണം ചരിത്രപരവും വൈരുദ്ധ്യാതിഷ്ടിതവുമായ ഭൗതിക വാദമാണ്.അതനുസരിച്ചുള്ള വിലയിരുത്തലിന്റെ ചുരുക്കമാണ്‌ ഇവിടെ ചേർത്തത്. ഈ പ്രപഞ്ചവീക്ഷണം വേണ്ടത്ര മതത്തേക്കുറിച്ചുള്ള നിലപാടിൽ പ്രതിഫലിച്ചില്ല എന്നു കണ്ടെത്തുന്ന ആർക്കും ഇതിന്റെ ദൗർബ്ബല്യം പരിഹരിച്ച് വികസിപ്പിക്കാവുന്നതാണ്.അതാണല്ലോ മാർക്സിസത്തിന്റെ യുവത്വം എന്ന് ഇവർ പറയുന്നത്......മതത്തിൽ വിശ്വസിക്കാനും,പ്രചരിപ്പിക്കാനും അവകാശമുള്ളത്പോലെ,വിശ്വാസമില്ലാത്തവർക്ക് അത് വെച്ചുപുലർത്താനും പ്രചരിപ്പിക്കാനുമുള്ള അവകാശം കൂടിയുള്ളതിനേയാണല്ലോ “ആധുനിക ജനാധിപത്യ വീക്ഷണം” എന്നുപറയുന്നത്.താങ്കളുടെ ആധുനികതയിൽ ഇത് ഇല്ലെന്നുണ്ടോ....ഒരു വ്യവസ്ഥ എന്ന നിലക്ക് ജനാധിപത്യം ഫ്രഞ്ച് വിപ്ലവത്തിന്ന് ശേഷമാണല്ലോ സ്ഥാപിതമാവുന്നത്.കാർഷിക- വ്യാവസായിക വികാസത്തെത്തുടർന്നുണ്ടായ രാഷ്ട്രീയ-ദാമ്പത്തിക മുന്നേറ്റത്തിന്റെ ഭാഗമായി ഇംഗ്ലണ്ടിലും സോഷ്യലിസ്റ്റ് വിപ്ലവങ്ങളുടെ ഭാഗമായി റഷ്യ ചൈന തുടങ്ങിയ ഇടങ്ങിലും ഏറ്റവും ഒടുവിലായി നേപ്പാളിലും വിപ്ളവം നടത്തി ആധുനിക ജനാധിപത്യ വീക്ഷണത്തിന്നനുസരിച്ച് നിയമ നിർമ്മാണം നടത്തി സമൂഹം ആധുനികവല്ക്കരിക്കപ്പെട്ടു,പരിഷ്കരിക്കപ്പെട്ടു.ഇത്തരം ഒരു സാമൂഹ്യ വികാസ പ്രക്രിയയിലൂടെ കടന്നുപോകാത്ത ഒട്ടനവധിരാജ്യങ്ങളിൽ ഒന്നാണ്‌ നമ്മുടെ രാജ്യം .ഭരണഘടന വാഗ്ദാനം ചെയ്ത സെക്കുലർ ഉൾപ്പെറ്റേയുള്ള സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ നീതി കൈവരിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.കാരണം ഒന്നാമത് ജീർണ്ണിച്ച ഫ്യൂഡൽ ഉല്പാദന ബന്ധങ്ങളാണ് അതിന്റെ തുടർച്ചയായി സാമൂഹ്യരംഗത്ത് കുടുംബ പാരമ്പര്യത്തിൽ ഊന്നിനില്ക്കുന്നവ്യക്തിത്വം സ്വന്തം കുടുംബത്തിൽ ബന്ധിതനാണ്‌.ഈ വ്യക്തികളുടെ പ്രാഥമിക ഉത്തരവാദിത്വം കുടുംബത്തോടും പാരമ്പര്യങ്ങളോടുമാണ്.കുടുംബ പാരമ്പര്യങ്ങളുടെ അടിസ്ഥാനം ജാതിയോ മതമോ ആണ്. ഈ കുടുംബ ബന്ധങ്ങളില്ലുടെ വളരുന്ന സാമൂഹ്യ ബന്ധങ്ങളിൽ തന്റെ ജാതിയുടേയും മതത്തിന്റേയും മായാത്ത മുദ്ര പതിപ്പിക്കുന്നു.ചുരുക്കിപ്പറഞ്ഞാൽ സുഹൃത്ത് ബന്ധങ്ങൾ പോലും ജാതീയമോ മതപരമോ ആയിത്തീരുന്നു.ഏതു മതമായാലും പ്രാചീന- പാരമ്പര്യങ്ങളേയും അചാര- അനുഷ്ടാനങ്ങളിലേക്കും വിശ്വാസിയെ ഉറപ്പിച്ചു നിർത്താൻ നിർബ്ബന്ധപൂർവ്വം ശ്രമിക്കുന്നു...ആധുനിക ജനാധിപത്യം പാരമ്പര്യങ്ങൾക്കും ഫ്യൂഡൽ ആചാരങ്ങൾക്കും മതങ്ങൾ ഭരണക്കുടത്തിൽ ഇടപെടുന്നതിന്നും എതിരാണ്, ഈ സങ്കല്പ്പം സാക്ഷാല്ക്കരിക്കാനാണ്‌.ജനകീയ ജനാധിപത്യ ഭരണകൂടം സ്ഥാപിക്കുന്നത്.