2011, മാർച്ച് 20, ഞായറാഴ്‌ച

തെരഞ്ഞെടുപ്പ്; ചിലയാഥാർത്ഥ്യങ്ങൾ.

കോളനി വാഴ്ചക്കും ജാതി- ജന്മി നാടു വാഴിത്തത്തിന്നു മെതിരെ തൊഴിലാളി ബഹുജനങ്ങളും കര്‍ഷകരും ജനാധിപത്യ വാദികളും ഒന്നിച്ച് നടത്തിയ പോരാട്ടങ്ങളും നവോത്ഥാന മുന്നേറ്റങ്ങളുമാണ് ഐക്യകേരള പ്രസ്ഥാനത്തിലൂടെ രൂപം കൊണ്ട കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യാടിത്തറ.
1957-ലെ തെരഞ്ഞെടുപ്പില്‍ ഏറെ പരിമിതികളോടെ എങ്കിലും കേരളത്തിന്റെ പ്രശ്നങ്ങളും കൈവരിക്കേണ്ട പരിഹാരങ്ങളും വെച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ട് വെച്ച വികസനകാഴ്ചപ്പാട് ഉല്പ്പാദിപ്പിച്ച ഉണര്‍വ്വും പ്രത്യാശയുമായിട്ടാണ് അന്നു മലയാളികള്‍ പോളിങ്ങ്ബൂത്തിലേക്ക് പോയത്.
എന്നാല്‍ ആര് അധികാരത്തിലെത്തിയാലും ഒന്നും ചെയ്യാനില്ലെന്ന നിരാശയും നിസ്സംഗതയും അരാഷ്ട്രീയ വല്ക്കരണപ്രക്രിയയും തീവ്രമായ വര്‍ത്തമാന ഘട്ടത്തിലാണ് നാം എത്തിനില്ക്കുന്നത്.
ഈ ദുസ്ഥിതിയിലേക്ക് കേരളത്തെ കൊണ്ടെത്തിച്ചത് അധികാര കൈമാറ്റം മുതല്‍ ഇന്ത്യയില്‍ നടപ്പായ പുത്തന്‍ അധിനിവേശപ്രക്രിയയാണെന്ന് ഇന്ന് തിരിച്ചറിയാവുന്നതാണ്.
ഈ സാഹചര്യം ശരിയായി മനസ്സിലാക്കാനും വസ്തുനിഷ്ടമായ ജനകീയ ബദല്‍ മുന്നോട്ട് വെക്കുവാനും വിപ്ലവ-ജനാധിപത്യ ശക്തികള്‍ക്ക് ഉത്തരവാദിത്വമുണ്ട്.
നവ ഉദാരീകരണത്തിന്റെ നടത്തിപ്പുകാരായ ഇടത്-വലതു മുന്നണികള്‍ക്ക് ഇത് നിര്‍വ്വഹിക്കാനാവില്ല എന്നത് പകല്‍ വെളിച്ചം പോലെ വ്യക്തമാണ്.
കേരള രൂപീകരണത്തിന്റെ ഘട്ടത്തില്‍ തന്നെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് വിഭിന്നമായ കാഴ്ചപ്പാടുണ്ടായിരുന്നത് കമ്യൂണിസ്റ്റ്പാര്‍ട്ടിക്കാണ്.
എന്നാല്‍ CPI യുടെയും പിന്നീട് CPI(M) ന്റെയും വലതുപക്ഷവ്യതിയാനത്തെ തുടര്‍ന്ന് ഈ കാഴ്ചപ്പാട് കൈയ്യൊഴിയുകയാണ് ഉണ്ടായത്.
കോണ്‍ഗ്രസ്സിന്റേയും CPI(M) ന്റേയും നേതൃത്വത്തില്‍ മാറി മാറി അധികാരത്തില്‍ വന്ന UDFഉം,LDFഉം 1967 മുതല്‍ പൊതുവേയും,കേന്ദ്രസര്‍ക്കാറിന്റെ ചുവടുപിടിച്ച് ഇവര്‍തന്നെ
1991 മുതലുള്ള രണ്ടു പതിറ്റാണ്ടുകള്‍ നടപ്പില്‍ വരുത്തിയ സാമ്രാജ്യത്വ ആഗോളീകരണനയവുമാണ് മുന്‍ കാലത്ത് പോരാടി നേടിയ സമസ്ത നേട്ടങ്ങളേയും തകര്‍ത്തെറിഞ്ഞ്
പ്രതിസന്ധികളുടെ നിലയില്ലാകയത്തില്‍ കേരളത്തെ എത്തിച്ചത്.
തൊണ്ണൂറുകള്‍ മുതലുള്ള നവ ഉദാരീകരണത്തിലൂടെ ഈ രണ്ടുമുന്നണികള്‍ തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതായിരിക്കുന്നു.
കേരളമിന്ന് രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യവും സാംസ്കാരികവുമായ കനത്ത തിരിച്ചടികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി സമ്പത്തുല്പ്പാദന മേഖലകള്‍ മുരടിക്കുകയും ഉപഭോഗ-ഊഹമേഖലകള്‍ വളരുകയും രാഷ്ട്രീയ മണ്ഡലം സര്‍വ്വതോന്മുഖമായ ജീര്‍ണ്ണതയെ നേരിടുകയും,ജാതി-മത പിന്തിരിപ്പന്‍ ശക്തികളുടെ തിരിച്ചുവരവു നിമിത്തം കേരളം വീണ്ടുമൊരു ഭ്രാന്താലയമായി മാറുകയും എല്ലാ നവോത്ഥാന മൂല്യങ്ങളും നഷ്ടമാവുകയും ചെയ്തുകൊണ്ടിരിക്കുന്നു.
അതോടൊപ്പം കേരളീയസമൂഹം അങ്ങേയറ്റം സ്ത്രീവിരുദ്ധവും പരിസ്ഥിതിനാശം സൃഷ്ടിക്കുന്നതും അഴിമതിയും എല്ലാതരം സാംസ്കാരികജീര്‍ണ്ണതകളും സംജാതമാക്കുന്നതും ആയിരിക്കുന്നു.
ചുരുക്കത്തില്‍ എല്ലാ അര്‍ത്ഥത്തിലും കേരളം ഇന്ന് മറ്റേതൊരു ഇന്ത്യന്‍ സംസ്ഥാനത്തേക്കാളും പുത്തന്‍ അധിനിവേശത്തിന്റെ ഒരു ഷോകേസ്സായി മാറിയിരിക്കുന്നു.
ഈ സവിശേഷസന്ദര്‍ഭത്തിലാണ് കേരളം വീണ്ടുമൊരു നിയമസഭാതെരഞ്ഞെടുപ്പിനെ നേരിടുന്നത്.
പറഞ്ഞുവരുന്നത് അല്ലെങ്കില്‍ പറയാന്‍ ഉദ്ദേശിച്ചത്:-
കഴിഞ്ഞ നാലുപതിറ്റാണ്ടുകളായി അധികാരത്തില്‍ മാറിമാറി വന്ന മുന്നണികള്‍ സംസ്ഥാനത്തെ വികസനത്തിലേക്കല്ല വിനാശത്തിലേക്കാണ് ;
സാമ്പത്തിക സാമൂഹ്യ സാംസ്കാരിക മുന്നേറ്റത്തിലേക്കല്ല സാര്‍വ്വര്‍ത്രികമായ ജീര്‍ണ്ണതയിലേക്കാണ് എത്തിച്ചിരിക്കുന്നത്.
ഈ സ്ഥിതി കൂടുതല്‍ തീവ്രതയോടെ മുന്നോട്ടു കൊണ്ടുപോകാനാണ് കോണ്‍ഗ്രസ്സും
CPI(M) ഉം BJP യും നയിക്കുന്ന മുന്നണികള്‍ ഈ നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
സാമ്രാജ്യത്വ ആഗോളീകരണത്തിലും ജീര്‍ണ്ണിച്ച ഭൂബന്ധങ്ങള്‍ക്കും ജാതി മതാധിപത്യം തുടരുന്നതിലും ഒരഭിപ്രായവ്യത്യാസവുമില്ലാത്ത ഇവര്‍ തമ്മിലുള്ള മത്സരം അധികാര കസേരക്ക് വേണ്ടി മാത്രമുള്ളതാണ് എന്നതാണ്.

2011, മാർച്ച് 19, ശനിയാഴ്‌ച

കഴിഞ്ഞ അഞ്ചു വർഷത്തെ LDFഭരണം:-

കഴിഞ്ഞ UDF സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ ജനരോഷത്തെ തുടർന്ന് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന LDFസർക്കാർ കോൺഗ്രസ്സിന്റെ നവ ഉദാരീകരണ നയങ്ങളുടെ പിൻ തുടർച്ചക്കാർ എന്നതിലുപരി ഈ നയങ്ങൾ കൂടുതൽ ശക്തമായി നടപ്പിലാക്കുകയാണ് ചെയ്തത്.
സംസ്ഥാനത്തെ ജനങ്ങളുടെ വികാരം മാനിക്കാതെ തുടക്കം മുതലേ CPI(M) ലെ ആഭ്യന്തര കലഹങ്ങൾക്ക് കേരളം സാക്ഷ്യം വഹിച്ചു. കേരളത്തിലെ ധാതുമണൽ ഖനനം സ്വകാര്യമേഖലക്ക് കൈമാറാനുള്ള വ്യവസായവകുപ്പിന്റെ നീക്കങ്ങളോടെLDFന്റെ വികസനനയം വ്യക്തമാക്കപ്പെട്ടു.
പുരോഗമനശക്തികളുടേയും മാധ്യമങ്ങളുടേയും ഇടപെടൽ മൂലം ആ നീക്കം പരാജയപ്പെട്ടു.
ADBയുടെശാസനകൾക്ക് വിധേയമായി പ്രവർത്തിച്ച ധനകാര്യവകുപ്പിന്റെ ആസൂത്രണത്തിൻ കീഴിൽ ആരോഗ്യ-വിദ്യാഭ്യാസ സേവന മേഖലകളടക്കം സ്വകാര്യലാഭകേന്ദ്രങ്ങളാക്കുന്ന പ്രക്രിയ മുന്നോട്ടുകൊണ്ടു പോയി.
ജാതി മത ശക്തികളുമായി ബന്ധപ്പെട്ട ഊഹക്കുത്തകൾക്ക് വിദ്യാഭ്യാസ വകുപ്പ് ഏല്പിച്ചു കൊടുത്തു.
മൂന്നാറിൽ ടാറ്റ കൈയ്യടക്കി വെച്ചിരിക്കുന്ന 1,76,00 ഏക്കർ ഭൂമി പിടിച്ചെടുക്കൾ നടപടിക്ക് തുടക്കം കുറിച്ച ജെസിബി ഓപ്പറേഷൻCPIയുടെ പാർട്ടി ഓഫീസിന്ന് മുമ്പിൽ വഴിമുട്ടി നിന്നു. പിടിച്ചെടുത്ത ഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യുന്നതിന്നു പകരം നവീന മൂന്നാർ സൃഷ്ടിക്കുന്നതിനു ലാന്റ് ബാങ്ക് രൂപീകരിച്ച് ADB യുടെ ഊഹക്കുത്തകകളുടെ വിശ്വാസം നേടി.
ഭൂമിക്ക് വേണ്ടി സമരം ചെയ്യുന്നവരെ കായികമായി നേർടാൻ ട്രേഡ് യൂണിയൻ കങ്കാണിമാരെ നിയോഗിച്ചു.
കുട്ടനാട് അടക്കമുള്ള കേരളത്തിന്റെ നെൽ കൃഷി മേഖലകൾ ഭരണ സംവിധാനമുപയോഗിച്ച് റിയൽ എസ്റ്റേറ്റ്-ടൂറിസം മാഫിയകൾക്ക് കൈമാറുന്നതിന്ന് നീക്കം നടത്തി.
കോർപ്പറേറ്റ് മാഫിയകൾ പാട്ടക്കാലാവധികഴിഞ്ഞിട്ടും വെച്ചനുഭവിക്കുന്ന ഭൂമി തിരിച്ചു പിടിക്കുന്നില്ലെന്ന് മാത്രമല്ല പാട്ടക്കുടിശ്ശികയായി അവരിൽ നിന്ന് പിരിഞ്ഞുകിട്ടാനുള്ള ആയിരക്കണക്കിന്ന് കോടിരൂപ പിരിച്ചെടുക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചില്ല.

