2011, മാർച്ച് 20, ഞായറാഴ്‌ച

തെരഞ്ഞെടുപ്പ്; ചിലയാഥാർത്ഥ്യങ്ങൾ.

കോളനി വാഴ്ചക്കും ജാതി- ജന്മി നാടു വാഴിത്തത്തിന്നു മെതിരെ തൊഴിലാളി ബഹുജനങ്ങളും കര്‍ഷകരും ജനാധിപത്യ വാദികളും ഒന്നിച്ച് നടത്തിയ പോരാട്ടങ്ങളും നവോത്ഥാന മുന്നേറ്റങ്ങളുമാണ് ഐക്യകേരള പ്രസ്ഥാനത്തിലൂടെ രൂപം കൊണ്ട കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യാടിത്തറ.
1957-ലെ തെരഞ്ഞെടുപ്പില്‍ ഏറെ പരിമിതികളോടെ എങ്കിലും കേരളത്തിന്റെ പ്രശ്നങ്ങളും കൈവരിക്കേണ്ട പരിഹാരങ്ങളും വെച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ട് വെച്ച വികസനകാഴ്ചപ്പാട് ഉല്പ്പാദിപ്പിച്ച ഉണര്‍വ്വും പ്രത്യാശയുമായിട്ടാണ് അന്നു മലയാളികള്‍ പോളിങ്ങ്ബൂത്തിലേക്ക് പോയത്.
എന്നാല്‍ ആര് അധികാരത്തിലെത്തിയാലും ഒന്നും ചെയ്യാനില്ലെന്ന നിരാശയും നിസ്സംഗതയും അരാഷ്ട്രീയ വല്ക്കരണപ്രക്രിയയും തീവ്രമായ വര്‍ത്തമാന ഘട്ടത്തിലാണ് നാം എത്തിനില്ക്കുന്നത്.
ഈ ദുസ്ഥിതിയിലേക്ക് കേരളത്തെ കൊണ്ടെത്തിച്ചത് അധികാര കൈമാറ്റം മുതല്‍ ഇന്ത്യയില്‍ നടപ്പായ പുത്തന്‍ അധിനിവേശപ്രക്രിയയാണെന്ന് ഇന്ന് തിരിച്ചറിയാവുന്നതാണ്.
ഈ സാഹചര്യം ശരിയായി മനസ്സിലാക്കാനും വസ്തുനിഷ്ടമായ ജനകീയ ബദല്‍ മുന്നോട്ട് വെക്കുവാനും വിപ്ലവ-ജനാധിപത്യ ശക്തികള്‍ക്ക് ഉത്തരവാദിത്വമുണ്ട്.
നവ ഉദാരീകരണത്തിന്റെ നടത്തിപ്പുകാരായ ഇടത്-വലതു മുന്നണികള്‍ക്ക് ഇത് നിര്‍വ്വഹിക്കാനാവില്ല എന്നത് പകല്‍ വെളിച്ചം പോലെ വ്യക്തമാണ്.
കേരള രൂപീകരണത്തിന്റെ ഘട്ടത്തില്‍ തന്നെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് വിഭിന്നമായ കാഴ്ചപ്പാടുണ്ടായിരുന്നത് കമ്യൂണിസ്റ്റ്പാര്‍ട്ടിക്കാണ്.
എന്നാല്‍ CPI യുടെയും പിന്നീട് CPI(M) ന്റെയും വലതുപക്ഷവ്യതിയാനത്തെ തുടര്‍ന്ന് ഈ കാഴ്ചപ്പാട് കൈയ്യൊഴിയുകയാണ് ഉണ്ടായത്.
കോണ്‍ഗ്രസ്സിന്റേയും CPI(M) ന്റേയും നേതൃത്വത്തില്‍ മാറി മാറി അധികാരത്തില്‍ വന്ന UDFഉം,LDFഉം 1967 മുതല്‍ പൊതുവേയും,കേന്ദ്രസര്‍ക്കാറിന്റെ ചുവടുപിടിച്ച് ഇവര്‍തന്നെ
1991 മുതലുള്ള രണ്ടു പതിറ്റാണ്ടുകള്‍ നടപ്പില്‍ വരുത്തിയ സാമ്രാജ്യത്വ ആഗോളീകരണനയവുമാണ് മുന്‍ കാലത്ത് പോരാടി നേടിയ സമസ്ത നേട്ടങ്ങളേയും തകര്‍ത്തെറിഞ്ഞ്
പ്രതിസന്ധികളുടെ നിലയില്ലാകയത്തില്‍ കേരളത്തെ എത്തിച്ചത്.
തൊണ്ണൂറുകള്‍ മുതലുള്ള നവ ഉദാരീകരണത്തിലൂടെ ഈ രണ്ടുമുന്നണികള്‍ തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതായിരിക്കുന്നു.
കേരളമിന്ന് രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യവും സാംസ്കാരികവുമായ കനത്ത തിരിച്ചടികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി സമ്പത്തുല്പ്പാദന മേഖലകള്‍ മുരടിക്കുകയും ഉപഭോഗ-ഊഹമേഖലകള്‍ വളരുകയും രാഷ്ട്രീയ മണ്ഡലം സര്‍വ്വതോന്മുഖമായ ജീര്‍ണ്ണതയെ നേരിടുകയും,ജാതി-മത പിന്തിരിപ്പന്‍ ശക്തികളുടെ തിരിച്ചുവരവു നിമിത്തം കേരളം വീണ്ടുമൊരു ഭ്രാന്താലയമായി മാറുകയും എല്ലാ നവോത്ഥാന മൂല്യങ്ങളും നഷ്ടമാവുകയും ചെയ്തുകൊണ്ടിരിക്കുന്നു.
അതോടൊപ്പം കേരളീയസമൂഹം അങ്ങേയറ്റം സ്ത്രീവിരുദ്ധവും പരിസ്ഥിതിനാശം സൃഷ്ടിക്കുന്നതും അഴിമതിയും എല്ലാതരം സാംസ്കാരികജീര്‍ണ്ണതകളും സംജാതമാക്കുന്നതും ആയിരിക്കുന്നു.
ചുരുക്കത്തില്‍ എല്ലാ അര്‍ത്ഥത്തിലും കേരളം ഇന്ന് മറ്റേതൊരു ഇന്ത്യന്‍ സംസ്ഥാനത്തേക്കാളും പുത്തന്‍ അധിനിവേശത്തിന്റെ ഒരു ഷോകേസ്സായി മാറിയിരിക്കുന്നു.
ഈ സവിശേഷസന്ദര്‍ഭത്തിലാണ് കേരളം വീണ്ടുമൊരു നിയമസഭാതെരഞ്ഞെടുപ്പിനെ നേരിടുന്നത്.
പറഞ്ഞുവരുന്നത് അല്ലെങ്കില്‍ പറയാന്‍ ഉദ്ദേശിച്ചത്:-
കഴിഞ്ഞ നാലുപതിറ്റാണ്ടുകളായി അധികാരത്തില്‍ മാറിമാറി വന്ന മുന്നണികള്‍ സംസ്ഥാനത്തെ വികസനത്തിലേക്കല്ല വിനാശത്തിലേക്കാണ് ;
സാമ്പത്തിക സാമൂഹ്യ സാംസ്കാരിക മുന്നേറ്റത്തിലേക്കല്ല സാര്‍വ്വര്‍ത്രികമായ ജീര്‍ണ്ണതയിലേക്കാണ് എത്തിച്ചിരിക്കുന്നത്.
ഈ സ്ഥിതി കൂടുതല്‍ തീവ്രതയോടെ മുന്നോട്ടു കൊണ്ടുപോകാനാണ് കോണ്‍ഗ്രസ്സും
CPI(M) ഉം BJP യും നയിക്കുന്ന മുന്നണികള്‍ ഈ നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
സാമ്രാജ്യത്വ ആഗോളീകരണത്തിലും ജീര്‍ണ്ണിച്ച ഭൂബന്ധങ്ങള്‍ക്കും ജാതി മതാധിപത്യം തുടരുന്നതിലും ഒരഭിപ്രായവ്യത്യാസവുമില്ലാത്ത ഇവര്‍ തമ്മിലുള്ള മത്സരം അധികാര കസേരക്ക് വേണ്ടി മാത്രമുള്ളതാണ് എന്നതാണ്.