BOT പദ്ധതിയുടേയും സെസ്സുകളുടേയും മറവിൽ ജനങ്ങളെ ആട്ടിയോടിച്ച് ആ ഭൂമിയും റിയൽ എസ്റ്റേറ്റ് കുത്തകകൾക്ക് കൈമാറുകയാണ്.
വ്യവസായവല്ക്കരണമെന്ന പേരിൽ മന്ത്രി നടത്തിക്കൊണ്ടിരുന്നത് റിയൽ എസ്റ്റേറ്റ് താല്പര്യ സരംക്ഷണമാണ്.
അടിസ്ഥാനമേഖല വികസനരംഗത്ത്‘പൊതു-സ്വകാര്യ’ പങ്കാളിത്തമെന്ന പേരിൽ മൻ മോഹൻ സർക്കാർ പിന്തുടരുന്ന അതേ നയങ്ങൾ തന്നേയാണ്
കേരളത്തിൽLDF ഉം ഉയർത്തിപ്പിടിക്കുന്നത്.നിർദ്ദിഷ്ട BOTപദ്ധതി ഇതിനൊരു ഉദാഹരണമാണ്.
ആഗോളീകരണനയങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട് നായനാർ സർക്കാർ തുടക്കം കുറിച്ച സ്വശ്രയവിദ്യാഭ്യാസപദ്ധതി കേരളത്തിലെ പുത്തൻ ഭൂവുടമാ വർഗ്ഗങ്ങളുമായി താദാത്മ്യം പ്രാപിച്ച മത സമുദായ പ്രമാണിമാർക്കും വിദ്യാഭ്യാസ മാഫിയകൾക്കും കൊള്ളലാഭമുണ്ടാക്കാനാവും വിധം സമഗ്രമായി നടപ്പാക്കുകയാണ് അച്ചുതാനന്ദൻ സർക്കാർ.
ഉന്നത പ്രൊഫഷണൽ വിദ്യാഭ്യാസം സമ്പന്ന വർഗ്ഗത്തിന്റെ കുട്ടികൾക്ക് മാത്രമായി ചുരുക്കുകയും അത് ലാഭേച്ചയുടെ അടിസ്ഥാനത്തിലാക്കി മാറ്റുകയും പൊതു വിദ്യാഭ്യാസം പൂർണ്ണമായും തകർക്കപ്പെടും വിധം വൻ പൊളിച്ചെഴുത്തു നടത്തുകയും ചെയ്തു.
താല്കാലികാദ്ധ്യാപക നിയമനം മുതൽ സ്കൂൾ നടത്തിപ്പിന്റെ പ്രാഥമിക തലം വരെ ചെലവു വസൂലാക്കൽ പദ്ധതിപ്രകാരം അദ്ധ്യാപക-രക്ഷാകർത്തു സംഘടനയുടേയുംNGOകളുടേയും ചുമതലയിലാക്കി.DPEP നടപ്പാക്കിയതു വഴി പൊതു വിദ്യാഭ്യാസ മേഖലയിൽ സ്കൂളുകളുടെ എണ്ണം കുറയുകയും ക്രമാനുഗതമായി അൺ എയിഡ് മേഖല വികാസം പ്രാപിക്കുകയും വിദ്യാഭ്യാസം മറ്റെല്ലാറ്റിനേക്കാളും ചെലവേറിയതായി മാറുകയും ചെയ്തു.
മാതൃഭാഷയിലധിഷ്ടിതമായ പൊതു വിദ്യാഭ്യാസമെന്ന പൊതു തത്വം അട്ടിമറിച്ചു.

ലോട്ടറി മാഫിയകൾ കഴിഞ്ഞനാലു വർഷത്തിനുള്ളിൽ 80,000 കോടിരൂപ സംസ്ഥാനത്തുനിന്നും കടത്തിയെന്ന് മുഖ്യമന്ത്രി പരാതി പറയുമ്പോൾ അതിന്ന് കൂട്ടു നില്ക്കുന്ന സമീപനമാണ് കേന്ദ്ര ഭരണകഷിയായ കോൺഗ്രസ്സിനൊപ്പം CPI(M)ന്റേതും.

നാല്പത് ലക്ഷം ടൺ നെല്ല് പ്രതിവർഷം ആവശ്യമുള്ളിടത്ത് കേവലം 6 ടൺ മാത്രമാണ് ഉല്പ്പാദിപ്പിക്കുന്നത്.കുടുംമ്പശ്രീയെ ഉപയോഗിച്ച് പാട്ടകൃഷിയിലൂടെ നെല്ലുല്പ്പാദനം വർദ്ധിപ്പിക്കുന്നു എന്നവകാശപ്പെടുന്ന സംസ്ഥാന ഭരണത്തിൽ കീഴിൽ നെൽ കൃഷി പ്രദേശങ്ങൾ കുത്തനെ ഇടിയുകയാണ്.
സംസ്ഥാന വരുമാനത്തിൽ കൃഷിയുടെ വിഹിതം 12 ശതമാനമായി ചുരുങ്ങിയിരിക്കുന്നു.കൃഷിയെ ആശ്രയിച്ചു കഴിയുന്ന ദളിതരും ആദിവാസികളും കർഷകത്തൊഴിലാളികളുമായ മണ്ണിൽ പണിയെടുക്കുന്നവർ കൂടുതൽ പാർശ്വവല്ക്കരിക്കപ്പെട്ടിരിക്കുന്നു.
ഹരിയാന കഴിഞ്ഞാൽ ഗ്രാമീണ അസമത്വം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സസ്ഥാനമായി കേരളം മാറിയിരിക്കുന്നു.
പൊതുവിതരണത്തെ തകർക്കുന്ന കേന്ദ്രനയത്തിന്റെ ചുവടു പിടിച്ച്1996-2001 കാലത്തെ LDFസർക്കാറിന്റെ റേഷൻ കാർഡുകളേ APL-BPL വിഭാഗങ്ങളായി തിരിച്ച നടപടി നിർബാധം തുടരുന്നതിനാൽ രൂക്ഷമാകുന്ന ഭഷ്യ വിലക്കയറ്റം സാധാരണ ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നു.

അഖിലേന്ത്യാതൊഴിലില്ലായ്മയുടെ പത്ത് ശതമാനത്തിലധികമാണ് 3ശതമാനം ജനസംഖ്യയുള്ള കേരളത്തിലേത്.44 ലക്ഷം അഭ്യസ്തവിദ്യരായ തൊഴിൽ രഹിതരാണ് എം പ്ലോയിമെന്റ് എക്സ്ചേഞ്ചുകളിൽ പേരു റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിന്ന് പരിഹാരമായി മുന്നോട്ടു വെക്കപ്പെടുന്ന ഐ ടി പാർക്കുകളും സ്മാർട്ട്സിറ്റിയും മറ്റും സാമ്രാജ്യ ധനകാര്യസ്ഥാപനങ്ങളുടെ പുറം കരാർ തൊഴിലിൽ മാത്രം അധിഷ്ടിതമാണ്.സാമ്രാജ്യത്വ രാജ്യങ്ങളിലുണ്ടാകുന്ന ഏതൊരു പ്രതിസന്ധിയും ഈ തൊഴിലവസരങ്ങൾ അപ്രത്യക്ഷമാകുമെന്നത് വർത്തമാനകാല അനുഭവമാണ്.
സ്മാർട്ട്സിറ്റി റിയൽ എസ്റ്റേറ്റ് കച്ചവടമാണെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന അച്ചുതാനന്ദൻ ഭരണാവസാനമായപ്പോൾ യൂസഫലി എന്ന മറുനാടൻ മലയാളിയുടെ മദ്ധ്യസ്ഥതയിൽ ഒരു റിയൽ എസ്റ്റേറ്റ് ഇടപാടു തന്നെയായി അത് യാഥാർത്ഥ്യമാക്കിയിരിക്കുന്നു.
ഇതിന്റെ മറവിൽ കൊച്ചിയിലെ ബോൾഗാട്ടിയിൽ ശതകോടികൾ വിലമതിക്കുന്ന 27 ഏക്കർ ഭൂമി ഇന്റർ നാഷണൽ കൺസെൻഷൻ സെന്റർ എന്നതിന്റെ പേരിൽ ഈ ഊഹക്കച്ചവടക്കാരനു കൈമാറിയിരിക്കുകയാണ്.
മുന്നാറിൽ ടാറ്റക്കെതിരെ വീരവാദം മുഴക്കിയ അച്ചുതാനന്ദൻ തിരുവനന്തപുരം പള്ളിപ്രത്ത് ടാറ്റക്ക് ശതകോടികൾ വിലമതിക്കുന്ന 80 ഏക്കർ ഭൂമി ചുളു വിലക്കാണ് ഐ ടി വികസനത്തിന്റെ പേരിൽ കൈമാറിയത്.
മൂലമ്പള്ളിയിലും കിനാലൂരുമെല്ലാം കോർപ്പറേറ്റ് മാഫിയക്ക് വേണ്ടി ജനങ്ങളെ അടിച്ചൊതുക്കുകയായിരുന്നു
അച്ചുതാനന്ദൻ സർക്കാർ.തീരദേശപരിപാലന നിയമം കാറ്റിൽ പറത്തിക്കൊണ്ടാണ് ഇടക്കൊച്ചിയിൽ ചൂതാട്ട മാഫിയക്ക് വേണ്ടി ക്രിക്കറ്റ് സ്റ്റേഡിയം ഒരുക്കിക്കൊടുത്തത്.

കേരളത്തിന്റെ ആവാസവ്യവസ്ഥയേയും പരിസ്ഥിതി സന്തുലനത്തേയും ജൈവവൈവിദ്യത്തേയും ഇല്ലാതാക്കുന്ന ആതിരപ്പള്ളി പോലുള്ള പദ്ധതികളും കണ്ടൽ കാടുകളെ തകർക്കുന്ന വാട്ടർ തീം ടൂറിസം പാർക്കുകളും വികസനമായി ഊഹമാഫിയക്കൊപ്പം CPI(M)നേതൃത്വവും ഉയർത്തിപ്പിടിക്കുന്നു.

ആരോഗ്യമേഖലയിൽ സർക്കാർ ഡോക്ടർമാർക്ക് സ്വകാര്യപ്രാക്ടീസ് നിയമനിർമ്മാണം നടത്തിയLDFസർക്കാർ ആശുപത്രികളുടെ വാണിജ്യവല്ക്കരണത്തിന്ന് പ്രാമുഖ്യം നല്കി.
സർക്കാർ ആശുപത്രികളിൽ ജീവൻ രക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്നു പകരം സ്വകാര്യ മേഖലക്ക് സർക്കാർ ആശുപത്രികളുടെ സൗകര്യം ഉപയോഗിക്കുന്നതിന്ന് അനുമതി നല്കി.
ദാരിദ്ര്യജന്യരോഗങ്ങളും പകർച്ചവ്യാധികളും കേരളത്തെ ഗ്രസിക്കുമ്പോൾ സൂപ്പർസ്പെഷാലിറ്റി ചികിത്സാകേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കലാണ് സർക്കാർ നയം പ്രാഥമിക ആരോഗ്യത്തിനടിസ്ഥാനമാക്കിയിട്ടുള്ള കുടിവെള്ളവിതരണത്തിൽ നിന്നും സർക്കാർ പൂർണ്ണമായി പിൻ വാങ്ങി
ലോകബാങ്കിന്റേയും ADB യുടേയും ജലനിധിപോലുള്ള പദ്ധതികളിലൂടെ സ്വയം സഹായ സംഘങ്ങളേയും എൻ ജി ഒ കളേയും ഏല്പ്പിച്ചു കഴിഞ്ഞു.

സ്ത്രീശാക്തീകരണത്തിന്റെ പേരിൽ കുടുംബശ്രീകൾ,അയല്കൂട്ടങ്ങൾ തുടങ്ങി ജാതിമതാടിസ്ഥാനത്തിൽ സംഘടിക്കപ്പെട്ടിട്ടുള്ള മൈക്രോ ഫൈനാൻസ് സംഘങ്ങൾ കേരളീയ സ്ത്രീകൾക്കിടയിൽ രാഷ്ട്രീയ-സാമൂഹികബോധത്തെ വിപണി മൂല്യങ്ങൾക്ക് കീഴ്പ്പെടുത്തിക്കഴിഞ്ഞു.
മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്തവിധം ജാതി-മതശക്തികളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഭരണകൂട ഒത്താശയോടെ സ്ത്രീകളെ ഇരകളും കരുക്കളുമാക്കിക്കൊണ്ടിരിക്കുന്നു.

കേരളത്തിലെ ഇടതു വലത് മുന്നണികൾ തമ്മിലുള്ള തർക്കം അവർ നടത്തിയിട്ടുള്ള സ്ത്രീ പീഡനത്തിന്റെ കണക്കുകളെ അടിസ്ഥാനമാക്കുന്ന തലത്തിലേക്ക് രാഷ്ട്രീയ സാംസ്കാരികമണ്ഡലം ജീർണ്ണിച്ചിരിക്കുന്നു.
തൊഴിൽ സ്ഥലത്തും പൊതു ഇടങ്ങളിലും വീട്ടിനകത്തും സ്ത്രീകൾ ഇത്രമാത്രം അരക്ഷിതാവസ്ഥ നേരിട്ട കാലം ഇതിനുമുമ്പുണ്ടായിട്ടില്ല.

ശുദ്ധജല സമ്പന്നമായ 44 നദികളുള്ള കേരളത്തിൽ ഭൂരിപക്ഷം പ്രദേശങ്ങളിലും വേനലാരംഭത്തോടെ തുടങ്ങുന്ന കുടിവെള്ളക്ഷാമം ശാസ്ത്രീയമായി പരിഹരിക്കുന്നതിനു പകരം മൾട്ടിനാഷണൽ കമ്പനികളുടെ കുപ്പിവെള്ള വിതരണ കമ്പോളമാക്കി കേരളത്തെ മാറ്റിയിരിക്കുകയാണ് (തുടരും)

2011, മാർച്ച് 18, വെള്ളിയാഴ്‌ച

മാവോയിസ്റ്റുകൾ ജനകീയ താല്പര്യങ്ങളാണോ സേവിക്കുന്നത്?.

ഒറീസ്സയിലെ ഒരു ജില്ലാകലക്റ്ററേയും ജൂനിയർ എഞ്ചീനീയറേയും മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയതും
ഇവരുടെ മോചനവുമായി ബന്ധപ്പെട്ടു നിയോഗിക്കപ്പെട്ട മധ്യസ്ഥന്മാരും അവരുമായി ബന്ധപ്പെട്ടു നടന്ന ചർച്ചകളും, ആന്ധ്രപ്രദേശിലും പശ്ചിമബംഗാളിലും മുമ്പ് നടന്ന സമാനമായ സംഭവങ്ങളുടെ മാതൃകയിൽ ഗവർമേന്റ് ചില ആവശ്യങ്ങൾ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവർ വിമോചിതരായി
അതോടെ ഈ സംഭവും ഇത് ആഘോഷമാക്കിയ പത്രമാധ്യമങ്ങളും റ്റി വി ചാനലുകളും വിസ്മൃതിയിലായി.
എന്നാൽ പിന്നീട് എന്ത്?
സി പി ഐ (മാവോയിസ്റ്റ്) നേതൃത്വമോ ഈ സംഭവം ആഘോഷിച്ചവരോ ഈ ചോദ്യം ഉന്നയിക്കുന്നതേയില്ല.
ജനകീയാവശ്യങ്ങൾ നേടിയെടുക്കാനുള്ള മാർഗ്ഗം ഇതാണെങ്കിൽ, ഒരു വമ്പൻ സ്രാവിനെ തട്ടിയെടുത്തു അയാളെ വിട്ടയക്കാനുള്ള ഉപാധിയായി പുത്തൻ ജനാധിപത്യ വിപ്ലവം ആവശ്യപ്പെട്ടുകൂടേ?
ചിയാങ്ങ് കൈഷേക്കിനെ ബന്ധിയാക്കിയ വിമത സൈനിക ഓഫീസർമാരോട് മാവോ പറഞ്ഞതെന്താണെന്ന് വായിക്കാൻ അതിന്റെ നേതാക്കൾ ശ്രമിച്ചിരുന്നെങ്കിൽ അത് സി പി ഐ (മാവോയിസ്റ്റി)ന് ഏറെ ഗുണം ചെയ്യുമായിരുന്നു.
വരവരറാവുവിന്റേയും കല്യാൺ റാവുവിന്റേയും മധ്യസ്ഥതയിൽ അന്നത്തെ ആന്ധ്രാ മുഖ്യമന്ത്രിയുമായി പി ഡബ്ല്യു ജി യുടെ ഒരുന്നത നേതാവിന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് പ്രതിനിധി സംഘം ചർച്ച നടത്തിയതിന്റെ പരിണതി പരക്കെ അറിവുള്ളതാണ്.
മാവോയിസ്റ്റുകൾ പുറത്ത് വന്ന് തിരിച്ചു പോയതിലൂടെ സമാഹരിച്ച മുഴുവൻ രഹസ്യവിവരങ്ങളും ഉപയോഗപ്പെടുത്തി പി ഡബ്ല്യു ജിയെ സംസ്ഥാനത്ത് ഏതാണ്ട് നാമാവശേഷമാക്കാൻ സർക്കാറിനു കഴിഞ്ഞു.
ഒറീസ്സയിലെ ഈ സംഭവം കഴിഞ്ഞാലുടൻ ഉദ്യോഗസ്ഥന്മാരെ പിന്തുണക്കാനെന്നപേരിൽ മാവോയിസ്റ്റുകൾക്കും ആദിവാസികൾക്കുമെതിരായ ഉന്മൂലനപരിപാടി ഊർജ്ജിതമാക്കുകമാത്രമല്ല,
മാവോയിസ്റ്റുകളെ അടിച്ചൊതുക്കാനെന്നപേരിൽ മോസ്കോ,കലിം നഗർ,ഭുവനേശ്വരിലെ ബസ്തി സുരക്ഷാമഞ്ച് തുടങ്ങിയ ജനകീയമുന്നേറ്റങ്ങളെ അടിച്ചൊതുക്കുന്നതിനും ജനവിരുദ്ധ നവീൻ പട്നായിക്ക് ഗവർമേന്റ് ഇതുപയോഗപ്പെടുത്താൻ പോകുകയാണ്.
മാവോയിസ്റ്റ് സ്ക്വാഡുകൾ നിലവിലുള്ള ഛത്തീസ്ഘട്ടിലും ജാർഖണ്ഡിലും പശ്ചിമ ബംഗാളിലെ ചിലപ്രദേശങ്ങളിലും അവരുടെ സ്ക്വാഡ് ആക്ഷന്റെ പേരിൽ ജനകീയമുന്നേറ്റങ്ങളിലെ അടിച്ചൊതുക്കാനോ
അതുമല്ലെങ്കിൽ ജ്ഞാനേശ്വരീ എക്സ്പ്രസ്സ് അട്ടിമറിയുടെ പേരിൽ ഖരഗ് പൂരിലും ടാറ്റാനഗറിനും ഇടക്കുള്ള രാത്രികാല തീവണ്ടിഗതാഗതം നിർത്തിവെക്കുന്നത് പോലുള്ള ഏർപ്പാടുകൾക്കോ ആണ് സംസ്ഥാന സർക്കാറുകൾ മുതിരുന്നത്.
‘ആക്ഷനു’ശേഷം അരാജകവാദികൾ പാലായനം ചെയ്യുകയും ജനങ്ങളും പ്രസ്ഥാനങ്ങളും അതിന്റെ പേരിൽ ബുദ്ധിമുട്ടുകയാണ് ചെയ്യുന്നത്.
അവരുടെ ആക്ഷനുകൾ ജനകീയ മുന്നേറ്റങ്ങളെ ഒരു തരത്തിലും സഹായിക്കുന്നില്ല.
പ്രയോഗിക്കപ്പെട്ട സോഷ്യലിസത്തിലെ പരിമിതികൾ മറികടക്കുന്നതിന് ഉതകും വിധം
മാർക്സിസ്റ്റ്-ലെനിനിസ്റ്റ് സിദ്ധാന്തവും വിപ്ലവകരമായ ബഹുജനലൈനും തൊഴിലാളിവർഗ്ഗ ജനാധിപത്യ വികസന പരിപ്രേക്ഷ്യവും വികസിപ്പിക്കുന്നതിനാവശ്യമായ ധാരണകൾ വികസിപ്പിക്കാതേയും
സോവിയറ്റു യൂണിയനിലേയും ചൈനയിലേയും തിരിച്ചടികൾ മൂലം മനം മടുത്ത ജനങ്ങളെ സംഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലേർപ്പെടാതേയും
കഴിഞ്ഞകാല തെറ്റുകളിൽ നിന്ന് പാഠം പഠിക്കാതേയും കേവലം മാധ്യമ ശ്രദ്ധയും പ്രചരണവും ലക്ഷ്യമാക്കി മാവോയിസ്റ്റുകൾ നടത്തുന്ന ട്രെയിൽ തകർക്കലും തട്ടിക്കൊണ്ടു പോകലും
എൽ റ്റി റ്റി യുടേയും ഉൾഫയുടേയും തലത്തിലേക്ക് അവരെ വ്യതിചലിപ്പിക്കുകയാണ്.
ട്യൂണീഷ്യയും ഈജിപ്ത് മുതൽ ബഹറിനടനടക്കം പശ്ചിമേഷ്യയിലെ നിരവധി സമീപകാല ജനകീയ ഉയർത്തെഴുന്നേല്പ്പുകൾ കാണിക്കുന്നത് തെരുവിലറങ്ങാനും ചരിത്രം സൃഷ്ടിക്കുന്നതിൽ തങ്ങൾക്കുള്ള പങ്കുവഹിക്കാനും ജനങ്ങൾ മുന്നോട്ടു വരുന്നതാണ്.
കമ്യൂണിസ്റ്റുകാർ വിപ്ലവം കരാർ എടുത്തിട്ടുള്ളവരല്ലെന്നും മറിച്ച് ജനങ്ങളെ വിപ്ലവത്തിനു തയാറാക്കുന്ന മുന്നണി പോരാളികളാണെന്നും മാവോയിസ്റ്റുകൾ മനസ്സിലാക്കുന്നില്ല.
അവരുടെ അരാജക പ്രവർത്തനങ്ങൾ ചരിത്രം തള്ളിക്കളഞ്ഞതും ചരിത്ര സൃഷ്ടിയിൽ ജനങ്ങൾക്കുള്ള പങ്കിനെ നിഷേധിക്കുന്നതുമാണ്.
പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തൃണമുൽ കോൺഗ്രസ്സിനേയും ജാർഖണ്ഡിൽ ബി ജെ പി സംഖ്യത്തിലുള്ള ഷിബുസോറന്റെ ജെ എം എം നേയും പിന്തുണക്കുന്ന മാവോയിസ്റ്റുകളുടെ പ്രവൃത്തി വിപ്ലവത്തേയല്ല പ്രതിവിപ്ലവത്തേയാണ് സേവിക്കുന്നത്.
മാവോയിസ്റ്റുകളുടെ ഇപ്രകാരമുള്ള അരാജകപ്രവർത്തനങ്ങളെ സി പി ഐ (എം എൽ) അപലപിക്കുന്നതോടൊപ്പം പ്രക്ഷോഭങ്ങളിൽ അണിചേരാനും രാജ്യത്തിനകത്തും ലോകമെങ്ങും ശക്തിപ്പെടുന്ന ജനകീയ ഉയിർത്തെഴുന്നേല്പ്പുകളോട് ഐക്യദാർഡ്യം പ്രഖ്യാപിക്കാനും സി പി ഐ(എം എൽ) ജനങ്ങളോട് അഭ്യർത്ഥിക്കുന്നു.
തിരിച്ചടിക്കാനെന്നപേരിൽ ഒറീസ്സയിൽ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ജനകീയമുന്നേറ്റങ്ങളെ അടിച്ചൊതുക്കാനാണ് ഭാവമെങ്കിൽ എല്ലാ വിപ്ലവ ഇടത് ജനാധിപത്യ ശക്തികളേയും ഐക്യപ്പെടുത്തി തക്ക മറുപടി നല്കുമെന്ന് പാർട്ടി സംസ്ഥാന ഗവർമ്മേന്റിന്ന് മുന്നറിയിപ്പു നല്കുന്നു.
                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                              കേന്ദ്രക്കമ്മിറ്റി.സി പി ഐ( എം എൽ).