2 അഭിപ്രായങ്ങൾ:

പാലക്കാടൻ പറഞ്ഞു...

ഒരു സാധാരണക്കാരന്‍ ഇവടെ ആര്‍ക്ക് വോട്ട് ചെയ്യണം ? തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കണോ ? LDF അല്ലെങ്കില്‍ UDF ഇതില്‍ ഏതെങ്കിലും ഒരു കൂട്ടരേ ഭരിക്കു ..സാധാരണക്കാരന്‍ ചിന്തിക്കുന്നത് , മറ്റുള്ള ഏതെങ്കിലും ചെറിയ പാര്‍ടിക്ക് കൊടുത്ത് വേരുതെയാവണ്ട എന്നല്ലേ?

kadathanadan:കടത്തനാടൻ പറഞ്ഞു...

പാലക്കാടൻ വായനക്ക് നന്ദി..ബൂർഷ്വാ പാർലമെന്ററി സംവിധാനം കൊണ്ട് വിപ്ലവകാരമായ മാറ്റങ്ങൾ കൊണ്ടുവരാനാവില്ല.സാമ്രാജ്യത്വ ആഗോളീകരണത്തിന്നും പിന്തിരിപ്പൻ ഭരണനയങ്ങൾക്കുമെതിരെ വിശാലമായ ജനകീയ ഐക്യനിര പടുത്തുയർത്തിക്കൊണ്ടേ ജനങ്ങളുടെ അധികാരം സാദ്ധ്യമാകൂ.വടക്കെ ആഫ്രിക്കയിലും പശ്ചിമേഷ്യയിലും നവ ഉദാരീകരണ നയങ്ങൾക്കും സേച്ഛാധിപത്യഭരണകൂടങ്ങൾക്കുമെതിരെ ജനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങൾ നമ്മെ ചിലത് ബോദ്ധ്യപ്പെടുത്തുന്നുണ്ട്.ഇന്നത്തെ ഭരണവർഗ്ഗ ബദലുകൾക്കും നവ ഉദാരീകരണ നയങ്ങൾക്കുമെതിരെ ഒരു ജനകീയ ബദൽ മുന്നോട്ട് വെച്ചുകൊണ്ടും അതിനുവേണ്ടി പ്രചരണം നടത്തിക്കൊണ്ടും തൊഴിലാളികളുടേയും കർഷകരുടേയും മറ്റു അദ്ധ്വാനിക്കുന്ന ബഹുജനങ്ങളുടേയും സമരങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പുകളെ ഉപയോഗപ്പെടുത്തുകയാണു ശരിയായ മാർക്സിസ്റ്റ് സമീപനം.