2011, മാർച്ച് 16, ബുധനാഴ്‌ച

നക്സലൈറ്റുകളുടെ ചെലവിൽ ഊച്ചാളിയുടെ കരിങ്കാലി പ്രണാമം

കെ കരുണാകരന്‌ ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് നിയമസഭയില്‍ ഉമ്മന്‍ ചാണ്ടി ചെയ്തപ്രസംഗത്തില്‍
കരുണാകരന്റെ ചരിത്ര സംഭാവനയായി എടുത്തു പറയുന്നത് നക്സലൈറ്റുകളില്‍ നിന്ന് അദ്ദേഹം
കേരളത്തെ മോചിപ്പിച്ചു എന്നതാണ്.
രാജന്‍ സംഭവം അടക്കമുള്ള അടിയന്തിരാവസ്ഥകാലത്തേയും കക്കയം ക്യാമ്പ് അടക്കമുള്ള പോലീസ് കേന്ദ്രങ്ങളിലെ നരമേധത്തേയും ,വര്‍ഗ്ഗീസിനോട് കാണിച്ച മഹാക്രൂരതയേയുമാണു കരുണാകരന്റെ പേരില്‍ 
ഉമ്മന്‍ ന്യായീകരിച്ചത്.
ആരായിരുന്നു ഈ കരുണാകരന്‍?
കേരളത്തിലെ വലതുപക്ഷ-പിന്തിരിപ്പന്‍ ഭരണവര്‍ഗ്ഗ കൂട്ടുകെട്ടിന്റെ അമരക്കാരനും
സര്‍ സിപിക്ക് ശേഷം കേരളം കണ്ട മര്‍ദ്ദകവീരനുമായിരുന്നു കെ കരുണാകരന്‍.
തൊഴില്‍ സമരങ്ങളെ തകര്‍ക്കാന്‍ തൊഴിലാളികളെ മുതലാളിമാര്‍ക്ക് കൂട്ടിക്കൊടുക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ
‘കരിങ്കാലി കരുണാകരന്‍ എന്ന കുപ്രസിദ്ധി നേടുകയുകയും
ക്രമേണ ഭരണവര്‍ഗ്ഗ രാഷ്ട്രീയത്തിലെ ലീഡറും ചാണക്യനും ഭീഷ്മാചാര്യനുമായി പട്ടം നേടുകയും ചെയ്ത
കരുണാകരനെ വേറിട്ടു നിര്‍ത്തിയത് അടിയുറച്ചതും അചഞ്ചലവുമായ കമ്യൂണിസ്റ്റ് വിരുദ്ധതയാണ്.
കമ്യൂണിസ്റ്റ് വിപ്ലവശക്തികള്‍ക്കും പുരോഗമനകാരികള്‍ക്കുമെതിരെ ഉദ്യോഗസ്ഥ മേധാവിത്വ-പോലീസ്-ക്രിമിനല്‍
സംഘം കെട്ടഴിച്ചുവിട്ട ഭരണകൂട ഭീകരതയുടെ രക്ഷാധികാരി കരുണാകരനായിരുന്നു.
കേരളത്തിലെ അഴിമതിക്കാരനും ജനമര്‍ദ്ദകരുമായ പോലീസ്-ഉദ്യോഗസ്ഥ മേധാവി വിഭാഗങ്ങളുടെ ആശ്രയവും അവസാനത്തെ അത്താണിയും കരുണാകരന്‍ തന്നെ.
വിമോചന സമരാനന്തരം തറപറ്റിയ കോണ്‍ഗ്രസ്സിനെ പുനരുജ്ജീവിപ്പിച്ച് അതിന്റെ നേതൃത്വത്തില്‍
യു ഡി എഫ് എന്ന ജാതി -മത-വര്‍ഗ്ഗീയ-പിന്തിരിപ്പന്‍ കാളീകൂളി സംഘത്തെ കേരള രാഷ്ട്രീയത്തില്‍ പ്രതിഷ്ടിക്കുന്നതിലും അതുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായിട്ടുള്ളരാഷ്ട്രീയാപചയത്തിലും കരുണാകരനുള്ള പങ്ക് അദ്വതീയമാണ്.
ഭരണ വര്‍ഗ്ഗ രാഷ്ട്രീയത്തിലേക്കുള്ള സി പി ഐ(എം)ന്റെ അപചയത്തിന്റെ തുടക്കമായ1967-ലെ ഇ എം എസ് മന്ത്രി സഭയില്‍ നിന്ന് സി പി ഐ യെ അടര്‍ത്തിയെടുത്ത് അച്യുതമേനോന്‍ മുഖ്യമന്ത്രിയായി സര്‍ക്കാര്‍ ഉണ്ടാക്കുന്നതിലും
ആ ഗവണ്മെന്റിന്റെ നേതൃത്വത്തില്‍ നടന്ന നക്സലൈറ്റ് വേട്ടയിലും അടിയാന്തിരാവസ്ഥക്കാലത്തെ ഇന്ദിരാഫാസിസം കേരളത്തില്‍ ആവിഷ്കരിക്കുന്നതിലും അക്കാലത്ത്
സ:രാജനെയടക്കം ഉരുട്ടിക്കൊല്ലുന്നതിലും അഴിമതി സ്ഥാപന വല്കരിക്കുന്നതിലും എല്ലാം കരുണാകരനുള്ള പങ്ക് ഭരണ വര്‍ഗ്ഗചരിത്രത്തിന്റെ ഭാഗമാണ്.
എല്ലായിനങ്ങളിലും പെട്ട കേരളത്തിലെ പിന്തിരിപ്പന്മാര്‍ കരുണാകരനെ ആചാര്യതുല്ല്യം കൊണ്ടാടുന്നതിന്റെ കാരണവും മറ്റൊന്നല്ല.
70 വര്‍ഷക്കാലത്തെ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ കമ്യൂണിസ്റ്റ് വിരുദ്ധതയിലും വലതുപക്ഷ-പിന്തിരിപ്പത്വത്തിലും അടിപതറാതെ ഉറച്ചു നിന്ന കരുണാകരന്‍
കമ്യൂണിസ്റ്റുകാരേയും പുരോഗമനശക്തികളേയും സംബന്ധിച്ചിടത്തോളം എല്ലാ അര്‍ത്ഥത്തിലുമൊരു ’നിഷേധാത്മകഗുരു‘ (negative teacher) വാണ്.
വലതുപക്ഷക്കാറ്റില്‍ ഇടതുപക്ഷക്കാരെന്ന് മേനി നടിക്കുന്ന പലരും അടിപതറുകയും കളം മാറി ചവിട്ടുകയും ചെയ്തപ്പോള്‍ തന്റെ ജനവിരുദ്ധ-പ്രതിലോമ നിലപാടുകളില്‍ അവസാനം വരെ ഉറച്ചു നിന്നുവെന്നതാണ് കരുണാകരന്‍ നല്കുന്ന പാഠം.
ഈ പാഠം ശരിയായി ഉള്‍ക്കൊള്ളുന്നതോടൊപ്പം ജനപക്ഷത്തു നില്ക്കുന്നവരാരും കരുണാകരന്റെ മരണത്തില്‍ ദു:ഖിക്കാന്‍ ബാധ്യസ്ഥരല്ലെന്ന കാര്യവും ഈ സന്ദര്‍ഭത്തില്‍ ഊന്നിപ്പറയേണ്ടതുണ്ട്.
പറഞ്ഞുവരുന്നത്,അല്ലെങ്കില്‍ പറയാന്‍ ഉദ്ദേശിച്ചത്:-
മൂത്തന്മാരുടെ ലീഡറായി കരിങ്കാലി കരുണാകരന്‍ കേരളത്തില്‍ വിലസിയകാലത്ത്
യൂത്തന്മാരുടെ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടിയെ വെറും ഊച്ചാളിയെന്നാണ് പലരും വിശേഷിപ്പിച്ചിരുന്നത്.
തന്റെ സില്ബന്ധികളായ പോലീസിലെ ക്രിമിനല്‍ സംഘത്തേയും അഴിമതി വീരന്മാരായ ഉദ്യോഗപ്രമാണിമാരേയും പണച്ചാക്കുകളേയും മത-വര്‍ഗ്ഗീയ പിന്തിരിപ്പന്‍ നേതൃത്വത്തേയുമെല്ലാം കൂട്ടിക്കെട്ടി അടിയന്തിരാവസ്ഥാകാലത്ത്
കരുണാകരന്‍ കേരളത്തില്‍ ഇന്ദിരാഫാസിസം അടിച്ചേല്പ്പിച്ചപ്പോള്‍
നിര്‍ബ്ബന്ധിത വന്ധ്യംകരണം അടക്കമുള്ള സജ്ഞയ് ഗാന്ധിയുടെ ഇരുപതിന പരിപാടിയിലെ ഇനങ്ങള്‍ മന:പാഠമാക്കുകയായിരുന്നു യൂത്തന്മാരുടെ പ്രധാനപണി.
മകന്‍ മുരളീധരനൊന്നും രാഷ്ട്രീയത്തിലേക്ക് കടന്നു വന്നിട്ടില്ലാത്ത അക്കാലത്ത്
ഭരണത്തിന്റെ നാലയലത്ത് പോലും ഉമ്മന്‍ ചാണ്ടിയടക്കമുള്ള യൂത്തന്മാരെ കരുണാകരന്‍ അടുപ്പിക്കുമായിരുന്നില്ല.
തന്നിമിത്തം കരുണാകരനെ നേരിടാനുള്ള ത്രാണിയോ കഴിവോ ഇല്ലാതിരുന്ന ഉമ്മനുംകൂട്ടരും
അയാള്‍ക്കെതിരെ കുശുമ്പു പറഞ്ഞു നടന്നിരുന്ന കാലമായിരുന്നു അത്.
എന്നാല്‍ പുത്രവാത്സല്യം കലശലായ കരുണാകരന്‍ തന്റെ പിന്‍ ഗാമിയായി മകന്‍ മുരളീധരനെ
കടത്തിക്കൊണ്ട് വന്നതോടെ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറി മറിയുകയും
ചെന്നിത്തലയടക്കമുള്ള കരുണാകര ശിഷ്യന്മാര്‍ മുരളിക്കെതിരേ കലാപക്കൊടിയുയര്‍ത്തുകയും ചെയ്തു.
ഈ സന്ദര്‍ഭം മുതലാക്കിയാണ് കുഴിയിലേക്ക് കാലുനീട്ടിത്തുടങ്ങിയ കരുണാകരനെ
ഒരു പരുവത്തിലാക്കി മൂലക്കിരുത്താന്‍ അതുവരെ വെറും ചണ്ടിയായിരുന്ന ഉമ്മനും കൂട്ടര്‍ക്കും
മനോരമയുടെ പിന്‍ ബലത്തില്‍ കഴിഞ്ഞത്.
കോണ്‍ഗ്രസ്സിലെ ഗ്രൂപ്പുകളുടെ ഈ നാറിയ ചരിത്രം മറച്ചുപിടിച്ചുകൊണ്ടാണ് ഇക്കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടി
കോട്ടയത്ത് കരുണാകര അനുശോചനം നടത്തിയത്.
എന്നുമാത്രമല്ല,മറ്റാരേക്കാളും കരുണാകരഭക്തി തനിക്കാണെന്നു തെളിയിക്കാനുമാണ് ഉമ്മന്‍ ശ്രമിച്ചത്.
കേരളീയര്‍ കരുണാകരനോട് ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് നക്സലൈറ്റുകളെ അടിച്ചമര്‍ത്തിയതിയതിന്റെ പേരിലാണെന്ന് ഉമ്മന്‍ തട്ടിവിട്ടത് ഈ സന്ദര്‍ഭത്തിലാണ്.
കേരളജനതയുടെ മുമ്പില്‍ കരുണാകരന്‍ ഏറ്റവും നികൃഷ്ടനും വെറുക്കപ്പെട്ടവനുമായത് അടിയന്തിരാവസ്ഥയില്‍ രാജനെ ഉരുട്ടിക്കൊന്നതടക്കം നക്സലൈറ്റുകളെ വേട്ടയാടിയതിന്റെ പേരിലാണെന്നറിഞ്ഞുകൊണ്ട്തന്നെ
ഇത്തരമൊരു പ്രസ്താവന ഉമ്മന്‍ നടത്തിയിരിക്കുന്നത് കരുണാകരനെപ്പോലെ താനും ഭരണവര്‍ഗ്ഗങ്ങള്‍ക്ക് പ്രിയങ്കരനായിരിക്കുമെന്ന് ബോധ്യപ്പെടുത്തുന്നതിന്ന് വേണ്ടിതന്നെയാണ്.
എന്നാലതേ സമയം, കമ്യൂണിസ്റ്റുകാരെ ഇല്ലാതാക്കാന്‍ ശ്രമിച്ച ‘സര്‍ സിപി’യേക്കാള്‍ രാഷ്ട്രീയമായി പുഴുത്തു നാറിയാണ് നക്സലൈറ്റുകളെ ഇല്ലാതാക്കാന്‍ ശ്രമിച്ച കരുണാകരന്‍ അവസാനിച്ചതെന്നും
ഭരണ വര്‍ഗ്ഗങ്ങളുടേയും അവരുടെ ചോറ്റുപട്ടികളുടേയും ഉറക്കം കെടുത്തിക്കൊണ്ട് നക്സലൈറ്റുകള്‍ മുന്നോട്ടുപോവുകയാണെന്നും ഉമ്മനും കൂട്ടരും അറിയുന്നത് നന്ന്.
ഇത്തരം പ്രസ്താവനയിലൂടെ ആത്മരതി കിട്ടുന്നുവെന്നതിന്നപ്പുറം കരുണാകരനും ഉമ്മനും പ്രതിനിധീകരിക്കുന്ന ഇന്ത്യന്‍ ഭരണകൂടത്തിന്
നക്സലൈറ്റുകളെ അടിച്ചമര്‍ത്താനാവില്ലെന്ന് അനുഭവങ്ങളിലൂടെ തിരിച്ചറിയുകയാണ് ഉമ്മന്‍ ചെയ്യേണ്ടത് എന്നാണ്.

2011, മാർച്ച് 2, ബുധനാഴ്‌ച

പുത്തൻ നവോത്ഥാനത്തിനു തുടക്കമിടുക:-

            പുത്തൻ നവോത്ഥാനത്തിന് തുടക്കമിടുക. കെ എൻ രാമചന്ദ്രൻ
 
1 , കേരളത്തിന്റെ വര്‍ത്തമാനാവസ്ഥ ഒരു കാലത്ത് ഇന്ത്യയുടെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ 1950- കളോടെ ഉണ്ടായ സാമൂഹ്യ , രാഷ്ട്രീയ മാറ്റങ്ങളെ അഭിമാനപൂര്‍വ്വം ഉയര്‍ത്തിപ്പിടിച്ചിരുന്നവരെയെല്ലാം വേദനിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ളതാണ്.
ഇപ്പോഴും സാക്ഷരതയിലും പരിസരവൃത്തിയിലും ജീവിതദൗര്‍ഘ്യത്തിലും അവയുള്‍പ്പെടേ ഐകുരാഷ്ട്രസഭ  നിര്‍ദ്ദേശിക്കുന്ന
 ‘ മാനവ വികസനസൂചിക ’ കളിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നില്‍ തന്നെയാണ്.
പക്ഷെ , അവയോടൊപ്പം കേരളത്തിനിന്ന് മറ്റു പല മേഘലകളില്‍കൂടി ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നു
പ്രതിശീര്‍ഷ മദ്യപാന അളവില്‍ രണ്ടാം സ്ഥാനത്തുള്ള പഞ്ചാബിനേക്കാള്‍ വളരെ മുന്നിലാണ് കേരളം.മദ്യാസക്തിക്കൊപ്പം ഇതര ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിലും കേരളമിന്ന് വളരെ മുന്നിലാണ്.
സാമൂഹ്യരാഷ്ട്രീയ രംഗങ്ങളില്‍ ജാതി- മതാധിപത്യം അപകടകരമായ നിലയിലേക്കുയര്‍ന്നു
കക്ഷിരാഷ്ട്രീയത്തിന്റെ പേരിലുള്ള കണ്ണൂര്‍ കൊലപാതകങ്ങള്‍ കുറഞ്ഞെങ്കിലും, മത തീവ്രവാദികള്‍ തങ്ങളുടെ പ്രവാചകനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് കോളേജധ്യാപകന്റെ കൈവെട്ടുന്നതിലേക്ക് എല്ലാ മതമൗലിക വാദികളും ശക്തിപ്പെട്ടിരിക്കുന്നു.
തങ്ങളുടെ ശാസനകളെ സ്വീകരിക്കാത്തവരെ സാമൂഹ്യമായി ബഹിഷ്കരിക്കുവാന്‍ ‘ഫത്’വ‘ പുറപ്പെടുവിക്കുംവിധം
ജാതിമേധാവികളും കൊഴുത്തിരിക്കുന്നു.
കോടികള്‍ ചെലവഴിച്ചുണ്ടാക്കിയ അമ്പലങ്ങളും പള്ളികളും മസ്ജിദുകളും പരസ്പരം മത്സരിച്ച് ദുര്‍ലഭമായി വരുന്ന കൃഷിസ്ഥലങ്ങള്‍ പോലും കൈയ്യേറി പെരുകുന്നു.
ആറുപതിറ്റാണ്ടുകള്‍ക്ക് മുമ്പ് ശബരിമല ക്ഷേത്രത്തിനു തീ പിടിച്ചപ്പോള്‍ ’ ഒരമ്പലം കത്തിയാല്‍ അത്രയും അന്ധവിശ്വാസം പോകും ‘ എന്നു പറഞ്ഞ അന്നത്തെ മുഖ്യമന്ത്രി സി കേശവന്റെ സ്ഥാനത്ത് യുഡിഫ്,എല്‍ഡിഫ് ഭരണങ്ങള്‍ മതാരാധനാ കേന്ദ്രങ്ങളെ പോഷിപ്പിക്കുന്നതില്‍ മത്സരിക്കുന്നു.
ഭരണഘടനയേയും തെരഞ്ഞെടുപ്പു ചട്ടങ്ങളേയും ലംഘിച്ച് ആര്‍ക്ക് വോട്ടു ചെയ്യണം, ആര്‍ക്ക്ചെയ്യരുത് എന്ന് ഉത്തരേന്ത്യന്‍ സസ്ഥാനങ്ങളേപ്പോലും ലജ്ജിപ്പിക്കുന്ന തരത്തില്‍ മതജാതി നേതൃത്വങ്ങള്‍ പരസ്യമായി ഇടയലേഖനങ്ങള്‍ ഇറക്കുന്നതിലേക്കും കേരളം വളര്‍ന്നു.

2 ,  ജാതിവിരുദ്ധ മതേതര മൂല്യങ്ങള്‍ താരതമ്യേന ഏറ്റവും ശക്തിപ്പെട്ട സംസ്ഥാനമായിരുന്നു കേരളം ഒരിക്കല്‍. അതുകൊണ്ടാണല്ലോ “ ജാതി വേണ്ടാ, മതം വേണ്ടാ, ദൈവം വേണ്ടാ  മനുഷ്യന് ”എന്ന് പ്രഖ്യാപിക്കുന്നതിലേക്ക് സഹോദരന്‍ അയ്യപ്പനു എത്താന്‍ കഴിഞ്ഞത്.
’ഭ്രാന്താലയമായി‘ കേരളത്തെ വിവേകാനന്ദന്‍ വിലയിരുത്തിയിട്ട് അരനൂറ്റാണ്ടു കഴിയുമ്പോഴേക്കും അയ്യങ്കാളിയും,നാരായണഗുരുവും മറ്റു നവോത്ഥാന നായകരും ഉഴുതുമറിച്ച മണ്ണില്‍ ദേശീയപ്രസ്ഥാനവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും തഴച്ചു വളരാന്‍ തുടങ്ങി.ഇതിന്റേയൊക്കെ തുടര്‍ച്ചയായിട്ടായിരുന്നു 1957-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന ഒരു മന്ത്രി സഭ ഐക്യകേരളത്തില്‍ പിറന്നത്.
കേരളത്തിലേയും ഇന്ത്യയിലേയും മാത്രമല്ല,ആഗോളസാമ്രാജ്യത്വ കേന്ദ്രങ്ങളിലേയും പിന്തിരിപ്പന്മാരെ അമ്പരപ്പിച്ച സംഭവമായിരുന്നു ഇത് അതുകൊണ്ട് ആ മന്ത്രിസഭ നടപ്പിലാക്കാന്‍ ശ്രമിച്ച തീര്‍ത്തും പരിഷ്കരണവാദപരമായ നയങ്ങള്‍ പോലും അവരെ ഭയപ്പെടുത്തി.
ഇതിന്റെ ഫലമായി , പിന്തിരിപ്പന്‍ കേന്ദ്രങ്ങള്‍ ആസൂത്രണം ചെയ്താരംഭിച്ച ’വിമോചന സമരം‘ അതുവരെ കേരളത്തിലുണ്ടായ മുന്നേറ്റങ്ങളുടെയെല്ലാം അടിവേരറുക്കുന്ന ഒന്നായി തീര്‍ന്നു.ഇതിനെ ചെറുക്കുന്നതിനു പകരം CPI നേതൃത്വവും CPI(M) നേതൃത്വവും വിപ്ലവപാത ഉപേക്ഷിച്ച് പ്രതിലോമശക്തികള്‍ക്കൊപ്പം ഇവയോട് പ്രീണനനയം സ്വീകരിക്കുകയാണ് ചെയ്തിട്ടുള്ളത്.
തുടക്കത്തില്‍ പിന്തുടര്‍ന്ന സാഹസികലൈനും പില്ക്കാലത്ത് കേരളത്തിലുണ്ടായ മാറ്റങ്ങള്‍ വിപ്ലവചിന്താഗതിക്കേല്പിച്ച ശക്തമായ തിരിച്ചടികളും ഒരു ബദല്‍ ശക്തിയായി ഈ പ്രവണതയെ ചെറുക്കാന്‍ കഴിയാത്ത വിധം CPI-ML-പ്രസ്ഥാനത്തെ ദുര്‍ബ്ബലമാക്കുകയും ചെയ്തു.
എല്‍ഡീഫ് ഭരണ മാകട്ടെ യുഡിഫ് ഭരണത്തിനു പര്യായമായി മാറി. കേരളത്തിന്റെ ഇടതു പക്ഷ മനസ്സിനു ക്ഷീണമേല്പിക്കുകയും വിപ്ലവസ്വപ്നങ്ങള്‍ കെടുത്തുകയും ചെയ്തു.

3,    ഇവ എല്ലാ രംഗത്തും സ്വാധീനമുറപ്പിക്കാന്‍ പ്രതിലോമ രാഷ്ട്രീയ ശക്തികള്‍ക്കും, പിന്തിരിപ്പന്‍ സിദ്ധാന്തങ്ങള്‍ക്കും, മതാധിപത്യ ശക്തികള്‍ക്കും ജാതി ഭ്രാന്തന്മാര്‍ക്കും, ഇവയെ എല്ലാം ഉപയോഗിച്ചു ശക്തിപ്പെടാന്‍ കെല്പ്പുള്ള സാമ്രാജ്യത്വശക്തികളുടെ പുത്തന്‍ അധിനിവേശത്തിനും ശക്തി പകര്‍ന്നു കൊടുത്തു.
കേരളം പുത്തന്‍ അധിനിവേശത്തിന്റെ ഇന്ത്യിലെ ഏറ്റവും നല്ല ഷോകേസായി മാറുന്നതങ്ങിനേയാണ്.
നവ ഉദാര നയങ്ങളോടെ ആഗോള സമ്പദ് വ്യവസ്ഥയോടും വിപണിയോടുമുള്ള ഉദ്ഗ്രഥനം നേരത്തെ തന്നെ തൊഴിലിനുവേണ്ടി ഗള്‍ഫിലേക്കും മറ്റു വിദേശനാടുകളിലേക്കും നടന്നിരുന്ന കുടിയേറ്റത്തെ ശക്തിപ്പെടുത്തി. ജനസംഖ്യാനുപാതികമായി ആഭ്യന്തരകുടിയേറ്റത്തിലെന്നപോലെ വിദേശകുടിയേറ്റത്തിലും കേരളം ഒന്നാം സ്ഥാനത്താണ്. വിദ്യാഭ്യാസ രംഗത്തിന്റെ ‘വളര്‍ച്ച’മൂലം ബീഹാറില്‍ നിന്നോ പഞ്ചാബില്‍ നിന്നോ ഉള്ള കുടിയേറ്റത്തില്‍ നിന്ന് വ്യത്യസ്തമായി കേരളീയ കുടിയേറ്റക്കാര്‍ ഭൂരിഭാഗവും ഓഫീസ്ജോലികളിലും മറ്റും ഏര്‍പ്പെട്ട മധ്യവര്‍ഗമായതിനാല്‍ ഇവിടുത്തെ മുമ്പേ ശക്തമായ മധ്യവര്‍ഗ്ഗ ചിന്തകളേയും സംസ്കാരത്തേയും കൂടുതല്‍ പോഷിപ്പിച്ചു.
മുമ്പു സൂചിപ്പിച്ചതുപോലെ വിപ്ലവസ്വപ്നങ്ങള്‍ക്ക് ക്ഷീണമേറ്റ സാഹചര്യത്തില്‍ നവോത്ഥാന കാലം മുതല്‍ ശക്തിപ്പെട്ടിരുന്ന പുരോഗമന,ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക് കാര്യമായ ക്ഷതമേറ്റ്, തല്‍സ്ഥാനത്ത് ഉത്തരാധുനികതയുടെ പിന്‍ബലത്തോടെ സ്വത്വവാദവും മറ്റും ഊര്‍ജസ്വലമായി.
ഈ സാഹചര്യത്തിലാണ് പുത്തന്‍ അധിനിവേശ സാമ്പത്തിക ക്രമത്തിനൊപ്പം മത മൗലികവാദവും പുതിയരൂപങ്ങളോടെ ജാതിചിന്തയും ജന്മി-നാടുവാഴിത്തകാല സംസ്കാരത്തിന്റെ ഉത്തരാധുനിക രൂപങ്ങളും സാമ്രാജ്യത്വവസംസ്കാരത്തിന്റെ ജീര്‍ണ്ണവശങ്ങളും സര്‍വ്വവ്യാപിയാകുന്നത്.
വിപ്ലവപരമായ സമരാവേശം മതതീവ്രവാദത്തിന്റെ നാനാരൂപങ്ങള്‍ക്ക് വഴിമാറിക്കൊടുത്തു.
ഈ ‘തിരിച്ചുപോക്ക്’അഥവാ ജീര്‍ണ്ണത കേരളീയ ജീവിതത്തിന്റെ സമസ്ത മേഖലകളേയും സ്വാധീനിച്ചു.
ഇതെല്ലാം ഒരു ഭാഗത്ത് സാമ്രാജ്യത്വാശ്രിത,വലതുപക്ഷ സ്വാധീനങ്ങള്‍ സാമ്പത്തിക രാഷ്ട്രീയ,സാമൂഹ്യ,സാംസ്കാരിക മണ്ഡലങ്ങളിലാകെ ആധിപത്യത്തില്‍ വരുന്നതിലേക്കും കോണ്‍ഗ്രസ്സും ബിജെപിയും മുതല്‍ CPI-M- വരെ ഭരണ രംഗത്ത് ഇവയെ പ്രതിഷ്ടിക്കുന്നതിലേക്കും എത്തിച്ചു.
മറുഭാഗത്ത് ഇവയെ നേരിടുകയാണെന്ന ഭാവത്തോടെ വിവിധ മത തീവ്രവാതങ്ങളും അവയുടെ ചാവേര്‍ ഗ്രൂപ്പുകളും ശക്തിപ്പെട്ടു.‘കൊട്ടേഷന്‍ സംഘങ്ങള്‍’ എല്ലായിടത്തും വളര്‍ന്നു.
ഈ വലതു പക്ഷ കുത്തിയൊഴുക്കിന്റെ ഒരു പ്രതീകാത്മക  രൂപമാണ് ‘ എക്സലൈറ്റുകള്‍ക്ക് ’ എല്‍ ഡി എഫിന്റെ വേദിപങ്കിടുമ്പോള്‍ , നാമമാത്രമായ ‘മാവോയിസ്റ്റ്’അനുയായികള്‍ എന്‍ ഡി എഫിനൊപ്പം കൈകോര്‍ക്കുന്നത്.

4, ഇതൊക്കെ സംഭവിച്ചിട്ടും കേരളത്തില്‍ അവശേഷിക്കുന്ന , ഇപ്പോഴും പ്രായേണ ശക്തമായ ഇടതുപക്ഷമനസ്സിന് ചെലുത്താന്‍ കഴിയുന്ന സ്വാധീനത്തിന്റെ അപകടം പ്രതിലോമശക്തികള്‍ തിരിച്ചറിയുന്നു.
അതിനെ തകര്‍ക്കാനാണ് കലാസാഹിത്യ മാധ്യമ രംഗങ്ങളിലെ നാനാതരം ശ്രമങ്ങള്‍.
മലയാളി വായിക്കുന്ന പുസ്തകങ്ങളിലും കഥകളിലും മുഴച്ചു നില്ക്കുന്നത് ഉത്തരാധുനികതയുടെ പേരില്‍ പ്രതിലോമചിന്തകളാണ്.പത്രങ്ങളും ,വാരികകളും മറ്റും ക്ഷേത്രം പള്ളി, മസ്ജിദ് വിശേഷങ്ങള്‍കൊണ്ട് നിറയുന്നു.
യുക്തിചിന്തക്കും ശാസ്ത്രബോധത്തിനും കിട്ടുന്ന ഇടം ലോപിച്ച് ഏതാണ്ട് ഇല്ലാതാകുന്നു.
ദൃശ്യമാധ്യമങ്ങളില്‍ നിറയുന്നത് മധ്യവര്‍ഗ്ഗ ജീര്‍ണ്ണതയുടെ മഹത്വവല്ക്കരണവും,പാട്ട്-ആട്ട മത്സരങ്ങളും,തരം താണ ഹാസ്യാവതരണങ്ങളും,യക്ഷിക്കഥകളും.
മത-ജാതി ശക്തികള്‍ ആധിപത്യം ഉറപ്പിച്ച വിദ്യാഭ്യാസരംഗത്തുനിന്ന് സാമുഹ്യശാസത്ര വിഷയങ്ങള്‍ നിഷ്ക്രമിക്കുന്നതോടെ, പുതിയ തലമുറയുടെ സാങ്കേതികമാത്ര മനസ്സുകളിലേക്ക് ഈ അധമ ചിന്തകള്‍ക്ക് വേഗം കടന്നു വരാന്‍ കഴിയുന്നു.
ഗോവയെ കടത്തിവെട്ടി കേരളം തായ്‌ലാന്റ് ആകാന്‍ കുതിക്കുമ്പോള്‍ ചിത്രം പൂര്‍ണ്ണമാകുന്നു. എല്ലാ വനോത്ഥാന മൂല്യങ്ങളും കൈമോശം വന്ന് പുത്തന്‍ അധിനിവേശത്തില്‍ കീഴിലെ പുത്തന്‍ ഭ്രാന്താലയമായി മാറിയിരിക്കുകയാണ് കേരളീയ സമൂഹം.

5, ഈ അവസ്ഥയെ ചെറുക്കാനും പരാജയപ്പെടുത്താനും കഴിയണമെങ്കില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ആരംഭിച്ച,
ജന്മി-നാടുവാഴിത്തത്തിനും സവര്‍ണ്ണാധിപത്യത്തിനും എതിരേ നടന്ന നവോത്ഥാന പ്രസ്ഥാനത്തില്‍ നിന്ന് ശരിയായ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ മുന്നേറ്റത്തിന് വഴിയൊരുക്കണം.
അങ്ങിനെ കേരളീയ മനസ്സുകളെ ഒരിക്കല്‍ കൂടി ഉഴുതു മറിച്ചാലേ വിപ്ലവസ്വപ്നങ്ങള്‍ കാണുന്ന,സോഷ്യലിസ്റ്റ് ഭാവിക്കായി എന്തും ത്യജിക്കാന്‍ തയാറുള്ള പുതിയ തലമുറ രൂപപ്പെടുകയും ശക്തിപ്പെടുകയും ചെയ്യൂ.
അന്നു മുലക്കരം ചോദിച്ചരാജാവിന് മുലയറുത്തുകൊടുത്താണ് ചാന്നാര്‍ സ്ത്രീകള്‍ തിരിച്ചടിച്ചത്. സവര്‍ണ്ണാധിപത്യത്തിനും ജന്മിനാടുവാഴിത്തത്തിനും എതിരേ അയ്യങ്കാളി പോരാട്ടം തുടങ്ങിയത്. ജാതിവ്യവസ്ഥയേയും ജന്മിത്വത്തേയും തകര്‍ക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ്
നാരായണഗുരുവിന്റെ ‘ ഒരു ജാതി ,ഒരു മതം,ഒരു ദൈവ ’ ചിന്തയില്‍ പുത്തന്‍ മാനവികതയിലേക്ക് നയിച്ച ദര്‍ശനമാണ്,പ്രവര്‍ത്തനങ്ങളാണ്‘ജാതിവേണ്ട,മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്’ എന്ന ചിന്തയിലേക്ക് മലയാളിയെ ഉയര്‍ത്തിയത്.
കീഴാള സമൂഹങ്ങളില്‍ നിന്നുയര്‍ന്ന ഈ കൊടുങ്കാറ്റുകളാണ് മേലാള സമൂഹങ്ങളിലേക്ക് വെളിച്ചം എത്തിക്കുന്നതും അന്ധവിശ്വാസങ്ങള്‍ക്കും സ്ത്രീകളെ അടിമകളാക്കി വെക്കുന്നതിനും മറ്റുമെതിരായ കലാപങ്ങള്‍ക്ക് വഴിതെളീച്ചത്. ഇവയൊന്നും ഇന്ന് പലരും പറയുന്നതുപോലെ ആരുടേയും വാഗ്ദാനങ്ങളോ,സമാധാനപരമായ മാറ്റങ്ങളോ ആയിരുന്നില്ല.
അന്ധകാരജടിലമായ അവസ്ഥയില്‍നിന്ന് കേരളത്തെ നിവര്‍ത്തിപ്പിക്കുന്നതിനുള്ള മോചന പ്രസ്ഥാനങ്ങളായിരുന്നു.
ഈ നവോത്ഥാന മുന്നേറ്റമാണ് ജന്മിത്വം അവസാനിപ്പിക്കുന്നതിനും സാമ്രാജ്യത്വത്തെ എതിര്‍ക്കുന്നതിനും ദേശീയ വിമോചന സമരത്തില്‍ പങ്കാളിയാകുന്നതിനും മലയാള മനസ്സിനെ തയാറാക്കിയത്.
ആ അന്തരീക്ഷത്തിലാണ് കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് എന്ന ഗര്‍ജ്ജനത്തോടെ ജന്മിനാടുവാഴിത്ത വിരുദ്ധ സമരം കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വളരുന്നത്.
സാമ്പത്തിക-രാഷ്ട്രീയ-സാമൂഹ്യ,കലാ സാഹിത്യ മണ്ഡലങ്ങളിലെല്ലാം ഉണ്ടായ മന്നേറ്റങ്ങള്‍ക്ക് നവോത്ഥാന പ്രസ്ഥാനമാണ് മണ്ണൊരുക്കിയത്.

6 , സ:പി കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ്പാര്‍ട്ടി നവോത്ഥാന മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് നടത്തിയ മുന്നേറ്റങ്ങള്‍ക്ക് ശേഷം, ഇ എം എസിന്റെ നേതൃത്വത്തില്‍,സാര്‍വദേശീയ രംഗത്ത് ശക്തിപ്പെട്ട തിരുത്തല്‍ വാദ സംവിധാനങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ ,കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ മുന്‍ കൈനേടിയത് സംസ്കാരികരംഗത്തും ഉല്പാദനബന്ധങ്ങളിലും നിരന്തരം നടത്തേണ്ടസമരങ്ങളെ അവഗണിച്ച് സാമ്പത്തിക സമരങ്ങള്‍ക്കും പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ക്കും മുന്‍ഗണന നല്കുന്ന പരിഷ്കരണവാദമാണ്
അധികാരകൈമാറ്റത്തേ തുടര്‍ന്നു പുത്തന്‍ അധിനിവേശത്തിനടിപ്പെട്ട ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ നിലനില്കുന്ന ബൂര്‍ഷ്വാജനാധിപത്യ വ്യവസ്ഥകളിലെ പ്രവര്‍ത്തനത്തെ വര്‍ഗ്ഗസമരത്തിന്റെ ഭാഗമായി കാണുന്നതിനു പകരം,1957-ല്‍ മുഖ്യമന്ത്രിയായി അധിക്കാരത്തിലേറുമ്പോള്‍ ഇ എം എസ്സ് പ്രഖ്യാപിച്ചത് കോണ്‍ഗ്രസ്സിന്റെ പുരോഗമന നയങ്ങള്‍ നടപ്പിലാക്കാന്‍ ഭരണത്തെ ഉപയോഗിക്കുമെന്നാണ്.
അതുകൊണ്ട് കയ്യൂരിന്റേയും കരിവെള്ളൂരിന്റേയും തെലുങ്കാനയുടേയും തുടര്‍ച്ചയായി,കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്നവരിലേക്ക് എത്തിക്കുന്ന സമരങ്ങളെ ഉത്തേജിപ്പിക്കുന്ന ഒരു കാര്‍ഷിക ബന്ധബില്ലിന് പകരം എ എം എസ് മന്ത്രിസഭ അവതരിപ്പിച്ചത് പുത്തന്‍ അധിനിവേശ നയങ്ങളുടെ ഭാഗമായി റോക്ക്ഫെല്ലര്‍ ഫോര്‍ഡ്ഫൗണ്ടേഷനുകള്‍ നിദ്ദേശിച്ച പ്രകാരമുള്ള ഭൂപരിധിനിയമമാണ്. അധ:സ്ഥിതന്റെ അവകാശം കുടിവെക്കാനുള്ള പത്തുസെന്റില്‍ ഒതുക്കി.
സാംസ്കാരിക രംഗത്ത് കുതിച്ചു ചാട്ടത്തിനു കളമൊരുക്കുന്ന പുരോഗമന വിദ്യാഭ്യാസ പ്രസ്ഥാനത്തെ ഉത്തേജിപ്പിക്കുന്നതിനു പകരം, വിദ്യാഭ്യാസത്തെ പൊതുമേഖലയില്‍ കൊണ്ടുവരണമെന്ന് പ്രഖ്യാപിച്ച് അതിന്നു വേണ്ടി നിയമനിര്‍മ്മാണം നടത്തുന്നതിനു പകരം,വിദ്യാഭ്യാസബില്ലില്‍ ഊന്നിയത് വിദ്യാഭ്യാസ രംഗത്ത് പൊതുമേഖലയും സ്വകാര്യമേഖലയുമായി പങ്കുവെക്കുന്നതിലാണ്.
വര്‍ഗ്ഗസമരത്തെ ഉത്തേജിപ്പിക്കുന്നതിനു പകരം പരിഷ്കരണ വാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഇ എം എസ് മന്ത്രിസഭ ചെയ്തത്.

7, ഈ പരിഷ്കരണങ്ങള്‍ക്ക് പോലും ഇടം കൊടുക്കാതെ പ്രതിലോമശക്തികള്‍ തിരിച്ചടിക്കുകയും വിമോചന സമരാഭാസത്തിലൂടെ സര്‍ക്കാറിനെ അട്ടിമറിക്കുകയും ചെയ്തപ്പോള്‍ ,അതില്‍ നിന്നും പാഠം ഉള്‍ക്കൊള്‍ണ്ട് പ്രസ്ഥാനത്തെ വിപ്ലവപാതയില്‍ തിരിച്ചുകൊണ്ടു വരുന്നതുനു പകരം,
1964-ല്‍ പരസ്യമായി വര്‍ഗ്ഗസഹകരണ പാത കൈവരിച്ച സി പി ഐ നേതൃത്വത്തിന്നെതിരെ കലാപം ചെയ്ത സി പി ഐ (എം) രൂപീകരിച്ചിട്ടും അതിന്റെ തലപ്പത്ത് വന്ന ഇ എം എസ് ചെയ്തത്. കൂടുതല്‍ വലത്തോട്ട് പോയി,എങ്ങിനേയും ബൂര്‍ഷ്വാഭരണക്രമത്തില്‍ പങ്കാളിയാകുന്നതിനുവേണ്ടി ‘കോണ്‍ഗ്രസ്സിനെ എതിര്‍ക്കാന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടാം’ എന്ന വാദത്തോടെ അവസരവാദ ഐക്യമുന്നണി രാഷ്ട്രീയം മുന്നോട്ട് കൊണ്ടു വരികയാണ്.
1967-ല്‍ ആരംഭിച്ച ഈ ഐക്യമുന്നണി രാഷ്ട്രീയത്തോടെ ഫലത്തില്‍ വലത്,ഇടത് ഭരണങ്ങള്‍ ഒരേ നാണയത്തിന്റെ ഇരു വശങ്ങളായി.ഭരണത്തില്‍ കയറുന്നതിനുവേണ്ടി ആരുമായും കൂട്ടുകൂടാമെന്നായി.
ഈ പിന്തിരിപ്പന്‍ ആശയം സി പി ഐ (എം) നെ മാത്രമല്ല.പല കാലത്തായി അത് വിട്ടു പുറത്തു പോയ എല്ലാ വിമത വിഭാഗങ്ങളേയും ഒഴിയാബാധയായി പിടികൂടി.
കോണ്‍ഗ്രസ്സില്‍ നിന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ എത്തിയ ഇ എം എസ് ചെയ്തത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കോണ്‍ഗ്രസ്സിന്റെ അനുബന്ധമാക്കി മാറ്റുന്ന പ്രവര്‍ത്തിയാണ്.

8, ഈ പശ്ചാത്തലത്തിലാണ് തുടക്കത്തില്‍ വിശകലനം ചെയ്ത അവസ്ഥയിലേക്ക് കേരളീയ സമൂഹം ജീര്‍ണ്ണിക്കപ്പെട്ടത്. പുതിയ തലമുറകളില്പോലും കുത്തിവെക്കപ്പെടുന്നത് എങ്ങിനേയും ഒരു ജോലിനേടി വ്യവസ്ഥയുടെ ഭാഗമാവുക, പുത്തന്‍ അധിനിവേശ സംസ്കാരത്തിന്റെ ഭാഗമാവുക എന്ന നിലപാടുകളാണ്.
എല്ലാ സ്ഥലത്തും വിറ്റഴിക്കപ്പെടുന്ന ലോട്ടറിയുടെ കാര്യം പര്‍ശോധിക്കുക.ലോകത്തില്‍ ഏറ്റവും കൂടുതല്‍ ലോട്ടറി ഭ്രാന്ത് കേരളത്തിലായത് യാദൃശ്ചികമല്ല.എങ്ങിനേയും പണകാരനാവുക എന്ന ആശയമാണ് മലയാളിയെ പ്രമുഖമായി നയിക്കുന്നത്. ഇ എം എസിന്റെ അവസാനത്തെ സൈദ്ധാന്തിക സംഭാവനയായ ജനകീയാസൂത്രണം ഐ എം എഫ് -ലോകബാങ്ക് നിര്‍ദ്ദേശപ്രകാരം ഗ്രാമങ്ങളേ പോലും ആഗോളസമ്പദ് വ്യവസ്ഥയുടെ ഭാഗമാക്കുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. അതോടെ പഞ്ചായത്ത് തലം വരെ അഴിമതി വികേന്ദ്രീകരിക്കപ്പെടുകയും ചെയ്തു .
അങ്ങിനെ മദ്യവും മതവും എത്രയും അഴിമതിയും എന്തും സ്വീകരിക്കാമെന്ന അവസ്ഥയിലെത്തിയ മലയാളി സ്വന്തം മക്കളേയും ‘ബ്രോയിലര്‍ ചിക്കനെ’ പോലെ ഇതേരൂപത്തില്‍ വാര്‍ത്തെടുക്കുന്നതില്‍ വ്യാപൃതനാണ്.
ഭരണ,സാസ്കാരിക,മത,ജാതി,ആരാധനാസ്ഥാപനങ്ങളാകെ ഇതിലേക്കാണ് അവരെ എത്തിക്കുന്നത്.
ഇതിനെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് പ്രവര്‍ത്തിക്കാനാരംഭിച്ച നക്സലൈറ്റ്  പ്രസ്ഥാനത്തിലേയും അതിന്റെ നേതൃത്വത്തില്‍ കേരളീയ സമൂഹത്തില്‍ വളരെ സ്വാധീനം സൃഷ്ടിച്ച ജനകീയ സാംസ്കാരിക വേദിയിലേയും നിരവധിപ്രവര്‍ത്തകരെ പോലും വലിയൊരളവില്‍ പിറകോട്ടടിപ്പിക്കാന്‍ കഴിയും വിധം ശക്തിയാര്‍ജ്ജിച്ചു കഴിഞ്ഞിരിക്കുകയാണ്.
ഈ പ്രതിലോമരാഷ്ട്രീയവും സസ്കാരവും എന്നതിനാല്‍ അവയ്ക്കെതിരെ സര്‍വ്വശക്തിയും ഉപയോഗിച്ച് ആഞ്ഞടിക്കാതെ മലയാളി സമൂഹത്തെ വിപ്ലവപാതയില്‍ തിരിച്ചു കൊണ്ടുവരാന്‍ ആവില്ല.
രണ്ടാം ലോകയുദ്ധാനന്തരം അമേരിക്കന്‍ നേതൃത്വത്തില്‍ സാമ്രാജ്യത്വ ചേരി ആരംഭിച്ച പുത്തന്‍ അധിനിവേശ കടന്നാ   ക്രമണങ്ങളെ തിരിച്ചറിയുന്നതിനും സാമ്രാജ്യത്വവ്യവസ്ഥക്ക് എതിരേ സോഷ്യലിസ്റ്റ് ബദല്‍ വളര്‍ത്തിക്കൊണ്ടു വരുന്നതിലും ഉണ്ടായ പാളിച്ചകളുടെ ഫലമായി സാര്‍വ്വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനം തിരിച്ചടിയെ നേരിടുന്ന പശ്ചാത്തലത്തില്‍ ഈ സംരംഭത്തിനു വന്‍ പ്രാധാന്യമണ്ട്.

 9, ആധിപത്യഭരണ,സാമ്പത്തികവ്യവസ്ഥയും അതിന്റെ സംസ്കാരവും എല്ലാപുരോഗമന മൂല്യങ്ങളേയും സാമൂഹ്യബോധത്തേയും നിഷേധിക്കുന്നവനായി മലയാളിയെ മാറ്റുന്ന സാഹചര്യത്തില്‍,തൊഴിലാളികളുടേയും ജീവനക്കാരുടേയും നിലവിലുള്ള സംഘടനകള്‍ പോലും സാമ്പത്തിക സമരവാദത്തിലും അഴിമതിയിലും കക്ഷിരാഷ്ട്രീയ സങ്കുചിതത്വത്തിലും മുഴുകിയിരിക്കുമ്പോള്‍,
ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിലോമശക്തികളുടെ ഭാഗമായി മാറിയിരിക്കുമ്പോള്‍ ,
നിലവിലുള്ള സാംസ്കാരിക സംഘടനകള്‍ പോലും വ്യവസ്ഥാപിതവല്ക്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുമ്പോള്‍,
സത്വവാദം അധസ്ഥിത വിഭാഗങ്ങളിലെ നേതൃശക്തികളെ പോലും പ്രതിലോമതയിലെത്തിക്കുമ്പോള്‍
നവ ഉദാരനയങ്ങളുടെ ഭാഗമായി വിദ്യാഭ്യാസം കച്ചവടവല്ക്കരിക്കുമ്പോള്‍ ,
വമ്പിച്ചൊരു സാംസ്കാരികമുന്നേറ്റത്തിലൂടെ മാത്രമേ ഈ അവസ്ഥയെ മറികടക്കാനാകൂ.
അതായത് സാമ്പത്തികാടിത്തറയില്‍ മൗലികമായ മാറ്റങ്ങള്‍ വരുത്തുന്നതിന് സാംസ്കാരിക മണ്ഡലത്തിലെ വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ ഗണന കൊടുക്കേണ്ടിയിരിക്കുന്നു.

10,ഇത്രയേറെ പ്രതികൂല സാഹചര്യത്തിലും ഇടതുപക്ഷചിന്തക്ക് ഇന്നും കേരളത്തില്‍ സ്വാധീനം നിലനില്ക്കുന്നുണ്ട്.
അതിന്ന് പലപ്പോഴും പ്രകടമാക്കുന്നില്ലെങ്കിലും  അസംഘടിതമാണെങ്കിലും എത്രയേറെ ദുര്‍ബ്ബലമാണെങ്കിലും എല്ലാ രംഗങ്ങളിലും പുരോഗമനാശയങ്ങള്‍ക്ക് സ്വാധീനമുണ്ട്.
സി പി ഐ (എം എല്‍) പുത്തന്‍ അധിനിവേശകാലത്തെ സാമ്രാജ്യത്വത്തെക്കുറിച്ചുള്ള ധാരണ വികസിപ്പിക്കുന്നതിനും സാര്‍വ്വദേശീയ കമ്യുണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായ പാളിച്ചകളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട്
സോഷ്യലിസ്റ്റ് ബദല്‍ സങ്കല്പത്തേക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ആവിഷക്കരിക്കുന്നതിനും മുന്‍‘കൈ എടുത്തുകൊണ്ടു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍വഴി ഈ ഇടതുപക്ഷ ചിന്തയേയും പുരോഗമനാശയങ്ങളേയും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടിയാല്‍,
പുത്തന്‍ നവോത്ഥാന മുന്നേറ്റത്തില്‍ പങ്കാളികളാകേണ്ട ദളിത്,ആദിവാസി,അധസ്ഥിത വിഭാഗങ്ങളിലും സ്ത്രീകള്‍ക്കിടയിലും പ്രവര്‍ത്തനം ശക്തിപ്പെടുത്തിയാല്‍
വര്‍ത്തമാന പ്രതിലോമാവസ്ഥക്കെതിരായ വെല്ലുവിളി വളര്‍ത്തിക്കൊണ്ടു വരാനാകും.
ഇതിനു ജനകീയാസൂത്രണവും കുടുംബശ്രീകളുവരെ എത്തിയിരിക്കുന്ന നവ ഉദാര നയങ്ങളെ സൈദ്ധാന്തികവും രാഷ്ട്രീയവുമായി തുറന്നു കാട്ടി ബദല്‍ പ്രസ്ഥാനങ്ങള്‍ക്കും പ്രാദേശികസമിതിയിലെ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള പുരോഗമന പാത വെട്ടിതുറക്കണം.
വിദ്യാഭ്യാസം,ചികിത്സാധിമേഖലകളുടെ കച്ചവട വല്ക്കരണത്തിന്നെതിരായും ഈ മേഖലകളില്‍ നിന്ന് മത,ജാതി,മാഫിയാ ശക്തികളെ പുറത്താക്കുന്നതിനുമുള്ള കാമ്പയിന്‍ ആരംഭിക്കണം        
മതമൗലികവാദികളെ എതിര്‍ക്കുന്നതോടൊപ്പം മതവിമര്‍ശനത്തിനും കമ്യൂണിസ്റ്റുകാര്‍ മുന്‍ കൈ എടുക്കണം.
സവര്‍ണ്ണാധിപത്യത്തെ ചെറുക്കുന്നതില്‍ നിന്ന് തുടങ്ങി ജാതിരഹിത സമൂഹത്തിനായി പ്രവര്‍ത്തിക്കണം.
സര്‍ക്കാര്‍ തന്നെ മദ്യവില്പന പ്രോത്സാഹിപ്പിക്കുന്നതിനെ ചെറുത്തുകൊണ്ട് മദ്യാസക്തിക്കും മദ്യമാഫിയകള്‍ക്കുമെതിരെ സമരം വളര്‍ത്തണം.
സ്ത്രീകല്ക്കെതിരായ ആക്രമണങ്ങളേയും സെക്സ്ടൂറിസത്തേയും ചെറുക്കണം.
മാനവ രാശിയുടെ നിലനില്പ്പിനു തന്നെ അപകടം സൃഷ്ടിക്കുന്ന സാമ്രാജ്യത്വ പ്രേരിതവികസന നയത്തിനെതിരെ ജനപക്ഷ,പ്രകൃതിപക്ഷ വികസന നയം ആവിഷ്കരിച്ച് അതിനായി പ്രവര്‍ത്തിക്കണം.
പരിഷ്കരണ വാദത്തേയും വര്‍ഗ്ഗ സഹകരണ സങ്കല്പങ്ങളേയും ചെറുത്ത് വിപ്ലവപരമായ സാമൂഹ്യ പരിവര്‍ത്തനത്തിന്റെ,സോഷ്യലിസത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കണം.
കലാ-സാഹിത്യ-മാധ്യമരംഗങ്ങളിലെ ദുഷ്ടശക്തികളെ വെല്ലുവിളിക്കാനും പുത്തന്‍-കലാ-സാഹിത്യ-മാധ്യമ സങ്കല്പങ്ങള്‍ വളര്‍ത്താനും പരിപാടിയിട്ട് പ്രവര്‍ത്തിക്കണം.
’പുത്തന്‍ നവോത്ഥാനത്തിനു തുടക്കമിടുക‘ എന്ന മുദ്രാവാക്യത്തോടെ പാര്‍ട്ടിയും വര്‍ഗ്ഗബഹുജനപ്രസ്ഥാനങ്ങളും പുരോഗമന,ജനാധിപത്യ,ജാതിവിരുദ്ധ,മതേതര ശക്തികളോട് ഐക്യപ്പെട്ടു മുന്നേറാന്‍ശക്തിനേടണം.
ഈ കാലഘട്ടത്തിന്റെ വെല്ലുവിളിയാണിത്.